ഇക്കഴിഞ്ഞ ജനുവരി 6ന് എറണാകുളം മറൈന്‍ഡ്രൈവിലും തുടര്‍ന്ന് കായലിലുമായി നടന്ന വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതിനകം തന്നെ ഡോക്ടര്‍ ജയന്‍ ഏവൂരിന്റെയും ഷെറീഫ് കൊട്ടാരക്കരയുടേയും ചിത്രങ്ങള്‍ സഹിതമുള്ള മനോഹരമായ പോസ്റ്റുകളിലൂടെ ബൂലോകം മുഴുവന്‍ അറിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ ഒരു ബ്ലോഗ് മീറ്റിന്റെ റിപ്പോര്‍ട്ട് എന്നതിനേക്കാള്‍ അവിടെ കായലിന്റെ മനോഹാരിതയും വശ്യതയും നുകര്‍ന്നുകൊണ്ട് നടത്തിയ ബോട്ട് യാത്രക്കിടയിലെ സജീവമായ ഒരു ചര്‍ച്ച ഇവിടെ പങ്കുവെക്കാം.
കായല്‍മീറ്റിന്റെ തുടക്കം
ഡിസംബര്‍ 31ന് രാവിലെ 7.30 ഓടെയാണ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് ഏറണാകുളത്തെ കുറച്ച് സുഹൃത്തുക്കളുമായി വൈകീട്ട് ഒത്തുകൂടി പുതുവര്‍ഷത്തെ വരവേറ്റാലോ എന്ന ഒരു ആശയം മുന്നോട്ട് വച്ചത്. പക്ഷെ പിന്നീട് അതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കാം എന്ന്‍ തീരുമാനിക്കുകയും അത് പ്രകാരം ഡോക്ടര്‍ ജനുവരി 6 വ്യാഴാഴ്ചയിലേക്ക് കൂടിച്ചേരല്‍ നടത്താമെന്ന് കാണിച്ച് അതേ കുറിച്ച് പോസ്റ്റ് ഇടുകയും വളരെ നല്ല പ്രതികരണം അതിന് ലഭിക്കുകയും ചെയ്തു. അതേ പോസ്റ്റില്‍ തന്നെ ഡോക്ടര്‍ ഈ മീറ്റിന്റെ ഉദ്ദേശ്യം ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണെന്നും തീര്‍ത്തും ഔപചാരികതകള്‍ ഇല്ലാതെയാവും ഈ മീറ്റെന്നും സൂചിപ്പിച്ചിരുന്നു.
ജനുവരി 6 : മീറ്റ് ദിവസം
ഏതാണ്ട് കൃത്യം നാല് മണിയോടെ തന്നെ ഡോക്ടറുടെ ഫോണ്‍ വരുമ്പോള്‍ ഞാനും യൂസഫ്പയും കൂടി യൂസഫ്പയുടെ ബൈക്കില്‍ മീറ്റിനായി നിശ്ചയിച്ച മറൈന്‍ഡ്രൈവിലേക്കുള്ള യാത്രയിലായിരുന്നു. അവിടെ എത്തുമ്പോള്‍ ജയന്‍ ഏവൂര്‍, മാവേലീകേരളം (പ്രസന്ന), ആവനാഴി രാഘവന്‍, ഷെറീഫ് കൊട്ടാരക്കര, മത്താപ്പ് എന്നിവര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ആളവന്താന്‍, സോണിയ, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, നന്ദപര്‍വ്വം നന്ദന്‍, ജോഹര്‍, എന്നിവരും കൂടി എത്തിച്ചേര്‍ന്നതോടെ കൊച്ചുവര്‍ത്തമാനങ്ങളോട് വിടപറഞ്ഞ് ഗ്രൂപ്പ് ഫോട്ടോക്ക് ശേഷം കായല്‍ യാത്രക്കും അതുവഴി സമ്പുഷ്ടമായ ഒരു ചര്‍ച്ചക്കും വഴി തെളിച്ചു.
കായല്‍പ്പരപ്പിലെ ബ്ലോഗ് ചര്‍ച്ച
മോഡറേറ്റര്‍ : ഡോക്ടര്‍ ജയന്‍ ഏവൂര്‍
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍: ഷെറീഷ് കൊട്ടാരക്കര, നന്ദപര്‍വ്വം നന്ദകുമാര്‍, ജോഹര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസഫ്പ, ആവനാഴി രാഘവന്‍, മാവേലികേരളം പ്രസന്ന, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, ആളവന്താന്‍, മത്താപ്പ്, സോണിയ പടമാടന്‍, മനോരാജ്
ഫോട്ടോഗ്രാഹി : നന്ദപര്‍വ്വം നന്ദകുമാര്‍, ഡോക്ടര്‍ ജയന്‍, യൂസഫ്പ, മനോരാജ്
വീഡിയോ : ജോഹര്‍, നന്ദപര്‍വ്വം നന്ദകുമാര്‍
എനിക്ക് ചില റെസലൂഷന്‍സ് ഉണ്ടെന്നും അത് കൂടെ ചര്‍ച്ചചെയ്യാം എന്ന് കരുതിയാണ് ഇവിടെ ഇങ്ങിനെ ഒരു കൂടിച്ചേരലിനു വേദിയൊരുക്കിയതെന്നും പറഞ്ഞ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടു. വളരെ കുറച്ച് വാക്കുകളില്‍ ഇന്ന്‍ മലയാളം ബ്ലോഗും സര്‍വ്വോപരി മലയാളികളും നേരിടുന്ന പ്രശ്നങ്ങളിലേക്ക് അദ്ദേഹം ഞങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരികയും വളരെയേറെ ആവേശകരമായ നല്ല ഒരു ഡീബേറ്റിനു കളമൊരുക്കുകയും ചെയ്തു.
കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ട പലരും ഇന്ന് ബ്ലോഗ് എന്ന മാധ്യമത്തോട് വിമുഖത കാണിക്കുകയും പകരം നേരമ്പോക്കുകള്‍ക്ക് പ്രാമുഖ്യം കൊടുത്ത് ഗൂഗില്‍ ബസ്സ്, ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക്, ഫാംവില്ല, ട്വിറ്റര്‍ എന്നീ മേഖലകളിലേക്ക് ചേക്കേറുകയും അത് വഴി മികച്ച സര്‍ഗ്ഗസൃഷ്ടികള്‍ / ക്രിയാത്മകങ്ങളായ ലേഖനങ്ങള്‍ എന്നിവ ബ്ലോഗുകളില്‍ കുറയുകയും ചെയ്യുന്നു എന്നും ഈ പ്രവണത തുടര്‍ന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ച് കിടന്നിരുന്ന/ കിടക്കുന്ന ബൂലോകം എന്ന്‍ വിളിപ്പേരുള്ള മലയാളം ബ്ലോഗ് ലോകം അധികം താമസിയാതെ അസ്തമിക്കും എന്നുമുള്ള വളരെയേറെ സീരിയസ്സായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് ഡോക്ടര്‍ തുടങ്ങിയത്.
ബ്ലോഗിലേക്ക് പുതുതലമുറ ആകൃഷ്ടരാവുന്നില്ല,അല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച പല ബ്ലോഗേര്‍സിന്റെയും സ്വാധീനമാവാം പല പുതിയ ബ്ലോഗര്‍മാരും ഇവര്‍ക്ക് പിന്നാലെ മേല്‍സൂചിപ്പിച്ച ഇടങ്ങളില്‍ തന്നെ തട്ടി തടഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു എന്നും ഏതൊരു സംരംഭത്തിന്റെയും വളര്‍ച്ചക്ക് ഹേതുവാകുക യുവാക്കളുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നിരിക്കെ ഇവിടെ ഇത് മൂലം അത്തരം സാദ്ധ്യത കുറഞ്ഞു വരുന്നു എന്നും ഡോക്ടര്‍ ആശങ്കപ്പെട്ടു. അതുകൊണ്ട് തന്നെ യുവതലമുറയെ കൂടുതല്‍ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനുള്ള നടപടികള്‍ ഉണ്ടാവേണ്ട സമയമായി എന്നും ഡോക്ടര്‍ സൂചിപ്പിച്ചു.
മൂന്നാമതായി മലയാള ഭാഷയുടെ അപചയത്തെ പറ്റിയാണ് ഡോക്ടര്‍ പോയിന്റ് ഔട്ട് ചെയ്തത്. നമ്മളില്‍ പലരും ഇന്ന് മലയാള ഭാഷയെ തീര്‍ത്തും അവഗണിച്ചു തുടങ്ങിയെന്നും പല മലയാള പദങ്ങളും നമുക്ക് ഇന്ന് അന്യമായി എന്നുമുള്ള സത്യത്തിലേക്ക് ഡോക്ടര്‍ വിരല്‍ചൂണ്ടി. ഉദാഹരണമായി തെക്ക് വശത്തെ റോഡിലുള്ള കടയില്‍ പോയി വരാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി തെക്കെന്നാല്‍ വെസ്റ്റ് അല്ലേ എന്ന് ചോദിച്ചത് കേട്ട് ഞെട്ടിപ്പോയ ചരിത്രവും അവിടെ പരാമര്‍ശിച്ചു. ഒരു പരിധിവരെ ഇത് ശരിയാണ് താനും. കോണ്‍കേവ് ലെന്‍സ്, കോണ്‍വെക്സ് ലെന്‍സ് എന്നൊക്കെ നാഴിക തോറും പറയുന്ന നമ്മള്‍ അവതല ദര്‍പ്പണം, ഉത്തല ദര്‍പ്പണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മിഴിച്ചിരിക്കാറുണ്ട്. എന്നിരിക്കിലും മലയാളം മാത്രം മതിയെന്നോ ഇംഗ്ലീഷ് ഭാഷയോ മറ്റുഭാഷകളൊ ഒന്നും വേണ്ട എന്നും മേല്പ്പറഞ്ഞതിനര്‍ത്ഥമില്ല.
നാലാമത്തെ പോയന്റായി ആര്‍ട്ട്സ് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായത് അല്ലെങ്കില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യപ്രവര്‍ത്തനത്തിനിടയില്‍ സര്‍ഗ്ഗരചനകള്‍ക്കോ മറ്റോ സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും പക്ഷെ, അവരുടെ പ്രൊഫഷന്‍ ഉള്‍പ്പെടെയുള്ള അവരുടെ പ്രോജക്റ്റുകള്‍ക്കും സെമിനാറുകള്‍ക്കും ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാദ്ധ്യതകളെ പറ്റി വിശദമായി പറഞ്ഞുകൊടുക്കേണ്ടതിന്റെയും അതുവഴി ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ബ്ലോഗിലൂടെ കഴിയില്ലേ എന്നൊരു ചോദ്യവും ഉന്നയിച്ച് കൊണ്ട് ഡോക്ടര്‍ പിന്നീട് വന്ന വിശദമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടു.
ഡോക്ടര്‍ നിറുത്തിയിടത്ത് നിന്നും ഒരു മത്താപ്പിന് ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള തീപ്പൊരിയാവാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ദിലീപ് എന്ന മത്താപ്പ് ഉയര്‍ത്തിയ ചില എതിര്‍വാദങ്ങളായിരുന്നു മനോഹരമായ ഒരു ചര്‍ച്ചക്ക് തുടക്കമായത്. സത്യത്തില്‍ ഡോക്ടര്‍ വഴിമരുന്നിട്ടെങ്കിലും മത്താപ്പ് കൊളുത്തിയ തീപ്പൊരിയായിരുന്നു ചര്‍ച്ച ഇത്രയേറെ കൊഴുക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ മത്താപ്പിന് ഒരു നന്ദി.
മത്താപ്പിന്റെ (സുവിശേഷം) വാദഗതികള്‍
മലയാളത്തിലെ വളരെ പ്രമുഖനായ, ഒട്ടേരെ ആരാധകരും വായനക്കാരുമുള്ള ഒരു ബ്ലോഗര്‍ (വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നത് കൊണ്ട് ആളുടെ പേര് ഇവിടെ സൂചിപ്പിക്കുന്നില്ല) ബസ്സിലോ ഫെയ്സ്ബുക്കിലോ ഒന്നും സജീവമല്ല എന്നും പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇല്ലാതായിട്ട് നാളുകളായി എന്നും അതുകൊണ്ട് തന്നെ ബസ്സും ഫെയ്സ്ബുക്കുമൊന്നും ബ്ലോഗെഴുത്തിനെ ബാധിക്കുന്നില്ല എന്നുമുള്ള ശക്തമായ മറുവാദത്തോടെ മത്താപ്പ് ചര്‍ച്ചക്ക് തീപ്പൊരിയിട്ടു. ഇവിടെ നിന്നായിരുന്നു ചര്‍ച്ച വളരെ നല്ല പാതയിലൂടെ മുന്നേറിയത്.
ഈ വാദം നിലനില്‍ക്കെ തന്നെ നമ്മുടെ ലക്ഷ്യം ബസ്സോ ഫെയ്സ്ബുക്കോ ഓര്‍ക്കൂട്ടോ വേണ്ട എന്നതല്ല എന്നും അവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ട് ബ്ലോഗുകളില്‍ മാത്രം ഒതുങ്ങണമെന്നുമല്ല എന്നും മറിച്ച് മേല്‍സൂചിപ്പിച്ചിടങ്ങളില്‍ സമയത്തിന്റെ നാലിലൊരു ഭാഗമെങ്കിലും ബ്ലോഗെഴുത്തിനും ബ്ലോഗ് വായനക്കുമായി നമ്മളെല്ലാം മാറ്റിവെക്കണമെന്നുമാണെന്നും സത്യത്തില്‍ ബ്ലോഗര്‍ എന്ന നിലയിലാണ് ബസ്സിലും അതുപോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നും ബ്ലോഗിലൂടെ ലഭിച്ച പബ്ലിസിറ്റിയല്ലേ പലരും ഇതിനായി ഉപയോഗിക്കുന്നതെന്നുമുള്ള മറുവാദത്തെ ഒരു പരിധി വരെ അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു.
ഷെരീഫ് കൊട്ടാരക്കരയുടെ നിഗമനങ്ങള്‍
വളരെ ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ കുറച്ച് കാര്യങ്ങളായിരുന്നു ഷെരീഫ് കൊട്ടാരക്കര പറഞ്ഞത്. പ്രായം കൊണ്ട് ഏതാണ്ട് മൂന്ന് തലമുറയില്‍ പെട്ട ബ്ലോഗേര്‍സ് ഇവിടെ ഈ ചര്‍ച്ചയില്‍ ഉണ്ടെന്നും പക്ഷെ ബൂലോകത്ത് ഇവരെല്ലാം ഒരു തലമുറയാണെന്നും മലയാള ബ്ലോഗിലെ ആദ്യ തലമുറയില്‍ പെട്ട നമ്മള്‍ പിന്‍തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാതെ നൈമിഷികമായി കിട്ടുന്ന കുറച്ച് പബ്ലിസിറ്റിക്ക് പിന്നാലെ പരക്കം പായുന്നത് ശരിയാണോ എന്ന ഷെരീഫ് കൊട്ടാരക്കരയുടെ ചോദ്യം കാലീക പ്രസക്തമായ ഒന്നായിരുന്നു.
ബസ്സിലും ഫെയ്സ്ബുക്കിലും പെട്ടന്ന് തന്നെ നമുക്ക് മറുപടികളും കമന്റുകളും ലഭിക്കുന്നു എന്നും ചര്‍ച്ചകള്‍ നടക്കുന്നു എന്നും ഒരു ബ്ലോഗ് പോസ്റ്റ് ചെയ്താല്‍ അതില്‍ കമന്റുകള്‍ അത്ര എളുപ്പത്തില്‍ ലഭിന്നുന്നില്ല എന്നതും ഇവയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു സോണിയയുടെ അഭിപ്രായം. പക്ഷെ, ബസ്സുകളില്‍ നടത്തിയ എത്ര ചര്‍ച്ചകള്‍ അല്ലെങ്കില്‍ അവിടെയെഴുതിയ ചിറ്റ്ചാറ്റുകളിലൂടെ എന്തെങ്കിലും നേടാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തെ സോണിയയും അംഗീകരിക്കുന്നു.
"ഗള്‍ഫിലെ പ്രവാസ ജീവിതത്തിനിടയില്‍ ആണ് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് ആകൃഷ്ടനായതെന്നും തികച്ചും അന്തര്‍മുഖനും അത് വരെ എഴുതിയതൊന്നും മറ്റുള്ളവരെ കാണിക്കുവാന്‍ മടിയുള്ളവുനുമായിരുന്ന എന്നെ ബ്ലോഗ് ആണ് അല്പമെങ്കിലും ആത്മവിശ്വാസമുള്ളവനാക്കിയത്". യൂസഫ്പ ഇത് തുറന്ന് പറയുമ്പോള്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റ് മുതല്‍ വളരെയടുത്തറിയാവുന്ന ഇക്കയെ, അല്ലെങ്കില്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റിന്റെതുള്‍പ്പെടെയുള്ള പിന്നീട് ഞാന്‍ കൂടെ പങ്കെടുത്ത ഒട്ടേറെ ബ്ലോഗ് പരിപാടികളിലെ യൂസഫ്പയുടെ പങ്കിനെ പറ്റി വളരെയടുത്തറിയാവുന്ന ഞങ്ങളില്‍ പലര്‍ക്കും ബ്ലോഗിന് ഒരാളെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാനായി.
ഇന്റി ബ്ലോഗ് ലോകത്തുള്ള പോലെ സംഘടനാ പ്രവര്‍ത്തനവും ചട്ടക്കൂടുമെല്ലാം മലയാളം ബ്ലോഗില്‍ കൊണ്ട് വന്നാല്‍ എങ്ങിനെയുണ്ടാവും എന്നതും ഡോക്ടര്‍ ജയന്‍ പറഞ്ഞപോലെ യുവതലമുറയെ അതായത് സ്കൂള്‍ കുട്ടികളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനായി മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും കഴിയില്ലേ എന്നതായിരുന്നു മാവേലികേരളം ഉന്നയിച്ചത്. ഇന്റി ബ്ലോഗ് ലോകം മറ്റൊന്നാണെന്നും അതില്‍ നിന്നും വ്യത്യസ്തമായി പരന്നതും വിശാലവുമായതുമാണ് മലയാളികളുടെ ഈ ബൂലോകം എന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രവീണ്‍ വട്ടപ്പറമ്പത്ത് മറുപടി വാദങ്ങളിലേക്ക് കടന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചേരിതിരിവിലേക്ക് നയിക്കുമെന്നും ഒടുവില്‍ സംഘടന സംഘട്ടനത്തിന്റെ വേദിയായി മാറുമെന്നും പ്രവീണ്‍ പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നല്ലതെങ്കിലും അവ ഒടുവില്‍ പലതും തുറന്ന് പറയുവാനുള്ള വിലങ്ങുതടിയാവുമെന്നും പിന്നീട് എഴുത്തില്‍ പലയിടത്തും സംഘടനയുടെ ഇടപെടല്‍ അധികമാവുമെന്നും ഇപ്പോള്‍ ബസ്സിലും മറ്റും തന്നെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മടുപ്പുളവാക്കും വിധം നിയന്ത്രണാധീതമായി തുടങ്ങിയെന്നും ക്രമേണ ഇത് ഊരുവിലക്ക് പോലെ ബ്ലോഗ് വിലക്ക് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുമെന്നുമാണ് ഇതേ കുറിച്ച് ഞാന്‍ അഭിപ്രായപ്പെട്ടത്. മത്സരങ്ങളേക്കാള്‍ കൂടുതല്‍ പ്രൊഫഷണല്‍ കോളേജുകളും എട്ടാം തരം മുതലുള്ള ക്ലാസ്സുകളിലെ കുട്ടികളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തപ്പെടേണ്ട ബ്ലോഗ് ശില്പശാലകളാവും അടുത്ത തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ നല്ല മാര്‍ഗ്ഗം എന്നും അതിന്റെ ആദ്യ പടിയായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ സര്‍ഗ്ഗശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരം പരിപാടി സംഘടിപ്പിക്കുവാന്‍ കൂടുതല്‍ പേരുടെ സഹകരണം കിട്ടുമെങ്കില്‍ ശ്രമിക്കാമെന്നും ഡോക്ടര്‍ ജയന്‍ ഏവൂര്‍ പ്രസ്ഥാവിച്ചു.
ബ്ലോഗില്‍ ഇപ്പോള്‍ കഥ, കവിത എന്നീ ചില മേഖലകളില്‍ മാത്രമേ എഴുത്തുകാരുള്ളൂ എന്നത് മറ്റു മേഖലകള്‍ക്ക് വായനക്കാര്‍ കുറഞ്ഞത് കൊണ്ടാണെന്നും മറ്റു മേഖലകളിലേക്ക് കൂടി എഴുത്തും വായനയും കടന്ന് ചെല്ലാത്തത് ബ്ലോഗിനെ അപചയപ്പെടുത്തുമെന്നും ഷെരീഫ് കൊട്ടാരക്കരയും പ്രവീണ്‍ വട്ടപ്പറമ്പത്തും ആശങ്കപ്പെട്ടു. ഉദാഹരണമായി ഈ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ ബ്ലോഗര്‍ അങ്കിളിന്റെ "സര്‍ക്കാര്‍ കാര്യം" എന്ന ബ്ലോഗില്‍ നിന്നുമാണ് വെറും ഐടി തൊഴിലാളിയായ താന്‍ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞതെന്ന്‍ പ്രവീണും അതുപോലെ കേരള ഫാര്‍മര്‍ പറഞ്ഞു തരുന്ന കാര്‍ഷീക ടിപ്സ് സത്യത്തില്‍ വെറുതെ ലഭിക്കന്നത് കൊണ്ടാണോ നമ്മള്‍ അവഗണിക്കുന്നതെന്ന് ഷെരീഫ് കൊട്ടാരക്കരയും സൂചിപ്പിച്ചു. കൊട്ടോട്ടിക്കാരന്റ് റീഫ്രഷ് മെമ്മറിയിലൂടെ ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടും അവയില്‍ പലതും പണം മുടക്കി പഠിക്കാന്‍ നമ്മളുള്‍പ്പെടെയുള്ള ബ്ലോഗേര്‍സ് തന്നെ ശ്രമിക്കുന്നതിലായിരുന്നു ജോഹറിന്റെ ആശങ്ക. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കേണ്ടത് നമ്മളൊക്കെ തന്നെയാണെന്നും നമ്മുടെ ബുലോകം പത്രം അതിനായി ശ്രമിക്കുമെന്നും ജോ പറഞ്ഞു.
കമന്റുകളിലെ രാഷ്ട്രീയം.
തുടര്‍ന്ന് ചര്‍ച്ച ബ്ലോഗ് കമന്റുകളിലേക്ക് കടന്നു. പോസ്റ്റുകള്‍ വായിക്കാതെ കമന്റ് ചെയ്യുന്നതും ബൂലോകകാരുണ്യത്തിലെ വേദനയേറുന്ന അനുഭവക്കുറിപ്പിന് വരെ ആശംസകള്‍ എന്ന്‍ കമന്റ് ഇടുന്നതിനെ കുറിച്ചും തുടങ്ങിയ ചര്‍ച്ച വ്യക്തിപരമായി മുറിവേല്പ്പിക്കുന്ന (അതായത് പോസ്റ്റുകളുമായി ബന്ധമില്ലാതെ വ്യക്തിഹത്യയിലേക്ക് ) അല്ലെങ്കില്‍ സഭ്യതയുടെ അതിര്‍വരമ്പുകളെ ലംഘിക്കുന്ന കമന്റുകള്‍ അധികരിച്ചതിനേക്കുറിച്ച് വരെ നീണ്ടു. പോസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാതെ തെറി കമന്റുകള്‍ എഴുതിയിടുന്നതും മറ്റും പലരെയും ഒരു പരിധിവരെ ബ്ലോഗെഴുത്തില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മാവേലീകേരളം വ്യാകുലപ്പെട്ടു. ഇത്തരം കമന്റുകള്‍ ഇടാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ഒരു ചോദ്യവും ചേച്ചിയുടേതായി ഉണ്ടായി. അത്തരം കമന്റുകളെ അവഗണിക്കുക മാത്രമേ ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയൂ എന്നും എല്ലാ മേഖലയിലുമെന്ന പോലെ ഇവിടെയും ഇത്തിള്‍ക്കണ്ണികള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നും അവയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നതാണ് നല്ലതെന്നും ആവനാഴി രാഘവന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റുള്ളവര്‍ക്കും. പക്ഷെ, വിമര്‍ശന കമന്റുകളെ നല്ല മനസ്സോടെ സ്വാഗതം ചെയ്യണമെന്നും കമന്റുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായം പോലെയാവരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.
കമന്റുകളും ഹിറ്റുകളും പ്രതീക്ഷിച്ച് തന്നെയാണ് എല്ലാവരും പോസ്റ്റുകള്‍ എഴുതുന്നതെന്നും വായനക്ക് ശേഷം അഭിപ്രായം പങ്കുവെച്ചിട്ട് പോകുകയാണെങ്കില്‍ അത് കൂടുതല്‍ എഴുതാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും ചര്‍ച്ചയുടെ ഭാഗമായി ഞാനും യൂസഫ്പയും ആളവന്താനും ലീല ടീച്ചറും നിര്‍ദേശിച്ചു. ഇതേ കാരണം കൊണ്ട് പലരും ബ്ലോഗില്‍ നിന്നും വിടപറയുന്നുണ്ടെന്നും അവിടെ കൂടിയ പലര്‍ക്കും അറിയാമെന്ന് ചര്‍ച്ചയില്‍ മനസ്സിലായി.
ആശംസാകമന്റുകളും സ്മൈലികളുടേയും കൂത്തരങ്ങായി പലപ്പോഴും അഭിപ്രായ പ്രകടനം തരം താഴുന്നതോടായിരുന്നു നന്ദപര്‍വ്വം നന്ദന്റെ അമര്‍ഷം. ബ്ലോഗ് എഴുതി തുടങ്ങിയ ആദ്യ കാലങ്ങളില്‍ കിട്ടിയിരുന്ന ആവേശകരവും ക്രിയാത്മകവുമായ കമന്റ് ചര്‍ച്ചകള്‍ ഇപ്പോളില്ലാത്തതും പലരെയും ബ്ലോഗില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന സത്യവും നന്ദന്‍ പങ്കുവെച്ചു.
അന്തിക്കാടന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ലോലോലിക്ക അഥവാ ലൂബിക്ക എന്ന വിഭവം ഉപ്പിലിട്ട് കൊണ്ട് വന്ന് പ്രവീണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വായില്‍ വെള്ളം നിറച്ചു. ലോലോലിക്കയുമായി മല്ലിടുന്ന തിരക്കിലായതിനാല്‍ ആളവന്താന്‍ ചര്‍ച്ച കേട്ടാസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ വീണ്ടും ചര്‍ച്ചയുടെ കടിഞ്ഞാണ്‍ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഏറ്റെടുത്തിരുന്നു. തുടങ്ങിയ വിഷയത്തില്‍ നിന്നും ഒട്ടേറെ മുന്നേറി വിശദമായ ഒരു ചര്‍ച്ച തന്നെ നടന്നുവെന്നും അതിന് വഴിമരുന്നിട്ട മത്താപ്പിന് നന്ദി പറഞ്ഞുകൊണ്ടും കായലിന്റെ അഗാധതയിലേക്ക് ഒളിക്കുവാനായി വെമ്പുന്ന സൂര്യനെ സാക്ഷിനിര്‍ത്തി ചര്‍ച്ചയുടെ കണ്‍ക്ലൂഷന്‍ ഒരു വിദഗ്ദനായ ഡോക്ടര്‍ രോഗം നിര്‍ണ്ണയ്യിച്ച് കുറുപ്പടിയെഴുതാനെടുക്കുന്ന അതേ വേഗത്തില്‍ അദ്ദേഹം പറഞ്ഞു തീര്‍ത്തു.
ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുവാനായി ചര്‍ച്ചക്ക് ശേഷം ഡോക്ടര്‍ തയ്യാറാക്കിയ കുറുപ്പടി
1.ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറ്റുള്ളവരെ ബ്ലോഗിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കുക.
2.അതിലേക്കായി ഇവിടെ ഒത്തുകൂടിയവര്‍ മാസത്തില്‍ ഒരെണ്ണമെന്ന കണക്കിലെങ്കിലും ബ്ലോഗുകളില്‍ പോസ്റ്റുകള്‍ എഴുതുവാന്‍ ശ്രമിക്കുക
3. ഒരാളെയെങ്കിലും ബ്ലോഗെഴുതുവാനോ ബ്ലോഗ് തുടങ്ങുവാനോ പ്രേരിപ്പിക്കുക.
4. പുതുതലമുറയിലേക്ക് ബ്ലോഗിന്റെ ഗുണഗണങ്ങള്‍ എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ കഴിവതും ഭാഗഭാക്കാവുക.
5. വായിക്കുന്ന പോസ്റ്റുകള്‍ക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിവതും ശ്രമിക്കുക.
6. എല്ലാ മേഖലകളിലേക്കും ബ്ലോഗുകള്‍ വ്യാപിപ്പിക്കുവാന്‍ കഴിയുന്നത് ചെയ്യുക. കവിത, കഥ , യാത്ര, ഫോട്ടോ എന്നിവയെ പോലെ തന്നെ മറ്റു മേഖലകളിലും ബ്ലോഗ് പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക.
7. ഓരോ സ്ഥലങ്ങളിലും ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിയാത്മക ചര്‍ച്ചകളും കൂട്ടായ്മകളും ഉണ്ടാക്കുക.
8.ബ്ലോഗ് മീറ്റുകള്‍ വഴിയും ബ്ലോഗ് ശില്പശാലകള്‍ വഴിയും ബ്ലോഗിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
9. ഇപ്പോള്‍ സാഹിത്യ അക്കാദമി അടക്കമുള്ളവര്‍ ഇ-എഴുത്തിനെയും തിരിഞ്ഞറിഞ്ഞു തുടങ്ങിയെന്ന് മനസ്സിലാക്കി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹകരണം ഉറപ്പുവരുത്തുക. പുലികളിയും പുപ്പുലികളിയും മാറ്റിവെച്ച് ഒരേ മനസ്സോടെ ബ്ലോഗിന്റെയും മലയാള ഭാഷയുടേയും നന്മക്കായി നിലകൊള്ളുക.
10. ബ്ലോഗിലെഴുതുന്നവ ചിതലരിക്കാത്ത, ഇരട്ടവാലന്റെ ആക്രമണമില്ലാത്ത നാളെയുടെ അവശേഷിക്കുന്ന ഇന്നിന്റെ ബാക്കിയാണെന്ന് മനസ്സിലാക്കി ഒരു പക്ഷെ നാളെയുടെ റെഫറന്‍സുകളാവും ഇന്ന് നമ്മളില്‍ പലരും കുറിച്ചിടുന്നത് എന്ന ബോധത്തോടെ ബസ്സിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഫാംവില്ലയിലും സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ സജീവമായ ചര്‍ച്ചകളിലൂടെ ബ്ലോഗെഴുത്തിലെ പഴയ നല്ല നാളുകള്‍ തിരികെ കൊണ്ട് വരുവാന്‍ ശ്രമിക്കുക
വിശദമായ ചര്‍ച്ചക്ക് ശേഷം ഉല്ലാസ ബോട്ട് തീരത്ത് നങ്കൂരമിട്ടു. ചിലരെല്ലാം പിരിഞ്ഞുപോയി. സജിം തട്ടത്തുമല, സിജീഷ് എന്നിവര്‍ കൂട്ടത്തില്‍ ചേര്‍ന്നു. വഴിവിളക്കിന്റെ വെളിച്ചത്തില്‍ ലീല ടീച്ചറുടെ കവിതാലാപനത്തിനും ചെറിയ കുശലപ്രശ്നങ്ങള്‍ക്കും ലഘുഭക്ഷണത്തിനും ശേഷം പിരിയുമ്പോള്‍ സിയെല്ലസ്സും , എന്‍.ബിയും, കൃതിയും , ബുക്ക് റിപ്പബ്ലിക്കും ഉള്‍പ്പെടെയുള്ള ബ്ലോഗ് പ്രസാധകരുടെയും വിശാലന്‍, കുമാരന്‍, അരുണ്‍ കായംകുളം തുടങ്ങിയവരുടേയും പുസ്തകങ്ങള്‍ വായിച്ച് ,കിരണ്‍സിന്റെ മനോഹരമായ ഗാനങ്ങള്‍ കേട്ട്, വെടിവെട്ടം പറഞ്ഞ് അല്പം ഭക്ഷണവും വിശ്രമവുമായി ഏത് പാതിരാത്രിയിലും ബൂലോകത്തിലെ ആര്‍ക്കും പ്രവേശിക്കാവുന്ന ഒരു മനോഹരമായ ഇടം എറണാകുളത്തിന്റെ ഹൃദയഭാഗത്തോ, പ്രാന്തപ്രദേശത്തോ എത്രയും പെട്ടന്ന് വരട്ടെ എന്ന്‍ ചിത്രക്കരനെ പോലെ തന്നെ ഞങ്ങളോരോരുത്തരും സ്വപ്നം കണ്ടു.