ഞായറാഴ്‌ച, മേയ് 08, 2011

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക

രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ.

'അമ്മയ്ക്കിതെന്താ പറ്റിയേ?'- മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട് വിഷണ്ണയായി ഇരിക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് മരുമകളും ഓഫീസിലേക്ക് യാത്രയായി .

മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു.

തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. സമയം എട്ടരയോടടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ക്ലോക്കില്‍ നോക്കാതെ സമയമറിയാന്‍ കമലമ്മക്ക് കഴിയുമായിരുന്നു. മിനിഞ്ഞാന്നാള്‍ പൊടുന്നനെ ഒരു കിരുകിരുപ്പോടെ വീട്ടിലെ റേഡിയോയുടെ പ്രവര്‍ത്തനം നിലക്കും വരെ സമയമറിയുക കമലമ്മക്ക് ഒരു പ്രശ്നമേയായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി ചെറിയ പൊട്ടലും ചീറ്റലുണ്ടായിരുന്നെങ്കിലും റേഡിയോ തീര്‍ത്തും പ്രവര്‍ത്തനരഹിതമായത് മിനിഞ്ഞാന്നാള്‍ മുതലാണ്‌. കൃത്യമായി പറഞ്ഞാല്‍ ജപ്പാനില്‍ വീണ്ടും സുനാമി എന്ന വാര്‍ത്ത വന്നതില്‍ പിന്നെ!!

ഒരു കാലത്ത് കമലമ്മക്ക് ഈ റേഡിയോയുടെ ശബ്ദം കേല്‍ക്കുന്നതേ അലര്‍ജ്ജിയായിരുന്നു. പ്രഭാകരകൈമളാണെങ്കില്‍ സ്റ്റേഷന്‍ തുറക്കുമ്പോള്‍ മുതല്‍ അത് തുറന്നുവെച്ചു കൊണ്ടിരിക്കുകയും ചെയ്യും.

"അതേയ്... അതിന്റെ വോളിയം അല്പം കുറച്ച് വച്ചാലെന്താ? നിങ്ങള്‍ക്ക് കേട്ടാല്‍ പോരെ? വെറുതെ ആളുകളെ കൊണ്ട് പറയിക്കണോ?"- കമലമ്മ കൈമളോട് എപ്പോഴും ചോദിക്കും.

പ്രഭാകരകൈമളുടെ റേഡിയോ ഭ്രമം പരിസരവാസികള്‍ക്കെല്ലാം അറിയാം. രാവിലെ റേഡിയോ സ്റ്റേഷന്‍ തുറക്കുമ്പോള്‍ കൃത്യമായി കൈമളുടെ റേഡിയോയും ഓണ്‍ ആയിട്ടുണ്ടാവും. അതും ചെറിയ വോളിയത്തിലൊന്നുമല്ല. പരിസരവാസികള്‍ക്ക് മുഴുവന്‍ കേള്‍ക്കത്തക്ക രീതിയിലായിരുന്നു അതിന്റെ ശബ്ദം ക്രമീകരിച്ചിരുന്നത്. ഇതെങ്ങിനെ ഇത്ര കൃത്യമായി കൈമള്‍ ആ സമയത്ത് റേഡിയോ ഓണ്‍ ചെയ്യുന്നു എന്ന് പലരും കമലമ്മയോട് കൈമള്‍ കേള്‍ക്കാതെ അടക്കം ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ കമലമ്മക്ക് അതൊരു പരിഹാസമായി തോന്നിയിരുന്നു. പിന്നീട് അവരില്‍ പലരും അവരവരുടെ വീട്ടുപണികള്‍ വരെ ക്രമീകരിക്കുന്നത് ഈ റേഡിയോ ഭാഷണത്തിനനുസരിച്ചാണെന്ന് മനസ്സിലായപ്പോള്‍ കമലമ്മ കൈമളോട് അതേ കുറിച്ച് ഒന്നും പറയാതായി.

റേഡിയോ പ്രോഗ്രാമും കേട്ട് മറ്റൊന്നും ശ്രദ്ധിക്കാതെ ചടഞ്ഞുകൂടുന്ന ഒരാളൊന്നുമായിരുന്നില്ല കൈമള്‍. പരിപാടികള്‍ ശ്രവിക്കുന്നതോടൊപ്പം തന്നെ വീട്ടിലെ അത്യാവശ്യം ചെറിയ പുറം പണികള്‍ അദ്ദേഹം ചെയ്യുമായിരുന്നു.. കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും കൃത്യതയും വേണമെന്നതും കൈമള്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രഭാതഭേരി കഴിഞ്ഞ് വിവിധഭാരതി തുടങ്ങുമ്പോഴേക്കും കൈമള്‍ പ്രഭാത ഭക്ഷണത്തിനായി ഇരുന്നിട്ടുണ്ടാവും. പ്രഭാതഭേരി കഴിയുമ്പോഴേക്കും കൈമളിനുള്ള ആവി പറക്കുന്ന പുട്ടും കടലയും മേശപ്പുറത്തെത്തിക്കുവാന്‍ ചില സമയങ്ങളില്‍ കമലമ്മ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അന്നേരം ഭക്ഷണം ശരിയായിട്ടില്ലെങ്കില്‍ പിന്നീട് ഒന്‍പത് മണിയോടെ വിവിധഭാരതി കഴിയുമ്പോഴാവും ഭക്ഷണം കഴിക്കുക. വിവിധഭാരതിയുടെ സമയത്താണ്‌ സുദീര്‍ഘമായ പത്രപാരായണം. അത്രയേറെ ചിട്ടവട്ടങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു കൈമള്‍.

ഇനിയിപ്പോള്‍ ആ ചിട്ടവട്ടങ്ങളെ പറ്റി പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടോടടുക്കുന്നു. ഒരു ചെറിയ വയറുവേദനയായിട്ട് തുടങ്ങിയതാണ്‌. കൃത്യം ഒരു മാസക്കാലം ഹോസ്പിറ്റലില്‍. കഴിഞ്ഞ ലോകസഭാ ഇലക്ഷന്‌ വോട്ടും ചെയ്തിട്ട് ഹോസ്പിറ്റലിലേക്ക് പോയതാണ്‌. ഇലക്ഷന്‍ റിസല്‍ട്ട് വന്ന അന്ന് തിരികെ കൊണ്ട് വന്നത് കൈമളുടെ ചേതനയറ്റ ശരീരവും. കമലമ്മ ഓര്‍ക്കുകയായിരുന്നു.. ഓര്‍മ്മയുടെ കാര്യത്തില്‍ കമലമ്മ പണ്ടേ കണിശക്കാരിയാണ്‌. അന്ന് ഹോസ്പിറ്റലില്‍ മരുന്നുകളും ഡ്രിപ്പുകളുമായി ഭക്ഷണം പോലും നേരെചൊവ്വെ കഴിക്കാന്‍ കഴിയാതെ കിടക്കുമ്പോഴും ആദ്യത്തെ ഒരാഴ്ചയോളം മുടങ്ങാതെ അദ്ദേഹം റേഡിയോയിലെ പരിപാടികള്‍ ശ്രവിച്ചിരുന്നു എന്നതൊക്കെ ഓര്‍ത്ത് കമലമ്മയുടെ കണ്‍കോണുകളില്‍ വെള്ളം നിറഞ്ഞു.

പേരാലില്‍ ഇരുന്ന് കാക്ക ഒരുവട്ടം കൂടെ കരഞ്ഞു. സമയം ഒന്‍പതോടടുക്കുന്നു. വിവിധഭാരതി കഴിയുന്ന സമയം! ഇത് വരെ റേഡിയോയുടെ സ്വരം കേള്‍ക്കാത്തത് കൊണ്ടാണോ കാക്ക കരയുന്നത്? എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്നു. കൈമളുടെ മരണശേഷമാണ്‌ കമലമ്മ റേഡിയോ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ. അതും ആദ്യം കുറച്ച് ദിവസം റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ പതിവായി മുറ്റത്തെ പേരാലില്‍ വന്നിരിക്കുന്ന കാക്കയുടെ സാമീപ്യം മനസ്സിലായത് കൊണ്ട് മാത്രം!! വളരെ യാദൃശ്ചികമായാണ്‌ കാക്ക കമലമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.

കൈമളുടെ മരണശേഷം കുറേ ദിവസത്തേക്ക് വല്ലാത്ത ഒരു മൂകതയായിരുന്നു.. എന്തിനോടും ഒരു നിസ്സംഗഭാവം. കൊച്ചുമോന്റെ കളിചിരികളാണ്‌ പിന്നീട് ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവന്റെ കുസൃതികളില്‍ റേഡിയോയുടെ നോബുകളില്‍ പിടിച്ച് തിരിക്കുകയും റേഡിയോ ഒച്ച വെക്കുമ്പോള്‍ കരഞ്ഞ് കൊണ്ട് പിന്നിലോളിക്കുകയും ഒക്കെ ഒരു പതിവായി. ആ കരച്ചില്‍ മാറണമെങ്കില്‍ പിന്നെ അവനെയും കൊണ്ട് തൊടിയിലേക്ക് ഇറങ്ങണം. അതിനു വേണ്ടി തന്നെയാണ്‌ കുറുമ്പന്റെ ഈ വികൃതികള്‍ എന്ന് കമലമ്മക്കും അറിയാം. അത്തരം ഒരവസരത്തിലാണ്‌ പേരാലില്‍ ഇരിക്കുന്ന കാക്ക ശ്രദ്ധയില്‍ പെട്ടത്. ഒരു കാക്ക... അതില്‍ ഇത്ര ശ്രദ്ധിക്കാനെന്തെന്ന് തോന്നാം. പക്ഷെ, തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇതേ അവസരത്തില്‍ കാക്കയെ പേരാലില്‍ കണ്ടോപ്പോള്‍ കമലമ്മക്ക് മനസ്സില്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍. ഒരു പരീക്ഷണമെന്ന നിലയില്‍ പിന്നെ കമലമ്മ തന്നെ റേഡിയോ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്ത് നോക്കി. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നു വന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ച് സമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞ് വിളിച്ച് പറന്നുപോകും. കാ കാ എന്നാര്‍ത്തലച്ചുള്ള കരച്ചിലില്‍ 'കമലേ കമലേ' എന്ന ദയനീയമായ വിളി അവര്‍ കേട്ടു തുടങ്ങി. അങ്ങിനെയാണ്‌ കമലമ്മ റേഡിയോ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുവാനും പേരാലിലേക്ക് എപ്പോഴും ശ്രദ്ധിക്കാനും തുടങ്ങിയത്.

അതോടെ കമലമ്മയുടെയും ദിനചര്യകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു. രാവിലെ റേഡിയോയും ഓണ്‍ ചെയ്ത് വരാന്തയിലെ ചാരുകസേരയില്‍ അവര്‍ വന്നിരിക്കും. കൃത്യമായി കാക്കയും പേരാലില്‍ എത്തിയിട്ടുണ്ടാവും! വാര്‍ത്തകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മയും വാര്‍ത്ത ശ്രദ്ധിക്കും. അങ്ങിനെയാണ്‌ ട്രെയിനില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത് കമലമ്മ അറിഞ്ഞത്. അന്ന് വൈകുന്നേരം മരുമകളോട് ഓഫീസ് എന്ന ഒറ്റ വിചാരത്തോടെ ഇരിക്കാതെ നേരത്തും കാലത്തും വീട്ടിലെത്തണമെന്നും വീട്ടിലിരിക്കുന്നവരുടെ ആധി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നുമൊക്കെ സ്നേഹപൂര്‍‌വ്വം ശാസിച്ച് ഒടുവില്‍ കാലം ശരിയല്ല മോളേ എന്നൊരു ദീര്‍ഘനിശ്വാസവും വിടുമ്പോള്‍ രാവിലെ അവളുടെ കാര്യത്തില്‍ തനിക്കൊരു ശ്രദ്ധയുമില്ലെന്നും അവളാകെ കോലംകെട്ടെന്നും പറഞ്ഞ് കൈമള്‍ ദ്വേഷ്യപ്പെട്ടതും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കമായപ്പോള്‍ താന്‍ കരഞ്ഞു പോയതും പിന്നെ ആശ്വസിപ്പിച്ചതും ഒക്കെയായിരുന്നു കമലമ്മയുടെ മനസ്സില്‍. ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തോടെ റേഡിയോയിലെ പാട്ടുകള്‍ക്കൊപ്പം തലയാട്ടി താളം പിടിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മക്ക് ചെറിയ നാണമൊക്കെ വരും. കൈമളുടെ മുഖത്തേക്ക് നോക്കാനാവാതെ അവര്‍ നവവധുവിനെ പോലെ വ്രീളാവിവശയായി തലകുമ്പിട്ടിരിക്കും. ഈ കൈമളിതെന്താ ഇങ്ങിനെയെന്നാവും അപ്പോള്‍ കമലമ്മ ചിന്തിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും കൈമളുടെ സാന്നിദ്ധ്യം അവര്‍ വല്ലാതെ അടുത്തറിയാന്‍ തുടങ്ങിയിരുന്നു. ക്രമേണ അവരുടെ ദിനചര്യകളിലേക്ക് അവര്‍ പോലും അറിയാതെ കൈമള്‍ പരകായപ്രവേശം ചെയ്യാന്‍ തുടങ്ങി. പ്രഭാതഭേരി കഴിയുമ്പോഴേക്കും കമലമ്മക്കും പ്രഭാതഭക്ഷണം നിര്‍ബന്ധമായി. വിവിധഭാരതി സമയത്ത് പത്രപാരായണം ശീലമാക്കി. വിവിധഭാരതി കഴിയുമ്പോളേക്കും കമലമ്മയുടെ മുഖത്ത് നിരാശാഭാവം വിടരും. പിന്നെ ഉച്ചനേരത്തുള്ള ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങും വരെ അവര്‍ക്ക് വീര്‍പ്പുമുട്ടലാണ്‌. ഇതിനിടയിലെപ്പോഴൊക്കെയോ പരാതികളും പരിഭവങ്ങളും കൂടെ പറയാന്‍ തുടങ്ങിയതോടെ ഒറ്റപ്പെട്ടു എന്ന തോന്നലില്‍ നിന്നും കമലമ്മ മെല്ലെ കരകയറി തുടങ്ങി. രാവിലെ തന്നെ ഓഫീസുകളിലേക്ക് പോകുന്ന മകനും മരുമകളും ഇതൊന്നും അറിഞ്ഞുമില്ല.

ഇതുപോലെ കാക്കയോട് എന്തൊക്കെയോ പയ്യാരം‌പറച്ചിലുമായി ഇരിക്കുമ്പോഴാണ്‌ രണ്ട് ദിവസം മുന്‍പ് പെട്ടന്ന് ഒരു പൊട്ടലും ചീറ്റലുമായി റേഡിയോയുടെ പ്രവര്‍ത്തനം നിലച്ചത്. അന്ന് കുറേ ഒച്ചവെച്ചാണ്‌ കാക്ക തിരികെ പോയത്. ഒന്നിനും ഒരു സൂക്ഷ്മതയില്ലെന്നും എല്ലാത്തിനോടും പഴയ അതേ അലസഭാവം തന്നെയാണ്‌ നിനക്കെന്നും പറഞ്ഞ് വല്ലാതെ വഴക്ക് പറഞ്ഞപോലെ കമലമ്മക്ക് തോന്നി. കുറെ നേരം ഒറ്റക്കിരുന്ന് കരഞ്ഞു. വൈകുന്നേരം മോന്‍ വന്നപ്പോള്‍ റേഡിയോക്ക് എന്തോ പറ്റിയെന്നും അതൊന്ന് നന്നാക്കി തരുമോ എന്നും ചോദിച്ചെങ്കിലും നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അവനും അത് മറന്നെന്ന് തോന്നുന്നു. രണ്ട് ദിവസമായി രാവിലെ വന്നിട്ട് വല്ലാത്ത മനോവിഷമത്തോടെ തിരികെ പോകുന്ന കാക്കയെ കണ്ട് കമലമ്മയുടെ കണ്ണുനിറയുണ്ട്.

കൈമളും ആ റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി കൈമള്‍ വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. അന്നൊക്കെ ടിവി അത്രക്ക് പ്രചാരമായിട്ടില്ല. അതിനേക്കാളേറെ, മാസവരുമാനക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ സ്വപ്നങ്ങളിലേക്ക് ടിവിയൊന്നും എത്തിനോക്കാന്‍ മടിക്കുന്ന കാലവും. പിന്നീട് ടിവിയും ഫ്രിഡ്‌ജും ഉള്‍പ്പെടെ ഒട്ടേറെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കാലാകാലങ്ങളിലായി വീട്ടിലെ ഓരോ മുറികളിലും ഇടം പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയോയെ കൈമള്‍ സ്ഥാപിച്ചിരുന്നു . അങ്ങിനെ കൈമള്‍ വളരെ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോ ആണ്‌ ഇപ്പോള്‍ രക്തയോട്ടം നിലച്ച്, വിറങ്ങലിച്ച് ഇരിക്കുന്നത്. കമലമ്മക്ക് ഓര്‍ക്കുന്തോറും വിഷമമേറി വന്നു.

"മോനേ, നീ ആ റേഡിയോ ആരെക്കൊണ്ടെങ്കിലും ഒന്ന് നന്നാക്കി കൊണ്ടുവാടാ..അതില്ലാതായിട്ട് ആകെ..."

"അമ്മക്ക് ടീവി കണ്ടിരുന്നുകൂടെ.. ഇവിടെ നൂറൂകൂട്ടം തിരക്കുകള്‍ക്കിടയിലാ.. " മകന്‍ ദ്വേഷ്യത്തോടെയാണ്‌ ഫോണ്‍ കട്ട് ചെയ്തതെന്ന് കമലമ്മക്ക് മനസ്സിലായി. അവന്റെ തിരക്കുകള്‍ അറിയാതെയല്ല. പക്ഷെ...

"മോളേ.. നമ്മുടെ റേഡിയോ ഒന്ന് നന്നാക്കി തരുവാന്‍ നീ അവനോട് ഒന്ന് പറയ്.. ദേ, അച്ഛന്‍ ഇവിടെ വല്ലാതെ വഴക്കുണ്ടാക്കുന്നു..." മരുമകളോട് ഫോണില്‍ ഇത്രയും പറഞ്ഞപ്പോഴേക്കും കമലമ്മ കരഞ്ഞുപോയി.

"വൈകുന്നേരം ആവട്ടെ അമ്മേ... ഏട്ടന്‌ സമയം കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കൊണ്ടുപോയി കൊടുക്കാം." കമലമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട് അവള്‍ക്ക് തോന്നി. ഈയിടെയായി അമ്മയില്‍ അച്ഛന്റെ ചില മാനറിസങ്ങള്‍ അവള്‍ ശ്രദ്ധിച്ചിരുന്നതാണ്‌.

കമലമ്മക്ക് അസ്വസ്ഥത കൂടി വന്നു. റേഡിയോയുടെ നോബില്‍ പ്രതീക്ഷയോടെ അവര്‍ തിരിച്ചുകൊണ്ടിരുന്നു. റേഡിയോയില്‍ നിന്നും ചില പൊട്ടിത്തെറികള്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ..

സാരിയുടെ കോന്തലയില്‍ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയപ്പോള്‍ കമലമ്മ ഞെട്ടി.

"മോള്‌ വൈകീട്ട് കൊണ്ടുപോയി നന്നാക്കാമെന്ന് പറഞ്ഞിട്ടുണ്ട്”. അവര്‍ കൈമളോട് പറഞ്ഞു. രൂക്ഷമായി ഒന്ന് നോക്കിയിട്ട് കാക്ക ചാരുകസേരയില്‍ ഇരുപ്പുറപ്പിച്ചു. കാക്കയുടെ ഇരുപ്പിലെ ആ ഗാംഭീര്യം കൈമളുടേത് തന്നെയെന്ന് കമലമ്മക്ക് തോന്നി. അല്ല, കാക്കയല്ലല്ലോ കൈമളല്ലേ ഇരിക്കുന്നേ!! അവര്‍ കസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ആ ഭാവം കമലമ്മയെ വല്ലാതെ ഭയപ്പെടുത്തി. മുന്‍പും ദ്വേഷ്യം വന്നാല്‍ കൈമള്‍ ഇങ്ങിനെയാണ്‌. പക്ഷെ.. ഇതിപ്പോള്‍..

"നിങ്ങള്‍ക്കൊന്നും പറ്റില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം. ഒരു കാര്യത്തിനും ഒരു സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായി പോയല്ലോ നിങ്ങള്‍ക്കൊക്കെ.." വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കുവാനും ഒച്ച വെക്കുവാനും തുടങ്ങി. കമലമ്മ മുഖം കുനിച്ചു. പണ്ടേ തന്നെ അങ്ങിനെയാണ്‌. കൈമള്‍ പിണങ്ങുമ്പോള്‍ കമലമ്മ മുഖത്തേക്ക് നോക്കാറില്ല. ആ ദ്വേഷ്യം കണ്ടാല്‍ അപ്പോള്‍ കരച്ചില്‍ വരും.

"ആര്‍ക്കും ഒന്നിനും ഒരു ഉത്തരവാദിത്തമില്ല. കണ്ടില്ലേ അലമാരയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത്." റേഡിയോ ഇരിക്കുന്ന ഭിത്തിയലമാരയില്‍ അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങള്‍ കണ്ട് കൈമള്‍ വീണ്ടും ഒച്ചവെച്ചു തുടങ്ങി. അലമാരിയിലെ അറയില്‍ നിന്നും ഒരു ബ്രേസിയര്‍ ചുണ്ടില്‍ കൊരുക്കി കുടഞ്ഞെറിയുമ്പോള്‍ ആ കണ്ണുകള്‍ ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് കമലമ്മ അറിഞ്ഞു. മകന്റെയും മരുമകളുടെയും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുത്തി നിറച്ചു വച്ചിരിക്കുന്ന ഭിത്തിയലമാരയിലേക്ക് കമലമ്മയെ തട്ടിമാറ്റികൊണ്ട് കൈമള്‍ കുതിക്കുന്നത് കണ്ടപ്പോള്‍ കൈവീശി ആട്ടിപ്പോയി! പറ്റിപ്പോയതാണ്‌ !! ഒറ്റ നിമിഷത്തെ പിഴവ്!!! കുതറി പറന്നപ്പോഴേക്കും കൈപിന്‍‌വലിക്കുകയും തെറ്റേറ്റ് പറഞ്ഞ് തിരികെ വിളിക്കുകയും ചെയ്തതാണ്‌. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ... വിഷാദത്തോടെ, നിശ്ശബ്ദമായി പറന്നകലുന്ന കാക്കയെ കണ്ട് കമലമ്മ വല്ലാതെ കരഞ്ഞ് പോയി.

പ്രവര്‍ത്തന രഹിതമായ റേഡിയോ ബിഗ് ഷോപ്പറിലാക്കി പുറത്തേക്ക് നടക്കുമ്പോള്‍ തുറന്ന് കിടക്കുന്ന വാതിലിനെ പറ്റിയോ അകത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുന്ന പേരക്കുട്ടിയെ പറ്റിയോ ഒന്നും കമലമ്മ ചിന്തിച്ചില്ല. അല്ലെങ്കില്‍ അതൊന്നും കമലമ്മയില്‍ ആധിയുണ്ടാക്കിയില്ല. സാരിയുടെ കോന്തലകൊണ്ട് വിയര്‍പ്പൊപ്പി വലിഞ്ഞ് നടക്കുമ്പോള്‍ ഗെയിറ്റിന്‌ മുന്‍പില്‍ വന്ന് നിന്ന ഓട്ടോയില്‍ നിന്നും ഇറങ്ങിയ മരുമകളുടെ പിന്‍‌വിളി അവരുടെ കാതുകളില്‍ പതിച്ചുമില്ല. അവര്‍ നടത്തം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു കണ്ണാല്‍ തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്ത് മകനെ തിരഞ്ഞുകൊണ്ടും മറുകണ്ണാല്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന അമ്മയെ നോക്കികൊണ്ടും ഓട്ടോക്കരികില്‍ പകച്ച് നില്‍കുമ്പോള്‍ തലക്ക് മുകളിലൂടെ ഒരു കാക്ക കമലമ്മക്കരികിലേക്ക് ചിറകുവീശി പറക്കുന്നത് മരുമകള്‍ കണ്ടില്ലായിരുന്നു.