ഞായറാഴ്‌ച, ഓഗസ്റ്റ് 22, 2010

എന്റെ മനസ്സിലെ ഓണം..

ഓണം എന്നും മലയാളിക്ക് സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഉത്സവക്കാലമാണ്. പണ്ട് കാലം മുതല്‍ തന്നെ മലയാളികള്‍ ആവേശത്തോടെ കൊണ്ടാടുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല കുറച്ച് ദിനങ്ങള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒരുമയോടെ , ഒത്തുചേരുന്ന നല്ല നാളുകള്‍..

പക്ഷെ ഇന്ന് ഓണം അത്രത്തോളം നമുക്ക് പ്രിയങ്കരമാകുന്നുണ്ടോ? ഇന്നത്തെ കുട്ടികള്‍ക്ക് ഓണം മറ്റു ആഘോഷങ്ങള്‍ പോലെ തന്നെ ടെലിവിഷന്റെ മുന്നില്‍ ചടഞ്ഞിരിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്‍സ്റ്റന്റ് സദ്യ കഴിക്കാനും ഒക്കെ മാത്രമാകുന്നു. പരിതാപകരമാണ് ഈ അവസ്ഥ. ഇന്ന് അല്പമെങ്കിലും ഓണം ഒരു നൊസ്റ്റാള്‍ജിയ പോലെ കൊണ്ടാടുന്നത് നമ്മുടെ പ്രവാസികള്‍ മാത്രമാണെന്നതും ഖേദകരം തന്നെ. അത് കൊണ്ട് തന്നെ പ്രശസ്തമായ ഹോട്ടലുകാരുടെ ഓണക്കിറ്റിലും പ്ലാസ്റ്റിക് പുവുകള്‍ കൊണ്ട് നിരത്തിയ പൂക്കളത്തിലും ചാനല്‍ പ്രോഗ്രാമുകളുടെ ബഹളവും മാത്രമായ ഇന്നിന്റെ ഓണത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒത്തിരി ആഗ്രഹമില്ല. പ്രകൃതിയില്‍ ലയിച്ച്, പൂ പറിച്ച്, വീട്ടുകാരെല്ലാം ഒത്തുകൂടി, തുമ്പി തുള്ളി, കണ്ണാരം പൊത്തി കളിച്ച്, കിളി കളിച്ച്, അങ്ങിനെ അങ്ങിനെ നടന്ന പഴയ ഓണക്കാലത്തെക്കുറിച്ച് പറയാന്‍ തന്നെ എനിക്കേറെ ഇഷ്ടം.

എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണം ഞങ്ങള്‍ കുട്ടികള്‍ക്ക് പൂക്കളുടെ ആഘോഷമായിരുന്നു. ഞാനൊക്കെ മടികൂടാതെ രാവിലെ എഴുന്നേറ്റിരുന്നത് ഓണനാളുകളില്‍ മാത്രമായിരുന്നു. എന്റെ കൂടെ എന്റെ പ്രായക്കാരിയായ എന്റെ കളിക്കൂട്ടുകാരിയും അവളുടെ ചേച്ചിയും പിന്നെ വേറെ ഒന്ന് രണ്ട് ചേച്ചിമാരും ഒരു ചേട്ടനും അതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഓണം ടീം. ഓണക്കാലത്ത് രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഓടുന്നത് അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ എല്ലാവരുടേയും കൂടി ശ്രമഫലമായി എല്ലാ ദിവസവും അണിയിച്ചൊരുക്കന്ന പൂക്കളം.. അതിനായി രാവിലെ തന്നെ എല്ലാവരും കൂടെ പൂക്കൂടയും ഒക്കെയെടുത്ത് ഇറങ്ങും. അതൊരു മത്സരം കൂടിയാണ് ഞങ്ങള്‍ക്ക്. കാരണം അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഞങ്ങളുടെ എല്ലാവരുടെയും പ്രഭാത ഭക്ഷണം ആ വീട്ടില്‍ നിന്നുമായിരുന്നു. കൂടുതല്‍ പൂവ് പറിക്കുന്ന ആള്‍ക്ക് അവിടത്തെ വലിയമ്മയുടെ വകയായി സ്പെഷല്‍ ഐറ്റം എന്തെങ്കിലും കിട്ടും. അത് തിന്നാനുള്ള വെമ്പലിനേക്കാള്‍ അത് മറ്റാര്‍ക്കും കിട്ടാതിരിക്കാന്‍ വേണ്ടിയുള്ള കൊച്ച് മനസ്സിന്റെ അസൂയയായിരുന്നു കാരണം. എന്റെ കളിക്കൂട്ടുകാരിക്ക് എന്നോടുണ്ടായിരുന്ന ചെറിയ സോഫ്റ്റ് കോര്‍ണര്‍ ഞാന്‍ ഈ ആവശ്യത്തിലേക്കായി മുതലെടുക്കുകയും ചെയ്തിരുന്നു. അവള്‍ മറ്റാരും അറിയാതെ അവള്‍ പറിക്കുന്ന പൂക്കളില്‍ നിന്നും ഒരു വിഹിതം എന്റെ പൂക്കൂടയിലേക്ക് നിക്ഷേപിക്കുകയും മറ്റും ചെയ്യുന്നതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാ വരുന്നത്.


പൂക്കള്‍ പറിച്ച് കൊണ്ട് വന്നാല്‍ പിന്നെ കളം വരക്കലാണ്. അത് ആ വീട്ടിലെ വലിയമ്മയുടെ പണിയാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓരോ ദിവസത്തിനും പ്രത്യേകം പ്രത്യേകം കളങ്ങളാണ് വരക്കുക. ചാണകം മെഴുകി , നിലവിളക്ക് കത്തിച്ച് വച്ച് കളം വരച്ചതിന് ശേഷം അതില്‍ ആദ്യ പൂവ് വക്കുന്നത് വരെ ഞങ്ങളെല്ലാവരും ആകാംഷയോടെ നില്‍ക്കും. അത് കഴിഞ്ഞാല്‍ പിന്നെ പൂക്കള്‍ നിരത്താനുള്ള ഉത്സാഹമാണ്. കൂട്ടത്തിലെ രണ്ട് ആണ്‍‌തരികളില്‍ ചെറുത് ഞാനായതിനാല്‍ എനിക്ക് പരിഗണന കൂടുതല്‍ കിട്ടാറുണ്ട്. ഒടുവില്‍ പൂക്കളം ഒക്കെ ഒരുക്കിയതിന് ശേഷം , വലിയമ്മ തരുന്ന ചായയും പലഹാരവും ഒക്കെ കഴിച്ച് (മിക്കപ്പോഴും കൂടുതല്‍ പു പറിച്ചതിനുള്ള സ്പെഷല്‍ പലഹാരം കിട്ടുന്നത് എനിക്ക് തന്നെ. പാവം എനിക്ക് വേണ്ടി എന്നും പൂക്കള്‍ തരുന്നതിനാല്‍ അവള്‍ക്കാവും എന്നും ഏറ്റവും കുറവ് പൂവ്. അവള്‍ എനിക്ക് തരുന്ന കൂടുതല്‍ പൂക്കള്‍ക്ക് പകരമായി , അതുകൊണ്ട് തന്നെ എനിക്ക് കിട്ടുന്നതില്‍ നിന്നും ഒരു ചെറിയ പങ്ക്, അതും വളരെ ചെറിയ പങ്ക് ഞാന്‍ അവള്‍ക്ക് കൊടുക്കുമായിരുന്നട്ടോ. ഞാന്‍ എന്തൊരു വിശാലമനസ്കന്‍ അല്ലേ? ) അതു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ചില എതിരാളികളുടെ വീട്ടിലെ പൂക്കളങ്ങള്‍ കാണാനുള്ള പുറപ്പെടലാണ്. അവിടെ ചെന്ന് അവരോട് അവരുടെ കളത്തെ കുറേ കുറ്റങ്ങള്‍ പറഞ്ഞ്, ഞങ്ങളുടെ കളമാണ് കേമം എന്നൊക്കെ വീമ്പിളക്കുന്നതും അവരുടേ പൂക്കളത്തില്‍ കണ്ട മനോഹരമായ പല പൂക്കളും ഉള്ള സ്ഥലങ്ങള്‍ തേടിപിടിച്ച് പിറ്റേന്ന് ആദ്യും അവിടേക്ക് പോകുന്നതും എല്ലാം കൊച്ചുമനസ്സുകളുടെ കുശുമ്പാണെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു .

ഇതൊക്കെ കഴിഞ്ഞ് തിരുവോണനാളില്‍ വെളുപ്പിനേ മൂന്നരയോടെ എല്ലാവരെയും വന്ന് വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ജോലി ആ വീട്ടിലെ വലിയമ്മക്കാണ്. എല്ലാവരും കൂടി തലേ ദിവസം തന്നെ പറിച്ച് വച്ചിരിക്കുന്ന തുമ്പയും തുമ്പക്കുടവും മുക്കൂറ്റിയും വാടാമല്ലിയും തൊട്ടാവാടിയും ചതാവേരിയുടെ ഇലയും എല്ലാം കൂട്ടി ഒരു കൊച്ച് കളവും വീടിന്റെ പടിവരെ തുമ്പക്കുടം തൂവി മാവേലിക്ക് വഴി കാട്ടിക്കൊടുക്കുന്നതും തൃക്കാക്കരയപ്പന്റെ കളിമണ്‍‌പ്രതിമ ഉണ്ടാക്കി വച്ചിരിക്കുന്നത് പൊട്ടാതെ ഇഷ്ടിക ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ മൂന്ന് നില കളത്തില്‍ ഓരോ ദിക്കിലായി വയ്ക്കുന്നതും എല്ലാം സുഖദമായ ഓര്‍മ്മകള്‍ ആണ്. അതിന് ശേഷം തണുത്ത് ഐസുപോലെ കിടക്കുന്ന ആ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ഒരു ഒറ്റതോര്‍ത്തുമുടുത്ത് വിറങ്ങലിച്ച ഒരു കുളി.. ഹോ ഇപ്പോഴും ആ തണുപ്പ് ശരീരത്തില്‍ പതഞ്ഞ് പൊങ്ങുന്നു. പിന്നീടാണ് മാവേലിക്ക് വേണ്ടിയുണ്ടാക്കിയ അടയും നെയ്യപ്പവും ഒരു ചെറിയ ഉരുളിയില്‍ ആക്കി പൂക്കളത്തിന്റെ അരികില്‍ വക്കുന്നത്. എന്നിട്ട് ഞങ്ങളുടെ എതിരാളികളായ കുട്ടികളുടെ ആര്‍പ്പ് വിളികാതോര്‍ത്ത് അക്ഷമയോടെ ഒരു ഇരിപ്പുണ്ട് .. അവര്‍ വിളിക്കുന്നതിലും ഉച്ചത്തില്‍ വിളിക്കണമെന്നത് ഞങ്ങള്‍ക്ക് വാശിയായിരുന്നു. ഒടുവില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ ആര്‍പ്പു വിളി..

തൃക്കാക്കരയപ്പോ.. എന്റെ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണ്മാനും വായോ
അതേതൊ... അതെന്തൊ.. പൂയ്യ്‌യ്യ്‌യ്യ്‌യ്യ്...

ഇങ്ങിനെ നീട്ടി മൂന്ന് വട്ടം വിളിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടത്തെ വലിയമ്മയുടെ വകയായി ഞങ്ങള്‍ക്കെല്ലാം അടയും നെയ്യപ്പവും.. ആ അടയുടെ സ്വാദൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇന്നിപ്പോള്‍ അന്നത്തെ ഞങ്ങള്‍ എല്ലാവരും വളര്‍ന്നു. നാട്ടില്‍ തന്നെയുണ്ടേങ്കിലും ഞങ്ങളില്‍ പലരും ഇപ്പോള്‍ കാണുന്നത് തന്നെ അപൂര്‍വ്വം. മാത്രമല്ല. പഴയ ആ കൂട്ടായ്മകള്‍ ഒക്കെ ഇന്ന് നഷ്ടപ്പെട്ട് കഴിഞ്ഞു. ആ വലിയമ്മയാണെങ്കില്‍ കിടപ്പിലായിട്ട് വര്‍ഷം കുറച്ചായി. ഐശ്വര്യം മാത്രം ദര്‍ശിച്ചിരുന്ന ആ മുഖം വിറളിയത് കാണാനുള്ള മന:പ്രയാസം കാരണം രണ്ട് വീട് അപ്പുറമായിട്ടും ഇന്നും ഞാന്‍ എന്തോ അങ്ങോട്ട് പോകാറില്ല. എങ്കിലും പഴയ ആ നല്ല ഓണക്കാലങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായില്ല തന്നെ.

പിന്നീട് അച്ഛന്‍ വാങ്ങി തന്ന പുത്തന്‍ ഉടുപ്പുമിട്ട് അത് മറ്റുള്ളവരെ കാട്ടാനുള്ള ഒരോട്ടമാണ്. അയല്‍‌പക്കത്തെ എല്ലാ വീടുകളില്‍ ചെന്നും പുത്തന്‍ ഉടുപ്പ് കാട്ടി ... എല്ലാ അടുക്കളകളിലേയും പായസത്തിന്റെ രുചി നുകര്‍ന്ന്.. കിളി കളിയും, കണ്ണാരം പൊത്തി കളിയും , ഊഞ്ഞാലാട്ടവും, പിന്നേറും, എല്ലാം.. ഓര്‍ക്കുമ്പോള്‍ നഷ്ടബോധം വരുന്നു..

വൈകുന്നേരമാകുന്നതോടെ നാട്ടിലെ ചേട്ടന്മാര്‍ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ കൈകൊട്ടികളി നടത്താറുണ്ട്. എല്ലാവരും കൂടി അത് കാണാന്‍ അവിടെ വളരെ നേരത്തെ തന്നെ നിരന്നിരിക്കും..

അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...
കണ്ണേ, കരളേ, കരളിന്‍ പൊരുളേ പൂങ്കാവനമല്ലേ...
അത് ഹൃദയേശ്വരിയുടെ വരവും കാത്തവന്‍ ജീവിച്ചിരിക്കുന്നു...
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...

കൈകൊട്ടികളിയിലെ പാട്ടിന്റെ വരികള്‍ ഇങ്ങിനെയാണെന്ന് തന്നെ എന്റെ ഓര്‍മ്മ. (വരികള്‍ കറക്റ്റായി അറിയുന്നവര്‍ ഉണ്ടേങ്കില്‍ തിരുത്തണം കേട്ടോ.. പഴയ ഒരു ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണ്) ഇതിനൊപ്പിച്ചുള്ള അവരുടെ ചുവടുകളും ഒപ്പം പ്രായമായ സ്ത്രീകളുടെ കുരവയും എല്ലാം.. എല്ലാം.. ഇന്ന് നഷ്ടമായി കഴിഞ്ഞു.

ഇന്നത്തെ കുട്ടികള്‍ക്ക് പൂക്കളം ഒക്കെ ഇടാന്‍ എവിടെ നേരം. അവര്‍ ഓണം വരുന്നത് അറിയുന്നത് തന്നെ ടി.വിയിലെ പരിപാടികളുടെ ലിസ്റ്റ് കാണുമ്പോഴാണ്. ടിവിയിലെ സിനിമകളും ഇന്‍സ്റ്റന്റായി വാങ്ങുന്ന പാക്കറ്റ് സദ്യയും ഉണ്ട് വീണ്ടും ജാക്ക് ആന്‍ഡ് ജില്‍.. വെന്‍ഡ് അപ് ദ ഹില്ലും , ഹംടി ഡംടി സാറ്റ് ഓണ്‍ എ വാളും പാടുന്ന നമ്മുടെ കുട്ടികള്‍ അറിയുന്നില്ല ഓണക്കാലത്തിന്റെ നൈര്‍മല്യം. അവരില്‍ നിന്നും നമ്മള്‍ എല്ലാം ചേര്‍ന്ന് നഷ്ടമാക്കുന്ന ആ മാനുഷരെല്ലാരും ഒന്ന് പോലെ വാഴുന്ന നല്ല നാളുകള്‍ തിരികെ കൊടുക്കാന്‍ നമുക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടിയെങ്കിലും... നമ്മുടെ കുട്ടികളിലെ നൈര്‍മല്യം നഷ്ടപ്പെടാതിരിക്കാനെങ്കിലും.... നമുക്ക് ഓണം ആഘോഷിക്കാം.. ഓണമായി തന്നെ.. !!!

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ

ണാശംള്..


ഞായറാഴ്‌ച, ഓഗസ്റ്റ് 15, 2010

നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ

മയം നട്ടുച്ച. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അലക്ഷ്യമായുള്ള ഒരു അലച്ചിലിലായിരുന്നു ഞാന്‍. നാളെ വിഷുവായതിനാല്‍ നിരത്തുകള്‍ മുഴുവന്‍ വഴിവാണിഭക്കാര്‍ കൈയടക്കിയിരിക്കുകയാണ്‌. എങ്ങും തിരക്ക് പിടിച്ച് പായുന്ന മനുഷ്യര്‍. തിരക്ക് പൊതുവെ ഇഷ്ടമല്ല. എന്നും തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് മാറി നടക്കുകയാണ് പതിവുരീതിയും. അതുകൊണ്ട് തന്നെ എല്ലാവരും എപ്പോഴും ഒറ്റപ്പെടുത്താറുമുണ്ട്. ഇന്ന് പക്ഷെ ഈ തിരക്കില്‍ പെട്ടുപോയതാണ്‌. പതിവില്ലാത്ത വിധം ഇന്ന് ഓഫീസിന്‌ അവധി പ്രഖ്യാപിച്ചു. പ്രൈവറ്റ് മാനേജ്‌മെന്റില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത ഒരു കാര്യം. എവിടെയോ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്‍ മുഴുവന്‍ കറന്റ് ഉണ്ടാകില്ല എന്ന് അറിയിപ്പ് വന്നതിന്‌ തൊട്ടുപിന്നാലെ ഫാക്ടറിക്ക് അവധിനല്‍ക്കികൊണ്ട് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. തീരെ താല്‍പര്യം തോന്നിയില്ല. ഈ മുടിഞ്ഞ ചൂടില്‍ ഓഫീസിലെ എയര്‍ കണ്ടീഷനറുടെ ശീതളിമ തരുന്ന ഒരു സുഖം നഷ്ടപ്പെടും എന്നതിനേക്കാള്‍ ഈ ഒരു പകുതി ദിവസം കൊണ്ട് ഒന്നും ചെയ്യാനില്ല എന്നതായിരുന്നു.


എന്തോ പെട്ടെന്ന് ശ്രദ്ധ ഒരു കുട്ട നിറയെ ശ്രീകൃഷ്ണ വിഗ്രഹമുവായി ഇരിക്കുന്ന ഒരു പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞു. എന്ത് ഭംഗിയാണ് ശ്രീകൃഷ്ണ പ്രതിമകള്‍ കാണാന്‍... പീലിത്തിരുമുടിയും ഓടക്കുഴലും എല്ലാമായി.. അതിനടുത്തിരിക്കുന്ന അവളുടെ നിറവും കൃഷ്ണയുടെ തന്നെ. ശ്യാമവര്‍ണ്ണം. മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു...

"സാര്‍.. നല്ല പ്രതിമകളാണ് സാര്‍.. കണികണ്ടുണരാന്‍ പറ്റിയ വിഗ്രഹങ്ങള്‍ .." അവളുടെ മുഖത്ത് പ്രതീക്ഷയുടേ സ്ഫുലിംഗങ്ങള്‍.. കണ്ണുകളില്‍ യാചനാ ഭാവം.. അച്ഛന്റെ മരണം കാരണം ഈ വര്‍ഷം ആഘോഷങ്ങള്‍ക്കെല്ലാം അവധിയാണു്‌. ജീവിച്ചിരുന്നപ്പോള്‍ കാട്ടാത്ത ആദരവ് മരിച്ച് കഴിയുമ്പോളാണല്ലോ മനസ്സില്‍ മുളപൊട്ടുന്നത്.. ആഘോഷങ്ങള്‍ക്ക് അവധിയായതിനാല്‍ തന്നെ ഇന്ന് പ്രത്യേകിച്ച് ഒരു പര്‍ച്ചേസ് ആവശ്യമില്ല.. അല്ലെങ്കില്‍ വിഷുവും ഓണവുമെല്ലാം മാസവരുമാനക്കാരനായ എന്റെ കീശ കാലിയാക്കാന്‍ വേണ്ടി മാത്രം ഉള്ളതായേ തോന്നിയിട്ടുള്ളൂ..

ആ കുട്ടിയുടെ മുഖത്തെ പ്രതീക്ഷ കണ്ട് സങ്കടം തോന്നി.

"എത്രയാ വില.." ആവശ്യമില്ലെങ്കിലും വെറുതെ ചോദിച്ചു.

"സാര്‍, ഈ വലിയ പ്രതിമക്ക് ഇരുന്നൂറ് രൂപയേ ഉള്ളൂ സാര്‍.. ഒരെണ്ണം എടുക്കട്ടെ.." കൂട്ടത്തില്‍ ഏറ്റവും വലിപ്പമുള്ള ഒരെണ്ണം ചൂണ്ടി കാട്ടി തിളങ്ങുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.

ഇരുന്നൂറ് രൂപ.. ദൈവത്തിന്‌ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നു..!! അത് തീരുമാനിച്ചത് ഒരു ചെറിയ പെണ്‍കുട്ടി.. ആകാംഷയോടെ എന്റെ പ്രതികരണം ശ്രദ്ധിച്ച് ഇരിക്കുകയാണവള്‍. "സാര്‍, വില കൂടുതലാണെന്ന് തോന്നുന്നെങ്കില്‍.."

"അതുകൊണ്ടല്ല കുട്ടി.. എനിക്ക് വിഗ്രഹം വേണ്ട.." സത്യത്തില്‍ ചിരി വന്നു. ദൈവത്തിന്റെ വില കൂടുതലാണേല്‍ കുറക്കാമെന്ന്.. അപ്പോള്‍ കുറച്ച് സമയത്തേക്കേങ്കിലും നമുക്ക് ദൈവത്തിന്റെ വില തീരുമാനിക്കാം. ദൈവത്തിന്റെ വില നിശ്ചയിക്കാന്‍ കെല്‍ പ്പുള്ളവന്‍!!! ഓര്‍ത്തപ്പോള്‍ മനസ്സാകെ ഒന്ന് കുളിര്‍ത്തു. പക്ഷെ, അവളുടെ മുഖം മ്ലാനമായി.

നിരാശ പുറത്ത് കാണിക്കാതെ അവള്‍ വീണ്ടും ആ പ്രതിമകളുടെ ഗുണനിലവാരത്തെക്കുറിച്ചും അതിന്റെ നിര്‍മ്മാണപ്രക്രിയയെ കുറിച്ചും ഒരു തികഞ്ഞ ബിസിനസ്സുകാരിയെ പോലെ സംസാരിച്ചു കൊണ്ടിരുന്നു.

"ഇതൊക്കെ ആരാ ഉണ്ടാക്കുന്നേ?"

"ഞാന്‍ തന്നെയാ സാര്‍.. അച്ഛന്‍ പഠിപ്പിച്ചതാ.. ചെറുപ്പത്തില്‍.."

നിന്റെ അച്ഛന്‍ ? " സംശയിച്ചാണ്‌ ചോദിച്ചത്.

"അച്ഛന്‍ ഇപ്പോള്‍ കിടപ്പിലാ സാര്‍.. മണ്ണിന്റെ അലര്‍ജിയാന്നാ ഡോക്കിട്ടറേമാന്‍ പറഞ്ഞേ.."- ശരിക്ക് കഷ്ടം തോന്നി.

"സാര്‍, ഒരു പ്രതിമ വാങ്ങൂ സാര്‍.." അവള്‍ ദയനീയമായി എന്നെ നോക്കി.

കുട്ടീ എന്റെ വീട്ടില്‍ കൃഷ്ണവിഗ്രഹം ഉണ്ട്. ഇത്ര വലിപ്പമില്ല എന്നേ ഉള്ളൂ. അവളുടെ മുഖം നിരാശയിലാഴുന്നത് ഞാന്‍ കണ്ടു. നാളെ വിഷുവായിട്ട് എന്ത് ചെയ്യും എന്ന ഭാവമാണ്‌ ആ മുഖത്ത്. സ്ഥിരം ഈ കള്ള കണ്ണനെ കണികണ്ടിട്ടും തന്റെ ദിവസങ്ങള്‍ക്ക് ഒരു മാറ്റവുമില്ലല്ലോ എന്നോര്‍ത്ത് വിഷണ്ണയായി അവള്‍ നിന്നു.

അവള്‍ക്ക് വേണ്ടി ഒരു കൊച്ച് കൃഷ്ണവിഗ്രഹം ഞാന്‍ വാങ്ങി.

നഗരത്തിലെ തിരക്കിലൂടെ നടത്തം അവസാനിപ്പിച്ച് വൈകുന്നേരം തിരികെ വീട്ടിലേക്ക് ഒരു കടലാസ് പൊതിയില്‍ ആ കൊച്ച് വിഗ്രഹമുവായി തിരിച്ച ഞാന്‍ ബസ്സ് അവളെ കണ്ടുമുട്ടിയ സ്ഥലമെത്തിയപ്പോള്‍ വെറുതെ പുറത്തേക്ക് നോക്കി. അവിടെ വലിയൊരു ആള്‍ക്കൂട്ടം.. എന്തോ അരുതാത്തത് സംഭവിച്ചെന്നൊരു തോന്നല്‍. ഓടിതുടങ്ങിയ ബസ്സില്‍ നിന്നും ഒരു വിധം ഞാന്‍ ചാടിയിറങ്ങി. എന്റെ മനസ്സ് പിടക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച.

പൊട്ടിയ കൃഷ്ണവിഗ്രഹങ്ങള്‍ അവിടവിടെയായി ചിതറി കിടക്കുന്നു. പലതിലും ചോര പുരണ്ടിട്ടുണ്ട്. മുത്തുകള്‍ പോലെ ചിതറിതെറിച്ച തലച്ചോറിന്റെ അരികള്‍.. അത്.. ആ കുട്ടിയുടേതാണോ? അതോ, വിഗ്രഹങ്ങളുടെ തന്നെയോ? ഏതോ സമനിലതെറ്റിയ വണ്ടി ഇടിച്ച് തെറിപ്പിച്ചത് ഒരു കൊച്ച് കുടുംബത്തിന്റെ ജീവിതമായിരുന്നു. പൊലിഞ്ഞത് ഒരു അച്ഛന്റെ താങ്ങായിരുന്നു..

എന്റെ കൈയിലെ കടലാസിന്‌ ഒരു നനവ് പോലെ.. ചോരയാണോ? അതോ കണ്ണീരോ? എന്റെ കൈയില്‍ നിന്നും കൊച്ച് കൃഷ്ണന്‍ താഴെ അവന്റെ അമ്മയുടെ അരികിലേക്ക് അലമുറയിട്ട് കൊണ്ട് ഊര്‍ന്നിറങ്ങി.

ചിത്രത്തിന് ബ്ലോഗർ ശ്രീ മനോജ് തലയമ്പലത്തോട് കടപ്പാട്

വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2010

ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍


ഇടപ്പള്ളി ബ്ലോഗ് മീറ്റ് : ലോഗോ


മീറ്റ് നടത്തിയ വേദി

എന്നെ പറ്റിച്ച് കടക്കാമെന്ന വിചാരം വേണ്ട മക്കളേ.. :യൂസഫ്‌പാ

ഇതൊക്കെ നടക്കോ ആവോ?


എന്തോ .. അരമണിക്കൂര്‍ മുന്‍പ് പുറപ്പെട്ടെന്നോ.. പറ്റുമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പ് പുറപ്പെട്. നമുക്ക് തുടങ്ങണ്ടേ?
നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട അന്ന് തുടങ്ങിയ ഇരിപ്പാ.. ഇതിപ്പോള്‍ ഇന്ത്യാവിഷന്റെ അടുത്ത് തന്നെയാണല്ലോ മീറ്റ് നടക്കുന്ന വേദി.. ഒത്തുകിട്ടിയാലോ?


ഇടപ്പള്ളിയിലേക്ക് സ്വാഗതം...

സുഖമല്ലേ : ജോയും കാപ്പിലാനും

കൊട്ടോട്ടിക്കാരന്‍ സാക്ഷി...

ഹൊ റേഷനരി കഴിക്കുന്നവര്‍ക്ക് പറഞ്ഞതല്ല ഈ മൈക്കൊക്കെ - അപ്പൂട്ടന്‍


സാദിഖ് : ഈ ഇച്ഛാശക്തിക്ക് മുന്‍പില്‍ പ്രണാമം!!
അപ്പുകുട്ടാ തൊപ്പിക്കാരാ ... : മീറ്റ് കൂടാന്‍ വേണ്ടി മാത്രം തൊപ്പി വച്ച് ഖത്തറില്‍ നിന്നും ഒരു മണിമാരന്‍..
ഭ്രമമാണ് പ്രണയം ..വെറും ഭ്രമം.. വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌന്ധം.
സദസ്സ്.. : ഈ ചാണ്ടിയുടെ ഗ്ലാമറിനിടയില്‍ എന്നെ ആരു നോക്കാന്‍.. ചിതല്‍ മറഞ്ഞിരിക്കുന്നു.കാട്ടാക്കടയുടെ നാടന്‍ പാട്ടിനൊപ്പം ചുവട് വെക്കുന്നവര്‍ : തോന്ന്യാസി, മുരളിക, മുള്ളൂക്കാരന്‍, പ്രവീണ്‍


ഞാന്‍ ഒരു നാണം കുണുങ്ങിയാട്ടോ.. : കുമാരന്‍ ഒരു സംഭവം തന്നെ
കാട്ടാക്കടയുടേ കാരിക്കേച്ചര്‍ വരച്ച് സജീവേട്ടന്‍ പണി തുടങ്ങി.

ബ്ലോഗര്‍ റിച്ചു സജീവേട്ടന്‍ വരച്ച കാരിക്കേച്ചറുമായികണ്ടാല്‍ അറിയാം ആളൊരു ആര്‍തര്‍ കോനന്‍ ഡോയല്‍ തന്നെ
വൈദ്യന്മാരൊക്കെ ഇപ്പോള്‍ ക്യാമറയുമായാ നടപ്പ്.. കലികാലം!! - ജുനൈദിന്റെ ആത്മഗതം

പള്ളീലച്ചനും കുഞ്ഞാടുകളും : മത്താപ്പ് (ദിലീപ്), ഹഷിം, പ്രവീണ്‍, ചാണ്ടിക്കുഞ്ഞ്കവിയുടെ കൈപ്പട വാങ്ങിയ സ്വകാര്യ നിമിഷം.. ഇത് എനിക്ക്
സ്വന്തം..കവിയോടൊപ്പം.. ഞാന്‍

ഇത് പാടമല്ലെന്റെ ഹൃദയമാണ്.. കാട്ടാക്കടയും പാവപ്പെട്ടവനും സാദിഖ് മാഷോടൊപ്പം
ഊണേശ്വരം ഊണിനോളം വരില്ല. എന്നാലും ഒരു ഊണല്ലേ കളയണ്ട..
സ്വന്തം ഭാര്യയാണെങ്കിലും പഞ്ചാരയടിക്കുന്നതിനൊക്കെ ഒരു ലിമിറ്റ് വേണ്ടേ; ഏത് നട്ടപ്പിരാന്തനും ചോദിച്ച് പോകും : സന്ദീപ് സലിമും ഭാര്യയും


ഹോ എന്തൊരു ശുഷ്കാന്തി... ഒരു പോസ്റ്റിട്ടിട്ട് നാളുകളായി ...


ബസ്സിലെ പുലികള്‍ ഇരയെടുക്കുന്നു : ശങ്കര്‍, സുമേഷ് മേനോന്‍, മത്തായി II

വാക്ക.. വാക്ക.. ബ്ലോഗര്‍ അപ്പു - മീറ്റിലെ സൂപ്പര്‍ സ്റ്റാര്‍

താടി പര്‍വ്വം , അല്ല നന്ദപര്‍വ്വം..


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവന്‍ ഈ മീറ്റിന്റെ ജീവനാഡി : പ്രിയ ചങ്ങാതി പ്രവീണ്‍ വട്ടപ്പറമ്പത്ത്


ഗ്രൂപ്പ് ഫോട്ടോ : ഹരീഷ്, പ്രവീണ്‍, ജോ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇതില്‍..
അതുകൊണ്ട് തന്നെ പൂര്‍ണ്ണമാവാത്ത ഗ്രൂപ്പ് ഫോട്ടോ....


മീറ്റിനെ കുറിച്ചുള്ള എന്റെ ആദ്യ പോസ്റ്റിലേക്ക്..

ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ ഒരു പാമ്പിന്റെ ഓര്‍മ്മക്കുറിപ്പ്

ബ്ലോഗില്‍ സജീവമായതിന്‌ ശേഷം എനിക്കുണ്ടായിരുന്ന ഒരു വലിയ മോഹമായിരുന്നു ഒരിക്കലെങ്കിലും ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുക എന്നത്. അത് കൊണ്ട് തന്നെ ആഗസ്റ്റ് 8 എന്ന ദിവസത്തിനായുള്ള ഒരു വല്ലാത്ത പിരിമുറുക്കവും കാത്തിരിപ്പുമായിരുന്നു കുറച്ച് നാളുകളായിട്ട്. ഒരിക്കല്‍ ബ്ലോഗിലെ ചില നല്ല സുഹൃത്തുക്കളെ കാണാനിടയായിട്ടുണ്ടെങ്കിലും ഒരു മീറ്റില്‍ പങ്കെടുത്ത് ഈറ്റണം എന്നത് മനസ്സിലെ ഒരു വലിയ ആഗ്രഹം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ബ്ലോഗ് മീറ്റ് എന്ന ആശയവുമായി പാവപ്പെട്ടവന്‍ പോസ്റ്റ് ഇട്ടപ്പോള്‍ വളരെ സന്തോഷം തോന്നുകയും ചെയ്തിരുന്നു. പിന്നീടെപ്പോഴോ ഒരിക്കലും പോലും നേരില്‍ കണ്ടിട്ടില്ലാത്ത എന്റെ നല്ല സുഹൃത്ത് ഹരീഷ് തൊടുപുഴ പലപ്പോഴും ആവശ്യപ്പെട്ടതനുസരിച്ച് എന്റെ ബ്ലോഗിലും മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇട്ട് ഇട്ട് അങ്ങിനെ മീറ്റ് കൂടാന്‍ ഇരുന്ന ഞാനും മീറ്റിന്റെ സംഘാടകരില്‍ ഒരാളായി മാറി. സന്തോഷം മാത്രമായിരുന്നു മനസ്സില്‍ മുഴുവന്‍. ഒട്ടേറെ ഫോണ്‍കോളുകളിലൂടെ കഴിഞ്ഞ കുറേ മാസങ്ങളായി തൊടുപുഴയും ചെറായിയും ഒരു പാലത്തിന്റെ അക്കരെയും ഇക്കരെയും ആണെന്ന തോന്നല്‍ വരെ എനിക്കുണ്ടായിട്ടുണ്ട്. അപ്പോള്‍ പറഞ്ഞ് വന്നത് നമ്മുടെ ഇടപ്പള്ളി ബ്ലോഗ് മീറ്റിനെ കുറിച്ച്.

കുറേ ദിവസങ്ങളായി മീറ്റിനെ കുറിച്ചൂള്ള ഫോണ്‍ വിളികളുമായി തൊടുപുഴയില്‍ നിന്നും ഹരീഷും തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടെവിടെയോ ഉള്ള , എര്‍ണാകുളത്ത് ജോലിയുടെ ആവശ്യത്തിനായി മാത്രം കുടിയേറിയ പ്രവീണും മെയിലൂടെ പരിചയമുള്ള ഗുരുവായൂര്‍ക്കാരന്‍ യൂസഫ്പയും മണലാര്യണ്യത്തില്‍ എവിടെയോ നിന്ന് പാവപ്പെട്ടവനും ചേര്‍ന്നുള്ള ചര്‍ച്ചകളും ഗ്രൂപ്പ് മെയിലുകളും ഒരു പരിധിവരെ തലക്ക് വട്ട് പിടിപ്പിച്ചിരുന്നു. തലക്ക് വട്ട് പിടിച്ചാല്‍ പിന്നെ എനിക്ക് ഒരു ദു:ശ്ശീലമുണ്ട്. വീട്ടുകാരോട് വരെ നേരെചൊവ്വെ ഒന്നും മിണ്ടില്ല. അപ്പോള്‍ കുറച്ച് ദിവസങ്ങളായി ജോഹര്‍ ഉണ്ടാവും കൊട്ടോട്ടി വേണം എന്നൊക്കെയുള്ള എന്റെ ഫോണിലൂടെയുള്ള മറുപടികള്‍ കേട്ട് ബൂലോക പാമ്പായ ഞാന്‍ അടിച്ച് കോണ്‍ തിരിഞ്ഞ് കെടക്കും എന്ന ഉള്‍‌വിളി നേരത്തെ കിട്ടിയത് കൊണ്ടാണോ എന്നറിയില്ല ഭാര്യ കൊച്ചിനേയും തോളിലെടുത്ത് മീറ്റിന്റെ തലേദിവസം തന്നെ അവളുടെ വീട്ടിലേക്ക് പോയി. അത് എനിക്ക് വല്ലാത്ത പാരയായി. പിന്നെ തലേദിവസം എന്റെ വീട്ടിലെ കമ്പ്യൂട്ടറിന്റെ മുന്‍പിലിരുന്ന് ലോകത്തുള്ള മുഴുവന്‍ മലയാളം ബ്ലോഗര്‍മാരുടെയും പേരു പറഞ്ഞ് ഞാനും തൊടുപുഴയിലും തൃപ്പൂണിത്തറയിലും ഇരുന്ന് അവര്‍ക്കറിയാവുന്ന ബ്ലോഗര്‍മാരുടെ പേരും ക്ഷത്രവും പറയുന്ന ഹരീഷും പ്രവീണും എല്ലാം ചിയേര്‍സ് പറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം കുറച്ചായി. ഞാന്‍ നിറുത്തിയതിന്‌ ശേഷവും കള്ളന്മാര്‍ എന്നെ കൂട്ടാതെ പിന്നെയും കുറേ നേരം കൂടെ ആരോടൊക്കെയോ ചിയേര്‍സ് പറഞ്ഞ് കലങ്ങിയ കണ്ണൂകളോടെ വെളുപ്പിനോ മറ്റോ ആണ്‌ കിടന്നതെന്ന് തോന്നുന്നു. ഏതായാലും ജോഹര്‍ രാവിലെ എത്തുമെന്നും കൊട്ടോട്ടിയും പറഞ്ഞപോലെ ഉണ്ടാവുമെന്നും ഉറപിച്ച് മത്താപ്പ് എന്ന ബ്ലോഗര്‍ക്ക് മീറ്റ് സ്ഥലത്തേക്ക് വരുവാനുള്ള വഴിയും ഒപ്പം എന്റെ മൊബൈല്‍ നമ്പറും കൊടുത്ത് ഒന്ന് ചെറുതായി മയങ്ങിയേക്കാം എന്ന വിചാരത്തോടെയാണ്‌ കട്ടിലില്‍ ചെന്ന് കിടന്നത്. ഭാര്യയും മകനും വീട്ടില്‍ പോയതിനാല്‍ അലാറം വെച്ച് ഉണരേണ്ട ഒരു ചുമതല കൂടെ ഉണ്ടായിരുന്നു. അടിച്ച ബ്രാണ്ട് ഏതാണെന്ന് പിടിയില്ലാത്തതിനാല്‍ അലാറമായി വെച്ച സമയം പോലും എനിക്കോര്‍മ്മയില്ല
കേട്ടോ.. എത്ര വലിയ കുടിയനാണെങ്കിലും കുടിച്ച സാധനം വയറ്റില്‍ ഭൂം ഭൂം അടിച്ചാല്‍ പിന്നെ ഉറക്കം കിട്ടില്ല. അതുകൊണ്ട് തന്നെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം പോയതൊട്ട് അറിഞ്ഞുമില്ല.

രാവിലെ അലാറത്തിന്‌ പകരം കൂതറ ഹാഷിമിന്റെ ഫോണ്‍ കാള്‍ ആണ്‌ എന്നെ ഉണര്‍ത്തിയത്. കൂടെവരാമെന്ന് പറഞ്ഞ കൊട്ടോട്ടിക്കാരന്‍ ട്രെയിന്‍ ഇല്ലാത്തത് കൊണ്ട് ബസ്സില്‍ കയറി പോന്നെന്നും ഇനി കാലിനു പാടില്ലാത്ത ഞാന്‍ എങ്ങിനെ അവിടെയെത്തും എന്നുമുള്ള ഹഷീമിന്റെ ചോദ്യം കേട്ടപ്പോള്‍ നിങ്ങള്‍ക്കറിയാലോ സെന്റിയില്‍ വീഴാത്ത കുടിയന്മാരില്ലെന്ന്. പ്രത്യേകിച്ച് വയ്യാത്ത കാലുമായി ചെറുതുരുത്തിയിലെ പഞ്ചകര്‍മ്മ ചികത്സ കേന്ദ്രത്തില്‍ നിന്നും പ്രത്യേക പെര്‍മിഷനൊക്കെ എടുത്ത് ആവേശത്തോടെ മീറ്റാന്‍ കാത്തിരിക്കുന്ന ഒരു നല്ല ബ്ലോഗരുടെ വേദന കണ്ടില്ലെങ്കില്‍ പിന്നെ ഞാനൊക്കെ എന്തോന്ന് കുടിയന്‍!!! വേറെ ഏതെങ്കിലും ബ്ലോഗര്‍മാര്‍ ഷൊര്‍ണ്ണൂര്‍ ടച്ച് ചെയ്ത് വരുന്നുണ്ടോ എന്ന് ഹഷിം ചോദിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് പാലക്കാട്ടുകാരന്‍ സുമേഷ് മേനോനെയാണ്‌. കുടിച്ച് വീര്‍ത്ത കണ്ണൂകള്‍ കൊണ്ട് എന്റെ മൊബൈലില്‍ തപ്പി സുമേഷ് മേനോന്റെ നമ്പര്‍ ഹഷിമിന്‌ കൈമാറി കഴിഞ്ഞിട്ടും എന്നിലെ കുടിയന്റെ സ്നേഹം തീര്‍ന്നില്ല. തലേ ദിവസം വന്ന മിസ്സ്കാളുകളുടെ കൂട്ടത്തില്‍ നിന്നും മത്താപ്പ് എന്ന ദിലീപിന്റെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് അതുകൂടെ ഹഷിമിനെ വിളിച്ച് പറഞ്ഞു കൊടുത്ത് കഴിഞ്ഞിട്ടാണ്‌ പല്ലുതേപ്പ്, കുളി, മുതലായ അനാവശ്യകാര്യങ്ങളിലേക്ക് കടന്നത്. അതെല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍. നോക്കിയപ്പോള്‍ കായംകുളത്ത് നിന്നും സാദിഖ് ആണ്‌. മീറ്റ് നടക്കുന്ന ഹാള്‍ ഹോട്ടലിലെ താഴെയാണൊ മുകളിലാണോ എന്നതാണ്‌ പുള്ളിക്കാരന്റെ സംശയം. മുകളിലാണെങ്കില്‍ വീല്‍ചെയറുമായി കക്ഷിക്ക് കയറാന്‍ പറ്റില്ലത്രെ!! ഹൊ.. എന്നിലെ കുടിയന്‍ വീണ്ടും ഉണര്‍ന്നു. തൊടുപുഴയില്‍ കുറവായേക്കാവുന്ന വെള്ളത്തിന്റെ അളവിന്‌ പരിഹാരമായാണ്‌ സ്ഥിരമായി കടന്ന് പോകുന്ന വഴിയിലുള്ള ഹോട്ടലില്‍ തന്നെ കൂടുതല്‍ വെള്ളം കിട്ടുമെന്ന പ്രതീക്ഷയോടെ മീറ്റ് സംഘടിപ്പിച്ചത്. പക്ഷെ, മാഷിനൊക്കെ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തോന്ന് മീറ്റ് എന്നതായിരുന്നു മനസ്സില്‍. അല്പം വിഷമത്തോടെയാണ്‌ ബോധമില്ലാത്ത ഞാന്‍ എന്നേക്കാള്‍ വലിയ കുടിയനും ആഭാസനും സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുമായ പ്രവീണിനെ ഒന്ന് കോണ്ടാക്റ്റ് ചെയ്യാന്‍ സാദിഖ് മാഷിനോട് ആവശ്യപ്പെട്ടത്. അതിനിടയില്‍ അമ്മ തിളപ്പിച്ചാറ്റിയ ഒരു ഗ്ലാസ് കട്ടന്‍ സ്മാള്‍ തന്നു. അതും കുടിച്ച് കുറച്ച് അനാവശ്യമായ വസ്തുക്കളും എടുത്ത് ബാഗില്‍ തിരുകി കിട്ടിയ ബസ്സില്‍ ചാടികയറി മീറ്റ് നടക്കുന്ന ഇടപ്പള്ളിയിലേക്ക് വെച്ചു പിടിച്ചു. പോകുന്ന വഴിക്കെല്ലാം ഒരു രണ്ട് മൂന്ന് വട്ടം സഹ കുടിയന്മാരായ ഹരീഷ് തൊടുപുഴയേയും പ്രവീണ്‍ വട്ടപ്പറമ്പത്തിനേയും വിളിച്ച് വെള്ളമടിക്ക് കൊണ്ട് വരേണ്ട ടച്ചിങ്ങുകളെ പറ്റി ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. അതിനിടയില്‍ ഹഷിമിന്റെ വിളി വീണ്ടും വന്നു. മത്താപ്പിനെയും കൂട്ടി കാറിലാണ്‌ വരുന്നതെന്നും ഗൂഗിള്‍ മാപ്പില്‍ നോക്കി വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും. , ഒരു കുടിയന്റെ മുന്നില്‍ മാഗല്ലന്റെ ലോകം ഉരുണ്ടതാണെന്ന പരമമായ സത്യം നിലനില്‍ക്കുന്നത് കൊണ്ട് വായില്‍ തോന്നിയ വഴികള്‍ പറഞ്ഞ് കൊടുത്തു. നാക്ക് കുഴയുന്നണ്ടായിരുന്നത് കൊണ്ട് ഹഷിമിന്‌ അതൊന്നും മനസ്സിലായി കാണില്ല. ഹഷീമേ മാപ്പ്!!

അങ്ങിനെ രാവിലെ 7.30 ഓടെ ഇടപ്പള്ളിയിലെ ഹൈവേ ഗാര്‍ഡന്‍ എന്ന ഹോട്ടലിലെ പന്തല്‍ എന്ന വേദിയില്‍ പൊടുന്നനെ പെയ്ത മഴയില്‍ നനഞ്ഞ് ഞാന്‍ എത്തുമ്പോള്‍ അവിടെയാകെയുണ്ടായിരുന്നത് ഹോട്ടല്‍ ജീവനക്കാര്‍ മാത്രമായിരുന്നു. പ്രവീണിനെ ഫോണില്‍ വിളിച്ചപ്പോള്‍ രാവിലെ തുടങ്ങിയ മഴക്കിടയില്‍ നനയണ്ട എന്ന് കരുതി ഇന്നലെ രാത്രിയില്‍ എത്തി പ്രവീണിന്റെ റൂമില്‍ അന്തിയുറങ്ങിയ
ജുനൈദുമായി തൃപ്പൂണിത്തുറയിലെ ഏതോ ഒരു വെയിറ്റിങ് ഷെഡില്‍ കയറി നില്‍ക്കുകയാണെന്നും എന്നോട് അവിടെ മീറ്റ് ഹാളില്‍ വേണ്ട കുറച്ച് സം‌വിധാനങ്ങള്‍ ഹോട്ടലുകാരുമായി ചര്‍ച്ച ചെയ്യാനും പറഞ്ഞു. അപ്പോഴേക്കും മുരുകന്‍ കാട്ടാക്കടയോടൊപ്പം അവിടെ തലേന്ന് തന്നെ സ്റ്റേ ചെയ്യുകയായിരുന്ന പാവപ്പെട്ടവന്‍ അവിടേക്ക് വന്നു. ആദ്യമായി ഞാനും പാവപ്പെട്ടവനും തമ്മില്‍ കണ്ടുമുട്ടുകയായിരുന്നു. പരിചയപ്പെട്ടതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഇരുവരും കുറച്ച് സമയം അവിടെ വര്‍ത്തമാനങ്ങളുമായി ഇരുന്നപ്പോഴേക്കും ജുനൈദിനെ പുറകില്‍ ഇരുത്തി പ്രവീണ്‍ വട്ടപ്പറമ്പത്ത് അവിടെയെത്തി. എഴുത്തുകളിലൂടെ പരിചയമുള്ള ജുനൈദിനെ ആദ്യമായി കണ്ടതിന്റെ സന്തോഷമായിരുന്നു എന്റെ മനസ്സില്‍. പക്ഷെ, ഇത് വരെ കാണാത്തവര്‍ എന്നോ നേരില്‍ സംസാരിക്കാത്തവര്‍ എന്നോ യാതൊരു ഫീലിങ്ങും തരാത്ത വിധം എനിക്ക് കൈ തന്ന് സുഖമല്ലേടാ എന്ന് ചോദിച്ച ജുനൈദ് എനിക്ക് ശരിക്കും ഒരത്ഭുതം ആയിരുന്നു. അല്പം കൊച്ചു വര്‍ത്തമാനങ്ങളുമായി ഞങ്ങള്‍ നിന്നപ്പോളേക്കും നേരത്തേ ഓര്‍ഡര്‍ ചെയ്തസാധനവുമായിനമ്മുടെ ബൂലോകത്തിലെ ജോഹര്‍ എന്ന ജോ എത്തി. ജോ കൊണ്ട് വന്ന ഫ്ലെക്സ് എന്ന സാധനം എങ്ങിനെ ഫിറ്റ് ചെയ്യുമെന്ന ചിന്തയിലായിരുന്നു പിന്നീട് ഞാനും പ്രവീണൂം ജുനൈദും പാവപ്പെട്ടവനും. അപ്പോളേക്കും മുള്ളൂക്കാരന്‍ എന്ന ബൂലോക പാമ്പ് ഇടപ്പള്ളിയില്‍ ലാന്റ് ചെയ്തു എന്നറിഞ്ഞ ജോ വളരെ വിഷമത്തോടെ സാധനം ഞങ്ങളെ ഏല്പ്പിച്ച് മുള്ളൂക്കാരനെ പിക് ചെയ്യാന്‍ പോയി. ഫ്ലെക്സ് ഒക്കെ കെട്ടികഴിഞ്ഞപ്പോളേക്കും യൂസഫ്പാ എത്തി. രെജിസ്ട്രേഷന്‍ എന്ന പരിപാടിക്കായി ഒരു കസേരയും മേശയും പിടിച്ചിട്ട് അവിടെ ഇരുന്നു. ആദ്യ രജിസ്ട്രേഷന്‍ പാവപ്പെട്ടവന്റെ വകയായിരുന്നു. തുടര്‍ന്ന് ജുനൈദ് രജിസ്ട്രര്‍ ചെയ്തു. അപ്പോളേക്കും ഒരോ ബ്ലോഗര്‍മാരായി എത്തിതുടങ്ങിയിരുന്നു.


മിറ്റ് നടക്കുന്ന ബാറിലേക്ക്.. അല്ല സോറി പന്തലിലേക്ക് മുള്ളൂക്കാരനും ജോയും വീണ്ടും വന്നപ്പോളേക്കും ബൂലോകരെ മുഴുവന്‍ നാണംകെടുത്തിയ ലൈവ് സ്ട്രീമിങിന്റെ ഒരുക്കങ്ങള്‍ പ്രവീണിന്റെ നേതൃത്വത്തില്‍ അവിടെ തുടങ്ങിയിരുന്നു. പ്രവീണിനോടൊപ്പം മുള്ളൂക്കാരന്‍ കൂടെ കൂടിയപ്പോള്‍ പിന്നെ നമുക്ക് അവിടെ വലിയ സ്ഥാനമില്ലാത്തതിനാല്‍ ഞാന്‍ പതുക്കെ ഒരു കപ്പ് ചായയുമായി (സത്യമായും ബ്രാണ്ടിയായിരുന്നു. പിന്നെ പോസ്റ്റില്‍ അതെങ്ങിനെ പറയും) അവിടെ മാറി നിന്നു. ഇതിനിടയില്‍ ചാണ്ടിക്കുഞ്ഞും ചിതലും ഫോണില്‍ വിളിച്ച് അവര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനെ പിക്ക് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞതും സന്ദീപ് സലിം ഭാര്യയുമായി വരുന്നവഴി വഴി ചോദിച്ചതും കായംകുളത്ത് നിന്നും തിരിച്ച സാദിഖ് മാഷും, വഴിയില്‍ പലയിടത്ത് നിന്നുമായി ഹഷിമിന്റെ കൂടെയുള്ള മത്താപ്പ് എന്ന ദിലീപും എന്നെ വിളിച്ചുവെന്നതും അവര്‍ക്കൊക്കെ വഴി പറഞ്ഞ് കൊടുത്തു എന്നതും ഒരു പക്ഷെ മദ്യത്തിന്റെ ലഹരിയില്‍ എനിക്ക് തോന്നുന്നതാവാം. ഇതിനിടയില്‍ എപ്പോഴാണോ എന്തോ ഇത് വരെ ഫോണിലൂടെ മാത്രം പരിചയമുണ്ടായിരുന്ന ഹരീഷും അവിടെ എത്തിച്ചേര്‍ന്നു. ദീര്‍ഘമായ ഒരാലിംഗനമായിരുന്നു ആദ്യകൂടികാഴ്ചയില്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് നാലു മാസങ്ങളായി സ്ഥിരമായി ഫോണിലൂടെ അറിയുന്ന സുഹൃദ് ബന്ധം ........

സമയം ഏതാണ്ട് 9.00 മണി. അപ്പോളേക്കും ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഷെരീഫ് കൊട്ടാരക്കര, ജാബിര്‍, അപ്പൂട്ടന്‍, പാലക്കുഴി, സന്ദീപ് സലിം അങ്ങിനെ ഓരോരുത്തരായി മിറ്റ് നടക്കുന്ന പന്തലിലേക്ക് വന്നു തുടങ്ങി. അപ്പോളേക്കും പ്രവീണും മുള്ളൂക്കാരനും ജോയും ചേര്‍ന്ന് ലൈവ് സ്ട്രീമിങ്ങിന്റെ പരിപാടികള്‍ പൂര്‍ത്തിയാക്കി മുന്‍‌കൂട്ടി അറിയിച്ചതിലും ഏതാണ്ട് പതിനഞ്ച് മിനുറ്റുകള്‍ക്ക് മുന്‍പ് തന്നെ സ്ട്രീമിങ്ങിന്റെ ടെലികാസ്റ്റ് തുടങ്ങിയിരുന്നു. സ്ട്രീമിങ്ങ് ആരംഭിക്കുമ്പോള്‍ ഹാളില്‍ പ്രവീണ്‍, മുള്ളൂക്കാരന്‍, പാവപ്പെട്ടവന്‍, ഹരീഷ്, യൂസഫ്ഷാ, ജോ, ജുനൈദ്, ഷെറിഷ് കൊട്ടാരക്കര, അപ്പൂട്ടന്‍, ജാബിര്‍, സന്ദീപ് സലിമും ഭാര്യയും, ചാണ്ടിക്കുഞ്ഞ്, ചിതല്‍, ഡോ: ജയന്‍ ഏവൂര്‍, പാലക്കുഴി, സജിം തട്ടത്തുമല, കാര്‍ട്ടൂണിസ്റ്റ് സജിവേട്ടന്‍, മണികണ്ഠന്‍, വി.എസ്. ഗോപന്‍, തബാറബ് റഹിമാന്‍ .. അങ്ങിനെ കുറച്ച് ആളൂകള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ എത്തിയിരുന്നില്ല എന്നത് മദ്യത്തിന്റെ ലഹരിയില്‍ എനിക്ക് തോന്നുന്നതാണൊ എന്നറിയില്ല കേട്ടോ.. അതേ സമയത്ത് എന്നെ മൊബൈലില്‍ വിളിച്ച നട്ടപിരാന്തനോട് സ്ട്രീമിങ്ങിനെ കുറിച്ച് സംസാരിക്കുകയും അത് കാണാന്‍ കഴിയുന്നുണ്ടേന്ന് ഉറപ്പ് വരുത്തുകയും ചെയ്തു എന്നും നട്ടപിരാന്തന്‍ ആവശ്യപ്പെട്ട പ്രകാരം ഫോണ്‍ മുള്ളൂക്കാരനും ഹരീഷിനും കൈമാറി എന്നും തന്നെ പാവം കുടിയന്റെ വിശ്വാസം.

ബ്ലോഗര്‍മാര്‍ ഒറ്റക്കും കൂട്ടായും വന്നുകൊണ്ടിരുന്നു. നന്ദന്‍, കുമാരന്‍, തോന്ന്യാസി, മുരളിക, കൊട്ടോട്ടിക്കാരന്‍, ഇസ്മയില്‍ കുറുമ്പാടി, കാപ്പിലാന്, മത്തായി സെക്കന്റ്, കൃഷ്ണകുമാര്‍, സുമേഷ് മേനോന്‍, ശങ്കര്‍ ദാസ്, പുറക്കാടന്‍, റിച്ചാര്‍ഡ് ആദിത്യ (റിച്ചു), അശ്വിന്‍, ലെക്ഷ്മി, പ്രയാണ്‍, പൌര്‍ണ്ണമി, ഷിബു മാതു ഈശൊ, ..... 10 മണിക്ക് തുടങ്ങാമെന്ന് അറിയിച്ചിരുന്ന മീറ്റ് കൂടുതല്‍ ബ്ലോഗേര്‍സ് എത്തും എന്ന പ്രതീക്ഷയില്‍ 10.30 വരെ നീണ്ടു പോകുമ്പോള്‍ സത്യത്തില്‍ ആദ്യ മീറ്റില്‍ പങ്കെടുക്കുന്ന എനിക്കും തെല്ല് ആശങ്ക ഇല്ലാതില്ലായിരുന്നു. ഒടുവില്‍ മീറ്റ് തുടങ്ങാമെന്ന അറിയിപ്പുമായി
പാവപ്പെട്ടവന്‍ ആങ്കറുടെ റോളില്‍ അവതരിച്ചപ്പോള്‍ കാത്തിരുന്ന മീറ്റ് എന്ന സ്വപ്നം സഫലമായതിന്റെ സന്തോഷത്തില്‍ മാറി നിന്ന് രണ്ട് സ്മാള്‍ വിടുകയായിരുന്നു ഞങ്ങള്‍ സംഘാടകര്‍ എന്ന വാദം അവിടെ വന്നിരുന്നവര്‍ക്കും കണ്ടിരുന്നവര്‍ക്കും അറിയാമല്ലോ..

പിന്നീട് കവി മുരുകന്‍ കാട്ടാകടകൂടി വേദിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ബ്ലോഗെര്‍സ് സ്വയം പരിചയപ്പെടുത്തുക എന്ന ചടങ്ങ് തുടങ്ങി. പാവപ്പെട്ടവനില്‍ തുടങ്ങിയ പരിചയപ്പെടല്‍ ഓരോരുത്തരും അവരുടേതായ രീതിയില്‍ ഭംഗിയാക്കി. അതിന്‌ ശേഷം കഴിഞ്ഞ ദിവസം അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെ തന്നെയും വിട്ട് പിരിഞ്ഞ കുഞ്ഞ് ബ്ലോഗര്‍ ശലഭായനം രമ്യക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് അവിടെ കൂടിയ ബ്ലോഗര്‍മാരെല്ലാം ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിച്ചു. ഇതൊക്കെതന്നെയാണ് ഇത്തരം കൂട്ടായ്മകളുടെ നീക്കിയിരിപ്പ് എന്ന് വിശ്വസിക്കുന്നവനാണ്‌ ഞാന്‍.. രമ്യയുടെ പുസ്തകത്തിന്റെ പ്രസാധകരായകൂട്ടംകൂട്ടായ്മയിലെ സംഘാടകനും രമ്യയെ പലപ്പോഴായി അടുത്തറിഞ്ഞിട്ടുള്ള ആളുമായ ഡോക്ട്രര്‍ ജയന്‍ ഏവൂര്‍ രമ്യയെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോളും സദസ്സിലുണ്ടായിരുന്ന ബ്ലോഗര്‍മാരെല്ലാം ഒരു നിമിഷം നിശബ്ദരായി..

പിന്നീട് കവിയും ബ്ലോഗരുമായ മുരുകന്‍ കാട്ടാക്കട തന്റെ പ്രശസ്തമായ രേണുക എന്ന കവിത ചൊല്ലി. ഭ്രമമാണ്‌ പ്രണയം. വെറും ഭ്രമം.. വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌന്ധം എന്ന വരികള്‍ പറഞ്ഞ് വാക്കിന്റെ വിരുതിനാല്‍ അവിടെ കൂടിചേര്‍ന്ന ബ്ലോഗേര്‍സിലെ , ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ നന്മയും തിന്മയും പങ്കുവെച്ച ഒരു ചെറിയ പ്രസംഗത്തിന്‌ ശേഷമാണ്‌ കവിതകളിലേക്ക് കടന്നത്. പിന്നീട്, വരാമെന്ന് ഉറപ്പ് പറഞ്ഞ പലരും വരാതിരുന്നതിനാല്‍ മാത്രം ശുഷ്കമായി പോയ വേദിയിലെ ചെറിയ സദസ്സിനെ ഉത്തേജിപ്പിക്കാന്‍ ചെറിയ ചെറിയ കവിതകളിലൂടെ കവി ശ്രമിച്ചു എന്നതും വിസ്മരിക്കാനാവില്ല. കാപ്പിലാന്റെ വകയായി ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ കോപ്പികള്‍ വിതരണവും കുമാരന്റെ കുമാരസംഭവങ്ങളുടെ വിതരണവും നമ്മുടെ ബൂലോകത്തിന്റെ വകയായി കഴിഞ്ഞ ചെറായി മീറ്റിന്റെ വീഡിയോ ഡിവീഡി വിതരണവും നടന്നു. ഇതിനിടയില്‍ കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകവും വിതരണം നടത്തി എന്ന് കേട്ടു. അറിഞ്ഞില്ല. അല്ലെങ്കില്‍ പുസ്തകങ്ങളോട് അല്പം ആദരവുള്ളതിനാല്‍ അത് സംഘടിപ്പിച്ചേനേ..

അപ്പോഴേക്കും ഉച്ചയൂണിനുള്ള സമയം ആയിരുന്നു. മഴ ഒഴിഞ്ഞ് നിന്നതിനാല്‍ വൈകീട്ടേക്ക് പ്ലാന്‍ ചെയ്തിരുന്ന ഗ്രൂപ്പ് ഫോട്ടോ സെഷന്‍ ഉച്ചയൂണിന്‌ മുന്‍പ് നടത്തിയേക്കാം എന്ന അഭിപ്രായത്തോടും ഒരേ മനസ്സോടെയാണ്‌ അവിടെ കൂടിയിരുന്ന സുഹൃത്തുക്കള്‍ പ്രതികരിച്ചത്. അങ്ങിനെ ഗ്രൂപ്പ് ഫോട്ടോ തീര്‍ക്കുമ്പോള്‍ അവിടെ കൂടിയിരിക്കുന്ന ബ്ലോഗേര്‍സിന്റെ കാരിക്കേച്ചറുകള്‍ വരക്കാനുള്ള പേപ്പര്‍ എടുക്കാനായി കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്റെ വീട്ടിലേക്ക് പോയിരുന്ന പ്രവീണും, ജോയും, ഫോട്ടോയെടുക്കാനായി മാറി നിന്ന ഹരീഷും ഗ്രൂപ്പ് ഫോട്ടോയില്‍ ഇല്ല എന്ന വേദന മാത്രം ബാക്കി. അതും സാധനം വാങ്ങാന്‍ വേണ്ടി മുങ്ങിയതായി കണ്ട കൂതറ മനസ്സുകാളോട് എന്ത് പറയാന്‍? സജീവേട്ടന്റെ വീട്ടിലേക്ക് കൂടെ ലൈവ് സ്ട്രീമിങ്ങ് കൊടുക്കാതിരുന്നത് അലിയുടെ തെറ്റാത്തിടത്തോളം ഗ്രൂപ്പ് ഫോട്ടോയില്‍ പലരും മിസ്സായത് അപ്പുറമുള്ള ബാറിന്റെ സാന്നിദ്ധ്യമാണെന്ന കൊച്ചു തോമയുടെയും അലിയുടെയും വാദങ്ങളോട് ഞാന്‍ പ്രതികരിക്കുന്നില്ല.

പിന്നീട് ചോറും ചിക്കനും മീനും സാമ്പാറും കാളനും അവിയലും അച്ചാറും കാബേജും കൂട്ടിയുള്ള ഊണ്‌. പിറ്റേന്ന് കര്‍ക്കിടകവാവായതിനാലും കഴിഞ്ഞ വര്‍ഷം വിട്ടുപിരിഞ്ഞ അച്ഛന് ആദ്യമായി ബലിയിടേണ്ടതിനാലും മീറ്റില്‍ വിളമ്പിയ മാംസാഹാരങ്ങളുടെ രുചി എനിക്കറിയില്ല എന്ന് പറയാന്‍ എനിക്ക് മടിയൊന്നും ഇല്ല. ഇനി അച്ഛന്‌ ബലിയിടുന്നത് സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകള്‍ മാത്രമാണോ എന്നെനിക്കറിയില്ല. അങ്ങിനെയെങ്കില്‍ അച്ഛന്‌ വേണ്ടി അത് ഞാന്‍ അങ്ങോട്ട് സഹിച്ചു.

ഭക്ഷണശേഷം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ മദ്യപിച്ച് കലങ്ങിയ കണ്ണുകളോടെ അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ കൊച്ചു തോമയെ വരച്ചോ ആവൊ?സജീവേട്ടന്റെ കൈകള്‍ക്ക് വിശ്രമം അനുവദിക്കാത്ത രീതിയില്‍ അവിടെ വന്ന ബ്ലോഗര്‍മാര്‍ മുഴുവന്‍ കസേരയുടെ ചുറ്റുവട്ടത്തേക്ക് പോയപ്പോഴാവും തീര്‍ച്ചയായും മീറ്റില്‍ പങ്കെടുക്കും എന്ന് പറഞ്ഞ എറണാകുളംകാരന്‍ ഒരു ബ്ലോഗര്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തതും നമ്മുടെ ബൂലോകത്തിലെ മീറ്റിന്റെ ലൈവ് സ്റ്റ്രീമിങ്ങില്‍ മൈക്കിള്‍ ജാക്സനെ വെല്ലുന്ന രീതിയിലുള്ള ഫാനുകളുടെ താണ്ഡവം കണ്ട് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ എടുത്ത് മിറ്റ് നടക്കുന്ന വേദിയായ ഇടപ്പള്ളിയില്‍ നിന്നും രാജ്യങ്ങളുടെ അകലമുള്ള കാക്കനാട്ടെ വീട്ടില്‍ കിടന്ന് ഒന്ന് മയങ്ങിയേക്കാമെന്ന് കരുതിയതെന്ന് തോന്നുന്നു. തെറ്റുപറയാന്‍ കഴിയില്ല കൂട്ടരെ.. ആരായാലും ചെയ്ത് പോകും. ഇതിനിടയില്‍ ദൂരെയുള്ള പല ബ്ലൊഗേര്‍സും പതുക്കെ അവരുടെ വീടുകള്‍ എത്തിച്ചേരാനുള്ള തിരക്കില്‍ വിടപറയാന്‍ തുടങ്ങിയിരുന്നു.

ഒരിക്കല്‍ കൂടി വട്ടം ചേര്‍ന്നിരുന്ന ബ്ലോഗേര്‍സ് അവരുടെ കൊച്ച് കൊച്ച് കലാവാസനകള്‍ അവിടെ അവതരിപ്പിച്ചു. ശ്രീ പൊറോടത്തിന്റെ പ്രിയമുള്ളവളെ എന്ന ഗാനം.. നമ്മോടൊപ്പമുണ്ടായിരുന്ന മൂന്ന് ബ്ലോഗിണികളിലെ ഒരാളായ പ്രയാണ്‍ ചേച്ചിയുടെ ഭര്‍ത്താവ് പാടിയ പണ്ട് പാടിയ പാട്ടിലൊരീണം എന്ന ഗാനം... മണികണ്ഠന്റെ അനുകരണ ഗാനം.. അതിനേക്കാളൊക്കെ ഏറെ വാക്കാ വാക്ക എന്ന ഫുട്ബാള്‍ ലോകകപ്പിന്റെ തീം സോങ് അതിമനോഹരമായി അവതരിപ്പിച്ച കൊച്ചു ബ്ലോഗര്‍ അശ്വിന്റെ (അപ്പു) പ്രകടനം.. വീണ്ടും ബാഗ്ദാദ് എന്ന കവിതയുമായി മുരുകന്‍ കാട്ടാകട.. അങ്ങിനെ കുറച്ച് കലാപരിപാടികളുമായി അല്പ സമയം കൂടി .. പിന്നീട് ചായ കുടിച്ച് പരസ്പരം ഇനിയൊരു മീറ്റില്‍ കാണാമെന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന ലോകത്തിന്റെ വിവിധകോണിലിരുന്ന് വാക്കിലൂടെ.. എഴുത്തിലൂടെ തീക്ഷ്ണമായി സം‌വേദിക്കുന്നവര്‍.. ഇതൊക്കെയായിരുന്നു മീറ്റില്‍ എന്റെ അനുഭവങ്ങള്‍

മീറ്റിന്റെ സംഘാടനത്തില്‍ പറ്റിയ പാളിച്ചകളിലേക്ക്...

ഒരു ബ്ലോഗര്‍ക്ക് പോലും വിവരം കൊടുക്കാതെ മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇല്ലാതെ ഒരു സുപ്രഭാതത്തില്‍ മീറ്റ് നടത്തിയത്...

തൊടുപുഴയിലെ അന്തരീക്ഷത്തില്‍ ഒരു മീറ്റ് നടക്കില്ല എന്നറിഞ്ഞപ്പോള്‍ മീറ്റ് വേണ്ട എന്ന് തിരുമാനിക്കാതെ കൂടുതല്‍ വെള്ളം കിട്ടുന്ന ഇടപ്പള്ളിയിലേക്ക് അതിനെ പറിച്ച് നട്ടത്.

മണലാരണ്യത്തില്‍ ഇരുന്ന് ഒരു പാവപ്പെട്ടവനും, തൊടുപുഴയിലെ ഹരീഷും, ഗുരുവായൂരുള്ള യൂസഫ്പായും, അന്തിക്കാടുള്ള പ്രവീണും, ചെറായിയിലുള്ള മനോരാജും ലോകത്തുള്ള ബ്ലോഗര്‍മാരോട് മുഴുവന്‍ ഫോണിലും ചാറ്റിലും സംസാരിച്ചാല്‍ ഒരു മീറ്റ് നടത്തി മലമറിക്കാം എന്ന്‍ കരുതിയത്.

എന്റെ കൈവശമുണ്ടായിരുന്ന ഒരു 5 മെഗാ പിക്സില്‍ നൈറ്റ് വിഷന്‍ വെബ് കാമും പാലക്കാടെവിടെയോ കിടക്കുന്ന മുള്ളൂക്കാരന്റെ കൈയിലുള്ള ബി.എസ്.എന്‍.എല്‍. വയര്‍ലെസ് മോഡവും, തിരക്കുകള്‍ മാറ്റി വച്ച് നമ്മുടെ ബൂലോകത്തിലൂടെ മീറ്റിന്റെ വീഡിയോ ലൈവായി കാണിക്കാന്‍ ശ്രമിച്ച ജോഹറിന്റെയും സപ്പോര്‍ട്ട് കണ്ട് ബൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരിക്കുന്ന നമ്മുടെ ബ്ലോഗര്‍മാരെ ഷാജി കൈലാസ് സിനിമകാട്ടാമെന്ന് വാക്കുകൊടുത്ത് മൈക്കിള്‍ ജാക്സന്റെ സ്ലോമോഷന്‍ ഡാന്‍സ് പോലെ ഫാനുകള്‍ ആടുന്നത് മാത്രം കാട്ടികൊടുത്ത് പറ്റിച്ച പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ ചതി മനസ്സിലാക്കാതെ പോയത്.

വരാമെന്ന് ഉറപ്പ് പറഞ്ഞ 80 ഓളം ബ്ലോഗേര്‍സിനായി കഷ്ടപ്പെട്ട് നിരത്തിയ വെളള കസേരകള്‍ അവസാനം വരെ അവരെ പ്രതീക്ഷിച്ച് എടുത്ത് മാറ്റാതിരുന്നത്.ഇനി ഔപചാരികമായ ചില നന്ദി പ്രകാശനം കൂടി നടത്തി ഞാന്‍ ഇത് അവസാനിപ്പിക്കട്ടെ.

ഒട്ടേറെ തിരക്കുകള്‍ മാറ്റി വെച്ചും മിറ്റിന്റെ വിജയത്തിനായി ആദ്യാവസാനം അവിടെ സന്നിഹിതനായ നമ്മുടേ ബൂലോകത്തിന്റെ പ്രസാധകന്‍ ജോ.. തിരക്കുകള്‍ക്കിടയിലും പാമ്പുകളിയില്‍ പങ്കെടുക്കാനും അതിന്റെ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും കാട്ടിയ നല്ല മനസ്സിന്‌ നന്ദി.

എര്‍ണാകുളം പോലൊരു സ്ഥലത്ത് മിറ്റ് അറേഞ്ച് ചെയ്റ്റപ്പോള്‍ ദൂരെ നിന്നും വന്ന ബ്ലോഗര്‍മാര്‍ക്ക് താമസസൌകര്യം ഒരുക്കാന്‍ കഴിയാത്തതിന്റെ കുറവറിയിക്കാതെ അവരില്‍ പലരേയും സ്വയം തങ്കളുടെ ഫ്ലാറ്റുകളിലേക്ക് കൂട്ടികൊണ്ട് പോയി അവരെ കഷ്ടപ്പെടുത്താതിരുന്ന നന്ദപര്‍‌വ്വം നന്ദന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് , ചാണ്ടിക്കുഞ്ഞ്.. നിങ്ങള്‍ക്കും നന്ദി.

ലൈവ് സ്ട്രീമിങ് എന്ന പൊറോട്ട് നാടകത്തിനായി നെറ്റ് കണക്ടറും മറ്റുമായി രാവിലെ പാലക്കാടുനിന്നും വണ്ടി കയറിയ മുള്ളൂക്കാരനും, തിരുവനന്തപുരത്ത് നിന്നും വണ്ടി കയറിയ ജയന്‍ ഡോക്ടര്‍ക്കും.. നന്ദി..

അതിനേക്കാളറേ ചികത്സയില്‍ ഇരിക്കുമ്പോള്‍ പോലും അത് അവഗണിച്ച് മീറ്റില്‍ സംബന്ധിച്ച കൂതറ ഹാഷിം.. നിനക്കെന്റെ ഹാറ്റ്സ് ഓഫ്..

സ്വന്തം വൈകല്യത്തോട് പടപൊരുതി കായം കുളത്ത് നിന്നും ഇടപ്പള്ളിയിലേക്ക് സ്വയം കാറോടിച്ചെത്തിയ സാദിഖ് മാഷേ.. മാഷുടെ ഇച്ഛാശക്തിക്ക് മുന്‍പില്‍ തലകുനിക്കുന്നതല്ലാതെ നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല...

ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് അനോണികളായും സനോണികളായും ബ്ലോഗ് എഴുതുന്ന ഒട്ടേറെ ബ്ലോഗിണിമാര്‍ക്കായി.. അവരുടെ പ്രതിനിധികളായി മീറ്റില്‍പങ്കേടുത്ത ലെക്ഷ്മി, പ്രയാണ്‍, പൌര്‍ണ്ണമി എന്നീ പ്രിയപ്പെട്ട മൂന്ന് ബ്ലോഗിണിമാരെ നിങ്ങള്‍ക്ക് നന്ദി..

ആളൊഴിഞ്ഞ കസേരകളി കണ്ടിട്ടും ആവേശത്തോടെ ഫോണ്‍ ചെയ്ത് അവിടെയുണ്ടായിരുന്ന ഒട്ടേറെ പഴയതും പുതിയതുമായ ബന്ധങ്ങളെ പുതുക്കാന്‍ സുമനസ്സ് കാട്ടിയ പ്രിയപ്പെട്ട നട്ടപിരാന്തന്‍, ഹംസ, ഏറക്കാടന്‍, നാടകക്കാരന്‍, നിരക്ഷരന്‍, നൊമാദ്, മാണിക്യം.. നിങ്ങളോടുള്ള നന്ദിയും തീര്‍ത്താന്‍ തീരാത്തതാണ്‌.
--------------------------------------------------------------------------------------------
കുറച്ച് ഫോട്ടോസ് എടുത്തിരുന്നു. എന്തുകൊണ്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. പറ്റിയാല്‍ വൈകീട്ട് മറ്റൊരു പോസ്റ്റായി അതും പോസ്റ്റാം..

മീറ്റില്‍ പങ്കെടുത്തവര്‍ക്കും.. കാതങ്ങള്‍ക്കപ്പുറമിരുന്ന് മീറ്റിന്റെ വിജയത്തിനായി ഒട്ടേറെ സഹായങ്ങള്‍ ചെയ്തവര്‍ക്കും... മീറ്റിലെ തെറ്റുകുറ്റങ്ങള്‍ വ്യക്തമാക്കി തന്ന സുഹൃത്തുക്കള്‍ക്കും... എല്ലാം.. എല്ലാം.. നന്ദി..

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

ജീവനകല

രാവിലെ ഉണര്‍ന്നപ്പോള്‍ മുതലുള്ള പപ്പന്റെ ഉത്സാഹം കണ്ട് വസുമതി അത്ഭുതപ്പെട്ടു.ഉണര്‍ന്നപ്പോള്‍ മുതല്‍ എന്ന് പറയാന്‍ പറ്റുമോ എന്നതായിരുന്നു വസുമതിയുടെ സംശയം. കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന പപ്പന്‍ ഇന്നലെ ഒത്തിരി രാത്രി വരെ ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പപ്പേട്ടനെ ഒന്ന് ചൊടിയോടെ കണ്ടതില്‍ വസുമതിക്ക് സന്തോഷം തോന്നി.

കഴിഞ്ഞ കുറേ ദിവസങ്ങളായി പപ്പന്‍ ആകെ അസ്വസ്ഥനായിരുന്നു. മഴ തുടങ്ങിയതില്‍ പിന്നെ ഇത്രയും ദിവസമായിട്ടും പണിയൊന്നും ഇല്ലായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയോടൊപ്പമാണ്‌ കുറച്ച് നാളുകളായി പപ്പന്‍. സര്‍ക്കസിലെ ട്രിപ്പീസുകളിക്കാരായിരുന്നു പപ്പനും വസുമതിയും. ജീവിതം ഒരു ഞാണിന്മേല്‍ എന്ന പോലെ ഒരു വിധം ബാലന്‍സ് ചെയ്ത് തുടങ്ങിയപ്പോളായിരുന്നു ഇടിത്തീയായി സര്‍ക്കസ് കമ്പനി പിരിച്ചുവിട്ട് മാര്‍വാഡി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പോയത്. പഴയ പോലെ ആവറേജ് സര്‍ക്കസുകള്‍ക്കൊന്നും ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ഡിമാന്റ് ഇല്ലാത്ത അവസ്ഥയായതും, അനാഥജന്മങ്ങളെ തിറ്റിപ്പോറ്റുന്നതിലും ഭേദം മറ്റെന്തെങ്കിലും ബിസിനസ്സ് ആണെന്നതും മാര്‍വാഡിയെക്കൊണ്ട് അത്തരം ഒരു തീരുമാനമെടുപ്പിച്ചതാവാം.

വസുമതിയെപോലെ തിര്‍ത്തും അനാഥനല്ലായിരുന്നു പപ്പന്‍. അച്ഛന്റെ മരണശേഷം ബന്ധുബലം നഷ്ടപ്പെട്ട എട്ട് വയസ്സുകാരനും അമ്മയും... പല വീടുകളുടെയും അടുക്കളപ്പുറങ്ങളില്‍ പാത്രം തേച്ച് വെളുപ്പിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം ആയിരുന്നു അവരുടെ ജീവിത മാര്‍ഗ്ഗം. പാത്രങ്ങളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കറകള്‍ വെളുപ്പിക്കുന്നതിനേക്കാള്‍, പിന്നില്‍ വെളുക്കെ ചിരിച്ച് നില്‍ക്കുന്നവരില്‍ നിന്നും ശരീരത്തില്‍ കറപുരളാതിരിക്കാന്‍ ഒത്തിരി കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നിരുന്നു യുവതിയായആ അമ്മക്ക്. ഒടുവില്‍ പ്രതിരോധം തകര്‍ക്കപ്പെട്ടപ്പോള്‍.. തിരിച്ചാക്രമിക്കേണ്ടി വന്നു പാവം എട്ട് വയസ്സുകാരന്‌. അതിന്റെ പരിണിതഫലമായി ജുവനൈല്‍ ഹോമിലെ ഇരുണ്ട മുറിക്കുള്ളില്‍ വാര്‍ഡന്റെ മര്‍ദ്ദനങ്ങളില്‍ തുടങ്ങിയ ഞാണിന്മേല്‍ കളി വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കസിലും പിന്നീട് ജീവിതത്തിലും തുടരേണ്ടി വന്ന ഗതികേട്.. ഒറ്റപ്പെട്ടവന്റെ ദു:ഖം തിരിച്ചറിയാനുള്ള ആത്മാര്‍ത്ഥത മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ താഴെ വിരിച്ച വലകള്‍ക്ക് മുകളില്‍ കൈകോര്‍ത്ത് ആടിത്തീര്‍ത്ത ദിവസങ്ങളിലെപ്പോഴോ, പിടുത്തം വിടാതെ ജിവിതത്തിലേക്ക് ചേര്‍ത്ത് പിടിച്ച ആ നല്ല മനസ്സിനെ വസുമതിക്കും വല്ലാത്ത ഇഷ്ടമായിരുന്നു.

പപ്പന്‍ തിടുക്കപ്പെട്ട് യാത്രയായി. രാവിലെ തന്നെ ചെല്ലണമെന്നാണ്‌ മാനേജര്‍ പറഞ്ഞിരിക്കുന്നത്. എവിടേക്കാണെന്നോ എന്താണ്‌ പ്രോഗ്രാമെന്നോ ഒന്നും തിരക്കിയില്ല. തീപിടിപ്പിക്കാത്ത അടുക്കളയില്‍ വസുമതി ഇരിക്കുന്നത് കാണാന്‍ ഇനിയും പപ്പന്‌ കഴിയില്ല. ബസ്സില്‍ ഇരിക്കുമ്പോളും ഇന്നത്തെ പ്രോഗ്രാമില്‍ ആടേണ്ട വേഷം എന്താവും എന്നായിരുന്നു പപ്പന്റെ മനസ്സില്‍. കഴിഞ്ഞ മാസം സായിപ്പന്മാര്‍ക്കായി നടത്തിയ ഒരു പരിപാടിയില്‍ ശരീരത്തിനടിയില്‍ നിരത്തിയ ട്യൂബുകള്‍ നെഞ്ചിലമര്‍ത്തിയ കല്ലിന്റെ ഭാരത്തില്‍ പൊട്ടിക്കുക എന്നതായിരുന്നു ആടിതീര്‍ക്കേണ്ട വേഷം. സര്‍ക്കസില്‍ ഉണ്ടായിരുന്നതിന്റെ മറ്റൊരു ചൂഷണം. പക്ഷെ, തലക്കകത്ത് ജീവിതത്തിന്റെ പൊട്ടിപ്പോയ കണ്ണാടി ചില്ലുകള്‍ പേറി നടക്കുന്നവനെ ഈ ചെറിയ കുപ്പി ചീളൂകള്‍ ഒട്ടും വേദനിപ്പിച്ചില്ല എന്നത് വാസ്തവം!! കുപ്പി ചീളുകള്‍ കയറി, ചോര പൊടിയുന്ന പുറത്ത് ഭസ്മം തേച്ച് പിടിപ്പിക്കുന്ന കലാകാരനെ അത്ഭുതത്തോടെ നോക്കുന്ന വിദേശികള്‍ ഷോയെ മാര്‍വ്വെല്ലസ് , ട്രെമന്റസ് എന്നീ വാക്കുകളില്‍ വിശേഷിപ്പിച്ചപ്പോളും അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ഒരു രൂപയെങ്കിലും പ്രതിഫലത്തില്‍ കൂട്ടിക്കിട്ടുമെന്ന വിചാരം ഇപ്പോള്‍ അനുഭവപാഠങ്ങള്‍ നല്‍കിയ വിവേകത്തിന് വഴിമാറിതുടങ്ങിയതും പപ്പന്‍ അറിയുന്നുണ്ട്.

ഓഫീസില്‍ പപ്പന്‍ എത്തുമ്പോള്‍ അവിടെ എല്ലാവരും എത്തിയിരുന്നു. പതിവിന്‌ വിപരീതമായി ഒട്ടുമിക്കവരും നല്ല വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒന്ന് പതറി. നരച്ച ഷര്‍ട്ടും അലക്കിയലക്കി വെളുക്കാതെയായ മുണ്ടും ഉടുത്താണല്ലോ നില്‍ക്കുന്നത് എന്ന അപകര്‍ഷത മനസ്സില്‍തോന്നി. അലക്കി തേച്ച ഒരു ഷര്‍ട്ടും പാന്റുമായി ബുള്‍ഗാന്‍ താടിയില്‍ തടവി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍ വന്ന് പെട്ടന്ന് ഡ്രസ് മാറി വരാന്‍ പറഞ്ഞപ്പോളും പപ്പനിലെ പകപ്പ് മാറിയിരുന്നില്ല. ഏതെങ്കിലും കോമാളി വേഷമോ, കലാരൂപമോ കെട്ടിയാടേണ്ട ആളെ അലക്കി വെളുപ്പിച്ച വസ്ത്രം ധരിപ്പിക്കുന്നതെന്തിന്‌ എന്നതായിരുന്നു ചിന്ത. നന്ദന്‍ സാറ് തന്ന വസ്ത്രം ധരിച്ച്, പഴയ നരച്ച ഷര്‍ട്ടും, മുണ്ടും അവിടെ കണ്ട പത്രക്കടലാസില്‍ പൊതിഞ്ഞെടുത്ത് മറ്റുള്ളവരോടൊപ്പം പപ്പനും വണ്ടിയില്‍ കയറി. വണ്ടിയില്‍ ആകെ ബഹളമാണ്‌. കുറേ ദിവസങ്ങള്‍ക്ക് ശേഷം ഒരു പരിപാടി കിട്ടിയതിന്റെ ഒരു സന്തോഷത്തിലാണ്‌ എല്ലാവരും. സന്തോഷത്തിന്‌ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. ഇന്ന് കെട്ടിയാടേണ്ടത് ഒരു വലിയ പണക്കാരന്റെ അമ്മയുടെ സപ്തതി ആഘോഷചടങ്ങ് ആണ്‌. വയറ് നിറയെ ഭക്ഷണം കിട്ടും എന്നത് വലിയ സത്യം തന്നെയാണല്ലോ!! ആദ്യമായാണ്‌ ഇത്തരം ഒരു പ്രോഗ്രാം മാനേജ്മെന്റ് ഏറ്റെടുക്കുന്നതെന്ന് തോന്നുന്നു. അതിന്റെ പതര്‍ച്ച നന്ദന്‍ സാറിന്റെ മുഖത്തുമുണ്ട്. കഥകളിയുടെയും, തെയ്യത്തിന്റെയും, തിറയുടേയും ബൊമ്മകളിലേക്ക് തൊഴിലാളികളെ കയറ്റി വിടുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ബൊമ്മകളുടെ സഹായമില്ലാതെ ജീവിച്ചിരിക്കുന്ന മക്കളും ബന്ധുക്കളുമായി മാറാന്‍. ജീവിതത്തിന്റെ താളുകളില്‍ ഇങ്ങിനെയും ഒരു നാടകമാടാന്‍ യോഗമുണ്ടാവാം എന്നേ പപ്പന്‍ ചിന്തിച്ചുള്ളൂ.

വണ്ടി ചെന്ന് നിന്നത് 'സ്വര്‍ഗ്ഗം' എന്ന് സ്വര്‍ണ്ണാക്ഷരങ്ങളില്‍ ആലേഖനം ചെയ്ത, കമനീയമായ പടിക്കെട്ടോടു കൂടിയ കൂറ്റന്‍ ബംഗ്ലാവിന്റെ മുന്‍പില്‍ ആണ്‌. നേരത്തെ എത്തിയ പന്തല്‍ പണിക്കാര്‍ പണികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി നന്ദന്‍ സാറിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കായി നില്‍പ്പുണ്ട്. നന്ദന്‍ സാര്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി അവിടെയാകെ ഓടി നടക്കുന്നു. പന്തലില്‍ ഏതാണ്ട് എല്ലാ വശത്തും നിന്നും കാണാവുന്ന രീതിയില്‍ പ്രൊജക്ടര്‍ എന്ന സാധനം ഒക്കെ ഒരുക്കുന്ന തിരക്കിലാണ്‌ അവര്‍. പക്ഷെ, വീട്ടുകാരെ ആരെയും ഇതുവരെ കാണാന്‍ കഴിയാത്തതില്‍ പപ്പന്‌ എന്തോ ഒരു പന്തികേട് തോന്നി.

കൂട്ടത്തിലുള്ള പലരുടെയും വേഷങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നു. പപ്പന്റെ റോള്‍ സപ്തതി ആഘോഷിക്കുന്ന അമ്മയുടെ കാര്യങ്ങള്‍ എല്ലാം വേണ്ട വിധം നോക്കുക എന്നതാണ്‌. ഈ ചടങ്ങ് നടത്തുന്നത് ആ അമ്മയുടെ മകന്‍ മണലാരണ്യത്തില്‍ എവിടെയോ ഇരുന്നാണെന്ന് പപ്പന് ഇപ്പോള്‍ അറിയാം. അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ക്കും മറ്റും ഇവിടെ നടക്കുന്ന ചടങ്ങ് തത്സമയം കാണുകയും മറ്റും ചെയ്യാനുള്ള സംവിധാനം ഒരുക്കുന്ന തിരക്കിലാണ്‌ നന്ദന്‍ സാര്‍. ലൈവ് സ്ട്രീമിങ്ങെന്നോ മറ്റോ.. അതിന്‌ വേണ്ടിയാണ്‌ കൂറ്റന്‍ സ്ക്രീനും പ്രൊജക്ടറും ഒക്കെ ഒരുക്കിയിരിക്കുന്നത്. എന്തോ പണ്ടാരമെങ്കില്‍മാവട്ടെ.. ഹാ, എല്ലാം ശരിയായെന്ന് തോന്നുന്നു. ദേ, അവിടെ ആ വലിയ സ്ക്രീനില്‍ ഇപ്പോള്‍ ആ അമ്മയുടെ ഗള്‍ഫിലിരിക്കുന്ന മകനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും എല്ലാം കാണാം. മകനെ കണ്ടപ്പോഴുള്ള ആ അമ്മയുടെ സന്തോഷം. നന്ദന്‍ സാറിന്റെ കണ്ണുകള്‍ പോലും ഈറനണിയുന്നത് പപ്പന്‍ കണ്ടു.

വിരുന്നുകാര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. എല്ലാവരെയും സ്വീകരിക്കുന്നതുള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ്‌ നന്ദന്‍ സാറ് ഒരുക്കിയിരിക്കുന്നത്. പലരും സാറിന്റെ മാനേജ്മെന്റിനെ പുകഴ്ത്തുന്നുണ്ട്. പക്ഷെ, എന്താണാവോ, എപ്പോഴും പുകഴ്തലുകളില്‍ ഗര്‍വ്വ് കാട്ടാറുള്ള സാറിന്റെ മുഖത്ത് ഇക്കുറി നിസ്സംഗത!! ഒരു പക്ഷെ, ആ അമ്മയുടെ കണ്ണിലെ നനവ് കണ്ടാവണം. എങ്ങിനെയെങ്കിലും ഇതൊന്ന് അവസാനിച്ചാല്‍ മതിയെന്ന് തോന്നി പപ്പന്‌.

പ്രൊജക്ടര്‍ സ്ക്രീന്‍ വഴിയുള്ള മകന്റെ പൊട്ടിച്ചിരികളും നിര്‍ദ്ദേശങ്ങളും കൊണ്ട് അവിടമാകെ ശബ്ദമുഖരിതമാണ്‌. കേള്‍ക്കുന്തോറും പപ്പന് അസഹനീയമായി തോന്നിത്തുടങ്ങി. ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കാനേ വയ്യ. പാവം!! സ്നേഹിക്കാന്‍ ആളുണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ലാത്ത അവസ്ഥ!! മണലാരണ്യത്തില്‍ നിന്നും മകന്റെ പൊട്ടിച്ചിരി സ്പീക്കറുകളിലൂടെ ചെവികളില്‍ ആര്‍ത്തലച്ചു വന്നു. അമ്മയെ മകന്‌ വേണ്ടി പൊന്നാട അണിയിക്കുന്ന നന്ദന്‍ സാറിന്റെ കൈകള്‍ വിറച്ചുവോ? കാതടപ്പിക്കുന്ന കൈയടിയുടെയും നേരത്തെ വേഷം നിശ്ചയിക്കപ്പെട്ട കലാകാരന്മാരുടെ പ്രകടനമികവിലും ആ അമ്മയുടെ ഗദ്ഗദം മുങ്ങിപ്പോകുന്നത് കണ്ട് പപ്പന്‍ നെടുവീര്‍പ്പിട്ടു. പലരും തീന്‍വിഭവങ്ങളുമായുള്ള മല്‍പിടുത്തം അപ്പോഴേക്കും ആരംഭിച്ചിരുന്നു. വിഭവങ്ങള്‍ പലതും ജീവിതത്തില്‍ ആദ്യമായാണ്‌ പപ്പന്‍ കാണുന്നത് തന്നെ. പക്ഷെ, തീരെ കൊതി തോന്നിയില്ല!! ഇതിലും എത്രയോ സ്വാദിഷ്ടമാണ്‌ മുറുക്കിയുടുത്ത മുണ്ടില്‍ വിശപ്പിനെ അമര്‍ത്തി, നിറഞ്ഞ മനസ്സോടെ വസുമതി അരച്ച് തരുന്ന ആ മുളക് ചമ്മന്തിയും കപ്പപ്പുഴുക്കും. പിറന്നാളുകാരിക്കുള്ള ഭക്ഷണവുമായി അമ്മയുടെ അടുത്തേക്ക് പതറിയ മനസ്സും ഉറക്കാത്ത കാലടികളോടെയുമാണ്‌ പപ്പന്‍ ചെന്നത്.

ആടിന്റെയും കോഴിയുടെയുമെല്ലാം അവശിഷ്ടങ്ങള്‍ കുന്നുകൂടി തുടങ്ങി. എല്ലിന്‍ കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ്പെട്ടവനെക്കാളും ആര്‍ത്തിയാണ്‌ പണക്കാരന്റെ വായക്ക് എന്ന് പപ്പന്‍ തിരിച്ചറിഞ്ഞു. കാര്യപരിപാടികള്‍ ഏതാണ്ട് സമാപിക്കാറായി. കൂടെ വന്നവര്‍ പലരും വേഷങ്ങള്‍ അഴിച്ച് ഭക്ഷണം കഴിച്ച് തുടങ്ങി. എന്തോ, പപ്പന്‌ കഴിക്കാന്‍ തോന്നിയില്ല. ആ അമ്മ കഴിക്കാത്തത് കൊണ്ടാണോ? അറിയില്ല. അവര്‍ പ്രൊജക്ടറിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്‌. മകന്‍ അവിടെ പരൊപാടിയുടെ ഗംഭീര വിജയത്തിനുള്ള അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. എപ്പോഴോ ഒരു നിമിഷം അമ്മയുടെയും മകന്റെയും ദൃഷ്ടികള്‍ തമ്മില്‍ കണ്ടുമുട്ടി. ഇത്രയും നേരത്തിനിടെ മകന്‍ അമ്മയെ മുഖത്തോട് മുഖം കാണുന്ന ആദ്യ മുഹൂര്‍ത്തം!!

'എന്താ അമ്മേ അമ്മക്ക് സന്തോഷമായില്ലേ..' പ്രൊജക്ടറിലെ മകന്റെ ശബ്ദം സ്പീക്കറിലൂടെ അവിടെ മുഴങ്ങി. ദൈന്യതയോടെ പ്രൊജക്ടറിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന അവരെ കണ്ട് പപ്പന്റെ മനസ്സ് കലങ്ങി.

'എന്ത് പറ്റിയെമ്മേ? അമ്മയെന്താ ഒന്നും മിണ്ടാത്തത്? ഗംഭീരമായില്ലേ അമ്മയുടെ സപ്തതി ആഘോഷങ്ങള്‍? എത്രയോ ആളുകളാ അവിടെയും ഇവിടെയുമായി ചടങ്ങില്‍ പങ്കെടുത്തത്. ഇതൊക്കെയാണമ്മേ ടെക് നോളജിയുടെ വിജയം' - മകന്‍ വീണ്ടും ഗര്‍വ്വ് പൂണ്ടു.

'സപ്തതി !! ആഘോഷം!!! ശരിയാ, ഗംഭീരമായി മോനെ.. പക്ഷെ.. പക്ഷെ.. അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..'

കണ്ണുകളില്‍ ഇരുട്ട് മൂടിയത് കൊണ്ടാണോ എന്തോ പപ്പന്‌ ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതോ വീശിയടിച്ച മണല്‍ക്കാറ്റില്‍ മകന്‍ ഒലിച്ചുപോയതോ. എല്ലിന്‍ കഷണത്തിനായി ആര്‍ത്തിയോടെ നില്‍ക്കുന്ന പൂച്ചയേയും കാക്കയെയും നോക്കി പപ്പന്‍ നെടുവീര്‍പ്പിട്ടു. മേല്‍പോട്ട് നോക്കിയിരിക്കുന്ന പൂച്ചയും നിലത്തിറങ്ങിയ കാക്കയും പൂര്‍വ്വികരാണെന്നും അവ രണ്ടും മരണദൂതരാണെന്നും പണ്ടെപ്പോഴോ അമ്മ പറഞ്ഞ് കേട്ടിട്ടുള്ള ഓര്‍മ്മ പപ്പനെ സങ്കടപ്പെടുത്തി.

ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയാടുന്നവരും ജീവിതം തന്നെ ഇത്തരം വേഷം കെട്ടലുകളാക്കേണ്ടി വരുന്ന ഈ അമ്മയും എല്ലാം ഒരേ അവസ്ഥയിലല്ലേ എന്ന തോന്നല്‍ പപ്പനെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു പക്ഷെ ഇതാവാം നന്ദന്‍ സാറ് എപ്പോഴും പറയുന്ന ജീവനകല. എത്രയും പെട്ടന്ന് വസുമതിയുടെ സ്നേഹത്തിലേക്ക്തിരികെയെത്തണമെന്ന ചിന്തയോടെ പപ്പന്‍ ഇറങ്ങി നടന്നു. സ്വര്‍ഗ്ഗം എന്ന് മനോഹരമായി ആലേഖനം ചെയ്ത ആ പടിക്കെട്ടിലെ സുവര്‍ണ്ണ പ്രതലത്തില്‍ സൂര്യന്‍ പരിഹാസച്ചിരി വര്‍ഷിക്കുന്നത് കണ്ട് പപ്പന്റെ കണ്ണുകള്‍ മഞ്ഞളിച്ചു.