ശനിയാഴ്‌ച, ഡിസംബർ 25, 2010

വായനക്കിടയില്‍ കണ്ടെത്തിയവ

2010 സത്യത്തില്‍ പുസ്തകങ്ങളോട് ഒട്ടേറെ അടുത്ത് നില്‍ക്കാന്‍ സഹായിച്ച ഒരു വര്‍ഷമാണ്‌. എന്റെ രണ്ട് കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ചു വന്നു എന്നതിനേക്കാള്‍ ഒട്ടേറെ അനുഗ്രഹീതരായ ബ്ലോഗര്‍മാരുടെ കഥകളും കവിതകളും പുസ്തക രൂപത്തില്‍ കാണാന്‍ കഴിഞ്ഞു എന്നതും അവയില്‍ പലതും വായിക്കാന്‍ കഴിഞ്ഞു എന്നതും മറച്ചു വെക്കാനാവാത്ത സന്തോഷം തന്നെ. എന്റെ ചെറിയ വായനക്കിടയില്‍ എനിക്ക് നല്ലതെന്ന് തോന്നിയ ചില പുസ്തകങ്ങളെ കുറിച്ചുള്ള ചെറിയ കുറിപ്പുകള്‍ എല്ലാവരോടുമായി പങ്കുവെക്കട്ടെ.

ഈ വര്‍ഷം വായിച്ച പുസ്തകങ്ങളെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'ചിദംബരസ്മരണ'യെ പറ്റിയാണ്‌. ഡി.സി.ബുക്സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചതാണെങ്കിലും പലവട്ടം ബുക്ക്സ്റ്റാളുകളില്‍ കൈയെത്തും ദൂരത്ത് കണ്ടിട്ടും വാങ്ങുവാനോ വായിക്കുവാനോ ശ്രമിക്കാതിരുന്ന ഒരു പുസ്തകമാണ്‌ ചിദംബരസ്മരണ. ഒന്ന് ഉറപ്പിച്ച് പറയാം, ഒരു നല്ല കവിക്ക് ഒരിക്കലും ഗദ്യം എഴുതാന്‍ കഴിയില്ലെന്ന് ഇത് വായിച്ചതോട് കൂടി എനിക്ക് ഉറപ്പായി. കാരണം ചിദംബരസ്മരണയില്‍ നിറഞ്ഞുനില്‍ക്കുന്നത് കവിത്വം തുളുമ്പുന്ന സാഹിത്യത്തിന്റെ വശ്യത മാത്രമായിരുന്നു. ഓരോ വാക്കിലും ഓരോ പാരഗ്രാഫിലും കവിതയുടെ മനോഹരമായ താളം. ചടുലത!! ഇത്രയേറെ ഭ്രാന്തമായ ആവേശത്തോടെ ചുള്ളിക്കാടിനെ ഒരിക്കലും ഞാന്‍ വായിച്ചിട്ടില്ല എന്ന്‍ പറയാം.. അത് കൊണ്ട് തന്നെ ഈ വര്‍ഷം എന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകവും ഇത് തന്നെ.

ബെന്യാമിന്റെ 'ആടുജീവിതം' അംബികാസുതന്‍ മങ്ങാടിന്റെ 'എന്‍‌മകജെ' കെ.ആര്‍. മീരയുടെ 'യൂദാസിന്റെ സുവിശേഷം' വി.എം.ദേവദാസിന്റെ "ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം" എന്നിവയുടെ വായന 2010ലെ നോവല്‍ വായനക്കിടയില്‍ കിട്ടിയ സുഖദമായ ഓര്‍മ്മകള്‍ തന്നെ. ഇതില്‍ ബെന്യാമിനും ദേവദാസും ബ്ലോഗര്‍മാര്‍ കൂടെയാണെന്നത് കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുന്നു.

ബെന്യാമിന്റെ ആടുജീവിതം പുറംലോകം കാണാതെ മസറയിലെ ആടുകള്‍ക്കൊപ്പം ജീവിതം തള്ളീനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ്‌. "നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" - പുസ്തകത്തിന്റെ ഉപശീര്‍ഷകത്തില്‍ ബെന്യാമിന്‍ പറയുന്നത് സത്യമാണെന്ന് പുസ്തകത്തിന്റെ ഉള്‍പേജുകളില്‍ നജീബ് എന്ന ജീവിക്കുന്ന നായകന്‍ നമ്മോട് പറയുമ്പോള്‍, അര്‍ബാബിന്റെ ക്രൂരതക്ക് ഇരയാവേണ്ടി വരുന്ന ആ പാവം മനുഷ്യന്‍ മണലാരണ്യത്തില്‍ അനുഭവിച്ച നരകയാതന വളരെ ഹൃദയസ്പര്‍ശിയായി നോവലിസ്റ്റ് കുറിച്ചിടുമ്പോള്‍ -വരച്ചിടുമ്പോള്‍ എന്ന് പറയുന്നതാവും ശരിയെന്ന് തോന്നുന്നു- അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല തന്നെ. പുസ്തകത്തിന്റെ കവര്‍ പേജില്‍ കെ.ഷെറീഫ് വരച്ചിരിക്കുന്ന ആടുമനുഷ്യന്റെ രൂപം ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്നും മായാത്ത വിധത്തില്‍ ബെന്യാമിന്‍ അകപ്പേജുകളില്‍ നജീബിന്റെ ദൈന്യത ചിത്രീകരിച്ചിരിക്കുന്നു. മസറയിലെ ആടുകള്‍ക്കൊപ്പം ഗതികെട്ട ജീവിതം നയിക്കേണ്ടി വരുന്ന നജീബ് ഒരു വേള ആടിനെ പ്രാപിക്കുന്നിടത്ത് വരെ ചെന്നെത്തി എന്ന് പറയുമ്പോള്‍ ബെന്യാമിന്‍ പുസ്തകത്തിന്‌ കൊടുത്ത ഉപശീര്‍ഷകം അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന സത്യമാവുകയാണ്‌. നഷ്ടമാവാത്ത , നല്ല വായന പ്രദാനം ചെയ്ത ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആടുജീവിതത്തിനാണ്‌ ഇക്കുറി കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് ലഭിച്ചതെന്നതും സന്തോഷമുള്ള വസ്തുത തന്നെ.

അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രുപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു. സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്‌. എന്‍‌മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ്‌ നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന്‌ പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച കെ.ആര്‍.മീരയുടെ 'യൂദാസിന്റെ സുവിശേഷം' ; നേത്രോന്മീലനം, മീരാസാധു എന്നീ മീരയുടെ മുന്‍‌നോവലുകളില്‍ നിന്ന് വ്യത്യസ്തമായ വായന പ്രദാനം ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പ് ഒട്ടേറെ സാഹിത്യകൃതികള്‍ക്കും ചലചിത്രങ്ങള്‍ക്കും മൂലകഥയായിട്ടുണ്ടെങ്കിലും ആ ക്യാമ്പില്‍ ഉണ്ടായതായി പറയുന്ന ഒരു സാങ്കല്പീല ഒറ്റുകാരന്റെ സുവിശേഷമായാണ്‌ ഈ കൃതി എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രണയമുണ്ട്... വിരഹമുണ്ട്... ആത്മനിന്ദയുടെ വികാരത്തള്ളിച്ചയുണ്ട്. യൂദാസിനെയും പ്രേമയെയും റിട്ടേഡ് ആയ ശേഷം വീട്ടില്‍ പോലീസ് മുറ പ്രയോഗിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനായ പ്രേമയുടെ അച്ഛനെയുമൊന്നും അത്ര എളുപ്പത്തില്‍ വായനക്കാര്‍ക്ക് മറക്കാനാവുമെന്ന് കരുതുന്നില്ല. കഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മീരയുടെ (ആവേമരിയ) ഈ യൂദാസിന്റെ സുവിശേഷം പാരായണക്ഷമതകൊണ്ട് നല്ല നോവലുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്നു.

മലയാള മനോരമയുടെ നോവല്‍ കാര്‍ണിവലില്‍ ഇക്കുറി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ വി.എം.ദേവദാസിന്റെ വ്യത്യസ്തമായതും ആദ്യത്തേതുമായ നോവലാണ്‌ ഡില്‍ഡോ. തികച്ചും മനോഹരമായ ഒരു നോവല്‍. പേരില്‍ തുടങ്ങുന്ന ആകാംഷ പുസ്തകം വായന കഴിയുന്നത് വരെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നത് തന്നെ ദേവദാസിന്റെ വിജയമായി കാണാം. ഡില്‍ഡോയുടെ ഒരു വായനക്കുറുപ്പ് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പിലേക്ക്.. നോവല്‍ കാര്‍ണിവലില്‍ സമ്മാനിതമായ പന്നിവേട്ട (പ്രസാധനം : ഡി.സി.ബുക്സ്) ഇത് വരെ വായിക്കാന്‍ കഴിഞ്ഞില്ല.


വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വേറെയും നോവലുകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ്‌ 'അല്‍ കാഫിറൂന്‍ സം‌വാദങ്ങളുടെ പുസ്തകം' എന്ന ടി.കെ.അനില്‍കുമാറിന്റെ രചന. വ്യത്യസ്തമായ ഒരു സ്റ്റൈല്‍ ആണ്‌ ഈ നോവല്‍ എഴുതാന്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് തന്നെ ഇതിന്റെ പ്രത്യേകത. അതിനപ്പുറം മനോഹരമായ ഒരു പ്രമേയമെന്നൊ മറ്റോ പറയാനുള്ളതായി തോന്നിയുമില്ല.

2010 ലെ കഥകളുടെ കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും മികച്ച കുറേ കഥാകൃത്തുക്കള്‍ മത്സരിച്ച് കഥയെഴുതിയ വര്‍ഷം എന്ന് വേണമെങ്കില്‍ പറയാമെന്ന് തോന്നുന്നു. ബിജു.സി.പിയുടെ 'ചരക്ക് ', പി.വി.ഷാജികുമാറിന്റെ 'വെള്ളരിപ്പാടം', രേഖ.കെയുടെ 'മാലിനി തീയറ്റേഴ്സ് ', സിത്താര.എസിന്റെ 'കറുത്ത കുപ്പായക്കാരി', സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം' ധന്യരാജിന്റെ 'പച്ചയുടെ ആല്‍ബം', വി.ജെ. ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് '.. പട്ടിക നീണ്ടുപോകുന്നു. ഇവയില്‍ ചരക്ക്, വെള്ളരിപ്പാടം, മാലിനി തീയറ്റേഴ്സ് എന്നിവയെപറ്റി നേരത്തെ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്.

മറ്റുള്ളവയുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു സമാഹാരമാണ്‌ സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം'. ഇതിലെ ടൈറ്റില്‍ സ്റ്റോറിയായ മരണവിദ്യാലയത്തില്‍ ഇന്നത്തെ വിദ്യാഭ്യാസ ചുറ്റുപാടിന്റെ അപചയങ്ങളെ പറ്റിയും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിനെ പറ്റിയും നേത്രി.എസ് എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥയിലൂടെ കഥാകൃത്ത് ചുരുളഴിക്കുന്നത് ആറോളം കുഞ്ഞ് ഉപാദ്ധ്യായങ്ങളായാണ്‌. (ഈ പ്രയോഗം ശരിയാണോ എന്നെനിക്കറിയില്ല). കഴിഞ്ഞ വര്‍ഷം ആനുകാലീകങ്ങളില്‍ വന്നതില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയ 'ഹരിതമോഹനം' എന്ന കഥയും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ഹരിതഭൂമിയെ സ്നേഹിക്കുന്ന അരവിന്ദാക്ഷനിലൂടെ, അയാളുടെ ജിഞ്ജാസുക്കളായ മക്കള്‍ തന്മയയിലൂടെയും പീലിയിലൂടെയും ഭാര്യ സുമന്നയിലൂടെയും വളരെ വലിയ ഒരു സന്ദേശം സുസ്മേഷ് നമ്മോട് പങ്കുവെക്കുന്നുണ്ട്.

മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ധന്യാരാജിന്റെ 'പച്ചയുടെ ആല്‍ബം' എന്ന പുസ്തകത്തിലെ ചില കഥകളെങ്കിലും നമുക്ക് നല്ല വായന പ്രദാനം ചെയ്യുന്നുണ്ടെന്ന് പറയാതെ തരമില്ല. സ്കൂള്‍ കുട്ടികള്‍ വഴിതെറ്റിപോകുന്നതിന്റെ നല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ്‌ 'ഇര' എന്ന കഥ.

വ്യത്യസ്തതയാണ്‌ വി.ജെ.ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂടി'നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായി പറയാന്‍ ജയിംസ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. മുകളില്‍ ആരോ ഉണ്ട്, കണ്ണാടിക്കാഴ്ചയിലെ ബിംബസാരങ്ങള്‍, റെയില്‍‌വേ ടൈടേബിള്‍ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്‌.

2010 ല്‍ എന്തുകൊണ്ടോ ഏറെ സമയം വായനക്കായി നീക്കി വെച്ചത് ബ്ലോഗര്‍മാരുടെ രചനകള്‍ വായിക്കുവാനായിരുന്നു. പല പുസ്തകങ്ങളുടേയും വായന ഇനിയും തീര്‍ക്കാനായിട്ടുമില്ല. അതുകൊണ്ട് തന്നെ പല നല്ല ബ്ലോഗുരചനകളേയും ഇവിടെ തമസ്കരിക്കേണ്ടി വരുന്നു. ക്ഷമിക്കുക. എന്നിരിക്കിലും ദേവദാസിന്റെ ഡില്‍ഡോ, കുമാരന്റെ കുമാരസംഭവങ്ങള്‍, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, ഷാജി നായരമ്പലത്തിന്റെ വൈജയന്തി, എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവ തന്നെ. ബ്ലോഗ് രചനകളായതിനാല്‍ തന്നെ ഈ പുസ്തകങ്ങളുടെ ഉള്‍പേജുകള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഒപ്പം തികച്ചും സന്തോഷകരമായ ഒരു കാര്യമായിരുന്നു 2010ല്‍ ബൂലോകത്ത് നിന്ന് രണ്ട് പ്രസാധക സം‌രംഭം ഉദയം ചെയ്തു എന്നത്. ജോയുടെ നേതൃത്വത്തില്‍ എന്‍.ബി.പബ്ലിക്കേഷനും, ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ കൃതി പബ്ലിക്കേഷന്‍സും. നേരത്തെ തന്നെ ലീല.എം. ചന്ദ്രന്റെ സീയെല്ലെസ് ബുക്ക്സും ഒരു കൂട്ടം ബ്ലോഗേര്‍സിന്റെ ശ്രമഫലമായി ബുക്ക് റിപ്പബ്ലിക്കും ബൂലോകത്ത് നിന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ 'എന്‍.ബി'യും 'കൃതി'യും കൂടെ ആയപ്പോള്‍ മുഖ്യധാരാ പ്രസാധകരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടാ അവസ്ഥയില്‍ നിന്നും ഒരു പരിധി വരെ ബ്ലോഗര്‍മാര്‍ക്ക് മോചനമാവുമെന്ന് കരുതാം.

'അക്ഷര'ങ്ങളിലൂടെ ജീവിതത്തിന്റെ 'ഉപ്പ് ' കണ്ടെത്തി 'കറുത്ത പക്ഷിയുടെ പാട്ട് ' കേട്ട് 'ഭൂമിക്ക് ഒരു ചരമഗീതം' രചിച്ച മലയാളത്തിന്റെ മഹാകവി ശ്രി. ഒ.എന്‍.വി. കുറുപ്പിന്‌ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 2010ന്റെ നേട്ടങ്ങളില്‍ ഒന്നായി എടുത്ത് പറയാമെന്ന് തോന്നുന്നു. അതുപോലെ തന്നെ എന്റെ നാട്ടുകാരന്‍ കൂടിയായ സിപ്പി പള്ളിപ്പുറത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ലഭിച്ചത് ഈ വര്‍ഷം സന്തോഷം നല്‍കിയ മറ്റൊരു കാര്യമാണ്‌. 'ഒരിടത്തൊരു കുഞ്ഞുണ്ണി' എന്ന കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച പുസ്തകത്തിനാണ്‌ അവാര്‍ഡ് ലഭിച്ചത്. 'ഹൈമവതഭൂവില്‍' എന്ന രചനയിലൂടെ എം.പി.വീരേന്ദ്രകുമാറും യാത്രാവിവരണശാഖയിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവായതും 2010ല്‍ തന്നെ.

ഈ സന്തോഷങ്ങള്‍ക്കൊക്കെ ഇടയിലും നൊമ്പരപ്പെടുത്തുന്ന ചില ഓര്‍മ്മകള്‍ കൂടെയുണ്ട്. ഒരു അനാഥനെ പോലെ വഴിയരികില്‍ .. പിന്നീട് മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ച്... തന്റെ ശവപ്പെട്ടി ചുമക്കുന്നവരോടൊന്നും പരിഭവിക്കാനറിയാതെ ആചാരവെടിയും കാത്ത് കിടന്നപ്പോള്‍ തന്നോട് കാട്ടിയ നെറിവുകേടിന്‌ കവി അയ്യപ്പന്‍ മലയാളിക്ക് മാപ്പുതരുമെന്ന പ്രതീക്ഷയോടെ.. ചിത്തരോഗാശുപത്രിയിലെ ദിനങ്ങളിലൂടെ, ഗ്രീഷ്മം സാക്ഷിയിലൂടെ എല്ലാം വീണ്ടും നമുക്കിടയില്‍ ജീവിക്കും എന്ന ഉറപ്പോടെ..

വീണ്ടും വായനയുടെ നല്ല കാലം സമാഗതമാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

വെള്ളിയാഴ്‌ച, ഡിസംബർ 10, 2010

ഉണങ്ങാത്ത മുറിവ്

കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു കഴിഞ്ഞ ദിവസം കണ്ട സ്വപ്നം. സ്വപ്നമെന്നോ ദു:സ്വപ്നമെന്നോ അതിനെ വിശേഷിപ്പിക്കേണ്ടത്? അറിയില്ലല്ലോ!! പണ്ട്...കുട്ടിക്കാലത്ത്, നിദ്രദേവിക്ക് അനുവദിച്ചിരുന്ന സുന്ദര നിമിഷങ്ങളിലൊന്നും ഒരു ദു:സ്വപ്നമായി പോലും കുഞ്ഞപ്പന്റെ രൂപമോ അയാളെ പറ്റിയുള്ള ഓര്‍മ്മകളോ മനസ്സില്‍ വരുത്തരുതേയെന്ന് ഞങ്ങള്‍ കുട്ടികളുടെ പ്രാര്‍ത്ഥനയായിരുന്നു. പക്ഷെ, അതൊക്കെ ഒരു ആറ് ഏഴ് വയസ്സ് വരെ മാത്രം!! പിന്നീട് വര്‍ഷങ്ങളോളം കുഞ്ഞപ്പന്‍ ഞങ്ങള്‍ക്ക് ഒരു കളിപ്പാട്ടമായിരുന്നു. അതോ, ആ പാവം കളിപ്പാട്ടമായി ഞങ്ങളുടെ മുന്‍പില്‍ വെറുതെ നിന്ന് തന്നതോ!! ആ കുഞ്ഞപ്പനായിരുന്നു ഒട്ടേറെ വര്‍ഷങ്ങള്‍ ശേഷം കഴിഞ്ഞ ദിവസം സ്വപ്നത്തിലൂടെ വീണ്ടും മധുരമുള്ളതും വേദനിപ്പിക്കുന്നതുമായ ഒട്ടേറെ ബാല്യകാല ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോയത്. തിരിഞ്ഞുനോക്കുമ്പോള്‍ കറുത്തുമെലിഞ്ഞ ശരീരത്തിലെ വെളുത്ത പല്ലുകള്‍ കാട്ടി ചിരിക്കുന്ന കുഞ്ഞപ്പന്റെ മുഖമാണോ മനസ്സില്‍... അതോ, അവഗണനയുടെ തീച്ചൂളയില്‍ പെട്ട് എല്ലാവരാലും നിഷ്കാസിതനായ പാവം പിടിച്ച ഒരു മാനസികരോഗിയുടെ നേര്‍ചിത്രമോ.. അതുമല്ലെങ്കില്‍, വടക്കേപറമ്പിലെ അയ്നി മരത്തിന്റെ ചുവട്ടില്‍ അയല്‍ക്കാര്‍ ചേര്‍ന്ന് കെട്ടിയിട്ടപ്പോള്‍ ഒന്നും മിണ്ടാതെ തലകുമ്പിട്ട് നില്‍ക്കുന്ന പാവം പിടിച്ച ഒരു രൂപത്തെയോ.. ചിന്തകള്‍ നിരഞ്ജന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. ഓര്‍മ്മകളുടെ കൊതുമ്പുവള്ളത്തിലേറി നിരഞ്ജന്‍ പഴയ കുട്ടികാലത്തേക്ക് തുഴയെറിഞ്ഞു. നിരഞ്ജന്റെ നിറംകെട്ട ഓര്‍മ്മകളില്‍ കുഞ്ഞപ്പന്റെ ചിത്രം തെളിഞ്ഞുവന്നു.


നിരഞ്ജന്റെ അമ്മവീടിനടുത്താണ്‌ ഇല്ലിക്കല്‍ തറവാട് !ഒരു കാലത്ത് വളരെയധികം പേരും പ്രശസ്തിയുമുണ്ടായിരുന്ന തറവാട്!! പൈപ്പുവെള്ളത്തിന്‌ വളരെയധികം ക്ഷാമമായിരുന്ന അക്കാലത്ത് അന്നാട്ടുകാരെല്ലാം ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ഇല്ലിക്കല്‍ തറവാടിന്റെ തെക്കേപ്പുറത്ത് പറമ്പ് നിറഞ്ഞുനില്‍ക്കുന്ന, വിസ്താരമേറിയ കുളത്തിലെ വെള്ളമായിരുന്നു. വല്ലപ്പോഴും ചിറ്റയോടൊപ്പം അവിടെ വെള്ളമെടുക്കാന്‍ പോകുന്ന അവസരങ്ങളില്‍ കുളത്തിലേക്ക് ഇറങ്ങുവാനായി നാട്ടുകാര്‍ ഇട്ടിരിക്കുന്ന ചെറിയ തെങ്ങിന്‍തടിയില്‍ ഇരുന്നുകൊണ്ട് ആ കുളത്തിലെ വെള്ളത്തില്‍ ആരും കാണാതെ കാലുകള്‍ നനക്കുക ഒരു പതിവായിരുന്നു. ഹോ.. എന്തൊരു തണുപ്പ്!! ഇപ്പോഴും ആ തണുപ്പ് കാലുകളിലൂടെ അരിച്ചു കയറുന്നു. ഇല്ലിക്കല്‍ തറവാടിനെകുറിച്ചുള്ള ഓര്‍മ്മകള്‍ ആ കുളവും പിന്നെ കുഞ്ഞപ്പനുമായിരുന്നു. തറവാട്ടില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ജനിച്ച ആണ്‍തരിയായിരുന്നു കുഞ്ഞപ്പന്‍. നാലാംകാലുകാരന്‍!! നാലാംകാല്‍ ആണ്‍കുട്ടി നാടു ഭരിക്കുമെന്നാ പഴമക്കാരു പറയാറ്. തറവാട്ടിലെ അമ്മ അതുകൊണ്ട് തന്നെ വളരെയേറെ സന്തോഷിച്ചു എന്ന് പ്രായമായവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.


"ഈ കുഞ്ഞപ്പന്‍ ആരാ? നിന്റെ കളികൂട്ടുകാരനാണോ? അതോ സഹപാഠിയോ?" നിരഞ്ജന്റെ വിരിഞ്ഞ നെഞ്ചില്‍ തലവെച്ച് കിടന്ന് അവന്റെ കുട്ടികാലത്തെ കഥകള്‍ കേള്‍ക്കുമ്പോള്‍ മായയുടെ സംശയമതായിരുന്നു. "ഓ, അത് പറഞ്ഞില്ല അല്ലേ! ഈ കുഞ്ഞപ്പന്‍ എന്ന് പറയുമ്പോള്‍ എന്റെ സമപ്രായത്തിലുള്ള ആളൊന്നുമല്ല. ഞങ്ങളുടെയൊക്കെ ബാല്യകാലത്ത് കുഞ്ഞപ്പന്‌ ഒരു മുപ്പത്തഞ്ച് വയസ്സിനുമേല്‍ പ്രായം കാണുമെന്ന് തോന്നുന്നു.. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാപേര്‍ക്കും കുഞ്ഞപ്പന്‍ എന്നും ഇല്ലിക്കല്‍ കുഞ്ഞപ്പന്‍ ആയിരുന്നു." - നിരഞ്ജന്‍ തുടര്‍ന്നു.


കറുത്ത് മെലിഞ്ഞ് നടുവ് വളഞ്ഞ ഒരു രൂപം. ആ കറുപ്പിന്‌ കണ്ണുതട്ടാതിരിക്കാനാവാം നല്ല വെളുവെളുത്ത പല്ലുകളായിരുന്നു കുഞ്ഞപ്പന്റെത്. അലക്കി തേച്ച കള്ളിമുണ്ടും തോളില്‍ ഒരു വെളുത്ത തോര്‍ത്തും വേഷം. കുറ്റിമുടിയില്‍ തങ്ങിനില്‍ക്കുന്ന നല്ലെണ്ണയുടെ വാസന. കുളിക്കാതെയും അഴുക്കുപുരണ്ട വസ്ത്രത്തോടെയും കുഞ്ഞപ്പനെ കണ്ട ഓര്‍മ്മ ഇല്ല. കൈയില്‍ എപ്പോഴും ഒരു ശീമക്കൊന്നയുടെ വടിയുണ്ടാവും. ഒരു ചെറിയ കമ്പ് ! ചിരിച്ച മുഖം. ഏത് വീട്ടിലെയും ഉമ്മറത്ത് ഒരു കാരണവരെ പോലെ അധികാരത്തോടെ കയറിയിരിക്കും. അവിടെ എത്ര വലിയ ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും കുഞ്ഞപ്പന്‍ കയറി ഇരുന്നിരിക്കും. ശല്യക്കാരനല്ലാത്തത് കൊണ്ട് തന്നെ ആരും ഒന്നും പറയുകയില്ല. കുഞ്ഞപ്പന്‍ ഒരു മാനസീക വൈകല്യമുള്ള ആളാണോ.. അല്ലെങ്കില്‍, മാനസീക വൈകല്യം എന്നതിനേക്കാള്‍ കുട്ടികളുടെ മനസ്സുമായി അലയുന്ന ഒരു മനുഷ്യന്‍ എന്ന് പറയാമോ? പറ്റില്ല, കാരണം കുഞ്ഞപ്പന്റെ ഒറ്റ സ്വഭാവത്തിലേ നാട്ടുകാര്‍ക്ക് പരാതിയുള്ളു. അത് സ്ത്രീകളോടുള്ള പെരുമാറ്റമായിരുന്നു. അക്കാര്യത്തില്‍ മാത്രം കുഞ്ഞപ്പനില്‍ കുട്ടിത്തം ഇല്ല എന്ന് പറയാം. സന്ധ്യാസമയങ്ങളിലും ഇരുട്ട് പരക്കുമ്പോഴും മറവില്‍ നിന്ന് പെണ്ണുങ്ങളുടെ മുന്‍പിലേക്ക് ചെന്ന് അവരുടെ കൈകളിലും മറ്റും കയറി പിടിക്കുക എന്നത് ഒരു പക്ഷെ ആ മനസ്സിന്റെ അറിവില്ലായ്മയാവാം. എന്തോ , അതുകൊണ്ട് തന്നെ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ അവര്‍ക്ക് കുഞ്ഞപ്പനെ ഭയമായിരുന്നു. പിന്നെ കുട്ടികളായ ഞങ്ങളെ ഭക്ഷണം കഴിപ്പിക്കുവാനായി അമ്മമാര്‍ എടുക്കുന്ന ഒരടവായിരുന്നു ദേ, ഇല്ലിക്കല്‍ കുഞ്ഞപ്പന്‍ വരുന്നുണ്ടട്ടോ എന്നത്. ആദ്യമൊക്കെ അത് കുട്ടികളെ പെട്ടന്ന് ഭക്ഷണം കഴിപ്പിക്കാന്‍ അവരെ സഹായിച്ചുണ്ടെങ്കിലും പോകെ പോകെ കുഞ്ഞപ്പന്‍ കുട്ടികളെ കാണുമ്പോഴേ ഓടിക്കുവാനും ചിരിച്ചുകൊണ്ട് പിറകേ ഓടുവാനും തുടങ്ങിയതോടെയും, പല കുട്ടികളും സന്ധ്യാസമയങ്ങളില്‍ കുഞ്ഞപ്പനെ കണ്ട് ഭയപ്പെട്ട് കരഞ്ഞിരുന്നതിനാലും അമ്മമാര്‍ക്ക് അതും ഒരു തലവേദനയായി. അങ്ങിനെ പിന്നീട് കുഞ്ഞപ്പനെ ആട്ടിയോടിക്കുക അമ്മമാരും ശീലമാക്കി. അവര്‍ കുട്ടികള്‍ക്ക് കുഞ്ഞപ്പനെ പേടിയില്ലാതാക്കുവാന്‍ വേണ്ടി കുഞ്ഞപ്പന്‍ വരുമ്പോള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. മായക്ക് രസം പിടിച്ച് തുടങ്ങി. അവള്‍ ഒന്ന് കൂടെ നിരഞ്ജന്റെ മാറിലേക്ക് ചേര്‍ന്നു അവളെ തന്നിലേക്ക് ഒന്ന് കൂടെ അണച്ച് പിടിച്ച് നിരഞ്ജന്‍ തുടര്‍ന്നു.


കാലം അല്പം കൂടെ കടന്ന് പോയപ്പോള്‍ കുഞ്ഞപ്പന്‍ എല്ലാവര്‍ക്കും ഒരു കോമാളിയായി. കുട്ടികളുടെ പ്രധാന വിനോദം കുഞ്ഞപ്പനെ മണ്ണുവാരിയെറിയുകയും പിറകിലൂടെ ചെന്ന് കുഞ്ഞപ്പന്റെ മുണ്ട് വലിച്ചു പറിക്കുകയുമൊക്കെയായി. അങ്ങിനെയാണ്‌ കുഞ്ഞപ്പന്‍ അടിവസ്ത്രം ധരിക്കാറില്ല എന്ന ഭീകരമായ സത്യം ഞങ്ങളൊക്കെ മനസ്സിലാക്കിയത്. ഇതുകൂടെ അറിഞ്ഞപ്പോള്‍ നാട്ടിലെ പെണ്മണികളുടെ ഭയവും നെഞ്ചിടിപ്പും കൂടി. അവര്‍ കുഞ്ഞപ്പന്റെ കണ്മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. - മായ കിലുകിലെ ചിരിച്ചു.


പക്ഷെ ഒന്നുണ്ട് മായേ, കുഞ്ഞപ്പന്‍ ഒരു പാവമായിരുന്നു.. സ്നേഹമുള്ളവനായിരുന്നു. പല അവസരങ്ങളിലും ആ സ്നേഹത്തിന്റെ ആഴം നാട്ടുകാര്‍ അറിഞ്ഞിട്ടുണ്ട്. ഏത് വീട്ടിലായാലും ഒരു മരണമോ കല്യാണമോ ഉണ്ടെങ്കില്‍ കുഞ്ഞപ്പന്‍ അവിടെയുണ്ടാവും. വീട്ടിലെ കാരണവരെ പോലെ വരുന്ന അതിഥികളെ ഒക്കെ ഒരു ഇളിഭ്യച്ചിരിയോടെ കസേരയിലേക്ക് ഇരിക്കാന്‍ ക്ഷണിച്ച് കൊണ്ട്, അവര്‍ ഭക്ഷണം കഴിക്കുന്നിടത്ത് വായും പൊളിച്ച് നിന്നുകൊണ്ട് ഒക്കെ കുഞ്ഞപ്പന്‍ എന്ന മനുഷ്യന്‍ ഉണ്ടാവും. മായയുടെ മുഖം അത്ഭുതം കൊണ്ട് നിറയുന്നത് നിരഞ്ജന്‍ കണ്ടു. നഗരജീവിതത്തിന്റെ കപടതകള്‍ മാത്രം കണ്ടു വളര്‍ന്ന കുട്ടിയെ നാട്ടിന്‍പുറത്തിന്റെ നന്മയും സന്തോഷവും അത്ഭുതപ്പെടുത്തിയതില്‍ നിരഞ്ജന്‌ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.


അപ്പൂപ്പന്റെ ചേതനയറ്റ ശരീരത്തിനു മുന്‍പില്‍ ഒട്ടേറെ സമയം പകച്ചു നിന്ന കുഞ്ഞപ്പന്റെ മുഖം ഇന്നും കണ്മുന്നിലുണ്ട്. നിരഞ്ജന്‍ വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു. അന്ന് അമ്മവീട്ടിലെ ഉമ്മറകോലായില്‍ കറുപ്പിലും സ്വര്‍ണ്ണനിറത്തിലുമുള്ള കെയിനുകള്‍ ഉപയോഗിച്ച് ആനയുടെ രൂപം ആലേഖനം ചെയ്ത അപ്പുപ്പന്റെ പ്രിയപ്പെട്ട കസേരയില്‍ കര്‍മ്മങ്ങള്‍ അവസാനിച്ച് ആ ശരീരം ചിതയിലേക്കെടുക്കുന്നത് വരെ ഒരു വാക്ക് പോലും മിണ്ടാതെ താടിയില്‍ കൈതാങ്ങി ഇരിക്കുകയും അപ്പുപ്പനെ തെക്കേപ്പറമ്പിലെ ചിതയിലേക്ക് എടുത്ത നിമിഷം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുകയും ചെയ്ത കുഞ്ഞപ്പന്‍ കുട്ടിക്കാലത്തെ കുറിച്ചുള്ള അവ്യക്തമായ ഓര്‍മ്മകളുടെ മാറാപ്പില്‍ ഇന്നും അവശേഷിക്കുന്ന നിറമുള്ള ഒരു രേഖാചിത്രമാണ്‌.


പക്ഷെ, ഇതിനേക്കാളൊക്കെ ഏറെ എന്നെ വേദനിപ്പിക്കുന്ന, മനസ്സില്‍ എന്നും ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കുന്ന ഒരു കുഞ്ഞ് നീറ്റല്‍ കുഞ്ഞപ്പനെ പറ്റി എനിക്കുണ്ട്. നിരഞ്ജന്റെ വാക്കുകള്‍ സാകൂതം കേള്‍ക്കുകയായിരുന്ന മായ പെട്ടന്ന് നിവര്‍ന്നിരുന്നു. അവന്‍ വീണ്ടും ഓര്‍മ്മകളുടെ പച്ചതുരുത്തിലേക്ക്... വളരെ ചെറുപ്രായത്തിലെ ഒരു ദിവസം. രണ്ട് ദിവസമായി പെയ്ത മഴക്ക് ചെറിയ ഒരു ശമനമുണ്ടായ ഒരു ദിവസം. അമ്മയോടും അച്ഛനോടും ഒപ്പം അമ്മയുടെ വീട്ടില്‍ വിരുന്ന് പോയതായിരുന്നു ഞാന്‍. നീരജ് അന്ന് അമ്മ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. ഇരട്ടകളായ ഞങ്ങളുടെ കാര്യങ്ങളും വീട്ടുപണിയും തീര്‍ത്ത് ജോലിക്ക് പോകുക എന്ന ദുര്‍ഘടകരമായ കടമ്പ അമ്മക്ക് തരണം ചെയ്യേണ്ടതുള്ളതിനാല്‍ അപ്പൂപ്പന്‍ തന്നെയായിരുന്നു നമ്മുടെ നീരജിനെ അവിടേക്ക് കൊണ്ട് പോയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് അമ്മയുടെ സാമീപ്യം ആവശ്യമായത് കൊണ്ടാവാം അപ്പൂപ്പന്‍ നീരജിനെ തന്നെ അങ്ങോട്ട് കൊണ്ട് പോകുവാന്‍ തീരുമാനിച്ചത്. അമ്മക്കോ അച്ഛനോ തീരെ താല്പര്യമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍‍. പക്ഷെ, ജോലി ദൂരെയായതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലേക്ക് വരുന്ന അച്ഛന്‌ അപ്പൂപ്പന്റെ ആ തീരുമാനത്തെ ധിക്കരിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് ദിവസം കൂടുതല്‍ ഒഴിവ് കിട്ടിയാല്‍ അച്ഛന്‍ ഓടിവരികയും ഞങ്ങള്‍ അപ്പൂപ്പന്റെ വീട്ടിലേക്ക്.. നീരജിന്റെ അരികിലേക്ക് ചെന്നെത്തുകയും പതിവായിരുന്നു. അങ്ങിനെയുള്ള ഒരു ദിവസം....


രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുകയായിരുന്ന മഴ കുട്ടികളായ ഞങ്ങളില്‍ വിരസമായ അസഹയനീയത സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ മഴ തോര്‍ന്ന് മാനം ഒന്ന് തെളിഞ്ഞ ആ ദിവസം മുറ്റത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തെ അവഗണിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ കളിക്കാനിറങ്ങി. പത്രക്കടലാസുകള്‍ ചീന്തിയെടുത്ത് അച്ഛന്റെ കൈകൊണ്ട് കടലാസു വഞ്ചിയുണ്ടാക്കി ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി. കള്ളിമുണ്ട് മാടികുത്തി , തോര്‍ത്തുമുണ്ട് തലയില്‍ ഇട്ട് കുഞ്ഞപ്പന്‍ ഒരു ചെറുചിരിയോടെ വരുന്നത് ഞങ്ങള്‍ കണ്ടു. സ്ഥിരമായി കാണുന്നതിനാല്‍ അപ്പോഴേക്കും നീരജിനു കുഞ്ഞപ്പന്‍ ഒരു കോമാളിയായി മാറിയിരുന്നു. കുഞ്ഞപ്പാ.. കുഞ്ഞപ്പോ എന്നൊക്കെ വിളിച്ച് അവന്‍ അയാളെ കളിയാക്കികൊണ്ടിരുന്നു. കുഞ്ഞപ്പന്റെ മുണ്ട് പറിക്കാനായി അവന്‍ പിറകിലൂടെ ചെന്നു. കൈയിലുണ്ടായിരുന്ന ശീമകൊന്നയുടെ വടിയുമായി നാക്കുകടിച്ച് കുഞ്ഞപ്പന്‍ പിറകിലേക്ക് തിരിഞ്ഞ് അവനെ തല്ലാന്‍ ശ്രമിച്ചു. കടലാസ് വഞ്ചിയുന്തുവാനായി കരുതിയിരുന്ന മടലിന്റെ പൊളികൊണ്ട് ഞാനും കുഞ്ഞപ്പന്റെ കാലില്‍ അടിക്കുന്നുണ്ടായിരുന്നു. ഇറയത്ത് നിന്ന് അച്ഛന്‍ വഴക്ക് പറയുന്നത് കേട്ടാണ്‌ കുഞ്ഞപ്പനെ വിട്ട് ഞങ്ങള്‍ കടലാസുവഞ്ചിയുമായി വടക്കേപറമ്പിലെ കുളത്തിന്റെ അരികിലേക്ക് നടന്നത്. കണ്ണാ, മഴ നനഞ്ഞ് പനി വരുത്തരുതട്ടൊ എന്നുള്ള അച്ഛന്റെ താക്കീത് കേട്ട് പിന്തിരിയാന്‍ തുടങ്ങിയ എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോയത് നീരജാ.. കൈയിലിരുന്ന മടല്‍പൊളികൊണ്ട് വഞ്ചി വെള്ളത്തിലേക്ക് കുത്തിയകറ്റി കൊണ്ടിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ.. പിന്നെ.. ഒരു വലിയ ശബ്ദത്തോടെ വെള്ളത്തിലേക്ക് വീഴുന്നതും മുങ്ങിപ്പൊങ്ങിയതും ഒന്നും എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. മായയുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകി. അവള്‍ ഭയത്തോടെ നിരഞ്ജനിലേക്ക് പറ്റിചേര്‍ന്നു.


ഭയന്നുപോയ നീരജ് ഓടിയൊളിച്ചു. ഞാന്‍ രണ്ട് വട്ടം മുങ്ങിപൊങ്ങിയെന്ന് തോന്നുന്നു. അതോ ഒരു വട്ടമോ... ഓര്‍മ്മയില്ല. പെട്ടന്ന്.. കുഞ്ഞപ്പന്റെ കൈകൊട്ടിയുള്ള ചിരികേട്ടാണത്രെ, അച്ഛന്‍ നോക്കുമ്പോള്‍ കാണുന്നത് കൈകള്‍ ഉയര്‍ത്തി കുളത്തില്‍ താണുപോകുന്ന എന്നെയാണ്‌. എങ്ങിനെയൊക്കെയോ കുളത്തിലേക്ക് എടുത്ത് ചാടിയ അച്ഛന്‍ എന്നെ വലിച്ച് കയറ്റി. അലമുറയിട്ടുകൊണ്ട് അമ്മയും ചിറ്റയും ഓടിവന്നു. എന്നെ കമിഴ്തി കിടത്തി വെള്ളം ഞെക്കി കളയുകയാണ്‌ അച്ഛന്‍. അയല്‍‌പക്കകാരെല്ലാം ഓടികൂടി. അപ്പോഴും കൈകൊട്ടി ചിരിക്കുകയായിരുന്നു കുഞ്ഞപ്പന്‍. ഒരടിയുടെ ഒച്ചയാണ്‌ ആദ്യം കേട്ടത്. എന്നെ നോക്കി നിന്നിരുന്നവരെല്ലാം ഞെട്ടിത്തിരിഞ്ഞു. കുഞ്ഞപ്പന്റെ കാലുകളില്‍ ശീമക്കൊന്ന പത്തലുകൊണ്ട് ഇടം‌വലം അടിക്കുന്ന അടുത്ത വീട്ടിലെ കണ്ണുവാശാന്റെ കലിപുണ്ട രൂപം കണ്ട് ഒരു നിമിഷം എല്ലാവരും വിറ കൊണ്ടു. എല്ലാവരും കൂടെ വടക്കേ പറമ്പിലെ അയ്‌നി മരത്തില്‍ കുഞ്ഞപ്പന്‍ എന്ന സാധുവെ കെട്ടിയിട്ടു.


"സാധുവോ? മാനസീകരോഗിയാണെങ്കിലും എന്റെ കുട്ടനെ കുളത്തില്‍ തള്ളിയിട്ട് കൊല്ലാനുള്ള ബുദ്ധിയൊക്കെ അവനുണ്ടായല്ലോ? അയാളെ കെട്ടിയിട്ടതിലും തല്ലിയതിലും തെറ്റില്ല. കണ്ണുവാശാനോട് എനിക്ക് ഇഷ്ടം കൂടിയതേ ഉള്ളൂ" - മായ വികാരം കൊണ്ടു.


ഹും. ഒന്നോര്‍ക്കുമ്പോള്‍ അത് ശരിയാ.. പക്ഷെ.. പക്ഷെ.. മായേ.. സത്യത്തില്‍ അന്ന് നടന്നതെന്തെന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ ആ മിണ്ടാപ്രാണിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വില നിനക്ക് മനസ്സിലാവും. - മായ പകപ്പോടെ നിരഞ്ജനെ നോക്കി.


അതേ മോളെ, ഒരു പക്ഷെ നീ വിശ്വസിക്കില്ല. വേറെ ആരു പറഞ്ഞെങ്കിലും ഞാനും വിശ്വസിക്കില്ലായിരുന്നു. നിനക്കറിയോ, കുഞ്ഞപ്പന്‍ മരണമടഞ്ഞത് ഇല്ലിക്കലെ ആ വലിയ കുളത്തില്‍ വീണാണ്‌. ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത് വളരെ വൈകിയായിരുന്നു. ഇതറിയിക്കാന്‍ നീരജിനെ ഫോണില്‍ വിളിച്ച ഞാന്‍ ഒരു നിമിഷം അവന്റെ കരച്ചില്‍ കേട്ട് സ്തംഭിച്ചിരുന്നു പോയി. അവന്‍ പൊട്ടിക്കരയുകയായിരുന്നു. ഒത്തിരി നേരമെടുത്തു അവനെ ഒന്ന് നോര്‍മലാക്കാന്‍. മെല്ലെ ഞാന്‍ അവനോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ കാര്യം ഇന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല മായ! സത്യം!! ഒരിക്കലും അതാവരുതേ സത്യം എന്നും അവന്‍ കളിയായി പറഞ്ഞതാവട്ടെ അത് എന്നും ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ട്. അല്ലെങ്കിലും അങ്ങിനെയൊക്കെ പ്രവര്‍ത്തിക്കാന്‍ എന്റെ ഉണ്ണിക്കുട്ടന്‌... നമ്മുടെ നീരജിനു കഴിയോ? ഹെയ്... അവന്‍ വെറുതെ പറഞ്ഞതാവും.. വെറുതെ പറഞ്ഞതാവും..


"എന്താ.. എന്താ.." - നിരഞ്ജന്റെ പരിഭ്രാന്തമായ മുഖത്തേക്ക് നോക്കി മായ വ്യാകുലപ്പെട്ടു.


ഹെയ്.. അവന്‍ ചുമ്മാ പറഞ്ഞതാവാനേ വഴിയുള്ളൂ.. എന്നെ കളിപ്പിക്കാന്‍.. പണ്ടേ എന്നെ വട്ട് കളിപ്പിക്കുന്നത് അവന് ഒരു ഹരമായിരുന്നു. അല്ലെങ്കില്‍.. അല്ലെങ്കില്‍ എനിക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം മുഴുവന്‍ കിട്ടുന്നതില്‍ അസൂയ പൂണ്ട് , ഞാന്‍ മരണപ്പെട്ടാല്‍ അവരോടൊപ്പം അവന്‌ താമസിക്കാന്‍ കഴിയും എന്ന വിചാരത്തില്‍‍, എന്നെ കുളത്തിലേക്ക് മന:പൂര്‍‌വ്വം തള്ളിയിട്ട് മരണത്തിനെറിഞ്ഞ് കൊടുക്കാം എന്ന് ചിന്തിക്കാന്‍ മാത്രം ക്രൂരനാണോ എന്റെ ഉണ്ണി.. മിനുറ്റുകളുടെ വ്യത്യാസത്തില്‍ അമ്മയില്‍ നിന്നും പുറത്ത് വന്ന എന്റെ അനുജന്‍... അങ്ങിനെയെങ്കില്‍ അത് മനസ്സിലാക്കിയിട്ടും - അവനാണ്‌ എന്നെ കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കിയിട്ടും - ആരോടും ഒന്നും പറയാതെ വേദന കടിച്ചമര്‍ത്തി നാട്ടുകാരുടെ ശാരിരിക പീഢനവും മാനസീകമായ ദണ്ഢനങ്ങളും ഏറ്റുവാങ്ങിയ കുഞ്ഞപ്പന്‌ സത്യത്തില്‍ വിഭ്രാന്തിയുണ്ടോ? ഹോ.. കുഞ്ഞപ്പന്റെ വിഭ്രമം നിറഞ്ഞ മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവേല്‍‌പ്പിച്ചതിന്‌ നീരജിനോട് ഒരു പക്ഷെ കുഞ്ഞപ്പന്‍ പൊറുത്തുകാണും അല്ലേ.. പൊറുത്തുകാണും..


സ്വപ്നത്തിലെന്ന വണ്ണം പുലമ്പികൊണ്ടിരുന്ന നിരഞ്ജനെ മായ മാറോട് ചേര്‍ത്തു. അവളുടെ മനസ്സില്‍ കുഞ്ഞപ്പന്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നിന്നു.

ശനിയാഴ്‌ച, നവംബർ 06, 2010

ഒരു എക്സ്റേ മെഷിന്റെ ആത്മഗതം.

ഇതിപ്പോ കഷ്ടായല്ലോ.. ദേ , റൂമിന്‌ പുറത്ത് തിരക്ക് വര്‍ദ്ധിച്ച് വരുന്നു. അയ്യോ! പാവം ജെസ്സികൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയര്‍ത്തു തുടങ്ങിയത് നിങ്ങള്‍ കാണുന്നില്ലേ. അല്ലെങ്കില്‍ തന്നെ അവര്‌ തമ്മില്‍ ഏതാണ്ടൊരു ചുറ്റുക്കളിയുണ്ടെന്ന് ഹോസ്പിറ്റലിലെ സ്റ്റാഫിനിടയില്‍ ഒരു സംസാരോണ്ട്. ലൈനാണ്‌ പോലും!! എനിക്കൊന്നും അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോള്‍ ഞാന്‍ മൂലമല്ലേ അവര്‍ ഇരുവരും ഇങ്ങിനെ കഷ്ടപ്പെടുന്നേന്നോര്‍ക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത് നാശം പിടിച്ച നേരത്താണാവോ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ തോന്നിയത്.


ദോഷം പറയരുതല്ലോ. ഒരു മാലാഖയായിരുന്നൂട്ടോ അവള്‍. അയ്യോ, മാലാഖമാര്‍ കരയോ എന്റെ കര്‍ത്താവേ!! ഹാന്നേ, ആ കുഞ്ഞ് മോള്‌ കരയണ കണ്ടപ്പ എനിക്ക് സഹിച്ചില്ല. പേടിച്ചിട്ടാണോ.. അതോ ഇനി അതിന്റെ സൂക്കേട് കാരണമാണോ എന്തോ... കൂടെ വന്ന ടീച്ചറമ്മയുടെ സാരിയേ പിടിച്ച് കരയാര്‍ന്നു ആ പാവം.


അല്ലെങ്കിലും ഈ ജെസ്സിക്കൊച്ചിന്‌ പിള്ളേരുടെ എക്സ്റേ എടുക്കാന്‍ ഒന്നും അത്ര വശോല്ല.അതൊക്കെ മുമ്പുണ്ടാര്‍ന്ന ഷീബകൊച്ച്. എന്തൊരു നയാര്‍ന്ന് അതിന്. ഹാ, അതിന്റെ ഗൊണോണ്ടേ.. ഇപ്പോ അയര്‍ലണ്ടിലാ. കെട്ടിയവന്‍ ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ.. പോകാന്‍ പറ. ഹല്ല പിന്ന..


ദേ, സേതുകൊച്ചിന്‌ ദേഷ്യം വരുന്നുണ്ട്. ഞാനെന്തോ ചെയ്യാനാ എന്റെ കര്‍ത്താവേ!! ഒരു കൈപെഴ പറ്റിപ്പോയി. അല്ലെങ്കില്‍ ജര്‍മ്മനീന്ന് ഫിലിപ്പോസച്ചന്‍ ഇവിടെ കൊണ്ടോന്നിട്ട് ഇത്രേം നാളായില്ലേ. ഇന്നേ വരെ ഇങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടിണ്ടാ. വല്ലപ്പോഴും ഒരു മുക്കലോ മൂളലോ (മനുഷ്യന്മാരുടെ ചൊമ പോലെ) മറ്റോ. അത് സേതു കൊച്ച് ഇത്തിരി ഓയിലിടുമ്പോ ശര്യാവേം ചെയ്യും. ഹോ ആ മാലാഖകുഞ്ഞ് കാരണാ ഇതൊക്കെ. കുഞ്ഞല്ലേ.. അതിനെ പറ്റി ദൂഷ്യപ്പെടാനും പറ്റില്ലല്ലോ! എന്തായാലും ഇത് വല്ലാത്ത ചതിയായി പോയി മിശിഹാതമ്പുരാനേ..


ഇന്നലെ വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടടുത്താ ആ ഫ്രോക്ക്കാരി കുഞ്ഞിനേം കൊണ്ട് തടിച്ച സ്ത്രീ വന്നതേ. ഹോ, പാവം കുഞ്ഞ്! ഭയങ്കര വിമ്മിഷ്ടാര്‍ന്നട്ടോ അന്നേരം അതിന്‌. അത് പിന്ന അങ്ങനല്ലേ; വലിയോര്‍ക്ക് പോലും ശ്വാസമ്മുട്ടല്‍ വന്നാല്‍ സഹിക്കണില്ല.. അപ്പ, കുഞ്ഞുങ്ങടെ കാര്യം പറയണാ.. വല്യഡോക്ടറാര്‍ന്ന് നോക്കിയതെന്ന് തോന്നണ്‌. കൈയില്‍ എക്സ്റേ എടുക്കാനുള്ള പേപ്പറുമായി ജെസിക്കൊച്ചിന്റെ അടുത്ത് നിക്കണ ആ സ്ത്രീയുടെ മുഖം കണ്ടപ്പളേ എനിക്ക് തോന്നീര്‍ന്നു അവര്‍ക്ക് അത്രേം തങ്കകൊടം പോലൊരു കുഞ്ഞുണ്ടാവൂല്ലല്ലോന്ന്. പക്ഷെ ഓരോന്നോര്‍ത്ത് നിക്കാന്‍ പറ്റില്ലാല്ലോ.. അല്ലെങ്കില്‍ പിന്നെ ദേ ഇത് പോലെ ഒന്നിനും മേലാണ്ടാവണം. ഇത് അന്നേരം അവരുടെ കൈയീന്ന് പേപ്പര്‍ വാങ്ങിയ ജെസ്സിക്കൊച്ചിനും ആകെ വെപ്രാളം. കുഞ്ഞിനെ കൊണ്ട് വന്ന സ്ത്രീക്കും (അത് ടീച്ചറാമ്മയാണെന്ന് പിന്നീടല്ലേ മനസ്സിലായത്) വെപ്രാളം. രണ്ട് പേര്‍ക്കും ബസ്സ് വിട്ട് പോവൂന്ന പേട്യാ. ഏതായാലും ഞാനായിട്ട് ഏടാകൂടം ഒന്നും ഒപ്പിച്ചില്ല. പക്ഷെ മാലാഖ കുഞ്ഞ് കരച്ചിലോട് കരച്ചില്‍!! ഹോ ഇങ്ങിനെയും പിള്ളാര്‌ കരയോ എന്റെ മാതാവേ.. ഏങ്ങലിടിച്ച് ഏങ്ങലടിച്ച് അതിന്‌ ശ്വാസം കിട്ടാതായി. അന്നേരം എനിക്കങ്ങോട്ട് സങ്കടം വന്നട്ടോ. ജെസ്സിക്കൊച്ച് അതിനെ കസേരയില്‍ കയറ്റി നിര്‍ത്തി, അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞിട്ട് വന്ന് എന്റെ മേലുള്ള സ്വിച്ച് ഇട്ടു. സത്യായിട്ടും അന്നേരമൊന്നും എനിക്കൊരു കൊഴപ്പോമില്ലന്നേ.. !!! ആ കുഞ്ഞ് പേടിച്ച് ഇളകിയതോണ്ടാ ഫിലിമീ പിടിക്കാഞ്ഞേ.. സത്യം!! പക്ഷേങ്കില്‌, ദേ ജെസ്സികൊച്ച് ആ കുഞ്ഞിനെ ഒരു പെണക്കം. ഇത്തിരി പോന്ന കുഞ്ഞല്ലേ! അതിനുണ്ടോ ഹോസ്പിറ്റലിലെ സമയവും ഷിഫ്റ്റുമൊക്കെ അറിയുന്നു. പാവം പേടിച്ചുട്ടാ. ഏങ്ങിക്കൊണ്ട് അത് ഒന്ന് കൂടെ ചേര്‍ന്ന് നിന്നു. മിസ്സേ.. മിസ്സേ.. അമ്മേനെക്കാണണം എന്നൊക്കെ പറഞ്ഞ് അത് കരയണ കണ്ടപ്പോ എനിക്ക് അങ്ങോട്ട് സങ്കടം വന്ന്. അത് ശ്വാസംകഴിക്കാന്‍ പെടാപാട് കഴിക്കണ കണ്ടപ്പോ എന്റെ ഗീവര്‍ഗീസുപുണ്യാളോ, സത്യായിട്ടും ഞാന്‍ ഒരു കൂട് മെഴുകുതിരി നേര്‍ന്നാരുന്നു. അത് എങ്ങിനെ തരോന്നൊക്കെ എന്നോട് ചോദിക്കരുതൂട്ടാ.. ഞാന്‍ നേര്‍ന്നൂന്നോള്ളത് സത്യാ!! രണ്ടാമതും കുഞ്ഞ് അനങ്ങീട്ട് ഫിലിമീ പിടിച്ചില്ലേ ചെലപ്പോ ജെസ്സിക്കൊച്ചും ടീച്ചറമ്മേം കൂടെ അതിനെ ശരിയാക്കോന്ന് തോന്നി. എന്നാലും ഈ കുഞ്ഞിന്റെ അപ്പനുമമ്മയും എന്തൊരു മനുഷ്യരാന്നൊക്കെ മനസ്സീ പറഞ്ഞിട്ടാ ചേര്‍ന്ന് നിന്ന അതിനെ ഞാന്‍ അങ്ങാട്ട് രണ്ടും കല്‍‌പിച്ച് കെട്ടിപ്പിടിച്ചത്. അത് ഇപ്പൊ സേതുകൊച്ചിന്‌ ഇത്രേം വല്യ പണിയാവോന്ന് കരുതീര്‍ന്നില്ല..


ഹാന്നേ, ഞാന്‍ കെട്ടിപ്പിടിച്ചപ്പോ അതിന്റെ ഇത്തിരിപോന്ന നെഞ്ചിന്‍‌കൂട്ടിനകത്ത് പ്രാവ് കുറുകണ പോലെ!! ഹാ കുഞ്ഞാണെങ്കീ ഏങ്ങലടിക്കാ.. നന്നായി വെറക്കണൂണ്ട്. എനിക്കും പേടിയായീട്ടാ. ഞാനതിനെ ഇറുക്കി പിടിച്ചു. ഇന്നേ വരേ ഒരാളേം ഞാന്‍ എന്നോട് അധികം ചേര്‍ത്ത് നിര്‍ത്തേട്ടില്ല. വേറൊന്നും കൊണ്ടല്ലട്ടാ. എന്തോരം പേരാ ദെവസോം വന്ന് ചാരണേ. ചെലരൊക്കെ കുളിച്ചിട്ടുണ്ടാവും. മിക്കവരും അതൊന്നും ചെയ്തിട്ടുണ്ടാവില്ലന്നേ. പിന്നേ, സൂക്കേട് വരുമ്പോഴല്ലേ കുളീം ജപോം. അതൊന്നും അവര്‌ട കൊഴപ്പോല്ല. അപ്പോ പിന്നെ ആളോളോട് കൂടുതല്‍ ചേര്‍ന്ന് വല്ല സൂക്കേടും അവര്‍ക്ക് വന്നാ അതിനും എനിക്കാവും ചീത്തപേര്‌!! പക്ഷെ, ഈ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അത്രക്കധികാര്‍ന്നേ അതിന്റെ കരച്ചിലും വെഷമോം. പക്ഷെ ദേ ഇപ്പോ ഞാനനുഭവിക്കാ.. ആ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്റേയാണ്‌ ഇന്നലെ അവസാനമായിട്ട് എടുത്തത്. ഇന്ന്‍ രാവിലെ ജെസ്സിക്കൊച്ച് സ്വിച്ച് ഓണ്‍ ചെയ്തപ്പോ തന്നെ എനിക്കൊരു കുളിരൊക്കെ തോന്നീര്‍ന്ന്. അപ്പോ കരുതി പുതുതായി വച്ച എ.സിയുടെയാവോന്ന്. പക്ഷെ, ദേ ഇന്ന് വന്ന ആദ്യത്തെ മൂന്ന് എക്സ്റേ എടുത്തിട്ടും ശര്യാവണില്ലന്നേ.. ദാണ്ടേ, ആ നിക്കണ വല്ല്യപ്പന്റെ വയറിന്റെ പടം എടുത്തിട്ടും, ആ സൈക്കിളീന്ന് വീണ്‌ കൈയൊടിഞ്ഞ പയ്യന്റെ വലത്തെ കൈയിന്റെ എക്സ്റേ എടുത്തിട്ടും, ഇടുപ്പ് വേദനകാരണം പൊറുതിമുട്ടിയ പെലകള്ളി ചിരുതേടേ ഇടുപ്പെല്ലിന്റെ എക്സ്റേ എടുത്തിട്ടും ഫിലിമീ വരുന്നത് ആ മാലാഖ കൊച്ചിന്റെ നെഞ്ചിന്‍‌കൂടിന്റെ പടം!!! വല്ലാത്ത ചതി തന്നെ എന്റെ കര്‍ത്താവേ..


ഇന്നലെ രാത്രീല്‌ ഒരു പോള കണ്ണടച്ചട്ടീല്ല. ആ കുഞ്ഞിന്റെ ശ്വാസംവലി എന്റെ മുന്നിലങ്ങിനെ കാണാര്‍ന്ന്. അന്നേരം പക്ഷെ എനിക്ക് ഇത്രക്കൊന്നും പോയില്ലാട്യാ! ഇതിപ്പ ജെസ്സിക്കൊച്ച് പറയണ കേട്ടാ സങ്കടം വരും. ആ കുഞ്ഞ് എന്റെ മേലെന്തോ കൂടോത്രം ചെയ്തെന്ന്!! കര്‍ത്താവേ, ജെസ്സിക്കൊച്ച് അതിന്റെ സങ്കടംകൊണ്ട് പറഞ്ഞതാവൂട്ടാ. അതിനോട് പൊറുത്തോളണേ!! അതേന്നേ, ആ ഇത്തിരി പോന്ന കുഞ്ഞ് എന്തോന്ന് കൂടോത്രം ചെയ്യാന്‍. പാവം അമ്മേടേം അപ്പന്റേം സ്നേഹം തരിമ്പും കിട്ടീട്ടില്ല അതിന്‌. പക്ഷെ ആ കുഞ്ഞിനതില്‍ പരാതിയില്ലാട്ടാ.. ദേ, എന്റെ നെഞ്ചില്‍ തലവെച്ച് നിങ്ങളൊന്ന് കേട്ട് നോക്കിയേ.. ആ കുഞ്ഞിന്റെ മനസ്സ് സംസാരിക്കുന്നത് സത്യായിട്ടും എനിക്ക് ഇപ്പോഴും കേള്‍ക്കാം. ദേ അത് അതിന്റെ അമ്മച്ചിയെ പറ്റി പറയാട്ടൊ..പാവം കുഞ്ഞ്!!


അമ്മച്ചി


അമ്മച്ചീന്റെ പേര്‌ ആന്‍. ആന്‍‌ജോസെന്നാ മുഴോന്‍ പേരെട്ടോ. അമ്മച്ചിക്ക് റേഡിയോയിലാ ജോലി. റേഡിയോ ജോക്കീന്നോ മറ്റോ. അമ്മച്ചി മിക്കപ്പോഴും സ്റ്റുഡിയോവിലാന്നാ കൊച്ച് പറയണത്ട്ടാ. ഏത് നേരോം പരിപാട്യാ. നാട് മൊഴോന്‍ പാട്ടായെന്നൊക്കെ പറയണ കേക്കാന്ന്. ഈ റേഡിയോ കണ്ടുപിടിച്ചോനെ കിട്ടിയാ ഞാന്‍ ശാര്യാക്കേനേ. ഹല്ല പിന്നെ, കൊച്ചിന്റെ വെഷമം കേട്ടില്ലേ!! അത് അമ്മച്ചീടെ മടീലിരുന്നിട്ട് കൊറേ നാളായെന്ന്!!! രാത്രി ഒരു സമയാവുമ്പഴാ അമ്മച്ചി വീട്ടീ വരുന്നേ. വന്നാലൊറ്റ കെടപ്പാ. വെളുപ്പിനേ തന്നെ ഒരു ഉമ്മേം തന്ന് പോവേം ചെയ്യും. അന്നേരം എണീക്കണോന്നൊക്കെ തോന്നാര്‍ണ്ട്ന്ന് കൊച്ചിന്‌. അതെങ്ങിനാ, വെളുപ്പിന്‌ നാലുമണിക്ക് ഒക്കെ കൊച്ചിന്‌ കുളിരൂല്ലേ.അമ്മച്ചിക്ക് ഇത്തിരി കൂടെ പുലര്‍ന്നിട്ട് പോയാലെന്താ? അമ്മച്ചി ചെന്നില്ലെങ്കില്‍ റേഡിയോ തൊറക്കൂല്ലെന്ന് തോന്നും കൊച്ചിന്‌.


ഡാഡി


ഡാഡിക്ക് കൊച്ചിനോട് ഒടുക്കത്തെ സ്നേഹാന്നാ കൊച്ച് പറയണേ. പക്ഷെ അത് പ്രകടിപ്പിക്കാന്‍ ഇന്നേ വരേ സമയം കിട്ടീട്ടില്ല്യാത്രെ!! പിന്നെ, സ്നേഹം പ്രകടിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തോന്നിനാ. കൊച്ചിന്റപ്പനെ ഡാഡിന്നാട്ടോ കൊച്ച് വിളിക്കണേ. അപ്പാന്ന് വിളിക്കണതാ അമ്മച്ചിക്ക് ഇഷ്ടം. പക്ഷെ അപ്പന്‍ പറയണ്‌ അപ്പാന്നൊള്ള വിളി പള്ളീക്കാര്‌ കൂട്ടരുടേണെന്ന് . അതോണ്ട് ഡാഡീന്ന് വിളിച്ചാ മതീന്നാ പറയണ്‌. അങ്ങനേക്കെ ഉണ്ടല്ലേ. ഇതൊക്കെ ആര്‍ക്കറിയാം!! അപ്പോള് പറഞ്ഞ് വന്നത് കൊച്ചിന്റെ ഡാഡീന്റെ പേര്‌ സഞ്ജീവ്. ഡാഡിക്ക് കമ്പ്യൂട്ടറിന്റെ എന്തോ പണിയാട്ടാ. രാവിലെ പോകുമ്പോ നേരത്തെ വരാന്നൊക്കെ എന്നും പറയോത്രെ കൊച്ചിനോട്. എന്നിട്ട് വരോ.. അതൂല്ല. എന്നിട്ട് കൊച്ച് ഫോണ്‍ ചെയ്താലോ, ഡാഡിക്ക് ഈ ജോലി മടുത്തൂന്നൊക്കെ പറഞ്ഞ് വല്ലാണ്ട് വെഷമിക്കും. അപ്പോ കൊച്ചിന്‌ വല്ലാണ്ട് സങ്കടം വരൂട്ടാ. പാവോല്ലേ ഡാഡി.പക്ഷെ, ഡാഡി വീട്ടിലുണ്ടേലും ഏത് നേരോം കമ്പ്യൂട്ടറിന്റെ മുന്‍പിലാ. ലാപ്‌ടോപ്പെന്നോ മറ്റോ പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ!! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!! ഹോ, ദേ നിങ്ങളിതൊന്ന് കേട്ടേ... എനിക്കെങ്ങും സഹിക്കണില്ല്യെന്റെ ഔസേപ്പിതാവേ.. ഇന്നാള്‍ ഒരു പുത്യേ ലാപ്‌ടോപ്പുമായി വന്നിട്ട് ഡാഡി അമ്മച്ചിയോട് പറയാ ഇത് ആപ്പിളിന്റെയാന്ന്. ഒന്നര ലക്ഷം ഉറുപ്പികയാ ഇതിനെന്ന്.. അത് കേട്ടപ്പോ കൊച്ച് വല്ലാണ്ട് കരഞ്ഞ് പോയെന്നാ പറയണേ. കാര്യറിയണോ നിങ്ങള്‍ക്ക്!! ഒരാഴ്ചയായീത്രേ കൊച്ച് ആപ്പിള്‍ വാങ്ങികൊണ്ടോരോന്ന് രണ്ട് പേരോടും ഫോണീ കൂടെ ചോദക്കണേന്ന്. അത് പോലും അവര്‌ ഓര്‍ക്കാത്തത് കഷ്ടം തന്നെയാ അല്ലേ? ഈ ജെസ്സികൊച്ചിന്‌ പകരം ഷീബകൊച്ചായിരുന്നേല്‍ ഇത്തിരി ആപ്പിള്‍ വാങ്ങി ആ കൊച്ചിന്‌ കൊടുക്കാന്‍ പറയാര്‍ന്ന്.. ജെസ്സികൊച്ച് ഒരു മൂശേട്ടേണേ .. അതിനോടൊന്നും ഇത് പറയാന്‍ പറ്റില്ല.


ഉസ്കൂള്‍


കൊച്ച് പോണ ഉസ്കൂളിന്റെ പേരൊന്നും കൊച്ചിനത്ര പിടീല്യട്ടാ. പക്ഷേ, കൊച്ചിനിഷ്ടാ അവിടെ പോവാന്‍. അവിടെ മിഥുനുണ്ട്, മീനാച്ചീണ്ട്, പിന്നെ കൊച്ചിന്റെ തത്തമിസ്സ്ണ്ട്, ഷീബമിസ്സ്ണ്ട്. കൊച്ചിനാശ്വാസം അതാട്ടാ.. അവരിക്കടേക്ക ഒപ്പം കളിക്കാന്‍ കൊച്ചിന്‌ ഭയങ്കര കൊത്യാ. പക്ഷെ, ഓടിക്കളിച്ചാ കൊച്ചിനപ്പ അസുഖം വരോന്നേ.. എന്ത് ചെയ്യാനാ അല്ലേ..പാവം കൊച്ച്. ദേ, പിന്നേം കൊച്ചിന്റെ മനസ്സ് കരയാണ്‌!! ഉസ്കൂളില്‍ മിഥുനേം മീനാച്ചീനെം ഒക്കെ കൊണ്ടോവാന്‍ അമ്മമ്മാര്‌ വരോത്രേ!! അന്നേരം കൊച്ച് ഒന്നും മിണ്ടൂല്ലാന്ന്. പാവം, സങ്കടപ്പെട്ട് കുമ്പിട്ടിരിക്കോള്ള്ന്ന്. അപ്പള്‌ തത്തമിസ്സ് കൊച്ചിന്‌ റേഡിയോ വെച്ച് കൊടുക്കൂട്ടാ.. ഹയ്യോ, നല്ലോരു മിസ്സല്ലേ.. ഒന്നൂല്ലെങ്കിലും കൊച്ചിന്റെ അമ്മച്ചീന്റെ വര്‍ത്തമാനോങ്കിലും കേള്‍പ്പിക്കാന്‍ ആ മിസ്സിന്‌ തോന്നണുണ്ടല്ലാ. ആ മിസ്സിന്‌ സ്വര്‍ഗ്ഗരാജ്യം കിട്ടട്ടേ കര്‍ത്താവേ..


ദേ ഇന്നാളൊരു ദിവസം കൊച്ചിന്‌ വല്ലാണ്ട് ചിരിവന്നെന്ന്. അത് പിന്നെ കാര്യം കേട്ടാ ആര്‍ക്കാ ചിരി വരാത്തെ. മീനാച്ചിന്റെ അമ്മ വന്ന് മീനൂനെ ഒക്കത്തെടുത്ത് ഉമ്മേക്ക കൊടുത്ത് ബാഗും കൊടേം ഒക്കെ ഏടുത്തോണ്ട് പോയപ്പോ കൊച്ചിന്‌ വല്യാണ്ട് സങ്കടായീ. അന്നേരാ തത്തമിസ്സ് അമ്മിച്ചീന്റെ ഒച്ച കേള്‍ക്കാട്ടാന്ന് പറഞ്ഞ് കൊച്ചിന്‌ മിസ്സിന്റെ ഫോണില്‌ റേഡിയോ വെച്ച് കൊടുത്തത്. ദേ, കൊച്ചിനത് ഓര്‍ക്കുമ്പോ ഇപ്പളും ചിരി വന്നൂന്ന്. ഹാ, റേഡിയോയിക്കുടെ കൊച്ചിന്റമ്മച്ചി വേറെയൊരു അമ്മച്ചീനോട് ഭയങ്കര ഉപദേശാര്‍ന്നൂന്ന്!! മക്കളെ നമ്മള്‍ നന്നായി കെയര്‍ ചെയ്യണോന്നാ, അവര്‍ക്ക് വെഷമൂണ്ടാക്കരുതൂന്നാ അങ്ങിനേതാണ്ടൊക്കെ.


അയ്യോ, ദേ നിങ്ങളിത് കേക്കണില്ലേ. ചെല നേരത്ത് കൊച്ചിന്‌ ചത്താ മതീന്ന് തോന്നോന്ന്. പിന്നെ സ്നേഹം കിട്ടാണ്ട് എന്തോരോന്ന് വെച്ചാ ജീവിക്കണേന്നാ അതിന്റെ ചോദ്യം!! ന്യായണേ. ദേ, ഇപ്പോ എന്നെ വിട്ട് പോവാന്‍ കഴിയണില്ലാന്ന്. ഇത്രേം അധികം സമയം കൊച്ച് ആരോടും മനസ്സ് തൊറന്ന് സംസാരിച്ചിട്ടില്ലന്നാ പറയണേ. കര്‍ത്താവേ!! എനിക്കും ഇഷ്ടോണൂട്ടാ ഇങ്ങിനെ മിണ്ടീം പറഞ്ഞൂം ഇരിക്കാന്‍. പക്ഷെ ഇതിപ്പ ഞാന്‍ ഇങ്ങിനെ കൊച്ചിനോട് മിണ്ടീം പറഞ്ഞും ഇരുന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ താറുമാറാവില്ലേ! ജെസ്സിക്കൊച്ചിന്റേം സേതുകുഞ്ഞിന്റെം പണിവരെ ചെലപ്പ പോവും. ദേ സേതുകുഞ്ഞിന്റെ മുഖത്ത് രക്തം ഇരച്ച് കയറുന്നു. അതും ഒരു പ്രാരാബ്ധക്കാരനാണേ. ഇതിപ്പോ, ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായല്ലോ മാതാവേ!! എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ പറ്റണീല്ലാട്ടാ.. കൊച്ചിന്റെ മനസ്സിനെ എറക്കിവിട്ടില്ലെങ്കി പടോന്നും എടുത്താന്‍ ശരിയാവേമില്ല; കൊച്ചിനെ എറക്കിവിട്ടാന്‍ അത് എനിക്ക് മന:പ്രയാസാവേം ചെയ്യും. എന്റെ കൊരട്ടി മുത്തീ, എനിക്ക് ആരേം സങ്കടപ്പെടുത്താന്‍ വയ്യ. അതോണ്ട് നീ തന്നെ ഒരു വഴികാട്ടിത്താട്ടാ..

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത്.


രചന : ബിജു.സി.പി
പുസ്തകം : ചരക്ക്
പ്രസാധനം : ഡി.സി ബുക്ക്സ്

ബിജു.സി.പി എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ കഥാസമാഹാരമാണ്‌ ചരക്ക്. (വില : 70 രൂപ) സാമ്പ്രദായികമായ കഥ പറച്ചില്‍ രീതികളുടെ ഒരു പൊളിച്ചെഴുത്താണ്‌ ഈ സമാഹാരം എന്ന് പറയുന്നതില്‍ തീരെ അതിശയോക്തിയില്ല തന്നെ. വളരെ നാളുകള്‍ക്ക് ശേഷമാണ്‌ ഒരു സമാഹാരത്തിലെ എല്ലാകഥകളും അസാമാന്യനിലവാരം പുലര്‍ത്തികാണുന്നത്. പുതുകഥയുടെ പുതിയ മുഖം എന്ന പ്രസാധകരുടെ അവകാശവാദം പൊള്ളയായ മാര്‍ക്കറ്റിങ് തന്ത്രമല്ല എന്നത് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു.

2005മുതല്‍ കഥയെഴുത്തില്‍ ശ്രദ്ധവെച്ചെങ്കിലും 5 വര്‍ഷം കൊണ്ട് ഇത്രയും കഥകളേ എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന കഥാകാരന്റെ വാക്കുകള്‍ ഒരു ചങ്കൂറ്റമായാണ്‌ ഫീല്‍ ചെയ്യുന്നത്. കാരണം അത്രക്ക് മനോഹരമാണ്‌ ചരക്കിലെ ഒന്‍പത് കഥകളും. പലപ്പോഴും നമുക്ക് ഒരു സാധാരണ പ്രമേയമായി തോന്നാമായിരുന്ന 'ഒരു ഹോംനേഴ്സിന്റെ ആത്മകഥ' എന്ന ആദ്യകഥയില്‍ തന്നെ കഥപറച്ചിലിന്റെ മറ്റൊരു വശം ബിജു വായനക്കാര്‍ക്കായി തുറന്നിടുന്നു. വലിയൊരു നോവലിനെ ചെറിയ പതിനഞ്ച് ഖണ്ഡങ്ങളിലേക്ക് വാറ്റിയെടുത്തത് പോലെ എന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഈ കഥയെ പറ്റി അവതാരികയില്‍ സൂചിപ്പിച്ചത് ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പിന്താങ്ങുന്നു. ആ കഥയുടെ പ്രമേയത്തേക്കാള്‍ കഥ പറയാനുപയോഗിച്ച നൂതനമായ സങ്കേതമാണ്‌ ഏറെ മനോഹരമെന്ന് തോന്നുന്നു. പരീക്ഷഹാളില്‍ വിദ്യാര്‍ത്ഥിനി കുനിഞ്ഞിരുന്ന്‍ എഴുതുമ്പോള്‍ ബ്ലൌസീക്കൂടി അകത്തേക്ക് നോക്കുന്ന അദ്ധ്യാപകനെ പറ്റി ഇത്ര സരസമായി അവതരിപ്പിക്കാന്‍, തൊഴിലിടങ്ങളിലെ സ്ത്രീപീഢനങ്ങളെ ആക്ഷേപഹാസ്യശരങ്ങളിലൂടെ ഒരു പൊട്ടി പെണ്ണിന്റെ പൊള്ളയായ ചിന്താധാരയായി ഉയര്‍ത്തിക്കാട്ടാന്‍, ഒക്കെ കഥയില്‍ വളരെ മനോഹരമായി ബിജു ശ്രമിക്കുമ്പോള്‍ കഥ എന്ന മാധ്യമത്തില്‍ നിന്നും വായനക്കാരനും സമൂഹത്തിനും വേണ്ടത് കിട്ടുന്നു എന്ന് തന്നെ കരുതാം.

രണ്ടാമത്തെ കഥയായ 'സൂസന്ന പുതിയ നിയമങ്ങളില്‍' എന്നതില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വവും അവളോട് കൂറുകാണിക്കുന്നവന്‌ ഭ്രഷ്ട് കല്പ്പിക്കുന്ന കപട സമൂഹത്തിന്റെ സ്മാര്‍ത്തവിചാരങ്ങളേയും രതിയുടെ പിന്‍ബലത്തോടെ വിളിച്ച് പറയുമ്പോള്‍ പോലും ഒരിക്കലും അതിലെ രതി അരോചകമാവാതിരിക്കുവാനും അതിരുകള്‍ ലംഘിക്കാതിരിക്കുവാനും കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്നു.

'മന:ശാസ്ത്രജ്ഞന്‌ ഒരു കത്ത് ' എന്ന കഥയും 'ജൂനിയര്‍ മോസ്റ്റ് ', 'മറ്റൊരു കഥാകൃത്ത് കുരിശില്‍ ' എന്നീ കഥകളുമെല്ലാം മനോഹരങ്ങള്‍ തന്നെ. 'ജൂനിയര്‍ മോസ്റ്റ്' എന്ന കഥയില്‍ ഒരു പ്ലസ് ടൂ അദ്ധ്യാപികയുടെ മാനസീകവ്യാപാരങ്ങളിലേക്ക് ഒരു അദ്ധ്യയനവര്‍ഷത്തെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് പരമ്പരാഗതമായ എഴുത്തിന്റെ ചട്ടകൂടുകളാണ്‌. കഥാപശ്ചാത്തലത്തിലെയും അവതരണത്തിലേയും പുതുമ കൊണ്ട് അസാമാന്യമായ നിലവാരം പുലര്‍ത്തുന്നു ടൈറ്റില്‍ (കവര്‍) സ്റ്റോറിയായ 'ചരക്ക് ' എന്ന കഥ. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും പുത്തന്‍ ജീവിത ചുറ്റുപാടുകള്‍ തുറന്ന് കാട്ടുന്ന , ആഖ്യാനത്തിലെ വ്യത്യസ്തതകൊണ്ട് സമ്പുഷ്ടമായ ഒരു അനുഭൂതി തന്നെ ചരക്ക്.

എനിക്ക് ഈ സമാഹാരത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് 'വാതപ്പരു' എന്ന കഥയാണ്‌. പുത്തന്‍ കാലത്തെ ബ്ലൂടൂത്തും, മൊബൈലും, ഇന്റെര്‍നെറ്റും, ഡിജിറ്റല്‍ ക്യാമറകളും മറ്റും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ്‌ വാതപ്പരു. ഷെറി എന്ന നായികയും അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കുറെ ഉപഗ്രഹങ്ങളും അടങ്ങിയ ഈ കഥ ഇറോട്ടിക് സെക്സ് എത്രത്തോളം മലയാളിയെ കീഴടക്കി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് പറയാം.

ഈ പുസ്തകത്തെ പറ്റി പറയുമ്പോള്‍ ദേവപ്രകാശിന്റെയും സണ്ണിജോസഫിന്റെയും സംഭാവനകളെ വിസ്മരിക്കാനാവില്ല. കഥകള്‍ക്ക് വേണ്ടി മനോഹരമായി രേഖാചിത്രങ്ങള്‍ വരച്ച ദേവപ്രകാശും അതു പോലെ തന്നെ വളരെ നൂതനമായ , വ്യത്യസ്തതയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്ത സണ്ണിജോസഫും പ്രശംസയര്‍ഹിക്കുന്നു. ഈ പുസ്തകത്തിന്റെ മനോഹാരിതക്ക് ഇവരുടെ സംഭാവനകളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്‌ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ദേവപ്രകാശിന്‌ ലഭിച്ചപ്പോള്‍ അതില്‍ ചരക്ക് എന്ന പുസ്തകവും ഉള്‍പ്പെട്ടിരുന്നു എന്ന വസ്തുത.

ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ചേ പറഞ്ഞിട്ടുള്ളൂ എങ്കിലും ഒട്ടും പതിരില്ലാതെ പറയാന്‍ ബിജുവിലെ കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥയുടേയൂം ആവിഷ്കാരത്തിലും ആഖ്യാനരീതിയിലും പുലര്‍ത്തുന്ന വൈവിധ്യവും നൂതനത്വവും എടുത്ത് പറയേണ്ടതാണ്‌. "വരുകാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാളസാഹിത്യത്തിന്റെ മുന്‍‌നിരയില്‍ കസേരവലിച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു" എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് സത്യം തന്നെ എന്ന് ഈ സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു. പുതു കഥയുടെ പുതിയ മുഖമായ ഈ കഥാകാരനും കഥാസമാഹാരവും തീര്‍ച്ചയായും വായന അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍

മഹാനഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒരല്പം വിട്ടാണ്‌ ആ കൂറ്റന്‍ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. പരിസരപ്രദേശത്ത് ഒന്നോ രണ്ടോ തലയെടുപ്പുള്ള ഫ്ലാറ്റുകള്‍ ഉണ്ട് . അതില്‍ കൂടുതലും നഗരത്തിന്റെ സ്പന്ദനങ്ങള്‍ ഒരിക്കലും അറിയാതെ, കീബോര്‍ഡില്‍ ഒളിച്ചിരിക്കുന്ന ഐ.ടി.പ്രൊഫഷണലുകളുടെ സങ്കേതങ്ങളാണ്‌.. അത് കൊണ്ട് തന്നെ ആ കൂറ്റന്‍ ബംഗ്ലാവിന്റെ പടുകൂറ്റന്‍ ഇരുമ്പുഗെയിറ്റ് തുറക്കുന്നതും അടയുന്നതും തിരക്കുപിടിച്ച നഗരം ഇത് വരെ ശ്രദ്ധിച്ചിട്ടില്ല എന്ന് തന്നെ പറയാം. നഗരഹൃദയത്തില്‍ നിന്നും ഇവിടേക്ക് വഴികാട്ടിയായി ഒരു ചൂണ്ടുപലക പോലും ഇല്ല. എങ്കിലും കൃത്യമായി എല്ലാ ശനിയാഴ്ചകളിലും വെകുന്നേരം അഞ്ച് മണികഴിഞ്ഞാല്‍ ഇവിടേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കാണ്‌. പക്ഷെ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രം.!! അതും മുന്‍‌കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്കോ അല്ലെങ്കില്‍ സ്ഥിരം മെമ്പര്‍മാര്‍ക്കോ മാത്രം!!!


സ്ത്രീകള്‍ക്ക് മാത്രമായി അറബിക്കടലിന്റെ റാണിയുടെ ഓരം ചേര്‍ന്ന് തുടങ്ങിയ പുത്തന്‍ നിശാക്ലബാണ്‌ ഇത്. കോളേജ് കുമാരിമാര്‍ മുതല്‍ കൊച്ചമ്മമാര്‍ വരെ ഇവിടെ ശനിയാഴ്ചകള്‍ രാവ് പകലാക്കുന്നു. വൈകീട്ട് ആറിനു ശേഷം തുടങ്ങി അര്‍ദ്ധരാത്രി വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ സുരക്ഷിതരായി അവരെ താമസസ്ഥലത്ത് എത്തിക്കുന്നത് വരെയാണ്‌ പാക്കേജ്..


നിശാക്ലബിലെ ഗ്രീന്‍ റൂമില്‍ രോമം കളഞ്ഞ്, എണ്ണപുരട്ടിയ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചമയക്കാരന്‍ ടാറ്റു ഒട്ടിക്കുന്നത് നോക്കി നിര്‍‌വികാരനായി ഇരിക്കുകയാണ്‌ പ്രേമന്‍. ഇവിടെ എത്തിച്ചേര്‍ന്നിട്ട് ഇപ്പോള്‍ നാലാമത്തെ ആഴ്ച. ഒരു മാസം മുന്‍പ് പാലക്കാടന്‍ ഉള്‍ഗ്രാമത്തില്‍ നിന്നും പണി തേടി നഗരത്തിന്റെ തിരക്കിലേക്ക് എത്തപ്പെട്ടപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത് പോലൊക്കെ സംഭവിക്കുമെന്ന്. ഗ്രീന്‍ റൂമില്‍ ഇരുന്നാല്‍ അങ്ങകലെ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ നഗരത്തിന്റെ വേഗം കാണാം. നിരത്തുകളിലൂടെ ഒഴുകി നിങ്ങുന്ന തീപ്പെട്ടി കൂടുകള്‍. ചെറിയ ഉറുമ്പിന്‍ കൂട്ടങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അകലെ കണ്ടെയ്നര്‍ ടെര്‍മിനലിനായി രാവ് പകലാക്കികൊണ്ടിരിക്കുന്ന അസംഖ്യം തൊഴിലാളികള്‍. അവിടെ ഇരുട്ടില്‍ ഭീമാകാരനായ രാക്ഷസനെ പോലെ തോന്നിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍.


ഇന്നത്തെ ഷോക്കുള്ള സൈറണ്‍ മുഴങ്ങി. ഡാന്‍സ് ഫ്ലോറില്‍ നിന്നും പതിഞ്ഞ താളത്തില്‍ സംഗീതം ഉയര്‍ന്നു തുടങ്ങി. മെല്ലെത്തുടങ്ങി ദ്രുതതാളത്തില്‍ എത്തുകയാണ്‌ അതിന്റെ രീതി. വൈനും ജിന്നും ബിയറും ഹോട്ടുമെല്ലാമായി ബെയറര്‍മാര്‍ തിരക്കിലായി. കിച്ചണില്‍ നിന്നും മസാലകൂട്ടുകളുടെ ഭ്രമിപ്പിക്കുന്ന മണം പ്രേമന്റെ നാസാഗ്രങ്ങളില്‍ തുളച്ച് കയറി. എന്തോ, ഭക്ഷണസാമഗ്രികളോട് ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന ഒരു ഭ്രമം ഇപ്പോഴില്ല. സത്യത്തില്‍ വിശപ്പിനോട് പൊരുതാനുള്ള ചങ്കുറപ്പില്ലായ്ക കൊണ്ട് മാത്രമായിരുന്നു ഈ ജോലിയിലേക്ക് എടുത്തെറിയപ്പെട്ടത്. ജോലി? ജോലിയാണോ ഇത്!! പ്രേമന്‌ സ്വയം പുച്ഛം തോന്നി. ഇതൊക്കെ തന്നെയല്ലേ ഈ മഹാനഗരത്തില്‍ വന്നിറങ്ങിയ ദിവസം തന്നെ റെയില്‍‌വേ സ്റ്റേഷനരികിലുള്ള ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ കണ്ട പാവം പിടിച്ച തെരുവു വേശ്യകള്‍ ഒരു നേരത്തെ ആഹാരത്തിനായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെ പുറം ലോകത്തിന്‌ പിടികൊടുക്കാത്ത ഒരു സുരക്ഷിതത്വം ഉണ്ടെന്ന് മാത്രം!!


ആദ്യമായി തീവണ്ടിയില്‍ ഈ നഗരത്തില്‍ വന്ന് ഇറങ്ങുമ്പോള്‍ ആകെ ഒരു അമ്പരപ്പായിരുന്നു. എങ്ങോട്ടെന്നറിയാതെയുള്ള അലച്ചിലിനിടയില്‍ കണ്ടതും അനുഭവിച്ചതും എന്തൊക്കെയാണ്‌ !! ഓവര്‍ ബ്രിഡ്ജിനടിയിലെ ഇരുണ്ട കോണുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം വില്കാന്‍ തിരക്ക് കൂട്ടുന്ന നാലാം കിട വേശ്യകള്‍... അവരുടെ ചെളിപുരണ്ട വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ പിന്‍ഭാഗത്ത് കൈകള്‍ അമര്‍ത്തി അശ്ലീല ചിരി ചിരിക്കുന്ന പോര്‍ട്ടര്‍മാര്‍.. കല്ലുകളില്‍ കവച്ചിരുന്ന് സാരി മുട്ടോളം ഉയര്‍ത്തി വച്ച് , അഴുക്കുപുരണ്ട കാലുകളില്‍ സ്വയം തടവികൊണ്ട് ശൃംഗാരചിരിയോടെ കടാക്ഷമെറിയുകയും , അതോടൊപ്പം കസ്റ്റമേര്‍സിനുവേണ്ടി പരസ്പരം തെറി വിളിക്കുകയും ചെയ്യുന്ന ആ സ്ത്രീകളെ കണ്ട് പകച്ചു പോയി. അവിടെ നിന്നും ഇവിടെ എത്തപ്പെട്ടത് വരെയുള്ള കഥകള്‍ തീര്‍ത്തും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് തന്നെ. അല്ലെങ്കിലും തീരെ അപരിഷ്കൃതമായ ഒരു നാട്ടിന്‍പുറത്ത് ജിവിച്ചതിനാല്‍ നഗരത്തിലെ ചീഞ്ഞളിഞ്ഞ മാംസ വിപണികളേയും , പിടിച്ചുപറിയേയും, വെറിപിടിച്ച പ്രകൃതി വിരുദ്ധ ലൈംഗീകതയേയും കുറിച്ചൊന്നും അറിവില്ലായിരുന്നല്ലോ.. അല്ലായിരുന്നെങ്കില്‍ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് പറഞ്ഞ് പോലീസിന്റെ പിടിയിലാവുകയും സ്റ്റേഷനില്‍ നിന്നും അതേ പോലിസുകാരുടെ അറിവോടെ തന്നെ മാംസവിപണിയിലെ ദല്ലാളന്മാര്‍ ദൈവദൂതരെ പോലെ വന്ന് ജാമ്യത്തില്‍ എടുക്കുകയും അവരുടെ അടിമയാക്കി ഇവിടെ എത്തിക്കുകയും ചെയ്യില്ലായിരുന്നല്ലോ !!


മാഡം ഗ്രീന്‍ റൂമിന്റെ വാതില്‍ക്കല്‍ വന്ന് നോക്കുന്നത് കണ്ട് പ്രേമന്‍ എഴുന്നേറ്റു. ഡാന്‍സ് ഫ്ലോറിലേക്ക് എത്താന്‍ സമയമായെന്നാണ്‌ സൂചന. എത്രപെട്ടന്നാണ്‌ ഇവരുടെയൊക്കെ നോട്ടത്തിന്റെയും ഭാവത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും മനസ്സിലായി തുടങ്ങിയത്. ഡോക്ടര്‍ വന്ന് പതിവുള്ള ഇഞ്ചെക്ഷന്‍ എടുത്തു. താല്‍കാലികമായി പുരുഷത്വം മരവിപ്പിക്കാനാണെത്രെ!!


ഫ്ലോറിലേക്ക് നടക്കുമ്പോള്‍ തന്നെ തലക്ക് പെരുപ്പ് തുടങ്ങിയിരുന്നു. ഇരുട്ട് നിറഞ്ഞ ഡാന്‍സ് ഫ്ലോറില്‍ ചെറിയ മെഴുകിതിരികളുടെ വെട്ടത്തില്‍ പരസ്പരം മുഖം കൊടുക്കാതെ ആഘോഷിക്കുന്ന സ്ത്രീ രത്നങ്ങള്‍. ഒറ്റക്കും കൂട്ടായുമെല്ലാം അവര്‍ ജഗജിത്ത് സിംഗിന്റെ ഗസല്‍ ആസ്വദിക്കുകയും ഗ്ലാസുകളില്‍ നിന്നും സിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇരുട്ടില്‍ പലരുടേയും ചുണ്ടില്‍ എരിയുന്ന സിഗററ്റും ,അന്തരീക്ഷത്തില്‍ ഉയരുന്ന പുകവലയങ്ങളും കണ്ടപ്പോള്‍ പ്രേമനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു . നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ അടുക്കളയിലെ , മണ്ണടുപ്പിന്റെ അരുകില്‍ പുക കയറി വെള്ളം നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച് പറമ്പില്‍ നിന്ന് വീണ്‌ കിട്ടിയ ഉണങ്ങിയ കമ്പുകളില്‍ തീപിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞനുജത്തിയുടെ എല്ലുന്തിയ നെഞ്ചിന്‍കൂട്ടില്‍ നിന്നും പുറത്തേക്ക് വന്ന ചുമ കേട്ട് പ്രേമന്‍ ഒന്ന് ഞെട്ടി. കണ്ണുകള്‍ ഉയര്‍ത്തി നോക്കി. സിഗററ്റിന്റെ പുക ഉള്ളിലേക്ക് എടുത്തിട്ട് ചുമക്കുന്ന ഒരു ചെറുപ്പക്കാരിയെയാണ്‌ കണ്ടത് . കൂടെയുള്ള സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ട്. ഒരു പക്ഷെ സിഗററ്റ് വലിച്ചുള്ള പരിചയക്കുറവാകാം. ആ കുട്ടിയെ ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ല . ജീന്‍സും ടീഷര്‍ട്ടും വേഷം. കണ്ടിട്ട് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് തോന്നുന്നു. കാഴ്ചയില്‍ നാട്ടിലുള്ള അനുജത്തിയുടെ പ്രായം തോന്നി പ്രേമന്‌. അവളോടൊപ്പമുള്ള സ്ത്രീ പതിവുകാരിയാണ്‌. അത്ര നല്ല സ്ത്രീയല്ല എന്നാണ്‌ അവരെ ട്രീറ്റ് ചെയ്യുന്ന ബെയറര്‍ പറഞ്ഞത്. എന്തോ മനസ്സില്‍ ഒരു വിഷമം തോന്നി.


പിന്‍ഭാഗത്ത് കിട്ടിയ അടിയുടെ ശക്തിയില്‍ പെട്ടന്ന് വേച്ചു പോയി. മാഡമാണ്‌. ഊഴമായിട്ടും പകച്ച് നിന്നതിനുള്ള ശിക്ഷ! ഒരു വൃത്തിക്കെട്ട ആംഗ്യത്തിലൂടെ ഇതും ഷോയുടെ ഭാഗമാണെന്ന മട്ടില്‍ കൂടിയിരിക്കുന്നവരെ സന്തോഷിപ്പിക്കുന്ന അവരെ കണ്ടപ്പോള്‍ മരുന്ന് ഇഞ്ചെക്റ്റ് ചെയ്ത ഡോക്ടറോടാണ്‌ സത്യത്തില്‍ കലി തോന്നിയത്. ഹാളിലെ അശ്ലീലം നിറഞ്ഞ കമന്റുകള്‍ക്കും പൊട്ടിച്ചിരിക്കുമിടയില്‍ സ്റ്റേജിലേക്ക് ചുവടുകള്‍ വെച്ച് ഒരു കോമാളിയെ പോലെ കയറി. മനസ്സിലെ അമര്‍ഷം മുഴുവന്‍ ഡാന്‍സ് ഫ്ലോറിലാണ്‌ തീര്‍ക്കുന്നത്. അത് കൊണ്ട് തന്നെയാവും നൃത്തവുമായി പുല ബന്ധം പോലുമില്ലാതിരുന്നിട്ടും ഇവരുടെയൊക്കെ ഇഷ്ടപ്പെട്ട ഐറ്റം ഡാന്‍സറായത് . ചെറുപ്പം മുതല്‍ ആട്ടിപ്പറിക്കാനായി കമുകിന്‍ തലപ്പുകളില്‍ നിന്നും കമുകിന്‍ തലപ്പുകളിലേക്ക് അണ്ണാനെപോലെ തൂങ്ങിയാടിയിരുന്നത് കൊണ്ട് മെയ്‌വഴക്കത്തിന്റെ പ്രശ്നങ്ങളൊന്നും ഇല്ല.


പശ്ചാത്തല സംഗീതത്തിന്റെ മട്ടും ഭാവവും എത്ര പെട്ടന്നാണ്‌ മാറിയത്. ഐറ്റം ഡാന്‍സ് തുടങ്ങിയത് തന്നെ സിരകളെ ത്രസിപ്പിക്കുന്ന കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെയാണ്‌.. അസുരവാദ്യങ്ങളില്‍ കൈത്തഴക്കമുള്ള കലാകാരന്മാരുടെ താണ്ഢവം. ആ വാദ്യമേളങ്ങളേയും പാട്ടിനെയും പിന്നണിയില്‍ ആക്കികൊണ്ട് തരുണികളുടെ ആനന്ദനടനം. പലരുടെയും വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിത്തുടങ്ങി. പലരും പരസ്പരം ആനന്ദിപ്പിക്കുന്നു. ചിലര്‍ ആംഗ്യഭാഷയിലൂടെ പ്രേമനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. പൊട്ടിച്ചിരികള്‍.. വന്യമായ അലര്‍ച്ചകള്‍.. കൈകളിളെ ഗ്ലാസുകള്‍ വീണ്ടും നിറയുന്നതും ഒഴിയുന്നതും അവര്‍ പോലും അറിയുന്നില്ല.


ഫ്ലോറില്‍ നിന്നും ഡാന്‍സര്‍ മേശകള്‍ക്കരികിലേക്ക് നീങ്ങാനുള്ള സമയമായി വരുന്നു. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ ചിട്ടകളും സമയ ക്ലിപ്തതയുമുണ്ടിവിടെ. അവയൊന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം ഏകോപിപിക്കാനുള്ള മാഡത്തിന്റെ കഴിവില്‍ വിസ്മയപ്പെട്ടിട്ടുണ്ട്‌.. മറ്റുള്ളവരെല്ലാം അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന വെറും പാവകളാണ്‌. കണ്ണുകളും മനസ്സും വല്ലാതെ ഏകാഗ്രമാക്കി. . അല്പം പിഴവ് പറ്റിയാല്‍ ശിക്ഷ ഭീകരമാണ്‌. ഒരിക്കല്‍ അവരുടെ വന്യമായ ശിക്ഷാരീതികള്‍ കണ്ടതാണ്‌. പെട്ടന്നുണ്ടായ ആവേശത്തില്‍ ഏതോ ഒരു സ്ത്രീയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ച ബെയററെ വിവസ്ത്രനാക്കി തിളച്ച എണ്ണയില്‍ മുക്കിയ ചൂരല്‍ കൊണ്ട് ശരീരം മുഴുവന്‍ അടിച്ചു. മരുന്നിന്റെ വീര്യം കുറഞ്ഞ് പോയെന്ന് പറഞ്ഞ് അന്ന് ഡോക്ടറും കുറേ വഴക്ക് കേട്ടു. ഹോ !! ശരിക്കും ഭയന്ന് പോയി. മാഡത്തിന്റെ വന്യമായ ഭാവം കണ്ട് എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതിയെന്ന് വരെ തോന്നിപ്പോയ മുഹൂര്‍ത്തം. പക്ഷെ, എവിടേക്ക്..?? ഈ മതില്‍ക്കെട്ടിനകത്ത് എത്തപ്പെട്ടവരാരും പിന്നെ പുറംലോകം കണ്ടിട്ടില്ല. പക്ഷെ ഒന്നുണ്ട്. മാസം തോറും കൃത്യമായി എല്ലാവരുടെയും വീടുകളില്‍ അവരുടെ വിയര്‍പ്പിന്റെ പ്രതിഫലം എത്തിക്കുന്നതില്‍ യാതൊരു മുടക്കവും വരുത്താറില്ല.


എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷെ ഇന്ന് മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയുന്നില്ല. എന്തോ ആദ്യമേ കണ്ട ആ പെണ്‍കുട്ടി വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. . ഇവിടെ നടക്കുന്ന പല ചതികളുടെയും കഥകള്‍ ഇപ്പോള്‍ കുറേശ്ശെയായി പ്രേമനും അറിയാം. സത്യം പറഞ്ഞാല്‍ ശനിയാഴ്ചകളിലെ ഈ ഷോ മറ്റു ദിവസങ്ങള്‍ക്കുള്ള ഒരു മറ കൂടെയാണ്‌. ഈ ഷോയില്‍ നിന്നുമാണ്‌ മറ്റു ദിവസങ്ങളിലെ മാംസകമ്പോളത്തിനുള്ള ഇരകളെ മാഡം തേടിപിടിക്കുന്നത്. ഒരാവേശത്തില്‍ , ഉള്ളിലുള്ള കാമാഗ്നിയും വീര്‍പ്പുമുട്ടികിടക്കുന്ന അടക്കിപിടിച്ച വികാരങ്ങളും കത്തിച്ചു കളയാന്‍ എത്തി ഇവിടെ പെട്ട് പോയവര്‍ ഒട്ടേറെ.. ശനിയൊഴികെയുള്ള ദിവസങ്ങളില്‍ വിദേശികളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടി ഹോമിക്കപ്പെട്ട നരക ജീവിതങ്ങള്‍!!!


സിഗ്നല്‍ കിട്ടയതും ഡാന്‍സ് ഫ്ലോറില്‍ നിന്നും ടേബിളുകള്‍ക്ക് അരികിലേക്ക് ധ്രുതവേഗത്തില്‍ കുതിച്ചു. ഇവിടെ കെട്ടിയാടുന്ന ഈ വേഷപകര്‍ച്ചയില്‍ ഏറ്റവും അധികം വെറുക്കുന്നതും ഇത് തന്നെ. മദ്യം സിരകളില്‍ ലഹരിയായി നുരയുമ്പോള്‍ സ്വയം മറക്കുന്ന സ്ത്രീകള്‍! അവരുടെ അസഹ്യമായ പേക്കൂത്തുകള്‍. ഇവരില്‍ പലരും ഇവിടെ സ്ഥിരക്കാരായതിനാല്‍ ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ മുന്‍‌കൂട്ടി കാണാന്‍ കഴിയുന്നുണ്ട്. പലരും ലഹരി മൂക്കുമ്പോള്‍ സ്വയം മറക്കുന്നു. ചില ടേബിളുകള്‍ക്കരികിലേക്ക് ചെല്ലുന്നത് തന്നെ പേടിയോടെയാണ്‌.. അത്രക്കധികമാണ്‌ അവരുടെ ആക്രമണം ! പക്ഷെ അവരാണ്‌ ഈ നിശാക്ലബിലേക്ക് പുത്തന്‍ ആളുകളെ വലിച്ചടുപ്പിക്കുന്ന കേന്ദ്രബിന്ദുക്കള്‍ . അതുകൊണ്ട് തന്നെ അവരെ പ്രീണിപ്പിക്കേണ്ടത് മാഡത്തിന്റെ കൂടെ ആവശ്യമാണ്‌. സ്വാഭാവികമായും മാഡത്തിന്റെ ആവശ്യം അടിമകളുടേത് കൂടെയായതിനാല്‍ ശരീരത്തിലെ പലഭാഗങ്ങളിലും അവരേല്പ്പിക്കുന്ന ചെറിയ മുറിപ്പാടുകള്‍ കടിച്ചുപിടിച്ച് സഹിക്കുന്നു. ഹോ, കഴിഞ്ഞ ആഴ്ചയല്ലേ എരിയുന്ന സിഗററ്റ് കൊണ്ട് ആ തടിച്ച സ്ത്രീ കുത്തിവേദനിപ്പിച്ചത്!! അത്തരം എന്തെല്ലാം പീഡനങ്ങള്‍. ചിലര്‍ അവരുടെ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ഉപയോഗിക്കുന്നു.. പലതും ഓര്‍ക്കാന്‍ തന്നെ മടിതോന്നുന്നു.


ആ പെണ്‍കുട്ടിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹം മനസ്സിലുള്ളത് കൊണ്ടാവാം, ഒരു പക്ഷെ ഇന്ന് അതൊന്നും ഒരു പ്രശ്നമായി തോന്നാത്തത്. കണ്ണുകള്‍ അവളിലേക്ക് പാളി. അവളുടെ സിരകളിലും തീ പടര്‍ന്നിരുന്നു. കൂടെയുള്ളവള്‍ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്.. അരിശം തോന്നി. അവരുടെ വീട്ടിലെ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്‌ ആ പെണ്‍കുട്ടിയെന്ന് ആരുടെയോ ചോദ്യത്തിനുത്തരമായി ആവര്‍ അര്‍ത്ഥഭര്‍ഗമായി പറയുന്നത് കേട്ടു. മനസ്സില്‍ എന്തിനാ ഒരു നീറ്റല്‍... പ്രേമന്‍ ചിന്തിച്ചു. ഒരു പക്ഷെ, അവളെ ആദ്യം കണ്ടത് നാട്ടിലുള്ള അനുജത്തിയെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കൊപ്പമായതാവാം.. അതോ, ഇന്ന് ഡോക്ടര്‍ക്ക് മരുന്നിന്റെ അളവ് തെറ്റിയോ!! ഉള്ളിലെ പുരുഷത്വം അവളെ വേറെ ഏതെങ്കിലും രീതിയില്‍ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? ഈയിടെയായി പ്രേമന്‌ ഒന്നും മനസ്സിലാവാതായിരിക്കുന്നു .


'കമോണ്‍ ബേബീ, ചിയര്‍ അപ്.. കമോണ്‍ മാന്‍.. കമോണ്‍..'

'ഹോ, മാര്‍‌വലസ് … മൈ ഡിയര്‍ ബ്യൂട്ടിക്വീന്‍..'


'ഡൂ ഇറ്റ് ഡിയര്‍.. ഡൂ ഇറ്റ്... ' - ഹാള്‍ മുഴവന്‍ ഇപ്പോള്‍ അവളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. മാഡവും അവളുടെ കൂടെ വന്നിരിക്കുന്ന സ്ത്രീയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലരും അവളുടെ ചുണ്ടുകളില്‍ മദ്യചഷകങ്ങള്‍ മുട്ടിക്കാന്‍ മത്സരിക്കുന്നു. മദ്യം അവളുടെ ടീഷര്‍ട്ടിലൂടെ ഒഴുകിയിറങ്ങി. ടീഷര്‍ട്ടിന്റെ നനവിലൂടെ ഏതാണ്ട് അര്‍ദ്ധനഗ്നയായ അവളെ ഒരു പറ്റം കണ്ണുകള്‍ സാകൂതത്തോടെ നോക്കുന്നത് കണ്ട് പ്രേമന്റെ മനസ്സ് അസ്വസ്ഥമായി. . എന്ത് ചെയ്യണമെന്നറിയാതെ പ്രേമന്‍ ഉഴറി.


സംഗീതം വന്യരൂപം കൈക്കൊള്ളുന്നത് പ്രേമന്‍ അറിഞ്ഞു. ഈ രാത്രി സമാപിക്കാറായി. എന്നതിന്റെ സൂചന!! ഈ സമയം അവസാന നുറുങ്ങുവെളിച്ചം പോലും അണക്കുകയാണ്‌ പതിവ്. അവിടെ കൂടിയിരിക്കുന്നവര്‍ക്ക് ഇരുട്ടിന്റെ മറവില്‍ എന്നിലേക്ക് നുരഞ്ഞുപതയാനുള്ള സമയമായെന്നതിന്റെ സൂചനയാണ്‌ അത്. !!! ഇവിടെയെല്ലാം സൂചനകളാണ്‌.....പ്രേമന്‍ ചെറുതായൊന്ന് നെടുവീര്‍പ്പിട്ടു.. ഒരഞ്ച് പത്ത് മിനുട്ട് കൊണ്ട് വന്യമായ പീഡനമുറകള്‍ ഏല്‍ക്കേണ്ടി വരും! പക്ഷെ ഇന്ന് എന്തോ, മറ്റൊരു ആപത്തിനെയാണ്‌ പ്രേമന്‍ ഭയക്കുന്നത്. മാഡത്തിന്റെ കണ്ണുകളില്‍ നിന്നും എന്തോ സൂത്രം ഒപ്പിച്ച ഭാവം വായിക്കാനാവുന്നുണ്ട് പ്രേമന്‌.. ഒരു ചതി ഒളിപ്പിച്ച് വച്ചിരിക്കുന്ന... നിഗൂഢമായ ചിരി അവരുടെ മുഖത്ത് കാണുന്നു. എന്താവാം അത്.. ഒരു പക്ഷെ.. ഒരു പക്ഷെ.. ഈ പെണ്‍കുട്ടിയാവുമോ ഇനി അവരുടെ ഇര.. ? ചതിക്കപ്പെട്ട ഒട്ടേറെ പേരെ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ പ്രേമന്‍ കണ്ടിട്ടുണ്ട്.


മനസ്സില്‍ ഒരിക്കല്‍ കൂടെ അനുജത്തിയുടെ മുഖം തെളിഞ്ഞു. കനാലില്‍ നിന്ന് വെള്ളവുമായി വരുമ്പോള്‍ നനഞ്ഞൊട്ടിയ അവളുടെ കണങ്കാലുകളിലെ നനുത്ത രോമങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ചെത്തുകാരന്റെ നിഴല്‍ ഇവിടെ എവിടെയെങ്കിലുമുണ്ടോ? ഈ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ... ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍...ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, ഡില്‍ഡോ

രചന : ശാന്ത കാവുമ്പായി
പുസ്തകം : മോഹപ്പക്ഷി
പ്രസാധനം : കൈരളി ബുക്സ്

ശാന്ത കാവുമ്പായിയുടെ 30 കവിതകളുടെ സമാഹാരമാണ്‌ മോഹപ്പക്ഷി. ബ്ലോഗിലൂടെ ഒട്ടേറെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു കവയത്രി തന്നെ ശാന്തടീച്ചര്‍. ആരുടെയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാവുന്ന ബ്ലോഗ് എന്ന മാധ്യമത്തെ കണ്ടെത്തും വരെ പറയാനുള്ളതെല്ലാം മനസ്സില്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു എന്ന്‍ ടീച്ചറുടെ വെളിപ്പെടുത്തല്‍. മോഹപ്പക്ഷി എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു കൂട്ടം കവിതകളാണ്‌ ഈ സമാഹാരത്തില്‍ ഉള്ളത്.

ടീച്ചറുടേത് തികച്ചും ഒരു മോഹിപ്പിക്കുന്ന മുന്നേറ്റമാണ്‌. വിധി പലപ്പോഴായി ജീവിതത്തില്‍ ടീച്ചറെ വേട്ടയാടിയിട്ടുണ്ട്. അതൊക്കെ ബ്ലോഗ് എന്ന മാധ്യമത്തിലെ സ്ഥിരം വായനക്കാരായ നമ്മളില്‍ പലര്‍ക്കും അറിയാവുന്നതുമാണ്‌. പക്ഷെ, ടീച്ചറുടെ ഇച്ഛാശക്തിക്ക് മുന്‍പില്‍ വിധി കീഴടങ്ങുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ഫീനിക്സ് പക്ഷിയാവില്ലായിരുന്നു ശാന്ത ടീച്ചര്‍.

സമാഹാരത്തിലെ എല്ലാ കവിതകളിലും പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായി സ്ത്രീകളുടെ പ്രശ്നങ്ങള്‍ വരച്ചു കാട്ടപ്പെടുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ശ്രീ. ബാബു ഭരധ്വാജ് പറഞ്ഞത് പോലെ ഒരു പക്ഷെ അത് തന്നെയാവും ഈ പുസ്തകത്തിന്റെ ഗുണവും ഒരു പക്ഷെ പരിമിതിയും. കവിതകള്‍ ഒട്ടുമിക്കവയും പാരായണ സുഖം പ്രദാനം ചെയ്യുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്‌. 'ഒളിക്കണ്ണുകള്‍' എന്ന കവിതയില്‍ ഒരു പെണ്ണിന്‌ നേരിടേണ്ടി വരുന്ന എല്ലാ നിസ്സഹായാവസ്ഥയും വരച്ചുകാട്ടിയിരിക്കുന്നു. "എവിടെയും ഒരു ക്യാമറ ഒളിച്ചിരിപ്പുണ്ട് കച്ചവടക്കണ്ണുമായി..." "ഒളിക്കണമിനി മാനവനില്ലാത്ത കാടുനോക്കി.." സമൂഹത്തോടുള്ള രോഷവും സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഈ വരികളിലൂടെ പറഞ്ഞിരിക്കുന്നു. നരഭോജികള്‍, മുറിവ്, മരുന്ന് .. കവിതകള്‍ ഒട്ടുമിക്കതും നിലവാരമുള്ളത് തന്നെ. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ ആയത് കൊണ്ട് അവയെ ഒത്തിരി പരിചയപ്പെടുത്തുന്നില്ല. പക്ഷെ, ഒന്നുണ്ട്, വിധിയോട്, ദൈവത്തോട്, പൊരുതികയറിയ ടീച്ചറുടെ കവിതകള്‍ ബൂലോകത്ത് നിന്നും ഭുലോകത്തേക്ക് ചിറകടിച്ചുയര്‍ന്നപ്പോള്‍ അവ വായന അര്‍ഹിക്കുന്നവ തന്നെയെന്നത്. പുസ്തകത്തിനു വേണ്ടി ടി.ലോഹിതാക്ഷന്‍ വരച്ച ഇലുസ്ട്രേഷന്‍സ് മനോഹരം തന്നെ. എന്നാല്‍ കവര്‍ ലേ ഔട്ട് അത്ര ആകര്‍ഷണീയമായില്ല എന്ന് ഒരു തോന്നല്‍. ടീച്ചറുടെ അനുഭവങ്ങളിലൂടെ ജീവിതകാഴ്ചകളിലൂടെയുള്ള ഒരു പറക്കലാണ്‌ ഈ മോഹപക്ഷി (വില : 35.00 രൂപ)

രചന : ഒരു കൂട്ടം എഴുത്തുകാര്‍
പുസ്തകം : ദലമര്‍മ്മരങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്

കണ്ണൂര്‍ തളിപറമ്പ് സീയെല്ലെസ് ബുക്സ് സമാഹരിച്ച 48 കവിതകളുടെ ഒരു സമാഹാരമാണ്‌ ദലമര്‍മ്മരങ്ങള്‍. അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെയും വിട്ട് നമ്മില്‍ നിന്നും പറന്നകന്ന രമ്യ ആന്റണി എന്ന കൊച്ചു കവയത്രിക്ക് സമര്‍പ്പിച്ച് കൊണ്ടാണ്‌ സീയെല്ലെസ് ഈ പുസ്തകം വായനക്കായി എത്തിക്കുന്നത്. രമ്യയുടെ 'അലമാരകള്‍' എന്ന കവിതയിലൂടെ പുസ്തകം ആരംഭിക്കുന്നു. "എല്ലാം നിറച്ചപ്പോള്‍ സ്വപ്നം സൂക്ഷിക്കാന്‍ ഒരു പാടിടം ബാക്കി .." എന്ന് പറഞ്ഞ ആ കുഞ്ഞനുജത്തി ഇന്ന് ഏതോ ലോകത്തിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും. രമ്യ, ഒരു ശലഭത്തെ പോലെ പാറിനടക്കാന്‍ വിധി നിന്നെ അനുവദിച്ചില്ലായിരിക്കും. പക്ഷെ രമ്യയുടെ കവിതകള്‍ വായനക്കാരന്റെ മനസ്സില്‍ എന്നും പാറികളിക്കും. വായനക്കാരന്റെ മനസ്സാകുന്ന അലമാരയില്‍ അര്‍ബുദത്തോട് പൊരുതിയ നിന്റെ നാവുകളില്‍ തത്തിക്കളിച്ച കവിതകള്‍ എന്നും ഉണ്ടാവും.

രമ്യയുടെ 'അലമാരകളില്‍' നിന്നും ബിനു.എം.ദേവസ്യ എന്ന പോരാളിയുടെ 'വിഗലാംഗം' എന്ന കവിതയിലേക്കാണ്‌ പ്രസാധകര്‍ വായനക്കാരനെ നയിക്കുന്നത്. "വിലയില്ലാത്തൊരു വിഗലാംഗ വസ്തുവായ് പാഴിലേക്കാക്കുമോ നീ" എന്ന് ബിനു ചോദിക്കുന്നു. ഇല്ല, ബിനു ഒരിക്കലും അല്ല എന്ന് മനസ്സ് പറയാന്‍ ഈ ചെറുപ്പക്കാരന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ശ്രീജ പ്രശാന്തിന്റെ സമയവാഹിനി, ഹരിയണ്ണന്‍ എന്ന ഹരിലാല്‍ വെഞ്ഞാറമൂടിന്റെ 'പ്രിയപ്പെട്ട അമ്മക്ക്', ജിഷാദ് ക്രോണിക്കിന്റെ 'സ്നേഹിച്ചു കൊതി തിര്‍ന്നില്ല എനിക്ക് നിന്നെ', വിലു ജനാര്‍ദ്ദനന്റെ 'അഴിഞ്ഞാട്ടക്കാരി', ദിവ്യ.കെ.വിയുടെ 'പാഴ്‌ജന്മം', രാജേഷ് ചിത്തിരയുടെ 'നീയും ഞാനും', ലീല. എം.ചന്ദ്രന്റെ 'ഇവര്‍ കുഞ്ഞു മാലാഖമാര്‍'.. മികച്ച കവിതകളുടെ ഒരു കൂട്ടം തന്നെയുണ്ട് ദലമര്‍മ്മരങ്ങളില്‍. പി.കെ. ഗോപിയുടെ അവതാരികയുള്‍പ്പെടെ പുസ്തകം മൊത്തതില്‍ നിലവാരമുള്ളത് തന്നെ. (വില : 70 രൂപ)

രചന : ഒരു കൂട്ടം എഴുത്തുകാര്‍

പുസ്തകം : സാക്ഷ്യപത്രങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്

ഇതോടൊപ്പം തന്നെ 'സാക്ഷ്യപത്രങ്ങള്‍' എന്ന ഒരു കഥാസമാഹാരവും സിയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 കഥകളടങ്ങിയ ഒരു സമാഹാരമാണ്‌ സാക്ഷ്യപത്രങ്ങള്‍. രവിയുടെ 'കത്തുകള്‍ എന്നോട് പറഞ്ഞത്', രാജേഷിന്റെ 'ലിമിയയുടെ യാത്രകള്‍', വര്‍ക്കല ശ്രീകുമാറിന്റെ 'ആത്മഹത്യയ്കൊരു പരസ്യവാചകം', ജിന്‍ഷ്യ ജമാലിന്റെ 'പ്രളയം'..... നിലവാരം ഉള്ള കഥകള്‍ ഒട്ടേറെയുണ്ട് സാക്ഷ്യപത്രങ്ങളില്‍. ബ്ലോഗിലൂടെയും മറ്റും എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. പുസ്തകത്തിന്റെ ലേഔട്ട് അത്ര മനോഹരമായില്ല എന്ന് പറയേണ്ടി വരും. പല എഴുത്തുകാരുടെയും ഫോട്ടോകള്‍ അവ്യക്തമായി പോയി. എന്നിരിക്കലും ഉള്ളടക്കം ആണ്‌ പുസ്തകത്തിന്റെ മികവ് നിര്‍ണ്ണയിക്കുക എന്നത് കൊണ്ട് സിയെല്ലെസിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. (വില : 70 രൂപ)

രചന : ദേവദാസ്.വി.എം.
പുസ്തകം : ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്

ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) എന്ന പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ വല്ലാത്ത ഒരു ആകാംഷയായിരുന്നു. മറ്റൊന്നുമല്ല ആ പുസ്തകത്തിന്റെ പേരില്‍ തന്നെ എന്തോ ഒരു പ്രത്യേകത ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി. നോവല്‍ സങ്കല്പങ്ങളെ പലപ്പോഴും വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ട് ദേവദാസിന്‌. പത്രവാര്‍ത്തയിലൂടെ അറിയുന്ന ആറ് മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു കഥ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും അതിന്റെ അവതാരികയില്‍ മേതില്‍ രാധാകൃഷ്ണന്‍ സൂചിപ്പിച്ച എഴുത്തിലെ പഴയ മിഷിനറി പൊസിഷന്‍ എന്തെന്ന് എനിക്ക് അത്ര മനസ്സിലായില്ല. എന്ന് മാത്രമല്ല അതത്രക്ക് ദഹിച്ചുമില്ല. പിന്നെ മേതിലിന്റെ ആദ്യ വാദത്തോട് ഞാനും യോജിക്കുന്നു. എന്തെന്നാല്‍ ദേവദാസ് ഒരിക്കലും അശ്ലീലപരമായ ഉദ്ദേശ്യം കൊണ്ടാണ്‌ ഡില്‍ഡോ എഴുതിയതെന്ന് ഞാനും വിശ്വസിക്കുന്നില്ല.

ഈ നോവലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത ഇതിന്റെ ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന അഭ്യാസങ്ങളാണ്‌. വിവരസാങ്കേതികവിദ്യയുടെ കടം കൊള്ളല്‍ അവിടെയുണ്ടെങ്കിലും അത് ഈ പുസ്തകത്തെ സാധാരണ നോവല്‍ രൂപങ്ങളില്‍ നിന്നും വേറിട്ട് നിറുത്തുന്നു. ദേവദാസിന്റെ പുസ്തകത്തെ എന്താവും നാം വിളിക്കുക എന്ന മേതില്‍ രാധാകൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്‌. കാരണം പരമ്പരാഗതമായ നോവല്‍ സങ്കല്പ്പങ്ങളെ തച്ച് തകര്‍ക്കുന്നു ഈ പുസ്തകം. ആകര്‍ഷണീയമായ രീതിയില്‍ പുസ്തകം ലേഔട്ട് ചെയ്ത പ്രസാധകരായ ബുക്ക് റിപ്പബ്ലിക്കും ഇതോടൊപ്പം പ്രശംസയര്‍ഹിക്കുന്നു. (വില : 65.00രൂപ)

ചൊവ്വാഴ്ച, സെപ്റ്റംബർ 14, 2010

പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...

പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...

പുതുമ നിറഞ്ഞ ആ പരസ്യവാചത്തിലൂടെ ഒരു വട്ടം കണ്ണോടിച്ച് പത്രത്തിലെ മാട്രിമോണിയല്‍ പരസ്യവിഭാഗ മേധാവി ഒന്ന് പുഞ്ചിരിച്ചു. കട്ടിക്കണ്ണടയിലൂടെ എതിരെ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഒന്ന് ഇരുത്തി നോക്കി.

തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ യുവാവ്, മുപ്പത്തഞ്ച് വയസ്സ്, ഇരു നിറം, ഭദ്രമായ സാമ്പത്തിക സ്ഥിതി. അനുയോജ്യരായ പെണ്‍കുട്ടികളുടെ മാതാ പിതാക്കളില്‍ നിന്നോ പെണ്‍കുട്ടികളില്‍ നിന്നോ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പ്രായം, ജാതി, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തീകം ഇവയൊന്നും പ്രശ്നമല്ല. പക്ഷെ എന്റെ കുട്ടികളെ പ്രസവിക്കാന്‍ തയ്യാറായിരിക്കണം എന്നത് നിര്‍ബന്ധം.

മാറ്ററിലൂടെ കണ്ണോടിച്ച ശേഷം ചെറുപ്പക്കാരനെ വീണ്ടും ഒരരക്കിറുക്കനെ നോക്കുന്ന പോലെ നോക്കിക്കൊണ്ടിരിക്കുകയാണ്‌ അഡ്വര്‍ട്ടൈസിങ് മാനേജര്‍.

"സാര്‍, ഈ പരസ്യം നാളെ കഴിഞ്ഞ് പത്രത്തില്‍ കൊടുക്കണം. നാളെ എന്റെ വിവാഹമോചനക്കേസിന്റെ വിധി വരും." മാനേജര്‍ ഒന്നും മിണ്ടാതെ വീണ്ടും അയാളെ തന്നെ നോക്കി.

"മടുത്തു സാര്‍, എനിക്ക് അവളോടൊപ്പമുള്ള ജീവിതം മടുത്തു. എത്രയെന്ന് കരുതിയാണ്‌ ഇതൊക്കെ സഹിക്കുന്നത്. സാറിനറിയോ , ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങള്‍ക്ക്.." - എന്തൊക്കെയോ പറയാന്‍ അയാള്‍ തിക്കുമുട്ടും പോലെ.. പേനകൊണ്ട് മൂക്ക് ചൊറിഞ്ഞ് മാനേജര്‍ നല്ലൊരു ശ്രോതാവായി.

"ഒരു പാവം പെണ്ണായിരുന്നു അവള്‍.. പൂക്കളോടും പ്രകൃതിയോടും കിന്നാരം പറഞ്ഞ് നടന്ന, പുഴകളെ വല്ലാണ്ട് സ്നേഹിച്ച ഒരു പാവം മലനാട്ടുകാരി.. ജീവിതം കൃഷിക്കായി ഉഴിഞ്ഞ് വച്ച ഒരു കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുട്ടി. സാറിനറിയോ അവള്‍ക്ക് മണ്ണിന്റെ മണമായിരുന്നു. ഇഞ്ചിയുടേയും ഏലത്തിന്റെയും ഒക്കെ സുഗന്ധം!!!"

"അവളുടെ നാട്ടില്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായി നിയമിതനായതായിരുന്നു ഞാന്‍.. അങ്ങിനെ പരിചയമായി.. പരിചയം പ്രണയമായി.. പ്രണയം വിവാഹമായി.. എന്നും അവളോടൊപ്പം ഒരു കുട്ടിപ്പട്ടാളം ഉണ്ടാകുമായിരുന്നു. ഒക്കത്തും, ദാവണിത്തുമ്പില്‍ തുങ്ങിയും ഒക്കെ അവര്‍ അവളെ വിടാതെ പിന്തുടരുമായിരുന്നു. അനുരാഗത്തിന്റെ തീവ്രദിനങ്ങളില്‍ ഈ കുട്ടിപട്ടാളം എനിക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. അത് പ്രകടിപ്പിക്കുമ്പോള്‍ അവള്‍ വല്ലാതെ വിഷമിക്കുമായിരുന്നു. കുട്ടികളെ കുറിച്ച് അവള്‍ വാതോരാതെ സംസാരിക്കും.. വിവാഹശേഷം ഉണ്ടാവുന്ന കുട്ടികള്‍ക്ക് പേര്‌ വരെ അവള്‍ കണ്ടെത്തിയിരുന്നു. അഞ്ച് കുട്ടികള്‍!!! അതായിരുന്നു അവളുടെ സ്വപ്നം!! അത് പറയുമ്പോഴൊക്കെ കുഞ്ചിയമ്മയ്ക്കഞ്ച് മക്കളാണേ എന്ന പാട്ട് പാടി അവളെ കളിയാക്കുമായിരുന്നു ഞാന്‍.. ആ അവള്‍ക്കാണിപ്പോള്‍ പ്രസവത്തോട് പുച്ഛം!!! അല്ല എല്ലാം എന്റെ തെറ്റ് തന്നെ..!!"

"എന്താ ഉണ്ടായത് "- മാനേജര്‍ ചോദിച്ചു. കഥ പറയാന്‍ അയാള്‍ കൂടുതല്‍ ഉത്സാഹിതനായി.

വിവാഹശേഷം എനിക്ക് കിട്ടിയ ഒരു സ്കോളര്‍ഷിപ്പിന്റെ തുടര്‍ച്ചയായി ഉപരിപഠനാര്‍ത്ഥം ഗവണ്മെന്റ് എന്നെ അമേരിക്കയിലേക്ക് വിട്ടു. അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ ചില നൂതന ടെക്നോളജികള്‍ ഡവലപ്പ് ചെയ്യുകയായിരുന്നു ലക്ഷ്യം. അങ്ങിനെ ഞങ്ങള്‍ ഇരുവരും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടു. റിസര്‍ച്ചും അതിന്റെ പേപ്പര്‍ വര്‍ക്കുകളുമായി ഞാന്‍ പകല്‍ മിക്കവാറും തിരക്കിലാവുമ്പോള്‍ അവള്‍ കുഞ്ഞുടുപ്പുകളുടെയും കുട്ടികളുടെ ചിത്രങ്ങളുടെയും വലിയ ഒരു ശേഖരം തന്നെ ഉണ്ടാക്കി. അവളുടെ വിരസതയകറ്റാനായിരുന്നു വിദ്യാസമ്പന്നയായ അവള്‍ക്ക് അവിടെയുള്ള മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ പരിചയപ്പെടുത്തിയത്. ജന്മനാ കലാവാസനകള്‍ ഉള്ള അവള്‍ മനോഹരമായ അവളുടെ കവിതകളിലൂടെയും ഡാന്‍സിലൂടെയും മറ്റും അവരുടെയിടയില്‍ പെട്ടന്ന് പോപ്പുലറായി. ഞാനും അതിലൊക്കെ വളരെയധികം സന്തോഷിച്ചു. ക്ലബുകളിലെയും മലയാളി സമാജങ്ങളിലേയും എല്ലാം പരിപാടികളില്‍ അവളുടെ കവിതകളും ഡാന്‍സും എല്ലാം ഒരു പ്രധാന ഇനമായി മാറി. എന്തുകൊണ്ടോ പ്രായഭേദമന്യേ അവള്‍ക്ക് ഒട്ടേറെ ആരാധകരുമായി. എല്ലാം ഞങ്ങള്‍ ഇരുവരും നന്നായി ആസ്വദിച്ചു. ഫെമിനിസ്റ്റ് വേദികളിലെ സജീവസാന്നിധ്യമായി അവള്‍ മാറി.. അതൊക്കെ പക്ഷെ നല്ലതായേ ഞാനും കണ്ടുള്ളു. പക്ഷെ, ഒരു സെലിബ്രിറ്റിയായെന്ന തോന്നല്‍ അവളെ വല്ലാതെ അഹങ്കരിപ്പിച്ചു തുടങ്ങിയിരുന്നു എന്ന് അറിയാന്‍ ഞാന്‍ വൈകി.

ഒരിക്കല്‍ രാത്രിയിലെ സ്വകാര്യനിമിഷത്തിലെപ്പോഴോ നമുക്ക് കുട്ടികള്‍ വേണ്ടാട്ടോ എന്ന് അവള്‍ കുറുകികൊണ്ട് പറഞ്ഞപ്പോഴും അത് ഒരു കുട്ടിക്കളിയായേ ഞാന്‍ കണ്ടുള്ളൂ. പക്ഷെ, പിന്നീട് നാട്ടില്‍ നിന്നുള്ള കത്തുകളില്‍ വിശേഷം വല്ലതുമായോ എന്ന ചോദ്യം കണ്ട് ഒരിക്കല്‍ അവള്‍ കത്ത് വലിച്ച് കീറുന്നത് കണ്ടപ്പോഴാണ്‌ ഞാന്‍ ശരിക്കും കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കിയത്. അന്ന് ഞങ്ങള്‍ കുറെ വഴക്കടിച്ചു. കുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന നിനക്ക് എന്ത് പറ്റി എന്ന ചോദ്യത്തിന്‌ അവള്‍ പറഞ്ഞ ഉത്തരം കേള്‍ക്കണോ സാറിന്‌.

"നിങ്ങള്‍ പറയൂ.ഞാന്‍ കേള്‍ക്കുന്നുണ്ട്."- മാനേജര്‍ക്കും കഥ കേള്‍ക്കാന്‍ താല്പര്യമായി.

"എന്തിനാ എന്റെ മനോഹരമായ അംഗലാവണ്യം ഒരു സാദാ പ്രസവത്തിനു വേണ്ടി ഞാന്‍ നശിപ്പിക്കുന്നത്. നിങ്ങള്‍ക്കറിയോ എന്റെ ഈ മനോഹരമായ വയര്‍ ഞങ്ങളുടെ ഫെമിന ക്ലബില്‍ എല്ലാവര്‍ക്കും ഒരത്ഭുതമാണ്‌. അതില്‍ വെറുതെ വെള്ള വരകള്‍ വീഴ്തണോ ഞാന്‍.. എന്റെ ആരോഗ്യം. എന്റെ ശരീരവടിവ്... ഇതൊക്കെ പ്രസവത്തിലൂടെ ഞാന്‍ നശിപ്പിക്കണോ.."- സാറ് പറയ് ഞാന്‍ എന്താ അവളോട് മറുപടി പറയേണ്ടത്.

മാനേജര്‍ തലക്ക് കൈകൊടുത്ത് വെറുതെ ഇരുന്നു.

എന്നിട്ടും സം‌യമനം പാലിച്ച ഞാന്‍ അവളുടെ കുട്ടികളോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചു. പണ്ട് പറഞ്ഞ അഞ്ച് കുട്ടികളുടെ കാര്യം ഓര്‍മ്മിപ്പിച്ചു. അവളുടെ മറുപടി എനിക്ക് സഹിച്ചില്ല സാറേ.. പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള്‍ കെ.എം.മാത്യു ആവണോ എന്ന്..!!!

മാനേജര്‍ പുഞ്ചിരിച്ചു. പുച്ഛം കലര്‍ന്ന ഒരു ചിരി. കട്ടിഗ്ലാസ് ഒന്ന് കൂടെ മൂക്കില്‍ ഉറപ്പിച്ചു.

മടുത്തു സാര്‍.. എനിക്ക് മടുത്തു. വിവാഹമോചനം വാങ്ങാനാ ഞാന്‍ ഇപ്പോള്‍ നാട്ടില്‍ വന്നത് തന്നെ. സാര്‍ മറ്റേന്നാളത്തെ പത്രത്തില്‍ ഈ മാറ്റര്‍ കൊടുക്കണം. മാനേജറുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കിയശേഷം അയാള്‍ ഒന്നും മിണ്ടാതെ ഇറങ്ങിനടന്നു. അയാളുടെ പോക്ക് നോക്കിയിരിക്കുമ്പോള്‍ അടുത്ത ദിവസം ലഭിച്ചേക്കാവുന്ന പുതിയ ക്ലാസിഫൈഡിനായി തികച്ചും ബിസിനസ്സുകാരനായ മാനേജര്‍ ഒരു പരസ്യവാചകം കൂടെ ഉണ്ടാക്കി..

ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക..

വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010

ഭ്രാന്താലയം

പുതിയ ഫീച്ചറിനുള്ള വിഷയമന്വേഷിച്ചുള്ള അലച്ചിലിനിടയില്‍ ശിഖയുടെ പ്രൊഫസര്‍ നിര്‍ദ്ദേശിച്ചതിനാലാണ്‌ ഡോക്ടര്‍ ജോസഫ് ഹൂബര്‍ട്ട് റൊസാരിയോ എന്ന മന:ശാസ്ത്ര വിദഗ്ദനെ പരിചയപ്പെട്ടത്. അയാളോടൊപ്പം, ഭ്രാന്താശുപത്രിയുടെ അലോസരപ്പെടുത്തുന്ന ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ത്യത്തില്‍ മടുപ്പായിരുന്നു മനസ്സില്‍. ഒത്തിരി ഇഷ്ടപ്പെട്ടാണ്‌ ജേര്‍ണ്ണലിസം പഠിച്ചത്. ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം തലക്ക് പിടിച്ചപ്പോള്‍ കൊല്‍ക്കട്ടക്ക് വണ്ടി കയറാന്‍ തോന്നിയ ശപിക്കപ്പെട്ട നിമിഷത്തെ ഇപ്പോള്‍ വെറുപ്പോടെയേ ഓര്‍ക്കാറുള്ളൂ. ആകെ അത് കൊണ്ട് കിട്ടിയത് ശിഖയെ മാത്രം!! അവളുടെ നനുത്ത സ്വാന്തനം മാത്രം.

നടത്തത്തിനിടയില്‍ റൊസാരിയോ പറഞ്ഞത് മുഴുവന്‍ വല്ലാത്ത ഒരു പിരിമുറുക്കത്തോടെയാണ്‌ കേട്ടത്. എന്തൊക്കെയാണ്‌ സംഭവിക്കുന്നത്? വിഷയം കൈകാര്യം ചെയ്യാന്‍ ആദ്യം എന്തോ താത്പര്യം തോന്നിയില്ല. മറ്റൊന്നും അല്ല, ഒരല്പം അവിശ്വസനീയതയുണ്ട് വിഷയത്തില്‍!! പക്ഷെ, അതിനേക്കാളേറെ താന്‍ എന്ത് എഴുതിയാലും സംശയത്തോടെ വീക്ഷിക്കുന്ന കുറേയാളുകള്‍ക്ക് മുന്‍പിലേക്കാണ്‌ ഇത് പബ്ലിഷ് ചെയ്യപ്പെടേണ്ടതെന്ന അറിവും. പത്രത്തിലെ ജോലി തന്നെ മടുത്ത് തുടങ്ങി. മുതലാളിമാരുടെ താളത്തിനെഴുതാന്‍.. മടുപ്പൊഴിവാക്കാന്‍ ഫ്രീലാന്‍സ് ജേര്‍ണ്ണലിസത്തിലേക്ക് തിരിയാമെന്ന് പലവട്ടം ശിഖ പറഞ്ഞു. പക്ഷെ, അവള്‍ക്കറിയില്ലല്ലോ ഇപ്പോഴുള്ള പത്രക്കാര്‍ക്കിടയിലെ പൊളിറ്റിക്സ്!!! അതിനേക്കാളേറെ വര്‍ദ്ധിച്ച് വരുന്ന വിലക്കയറ്റത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ താന്‍ പാടുപെടുന്നതും. അവള്‍ക്ക് കൂടി ഒരു ജോലിയാവുന്നത് വരെയെങ്കിലും ഇവിടെതന്നെ പിടിച്ച് നിന്നേ പറ്റൂ. റൊസാരിയോ പുറത്ത് തട്ടിയപ്പോഴാണ്‌ പരിസരബോധം തിരികെ കിട്ടിയത്. നടന്ന് ഒരു സെല്ലിന്റെ മുന്‍പില്‍ എത്തിയിരുന്നു ഇരുവരും. മൊത്തത്തില്‍ ഭീതിയുണര്‍ത്തുന്ന ഒരു അന്തരീക്ഷം! ഭ്രാന്തന്മാരുടെ ലോകം!!!...

പക്ഷെ സ്ഥിരം ഭ്രാന്തന്മാരുടെ ലോകത്തില്‍ നിന്നും കുറെ വ്യത്യാസമുണ്ടായിരുന്നു ഇവിടം. ഒരു പ്രത്യേകരിതിയിലുള്ള ചികത്സാസമ്പ്രദായങ്ങളാണ്‌ ഡോക്ടര്‍ ഹൂബര്‍ട്ടിന്റെതെന്ന് പ്രൊഫസര്‍ പറഞ്ഞിരുന്നു. പ്രത്യേക സ്വഭാവവുമെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍, ഭ്രാന്തനോട് കാര്യങ്ങള്‍ നേരില്‍ ചോദിച്ചറിഞ്ഞോളാന്‍ പറഞ്ഞ് തന്നെ സെല്ലിന്റെ മുന്‍പില്‍ ഒറ്റക്കാക്കി തിരിച്ച് പോകുമോ അദ്ദേഹം!! ഏതായാലും ന്നു. ഇനി കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെ മടക്കം. ഒരേകദേശരൂപം ഡോക്ടര്‍ തന്നിരുന്നു. കൂടുതല്‍ ചോദിച്ചറിയാം.ഇത്
സുലൈമാന്‍ റാവുത്തര്‍... ഭ്രാന്താശുപത്രിയുടെ അവിഞ്ഞ, ഇരുട്ട് പിടിച്ച സെല്ലിനുള്ളില്‍ ചിതറിപ്പോയ ഓര്‍മ്മകളെ കൂട്ടിയിണക്കി, താളപ്പിഴകള്‍ നിറഞ്ഞ അംഗവിക്ഷേങ്ങളോടെ നില്‍ക്കുന്ന അറുപതിനു അറുപത്തിയഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറിയ മനുഷ്യന്‍. പറ്റെ വെട്ടി നിറുത്തിയിരിക്കുന്ന തലമുടി, നിരപ്പില്ലാതെ വളര്‍ന്ന് നില്‍ക്കുന്ന താടിരോമങ്ങള്‍, നെറ്റിയില്‍ നിസ്കാര തയമ്പ്, കുഴിഞ്ഞ കണ്ണുകള്‍, കരുവാളിച്ച മുഖം, കണ്ണുകളില്‍ കാണാന്‍ കഴിയുന്നത് തീക്ഷ്ണതയാണോ അതോ ദൈന്യതയോ? എന്തോ പെട്ടന്ന് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത ആള്‍ തന്നെ. പക്ഷെ, എന്തൊക്കെയാണേലും സുലൈമാന്‍ ഇവിടെ സന്തോഷവാനായിരുന്നു! ഇവിടെ അയാള്‍ക്ക് മാനസീക സുഖം ലഭിക്കുന്നു!! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു അല്ലേ? ഒരാള്‍ ഭ്രാന്താശുപത്രിയെ സ്നേഹിക്കുക!!! തീര്‍ച്ചയായും അയാള്‍ക്ക് ഭ്രാന്ത് തന്നെയെന്നേ ആരും കരുതൂ.. പക്ഷെ അയാളുടെ സന്തോഷത്തിന്‌ പിന്നില്‍ എന്തെങ്കിലും നൊമ്പരപ്പെടുത്തുന്ന കഥ ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് എനിക്ക് തോന്നി. ആദ്യമാദ്യം എനിക്ക് പിടിതരാതെ ഒരു ഭ്രാന്തന്റെ ചേഷ്ടകളോടെ മനുഷ്യന്‍ വഴുതി മാറി. എനിക്ക് പിന്മാറാന്‍ ആവില്ലായിരുന്നു. കാരണം ഒരു ഫീച്ചറില്‍ രണ്ട് പേരുടെ ജീവിതമുണ്ട്. എഡിറ്ററുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഒരു മികച്ച ഫീച്ചറിലൂടെ ഒരു പക്ഷെ സ്ഥാനക്കയറ്റം കിട്ടിയേക്കാം.. അതുമല്ലെങ്കില്‍ ജോലിസ്ഥിരതയെങ്കിലും!! ശിഖയെ വിളിച്ചിറക്കികൊണ്ട് പോന്നപ്പോഴുള്ള ചങ്കൂറ്റം ഇപ്പോഴില്ല..

ഒരു ശരാശരിക്കാരന്റെ പ്രാരാബ്ദമാണ്‌ എന്റെ എഴുത്തുകളില്‍ പലപ്പോഴും തെളിയുന്നതെന്ന് ഒരിക്കല്‍ നൈറ്റ് ഡ്യൂട്ടിയിലെ വിരസതക്കിടയില്‍ മാര്‍ക്കസിന്റെ വരികള്‍ പുസ്തകത്താളുകളിലേക്ക് എനിക്കാവുന്ന രീതിയില്‍ കോറിയിടുമ്പോള്‍ ടീഷര്‍ട്ടിന്റെ അതിര്‍‌വരമ്പുകളെ ഭേദിച്ച് പുറത്തേക്ക് തുറിച്ച രണ്ട് കൂറ്റന്‍ മാംസഗോളങ്ങള്‍ എന്റെ പുറത്തമര്‍ത്തി, കഴുത്തിലൂടെ കൈകള്‍ കോര്‍ത്ത്, ചെവികളില്‍ വേദനിപ്പിച്ച് കൊണ്ട് കടിച്ച് സബ് എഡിറ്റര്‍ സാക്ഷി സുന്ദര്‍ കൊഞ്ചിയപ്പോഴും എനിക്ക് അലോസരം പ്രകടിപ്പിക്കാന്‍ കഴിയാതെ ചിരിക്കേണ്ടി വന്നത് എന്റെ പ്രാരാബ്ദങ്ങള്‍ കാരണമാവാം. അല്ലെങ്കില്‍ എന്നേക്കാളും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള അവളെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനായതിന്റെ വേദനയാവാം. എന്ത്? എന്റെ പ്രാരാബ്ദം കേള്‍ക്കാനല്ല വായനക്കാരായ നിങ്ങള്‍ ഇരിക്കുന്നതെന്നോ!!! ... അത് ശരിയാ.. പറഞ്ഞ് പറഞ്ഞ് ഞാന്‍ വിഷയത്തില്‍ നിന്നും പുറത്തേക്ക് പോയി. അയ്യോ, ഇതിപ്പോള്‍ എന്റെ ഒരു കുഴപ്പമായിട്ടുണ്ട്. അത് കൊണ്ട് ഇനിയുള്ളത് നമുക്ക് സുലൈമാനില്‍ നിന്നും കേള്‍ക്കാം. ഡോക്ടറില്‍ നിന്നും ഞാന്‍ അറിഞ്ഞതായിരുന്നു കഥകള്‍.. പക്ഷെ ഇയാളില്‍ നിന്നും തന്നെ വായനക്കാരായ നിങ്ങള്‍ അറിഞ്ഞാല്‍ മതി.. അല്ലെങ്കില്‍ വീണ്ടും നിങ്ങളെന്നെ കുറ്റപ്പെടുത്തും. പച്ചക്കള്ളമെന്നും ഒരിക്കലും നടക്കാത്തതെന്നും വിളിച്ച് പറയും. അല്ലെങ്കില്‍ ഞാന്‍ നീട്ടിവലിച്ചെഴുതി ബോറടിപ്പിച്ചെന്നോ.. എല്ലാം കൂടി വാരിയിട്ട് കത്തിക്കുമെന്നോ ഒക്കെ പറയും.. ഓഹോ, ക്ഷമകെട്ട നിങ്ങള്‍ സുലൈമാനുമായി സംസാരിച്ച് തുടങ്ങിയല്ലേ? ശരി.. ഞാനും കൂടാം.. ഒരുമിച്ച് തന്നെ കേള്‍ക്കാം.

സുലൈമാന്റെ കണ്ണുകളില്‍ പുച്ഛം!! അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. ചിലമ്പിച്ച ശബ്ദം!! പക്ഷെ, അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത് പരിഹാസച്ചുവയും കണ്ണുകളില്‍ കത്തിനിന്നിരുന്നത് അഗ്നിഗോളങ്ങളുമായിരുന്നു. കൈയിലുണ്ടായിരുന്ന കൊച്ച് ടേപ്പ് റിക്കാര്‍ഡര്‍ ഞാന്‍ റെക്കോര്‍ഡ് മോഡിലിട്ടു.

“നിങ്ങള്‍ക്കറിയേണ്ടത് ഞമ്മട കഥയാണല്ലേ.. , അല്ലല്ലോ, ഞമ്മടെ സന്തോയത്തിന്‌ പിന്നിലെ പണ്ടാറടക്കിയ ദു:ഖത്തിന്റെ കഥ!!! പറയാം.. ജ്ജി കേട്ടോടാ ചെക്കനേ.. ഞമ്മന്റെ പേര്‌ സുലൈമാന്‍ റാവുത്തര്‍. വീട്.. .... ആരിന്റെ വീട്? ഞമക്കൊരു വീടില്ല. ഉണ്ടായിരുന്നു, പണ്ട് ഞമ്മ ബീവാത്തൂനേം കൊണ്ട് താമസിച്ചിരുന്ന ഞമ്മന്റെ കൊച്ച് കൂര.. അത്.. അങ്ങ് പൊന്നാനീലാ.. ഒരു കൊച്ച് കുടുംബമായിരുന്നു പഹയാ ഞമ്മന്റെത്. എല്ലാം പോയി..”- സുലൈമാന്‍ പറഞ്ഞ് തുടങ്ങി. കണ്‍കോണുകളില്‍ വെള്ളം നിറയുന്നത് കണ്ടു.

“ബീവാത്തും ഞമ്മളും ഷംസുവും അടങ്ങിയ കൊച്ച് കുടുംബം.. ഷംസുവിന്റെ വികൃതികള്‍ കണ്ട് ആനന്ദിച്ച് ഉല്ലസിച്ച് കഴിഞ്ഞ നാളുകള്‍.. ഈര്‍ച്ചമില്ലില്‍ ആയിരുന്നു ഞമ്മക്ക് ജോലി. കണക്കെഴുത്ത്!! അന്നൊക്കെ ജീവിതം കണക്ക് കൂട്ടലുകള്‍ക്കനുസരിച്ച് തന്നെ പോയി കൊണ്ടിരുന്നു. എപ്പോഴാണൊ എന്തോ ജിവിതത്തിലെ അക്കങ്ങള്‍ അനുസരണക്കേട് കാട്ടാന്‍ തുടങ്ങിയത് ? ഞമ്മന്റെ പുന്നാര ബീവാത്തു ഷംസുവിനെ കൈകളില്‍ ഏല്‍‌പ്പിച്ചിട്ട് പടച്ച തമ്പുരാന്റെ അടുത്തേക്ക് മടങ്ങിയപ്പോഴോ? യാ റബ്ബേ!!” - അയാളുടെ കണ്ണുകള്‍ ഭാര്യയുടെ ഓര്‍മ്മകളില്‍ തിളങ്ങി.

“ഹല്ല.. ഹറാം പെറന്നോള്‍ വന്ന് കേറിയേ പിന്നാ തൊന്തരവുകള്‍ തുടങ്ങിയേ!! ഞമ്മടെ പുന്നാര മരുമോള്‍!! ഹസീന..ഫൂ..” സുലൈമാന്‍ വിറക്കുകയായിരുന്നു. ഇത് വരെ അയാളുടെ ചേഷ്ഠകള്‍ ഒരു ഭ്രാന്തന്റെതായിരുന്നില്ല. പക്ഷെ, പെട്ടന്നാണ്‌ സുലൈമാനിലേക്ക് ഭ്രാന്ത് കടന്ന് വന്നത്. അയാളുടെ മുഖം കോടി തുടങ്ങി. മുഖം ചുവന്ന് തുടുത്തു. കഴുത്ത് വലിഞ്ഞ് മുറുകി. കണ്ണൂകളിലെ കൃഷ്ണമണികള്‍ രണ്ടും ഒരു വശത്തേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ചുണ്ടുകള്‍ കോടിപോകുന്നു. പറ്റെവെട്ടിയ തലമുടി എഴുന്ന് നിന്നു. ശരീരം വിയര്‍പ്പില്‍ കുളിച്ചു. വിരലുകള്‍ ഞെരിക്കുന്നുണ്ട്.. കൈയുകള്‍ കൂട്ടിത്തിരുമ്മി കൊണ്ട് അയാള്‍ അവിടെ മുഴുവന്‍ ഓടി നടന്നു. എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്.. വെച്ചേക്കില്ല നിന്നെ എന്നോ മറ്റോ.. ഒന്നും വ്യക്തമല്ല. ഒടുവില്‍ അയാള്‍ അവിടെ തറയില്‍ മൂര്‍ച്ഛിച്ച് വീണു.

അയ്യോ നിങ്ങള്‍ ഇങ്ങിനെ ഒച്ചവക്കല്ലേ.. സുലൈമാന്‍ എഴുന്നേല്‍ക്കട്ടെ.. എന്നിട്ട് അയാളെ കൊണ്ട് തന്നെ ബാക്കി പറയിപ്പിക്കാം. എന്ത്? എന്നോട് പറയാനോ? ഹോ, അപ്പോഴേക്കും ഭീക്ഷിണിയും മറ്റുമായോ? ജീവിക്കാന്‍ കൊതിയുണ്ട് കൂട്ടരേ.. മരണം ഇഷ്ടപ്പെടുന്നവരാരാ? എല്ലാവര്‍ക്കും ജീവിതം മതി... ഹാ.. എനിക്കും അതെ.. നിങ്ങള്‍ ദയവായൊന്ന് ക്ഷമിക്കൂ. എല്ലാമൊന്ന് ഓര്‍ത്തെടുക്കട്ടെ.. ഒരടുക്കും ചിട്ടയും വരുത്തട്ടെ.. കേട്ടറിഞ്ഞ സുലൈമാന്റെ കഥ വീണ്ടും ഞാന്‍ പറഞ്ഞ് തുടങ്ങി.

ഒരു ഹൂറി തന്നെയായിരുന്നു അവള്‍.. ഹസീന. സത്യത്തില്‍ ഷംസു അവളുടെ മൊഞ്ചില്‍ മയങ്ങിപ്പോയി. അവളുടെ നിര്‍ബന്ധം സഹിക്കാനാവാതെ, അവളുടെ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം - അവളുടെ ഭാഷയില്‍ എണ്ണിച്ചുട്ട അപ്പം - തികയാതെ വന്ന് തുടങ്ങിയപ്പോഴാണ്‌ അവന്‍ ഗള്‍ഫിലേക്ക് യാത്രയായത്. അവിടെ പഠിച്ചപണികിട്ടിയില്ലെങ്കിലും തെറ്റില്ലാത്ത ഒരു ജോലി സമ്പാദിക്കാന്‍ കഴിഞ്ഞു. പക്ഷെ, ഇവിടെ ഹസീന ജീവിതം ആഘോഷിച്ച് തുടങ്ങിയിരുന്നു. ആഷ്നമോളുടെ കൊഞ്ചലുകള്‍ക്കും ശാഠ്യങ്ങള്‍ക്കും ഒപ്പമായിരുന്നതിനാല്‍ സുലൈമാന്‍ ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല. പിന്നെ, പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയപ്പോഴേക്കും കൈവിട്ട് പോയി തുടങ്ങിയിരുന്നു. അവളുടെ അന്തമില്ലാത്ത കൂട്ടുകാരോടൊത്ത് അവള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു. ആഷ്നമോളെ പോലും അവള്‍ ശ്രദ്ധിച്ചിരുന്നില്ല. ആണ്‍ പെണ്‍ സൌഹൃദങ്ങളുമായി ക്ലബ്ബുകളിലും പാര്‍ക്കുകളിലും അവള്‍ പൂത്തുലയുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ആദ്യം ഒന്നും സുലൈമാന്‍ ചെവികൊടുത്തില്ല. അസൂയക്കാര്‍ പറയുന്നതായേ കരുതിയുള്ളൂ. കാരണം അന്നൊക്കെ അവള്‍ ബാപ്പയെ സ്നേഹിച്ചുകൊല്ലുകയായിരുന്നു. പിന്നീട് മനസ്സിലാക്കി വന്നപ്പോഴേക്കും.. അവള്‍ ഒത്തിരി ദൂരം നടന്നു കഴിഞ്ഞിരുന്നു. വഴിപിഴച്ച അവളുടെ ജീവിതം ചോദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ആദ്യമായി അവളിലെ പിശാചിനെ സുലൈമാന്‍ കണ്ടു. അവള്‍ ഒരു ഈറ്റപ്പുലിയെപോലെ അയാളുടെ മേല്‍ പാഞ്ഞ് കയറി. അവളുടെ വഴിപിഴച്ച ജീവിതത്തില്‍ കൂട്ടായിരുന്നവര്‍ പലരും അതോടെ വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങി.

കാര്യങ്ങള്‍ ഷംസുവിനെ അറിയിക്കാന്‍ ശ്രമിച്ച സുലൈമാന്‍ കേട്ടത് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയായിരുന്നു. ഒത്തിരി വട്ടം ശ്രമിച്ചതിന്‌ ശേഷമാണ്‌ സുലൈമാന് ഫോണ്‍ കണക്റ്റ് ചെയ്ത് കിട്ടിയത്. പക്ഷെ, ഫോണ്‍ എടുത്തത് ഷംസുവായിരുന്നില്ല. ഏതോ ഒരു കൂട്ടുകാരനായിരുന്നു. അയാളില്‍ നിന്നുമാണ്‌ കഴിഞ്ഞ രണ്ട് മാസമായി ഷംസു ദുബായ് പോലീസിന്റെ പിടിയിലാണെന്ന വാര്‍ത്ത സുലൈമാന്‍ അറിയുന്നത്. എന്തോ വലിയ കുറ്റമാണ്‌. നാട്ടില്‍ ഷംസുവിന്റെ ബീവിയെ അറിയിച്ചിരുന്നല്ലോ എന്നാണ്‌ അയാള്‍ പറഞ്ഞത്. എല്ലാം അറിഞ്ഞിട്ടും അവള്‍...

ഹസീനയെ കൊല്ലാനുള്ള ദ്വേഷ്യവുമായാണ്‌ സുലൈമാന്‍ പാഞ്ഞ് ചെന്നത്. പക്ഷെ, അയാളെ അമ്പരപ്പെടുത്തിയ പ്രതികരണമായിരുന്നു അവളില്‍ നിന്നും കിട്ടിയത്. ഇതെല്ലാം അവള്‍ അറിഞ്ഞിരുന്നു എന്ന് മാത്രമല്ല, എല്ലാം ചെയ്യിച്ചത് അവളും അവളുടെ കൂട്ടുകാരും ആയിരുന്നു എന്നറിഞ്ഞപ്പോള്‍ പാവം ബാപ്പ ഞെട്ടിപ്പോയി. ഷംസുവിനെ ജയിലറക്കുള്ളില്‍ വച്ച് തന്നെ വകവരുത്തിയിട്ട് അവന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം എന്ന തിരിച്ചറിവ് സുലൈമാനെ ഭ്രാന്തനാക്കി. അതിന്‌ വേണ്ടി അവളും അവളുടെ കൂട്ടാളികളും കൂടി ഒരുക്കിയ ഒരു ചതിക്കുഴിയില്‍ അറിയാതെ ചെന്ന് തലവെക്കുകയായിരുന്നു ഷംസു. അവള്‍ ചതിക്കുകയാണെന്ന് ഒരിക്കലും അവന്‍ കരുതിയില്ല. അവളെ അത്ര മാത്രം വിശ്വസിച്ചിരുന്നു അവന്‍.

കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്‌ സുലൈമാന്‍ അവളെ കടന്ന് പിടിച്ചത്. പക്ഷെ, അവിടെയും അവളുടെയും കൂട്ടാളികളുടെയും വ്യക്തമായ പ്ലാനിംഗില്‍ അയാള്‍ തോല്‍ക്കുകയായിരുന്നു. സുലൈമാന്‍ അവളെ കടന്ന് പിടിച്ച ഉടനെ തന്നെ വസ്ത്രങ്ങള്‍ മുഴുവന്‍ പറിച്ചെറിഞ്ഞ ഹസീന അയാള്‍ അവളില്‍ മല്‍‌പിടുത്തം നടത്തുന്നത് കൂട്ടാളികളുടെ സഹായത്തോടെ ഒളിപ്പിച്ച് വച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ അവിടേക്ക് ഓടികയറി വന്ന ആഷ്ന മോളെ അവള്‍ സുലൈമാന്റെ അടുത്തേക്ക് തള്ളിയിടുകയും ചെയ്തു. ഹസീനയോടുള്ള ദ്വേഷ്യത്തില്‍ ഏതാണ്ട് സമനില നഷ്ടപ്പെട്ടിരുന്ന സുലൈമാന്റെ കൈകള്‍ അറിയാതെ തന്നെ കൊച്ചുമോളുടെ കഴുത്തില്‍ അമര്‍ന്നു. എന്തൊക്കെയോ ആക്രോശിച്ച് കൊണ്ടിരുന്ന സുലൈമാനില്‍ നിന്നും ആഷ്നയെ ഓടിക്കൂടിയ അയല്‍‌വാസികള്‍ പിടിച്ച് മാറ്റുമ്പോള്‍ ആഷ്ന ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഒരു ഭ്രാന്തനെപ്പോലെ അലറിയ സുലൈമാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു.

സാക്ഷിമൊഴികളുടെയും തെളിവെടുപ്പിന്റെയും എല്ലാം നിഗമനത്തില്‍ കോടതി സുലൈമാന്‍ കുറ്റക്കാരന്‍ തന്നെയെന്ന് വിധിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സുലൈമാനെ ആകെ തളര്‍ത്തുന്നതായിരുന്നു. നിക്കാഹ് കഴിഞ്ഞ് വീട്ടില്‍ വന്നത് മുതല്‍ക്ക് തന്നെ ഹസീനയെ കാമാര്‍ത്തി പൂണ്ട കണ്ണുകളോടെയാണ്‌ സുലൈമാന്‍ നോക്കിയിരുന്നതെന്നും അവളെ ഒറ്റക്ക് കിട്ടാന്‍ വേണ്ടിയാണ്‌ മകനെ ഗള്‍ഫിലയച്ചതെന്നും അവിടെ അവനെ ജയിലില്‍ ആക്കിയതിന്റെ പിന്നില്‍ സുലൈമാനാണെന്നും ഉള്ള ഹസീനയുടെ വക്കീലിന്റെ വാദം കേട്ട് പ്രതികൂട്ടില്‍ നിന്ന് കണ്ണുകെട്ടപ്പെട്ട നീതിദേവതയെ സുലൈമാന്‍ പുച്ഛത്തോടെ നോക്കി. തെളിവുകളായി ഹസീനയുടെ മേല്‍ മല്‍‌പിടുത്തം നടത്തുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഉള്ളിടത്തോളം എതിര്‍‌വാദങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലായിരുന്നു. അല്ലെങ്കിലും കോടതി കനിഞ്ഞ് നല്‍കിയ വക്കീല്‍ അതിനൊന്നും വേണ്ടി മെനക്കെട്ടുമില്ല. പക്ഷെ, രണ്ടാമത്തെ ആരോപണമാണ്‌ സുലൈമാനെ തീര്‍ത്തും തളര്‍ത്തിയത്. കൊച്ച് ആഷ്നമോള്‍.. ആനകളിച്ചും കണ്ണാരം പൊത്തിക്കളിച്ചും നെഞ്ചിലെ രോമക്കാടില്‍ പിടിച്ച് വലിച്ച് , വേദനിപ്പിച്ച് അയാളോടൊപ്പം എപ്പോഴും ഒരു നിഴലായി കൂടെയുണ്ടായിരുന്ന അയാളുടെ പുന്നാര ആഷ്നമോള്‍.. അവളില്‍ കാമം ഒഴുക്കിതീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പിടിവലിയുണ്ടായതെന്ന ഹസീനയുടെ വാദം കേട്ട സുലൈമാന്‍ പ്രതികൂട്ടില്‍ നിന്നും ഒരു ഭ്രാന്തനെ പോലെ ജഡ്ജിയുടെ ചേമ്പറിലേക്ക് ചാടികയറുകയും അവിടെ ഇരുന്ന ചുറ്റികയെടുത്ത് സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന ഹസീനക്ക് നേരെ ചുഴറ്റി എറിയുകയും ചെയ്തു. അയാളുടെ ഭാഗ്യമോ അതോ നിര്‍ഭാഗ്യമോ അവള്‍ എങ്ങിനെയോ രക്ഷപ്പെട്ടു. അപ്പോഴേക്കും എല്ലാവരും കൂടി അയാളെ പിടിച്ച് കെട്ടിയിരുന്നു.

ഭ്രാന്തനായ ഒരു മനുഷ്യന്റെ വിഭ്രാന്തികളായി കണക്കാക്കി കോടതി സുലൈമാനെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് എപ്പോഴോ ഡോക്ടര്‍ ഹൂബര്‍ട്ട് സുലൈമാനെ കോടതിയുടെ അനുവാദത്തോടെ ഏറ്റെടുക്കുകയും ഇവിടെ എത്തിക്കുകയുമായിരുന്നു.


അയ്യോ, ഇതെന്താ നിങ്ങള്‍ ഇങ്ങിനെ.. ഹാ.. എന്നെ എന്തിനാ ഇങ്ങിനെ ക്രൂശിക്കുന്നേ? ശരിയായിരിക്കും നിങ്ങള്‍ വായനക്കാരായിരിക്കും ഫീച്ചറിന്റെ വിജയം. പക്ഷെ.. ഞാന്‍...എന്ത്?, ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് സുലൈമാനെ കൊണ്ട് തന്നെ പറയിക്കാം എന്ന്. എന്നിട്ടിപ്പോള്‍ എന്നെ തല്ലാന്‍ വരുന്നോ!! ഇതൊന്നും നടക്കില്ലെന്നോ.. അതെനിക്ക് അറിയില്ല. കൃത്യമായി ചോദിച്ചറിയാന്‍ തന്നെയാ ഞാനും ഇവിടെക്ക് വന്നത്. പക്ഷെ, സുലൈമാന്‍ അപ്പോഴേക്കും.. എന്താ.. തെളിവായി വീഡിയോ ക്ലിപ്പിംഗ്സ് വേണമെന്നോ!!! അയ്യോ, അതൊന്നും എന്റെ കൈവശമില്ല. സത്യമാണ്‌. അയ്യോ.. ദയവായി എന്റെ സെല്‍ഫോണ്‍ തിരികെ തരൂ. പ്ലീസ്.. ദേ എന്തിനാ നിങ്ങള്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്യുന്നത്. സുഹൃത്തുക്കളെ, ദയവായി എന്നെ വിശ്വസിക്കൂ.. ഹസീന ഒളിക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ക്ലിപിങ്ങുകള്‍ എന്റെ കൈവശമോ എന്റെ ഫോണിലോ ഇല്ല. സത്യമാണ്‌. ഹോ.. ഇതെന്തൊരു കഷ്ടമാണ്‌. അയ്യോ.. കല്ലെറിയല്ലേ.. പ്ലീസ്.. പ്ലീസ്... എന്ത്? എന്റെ ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ വേണമെന്നോ? ഛെ, ഇതെന്ത് വൃത്തികേടാ നിങ്ങള്‍ പറയുന്നത്. അടിച്ച് കരണം ഞാന്‍ പൊകക്കും.. കാര്യം നിങ്ങളേപ്പോലുള്ള വായനക്കാരായിരിക്കും പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുന്നത്. പക്ഷെ എന്റെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ തലയിടേണ്ടതില്ല. ഇതെന്തൊരു മാരണമാ ഈശ്വരാ!!!

"നിറുത്തിനെടാ പന്നികളേ.." അതൊരു ആക്രോശമായിരുന്നു. എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി. "ആര്‍ക്കാടാ തെളിവ് വേണ്ടത്.. ആര്‍ക്കാടാ വേണ്ടത്.. നീ വാ.. എന്റെ കൂടെ വാ.. ഇപ്പോള്‍ ജ്ജിക്ക് മനസ്സിലായില്ലേ എന്താ എനിക്കിവിടെ സന്തോഷം എന്ന്.. നശിച്ച പേ പിടിച്ച ലോകത്തെ കാണണ്ടാല്ലോ.. ഒളിക്യാമറകളെ പേടിക്കണ്ടാല്ലോ.. ഇവിടെ എന്തോന്ന് ഒളിവ്.. എന്തോന്ന് മറവ്.. എല്ലാവരും തിരിച്ചറിവുള്ളര്‍.. പന്നികളേക്കാള്‍ തിരിച്ചറിവുള്ളവര്‍...വാ.. ജ്ജ് വാ..." - സുലൈമാന്‍ എന്നെയും പിടിച്ച് വലിച്ച് ഭ്രാന്താശുപത്രിയുടെ അകത്തളത്തേക്ക് ഓടി..

വിശുദ്ധ ഭ്രാന്തന്മാര്‍ വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന്‍ ജീവിതമാണെന്ന് തിരിച്ചറിവില്‍ ഞാന്‍ സുലൈമാനോടൊത്ത് വിടചൊല്ലട്ടെ... പുറത്തെ അശാന്തിയില്‍ നിന്നും അല്പം ശാന്തിക്കായി..!! ഇരുട്ട് നിറഞ്ഞ ലോകത്തില്‍ നിന്നും മനസ്സിന്‌ അല്പം വെളിച്ചം കിട്ടുവാനായി.. !!

ചിത്രത്തിന് കടപ്പാട് :ബ്ലോഗര്‍ മനോജ് തലയമ്പലത്തോട്