ശനിയാഴ്‌ച, ഡിസംബർ 25, 2010

വായനക്കിടയില്‍ കണ്ടെത്തിയവ

2010 സത്യത്തില്‍ പുസ്തകങ്ങളോട് ഒട്ടേറെ അടുത്ത് നില്‍ക്കാന്‍ സഹായിച്ച ഒരു വര്‍ഷമാണ്‌. എന്റെ രണ്ട് കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ചു വന്നു എന്നതിനേക്കാള്‍ ഒട്ടേറെ അനുഗ്രഹീതരായ ബ്ലോഗര്‍മാരുടെ കഥകളും കവിതകളും പുസ്തക രൂപത്തില്‍ കാണാന്‍ കഴിഞ്ഞു എന്നതും അവയില്‍ പലതും വായിക്കാന്‍ കഴിഞ്ഞു എന്നതും മറച്ചു വെക്കാനാവാത്ത സന്തോഷം തന്നെ. എന്റെ ചെറിയ വായനക്കിടയില്‍ എനിക്ക് നല്ലതെന്ന് തോന്നിയ ചില പുസ്തകങ്ങളെ കുറിച്ചുള്ള ചെറിയ കുറിപ്പുകള്‍ എല്ലാവരോടുമായി പങ്കുവെക്കട്ടെ.

ഈ വര്‍ഷം വായിച്ച പുസ്തകങ്ങളെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'ചിദംബരസ്മരണ'യെ പറ്റിയാണ്‌. ഡി.സി.ബുക്സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചതാണെങ്കിലും പലവട്ടം ബുക്ക്സ്റ്റാളുകളില്‍ കൈയെത്തും ദൂരത്ത് കണ്ടിട്ടും വാങ്ങുവാനോ വായിക്കുവാനോ ശ്രമിക്കാതിരുന്ന ഒരു പുസ്തകമാണ്‌ ചിദംബരസ്മരണ. ഒന്ന് ഉറപ്പിച്ച് പറയാം, ഒരു നല്ല കവിക്ക് ഒരിക്കലും ഗദ്യം എഴുതാന്‍ കഴിയില്ലെന്ന് ഇത് വായിച്ചതോട് കൂടി എനിക്ക് ഉറപ്പായി. കാരണം ചിദംബരസ്മരണയില്‍ നിറഞ്ഞുനില്‍ക്കുന്നത് കവിത്വം തുളുമ്പുന്ന സാഹിത്യത്തിന്റെ വശ്യത മാത്രമായിരുന്നു. ഓരോ വാക്കിലും ഓരോ പാരഗ്രാഫിലും കവിതയുടെ മനോഹരമായ താളം. ചടുലത!! ഇത്രയേറെ ഭ്രാന്തമായ ആവേശത്തോടെ ചുള്ളിക്കാടിനെ ഒരിക്കലും ഞാന്‍ വായിച്ചിട്ടില്ല എന്ന്‍ പറയാം.. അത് കൊണ്ട് തന്നെ ഈ വര്‍ഷം എന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകവും ഇത് തന്നെ.

ബെന്യാമിന്റെ 'ആടുജീവിതം' അംബികാസുതന്‍ മങ്ങാടിന്റെ 'എന്‍‌മകജെ' കെ.ആര്‍. മീരയുടെ 'യൂദാസിന്റെ സുവിശേഷം' വി.എം.ദേവദാസിന്റെ "ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം" എന്നിവയുടെ വായന 2010ലെ നോവല്‍ വായനക്കിടയില്‍ കിട്ടിയ സുഖദമായ ഓര്‍മ്മകള്‍ തന്നെ. ഇതില്‍ ബെന്യാമിനും ദേവദാസും ബ്ലോഗര്‍മാര്‍ കൂടെയാണെന്നത് കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുന്നു.

ബെന്യാമിന്റെ ആടുജീവിതം പുറംലോകം കാണാതെ മസറയിലെ ആടുകള്‍ക്കൊപ്പം ജീവിതം തള്ളീനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ്‌. "നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" - പുസ്തകത്തിന്റെ ഉപശീര്‍ഷകത്തില്‍ ബെന്യാമിന്‍ പറയുന്നത് സത്യമാണെന്ന് പുസ്തകത്തിന്റെ ഉള്‍പേജുകളില്‍ നജീബ് എന്ന ജീവിക്കുന്ന നായകന്‍ നമ്മോട് പറയുമ്പോള്‍, അര്‍ബാബിന്റെ ക്രൂരതക്ക് ഇരയാവേണ്ടി വരുന്ന ആ പാവം മനുഷ്യന്‍ മണലാരണ്യത്തില്‍ അനുഭവിച്ച നരകയാതന വളരെ ഹൃദയസ്പര്‍ശിയായി നോവലിസ്റ്റ് കുറിച്ചിടുമ്പോള്‍ -വരച്ചിടുമ്പോള്‍ എന്ന് പറയുന്നതാവും ശരിയെന്ന് തോന്നുന്നു- അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല തന്നെ. പുസ്തകത്തിന്റെ കവര്‍ പേജില്‍ കെ.ഷെറീഫ് വരച്ചിരിക്കുന്ന ആടുമനുഷ്യന്റെ രൂപം ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്നും മായാത്ത വിധത്തില്‍ ബെന്യാമിന്‍ അകപ്പേജുകളില്‍ നജീബിന്റെ ദൈന്യത ചിത്രീകരിച്ചിരിക്കുന്നു. മസറയിലെ ആടുകള്‍ക്കൊപ്പം ഗതികെട്ട ജീവിതം നയിക്കേണ്ടി വരുന്ന നജീബ് ഒരു വേള ആടിനെ പ്രാപിക്കുന്നിടത്ത് വരെ ചെന്നെത്തി എന്ന് പറയുമ്പോള്‍ ബെന്യാമിന്‍ പുസ്തകത്തിന്‌ കൊടുത്ത ഉപശീര്‍ഷകം അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന സത്യമാവുകയാണ്‌. നഷ്ടമാവാത്ത , നല്ല വായന പ്രദാനം ചെയ്ത ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആടുജീവിതത്തിനാണ്‌ ഇക്കുറി കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് ലഭിച്ചതെന്നതും സന്തോഷമുള്ള വസ്തുത തന്നെ.

അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രുപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു. സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്‌. എന്‍‌മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ്‌ നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന്‌ പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച കെ.ആര്‍.മീരയുടെ 'യൂദാസിന്റെ സുവിശേഷം' ; നേത്രോന്മീലനം, മീരാസാധു എന്നീ മീരയുടെ മുന്‍‌നോവലുകളില്‍ നിന്ന് വ്യത്യസ്തമായ വായന പ്രദാനം ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പ് ഒട്ടേറെ സാഹിത്യകൃതികള്‍ക്കും ചലചിത്രങ്ങള്‍ക്കും മൂലകഥയായിട്ടുണ്ടെങ്കിലും ആ ക്യാമ്പില്‍ ഉണ്ടായതായി പറയുന്ന ഒരു സാങ്കല്പീല ഒറ്റുകാരന്റെ സുവിശേഷമായാണ്‌ ഈ കൃതി എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രണയമുണ്ട്... വിരഹമുണ്ട്... ആത്മനിന്ദയുടെ വികാരത്തള്ളിച്ചയുണ്ട്. യൂദാസിനെയും പ്രേമയെയും റിട്ടേഡ് ആയ ശേഷം വീട്ടില്‍ പോലീസ് മുറ പ്രയോഗിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനായ പ്രേമയുടെ അച്ഛനെയുമൊന്നും അത്ര എളുപ്പത്തില്‍ വായനക്കാര്‍ക്ക് മറക്കാനാവുമെന്ന് കരുതുന്നില്ല. കഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മീരയുടെ (ആവേമരിയ) ഈ യൂദാസിന്റെ സുവിശേഷം പാരായണക്ഷമതകൊണ്ട് നല്ല നോവലുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്നു.

മലയാള മനോരമയുടെ നോവല്‍ കാര്‍ണിവലില്‍ ഇക്കുറി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ വി.എം.ദേവദാസിന്റെ വ്യത്യസ്തമായതും ആദ്യത്തേതുമായ നോവലാണ്‌ ഡില്‍ഡോ. തികച്ചും മനോഹരമായ ഒരു നോവല്‍. പേരില്‍ തുടങ്ങുന്ന ആകാംഷ പുസ്തകം വായന കഴിയുന്നത് വരെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നത് തന്നെ ദേവദാസിന്റെ വിജയമായി കാണാം. ഡില്‍ഡോയുടെ ഒരു വായനക്കുറുപ്പ് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പിലേക്ക്.. നോവല്‍ കാര്‍ണിവലില്‍ സമ്മാനിതമായ പന്നിവേട്ട (പ്രസാധനം : ഡി.സി.ബുക്സ്) ഇത് വരെ വായിക്കാന്‍ കഴിഞ്ഞില്ല.


വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വേറെയും നോവലുകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ്‌ 'അല്‍ കാഫിറൂന്‍ സം‌വാദങ്ങളുടെ പുസ്തകം' എന്ന ടി.കെ.അനില്‍കുമാറിന്റെ രചന. വ്യത്യസ്തമായ ഒരു സ്റ്റൈല്‍ ആണ്‌ ഈ നോവല്‍ എഴുതാന്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് തന്നെ ഇതിന്റെ പ്രത്യേകത. അതിനപ്പുറം മനോഹരമായ ഒരു പ്രമേയമെന്നൊ മറ്റോ പറയാനുള്ളതായി തോന്നിയുമില്ല.

2010 ലെ കഥകളുടെ കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും മികച്ച കുറേ കഥാകൃത്തുക്കള്‍ മത്സരിച്ച് കഥയെഴുതിയ വര്‍ഷം എന്ന് വേണമെങ്കില്‍ പറയാമെന്ന് തോന്നുന്നു. ബിജു.സി.പിയുടെ 'ചരക്ക് ', പി.വി.ഷാജികുമാറിന്റെ 'വെള്ളരിപ്പാടം', രേഖ.കെയുടെ 'മാലിനി തീയറ്റേഴ്സ് ', സിത്താര.എസിന്റെ 'കറുത്ത കുപ്പായക്കാരി', സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം' ധന്യരാജിന്റെ 'പച്ചയുടെ ആല്‍ബം', വി.ജെ. ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് '.. പട്ടിക നീണ്ടുപോകുന്നു. ഇവയില്‍ ചരക്ക്, വെള്ളരിപ്പാടം, മാലിനി തീയറ്റേഴ്സ് എന്നിവയെപറ്റി നേരത്തെ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്.

മറ്റുള്ളവയുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു സമാഹാരമാണ്‌ സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം'. ഇതിലെ ടൈറ്റില്‍ സ്റ്റോറിയായ മരണവിദ്യാലയത്തില്‍ ഇന്നത്തെ വിദ്യാഭ്യാസ ചുറ്റുപാടിന്റെ അപചയങ്ങളെ പറ്റിയും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിനെ പറ്റിയും നേത്രി.എസ് എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥയിലൂടെ കഥാകൃത്ത് ചുരുളഴിക്കുന്നത് ആറോളം കുഞ്ഞ് ഉപാദ്ധ്യായങ്ങളായാണ്‌. (ഈ പ്രയോഗം ശരിയാണോ എന്നെനിക്കറിയില്ല). കഴിഞ്ഞ വര്‍ഷം ആനുകാലീകങ്ങളില്‍ വന്നതില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയ 'ഹരിതമോഹനം' എന്ന കഥയും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ഹരിതഭൂമിയെ സ്നേഹിക്കുന്ന അരവിന്ദാക്ഷനിലൂടെ, അയാളുടെ ജിഞ്ജാസുക്കളായ മക്കള്‍ തന്മയയിലൂടെയും പീലിയിലൂടെയും ഭാര്യ സുമന്നയിലൂടെയും വളരെ വലിയ ഒരു സന്ദേശം സുസ്മേഷ് നമ്മോട് പങ്കുവെക്കുന്നുണ്ട്.

മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ധന്യാരാജിന്റെ 'പച്ചയുടെ ആല്‍ബം' എന്ന പുസ്തകത്തിലെ ചില കഥകളെങ്കിലും നമുക്ക് നല്ല വായന പ്രദാനം ചെയ്യുന്നുണ്ടെന്ന് പറയാതെ തരമില്ല. സ്കൂള്‍ കുട്ടികള്‍ വഴിതെറ്റിപോകുന്നതിന്റെ നല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ്‌ 'ഇര' എന്ന കഥ.

വ്യത്യസ്തതയാണ്‌ വി.ജെ.ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂടി'നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായി പറയാന്‍ ജയിംസ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. മുകളില്‍ ആരോ ഉണ്ട്, കണ്ണാടിക്കാഴ്ചയിലെ ബിംബസാരങ്ങള്‍, റെയില്‍‌വേ ടൈടേബിള്‍ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്‌.

2010 ല്‍ എന്തുകൊണ്ടോ ഏറെ സമയം വായനക്കായി നീക്കി വെച്ചത് ബ്ലോഗര്‍മാരുടെ രചനകള്‍ വായിക്കുവാനായിരുന്നു. പല പുസ്തകങ്ങളുടേയും വായന ഇനിയും തീര്‍ക്കാനായിട്ടുമില്ല. അതുകൊണ്ട് തന്നെ പല നല്ല ബ്ലോഗുരചനകളേയും ഇവിടെ തമസ്കരിക്കേണ്ടി വരുന്നു. ക്ഷമിക്കുക. എന്നിരിക്കിലും ദേവദാസിന്റെ ഡില്‍ഡോ, കുമാരന്റെ കുമാരസംഭവങ്ങള്‍, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, ഷാജി നായരമ്പലത്തിന്റെ വൈജയന്തി, എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവ തന്നെ. ബ്ലോഗ് രചനകളായതിനാല്‍ തന്നെ ഈ പുസ്തകങ്ങളുടെ ഉള്‍പേജുകള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഒപ്പം തികച്ചും സന്തോഷകരമായ ഒരു കാര്യമായിരുന്നു 2010ല്‍ ബൂലോകത്ത് നിന്ന് രണ്ട് പ്രസാധക സം‌രംഭം ഉദയം ചെയ്തു എന്നത്. ജോയുടെ നേതൃത്വത്തില്‍ എന്‍.ബി.പബ്ലിക്കേഷനും, ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ കൃതി പബ്ലിക്കേഷന്‍സും. നേരത്തെ തന്നെ ലീല.എം. ചന്ദ്രന്റെ സീയെല്ലെസ് ബുക്ക്സും ഒരു കൂട്ടം ബ്ലോഗേര്‍സിന്റെ ശ്രമഫലമായി ബുക്ക് റിപ്പബ്ലിക്കും ബൂലോകത്ത് നിന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ 'എന്‍.ബി'യും 'കൃതി'യും കൂടെ ആയപ്പോള്‍ മുഖ്യധാരാ പ്രസാധകരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടാ അവസ്ഥയില്‍ നിന്നും ഒരു പരിധി വരെ ബ്ലോഗര്‍മാര്‍ക്ക് മോചനമാവുമെന്ന് കരുതാം.

'അക്ഷര'ങ്ങളിലൂടെ ജീവിതത്തിന്റെ 'ഉപ്പ് ' കണ്ടെത്തി 'കറുത്ത പക്ഷിയുടെ പാട്ട് ' കേട്ട് 'ഭൂമിക്ക് ഒരു ചരമഗീതം' രചിച്ച മലയാളത്തിന്റെ മഹാകവി ശ്രി. ഒ.എന്‍.വി. കുറുപ്പിന്‌ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 2010ന്റെ നേട്ടങ്ങളില്‍ ഒന്നായി എടുത്ത് പറയാമെന്ന് തോന്നുന്നു. അതുപോലെ തന്നെ എന്റെ നാട്ടുകാരന്‍ കൂടിയായ സിപ്പി പള്ളിപ്പുറത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ലഭിച്ചത് ഈ വര്‍ഷം സന്തോഷം നല്‍കിയ മറ്റൊരു കാര്യമാണ്‌. 'ഒരിടത്തൊരു കുഞ്ഞുണ്ണി' എന്ന കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച പുസ്തകത്തിനാണ്‌ അവാര്‍ഡ് ലഭിച്ചത്. 'ഹൈമവതഭൂവില്‍' എന്ന രചനയിലൂടെ എം.പി.വീരേന്ദ്രകുമാറും യാത്രാവിവരണശാഖയിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവായതും 2010ല്‍ തന്നെ.

ഈ സന്തോഷങ്ങള്‍ക്കൊക്കെ ഇടയിലും നൊമ്പരപ്പെടുത്തുന്ന ചില ഓര്‍മ്മകള്‍ കൂടെയുണ്ട്. ഒരു അനാഥനെ പോലെ വഴിയരികില്‍ .. പിന്നീട് മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ച്... തന്റെ ശവപ്പെട്ടി ചുമക്കുന്നവരോടൊന്നും പരിഭവിക്കാനറിയാതെ ആചാരവെടിയും കാത്ത് കിടന്നപ്പോള്‍ തന്നോട് കാട്ടിയ നെറിവുകേടിന്‌ കവി അയ്യപ്പന്‍ മലയാളിക്ക് മാപ്പുതരുമെന്ന പ്രതീക്ഷയോടെ.. ചിത്തരോഗാശുപത്രിയിലെ ദിനങ്ങളിലൂടെ, ഗ്രീഷ്മം സാക്ഷിയിലൂടെ എല്ലാം വീണ്ടും നമുക്കിടയില്‍ ജീവിക്കും എന്ന ഉറപ്പോടെ..

വീണ്ടും വായനയുടെ നല്ല കാലം സമാഗതമാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

വെള്ളിയാഴ്‌ച, ഡിസംബർ 10, 2010

ഉണങ്ങാത്ത മുറിവ്

കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു കഴിഞ്ഞ ദിവസം കണ്ട സ്വപ്നം. സ്വപ്നമെന്നോ ദു:സ്വപ്നമെന്നോ അതിനെ വിശേഷിപ്പിക്കേണ്ടത്? അറിയില്ലല്ലോ!! പണ്ട്...കുട്ടിക്കാലത്ത്, നിദ്രദേവിക്ക് അനുവദിച്ചിരുന്ന സുന്ദര നിമിഷങ്ങളിലൊന്നും ഒരു ദു:സ്വപ്നമായി പോലും കുഞ്ഞപ്പന്റെ രൂപമോ അയാളെ പറ്റിയുള്ള ഓര്‍മ്മകളോ മനസ്സില്‍ വരുത്തരുതേയെന്ന് ഞങ്ങള്‍ കുട്ടികളുടെ പ്രാര്‍ത്ഥനയായിരുന്നു. പക്ഷെ, അതൊക്കെ ഒരു ആറ് ഏഴ് വയസ്സ് വരെ മാത്രം!! പിന്നീട് വര്‍ഷങ്ങളോളം കുഞ്ഞപ്പന്‍ ഞങ്ങള്‍ക്ക് ഒരു കളിപ്പാട്ടമായിരുന്നു. അതോ, ആ പാവം കളിപ്പാട്ടമായി ഞങ്ങളുടെ മുന്‍പില്‍ വെറുതെ നിന്ന് തന്നതോ!! ആ കുഞ്ഞപ്പനായിരുന്നു ഒട്ടേറെ വര്‍ഷങ്ങള്‍ ശേഷം കഴിഞ്ഞ ദിവസം സ്വപ്നത്തിലൂടെ വീണ്ടും മധുരമുള്ളതും വേദനിപ്പിക്കുന്നതുമായ ഒട്ടേറെ ബാല്യകാല ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോയത്. തിരിഞ്ഞുനോക്കുമ്പോള്‍ കറുത്തുമെലിഞ്ഞ ശരീരത്തിലെ വെളുത്ത പല്ലുകള്‍ കാട്ടി ചിരിക്കുന്ന കുഞ്ഞപ്പന്റെ മുഖമാണോ മനസ്സില്‍... അതോ, അവഗണനയുടെ തീച്ചൂളയില്‍ പെട്ട് എല്ലാവരാലും നിഷ്കാസിതനായ പാവം പിടിച്ച ഒരു മാനസികരോഗിയുടെ നേര്‍ചിത്രമോ.. അതുമല്ലെങ്കില്‍, വടക്കേപറമ്പിലെ അയ്നി മരത്തിന്റെ ചുവട്ടില്‍ അയല്‍ക്കാര്‍ ചേര്‍ന്ന് കെട്ടിയിട്ടപ്പോള്‍ ഒന്നും മിണ്ടാതെ തലകുമ്പിട്ട് നില്‍ക്കുന്ന പാവം പിടിച്ച ഒരു രൂപത്തെയോ.. ചിന്തകള്‍ നിരഞ്ജന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. ഓര്‍മ്മകളുടെ കൊതുമ്പുവള്ളത്തിലേറി നിരഞ്ജന്‍ പഴയ കുട്ടികാലത്തേക്ക് തുഴയെറിഞ്ഞു. നിരഞ്ജന്റെ നിറംകെട്ട ഓര്‍മ്മകളില്‍ കുഞ്ഞപ്പന്റെ ചിത്രം തെളിഞ്ഞുവന്നു.


നിരഞ്ജന്റെ അമ്മവീടിനടുത്താണ്‌ ഇല്ലിക്കല്‍ തറവാട് !ഒരു കാലത്ത് വളരെയധികം പേരും പ്രശസ്തിയുമുണ്ടായിരുന്ന തറവാട്!! പൈപ്പുവെള്ളത്തിന്‌ വളരെയധികം ക്ഷാമമായിരുന്ന അക്കാലത്ത് അന്നാട്ടുകാരെല്ലാം ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ഇല്ലിക്കല്‍ തറവാടിന്റെ തെക്കേപ്പുറത്ത് പറമ്പ് നിറഞ്ഞുനില്‍ക്കുന്ന, വിസ്താരമേറിയ കുളത്തിലെ വെള്ളമായിരുന്നു. വല്ലപ്പോഴും ചിറ്റയോടൊപ്പം അവിടെ വെള്ളമെടുക്കാന്‍ പോകുന്ന അവസരങ്ങളില്‍ കുളത്തിലേക്ക് ഇറങ്ങുവാനായി നാട്ടുകാര്‍ ഇട്ടിരിക്കുന്ന ചെറിയ തെങ്ങിന്‍തടിയില്‍ ഇരുന്നുകൊണ്ട് ആ കുളത്തിലെ വെള്ളത്തില്‍ ആരും കാണാതെ കാലുകള്‍ നനക്കുക ഒരു പതിവായിരുന്നു. ഹോ.. എന്തൊരു തണുപ്പ്!! ഇപ്പോഴും ആ തണുപ്പ് കാലുകളിലൂടെ അരിച്ചു കയറുന്നു. ഇല്ലിക്കല്‍ തറവാടിനെകുറിച്ചുള്ള ഓര്‍മ്മകള്‍ ആ കുളവും പിന്നെ കുഞ്ഞപ്പനുമായിരുന്നു. തറവാട്ടില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ജനിച്ച ആണ്‍തരിയായിരുന്നു കുഞ്ഞപ്പന്‍. നാലാംകാലുകാരന്‍!! നാലാംകാല്‍ ആണ്‍കുട്ടി നാടു ഭരിക്കുമെന്നാ പഴമക്കാരു പറയാറ്. തറവാട്ടിലെ അമ്മ അതുകൊണ്ട് തന്നെ വളരെയേറെ സന്തോഷിച്ചു എന്ന് പ്രായമായവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.


"ഈ കുഞ്ഞപ്പന്‍ ആരാ? നിന്റെ കളികൂട്ടുകാരനാണോ? അതോ സഹപാഠിയോ?" നിരഞ്ജന്റെ വിരിഞ്ഞ നെഞ്ചില്‍ തലവെച്ച് കിടന്ന് അവന്റെ കുട്ടികാലത്തെ കഥകള്‍ കേള്‍ക്കുമ്പോള്‍ മായയുടെ സംശയമതായിരുന്നു. "ഓ, അത് പറഞ്ഞില്ല അല്ലേ! ഈ കുഞ്ഞപ്പന്‍ എന്ന് പറയുമ്പോള്‍ എന്റെ സമപ്രായത്തിലുള്ള ആളൊന്നുമല്ല. ഞങ്ങളുടെയൊക്കെ ബാല്യകാലത്ത് കുഞ്ഞപ്പന്‌ ഒരു മുപ്പത്തഞ്ച് വയസ്സിനുമേല്‍ പ്രായം കാണുമെന്ന് തോന്നുന്നു.. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാപേര്‍ക്കും കുഞ്ഞപ്പന്‍ എന്നും ഇല്ലിക്കല്‍ കുഞ്ഞപ്പന്‍ ആയിരുന്നു." - നിരഞ്ജന്‍ തുടര്‍ന്നു.


കറുത്ത് മെലിഞ്ഞ് നടുവ് വളഞ്ഞ ഒരു രൂപം. ആ കറുപ്പിന്‌ കണ്ണുതട്ടാതിരിക്കാനാവാം നല്ല വെളുവെളുത്ത പല്ലുകളായിരുന്നു കുഞ്ഞപ്പന്റെത്. അലക്കി തേച്ച കള്ളിമുണ്ടും തോളില്‍ ഒരു വെളുത്ത തോര്‍ത്തും വേഷം. കുറ്റിമുടിയില്‍ തങ്ങിനില്‍ക്കുന്ന നല്ലെണ്ണയുടെ വാസന. കുളിക്കാതെയും അഴുക്കുപുരണ്ട വസ്ത്രത്തോടെയും കുഞ്ഞപ്പനെ കണ്ട ഓര്‍മ്മ ഇല്ല. കൈയില്‍ എപ്പോഴും ഒരു ശീമക്കൊന്നയുടെ വടിയുണ്ടാവും. ഒരു ചെറിയ കമ്പ് ! ചിരിച്ച മുഖം. ഏത് വീട്ടിലെയും ഉമ്മറത്ത് ഒരു കാരണവരെ പോലെ അധികാരത്തോടെ കയറിയിരിക്കും. അവിടെ എത്ര വലിയ ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും കുഞ്ഞപ്പന്‍ കയറി ഇരുന്നിരിക്കും. ശല്യക്കാരനല്ലാത്തത് കൊണ്ട് തന്നെ ആരും ഒന്നും പറയുകയില്ല. കുഞ്ഞപ്പന്‍ ഒരു മാനസീക വൈകല്യമുള്ള ആളാണോ.. അല്ലെങ്കില്‍, മാനസീക വൈകല്യം എന്നതിനേക്കാള്‍ കുട്ടികളുടെ മനസ്സുമായി അലയുന്ന ഒരു മനുഷ്യന്‍ എന്ന് പറയാമോ? പറ്റില്ല, കാരണം കുഞ്ഞപ്പന്റെ ഒറ്റ സ്വഭാവത്തിലേ നാട്ടുകാര്‍ക്ക് പരാതിയുള്ളു. അത് സ്ത്രീകളോടുള്ള പെരുമാറ്റമായിരുന്നു. അക്കാര്യത്തില്‍ മാത്രം കുഞ്ഞപ്പനില്‍ കുട്ടിത്തം ഇല്ല എന്ന് പറയാം. സന്ധ്യാസമയങ്ങളിലും ഇരുട്ട് പരക്കുമ്പോഴും മറവില്‍ നിന്ന് പെണ്ണുങ്ങളുടെ മുന്‍പിലേക്ക് ചെന്ന് അവരുടെ കൈകളിലും മറ്റും കയറി പിടിക്കുക എന്നത് ഒരു പക്ഷെ ആ മനസ്സിന്റെ അറിവില്ലായ്മയാവാം. എന്തോ , അതുകൊണ്ട് തന്നെ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ അവര്‍ക്ക് കുഞ്ഞപ്പനെ ഭയമായിരുന്നു. പിന്നെ കുട്ടികളായ ഞങ്ങളെ ഭക്ഷണം കഴിപ്പിക്കുവാനായി അമ്മമാര്‍ എടുക്കുന്ന ഒരടവായിരുന്നു ദേ, ഇല്ലിക്കല്‍ കുഞ്ഞപ്പന്‍ വരുന്നുണ്ടട്ടോ എന്നത്. ആദ്യമൊക്കെ അത് കുട്ടികളെ പെട്ടന്ന് ഭക്ഷണം കഴിപ്പിക്കാന്‍ അവരെ സഹായിച്ചുണ്ടെങ്കിലും പോകെ പോകെ കുഞ്ഞപ്പന്‍ കുട്ടികളെ കാണുമ്പോഴേ ഓടിക്കുവാനും ചിരിച്ചുകൊണ്ട് പിറകേ ഓടുവാനും തുടങ്ങിയതോടെയും, പല കുട്ടികളും സന്ധ്യാസമയങ്ങളില്‍ കുഞ്ഞപ്പനെ കണ്ട് ഭയപ്പെട്ട് കരഞ്ഞിരുന്നതിനാലും അമ്മമാര്‍ക്ക് അതും ഒരു തലവേദനയായി. അങ്ങിനെ പിന്നീട് കുഞ്ഞപ്പനെ ആട്ടിയോടിക്കുക അമ്മമാരും ശീലമാക്കി. അവര്‍ കുട്ടികള്‍ക്ക് കുഞ്ഞപ്പനെ പേടിയില്ലാതാക്കുവാന്‍ വേണ്ടി കുഞ്ഞപ്പന്‍ വരുമ്പോള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. മായക്ക് രസം പിടിച്ച് തുടങ്ങി. അവള്‍ ഒന്ന് കൂടെ നിരഞ്ജന്റെ മാറിലേക്ക് ചേര്‍ന്നു അവളെ തന്നിലേക്ക് ഒന്ന് കൂടെ അണച്ച് പിടിച്ച് നിരഞ്ജന്‍ തുടര്‍ന്നു.


കാലം അല്പം കൂടെ കടന്ന് പോയപ്പോള്‍ കുഞ്ഞപ്പന്‍ എല്ലാവര്‍ക്കും ഒരു കോമാളിയായി. കുട്ടികളുടെ പ്രധാന വിനോദം കുഞ്ഞപ്പനെ മണ്ണുവാരിയെറിയുകയും പിറകിലൂടെ ചെന്ന് കുഞ്ഞപ്പന്റെ മുണ്ട് വലിച്ചു പറിക്കുകയുമൊക്കെയായി. അങ്ങിനെയാണ്‌ കുഞ്ഞപ്പന്‍ അടിവസ്ത്രം ധരിക്കാറില്ല എന്ന ഭീകരമായ സത്യം ഞങ്ങളൊക്കെ മനസ്സിലാക്കിയത്. ഇതുകൂടെ അറിഞ്ഞപ്പോള്‍ നാട്ടിലെ പെണ്മണികളുടെ ഭയവും നെഞ്ചിടിപ്പും കൂടി. അവര്‍ കുഞ്ഞപ്പന്റെ കണ്മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. - മായ കിലുകിലെ ചിരിച്ചു.


പക്ഷെ ഒന്നുണ്ട് മായേ, കുഞ്ഞപ്പന്‍ ഒരു പാവമായിരുന്നു.. സ്നേഹമുള്ളവനായിരുന്നു. പല അവസരങ്ങളിലും ആ സ്നേഹത്തിന്റെ ആഴം നാട്ടുകാര്‍ അറിഞ്ഞിട്ടുണ്ട്. ഏത് വീട്ടിലായാലും ഒരു മരണമോ കല്യാണമോ ഉണ്ടെങ്കില്‍ കുഞ്ഞപ്പന്‍ അവിടെയുണ്ടാവും. വീട്ടിലെ കാരണവരെ പോലെ വരുന്ന അതിഥികളെ ഒക്കെ ഒരു ഇളിഭ്യച്ചിരിയോടെ കസേരയിലേക്ക് ഇരിക്കാന്‍ ക്ഷണിച്ച് കൊണ്ട്, അവര്‍ ഭക്ഷണം കഴിക്കുന്നിടത്ത് വായും പൊളിച്ച് നിന്നുകൊണ്ട് ഒക്കെ കുഞ്ഞപ്പന്‍ എന്ന മനുഷ്യന്‍ ഉണ്ടാവും. മായയുടെ മുഖം അത്ഭുതം കൊണ്ട് നിറയുന്നത് നിരഞ്ജന്‍ കണ്ടു. നഗരജീവിതത്തിന്റെ കപടതകള്‍ മാത്രം കണ്ടു വളര്‍ന്ന കുട്ടിയെ നാട്ടിന്‍പുറത്തിന്റെ നന്മയും സന്തോഷവും അത്ഭുതപ്പെടുത്തിയതില്‍ നിരഞ്ജന്‌ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.


അപ്പൂപ്പന്റെ ചേതനയറ്റ ശരീരത്തിനു മുന്‍പില്‍ ഒട്ടേറെ സമയം പകച്ചു നിന്ന കുഞ്ഞപ്പന്റെ മുഖം ഇന്നും കണ്മുന്നിലുണ്ട്. നിരഞ്ജന്‍ വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു. അന്ന് അമ്മവീട്ടിലെ ഉമ്മറകോലായില്‍ കറുപ്പിലും സ്വര്‍ണ്ണനിറത്തിലുമുള്ള കെയിനുകള്‍ ഉപയോഗിച്ച് ആനയുടെ രൂപം ആലേഖനം ചെയ്ത അപ്പുപ്പന്റെ പ്രിയപ്പെട്ട കസേരയില്‍ കര്‍മ്മങ്ങള്‍ അവസാനിച്ച് ആ ശരീരം ചിതയിലേക്കെടുക്കുന്നത് വരെ ഒരു വാക്ക് പോലും മിണ്ടാതെ താടിയില്‍ കൈതാങ്ങി ഇരിക്കുകയും അപ്പുപ്പനെ തെക്കേപ്പറമ്പിലെ ചിതയിലേക്ക് എടുത്ത നിമിഷം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുകയും ചെയ്ത കുഞ്ഞപ്പന്‍ കുട്ടിക്കാലത്തെ കുറിച്ചുള്ള അവ്യക്തമായ ഓര്‍മ്മകളുടെ മാറാപ്പില്‍ ഇന്നും അവശേഷിക്കുന്ന നിറമുള്ള ഒരു രേഖാചിത്രമാണ്‌.


പക്ഷെ, ഇതിനേക്കാളൊക്കെ ഏറെ എന്നെ വേദനിപ്പിക്കുന്ന, മനസ്സില്‍ എന്നും ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കുന്ന ഒരു കുഞ്ഞ് നീറ്റല്‍ കുഞ്ഞപ്പനെ പറ്റി എനിക്കുണ്ട്. നിരഞ്ജന്റെ വാക്കുകള്‍ സാകൂതം കേള്‍ക്കുകയായിരുന്ന മായ പെട്ടന്ന് നിവര്‍ന്നിരുന്നു. അവന്‍ വീണ്ടും ഓര്‍മ്മകളുടെ പച്ചതുരുത്തിലേക്ക്... വളരെ ചെറുപ്രായത്തിലെ ഒരു ദിവസം. രണ്ട് ദിവസമായി പെയ്ത മഴക്ക് ചെറിയ ഒരു ശമനമുണ്ടായ ഒരു ദിവസം. അമ്മയോടും അച്ഛനോടും ഒപ്പം അമ്മയുടെ വീട്ടില്‍ വിരുന്ന് പോയതായിരുന്നു ഞാന്‍. നീരജ് അന്ന് അമ്മ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. ഇരട്ടകളായ ഞങ്ങളുടെ കാര്യങ്ങളും വീട്ടുപണിയും തീര്‍ത്ത് ജോലിക്ക് പോകുക എന്ന ദുര്‍ഘടകരമായ കടമ്പ അമ്മക്ക് തരണം ചെയ്യേണ്ടതുള്ളതിനാല്‍ അപ്പൂപ്പന്‍ തന്നെയായിരുന്നു നമ്മുടെ നീരജിനെ അവിടേക്ക് കൊണ്ട് പോയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് അമ്മയുടെ സാമീപ്യം ആവശ്യമായത് കൊണ്ടാവാം അപ്പൂപ്പന്‍ നീരജിനെ തന്നെ അങ്ങോട്ട് കൊണ്ട് പോകുവാന്‍ തീരുമാനിച്ചത്. അമ്മക്കോ അച്ഛനോ തീരെ താല്പര്യമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍‍. പക്ഷെ, ജോലി ദൂരെയായതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലേക്ക് വരുന്ന അച്ഛന്‌ അപ്പൂപ്പന്റെ ആ തീരുമാനത്തെ ധിക്കരിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് ദിവസം കൂടുതല്‍ ഒഴിവ് കിട്ടിയാല്‍ അച്ഛന്‍ ഓടിവരികയും ഞങ്ങള്‍ അപ്പൂപ്പന്റെ വീട്ടിലേക്ക്.. നീരജിന്റെ അരികിലേക്ക് ചെന്നെത്തുകയും പതിവായിരുന്നു. അങ്ങിനെയുള്ള ഒരു ദിവസം....


രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുകയായിരുന്ന മഴ കുട്ടികളായ ഞങ്ങളില്‍ വിരസമായ അസഹയനീയത സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ മഴ തോര്‍ന്ന് മാനം ഒന്ന് തെളിഞ്ഞ ആ ദിവസം മുറ്റത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തെ അവഗണിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ കളിക്കാനിറങ്ങി. പത്രക്കടലാസുകള്‍ ചീന്തിയെടുത്ത് അച്ഛന്റെ കൈകൊണ്ട് കടലാസു വഞ്ചിയുണ്ടാക്കി ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി. കള്ളിമുണ്ട് മാടികുത്തി , തോര്‍ത്തുമുണ്ട് തലയില്‍ ഇട്ട് കുഞ്ഞപ്പന്‍ ഒരു ചെറുചിരിയോടെ വരുന്നത് ഞങ്ങള്‍ കണ്ടു. സ്ഥിരമായി കാണുന്നതിനാല്‍ അപ്പോഴേക്കും നീരജിനു കുഞ്ഞപ്പന്‍ ഒരു കോമാളിയായി മാറിയിരുന്നു. കുഞ്ഞപ്പാ.. കുഞ്ഞപ്പോ എന്നൊക്കെ വിളിച്ച് അവന്‍ അയാളെ കളിയാക്കികൊണ്ടിരുന്നു. കുഞ്ഞപ്പന്റെ മുണ്ട് പറിക്കാനായി അവന്‍ പിറകിലൂടെ ചെന്നു. കൈയിലുണ്ടായിരുന്ന ശീമകൊന്നയുടെ വടിയുമായി നാക്കുകടിച്ച് കുഞ്ഞപ്പന്‍ പിറകിലേക്ക് തിരിഞ്ഞ് അവനെ തല്ലാന്‍ ശ്രമിച്ചു. കടലാസ് വഞ്ചിയുന്തുവാനായി കരുതിയിരുന്ന മടലിന്റെ പൊളികൊണ്ട് ഞാനും കുഞ്ഞപ്പന്റെ കാലില്‍ അടിക്കുന്നുണ്ടായിരുന്നു. ഇറയത്ത് നിന്ന് അച്ഛന്‍ വഴക്ക് പറയുന്നത് കേട്ടാണ്‌ കുഞ്ഞപ്പനെ വിട്ട് ഞങ്ങള്‍ കടലാസുവഞ്ചിയുമായി വടക്കേപറമ്പിലെ കുളത്തിന്റെ അരികിലേക്ക് നടന്നത്. കണ്ണാ, മഴ നനഞ്ഞ് പനി വരുത്തരുതട്ടൊ എന്നുള്ള അച്ഛന്റെ താക്കീത് കേട്ട് പിന്തിരിയാന്‍ തുടങ്ങിയ എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോയത് നീരജാ.. കൈയിലിരുന്ന മടല്‍പൊളികൊണ്ട് വഞ്ചി വെള്ളത്തിലേക്ക് കുത്തിയകറ്റി കൊണ്ടിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ.. പിന്നെ.. ഒരു വലിയ ശബ്ദത്തോടെ വെള്ളത്തിലേക്ക് വീഴുന്നതും മുങ്ങിപ്പൊങ്ങിയതും ഒന്നും എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. മായയുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകി. അവള്‍ ഭയത്തോടെ നിരഞ്ജനിലേക്ക് പറ്റിചേര്‍ന്നു.


ഭയന്നുപോയ നീരജ് ഓടിയൊളിച്ചു. ഞാന്‍ രണ്ട് വട്ടം മുങ്ങിപൊങ്ങിയെന്ന് തോന്നുന്നു. അതോ ഒരു വട്ടമോ... ഓര്‍മ്മയില്ല. പെട്ടന്ന്.. കുഞ്ഞപ്പന്റെ കൈകൊട്ടിയുള്ള ചിരികേട്ടാണത്രെ, അച്ഛന്‍ നോക്കുമ്പോള്‍ കാണുന്നത് കൈകള്‍ ഉയര്‍ത്തി കുളത്തില്‍ താണുപോകുന്ന എന്നെയാണ്‌. എങ്ങിനെയൊക്കെയോ കുളത്തിലേക്ക് എടുത്ത് ചാടിയ അച്ഛന്‍ എന്നെ വലിച്ച് കയറ്റി. അലമുറയിട്ടുകൊണ്ട് അമ്മയും ചിറ്റയും ഓടിവന്നു. എന്നെ കമിഴ്തി കിടത്തി വെള്ളം ഞെക്കി കളയുകയാണ്‌ അച്ഛന്‍. അയല്‍‌പക്കകാരെല്ലാം ഓടികൂടി. അപ്പോഴും കൈകൊട്ടി ചിരിക്കുകയായിരുന്നു കുഞ്ഞപ്പന്‍. ഒരടിയുടെ ഒച്ചയാണ്‌ ആദ്യം കേട്ടത്. എന്നെ നോക്കി നിന്നിരുന്നവരെല്ലാം ഞെട്ടിത്തിരിഞ്ഞു. കുഞ്ഞപ്പന്റെ കാലുകളില്‍ ശീമക്കൊന്ന പത്തലുകൊണ്ട് ഇടം‌വലം അടിക്കുന്ന അടുത്ത വീട്ടിലെ കണ്ണുവാശാന്റെ കലിപുണ്ട രൂപം കണ്ട് ഒരു നിമിഷം എല്ലാവരും വിറ കൊണ്ടു. എല്ലാവരും കൂടെ വടക്കേ പറമ്പിലെ അയ്‌നി മരത്തില്‍ കുഞ്ഞപ്പന്‍ എന്ന സാധുവെ കെട്ടിയിട്ടു.


"സാധുവോ? മാനസീകരോഗിയാണെങ്കിലും എന്റെ കുട്ടനെ കുളത്തില്‍ തള്ളിയിട്ട് കൊല്ലാനുള്ള ബുദ്ധിയൊക്കെ അവനുണ്ടായല്ലോ? അയാളെ കെട്ടിയിട്ടതിലും തല്ലിയതിലും തെറ്റില്ല. കണ്ണുവാശാനോട് എനിക്ക് ഇഷ്ടം കൂടിയതേ ഉള്ളൂ" - മായ വികാരം കൊണ്ടു.


ഹും. ഒന്നോര്‍ക്കുമ്പോള്‍ അത് ശരിയാ.. പക്ഷെ.. പക്ഷെ.. മായേ.. സത്യത്തില്‍ അന്ന് നടന്നതെന്തെന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ ആ മിണ്ടാപ്രാണിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വില നിനക്ക് മനസ്സിലാവും. - മായ പകപ്പോടെ നിരഞ്ജനെ നോക്കി.


അതേ മോളെ, ഒരു പക്ഷെ നീ വിശ്വസിക്കില്ല. വേറെ ആരു പറഞ്ഞെങ്കിലും ഞാനും വിശ്വസിക്കില്ലായിരുന്നു. നിനക്കറിയോ, കുഞ്ഞപ്പന്‍ മരണമടഞ്ഞത് ഇല്ലിക്കലെ ആ വലിയ കുളത്തില്‍ വീണാണ്‌. ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത് വളരെ വൈകിയായിരുന്നു. ഇതറിയിക്കാന്‍ നീരജിനെ ഫോണില്‍ വിളിച്ച ഞാന്‍ ഒരു നിമിഷം അവന്റെ കരച്ചില്‍ കേട്ട് സ്തംഭിച്ചിരുന്നു പോയി. അവന്‍ പൊട്ടിക്കരയുകയായിരുന്നു. ഒത്തിരി നേരമെടുത്തു അവനെ ഒന്ന് നോര്‍മലാക്കാന്‍. മെല്ലെ ഞാന്‍ അവനോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ കാര്യം ഇന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല മായ! സത്യം!! ഒരിക്കലും അതാവരുതേ സത്യം എന്നും അവന്‍ കളിയായി പറഞ്ഞതാവട്ടെ അത് എന്നും ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ട്. അല്ലെങ്കിലും അങ്ങിനെയൊക്കെ പ്രവര്‍ത്തിക്കാന്‍ എന്റെ ഉണ്ണിക്കുട്ടന്‌... നമ്മുടെ നീരജിനു കഴിയോ? ഹെയ്... അവന്‍ വെറുതെ പറഞ്ഞതാവും.. വെറുതെ പറഞ്ഞതാവും..


"എന്താ.. എന്താ.." - നിരഞ്ജന്റെ പരിഭ്രാന്തമായ മുഖത്തേക്ക് നോക്കി മായ വ്യാകുലപ്പെട്ടു.


ഹെയ്.. അവന്‍ ചുമ്മാ പറഞ്ഞതാവാനേ വഴിയുള്ളൂ.. എന്നെ കളിപ്പിക്കാന്‍.. പണ്ടേ എന്നെ വട്ട് കളിപ്പിക്കുന്നത് അവന് ഒരു ഹരമായിരുന്നു. അല്ലെങ്കില്‍.. അല്ലെങ്കില്‍ എനിക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം മുഴുവന്‍ കിട്ടുന്നതില്‍ അസൂയ പൂണ്ട് , ഞാന്‍ മരണപ്പെട്ടാല്‍ അവരോടൊപ്പം അവന്‌ താമസിക്കാന്‍ കഴിയും എന്ന വിചാരത്തില്‍‍, എന്നെ കുളത്തിലേക്ക് മന:പൂര്‍‌വ്വം തള്ളിയിട്ട് മരണത്തിനെറിഞ്ഞ് കൊടുക്കാം എന്ന് ചിന്തിക്കാന്‍ മാത്രം ക്രൂരനാണോ എന്റെ ഉണ്ണി.. മിനുറ്റുകളുടെ വ്യത്യാസത്തില്‍ അമ്മയില്‍ നിന്നും പുറത്ത് വന്ന എന്റെ അനുജന്‍... അങ്ങിനെയെങ്കില്‍ അത് മനസ്സിലാക്കിയിട്ടും - അവനാണ്‌ എന്നെ കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കിയിട്ടും - ആരോടും ഒന്നും പറയാതെ വേദന കടിച്ചമര്‍ത്തി നാട്ടുകാരുടെ ശാരിരിക പീഢനവും മാനസീകമായ ദണ്ഢനങ്ങളും ഏറ്റുവാങ്ങിയ കുഞ്ഞപ്പന്‌ സത്യത്തില്‍ വിഭ്രാന്തിയുണ്ടോ? ഹോ.. കുഞ്ഞപ്പന്റെ വിഭ്രമം നിറഞ്ഞ മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവേല്‍‌പ്പിച്ചതിന്‌ നീരജിനോട് ഒരു പക്ഷെ കുഞ്ഞപ്പന്‍ പൊറുത്തുകാണും അല്ലേ.. പൊറുത്തുകാണും..


സ്വപ്നത്തിലെന്ന വണ്ണം പുലമ്പികൊണ്ടിരുന്ന നിരഞ്ജനെ മായ മാറോട് ചേര്‍ത്തു. അവളുടെ മനസ്സില്‍ കുഞ്ഞപ്പന്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നിന്നു.