തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2012

എവിടെപ്പോയ് മറഞ്ഞു ആ പഴയ ചങ്ങാതിമാര്‍

പണ്ട് പണ്ട് പണ്ട്...

ഒരിടത്തൊരിടത്തൊരിടത്ത്....

ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ഒരു മുത്തശ്ശിയുടെ രൂപമില്ലേ? ഏതെങ്കിലും മരച്ചുവട്ടിലോ വരാന്തയിലോ കുറേ കുട്ടികളെ വട്ടത്തിലിരുത്തി അവരുടെ കുഞ്ഞുഭാവനകളിലേക്ക് ആമയെയും മുയലിനെയും സിംഹത്തെയും ആനയെയും മന്ത്രവാദിയെയും രാജകുമാരിയെയും പറക്കും‌ പരവതാനിയെയും രാക്ഷസന്‍ കോട്ടയും എല്ലാം ഒറ്റ സ്നാപ്പില്‍ വിരിയിക്കുവാന്‍ കഴിവുള്ള ഒരു പഴയ മുത്തശ്ശി..

ഒരു കാലത്ത് ഈ മുത്തശ്ശിയുടെ കഥകളും, ബാലരമയിലേയും പൂമ്പാറ്റയിലേയും ബാലമംഗളത്തിലെയും ചിത്രകഥകളുമായിരുന്നു സ്കൂളുകളില്‍ കുട്ടികള്‍ക്കിടയിലെ സജീവ ചര്‍ച്ച. പ്രതിസന്ധിഘട്ടങ്ങളില്‍ നീണ്ടുവരുന്ന കപീഷിന്റെ വാല്‍, ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് മന്ത്രിക്കുമ്പോഴേക്കും രക്ഷകനായി അവതരിക്കുന്ന മായാവി, ലുട്ടാപ്പിക്ക് സംഭവിക്കുന്ന അമളികള്‍, ഡിങ്കന്റെ വീരസാഹസികതകള്‍.... ഇവയൊക്കെ കേട്ടും വായിച്ചും വിസ്മയിച്ചിരുന്ന ഒരു കാലത്തിന്റെ കുട്ടികള്‍..! ബന്ദിലയും പീലുവും സിഗാളും മൊട്ടുവും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ അടക്കിവാണിരുന്ന കുട്ടികളുടെ ലോകം..! അവിടെ ഫാന്റസിയുടെ നിറം പകരാന്‍ ആകെയുണ്ടായിരുന്നത് ഒരു സിന്‍ഡ്രല്ലയും ആലീസിന്റെ അത്ഭുതലോകവും മാത്രമായിരുന്നു. അല്പം കൂടെ വിശാലമാക്കിയാല്‍ ഒരു ഫാന്റത്തെയും മാന്‍ഡ്രേക്കിനെയും പിന്നീടെപ്പൊഴോ ടെലിവിഷന്‍ യുഗത്തിന്റെ ആവേശമായി കടന്നുവന്ന ഒരു ജയ്ന്റ് റോബോര്‍ട്ടിനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം

എന്റെയൊക്കെ ചെറുപ്പക്കാലത്ത് ഞാന്‍ ഏറ്റവുമധികം കേള്‍ക്കുവാന്‍ ആഗ്രഹിച്ചിരുന്ന കഥകളാണ് ഒലിവര്‍‌ട്വിസ്റ്റും ആലീസിന്റെ അത്ഭുതലോകവും. ഒലിവര്‍ മനസ്സില്‍ വല്ലാത്ത ഒരു നൊമ്പരമായിരുന്നെങ്കില്‍ ആലീസ് എന്നും അത്ഭുതമായിരുന്നു. അതുപോലെ തന്നെയായിരുന്നു കപീഷും പീലുവും സിഗാളും ഡിങ്കനും വിലസി നടന്ന കാടും... മായവിയും ലുട്ടാപ്പിയും കുട്ടൂസനും ഡാകിനിയും എല്ലാം നിറഞ്ഞ ലോകവും... ശിക്കാരിശംഭുവിന്റെയും പപ്പൂസിന്റെയും മണ്ടത്തരങ്ങളും.. പിന്നീട് കാലം ചിത്രകഥകളില്‍ നിന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കൈയടക്കിയപ്പോഴും നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ബോബനും മോളിയും വക്കീലും മൊട്ടയും പട്ടിയും ചേട്ടനും ചേട്ടത്തിയും ഉണ്ണിക്കുട്ടനും അപ്പിഹിപ്പിയും ഉപ്പായിമാപ്ലയും എല്ലാം ചേര്‍ന്ന് നിഷ്കളങ്കമാക്കി നിലനിര്‍ത്തി.

ഇന്ന് നമ്മുടെ കുട്ടികളോട് ആമയും മുയലും പന്തയം വെച്ച കഥ പറഞ്ഞാല്‍ അവര്‍ കളിയാക്കി ചിരിക്കും. കപീഷിന്റെ മാന്ത്രിക വാലോ മായാവിയുടെ തന്ത്രങ്ങളോ അവരെ ഒട്ടുംതന്നെ വിസ്മയിപ്പിക്കുന്നില്ല; എന്നതിനേക്കാള്‍ അവരില്‍ അത് യാതൊരു താല്പര്യവുമുണര്‍ത്തുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് അവരില്‍ ഏറിയ കൂറും ഇന്ന് കാര്‍ട്ടൂണ്‍ ചാനലുകളിലെ സൂപ്പര്‍ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ക്ലിക്കില്‍ വിരിയുന്ന കഥാപാത്രങ്ങള്‍ക്കും പിന്നാലെയാണ്. ഗുണദോഷ സമ്മിശ്രമാണ് ഇവയുടെ ഫലം. കുട്ടികളില്‍ വളരെ ചെറുപ്പത്തിലേ തന്നെ ഭാവനയുടെയും ഫാന്റസിയുടേയും അതിവിശാലമായ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുവാനും മാറി വരുന്ന ടെക്നോളജിക്കനുസരിച്ച് അവര്‍ നമുക്ക് മുന്‍പേ ചിന്തിക്കുവാനും തുടങ്ങും എന്നത് ഗുണവശമാണെങ്കില്‍ ചുറ്റുമുള്ള റിയാലിറ്റികള്‍ , ജീവിതത്തിന്റെ പച്ചയായ അനുഭവകാഴ്ചകള്‍ അവര്‍ അറിയുന്നില്ല, അതല്ലെങ്കില്‍ പണ്ടത്തെ കുട്ടികളില്‍ ഉണ്ടായിരുന്ന നൈര്‍മ്മല്യവും നിഷ്കളങ്കതയും അവരില്‍ നിന്നും നഷ്ടമാകുന്നു എന്നത് ദോഷവശമായും തോന്നി (തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. തീര്‍ച്ചയായും മറുവാദങ്ങള്‍ ഉണ്ടാകുമെന്ന് അറിയാം).

ഇപ്പോള്‍ ഇത് പറയുവാന്‍ ഒരു കാരണമുണ്ട്. വീട്ടിലെ നാലര വയസ്സുകാരന്‍ രാവിലെ ആറ് മണിയോടെ ഉറക്കമുണര്‍ന്ന് ഹീമാനില്‍ നിന്ന് തുടങ്ങുന്ന കൊച്ചുടിവി വിപ്ലവം കെ.ജി ക്ലാസ്സ് കഴിഞ്ഞ് വന്നതിന് ശേഷമുള്ള ചോട്ടാഭീമിലേക്കും പോഗോ , സി.എന്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കുകളിലെ ബെന്‍‌ടെനിലേക്കും സൂപ്പര്‍ മാനിലേക്കും സ്പൈഡര്‍മാനിലേക്കുമെല്ലാം നീളുന്നത് കാണുമ്പോള്‍... നടപ്പിലും എടുപ്പിലും പുസ്തകങ്ങളിലെ സ്റ്റിക്കറുകളിലും എന്തിനേറെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വരെ ബെന്‍‌ടെന്‍ ലോഗോയുള്ളത് മതിയെന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴുണ്ടായ അന്വേഷണമാണ് സമാനമായ അവസ്ഥ ഒട്ടേറെ വീടുകളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഇക്കൂട്ടത്തില്‍ കുട്ടികളെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത് ബെന്‍‌ടെന്‍ ആണെന്ന് തോന്നുന്നു. വസ്ത്രശാലകളിലെ കിഡ്സ് സെക്ഷനുകളിലെയും കളിപ്പാട്ടക്കടകളിലെയും ഭൂരിഭാഗം സ്ഥലവും ബെന്‍‌ടെന്‍ വിപ്ലവത്തില്‍ നിറഞ്ഞു കിടക്കുകയാണ്. സെയില്‍സ്‌മാന്‍ /ഗേള്‍സ് എല്ലാം ഒരു പരിധിവരെ ഈ വിപ്ലവത്തില്‍ വശംകെട്ടുതുടങ്ങിയെന്ന് പറയുമ്പോള്‍ അതിന്റെ കാഠിന്യം ഊഹിക്കാമല്ലോ! പെന്‍സിലും പേനയും റബ്ബറും എന്തിനേറെ, പരീക്ഷക്ക് വേണ്ടി വെച്ചെഴുതുവാന്‍ ഉപയോഗിക്കുന്ന കാര്‍ഡ് ബോര്‍ഡില്‍ വരെ ബെന്‍‌ടെനും സ്പൈഡര്‍മാനും സൂപ്പര്‍മാനും മറ്റും കുടിയേറി കഴിഞ്ഞു. വീടുകള്‍ കൊച്ചു ബെന്‍‌ടെനുമാരുടെ അരങ്ങാവുന്ന കാഴ്ച ഇന്ന് വിരളമല്ല. ബെന്‍‌ടെന്‍ വാച്ചുകളില്‍ നിന്നും കുട്ടികള്‍ അടിച്ച് പുറത്തേക്ക് തെറുപ്പിക്കുന്നത് വെറും സ്ട്രൈക്കറുകളല്ല , മറിച്ച് നമ്മള്‍ കാലാകാലമായി സൂക്ഷിച്ചിരുന്ന ചില പൈതൃകങ്ങളുടെ തായ്‌വേരല്ലേ എന്ന് സംശയം തോന്നുന്നു.

ഒരു പക്ഷെ, പഴയ കാലത്തെ പോലെ കഥപറയും മുത്തശ്ശിമാര്‍ അന്യം നിന്നതോ അതല്ലെങ്കില്‍ കുട്ടികള്‍ക്കായി കഥയുടെ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ നമ്മളാരും സമയം കണ്ടെത്താത്തതോ ആവാം ഈ ഒരു അവസ്ഥക്ക് മൂലഹേതു. വേറെയൊരു കാരണമായി പറയാവുന്നത് പണ്ടുണ്ടായിരുന്ന പോലെ ചുറ്റുവട്ടത്തെ കുട്ടികള്‍ക്കായി ഒത്തുകൂടുവാനുള്ള കുട്ടിക്കൂട്ടങ്ങള്‍ (പഴയ ബാലവേദികള്‍ / പരിഷത്തിന്റെയും മറ്റും കൂട്ടായ്മകള്‍ ) എന്നിവ നിലച്ചു പോയതും എല്ലാവരും തങ്ങളിലേക്ക് ഒതുങ്ങുക്കൂടുന്നതും ഒക്കെയാവാം.... വൃദ്ധസദനങ്ങളിലേക്ക് ചേക്കറപ്പെട്ട മുത്തശ്ശിമാരെ എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികെയെത്തിച്ചില്ലെങ്കില്‍, ഒരു കാലത്ത് നമ്മെ ആവേശം കൊള്ളിച്ചിരുന്ന പഴയ ചങ്ങാതി കൂട്ടങ്ങളെ തിരികെ പിടിച്ചില്ലെങ്കില്‍ , ശിക്കാരിശംഭുവും പപ്പൂസും ബോബനും മോളിയും തുടങ്ങി മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളുടെ നന്മയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ വീടുകള്‍ക്കകത്ത് പഴയ ഡി.പി..പി അദ്ധ്യാപകരുടെ അവസ്ഥയില്‍ അച്ഛനമ്മമാര്‍ ബെന്‍‌ടെനും സൂപ്പര്‍മാനുമൊക്കെയായി പരക്കം പായുന്ന കാഴ്ച അത്ര വിദൂരമായിരിക്കില്ല.



നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം. നാട്ടുപച്ചയിലെ പോസ്റ്റിലേക്ക് ഇതുവഴി പോകാം.