ഞായറാഴ്‌ച, മേയ് 23, 2010

ഗാന്ധര്‍വ്വമോക്ഷം

വർഷത്തെ പ്രോഫഷണൽ നാടകങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനും സംവിധാനത്തിനുമുൾപ്പെടെ എട്ട്‌ അവാർഡുകളുമായി കലാധാര കലാവേദിയുടെ ഗാന്ധര്‍വ്വമോക്ഷം അവാർഡുകളിൽ നിറഞ്ഞു നിന്നു. അകാലത്തിൽ മലയാള നാടകവേദിയെ വിട്ട്‌ പിരിഞ്ഞ നടനും സംവിധായകനുമായ ശ്രീ കലാധാര ബാലനാണ് നാടകത്തിന്റെ സംവിധായകൻ. വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡ്‌ മരണാനന്തര ബഹുമതിയായി കലാകേരളം അദ്ദേഹത്തിനു സമർപ്പിക്കുന്നു. മറ്റു അവാർഡ്‌ വിവരങ്ങളിലേക്ക്‌.... ടി.വി. ഓഫ്‌ ചെയ്ത്‌ നാണുവാശാൻ ചാരുകസേരയിലേക്ക്‌ മെല്ലെ കിടന്നു. അകത്തെ മുറിയിൽ നിന്നും ബാലന്റെ വിധവ പൂർണ്ണിമയുടെ ഏങ്ങലടിയിൽ നാണുവാശാന്റെ മനസ്സ്‌ അസ്വസ്ഥമായി..

ടെലിഫോൺ തുടർച്ചയായി അടിച്ചുകൊണ്ടിരുന്നു. നാണുവാശാൻ ഒരു സ്തംഭം കണക്കെ ഇരിപ്പാണ്. വലിച്ചുവാരി ചുറ്റിയ സാരിയുടെ കോന്തലയിൽ കരഞ്ഞ്‌ കലങ്ങിയ കണ്ണൂകൾ ഒപ്പിക്കൊണ്ട്‌ പൂർണ്ണിമ റിസീവർ കൈയിലെടുത്തു.

"ഹലോ..." പൂർണ്ണിമയുടെ ശബ്ദം ചിലമ്പിച്ചിരുന്നു..

"ചേച്ചീ ഇത്‌ ഞാനാ.. ആശാനില്ലേ അവിടെ?" ബിജുവിന്റെ ശബ്ദം തിരിച്ചറിഞ്ഞ പൂർണ്ണിമ ഫോൺ ആശാനുനേരെ നീട്ടിയിട്ട്‌ വിതുമ്പിക്കൊണ്ട്‌ മുറിയിലേക്ക്‌ പോയി. നിർവ്വികാരനായി ആശാൻ റിസീവർ കൈപറ്റി. "ഹും" ഒരു മൂളൽ മാത്രം. അതിനപ്പുറം വാക്കുകൾ പിതാവിന്റെ തോണ്ടയിൽ കുടുങ്ങി.

"ആശാനേ.. വാർത്ത കേട്ടില്ലേ? അവിടെ ആരെങ്കിലും വിളിച്ചായിരുന്നോ? ഓഫീസിൽ എല്ലാവരും വന്നിട്ടുണ്ട്‌. നമ്മൾ എന്താ ചെയ്യേണ്ടത്‌?" ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യങ്ങൾ ചോദിച്ച ബിജു ദ്വേഷ്യം കൊണ്ട്‌ വിറക്കുകയായിരുന്നു..

പിന്നീട്‌ സംസാരിക്കാമെന്ന് പറഞ്ഞ്‌ ഫോൺ ഡിസ്കണക്റ്റ്‌ ചെയ്യുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്ന് നാണുവാശാനും അറിയില്ലായിരുന്നു. മരുമോളുടെ കണ്ണൂനീരിനു മുൻപിൽ തനിക്ക്‌ ഒന്നിനും കഴിയുന്നില്ല എന്ന തിരിച്ചറിവ്‌ കൂടുതൽ വിഷമിപ്പിച്ചു എന്ന് മാത്രം.

നാണുവാശാൻ വീണ്ടും കസേരയിൽ ഇരുന്നു. ഓരോന്ന് ഓർത്തു. യാതനകൾ ഒട്ടേറെ അനുഭവിച്ച ആദ്യകാലം..

തെരുവ്‌ നാടകങ്ങളുമായി നാടു ചുറ്റിയിരുന്ന കാലം. തന്നെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ഒരു കുടുംബം. പലപ്പോഴും നാടക കളരിയിൽ തന്നെയായിരുന്നു താമസവും. ഭാര്യയും മകനും മകളും യാതൊരു പരാതികളുമില്ലാതെ എന്നും കൂടെയുണ്ടായിരുന്നു. മക്കളുടെ വിദ്യാഭ്യാസം പോലും തന്നിലെ നാടകക്കാരൻ മറന്നു. അല്ലെങ്കിലും ഊരു തെണ്ടി നടക്കുമ്പോൾ എങ്ങിനെയാ പഠനത്തെക്കുറിച്ചൊക്കെ ചിന്തിക്കുന്നേ. മാത്രവുമല്ല, തന്റെ വിപ്ലവമനസ്സിൽ അന്ന് നാടകം മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ. അങ്ങിനെ എപ്പോഴോ ബാലനും തെരുവുനാടകകാരിൽ ഒരുവനായി. പലപ്പോഴും തങ്ങളുടെ നാടകങ്ങൾ ഉന്നതരായ പലരേയും അസ്വസ്ഥരാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, അല്ലെങ്കിൽ പലപ്പോഴായി പലരിൽ നിന്നും മുന്നറിയിപ്പ്‌ കിട്ടിയിട്ടും അതേ വഴി തുടർന്നതിനുള്ള ശിക്ഷ..!! തന്റെ ഭാര്യയെയും മകളെയും തെരുവു വേശ്യകളെന്ന് ചിത്രീകരിച്ച്‌ ജയിലിലടച്ച്‌ പീഢിപ്പിച്ചു സാമദ്രോഹികൾ. അവരുടെ സ്വാധീനശക്തിക്ക്‌ മുൻപിൽ തകർന്ന് പോയില്ലേ അന്ന്. സമിതിയംഗങ്ങളുടെ പിൻതുണ കൊണ്ട്‌ മാത്രമാണ് വീഴാതെ ഇരുന്നത്‌. ഒടുവിൽ നാട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ, ജയിലഴികൾക്കുള്ളിൽ വച്ച്‌ ഏമാന്മാർ പാകിയ വിത്തുകൾ മുളപൊട്ടി എന്ന തിരിച്ചറിവിൽ അടുത്തുള്ള പുഴയുടെ ആഴങ്ങളിൽ കണ്ണാരം പൊത്തിക്കളിക്കാൻ ഒന്നിച്ച്‌ കൈപിടിച്ചിറങ്ങിയ അമ്മയും മകളും!! ഒരു തരം മരവിപ്പോടെ മാത്രമേ ഇന്നും തനിക്കത്‌ ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.

അതോട്‌ കൂടി തളർന്ന് പോയി. എല്ലാം അവസാനിപ്പിച്ചതാണ്. പക്ഷെ, ബാലൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവൻ നാടകം ഉപജീവനമാർഗ്ഗമാക്കാൻ തിരുമാനിച്ചു. പല സമതികളിലായി ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി, പതുക്കെ അവൻ അറിയപ്പെടാൻ തുടങ്ങി. എന്നാലും തെരുവുനാടകക്കാരന്റെയും തെരുവുവേശ്യയുടെയും മകൻ എന്ന വിളിപ്പേരു അവനെ വിട്ട്‌ പോയില്ല. ഒന്നിനെക്കുറിച്ചും അവൻ ചിന്തിച്ചില്ല. ഒരു പെണ്ണിനെക്കുറിച്ച്‌ പോലും. ഒടുവിൽ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല. കൂടെ നായികയായി അഭിനയിക്കാൻ വന്ന പെൺകുട്ടിയെയും അവനെയും ചേർത്തായി പുതിയ കഥകൾ... ഒടുവിൽ നാടകത്തിനായി പലപ്പോഴും ഉറക്കം പോലും ഉപേക്ഷിച്ച അവൾ ഒരു കുഞ്ഞുകുപ്പിയുടെ സഹായത്തോടെ നിത്യനിദ്രയെ മാറോടണക്കാൻ തുനിഞ്ഞപ്പോൾ, പാതികൂമ്പിയ കണ്ണുകളുമായി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ അവൾക്ക്‌ കാവലിരിക്കുമ്പോൾ അവളെ കൂടെകൂട്ടാൻ അവൻ തിരുമാനിച്ചിരുന്നു.. എന്നിട്ട്‌ പോലും ബാലൻ നാടകകളരിയെ വിട്ടുപിരിഞ്ഞില്ല.. കൂടെയുണ്ടായിരുന്നവർ നൽകിയ ആത്മബലത്തിന്റെ പിൻതുണയോടെ സ്വന്തം ട്രൂപ്പ്‌ എന്ന സംരംഭവുമായി അവൻ മുന്നോട്ട്‌ വന്നപ്പോൾ പുറംതിരിഞ്ഞ്‌ നിൽക്കാൻ തനിക്കും കഴിഞ്ഞില്ല. നേരിന്റെ നേർക്കുള്ള കണ്ണാടിയാവണം നാടകമെന്നും നാടകവും ജീവിതവും രണ്ടല്ല എന്നും വിശ്വസിച്ച്‌ ജീവിച്ച ഞങ്ങൾക്കൊക്കെ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

വീണ്ടും ഫോൺ റിംഗ്‌ ചെയ്യുന്നത്‌ കേട്ട്‌ നാണുവാശാൻ എഴുന്നേറ്റു. ഓഫീസിൽ നിന്നും തന്നെയാണ്. അവിടെ എല്ലാവരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് ചെന്നിട്ട്‌ വരാമെന്നും പൂർണ്ണിമയോട്‌ പറഞ്ഞ്‌, അവൾക്ക്‌ മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങി. പുറകിൽ ഒരു തേങ്ങൽ അമർത്താൻ കുട്ടി പാട്‌ പെടുന്നത്‌ മനസ്സിലായി. "മോളേ". വാക്കുകൾ തോണ്ടയിൽ കുടുങ്ങുന്നത്‌ ശരിക്കറിഞ്ഞു.

"ഇല്ല.. അച്ഛൻ പൊക്കോളൂ.. എനിക്കൊന്നും ഇല്ല.. പോയി ഉചിതമായ തീരുമാനങ്ങൾ എടുക്കൂ അച്ഛാ... അച്ഛൻ കൂടി തളർന്നാൽ പിന്നെ...." സത്യത്തിൽ മരുമോളോട്‌ ബഹുമാനം കൂടിയ നിമിഷങ്ങൾ. ഇവൾക്കിതെങ്ങിനെ സാധിക്കുന്നു!!


നാണൂവാശാൻ പോയി കഴിഞ്ഞപ്പോൾ അടക്കിവച്ചിരുന്ന കരച്ചിൽ മുഴുവൻ പൂർണ്ണിമയിൽ നിന്നും അണപൊട്ടി. ആശാന്റെ മുൻപിൽ വച്ച്‌ കണ്ണ് നനയരുതെന്ന് തിർച്ചപെടുത്തിയിരുന്നു. അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുതെന്ന് ബാലേട്ടനു നിർബന്ധമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.. കണ്ണുകൾ തെക്കേതൊടിയിലേക്ക്‌ പാളി. അദ്ദേഹത്തെ ദഹിപ്പിച്ച സ്ഥലത്ത്‌ നവധാന്യങ്ങൾ മുളപൊട്ടിയിട്ടുണ്ട്‌. കുഞ്ഞ്‌ തുളസി കാറ്റിൽ ആടുന്നു. ‘സാരമില്ലെടോഎന്ന് പറയും പോലെ. അച്ഛനെ അടക്കിയതിനടുത്ത്‌ എന്തോ തിരഞ്ഞ് കൊണ്ട് ദയമോൾ നിൽക്കുന്നു. ഒരു പക്ഷെ അവൾക്കുള്ള കൈനീട്ടം നൽകാതെ ഒളിച്ചിരിക്കുന്നതിനുള്ള പയ്യാരം പറയുകയാവും. പാവം കുഞ്ഞ്‌!! മനസ്സിൽ നിന്നും ദിവസം മായുന്നില്ല. ഇന്നിപ്പോൾ പതിനേഴ്‌ രാത്രികൾ പിന്നിട്ടെന്ന് തോന്നുന്നേയില്ല.

രാവിലെ ശരിക്കൊന്ന് യാത്രകൂടി പറയാതെയല്ലേ അന്ന് ബാലേട്ടൻ പോയത്‌. അവസാനയാത്രയാവുമതെന്ന് ഒരിക്കലും നിരീച്ചില്ല. ചെറുതായി ഒന്ന് പിണങ്ങുകയും ചെയ്തല്ലോ ഞാനാ പാവത്തോട്‌.

അന്ന് വിഷുവായിരുന്നു. രാവിലെ എഴുന്നേൽക്കുന്ന ശീലം പൊതുവെ കുറവായതിനാൽ കണികാണാനൊന്നും വിളിച്ചില്ല. അല്ലെങ്കിലും കോഴി കൂവാറാവുമ്പോൾ വീട്ടിൽ വന്ന് കട്ടിലിലേക്ക്‌ തളർന്ന് വീഴുന്ന നാടകക്കാരന് എന്ത്‌ വിഷുക്കണി. ഫോൺ റിംഗ്‌ ചെയ്യുന്നത്‌ കേട്ടിട്ടും പുതപ്പ്‌ തലവഴി മൂടി കിടക്കുന്ന ബാലേട്ടനെ കണ്ടപ്പോൾ പാവം തോന്നി.

"ദേ ഫോൺ അടിക്കുന്നു, ഒന്നെഴുനേൽക്കെന്നേ.. വിഷുവായിട്ട്‌." ഒരു വിധം കുത്തിപൊക്കി. ഫോൺ അറ്റെന്റ്‌ ചെയ്ത്‌ കഴിഞ്ഞ്‌ കാര്യം പറഞ്ഞപ്പോൾ തന്നെ വിളിക്കാതിരുന്നാൽ മതിയായിരുനെന്ന് തോന്നി. ചങ്ങനാശ്ശേരിയിൽ നാടകം ഇന്ന് കളിക്കണമത്രെ. പരിപാടിയിൽ എന്തോ ഭേദഗതി. വേണ്ടപ്പെട്ട ആൾക്കാരാ. ഒഴിവു പറയാൻ പറ്റില്ല. അത്‌ തനിക്കും അറിയാം. എന്നാലും... ഇന്ന്..വിഷുവായിട്ട്‌..അറിയാം, ഇത്‌ നാടകക്കാരന്റെ വിധിയാണെന്ന്. വേണ്ടപ്പെട്ടവർ മരിച്ച്‌ കിടന്നാൽ പോലും ബുക്ക്‌ ചെയ്ത ദിവസം കളിനടന്നേ പറ്റു. ഒത്തിരി കുടുംബങ്ങളുടെ ജിവിത മാർഗ്ഗമാണ്. പക്ഷെ, അന്നേരം അതൊന്നും മനസ്സിൽ തോന്നിയില്ല. ഒരു സാദാ വീട്ടമ്മയാവാനേ കഴിഞ്ഞുള്ളു.

മോൾക്ക്‌ ഇനി അച്ഛന്റെ കൈനീട്ടം മാത്രമേ കിട്ടാനുള്ളൂന്ന് പറഞ്ഞു പിണങ്ങിയാ അപ്പുറത്തെ വീട്ടിലേക്ക്‌ പോയതെന്ന് പറഞ്ഞു നോക്കി. അപ്പോൾ അവളെ വിളിക്കെന്നായി. കൊടുത്തിട്ട്‌ പോകാത്രെ.. അതു കേട്ടപ്പോൾ എന്തോ വീണ്ടും വഴക്കടിക്കാനാ തോന്നിയത്‌. വിളിക്കാൻ കൂട്ടാക്കിയുമില്ല. ബാലേട്ടൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ഞാൻ പിണങ്ങിയാൽ ഒന്നും മിണ്ടാതെ കേൾക്കാറാ പതിവ്‌. അപ്പോഴേക്കും നാടക വണ്ടി വന്നിരുന്നു. വണ്ടിയിൽ കയറിയിട്ട്‌ തിരിഞ്ഞെന്നെ നോക്കി. അത്‌ പതിവില്ലാത്തതാണ്. അത്‌ അവസാന നോട്ടമാണെന്ന്.... മനസ്സ്‌ ഇപ്പോളും വിങ്ങുകയാണ്. എന്തോ തെറ്റു ചെയ്തപോലെ..

പക്ഷെ ബാലേട്ടനു തന്നോട്‌ പിണക്കമൊന്നും ഇല്ലായിരുന്നല്ലോ? അല്ലെങ്കിൽ പിന്നെ, പോകുന്ന വഴി അരമണിക്കൂറിനു ശേഷം ഇങ്ങോട്ട്‌ വിളിക്കുമോ? അതും പതിവില്ലാത്തതായിരുന്നു. വിളിച്ചിട്ട്‌ മോളോട്‌ പിണങ്ങരുതെന്നും രാത്രി വരുമ്പോൾ അവളുടെ കൈനീട്ടം തരുമെന്നും പറയാനും... അച്ഛനോട്‌ പറയാതെയാണ് പോന്നതെന്നും ധൃതിയിൽ മറന്നാതാണെന്ന് സൂചിപ്പിച്ചേക്കണമെന്നും ഒപ്പം വിഷു കഞ്ഞി എടുത്ത്‌ വേച്ചേക്കണമെന്നുംഅങ്ങിനെ അങ്ങിനെകൂടെ കുറെ സോറിയും പറഞ്ഞു. അപ്പോളും അതൊന്നും അവസാനമായി തന്നെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതാണെന്ന് തോന്നിയില്ല. പാവത്തിന്റെ അവസ്ഥയോർത്ത്‌ സങ്കടം വന്നു. ഇപ്പോൾ അച്ഛൻ കളിക്ക്‌ പോകാത്തത്‌ കാരണം ഉത്തരവാദിത്വങ്ങൾ ഏറിയിരിക്കുന്നല്ലോ എന്നത്‌ താൻ മറക്കാൻ പാടില്ലായിരുന്നെന്ന് ഓർത്തുപോയി.

അടുക്കളയിലെ പണികളൊക്കെ തിർക്കുന്നതിനിടയിലാണ് അച്ഛനോട്‌ പറഞ്ഞില്ലല്ലോ എന്നോർത്തത്‌. വരാന്തയിലേക്ക്‌ ചെല്ലുന്നതിനിടയിൽ വീണ്ടും ഫോൺ റിംഗ്‌ ചെയ്തു. എടുത്തപ്പോൾ ബിജുവായിരുന്നു. "ചേച്ചീ" എന്തോ ഒരു പന്തികേട്‌ തോന്നി വിളിയിൽ. ആശാനെന്തിയേ എന്ന് ബിജു ചോദിച്ചപ്പോൾ തിരിച്ച്‌ ബാലേട്ടനെന്തിയേ എന്ന് ചോദിച്ചുപോയി. എന്തോ . . അങ്ങിനെ തോന്നി. ഫോണിന്റെ മറുതലക്കൽ എന്തൊ ഒരു പന്തിയില്ലായ്മ തോന്നിയതിനാൽ വീണ്ടും വീണ്ടും ചോദിച്ച്‌ കൊണ്ടിരുന്നതോർമ്മയുണ്ട്‌. പിന്നെ ബിജു പറഞ്ഞതൊന്നും ഇന്നും വിശ്വസിക്കാൻ മനസ്സ്‌ സമ്മതിക്കുന്നില്ല. ഇവിടേക്ക്‌ വിളിച്ച്‌ കഴിഞ്ഞ്‌ വണ്ടിയിൽ വച്ച്‌ തന്നെ പതിവു പോലെ ഒരു ചെറിയ റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ. പിറകിൽ നിന്നും നിയന്ത്രണം വിട്ട്‌ വന്ന ഒരു ലോറി.. ട്രൂപ്പിന്റെ വണ്ടിയിൽ ഇടിച്ചെന്നോ... പിറകിൽ നിന്ന് റിഹേഴ്സൽ എടുക്കുകയായിരുന്ന ബാലേട്ടൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച്‌ മുൻപിൽ വീണെന്നോ.. ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ഏതോ ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും.... എല്ലാം കേട്ടത്‌ താൻ തന്നെയാണോ എന്ന് തോന്നി. ബോധം മറയുന്നപോലെയും.

വണ്ടിയിൽ നിന്നും നാണുവാശാനോടൊപ്പം ഇറങ്ങുമ്പോൾ ബാലേട്ടാ എന്ന് അലറിവിളിച്ച്‌ ഓടി വരുന്ന പൂർണ്ണീമേച്ചിയെ ആണ് കണ്ടത്‌. വന്നത്‌ ഞങ്ങളാണെന്ന് മനസ്സിലാക്കിയപ്പോൾ സാരിത്തുമ്പ്‌ കടിച്ച്‌ പിടിച്ച്‌ പാവം ഉൾവലിഞ്ഞു. ചിലപ്പോൾ അന്നത്തെ ഓർമ്മയാവും. അന്നും ഇങ്ങിനെ തന്നെയായിരുന്നു. അലമുറയിട്ട്‌ കൊണ്ട്‌.. ബിജു അന്നത്തെ ദിവസത്തിലേക്ക്‌ ഊളിയിട്ടു.

വണ്ടിയുടെ പിറക്‌ വശത്തായി നാടകത്തിന്റെ ക്ലൈമാക്സിലെ ഒരു മരണരംഗം റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ.. ഒറ്റക്കുള്ള സീനായിരുന്നു.. മാത്രമല്ല നാടകത്തിന്റെ മർമ്മവും അത്‌ തന്നെ. ഞങ്ങളെല്ലാം വികാരഭരിതമായ അഭിനയം കണ്ട്‌ കോരിത്തരിച്ച്‌ ഇരിക്കുകയാണ്. പെട്ടെന്ന് വണ്ടി ഒന്ന് പാളി. എന്താണെന്ന് ശരിക്കും മനസ്സിലായുമില്ല. ബാലേട്ടൻ തെറിച്ച്‌ മുന്നിൽ വീഴുന്നത്‌ കണ്ടു. പിന്നീട്‌ കാണുന്നത്‌ നിലത്ത്‌ വേദനകൊണ്ട്‌ പിടയുന്ന ബാലേട്ടനെയാ.. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോളേക്കും...... എല്ലാം കഴിഞ്ഞ്‌ ബോഡി ഹോസ്പിറ്റലിൽ നിന്നും ആംബുലൻസിലേക്ക്‌ കയറ്റുമ്പോഴേക്കും ഒരു വൻ ജനാവലി തന്നെ അവിടെ തടിച്ച്‌ കൂടിയിരുന്നു. എന്നും എല്ലാവരുടേയും കണ്ണിലെ കരടായിരുന്ന ഞങ്ങളുടെ ബാലേട്ടൻ പെട്ടെന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായ പോലെ!! അതുല്യ പ്രതിഭയുടെ ഭൗതീക ശരീരം 8 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ നിന്നും വിട്ടിലെത്തിക്കാൻ വേണ്ടി വന്നത്‌ 8 മണിക്കൂറോളം ആയിരുന്നു. അതുവരെ ശത്രുക്കൾ ആയിരുന്നവരെല്ലാം പെട്ടെന്ന് മിത്രങ്ങളായി. ഞെട്ടൽ രേഖപ്പെടുത്തലായീ.. മുതലകണ്ണീരായി... തെരുവുവേശ്യയുടെ മകനിൽ നിന്നും ബാലേട്ടൻ നടനകലയുടെ തമ്പുരാനിലേക്ക്‌ എടുത്തുയർത്തപ്പെട്ടു. ഫൂ..!! കള്ള നായിന്റെ മക്കൾ..!!! എന്നിട്ടിപ്പോൾ അവർ ശവകുടീരത്തിൽ അവസാന ആണികൂടി അടിക്കുകയാ. മികച്ച സംവിധായകൻ... ആഗ്രഹിച്ചിരുന്നു ബാലേട്ടൻ അത്‌.. ഒരിക്കൽ... പക്ഷെ, ഇത്‌.. അന്നത്തെ ചേച്ചിയുടെ ആർത്തലച്ചുള്ള കരച്ചിൽ..ഒന്നും മിണ്ടാതെ ഇരിക്കുന്ന ആശാൻ.. പകപ്പോടെ എല്ലാം കണ്ട കൊച്ചുദയമോൾ.

ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക്‌ പിണക്കമില്ല. അച്ചായിയോട്‌ മിണ്ടാൻ പറ മാമാ..” ദയമോളെ വാരിയെടുത്ത്‌ തിരിഞ്ഞ്‌ നോക്കുമ്പോൾ വിതുമ്പിക്കരയുന്ന ചേച്ചി.. തകർന്നിരിക്കുന്ന ആശാൻ... ചേച്ചിയുടെ നെറ്റിയിൽ ഇന്നും മായാതെ നിൽക്കുന്ന പടർന്നൊലിച്ച സിന്ദൂരത്തിന്റെ ചെറിയ ഭൂപടം. അതാ ബാലേട്ടനെ അവിടെ കണ്ടാല്ലോ.. ഇപ്പോൾ.. ബാലേട്ടൻ അവിടെയിരുന്ന് എന്തോ പറയും പോലെ.. എടാ ബിജുവേ എന്ന് വിളിക്കും പോലെ... സിന്ദൂരപൊട്ടിൽ എന്റെ ബാലേട്ടന്റെ ആത്മാവ്‌ ഉറങ്ങുന്നുണ്ട്‌. എനിക്ക്‌ കാണാം എന്റെ ബാലേട്ടനെ അവിടെ.

ഒരു നനുത്ത കാറ്റായി ഗന്ധർവ്വൻ എല്ലാവരെയും തഴുകുന്നുണ്ടോ? എല്ലാവരുടേയും മുഖത്ത്‌ എന്തോ ഒരു പുതിയ തീരുമാനത്തിലെത്തിയതിന്റെ ദാർഢ്യം. ഒരു സംവിധായകന്റെ ഭാവഹാവാദികളോടെ എല്ലാവർക്കും നിർദ്ദേശം കൊടുത്ത്‌ ബാലേട്ടൻ ഇവിടെയില്ലേ? പെട്ടെന്ന് എന്തോ തീരുമാനിച്ചപോലെ നാണുവാശാൻ എഴുന്നേറ്റു. ചേച്ചിയുടെ കണ്ണുകളിൽ പോലും എന്തോ നിശ്ചയിച്ച ഭാവം. ഒരു ടെലിപ്പതി പോലെ!!!

ഭിത്തിയിലെ ഫോട്ടോയിൽ ഇരുന്ന് എല്ലാം കണ്ട്‌ ബാലേട്ടൻ പുഞ്ചിരിതൂകി. ഫോട്ടോയുടെ അടിയിൽനിന്നും ഒരു ഗൗളി ചിലച്ച്‌ കൊണ്ട്‌ കുതിച്ചു.

ചൊവ്വാഴ്ച, മേയ് 18, 2010

അങ്ങിനെ ബ്ലോഗ്‌ മിറ്റ് തൊടുപുഴയില്‍ തന്നെ

ഒടുവിൽ ഒളിമ്പിക്സിലെ പോലെ , ഐ.സി.സി.ലോകകപ്പിലെ പോലെ, എന്തിനു ഐ.പി.എൽ ക്രിക്കറ്റിൽ പോലും ഉണ്ടാവാത്ത അത്ര വിശദമായ ചർച്ചകൾക്കൊടുവിൽ ബ്ലോഗ്‌ മീറ്റിന്റെ വേദി തീരുമാനിക്കപ്പെട്ടു. ആകാംഷാഭരിതമായ നിമിഷങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ വൻ നഗരങ്ങളുടെ തലയെടുപ്പിനോട്‌ മത്സരിച്ച്‌ ഒരു കൊച്ച്‌ പട്ടണം മീറ്റിന്റെ വേദിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതെ, കുമരകത്തെ തടാക റിസോർട്ടുകളുടെ സ്വച്ഛതയെയും, കായൽപറപ്പുകളിലെ ഓളങ്ങൾ താരാട്ട്‌ പാടുന്ന ബോൾഗാട്ടി കൊട്ടാരക്കെട്ടുകളുടെയും പെരുമയെ കാറ്റിൽ പറത്തിക്കൊണ്ട്‌ തൊടുപുഴയാറിന്റെ നാട്ടിലേക്ക്‌.. തൊടുപുഴപ്പട്ടണത്തിൽ നിന്നും രണ്ട്‌ കിലോമീറ്റർ മാത്രം അകലെയുള്ള "ജ്യോതിസ്സ്‌" എന്ന ഹാളിലേക്ക്‌ മീറ്റ്‌ പറിച്ച്‌ നടപ്പെട്ടു.


എവിടെ നടത്തിയാലും പങ്കെടുക്കണമെന്നത്‌ ഒരാഗ്രഹമാണു. മറ്റൊന്നുമല്ല, ബ്ലോഗിൽ കാലുകുത്തിയ (ഹെയ്‌ അങ്ങിനെ പറയോ, വേണ്ട തർക്കത്തിനില്ല, കീബോർഡ്‌ കുത്തിയ എന്ന് മാറ്റിവായിക്കാനപേക്ഷ) അന്ന് മുതൽ കേൾക്കുന്നതാ ബ്ലോഗ്‌ മീറ്റുകളുടെ വർണ്ണനകൾ!! കഴിഞ്ഞ വട്ടം എന്റെ കൂടി നാടായ ചെറായിയിൽ മീറ്റ്‌ നടന്നപ്പോൾ പങ്കെടുക്കാൻ പറ്റിയില്ല. കാരണം മീറ്റിൽ പങ്കെടുക്കാനുള്ള മിനിമം യോഗ്യതയായ ഒരു ബ്ലോഗ്‌ പ്രോഫെയിൽ ഇല്ലായിരുന്നു. അല്ലെങ്കിൽ പിന്നെ ഏതെങ്കിലും ബ്ലോഗറുടെ ഭർത്താവോ ഭാര്യയോ മക്കളോ ആവണം പോലും !! പിന്നെ, ഇനിയിപ്പോൾ അതിനുവേണ്ടി രണ്ടാമത്‌ ഒന്ന് കെട്ടാമെന്ന് വെച്ചാൽ, വെച്ചേക്കില്ല ഇപ്പോളുള്ള പൊണ്ടാട്ടി. അതിനാൽ ആ വാർത്തകൾ വായിച്ച്‌ നെടുവീർപ്പിട്ട്‌ പണ്ടാരടങ്ങി ഇരിക്കുമ്പോളാണു ദേ വരുന്നു പാവപ്പെട്ടവൻ ദൈവദൂതനെപോലെ ഒരു മീറ്റുമായി.. ഉടനെ കമന്റുമിട്ട്‌ കാത്തിരിപ്പായി. ഏതായാലും എന്നെപ്പോലുള്ള ബ്ലോഗിലെ ശിശുക്കളെയും പാവപ്പെട്ടവൻ മീറ്റിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തിലാണു ഇപ്പോൾ.. ബി.സി.സി.ഐ, ഐ.പി.എൽ ടീമുകളോട്‌ 19 വയസ്സിനു താഴെയുള്ള ഏതാനും കളിക്കാരെ നിർബന്ധമായും കളിപ്പിച്ചേക്കണം എന്ന് പറഞ്ഞത്‌ പോലെ പാവപ്പെട്ടവനോടും പറഞ്ഞോ ആവോ? ഏതായാലും പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ പിന്നെ നേഴ്സറി പിള്ളേർക്ക്‌ ഉള്ള പോലുള്ളപോലെ കുറേ സംശയങ്ങൾ എനിക്കുമുണ്ട്‌.. ഒരു കമന്റിൽ തീർക്കണ്ട.. ഞാനും ഇമ്മിണി വല്യൊരു കുഞ്ഞ്‌ ബ്ലോഗറാ എന്ന് കാട്ടിയേക്കാം എന്ന് കരുതിയാ ഒരു പോസ്റ്റ്‌ ഇടുന്നത്‌. പാവപ്പെട്ടവനെ, ഈ പാവപ്പെട്ടവനു കൊട്ടേഷൻ കൊടുക്കല്ലേ.. മീറ്റിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ട്‌ മനുഷ്യനെ പേടിപ്പിക്കാൻ ഒരു പോസ്റ്റുമിട്ട്‌ ചിരിച്ചോണ്ടിരിക്കുന്ന ഹരീഷേ പൊറുക്കണേ.. അത്‌ കൊണ്ട്‌ നിങ്ങളെ രണ്ട്‌ പേരെയും സോപ്പിടാനായി ഞാൻ ആദ്യം പാവപ്പെട്ടവന്റെ പോസ്റ്റ്‌ ഇവിടെ ഒന്ന് റീപോസ്റ്റട്ടെ. ഈ റീമിക്സ്‌ എന്നൊക്കെ പറയും പോലെ എന്റെ വകയായി പങ്കെടുക്കുന്നവരുടെയും വരമ്പത്ത്‌ നിൽക്കുന്നവരുടെയും പ്രോഫെയിൽ ലിങ്കും ഒപ്പം മീറ്റ്‌ നടക്കുന്ന ഹാളിന്റെ ഒരു നിശ്ചലചിത്രവും വെക്കുന്നു.. (ഇതാ പറയുന്നേ ഗ്രഹണ സമയത്ത്‌ ഞാഞ്ഞൂളും തലപൊക്കുമെന്ന്!!!)


(മീറ്റ് നടക്കുമെന്ന് അറിയിച്ചിരിക്കുന്ന ഹാൾ)

പാവപ്പെട്ടവന്റെ പോസ്റ്റ്‌


“അപ്പോള്പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് വര്ഷത്തെ നമ്മുടെ കൂടിച്ചേരല്നടക്കുന്നത് ....മീറ്റിന്റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്കിയ സാഹചര്യത്തില്ഒരുക്കങ്ങള്ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...


തൊടുപുഴക്കടുത്ത് ഹരീഷിന്റെ വീടിനടുത്തുള്ള ജ്യോതിസ്എന്ന ഹാളിലായിരിക്കും (2 കിമീ ഫ്രം തൊടുപുഴ ടൌണ്‍) സൌഹൃദ സമ്മേളനം നടത്തപ്പെടുക. ടൌണില് നിന്നും ആഡിറ്റോറിയത്തിലെത്തിപ്പെടുവാനുള്ള സൌകര്യങ്ങള് അറേഞ്ച് ചെയ്യുന്നതാണ്. കൂടുതള് വിശദാംശങ്ങള് മീറ്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില് അറിയിക്കുന്നതായിരിക്കും. തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്ക്ക് റൂം ബുക്ക് ചെയ്യണമെങ്കില്നേരത്തെ അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.


ടി മീറ്റില്‍ സംബന്ധിക്കുവാന്‍ ഉറപ്പു നല്‍കിയിയിരിക്കുന്നവരും, വരമ്പത്തു നില്‍ക്കുന്നവരും..:)


1. പാവപ്പെട്ടവൻ
2.
ജയരാജ്
3.
ജോ
4.
സജി മാര്ക്കോസ് (ഹിമാലയച്ചായന് !!)
5.
ചാണക്യന്
6.
അനില്@ബ്ലോഗ്
7.
ലതികാ സുഭാഷ്
8.
സതീഷ് പൊറാടത്ത്
9.
ഹരീഷ് തൊടുപുഴ
10.
മനോരാജ്

11. പാവത്താന്
12.
ശിവാ
13.
സരിജ
14.
കൂതറ ഹാഷിം
15.
ഹൻല്ലലത്ത്
16.
സുനിൽ കൃഷ്ണൻ
17.
പ്രയാൺ
18.
എഴുത്തുകാരി
19.
കാന്താരിക്കുട്ടി
20.
നന്ദകുമാർ
21.
പൊങ്ങുമ്മൂടൻ
22.
അപ്പൂട്ടൻ
23.
മിക്കി മാത്യൂ
24.
നാട്ടുകാരൻ
25.
കൊട്ടോട്ടിക്കാരൻ
26.
എൻ.ബി.സുരേഷ്
27.
മുരളിക
28.
ശങ്കെർ
29.
നാസ്
30.
ഡോക്ടർ
31.
ലെക്ഷ്മി ലെച്ചു
32.
യൂസുഫ്പാ
33.
സോജന്
34.
ഷെറീഫ്ഫ് കൊട്ടാരക്കര
35.
നിരക്ഷരൻ (?)
36.
ശ്രീ (?)
37.
കുമാരൻ (?)
38.
ജിക്കു (?)
39.
ബോൺസ് (?)
40.
ജയൻ ഏവൂർ (?)
41.
വേദ വ്യാസൻ (?)
42.
ചിത്രകാരൻ (?)
43.
സന്ദീപ് സലിം (?)
44.
നൌഷാദ് വടക്കേൽ
45.
ഷിജു (?)
46.
ചാണ്ടിക്കുഞ്ഞ്
47.
ധനേഷ്
48.
തണല്‍(ഇസ്മായില്കുറുമ്പടി) (?)

49. രഘുനാഥൻ

50. വികെ ?

51. കൃഷ്ണകുമാർ

52. മുഖ്താർ ഉദരം പൊയ്യിൽ

53. പേരൂരാൻ

54. വി.രാജേഷ്

55. തെച്ചിക്കോടൻ (?)

56. എസ്. എം. സാദിക്ക്
57. തലയമ്പലത്ത് (?)
58. കൊച്ചുതെമ്മാടി

59. ഒഴാക്കൻ (?)

60. വെള്ളായനി വിജയൻ
61. സൂരജ് (?)
62. ജെയിംസ് സണ്ണി പാറ്റൂർ (?)

63 മുഫാദ് (ഫറൂഖ് മുഹമ്മദ്)
ഇനി എന്റെ സംശയങ്ങളിലേക്ക്‌..

1. മീറ്റിനെ സമയം? (10നോ അതിനു ശേഷമോ തുടങ്ങി 3 നോ അതിനു മുൻപോ കഴിഞ്ഞാൽ ദൂരെയുള്ളവർക്ക്‌ സന്തോഷമായിരിക്കും)

2. തലേദിവസം എത്തുന്ന മഹാന്മാർക്കും മഹതികൾക്കും താമസിക്കാനുള്ള സംവിധാനം?

3. തൊടുപുഴയിൽ നിന്നും മീറ്റ്‌ നടകുന്ന ഹാളിലേക്ക്‌ എത്തപ്പെടാനുള്ള വഴി? ഇനി തൊടുപുഴ ശരിക്കറിയാത്തവർക്ക്‌ അവിടെയെത്താനുള്ള വഴിയും അറിയിച്ചാൽ ഞാൻ കൃതാർത്ഥനായി..

4. പിന്നെ മീറ്റിലെ മുഖ്യ അജൻഡയായ ഈറ്റിന്റെ ഒരു ചെറിയ വർണ്ണന.. ഹ..ഹ (എത്ര ദിവസം പട്ടിണികിടക്കണമെന്ന് തീരുമാനിക്കാല്ലോ?)

5. അവസാനചോദ്യം. ആദ്യം ചോദിക്കേണ്ടതാണ്. പക്ഷെ, നമുക്ക്‌ കൈനഷ്ടം വരുത്തുന്ന ചോദ്യങ്ങൾ അവസാനത്തേക്ക്‌ വെക്കുന്നതല്ലേ നല്ലത്‌ എന്ന് കരുതി. അതായത്‌ മീറ്റ്‌ നടത്തുന്നതിനു ചെലവുണ്ടാവും. മാത്രവുമല്ല നടത്തുന്നത്‌ ഒരു പാവപ്പെട്ടവനും!! അപ്പോൾ തലയൊന്നിനു എത്രയാ വില നിശ്ചയിച്ചിരിക്കുന്നേ? ഒപ്പം ആരെയൊക്കെ പങ്കെടുപ്പിക്കാം. ഇതൊക്കെയാണ് എന്നിൽ ഉരുത്തിരിഞ്ഞ കുനിഷ്ഠ്‌ സംശയങ്ങൾ..


ഇനി ഒരു അപേക്ഷ : ഇത്‌ വരെ മീറ്റിനെ കുറിച്ചറിയാത്ത ബ്ലോഗർമാരുണ്ടെങ്കിൽ, വരാൻ ആഗ്രഹമുള്ളവർ എല്ലാം പാവപ്പെട്ടവനെ അറിയിക്കുക. എല്ലാവരെയും പരിചയപ്പെടണമെന്ന് തന്നെ ആഗ്രഹം. പാവപ്പെട്ടവന്റെ പോസ്റ്റിലേക്ക്അപ്പോൾ വണ്ടി തൊടുപുഴക്ക്‌..


സുഹൃത്തുക്കളേ.. പാവപ്പെട്ടവന്റെ പുതിയ പോസ്റ്റിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചിരിക്കുന്നു. മങ്ങിയ കാഴ്ചകൾ കാണാൻ നമുക്ക് കണ്ണട സമ്മാനിച്ച / ഇനി എന്റെ കരളും പറിച്ചുകൊൾക.. ഇനി എന്റെ താളവും എടുത്തൂ കൊൾക...എന്ന് പാടിയ / പകയൂണ്ട് ഭൂമിക്ക്, പുഴകൾക്ക് മലകൾക്ക് പുകതിന്ന പകലുന്നും ദ്വേഷമുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിച്ച / ഓർമ്മിക്കുവാനായി ഓർമ്മിക്കണമെന്ന വാക്ക് മാത്രമോതിയ കവി , മുരുകൻ കാട്ടാക്കട നമ്മോടൊപ്പം ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നു!!!.. കണ്ണടയും ബാഗ്ദാദും, കർഷകന്റെ ആത്മഹത്യാക്കുറിപ്പും പകയും രേണുകയും എല്ലാം ബ്ലോഗ് മീറ്റിൽ വീണ്ടും മുഴങ്ങികേൾക്കട്ടെ.. നന്ദി പാവപ്പെട്ടവനെ..

തൊടുപുഴമീറ്റിനെ കുറിച്ച് ഹരീഷ് തൊടുപുഴയുടെ പോസ്റ്റിലേക്ക്..

ഞായറാഴ്‌ച, മേയ് 02, 2010

ഭാഗ്യം വില്‍ക്കുന്ന പെൺകുട്ടി

ഇരുട്ട് പരന്ന് തുടങ്ങി. രാമതീർത്ഥൻ നടത്തത്തിന്റെ വേഗം വർദ്ധിപ്പിച്ചു. ഇന്നിനി ആറരയുടെ പാസഞ്ചർ കിട്ടുമോ ആവോ? ആ ജോസഫ് അല്ലെങ്കിലും ഇങ്ങിനെയാ.. എന്നും വൈകിയേ വരു. അയാൾ വരാതെ തനിക്ക് പോരാൻ പറ്റില്ലല്ലോ? ജോലി അതായിപോയില്ലേ.. ചുറ്റും ഇരുട്ട് പരന്ന് തുടങ്ങി. രാമതീർത്ഥൻ വിയർത്ത് തുടങ്ങിയിരുന്നു. ആറരയുടെ പാസഞ്ചർ കിട്ടിയില്ലെങ്കിൽ പിന്നെ എല്ലാം തെറ്റും. ഈ വണ്ടി അവിടെ ചെല്ലുമ്പോൾ തന്നെ ബെല്ലടിക്കാൻ കാത്ത് അയ്യപ്പൻ കിടപ്പുണ്ടാവും. തിരക്കാണെങ്കിലും അതിൽ തുങ്ങിയില്ലേൽ പിന്നെ വീടിനടുത്തേക്കുള്ള അടുത്ത ബസ്സ് എട്ട് മണിയോടെയുള്ള റസിയയാണ്. അതാണേൾ ചിലപ്പോഴൊന്നും അവസാനട്രിപ്പ് ഓടാറുമില്ല. അല്ലെങ്കിൽ തന്നെ അത്രയും വൈകിയാൽ എങ്ങിനെയാ ശരിയാവുന്നേ.. വീട്ടിൽ സുഭദ്രയും രാജലക്ഷ്മിയും മാത്രമല്ലേ ഉള്ളൂ.. കാലം ശരിയല്ല..


ഒരു വലിയ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാമതീർത്ഥൻ. ഏതാണ്ട് നാൽപത്തഞ്ചിനോടടുത്ത് പ്രായം. വെളുത്ത നിറം. ഒരു പാവം നാട്ടിൻ പുറത്തുകാരൻ. രാത്രിയിൽ ജോലിക്ക് കയറാനുള്ള തന്റെ ബുദ്ധിമുട്ടിനെ ചൂഷണം ചെയ്യുന്ന ജോസഫിനെ അതുകൊണ്ട് തന്നെ പിണക്കാനും പറ്റില്ല.


റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഭാഗ്യം തീവണ്ടി ഉണ്ട്‌. ഒരു വിധം ഓടി തീവണ്ടിയിൽ കയറി. കമ്പാർട്ട്മെന്റിൽ വലിയ തിരക്ക്‌. ഓണം വെക്കേഷൻ തുടങ്ങിയ കാരണം കോളേജ് പിള്ളേർ മുഴുവൻ ഉണ്ട്‌. അവർ ആഘോഷത്തിലാണ്. അവരെ കൂടാതെ പിന്നെയുള്ളത് ഒരു ചെറിയ കുട്ടി മാത്രം. അല്ല.. ഇവളെ ഇതിനു മുൻപും കണ്ടിട്ടുണ്ടല്ലോ. ഇവൾ തീവണ്ടിയിൽ പാട്ട് പാടി നടന്നിരുന്ന കുട്ടിയല്ലേ. പക്ഷെ, അവളുടെ കൈയിൽ കുറേ ലോട്ടറി ടിക്കറ്റുകൾ.. ഒരു പക്ഷെ തനിക്ക് ആളുമാറിയതാവും.


പണക്കൊഴുപ്പിന്റെ താളമേളങ്ങൾക്കിടയിൽ ആ പട്ടിണികോലം അപകർഷതയോടെ ലോട്ടറി നീട്ടികൊണ്ടിരുന്നു. അവളുടെ കണ്ണുകളിലെ ദൈന്യത.. വല്ലാതെ നീറ്റലുളവാക്കുന്നു. ട്രെയിനിലെ ചില സ്ഥിരം പിള്ളേർ അവളോട് പാട്ട് പാടാൻ ആവശ്യപ്പെടുന്നുണ്ട്‌. അവൾ എന്തോ പാടുന്നില്ല.. പെൺകുട്ടികൾ ഉൾപെടെ എല്ലാവരും ചേർന്ന് അവളെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയാ.. അല്ലെങ്കിലും വീട്ടിലെ കാശിന്റെ ഹുങ്ക് ഇങ്ങിയെയൊക്കെയല്ലേ അവർ ആഘോഷിച്ച് തീർക്കുക. പണ്ടത്തെ പോലെയൊന്നുമല്ലല്ലോ.. ഒടുവിൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന വിലകൂടിയ ഒരു ഗുളികയിൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമായി അവർക്ക് എല്ലാം. ഓർക്കുമ്പോൾ പേടിയാ.. രാജിമോൾക്ക് ഇപ്പോൾ പ്രായം ഇരുപത്തിരണ്ടായി. കല്ല്യാണക്കാര്യങ്ങൾ ശരിയാവാത്തതിന്റെ വിഷമം.. വരുന്ന ചെറുക്കന്മാർക്കൊന്നും പെൺകുട്ടിയെ കാണാൻ പോലും സമയമില്ല. ബാക്കി കാര്യങ്ങൾ എങ്ങിനെ എന്നതാ ചോദ്യം. ഹാ, സാമ്പത്തീക ഭദ്രതയില്ലാത്ത തന്നെ പോലുള്ളവരുടെയൊക്കെ വിധി ഇതൊക്കെ തന്നെ.. സുഭദ്രക്കാണേൽ ഇപ്പോൾ ദേഷ്യവുമായിട്ടുണ്ട്‌. അവരുടെയൊക്കെ മുൻപിൽ ഇപ്പോൾ ഒരു കഴിവുകെട്ടവനായി മാറിയിരിക്കുകയാ..


കോളേജ് പിള്ളേരുടെ ആർപ്പുവിളി കേട്ട് സ്വപ്നലോകത്തിൽ നിന്നും കൺതുറന്നു. അവർ ആ കുട്ടിയെ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞ് കളിയാക്കുന്നുണ്ട്‌. ഇടയിൽ ഒരുവന്റെ കൈകൾ അവളുടെ ചന്തിക്ക് നേരെ.. കൂടെയിരിക്കുന്ന പെൺകുട്ടികൾ ചിരിച്ച് മറിയുന്നു. കരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയതാ. ഒരു നോട്ടത്തിൽ ഒതുക്കി. അവൾ ദയനീയമായി തന്റെ നേരെ നോക്കി. പിള്ളേരുടെ വൃത്തിക്കെട്ട കമന്റുകൾക്ക് ചെവികൊടുക്കാതെ അവളെ അടുത്തേക്ക് വിളിച്ചു.


"അവർ ടിക്കറ്റ് വാങ്ങില്ല എന്ന് മനസ്സിലാക്കിയിട്ടും എന്തിനാ നീ അവരുടെ അരികിൽ തന്നെ ചുറ്റിപറ്റി നിൽക്കുന്നേ?" മുൻപിൽ നിൽക്കുന്നത് രാജിമോൾ ആണെന്ന് ഒരു നിമിഷം മനസ്സിൽ ഓർത്തു.


"സാർ, ടിക്കറ്റ് വിറ്റുപോയാലേ എനിക്ക്‌...ഒരു ടിക്കറ്റ് വാങ്ങൂ സാർ.. ഭാഗ്യദേവതയല്ലേ?"


പൊട്ടിച്ചിരിക്കാനാ തോന്നിയത്‌. ഭാഗ്യം.. !! അതും തന്നെ പോലൂള്ള നിർഭാഗ്യവാന്മാർക്ക്‌. പക്ഷെ അവളുടെ കണ്ണുകളിൽ യാചനയുടെ ഭാവം.


"നിന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ? ഒരു കണ്ണുകാണാത്ത അമ്മയോടൊപ്പം.. പക്ഷെ, അന്ന് നിന്റെ കൈയിൽ ലോട്ടറിയില്ലായിരുന്നു എന്നാ ഓർമ്മ" അവളുടെ കൺകോണുകൾ നീരണിയുന്നത് കണ്ടു. എന്താണാവോ? അരുതാത്തത് എന്തെങ്കിലും പറഞ്ഞുപോയോ? എന്തിനാ കരയുന്നതെന്ന് ചോദിക്കുമ്പോൾ അവളുടെ വിളറിയ കവിളിൽ സ്നേഹത്തോടെ, വേദനിപ്പിക്കാതെ അടിച്ചു. കോളേജ് പിള്ളേർ അർത്ഥം വച്ചുള്ള മൂളലുകളും വൃത്തിക്കെട്ട കമന്റുകളും തുടങ്ങി. ചെവികൊടുത്തില്ല.. ഇവരോടൊക്കെ എതിർത്തുനിൽക്കാൻ ത്രാണിയില്ല. എല്ലാം വലിയ വീടുകളിലെ കൊച്ചുങ്ങളാവും. അവൾ പകപ്പോട് കൂടി തന്റെ നേരെ നോക്കികൊണ്ടിരുന്നു.


"എന്താ മോളേ. എന്തിനാ നീ കരയുന്നേ.."


"സാർ പറഞ്ഞത് ശരിയാ. ഞാൻ ആ പഴയ കുട്ടി തന്നെയാ.. കണ്ണുകാണാത്ത അമ്മയോടൊപ്പം കണ്ടിട്ടുള്ള.. വെറുതെ എല്ലാവരുടെയും മുൻപിൽ കൈനീട്ടാൻ തോന്നണീല്ല സാറേ.. അതാ, ദൊരൈയണ്ണന്റെ കാലു പിടിച്ച് ലോട്ടറി വിൽക്കാൻ ഇറങ്ങിയത്‌. അമ്മക്ക് തീരെ വയ്യാതെയായി..പൊള്ളൂന്ന പനിയാ സാറേ.. ഈ ലോട്ടറി വിറ്റ് കിട്ടിയിട്ട് വേണം അമ്മയെ സർക്കാരാശുത്രീൽ കൊണ്ടാവാൻ. ഒരു ലോട്ടറി വാങ്ങൂന്നേ..ഇത് സാറിനു അടിക്കും . ഓണം ബമ്പറാ..രണ്ട് കോടിയും കാറുമാ സാറേ..നൂറു രൂപയേ ഉള്ളൂ" നൂറു രൂപ.. അത് കൊണ്ട് തനിക്കെന്തൊക്കെ കാര്യങ്ങൾ നടത്താം.


"മക്കളേ പൈസ ചേട്ടന്മാരു തരാല്ലോ.. ഇങ്ങോട്ട് വാ.. മോൾക്ക് വേണ്ടതെല്ലാം തരാട്ടോ?" ആൺകുട്ടികളും പെൺകുട്ടികളും കൂടി വീണ്ടും അവളുടെ നിസ്സഹായാവസ്ഥ കണ്ട് പരിഹസിക്കുകയാ.. എന്തോ മറ്റൊന്നും ചിന്തിച്ചില്ല, പോക്കറ്റിൽ ഉണ്ടായിരുന്ന നൂരു രൂപ നോട്ടെടുത്ത് അവളുടെ നേർക്ക് നീട്ടി. അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഒരു ടിക്കറ്റ് കീറി നീട്ടിയ അവളോട് ടിക്കട്ട് മറ്റാർക്കെങ്കിലും വിറ്റോളൂ എന്ന് പറയുമ്പോൾ എന്തോ ഒരു വലിയ കാര്യം ചെയ്ത പ്രതീതി മനസ്സിൽ തോന്നി. പിന്നെയും മടിച്ച് നിന്ന അവളെ അമ്മയെയും കൊണ്ട് ഹോസ്പിറ്റൽ പോകൂ എന്ന് പറഞ്ഞ് തള്ളിവിട്ടു. ഒരു പെൺകുട്ടി വീണ്ടും അവളെ അരികിലേക്ക് വിളിച്ചു. അതിനൊന്നും ചെവികൊടുക്കാതെ, വല്ലാത്തൊരു വിസ്മയത്തോടെ എന്റെ നേരെ നോക്കികൊണ്ട് അവൾ തീവണ്ടിയിൽ നിന്നും ഇറങ്ങി. തിരിഞ്ഞു നോക്കികൊണ്ടുള്ള അവളുടെ ഓട്ടം കണ്ട് മനസ്സിൽ വീണ്ടും രാജിമോളുടെ ചിത്രം തെളിഞ്ഞു.


ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു. കാര്യങ്ങളെല്ലാം പതിവു രീതിയിൽ തന്നെ മുന്നോട്ട് പോയി. പ്രശ്നങ്ങൾ രാമതീർത്ഥന്റെ കൂടപ്പിറപ്പായതിനാൽ, അത് ഒഴിഞ്ഞിട്ടില്ല... രാജിമോൾക്ക് ചില കല്യാണാലോചനകൾ. ഒന്ന് ഏതാണ്ടൊക്കെ ഉറച്ചിട്ടുണ്ട്‌. പെൺപണം കൂടുതലാ.. പക്ഷെ, നിനക്കിഷ്ടായോ എന്ന് ചോദിച്ചപ്പോളുള്ള മോളുടെ നാണംകലർന്ന ചിരി ... അതിനു മുൻപിൽ അവരുടെ എല്ലാ ഡിമാന്റുകളും തലകുലുക്കി സമ്മതിച്ചു. ഇനി എന്ത് എന്നറിയില്ല.. സഹകരണബാങ്കിൽ നിന്നും ഒരു ലോൺ പാസാക്കിത്തരാന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ ആശ്വാസത്തിലാ.. അതിന്റെ കാര്യത്തിനാ ഇന്ന് ഈ പകുതി ലീവ് എടുത്ത് തിരികെ പോകുന്നേ.. അല്ലെങ്കിലും സെക്യൂരിറ്റി ജീവനക്കാരനു എന്ത് ലീവ്‌!!! എന്ത് അവധി!!!അങ്ങിനെ ഓരോന്നോർത്ത് നടന്ന് തീവണ്ടിയാപ്പീസിൽ എത്തിയതറിഞ്ഞില്ല.. ആരോ പിന്നിൽ നിന്നും കൈയിൽ പിടിച്ച് വലിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ അവൾ... ആ പെൺകുട്ടി.


"അമ്മയുടെ അസുഖം കുറവുണ്ടോ?" ഒരു പുഞ്ചിരിയോടെ ചോദിച്ചു.


"പനി കുറഞ്ഞു സാർ" - അവൾ ഒരു ലോട്ടറി തന്റെ നേരെ നീട്ടി.


"വേണ്ട കുട്ടി"


"അയ്യോ..സാർ.. ഇത് അന്ന് ഞാൻ സാറിനു തന്ന ലോട്ടറിയാ.. രണ്ട് ദിവസായി ഞാൻ സാറിനെ നോക്കുന്നു.. കാണാറില്ല.. ഈ ടിക്കറ്റിനു രണ്ടാം സമ്മാനം ഉണ്ട്‌"


കണ്ണുകളിൽ ഒരു മൂടൽ പോലെ.. താൻ കേട്ടത് സത്യം തന്നെയാണോ? കഴിഞ്ഞ രണ്ടുദിവസങ്ങൾ ലോണിന്റെ കാര്യത്തിനുള്ള ഓട്ടമായിരുന്നു. അപ്പോൾ.. ഇവൾ.. ഇവൾ ആരാ? മാലാഖയോ.. ദൈവദൂതിയോ..


"കുട്ടീ ഇത്‌.. ഇത് എന്റെ ലോട്ടറിയാണെന്ന് .. നീയത് മറ്റാർക്കും വിറ്റില്ലേ?"


"ഇല്ല സാർ.. ഈ ടിക്കറ്റിനു സമ്മാനമുണ്ടെന്നും ടിക്കറ്റ് കൈയിലുണ്ടോ എന്നും ചോദിച്ച് ദൊരൈയണ്ണ പലവട്ടം വന്നു. ഞാൻ ടിക്കറ്റ് വിറ്റുപോയെന്ന് പറഞ്ഞു. ആർക്കെന്ന് ഓർമയില്ലെന്നും..."


"എങ്കിൽ പിന്നെ നിനക്ക് തന്നെ ഈ ടിക്കറ്റിന്റെ സമ്മാനം സ്വന്തമാക്കായിരുന്നില്ലേ.. നിന്റെ അമ്മയുടെ ചികത്സ.."


"അരുത് സാർ.. അങ്ങിനെ പറയരുത്‌.. അന്ന് സാറു എനിക്ക് നൂറു രൂപ തരുമ്പോൾ എന്റെ അമ്മ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു. പിന്നെ എന്നെയും സാർ അന്ന് ആ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അടുത്ത് നിന്നും രക്ഷിച്ചു. ആ നൂറു രൂപയേക്കാൾ വലുതല്ല സാർ എനിക്ക് ഈ ടിക്കറ്റിന്റെ സമ്മാനം.."


അവളുടെ വാക്കുകൾ കാതിൽ വീഴുമ്പോൾ നീരണിഞ്ഞ കണ്ണൂകൾ മൂലം അവളെ കാണാൻ കഴിഞ്ഞില്ല.. സംതൃപ്തമായ.. ആ തിളങ്ങുന്ന കൊച്ച് കണ്ണുകളിൽ ദൈവമിരുന്ന് ചിരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ടില്ല.. ആ ലോട്ടറി ടിക്കറ്റിൽ രാജിമോളുടെ കഴുത്തിൽ തിളങ്ങുന്ന മിന്നുമാല മാത്രമേ കണ്ടുള്ളൂ.. കണ്ണു തിരുമ്മി നോക്കുമ്പോൾ അകലെ മറ്റൊരാൾക്ക് ലോട്ടറി വിൽക്കാൻ ശ്രമിക്കുന്ന ആ കുട്ടിയുടെ പിൻഭാഗം മാത്രം കണ്ടു. അവളുടെ പിന്നിൽ രണ്ട് ചിറകുകൾ കാറ്റത്താടുന്ന പോലെ.. മാലാഖയുടെ ചിറകുകൾ....


ചിത്രത്തിന് ബ്ലോഗർ ശ്രീ മനോജ് തലയമ്പലത്തോട് കടപ്പാട്