ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

ഗോളി

To,
The Hon. Chief Justice,
Supreme Court - India

മുഖവുര : ക്ഷമിക്കണം. ഒരു രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ പരമോന്നത പദവി വഹിക്കുന്ന താങ്കള്‍ക്ക് ഇത്തരത്തില്‍ ഈമെയിലിലൂടെ ഒരു പരാതി ബോധിപ്പിക്കാമോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരു വിദേശിയായതിനാല്‍ താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും എനിക്ക് അത്ര അറിവുമില്ല. ഇന്റര്‍നെറ്റിന്റെ വിശാലലോകത്ത് നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതകളും കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള എണ്ണമിട്ടുള്ള വെളിപ്പെടുത്തലുകള്‍ വരെ കുറ്റകൃത്യങ്ങളായും പ്രേരണാകുറ്റമായും സ്വീകരിക്കുന്ന ആ നിയമവ്യവസ്ഥയോട് ബഹുമാനം തോന്നിയെങ്കിലും എന്നെ അത് വല്ലാതെ ഭയപ്പെടുത്തുന്നു! ഈ കത്തിലൂടെ എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ പകര്‍ത്തുകയാണ്. പരാതിയുടെയോ അപേക്ഷയുടേയോ രൂപമില്ല എന്നതുകൊണ്ട് ഇത് പരിഗണിക്കാതിരിക്കരുതെന്നും ഈ അവസ്ഥയില്‍ നിന്നും എന്നെ രക്ഷിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്ന രീതിയില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നും കരുതട്ടെ.

ഔദ്യോഗികമായ തിരക്കുകളില്‍ വ്യാപൃതനായിരിക്കുന്ന താങ്കള്‍ക്ക് ഒരു പക്ഷെ എന്നെ അറിയുവാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ ആദ്യമേ സ്വയം പരിചയപ്പെടുത്താം. എന്റെ പേര് പീറ്റര്‍ ചെക്ക്. ചെക്ക് റിപ്പബ്ലിക്ക് എന്ന രാഷ്ട്രത്തിന്റെയും ചെല്‍‌സിയെന്ന ലോകോത്തര ഫുട്ബാള്‍ ക്ലബ്ബിന്റെയും വിശ്വസ്തനായ ഗോള്‍കീപ്പര്‍ (?). കാല്‍‌പന്തുകളിയെ ഏറെ സ്നേഹിക്കുന്ന താങ്കളുടെ നാട്ടില്‍ എനിക്ക് ഒട്ടേറെ ഫാന്‍സ് ഉണ്ടെന്നാണ് ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആ നാടിനെ പറ്റി കൂടുതല്‍ പഠിക്കുവാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അത് ഇപ്പോള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നതോടൊപ്പം തന്നെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും കൂടെ ചെയ്യുന്നു!!

എന്തിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ താങ്കളുടെ നാടിനെ പറ്റി കൂടുതല്‍ പഠിക്കുന്നത് എന്നൊരു ചിന്ത താങ്കളില്‍ ഉണ്ടാവാം. അതും ഒരു ചരിത്രകാരനോ യാത്രികനോ ഗവേഷകനോ ഒന്നുമല്ലാത്ത വെറുമൊരു കാല്‍‌പ്പന്തുകളിക്കാരന്‍ മാത്രമായ ഞാന്‍! അതെ, അത് തന്നെയാണ് ഇപ്പോള്‍ എന്റെ പ്രശ്നം. മുകളില്‍ ഞാന്‍ വിശ്വസ്തനായ ഗോള്‍കീപ്പര്‍ എന്നതിനോട് ചേര്‍ന്ന് ഒരു ചോദ്യചിഹ്നം രേഖപ്പെടുത്തിയതും അതുകൊണ്ടാണ്. ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ വളരെയടുത്ത ദിനങ്ങള്‍ വരെ ഇടമുണ്ടായിരുന്ന എന്റെ കൈകളില്‍ നിന്നും ഈയിടെ പിഴവുകള്‍ ഏറുന്നു. എന്റെ മനസ്സും കൈയും കണ്ണും എന്നെ വല്ലാതെ ചതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈയടുത്ത് ഉക്രൈയിനിലും പോളണ്ടിലുമായി സമാപിച്ച യൂറോ കപ്പിന്റെ ഉദ്ഘാടനദിവസത്തെ റഷ്യയുമായുള്ള കളി മുതല്‍! ഒരു പക്ഷെ, ഒരു ഫുട്ബാള്‍ പ്രേമിയാണെങ്കില്‍ താങ്കളും പത്രങ്ങളില്‍ നിന്നോ ടെലിവിഷന്‍ ചാനലുകളില്‍ നിന്നോ ഒക്കെയായി പീറ്റര്‍ ചെക്കിനിതെന്തുപറ്റി എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരിക്കും. ശരിയാണ്. എനിക്കെന്തുപറ്റി എന്നതിലേക്കാണ് എന്റെ അന്വേഷണം. (വീണ്ടും ഞാന്‍ കാടുകയറിപ്പോകുന്നുവല്ലേ? ക്ഷമിക്കണം. പെട്ടന്ന് കാര്യത്തിലേക്ക് വരുവാന്‍ ശ്രമിക്കാം.)

ഫുട്‌ബാള്‍ എന്ന കളിയില്‍ ഗോളിയുടെത് വല്ലാത്ത ഒരു റോളാണ്. കളിയുടെ തൊണ്ണൂറ് മിനിറ്റും ഞങ്ങള്‍ ജാഗരൂകരായിരിക്കണം. മറ്റു കളിക്കാര്‍ മൈതാനം നിറഞ്ഞ് ഓടി നടക്കുമ്പോള്‍ നിധികാക്കുന്ന ഭൂതത്തെ പോലെ ഒരു വലയുടെ മുന്‍പില്‍ ജാഗരൂകനായി നില്‍‌ക്കേണ്ടി വരുന്ന അവസ്ഥ! താങ്കള്‍ക്ക് അത് ഊഹിക്കുവാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. കളിയാസ്വദിക്കുവാന്‍ ഈ നില്‍പ്പ് ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ സ്വീകരിച്ചു പോരുന്ന ഒരു രഹസ്യനടപടിക്രമമുണ്ട്. മൈതാനത്ത് വന്ന് ഗോള്‍പോസ്റ്റിന്റെ ഇരു ബാറുകളിലും ചുംബിച്ചതിന് ശേഷം ക്രോസ്‌ബാറിലേക്ക് കൈകള്‍ ഉയര്‍ത്തി ഞാന്‍ ചാടുന്നത് ഒരു പക്ഷെ ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സരങ്ങള്‍ എപ്പോഴെങ്കിലും വീക്ഷിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് കണ്ടിരിക്കും. സത്യത്തില്‍ എല്ലാ ഗോളിമാരും ചെയ്യുന്നത് പോലെ ക്രോസ്‌ബാറിനെയും വണങ്ങുക എന്ന പ്രക്രിയയേക്കാള്‍; ഞാന്‍ എന്നില്‍ നിന്നും ആ നിമിഷം ആത്മാവിനെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതെ, ഓരോ കളിയുടെ സമയത്തും ക്രോസ്‌ബാറിലേക്ക് ഉയര്‍ന്നു ചാടുന്ന പീറ്റര്‍ ചെക്കില്‍ നിന്നും എന്റെ ആത്മാവ് പുറത്ത് കടക്കുകയും ഗ്യാലറിയില്‍ തന്നെയെവിടെയെങ്കിലുമോ അതല്ലെങ്കില്‍ ഇതേ മത്സരം വീക്ഷിക്കുന്ന ഏതെങ്കിലും ടെലിവിഷന്‍ സ്ക്രീനിനു മുന്‍പിലേക്കോ കടന്നിരിക്കുകയും ഒരു നല്ല കാണിയായി മത്സരമാസ്വദിക്കുകയും ചെയ്യുകയാണ് പതിവ്. വര്‍ഷങ്ങളായി ഞാന്‍ പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് അത്. അതിലൂടെ പലപ്പോഴും എതിര്‍ടീമിലെ കളിക്കാരുടെ നീക്കങ്ങളെ ഞാന്‍ മുന്‍‌കൂട്ടി കണ്ടിരുന്നു. അവര്‍ മനസ്സില്‍ കാണുന്ന നീക്കങ്ങള്‍ കണ്ടറിഞ്ഞ് ഞാന്‍ മൈതാനത്ത് നിലയുറപ്പിച്ചിരിക്കുന്ന എന്നിലെ ദേഹിയിലേക്ക് ആ വിവരം ട്രാന്‍സ്മിറ്റ് ചെയ്തിരുന്നു. ഒരു പക്ഷെ, ഇത്തരം ഒരു തന്ത്രമാവാം ലോകത്തെ എണ്ണം പറഞ്ഞ ഗോളിമാരുടെ പട്ടികയിലേക്ക് എന്നെ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഈ കളി ഞാന്‍ ആസ്വദിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ റഷ്യയുമായുള്ള യൂറോകപ്പിലെ ഉദ്‌ഘാടന മത്സരം വരെ!!

അന്നും – റഷ്യയുമായുള്ള മത്സരദിവസം – പതിവ് പോലെ ഇരു ബാറുകളിലും മുത്തം നല്‍കിയ ശേഷം ക്രോസ് ബാറിലേക്ക് ഉയര്‍ന്നു ചാടിയ എന്നില്‍ നിന്നും ദേഹിയെ മൈതാനത്ത് തിരിച്ചിറക്കി ആത്മാവ് കളിയാസ്വദിക്കുന്ന ഒരു വലിയ ടിവി സ്ക്രീനിന് മുന്‍പിലേക്ക് കുതിച്ചുപാഞ്ഞു. ഒട്ടേറെ പന്തുകളി പ്രേമികള്‍ നിറഞ്ഞ ഒരു വിശാലമുറിയിലെ ടിവി സ്ക്രീനിന് മുന്‍പിലായിരുന്നു അന്ന് എന്റെ ആത്മാവ് ചെന്ന് ഇരുപ്പുറപ്പിച്ചത്. എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ആകസ്മിക സംഭവങ്ങള്‍ക്ക് തുടക്കം അതായിരുന്നു. അന്ന്... എന്റെ ആത്മാവ് കളിയാസ്വദിക്കുവാന്‍ വന്നിറങ്ങിയത് അങ്ങയുടെ നാട്ടിലെ ഒരു 27” ടിവി സ്ക്രീനിന് മുന്‍പിലേക്കായിരുന്നു.

വിശാലമായ ഒരു മുറിയായിരുന്നു അത്. നന്നായി ഫര്‍ണീഷ് ചെയ്ത് അലങ്കരിച്ച, പച്ച കാര്‍പ്പെറ്റ് വിരിച്ച ഒരു മുറി. മുറിയുടെ ഇരു വശങ്ങളിലും മധ്യഭാഗത്തായി ഇട്ടിരുന്ന മനോഹരമായ രണ്ട് സെറ്റികള്‍ ഒരു കളിമൈതാനത്തെ രണ്ട് ഗോള്‍പോസ്റ്റുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കളിയാസ്വാദകരുടെ നിലക്കാത്ത ആരവം എന്നില്‍ വല്ലാത്ത ഊര്‍ജ്ജം നിറച്ചു. സഞ്ചാരപാതകള്‍ അന്വേഷിക്കുവാന്‍ ശ്രമം നടത്താത്ത ആത്മാവ് ഒരു പക്ഷെ ആ ആരവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടാവാം ലേറ്റസ്റ്റ് മോഡല്‍ വാച്ചിലെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലനിര്‍ണയം നടത്തുവാന്‍ ശ്രമം നടത്തിയതും താങ്കളുടെ രാജ്യത്തെ തന്നെ കളികമ്പത്തിന് ഏറ്റവും പേരുകേട്ട മലപ്പുറമെന്ന സ്ഥലത്താണ് ഇരുപ്പെന്ന് മനസ്സിലാക്കിയതും. താങ്കളുടെ നാട് ഫുട്ബാള്‍ കമ്പത്തിന് പേരുകേട്ടതാണെന്ന് മുന്‍പൊരിക്കല്‍ അവിടം സന്ദര്‍ശിച്ചിട്ടുള്ള ഡേവിഡ് ബെക്കാം പറഞ്ഞത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഒട്ടേറെപേരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ മുറിയില്‍ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് കളിയാസ്വദിക്കാമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി - അതും പരിപൂര്‍ണ്ണ നഗ്നയായി ഒരു പെണ്‍കുട്ടി - മൈതാനമധ്യത്തില്‍ കിക്കോഫിന് തയ്യാറായിരിക്കുന്ന ഒരു ഫുട്ബാള്‍ പോലെ, മുറിയുടെ മധ്യഭാഗത്തായി കാര്‍പ്പെറ്റില്‍ ചുരുണ്ട് വളഞ്ഞ് കിടക്കുന്നു! അവള്‍ക്കിരുവശത്തുമായി എന്തിനു തയ്യാറെന്ന പോലെ നിലയുറപ്പിച്ച രണ്ട് കാളക്കൂറ്റന്മാരെ കണ്ടപ്പോള്‍ സ്പെയിനുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നതായും കിക്കോഫിന് തയ്യാറായി നില്‍ക്കുന്ന സാവിയെയും ഇനസ്റ്റയെയും ശ്രദ്ധയോടെ വീക്ഷിച്ച് ഗോള്‍ വലക്കരിക്കില്‍ നില്‍ക്കുന്ന എന്നെയും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടുപോയി.

അതായിരുന്നു സര്‍ എന്റെ കഷ്ടകാലത്തിന്റെ തുടക്കം. സ്റ്റേഡിയത്തില്‍ കളിയുടെ ആദ്യ നിമിഷങ്ങള്‍ ആയിരുന്നു അപ്പോള്‍. ചെക്കിനും റഷ്യക്കും വേണ്ടി ആര്‍ത്തുവിളിക്കുന്ന കാണികള്‍ എന്നിലും കുട്ടികളിലും വല്ലാത്ത ആവേശം ഉണ്ടാക്കി. ഗ്യാലറിയില്‍ മെക്സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ ഒരോ രോമകൂപങ്ങളെയും ഉണര്‍ത്തി. അങ്ങേക്ക് അറിയുമോ എന്നറിയില്ല, ഫുട്ബാളിന്റെ ആവേശം തന്നെ കാണികളാണ്. അല്ലാതെ കളിയെഴുത്തുകാരോ കളിക്കാരോ ഒന്നുമല്ല.

(ഹോ.. വീണ്ടും അങ്ങയുടെ സമയം ഞാന്‍ അപഹരിക്കുന്നു. ക്ഷമിക്കണേ..)

കാണികള്‍ നല്‍കിയ ഊര്‍ജ്ജം കാലുകളിലേക്ക് ആവാഹിച്ച് എന്റെ കുട്ടികള്‍ തുടര്‍ച്ചയായി കോര്‍ണറുകള്‍ സമ്പാദിച്ച് മുന്നേറുമ്പോഴായിരുന്നു ഒരല്പം റിലാക്സ്ഡ് മൂഡ് കിട്ടിയ ഞാന്‍ മുറി അത്രമേല്‍ സൂക്ഷ്മമായി നിരീക്ഷിച്ചത്. പക്ഷെ, ഇത്രയും വേഗം ഒരു പ്രത്യാക്രമണത്തിലൂടെ റഷ്യന്‍ മധ്യനിര എന്നെ നിഷ്പ്രഭനാക്കുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയിരുന്നില്ല.

കെര്‍ഷക്കോവിന്റെ ഹെഡര്‍ ബാറില്‍ തട്ടി തിരികെ പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടതാണ്. പക്ഷെ, സഗോയേവ് അവിടേക്ക് ഓടിയെത്തുവാന്‍ കഴിയും‌വിധം ഇത്ര അടുത്ത് നിലയുറപ്പിച്ചിരുന്നത് മൈതാനം മുഴുവന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളില്‍ പതിച്ചില്ല. ഒരു പക്ഷെ, ആ പെണ്‍കുട്ടി എന്റെ കാഴ്ചക്ക് വിലങ്ങുതടിയായതാവാം! അത്തരം ഒരു സീനായിരുന്നല്ലോ അതേ സമയം ആ മുറിയില്‍ അരങ്ങേറിയത്. ഒരുവന്‍ വിയര്‍ത്ത് ചുളുങ്ങി അവളില്‍ നിന്ന് ഇറങ്ങിപ്പോകുകയും മറ്റൊരുവന്‍ തീരെ സമയം നല്‍കാതെ അവളിലേക്ക് ഒരു ബുള്ളറ്റ് പോലെ പാഞ്ഞുകയറുകയും ചെയ്യുന്ന കാഴ്ച. ചെകിടടിച്ച് ഒരു അടികിട്ടിയ പോലെ തോന്നി. ഇത്രയും മനോഹരമായി ഞാന്‍ കബളിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. (ഒരു പക്ഷെ അവളും?)

എന്താണ് സംഭവിക്കുന്നത്? 27' ടിവി സ്ക്രീനിലാണോ മുറിയിലെ പച്ച കാര്‍പ്പെറ്റിലാണോ യഥാര്‍ത്ഥത്തില്‍ കളി നടക്കുന്നത്. ഞാനകെ പതറിപ്പോയിരുന്നു സര്‍. കൈയടക്കവും ഡ്രിബ്ലിങ്ങും ഫൌളുകളും ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് പോലും സാദ്ധ്യത നല്‍കാതെ ഇത്തരത്തില്‍ ഒരു അറ്റാക്കിങ് ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞാന്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും ഷിറൊക്കോവിന്റെ ഷോട്ടും എന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍ പതിച്ചിരുന്നു. അപ്പോള്‍ മൈതാനമധ്യത്തില്‍ അവള്‍ ഒരിക്കല്‍ കൂടെ പ്രതിരോധം തകര്‍ക്കപ്പെട്ട് വാടി തളര്‍ന്ന് കിടന്നു.

സ്വന്തം വലയില്‍ പതിച്ച രണ്ട് ഗോളുകള്‍ എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഒരു വേള, തിരികെ ദേഹിയിലേക്ക് ആത്മാവിനെ കുടിയിരുത്തിയാലോ എന്ന് പോലും ഞാന്‍ ചിന്തിക്കാതിരുന്നില്ല. പക്ഷെ, ഒന്നനങ്ങാന്‍ പോലും പറ്റാത്ത വിധം ആത്മാവ് തളര്‍ന്നു പോയിരുന്നു. ഞാന്‍ ഒന്നിനും കഴിയാത്തവനായി സെറ്റിയില്‍ കൈതാങ്ങി ഇരുന്നുപോയി. ഇടവേള കഴിഞ്ഞതും കളി വീണ്ടും തുടങ്ങിയതും എന്റെ കുട്ടികള്‍ ഒരു ഗോള്‍ മടക്കിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല എന്നതാണ് സത്യം.

പക്ഷെ മുറിയിലെ കളി അപ്പോഴേക്കും കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഒരു വിദഗ്ദനായ കോച്ചിന്റെ അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു അവള്‍ ആ കളി നിയന്ത്രിക്കുന്നത് എന്ന് ഞാന്‍ സംശയിച്ചുപോയ നിമിഷങ്ങള്‍. എന്റെ സംശയം ശരിയായിരുന്നു. മുറിയുടെ ഇരുണ്ട കോണില്‍ ചുണ്ടില്‍ എരിയുന്ന സിഗററ്റും കൈയില്‍ സ്മിര്‍ണോഫ് ഗോള്‍ഡുമായി ഇരിക്കുന്ന ഒരു കുറിയ മനുഷ്യന്‍ അത്രയും നേരം എന്റെ കണ്ണില്‍ പെട്ടിരുന്നില്ല! ആ കണ്ണുകളില്‍ ഒരു കുറുക്കന്റെ ഭാവമുണ്ടായിരുന്നു. അതോ ആട്ടിന്‍ തോലണിഞ്ഞ ആ പഴയ ചെന്നായയുടേയോ?

ഇതിനിടെ ഒരിക്കല്‍ കൂടെ എന്റെയും അവളുടെയും പ്രതിരോധം എതിരാളികള്‍ കീറിമുറിച്ചു കഴിഞ്ഞിരുന്നു. സഗോയേവ് രണ്ടാമതും എന്റെ വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ അവിശ്വസനീയമായതെന്തോ സംഭവിച്ചത് പോലെ ഞാന്‍ പകച്ചു നിന്നത് അങ്ങ് കണ്ടുകാണുമോ എന്നെനിക്കറിയില്ല. രണ്ട് പ്രതിരോധഭടന്‍മാരെ വകഞ്ഞു മാറ്റി സഗോയേവ് ഉതിര്‍ത്ത ഷോട്ടിനേക്കാള്‍ അതേ സമയം മുറിയില്‍ നടന്ന സംഭവങ്ങള്‍ ആണ് ആ പകപ്പിന് കാരണം എന്നതാണ് വാസ്തവം. സഗോയേവിന്റെ പന്തടക്കവും വേഗവും അസാമാന്യമായിരുന്നു; സമ്മതിക്കുന്നു. പക്ഷെ അതേ സമയം മുറിയുടെ മധ്യത്തില്‍ അവളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന രണ്ട് പേരുടെ ക്ഷമകെട്ട മല്പ്പിടുത്തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ഒരിക്കല്‍ കൂടെ അവളെ പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവനിലെ വന്യത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഇവിടെ വെച്ചാണ് കളി കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കൈയേറ്റത്തിലേക്കും അക്രമത്തിലേക്കും തെന്നി നീങ്ങുന്നത് നിസ്സഹായനായി എനിക്ക് നോക്കിയിരിക്കേണ്ടി വന്നു. മുറിയിലെ പച്ച കാര്‍പ്പെറ്റില്‍ അരുണിമ പടരുന്നത് ഞാന്‍ അറിഞ്ഞു. ഒഴുകിപ്പരന്ന ചോര എന്റെ കൈകളില്‍ നനവ് പടര്‍ത്തിയപ്പോള്‍ ഞാന്‍ നിലത്ത് നിന്നും സെറ്റിയിലേക്ക് വലിഞ്ഞുകയറി. ആ സമയം അല്പം കൂടെ വ്യക്തമായി കണ്ട ചില കാഴ്ചകള്‍ എനിക്ക് കേട്ടറിവ് പോലുമില്ലാത്തതും എന്നെ ഇപ്പോഴും ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നതും ആണ്. ഒരു പക്ഷെ ഈ കത്തിന് എന്നെ പ്രേരിപ്പിക്കുന്നത് ആ കാഴ്ചകളില്‍ നിന്നും ഉടലെടുത്ത ഭയമാവാം എന്ന് ഞാന്‍ സംശയിക്കുന്നു! അല്ല, സംശയമല്ല!! അത് തന്നെയാണ് സത്യം.

ഒരു കൊച്ചു കൈപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്ന അവളെ കണ്ടപ്പോള്‍ കളിക്കിടയില്‍ കാര്‍ഡുകള്‍ എഴുതുന്ന റഫറിയെ ഓര്‍മ്മ വന്നു. ആകാഷയോടെ ആ പുസ്തകത്തിലേക്ക് ഞാന്‍ ഏന്തി നോക്കി. ഖദര്‍ ഷര്‍ട്ടിട്ട മെമ്പര്‍, ദേവപാലന്‍ പോലീസ്, തമാശക്കാരന്‍ സിനിമാ നടന്‍, മുഖത്ത് കാക്കപ്പുള്ളിയുള്ള ജ്വല്ലറിയുടമ.. എനിക്കൊന്നും മനസ്സിലായില്ല!!

ചിന്തയിലാണ്ടിരുന്ന ഞാന്‍ പവ്‌ലൂഷെങ്കൊ ഡിഫന്റര്‍മാരെ ബോക്സിനുള്ളില്‍ കബളിപ്പിച്ച് പന്ത് ഡ്രിബ്ല് ചെയ്ത് കയറ്റി കൊണ്ടുവരുന്നതും വലയുടെ മൂലയിലേക്ക് കോരിയിട്ടതും കണ്ടില്ല. ഒഴുകി പരക്കുന്ന ചോരച്ചാലുകളില്‍ ചവിട്ടാതെ, ഗ്ലാസ്സില്‍ അവശേഷിച്ച സ്മിര്‍ണോഫ് ഗോള്‍ഡ് വലിച്ചിറക്കി ചിറി തുടച്ച്, അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ഭീതിയില്‍ പകച്ചു നില്‍ക്കുന്ന മറ്റുള്ളവരെ തള്ളിമാറ്റികൊണ്ട് ആടിയാടി അവളിലേക്ക് നടന്നടുക്കുന്ന ചെന്നായ്കൂറ്റനെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍.

"കളി നിയമങ്ങള്‍ തെറ്റിച്ചിട്ടല്ലേ? ഇനിയിപ്പോള്‍ അതോര്‍ത്തിട്ട് കാര്യമില്ല. ഈ മരണം റഷ്യക്കും ചെക്കിനും സമര്‍പ്പിക്കാം" പൊട്ടിച്ചിരിച്ചുകൊണ്ട് അത് പറയുമ്പോള്‍ അയാളുടെ മുഖത്ത് ഒരു കൌശലക്കാരന്റെ ഭാവം ഞാന്‍ കണ്ടു.

ടി വി സ്ക്രീനില്‍ പവ്‌ലൂഷെങ്കൊയുടെയും റഷ്യന്‍ കളിക്കാരുടേയും ആഹ്ലാദനൃത്തവും ഹെല്‍മറ്റ് അഴിച്ചുമാറ്റി നിരാശയുടെ മുഖം തുടക്കുന്ന എന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ മാറിമാറികാണിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. തലയില്‍ കെട്ടിയിരുന്ന മഫ്ലര്‍ അഴിച്ചു മുഖം തുടച്ചുകൊണ്ട് ചെന്നായ അപ്പോഴേക്കും അവള്‍ക്കരികിലേക്ക് ഒഴുകിയെത്തി. ടിവി സ്ക്രീനിലേക്കും ചെന്നായയിലേക്കും മാറിമാറി നോക്കികൊണ്ട് കൈപുസ്തകത്തിലേക്ക് എന്തോ കൂടെ അവള്‍ പെട്ടന്ന് എഴുതിചേര്‍ക്കുന്നത് കണ്ട് ആകാംഷയോടെ ഞാന്‍ വീണ്ടും എത്തി നോക്കി.

ഗോളി

അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ അവള്‍ക്കരികില്‍ എത്തുകയും പുസ്തകം അവള്‍ എവിടെയോ ഒളിപ്പിക്കുകയും ചെയ്തിരുന്നു.

അങ്ങയുടെ ഭാഗത്ത് നിന്നും ഉചിത നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്

പീറ്റര്‍ ചെക്ക്