ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് "പേശാമടന്ത" എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് വിശാലമായ ഈ ബൂലോകത്തിലേക്ക് ഞാന്‍ ഒരു പുല്‍ച്ചാടിയായി കടന്ന് വന്നത്. ഒരിക്കലും ഒരു ബ്ലോഗര്‍ ആവണമെന്ന ലക്ഷ്യമില്ലായിരുന്നു. എന്തായിരുന്നു ഒരു ബ്ലോഗ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം എന്നൊക്കെ മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചെറുതായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് വീണ്ടും അത് തന്നെ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
എന്നെ വിട്ട് പോയെങ്കിലും ഇന്നും എന്റെ കൂടെയുള്ള എന്റെ അച്ഛന്‍ .. ബ്ലോഗ് എഴുത്തിന്റെയും കമന്റുകളുടെയും ലോകത്ത് ഞാന്‍ സജീവമാകുമ്പോള്‍ പരിഭവമില്ലാതെ എന്നെ പിന്തുണക്കുന്ന എന്റെ അമ്മ, ഭാര്യ.. അവന്റെ ശാഠ്യങ്ങളും വികൃതികളും കാണാന്‍ നില്‍ക്കാതെ കമ്പ്യൂട്ടറിനു മുന്‍പിലേക്ക് പോകുന്ന അച്ഛനോട് കുഞ്ഞ് മനസ്സ് കൊണ്ട് ക്ഷമിക്കുന്ന എന്റെ മകന്‍ .. ഇവരാണ് എന്റെ ഊര്‍ജ്ജം.. എന്റെ ഈ തേജസിനെ അവര്‍ക്ക് സമര്‍പ്പിക്കട്ടെ..
ഒരു പിറന്നാള്‍ പോസ്റ്റ് എന്നൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നത് സത്യം. പിറന്നാള്‍ ആഘോഷിക്കാന്‍ മാത്രമൊന്നും ഞാന്‍ ഒരു ബ്ലോഗറായി എന്ന തോന്നലുമില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് എന്ന ചിന്തിക്കുന്നുണ്ടാവും. ഇവിടെ എന്നെ സഹിച്ച, എന്നെ വായിച്ച, എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ കുറേ സുമനസ്സുകളും അതിനേക്കാളുപരി എനിക്ക് ലഭിച്ച ഒട്ടേറേ നല്ല സുഹൃത്തുക്കളുമുണ്ട്. അവരോടുള്ള കടപ്പാട് പങ്കുവെക്കപെടേണ്ടതാണെന്ന തോന്നലില്‍ നിന്നും ആണ് ഈ ഒരു പോസ്റ്റ്. ആദ്യമേ തന്നെ എന്റെ കൂട്ടുകാരേ, ഈ കഴിഞ്ഞ ഒരു വര്‍ഷം എന്നെ സഹിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ.
പണ്ടെപ്പോഴോ എഴുതി കൈയില്‍ സൂക്ഷിച്ചിരുന്ന ഒന്ന് രണ്ട് കഥകളും, ഒപ്പം വായിച്ച ഏതാനും പുസ്തകങ്ങളെ പറ്റിയും വെറുതെ എന്തെങ്കിലുമൊക്കെ കോറിയിട്ട് കഴിയുമ്പോളേക്കും ഗ്യാസ് തീരും എന്ന പ്രതീക്ഷയായിരുന്നു തേജസുമായി വരുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. പക്ഷെ, ഇന്നിപ്പോള്‍ ഏതാണ്ട് മുപ്പതോളം പോസ്റ്റുകള്‍ തേജസില്‍ ചെയ്തു എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ കാഴ്ചപാടുകളിലെ ശരിയും തെറ്റുകളും ചൂണ്ടിക്കാട്ടി തരുവാന്‍ ഇവിടെ ഏറെ പേര്‍ ഉണ്ടായി എന്നത് സത്യത്തില്‍ വിസ്മയിപ്പിക്കുന്നു. എന്നെ വായിക്കാന്‍ നിങ്ങള്‍ കാട്ടിയ ആ സഹിഷ്ണുതയാണ് വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നത്.
എന്നെ സഹിച്ചവര്‍ , സഹായിച്ചവര്‍ , അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ , വിമര്‍ശിച്ചവര്‍ , പ്രോത്സാഹിപ്പിച്ചവര്‍ , നേര്‍വഴി തെളിച്ചവര്‍ ... കടപ്പാട് എല്ലാവരോടും ഉണ്ട്. എല്ലാവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. ചിലരെയെങ്കിലും പേരെടുത്ത് പറയാതിരുന്നാല്‍ അത് ഞാന്‍ എന്നോട് കാട്ടുന്ന നന്ദികേടാവും എന്നതിനാല്‍ മറ്റുള്ളവരുടെ അനുവാദത്തോടെ തന്നെ അതും ഞാന്‍ ചെയ്തോട്ടെ..
ആദ്യം ഒരു ബ്ലോഗ് എന്തെന്ന് ഞാന്‍ അറിഞ്ഞത് ഓര്‍ക്കൂട്ടിലൂടെ എനിക്ക് കിട്ടിയതും പിന്നെ ഏതാണ്ട് ഇക്കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്നതുമായ എന്റെ നല്ല സുഹൃത്ത് ജ്യോതിഭായിയുടെ ജ്യോതിസിലൂടെയാണ്. ബ്ലോഗ് എന്ന ഈ മാധ്യമത്തെ പരിചയപ്പെടുത്തി തന്നെ ജ്യോതിക്ക് നന്ദി പറയാതെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ല. നന്ദി ജ്യോതി!!
പേശാമടന്ത എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു പോസ്റ്റിടുമ്പോള്‍ അത് ആരെങ്കിലും വായിക്കുമെന്നോ ഒരു കമന്റ് പോലും വരുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്റിട്ട പ്രിയ ഉണ്ണികൃഷ്ണനോടുള്ള നന്ദിയും വാക്കുകള്‍ക്കതീതമാണ്.
ഒരു എഴുത്തുകാരന്‍ (?) അല്ലെങ്കില്‍, ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ ആദ്യമായി ഫോണില്‍ വിളിച്ച് പ്രോത്സാഹനം തന്ന, തേജസിന്റെ സുഹൃത്തുക്കളില്‍ ഒന്നാമതായി സൈന്‍ ഇന്‍ ചെയ്ത സാബിറ സിദ്ദിഖ്.. മറക്കില്ല സാബിറ, താങ്കളുടെ ആ ഫോണ്‍ കാള്‍ ജീവിതത്തില്‍ ഒരിക്കലും..
ഇനിയും പേരെടുത്ത് പറയേണ്ട വ്യക്തിത്വങ്ങള്‍ നിരവധി. എന്റെ വിഷമങ്ങളുടെയും സന്തോഷങ്ങളുടെയും മാറാപ്പ് ഞാന്‍ തുറക്കുമ്പോള്‍ ക്ഷമയോടെ അതെല്ലാം കേട്ട് എന്റെ കൊച്ച് സന്തോഷങ്ങളില്‍ പങ്കുചേരുകയും വിഷമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത്
എല്ലാത്തിനുമുപരിയായി ഞാന്‍ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കുന്ന ഒരു ഫോണ്‍കാളുണ്ട്. ഓര്‍കൂട്ടിലൂടെയും മെയിലിലൂടെയും കമന്റുകളിലൂടെയുമുള്ള എന്റെ ശല്യം സഹിക്കാതെയാവണം ഒരു ദിവസം രാവിലെ എനിക്കൊരു ഫോണ്‍ . ഗള്‍ഫില്‍ നിന്നാണ്. ഓ.. എന്റെ ഏതേലും ആരാധികയാവും (ആരാധകനെയൊക്കെ ആര്‍ക്ക് വേണം!!) എന്ന് കരുതി അല്പം ബാസൊക്കെ ഇട്ട് ഞാന്‍ "ഹലോ" പറഞ്ഞു. അപ്പുറത്ത് നിന്ന് വളരെ ശാന്തമായ മറുപടി. "എന്റെ പേര് സജീവ് എന്നാണ്." "ഹും." ഞാനൊന്ന് മൂളി. കാരണം ഞാന്‍ ലോകം അറിയപ്പെടുന്ന ബ്ലോഗര്‍ ആണല്ലോ!! മാത്രമല്ല പ്രതീക്ഷിച്ച പോലെ ആരാധികയുമല്ല.. "വിശാലമനസ്കന്‍ എന്നൊരു പേരു കൂടി എനിക്കുണ്ട്." "എന്റമ്മേ" എന്ന അദ്ദേഹത്തിന്റെ മെയില്‍ വിലാസമാണോ അതോ "ഹെന്റമ്മേ" എന്ന എന്റെ വിളിയാണോ അന്നേരം എന്നില്‍ നിന്ന് പുറത്ത് വന്നതെന്ന് ഇന്നും എനിക്കറിയില്ല വിശാല്‍ജി!! ജോലിയില്‍ സ്ഥാനകയറ്റം കിട്ടിയപ്പോള്‍ വീട്ടുകാര്‍ക്ക് ജീരക മിഠായി വാങ്ങിക്കൊടുത്ത ഞാന്‍ അന്ന് ലഡുവാങ്ങി കൊടുത്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ എന്റെ സന്തോഷം. നന്ദിയുണ്ട് മാഷേ ആ വിശാലമനസ്കതക്ക്...
പറയാനാണെങ്കില്‍ ഇനിയുമെണ്ടേറെ നിരസിക്കാനാവാത്ത സ്നേഹങ്ങള്‍
ഒരിക്കല്‍ കൂടി നിങ്ങളുടെ സഹകരണം തേജസില്‍ ഉണ്ടാവുമെന്ന വിശ്വാസത്തോടെ.