ചൊവ്വാഴ്ച, ജൂലൈ 10, 2012

എഴുത്തിന്റെ ലോഡ്ജിലൂടെ...

പുതു എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവ പുരസ്കാരത്തിനര്‍ഹനായ ശ്രീ.സുസ്മേഷ് ചന്ത്രോത്ത്. ഡി എന്ന ആദ്യ നോവലിലൂടെ എഴുത്തിന്റെ വഴികളില്‍ തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പുതിയ നോവല്‍ പേപ്പര്‍ ലോഡ്‌ജും വായനക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ നോവലിലൂടെ തന്നെ ഡിസി നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് കരസ്ഥമാക്കിയ സുസ്മേഷ് അങ്കണം അവാര്‍ഡ്, കെ..കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം, ഇടശ്ശേരി അവാര്‍ഡ്, സാഹിത്യശ്രീ പുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, അങ്കണം- .പി.സുഷമ എന്‍ഡോവ്മെന്റ്, പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ സ്മാരക കഥാപുരസ്കാരം, ജേസി ഫൌണ്ടേഷന്‍ കഥാപുരസ്കാരം, തിരക്കഥക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫിലിം ക്രിറ്റിക്സ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ എഴുത്തിന്റെ വഴികളില്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പ്രഥമ യുവ പുരസ്കാരം സുസ്മേഷിലൂടെ കരസ്ഥമാക്കാനായി എന്നതും മലയാള സാഹിത്യ ലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമായി. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് , ബ്ലോഗര്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ ശ്രീ.സുസ്മേഷുമായി പേപ്പര്‍ ലോഡ്ജിന്റെ വായനക്കൊടുവില്‍ നടത്തിയ ഒരു ഇ-മെയില്‍ അഭിമുഖമാണ് ഇത്. മുന്‍പൊരിക്കല്‍ ശ്രീ.ബെന്യാമിനുമായി നടത്തിയ അഭിമുഖത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രോത്സാഹനം മാത്രമായിരുന്നു വീണ്ടും ഇത്തരമൊരു പരീക്ഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. എന്റെ ചോദ്യങ്ങളോട് സഹകരിച്ച പ്രിയ എഴുത്തുകാരന് സ്നേഹം അറിയിച്ചുകൊണ്ട് സുസ്മേഷിന്റെ എഴുത്തുലോഡ്ജിലേക്ക്...

ഭൂതം

1.കഥകളുടേതാണല്ലോ സുസ്മേഷിന്റെ ലോകം. വ്യക്തിപരമായ ഒരു ചോദ്യത്തില്‍ നിന്നും തുടങ്ങട്ടെ. കഥകളുടെ ലോകത്തെ സുസ്മേഷിന്റെ ഭൂതകാലം ഒന്ന് വിശദീകരിക്കാമോ? കഥകളിലേക്ക് വലിച്ചടുപ്പിച്ച ശക്തി അങ്ങിനെയെന്തെങ്കിലും?
= കണ്ണൂരിലെയും ഹൈറേഞ്ചിലെയും കുട്ടിക്കാലാനുഭവങ്ങളാണ് എനിക്ക് കരുത്ത് പകര്‍ന്നതെന്ന് നിസ്സംശയം പറയാം. ഉദാഹരണത്തിന് കണ്ണൂരിലെ അച്ഛന്റെ വീട്ടിലേക്കുള്ള വഴികളില്‍ നിറയെ കുറുക്കന്മാരുണ്ടായിരുന്നു. വന്മരങ്ങളുണ്ടായിരുന്നു. ഇടവഴികളിലും കാവുകളിലും തെയ്യങ്ങളും മുത്തപ്പനുമുണ്ടായിരുന്നു. മുത്തപ്പന്റെ കഥകള്‍ അച്ഛന്‍ പറഞ്ഞുതന്നിട്ടുള്ളത് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടു്. അതിലൊക്കെ മനുഷ്യത്വം, കാരുണ്യം, ദയ, അനീതിക്കെതിരെയുള്ള സാഹസിക പോരാട്ടങ്ങള്‍ എന്നിവയൊക്കെ വേണ്ടുവോളമുണ്ടായിരുന്നു. അത്ഭുതം നിറഞ്ഞ കെട്ടുകഥകളാണ് പുതിയ കഥ പറയാനുള്ള ആന്തരികചോദന തന്നത്.
2.ആദ്യ നോവലായ ഡിയുടെ രചന ആരംഭിച്ചത് ഒരു ലോഡ്ജ് മുറിയുടെ ഏകാന്തയില്‍ നിന്നായിരുന്നു എന്ന് നോവലിന്റെ ആദ്യം 'എന്റെ ബോധ്യമാണ് ഡി' എന്ന കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഒരു ലോഡ്ജ് മുറിയുടെ ഏകാന്തയില്‍ നിന്നും ആരംഭിച്ച നോവല്‍ യാത്ര ഇന്നിപ്പോള്‍ മറ്റൊരു ലോഡ്ജിന്റെ (പേപ്പര്‍ ലോഡ്ജ്) വിശാലക്യാന്‍‌വാസില്‍ എത്തിനില്‍ക്കുന്നു. ഫാന്റസിയുടെ ഡി ലോകത്ത് നിന്നും റിയാലിറ്റികളുടെ പേപ്പര്‍ ലോഡ്ജിലേക്ക് എത്തുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സ്വയം എങ്ങിനെ വിലയിരുത്തുന്നു?
= ഇതെന്നെ വിസ്മയിപ്പിച്ച ചോദ്യമാണ്. കാരണം ഇതുവരെ അതേപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നില്ല എന്നതുതന്നെ. ശരിയാണ്, പേപ്പര്‍ ലോഡ്ജ് എന്ന ടൈറ്റില്‍ അന്വര്‍ത്ഥമാവുന്നത് മനുഷ്യന്‍ പാര്‍ക്കാനായി തിരഞ്ഞെടുക്കുന്ന താല്ക്കാലിക വാസസ്ഥലങ്ങള്‍ എന്ന നിലയിലാണ്. എന്നാല്‍ അതെന്റെ ജീവിതത്തിന്റെ പൂരണംകൂടിയാവുന്നുണ്ടെന്നെത് ഞാന്‍ സമ്മതിക്കുന്നു.അത്രയധികം താല്ക്കാലിക വാസസ്ഥലങ്ങളില്‍ ഇതിനകം ഞാന്‍ താമസിച്ചിട്ടു്. ഇതില്‍ ഏകാന്തതയോടൊപ്പമുള്ള എന്റെ സഹവാസവും കടന്നുവരുന്നുണ്ട്. ഏകാന്തതയാണ് എന്നെ അന്വേഷിക്കുന്നവനാക്കിയത്. കേവലമായ വാക്കുകളുടെ അര്‍ത്ഥത്തിനപ്പുറത്ത് ആശയങ്ങളുടെ ഖനി തേടിപ്പോകാന്‍ ഞാന്‍ ശ്രമിച്ചത് എന്നോടൊപ്പമുണ്ടായിരുന്ന ഏകാന്തതയും ഒറ്റപ്പെടലും മൂലമാണ്.
3.രാഷ്ട്രപുരോഗതി, വിദ്യാഭ്യാസം, മതം - ജാതി, രാഷ്ട്രീയം, അങ്ങിനെ സമൂഹത്തിലെ പല കോണുകളെക്കുറിച്ചും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഡിയില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ട്. ഉദാ: സമയസ്ഥലയില്‍ രാഷ്ട്രീയ പ്രതിഭകളുടെ അഭാവമുണ്ടാവാന്‍ പാടില്ല. പൌരന്മാര്‍ സ്വയം നാടിനു വേണ്ടിയും തനിക്കുവേണ്ടിയും സം‌രക്ഷകരായി തീരണം. സ്കൂളില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഒരു പാതയുണ്ടാവണം. അങ്ങിനെയങ്ങിനെ.. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതികളെയും വിദ്യാഭ്യാസ രീതികളെയും മറ്റും എങ്ങിനെ നോക്കിക്കാണുന്നു?
= എഴുത്തുകാരനെന്ന നിലയിലും സാമൂഹികനിരീക്ഷകന്‍ എന്ന നിലയിലും നോക്കിക്കാണുമ്പോള്‍ ഇന്നത്തെ കേരളീയ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഞാന്‍ തൃപ്തനാണ്. മതങ്ങളും വ്യക്തികളും ആള്‍ദൈവങ്ങളും സ്ഥാപനങ്ങളും വിദ്യാഭ്യാസം വിതരണം ചെയ്യുന്നുണ്ടെങ്കിലും അവ മത്സരബുദ്ധിയുള്ള വിദ്യാര്‍ത്ഥികളെ അരക്ഷിതരാക്കുന്നില്ല. അവരെ അരക്ഷിതരാക്കുന്നത് സാമൂഹികബോധമില്ലായ്മയും മതപരമായ പിടിമുറുക്കങ്ങളും അരാഷ്ട്രീയതയുമാണ്. തീര്‍ച്ചയായും ഇന്ത്യന്‍ യുവാക്കള്‍ യുവത്വത്തിന്റെ ലഹരിക്ക് അടിമകളാണ്. യുവത്വത്തിന്റെ ലഹരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രായത്തിന്റെ ആനുകൂല്യത്തില്‍ ലഭിക്കുന്ന അവരുടെ സ്വാതന്ത്ര്യം തന്നെ. എന്നാല്‍ ഇരുപത്തഞ്ചുകൊല്ലം മുമ്പത്തെ യുവത്വത്തിനുപോലും രാഷ്ട്രീയവും സാംസ്കാരികവുമായ ദിശാബോധമുണ്ടായിരുന്നു.കലയിലേക്കും രാഷ്ട്രീയത്തിലേക്കും മറ്റ് മേഖലകളിലേക്കും അന്നത്തെ യുവത്വം വന്നെത്തിയത് തീക്ഷ്ണമായ ആത്മബോധത്തോടെയാണ്. അത്തരം ആത്മബോധം പകരുന്നതില്‍ ഇന്നത്തെ രക്ഷിതാക്കളും വിദ്യാഭ്യാസസ്ഥാപനങ്ങളും പരാജയപ്പെടുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജോലിയോ ജോലി ചെയ്യാനുള്ള യോഗ്യതയോ വിവാഹക്കമ്പോളത്തിലെ വിലപേശലിനുള്ള എളുപ്പവഴിയോ മാത്രമേ വിദ്യാര്ത്ഥികള്‍ക്ക് നല്കുന്നുള്ളൂ. രാഹുല്‍ ഗാന്ധി ഇന്ത്യ ഭരിക്കാന്‍ പോകുന്നതുകൊണ്ട് ഇന്ത്യന്‍ യുവത്വത്തിന് ആത്മബോധം കിട്ടുമെന്ന് കരുതാന്‍ വയ്യ.
4.ഡിയില്‍ നിന്നും 9 എന്ന നോവലിലേക്ക് വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു സുസ്മേഷിനെയാണ് കാണുവാന്‍ കഴിയുന്നത്. ആദ്യ നോവലിന് ഉപയോഗിച്ച സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി കഥ പറയുവാന്‍ കാലങ്ങളായി വര്‍ത്തിച്ചു പോരുന്ന സമ്പ്രാദായിക എഴുത്ത് അതില്‍ ദര്‍ശിക്കാം. ഈ മാറ്റം മന:പൂര്‍‌വ്വമായിരുന്നൊവോ?അതോ നോവലിന്റെ ഭൂമികക്ക് ചേരും വിധം സംഭവിച്ച് പോയതാണോ?
= ഡിയും 9 ഉം രണ്ട് തലങ്ങളിലേക്ക് പുറം തിരിഞ്ഞുപോകുന്ന പ്രമേയങ്ങളാണ്. ഡി എന്നത് സാമാന്യമായി പറഞ്ഞാല്‍ ഭാവിയെച്ചൊല്ലിയുള്ള സംവാദമോ ഭാവനയോ ആണ്. അതേസമയം അതില്‍ തീവ്രയാഥാര്‍ത്ഥ്യത്തിന്റെ വരര്‍ത്തമാനകാലവിത്തുകള്‍ വീണു മുളയ്ക്കുകയും ചെയ്യുന്നുണ്ട്. വാസ്തവത്തില്‍ മുളക് വിത്തുകളാണ് അവ. വിളയുകയും പൊട്ടിത്തെറിച്ച് കണ്ണ് നീറ്റുകയും ചെയ്യുന്നവ. എന്നാല് 9 തിരിഞ്ഞുപോക്കാണ്. ഭൂതകാലത്തിലേക്ക്. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന്റെ കഥകളാണ് ഓര്‍മ്മകളുടെ രൂപത്തില്‍ പറയുന്നത്. ഓര്‍മ്മകള്‍ നിലാവ് പോലെയാണ്. ചൂടുപകരില്ല. ഭാവനകള്‍ നമ്മെ ഉദ്ദീപിപ്പിക്കുന്നതുപോലെ ഓര്‍മ്മകള്‍ ഉദ്ദീപനം തരികയില്ല. ഈ വൈചിത്ര്യത്തെ അംഗീകരിക്കാതെ രണ്ടുനോവലുകളുടെയും ഉള്ളടക്കം രൂപീകരിക്കാനാവുമായിരുന്നില്ല.
5.ഡി എന്ന സാങ്കല്‍‌പീക നഗരത്തിന്റെ കഥ പറയുമ്പോള്‍ മുതല്‍ തന്നെ തൂവാനം എന്ന നാടിനോട് ഉള്ള അറ്റാച്മെന്റ് കാണാം. തുടര്‍ന്ന് 9 എന്ന നോവലിന്റെ പശ്ചാത്തലം അതേ തൂവാനം എന്ന നാടായി മാറുകയും ചെയ്തു. മുകുന്ദന് മയ്യഴി പോലെ, എം.ടിക്ക് നിളാതീരം പോലെ.. അങ്ങിനെയൊരു ഫീല്‍. “ഞാന്‍ വായിച്ചിട്ടുള്ള എഴുത്തുകാരില്‍ പലരും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷെ ആരുടെയും സ്വാധീനം എഴുത്തില്‍ വരാതിരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് “എന്ന് ഡിയുടെ തുടക്കത്തില്‍ പറയുന്നുമുണ്ട്. തന്റെ രണ്ടാമത്തെ മാത്രം നോവല്‍ എന്ന നിലയില്‍ 9 ന്റെ രചനാവേളയില്‍ ഇത്തരത്തില്‍ ടൈപ്പ് ചെയ്യപ്പെട്ടേക്കും എന്ന ഒരു ഭീതിയുണ്ടായിരുന്നൊവോ?
= ഇല്ല. 9 ഞാന് ആയാസപ്പെടാതെ എഴുതിയ കൃതിയാണ്. ഡി യില്‍ സൂചിപ്പിച്ചുപോയ തൂവാനത്തെ തന്നെയാണ് 9 ല്‍ പ്രധാനപശ്ചാത്തലമാക്കിയത്. തൂവാനത്തെ പറ്റി പൂര്‍ണ്ണമായും എഴുതാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു.

വര്‍ത്തമാനം

6. പേപ്പര്‍ലോഡ്ജിലേക്ക് വരാം. ബൃഹത്തായ ഒരു ക്യാന്‍‌വാസില്‍ വലിയ ഒരു കഥ പറയുകയാണ് പേപ്പര്‍ ‌ലോഡ്ജില്‍. ഇത്തരം ഒരു പ്രമേയത്തിലേക്ക് എത്തിച്ചേരുവാന്‍ പ്രേരിപ്പിച്ച ഘടകം വായനക്കാരുമായൊന്ന് പങ്കുവെക്കാമോ?
= പേപ്പര്‍ ലോഡ്ജ് ഇത്ര വലുതാകുമെന്ന് കരുതി എഴുതിത്തുടങ്ങിയ നോവലല്ല. അതിന്റെ വിശാലമായ പശ്ചാത്തലം എന്നെക്കൊണ്ട് അങ്ങനെ എഴുതിക്കുകയായിരുന്നു. ആലോചിച്ചുനോക്കിയാല്‍ വായനക്കാര്‍ക്ക് അത് മനസ്സിലാകും. പേപ്പര്‍ ലോഡ്ജ് ഇനിയും നീട്ടിയെഴുതാം. കാരണം അതിനുള്ള രംഗപശ്ചാത്തലവും കഥാപാത്രങ്ങളും അതിലുണ്ട്.
7.സുസ്മേഷിന്റെ കഥകള്‍ / നോവലുകള്‍ / തിരക്കഥകള്‍ എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവ തന്നെ. പക്ഷെ സുസ്മേഷിലെ കവിയെ അധികം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് തോന്നുന്നു. പേപ്പര്‍ ലോഡ്ജിലെ ശാന്തയിലൂടെ തീക്ഷ്ണമായ കുറെ വരികള്‍ സുസ്മേഷ് പറത്തിവിടുന്നുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏതാണ് സുസ്മേഷിന് ഏറെ ഇഷ്ടമുള്ളത്. കഥ/ നോവല്‍/ തിരക്കഥ / കവിത?
= പേപ്പര്‍ ലോഡ്ജില്‍ ശാന്ത എഴുതിയതായി പറയുന്ന കവിതകളൊക്കെ എഴുതിയത് ഞാന്‍ തന്നെയാണ്. അതൊക്കെ നോവലിന്റെ ഭാഗമായ ശാന്ത എന്ന കഥാപാത്രത്തിന്റെ അപൂര്‍ണ്ണകവിതകള്‍ മാത്രമാണ്. അതിനപ്പുറം എന്തെങ്കിലും പറയാന്‍ ഞാനില്ല.എനിക്കു വഴങ്ങുന്നതും ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നതും കഥയും നോവലും തിരക്കഥയും തന്നെയാണ്.
8.എഴുത്തില്‍ സാമ്പ്രദായിക എഴുത്തുരീതികള്‍ തന്നെയാണ് സുസ്മേഷ് പിന്തുടരുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒരു പരിധിവരെ ഡി മാത്രമാണ് അല്പമൊരു അപവാദം. അതുപോലെ താങ്കളുടേതായി നോവലുകളിലും ബ്ലോഗിലും വായിച്ചിട്ടുള്ള ചില കവിതകളും അപവാദങ്ങള്‍ തന്നെ. സമകാലീനരായ എഴുത്തുകാരും മുന്നേ നടന്നിട്ടുള്ളവരും പുതുവഴികള്‍ / പുതു രീതികള്‍ തേടി നടക്കുമ്പോഴും പഴയ കഥ പറച്ചില്‍ രീതിയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം?
= കഥ പറച്ചിലിന് പഴയ രീതിയെന്നോ പുതിയ രീതിയെന്നോ ഇല്ല. ഓരോ എഴുത്തുകാരനും സ്വീകരിക്കുന്ന ക്രാഫ്റ്റിനും ഭാഷയ്ക്കും വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അല്ലാതെ മാറ്റിപ്പറഞ്ഞാലോ പരിഷ്കരിച്ചുപറഞ്ഞാലോ അത് കഥയാവില്ല. മോപ്പസാങ്ങും ചെക്കോവും ആല്ഡസ് ഹക്സലിയും ഓ.ഹെന്‍‌ട്രിരിയും തുടങ്ങി ടാഗോറും കാരൂരും സക്കറിയും മാധവിക്കുട്ടിയും ഷാജികുമാറും വരെയുള്ളവര്‍ എഴുതുന്നത് കഥയുടെ പൊതുസ്വീകാര്യമായ ചതുരത്തിനകത്ത് നിന്നുകൊണ്ടാണ്. അങ്ങനെയേ പറ്റൂ.. കഥകള്‍ എനിക്കും അങ്ങനെയേ എഴുതാന്‍ പറ്റൂ. എന്നാല്‍ നോവല്‍, ദസ്തയേവ്സകിയും ഹുവാന്‍ റൂള്ഫോയും കുന്ദേരയും ബോളോനോയും യോസയും ഇസ്മയില്‍ ഖാദറേയും പാമുഖും മാര്‍ക്കേസും ബെന്യാമിനും രാമകൃഷ്ണനും കോവിലനും എഴുതുന്നതുപോലെ അന്തമില്ലാത്ത സ്വാതന്ത്യത്തില്‍ എഴുതിക്കൂട്ടാം. ഭാഷയോ ഘടനയോ കാലമോ വിഷയമോ മാറ്റിമറിക്കാം. എന്തും ചെയ്യാം. അതുകൊണ്ടാണ് കണ്ടം വെച്ച കോട്ടായിട്ടും രാമകൃഷ്ണന്റെ ഇട്ടിക്കോരയും നിര്‍വികാരമായ റിപ്പോര്‍ട്ടിംഗായിട്ടും ആടുജീവിതവും നല്ല വായനക്കാരല്ലാത്തവരും ഏറ്റെടുക്കുന്നത്. കഥയില്‍ ഇമ്മാതിരി അഭ്യാസങ്ങള്‍ കാണിച്ചാല്‍ അതോടെ 'കഥ' തീരും.!
9.ഹരിതമോഹനം എന്ന കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. വളരെ മികച്ച ഒരു കഥയെന്ന് അംഗീകരിക്കപ്പെട്ടതുമാണ് ആ കഥ. വളരെ നല്ല ഒരു സന്ദേശം നല്‍കുന്ന ഒരു കഥ. ഇവിടെ കഥയെ കുറിച്ചല്ല ചോദ്യം. മറിച്ച് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പരിസ്ഥിതി- രാഷ്ട്രീയം- അങ്ങിനെ സമൂഹത്തിന്റെ വിവിധ കോണുകളോട് ഒരു എഴുത്തുകാരന്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അല്ലെങ്കില്‍ അങ്ങിനെ ഒരു ആവശ്യം / കമിറ്റ്മെന്റ് എഴുത്തുകാരനുണ്ടോ എന്നതിനെ പറ്റി സുസ്മേഷിന്റെ വീക്ഷണം ?
= അത് ആ കഥ തന്നെ വേണ്ടുവോളം ചര്‍ച്ച ചെയ്യുന്നുണ്ടെന്നൊണ് എന്റെ വിശ്വാസം.
10.രാഷ്ട്രീയമായ / മതപരമായ / തത്വശാസ്ത്രപരമായ വീക്ഷണങ്ങള്‍ക്കനുസരിച്ച് എഴുത്തുകാരന്റെ രചനയെ തിരസ്കരിക്കുന്നതോ സ്വീകരിക്കുന്നതോ ശരിയാണോ? ഒരു രചനയെ വിലയിരുത്തേണ്ടത് എഴുത്തുകാരനിലെ എന്ന വ്യക്തിക്കധിഷ്ടിതമായാണോ?അതോ രചനയുടെ കാമ്പിന്റെ പിന്‍ബലത്തിലോ?
= നിങ്ങളെങ്ങനെ വിലയിരുത്തിയാലും കാലത്തിനൊരു വിലയിരുത്തലുണ്ട്. അതില്‍ വിജയിക്കുന്നതേ നിലനില്ക്കൂ.
11. ബ്ലോഗെഴുത്തില്‍ കൂടെ ഈയിടെ താങ്കള്‍ ആക്റ്റീവ് ആണല്ലോ. സര്‍ഗ്ഗാത്മ എഴുത്തിനേക്കാള്‍ , (അതായത് താങ്കളുടെ കഥ , കവിത എന്നിവയേക്കാള്‍) കൂടുതല്‍ കൊച്ചു കുറിപ്പുകള്‍ക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ക്കും വേണ്ടി ബ്ലോഗെഴുത്തിനെ ഉപയോഗിക്കുവാനാണ് ഇഷ്ടമെന്ന് മെറൂണ്‍ മുതല്‍ ബാബു വരെ എന്ന പോസ്റ്റിലെ ഒരു കമന്റിലൂടെ വിശദമാക്കിയിരുന്നു. സര്‍ഗാത്മക രചനകള്‍ ബ്ലോഗിലൂടെ പുറത്ത് വന്നാല്‍ പിന്നീട് അവ പരിഗണിക്കപ്പെടില്ല എന്ന തോന്നലുണ്ടോ? - മാധ്യമത്തിലും ഇ - മാധ്യമത്തിലും ഒരു പോലെ ആക്റ്റീവ് ആയ ആളെന്ന നിലയ്ക്ക് രണ്ട് മീഡിയകളെയും കുറിച്ചുള്ള കാഴ്ചപ്പാട് ഒന്ന് വിശദീകരിക്കാമോ?
= ഇല്ല. അങ്ങനെയൊന്നുമില്ല. ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ്. തീര്‍ച്ചയായും നെറ്റിലെ നല്ല വായനക്കാര്‍ രംഗത്തു വരാത്തതാവാം. പ്രതികരണം അവര്‍ എഴുതിയിടാത്തതാവാം. എങ്കിലും സാഹിത്യത്തിന് ബ്ലോഗില്‍ കിട്ടുന്ന പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ച് ഉന്മേഷം പകരുന്നവയായിരുന്നില്ല.

വര്‍ത്തമാനത്തിലെ ഭാവി

12.എഴുത്തുകാരന്‍ എന്നത് സ്വന്തം പ്രൊഫഷനായി സ്വീകരിച്ച അപൂര്‍‌വ്വം പുതു എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍ എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ എഴുത്തിന്റെ വഴികളില്‍ വ്യക്തമായ ഭാവി കാഴ്ചപാടുകളും കാണുമെന്ന് കരുതുന്നു. വായനക്കാരുമായി അതൊന്ന് പങ്കുവെക്കാമോ? പുതിയ പ്രോജക്ടുകള്‍ എന്തൊക്കെ?
= ഇങ്ങനെയൊക്കെയങ്ങ് പോയാല്‍ കൊള്ളാമെന്നുന്നല്ലാതെ വ്യക്തമായ യാതൊരു പ്ലാനുമില്ല. ആര്‍ക്കും പ്ലാനിങ്ങുമായി സമീപിക്കാന്‍ പറ്റിയ ചരക്കല്ല സര്‍ഗ്ഗാത്മകത. അങ്ങനെ ധരിക്കുന്നത് മൂഢന്മാര്‍ മാത്രമായിരിക്കും. എഴുതാന് പറ്റുന്നത് എഴുതാന് ശ്രമിക്കും. അത്രേയുള്ളൂ.
13. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ / ബ്ലോഗുകള്‍/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നീ നവ മാധ്യമങ്ങള്‍ വരും നാളുകളില്‍ സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് താങ്കള്‍ കരുതുന്നു. സമകാലീനരും പൂര്‍‌വ്വസൂരികളുമായ പലരും ഇന്ന് അത്തരം മീഡിയകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത് ഒരു മാറ്റത്തിന്റെ കാഹളമാണെന്ന് കരുതുന്നുവോ?
= എല്ലാത്തരം കണ്ടുപിടിത്തങ്ങളോടും മനുഷ്യന് യോജിച്ചേ പറ്റൂ. മനുഷ്യന് യോജിക്കുകയും ചെയ്യും.
14. - വായനയെ / - എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇപ്പോള്‍ ഒട്ടേറെ പരിപാടികള്‍ നടത്തപ്പെട്ടു വരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്ന ആളെന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു? അത്തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളോട് എങ്ങിനെ സഹകരിക്കും?
= വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് അതെല്ലാം. ഏതുരീതിയിലും അത്തരം ശ്രമങ്ങള്‍ക്കൊപ്പം നില്ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ അഭിപ്രായം മലയാളഭാഷയെ കുട്ടികളോട് കൂട്ടിച്ചേര്‍ക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര ചെയ്താലും മതിയാവുകയില്ല എന്നാണ്.




 വാചികം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്