വെള്ളിയാഴ്‌ച, നവംബർ 27, 2009

നിറക്കൂട്ട്‌


വരാന്തയിൽ വീണുകിടക്കുന്ന പത്രം എടുത്ത്‌ മറിചുനോക്കുമ്പോൾ സുജാതയുടെ മുഖത്ത്‌ പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു. പെട്ടന്ന് എന്തോ കണ്ട സുജാതയിൽ ഒരു പുഞ്ചിരി വന്നു. പുതുമുഖ നായികയെ ആവശ്യമുണ്ട്‌. വെളുത്ത നിറം, ഒത്ത ഉയരം, ഭംഗിയുള്ള കണ്ണുകൾ, നിരപ്പൊത്ത പല്ലുകൾ... മുതലായ ശരീരഗുണങ്ങൾ ഒത്തിണങ്ങിയ 20 നും 26നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കപേക്ഷിക്കാം. അഭിനയവുമായി എന്തെങ്കിലും ബന്ധമുള്ളവർക്ക്‌ മുൻ ഗണന. താൽപര്യമുള്ളവർ താഴെ കാണുന്ന അഡ്രസ്സിൽ ബന്ധപ്പെടുക.

സുജാത അന്തർജ്ജനം ഒന്നു നെടുവീർപ്പിട്ടു. പറഞ്ഞിരിക്കുന്ന ശരീരഗുണങ്ങൽ മുഴുവൻ തനിക്കുണ്ട്‌. പിന്നെ, അഭിനയം, അച്ഛൻ മരിച്ചതിനു ശേഷമുള്ള ഈ ജീവിതം തന്നെ അഭിനയമല്ലേ? അയച്ച്‌ നോക്കാം. തറവാടിന്റെ പുറത്ത്‌ അധികം പരിചയമില്ലാത്ത, പുറം ലോകത്തിലെ കപടതകൾ അറിയാത്ത ആ പെൺ കുട്ടി ചിന്തിച്ചു.

"മോളേ, സുജാതേ.. ഇത്തിരി വെള്ളം"

അകത്തുനിന്നും കാർത്ത്യായനി അന്തർജ്ജനത്തിന്റെ വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി. സുജാത വേഗം അടുക്കളയിലേക്ക്‌ നടന്നു. ക്ലാവുപിടിച്ച ഒരോട്ടുഗ്ലാസ്സിൽ വെള്ളവുമായി തിരികെ വന്നു. കാർത്ത്യായനിയമ്മ പാത്രം വാങ്ങി. ഒന്നു നോക്കിയശേഷം അവർ വെള്ളം കുടിച്ചു.

" ഈ പാത്രം ഒന്നു വൃത്തിയായി കഴുകിക്കൂടെ കുട്ട്യേ" - അവർ ചോദിച്ചു.

"അതിൽ നിന്നും ക്ലാവുപോകുന്നില്ലമ്മേ.. വർഷം കുറെ കഴിഞ്ഞില്ലേ ഇനി ഇത്‌ ഏതെങ്കിലും പഴയ പാത്രക്കാർക്ക്‌ കൊടുക്കുന്നതാണു നല്ലത്‌"

"എന്താ കുട്ട്യേ നീയ്‌ പറയണേ, എന്റെ അമ്മൂമ്മയുടെ കാലം മുതലുള്ള പാത്രാ അത്‌. അത്‌ കളയേ.. ഹാവൂ, ചിന്തിക്കാൻ കൂടി വയ്യ. എനിക്ക്‌ അവസാന ഇറക്ക്‌ വെള്ളവും തന്നിട്ട്‌ നീ ഇതെന്തുവേണേലും കാട്ടിക്കോളൂ". അവരുടെ ശരീരം വിറച്ചുതുടങ്ങി. അവർ ആകെ പരിഭ്രാന്തയായി. സുജാത അവരെ ആശ്വസിപ്പിച്ചു. കാർത്ത്യായനിയമ്മക്ക്‌ എന്തും ആ പാത്രത്തിൽ കുടിക്കുവാനാണിഷ്ടം. എന്നെങ്കിലും ആ പാത്രത്തിലല്ലാതെ കൊടുത്താൽ അവർ അത്‌ വലിച്ചെറിയും. അതാണു ശീലം. ഒരിക്കൽ സുജാതക്ക്‌ ഒരു പറ്റുപറ്റിയതാണു. അവൾ ഒത്തിരി പരിശ്രമിച്ച്‌ തേച്ചുകഴുകി ഉണക്കാൻ വച്ചിരിക്കുകയായിരുന്നു ഈ ഓട്ടുപാത്രം. അമ്മ വെള്ളം ചോദിച്ചപ്പോൾ അവൾകേറ്റവും പ്രിയപ്പെട്ട, നിറങ്ങൾ കൊണ്ട്‌ വരകൾ കോറിയ ഗ്ലാസ്സിൽ വെള്ളം നൽകി. കലിപൂണ്ട കാർത്ത്യായനിയമ്മ ഗ്ലാസ്സ്‌ വലിച്ചെറിഞ്ഞു. അത്‌ ഒത്തിരി കുഞ്ഞു കഷണങ്ങളായി നുറുങ്ങിപ്പോയി.. ഹോ, എത്ര മാത്രമാ അന്ന് മനസ്സ്‌ നുറുങ്ങിയത്‌. കുനിഞ്ഞിരുന്ന് ഗ്ലാസ്സിലെ നിറക്കൂട്ടുകൾ പെറുക്കിയെടുക്കുമ്പോൾ അവൾ തേങ്ങിപ്പോയി..
സുജാതക്ക്‌ എന്നും ഏഷ്ടം നിറങ്ങളോടായിരുന്നു. ഒരായിരം നിറങ്ങൾ ചാലിച്ചുണ്ടാക്കുന്ന നിറക്കൂട്ടുകളോട്‌ അവൾക്ക്‌ തീർത്താൽ തീരാത്ത വിധേയത്വമായിരുന്നു. അവളുടെ ജീവിതത്തിലെ കൂട്ടുകാരും പല നിറത്തിലുള്ള വളപ്പൊട്ടുകളും വർണ്ണകടലാസുകളുമായിരുന്നു....

പരിപ്പു കരിയുന്ന മണം നാസാഗ്രങ്ങളിൽ തുളച്ചു കയറിയപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു. കലം വാങ്ങിവച്ചപ്പോഴേക്കും അത്‌ കരിഞ്ഞ്‌ അടിയിൽ പിടിച്ചിട്ടുണ്ടായിരുന്നു. ഇന്നിനി അമ്മക്ക്‌ ഇതു മതി. തന്റെ ഒരു വിധി.. തലയിൽ കൈതാങ്ങി സുജാത അടുക്കളചുമരിൽ ചാരി. പുകപിടിച്ച ഈ അടുക്കളയിൽ കഞ്ഞിവെക്കുകയും പരിപ്പ്‌ വേവിക്കുകയും മാത്രമേ അവൾക്ക്‌ ചെയ്യാനുണ്ടാവാറുള്ളൂ. ഇന്ന് മാത്രമല്ല... ഇന്നലെയും... മിനിഞ്ഞാന്നാളും... അങ്ങിനെ ഒരുപാട്‌ ഒരുപാട്‌ ദിവസങ്ങൾക്ക്‌ മുമ്പ്‌, അച്ഛൻ മരിച്ചത്‌ മുതൽ..!!! അച്ഛൻ ... വേണ്ട, എന്തിനാ ഇനി അതൊക്കെയ്യോർത്ത്‌ മനസ്സ്‌ വേദനിപ്പിക്കുന്നേ... ഇന്ന് കറിയായി ഈ കരിഞ്ഞ പരിപ്പെങ്കിലും ഉണ്ട്‌. നാളെ വെറും ഉപ്പു കഞ്ഞി മാത്രം.. അതു കഴിഞ്ഞ്‌ അതിനും വകയില്ലല്ലോ? മറ്റുവീടുകളിൽ നിന്നും ചോദിക്കാമെന്ന് വെച്ചാൽ അഭിമാനം സമ്മതിക്കുന്നില്ല.. പണ്ട്‌, പത്തായം നിറയെ നെല്ലളന്നിരുന്ന ഇല്ലമ്മല്ലേ...!! ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലല്ലോ... പിന്നെ, വീട്ടുപണിക്ക്‌ പോകുവാനൊന്നും അമ്മയും സമ്മതിക്കില്ല. എന്തുചെയ്യും? ജീവിക്കാതിരിക്കാൻ കഴിയില്ലല്ലോ.. മരിക്കാൻ പേടിയായിട്ടല്ല... ജീവിക്കാൻ ആശ കൊണ്ടാണു... അമ്മ അറിയാതെ പത്രത്തിൽ കണ്ട പരസ്യത്തിനു മറുപടി അയക്കാം.. ഒരു പക്ഷെ, ഭാഗ്യമുണ്ടായാൽ.. ഏതായലും അമ്മയറിയണ്ട...

അവൾ ഒരു അപേക്ഷ തയ്യാറാക്കി അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അഭിമുഖ സംഭാഷണത്തിനായി നഗരത്തിലെ മുന്തിയ ഹോട്ടലിൽ രാവിലെ 10 മണിക്ക്‌ എത്തിചേരുവാൻ അറിയിച്ചുകൊണ്ട്‌ മറുപടി കിട്ടി. തിയതിയും ഹോട്ടലും എല്ലാം വിശദമാക്കിയിട്ടുണ്ട്‌. എന്തുവേണം.. പോകണോ ..? പോകാം.. സുജാത കുളിച്ച്‌, ഉള്ളതിൽ നല്ലതെന്ന് തോന്നിയ വസ്ത്രവും ധരിച്ച്‌, അമ്മയോട്‌ പറയാതെ അവിടേക്ക്‌ പോയി. അവിടെചെന്നപ്പോൾ കൂടികാഴ്ചക്കായി ഒത്തിരി പെൺകുട്ടികൾ ഉണ്ടായിരുന്നു. പലരേയും കണ്ടിട്ടവൾക്ക്‌ ബൊമ്മക്കൊലുവിനെ ഓർമ്മവന്നു. ചിലരെല്ലാം ഇന്ത്യൻ മദാമ്മമാരെ പോലെ തോന്നിച്ചു. അവരെല്ലാം സിനിമയുടെ മോഹ വലയത്തിൽ ആയിരുന്നു. സുജാതയുടെ മനസ്സിലാണെങ്കിൽ കരിഞ്ഞ പരിപ്പ്‌ കലവും, ഒഴിഞ്ഞ വയറുമായിരുന്നു... എല്ലാവരുടേയും മുന്നിൽ വിലകുറഞ്ഞ സാരി ധരിച്ച്‌ , തേഞ്ഞുതുടങ്ങിയ ചെരുപ്പുമിട്ട്‌ നിൽകുമ്പോൾ അവൾക്ക്‌ അപകർഷതാബോധം തോന്നി. വാതിലിനോടു ചേർന്ന തൂണിൽ ചാരി അവൾ മറ്റുള്ളവർക്ക്‌ പിടികൊടുക്കാതെ നിന്നു.

അവിടെ നിന്നിരുന്ന് മദാമ്മമാരുടെ കൂട്ടത്തിൽ അവളുടെ നാട്ടിലുള്ള ഒരു പരിഷ്കാരി പെണ്ണിനെയും അവൾ കണ്ടു. അവൾ സുജാതയെ പുച്ഛത്തോടെ, മിഴിച്ച്‌ നോക്കി. അന്തർജ്ജനം നായികയാവാൻ വന്നിരിക്കുന്നു എന്ന ഭാവത്തൊടെ... നാട്ടിൽ മുഴുവൻ ഇനി ഇതറിയുമെന്ന് സുജാതക്ക്‌ മനസ്സിലായി. പക്ഷെ, അവൾക്കൊന്നും തോന്നിയില്ല.. എന്തെങ്കിലും ഭാഗ്യംകൊണ്ട്‌ ഈ ജോലികിട്ടിയാൽ എന്തായാലും എല്ലാവരും അറിയുമല്ലോ.. പിന്നെന്താ... നിഷ്കളങ്കയായ അവളുടെ മനസ്സിൽ സിനിമയെന്ന് പറഞ്ഞാൽ ഒരു ചായക്കൂട്ട്‌ മാത്രമായിരുന്നു... അതുമാത്രമാണെന്നായിരുന്നു ആ പാവം പെണ്ണിന്റെ വിശ്വാസം.

"സുജാത അന്തർജ്ജനം" - വാതിൽ തുറന്നു പിടിച്ചുകൊണ്ട്‌ ഒരു ചെറുപ്പക്കാരൻ വിളിച്ചു. ആ പേരുകേട്ട്‌ അവിടെ കൂടിയിരുന്ന മദാമ്മമാർ എന്തൊക്കെയോ പിറുപിറുത്തു. അന്തർജ്ജനം അഭിനയിക്കാൻ വന്നിരിക്കുന്നു. അവർ പലരും പൊട്ടിച്ചിരിക്കുന്നത്‌ അകത്തേക്ക്‌ കയറുന്നതിനിടയിൽ സുജാത കാണുന്നുണ്ടായിരുന്നു.

അകത്ത്‌ സുജാതയെ സ്വീകരിച്ചത്‌ നാലുപുരുഷന്മാരാണു. അവരുടെ കണ്ണൂചിമ്മാതെയുള്ള നോട്ടത്തിനു മുൻപിൽ അവൾ ഒന്ന് ചൂളി. അവർക്ക്‌ അവളോട്‌ കൂടുതൽ ഒന്നും ചോദിക്കുവാൻ ഇല്ലായിരുന്നു. ആ കഴുകക്കണ്ണുകളും, കൈകളും അവളെ മാന്തിപ്പൊളിക്കാൻ ആർത്തിപിടിച്ചു. അവൾക്കാദ്യമായി പരിഭ്രമം തോന്നി... എന്തുകൊണ്ടെന്ന് അറിയില്ല, അവൾപോലുമറിയാതെ അവളുടെ കൈകൾ മാറിടം മറക്കാൻ വെമ്പി.. കൈകൾ പിണച്ച്‌ അവൾ മാറിടം മറച്ചു.

"ആ കൈകൾ എടുത്തുമാറ്റൂ.. ഞങ്ങൾ ഒന്ന് ശരിക്ക്‌ കണ്ടോട്ടെ...: - അവരിൽ ഒരുവൻ വന്ന് അവളുടെ കൈകളുടെ സ്ഥാനം മാറ്റി. അവൾക്ക്‌ വിറക്കാൻ തുടങ്ങി.. അയാളുടെ വികൃതികൾ അവളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു...

"മോൾക്ക്‌ സിനിമാനടിയാകണ്ടേ? വരൂ.. ഞങ്ങൾ മോളെ സിനിമാ നടിയാക്കാം.. വരൂ മോളേ.." ഒരുവൻ അവന്റെ തുടകളിൽ തട്ടി അവളെ മാടി വിളിച്ചു.. വേറേ ഒരുവൻ അൽപം കൂടി അധികാരത്തോടെ, അവളുടെ സാരിയിൽ കടന്നു പിടിച്ചുകഴിഞ്ഞിരുന്നു.. ഒരു നിമിഷം...സുജാത പതറിപ്പോയി.. പിന്നെ, എങ്ങിനെയോ മുറിയുടെ ബോൾട്ട്‌ വലിച്ചുതുറന്ന് പുറത്തേക്കോടി... അവൾ ആകെ വിയർത്തിരുന്നു. സ്ഥാനം തെറ്റിയ സാരിയും വാരിപിടിച്ച്‌ അവൾ ഓടി...

വീട്ടിലെത്തി, മുറിയുടെ വാതിലടച്ചിട്ടും സുജാതക്ക്‌ ശ്വാസം നേരെയായില്ല.. ഇതാണോ സിനിമയുടെ ലോകം...!! പണ്ട്‌, അച്ഛനോടൊപ്പം വിക്റ്ററി ടാക്കീസിൽ സിനിമാ കാണുമ്പോൾ സ്ക്രീനിനു പിന്നിലെ നസീറിനെയും, മമ്മൂട്ടിയെയും, മറ്റും ഒന്ന് കാണുവാൻ കൊതിച്ചിട്ടുണ്ട്‌. ടാക്കീസിന്റെ പിന്നിലുള്ള മുറിയിൽ അവർ എല്ലാവരും നിന്ന് അഭിനയിക്കുകയാണെന്നാണു അന്ന് കരുതിയിരുന്നത്‌. വളർന്നതിനു ശേഷം, ഇന്നു വരെ സിനിമക്ക്‌ പോയിട്ടില്ലല്ലോ? എന്നാലും ഇതുപോലൊക്കെയാണെന്ന് ഒരിക്കലും കരുതിയില്ല. അവൾ കട്ടിലിൽ കിടന്ന് കുറെ കരഞ്ഞു. അമ്മയുടേ വിളി കേട്ടാണു അവൾ എഴുന്നേറ്റത്‌. കണ്ണും മുഖവും തുടച്ച്‌ അവൾ അമ്മക്കരികിലേക്ക്‌ ചെന്നു.

"അമ്മയെന്നെ വിളിച്ചോ?"

"വിളിച്ചു. നീ എവിടെയാ രാവിലെ ഉടുത്തൊരുങ്ങി പോയത്‌?"

"ഒരു സ്ഥലം വരെ പോയതാ അമ്മേ"

"എവിടേ? എന്തിനു"

"അതൊക്കെയുണ്ട്‌"

"എന്നിട്ട്‌"

"എന്നിട്ടെന്താ ഞാൻ ഇങ്ങു പോന്നു." അവൾ പ്രസന്നത നടിച്ച്‌ കൊണ്ട്‌ പറഞ്ഞിട്ട്‌ വേഗത്തിൽ അടുക്കളയിലേക്ക്‌ പോയി.

ഓർക്കുംതോറും അവൾക്ക്‌ കരച്ചിലടാക്കാൻ കഴിഞ്ഞില്ല. സിനിമയുടെ കപടതകളെ കുറിച്ച്‌ അവൾക്ക്‌ ഇപ്പോഴാണു മനസ്സിലായത്‌. സിനിമയുടെ നിറക്കൂട്ടിനു വേണ്ട ചായങ്ങളും അവൾ മനസ്സിലാക്കി.
പിറ്റേന്ന്, ഒരത്യാഹിതത്തിൽ നിന്നും തന്നെ രക്ഷിച്ചതിനു ഇഷ്ടദേവനായ ശിവനെ കാണാൻ അമ്പലത്തിലേക്ക്‌ പോകുകയായിരുന്നു സുജാത. അവളെകണ്ട്‌ പതിവില്ലാത്ത വിധം ആളുകൾ എന്തൊക്കെയോ കുശുകുശുക്കുന്നു. യുവാക്കൾ കമന്റ്ടിക്കുന്നു. പെണ്ണുങ്ങൾ മുഖം തിരിക്കുന്നു. എല്ലാം പതിവില്ലാത്ത കാര്യങ്ങളാണു. അമ്പലത്തിൽ കയറിയ അവളെ ശാന്തിക്കാരൻ വിലക്കി. അവൾക്ക്‌ കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി. ഇന്നലെ നടാന്ന സിനിമാ കഥ പരിഷ്കാരി പെണ്ൺ പൊടിപ്പും തൊങ്ങലും വച്ച്‌ പറഞ്ഞുപരത്തിയിരിക്കുന്നു. അവൾക്ക്‌ സങ്കടം തോന്നി. നിരപരാധിയായ തന്നെ എന്തിനാ എല്ലാവരും കൂടെ ഇങ്ങിനെ ക്രൂശിക്കുന്നത്‌. അവൾ ഖിന്നയായി തിരിച്ചുനടന്നു. അല്ല, അവൾ ഓടുകയായിരുന്നു.. വൃത്തികെട്ടകമന്റുകൾക്ക്‌ ചെവികൊടുക്കാതിരിക്കാൻ വീട്ടിലേക്ക്‌ ഓടിക്കയറിയ അവളെ കാത്തിരുന്നത്‌ അമ്മയുടെ വക ശകാരവർഷമായിരുന്നു.

"നിൽക്കെടീ അവിടെ... എവിടേക്കാ നീ ഓടിക്കയറി പോകുന്നേ... നീ..നീ.. ഇനി ഈ പടി ചവിട്ടിപോകരുത്‌.. ഈ തറവാട്ടിൽ നിന്റെ അഴിഞ്ഞാട്ടം നടക്കില്ല. കണ്ടാ സിനിമാക്കാരുടേ കൂടെ കിടന്ന് നിരങ്ങിയിട്ട്‌ വന്നിരിക്കുന്നു. അവർ നിന്നെ എന്തെല്ലാം ചെയ്തെടീ അസത്തേ...!!!"

അമ്മയും അറിഞ്ഞിരിക്കുന്നു. അതിൽ അവൾക്ക്‌ സങ്കടമില്ല. പക്ഷെ, അമ്മയും തന്നെ അവിശ്വസിക്കുന്നു. അവിടെയാണു അവൾ തകർന്ന് പോയത്‌. അവൾ അമ്മയോട്‌ കേണു പറഞ്ഞുനോക്കി.. നടന്നത്തെല്ലാം പറഞ്ഞു. എങ്കിലും കാർത്ത്യായനി അന്തർജ്ജനം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അവർ അവളെ പടിക്ക്‌ പുറാത്താക്കി വാതിലടച്ചു. അതോടെ സുജാതയിൽ നിന്നും ബന്ധങ്ങളുടെ ചായവും ഇളകി.

കൊട്ടിയടക്കപ്പെട്ട വാതിലേക്ക്‌ ഒരിക്കൽ കൂടി നോക്കിക്കൊണ്ട്‌ അവൾ തിരിഞ്ഞു നടന്നു. അമ്മയുടേ ശകാരവാക്കുകളും എണ്ണിപ്പറക്കലുകളും ശ്രദ്ധിക്കാതെ... അയൽക്കാരുടേയും, നാട്ടുകാരുടേയും പരിഹാസങ്ങൾ വകവെക്കാതെ.. ലക്ഷ്യത്തിലേക്ക്‌ തൊടുത്തുവിട്ട ശരംകണക്കെ അവൾ നടന്നു. അവളുടെ ഒ‍ാരോ കാൽ വെപ്പുകൾക്കും നിശ്ചയദാർഢ്യത്തിന്റെ ചുടലതയുണ്ടായിരുന്നു. സുജാതയുടെ നടത്തം അവസാനിച്ചത്‌ പഴയ ഹോട്ടലിന്റെ മുൻപിലായിരുന്നു. ഇപ്രാവശ്യം തന്നെ കടത്തിവിടണമെന്ന് പറഞ്ഞതിനൊപ്പം അവൾ വാതിൽ തള്ളിതുറന്ന് അകത്ത്‌ കടക്കുകയും, വാതിൽ അകത്ത്‌ നിന്ന് തഴുതിടുകയും ചെയ്തു. ഇത്തവണ പകച്ചുപോയത്‌ അഭിമുഖക്കാരായിരുന്നു... സമചിത്തത്ത വീണ്ടെടുത്ത അവർ പഴയ, അതേ തിവ്രതയോടേതെന്നെ അവളെ ചൂഴ്‌ന്നുനോക്കി.. സുജാതക്ക്‌ പരിഭ്രമം തോന്നിയില്ല. അവൾ മാറിൽ കൈകൾ പിണച്ച്‌ മറക്കാൻ ശ്രമിച്ചില്ല. അവർ അടുത്തേക്ക്‌ വന്നപ്പോൾ പിന്നാക്കം പോയില്ല... മടിക്കുത്തിൽ പിടിയമർന്നപ്പോൾ കുതറിമാറിയില്ല... അവൾ നിഗൂഢമായി ആനന്ദിക്കുകയായിരുന്നു.. ആരോടൊക്കെയോ പകപോക്കുകയായിരുന്നു. അവരുടെ മുൻപിൽ അവൾ അലിയുകയായിരുന്നു. അതിലൂടെ അവളും, അവളുടെ സ്വപ്നങ്ങളും സിനിമയുടെ നിറക്കൂട്ടിൽ അലിഞ്ഞില്ലാതാവുകയായിരുന്നു...

ഞായറാഴ്‌ച, നവംബർ 01, 2009

തുടക്കം


അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..

ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണ്. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണ് ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?

വീട്ടിലെത്തുന്നതുവരെ കവർ പൊട്ടിച്ചില്ല. ഇറയത്ത്‌ ചാണകം മെഴുകിയ നിലത്ത്‌ അമർന്ന് കൊണ്ട്‌ മെല്ലെ വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാൻ അറിയാതെ എഴുന്നേറ്റുപോയി.

"എനിക്ക്‌ ജോലി കിട്ടി...എനിക്ക്‌ ജോലി കിട്ടി.." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോൾ അകത്തെ മുറിയിൽ ചെന്ന് അച്ഛനെ വിവരമറിയിച്ചു.

അപ്പോൾ മാത്രമാണു ആ കാര്യം ചിന്തിച്ചത്‌. ഓർഡറിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സിൽ അൽപം വിഷമം തോന്നി. എങ്കിലും ഈ പട്ടിണിയില്ലാതാകുമല്ലോ എന്നോർത്തപ്പോൾ സമാധാനം തോന്നി.

"എവിടെയാടാ-" അച്ഛൻ

"വയനാട്ടിലാണച്ഛാ"

"ദുരിതമാകും അല്ലേ?"

"ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങൾ നേരെ ചൊവ്വെ നടക്കണമല്ലോ..." പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ ഒരു കൂട്ടുകാരനോട്‌ കടം വാങ്ങിയ പൈസയുമായി ഞാൻ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിന്... മനസ്സിൽ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര.

വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാൻ വണ്ടിയിറങ്ങുമ്പോൾ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട്‌ അള്ളിപിടിച്ച്‌ തുടങ്ങിയിരുന്നു. ഈ ഇരുട്ടിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത്‌ കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത്‌ എന്റെ വിലയേറിയ സർട്ടിഫിക്കറ്റുകളടങ്ങിയ, എന്നാൽ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയിൽ വച്ച്‌ ഞാൻ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാൻ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാൽ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാൻ ആകെ വിഷണ്ണനായി.... ഉറക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാൻ നിലത്ത്‌ തലവെച്ച്‌ കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത്‌ വക്കുവാൻ എനിക്ക്‌ മടി തോന്നി. സർട്ടിഫിക്കറ്റുകൾ ചിതലരിച്ചാലോ... എന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ...ശരീരം ആകെ കട്ടുകഴക്കുന്നു...മെല്ലെ മെല്ലെ ഞാൻ മയക്കത്തിലേക്ക്‌ വഴുതി വീണു.

പട്ടിയുടെ തുടർച്ചയായുള്ള കുര കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. എന്റെ മുന്നിൽ നിൽക്കുന്ന തെണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമർഷത്തോടെ...പിന്നീട്‌ എന്തുകൊണ്ടോ - ഞാനും അവനെ പോലെ തന്നെ ഒരു തെണ്ടിയാണെന്ന തോന്നലാവാം - അവൻ എന്റെ കാൽക്കൽ ചുരുണ്ടുകൂടി. ഭയം മനസ്സിനെ മധിച്ചതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി...ഇനി എന്ത്‌? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാൻ നടന്നു. മുൻപിൽ കണ്ട വഴിയിലൂടെ...

കുത്തനെയുള്ള ആ ഇറക്കം ചെന്ന് നിന്നത്‌ വൈക്കോൽ മേഞ്ഞ ഒരു പുരക്കു മുമ്പിലാണ്. അവിടെനിന്നും ഒരു സ്ത്രീ ഇറങ്ങിവരുന്നത്‌ ഞാൻ കണ്ടു. ഏതാണ്ട്‌ അസ്തിപോലായ സ്ത്രീ. ഒക്കത്ത്‌ ഒരു കുഞ്ഞുണ്ട്‌. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവൾ ഉദാസീനയായി എന്നെ നോക്കി. ആ കണ്ണുകൾ എന്നോട്‌ എന്തോ യാചിക്കും പോലെ എനിക്കു തോന്നി.

"ഈ ഗവർൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?" അവർ നിശബ്ദയായി എന്നെ നോക്കി നിന്നു. "
അമ്മച്ചീ,ഈ ഗവർൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?..." ഞാൻ വീണ്ടും ചോദിച്ചു.
അറിയില്ലെന്ന് അവർ കൈമലർത്തി. ഞാൻ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണ്. അവർക്ക്‌ വഴിയറിയില്ല...ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചതാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടൻ ചായയെങ്കിലും..."അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?"

"ഇതാണ് ഇവിടത്തെ ചായക്കട" കുട്ടിക്ക്‌ മുലകൊടുക്കുന്നതിനിടയിലും അൽപം പ്രതീക്ഷയോടെ, ആകംഷയോടെ അവർ പറഞ്ഞു.

ഞാനകെ ഒന്ന് നോക്കി. വൈക്കോൽ കൊണ്ടുമേഞ്ഞ , ഒന്നുരണ്ടു മുളന്തൂണുകൾ കൊണ്ട്‌ താങ്ങിനിർത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ്‌ പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോൾ അവർ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ...

"ചായകിട്ടുമോ?" മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ചോദിച്ചു.

"കയറി ഇരിക്കൂ" അവർ ആഹ്ലാദത്തോടെ പറഞ്ഞു.

ഞാൻ അകത്ത്‌ കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാൻ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവർ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതിൽ അമർന്നുകൊണ്ട്‌ ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട്‌ മുറികളാണു ആ കടക്കുള്ളത്‌. ഒന്ന് കീറിയ സാരികൊണ്ട്‌ മറച്ചിട്ടുണ്ടാക്കിയതാണ്. അതിലാവാം അവരുടെ താമസം. ഞാൻ ആകെ ഖിന്നനായി. ഇവരുടെ മുമ്പിൽ എന്റെ പ്രശ്നങ്ങൾ എത്ര നിസ്സാരം. ഞാൻ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും ആ കുട്ടിയുടെ കരച്ചിൽ ഉയർന്ന് വന്നു.

"അശ്രീകരം.. കരയാതിരിക്ക്‌ എന്റെ കുട്ടാ" ദേഷ്യവും വാത്സല്യവും ഒരുമിച്ച്‌ അവരിൽ നുരഞ്ഞുപൊങ്ങിയത്‌ ഞാൻ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാൻ ആ കീറിയ സാരി മാറ്റി അകത്തേക്ക്‌ നോക്കി. അപ്പോൾ കണ്ട കാഴ്ച....

ആ സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തന്റെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി.

"പാൽ കിട്ടിയില്ല എങ്കിലും ചായ ഇപ്പോൾ തരാം. ഈ പാലൊന്നെടുക്കാൻ ഈ അശ്രീകരം സമ്മതിക്കണ്ടെ."

മുഴുവൻ കേൾക്കാതെ ഞാൻ ഓടി. കുത്തനെയുള്ള ആ വഴികൾ ഓടികയറിയപ്പോൾ ഞാൻ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകൾ തറഞ്ഞുകയറി എന്റെ കാലിൽ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. ഇവരുടെ ഈ അവസ്ഥക്ക്‌ മുമ്പിൽ തന്റെ വീട്‌ സ്വർഗ്ഗമാണ്. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച്‌ വന്ന ഏനിക്ക്‌... വയ്യ...തിരിച്ചുപോണം...എന്റെ ആ സ്വർഗ്ഗത്തിലേക്ക്‌...

ഇറങ്ങിയ വഴികൾ ഓടിക്കയറി ഞാൻ ചെന്നപ്പോൾ പഴയ പട്ടി എന്നെ കണ്ട്‌ സൗഹൃദഭാവത്തിൽ കുരച്ചു. പക്ഷെ എന്റെ കാതിൽ മുഴങ്ങികേട്ടത്‌ ആ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ കണ്ടത്‌ ആ സ്ത്രീയുടെ നിസ്സഹാത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമായി ആ സ്ത്രീ എന്നെ പിൻ തുടരുന്നതായി എനിക്ക്‌ തോന്നി... ഞാൻ ഓടി... ആ സ്ത്രീയിൽ നിന്നും രക്ഷപെടുവാനായി.. .വിശപ്പില്ലതെ...ദാഹമില്ലാതെ... മനസ്സിലേറ്റുവങ്ങിയ ആ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി....