ശനിയാഴ്‌ച, ഫെബ്രുവരി 26, 2011

തേജസ് വര്‍ത്തമാനം പത്രത്തില്‍...

തേജസില്‍ പോസ്റ്റ് ചെയ്ത പാല്‍‌പ്പായസം എന്ന ഖാദര്‍ പട്ടേപ്പാടത്തിന്റെ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഫെബ്രുവരി 20 ലെ വര്‍ത്തമാനം പത്രത്തിലെ "ആഴ്ചയിലെ പുസ്തകം" എന്ന കോളത്തിലേക്ക് പരിഗണിക്കുകയും അച്ചടിച്ചു വരികയും ചെയ്തു. എനിക്കും തേജസ് എന്ന എന്റെ ബ്ലോഗിനും വായനക്കാരായ സുഹൃത്തുക്കള്‍ നല്‍ക്കുന്ന സ്നേഹത്തിനും പരിഗണനക്കും മുന്‍പില്‍ ഇത് സമര്‍പ്പിക്കുന്നു..ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്ക് മാര്‍ഗ്ഗദീപമായി ഉണ്ടാവുമെന്ന് കരുതട്ടെ.. ഒരിക്കല്‍ കൂടെ സ്നേഹത്തോടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി കൂടെ സഞ്ചരിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഈ അവസരത്തില്‍ നന്ദി പറയട്ടെ..

ഖാദര്‍ പട്ടേപ്പാടം എന്ന ഈ പുസ്തകത്തിന്റെ രചയിതാവായ ബ്ലോഗ് സുഹൃത്തിന്‌ നന്ദി...

വര്‍ത്തമാനം പത്രത്തിലേക്ക് ഈ ലേഖനം പരിഗണിച്ച പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് നന്ദി.. പ്രത്യേകിച്ച് ബ്ലോഗര്‍ മുഖ്‌താറിന്‌ !!

ഇനിയും നിങ്ങളുടെ ഒക്കെ സഹകരണം പ്രതീക്ഷിക്കുന്നു..

പോസ്റ്റിന്റെ ഒര്‍ജിനല്‍ ഇവിടെ നിന്നും വര്‍ത്തമാനം പതിപ്പ് ഇവിടെ നിന്നും വായിക്കാം..

തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

പാല്‍‌പ്പായസം

പുസ്തകം : പാല്‍‌പ്പായസം
രചയിതാവ് : ഖാദര്‍ പട്ടേപ്പാടം
പ്രസാധനം : എച്ച് & സി ബുക്ക്സ്.
സാഹിത്യത്തില്‍ ഒട്ടേറെ വകഭേദങ്ങളുണ്ട്. കഥ, കവിത, നോവല്‍, നിരൂപണം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ലേഖനം, ബാലസാഹിത്യം അങ്ങിനെ അങ്ങിനെ.. ഇതില്‍ അധികമാളുകള്‍ കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയാണ്‌ ബാലസാഹിത്യം. ഒരു പക്ഷെ ഏറ്റവും എളുപ്പമെന്ന് നമുക്ക് തോന്നാമെങ്കിലും ഏറ്റവും പ്രയാസകരമാണ്‌ ബാലസാഹിത്യരചനയെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരു കഥ അല്ലെങ്കില്‍ കവിത അതുമല്ലെങ്കില്‍ യാത്രാവിവരണം എഴുതുമ്പോള്‍ നമുക്ക് സം‌വേദിക്കാന്‍ കിട്ടുന്ന ചുറ്റുപാടുകളും പ്ലാറ്റ് ഫോമും ഒരിക്കലും ഒരു ബാലസാഹിത്യകാരന്‌ ലഭിക്കുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു കഥയില്‍ നമുക്കുണ്ടാകുന്ന ചോദ്യത്തെ കഥയില്‍ ചോദ്യമില്ല എന്നൊരു മറുപടിയുടെ മുഖംമൂടിയിട്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ബാലസാഹിത്യം എന്നത് നിഷ്കളങ്കരായ ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കായുള്ളതാകയാല്‍ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യശരങ്ങള്‍ പ്രതീക്ഷിച്ചിട്ടാവണം അത് എഴുത്തുകാരന്‌ നിര്‍‌വഹിക്കേണ്ടി വരിക. ഒരു പരിധിവരെ കഥക്കോ കവിതക്കോ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹോം വര്‍ക്ക് ബാലസാഹിത്യത്തിന്‌ വേണ്ടിവരുന്നത് കൊണ്ടാവും കൂടുതല്‍ പേര്‍ ഒരു മേഖലയില്‍ ഒരു ശ്രമം നടത്താന്‍ തുനിയാത്തത് എന്ന് തോന്നുന്നു. പറഞ്ഞു വന്നത് ഈയിടെ വായിച്ച ബ്ലോഗര്‍ കൂടിയായ ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍‌പ്പായസം എന്ന കുറുങ്കവിതകളേ കുറിച്ചാണ്‌.

കുട്ടികളുടെ മനസ്സ് വ്യക്തമായി വായിക്കാനറിയുന്ന ഒരാള്‍ക്കേ ഒരു മികച്ച ബാലസാഹിത്യ കൃതി ഒരുക്കുവാന്‍ കഴിയൂ. കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് തരുവാന്‍ പാല്‍‌പ്പായസത്തിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്.

"നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നാവുക നന്നാവുക" - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ ചൊല്ലാനും ഒപ്പം ചിന്തിക്കാന്‍ ഉതകുന്നതും തന്നെ.

ഇതുപോലെതന്നെയാണ്‌ ഇവിടെ പാല്‍‌പായസത്തിലെ 'സംഘം' എന്ന കവിത വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത്.

"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും" - അര്‍ത്ഥവത്തായ, ഈണമുള്ള വരികള്‍.

അതുപോലെതന്നെ അപാരമായ താളബോധവും ഈ സമാഹാരത്തിലെ ചില നുറുങ്ങുകവിതകളില്‍ കണ്ടു. 'യാത്ര' എന്ന കുറുങ്കവിത ഒന്ന് മനസ്സില്‍ ചൊല്ലിനോക്കൂ. ആ താളബോധം നമുക്ക് ശരിക്ക് അനുഭവിച്ചറിയാം.

"വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..." ശരിക്കും നമ്മുടെ കുട്ടികളോട് നമ്മള്‍ നിത്യവും പറയുന്ന ഇത്തരം കാര്യങ്ങളെ അല്പം താളബോധത്തോടെ പറയുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ അത് അത്ര നിസ്സാരമല്ല. കുട്ടികളിലേക്ക് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൊത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുമുണ്ട്.

ഏതാണ്ട് 86 ഓളം കുറുങ്കവിതകള്‍ അടങ്ങിയ ഈ സമാഹാരം നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നല്‍ക്കാവുന്ന ഒരു നല്ല സമ്മാനമാണ്‌. ശരിക്കും ഒരു പാല്‍‌പ്പായസം! ഒട്ടേറെ മധുരം ഉള്ള പാല്‍‌പ്പായസം. പല കവിതകളിലും കുഞ്ഞുണ്ണിമാഷിന്റെയും സിപ്പിമാഷിന്റെയും ഒക്കെ സ്വാധീനം ഉള്ളതായി തോന്നി. ചെണ്ട , തത്തോം പിത്തോം എന്നീ കവിതകള്‍ വായിച്ചപ്പോള്‍ സിപ്പിമാഷിന്റെ ചില കവിതകളുടെ സ്വാധീനം തോന്നിയെങ്കിലും കുട്ടികള്‍ക്കായുള്ള കവിതകളുടെ ഒരു ഫോര്‍മാറ്റാണ്‌ അതെന്ന്‍ പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒന്ന് പറയാം ഫായിസ, ഫസ്ന, ഫെമിന എന്നീ മൂന്ന് മഹാ വമ്പത്തികള്‍ക്ക് (വീട്ടിലെ കുട്ടികളാവും) സമര്‍പ്പിച്ചുകൊണ്ട് ഖാദര്‍ പട്ടേപ്പാടാവും എച്ച് & സിയും കൂടെ വിളമ്പിത്തരുന്ന ഈ പാല്‍‌പ്പായസം ശരിക്കും കുഞ്ഞുങ്ങള്‍ക്ക് പാല്‍‌പ്പായസം തന്നെ. ഖാദര്‍ മാമന്‍ നീട്ടുന്ന കൈയില്‍ മധുരനാരങ്ങയുണ്ട്. പൊളിയല്ല, ഞാനിതു തിന്നു നോക്കി. പുളിയില്ല.കയ്പ്പില്ല. നല്ല മധുരം തന്നെ. ആവോളം ആസ്വദിക്കുക. ആസ്വദിച്ച് വളരുക. പുസ്തകത്തിന്റെ ബാക്ക് കവറില്‍ കവി മുല്ലനേഴി കുട്ടികളോട് പറയുന്നത് സത്യം തന്നെയാണ്‌. പുസ്തകത്തിന്‌ വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എം.ആര്‍. വിബിനും അകപേജുകളില്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഇലുസ്ട്രേറ്റ് ചെയ്തിരിക്കുന്നത് നന്ദകുമാര്‍ പായമ്മേലും അവരുടെ ഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. തെറ്റുപറയാന്‍ കഴിയാത്ത ലേഔട്ടിങ് & പ്രിന്റിങിലൂടെ എച്ച് & സിയും ഈ വിഭവത്തെ നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.

നമ്മുടെ ഭാഷയില്‍ ഇത്തരം കവിതകള്‍ വളരെ കുറവേയുള്ളൂ. ആ കുറവ് നികത്താനുള്ള ഏതു ശ്രമവും അഭിനന്ദനാര്‍ഹമാണ്‌. - മുഖമൊഴിയില്‍ മുല്ലനേഴി മാഷ് പറയുന്നതില്‍ കാമ്പില്ലേ! ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ. അല്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ സജീവമായി നടത്തുന്നവര്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ എന്ന് വേണമെങ്കില്‍ തിരുത്തി പറയാം. അങ്ങിനെയുള്ള അവസരത്തില്‍ ഖാദര്‍ പട്ടേപ്പാടവും എച്ച് & സിയും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇദ്ദേഹം ഒരു ബ്ലോഗറാണെന്നത് കൂടുതല്‍ സന്തോഷം തരുന്നു. കാരണം ബ്ലോഗില്‍ ഇത് വരെ ബാലസാഹിത്യം ആരും കൈകാര്യം ചെയ്ത് കണ്ടിട്ടില്ല. ഒരു പക്ഷെ ഖാദര്‍ പട്ടേപ്പാടാവും ഈ പാല്‍‌പ്പായസവും അതിന് ഒരു നിമിത്തമാവുകയാവും. ഈ പാല്‍‌പ്പായസം ഒന്ന് നുണച്ച് നോക്കി അതിന്റെ മധുരം നമ്മുടെ കുട്ടികള്‍ക്ക് കൂടെ പകര്‍ന്നു നല്‍ക്കുക. മുത്തശ്ശിമാര്‍ നാടു നീങ്ങിയ , വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് , ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഹൈടക് ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍ക്കാന്‍ കഴിയുന്ന പഴമയുടെ, അറിവിന്റെ, മനോഹരങ്ങളായ ഒരു കൂട്ടം കുറുങ്കവിതകള്‍ ഈ പാല്‍‌പ്പായസത്തില്‍ ഉണ്ടെന്നത് സന്തോഷകരം തന്നെ.