രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
ആടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തു. വായിച്ചു തീര്‍ത്തു എന്നതിനേക്കാള്‍ നോവലിലെ കഥാപാത്രങ്ങളായ ബെന്യാമിന്‍, അനില്‍ വെങ്കോട്, ഇ.എ.സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നിവരോടൊപ്പം വ്യാഴചന്തയില്‍ മനസ്സുകൊണ്ട് പങ്കെടുത്തു എന്ന് പറയുന്നതാവും ഉചിതം. അല്പം കൂടെ ദീര്‍ഘിപ്പിച്ച് പറഞ്ഞാല്‍ അവര്‍ക്ക് മുന്‍പേ നോവലിന്റെ അടുത്ത ഭാഗം എന്ത് എന്നത് കണ്ടെത്തുവാന്‍ എനിക്ക് കഴിയണം എന്ന വാശിയിലായിരുന്നു ഞാനെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന ഈ പുസ്തകം എന്താണ്? ഇത് ചരിത്രമാണോ? നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണോ? അതോ യാതൊരു നാട്യങ്ങളുമില്ലാതെ പറഞ്ഞു തീര്‍ത്ത ഒരു സസ്പെന്‍സ് ത്രില്ലറാണോ? എന്നോട് ചോദിച്ചാല്‍ ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് ഞാന്‍ പറയും. നോവലിന് പോരായ്മകള്‍ ഇല്ല എന്നോ പരിപൂര്‍ണ്ണമായി നോവല്‍ ഗംഭീരമെന്നോ അല്ല ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് വായനക്കാരനെ നോവലിന്റെ ആഴങ്ങളിലേക്ക് നയിക്കുവാന്‍ , അതിന്റെ ഗഹനതയിലേക്ക് ഇഴുകിചേര്‍ക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഓരോ പേജും കടന്നുപോകുന്നത് നിറയെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്രമേല്‍ ലയിച്ചിരുന്ന് ഇതിന് മുന്‍പ് ഒരു പുസ്തകം വായിച്ചു തീര്‍ത്തത് സങ്കീര്‍ത്തനം പോലെയായിരുന്നു.
മഞ്ഞവെയില്‍ മരണങ്ങളുടെ തുടക്കഭാഗത്തുള്ള പുലപ്പേടി എന്ന അദ്ധ്യായത്തില്‍ നോവലിലെ മുഖ്യകഥാപാത്രമായ അന്ത്രപ്പേര്‍ പറയുന്നതില്‍ നിന്നും തുടങ്ങട്ടെ. "ജയേന്ദ്രന്‍ പറയുമായിരുന്നു ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അന്‍പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് എന്നെ കൊണ്ടുപേകേണ്ടത് എഴുത്തുകാരന്റെ കടമയാണ്. ആ സാഹചര്യം ഒക്കെ പോയിരിക്കുന്നു. അദ്യത്തെ അഞ്ചുപേജിനുള്ളില്‍ ശ്രദ്ധപിടിച്ചുപറ്റാനായില്ലെങ്കില്‍ പിന്നൊരു വായനക്കാരനെ നേടുക അസാദ്ധ്യം എന്നാണ് എനിക്ക് തോന്നുന്നത്." കഥാപാത്രത്തെ കൊണ്ട് പറയിച്ച വാക്കുകള്‍ തന്റെ എഴുത്തിലൂടെ തെളിയിക്കുന്നു ബെന്യാമിന്‍. അത്രയേറെ ആദ്യാവസാനം വായനക്കാരനെ പിടിച്ചിരുത്തുവാന്‍ മഞ്ഞവെയില്‍ മരണങ്ങളിലൂടെ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
ഈ നോവലിന്റെ പ്രമേയം വിവരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് അറിയാം. എങ്കിലും ഒരു മുഖവുരയെന്ന നിലയില്‍ അല്പം പറയാതെ വയ്യ. തന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് അതില്‍ ആകൃഷ്ടനായ ഒരു അപരിചിതനില്‍ നിന്നും അയാള്‍ക്ക് ഒരു കഥ പറയാനുണ്ടെന്നും അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും സൂചിപ്പിച്ച് കൊണ്ട് ബെന്യാമിന്‍ എന്ന എഴുത്തുകാരന് ഒരു ഇ-മെയില്‍ ലഭിക്കുന്നു. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം അയാളില്‍ നിന്നുതന്നെ മറ്റൊരു ഇ-മെയിലും അതോടൊപ്പം അയാളുടെ ജീവിതകഥയുടെ ഒരു അദ്ധ്യായവും ലഭിക്കുകയും എന്തുകൊണ്ടോ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ ആകൃഷ്ടരായി ബെന്യാമിന്‍ എന്ന എഴുത്തുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഉദ്വേഗഭരിതമായ ഒരു അന്വേഷണ പരമ്പരയുടെ കഥയാണ് മഞ്ഞവെയില്‍ മരണങ്ങള്‍. (വില 195 രൂപ)
ഇന്ത്യന്‍ ഉപഭൂഖണ്ഢത്തില്‍ നിന്നും 1600കിലോമീറ്റര്‍ മാത്രം അകലെയായി ശ്രീലങ്ക, മാലിദ്വീപ്, സെല്‍ഷ്യസ്, സാന്‍സിബാര്‍, മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ അയല്‍രാജ്യമായി സ്ഥിതിചെയ്യുന്ന, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഫ്രഞ്ചുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം കൈമാറികൊടുത്ത ഡീഗോ ഗാര്‍ഷ്യ എന്ന കായലുകളുടെ രാജ്യത്താണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. കഥാനായകനായ ക്രിസ്റ്റി അന്ത്രപ്പേരിന്റെ സ്വദേശമാണ് അവിടം. ഡീഗോ ഗാര്‍ഷ്യ എന്ന മേല്‍സൂചിപ്പിച്ച കായല്‍ രാജ്യത്തെ ആദ്യ കുടിയേറ്റക്കാരും കായല്‍രാജാക്കന്മാരുമായിരുന്നു അന്ത്രപ്പേര്‍ കുടുംബം. ഒരു നോവലിസ്റ്റാവണം എന്ന മോഹവുമായി ജീവിക്കുന്ന ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷഭരിതവും വേദനാജനകവുമായ ചില സംഭവ വികാസങ്ങള്‍ മൂലം എഴുതുവാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന കഥയൊക്കെ മറന്നു പോകുകയും പകരം സ്വന്തം ജിവിതത്തെ കുറിച്ച് എന്തൊക്കെയോ എഴുതുവാന്‍ ഒരു ശ്രമം നടത്തുകയും അതിലെ ആദ്യ ഭാഗം ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ വിലാസത്തില്‍ നിന്നും ബെന്യാമിന്‍ എന്ന എഴുത്തുകാരന് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് കഥയുടെ ത്രെഡ്. തന്റെ ജീവിതകഥ ഇഷ്ടമാവുകയാണെങ്കില്‍ അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും അതിന്റെ മറ്റു ഭാഗങ്ങള്‍ കഥയില്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുള്ള ചിലരുടെ പക്കല്‍ എത്തിച്ചിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ അവ കണ്ടെത്തി താങ്കള്‍ക്ക് കൂട്ടിചേര്‍ക്കാമെന്നും ഇ-മെയിലില്‍ ക്രിസ്റ്റി സൂചിപ്പിക്കുന്നു. അങ്ങിനെ കൂട്ടിയോജിപ്പിക്കുന്നു എങ്കില്‍ അതിനെ ഒരു നോവലാക്കാതെ ജീവിതകഥയായി തന്നെ പ്രസിദ്ധീകരിക്കണമെന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്നു. തന്റെ ‘നെടുമ്പാശ്ശേരി‘ എന്ന എഴുതിക്കൊണ്ടിരുന്ന നോവല്‍ എവിടെയും എത്താതിരുന്ന ആ സാഹചര്യത്തില്‍ ഈ അഞ്ജാത എഴുത്തുകാരന്റെ ജീവിതകഥയിലും അതില്‍ പറഞ്ഞിരിക്കുന്ന ത്രസിപ്പിക്കുന്ന ചില സംഭവങ്ങളിലും ആകൃഷ്ടനായ ബെന്യാമിന്‍ അതിന്റെ ബാക്കി ഭാഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. ഒറ്റക്ക് തന്നെക്കൊണ്ടതിന് കഴിയില്ല എന്ന് മനസ്സിലാക്കിയ ബെന്യാമിന്‍ അങ്ങിനെയാണ് ഈ വിഷയം ആഗോളതാപനം മുതല്‍ അണ്ടിപ്പരിപ്പിന്റെ വിലവരെ, ഈദി അമീന്‍ മുതല്‍ ഇയ്യോബിന്റെ പുസ്തകം വരെ എന്തും ചര്‍ച്ച ചെയ്യുന്ന അനില്‍ വെങ്കോട്, ഇ.എ.സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നീ സുഹൃത്തുക്കള്‍ അടങ്ങിയ വ്യാഴചന്തയുടെ സമക്ഷം അവതരിപ്പിക്കുന്നത്. അങ്ങിനെ പിതാക്കന്മാരുടെ പുസ്തകം എന്ന് അവര്‍ വിശേഷിപ്പിച്ച ക്രിസ്റ്റി അന്ത്രപ്പേറിന്റെ ജീവിതകഥയുടെ മറ്റു ഭാഗങ്ങള്‍ കണ്ടെത്തുവാനും അതോടൊപ്പം തന്റെ ജിവിതകഥയില്‍ ക്രിസ്റ്റി സൂചിപ്പിച്ച രണ്ട് മരണങ്ങളുടെ (പഴയ സഹപാഠി സെന്തിലിന്റെയും കാമുകി മെല്‍വിന്റെയും) ചുരുളഴിക്കുവാനും വ്യാഴചന്തകള്‍ നടത്തുന്ന ബൌദ്ധീകവും ശാരീരികവുമായ അന്വേഷണങ്ങളാണ് മഞ്ഞവെയില്‍ മരണങ്ങളെ വ്യത്യസ്തമാക്കുന്നത്. അങ്ങിനെ ജീവിതകഥയുടെ അദ്ധ്യായങ്ങളിലൂടെ ഡീഗോ ഗാര്‍ഷ്യയിലും അത് കണ്ടെത്തുവാനുള്ള അന്വേഷണങ്ങളിലൂടെ വന്‍കരയിലും ആയി തികച്ചും വ്യത്യസ്തമായ ഡെസ്റ്റിനേഷനുകളില്‍ നോവലിസ്റ്റ് നടത്തുന്ന മനോഹരമായ സഞ്ചാരമാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന് പറയാം.
നോവലിന്റെ അവസാനം അന്ത്രപ്പേറിനെന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് നോവലിന്റെതല്ലാത്ത ഭാഗങ്ങള്‍ എന്ന് തോന്നിപ്പിക്കും വിധം എഴുതിയ അനുബന്ധത്തിലൂടെ വായനക്കാരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നു നോവലിസ്റ്റ്. അതുതന്നെ ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യത്യസ്തമായ ഉത്തരങ്ങള്‍. വായനക്കാരന്റെ ചിന്താധാരകളോട് സത്യസന്ധത പുലര്‍ത്തിയെന്ന് ഓരോ വായനക്കാരനും തോന്നിയേക്കാവുന്ന ഉത്തരങ്ങള്‍! ഈ നോവല്‍ വായിച്ച ചിലരുമായി ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ അവരെല്ലാവരും അവര്‍ക്ക് കിട്ടിയ ഉത്തരങ്ങളില്‍ തൃപ്തരായിരുന്നു എന്നത് നോവലിസ്റ്റിന്റെ വിജയമായി കണക്കാക്കാമെന്ന് തോന്നുന്നു.
നോവലിന്റെ രചനക്കായി പുതിയ കാലത്തിന്റെ സങ്കേതങ്ങളായ ഓര്‍കൂട്ട്, ഫെയ്‌സ്ബുക്ക്, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയെല്ലാം നന്നായി ഉപയോഗിച്ചിരിക്കുന്നു. ചരിത്രത്തെ മിത്തുകളുമായി അല്ലെങ്കില്‍ ഭാവനകളുമായി സന്നിവേശം ചെയ്തിരിക്കുന്നു നോവലിസ്റ്റ്. ചിലയവസരങ്ങളില്‍ വിക്കീപീഡിയ കണ്ടന്റുകള്‍ എന്ന് തോന്നുന്ന വിധം ചില ചരിത്ര വിവരണങ്ങള്‍... അങ്ങിനെ നോക്കുമ്പോള്‍ ചില ഭാഗങ്ങളിലെങ്കിലും ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഛായ നോവല്‍ രചനയില്‍ വന്നിട്ടുണ്ടോ എന്ന് സംശയം തോന്നാം. അതുപോലെ തന്നെ പുസ്തകത്തിനുള്ളിലെ പുസ്തകത്തിലൂടെ നടത്തുന്ന കഥ പറച്ചില്‍ ടി.കെ. അനില്‍കുമാറിന്റെ അല്‍ കാഫിറൂന്‍ : സംവാദങ്ങളുടെ പുസ്തകം എന്ന പുസ്തകത്തെയും ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഇത്തരം കൊച്ചു കൊച്ചു സാമ്യങ്ങളൊന്നും തന്നെ വ്യത്യസ്തതയില്ലാതെ പ്രമേയപരിസരങ്ങള്‍ നിരത്തി മടുപ്പിക്കുന്ന കുറെ വായനാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇക്കാലത്ത്, വേറിട്ട ഒരു പ്രമേയപരിസരത്തിന്റെ തിരഞ്ഞെടുപ്പിനാലും ആദ്യ പേജുമുതല്‍ മുന്നൂറ്റി നാല്പത്തി ഒന്‍പതാമത്തെ പേജുവരെ നിലനില്‍ക്കുന്ന മനോഹരമായ പ്രമേയപരിചരണത്താലും സമ്പുഷ്ടമാക്കിയ ഈ നോവല്‍ വായനയെ വേണ്ടെന്നുവെക്കുവാന്‍ കഴിയുകയില്ല.
ഈ നോവലില്‍ എനിക്കേറെ ഇഷ്ടമായതെന്തെന്ന് ചോദിച്ചാല്‍ ജീവിതകഥയുടെ അടുത്ത അദ്ധ്യായങ്ങള്‍ തേടിയുള്ള വ്യാഴചന്തകളുടെ അന്വേഷണമാണെന്ന് പറയും. വ്യാഴചന്തയിലെ അന്തേവാസിയാവാന്‍ നോവല്‍വായനയിലെ ഓരോ നിമിഷവും വല്ലാത്ത ത്വരയായിരുന്നു. ഒരു വേള മഞ്ഞവെയില്‍ മരണങ്ങളിലെ കഥാഗതിയെക്കാളും എന്നെ ഉത്തേജിതനാക്കിയത് പിതാക്കന്മാരുടെ പുസ്തകത്തിന്റെ അടുത്ത അദ്ധ്യായം ആരുടെ പക്കല്‍ എന്ന് കണ്ടെത്തുവാനാണ്. അത് നിബുവിനും അച്ചായനും ബിജുവിനും അനിലിലും സുധിമാഷിനും നട്ടപ്പിരാന്തനും മുന്‍പേ കണ്ടെത്തുവാന്‍ ഞാന്‍ എന്റേതായ ശ്രമം നടത്തികൊണ്ടേയിരുന്നു. ഒരിടത്തും എന്നെ വിജയിപ്പിക്കാന്‍ അനുവദിക്കാതെ തന്നെ ബെന്യാമിന്‍ ഭംഗിയായി ആ സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തി.
നോവലിസ്റ്റിന്റെ കാരക്റ്ററൈസേഷന്‍ പവറിനെ അംഗീകരിക്കാതെ വയ്യ. കഥാപാത്രങ്ങള്‍ക്ക് (പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന വ്യാഴചന്തകള്‍ക്ക്) അവരുടെ മേഖലയില്‍ വ്യക്തമായ ലേബല്‍ നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ റഹിം എന്ന അന്ത്രപ്പേറിന്റെ സുഹൃത്തിലേക്ക് വ്യാഴചന്തകള്‍ക്ക് കടന്നുചെല്ലുവാനുള്ള ഒരു പാതയും അന്‍പിന്റെ ഇമെയില്‍ വിലാസവും ബ്ലോഗ് എന്ന ആശയവും നട്ടപ്പിരാന്തന്‍ അല്ലാതെ മറ്റാരു പറഞ്ഞാലും അതവിടെ മുഴച്ചു നില്‍കും എന്ന് തോന്നി. (ഒരു പക്ഷെ നട്ടപ്പിരാന്തനെ അറിയുന്ന ഒരാളെന്ന നിലയിലാവും എനിക്ക് അത്ര കൃത്യമായി അത് ഫീല്‍ ചെയ്യുന്നത്) പക്ഷെ പാത്രസൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ ഓരോരുത്തര്‍ക്കും വായനക്കാരുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. പലയിടത്തും നട്ടപ്പിരാന്തനെ അല്ലാതെ മറ്റാരെയും അറിയില്ലെങ്കിലും അത് കണ്ടേത്തണ്ടത് ഇന്നയാളെന്ന തോന്നല്‍ വായനക്കാരനെന്നെ നിലയില്‍ എനിക്കുണ്ടായിരുന്നു. അന്ത്രപ്പേര്‍ കുടുംബാംഗങ്ങളിലൂടെ, മെല്‍വിനിലൂടെ, അന്‍പിലൂടെ, അനിതയിലൂടെ, ജസീന്തയിലൂടെ, സെന്തിലിലൂടെ ഡീഗോ ഗാര്‍ഷ്യയിലേക്കും ചേരര്‍ പെരുംതെരുവിലേക്കും ഉതിയന്‍ ചേരല്‍ തമിഴ് കഴകത്തിലേക്കും മെല്‍ജോ, ജിജോ, ശ്രീകുമാര്‍, മെറിന്‍ എന്നിവരിലൂടെ വല്യേടത്ത് വീട്, വില്യാര്‍വട്ടം, തൈക്കാട്ടമ്മ, മറിയം സേവ എന്നിവയിലേക്കും വായനക്കാരനെ എത്തിച്ചതില്‍ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. എന്തിനേറെ, നോവലിനൊടുവിലെ ഓരോ പാരഗ്രാഫുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരവിന്ദ് , ഷണ്‍മുഖം, ലീന എന്നീ കഥാപാത്രങ്ങള്‍ക്ക് വരെ നോവലില്‍ വ്യക്തമായ പ്രാധാന്യം ഉണ്ടാക്കുവാന്‍ കഴിയും വിധം കഥയെ വിന്യസിക്കുക വഴി ഒരു ആടുജീവിതത്തിന്റെ പേരില്‍ മാത്രം കാലത്തിന്റെ കണക്കെടുപ്പില്‍ അറിയപ്പെടേണ്ടയാളല്ല താന്‍ എന്ന് ബെന്യാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.