ബുധനാഴ്‌ച, മാർച്ച് 30, 2011

വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍

പുസ്തകം : വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍
രചയിതാവ് : ധന്യ മഹേന്ദ്രന്‍
പ്രസാധനം : സിയെല്ലസ് ബുക്സ്"അനര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ്‌ കവിത"

വില്യം വേര്‍ഡ്സ്‌വര്‍ത്തിന്റെ ഈ വാക്കുകളേക്കാള്‍ മനോഹരമായി കവിതക്ക് ഒരു നിര്‍‌വ്വചനം കൊടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്‌. കവിതകളുമായി വായനയിലൂടെയുള്ള ഒരു ബന്ധം മാത്രമേ എനിക്കുള്ളു. അത് തന്നെ വളരെ ശുഷ്കമായതും. പക്ഷെ എന്റെ ശുഷ്കമായ വായനയില്‍ പോലും പല കവിതകളിലും കണ്ടിരിക്കുന്ന മേല്‍സൂചിപ്പിച്ച വികാരങ്ങളുടെ കുത്തൊഴുക്ക് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. കവി കാല്പനീകനാണ്‌. പക്ഷെ, അതോടൊപ്പം അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു സമൂഹജീവിയും ആണ്‌. പലപ്പോഴും കവികള്‍ കാല്പനീകതയില്‍ മാത്രം അഭിരമിക്കുമ്പോള്‍, പ്രണയവും സമരവുമായി സമരസപ്പെടുമ്പോള്‍ അവര്‍ തങ്കള്‍ക്ക് സമൂഹത്തോടുള്ള കടമ മറക്കുന്നുവോ എന്ന് തോന്നിയിട്ടുണ്ട്. അതൊരു കുറ്റമെന്ന് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് കവിതക്ക് കാല്പനീകത സ്ഥായീഭാവമെങ്കില്‍ സാമൂഹ്യബോധം കാവ്യനീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ "വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍" എന്ന കുമാരി ധന്യമഹേന്ദ്രന്റെ സമാഹാരത്തിലെ കവിതകളിലൂടെ ഒരു വട്ടം ഒന്ന് സഞ്ചരിച്ചപ്പോള്‍ ധന്യയില്‍ ഒരു കാല്പനീക കവിയേക്കാള്‍ ഏറെ സാമൂഹ്യ അവബോധമുള്ള കവയത്രിയെ കാണാന്‍ കഴിഞ്ഞു എന്നത് എന്നിലെ വായനക്കാരനെ ഏറെ സന്തോഷിപ്പിച്ചു.

Unity in diversity നാനാത്വത്തില്‍ ഏകത്വം, ഒരു കാലത്ത് ഭാരതം ഊറ്റം കൊണ്ടിരുന്നു നമ്മുടെ ഈ സംസ്കാരിക പാരമ്പര്യത്തില്‍. പക്ഷെ ഇന്നോ? അധികാരത്തിന്റെ മത്ത് പിടിച്ച, വെറുപിടിച്ച ഹുങ്കാരമാണ്‌ നമുക്ക് ചുറ്റും.. അത് രാഷ്ട്രീയമാവട്ടെ.. മതമാവട്ടെ.. സംഘടനയാവട്ടെ.. വ്യക്തികളോ കുടുംബമോ ഗോത്രമോ വംശമോ ആവട്ടെ എവിടെയും അധികാരഭ്രമത്തിന്റെ കബന്ധങ്ങള്‍ തൂങ്ങിയാടുന്നു. ഇന്നലെ ഇവിടെ ലോകാസമസ്താ സുഖിനോ ഭവന്ദു എന്ന് ഉരുവിട്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നെന്നും ഇന്ന് ഒരു ജനതയുടെ സത്വം പുരോഗതിയുടെ നാമധേയത്തില്‍ അടിമകളാക്കപ്പെടുന്നു എന്നും കാലങ്ങളായി വിലപേശുന്ന കസേരകള്‍ക്ക് ചോരയുടെ മടുപ്പിക്കുന്ന മണമെന്നും അപ്പകഷണങ്ങള്‍ക്കായി കടിപിടി കൂടുന്ന നായ്കളുടെ ശബ്ദം ഇടനാഴിയില്‍ പ്രതിധ്വനിക്കുന്നു എന്നും "നഷ്ടങ്ങള്‍" എന്ന കവിതയിലൂടെ ധന്യ ഉറച്ച് പറയുമ്പോള്‍ ആ വരികളിലെ തീക്ഷ്ണത കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. ഇതൊരു ഉദാഹരണം മാത്രം!! ഇത്തരത്തില്‍ സാമൂഹീക - രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള പ്രതികരണങ്ങള്‍ തന്നെ കുമാരി ധന്യ മഹേന്ദ്രന്റെ ഈ സമാഹാരത്തിലെ മിക്ക കവിതകളും.

സ്നേഹം എന്ന കവിത ഇന്നത്തെ രാഷ്ട്രീയക്കാരോടുള്ള വെല്ലുവിളിയാണ്‌. വിരുദ്ധചേരിയില്‍ നിന്ന് പടപൊരുതുന്ന സുഹൃത്തുക്കള്‍.. അവര്‍ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും വേണ്ടി ഇരുട്ടില്‍ പരസ്പരം കഠാരകുത്തിയിറക്കുമ്പോള്‍ വീരാളി പട്ടില്‍ പൊതിഞ്ഞ രക്തസാക്ഷികളായി മാറപെടുമ്പോള്‍ കാതങ്ങള്‍ക്കപ്പുറം അല്ലെങ്കില്‍ വളരെയടുത്ത് കരിപിടിച്ച അടുക്കളപ്പുറങ്ങളില്‍ ഉയരുന്ന അമ്മമാരുടെ കണ്ണുനീര്‍ ആരും കാണുന്നില്ല. സഹോദരങ്ങളുടേയും മക്കളുടെയും വികാരം ആരും തിരിച്ചറിയുന്നില്ല. അതി മനോഹരമായി തന്നെ ഇത് വരച്ച് കാട്ടിയിട്ടുണ്ട് ധന്യ സ്നേഹമെന്ന കവിതയിലൂടെ.. ഇന്നത്തെ ഇത്തരം രാഷ്ട്രീയ ചുടലക്കളം കണ്ട് മനം‌മടുത്തിട്ടാവാം കണ്ണുകെട്ടപ്പെട്ട പഴയ അതേ ഇതിഹാസ നായിക ഗാന്ധാരിയെ കൊണ്ട് ഒരിക്കല്‍ കൂടെ ഭഗവാന്‍ കൃഷ്ണനോട് "അമ്മമനസ്സ്" എന്ന കവിതയിലൂടെ ധന്യ ചോദിപ്പിക്കുന്നു 'തീരില്ലേ യുദ്ധമൊരു നാളും??'

ഇതിഹാസത്തെ പരാമര്‍ശിക്കുമ്പോള്‍ ഈ സമാഹാരത്തിലെ മറ്റൊരു കവിതയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷെ ഇതിഹാസകാരന്‍ ഉള്‍പ്പെടെ ഒട്ടുമിക്കവരും വിസ്മരിച്ച ഒരു കഥാപാത്രമാണ്‌ രാമായണത്തിലെ ഊര്‍മ്മിള. എന്നും സീതയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്നവള്‍. രണ്ടാമൂഴക്കാരിയായി പോലും ഒരിടത്തും ആരും ഇളയെ പരിഗണിച്ച് കണ്ടിട്ടില്ല. രാമനെയും , ലക്ഷ്മണനെയും, കൈകേയിയേയും, ദശരഥനെയും , അംഗദനേയും, സുഗ്രീവനെയും, ബാലിയെയും എന്തിനേറെ ശൂര്‍പ്പണഖയെ കുറിച്ച് വരെ തീക്ഷ്ണങ്ങളായ രചനകള്‍ പിറവിയെടുത്തപ്പോഴും ഇളക്ക് നേരെ എല്ലാവരും മുഖം തിരിച്ചിട്ടേ ഉള്ളൂ. രാമായാണത്തിലെ തിരസ്കരിക്കപ്പെട്ട ശക്തയായ ആ സ്ത്രീപര്‍‌വ്വത്തിനു വേണ്ടി ഒരു "നെയ്‌വിളക്ക്" കരുതി വെക്കുന്നുണ്ട് ധന്യ ഈ സമാഹാരത്തില്‍. മറ്റുള്ളവര്‍ ചെന്നെത്താത്തിടത്ത് ചെന്നെത്തുന്നവനാണ്‌ സാഹിത്യകാരന്‍. ഇവിടെ ധന്യ മഹേന്ദ്രന്‍ വിജയിക്കുന്നു.

ഒരു കവിതയെ കൂടെ പരാമര്‍ശിക്കാം. ഒറ്റപ്പെട്ടവന്റെ, ഗതികെട്ടവന്റെ, നിസ്സഹായരായവരുടെ കഷ്ടപ്പാടുകളിലേക്കാണ്‌ "നരകത്തിന്റെ വാതില്‍" എന്ന കവിത തുറക്കപ്പെടുന്നത്. ചൂഷണം ചെയ്യപ്പെടുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റും വന്ന് അലമുറയിടുന്ന ഒരു തോന്നല്‍ ഫീല്‍ ചെയ്യിക്കാന്‍ ഈ കവിതക്ക് കഴിയുന്നുണ്ട്. ഇവിടെ അലമുറയിടുന്നവരില്‍ പലരാല്‍ പിച്ചി ചീന്തപ്പെട്ടവരുണ്ട്. വഞ്ചിക്കപ്പെട്ടവരുണ്ട്. അധികാരികളുടെ കബളിപ്പിക്കലില്‍ കുടിലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. പിറന്ന മണ്ണില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട് നിസ്സഹായതയുടെ കൊടും തണുപ്പില്‍ അഭയാര്‍ത്ഥിത്വത്തിന്റെ കമ്പിളി പുതച്ച് ഭയന്ന് വിറങ്ങലിച്ച് ഇരിക്കുന്നവരുണ്ട്. അവരെ സ്മാര്‍ത്തവിചാരം ചെയ്യുവാന്‍ ഊഴം കാത്തിരിക്കുന്നവരോടാവാം കവിയിലൂടെ അവര്‍ കേഴുന്നു.

"ഞങ്ങള്‍ പ്രദര്‍ശനശാലയിലെ
കൌതുക വസ്തുക്കളല്ല
വിലപേശിയുറപ്പിക്കാന്‍
വില്പന ചരക്കുകളല്ല

സഹനത്തിന്റെ കയ്പ്പുനീരു കുടിച്ച് സഹിക്കെട്ടിട്ടാവാം അവര്‍ കവയത്രിയിലൂടെ ചോദിക്കുന്നു

ദൈവങ്ങളുടെ നാട്ടിലേക്ക്
നരകത്തിന്റെ താക്കോലുമായി
നിങ്ങളെ അയച്ചത്
ഏതു തമ്പുരാന്റെ കല്‍‌പനയായിരുന്നു??


തീക്ഷ്ണതയോടെയുള്ള ചോദ്യങ്ങളും വാദപ്രതിവാദങ്ങളുമാണ്‌ ഈ സമാഹാരത്തിലെ പല കവിതകളും.


പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത് കണ്ണൂര്‍ തളിപ്പറമ്പ സീയെല്ലസ് ബുക്സ്. പുസ്തകത്തിനു വേണ്ടി മനോഹരമായ ഒരു കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് വിജയരാഘവന്‍ പനങാട്ട്. എഴുതാതിരിക്കാനാവില്ല എന്ന തോന്നല്‍ കഠിനമാകുമ്പോള്‍ മാത്രം മനസ്സിന്റെ ഗര്‍ഭഗൃഹങ്ങളില്‍ നിന്നും തൂലികത്തുമ്പിലൂടെ ഉതിര്‍ന്നു വീഴുന്നതാണ്‌ എനിക്ക് കവിതകളെന്നും ഇവയില്‍ ജീവസ്സുറ്റതും ,ജീവച്ഛവങ്ങളായവയും ചാപിള്ളകളും ഉണ്ടെന്നും കുമാരി ധന്യ ആമുഖത്തില്‍ പറയുന്നു. മലയാള സാഹിതിയുടെ ശ്രീകോവിലില്‍ ദേവതുല്യം വിളങ്ങുന്ന പൂര്‍‌വ്വസൂരികളുടെ പാദപത്മങ്ങളില്‍ കാണിക്കയായി ഈ സമാഹാരം കുമാരി ധന്യ സമര്‍പ്പിക്കുന്നു. കവിതകള്‍ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ അല്പം കൂടെ ശ്രദ്ധ പുലര്‍ത്താമായിരുന്നു. ചില ചിത്രങ്ങള്‍ കവിതയുടെ അന്ത:സത്തയോട് ഒട്ടേറെ സാമ്യപ്പെടുന്നില്ല എന്ന ഒരു കുറവൊഴിച്ചാല്‍ സമാഹാരം എല്ലാംകൊണ്ടും മികച്ച നിലവാരത്തില്‍ വായനക്കാരന്റെ പക്കല്‍ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ പ്രസാധകരായ സീയെല്ലസ് ബുക്സിനും അഭിമാനിക്കാം.( വില 40 രൂപ)

'വളരെയധികം ചിന്തിക്കുക. കുറച്ചുമാത്രം സംസാരിക്കുക. അതിലും കുറച്ച് എഴുതുക. കാരണം എഴുതുന്നത് കാലത്തിന്‌ വേണ്ടിയാവണം' എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ കടംകൊണ്ടു കൊണ്ട് പറയട്ടെ.. കുമാരി ധന്യ മഹേന്ദ്രന്‍ എന്ന ബ്ലോഗര്‍ കൂടിയായ ഈ കവയത്രിയുടെ ചിന്തകളും കവിതകളും കാലത്തിന്‌ വേണ്ടിയുള്ള നീക്കിയിരിപ്പുകളാവട്ടെ അതോടൊപ്പം വായനക്കാരന്റെ യാത്രയില്‍ ഈ വഴിമരങ്ങള്‍ നല്ലൊരു തണലാവട്ടെ..ഈ പുസ്തകപരിചയം വര്‍ത്തമാനം പത്രത്തിലെ ആഴ്ചയിലെ പുസ്തകം എന്ന കോളത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍

വെള്ളിയാഴ്‌ച, മാർച്ച് 04, 2011

പടകാളിപെണ്ണിന്റെ ചരിതം

കൂറ്റന്‍ നിലക്കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് കരുണാമയീദേവി നിര്‍നിമേഷയായി നോക്കി. വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. കറുത്ത് കുറുകിയ ശരീരത്തില്‍ മേദസ്സ് അടിഞ്ഞു കൂടിയതിന്റെ അടയാളമായി വെളുത്ത വരകള്‍. പ്രായം വിളിച്ചറിയിച്ചുകൊണ്ട് മുടികള്‍ക്കിടയിലും രജതരേഖകള്‍. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ നടുവിലായി ചന്ദനം കൊണ്ട് ഒരു കുറി വരക്കുമ്പോള്‍ കൈയൊന്ന് പതറിയോ?

തന്റെ കറുത്ത രൂപമൊഴിച്ചാല്‍ കണ്ണാടി ഒപ്പിയെടുക്കുന്നത് മുഴുവന്‍ റോസ് നിറമായിരുന്നു. കൊത്തുപണികളാല്‍ അലങ്ക്രിതമായ കട്ടിലിലെ മെത്തവിരിപ്പു മുതല്‍ മുറിയിലേക്കുള്ള പ്രധാന കവാടത്തേയും ഇടനാഴികളേയും മറച്ചുകൊണ്ടുള്ള തിരശ്ശീലകള്‍ക്കും ജനല്‍ വിരിപ്പുകള്‍ക്കും സ്വദേഹത്തെ പൊതിയാനായി മെത്തയില്‍ ഊഴം കാത്തു വിശ്രമിക്കുന്ന ഉത്തരീയത്തിനും ഒക്കെ റോസ് നിറം. ചെറുപ്പം മുതലേ റോസാപുഷ്പങ്ങളോട് വല്ലാത്ത ഒരു അഭിനിവേശമായിര്‍ന്നു. ആ ഓര്‍മ്മകള്‍ക്കൊക്കെ നല്ല തെളിമ! പലതും മറക്കാനാണ്‌ ഇങ്ങിനെയൊരു വേഷം കെട്ടിയതെങ്കിലും ; ഇത്തരം കൊച്ചു കൊച്ചു ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേണ്ടിതന്നെയാണ്‌ ആശ്രമത്തിലെ ഏതൊരു പൂജക്കും ചടങ്ങിനും റോസാപുഷ്പങ്ങള്‍ നിര്‍ബന്ധമാക്കിയത്. ദര്‍ശന സൌഭാഗ്യം തേടിയെത്തുന്ന ഭക്തര്‍ ആശ്രമത്തിലെ പ്രധാന അര്‍ച്ചനയായ പൂമൂടലിന്‌ ഉപയോഗിക്കുന്നതും റോസാപുഷ്പങ്ങള്‍ തന്നെ.


ഒരു ചുരിദാര്‍ ധരിക്കാനും പട്ടുസാരിയുടുക്കുവാനും മുടി ഇരു വശങ്ങളിലേക്ക് മെടഞ്ഞിടുവാനുമൊക്കെ ശരിക്കും ആഗ്രഹമുണ്ട്. പക്ഷെ, എല്ലാ മോഹങ്ങള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ട് ശരീരത്തെ ഈ ഉത്തരീയത്തില്‍ ബന്ധനസ്ഥയാക്കിയിരിക്കുകയാണ്‌. സ്വയം തിരഞ്ഞെടുത്ത വഴി തന്നെയെങ്കിലും; ചില സമയങ്ങളില്‍ മനസ്സിന്റെ വിഭ്രാന്തികള്‍ക്ക് വശപ്പെട്ട് പോകുന്നു. കഴിയില്ല എന്നറിയാം... എങ്കിലും വല്ലാതെ ആശിച്ച് പോകുന്നു.


പുറത്ത് ആരോ വന്നതിന്റെ സൂചനയായി മണിയടിക്കുന്നു. മെത്തയില്‍ തന്നെയും കാത്ത് ആകാംഷയോടെ ഇരിക്കുന്ന വസ്ത്രം എടുത്തണിഞ്ഞു. പെട്ടന്ന്‍ ധരിക്കാം എന്നത് തന്നെയാണ്‌ ഈ വസ്ത്രത്തിന്റെ പ്രത്യേകത. ധരിച്ചു കഴിഞ്ഞാല്‍ സാരി പോലെ തന്നെ തോന്നുമെങ്കിലും മനസ്സിലുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനെന്നോണം ചുരിദാറും സാരിയും സന്നിവേശിപ്പിച്ചു കൊണ്ടുള്ള ഒന്നാണ്‌ ഈ വേഷം. ഫ്രാന്‍സിലെ ഒരു വലിയ ഫാഷന്‍ ഡിസൈനര്‍ ആണ്‌ ഇതിന്റെ ശില്പി. ഉത്തരീയമെന്ന പേരിട്ടത് താന്‍ തന്നെ. ആ കുട്ടി ഇതിനായി ഏതാണ്ട് ഒരു മാസത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്. പാവം!! തന്നോടുള്ള ആരാധന മൂലം രാപ്പകല്‍ മറ്റു ജോലികള്‍ മാറ്റിവെച്ച് ഇതിനായി അവള്‍ തനിക്കൊപ്പം ചിലവഴിച്ചു. ആരാധന എന്ന വാക്ക് ഉപയോഗിക്കാമോ? കേവലം ആരാധനക്കപ്പുറം ഭക്തി മൂത്ത ഒരു തരം ഭ്രാന്ത് തന്നെയല്ലേ അത്. അല്ലെങ്കിലും പലര്‍ക്കും തന്നോടുള്ള ഈ ഭക്തികാണുമ്പോള്‍ മനസ്സില്‍ ചിരിവരുന്നു. ചിലപ്പോഴൊക്കെ വേദനയും.

പുറത്ത് വീണ്ടും മണിയടിയുടെ ശബ്ദം. ഇനിയിപ്പോള്‍ ചന്ദനധൂമമുപയോഗിച്ച് മുടിയുണക്കാനൊന്നും നേരമില്ല. മുടിയാകെ വാരിയെടുത്ത് മുര്‍ദ്ധാവിലേക്ക് കെട്ടിവെച്ചു. പണ്ട് കാലം മുതല്‍ക്കേ മുടി ശ്രദ്ധിക്കുന്നതില്‍ ഒട്ടും താല്പര്യം കാട്ടിയിരുന്നില്ല. ഇന്നിപ്പോള്‍ ഓരോന്നിനും നിര്‍ദ്ദേശങ്ങള്‍ നല്‍ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറികിടക്കുന്ന ഭക്തര്‍ ക്യൂ നില്‍ക്കുകയല്ലേ. എല്ലാവര്‍ക്കും കരുണാമയീദേവിയുടെ സ്നേഹം വേണം. അനുഗ്രഹം വേണം. ഇഷ്ട ശിഷ്യര്‍ എന്ന പദവി വേണം! ഒരു കാലത്ത് ആര്‍ക്കും വേണ്ടാതിരുന്ന ബിന്ദുവില്‍ നിന്നും കരുണാമയീദേവിയിലേക്കുള്ള ഈ കൂടുമാറ്റത്തിന്‌ ഒരു സ്വപ്നത്തിന്റെ വേഗമായിരുന്നല്ലോ.


"ഹരേകൃഷ്ണ! മാതാ.. ദേവിയുടെ തൃപാദപുജക്കും ദര്‍ശനസൌഭാഗ്യത്തിനുമായി രണ്ട് പേര്‍ കാത്തു നില്‍ക്കുന്നു.” മുറിയിലെ ഭിത്തിയില്‍ ഒളിഞ്ഞിരിക്കുന്ന കുഞ്ഞു സ്പീക്കറിലൂടെ പ്രധാന പരിചാരിക സം‌യുക്താദേവിയുടെ മുത്തുമൊഴികള്‍.


മടുപ്പ് തോന്നുന്നു. ഇന്നുമുഴുവന്‍ പഴയ കാലത്തെ കുറിച്ച് ഓര്‍ത്ത് ഇങ്ങിനെ കിടക്കണമെന്ന് വിചാരിച്ചതാണ്‌. പുറത്ത് കാത്തുനില്‍ക്കുന്ന ഭക്തരെ നിരാശരാക്കാനും വയ്യ! ആരായിരിക്കും അവര്‍. ഏതെങ്കിലും പ്രമുഖ വ്യക്തികളാണെങ്കില്‍ സം‌യുക്ത തന്റെ പ്രൈവറ്റ് ഫോണിലേക്ക് വിളിക്കുമായിരുന്നു. ആശ്രമത്തിന്റെ പ്രധാന കവാടം മുതല്‍ സ്വീകരണമുറി വരെയുള്ള ഭാഗങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ക്യാമറകള്‍ ഉള്ളത് സൌകര്യമാണ്. ഒപ്പം ഓരോ മുറികളിലെയും ടെലിവിഷനും. സ്വീകരണമുറിയിലെ ക്യാമറയില്‍ നിന്നും വരുന്ന ദൃശ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഒരു സ്ത്രീയും പുരുഷനും. പുരുഷന്‍ ആകെ തളര്‍ന്നിരിക്കുന്നു. ക്ഷീണിച്ച ശരീരം. ഒരു പക്ഷെ ദീര്‍ഘദൂരം യാത്ര ചെയ്ത് വരുന്നതാവാം. സ്ത്രീ സം‌യുക്തയുമായി എന്തോ സംഭാഷണത്തിലാണ്‌. ഏതാണ്ട് തന്റെ പ്രായം. ഇല്ല, തന്നേക്കാള്‍ ചെറുപ്പം. പക്ഷെ, മുഖം വ്യക്തമാവുന്നില്ല. അല്പം നിരാശയോടെ അവര്‍ പുരുഷന്റെ ചാരെ വീണ്ടും ചെന്നിരുന്നു. അവര്‍ തമ്മില്‍ എന്തോ പറയുന്നുണ്ട്. പുരുഷന്‍ ഉദാസീനനായി കാണപ്പെട്ടു. പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട പോലെ. പെട്ടന്നായിരുന്നു സ്ത്രീയുടെ മുഖം ക്യാമറയില്‍ ശരിക്ക് പതിഞ്ഞത്. എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്‌. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ക്യാമറ വീണ്ടും ഒന്ന് പൊസിഷന്‍ ചെയ്തു. ഇതൊന്നും വലിയ പിടിയില്ലാത്ത കാര്യമാണ്‌. ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ഒരു അമേരിക്കല്‍ സിനിമോട്ടോഗ്രാഫറും ഏതോ ഒരു വലിയ ഇന്റര്‍നെറ്റ് കമ്പനിയുടെ തലവനും ചേര്‍ന്ന് ഒരുക്കിത്തന്നതാണ്‌ ഈ ദൃശ്യാനുഭവങ്ങള്‍. ഇതിലൂടെ വേണമെങ്കില്‍ തനിക്ക് ഇപ്പോള്‍ ജര്‍മനിയിലേയും വെനുസ്വേലയിലേയും തന്റെ ആശ്രമങ്ങളില്‍ എത്തിയിരിക്കുന്ന ഭക്തര്‍ക്ക് വരെ ദര്‍ശനം നല്‍കാം. ഭ്രാന്ത് തന്നെ.. അല്ലാതെന്ത്?


ക്യാമറ ഇപ്പോള്‍ ആ സ്ത്രീയെ അല്പം കൂടെ വ്യക്തമായി കാണാവുന്ന വിധമായിട്ടുണ്ട്. അതെ. വളരെ പരിചിതം തന്നെ ആ മുഖം. പക്ഷെ എവിടെ? സം‌യുക്തയെ പ്രൈവറ്റ് ഫോണില്‍ വിളിച്ചു.


"ഹരേകൃഷ്ണ! അവിടെ ഉപവിഷ്ഠരായിരിക്കുന്നവരുടെ വിശദാംശങ്ങള്‍ എന്തെങ്കിലും ഉണ്ടോ മകളേ. ഉണ്ടെങ്കില്‍ അത് എന്റെ അറയിലെ പ്രിന്ററിലേക്ക് അയക്കൂ."


"ഹരേകൃഷ്ണ! അയച്ചുകഴിഞ്ഞു മാതാ. അവരോട് എന്താണ്‌ പറയേണ്ടത്?” - പ്രിന്ററില്‍ എത്തിയ അവരുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചപ്പോള്‍ സത്യത്തില്‍ വിസ്മയിച്ചു പോയി. മനസ്സില്‍ എന്താഗ്രഹിച്ചോ, അതിലേക്കല്ലേ കൃഷ്ണന്‍ കൊണ്ടെത്തിക്കുന്നത്. ഭഗവാന്റെ ഓരോ ലീലകള്‍! അതെ, ഇവളെ എങ്ങിനെ മറക്കാന്‍ പറ്റും. അരുന്ധതിയെ മറക്കാന്‍ പറ്റുമോ. ഇല്ല, ഒരിക്കലുമില്ല. കരുണാമയിക്ക് വേണമെങ്കില്‍ അരുന്ധതിയെ അറിയില്ല എന്ന് പറയാം. പക്ഷെ ബിന്ദുവെന്ന പഴയ പടകാളിക്ക് അരുന്ധതിയെ അറിയില്ല എന്ന്‍ പറയാനോ മറക്കാനോ കഴിയില്ലല്ലോ!!


"ഹരേകൃഷ്ണ! അവരോട് പെട്ടന്ന് ശാന്തത്തിലേക്ക് വരുവാന്‍ പറയൂ"


"ഹരേകൃഷ്ണ! മാതാ.. ശാന്തത്തിലേക്കോ!? "- സം‌യുക്തയുടെ സംശയം കലര്‍ന്ന ചോദ്യമാണ്‌ തന്റെ സന്തോഷപ്രകടനം അല്പം അധികമായി പോയെന്ന തോന്നല്‍ ഉണ്ടാക്കിയത്. ഇതുവരെ ഒരു ഭക്തര്‍ക്കും സ്വകാര്യ അറയിലേക്ക് പ്രവേശനം നല്‍കിയിട്ടില്ലല്ലോ. ഭക്തര്‍ക്കെന്നല്ല, സം‌യുക്തക്ക് ഒഴികെ ആര്‍ക്കും അതിനുള്ള അനുവാദമില്ല.


"ഹാ ശാന്തത്തിലേക്കല്ല; സാന്ത്വനത്തിലേക്ക് വരുവാന്‍ പറയൂ" - ഓരോ മുറികള്‍ക്കും ഓരോ പേരുകള്‍ ഉണ്ട്. സാധാരണക്കാരായ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുകയും അവരെ അനുഗ്രഹിക്കുകയും അവരുടെ വിഷമങ്ങള്‍ കേള്‍ക്കുകയും ചെയ്യുവാനുള്ള വിശാലമായ തളമാണ്‌ 'സാന്ത്വനം'. സമൂഹത്തിലെ പ്രമുഖരായ വ്യക്തികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ദര്‍ശനം നല്‍കുവാന്‍ 'സ്നേഹം' എന്ന ശീതീകരിച്ച സ്യൂട്ട്. നിര്‍ധനരും അനാഥരുമായ ബാല്യങ്ങള്‍ക്കും അഗതികളായ വൃദ്ധര്‍ക്കും ദര്‍ശനവും അന്നദാനവും നല്‍കുവാനായി സ്റ്റുഡിയോ ഉള്‍പ്പെടെ എല്ലാ നൂതന സം‌വിധാനങ്ങളുമുള്ള 'കരുണം' എന്ന വലിയ മണ്ഢപം. തന്റെ പ്രഭാഷണങ്ങള്‍ക്കായി 'ഭജന്‍' എന്ന ഓഡിറ്റോറിയം. അങ്ങിനെ പലതും എല്ലാം കരുണാമയീ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ കരുണപ്രിയാനന്ദസ്വാമികളുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി പരിപാലിക്കപ്പെടുന്നു. ഒരോന്നിനും ഇത്തരത്തില്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത് ആര്‍ക്കിടെച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും അതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള കരുണപ്രിയാനന്ദ തന്നെ. അല്ലെങ്കില്‍ തന്നെ ഓട്ടുകമ്പനിയില്‍ പാറാവ് ജോലി നോക്കിയിരുന്ന പഴയ പ്രിഡിഗ്രിക്കാരി പടകാളി ബിന്ദുവിന്‌ ഇതൊക്കെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ കഴിയും!!


പടകാളി ബിന്ദുവിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നറിയാമെങ്കിലും ഇപ്പോള്‍ അരുന്ധതിയെ കണ്ടപ്പോള്‍ വീണ്ടും ആ പഴയ ബസ്സ് യാത്രകളും ഒട്ടുകമ്പനി ജീവിതവും ഒക്കെ ഓര്‍മ്മവരുന്നു. അരുന്ധതിയെയും രമചേച്ചിയെയും സാമിനെയും പിന്നെ.. പിന്നെ.. തന്റെ എല്ലാമായിരുന്ന ചിരുകണ്ടനേയും...


എന്തിനേയും ചങ്കൂറ്റത്തോടെ നേരിട്ടിരുന്ന കാലം. ഓട്ടുകമ്പനിയില്‍ പാറാവുകാരിയായിരുന്ന, തെറ്റുകളോട് കലഹിച്ച് പടകാളിയെന്ന വിളിപ്പേരു സമ്പാദിച്ച് നടന്നിരുന്ന കാലം... പാറാവ് ജോലിക്കിടയില്‍ എപ്പോഴാണ്‌ ജിവിതത്തിന്റെ സെക്യൂരിറ്റി കമ്പനിപ്പടിയില്‍ ഹെഡ്‌ലോഡ് തൊഴിലാളിയായിരുന്ന ചിരുകണ്ടനില്‍ സുരക്ഷിതമാകും എന്ന തോന്നല്‍ ഉണ്ടായത്? ഓര്‍മ്മയില്ല. പടകാളിക്കും പ്രണയമോ!! പലര്‍ക്കും അതൊരു അത്ഭുതമായിരുന്നു. തനിക്ക് പോലും!! മസിലുപെരുപ്പിച്ച ആ കൈകളും ഉരുക്കുപോലുള്ള ശരീരവും ചിരുകണ്ടനിലേക്ക് തന്നെ ആകര്‍ഷിച്ചുവെങ്കിലും അതിനേക്കാളേറെ നിശ്ചയദാര്‍ഢ്യമുള്ള ആ മനസ്സിനെയാണ്‌ സ്നേഹിച്ചുപോയത്. പക്ഷെ, ഗണകസമുദായത്തിലുള്ള ചിരുകണ്ടനെ പ്രേമിച്ചത് വീട്ടുകാര്‍ക്കും സമുദായത്തിനും പൊറുക്കാന്‍ കഴിയാത്ത തെറ്റായി. ഒടുവില്‍ വീട്ടുകാരെ ധിക്കരിച്ച് ചിരുകണ്ടന്റെ കൈപിടിച്ചിറങ്ങിയപ്പോള്‍ പടകാളിബിന്ദു വീട്ടുകാര്‍ക്കും ഒരു കരടായി. പിന്നീട് എപ്പോഴാണ്‌ പഴയ പടകാളി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്‍പില്‍ പരിഹാസ്യയായി നിന്നത്? എപ്പോഴാണ്‌ എന്തിനോടും ധീരമായി പ്രതികരിച്ചിരുന്ന പടകാളി എല്ലാവരെയും പേടിച്ച് വാനപ്രസ്ഥത്തിലേക്ക് രക്ഷപ്രാപിച്ചത്?


"ഹരേകൃഷ്ണ! മാതാ, അവരിരുവരും സാന്ത്വനത്തില്‍ കാത്തിരിക്കുന്നുണ്ട്.” - അവരില്‍ തനിക്കെന്തോ പ്രത്യേക താല്‍‌പര്യമുണ്ടെന്ന് തോന്നിയിട്ടാവണം സം‌യുക്ത ഒരിക്കല്‍ കൂടെ വിളിച്ചോര്‍മ്മിപ്പിച്ചത്. ശരിക്കും മനസ്സറിയുന്ന ശിഷ്യ തന്നെ ഇവള്‍.


സാന്ത്വനത്തിലേക്ക് കടന്നപ്പോള്‍ തന്നെ വിഷാദത്തോടെ ഇരിക്കുന്ന ദമ്പതികളെ കണ്ടു. തന്നെ കണ്ടതും ഇരുവരും എഴുന്നേറ്റു. അരുന്ധതി തന്റെ മുന്നില്‍ കൂപ്പുകൈകളോടെ നില്‍കുന്ന കാഴ്ച കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു വിഷമം. വര്‍ഷങ്ങള്‍ അരുന്ധതിയില്‍ ഒട്ടേറെ മാറ്റം വരുത്തിയിട്ടുണ്ട്. മുടിയിഴകളില്‍ അവിടിവിടെ ചെറിയ നരകള്‍. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മുഖം കണ്ടാലറിയാം. പണ്ടേ തന്നെ സഹയാത്രികരില്‍ മുഴുവന്‍ ഒരു പ്രാരാബ്ധക്കാരിയുടെ പരിവേഷമായിരുന്നല്ലോ അരുന്ധതിക്ക്.


പാദങ്ങളില്‍ ഒരു നനുത്ത സ്പര്‍ശം അറിഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി!! കാലുകള്‍ പിന്നിലേക്ക് വലിച്ചു കഴിഞ്ഞപ്പോഴാണ്‌ സമചിത്തത വീണ്ടെടുത്തത്. അരുത്... മൃദുലവികാരങ്ങളില്‍ തരളിതയാവരുത്. അത് ഇപ്പോഴുള്ള ഈ പരിവേഷത്തിന്‌ അനുയോജ്യമല്ല.


"എഴുന്നേല്‍ക്കൂ മകളേ”- ആമിയെ തോളുകളില്‍ പിടിച്ച് എഴുന്നേല്പ്പിക്കുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ വല്ലാതെ പണിപ്പെടേണ്ടി വന്നു. ആമിയുടെ വസ്ത്രധാരണരീതികളില്‍ വരെ വല്ലാത്ത മാറ്റം. എന്തുപറ്റി ഇവള്‍ക്ക്?


"പറയൂ മകളേ.. എന്താ മുഖം വല്ലാതെ വാടിയിരിക്കുന്നുവല്ലോ"


"അമ്മേ..” അരുന്ധതിയുടെ കണ്ണുകള്‍ സജലങ്ങളാവുന്നത് തളര്‍ച്ചയോടെ നോക്കിനിന്നുപോയി. ഇനിയും ഇവള്‍ക്ക് മനസ്സിലായില്ലേ ഈ പടകാളിയെ!! ഇത്ര അടുത്ത് കണ്ടിട്ടും മനസ്സിലാവാതിരിക്കാന്‍ തക്ക മാറ്റങ്ങള്‍ ഒരു പക്ഷെ കാലം തന്നില്‍ വരുത്തിയിട്ടുണ്ടാകും... ഉള്ളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നത് അവരറിയാതിരിക്കാന്‍ വല്ലാതെ പണിപ്പെടേണ്ടിവന്നു. നിറഞ്ഞ മിഴികളോടെ നില്‍ക്കുന്ന അവളെ മാറോട് ചേര്‍ക്കുമ്പോള്‍ ഓട്ടുകമ്പനിയിലെ പാറാവുജോലികഴിഞ്ഞ് വിയര്‍ത്ത ശരീരം അവളില്‍ അലോസരമുണ്ടാക്കാതിരിക്കാനെന്ന വണ്ണം അകത്തേക്കൊന്ന് ഉള്‍‌വലിച്ചുവോ!


"അമ്മേ... എന്റെ ഭര്‍ത്താവിന്റെ അസുഖം ഒന്ന് ഭേദമാക്കി തരൂ അമ്മേ.. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ താളം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.”


ഉള്ളില്‍ വന്ന പൊട്ടിച്ചിരി പുറത്തേക്ക് വരാതെ നോക്കാന്‍ പണിപ്പെടേണ്ടി വന്നു. രോഗങ്ങളോടുള്ള ഭയം മൂലമാണ്‌ കരുണാമയി ട്രസ്റ്റിന്റെ ആശുപത്രികളില്‍ രോഗികള്‍ക്ക് ദര്‍ശനമേകുവാന്‍ .. ഒരല്പം സ്വാന്തനമേകാന്‍ താന്‍ തുനിയാതിരിക്കുന്നതെന്ന സത്യം ഇവളോട് വിളിച്ചു പറയാന്‍ തോന്നി. രഘുനാഥന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. രഘുനാഥനെ ആദ്യമായാണ്‌ കാണുന്നത്. കേട്ടറിഞ്ഞ രൂപത്തില്‍ നിന്നൊക്കെ കാലം ഒട്ടേറെ മാറ്റങ്ങള്‍ അദ്ദേഹത്തിലും വരുത്തിയിട്ടുണ്ട്. എന്തൊക്കെയോ അസുഖങ്ങള്‍ ഉണ്ട് എന്നറിയാമായിരുന്നു. പക്ഷെ.. ഇത്രയധികം പ്രശ്നങ്ങള്‍ക്ക് നടുവിലാണ്‌ അവരെന്ന് അറിയില്ലായിരുന്നു. അവളുടെ കണ്ണുകളിലെ പ്രതീക്ഷ വല്ലാതെ തളര്‍ത്തിക്കളയുന്നു. എങ്ങിനെയൊക്കെയോ പലര്‍ക്കും താങ്ങാവാന്‍ കഴിയുന്നുണ്ട് എങ്കിലും ഒന്നിനുമുള്ള കഴിവ് ഇല്ല എന്ന് സ്വയം വിശ്വാസമുള്ളപ്പോള്‍ ഇവളെ എങ്ങിനെ വഞ്ചിക്കും? പിന്നില്‍ തന്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത് നില്‍ക്കുന്ന സം‌യുക്തയുടെ നേരെ ഒന്ന് നോക്കി.


"ഹരേകൃഷ്ണ! സഹോദരാ..താങ്കള്‍ക്ക് നല്ല ക്ഷീണമുണ്ട്. വന്നോളൂ. അല്പസമയം അഭയത്തില്‍ വിശ്രമിക്കാം. അപ്പോഴേക്കും മാതാ ഈ സഹോദരിയുമായി സംസാരിക്കട്ടെ". - തനിക്ക് ആമിയോട് എന്തോ സ്വകാര്യമായി സംസാരിക്കുവാനുണ്ടെന്ന് ഇവള്‍ എങ്ങിനെ മനസ്സിലാക്കി!! സത്യത്തില്‍ ഇവളിലല്ലേ അല്പമെങ്കിലും ദൈവീകഭാവം കുടികൊള്ളുന്നത്!! രഘുനാഥനെയും കൂട്ടി തളത്തിന്‌ പുറത്തിറങ്ങി പരിചാരകര്‍ക്ക് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്ന സം‌യുക്തയെ ഒരു നിമിഷം വിസ്മയത്തോടെ നോക്കി നിന്നുപോയി.


"ആമി ഇരിക്കൂ" വിശാലമായ തളത്തിന്‌ നടുക്ക് വിരിച്ചിരിക്കുന്ന ജമുക്കളത്തില്‍ ചമ്രം‌പടിഞ്ഞ് തികഞ്ഞ യോഗിയെ പോലെ ഇരുന്നു. അത്ഭുതകരമായ എന്തോ കേട്ടിട്ടെന്ന പോലെ വിസ്മയത്തോടെയും അതിലേറെ പകപ്പോടെയും നില്‍ക്കുന്ന അരുന്ധതിയെ അരികില്‍ പിടിച്ചിരുത്തേണ്ടി വന്നു. നിറകണ്ണുകളോടെ, തൊഴുകൈയുമായി ഇരിക്കുന്ന അവളെ സഹതാപത്തോടെ നോക്കി.


"ഇനിയും നിനക്കെന്നെ മനസ്സിലായില്ലേ ആമീ!?.. " തൊഴുതുപിടിച്ചിരിക്കുന്ന അവളുടെ കരങ്ങള്‍ കവര്‍ന്നെടുത്ത് കൊണ്ട് ചോദിക്കുമ്പോഴേക്കും തന്റെ കണ്ണിലും മൂടല്‍ ബാധിക്കുന്നത് അറിഞ്ഞു. അരുന്ധതി വല്ലാതെ ഭയപ്പെട്ട് പോയെന്ന് തോന്നുന്നു. പാവം..


അരുന്ധതിയുടെ കണ്ണുകളിലെ ഭാവം വല്ലാതെ പേടിപ്പിക്കുന്നു. എന്തൊക്കെ ഭാവങ്ങളാണ്‌ ഒരു നിമിഷം കൊണ്ട് ആ നിറമിഴികളില്‍ വന്നത്. അത്ഭുതം.. ഭയം.. ഭക്തി.. ആഹ്ലാദം..


"ആമീ, ഇത് ഞാനാണ്‌. പഴയ പടകാളി."


"മാതാ.." അവളിലെ വിസ്മയം വിട്ടുമാറിയിട്ടില്ല. എല്ലാം ഒന്ന് തുറന്ന് പറയാം. തുറന്ന് പറയുമ്പോള്‍ ഒരു പക്ഷെ അല്പം ആശ്വാസം കിട്ടിയാലോ?


"നിനക്കോര്‍മയില്ലേ പഴയ പടകാളിയെ. അവസാനമായി നമ്മള്‍ കാണുമ്പോള്‍ ചിരുകണ്ടന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു എന്ന് എന്റെ ഓര്‍മ്മ. അതെ.. അമിതമായ മദ്യപാനം ചിരുകണ്ടന്റെ കരള്‍ ഏതാണ്ട് പൂര്‍ണ്ണമായി കാര്‍ന്നുതിന്നിരുന്നു. വീടിനും സമുദായത്തിനും നാണക്കേടുണ്ടാക്കി, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയവള്‍ക്ക് അങ്ങിനെ തന്നെ വരണമെന്ന് പറഞ്ഞ് എന്റെ വീട്ടുകാരും ചിരുകണ്ടന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞ് അവന്റെ വീട്ടുകാരും തിരിഞ്ഞുനോക്കാതായപ്പോള്‍ സര്‍ക്കാറാശുപത്രിയില്‍ അവന്‌ കാവലിരുന്ന എനിക്ക് കൈതാങ്ങായത് അവന്റെ കൂട്ടുകാരായിരുന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ക്ക് സ്വന്തം സഹോദരന്മാരെപോലെ അവര്‍ ഓടിനടന്നു. ജീവതമെന്ന ഞാണിന്മേല്‍ കളിയുമായി മല്‍‌പിടുത്തത്തില്‍ ആയിരുന്നതിനാല്‍ പുറത്ത് നടന്നിരുന്ന വൃത്തിക്കെട്ട സംസാരങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ എന്നെ ഒന്നും അറിയിക്കാതിരിക്കാന്‍ ആ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. പക്ഷെ, കാലം വികൃതി തുടര്‍ന്നതേ ഉള്ളൂ. എന്നെ തനിച്ചാക്കി എന്റെ ചിരുവിനെയും കൊണ്ട് കാറ്റ് പറന്ന് പോയി. പിന്നീട് കേള്‍ക്കേണ്ടി വന്നത് മുഴുവന്‍ അപമാനത്തിന്റെ കഥകളാണ്‌. അഴിഞ്ഞാട്ടക്കാരി... ഭര്‍ത്താവിനെ മദ്യത്തില്‍ മയക്കികിടത്തി അവന്റെ കൂട്ടുകാരോടൊപ്പം കൂത്താടി നടക്കുന്നവള്‍... എല്ലാത്തിനോടും ഞാന്‍ പൊരുതി നിന്നേനേ.. പക്ഷെ.. തന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞ് പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളേയും ഒരു കുപ്പി വിഷവുമായി വീടിന്റെ പടിക്കല്‍ വന്ന് അലമുറയിട്ട ആ ചേച്ചിയുടെ കണ്ണീര്‍ എന്നിലെ പടകാളിയെ തല്ലിക്കെടുത്തി. അതോടെ ഞാന്‍ തളര്‍ന്ന് പോയി ആമീ.."


അരുന്ധതി വല്ലാത്ത ഒരു പകപ്പോടെ കേട്ടിരിക്കുകയാണ്‌. അവളുടെ മുഖത്ത് ഇപ്പോഴും വിശ്വാസം വരാത്ത പോലെ..


"അന്ന് രാത്രിയില്‍ തന്നെ അവിടം വിട്ടു. മരിക്കാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ നടക്കുന്ന എന്നെ കണ്ട് ചില ചെറുപ്പക്കാര്‍ പിറകേ കൂടി. അവരുടെ കണ്ണില്‍ നിന്നും രക്ഷപ്പെടുവാനായിരുന്നു സത്യത്തില്‍ ഇടിഞ്ഞുപൊളിഞ്ഞ് കിടന്നിരുന്ന ഒരു ക്ഷേത്രത്തിലേക്ക് ഓടി കയറിയത്. അന്ന് രാത്രിയില്‍ മുഴുവന്‍ ഭയന്ന് അവിടെ കഴിച്ച് കൂട്ടി. അത് ഒരു നിമിത്തമായിരുന്നു. ഇപ്പോളോര്‍ക്കുമ്പോള്‍ ചിരി വരുന്നു. പനിപിടിച്ച് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്ന എന്നെ കണ്ടെത്തിയവര്‍ എന്നില്‍ ദൈവത്തെ കണ്ടെത്തി. അല്ലെങ്കില്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ ആ ക്ഷേത്രത്തില്‍ ദേവിക്കല്ലാതെ ആര്‍ക്ക് ഒരു രാത്രി ഒറ്റക്ക് കഴിയാന്‍ കഴിയും!! അവരിലെ സംശയം മറ്റുള്ളവരും ശരിവച്ചു. പിന്നെ എന്തെല്ലാം നടന്നു. ഒട്ടേറെ പാടിപുകഴ്തലുകള്‍ നീയും കേട്ടിട്ടുണ്ടാവില്ലേ ആമീ. ജിവിച്ച് കൊതിതീരാതിരുന്നതിനാല്‍ എല്ലാറ്റിനുമൊപ്പം യാന്ത്രീകമായി സഞ്ചരിച്ചു. ഇന്ന് ഇവിടെ വരെ.."


എല്ലാം പറഞ്ഞ് തീര്‍ത്തപ്പോള്‍ മനസ്സിന്‌ വല്ലാത്ത ഒരു ഉണര്‍‌വ്വ്. പഴയ പടകാളിയെ തിരിച്ചുകിട്ടിയ പോലെ. അരുന്ധതിയുടെ മുഖത്ത് പക്ഷെ ഇപ്പോഴും പകപ്പ് തന്നെ. അവള്‍ കൂപ്പുകൈകളോടെ തന്നെ ഇരിക്കുന്നത് കണ്ട് മനസ്സ് വല്ലാതെ വേദനിച്ചു.


"ഇനിയും നിനക്ക് ഒന്നും പറയാനില്ലേ ആമീ.. നിനക്കെങ്കിലും എന്നെ മനസ്സിലാക്കിക്കൂടെ.?! ഒരിക്കല്‍ കൂടെ ആ പടകാളി എന്ന വിളികേള്‍ക്കാന്‍ കൊതിതോന്നുന്നു. എന്നെ...എന്നെയൊന്ന് പടകാളിയെന്ന് വിളിക്കാമീ.."


"മാതാ.. കഴിയില്ല.. എനിക്ക് കഴിയില്ല മാതാ.. എന്റെ ഭര്‍ത്താവിന്റെ ഹൃദയമിടിപ്പിന്റെ താളം ഒന്ന് കൃത്യമാക്കാന്‍ സഹായിക്കൂ അമ്മേ." കൂപ്പുകൈകളൊടെ ഇരിക്കുന്ന അരുന്ധതിയുടെ നേര്‍ക്ക് നിസ്സാഹയതയോടെ നോക്കി.


അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന കണ്ണീര് ഒപ്പിയെടുത്ത് അവളെ മാറോട് ചേര്‍ക്കുമ്പോള്‍ ഓര്‍മ്മകളില്‍ നിന്ന് പോലും പടകാളിയെ അകറ്റിനിര്‍ത്താന്‍ മനസ്സുകൊണ്ട് ശ്രമിക്കുകയായിരുന്നു.


ചിത്രത്തിന്‌ കടപ്പാട് : ബ്ലോഗര്‍ മനോജ് തലയമ്പലത്ത്