"ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്കുകയില്ല. അതുപോലെ ഒരു ചീത്ത മരം നല്ല ഫലത്തെയും തരുന്നില്ല. ഓരോ മരവും അത് നല്കുന്ന ഫലത്തിന്റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും.” - ലൂക്കോ : 6.43 – 44
വിന്‍ഡോ ഗ്ലാസിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റേറ്റ് മരിയ അല്പം നിവര്‍ന്നിരുന്നു. ശരീരം നുറുങ്ങുന്ന വേദന!! സന്ധികളെല്ലാം വലിഞ്ഞ് പൊട്ടും പോലെ!!
പുറത്ത് നല്ല മഞ്ഞ് വീഴ്ചയുണ്ട്. കടന്ന് പോകുന്ന വീഥികളില്‍ മുഴുവന്‍ പല നിറത്തിലും വലിപ്പത്തിലും ഉള്ള നക്ഷത്രവിളക്കുകള്‍ കണ്മിഴിച്ചുനില്‍ക്കുന്നു. അകലെ മഞ്ഞുമാതാവിന്റെ തിരുനാമത്തിലുള്ള പള്ളിയില്‍ നിന്നും പാതിരാകുര്‍ബാനയുടെ നേര്‍ത്ത അലയൊലികള്‍ കാതുകളില്‍ പതിച്ചു. പള്ളിയുടെ മിനാരത്തില്‍ ദൈവപുത്രന്റെ വരവറിയിച്ച്; വെള്ളിവെളിച്ചം പരത്തി ഒരു വാല്‍നക്ഷത്രം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരോള്‍ സംഘങ്ങള്‍ നിരത്തുകള്‍ കീഴടക്കി തുടങ്ങി. റോഡോരത്തെ തുറന്നിരിക്കുന്നതും അടഞ്ഞുകിടക്കുന്നതുമായ ഷോപ്പുകള്‍ സീരിയല്‍ ലൈറ്റിന്റെ പ്രഭയില്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതയായ ഒരു മണവാട്ടിയെ ഓര്‍മ്മിപ്പിച്ചു. ലഹരിയുടെ മാസ്കരികതയില്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ബൈക്കുകളില്‍ തലങ്ങും വിലങ്ങും പായുന്ന ചെറുപ്പക്കാര്‍. വിദേശമദ്യഷാപ്പിനടുത്തുള്ള തട്ടുകടയില്‍ നിന്നാവാം; മുട്ട ബജിയുടെയും ഓംലൈറ്റിന്റെയും മനം മയക്കുന്ന ഗന്ധം. ചെറിപ്പഴവും മുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് ബേക്ക് ചെയ്യുന്ന കേക്കിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറി. നന്നായി വിശക്കുന്നുണ്ട്. ചുണ്ടുകള്‍ വരളുന്നു. മഞ്ഞിന്റെയാവും. മരിയ നാവ് കൊണ്ട് ചുണ്ട് നനച്ചു. നാവില്‍ ചെറിയ ഉപ്പുരസം. കൈ കൊണ്ട് ചുണ്ടുകള്‍ തുടച്ചപ്പോള്‍ ചോരയുടെ നേര്‍ത്ത അംശം. കീഴ്ചുണ്ട് ചെറുതായി തടിച്ചിട്ടുമുണ്ട്. നാശം!! എന്തൊരു വന്യമായ ആക്രമണമായിരുന്നു. എന്തോ പ്രതികാരം തീര്‍ക്കും പോലെയായിരുന്നു അവരുടെ പരാക്രമങ്ങള്‍!! മൂന്നുപേരും നല്ലപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് തോന്നുന്നു. ഒന്നും ഓര്‍ക്കാന്‍ തോന്നുന്നില്ല. അല്ലെങ്കിലും ഓര്‍മ്മിക്കുവാന്‍ മാത്രം സുഖദമായ എന്ത് ഓര്‍മ്മകളാണ് മരിയ റേച്ചല്‍ ബെഞ്ചമിന്‍ എന്ന ഈ കാള്‍ ഗേളിന്റെ ജീവിതത്തില്‍ ബാക്കി. കാള്‍ ഗേള്‍!! ഇംഗ്ലീഷില്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു സുഖം. ശരിയല്ലേ. വേശ്യ എന്ന വിളിയേക്കാളും വശ്യതയില്ലേ ഈ കാള്‍ഗേളിന്. കണ്ണകള്‍ നിറഞ്ഞുവരുന്നു. സ്വന്തം പിതാവിനാല്‍ വ്യഭിചാരിയായ മകള്‍!! വേണ്ട.. നാശം പിടിച്ച ഓര്‍മ്മകള്‍ വേണ്ട. കണ്ണുകള്‍ ഇറുകെ പൂട്ടി കാറിന്റെ സീറ്റിലേക്ക് മെല്ലെ ചാരികിടന്നു.
നിരത്തുവക്കുകളിലെ വീടുകളിലെല്ലാം ക്രിസ്തുമസിന്റെ അലയൊലികള്‍ കാണാം. തോരണങ്ങളും സുവര്‍ണ്ണ ഗോളങ്ങളും നക്ഷത്ര വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ട ക്രിസ്തുമസ്സ് ട്രീകള്‍. സീരിയല്‍ ബള്‍ബുകള്‍ പ്രഭചൊരിയുന്ന മനോഹരമായ പുല്ക്കൂടുകള്. പുല്‍ക്കൂടിനുള്ളില്‍ തിരുപ്പിറവി. ദൈവപുത്രനെ ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി ആഗതരായ ജ്ഞാനികളുടെയും ഇടയ സമൂഹത്തിന്റെയും മൃഗങ്ങളുടേയുമെല്ലാം രൂപങ്ങള്‍. എന്തൊരുത്സാഹമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് ദിനങ്ങള്‍. ഹോ, മരിയ നെടുവീര്‍പ്പിട്ടു. കണ്ണുകള്‍ അടഞ്ഞുപോകുന്നു. നല്ല തണുപ്പ്. വിന്‍ഡോ ഗ്ലാസ് കയറ്റിയിട്ട് സീറ്റിലേക്ക് ചാരികിടന്നു. തനിക്കെതിരെ പിന്നോട്ടോടുന്ന കാഴ്ചകള്‍ കണ്ടു മടുത്തു. അവ എന്നും സമ്മാനിക്കുന്നത് നഷ്ടങ്ങളുടെ നൊമ്പരമാണ്. നഷ്ടപ്പെട്ട, കുട്ടിക്കാലത്തിന്റെ... അമ്മയുടെ... കന്യകാത്വത്തിന്റെ... ചാരിത്രത്തിന്റെ... നരച്ച ഓര്‍മ്മകള്‍! കണ്ണുകള്‍ ഇറുകെ പൂട്ടി.
എന്തോ അപകടം പറ്റിയപോലെ കാര്‍ ബ്രേക്കിട്ടു നിന്നു. പരിഭ്രമത്തോടെയാണ് കണ്ണുകള്‍ തുറന്നത്. ജെമന്തിപ്പൂക്കളുടെ സുഗന്ധം! വിടരാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ പരിമളം!! ചെമ്പനീര്‍ പുഷ്പവും മണക്കുന്നുണ്ടോ? വിയര്‍പ്പില്‍ പൊതിഞ്ഞാലേ ഇവയുടെ ഗന്ധങ്ങളൊക്കെ തന്നെപ്പോലുള്ളവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയൂ. ചാരിത്രത്തോടൊപ്പം ചതഞ്ഞരയുന്ന പാഴ്ജീവിതങ്ങളല്ലേ ഈ പൂക്കളൊക്കെ എന്ന് പലവട്ടം വിചാരിച്ചിട്ടുണ്ട്. ഇതിപ്പോള്‍ എവിടെ നിന്നാണ് ഈ പൂക്കളുടെ ഗന്ധം വരുന്നത്!
"ചാവാനിറങ്ങിയിരിക്കയാണോടാ" - ഡ്രൈവര്‍ ആരോടോ വല്ലാതെ കയര്‍ക്കുന്നു.
ഹോ, പൂക്കച്ചവടക്കാരായ തമിഴന്മാരാണ്. പണ്ട് അപ്പന് എത്രയോ വട്ടം ഇവരില്‍ നിന്നും മുല്ലപ്പൂ വാങ്ങി തന്റെ മുടിയില്‍ ചാര്‍ത്തി തന്നിരിക്കുന്നു. ക്രമേണ അപ്പനോടുള്ള അമര്‍ഷം മുല്ലപ്പൂക്കളോടായിരുന്നു തീര്‍ത്തിരുന്നത്.
"അമ്മാ.. കാപ്പാത്തമ്മാ.."
നാശം. ഇവര്‍ തെണ്ടിത്തിന്നുന്നത് ഇത് വരെ കണ്ടിട്ടില്ലല്ലോ. ഇതിപ്പോള്‍..
ഒരു സ്ത്രീയുടെ അമര്‍ത്തിപ്പിടിച്ചുള്ള കരച്ചില് കാതുകളില്‍ വന്നലച്ചു. എന്തൊക്കെയോ മുക്കലും മൂളലും ഞരക്കങ്ങളും. പ്രായം ചെന്ന സ്ത്രീകള്‍ അവളെ ചുറ്റിവളഞ്ഞ് നില്‍പ്പുണ്ട്. കൂട്ടത്തിലുള്ള കുട്ടികളുടെ കണ്ണൂകളിലെ പകപ്പ് കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ ശരിക്കും മനസ്സിലാവും. രണ്ട് പുരുഷന്മാര് കടന്നു വരുന്ന വാഹനങ്ങളിലേക്ക് സഹായാഭ്യര്‍ത്ഥനയുമായി കൈകള്‍ നീട്ടുന്നു. അവരിലൊരാളാണ് കാറിന്റെ മുന്‍പിലേക്ക് ചാടി ഡ്രൈവറെ ക്ഷുഭിതനാക്കിയത്. ഏതോ കരോള്‍ സംഘം വാദ്യമേളങ്ങള്‍ നിറുത്തി എന്തോ അത്ഭുതകാഴ്ച കാണാന്‍ എന്ന പോലെ വിസ്മയത്തോടെ അവിടെ ചുറ്റിപ്പറ്റി നില്ക്കുന്നു. ഡ്രൈവര്‍ വീണ്ടും ഒച്ചവെച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.
"ഹാ...." സ്ത്രീയുടെ കരച്ചില് ഉച്ഛസ്ഥായിയിലെത്തി. പൂക്കളുടെ ഗന്ധത്തോടൊപ്പം മറ്റെന്തോ മണം കൂടെ ചേര്‍ന്ന് ആകെ വല്ലാത്ത അസ്വസ്ഥത. മനംപുരട്ടുന്ന പോലെ.
"വണ്ടി നിര്‍ത്തൂ. എന്തോ പ്രശ്നമുണ്ട്."
"അത്. പൊല്ലാപ്പ് കേസാ മാഡം. ഇടപ്പെട്ടാല്‍ പിന്നെ നമുക്ക് കുരിശാവും. നാടോടികളാ"
വീണ്ടും പുറത്തേക്ക് നോക്കി. സ്ത്രീകളുടെ ഇടയിലൂടെ ഒരു മിന്നായം പോലെ കരച്ചിലിന്റെ ഉറവിടത്തെ കണ്ടു. ചോരപുരണ്ട വസ്ത്രവുമായി ഒരു യുവതി! യുവതിയുടെ അരികിലായി ചോരയില്‍ കുതിര്‍ന്ന, മാംസപിണ്ഢം പോലെ ഒരു കുഞ്ഞ്!! ഇപ്പോള്‍ പ്രസവം കഴിഞ്ഞതാണെന്ന് തോന്നുന്നു!!! മറുപിള്ള പോലും നീക്കം ചെയ്യപ്പെട്ടിട്ടില്ല. ആകെ ചോരമയം. ചോര പുരണ്ട വലിയ ഒരു കത്തി അരികില്‍ കിടപ്പുണ്ട്. കാര്‍ നിറുത്തി പുറത്തിറങ്ങി. തമിഴ് നാടോടികള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്. തമിഴുമല്ല മലയാളവുമല്ലാത്ത വികൃതമായ ഒരു തരം ഭാഷ. പക്ഷെ, ലോറിത്തെരിവിലേയും മറ്റും നാടന്‍ തമിഴന്മാരുമായി ആദ്യകാലത്തൊക്കെ ഇടപെട്ട് ശീലമുണ്ടായിരുന്നത് കൊണ്ട് അവരുടെ വാമൊഴി പെട്ടന്ന് തന്നെ ഗ്രഹിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ആദ്യമായി അപ്പനോട് ഇഷ്ടം തോന്നിയ നിമിഷം.
കുറേ നേരമായി യുവതി അസഹനീയമായ വേദനയുമായി കിടന്നു ഞരങ്ങുന്നു. പ്രസവം നടന്നു കഴിഞ്ഞപ്പോള്‍ നാടോടികളുടെ പതിവ് രീതിയെന്ന പോലെ തന്നെ ഇത്തവണയും പ്രയമേറിയ സ്ത്രീ കത്തികൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ച് കുട്ടിയേയും തള്ളയേയും വേര്‍പെടുത്തി! മറുപിള്ള നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും യുവതിക്ക് ഭയങ്കരമായ രക്തസ്രാവം!! കടുത്ത വേദന കൊണ്ട് അവള് പുളയുകയായിരുന്നു.. വേദനയുടെ കാഠിന്യത്തിലാവാം വിസ്സര്‍ജ്ജ്യം വരെ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നേരത്തെ വന്ന മനംപുരട്ടുന്ന മണം വിസ്സര്‍ജ്ജ്യത്തിന്റെയും രക്തത്തിന്റെയും വിയര്‍പ്പിന്റെയും എല്ലാം കൂടെയുള്ള ഒരു സമ്മിശ്രമായിരുന്നു. നാടോടിക്കൂട്ടം ആകെ ഭയന്ന് പോയി. ആശുപത്രിയില്‍ എത്തിക്കുവാന്‍ വേണ്ടി ഒരു സഹായത്തിനായി കൈകാട്ടിയ വാഹനങ്ങളൊന്നും നിറുത്താതെ കടന്നു പോയി. ടാക്സിക്കാരും മുന്‍സിപ്പാലിറ്റിയുടെ മാലിന്യവണ്ടിയും വരെ അവഗണിച്ചു എന്നൊക്കെ അവിടെ ഉണ്ടായിരുന്നവരില്‍ നിന്നും അറിഞ്ഞു. വല്ലാത്ത അമര്‍ഷം തോന്നി. ഒപ്പം അവിടെ കൂടി നില്ക്കുന്നവരോട് പുച്ഛവും. സാന്താക്ലോസും കൂട്ടരും മെല്ലെ അവിടെ നിന്നും പിന്‍വലിയാന്‍ തുടങ്ങി. യുവതി ഇപ്പോഴും വെപ്രാളപ്പെട്ട് പുളയുകയാണ്.
ഡ്രൈവറുടെ മുഖത്ത് അസ്വസ്ഥതയും അക്ഷമയും നിഴലിക്കുന്നു. രക്തത്തിന്റെയും വിസ്സര്‍ജ്ജ്യത്തിന്റെയും കൂടിച്ചേര്‍ന്ന മണം മനംപുരട്ടല്‍ ഉണ്ടാക്കുന്നു. ആ യുവതി വേദനകൊണ്ട് ഞരങ്ങുന്നുണ്ട്. എന്തു ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല. പള്ളിയില്‍ നിന്നും തിരുപ്പിറവിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ക്വയര്‍ കേള്‍ക്കാം. കിഴക്കേ ആകാശത്ത് ആരുടേയോ വരവരിയിച്ചു കൊണ്ട് ഒരു നക്ഷത്രത്തെയല്ലേ കാണുന്നത്!! കുന്തിരിക്കത്തിന്റെയും മീറയുടെയും ഗന്ധം!! ഈ ഗന്ധമാവുമോ നേരത്തെ മനംപുരട്ടല്‍ ഉണ്ടാക്കിയത്. അല്ലെങ്കില്‍.. അല്ലെങ്കില്‍ മനംപുരട്ടല്‍ ഉണ്ടാക്കിയ ഗന്ധം ഇത്ര പെട്ടന്ന് എങ്ങിനെ കുന്തിരിക്കത്തിന്റെയും മീറയുടെയുമായി മാറി!!
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി!
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം!!
നക്ഷത്രക്കണ്ണുകളുമായി മാലാഖമാര്‍ വിണ്ണില്‍ എന്തിനോ വേണ്ടി വീര്‍പ്പടക്കി പിടിച്ചു നില്ക്കുന്നതായി തോന്നി. തേജസ്സാര്‍ന്ന ഒരു നക്ഷത്രം വെളിച്ചം വിതറിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നുണ്ടോ! അനുഗമിക്കാനായി അത് മാടിവിളിക്കുന്നുണ്ടോ?
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പുജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെന്ന പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്കേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ പെടുത്തരുതേ. തിന്മയില് നിന്നും ഞങ്ങളെ രക്ഷിക്കേണമേ........ ആമേന്‍!!”
പള്ളിയില്‍ നിന്നും വിശുദ്ധ പ്രാര്‍ത്ഥന കാതുകളില്‍ വന്നലച്ചു. ദൈവപുത്രന്റെ വരവറിയിച്ചു കൊണ്ടുള്ള കൂട്ടമണിയല്ലേ മുഴങ്ങുന്നത്.
ചിന്തിച്ചു നില്ക്കാന് സമയമില്ല. ചോരയില്‍ കുളിച്ചു കിടക്കുന്ന ആ കുഞ്ഞിനെ ചുരിദാറിന്റെ ദുപ്പട്ട കൊണ്ട് തുടച്ചെടുക്കുമ്പോള്‍ മരിയക്ക് താന്‍ പരിചയസമ്പന്നയായ ഒരു വയറ്റാട്ടിയാണൊ എന്ന് തോന്നി പോയി. ഡ്രൈവറുടെ മുഖത്തെ വിമ്മിഷ്ടത്തെ അവഗണിച്ച് കൊണ്ട് സ്ത്രീയെ കാറിലേക്ക് എടുത്ത് കയറ്റാന്‍ പറയുമ്പോളും ഇനി എങ്ങോട്ട്, എന്ത് എന്നൊന്നും മരിയ ചിന്തിച്ചിരുന്നില്ല. കര്‍ത്താവിന്റെ കരുണക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് മരിയ ആകാശത്തേക്ക് മിഴികള്‍ ഉയര്‍ത്തി.
മാതാവേ!! എന്തൊരു കാഴ്ചയാണിത്. സ്വര്‍ഗ്ഗസ്ഥരായ മാലാഖമാര്‍ വിണ്ണില്‍ നിരന്നു നില്ക്കുന്നു. ദിവ്യമായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് അരൂപികള്‍. വെള്ളക്കുതിരകളും മാനുകളും വലിക്കുന്ന സുവര്‍ണ്ണ രഥത്തിലേറി സാന്താക്ലോസ് ആകാശത്ത് പ്രത്യക്ഷനായിരിക്കുന്നു. ദേ, തമ്പുരാന്റെ അമ്മ!! വ്യാകുലമാതാവല്ലേ അത്.. എന്തൊക്കെയാ താന്‍ കാണുന്നത്... ഹോ.. കണ്ണുകള്‍ മഞ്ഞളിക്കുന്നു. തേജസ്സ് ചൊരിഞ്ഞുകൊണ്ട് വാല്‍നക്ഷത്രം മുന്നോട്ട് സഞ്ചരിച്ചു തുടങ്ങി. മരിയയുടെ കൈയിലിരിക്കുന്ന ആ പിഞ്ചുപൈതലിന്റെ രോമം കിളിര്‍ത്തുതുടങ്ങിയ തലയില്‍ ഒലിവിന്റെ കൊമ്പില്‍ തീര്‍ത്ത കിരീടം!! കുഞ്ഞിന്റെ അമ്മയായ യുവതിയുടെ തലക്ക് ചുറ്റും പ്രകാശവലയം!!! മരിയ ഒരു നിമിഷം കൈകൂപ്പിപ്പോയി.
ഗാഗുല്‍ത്താ കുന്നുകള്‍ ഇപ്പോള്‍ കണ്മുന്നില് തെളിഞ്ഞുകാണാം.. ക്രൂശിത രൂപത്തിന്റെ മുറിവുകളില്‍ നിന്നും രക്തത്തിനു പകരം ചന്ദനതൈലം ഒഴുകുന്നു. മരിയയുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര് ആ കുഞ്ഞിന്റെ കാലുകളില്‍ പതിച്ചു. തിരുപാദപൂജ!! ഇതെല്ലാം സ്വപ്നമോ യാഥാര്‍ത്ഥ്യമോ!!
"ചാവാനിറങ്ങിയിരിക്കയാണോടാ" - ഡ്രൈവര്‍ ആരോടോ ഒച്ചവെക്കുന്നത് കേട്ട് മരിയ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
ജെമന്തിപ്പൂക്കളുടെ സുഗന്ധം! വിടരാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ പരിമളം!! ചെമ്പനീര്‍ പുഷ്പവും മണക്കുന്നുണ്ടോ?
"വണ്ടി നിറുത്തൂ... വണ്ടി നിറുത്തൂ..." - എന്തൊക്കെയോ തിരിച്ചറിഞ്ഞ പോലെ മരിയ പുലമ്പിക്കൊണ്ടിരുന്നു.
പുഴ.കോം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
82 comments:
"നല്ലവനായ ഒരുവന് സ്വഹൃദയത്തില്‍ നന്മകളുടെ നിക്ഷേപമുണ്ടാകും. അതിനാലാണവന് സ്വന്തം ഹൃദയത്തില്‍ നിന്ന് നല്ല കാര്യങ്ങള്‍ പുറത്തെടുക്കുന്നത്. പക്ഷെ, ദുഷ്ടനയ ഒരുവന്റെ ഹൃദയത്തില്‍ തിന്മയേ ഉണ്ടാകൂ.. അതിനാല്‍ അയാള്‍ തിന്മയേയും പുറത്തെടുകുന്നു. ഏതൊരുവനും സ്വന്തം ഹൃദയത്തിലുള്ള കാര്യങ്ങളേ പറയൂ. “ - ലൂക്കോ : 6.45
വളരെയേറെ ചിന്തിക്കാന്‍ വകയുള്ള കഥ.
ആരുടെ മനസ്സിലാണ് നന്മയുള്ളത്?
അതവരുടെ പ്രവര്‍ത്തിയില്‍ നിന്ന് വെളിപ്പെടുന്നു.
പാപിയെന്നോ വേശ്യയെന്നോ സദാചാരത്തിന്റെ മുഖമ്മൂടിയിട്ടവര് മരിയയെ വിളിക്കും പക്ഷെ സഹായത്തിന് എത്താനുള്ള മനസ്സ് അതവരുടെ സ്വപ്നത്തില്‍ അഥവ ഉപബോധമനസ്സില്‍ പോലുമുണ്ട്.
"അരൂപിയുടെ തിരുവെഴുത്തുകള്‍" മനോരാജിന്റെ ഒരു നല്ല കഥ!!
മനൂ..
പുതുര്ഷം കലക്കി.
വളരെ നല്ല കഥ.ഒരു പക്ഷെ നീ എഴുതിയതില്‍ മനോഹരമായത്തില് ഒന്ന്..
നല്ല കഥ.
ഹൃദയം മലിനപ്പെട്ടവർ ശരീരം മാത്രം മലിനപ്പെട്ടവരെ പുച്ഛിക്കുന്ന കാലം...
ഇഷ്ടപ്പെട്ടു.
മനോ....താങ്കള്‍ എഴുതിയതില്‍ ഏറ്റവും മനോഹരമായ കഥ....ക്രിസ്തുവിന്റെ കാലില്‍ തൈലം പുരട്ടിയ വേശ്യയെ ഓര്മ വന്നു....
നല്ലവരെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്നവര്‍, ദൈവത്തിന്റെ മുന്നില്‍ വെറും വിഡ്ഢികള്‍ മാത്രമെന്നുള്ള സന്ദേശം....ചുങ്കക്കാരന്റെയും, ഫരിസേയന്റെയും ഉപമ ഓര്‍ക്കുന്നു....
ആയിരമായിരം അഭിനന്ദനങ്ങള്‍......
പുതുവത്സര സമ്മാനം മനോഹരമായിരിക്കുന്നു. മാണിക്യം പറഞ്ഞത് പോലെ ചിന്തിക്കാന്‍ വകയുള്ള കഥ.
മനുവേട്ടാ, 'ഹരിചന്ദന'ത്തിനു ശേഷം തേജസില്‍ വായിച്ച കഥയുള്ള കഥ.!
പാതിരാകുര്‍ബാനയുടെ നേര്‍ത്ത അലയൊലികള്‍ കാതുകളില്‍ പതിച്ചു. പള്ളിയുടെ മിനാരത്തില്‍ ദൈവപുത്രന്റെ വരവറിയിച്ച്; വെള്ളിവെളിച്ചം പരത്തി ഒരു വാല്‍നക്ഷത്രം..
ഈ വരികള്‍ വായിച്ച പ്പോള്‍ കിട്ടിയ അതേ അനുഭവം ഈ കഥയിലും ...
വളരെ നന്നായി ,ചെറിയ കഥയും ,ചിന്തിപ്പാന്‍ ഒരുപാട് കാര്യകളും
തിരുവെഴുത്ത് നന്നായി. പുതുവത്സരാശംസകള്‍!
ഒരു പുതു വര്‍ഷ ചിന്ത പോലെ പറഞ്ഞു നീങ്ങി.
പൂകളുടെ സുഗന്ധം വരെ വിയര്‍പ്പിന്റെ ഗന്ധത്തോടൊപ്പം മാത്രം തിരിച്ചു അറിയാന്‍ കഴിയുന്നവളുടെ വികാരം , അമ്മയുടെ
ഉത്ഖണ്ട, മരവിച്ച മനസ്സിലും പ്രകാശത്തിന്റെ നെയ്ത്തിരി നക്ഷത്ര പ്രഭ വിതരുമ്പോള്‍ കഴിഞ്ഞു പോയതിനെ മറക്കാന്‍ ശ്രമിക്കുന്ന മനസ്സ്..അഭിനന്ദനങ്ങള്‍ മനു..
മനുഷ്യമനസ്സിന്റെ നന്മകള് അളക്കുന്ന അളവുകോല്‍ പലപ്പോഴും വികൃതമായിരിക്കുന്നത് നമുക്ക് കാണാനാകും. നല്ലവനായ ഒരു വ്യക്തിയെ നല്ലവനല്ലാതാക്കുന്നതും അവനിലെ നനമകളെ ഇല്ലാതാക്കുന്നതും അറിഞ്ഞുകൊണ്ട് ചെയ്യുന്ന അപരാധം തന്നെ.മരിയയിലൂടെ ഒരു നല്ല മനസ്സിനെ പുരത്തെടുത്തിട്ടിരിക്കുന്നു.
മനു, വളരെ ഇഷ്ടപ്പെട്ടു ഈ കഥ.
നല്ല കഥ. പുതുവർഷത്തിൽ ആദ്യമായി വായിച്ചത് മനുവിന്റെ കഥ.തുടക്കം മോശമായില്ല.
വളരെ നന്നായി മനോ ഈ പുതുവര്‍ഷ സമ്മാനം...............
പുതുവര്‍ഷത്തില്‍ മനസ്സില്‍ തട്ടുന്ന നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തി. ഇനിയും നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെയെന്ന് എന്നാശംസിക്കുന്നു. അഭിനന്ദനങ്ങള്‍.
സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം നേരുന്നു.
മനുവേട്ടാ, നല്ലൊരു കഥ വായിച്ചു.ആശംസകള്‍ .. സമൂഹത്തിലെ നന്മയുടെ ഉറവിടം വറ്റിയവരെയും നന്മകള് ഇനിയും അവശേഷിക്കുന്ന മരിയയെ പോലുള്ളവരെയും അതി മനോഹരമായി തുറന്നു കാണിച്ചു.
"അത്. പൊല്ലാപ്പ് കേസാ മാഡം. ഇടപ്പെട്ടാല്‍ പിന്നെ നമുക്ക് കുരിശാവും. നാടോടികളാ"
"ആശുപത്രിയില്‍ എത്തിക്കുവാന്‍ വേണ്ടി ഒരു സഹായത്തിനായി കൈകാട്ടിയ വാഹനങ്ങളൊന്നും നിറുത്താതെ കടന്നു പോയി. "
മനോ... താങ്കള്‍ എഴുതിയ ഞാന്‍ വായിച്ച കഥകളില്‍ ആഖ്യാനത്തിലും, കഥയുടെ കെട്ടുറപ്പിലും ഒരു പണവിട മുന്നില്‍ നില്ക്കുന്നു ഈ കഥ.... പുതുവത്സ ലഹരിയില്‍ നല്ലൊരു സന്ദേശം പകര്‍ന്നു നല്കാന് കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം മനോയില് തീര്‍ച്ചയായും ഉണ്ടാക്കപ്പെടാവുന്ന ഒന്ന്...
നല്ലൊരു ശൈലീവല്ലഭനായി മനോരാജ്, മരിയയുടെ കൂടെ എല്ലാചുറ്റുപാടുകളിലേക്കും എല്ലാവരേയും കൂട്ടിക്കൊണ്ടുപോയി ഒപ്പം കൂടെ നല്ല സാഹിത്യമേമ്പൊടിയോടെയുള്ള ആഖ്യാനവും..!
പിന്നെ
മനോരാജിനും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
കഥ ഒരു പാതിരാക്കുർബ്ബാനയായി മനോരാജ്! ദൈവത്തിന്റെ സുവിശേഷകയായി ഈ കോൾഗേൾ മാറുന്നു.
എഴുത്ത് വളരെ നന്നായി.
കഥാന്തരീക്ഷം മനോഹരമായിരുന്നു.
ഇനിയും നല്ല കഥകൾ വരട്ടെ.
എല്ലാ ആശംസകളും.......
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി!
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം!!
മനോരാജിനും കുടുമ്പത്തിനും ഒരായിരം പുതുവത്സരാശംസകള്‍
സസ്നേഹം
വഴിപോക്കന്
മനോരാജ് , കഥ കൊള്ളാം നന്നായി വിവരിച്ചു പറഞ്ഞിരിക്കുന്നു
ഗന്ധത്തെ കുറിച്ച് ഇടക്ക് ഇടക്ക് പറയുന്നത് ഇത്തിരി ആരോജകമായി തോന്നോനു
പിന്നെ കഥ പറഞ്ഞ രീതി കൊള്ളാം കഥ ഒരു സ്വപനം മാത്രമാണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഒരു വിഷമം
പുതുവര്‍ഷ ആശംസകള്‍
ഹൃദയസ്പർശിയായി അനുഭവപ്പെട്ടു മനോ..
അഭിനന്ദൻസ് !
നമ്മുടെ പ്രവര്‍ത്തി തന്നെയാണ് നമ്മള് ആരെന്നു നിശ്ചയിക്കുന്നത്.
നല്ല സന്ദേശം അടങ്ങിയ കഥ.
നിന്റെ കഥകളുടെ റേഞ്ച് അളക്കാൻ പറ്റണില്ലല്ലോ ഭായ്.. മനുവിന്റെ കഥകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ കഥ ... വ്യത്യസ്ഥമായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിനക്കുള്ള കഴിവ് വളർന്ന് വളർന്ന് ഒരു സംഭവമായിത്തീരട്ടെ.. ഓം ക്രീം കുട്ടിച്ചാത്താ
nalla oru kadha ... manuvetta nannayitundu ..... nalla oru vishayam avatharipichu ...... ente ellaa aashamsakalum
മനുവേട്ടാ, ഇവിടെ വായിച്ച കഥകൾ ഏറ്റവും മികച്ചതെന്ന് തോന്നുന്നു. ഈ കഥയുടെ പ്രമേയം പറഞ്ഞിട്ടുള്ളതാണെങ്കിലും ഈ കഥയെ വ്യത്യസ്ഥമാക്കുന്നത് ഇത് പറഞ്ഞിരിക്കുന്ന രീതിയാണ്. കുറുക്കി കുറുക്കി ഒരു വരി പോലും മുഴച്ചു നിൽക്കാതെ എഴുതിയിരിക്കുന്ന രീതി പ്രശംസനീയമാണ്. കഥാകാരന് വേണമെങ്കിൽ മറിയയുടെ ഭൂതകാലം ബോറടിപ്പിക്കാതെ തന്നെ പറയാമായിരുന്നു, പക്ഷെ അത് കുറച്ച് വരികൾ എഴുതി ഫലിപ്പിച്ച് (ഒട്ടും പ്രാധാന്യം കുറയ്ക്കാതെ തന്നെ) കഥ മുന്നോട്ട് കൊണ്ടുപോയിരിക്കുന്നതിൽ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. എല്ലാ മനുഷ്യരിലും നന്മയുണ്ട് എന്ന് വിളിച്ചറിയിക്കുക കൂടി ചെയ്യുന്നു ഈ കഥ. മറിയയ്ക്ക് നല്ലത് വരട്ടെ. കഥാകാരനു ആയിരം അഭിനന്ദനങ്ങൾ. പുതുവത്സരാശംസകൾ!!
ഇത് നന്മ വറ്റിയവരുടെ ലോകം..
ദൈവം അവതരിക്കുന്നത് എപ്പോഴും തെരുവിലായിരിക്കും... നല്ല കഥ
ഗാന്ധിയും ക്രിസ്തുവും മുഹമ്മദും രാമനും എല്ലാം.. ഒരു ഒഴുക്ക് വെള്ളത്തിലൂടെ ഒലിച്ചു വരുന്ന മേല്‍ മുണ്ടാണ്. നമുക്കതിനെ കയ്യെത്തിപ്പിടിക്കാം, ദേഹത്ത് ചുറ്റം, ഹൃദയത്തില്‍ സൂക്ഷിക്കാം... അതിനുമപ്പുറം അതിനെ ആചരിക്കാം..!!!
നിഷ്കളങ്കമറക്കുള്ളില്‍ ചിരിക്കും കപടലോകം
പെണ്ണിന് നഗ്നതയാസ്വതിച്ചോതുന്നു,സൌന്ദര്യബോധം
അഹിതമാമൊന്നിന് വിസമ്മതത്തില്‍,ഇരുളില്‍
കാമ ദ്രംഷ്ട്രങ്ങളില്‍ ,നിണമാറ്ന്ന മുറിവില്‍
അരുതെയെന്നോരുവാക്ക് തേങ്ങലായ് പിടയവേ
തേടുന്നു വാക്കുകള്‍ മൌനത്തിന് കൂടുകള്‍...!!!
കഥയുടെ ഓരോ പാര്‍ട്ടിലൂടെയും സഞ്ചരിക്കുമ്പോള്‍ വായനക്കാരന്റെ നിശ്വാസങ്ങളും കുടെ സഞ്ചരിച്ചു
എല്ലാവരും പറഞ്ഞെങ്കിലും ഒന്നുടെ പറയാം ഞാന്‍ മനുവിന്റെ അടുത്തൊക്കെ വായിച്ചതില്‍ നല്ലതെന്ന് തോന്നിയ കഥ
നല്ല ഹോം വര്‍ക്ക് ചെയ്തെന്ന് കഥ പറയുന്നുണ്ട്
ഈ ഭാഗത്ത് വല്ലാത്തൊരു ഫീല്‍ വന്നു
എനിക്ക്
പ്രസവം നടന്നു കഴിഞ്ഞപ്പോള്‍ നാടോടികളുടെ പതിവ് രീതിയെന്ന പോലെ തന്നെ ഇത്തവണയും പ്രയമേറിയ സ്ത്രീ കത്തികൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ച് കുട്ടിയേയും തള്ളയേയും വേര്‍പെടുത്തി!
അഭിനന്ദനങ്ങള്‍ മനോരാജ്..വാക്കുകളില്ലാ, വളരെ ഇഷ്ടായി..
മനൂ.... ....
ഇന്ന് ഉച്ചമുതല്‍ തുറന്നിരിക്കുവാ ഈ ബ്ലോഗ് ഇതാ ഇപ്പോള്‍ വായിച്ചു തീര്‍ത്തു മനുവിന്റെ കഥ ധൃതി കൂട്ടാതെ സമാധാനത്തോടെ വായിക്കണം എന്ന എന്റെ വാശികൊണ്ടാവാം ഇത് ഇങ്ങനെ തുറന്ന് വെച്ച് വായിക്കാതിരുന്നത് ... അറിയില്ല.....
നല്ല കഥ ..
ഗോള്ഗേളിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവദൂത.. നല്ലവരെന്നു ഞാന്‍ മുദ്രകുത്തുന്നവര്‍ ഒരിക്കലും നല്ലവരല്ല എന്നു തോന്നി പോവുകയും വെറും ഒരു വേശ്യയായി മാത്രം നാം കാണുന്നവര്‍ പവിത്രകളാവുകയും ചെയ്യുന്ന സന്ദര്‍ഭം .. കഥയിലൂടെ മനു നമ്മുടെ സമൂഹത്തിന് ചിന്തിക്കേണ്ട വലിയ ഒരു സന്ദേശമാണ് നല്‍കിയത് .... ..... നല്ല കഥ തന്നെ മനൂ.. മനുവിന്റെ മറ്റു കഥകള്‍ പോലെ തന്നെ അല്ലങ്കില്‍ അതിലുപരിയായി തന്നെ എടുത്ത് പറയേണ്ട കഥ.... ( സുഖിപ്പിക്കാനുള്ള വാക്കുകള്‍ അല്ല ആത്മാര്‍ത്ഥമായി പറയുന്നതാ )
ഉപദേശിക്കാനും കുറ്റപെടുത്താനും എല്ലാവര്ക്കും എളുപ്പം ..
നല്ല ഒരു പോസ്റ്റ് നന്മയുള്ള ഒരു കഥ
വ്യഭിച്ചരിക്കപ്പെട്ടിട്ടില്ലാത്ത മനസ്സാണ് കളങ്ക പെടാത്ത ചാരിത്ര്യം.
നല്ല കഥ മനോ.. ആശയത്തിന് ചുറ്റും ഒരുക്കിയെടുത്ത ബാക്ക്ഗ്രൌണ്ടും നന്നായി.
കഥ മനോഹരമായിരിക്കുന്നു.
ഈ വർഷം കുറേ പോസ്റ്റുകൾ ഉണ്ടാകട്ടെ..പുതുവത്സരാശംസകൾ.
ഇത് വായിക്കുന്നതിന് തൊട്ട് മുന്‍പ് വായിച്ച ജോസഫ് സ്റ്റാലിന്റെ വാക്കുകള്‍ കടമെടുക്കുന്നു “ മനുഷ്യമനസ്സിന്റെ എഞ്ചിനീയറാണ് എഴുത്തുകാരന് “
മരിയയിലൂടെ നല്ലൊരു മനസ്സിന്റെ സഞ്ചാരം വര്‍ണ്ണിച്ച് പുതു വര്‍ഷത്തില്‍ നല്ലൊരു വായനാനുഭവം തന്നതിന് എങ്ങിനെ നന്ദി പറയണം .
“ റോഡോരത്തെ “ എന്ന പ്രയോഗം എന്തോ ഒരു സുഖക്കുറവുണ്ടെന്നു തോന്നീട്ടോ .
കഥ വളരെ നന്നായി.
പുതുവർഷത്തിലെ തിരുവെഴുത്തുകൾക്ക് ആശംസകൾ!
നല്ല കഥ.
വളരെ നന്നായി കഥ. ബ്ലോഗുകളിൽ വായിച്ചിട്ടുള്ള വളരെ നല്ല കഥകളിൽ ഒന്ന്.
മനോരാജ്... നല്ല കഥ....ഓരോ കഥയും തൊട്ടു മുന്പുള്ളതില് നിന്നും വളരെയധികം നന്നാവുന്നുണ്ട്.വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു ഇത് വായിച്ചപ്പോള്‍.
@മാണിക്യം : ആദ്യ അഭിപ്രായത്തിനും കഥയെ എന്റെ കാഴ്ചപാടിലൂടെ തന്നെ കണ്ടതിനും സന്തോഷം.
@Dipin Soman : വായനക്ക് നന്ദിയെടാ.
@jayanEvoor : തികച്ചും പരമാര്‍ത്ഥം.
@ചാണ്ടിക്കുഞ്ഞ് : ചാണ്ടി കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
@ഓലപ്പടക്കം : നന്ദി പ്രവീണ്‍.
@ആളവന്താന് : നന്ദി.
@siya : വിശദമായ വായനക്ക് നന്ദി.
@khader patteppadam : തേജസിലേക്ക് സ്വാഗതം. പുതുവത്സരാശംസകള്‍
@ente lokam : കഥയിലെ സത്ത ഉള്കൊണ്ടതിനുള്ള നന്ദി.
@പട്ടേപ്പാടം റാംജി : ആരും ചീത്തയായി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ ചീത്തയാക്കുന്നതല്ലേ. നന്ദി ഈ വായനക്ക്.
@moideen angadimugar : കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
@പ്രയാണ്‍ : നന്ദി.
@Vayady : തിരിച്ചും നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
@elayoden : കഥ ഇഷ്ടമായതില്‍ സന്തോഷം. ഇനിയും വരിക.
@നീര്വിളാകന് : വളരെ സന്തോഷമുണ്ട് ഇത്തരം പ്രോത്സാഹനങ്ങള്‍ കാണുമ്പോള്‍.
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.
@ശ്രീനാഥന്‍ : നന്ദി മാഷേ.
@Echmukutty : ഈ വാക്കുകള്‍ ഊര്‍ജ്ജമാണ്.
@Sranj : അതുകൊണ്ട് എല്ലാവര്ക്കും സന്മനസ്സുണ്ടാവട്ടെ അല്ലേ നിഷ!
@വഴിപോക്കന് : പുതുവത്സരാശംസകള്‍. കഥയെ പറ്റി ഒന്നും പറഞ്ഞുകണ്ടില്ല?
മനോരാജ്...പുതുവര്‍ഷത്തിലെ ആദ്യ കഥ
മനോഹരമായിരിക്കുന്നു...
ഹൃദയത്തില്‍ തട്ടുന്ന വരികള്‍
പുതുവത്സരാശംസകള്‍
@MyDreams : ഗന്ധത്തെ പറ്റി മന:പൂര്‍വ്വം ആണ് കൂടുതല്‍ പ്രതിപാദിച്ചത്. കഥക്കൊടുവില്‍ അത് ഒരു സ്വപ്നം മാത്രമല്ല എന്നൊരു പോയന്റിലാണ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു പക്ഷെ ഉദ്ദേശിച്ച ഇമ്പാക്റ്റ് കിട്ടിക്കാണില്ല.
@ഹരീഷ് തൊടുപുഴ : അഭിനന്ദന്‍സ് സ്വീകരിച്ചു ഹരീഷ്. തിരക്കിനിടയിലും വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.
@Sukanya : നന്ദി.
@പ്രവീണ്‍ വട്ടപ്പറമ്പത്ത് : മന്ത്രവാദീ..ആദ്യകഥയേതാ? :)
@dreams : വായനക്ക് നന്ദി.
@ഹാപ്പി ബാച്ചിലേഴ്സ് : കഥയെ ആഴത്തില്‍ അപഗ്രഥിച്ച് അഭിപ്രായം അറിയിച്ചതിലുള്ള നന്ദി അറിയിക്കട്ടെ.
@~ex-pravasini* : തിരിച്ച് നന്മ വറ്റാത്തവരും ഉണ്ടെന്ന് അറിയിക്കുവാന്‍ ഒരു ശ്രമം. വായനക്ക് നന്ദി.
@thalayambalath : ദൈവം അവതരിച്ചത് തൂണില്‍, തുരുമ്പില്‍, പുല്‍ക്കൂട്ടില്‍, തൊഴുത്തില്‍.. അപ്പോള്‍ തെരുവിലും അവതരിക്കട്ടെ അല്ലേ മനോജ്.
@നാമൂസ് :വായനക്കും അഭിപ്രായത്തിനും കവിതാശകലത്തിനും നന്ദി.
@സാബിബാവ : സത്യത്തില്‍ അത് ഭാവനയല്ല സാബി. നാടോടികളുടെ പതിവ് രീതി അങ്ങിനെതന്നെയാണ്. ഒരിക്കല്‍ ഞാന്‍ അതിനു സാക്ഷിയുമായിരുന്നു. ഒടുവില്‍ പ്രസവശേഷം യുവതി ഒരു മണിക്കൂറിനുള്ളില്‍ എഴുന്നേറ്റ് കുഞ്ഞിനെയും എടുത്ത് നടന്നുപോകുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടിലെ പ്രസവശുശ്രൂഷയുടെയൊക്കെ അര്‍ത്ഥമെന്തെന്ന് ചിന്തിച്ചുപോയിട്ടുണ്ട്.
@വര്‍ഷിണി : വീണ്ടും തേജസില്‍ എത്തിച്ചേര്‍ന്നതിന് നന്ദി.
@ഹംസ : സന്തോഷം ഹംസ. നിങ്ങളുടെയൊക്കെ വിശ്വാസങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം എത്താന്‍ കഴിയുന്നുണ്ടോ എന്നറിയില്ല. ഹംസ പറഞ്ഞപോലെ സുഖിപ്പിക്കാനല്ലാതെ ആത്മാര്‍ത്ഥമായ കമന്റുകളായി തന്നെ എല്ലാ കമന്റുകളേയും കാണാന്‍ എനിക്ക് ഇഷ്ടം. എല്ലാവരും അങ്ങിനെ തന്നെ ചെയ്യുന്നു എന്നും വിശ്വസിക്കട്ടെ.
@pournami : ശരിയാണ്. വായനക്ക് നന്ദി.
@കണ്ണനുണ്ണി : തികച്ചും സത്യമായ ഒരു കര്യം തന്നെ കണ്ണന് പറഞ്ഞത്. വായനക്കും അഭിപ്രായത്തിനും നന്ദി.
@Toms / thattakam.com : നന്ദി ടോംസ്. പോസ്റ്റുകള്‍ എഴുതാന്‍ കഴിയണേ എന്ന് തന്നെ എന്റെയും പ്രാര്‍ത്ഥന!
@ജീവി കരിവെള്ളൂര്‍ : റോഡോരം എന്നത് ഒരു പുതിയ പ്രയോഗമായിക്കോട്ടെ ജീവി. അത് ശരിയായ പ്രയോഗം തന്നെയാണ് എന്ന് എന്റെ വിശ്വാസം. ഇത്തരം ചിന്തിക്കാനുള്ള അഭിപ്രായങ്ങള്‍ കൂടുതല്‍ ജാഗരൂകതയോടെ എഴുതാന്‍ പ്രേരിപ്പിക്കുന്നു. നന്ദി.
@അലി : സന്തോഷം. പുതുവത്സരാശംസകള്‍
@പാവത്താൻ : നന്ദി മാഷേ.
@മുകിൽ :സന്തോഷം മുകില്‍.
@Manju Manoj : കഥകള്‍ നന്നാവുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ തരുന്ന വിലയേറിയ നിര്‍ദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടേയും നന്മ കൊണ്ട്. ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.
@പ്രദീപ് പേരശ്ശന്നൂര്‍ :തേജസിലേക്ക് സ്വാഗതം. നന്ദി.
ഈ കഥയുടെ രചനാവേളയില്‍ ഈ കഥയുടെ വിവിധങ്ങളായ പശ്ചാത്തലത്തെ സംബന്ധിച്ച് എനിക്കുണ്ടായിരുന്ന ചില സംശയങ്ങള്‍ ദൂരികരിക്കാന്‍ എന്നോടൊപ്പം സമയം ചെലവിട്ട എന്റെ ചില നല്ല ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ആരെയും പേരെടുത്ത് പറയുന്നില്ല. എങ്കിലും നിങ്ങള്‍ തന്ന സപ്പോര്‍ട്ട് എത്രത്തോളം വലുതെന്ന് ഇവിടെ വന്ന കമന്റുകളില്‍ നിന്നും ഞാന്‍ തിരിച്ചറിയുന്നു. നന്ദി.
കഥ വായിക്കുമ്പോള്‍ രംഗങ്ങള്‍ മനസ്സില്‍ വരുന്നുണ്ടായിരുന്നു, നന്നായി വര്‍ണിച്ചു, ഗന്ധങ്ങള്‍ പോലും നമ്മളിലും എത്തിക്കാന്‍ വിജയിച്ചു എന്ന് പറയാം, നല്ല സന്ദേശം
പുതുവര്‍ഷത്തില്‍ ഞാന്‍ വായിച്ച കഥകളില്‍ ഏറ്റവും മികച്ചത്.......പറയാന്‍ വാക്കുകളില്ലല്ലോ മാഷെ...എങ്കിലും പറയാം....fantabulous...excellent......
കഥ നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ..
മനസ്സില്‍ തൊടുന്ന രീതിയില്‍ ....അല്ല നേരിട്ട് മനസ്സിലേക്ക് ഇടിച്ചു കയറുന്ന കഥകള്‍ കഥാപാത്രങ്ങള്‍ ...
നന്നായിരിക്കുന്നു മനോ....
ആശയസമ്പുഷ്ടവും കാര്യഗൌരവവുമുള്ള കഥ. നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍!
ഞാന്‍ ഈ പോസ്റ്റ് വായിച്ചിരുന്നു ....
ഒരു അഭിപ്രായം ഇടാന്‍ വൈകി(അതിനു യോഗ്യതയുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
നല്ല സംതൃപ്തി തരുന്ന കഥ......ഒരുസംശയം
"ചാവാനിറങ്ങിയിരിക്കയാണോടാ" - ഡ്രൈവര്‍ ആരോടോ വല്ലാതെ കയര്‍ക്കുന്നു.
മരിയ അതിനു ശേഷം കണ്ടത് സ്വപ്നം അല്ലെ?
പിന്നെ അത് യാഥാര്‍ത്ഥ്യം ആയി മാറുന്നു..ഞാന്‍ ഇങ്ങനെയാണ് മനസ്സിലാക്കിയത്
നല്ല ഒരു പുതുവര്‍ഷ സമ്മാനം......
നന്ദി നല്ല ഒരു വായന സമ്മാനിച്ചതിനു ...
ഇത് വളരെ വ്യത്യസ്തമായിരിക്കുന്നു. അഭിനന്ദനങ്ങൾ.
സാന്താക്ലോസും കൂട്ടരും മെല്ലെ അവിടെ നിന്നും പിന്‍വലിയാന്‍ തുടങ്ങി. യുവതി ഇപ്പോഴും വെപ്രാളപ്പെട്ട് പുളയുകയാണ്.
മനോരാജ് നല്ല ഒരു സൃഷ്ടി തന്നെ, ഒരു നൊമ്പരം ഉളവാക്കി. മനസിനെ സ്പര്‍ശിച്ച എഴുത്ത്.
മുകളില്‍ പറഞ്ഞ വരികളില്‍ തന്നെ എല്ലാം ഉണ്ട്. അതാണ് എന്നെ സ്പര്‍ശിച്ചതും
മനൂ,ഞാന്‍ രണ്ടുതവണ കഥവായിച്ചു. കഥപറഞ്ഞതും..അവിടെ നടന്നതും എല്ലാം നന്നായി പറഞ്ഞിരിക്കുന്നു..പക്ഷെ അത് വെറും ഒരു സ്വപ്നം മാത്രം ആയിരുന്നല്ലോ..അവിടെ അപ്പൊ ആ മറിയക്കു നല്ലവള്‍ എന്ന് പറഞ്ഞു വാഴ്തപെടാന് അവള് ഒന്നും ചെയിതിട്ടില്യാലോ.
നന്മ അത് സ്വപ്നത്തില്‍ നടനതല്ലേ..ശെരിക്കും ആ സ്ത്രീയെ സഹായിക്കുകയായിരുന്നു ചെയിതിരുന്നെങ്കില്‍ ഒരു പക്ഷെ ഇവിടെ എല്ലാവരും പറഞ്ഞ കമന്റ് തന്നെ ഞാന്‍ പറയുമായിരുന്നു.
അവളിലെ നന്മയെ ക്കുറിച്ച്..ഇവിടെ എല്ലാരും അടിപൊളി എന്നാ പറഞ്ഞത്..എന്റെ അഭിപ്രായം ഇതാണ്..പിന്നെ ചിലപ്പോ എന്റെ വിവരം ഇല്ലായിമ ആകാം..കഥ നന്നായി..അവസാനിപിച്ചരീതിയില് ആണു എനിക്ക് ഇഷ്ടപെടാതിരുന്നത്
കഥയും പാശ്ചാതലവും നന്നായി മനോരാജ്.
പക്ഷെ അതൊരു സ്വപ്നം മാത്രം ആകരുതായിരുന്നു എന്ന (സ്വാര്‍ത്ഥ ?) അഭിപ്രായം മാത്രം.
ഭൂമിയില്‍ നന്മ നിറഞ്ഞ മനുഷ്യര്‍ ഇനിയും കഥാവശേഷം ആയിട്ടില്ല എന്ന പ്രതീക്ഷ നല്കിയേനെ.
എന്തായാലും പറഞ്ഞ രീതി, പശ്ചാത്തലം വളരെ നന്നായി.
@അനീസ : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@മഞ്ഞുതുള്ളി : തേജസിലേക്ക് സ്വാഗതം. ഈ പ്രോത്സാഹനത്തിന് നന്ദി.
@ജുവൈരിയ സലാം : തേജസിലേക്ക് സ്വാഗതം. നന്ദി.
@junaith : കഥ ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം ജുനു.
@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : തേജസിലേക്ക് സ്വാഗതം. ഇനിയും കാണാമെന്ന് കരുതുന്നു.
@റാണിപ്രിയ : അഭിപ്രായങ്ങള്‍ പറയാനും സംശയങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടി നേര്‍വഴിക്ക് നയിക്കാനുമല്ലേ സുഹൃത്തേ ഇതൊക്കെ നമ്മള് പോസ്റ്റ് ചെയ്യുന്നത് തന്നെ. എന്റെ മനസ്സ് പോലെ തന്നെയാണ് റാണിപ്രിയ വായിച്ചത്. കഥാകൃത്തിന്റെ കാഴ്ചപ്പാടില്‍ റാണിപ്രിയയുടെ വായന ശരിയാണ്.
@കുമാരന് | kumaran : നന്ദി.
@കുറുപ്പിന്റെ കണക്കു പുസ്തകം : വീണ്ടും സജീവമായതില്‍ സന്തോഷം. കഥ ഇഷ്ടമായതില്‍ അതിലേറെ സന്തോഷം. കണക്കുപുസ്തകത്തില്‍ പുതിയ പോസ്റ്റ് കണ്ടത് അതിലുമേറേയേറെ സന്തോഷം.
@lekshmi. lachu : ഇതേ അഭിപ്രായം മെയിലിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയും ചില സുഹൃത്തുക്കളും എന്നോട് പറഞ്ഞു. അപ്പോള്‍ ഈ കമന്റ് എല്ലാവര്ക്കും വേണ്ടിയാവട്ടെ.
കഥയില്‍ അത് ഒരു സ്വപ്നമല്ല മറിച്ച് അവളുടെ ദീര്‍ഘവീക്ഷണം അല്ലെങ്കില്‍ അവള്‍ക്ക് പരിശുദ്ധാത്മാവില്‍ നിന്നും ലഭിച്ച അരുളപ്പാടായല്ലേ കഥ അവസാനിപ്പിച്ചിരിക്കുന്നത്. കഥക്കവസാനം സ്വപ്നത്തില്‍ അവള്‍ക്ക് ഫീല്‍ ചെയ്ത കാര്യങ്ങള്‍ തന്നെയല്ലേ തുടങ്ങുന്നത്. വണ്ടി ബ്രേക്കിട്ട് നില്ക്കുന്നതും. പുക്കളുടെ ഗന്ധവുമെല്ലാം. മറിച്ച് ഞാന്‍ ആ സ്വപ്നത്തെ യദാര്‍ത്ഥ്യമാക്കി എഴുതിയാല്‍ അവിടെ കണ്ട മാലാഖമാര്‍, മീറയുടെ മണം, കുന്തിരിക്കത്തിന്റെ മണം, അതുപോലെ ഗാഗുല്‍ത്താ കുന്നുകള്‍, ക്രൂശിതരൂപത്തില്‍ നിന്നും ചോരക്ക് പകരം ചന്ദനം ഇതൊക്കെ ഫാന്റസിയുടെ പരിധീ ലംഘനമാവില്ലേ. അതുകൊണ്ട് തന്നെ അതോടൊപ്പം നാടോടി കുടുംബം അനുഭവിക്കുന്ന ആ വേദനയും ഭാവനയായി മാറും. ഒരു പക്ഷെ ഭാവനയുടെ പരിധി ലംഘനവുമാവാം. ഇതിപ്പോള്‍ അവളിലെ ശുദ്ധി തിരിച്ചറിഞ്ഞ് ഒരു ദൈവപുത്രന്റെ വരവ് പരിശുദ്ധാത്മാവ് അവളെ മുന്‍കൂട്ടി അറിയിക്കുന്നു എന്നതാണ് ഉദ്ദേശിച്ചത്. അത് ഒരു പക്ഷെ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ വര്‍ക്ക് ഔട്ട് ആയില്ലായിരിക്കാം. അല്ലെങ്കില്‍ എഴുതിയത് പൂര്ണ്ണമാവാത്തതിന്റെ ആവാം.. കഥയെ വിലയിരുത്താന്‍ വേണ്ടി ഏറെ സമയം വിനിയോഗിച്ചതിന് നന്ദി.
@...sijEEsh...: തേജസിലേക്ക് സ്വാഗതം. സിജീഷിന്റെ സംശയത്തിനും കൂടിയുള്ള മറുപടി മുകളില്‍ പറഞ്ഞു എന്ന് വിശ്വസിക്കട്ടെ.
നോവിന്റെ തിരുപ്പിറവി.. ഹൃദയത്തില്‍ കൊള്ളുന്ന കഥ മനോ... പുതുവര്‍ഷ ആശംസകള്‍
Hi
ithuvare vayichathil vachu this was the best i feel..
may be bcos, this one was realistic..
all of us, we are able to do good to others only in our dreams..
but atleast if u can do it in ur dreams, u stand closer to God..
Maybe mariyaude lifeile first step aavum ithu.. as u said.. velipaaadu..
Anyway excellent, this had a real quality to it.. :) Congratsss..
along with I am giving a small sugesstion : dialogs and characters alpam, little bit, caricaturish aavunnundu.. but no problem.. sometimes dialogs appear straight out of some film.. oru 1% attention athil kodukaan nokiyal it wll be evven better..
അവസരോചിതമയി എഴുതിയ ചിന്തിക്കാന്‍ ഉതകുന്ന നല്ല പോസ്റ്റ് ...പുതുവസരാശംസകള്‍
മനോ...മനോഹരമായ കഥതന്നെ.
മനുഷ്യൻ മനുഷ്യനെപോലെ കഷ്ടപെടുമ്പോൾ മനസുകളെ അറിയും .മനുഷ്യന്റെ നിസാഹയമായ അവസ്ഥകളുടെ വേദനകൾ അറിയും. അറിഞ്ഞുകൊണ്ട് ഒരു സ്ത്രീയും വേശ്യകാകില്ലന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു .വേശ്യവൃത്തിയിലേക്ക് ഇറങ്ങിയവളുടെ മനസ് അതുകൊണ്ടുതന്നെ മാനുഷികവികാരങ്ങളാൽ ഹരിതമായിരിക്കും . ഈ വർഷം മുഴുവൻ നല്ല കഥകൾ ഉണ്ടാകട്ടേ
കഥ ഇഷ്ടമായി മനോജ്. വളരെ മികവുറ്റ ആഖ്യാനം കൊണ്ട് എല്ലാം നേരില്‍ കാണുന്ന പ്രതീതി ജനിപ്പിച്ചു. .സ്വയം തിന്മയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്തവര്‍ ഒഴികെ, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്ക് എടുത്തെറിയപ്പെട്ടവുടെ ഉള്ളിലെ നന്മ നശിക്കുന്നില്ല. അവരിലെ നന്മ എപ്പോഴും തിന്മകളോട് കലഹിച്ചു കൊണ്ടിരിക്കും. കഥയിലെ നായിക ഈ വിഭാഗത്തില്‍ പെടുന്നു. എന്നാല്‍ മറ്റൊരു കൂട്ടര് മനസ്സില്‍ നന്മ ഉള്‍ക്കൊള്ളാതെ അതു പ്രസംഗിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും മാത്രം ചെയ്യുന്നു.
വാക്കുകളിലല്ല ഹൃദയത്തിലാണ് നന്മ ഉണ്ടാവേണ്ടതെന്ന മെസ്സേജ് ഈ കഥയില്‍ ഉണ്ട്. നാം നമ്മെ സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. ഈ നല്ല ചിന്തക്കും കഥയ്ക്കും അഭിനന്ദനങ്ങള്‍.
തിരുപ്പിറവിയുടെ വെളിച്ചത്തില്‍ പൊള്ളുന്ന കഥ.
ഇനിയും നല്ല കഥകള്‍ പിറക്കട്ടെ...
ആശംസകള്‍
ആവിഷ്ക്കാരം കൊണ്ടും ശൈലി കൊണ്ടും വളരെ മനോഹരമായ കഥ,ഒപ്പം ചിന്തിക്കാന്‍ വകയുള്ളതും...
നല്ല കഥ മനു ഏട്ടാ
ഇഷ്ടമായി
ആശംസകള്‍
വളരെ നല്ല ഒരു കഥ മനോരാജ്. അതീവ ഹൃദ്യമായി പറഞ്ഞിരിക്കുന്നു. കഥയുടെ എന്‍ഡിങ് ആണ് ഇതിനെ കൂടുതല്‍ മനോഹരമാക്കിയത്.
അസ്സലായി കഥ !നന്നായി
എഴുതി.അവസാനം അങ്ങനെ
തന്നെ ആവുന്നത് ആണു ..............
ഇഷ്ടമായി .
നല്ല കഥ
valare nannayi.... hridayam niranja puthu valsara aashamsakal.....
മരിയയുടെ ശരീരം മാത്രമേ മരിയയുടെ അഛനും മറ്റുള്ളവർക്കും കളങ്കപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ..!
ആ ഹൃദയം, അത് ദൈവ സന്നിധിയിൽ പവിത്രമാണ്.
വഴിയോരത്ത് സഹായത്തിനായി അബലകൾ കേഴുംബോൾ തിരിഞ് നടക്കുന്നവർ ഓർക്കുക, അവരും നമ്മളെ പോലെ ചോരയും മജ്ജയും മാംസവും ഉള്ളവരാണെന്ന്.
ഒരു പക്ഷേ ഇത്തരം സംഭവ സ്ഥലങളിൽ നമ്മെ എത്തിച്ചിട്ട് ദൈവം നമ്മളെ പരീക്ഷിക്കുകയായിരിക്കും!!
പേപ്പർ നോക്കി മാർക്ക് പിന്നീട് ഒടയ തംബുരാൻ തരും.
നല്ല കഥ മനോരാജ്.
പുതുവത്സരാശംസകൾ!
ക്രിസ്മസിന് പള്ളിയില്‍ പോകാനും തിരുപ്പിറവി കാണാനും കഴിഞ്ഞിരുന്നില്ല. ആ വിഷമം മനുവിന്റെ കഥയിലൂടെ മാറികിട്ടി.
ഞാനും കണ്ടു...ഉണ്ണി യേശുവിനെയും മാതാവിനെയും മാലാഖമാരേയും സന്താക്ലോസിനെയുമെല്ലാം ...
എന്റെ കണ്ണില്‍ ഇപ്പോള്‍ ഊറിവരുന്നത്
ആനന്ദക്കണ്ണീര് ആണ് കേട്ടോ...
നന്ദി...നന്ദി...
നന്നായിരിക്കുന്നു മാഷെ..
പുതുവർഷത്തിൽ നന്മയുടെ വിത്തു പാകി ഒരു കഥ..
“പുതുവത്സരാശംസകൾ...”
സമൂഹനന്മക്കുതകുന്ന ആശയങ്ങൾ വായനക്കാർക്ക് കൈമാറുമ്പോഴാണ് എഴുത്തുകാരന്റെ കടമ നിറവേറ്റപ്പെടുന്നത്....ആശംസകൾ..
മനോഹരമായിരിക്കുന്നു...
ഈ കഥയെ കുറിച്ച് പറയാന്‍ എനിക്ക് വേറെ വാക്കുകള്‍ ഇല്ല :)
@G.manu : സന്തോഷം മാഷേ.
@Rahul : രാഹുലിന്റെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് പ്രചോദനങ്ങളാണ്. കഥ ഇഷ്ടമായെന്നറിയുന്നതില്‍ നന്ദി കൂട്ടുകാരാ.
@പാലക്കുഴി : നന്ദി
@പാവപ്പെട്ടവന് : നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൂടെയുണ്ടെങ്കില്‍ എനിക്ക് ഒരു പക്ഷെ നല്ല കഥകള്‍ എഴുതാന്‍ കഴിയുമെന്ന് കരുതുന്നു. നന്ദി.
@Akbar : കഥയെ മനസ്സിലാക്കിയതിന് നന്ദി.
@ഭാനു കളരിക്കല്‍ : നന്ദി. വീണ്ടും വരിക.
@കുഞ്ഞൂസ് (Kunjuss) : നന്ദി.
@അഭി : നന്ദി
@കൃഷ്ണ പ്രിയ I Krishnapriya : അഭിപ്രായമറിയിച്ചതില്‍ നന്ദി.
@chithrangada : ചിത്ര, അവസാനം പലരിലും ഒരു കണ്ഫ്യൂഷന് ഉണ്ടാക്കിയിരുന്നു. എങ്കിലും എന്തോ ഇതാവും നല്ലതെന്ന് എനിക്ക് തോന്നി!
@ഒഴാക്കന്.: നന്ദി.
@jayarajmurukkumpuzha : നന്ദി.
@ഭായി : ഈ കമന്റിന് 101 മാര്‍ക്ക് ഉടയതമ്പുരാന് തന്നിരിക്കും തീര്‍ച്ച..
@ലീല എം ചന്ദ്രന്.. : ഈ വാക്കുകള്‍ക്ക് മുന്പില് മറ്റൊന്നും പറയാനില്ല. നന്ദി ടീച്ചറേ.
@വീ കെ : തേജസില്‍ വീണ്ടും കാണുന്നതില്‍ സന്തോഷം. കഥയിഷ്ടപ്പെട്ടതില് അതിലേറെ സന്തോഷം.
@sids : തേജസിലേക്ക് സ്വാഗതം. ഇനിയും വരുമെന്ന് കരുതട്ടെ. നന്ദി.
@ഹരിപ്രിയ : കഥയിഷ്ടമായെന്നറിയുന്നതില് സന്തോഷം.
മനോ, കഥയിൽ ജീവിതത്തിന്റെ തീക്ഷ്ണഗന്ധമുണ്ട്. അരികു ചേർന്നു നിൽക്കേണ്ടി വരുന്ന ജന്മങ്ങളോടുള്ള കാരുണ്യമുണ്ട്. ക്രിസ്തു വീണ്ടും വീണ്ടും തന്റെ ചെയ്തികളിലൂടെ കാട്ടിത്തന്ന നിലപാടുകളുടെ സ്ഥാപിക്കൽ ഉണ്ട്. ഞാൻ എപ്പോഴും നിന്നോട് കൂടീയുണ്ട് എന്ന് ക്രിസ്തു പറയുമ്പോൾ ആരുടെ കൂടെ എന്ന ചോദ്യവുമുദിക്കുന്നുണ്ടല്ലോ.
മരിയയുടെ അതേ ദുർവ്വിധിയുമാവുമല്ലോ അവളുടെ കൈകളാൽ രക്ഷിക്കപ്പെടാൻ പോകുന്ന ആ തെരുവുപെണ്ണിനൂ മുള്ളത്. രണ്ടു ജീവിതവും ഒരേ ട്രാക്കിലാണെന്നും കഥയിൽ നിന്ന്നും വായിക്ക്ചെടുക്കാം.
കഥയിൽ വന്ന അതിവിവരണം വല്ലാത്ത അലോസരമുണ്ടാക്കി. പലതും ആവർത്തിക്കുന്നു. അലയൊലികൾ എന്ന വാക്കൊക്കെ. അത്തരം വാക്കുകൾ പോലും കഥകളിൽ നിന്ന് ഒഴിവാക്കണം. കഥയിൽ മനോ നടത്തുന്ന പശ്ചാത്തലവിവരണവും ചുറ്റുപാടുകളുടെ വിവരണവുമൊന്നും കഥയുടെ ഉൾക്കാമ്പുമായി ലയിച്ചുചേരുന്നതേയില്ല. അങ്ങനെയ്യല്ലെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ക്രിസ്തുമസ്സിന്റെ ഒരു കാലത്തെ കുറിക്കാനാണല്ലോ അതെല്ലാം. അവളുടെ പ്രവൃത്തിയിൽ നിന്നു തന്നെ അവൾ ക്രിസ്തുവിനൊപ്പമാണെന്ന് നമുക്ക് തെളിയും.
മരിയ ഒരു കാൾഗേൾ ആണെന്ന് പറയാതെ പറയണമായിരുന്നു. പിന്നീട് അവളുടെ ഓർമ്മകൾക്കൊന്നും ഒരു പ്രസക്തിയുമ്മില്ല. നമ്മൾ നൂറുകണക്കിനു കഥകളിൽ കാണുന്ന ഫ്ലാഷ്ബാക്കല്ലേ അതെല്ലാം.
പിന്നെ ഡ്രൈവറുടെ രണ്ടു തവണയൂള്ള ചീറ്റലാണ് അത് സംഭവം നടക്കുന്നതിനു മുൻപുള്ള തോന്നലുകൾ ആണ് എന്ന് ആളുകൾക്ക് മനസ്സിലാകാതെ പോയത്. കഥയുടെ ക്രാഫ്റ്റ് കരുതിക്കൂട്ടി തന്നെയുണ്ടാക്കണം ഒരു പഴുതുമില്ലാതെ.
ഞാൻ മനോയോടും എച്മുവിനോടും ആവർത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. അപൂർവ്വമായ വിഷയങ്ങൾ എടുത്തു കൊണ്ട് വന്ന് വളരെ സാധാരണമായ രീതിയിൽ നറേറ്റ് ചെയ്ത് ഒരു വെറും സാധാരണകഥയാക്കിക്കളയുന്നതാ നിങ്ങളുടെ രീതി. ആളുകളുടെ പാടിപ്പുകഴ്ത്തലിൽ വീണുപോകരുത്. വീണ്ടും വീണ്ടും നമ്മെ വീചാരണ ചെയ്യുക. കഥ വായിച്ചുകൊണ്ടിരിക്കവേ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ഛെ എന്ന് പറഞ്ഞുകൊണ്ടീരിന്നു. കാൾ ഗേൾ ആയ മരിയയെ ക്രിസ്തുമസ്സ് രാത്രിയിൽ മൂന്നുപേരാൽ ഉപയൊഗിക്കപ്പെടുന്നു എന്നിടത്തൊക്കെ ഒരു പ്രതീക്ഷ നൽകി .കഥയിപ്പോൾ ഗംഭീരമായ രീതിയിൽ മുന്നേറൂം എന്ന് വിചാരിക്കുമ്പൊൾ വീണ്ടും സാധാരണ നിലയിലേക്ക് വരുന്നു.
കൂടുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കുറേ നാളായി വായന മുടങ്ങിക്കിടക്കുകയായിരുന്നത് കൊണ്ട് ഇപ്പോഴാണ് ഈ കഥ കണ്ണില്‍ പെട്ടത്...തലക്കെട്ട് കണ്ടപ്പോള്‍ തന്നെ പെരുമ്പടവത്തിന്റെ 'അരൂപിയുടെ ആറാം വിരല്‍ ' ആണ് മനസ്സിലേക്കോടിയെത്തിയത്..
പിന്നെ കഥ നന്നായി ഇഷ്ടപ്പെട്ടു..
മനോയുടെ കഥകളിലേ വിഷയ വൈവിധ്യം അത്ഭുതപ്പെടുത്തുന്നു.
കുറെ നാളുകള്‍ക്കു ശേഷമാണ് ഈ വഴി വരാന്‍ കഴിഞ്ഞത്. കഥ വളരെ നന്നായിരിക്കുന്നു. വ്യത്യസ്തമായി എഴുതി എന്ന് തോന്നി.
ഇഷ്ടമായി ഇക്കഥ. ആശംസകൾ
വളരെ താമസിച്ചുപോയി വായിക്കാന്‍..ഇനി എന്ത് പറയാന്‍......നന്നായിരിക്കുന്നു
നേരത്തെ ആ രവിയുടെ ബസ് യാത്രയെ പറ്റി 'കഥ'യിൽ പറഞ്ഞില്ലേ ?അതുപോലൊന്ന് എഴുതാൻ മനോ ഏട്ടന് കഴിയും.
പക്ഷെ വിഷയങ്ങൾ,
'പിതാവിനാൽ പീഢിപ്പിക്കപ്പെട്ട മകൾ'
ഇതുപോലെ ചെറുതാവരുത്. ഞാനുദ്ദേശിച്ചത്,ഗൗരവത്തിന്റെ കാര്യമല്ല. പറയാനധികമില്ലാത്തത് ആവരുത് ന്നാ ട്ടോ.
ഈ കാര്യത്തെപ്പറ്റി വാതോരാതെ വിമർശിച്ചാലും പരിധിയില്ലേ ? അല്ല ഇനി ഇല്ലെങ്കിൽ ആവാം ട്ടോ.
കണ്ടില്ലേ ആ വിഷയത്തെ ബന്ധപ്പെടുത്തി എങ്ങനെ മറ്റുവിഷയങ്ങൾ കൂട്ടിപ്പിണച്ചാലും അതധികം നീളാൻ സാധ്യതയില്ല. ഇപ്പോൾ തന്നെ 'ആ' വിഷയവുമായി പറഞ്ഞ്, അങ്ങനെ മുനിസിപ്പാലിറ്റിക്കാരുടെ സഹായമില്ലായ്മയും,മറ്റ് ആൾക്കാരുടെ നിസ്സഹായതയും ഒക്കെ കലർന്ന് വന്നാലും അതിനി എങ്ങോട്ട് നീട്ടും,നീളും ?
വായിച്ച് വായിച്ചവസാനം ആ മൂന്ന് വരികൾക്ക് മുൻപ് വരേയുള്ളവരെ എത്തിയപ്പോൾ വരെ ഞാനിങ്ങനൊരു ചിന്തയിലും കമന്റിലും ആയിരുന്നു,
'അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി,
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.'
പക്ഷെ അവസാനത്തെ മൂന്ന് വരികൾ, വിട്ട്-വിട്ടെഴുതിയ ആ മൂന്ന് വരികൾ, അത് വായിച്ചപ്പോൾ അതുവരെ ആ സ്ത്രീയെ രക്ഷിക്കുന്നതായി പറഞ്ഞതൊക്കെ സ്വപ്നമായിരുന്നോ എന്ന് തോന്നി പോകുന്നു.
ഒന്നും മനസ്സിലായില്ല.
ഈ കഥയേ ഞാൻ വായിച്ചത് മനോ ഏട്ടന്റെ ആ രവി സ്വപ്നത്തെ മുൻ നിർത്തിയായിരുന്നു ട്ടോ.അതിനാൽ കമന്റും കുറച്ചങ്ങോട്ടായിപ്പോയി. ക്ഷമിക്കണം.
ആശംസകൾ.
ഞാന്‍ ഇത് നേരത്തെ കണ്ടിട്ടില്ല എന്ന് തോന്നുന്നു.
കഥയുടെ വിഷയം ഇഷ്ടപ്പെട്ടു.
ചിലയിടങ്ങളില്‍ അമിത വിവരണം കല്ല് കടിച്ചു
ഓഹ്! മനൊരാജ്, എന്തൊരു കഥയായിരുന്നു അത്! എനിക്ക് കുളിരുകയും കണ്ണ് നിറയുകയും ചെയ്തു, സത്യം!
ഒരു സാധാരണ കഥയെന്ന പോലെയാണ് വായിച്ചുതുടങ്ങിയത്. വേശ്യ, കൂട്ടരതി, കൂട്ടിക്കൊടുപ്പ്... അങ്ങനെ ബിംബങ്ങള്‍ നിരന്നപ്പോള്‍ ക്ലീഷേ രുചിച്ചുതുടങ്ങി. ചിലയിടങ്ങളില്‍ ആവശ്യത്തിലധികം കഥ സംസാരിക്കുന്നതായും തോന്നി. പക്ഷേ പിന്നെ സംഗതി മൊത്തം മാറിമറിഞ്ഞു. മരിയ മറിയമായതുപോലെ... തിരുപ്പിറവി തെരുവില്‍ത്തന്നെ! സിംബലൈസേഷനുകള് നന്നായിട്ടുണ്ട്. അഭൌമമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകളഞ്ഞു ഒടുക്കം. ചന്ദനനീരൊഴുകുന്ന തിരുരൂപം! ലവ് ഇറ്റ്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ