ശനിയാഴ്‌ച, ജനുവരി 21, 2012

ശവംനാറി പൂവ്

ബൂലോകം.കോം (ബൂലോകം ഓണ്‍ലൈന്‍ ) നടത്തിയ ചെറുകഥാ മത്സരം 2011ല്‍ മികച്ച രണ്ടാമത്തെ കഥയായി തിരഞ്ഞെടുക്കപ്പെട്ട രചന.

--------------------------------------------------------------------------------

1

കാളിയപ്പനെ തറയില്‍ വിരിച്ച പഴം‌പായയിലേക്ക് ഇറക്കി കിടത്തിയിട്ട് കണ്ണകി നിവര്‍ന്നു നിന്നു. അവള്‍ ഭയങ്കരമായി കിതക്കുന്നുണ്ടായിരുന്നു. മുടിയിഴകളില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വെള്ളം തറയിലേക്ക് ഒലിച്ചിറങ്ങി. വലിയ വട്ടപ്പൊട്ട് വെളുത്ത കവിളില്‍ രക്തവര്‍ണ്ണമായി പടര്‍ന്നു. അവളുടെ അഴകളവുകളുടെ ആഴങ്ങളിലേക്ക് നനഞ്ഞു കുതിര്‍ന്ന ചുവന്ന പട്ടുപാവട പറ്റിചേര്‍ന്നു. നനവിന്റെ നിറവിലൂടെ അടിയുടുപ്പുകളുടെ സുതാര്യ നിഴലുകളിലേക്ക് ഉഴറി നടന്ന കണ്ണൂകള്‍ക്ക് മുമ്പില്‍ ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെ അവള്‍ വാതില്‍ വലിച്ചടച്ചു.


കണ്ണകിക്ക് വല്ലാതെ തണുത്തു
. അവളുടെ താടിയെല്ലുകള്‍ തണുപ്പിന്റെ ആധിക്യത്താല്‍ കൂട്ടിയടിച്ചു.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

അവള്‍ കിടുക്കുന്ന ചുണ്ടുകള്‍കൊണ്ട് ഉരുവിട്ടുകൊണ്ടിരുന്നു.

2

എന്നും ശവങ്ങള്‍ക്ക് കാവലാള്‍ ആയിരുന്നു കാളിയപ്പന്‍. ആത്മഹത്യ, തീപ്പൊള്ളല്‍, മുങ്ങി മരണം, അങ്ങിനെ മറ്റുള്ളവര്‍ സ്പര്‍ശിക്കുവാന്‍ മടികാണിക്കുന്ന ശവശരീരങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് തുണയായിരുന്നു അയാള്‍. നാല്പത്തഞ്ചിനടുത്ത് പ്രായം. ചുവന്ന് കലങ്ങിയ കണ്ണുകള്‍... ചോരപ്പാടുകള്‍ ഉണങ്ങി പിടിച്ച കാവി മുണ്ടും ഷര്‍ട്ടും വേഷം. ബട്ടണുകള്‍ ഇല്ലാതെ ഷര്‍ട്ട് എപ്പോഴും തുറന്ന് കിടന്നു.. അവിടവിടെ മാത്രം രോമമുള്ള വെളുത്ത നെഞ്ചിലും മുഖത്തും കൈകാലുകളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍. ചില വ്രണങ്ങള്‍ക്ക് ചുറ്റും ഈച്ചകള്‍ മൂളിപ്പറക്കുന്നു. പൊട്ടിയ വ്രണങ്ങളില്‍ നിന്നും ചലം ഒലിച്ച് എപ്പോഴും അറപ്പുളവാക്കുമായിരുന്നു.. ഒരേ ഒരു മകളോടൊപ്പം - കണ്ണകി - ഒറ്റ മുറി വീട്ടില്‍ താമസം. കാളിയപ്പന്റെ ഭാര്യ മരിച്ചു പോയതാണ്. മരിച്ചു പോയി എന്നതിനേക്കാള്‍ ചവിട്ടി കൊന്നു എന്ന സത്യം നാട്ടുകാര്‍ക്ക് അറിയാം. പക്ഷെ എല്ലാവര്‍ക്കും അയാളെ പേടിയായിരുന്നു. പൊട്ടിയൊലിച്ച വ്രണങ്ങളുമായി കാളിയപ്പനെ കാണുമ്പോള്‍ തന്നെ ഏവരും വഴി മാറി പോകും.

എന്തൊക്കെയോ ചേര്‍ത്ത് സ്വയം വാറ്റിയ റാക്ക് എപ്പോഴും കൈവശമുണ്ടാകും. ശവങ്ങളോട് വല്ലാത്ത ബഹുമാനമായിരുന്നു കാളിയപ്പന്. ജീവിച്ചിരിക്കുന്നവരോട് ഇല്ലാത്ത ബഹുമാനം! ഒരിക്കലും ശവങ്ങള്‍ മറവു ചെയ്യുന്നതിന് അയാള്‍ പ്രതിഫലം പണമായി കൈപറ്റുമായിരുന്നില്ല.. ഒരു ചുവന്ന പട്ടും ഒരു കുപ്പി മദ്യവുമായിരുന്നു അയാള്‍ക്ക് നല്‍കേണ്ട ദക്ഷിണ!

ശവം മറവു ചെയ്താല്‍ ദക്ഷിണയായി ലഭിച്ച പട്ട് അരയില്‍ ചുറ്റി മദ്യക്കുപ്പി ഭദ്രമായി അതില്‍ തിരുകിവെച്ച് പൊട്ടിയ വ്രണങ്ങളിലെ ഈച്ചകളെ ആട്ടിയോടിച്ച് വേച്ച് വേച്ച് പുഴക്കരയിലേക്ക് അയാള്‍ നടക്കും. പുഴയില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ പിന്നെ വീട്ടിലേക്ക് ഒറ്റ നടത്തമാണ്.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ..”

വീട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു.

3

കണ്ണകി ഓര്‍മ്മകളുടെ തീരത്തായിരുന്നു. ചുവന്ന പട്ടുപാവടയുടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, കരിമണിമാലയും കരിവളകളും അണിയാന്‍ കൊതിച്ചിരുന്ന, കനകാംബരം മുടിയില്‍ ചൂടാന്‍ ആഗ്രഹിച്ചിരുന്ന, പട്ടിണിമൂലം ഒട്ടിയതെങ്കിലും സ്നേഹത്തിന്റെ പതുപതുപ്പുണ്ടായിരുന്ന അമ്മയുടെ വയറില്‍ തലവെച്ച് ഉറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന, രാത്രിയില്‍ അപ്പയുടെ കുടിച്ച് വെളിവുകെട്ടുള്ള വരവിനെ പേടിച്ചിരുന്ന കുട്ടികാലത്തെ ഓര്‍ക്കുകയായിരുന്നു കണ്ണകി.

അമ്മ..!! കൊക്കി കുരച്ചിരിക്കുന്ന കറുത്ത മെല്ലിച്ച ഒരു രൂപം കണ്ണകിയുടെ മനസ്സിലേക്ക് ഓടിവന്നു. വലിവ് അമ്മയെ അത്രയേറെ അസ്വസ്ഥയാക്കിയിരുന്നു. അതിന്റെ ശേഷിപ്പുകള്‍ എന്ന മട്ടില്‍ തണുപ്പ് തുടങ്ങിയാല്‍ കിടുകിടു വിറക്കാറുണ്ടായിരുന്നു കണ്ണകിയും. രാത്രിയില്‍ കുടിച്ച് ബോധമില്ലാതെ വരുന്ന അപ്പയുടെ പരാക്രമങ്ങള്‍ സഹിക്കുവാനുള്ള ത്രാണി അമ്മക്ക് ഉണ്ടായിരുന്നില്ല എന്ന് കണ്ണകി ഓര്‍ത്തെടുത്തു. കൊച്ചു കണ്ണകിയെ കമ്പിളിയില്‍ വാരിയെടുത്ത് ഏതെങ്കിലും ഇരുട്ടില്‍ പറ്റിചേര്‍ന്ന് ഇരിക്കുമായിരുന്നു അമ്മ.. അമ്മയുടെ ഭീതി കലര്‍ന്ന മുഖം കണ്മുന്നില്‍ നിഴലാട്ടം നടത്തിയപ്പോള്‍ ഒരിക്കല്‍ കൂടെ കണ്ണകിക്ക് കിടുത്തു.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

തണുത്ത് വിറങ്ങലിച്ച കൊച്ചു ദേഹത്തെ കീറിയ കമ്പിളികൊണ്ട് പുതപ്പിച്ച് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ പാടിയിരുന്നത് അവളോര്‍ത്തു... എന്തൊരു വാത്സല്യമായിരുന്നു ആ നാട്ടുശീലിന്!!

4

കാളിയപ്പന്റെ മരണം ഇത്തരത്തില്‍ ആവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതും വെള്ളത്തില്‍ വീണൊരു മരണം!! എന്നും ശവശരീരങ്ങളുടെ മേല്‍നോട്ടക്കാരനായിരുന്ന കാളിയപ്പന്‍ ഇപ്പോള്‍ ഒരു ശവമായി....

എന്താണ് സംഭവിച്ചത്?

കുമാരന്‍ വൈദ്യന്റെ മകളുടെ ശരീരം മറവ് ചെയ്ത് വരുന്ന വഴിയായിരുന്നു. അവള്‍ -ആ പൊട്ടിപ്പെണ്ണ്- ആത്മഹത്യചെയ്തതാണെന്നേ.. അല്ല, കുമാരന്‍ വൈദ്യര്‍ക്ക് അത് തന്നെ വേണം. നാട്ടിലുള്ള എല്ലാ അവിഹിത ഗര്‍ഭവും കലക്കി കൊടുക്കുന്ന അയാള്‍ക്ക് സ്വന്തം മകളുടെ വയറ് വലുതാവുന്നത് കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൂടിവെയ്ക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയായപ്പോളാവണം അവള്‍ പുഴയോട് പരിഭവം പറയാന്‍ ഇറങ്ങിത്തിരിച്ചത്.

വൈദ്യരുടെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ പുഴക്കരയിലേക്ക് ഓടിക്കൂടിയത്. മരുന്നുകുറിപ്പടി പോലെയുള്ള ഒരു കടലാസു കഷണവുമായി സ്വന്തം തലക്ക് പ്രഹരിച്ചു കൊണ്ട് കുമാരന്‍ വൈദ്യര്‍ കൊച്ചുകുട്ടിയെ പോലെ കരഞ്ഞുകൊണ്ടിരിന്നു. ഓളങ്ങളില്‍ തട്ടിയുലഞ്ഞ് ഒരു മഞ്ഞ ഷാള്‍ പുഴയുടെ പരപ്പിലൂടെ ഒഴുകി നടപ്പുണ്ടായിരുന്നു.

അതൊരു വരവായിരുന്നു!!

തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാളിയപ്പന്‍ പുഴക്കരയിലേക്ക് നടന്നടുത്തു. നിലത്തുറക്കാത്ത കാലുകളുമായി ആടിയാടി അങ്ങിനെ... ജനക്കൂട്ടം ഒതുങ്ങി നിന്ന് അയാളുടെ വരവിന് വഴിയൊരുക്കി. പുണ്ണ് പിടിച്ച് അളിഞ്ഞ ശരീരത്തില്‍ ഈച്ചകള്‍ പൊതിഞ്ഞിട്ടുണ്ട്. പലരും അറിയാതെ തന്നെ മൂക്കു പൊത്തിപ്പോയി. കുട്ടികളും സ്ത്രീകളും ഭയന്ന് പിന്നിലേക്ക് മാറി.

പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുന്ന കാളിയപ്പന്‍ ശരിക്കും നാട്ടുകാര്‍ക്ക് ഒരു കാഴ്ചയാണ്. വെള്ളത്തിനടിയിലൂടെ കൈകള്‍ പിന്നിലേക്ക് തുഴഞ്ഞ് അയാള്‍ ഒഴുകി നടക്കുന്നത് കുട്ടികള്‍ ആവേശത്തോടെ നോക്കി നിന്നു.

"അത് ബട്ടര്‍ഫ്ലൈ സ്ട്രോക്കാ.. " കുട്ടികളില്‍ ആരോ വിളിച്ചുപറഞ്ഞു.

"പോടാ അത് ഫ്രീസ്റ്റൈലാ" - മറ്റൊരുവന്‍

അത് ബട്ടര്‍ഫ്ലൈ സ്ട്രോക്കാണോ ഫ്രീസ്റ്റൈല്‍ ആണോ എന്നതിനെ പറ്റി കുട്ടികള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ കുമാരന്‍ വൈദ്യരുടെ മകളുടെ അരക്കെട്ടിലായിരുന്നു കാളിയപ്പന് പിടുത്തം കിട്ടിയത്. വെള്ളത്തിനടിയില്‍ ഒരു മത്സ്യകന്യകയെപ്പോലെ അവള്‍ അങ്ങിനെ ഒഴുകി നടക്കുകയായിരുന്നു. ഫ്രീസ്റ്റൈലാണോ അതോ ബാക്ക്‌സ്ട്രോക്ക് ആയിരുന്നോ ബോഡിയുടെ പൊസിഷന്‍ എന്ന കാര്യത്തില്‍ കുട്ടികള്‍ തമ്മില്‍ ശണ്ഠ കൂടുന്നത് കൌതുകത്തോടെ കണ്ടുനില്‍ക്കുന്നവരുടെ ഇടയിലേക്കാണ് വെള്ളത്തിലെ ഭാരമില്ലായ്മയില്‍ നിന്നും 65കിലോ ഭാരം കരയിലേക്ക് വലിച്ചുകയറ്റിയിട്ട് കാളിയപ്പന്‍ കിതപ്പോടെ കരപറ്റിയത്.

ശവത്തിലേക്ക് ഒരിക്കലേ അയാള്‍ നോക്കിയുള്ളൂ. സ്ഥാനം തെറ്റിയ നനഞ്ഞ വസ്ത്രം നേരെയാക്കിയിട്ട് ശവത്തെ തോളത്തിട്ട് കുമാരന്‍ വൈദ്യരുടെ വീട്ടിലേക്ക് അയാള്‍ വലിഞ്ഞു നടന്നു.

5

അന്ന് തൂങ്ങി മരിച്ച ഏതോ ഒരു സ്ത്രീയുടെ ശവത്തെ മറവ് ചെയ്ത ശേഷം വല്ലാതെ കുടിച്ചിട്ടായിരുന്നു രാത്രിയില്‍ അപ്പ വീടണഞ്ഞതെന്ന് കണ്ണകി ഓര്‍ത്തു.

അമ്മയുടെ മടിയില്‍ തലവെച്ച് കിടന്ന് അവള്‍ മയക്കം പിടിച്ചിരുന്നു.

"വേണ്ട അയ്യ.. ഞാന്‍ പൊറത്തായിരിക്കാണ്.."

"അടങ്ങികിടക്കെടീ കഴുവേറ്ടാ മോളാ"

അപ്പയുടെ ഭ്രാന്ത് പിടിച്ച ഒച്ചകേട്ടാണ് കണ്ണുതുറന്നത്. അപ്പ അമ്മക്ക് മേല്‍ പിടിവലി നടത്തുന്നത് കണ്ട് ഭയന്ന് പോയി. ചിമ്മിണി വിളക്കിന്റെ അരണ്ട വെട്ടത്തില്‍ അമ്മയുടെ ഒറ്റമുണ്ടിനിടയില്‍ നിന്നും അപ്പ വലിച്ച് പുറത്തെറിഞ്ഞ ചോരപുരണ്ട പഴന്തുണികഷണം കണ്ടപ്പോള്‍ കണ്ണകിക്ക് കൊടുങ്ങല്ലൂര്‍ കാവ് തീണ്ടാന്‍ പോയി കോഴിക്കല്ലില്‍ തലതല്ലി ചത്ത അമ്മാമ്മയെ ഓര്‍മ്മ വന്നു. കൊടുങ്ങല്ലൂരമ്മയുടെ ഭക്തയായിരുന്ന അമ്മമ്മ ആണ് തനിക്ക് കണ്ണകി എന്ന പേരിട്ടത് എന്ന് അമ്മ പറയാറുള്ളത് അവളോര്‍ത്തു.

അമ്മയുടെ ശബ്ദം താണുതാണു വരുന്നത് അവള്‍ അറിഞ്ഞു. കുറേ സമയത്തെ നിഴലനക്കങ്ങള്‍ക്കൊടുവില്‍ നാശമെന്ന് പിറുപിറുത്തുകൊണ്ട് അപ്പ പുറത്തേക്ക് ഇറങ്ങിപ്പോയതും അവള്‍ തപ്പിതടഞ്ഞ് അമ്മക്കരികില്‍ എത്തി. അടുപ്പുകല്ലിന് അരികെ തുടയിലൂടെ ഒലിച്ചു വന്ന ചോര കള്ളിമുണ്ടുകൊണ്ട് തുടച്ച് അമ്മ തളര്‍ന്ന് കിടന്നു. അവളെ കെട്ടിപ്പിടിച്ച് അമ്മ കുറേ നേരം കരഞ്ഞു.

അന്ന് രാത്രി അമ്മ മരിച്ചു!

കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയ കണ്ണകി ഉണര്‍ന്നപ്പോള്‍ കാണുന്നത് നാക്കുതുറിപ്പിച്ച് , കണ്ണുകള്‍ പുറത്തേക്ക് തള്ളി ഒറ്റമുറി വീട്ടില്‍ തൂങ്ങിയാടുന്ന അമ്മയെയാണ്. അമ്മ കൈകള്‍ തുടകളില്‍ അള്ളിപ്പിടിച്ചിരുന്നു. രക്തവും മൂത്രത്തുള്ളികളും നിലത്ത് വീണ് ചിതറിയ ഭാഗത്ത് ഈച്ചകളും ഉറുമ്പുകളും തടിച്ചു കൂടി ഒരു മാംസപിണ്ഢം കണക്കെ അറപ്പുളവാക്കി. അവള്‍ക്ക് ഓക്കാനിക്കാന്‍ വന്നു. പേടിയോടെ അവള്‍ കമ്പിളിക്കുള്ളിലേക്ക് ചുരുണ്ടുകൂടി.

ശരീരത്തിലൂടെ ഒരു പാമ്പിഴഞ്ഞിറങ്ങുന്നത് സ്വപ്നം കണ്ട് അവള്‍ അന്ന് രാത്രി ഞെട്ടിയുണര്‍ന്നു.

6

കുമാരന്‍ വൈദ്യരുടെ മകളുടെ ജഡം മറവുചെയ്ത് പുഴക്കരയിലേക്ക് കാളിയപ്പന്‍ ധൃതിയില്‍ നടന്നു. പതിവില്‍ കവിഞ്ഞ് അയാള്‍ മദ്യപിച്ചിരുന്നു. എന്തോ എത്രയും പെട്ടന്ന് വീടണയാന്‍ അയാളുടെ മനസ്സ് വെമ്പുകയായിരുന്നു.

പുഴയിലേക്ക് ഇറങ്ങുമ്പോള്‍ അയാളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. കാലുകള്‍ കുഴഞ്ഞുപോകുന്നത് അയാള്‍ അറിഞ്ഞു. ഒരു പൊങ്ങുതടിപോലെ വെള്ളത്തിലൂടെ ഒഴുകുന്നതായാണ് കാളിയപ്പന് തോന്നിയത്. തല പെരുക്കുന്നത് അറിയുന്നുണ്ട്. അയാള്‍ക്ക് കണ്ണകിയെ ഓര്‍മ്മ വന്നു. തണുത്ത് വിറച്ച് കിടുക്കുന്ന കണ്ണകി.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

കമ്പിളിപ്പുതപ്പുള്‍പ്പെടെ പൂണ്ടടക്കം ചേര്‍ത്ത് പിടിച്ചപ്പോള്‍ അമ്മാ എന്ന് വിളിച്ചുകൊണ്ട് തന്റെ വാത്സല്യത്തിലേക്ക് അവള്‍ പറ്റിചേരുന്നത് അയാള്‍ അറിഞ്ഞു. പുറത്ത് കത്തിയമരുന്ന ചിതയില്‍ നിന്നും ഭാര്യയുടെ തലയോട് പൊട്ടിത്തെറിക്കുന്ന ശബ്ദം കാതുകളില്‍ വന്ന് പതിക്കുമ്പോഴേക്കും കണ്ണകിയിലേക്ക് വന്യമായി ചേക്കേറാന്‍ തുടങ്ങുകയായിരുന്നു.. തലയോട്ടിയുടെ അവസാന ഭാഗവും അലര്‍ച്ചയോടെ പൊട്ടുമ്പോള്‍ കണ്ണകിയുടെ എതിര്‍പ്പുകള്‍ വേദന നിറഞ്ഞ കിതപ്പുകളായി മാറിയിരുന്നു. ശവങ്ങള്‍ മറവു ചെയ്തുകഴിഞ്ഞാല്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന് നനഞ്ഞൊട്ടിയ ദേഹവുമായി കണ്ണകിയിലേക്ക് ഊളിയിടുവാന്‍ ഇന്നും വല്ലാത്ത ആവേശമാണ്. ആദ്യമൊക്കെ വെളുത്ത കവിളില്‍ കൈവിരല്‍ പാടുകള്‍ പതിപ്പിച്ചാലേ അവള്‍ വഴങ്ങുമായിരുന്നുള്ളൂ. ക്രമേണ നെറ്റിയില്‍ ചുവന്ന വലിയ വട്ടപ്പൊട്ടും തൊട്ട് ചുവന്ന പട്ടുപാവാടയും ബ്ലൊസുമിട്ട് ആകെ ചുവന്ന് , ചുവന്ന പട്ടും വിരിച്ച് അവള്‍ കാത്തിരിക്കും.

കണ്ണകീ .. ഞാന്‍ ഇതാ വരുന്നു... വല്ലാതെ തണുക്കുന്നുണ്ടല്ലോ.. .

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

നിലകിട്ടാതെ ഒരു പൊങ്ങുതടിപോലെ പുഴയുടെ ഓളങ്ങള്‍ക്കൊപ്പം അയാള്‍ ഒഴുകിനീങ്ങി.

7

കണ്ണകി ഞെട്ടിയുണര്‍ന്നു. കാളിയപ്പന്റെ ശവത്തിലെ വ്രണങ്ങളില്‍ ഈച്ചകള്‍ ആര്‍ക്കുവാന്‍ തുടങ്ങിയിരുന്നു. പഴുപ്പിന്റെ മണം മുറിക്കകത്ത് പുതലിച്ചു നിന്നു. അവള്‍ ശവത്തിലേക്ക് ഒരിക്കല്‍ കൂടെ നോക്കി. മലര്‍ന്ന് കിടക്കുന്ന കാളിയപ്പന്റെ നെഞ്ചില്‍ ചവിട്ടി കാളിയമര്‍ദ്ദനമാടിയാലോ എന്നവള്‍ക്ക് തോന്നി. ഇത് വരെ കാളിയന്റെ മര്‍ദ്ദനമായിരുന്നു. അമ്മ മരിച്ച രാത്രിയില്‍ തുടങ്ങിയ മര്‍ദ്ദനം!! അവള്‍ക്ക് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. പുറത്ത് - വീടിന് പുറത്ത് - എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ട് അവള്‍ വാതില്‍ തുറന്നു. കാളിയപ്പനെ മറവ് ചെയ്യുവാനായി കുഴിയെടുക്കുന്നവരെ കണ്ട് അവള്‍ ചുവന്ന ചുണ്ടുകള്‍ മലര്‍ത്തി പുഞ്ചിരിച്ചു. ഇത് വരെ സഹായത്തിന്റെ തരിമ്പുപോലും കാണിക്കാത്തവര്‍ കുഴിവെട്ടി കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു. അവള്‍ക്ക് പൊട്ടിച്ചിരിക്കുവാന്‍ തോന്നി.

മഴ ചെറുതായി ചിണുങ്ങുന്നുണ്ട്.. കുഴിക്കരികിലേക്ക് അവള്‍ നടന്നടുത്തപ്പോള്‍, ആ കണ്ണുകളിലെ തിളക്കം കണ്ട് കുഴിവെട്ടുകാര്‍ ഒതുങ്ങി മാറി നിന്നു. അവരുടെ കൈയില്‍ നിന്നും കൈകോട്ട് താഴെ വീണു. അവളുടെ നെറ്റിയിലൂടെ വട്ടപ്പൊട്ട് രക്തമായി ഒലിച്ചിറങ്ങി. ചുവന്ന വസ്ത്രങ്ങള്‍ മഴത്തുള്ളികള്‍ വീണ് ഒരു പോര്‍ച്ചട്ട പോലെ ശരീരത്തോട് പറ്റിചേര്‍ന്നു. നനഞ്ഞു കുതിര്‍ന്ന വസ്ത്രത്തിനുള്ളില്‍ മുലക്കണ്ണുകള്‍ വിജൃംഭിച്ചു നിന്നു. നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന പൊട്ട് തുടച്ചു കൊണ്ട് അവള്‍ കൈകോട്ട് എടുത്ത് മണ്ണില്‍ ആഴത്തില്‍ വെട്ടി.

മഴ കനത്തുതുടങ്ങി. അവള്‍ ആവേശത്തോടെ തലങ്ങും വിലങ്ങും വെട്ടിക്കൊണ്ടിരുന്നു.

മുടിയുലഞ്ഞു !

മുലയുലഞ്ഞു !!

അവള്‍ ആകെ ഉലഞ്ഞു !!!

അവളുടെ ഓരോ വെട്ടിനുമൊപ്പം ദിക്കുപൊട്ടുമാറ് ഇടിവെട്ടി.

ഇടിവാളിന് ചിലമ്പിന്റെ ശബ്ദം!!

മഴ ഒരു ഹുങ്കാരത്തോടെ അവള്‍ക്ക് മേല്‍ പെയ്യാന്‍ തുടങ്ങി. കണ്ണകിക്ക് വല്ലാതെ തണുത്തു. അവള്‍ കിടുക്കുന്നുണ്ടായിരുന്നു.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

അവള്‍ അലറി വിളിച്ചു. പകച്ചു നില്‍ക്കുന്ന നാട്ടുകാരെ തട്ടിമാറ്റിക്കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവള്‍ മുറിക്കകത്തേക്ക് ഓടിക്കയറി.

------------------------------------------------------------

ബൂലോകം.കോം (ബൂലോകം ഓണ്‍ലൈന്‍ ) നടത്തിയ ചെറുകഥാ മത്സരം 2011ല്‍ മികച്ച രണ്ടാമത്തെ കഥയായി തിരഞ്ഞെടുക്കപ്പെട്ട രചന.

59 comments:

Manoraj പറഞ്ഞു... മറുപടി

ബൂലോകം.കോം (ബൂലോകം ഓണ്‍ലൈന്‍ ) നടത്തിയ ചെറുകഥാ മത്സരം 2011ല്‍ മികച്ച രണ്ടാമത്തെ കഥയായി തിരഞ്ഞെടുക്കപ്പെട്ട രചന. എന്റെ കഥയെ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത പ്രിയപ്പെട്ടവര്‍ക്ക് നന്ദി.
കഥയെ പറ്റിയുള്ള കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു. ഒരിക്കല്‍ കൂടെ എല്ലാവര്‍ക്കും നന്ദി....

നിരക്ഷരൻ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോരാജ്.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

വ്യത്യസ്തമായ കഥാപാത്രങ്ങളെ കണ്ടെത്തിയൊരുക്കുന്ന കഥകൾക്കാണ് വ്യത്യസ്തമായ വായനനുഭവം നൽകാനാകുക.സമൂഹം വഴിമാറുന്ന ജീവിതക്കാഴ്ചകൾ കഥകൾക്ക് വിഷയമാക്കിയപ്പോഴെല്ലാം നല്ല കഥകൾ ഏതു കഥാകാരനിൽനിന്നും ഉണ്ടായിട്ടുണ്ട്. ഈ കഥയും അങ്ങനെതന്നെ. വർണാഭമായ ജീവിതങ്ങൾക്കിടയിൽ മാത്രം കലയ്ക്കും സാഹിത്യത്തിനും “വിഭവം” തേടി പോകുന്ന ആധുനിക സെലിബ്രിറ്റികളുടെ ഈ ആഡംബരകാലത്ത് ഇത്തരം പ്രമേയങ്ങൾ തുരുത്തുകളാണ്. കൊൺക്രീറ്റ് സൌധങ്ങൾ കൊണ്ട് മറച്ചു വച്ചിരിക്കുന്ന നടുക്കുന്ന ജീവിതദൌർഭാഗ്യങ്ങൾ എന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് കണ്ണെത്തുന്ന ഒരു എഴുത്തുകാരനെ മനോരാജ് എന്ന കഥാകാരനിൽ കണ്ടെത്തുവാൻ കഴിയുന്നത് ഭാവിയിലേയ്ക്ക് ചില നല്ല പ്രതീക്ഷകൾ നൽകുന്നുണ്ട്. ഈ കഥ സമ്മാനിതമായതിൽ അദ്ഭുതമേതുമില്ല. നല്ല കഥ. നല്ലകഥാനുഭവം. ശരിക്കും ജീവിതത്തിന്റെ നേർക്കാഴ്ചതന്നെ കഥയിൽ ആരോപിച്ചിരിക്കുന്ന പ്രമേയം! അയയാർത്ഥമല്ല, നിരവധിയായ ജീവിതങ്ങൾക്കിടയിൽനിന്നും ഒരടർ! ആശംസകൾ!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ!

എന്‍.പി മുനീര്‍ പറഞ്ഞു... മറുപടി

ഭയാനകമായ ഇതിവൃത്തമാണല്ലോ കഥയില്‍.സൂക്ഷ്മമായി രംഗങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.ചെറുകഥാമത്സരത്തിലെ രണ്ടാംസ്ഥാനത്തിനു അഭിനന്ദനങ്ങള്‍

വേണുഗോപാല്‍ പറഞ്ഞു... മറുപടി

വളരെ നല്ല പ്രമേയം ..
വളരെ നല്ല കഥ ....
അഭിനന്ദനങള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

തികച്ചും അഭിനന്ദനവും സമ്മാനവും അര്‍ഹിക്കുന്ന രചന മനോ.
കാരണം വായന കഴിഞ്ഞിട്ടും ബാക്കിയാവുന്നു കഥ നല്‍കിയ ആസ്വാദനം.
"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ
വാവല് മണങ്ങ് ചാച്ചാമ്പോവാ ചാളെ.”
ഈ നാട്ടു ശീല് കേള്‍ക്കാന്‍ രസമുണ്ട്.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ നാലാള്‍ കഥയ്ക്കും കൂടെ കിട്ടിയ അംഗീകാരത്തിനും .

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

വല്ലാത്തൊരു അവസ്ത്ഥയില്‍ എത്തിച്ചു അന്ത്യം..!
അഭിനന്ദനങ്ങള്‍...!

ജാനകി.... പറഞ്ഞു... മറുപടി

ഗംഭീരം മനോ......
രൂപമില്ലാത്ത മനസ്സിന്റെ ഭാരം നന്നായിട്ടറിഞ്ഞു ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ...

കഥകളെല്ലാം നന്നാകുന്നു....തുടരട്ടെ..........

Cv Thankappan പറഞ്ഞു... മറുപടി

കഥയിലെ രംഗങ്ങള്‍ ഉള്ളില്‍ വജ്രസൂചിയായി തുളഞ്ഞുക്കയറി
വേദനയും,അസ്വസ്ഥതയും സൃഷ്ടിക്കുന്നു!
സ്വയംസഹയായഅമ്മ, മൃഗീയസ്വഭാവമുള്ള കാളിയപ്പന്‍,
സംഹാരരുപിണിയായി മാറുന്ന കണ്ണകി
ഇവരെയൊക്കെ സമഞ്ജസവൈദഗ്ധ്യത്തോടെ
അവതരിപ്പിച്ചിരിക്കുന്നു.
മനോഹരമായ ഈ രചനയ്ക്ക് എന്‍റെ
ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍!

ആശംസകളോടെ,
സി.വി.തങ്കപ്പന്‍

സങ്കൽ‌പ്പങ്ങൾ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ...

SHANAVAS പറഞ്ഞു... മറുപടി

മനോരാജിന്റെ രചനകള്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്നു...ഇതിനു ഒരു വിലയിരുത്തലിന്റെ ആവശ്യം തന്നെയില്ല...സുന്ദരം..അതി സുന്ദരം..ആശംസകള്‍..

Yasmin NK പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍..

Pradeep Kumar പറഞ്ഞു... മറുപടി

ബൂലോകത്തില്‍ വായിച്ചിരുന്നു. ഇപ്പോള്‍ ഇവിടെയും വായിക്കാന്‍ അവസരം ലഭിച്ചു... ഓരോ വായനയും പുതിയ ചിന്തകളിലേക്കും അസ്വസ്ഥതകളിലേക്കും കൊണ്ടുപോവുന്നു...വല്ലാത്തൊരു വിഷയ പരിസരവും അതിനനുസരിച്ച ഭാഷയും, ട്രീറ്റ്മെന്റും...-ശരിക്കും തീക്ഷ്ണമാണ് ഈ കഥ തരുന്ന അസ്വസ്ഥത...

അര്‍ഹത അംഗീകരിക്കപ്പെട്ടു .ഈ തിരഞ്ഞെടുപ്പിലൂടെ ബൂലോകം കഥാമത്സരത്തിന്റെ സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു...

മലയാള കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കാനുള്ള ഈ തൂലികക്ക് എന്റെ പ്രണാമം.

smitha adharsh പറഞ്ഞു... മറുപടി

congrats..!!
vilayiruthal kazhinjathalle...ini prathyekichonnum parayana kaaryam illa..
u deserve it for this wonderful story..

മണ്ടൂസന്‍ പറഞ്ഞു... മറുപടി

ഒരു നല്ല ചെറുകഥ വായിച്ച സുഖം, എന്റെ മനസ്സിൽ 'കഥ' എന്ന് പറയുന്നത് ഇതൊക്കെയാണ്. നല്ല പ്രമേയം നല്ല ആഖ്യാനം. അഭിനന്ദനങ്ങൾ, ആശംസകൾ. ഒപ്പം നല്ലൊരു ചെറുകഥ വായിക്കാൻ കഴിഞ്ഞതിലുള്ള നന്ദിയും.

khaadu.. പറഞ്ഞു... മറുപടി

വായിക്കണമെന്ന് കരുതി ബുക്ക്മാര്‍ക്ക് ചെയ്തു വച്ചതായിരുന്നു...വായിക്കാന്‍ കഴിഞ്ഞില്ല...ഇന്ന് ഡാഷ് ബോര്‍ഡില്‍ കണ്ടപ്പോള്‍ പിന്നത്തേക്കു വെക്കാന്‍ തോന്നിയില്ല...

നന്നായി എഴുതി...

അഭിനന്ദനങ്ങള്‍....

Unknown പറഞ്ഞു... മറുപടി

ഹൃദ്യമായ അഭിനന്ദനങ്ങൾ മനോരാജ്.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

വാവല് മണങ്ങ് ചാച്ചാമ്പോവാ ചാളെ.”

ഇതിന്റെ ആലപ്പുഴ രൂപം ഇങ്ങിനെയാണ്
“കുളിരണ് കുറിച്ചി തീ കൂട്ട് അയിലേ
പായിട് മണങ്ങേ ചരിയെടീ മത്തീ”

കഥ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍ മനോരാജാവേ!

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

കാളിയപ്പനും കണ്ണകിയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഒളിവുകള്‍ വേണ്ടിടത്തും ശ്രദ്ധയില്ലാതെ ചില ജന്മങ്ങള്‍.
അഭിനന്ദനങ്ങള്‍ മനു.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

മനോരാജ് :അഭിനന്ദനങ്ങള്‍ കഥ വായിച്ചു ...വായനയില്‍ തോന്നിയ ചില സംശയങ്ങള്‍ പങ്കു വയ്ക്കുന്നു ...
തൂങ്ങി മരിച്ച ഏതോ സ്ത്രീയുടെ ശവം മറവു ചെയ്തു വന്ന ദിനമാണ് കണ്ണകിയുടെ അമ്മ മരിച്ചത് ,അവരെ കാളിയപ്പന്‍ ചവിട്ടി കൊന്നതാണ് . പക്ഷെ അവര്‍ തൂങ്ങിയാടുന്നു എന്നും കഥയില്‍ കണ്ടു ..
പിന്നെ കണ്ണകിയെ കാളിയപ്പന്‍ പ്രാപിക്കുന്ന സംഭവം വിവരിക്കുന്നത് കുമാരന്‍ വൈദ്യരുടെ മകളുടെ മരണ ദിവസമാണ് ...അന്ന് അമ്മയുടെ വാല്‍സല്യം പോലെ അയാളോട് അവള്‍ ചേര്‍ന്നിരുന്നപ്പോള്‍ ആണ് അത് സംഭവിച്ചത് എന്നാണു ഞാന്‍ മനസിലാക്കിയത് ..പക്ഷെ വീണ്ടും മറ്റൊരിടത്ത് പറയുന്നു :ഭാര്യയുടെ ചിതയില്‍ അവരുടെ തലയോട്ടി പൊട്ടി തെറിക്കുന്ന ശബ്ദത്തിനീടയില്‍ ആണ് മകളെ കാളിയപ്പന്‍ പ്രാപിക്കുന്നതെന്ന് ! ഇതില്‍ ഏതാണ് ശരി ?
കാളിയപ്പന്‍ എങ്ങനെയാണ് മരിച്ചത് ? (മുങ്ങി മരിച്ചു എന്ന് പറയുന്നുണ്ട് .).അതും കുമാരന്‍ വൈദ്യരുടെ മകളുടെ ശവം മറവു ചെയ്ത ദിവസം ..അന്നാണ് മകളെ ആദ്യമായി അയാള്‍ പ്രാപിച്ചതെങ്കില്‍ ആ ആഘാതത്താല്‍ അവള്‍ അപ്പനെ കൊന്നു എന്ന് സങ്കല്‍പ്പിക്കാം ..എനിക്കാകെ കണ്ഫ്യൂഷന്‍ ആയി ..മറ്റാരും ഇതൊന്നും സൂചിപ്പിചിട്ടുമില്ല ....

viddiman പറഞ്ഞു... മറുപടി

എനിക്കു വായിച്ചപ്പോൾ തോന്നിയത് ( രമേശ് അരൂരിനോട് )
കാളിയപ്പൻ കണ്ണകിയുടെ അമ്മയെ ചവിട്ടി കൊന്നു എന്ന് കഥയിൽ ഒരിടത്തും പറയുന്നില്ല. തീണ്ടാരിയാരിക്കുമ്പോൾ ഭർത്താവിനുകീഴ്പ്പെടേണ്ടി വന്നതിന്റെ ദു:ഖത്തിൽ തൂങ്ങി മരിച്ചു എന്നാണു വായിച്ചത്.തൂങ്ങി മരിച്ച ഒരു സ്ത്രീയുടെ ശരീരം മറവു ചെയ്തയന്നാണൂ അത് സംഭവിച്ചത്. കണ്ണകിയെ അയാൾ ആദ്യമായി ബലാൽക്കാരം ചെയ്തതതും അന്നു തന്നെ..പിന്നീടയാൾ അതു തുടർന്നു. കുമാരൻ വൈദ്യരുടെ മകളെ സംസ്ക്കരിച്ചതിനുശേഷം പുഴയിൽ കുളിക്കുമ്പോൾ മുങ്ങി മരിക്കുന്ന ദിവസം വരെ..

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ!

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

@viddimanകാളിയപ്പന്റെ ഭാര്യ മരിച്ചു പോയതാണ്. മരിച്ചു പോയി എന്നതിനേക്കാള്‍ ചവിട്ടി കൊന്നു എന്ന സത്യം നാട്ടുകാര്‍ക്ക് അറിയാം. പക്ഷെ എല്ലാവര്‍ക്കും അയാളെ പേടിയായിരുന്നു.
കഥയിലെ രണ്ടാം ഖണ്ഡത്തില്‍ നിന്ന് കോപ്പി ചെയ്തത് -
കഥ നന്നായി വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയൂ വിഡ്ഢിമാന്‍ ..

പി. കെ. ആര്‍. കുമാര്‍ പറഞ്ഞു... മറുപടി

നല്ല കഥ... അഭിനന്ദനങ്ങള്‍ !!

Unknown പറഞ്ഞു... മറുപടി

ഈ കഥ ഞാന ഒരികല്‍ വായിച്ചു ...നല്ല അവതരണം ....അത് കൊണ്ട് തന്നെ അല്ലെ ഇതിനു സമ്മാനം കിട്ടിയത് ....അഭിനന്ദനങ്ങള്‍

മുകിൽ പറഞ്ഞു... മറുപടി

കഥ വായിച്ചു. കഥയ്ക്കു നല്ല തീവ്രതയുണ്ട്. ആ തീവ്രത നന്നായി സംവദിക്കപ്പെടുന്നുണ്ട്. സംഭവങ്ങളുടെ കോര്‍ത്തെടുക്കലില്‍ ഒരല്പം കണ്‍ഫ്യൂഷന്‍ എനിക്കും തോന്നി.
എങ്കിലും ഒന്നു വായിച്ചാല്‍ മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥയ്ക്കു അഭിനന്ദനങ്ങള്‍.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മനോരാജ് എഴുതിയതില്‍ ഏറ്റവും നല്ല കഥ.
സന്തോഷം. ഒരു നല്ല കഥാകൃത്ത് സുഹൃത്താണെന്ന് എന്നതില്‍ അഭിമാനിക്കുന്നു.
ഇനിയും ഉയരങ്ങള്‍ എത്താന്‍ ആശംസ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

അഭിന്ദനങ്ങൾ...!

പുത്തൻ കണ്ണകിയെ ഇവിടെ
നേരിട്ട് കണ്ണുകുളിർക്കേ കണ്ടൂ...

മനോരാജിന്റെ വേറിട്ടൊരു കഥയെന്ന്
ഞാനിന്നിതിനേ വിശേഷിപ്പിക്കട്ടേ...

സേതുലക്ഷ്മി പറഞ്ഞു... മറുപടി

മനോരാജ്, ഈ സമ്മാനലബ്ധിയില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

siya പറഞ്ഞു... മറുപടി

മനോരാജ് ..,അഭിനന്ദങ്ങള്‍ .!!

സീത* പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ ഏട്ടാ..നല്ല പ്രമേയം..പക്ഷേ രമേശേട്ടൻ പറഞ്ഞതിനോട് യോജിപ്പ് തോന്നുന്നു..ഇടയ്ക്ക് ചില പൊരുത്തക്കേടുകൾ...ചിലപ്പോ വായനയുടെ കുഴപ്പമായിരിക്കും..ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു..

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ, മനോരാജ്.

പൈമ പറഞ്ഞു... മറുപടി

ഒരു ത്രിമാന രീതിയില്‍ ആണല്ലോ കഥ പറഞ്ഞിരിക്കുന്നത്.എല്ലായിടത്തും സ്വാഭാവികത ഉണ്ട്.അധര്മാനായ ഒരാളെ ചിത്രികരിക്കാന്‍ നന്നായി ബുദ്ധിമുട്ടി അല്ലെ ..അത് കഥയില്‍ കാണാന്‍ പറ്റുന്നുണ്ട്. നല്ല ഭംഗിയോടെ കഥ പറഞ്ഞു.പീഡനം ബോറില്ലാതെ പറഞ്ഞു ..ആശംസകള്‍ ..മനോ ചേട്ടാ ..

Sandeep.A.K പറഞ്ഞു... മറുപടി

മനോരാജ്...
കഥ നന്നായിട്ടുണ്ട്... സമ്മാനാര്‍ഹമായതു തന്നെ... ഒരു പ്രത്യേകതാളം എഴുത്തില്‍ സൂക്ഷിച്ചത് വായനയെ സുഗമമാക്കി... എന്നാല്‍ സമ്മാനം കിട്ടിയ കഥയായത് കൊണ്ട് വിമര്‍ശനപരമായിട്ടാണ് ഞാന്‍ വായിച്ചത് എന്ന് പറയട്ടെ...അപ്പോള്‍ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ :

പല ഭാഗങ്ങള്‍ ആക്കിയുള്ള ആഗ്യാനത്തില്‍ ചില അവ്യക്ത വന്നു ചേര്‍ന്നു. കഥയില്‍ രേമേശേട്ടന്‍ സൂചിപ്പിച്ച പോലുള്ള പോരുത്തകേടുകളും കാണുന്നുണ്ട്... ചിലപ്പോള്‍ വായനയുടെ കുഴപ്പമാകാം... അതിനു നേരെ കണ്ണടയ്ക്കാമെങ്കില്‍ തീര്‍ച്ചയായും ഈ വാക്കുകളില്‍ തീരത്ത ഒരു കഥാപരിസരം തീക്ഷ്ണമായി പകര്‍ത്താനായി .. അതിനു പ്രത്യേകം അഭിനന്ദനം....

എന്നാല്‍ ഒറ്റവരികളില്‍ പറയാവുന്ന ഒരു ആശയം ചിലയിടങ്ങളില്‍ വായനക്കാരനെ ഗ്രഹിപ്പിക്കാന്‍ ഒന്നിലധികം തവണ, അതായത് ഒരു വരിയ്ക്കു പിന്നാലെ മറ്റൊരു വരിയെന്ന മട്ടില്‍ ആവര്‍ത്തിക്കുന്നുണ്ട്. അതില്ലെങ്കില്‍ കൂടി എന്താണ് പറഞ്ഞതെന്ന് മനസ്സിലാവുന്നതാണ്... ഇതൊരു കുഴപ്പെമെന്നല്ല... ആവശ്യമില്ലാത്ത വാക്യങ്ങള്‍ ഒഴിവാക്കി കഥയെ കൂടുതല്‍ ഭംഗിയാക്കാമെന്നു സൂചിപ്പിച്ചതാണ്.

അവസാനത്തെ അധ്യായങ്ങളായ ആറും ഏഴുമാണ് കഥയില്‍ ജ്വലിച്ചു നില്‍ക്കുന്നത്... ഇത്തരമൊരു കഥയിലെ ക്ലൈമാക്സ്‌ ഭാഗങ്ങള്‍ക്കു വേണ്ട എല്ലാ മേന്മയും ഈ രണ്ടു ഭാഗങ്ങളില്‍ ഉണ്ട്. അതിനു പ്രത്യേകം കയ്യടി...

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ
വാവല് മണങ്ങ് ചാച്ചാമ്പോവാ ചാളെ.”
ഇത് ശരിക്കും അങ്ങട് കൊളുത്തി... വിജയേട്ടന്റെ ചില പാലക്കാടന്‍ കഥകളില്‍ കണ്ടു കിട്ടാറുള്ള വാക്കുകള്‍ പോലെ ഞാനിത് ഹൃദയത്തോട് ചേര്‍ക്കുന്നു...

ഇനിയും ഒരുപാട് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Manoraj പറഞ്ഞു... മറുപടി

@നിരക്ഷരൻ : ആദ്യ വായനക്കും പ്രോത്സാഹനത്തിനും നന്ദി.

@ഇ.എ.സജിം തട്ടത്തുമല : പ്രോത്സാഹനജനകമായ ഈ വാക്കുകള്‍ക്ക് നന്ദി സുഹൃത്തേ.

@മുനീര്‍ തൂതപ്പുഴയോരം : സന്തോഷം.

@വേണുഗോപാല്‍ : നന്ദി.

@മന്‍സൂര്‍ ചെറുവാടി : ആ നാട്ടുശീലിന് കടപ്പാട് എന്റെ അമ്മയോട് മന്‍സൂര്‍.

@വര്‍ഷിണി* വിനോദിനി : നന്ദി.

@ജാനകി.... : സന്തോഷം.

@Cv Thankappan : കഥയെ ഭാവത്തോടെ ഉള്‍കൊണ്ടതിന് നന്ദി സുഹൃത്തേ.

@സങ്കൽ‌പ്പങ്ങൾ : നന്ദി.

@SHANAVAS : നിങ്ങളൊക്കെ തരുന്ന പ്രോത്സാഹനമാണ് മാഷേ എന്റെ ഊര്‍ജ്ജം.

@മുല്ല : സന്തോഷം.

@Pradeep Kumar : വാക്കുകള്‍ വല്ലാതെ മത്തുപിടിപ്പിക്കുന്നു മാഷേ.. നിറഞ്ഞ സന്തോഷം.

@smitha adharsh : വിലയിരുത്തല്‍ കഴിഞ്ഞില്ല എന്നും തുടങ്ങിയിട്ടേയുള്ളൂ എന്നും തുടര്‍കമന്റുകളില്‍ മനസ്സിലായില്ലേ സ്മിത :)

@മണ്ടൂസന്‍ : തേജസിലേക്ക് സ്വാഗതം. കഥ ഇഷ്ടമായതില്‍ സന്തോഷം.

@khaadu.. : വായനക്ക് നന്ദി.

@ഷിബു തോവാള : വായനക്ക് നന്ദി.

@sherriff kottarakara : അല്പം കൂടെ യോജിക്കുന്നത് ആലപ്പുഴഭാഷ്യമാണെന്ന് തോന്നുന്നു. കേട്ടറിവുള്ള ഒരു ശീല് മാത്രമാണ് ഇക്ക അത്. ഇനി അത് എന്റെ വക ഒരു ശീലായി അങ്ങിനെ കിടക്കട്ടെ :)

@പട്ടേപ്പാടം റാംജി : ഞാന്‍ കണ്ടിട്ടുള്ള വ്യത്യസ്തരായ ചില കഥാപാത്രങ്ങള്‍ക്കിടയില്‍ ബന്ധത്തിന്റെ ചായക്കൂട്ട് ചേര്‍ത്തുനോക്കിയതാണ് റാംജി. വായനക്കും പ്രോത്സാഹനത്തിനും നന്ദി.

Manoraj പറഞ്ഞു... മറുപടി

@രമേശ്‌ അരൂര്‍ : കഥയെ കഥാകാരന്‍ വിവരിക്കുന്നിടത്തോളം തെറ്റ് മറ്റൊന്നില്ല :) മാത്രമല്ല, എഴുതികഴിഞ്ഞാല്‍ കഥ വായനക്കാരന്റെതുമാണ്. വായനക്കാരന്റെ സംശയങ്ങളാണ് കഥകളില്‍ ഉപകഥകള്‍ ഉണ്ടാക്കുന്നതും. എങ്കിലും നമ്മുടെ ബൂലോകത്ത് അത്തരം ഫോര്‍മാലിറ്റികള്‍ ഇല്ല എന്ന ചിന്തയില്‍ രമേശിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാം..

“തൂങ്ങി മരിച്ച ഏതോ സ്ത്രീയുടെ ശവം മറവു ചെയ്തു വന്ന ദിനമാണ് കണ്ണകിയുടെ അമ്മ മരിച്ചത്..“

അതെ.. അത് ശരിയാണ് രമേശ്. അതിനു ശേഷം “അവരെ കാളിയപ്പന്‍ ചവിട്ടി കൊന്നതാണെന്ന സത്യും നാട്ടുകാര്‍ക്ക് അറിയാമെന്നും എഴുതിയിട്ടുണ്ട്.“ ഇവിടെ മകള്‍ ഉറങ്ങിയ സമയം അയാള്‍ തിരികെ വന്ന് വീണ്ടും ഒരു രതി ക്രീഡക്ക് നിര്‍ബന്ധിക്കുക്കയും വഴങ്ങാതിരുന്ന അവളെ കൊന്നശേഷം കെട്ടിത്തൂക്കിയതാവാം.. മറിച്ച് അവള്‍ സ്വയം തൂങ്ങിയതുമാവാം. രണ്ടാമത്തെ ഒപ്ഷന്‍ ആണെങ്കില്‍ നാട്ടുകാരുടേത് വെറും ചിന്തകള്‍ ആവാം. ഇതൊക്കെ വായനക്കാരന്റെ വീക്ഷണമനുസരിച്ച് മാറുന്നതല്ലേ ശരി. എഴുതിയപ്പോള്‍ എന്റെ ചിന്തയില്‍ തിരികെ വന്ന് നിര്‍ബന്ധിക്കുകയും വഴങ്ങാതിരുന്നവളെ ചവിട്ടുകയും മരിച്ചു എന്ന ധാരണയില്‍ കെട്ടിതൂക്കുകയും ബാക്കിയുണ്ടായിരുന്ന ജീവന്‍ കൊണ്ട് അവള്‍ തുടകള്‍ മാന്തിപ്പറിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്തു എന്നായിരുന്നു. അത് എന്റെ മാത്രം വിഷന്‍. ഓരോ വായനക്കാരനും വായനയില്‍ പല രീതികളില്‍ വായിക്കാമെന്ന് തന്നെ കരുതട്ടെ..

ആദ്യമായി കണ്ണകിയെ കാളിയപ്പന്‍ പ്രാപിക്കുന്നത് കുമാരന്‍ വൈദ്യരുടെ മകള്‍ മരിച്ച ദിവസമാണെന്ന് കഥയില്‍ പറയുന്നില്ല രമേശ്. അത് ഒരിക്കല്‍ കൂടെ ഒന്ന് വായിച്ചാല്‍ ചിലപ്പോള്‍ മാറാവുന്ന തെറ്റിദ്ധാരണയാണ്. ഭാര്യയുടെ ചിതക്ക് തീകൊളുത്തിയ അന്ന് രാത്രിയില്‍ ആണ് ആദ്യമായി കണ്ണകിയെ കാളിയപ്പന്‍ പ്രാപിക്കുന്നത്. അതിനുശേഷം ആ പതിവ് ഇത് വരെ തുടരുന്നു. കുമാരന്‍ വൈദ്യരുടെ മകളുടെ ശവമടക്കിന് ശേഷവും അതേ ഉദ്ദേശ്യത്തൊടെ (നനഞ്ഞ വസ്ത്രത്തൊടെ) അവളെ പ്രാപിക്കുവാനുള്ള വെമ്പലില്‍ പുഴയില്‍ ഇറങ്ങിയ അയാള്‍ മദ്യത്തിന്റെ ലഹരിയില്‍ മുങ്ങിമരിക്കുകയാണ്.. ആറം ഭാഗത്തിലെ അവസാനവരികള്‍ ശ്രദ്ധിക്കു... അതിനു ശേഷം അയാളുടെ ഡെഡ് ബോഡി പുഴയില്‍ നിന്നും മുങ്ങിയെടുത്ത് കൊണ്ടുവരുന്ന കണ്ണകിയിലാണ് കഥ തുടങ്ങുന്നത് തന്നെ..

ഭാര്യ മരിച്ച ദിവസം രാത്രിയില്‍ ഭാര്യയുടെ ശവം ചിതയില്‍ വെച്ചതിനു ശേഷം കാളിയപ്പന്‍ ആദ്യമായി അവള്‍ പാടികൊടുത്തിരുന്ന നാട്ടിശീല് ചൊല്ലികൊണ്ടാണ് മകളിലേക്ക് കടന്നു കയറുന്നത്. വാത്സല്യമായിരുന്നു ആദ്യം മകള്‍ അതില്‍ കണ്ട ഭാവമെങ്കില്‍ പിതാവില്‍ അത് കാപട്യമായിരുന്നു. ഭാഗം 5ല്‍ അമ്മ മരിച്ച രാത്രിയില്‍ “ശരീരത്തിലൂടെ ഒരു പാമ്പിഴഞ്ഞിറങ്ങുന്നത് സ്വപ്നം കണ്ട് അവള്‍ അന്ന് രാത്രി ഞെട്ടിയുണര്‍ന്നു“ എന്ന് പറഞ്ഞിട്ടുമുണ്ട്. :)

എന്റെ കഥകളീല്‍ വായനക്കാരെ വല്ലാതെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയുന്നു എന്ന പരാതി നില്‍ക്കുന്നത് കൊണ്ടാണ് പലതും പറയാതെ വിട്ടത്. കഥ ഇപ്പോള്‍ ഒരു പക്ഷെ ക്ലിയര്‍ ആയേക്കും എന്ന് കരുതുന്നു. പിന്നെ മുന്‍പേ ഞാന്‍ സൂചിപ്പിച്ചപോലെ വായനക്കാര്‍ക്ക് എങ്ങിനെയും വായിക്കാമല്ലോ..

കഥയെ ആഴത്തില്‍ വായിച്ചതിന് നന്ദി..

Manoraj പറഞ്ഞു... മറുപടി

@ viddiman : തേജസിലേക്ക് സ്വാഗതം. സംശയങ്ങള്‍ മേല്‍‌കമന്റില്‍ മാറിയെന്ന് കരുതട്ടെ. അതല്ല, അത് മാറിയില്ലെങ്കില്‍ എന്നിലെ കഥാകൃത്തും ഒപ്പം എന്നിലെ വായനക്കാരനും പരാജയപ്പെട്ടിരിക്കുന്നു.

@ഷാജു അത്താണിക്കല്‍ : സന്തോഷം.

@പി. കെ. ആര്‍. കുമാര്‍ : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. നന്ദി.

@MyDreams :സന്തോഷം കൂട്ടുകാരാ.

@മുകിൽ : സന്തോഷം. ക്രിയാത്മകമായ വായനക്ക് നന്ദി. കണ്‍ഫ്യൂഷന്‍ മേല്‍കമന്റിലൂടെ തീര്‍ന്നോ എന്ന് ഇപ്പോള്‍ എനിക്ക് കണ്‍ഫ്യൂഷന്‍:)

@റോസാപൂക്കള്‍ : സന്തോഷം റോസിലി.

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : വേറിട്ട കഥയായി തോന്നിയെങ്കില്‍ സന്തോഷം മാഷേ..

@സേതുലക്ഷ്മി : സന്തോഷം സേതു.

@siya : സ്വീകരിച്ചിരിക്കുന്നു സിയ.

@സീത* : ചെയ്യുന്നത് അനൌചിത്യമാണെങ്കിലും വിശദീകരിച്ചിട്ടുണ്ട് സീത :)

@Typist | എഴുത്തുകാരി : നന്ദി ചേച്ചി.

@Pradeep paima : വായനക്ക് നന്ദി പ്രദിപ്

@Sandeep.A.K : ഗഹനമായ വായനക്ക് നന്ദി സന്ദീപ്. സമ്മാനാര്‍ഹമായാലും അല്ലെങ്കിലും വിമര്‍ശനബുദ്ധിയോടെ കഥയെ വായിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്നാലല്ലേ തെറ്റുകളും ശരികളും കൃത്യമായി പറയാന്‍ കഴിയൂ. കഥയായെഴുതുമ്പോള്‍ ചിലതെല്ലാം അവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടെന്നത് സമ്മതിക്കുന്നു സന്ദീപ്. കഥയുടെ ആഖ്യാനത്തിന് അവ ദോഷം ചെയ്തിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. ആ പോയിന്റ് തുടര്‍ന്നുള്ള രചനകളില്‍ ശ്രദ്ധിക്കാം. മുകളില്‍ ഒരു കമന്റില്‍ ഞാന്‍ സൂചിപ്പിച്ച പോലെ ആ നാട്ടുശീലിന് ഞാന്‍ എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു..

ഇവിടെ കഥയെ ഗഹനമായി വിലയിരുത്തുകയും എന്റെ സന്തോഷത്തില്‍ ഒപ്പം ചേരുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി.

TPShukooR പറഞ്ഞു... മറുപടി

പച്ചയായ ജീവിതങ്ങളെ നഗ്നമായി ആവിഷ്കരിക്കുന്നതിലൂടെ ഉദാത്തമായ ഒരു കലാസൃഷ്ടിയാണ് ഇവിടെ നടന്നിരിക്കുന്നത്. ഇതിനു കിട്ടിയ സമ്മാനം ഇത് അര്‍ഹിക്കുന്നത് തന്നെയാണ്. ഒരു പക്ഷെ അതില്‍ കൂടുതല്‍ ഈ കഥ അര്‍ഹിക്കുന്നു എന്ന് പറയാം. കൂടുതല്‍ വിലയിരുത്തി സ്വയം ചെറുതാവാന്‍ ആഗ്രഹിക്കുന്നില്ല. വളരെ മനോഹരമായ ആവിഷ്കാരം

നാമൂസ് പറഞ്ഞു... മറുപടി

സമ്മാനാര്‍ഹമായ കഥക്ക് അഭിനന്ദനം.

ഒരു കഥയുടെ വായനയില്‍ നടന്ന ചര്‍ച്ച തന്നെ ഒരംഗീകാരം തന്നെ.! കഥാകാരനും അഭിനന്ദനം.

വി.എ || V.A പറഞ്ഞു... മറുപടി

ശ്രീ.രമേശ് അരൂരും ശ്രീ.സാബുവും നല്ല ഒരവലോകനം നടത്തി. അതിനുള്ള വിശദീകരണം കൂടിയായപ്പോൾ, ‘കാളിയപ്പ’നേയും ‘കണ്ണകി’യേയും വ്യക്തത വരുത്താനും സാധിച്ചു. തികച്ചും വ്യതിയാനമുള്ള രചനാഗതി. നല്ല ‘നാടകീയത’യാണ് ഈ കഥയുടെ പ്രത്യേകത. സമ്മാനാർഹനായതിന് എന്റെ അനുമോദനങ്ങൾ....

Mohiyudheen MP പറഞ്ഞു... മറുപടി

കാളിയപ്പന്‌റെ കഥ വായിച്ചു ആസ്വദിച്ചു, അഭിനന്ദനങ്ങൾ മനോരാജ്.

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോ.

Satheesan OP പറഞ്ഞു... മറുപടി

വായിച്ചു .അഭിനന്ദനങ്ങൾ!

ente lokam പറഞ്ഞു... മറുപടി

മനോ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
വായനക്കാര്‍ക്ക് കുറെയൊക്കെ വിട്ടു കൊടുത്തു
കൊണ്ടു തന്നെയുള്ള എഴുത്താണ് തീര്‍ച്ച
ആയും അഭികാമ്യം...
മത്സരത്തില്‍ പങ്ക് എടുത്തതിനു തന്നെ പ്രത്യേകം
അഭിനന്ദനങ്ങള്‍..കാരണം വെറും വായനാ
യേക്കാള്‍ ഈ കഥയ്ക്ക് അങ്ങനെ ഒരു അംഗീകാരം
പൊന്നും കുടത്തിനു പൊട്ടു പോലെ ആണ്‌..
ആശംസകള്‍ മനോ...

അനശ്വര പറഞ്ഞു... മറുപടി

കഥാ മത്സരത്തില്‍ വായിച്ചിരുന്നു..അന്ന് ശരിക്കും മനസ്സിലായിരുന്നില്ല. പല ഭാഗവും എനിക്ക് മനസ്സിലാക്കാന്‍ ഒത്തിരി പാടായിരുന്നു..ഇപ്പോള്‍ ബ്ലൊഗിലിട്ടപ്പോ വീണ്ടും വായിച്ചു. വിശദീകരിച്ചപ്പോള്‍ ശരിക്കും വ്യക്തമായി. എന്നിട്ട് ഒന്നൂടെ വായിച്ചപ്പോഴാണ്‌ ശരിക്കും കഥയിലേക്ക് ഞാന്‍ എത്തിയത് എന്ന് മനസ്സിലായി..നല്ല കഥ.. വേദനിപ്പിക്കുന്ന കണ്ണകി..ദുഷ്ടനായ കാളിയപ്പന്‍...മത്സരത്തിനുള്ളതായത് കൊണ്ടാവാം ഇത്ര കട്ടി..അല്ലെ? കാര്യമറിഞ്ഞ് കഥ വായിച്ചപ്പോള്‍ ഒരു പ്രത്യേക സുഖം..ഇത് വരെ മനസ്സിലാവാതെ ഉണ്ടായ സങ്കടം ഒക്കെ മാറി..{കഥയെ കഥാകാരന്‍ വ്യക്തമാക്കുന്നതില്‍ തെറ്റൊന്നുമില്ല..
എന്നെ പോലുള്ളവര്‍ക്കും മനസ്സിലാവണ്ടേ..?!!}
വിജയത്തിന്‌ ആശംസകള്‍..

suma പറഞ്ഞു... മറുപടി

മനോരാജ്, ആദ്യമേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... വായിക്കാന്‍ വൈകിയെങ്കിലും, വായിച്ചില്ലായിരുന്നെങ്കില്‍ തീരാ നഷ്ടമാകുമായിരുന്നു എന്നു കൂടി പറയട്ടെ... പുതിയൊരു കണ്ണകിയെ കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.. ഇനിയും നല്ല കഥകള്‍ ആ തൂലികയില്‍ വിരിയട്ടെ...

ഷാജി നായരമ്പലം പറഞ്ഞു... മറുപടി

ഇത്രയൊക്കെ വേണോ മനോരാജേ!
ഈ കഥ വായിച്ചു എന്റെ മനസ്സ് സംസ്കരിക്കപ്പെട്ടൊ?
അതോ അറപ്പും ഭയവും തോന്നിയോ?
മനോരാജിനു കഥയെഴുതുവാനുള്ള കഴിവുണ്ടെങ്കിലും ഈ കഥ രണ്ടാമതൊന്നു വായിക്കുവാന്‍
ഞാന്‍ മടിക്കും....
ഒരിക്കലും ഇത്തരം പ്രമേയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്നെന്റെ പക്ഷം....

kabeena1.blogspot.com പറഞ്ഞു... മറുപടി

orupadu ishtamayi katha..veendum ezhuthumennu karuthunnu..

Echmukutty പറഞ്ഞു... മറുപടി

ഞാൻ ഒരു നാടു ചുറ്റലിലായിരുന്നു. അതുകൊണ്ട് വൈകിപ്പോയി.
ആദ്യം തന്നെ അഭിനന്ദനങ്ങൾ. നല്ലൊരു കഥാകൃത്ത് എന്റെ സുഹൃത്താണെന്ന ഗമ എനിയ്ക്കും ആവാലോ...
കഥ വായിച്ചു തകർന്നു പോയി എന്നു മാത്രം പറയട്ടെ. അതുകൊണ്ട് കൂടുതൽ ഒന്നും എഴുതാനുള്ള ബലമില്ല.

ഇനിയും ഇനിയും എഴുതൂ.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

അഭിനനദനങ്ങള്‍

Unknown പറഞ്ഞു... മറുപടി

കുറച്ചു വൈകി ആണ് വായിച്ചത്.തികച്ചും സമ്മാനാര്‍ഹമായ അവതരണം.അഭിനന്ദനങ്ങൾ!

മഹേഷ്‌ വിജയന്‍ പറഞ്ഞു... മറുപടി

നാടന്‍ പാട്ടിന്റെ ആ ശീലുകളും മനോഹരമായി തോന്നി...
പിന്നെ, രമേശേട്ടന്‍ പറഞ്ഞ പോലുള്ള ആശയക്കുഴപ്പം ഒന്നും എനിക്ക് തോന്നിയില്ല..
മനോരാജ്, പിന്നീട് എടുത്തു പറഞ്ഞതായ കാര്യങ്ങള്‍ കഥയില്‍ നിന്നും വ്യക്തമാണ്. എങ്കിലും തിരക്കിട്ട വായനയിലോ അല്ലെങ്കില്‍ വഴി മാറിപ്പോയ ചിന്തയിലോ മറ്റോ അദ്ദേഹത്തിന് വേറൊരു തരത്തില്‍ തോന്നിയതാകാനും വഴിയുണ്ട്...
ഇനിയും ഒരുപാട് നല്ല കഥകളുമായി വരിക...ആശംസകള്‍...

Manoraj പറഞ്ഞു... മറുപടി

@Shukoor : നല്ല വാക്കുകള്‍ ഉത്തേജനമാകുന്നു.

@നാമൂസ് : നന്ദി.

@വി.എ || V.A : വരവിനും വായനക്കും നന്ദി.

@Mohiyudheen MP : നന്ദി.

@kochumol(കുങ്കുമം): നന്ദി.

@Satheesan .Op : നന്ദി.

@ente lokam : സന്തോഷം. ഈ വരവിനും നല്ല വാക്കുകള്‍ക്കും.

@അനശ്വര : കഥ കഥാകാരികള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ പിന്നെ അതില്‍ കഥയില്ലല്ലോ :)

@suma : സന്തോഷം.

@ഷാജി നായരമ്പലം : സമൂഹത്തില്‍ നടക്കുന്ന ഇത്തരം പ്രവണതകളിലേക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കുക എന്നതേ ഉദ്ദേശിച്ചുള്ളൂ മാഷേ.. ഈ പ്രമേയം മാഷിന്റെ മനസ്സില്‍ ഒരു നീറ്റലായെങ്കില്‍ എന്റെ ഉദ്ദേശ്യം സഫലമായി. കാരണം ഹൃദയമുള്ളവരില്‍ ഈ വിഷയം നീറ്റലുണ്ടാക്കിയിരിക്കും..

@സുബൈദ : വായനക്കായല്ലെങ്കിലും തേജസിലൂടെ കടന്നുപോയതിന് നന്ദി സുഹൃത്തേ :)

@K A Beena : തേജസിലേക്ക് സ്വാഗതം. ഈ വരവും വായനയും ഒട്ടേറെ സന്തോഷം നല്‍കുന്നു.

@Echmukutty : എച്മു, ഒരു തികഞ്ഞ എഴുത്തുകാരിയില്‍ നിന്നും കിട്ടുന്ന നിറഞ്ഞ പ്രോത്സാഹനത്തിന് നന്ദി..

@കുസുമം ആര്‍ പുന്നപ്ര : നന്ദി.

@Dipin Soman : നന്ദിയെടാ.

@മഹേഷ്‌ വിജയന്‍ : നല്ല വായനയില്‍ സന്തോഷം. നന്ദി.

പ്രയാണ്‍ പറഞ്ഞു... മറുപടി

വളരെ നല്ല കഥ മനോ .അംഗീകാരം കിട്ടിയതില്‍ അത്ഭുതമില്ല.......:) മനസ്സില്‍ ഇടം പിടിക്കുന്ന കഥാപാത്രങ്ങള്‍ .

ചന്തു നായർ പറഞ്ഞു... മറുപടി

സമ്മാനാർഹമായ നല്ലൊരു കഥ .കഥാകാരനു എന്റെ അഭിനന്ദനങ്ങൾ….രമേശ് അരൂരിനു തോന്നിയ സംശയങ്ങൾ, എന്റേയും സംശയങ്ങളായിതന്നെ നിലകൊള്ളുന്നൂ.അതിന് പ്രീയ സഹോദരൻ മനോരാജ് പറഞ്ഞ മറുപടി ഒരു ഏച്ച് കെട്ടലായും തോന്നി. മനോരാജിന്റെ കഥകളും,അദ്ദേഹത്തേയും എനിക്ക് വലിയ ഇഷ്ടമാണു. നാളെയുടെ വാഗ്ദാനമാണു ഈ കഥാകാരൻ പക്ഷേ തെറ്റുകൾ ചൂണ്ടി കാട്ടിയില്ലെങ്കിൽ ഈ വായനക്ക് എന്ത് പ്രസക്തി... ഒരിക്കലും ഇത് അദ്ദേഹത്തിന്റെ കഴിവിനെ കുറച്ച് കാണിക്കുന്നതായി ആരും കരുതരുത്... ചില മാറ്റിമറിക്കലിൽ (ഇപ്പോൾനടക്കുന്നതും മുൻപ് നന്നതുമായ(ഫ്ലാഷ്ബാക്ക്) കാര്യങ്ങളുടെ സങ്കലനം) വന്ന കൈക്കുറ്റപ്പാടായി കണ്ടാൽ മതി.1കാളിയപ്പന്റെ ഭാര്യ മരിച്ചു പോയതാണ്. മരിച്ചു പോയി എന്നതിനേക്കാള്‍ ചവിട്ടി കൊന്നു എന്ന സത്യം നാട്ടുകാര്ക്ക് അറിയാം.(ചവിട്ട് കൊന്ന് കെട്ടിത്തൂക്കി എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ എനിക്കും രമേശിനും ഉള്ള സംശയം ദൂരീകരിക്കാമായിരുന്നൂ)2 അപ്പ പുറത്തേക്ക് ഇറങ്ങിപ്പോയതും അവള്‍ തപ്പിതടഞ്ഞ് അമ്മക്കരികില്‍ എത്തി. അടുപ്പുകല്ലിന് അരികെ തുടയിലൂടെ ഒലിച്ചു വന്ന ചോര കള്ളിമുണ്ടുകൊണ്ട് തുടച്ച് അമ്മ തളര്ന്ന്് കിടന്നു. അവളെ കെട്ടിപ്പിടിച്ച് അമ്മ കുറേ നേരം കരഞ്ഞു.അന്ന് രാത്രി അമ്മ മരിച്ചു!...ഇവിടെ കാളിയപ്പൻ ഭാര്യയെ ചവുട്ടിക്കൊന്നില്ലാ..മകൾ അതിനു സാക്ഷിയാണു.3 കമ്പിളിപ്പുതപ്പുള്പ്പെനടെ പൂണ്ടടക്കം ചേര്ത്ത്ി പിടിച്ചപ്പോള്‍ അമ്മാ എന്ന് വിളിച്ചുകൊണ്ട് തന്റെ വാത്സല്യത്തിലേക്ക് അവള്‍ പറ്റിചേരുന്നത് അയാള്‍ അറിഞ്ഞു.( ഇവിടെ…ശരീരത്തിലൂടെ ഒരു പാമ്പിഴഞ്ഞിറങ്ങുന്നത് സ്വപ്നം കണ്ട് അവള്‍ അന്ന് രാത്രി ഞെട്ടിയുണര്ന്നുര. എന്ന് വന്നിരുന്നെങ്കിൽ ആ സിമ്പോളിസം വ്യക്തമാകുമായിരുന്നൂ)…പകരം ആദ്യമൊക്കെ വെളുത്ത കവിളില്‍ കൈവിരല്‍ പാടുകള്‍ പതിപ്പിച്ചാലേ അവള്‍ വഴങ്ങുമായിരുന്നുള്ളൂ. ക്രമേണ നെറ്റിയില്‍ ചുവന്ന വലിയ വട്ടപ്പൊട്ടും തൊട്ട് ചുവന്ന പട്ടുപാവാടയും ബ്ലൊസുമിട്ട് ആകെ ചുവന്ന് , ചുവന്ന പട്ടും വിരിച്ച് അവള്‍ കാത്തിരിക്കും.അതായത് പിന്നീട് അവൾക്കും ആ രതി ബന്ധം ഇഷ്ടമായിരുന്നൂ വെന്നല്ലേ അർത്ഥമാക്കേണ്ടത്. ഇവിടെ 1ൽ രമേശിന്റെ ചോദ്യത്തിനു മനോരാജ് പറഞ്ഞ മറുപടി .“ഇവിടെ മകള്‍ ഉറങ്ങിയ സമയം അയാള്‍ തിരികെ വന്ന് വീണ്ടും ഒരു രതി ക്രീഡക്ക് നിര്ബമന്ധിക്കുക്കയും വഴങ്ങാതിരുന്ന അവളെ കൊന്നശേഷം കെട്ടിത്തൂക്കിയതാവാം.. എന്നാണ്..ഇവിടെ പേടിച്ചരണ്ട് കിടക്കുന്ന മകൾ ഇതൊന്നും അറിയില്ലേ അതും ഒറ്റമുറി മാത്രമുള്ള ചെറ്റപ്പുരയിൽ....പിന്നെ നാട്ടാർ പാടി നടക്കുന്നത്.അയ്യാള്‍ ഭാര്യയെ ചവിട്ടിക്കൊന്നതാണെന്ന്.... അങ്ങനെ ഒരു സംശയം വരാൻ എന്റെങ്കിലും ഒരു കാരണം പറയണമായിരുന്നൂ...അല്ലെങ്കൊൽ ചവിട്ടി ക്കൊല്ലുന്നത് മകൾ കാണണമായിരുന്നൂ...അവൾ നാട്ടുകാരോട് പറഞ്ഞാതായി അവതരിപ്പിക്കാമായിരുന്നൂ... മനോരാജിനു മാത്രം എഴുതാൻ കഴിയുന്ന നല്ലൊരു ശൈലി ഈ കഥയിലുഌഅത് കൊണ്ടും എന്നെ ഈ കഥ വളരെയേറെ ആകർഷിച്ചത് കൊണ്ട്മാണു ഞാൻ ഇത്രയും വാചാലനായത്...ക്ഷമിക്കുക...ഇനി...1, അവളുടെ അഴകളവുകളുടെ ആഴങ്ങളിലേക്ക് നനഞ്ഞു കുതിര്ന്നക ചുവന്ന പട്ടുപാവട പറ്റിചേര്ന്നു്. നനവിന്റെ നിറവിലൂടെ അടിയുടുപ്പുകളുടെ സുതാര്യ നിഴലുകളിലേക്ക് ഉഴറി നടന്ന കണ്ണൂകള്ക്ക് മുമ്പില്‍ ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെ അവള്‍ വാതില്‍ വലിച്ചടച്ചു.2, ശവങ്ങളോട് വല്ലാത്ത ബഹുമാനമായിരുന്നു കാളിയപ്പന്. ജീവിച്ചിരിക്കുന്നവരോട് ഇല്ലാത്ത ബഹുമാനം! 3, അവള്‍ പുഴയോട് പരിഭവം പറയാന്‍ ഇറങ്ങിത്തിരിച്ചത്. തുടങ്ങിയ നല്ല വാക്യങ്ങൾ ഈ കഥക്ക് മുതൽക്കൂട്ടാകുന്നു…ഈ കഥ വാരികകൾക്ക് അയച്ച് കൊടുക്കുക….അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു ഈ ചേട്ടൻ പറഞ്ഞ് പോയത്….വീണ്ടും ക്ഷമ…എല്ലാ ഭാവുകങ്ങളും നേരുന്നൂ

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

ഇങ്ങനെയുള്ള കാളിയപ്പന്മാര്‍ ഇന്നുമുണ്ട് പലയിടങ്ങളിലും.
കഥയിലേക്ക്‌ പിടിച്ചെടുക്കുന്നു കഥാ പരിസരത്തിന് ഇണങ്ങുന്ന ഭാഷ. ദുരന്ത നിമിഷങ്ങളിലും വര്‍ത്തമാന കാലത്തിന്‍റെ പ്രതികരണം എങ്ങനെയെന്ന് കുട്ടികളുടെ സംസാരവും, കുഴി വെട്ടാന്‍ വന്നവരുടെ നോട്ടങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
നല്ലൊരു കഥ വായിച്ച സംതൃപ്തി. നല്ല ശൈലി.
അഭിനന്ദനങ്ങള്‍.. മനോരാജ്

Manoraj പറഞ്ഞു... മറുപടി

@പ്രയാണ്‍ : നന്ദി.

@ചന്തു നായർക്: എഴുതിക്കഴിഞ്ഞ കഥ വായനക്കാരന്റെതായത് കൊണ്ട് എന്റെ ന്യായവാദങ്ങള്‍ക്ക് പ്രസക്തിയില്ല. തെറ്റുകളും പോരായ്മകളും ഇതുപോലെ ചൂണ്ടിക്കാട്ടുവാന്‍ നല്ല വായനക്കാര്‍ ഉണ്ടാവുക എന്നത് തന്നെ ഊര്‍ജ്ജം നല്‍കുന്നു. സന്തോഷം

@കാടോടിക്കാറ്റ്‌ : വായനക്ക് നന്ദി.

വീണ്ടും വീണ്ടുമുള്ള വായനക്കിടയില്‍ പിന്നെയും പിന്നെയും ഷെരീഫ് കൊട്ടാരക്കര ആ നാടന്‍ ശീലിന് നല്‍കിയ അലപ്പുഴ ഭാഷ്യം മനസ്സില്‍ തെകട്ടി വന്നത് കൊണ്ട് , ഷെരീഫിക്കയുടെ നാട്ടിലെ ശീലും ഞാന്‍ എഴുതിയ ശീലും ചേര്‍ത്ത് ഒരു പുതിയ ശീലാക്കി ഒന്ന് പുന:രവതരിപ്പിക്കുന്നു. ഒരിക്കല്‍ ഒരു സമ്മാനത്തിന് പരിഗണിക്കപ്പെട്ടത് കൊണ്ടായിരുന്നു ഇത് വരെ അത് ചെയ്യാതെ മടിച്ചത്. പക്ഷെ, ഇപ്പോള്‍ ചെയ്യുന്നു.

പുതിയ ശീല് ഇങ്ങിനെ :
“കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ
പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ“

ഗൌരവമുള്ള വായനയും അഭിപ്രായങ്ങളും നല്‍കിയ ഏവര്‍ക്കും നന്ദി.

Manoraj പറഞ്ഞു... മറുപടി

ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ബബ് - മൈ ബോസ് കഥാമത്സരത്തില്‍ മൂന്നാം സ്ഥാനവും ഭീലായില്‍ നിന്നുള്ള സമിഷ്ടി സാഹിത്യമാസികയുടെ കഥാമത്സരത്തില്‍ ഒന്നാം സ്ഥാനവും ഈ കഥക്ക് ലഭിച്ചു. നന്ദി പ്രിയ വായന കൂട്ടുകാര്‍ക്ക്..