'എന്താടോ വെട്ടുവഴി രാവിലെ പശുവിന്റെ മൂട്ടില്‍ നോക്കിയിരിക്കുന്നേ.. ഇന്ന് വെട്ടുവഴി നിരങ്ങുന്നില്ലേ?'
'വെട്ടുവഴി നിന്റെ തന്തയാടാ..' പ്രകാശന്‍ തൊഴുത്തില്‍ തന്നെ നിന്ന് ഉടുതുണി പൊക്കിപ്പിടിച്ച് നീട്ടി മുള്ളി. മൂത്രത്തിന് കള്ളിന്റെ രൂക്ഷ ഗന്ധം. പശു ഒന്ന് അമറി.
'എടോ, ഒന്ന് മാറി നിന്ന് പെടുക്ക്. ദേ, ഈ മണം കേട്ട് പശുവെങ്ങാനും കയറ് പൊട്ടിച്ചാല്‍ പിന്നെ തെന്റേത് വെറും നോട്ടക്കാരന്റെ അവസ്ഥയാവും കേട്ടോ, പറഞ്ഞില്ലാന്ന് വേണ്ട'
'ഓ, അതല്ലേലും മിക്കവാറും നോട്ടക്കാരന്‍ തന്നെയാ എന്റെ കണാരേട്ടാ..' പാലെടുക്കാന്‍ പാത്രവുമായി വരുന്ന വരവില്‍ സരള ചിരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ ഇരുവരുടേയും അര്‍ത്ഥം വെച്ചുള്ള ചിരി പ്രകാശാന് അത്രക്കങ്ങട് പിടിച്ചില്ല.
'ഫ, നായിന്റെ മോളേ, കേറി പോടി അകത്ത്.. അവള്‍ രാവിലെ തന്നെ പാലളക്കാന്‍ ഇറങ്ങിയിരിക്കുകയാ..' - പ്രകാശന്‍ സരളയുടെ പിന്‍ഭാഗം നോക്കി ഒരു ചവിട്ട് കൊടുത്തു.
വെട്ടുവഴി പ്രകാശനും ഇല്ലിക്കാട്ടില്‍ സരളയും വെടിവെച്ചാംകുഴി ഗ്രാമത്തില്‍ വന്നിട്ട് വളരെ കുറച്ചേ ആയിട്ടുള്ളു. പ്രകാശന്‍ ദിവസം മുഴുവന്‍ വെള്ളമടിച്ച് വെട്ടുവഴി നിരങ്ങി നടക്കുന്ന ഒരുവനാണ്. അങ്ങിനെയാണ് നാട്ടുകാര്‍ അവനെ വെട്ടുവഴി പ്രകാശന്‍ എന്ന് പേരിട്ടത്. സരളയാണെങ്കില്‍ പ്രകാശന്റെ അഭാവത്തില്‍ ഇല്ലിക്കാട്ടില്‍ വെച്ച് വെടിവെച്ചാം കുഴി ദാസന്‍ എന്ന ഗുണ്ടയുമായി അല്ലറ ചില്ലറ വെടിക്കഥകളൊക്കെ പറഞ്ഞിരിക്കുമായിരുന്നു. കൈയോടെ പിടികൂടിയ നാട്ടുകാര്‍ അങ്ങിനെ സരളെയെ ഇല്ലിക്കാട്ടില്‍ സരളയാക്കി. സരളക്ക് അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു കുളിരാ.. പക്ഷെ, എന്തൊക്കെയാണേലും അവള്‍ക്ക് പ്രകാശനെ ജീവനായിരിന്നു. പ്രകാശന് അവളെയും.
യാതൊരു ജോലിക്കും പോകാതെ കുടിച്ച് പാമ്പായി ആട് പാമ്പേ ആടാടുപാമ്പേ പാടി നടക്കുന്ന പ്രകാശന്‍ നാട്ടുകാര്‍ക്ക് ഒരു കഥാപാത്രം തന്നെയായിരുന്നു. നാട്ടില്‍ ഏത് പാര്‍ട്ടിക്കാരുടെ വകയായി ജാഥയോ പ്രകടനമോ ഉണ്ടെങ്കിലും പ്രകാശന്‍ അതിന്റെ മുമ്പില്‍ കാണും. ഒന്ന് താഴ്ന്ന് പെരുവിരല്‍ നിലത്തുന്നി കുതിച്ചുയര്‍ന്ന് കൈകള്‍ ആകാശത്തേക്ക് ചുഴറ്റി എറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രകാശന്‍ ആ ജാഥക്ക് കൊഴുപ്പേകും. പ്രകാശന്റെ ചില മുദ്രാവാക്യങ്ങളൊക്കെ രസകരവും ആളുകളെ ആകര്‍ഷിക്കുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടിക്കാരും വെട്ടുവഴിയെ ഇത്തരം ജാഥകള്‍ക്ക് കൂട്ടുകയും ചെയ്യുമായിരുന്നു. പ്രകാശന്‍ ഇങ്ങിനെ ജാഥക്കും സമരങ്ങള്‍ക്കും കൊഴുപ്പുകൂട്ടി നടക്കുന്ന സമയങ്ങളിലാണ് സരള ഇല്ലിക്കാട്ടിലേക്ക് ഞൂണ്ട് കയറുന്നതും വെടിവെച്ചാം കുഴി ദാസന്റെ മടിക്കുത്തഴിച്ച് കാശ് തന്റെ മടിക്കുത്തിലേക്ക് തിരികികേറ്റി വീട്ടിലെ അടുപ്പ് പുകക്കുന്നതും.
അങ്ങിനെ അന്നും പതിവ് പോലെ രാവിലെയുള്ള പതിവ് കോട്ടയും വലിച്ച് കേറ്റി വെട്ടുവഴിയില്‍ ഇനിയെന്ത് എന്ന് ചിന്തിച്ച് നില്‍ക്കുന്ന പ്രകാശന്റെ അടുത്തേക്ക് പാര്‍ട്ടി സെക്രട്ടറി സുപ്രഭാതം സുന്ദരന്‍ വന്നത് രോഷാകുലനായിട്ടായിരുന്നു. രാവിലെ തന്നെ ഒരു പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സുന്ദരന്‍ വാചാലനായി. നാഗാലാന്റിലുള്ള ഏതോ ലോക്കല്‍ കമ്മറ്റി മെമ്പറെ അവിടത്തെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിയെന്ന് പത്രത്തില്‍ കണ്ടു എന്നതാണ് വിഷയം. ഇതില്‍ പ്രതിഷേധിച്ച് ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്താലോ എന്ന അണികളുളെ ചോദ്യത്തിന് കൊച്ചുമോളുടെ ചോറൂണിന് വീട്ടുകാര്‍ ഗുരുവായൂര്‍ പോയിരിക്കുന്നതിനാല്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ശരിയാവില്ല എന്ന മറുപടിയും കൊടുത്തു സുപ്രഭാതം സുന്ദരന്‍. പക്ഷെ, എന്തേലും ചെയ്തേ പറ്റൂ എന്ന് സുന്ദരനും വാശി. സ്വന്തം പാര്‍ട്ടിയുടെ ഒരു മെമ്പറെയാ തല്ലിചതച്ചത്.
'അല്ല, സുന്ദരേട്ടാ.. ഈ നാഗാലാന്റ് എവിടാ'- ന്യായമായ സംശയമായിരുന്നു കുഞ്ഞാപ്പുവിന്റെത്.
'നാഗാലാന്റ് എവിടെയായാലും നമുക്കെന്താ. അടികൊണ്ടത് നമ്മുടെ ആള്‍ക്കാ'- സുന്ദരന്‍ പറഞ്ഞു. 'നേതാവിനെ ചോദ്യം ചെയ്യുന്നോടാ' എന്ന് ചോദിച്ച് കൈനിവര്‍ത്തി കുഞ്ഞാപ്പുവിന്റെ കരണം നോക്കി ഒന്ന് പെടക്കാനാണ് വെട്ടുവഴി പ്രകാശന്‍ ആഞ്ഞത്. പക്ഷെ, കുടിച്ച കള്ള് ഏതോ ചരിഞ്ഞു നില്‍ക്കുന്ന തെങ്ങിലെയായിരുന്നത് കൊണ്ടാവാം പ്രകാശന്‍ നില തെറ്റി റോഡിലേക്ക് ചരിഞ്ഞു. അതൊന്നും പ്രകാശന് ഒരു പ്രശ്നമായിരുന്നില്ല. ആവേശത്തോടെ തപ്പിപിടഞ്ഞ് എഴുന്നേറ്റ പ്രകാശന് എത്രയും പെട്ടന്ന് ജാഥ നടത്തിയാല്‍ മതിയെന്നായിരുന്നു. മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ വന്ന് മുട്ടി നില്‍ക്കുന്നു..
പക്ഷെ, അപ്പോഴാണ് പ്രശ്നത്തിന്റെ കെടപ്പ് വശത്തെക്കുറിച്ച് സുപ്രഭാതം സുന്ദരന്‍ വീണ്ടും പ്രസംഗിച്ചു തുടങ്ങിയത്. ഒരു പ്രകടനം നടത്താന്‍ അനുവാദം ചോദിച്ചിട്ട് കിട്ടിയില്ലത്രെ!! പുതിയ എസ്.ഐ. വിരട്ടിവിട്ടു. അങ്ങിനെയൊന്നും തളരില്ല ഈ സുന്ദരന്‍. ഇതെന്താ വെള്ളരിക്കാപട്ടണമോ? സുന്ദരന്‍ രോഷം കൊണ്ടു.
അങ്ങിനെയെങ്കില്‍ പ്രകടനം നടത്തിയേ പറ്റൂ. അണികള്‍ക്കും വാശിയായി. മൌനജാഥയായാലോ? ആരോ അഭിപ്രായപ്പെട്ടു. സമ്മേളനം ഒഴിവാക്കാം. മൈക്ക് പെര്‍മിഷന്‍ ഇല്ലല്ലോ? അങ്ങിനെ സുപ്രഭാതം സുന്ദരന്റെ നേതൃത്വത്തില്‍ മൌനജാഥ തീരുമാനിക്കപ്പെട്ടു.
സുപ്രഭാതം മുന്‍പിലും അണികള്‍ പിന്നിലുമായി മൌനജാഥ ആരംഭിച്ചു. എന്തോ വെട്ടുവഴിക്ക് ഇതത്ര ദഹിക്കുന്നില്ല. കുടിച്ച കള്ള് വയറ്റില്‍ കിടന്ന് അലറിവിളിക്കുന്നു. ജാഥയിലാണേല്‍ ഒരുത്തനും മിണ്ടുന്നുമില്ല. ഇതെന്തോന്ന് പ്രകടനം!!! ഒരു ഉഷാറില്ല. അപ്പോഴാണ് മത്തായി പോലീസ് അതിലേ വരുന്നത് പ്രകാശന്‍ കണ്ടത്. മത്തായിലെ കൂടി കണ്ടതും പ്രകാശന്റെ ഉള്ളില്‍ കിടക്കുന്ന കള്ള്‍ ചൊറുക്കയാവാന്‍ തുടങ്ങി. പ്രകാശന്‍ ഒന്ന് പെരുവിരല്‍ കുത്തി ഉയര്‍ന്നു. മുഷ്ടി ചുരുട്ടി മത്തായിയെ നോക്കി ഉറക്കെ വിളിച്ചു.
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
വെടിവെച്ചാം കുഴി മൊത്തം മൊയങ്ങട്ടെ..
പോലീസുകാരാ മൂരാച്ചി..
മൈക്കും വേണ്ട നിന്റെ മൈ@*$ വേണ്ട
മൌനജാഴ സിന്ദാബാദ്..
വിളിച്ച് കഴിഞ്ഞ് അഭിമാനത്തോടെ തിരിഞ്ഞ് നോക്കിയ പ്രകാശന് ഒഴിഞ്ഞ് കിടക്കുന്ന വെട്ടുവഴി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. മുന്‍പില്‍ മീശപിരിച്ച് നില്‍ക്കുന്ന മത്തായി പോലീസിനെ കൂടെ കണ്ടപ്പോള്‍ അഴിഞ്ഞ് തുടങ്ങിയ ഉടുമുണ്ട് കൂട്ടിപിടിച്ച് അടുത്ത് കണ്ട ഇല്ലിക്കാട്ടിലേക്ക് പ്രകാശന്‍ വലിഞ്ഞ് കയറി. കൈയില്‍ കിട്ടിയ തുണികളും വാരിപ്പിടിച്ച് അവിടെനിന്നും രണ്ട് രൂപങ്ങള്‍ ഇറങ്ങിയോടിയത് ഈ വെപ്രാളത്തില്‍ പ്രകാശന്‍ കണ്ടില്ലായിരുന്നു.