ശനിയാഴ്‌ച, ഡിസംബർ 25, 2010

വായനക്കിടയില്‍ കണ്ടെത്തിയവ

2010 സത്യത്തില്‍ പുസ്തകങ്ങളോട് ഒട്ടേറെ അടുത്ത് നില്‍ക്കാന്‍ സഹായിച്ച ഒരു വര്‍ഷമാണ്‌. എന്റെ രണ്ട് കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ചു വന്നു എന്നതിനേക്കാള്‍ ഒട്ടേറെ അനുഗ്രഹീതരായ ബ്ലോഗര്‍മാരുടെ കഥകളും കവിതകളും പുസ്തക രൂപത്തില്‍ കാണാന്‍ കഴിഞ്ഞു എന്നതും അവയില്‍ പലതും വായിക്കാന്‍ കഴിഞ്ഞു എന്നതും മറച്ചു വെക്കാനാവാത്ത സന്തോഷം തന്നെ. എന്റെ ചെറിയ വായനക്കിടയില്‍ എനിക്ക് നല്ലതെന്ന് തോന്നിയ ചില പുസ്തകങ്ങളെ കുറിച്ചുള്ള ചെറിയ കുറിപ്പുകള്‍ എല്ലാവരോടുമായി പങ്കുവെക്കട്ടെ.

ഈ വര്‍ഷം വായിച്ച പുസ്തകങ്ങളെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'ചിദംബരസ്മരണ'യെ പറ്റിയാണ്‌. ഡി.സി.ബുക്സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചതാണെങ്കിലും പലവട്ടം ബുക്ക്സ്റ്റാളുകളില്‍ കൈയെത്തും ദൂരത്ത് കണ്ടിട്ടും വാങ്ങുവാനോ വായിക്കുവാനോ ശ്രമിക്കാതിരുന്ന ഒരു പുസ്തകമാണ്‌ ചിദംബരസ്മരണ. ഒന്ന് ഉറപ്പിച്ച് പറയാം, ഒരു നല്ല കവിക്ക് ഒരിക്കലും ഗദ്യം എഴുതാന്‍ കഴിയില്ലെന്ന് ഇത് വായിച്ചതോട് കൂടി എനിക്ക് ഉറപ്പായി. കാരണം ചിദംബരസ്മരണയില്‍ നിറഞ്ഞുനില്‍ക്കുന്നത് കവിത്വം തുളുമ്പുന്ന സാഹിത്യത്തിന്റെ വശ്യത മാത്രമായിരുന്നു. ഓരോ വാക്കിലും ഓരോ പാരഗ്രാഫിലും കവിതയുടെ മനോഹരമായ താളം. ചടുലത!! ഇത്രയേറെ ഭ്രാന്തമായ ആവേശത്തോടെ ചുള്ളിക്കാടിനെ ഒരിക്കലും ഞാന്‍ വായിച്ചിട്ടില്ല എന്ന്‍ പറയാം.. അത് കൊണ്ട് തന്നെ ഈ വര്‍ഷം എന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകവും ഇത് തന്നെ.

ബെന്യാമിന്റെ 'ആടുജീവിതം' അംബികാസുതന്‍ മങ്ങാടിന്റെ 'എന്‍‌മകജെ' കെ.ആര്‍. മീരയുടെ 'യൂദാസിന്റെ സുവിശേഷം' വി.എം.ദേവദാസിന്റെ "ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം" എന്നിവയുടെ വായന 2010ലെ നോവല്‍ വായനക്കിടയില്‍ കിട്ടിയ സുഖദമായ ഓര്‍മ്മകള്‍ തന്നെ. ഇതില്‍ ബെന്യാമിനും ദേവദാസും ബ്ലോഗര്‍മാര്‍ കൂടെയാണെന്നത് കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുന്നു.

ബെന്യാമിന്റെ ആടുജീവിതം പുറംലോകം കാണാതെ മസറയിലെ ആടുകള്‍ക്കൊപ്പം ജീവിതം തള്ളീനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ്‌. "നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" - പുസ്തകത്തിന്റെ ഉപശീര്‍ഷകത്തില്‍ ബെന്യാമിന്‍ പറയുന്നത് സത്യമാണെന്ന് പുസ്തകത്തിന്റെ ഉള്‍പേജുകളില്‍ നജീബ് എന്ന ജീവിക്കുന്ന നായകന്‍ നമ്മോട് പറയുമ്പോള്‍, അര്‍ബാബിന്റെ ക്രൂരതക്ക് ഇരയാവേണ്ടി വരുന്ന ആ പാവം മനുഷ്യന്‍ മണലാരണ്യത്തില്‍ അനുഭവിച്ച നരകയാതന വളരെ ഹൃദയസ്പര്‍ശിയായി നോവലിസ്റ്റ് കുറിച്ചിടുമ്പോള്‍ -വരച്ചിടുമ്പോള്‍ എന്ന് പറയുന്നതാവും ശരിയെന്ന് തോന്നുന്നു- അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല തന്നെ. പുസ്തകത്തിന്റെ കവര്‍ പേജില്‍ കെ.ഷെറീഫ് വരച്ചിരിക്കുന്ന ആടുമനുഷ്യന്റെ രൂപം ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്നും മായാത്ത വിധത്തില്‍ ബെന്യാമിന്‍ അകപ്പേജുകളില്‍ നജീബിന്റെ ദൈന്യത ചിത്രീകരിച്ചിരിക്കുന്നു. മസറയിലെ ആടുകള്‍ക്കൊപ്പം ഗതികെട്ട ജീവിതം നയിക്കേണ്ടി വരുന്ന നജീബ് ഒരു വേള ആടിനെ പ്രാപിക്കുന്നിടത്ത് വരെ ചെന്നെത്തി എന്ന് പറയുമ്പോള്‍ ബെന്യാമിന്‍ പുസ്തകത്തിന്‌ കൊടുത്ത ഉപശീര്‍ഷകം അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന സത്യമാവുകയാണ്‌. നഷ്ടമാവാത്ത , നല്ല വായന പ്രദാനം ചെയ്ത ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആടുജീവിതത്തിനാണ്‌ ഇക്കുറി കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് ലഭിച്ചതെന്നതും സന്തോഷമുള്ള വസ്തുത തന്നെ.

അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രുപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു. സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്‌. എന്‍‌മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ്‌ നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന്‌ പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച കെ.ആര്‍.മീരയുടെ 'യൂദാസിന്റെ സുവിശേഷം' ; നേത്രോന്മീലനം, മീരാസാധു എന്നീ മീരയുടെ മുന്‍‌നോവലുകളില്‍ നിന്ന് വ്യത്യസ്തമായ വായന പ്രദാനം ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പ് ഒട്ടേറെ സാഹിത്യകൃതികള്‍ക്കും ചലചിത്രങ്ങള്‍ക്കും മൂലകഥയായിട്ടുണ്ടെങ്കിലും ആ ക്യാമ്പില്‍ ഉണ്ടായതായി പറയുന്ന ഒരു സാങ്കല്പീല ഒറ്റുകാരന്റെ സുവിശേഷമായാണ്‌ ഈ കൃതി എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രണയമുണ്ട്... വിരഹമുണ്ട്... ആത്മനിന്ദയുടെ വികാരത്തള്ളിച്ചയുണ്ട്. യൂദാസിനെയും പ്രേമയെയും റിട്ടേഡ് ആയ ശേഷം വീട്ടില്‍ പോലീസ് മുറ പ്രയോഗിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനായ പ്രേമയുടെ അച്ഛനെയുമൊന്നും അത്ര എളുപ്പത്തില്‍ വായനക്കാര്‍ക്ക് മറക്കാനാവുമെന്ന് കരുതുന്നില്ല. കഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മീരയുടെ (ആവേമരിയ) ഈ യൂദാസിന്റെ സുവിശേഷം പാരായണക്ഷമതകൊണ്ട് നല്ല നോവലുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്നു.

മലയാള മനോരമയുടെ നോവല്‍ കാര്‍ണിവലില്‍ ഇക്കുറി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ വി.എം.ദേവദാസിന്റെ വ്യത്യസ്തമായതും ആദ്യത്തേതുമായ നോവലാണ്‌ ഡില്‍ഡോ. തികച്ചും മനോഹരമായ ഒരു നോവല്‍. പേരില്‍ തുടങ്ങുന്ന ആകാംഷ പുസ്തകം വായന കഴിയുന്നത് വരെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നത് തന്നെ ദേവദാസിന്റെ വിജയമായി കാണാം. ഡില്‍ഡോയുടെ ഒരു വായനക്കുറുപ്പ് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പിലേക്ക്.. നോവല്‍ കാര്‍ണിവലില്‍ സമ്മാനിതമായ പന്നിവേട്ട (പ്രസാധനം : ഡി.സി.ബുക്സ്) ഇത് വരെ വായിക്കാന്‍ കഴിഞ്ഞില്ല.


വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വേറെയും നോവലുകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ്‌ 'അല്‍ കാഫിറൂന്‍ സം‌വാദങ്ങളുടെ പുസ്തകം' എന്ന ടി.കെ.അനില്‍കുമാറിന്റെ രചന. വ്യത്യസ്തമായ ഒരു സ്റ്റൈല്‍ ആണ്‌ ഈ നോവല്‍ എഴുതാന്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് തന്നെ ഇതിന്റെ പ്രത്യേകത. അതിനപ്പുറം മനോഹരമായ ഒരു പ്രമേയമെന്നൊ മറ്റോ പറയാനുള്ളതായി തോന്നിയുമില്ല.

2010 ലെ കഥകളുടെ കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും മികച്ച കുറേ കഥാകൃത്തുക്കള്‍ മത്സരിച്ച് കഥയെഴുതിയ വര്‍ഷം എന്ന് വേണമെങ്കില്‍ പറയാമെന്ന് തോന്നുന്നു. ബിജു.സി.പിയുടെ 'ചരക്ക് ', പി.വി.ഷാജികുമാറിന്റെ 'വെള്ളരിപ്പാടം', രേഖ.കെയുടെ 'മാലിനി തീയറ്റേഴ്സ് ', സിത്താര.എസിന്റെ 'കറുത്ത കുപ്പായക്കാരി', സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം' ധന്യരാജിന്റെ 'പച്ചയുടെ ആല്‍ബം', വി.ജെ. ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് '.. പട്ടിക നീണ്ടുപോകുന്നു. ഇവയില്‍ ചരക്ക്, വെള്ളരിപ്പാടം, മാലിനി തീയറ്റേഴ്സ് എന്നിവയെപറ്റി നേരത്തെ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്.

മറ്റുള്ളവയുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു സമാഹാരമാണ്‌ സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം'. ഇതിലെ ടൈറ്റില്‍ സ്റ്റോറിയായ മരണവിദ്യാലയത്തില്‍ ഇന്നത്തെ വിദ്യാഭ്യാസ ചുറ്റുപാടിന്റെ അപചയങ്ങളെ പറ്റിയും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിനെ പറ്റിയും നേത്രി.എസ് എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥയിലൂടെ കഥാകൃത്ത് ചുരുളഴിക്കുന്നത് ആറോളം കുഞ്ഞ് ഉപാദ്ധ്യായങ്ങളായാണ്‌. (ഈ പ്രയോഗം ശരിയാണോ എന്നെനിക്കറിയില്ല). കഴിഞ്ഞ വര്‍ഷം ആനുകാലീകങ്ങളില്‍ വന്നതില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയ 'ഹരിതമോഹനം' എന്ന കഥയും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ഹരിതഭൂമിയെ സ്നേഹിക്കുന്ന അരവിന്ദാക്ഷനിലൂടെ, അയാളുടെ ജിഞ്ജാസുക്കളായ മക്കള്‍ തന്മയയിലൂടെയും പീലിയിലൂടെയും ഭാര്യ സുമന്നയിലൂടെയും വളരെ വലിയ ഒരു സന്ദേശം സുസ്മേഷ് നമ്മോട് പങ്കുവെക്കുന്നുണ്ട്.

മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ധന്യാരാജിന്റെ 'പച്ചയുടെ ആല്‍ബം' എന്ന പുസ്തകത്തിലെ ചില കഥകളെങ്കിലും നമുക്ക് നല്ല വായന പ്രദാനം ചെയ്യുന്നുണ്ടെന്ന് പറയാതെ തരമില്ല. സ്കൂള്‍ കുട്ടികള്‍ വഴിതെറ്റിപോകുന്നതിന്റെ നല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ്‌ 'ഇര' എന്ന കഥ.

വ്യത്യസ്തതയാണ്‌ വി.ജെ.ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂടി'നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായി പറയാന്‍ ജയിംസ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. മുകളില്‍ ആരോ ഉണ്ട്, കണ്ണാടിക്കാഴ്ചയിലെ ബിംബസാരങ്ങള്‍, റെയില്‍‌വേ ടൈടേബിള്‍ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്‌.

2010 ല്‍ എന്തുകൊണ്ടോ ഏറെ സമയം വായനക്കായി നീക്കി വെച്ചത് ബ്ലോഗര്‍മാരുടെ രചനകള്‍ വായിക്കുവാനായിരുന്നു. പല പുസ്തകങ്ങളുടേയും വായന ഇനിയും തീര്‍ക്കാനായിട്ടുമില്ല. അതുകൊണ്ട് തന്നെ പല നല്ല ബ്ലോഗുരചനകളേയും ഇവിടെ തമസ്കരിക്കേണ്ടി വരുന്നു. ക്ഷമിക്കുക. എന്നിരിക്കിലും ദേവദാസിന്റെ ഡില്‍ഡോ, കുമാരന്റെ കുമാരസംഭവങ്ങള്‍, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, ഷാജി നായരമ്പലത്തിന്റെ വൈജയന്തി, എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവ തന്നെ. ബ്ലോഗ് രചനകളായതിനാല്‍ തന്നെ ഈ പുസ്തകങ്ങളുടെ ഉള്‍പേജുകള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഒപ്പം തികച്ചും സന്തോഷകരമായ ഒരു കാര്യമായിരുന്നു 2010ല്‍ ബൂലോകത്ത് നിന്ന് രണ്ട് പ്രസാധക സം‌രംഭം ഉദയം ചെയ്തു എന്നത്. ജോയുടെ നേതൃത്വത്തില്‍ എന്‍.ബി.പബ്ലിക്കേഷനും, ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ കൃതി പബ്ലിക്കേഷന്‍സും. നേരത്തെ തന്നെ ലീല.എം. ചന്ദ്രന്റെ സീയെല്ലെസ് ബുക്ക്സും ഒരു കൂട്ടം ബ്ലോഗേര്‍സിന്റെ ശ്രമഫലമായി ബുക്ക് റിപ്പബ്ലിക്കും ബൂലോകത്ത് നിന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ 'എന്‍.ബി'യും 'കൃതി'യും കൂടെ ആയപ്പോള്‍ മുഖ്യധാരാ പ്രസാധകരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടാ അവസ്ഥയില്‍ നിന്നും ഒരു പരിധി വരെ ബ്ലോഗര്‍മാര്‍ക്ക് മോചനമാവുമെന്ന് കരുതാം.

'അക്ഷര'ങ്ങളിലൂടെ ജീവിതത്തിന്റെ 'ഉപ്പ് ' കണ്ടെത്തി 'കറുത്ത പക്ഷിയുടെ പാട്ട് ' കേട്ട് 'ഭൂമിക്ക് ഒരു ചരമഗീതം' രചിച്ച മലയാളത്തിന്റെ മഹാകവി ശ്രി. ഒ.എന്‍.വി. കുറുപ്പിന്‌ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 2010ന്റെ നേട്ടങ്ങളില്‍ ഒന്നായി എടുത്ത് പറയാമെന്ന് തോന്നുന്നു. അതുപോലെ തന്നെ എന്റെ നാട്ടുകാരന്‍ കൂടിയായ സിപ്പി പള്ളിപ്പുറത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ലഭിച്ചത് ഈ വര്‍ഷം സന്തോഷം നല്‍കിയ മറ്റൊരു കാര്യമാണ്‌. 'ഒരിടത്തൊരു കുഞ്ഞുണ്ണി' എന്ന കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച പുസ്തകത്തിനാണ്‌ അവാര്‍ഡ് ലഭിച്ചത്. 'ഹൈമവതഭൂവില്‍' എന്ന രചനയിലൂടെ എം.പി.വീരേന്ദ്രകുമാറും യാത്രാവിവരണശാഖയിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവായതും 2010ല്‍ തന്നെ.

ഈ സന്തോഷങ്ങള്‍ക്കൊക്കെ ഇടയിലും നൊമ്പരപ്പെടുത്തുന്ന ചില ഓര്‍മ്മകള്‍ കൂടെയുണ്ട്. ഒരു അനാഥനെ പോലെ വഴിയരികില്‍ .. പിന്നീട് മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ച്... തന്റെ ശവപ്പെട്ടി ചുമക്കുന്നവരോടൊന്നും പരിഭവിക്കാനറിയാതെ ആചാരവെടിയും കാത്ത് കിടന്നപ്പോള്‍ തന്നോട് കാട്ടിയ നെറിവുകേടിന്‌ കവി അയ്യപ്പന്‍ മലയാളിക്ക് മാപ്പുതരുമെന്ന പ്രതീക്ഷയോടെ.. ചിത്തരോഗാശുപത്രിയിലെ ദിനങ്ങളിലൂടെ, ഗ്രീഷ്മം സാക്ഷിയിലൂടെ എല്ലാം വീണ്ടും നമുക്കിടയില്‍ ജീവിക്കും എന്ന ഉറപ്പോടെ..

വീണ്ടും വായനയുടെ നല്ല കാലം സമാഗതമാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

69 comments:

Junaiths പറഞ്ഞു... മറുപടി

നന്നായി മനോ..

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നല്ല വായന മനോരാജ്, നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിച്ചിരിക്കുന്നു.ഇതു പോലെ പോസ്റ്റുന്നത് വളരെ ഉപകാരപ്രദവും!

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നന്നായി എഴുതിയല്ലോ. വായിക്കാത്തവ ധാരാളം. എപ്പോള്‍ വായിക്കുമോ ആവോ...ബാക്കി വായനയ്ക്ക് ഇനിയും വരാം, അല്ല, വരും.

Vayady പറഞ്ഞു... മറുപടി

പുസ്തകങ്ങളെ കുറിച്ച് വിശദമായി എഴുതിയതിന്‌ നന്ദി. വളരെ ഇന്‍ഫോര്‍മേറ്റിവ് ആയ പോസ്റ്റ്.

നൗഷാദ് അകമ്പാടം പറഞ്ഞു... മറുപടി

നന്ദി ഭായീ..
പല പുസ്തകങ്ങളും ഇവിടെ ലഭ്യമല്ല..പക്ഷേ ഇതു പോലെ യുള്ള റിവ്യൂ നോക്കിയാണു നാട്ടില്‍ നിന്നും വരുത്താറ്..
വായനയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണു ഈ പോസ്റ്റ്..
നന്ദി വീണ്ടും!

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

വളരെ നല്ല വിശകലനം മനോ....
അടുത്ത ലീവില്‍ വരുമ്പോള്‍, ഇതില്‍ ചിലതൊക്കെ വായിക്കാന്‍ പറ്റും എന്ന പ്രത്യാശയോടെ, മനോവിനും, കുടുംബത്തിനും ക്രിസ്മസ്, പുതുവത്സരാശംസകള്‍ നേരുന്നു....

lekshmi. lachu പറഞ്ഞു... മറുപടി

എല്ലാ പുസ്തകങ്ങളെക്കുറിച്ചും വളരെ
വിശദമായി എഴുതിയിരിക്കുന്നു..മനൂ
നിന്നോട് അസൂയ തോന്നുന്നു.ഇതെല്ലാം
വായിക്കാന്‍ അറിയാന്‍ എനിക്ക് കഴിയാതെ
പോകുന്നല്ലോ എന്നോര്‍ത്.എന്നാണാവോ
എനിക്കൊക്കെ ഇതൊക്കെ ഒന്നു വായിക്കാന്‍
കഴിയുക..ഇനിയും വായിക്കൂ അതിലെ അനുഭവങ്ങള്‍
ഇങ്ങനെ പങ്കുവേക്കുമ്പോ വായിക്കാത്ത എന്നെ പോലുള്ളവര്‍ക്ക്
അറിയാനും,എപ്പോഴെങ്കിലും ആ പുസ്തകങ്ങള്‍ വാങ്ങുവാനും
പ്രേരണയാകും.നന്ദി മനൂ ..ഇനിയും തുടരട്ടെ ഈ യാത്ര..ആശംസകള്‍.

yousufpa പറഞ്ഞു... മറുപടി

ഇതൊരു ഭാഗ്യമാണ്.വായിച്ചതൊക്കെയും അതിന്റെ കൌതുകത്തോടെ വീക്ഷിക്കുകയും,തന്റെ മാനസീകാനുഭവങ്ങളെ സതീർഥ്യരിലേക്ക് പകർന്നു നൽകുക..!!. നന്ദി മനൊ.

Unknown പറഞ്ഞു... മറുപടി

നന്ദി!

F A R I Z പറഞ്ഞു... മറുപടി

കടന്നു പോകാന്‍ തുനിഞ്ഞു നില്‍ക്കുന്ന ഈ വര്‍ഷത്തെ,
നല്ല കൃതികള്‍ തേടിപ്പിടിച്ചു വായിച്ചു,അത് നമ്മെ പരിചയപ്പെടുത്തിയ ശ്രീ മനോരാജിന്നു നന്ദി
പറയട്ടെ ആദ്യം.

പരന്ന വായനയോ,കുറഞ്ഞ പക്ഷം തിരഞ്ഞെടുത്തുള്ള വായന പോലും അപ്രാപ്യമായ എന്നെ പോലുള്ളവരുടെ മുന്‍പിലേക്ക്, അക്ഷര ലോകത്ത് പ്രദക്ഷിണം നടത്തി, വൈകാരികമായ അനുഭവങ്ങള്‍ വൃത്തിയോടെ വിളംബിതരുന്നത് രുചിച്ചിറക്കുമ്പോള്‍
അതിന്റെ ആസ്വാദ്യത വളരെ മോഹിപ്പിക്കുന്ന
തായിതീരുന്നു.ഇതേ പോലെ അക്ഷര ലോകത്ത് ഒന്നോടിക്കളിക്കാന്‍.

൨൦൧൦ലെ പ്രധാന,മനുവിന്റെ വായനയിലൂടെ കടന്നുപോയ രചനകളെക്കുറിച്ച് വിശകലനം
ചെയ്തു നല്‍കിയതില്‍ അതിയായ സന്തോഷം

ശ്രദ്ധേയമായ എഴുത്തുകളെ കുറിച്ച്, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അല്പം വിശദീകരണമാകാംആയിരുന്നു എന്ന തോന്നല്‍.

സാഹിത്യ ലോകത്ത് ഇന്നു കാണുന്ന,
അപസ്വരങ്ങളില്‍ നിന്നും നാം മനസ്സിലാക്കുന്ന സത്യങ്ങളില്‍, അവാര്‍ഡുകള്‍ എന്നതിന്‍റെ മൂല്യം
ഇന്ന്, അതെത്രതോളമെന്നു വിലയിരുത്തുക വയ്യ.

മറ്റേതു രംഗവുമെന്നപോലെ, സാഹിത്യ, സാംസ്കാരിക രംഗങ്ങളും, മൂല്യതകര്ച്ചയുടെ നാറ്റം പേറുന്നു എന്നതൊരു വസ്തുതയായിരിക്കെ.
അവാര്‍ഡ്‌ കളിലോക്കെയുള്ള
വിശ്വാസ്യത അകലുന്നപോലെ ഒരു തോന്നല്‍.

മനോരാജിന്റെ ഈ സദുധ്യമത്തെ
അഭിനന്ദിക്കുന്നു, ആശംസിക്കുന്നു.

----ഫാരിസ്‌

sulekha പറഞ്ഞു... മറുപടി

നല്ല പുസ്തകങ്ങളെ പറ്റി നന്നായി പറഞ്ഞ പോസ്റ്റ്‌ .ചിദംബരസ്മരണ ഒരു ജീവിതത്തിന്റെ തുറന്നെഴുത്തല്ലേ ?അത് വായിച്ച ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ വീണ്ടും വായിച്ചു .ആടുജീവിതം ഇതുവരെ വായിക്കാന്‍ പറ്റിയില്ല,അതൊരു sakkadam തന്നെയാണ്.v j jamesinte ലൈക വായിച്ചിട്ടുണ്ട്.കണ്ണുകളെ ഈറനണിയിക്കുന്ന ഒരു രചനയാണ് .ഇതും ഇവിടെ പറഞ്ഞ മറ്റു പുസ്തകങ്ങളും വായിക്കാന്‍ നോക്കാം .വളരെ mikacha ഒരു വിലയിരുത്തല്‍ നടത്തി എന്ന് തന്നെ parayam

Elayoden പറഞ്ഞു... മറുപടി

ചിദംബരസ്മരണ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. നല്ല പുസ്തകങ്ങളെ പറ്റിയും വായന ശീലത്തെ ഉല്സാഹിപ്പികും വിധമുള്ള വിവരണങ്ങള്‍ നന്നായിരിക്കുന്നു. ആശംസകള്‍..

Manoraj പറഞ്ഞു... മറുപടി

കഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ശ്രീമതി കെ.ആര്‍.മീരക്ക് ലഭിച്ചത് ആവേമരിയ എന്ന പുസ്തകത്തിനായിരുന്നു. മോഹമഞ്ഞ എന്ന് ഞാന്‍ തെറ്റായി പോസ്റ്റില്‍ എഴുതിയിരുന്നു. ബ്ലോഗിലെ ഒരു സുഹൃത്ത് ഇമെയിലിലൂടെ അറിയിച്ചപ്പോളാണ് തെറ്റ് ശ്രദ്ധയില്‍ പെട്ടത്. തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാട്ടിയ സുഹൃത്തിന് നന്ദി.

@F A R I Z :ശ്രദ്ധേയമായ രചനകളെ വിലയിരുത്തുക എന്നതിനേക്കാള്‍ പരിചയപ്പെടുത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. അതിനാല്‍ തന്നെ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഒട്ടേറെ ഇറങ്ങിചെല്ലാന്‍ കഴിഞ്ഞില്ല. അവാര്‍ഡുകള്‍ പലതും പ്രഹസനങ്ങളാണെങ്കിലും പലതും മറ്റുള്ളവര്‍ക്ക് ഒരു മോട്ടിവേഷനാവുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം. ഈ പ്രോത്സാഹനത്തിന് നന്ദി.

@സുലേഖ : ചിദംബരസ്മരണ ജീവിതത്തിന്റെ തുറന്നെഴുത്ത് എന്നതിനേക്കാള്‍ പച്ചയായ ഏറ്റുപറച്ചിലെന്നോ, മുഖംമൂടി വെക്കാത്ത എഴുത്തെന്നോ പറയാമെന്ന് തോന്നുന്നു.

ഇവിടെ എത്തിച്ചേരുകയും എന്റെ വായനാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും അറിയിക്കാതെ പോകുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്രദമായെങ്കില്‍ എന്റെ ദൌത്യം വിജയിച്ചു എന്ന് ഞാന്‍ കരുതുന്നു.

jayanEvoor പറഞ്ഞു... മറുപടി

നല്ല പോസ്റ്റ്.

വായൻ തുടരൂ.... അതൊക്കെ പങ്കു വയ്ക്കൂ!

ആശംസകൾ!

smitha adharsh പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ വളരെ നന്നായീ ട്ടോ.ഇതില്‍,ആകെ വായിച്ചിട്ടുള്ളത് "ചിദംബര സ്മരണയും','ആട് ജീവിതവും' മാത്രം.ബാക്കിയൊക്കെ എന്ന് വായിക്കുമോ ആവോ?
അവസാനം പറഞ്ഞത് എനിക്കും ഫീല്‍ ചെയ്ത കാര്യങ്ങള്‍.. കവി അയ്യപ്പന്‍റെ അന്ത്യവും,തുടര്‍ന്നുണ്ടായ വേദനാ ജനകമായ കാര്യങ്ങളും എല്ലാം .. വളരെ നന്നായി ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു.

Anil cheleri kumaran പറഞ്ഞു... മറുപടി

വളരെ നന്ദി... ഒന്നു രണ്ടെണ്ണം ഞാനും വായിക്കാത്തതായിരുന്നു. സംഘടിപ്പിക്കാം.

പ്രയാണ്‍ പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തല്‍ മനോ......... സാധാരണ നാട്ടിലെത്തിയാല്‍ എതാണു വാങ്ങിക്കേണ്ടതെന്നറിയാതെ പുസ്തകങ്ങള്‍ക്കുമുന്നില്‍ പകച്ചു നില്‍ക്കുക പതിവാണ്. നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം പരിചയപ്പെടുത്തല്‍ അതിനൊരാശ്വാസമാവും.

G.MANU പറഞ്ഞു... മറുപടി

2010ലെ ഏറ്റവും വലിയ അത്ഭുതം ആടുജീവിതം തന്നെയാണ്.. 13000 കോപ്പി ഇതിനകം വിറ്റ ഈ പുസ്തകം യൌവനം ഏറ്റുവാങ്ങി എന്നതാണ് പ്രത്യേകത. പുതിയ എഴുത്തുകാരുടെ നേര്‍ക്ക് മുഖം തിരിക്കുന്ന സ്വഭാവമുള്ള യൌവനം ആടുജീവിതത്തിലൂടെ ഒരു മാറ്റം നടത്തിയതയി തോന്നുന്നു..

വായന തളിര്‍ക്കുന്നു എന്ന് അറിയുമ്പോഴും ഒരു സങ്കടം മാത്രം ബാക്കി.പുതിയ ലോകത്തെക്കുറിച്ച് എഴുതാന്‍, പുതിയ ആത്മസംഘര്‍ഷനങ്ങളെ പേനയില്‍ ആവാഹിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്കാവുന്നില്ല.. അറുപതിലും എഴുപതിലും തളഞ്ഞു കിടക്കുകയാണ് മലയാളസാഹിത്യകാരന്മാര്‍.. അടിമുടി അഴിമതി,വെള്ളക്കാരന്റെ അടിച്ചമര്‍ത്തലിനേക്കാള്‍ ദുരന്തം അനുഭവിക്കുന്ന നമ്മുടെ ജനാധിപത്യം, ഫേസ്‌ബുക്കും എസ്.എം.എസുമായി നിറഞ്ഞുനില്‍കുന്ന പുതു കമ്മ്യൂണിക്കേഷന്‍സ്, തൊട്ടാല്‍ പൊട്ടുന്ന ബന്ധങ്ങള്‍, മരണത്തോടടുക്കുന്ന ഭൂമി, ആഹാരം കഴിക്കാന്‍ ഉള്ളിപോലും ഇല്ലാത്ത അവസ്ഥ...എഴുതാന്‍ എന്തൊക്കെയുണ്ട് ഇന്ന്... പുതിയ പ്ലോട്ടുകള്‍, കഥാപാത്രങ്ങള്‍ ഇതൊന്നും പക്ഷേ ഇവിടെ വരുന്നില്ല..കാലഹരണപ്പെട്ട പഴയകാലവും, നക്സലിസവും ഒക്കെയായി കുറ്റിയിലടിച്ച പശുവിനെപോലെ വട്ടം കറങ്ങി എഴുത്ത് നടക്കുന്നു....

(സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യനു ഒരു ആമുഖം’ കഴിഞ്ഞ വര്‍ഷത്തെ നല്ലൊരു നോവല്‍ ആയിരുന്നു)

ഹംസ പറഞ്ഞു... മറുപടി

നൗഷാദ് അകമ്പാടം പറഞ്ഞത് പോലെ പല പുസ്തകങ്ങളും ഇതുപോലുള്ള റിവ്യൂ നോക്കിയാണ് അറിയുന്നത് .. അതുകൊണ്ട് തന്നെ വാങ്ങിക്കേണ്ട പുസ്തകത്തിന്‍റെ ഒരു ലിസ്റ്റു തന്നെ കയ്യിലുണ്ട് .
2010 ല് മനു കണ്ട പുസ്തകങ്ങളെ കുറിച്ചുള്ള ഈ വിവരണവും ഉപകാരത്തില്‍ പെട്ടു.. നന്ദി

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇതൊക്കെ എന്ന് വായിക്കാനവുമെന്നു ഒരു പിടിയും ഇല്ല. എങ്കിലും ഇത്തരം വിവരണങ്ങള്‍ ലഭിക്കുന്നത് കൊണ്ട് അത്രയും ആശ്വാസം ആകുന്നുണ്ട്.
ആട് ജീവിതമെങ്കിലും കിട്ടാന്‍ ഞാന്‍ കുറെ ശ്രമിച്ചു. ആ ബുക്ക് അടുത്ത് കിട്ടുമെന്ന് കരുതുന്നു.
ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍ മനു.

കണ്ണനുണ്ണി പറഞ്ഞു... മറുപടി

മുകളില്‍ പറഞ്ഞതില്‍ മൂന്നോ നാലോ എണ്ണം വായിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി...
ബാക്കിയുള്ളവയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് നന്ദി മനോ

എന്‍.പി മുനീര്‍ പറഞ്ഞു... മറുപടി

വായനക്കിടയില്‍ കണ്ടെത്തിയത് പുസ്തക പരിചയം പേലെ വിശകലനം ചെയ്തത് വളരെ ഉപകാരപ്രദമായി.

Unknown പറഞ്ഞു... മറുപടി

നല്ല വായന സമ്മാനിക്കുന്ന നല്ല പുസ്തകങ്ങള്‍ വായിച്ചു അത് ഞങ്ങള്‍ക്കായി പങ്കു വെച്ച മനോയ്ക്ക് എന്റെ ക്രിസ്തുമസ് ആശംസകള്‍ ...!!

വല്യമ്മായി പറഞ്ഞു... മറുപടി

കുറേയേറെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായിരുന്നു 2010.ഇവിടെ ആദ്യം സൂചിപ്പിച്ച കുറച്ച് പുസ്തകങ്ങളെ വായിച്ചിട്ടുള്ളു,മറ്റ് പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിനും ചെറുവിവരണത്തിനും നന്ദി.

Unknown പറഞ്ഞു... മറുപടി

ഉപകാരപ്രദമായ പോസ്റ്റ്.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

നന്നായി മനോ..
ഈ പരിചയപ്പെടുത്തലിനു നന്ദി...

abith francis പറഞ്ഞു... മറുപടി

മനുവേട്ടാ..വളരെ നന്ദി...ഇത്രയും വിശദമായി കുറെ നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുതിതന്നതിനു...

സ്മിത മീനാക്ഷി പറഞ്ഞു... മറുപടി

നല്ല വായനയെപറ്റി നന്നായി എഴുതിയിരിക്കുന്നു, നന്ദി.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

പ്രിയപ്പെട്ട മനോ...,

കൂടുതല്‍ തിരയലിനു സമയം കളയാതെ പുസ്തകം തിരഞ്ഞെടുക്കാന്‍ സഹായമാകുന്ന ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍. ചിദംബര സ്മരണകള്‍ പണ്ടു വായിച്ചിരുന്നതു ഇപ്പോള്‍ ഒന്നുകൂടി വായിക്കാന്‍ പ്രേരിതമാക്കി ഈ പോസ്റ്റ്. മറ്റു പുസ്തകങ്ങള്‍ കളക്റ്റ് ചെയ്യുന്നു ഉടനെ. നന്ദി.

thalayambalath പറഞ്ഞു... മറുപടി

വായന മരിക്കുന്നു എന്നുപറയുന്ന ഇക്കാലത്ത് ഇത്രയും നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കുകയും അതിന്റെ ഉള്ളടക്കം മറ്റുള്ളവര്‍ക്കായി പങ്കുവെക്കുകയും ചെയ്ത മനോരാജിന് എന്റെ അഭിനന്ദനങ്ങള്‍

Unknown പറഞ്ഞു... മറുപടി

manu ithellam ingine kanam enallathe vangano vayikkano oru vazhiyum illede

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നമ്മുടെ ഭാഷയിലെ നല്ലപുസ്തകങ്ങൾ ഇറങ്ങുന്നതൊക്കെ കണ്ടുപിടിച്ച് വായിക്കുവാൻ ഭാഗ്യമൂണ്ടാകുക....
ആ ഭാഗ്യസൂക്തങ്ങൾ ബൂലോഗരുമായി പങ്കുവെക്കുക..!
നല്ല നല്ല ഈ പങ്കുവെക്കലുകൾക്കൊരുപാട് നന്ദി ... മനോരാജ്...
എല്ലാ പ്രവാസി ബൂലോഗരുടെ പേരിലുമാണ് കേട്ടൊയിത്

Unknown പറഞ്ഞു... മറുപടി

മനോരാജ് ......നല്ല ഒരു അവലോകനം ....2010 ലേക്ക് തിരിഞ്ഞു നോകുമ്പോള്‍ മനോരജിനു അഭിമാനിക്കാന്‍ വക ഉള്ള വര്‍ഷമാണ് അല്ലെ
അടുത്ത വര്ഷം ഇതിലും കൂടുതല്‍ നനനമകള്‍ ഉണ്ടാവട്ടെ ........

മുമ്പായി (മുമ്പായി ) എന്ന ഒരു നോവല്‍ (അത് എഴുതിയവരുടെ പേര് മറന്നു )...അത് കഴിഞ്ഞ വര്ഷം ആണോ ഇറങ്ങിയത്‌ ?

പുതുവത്സര ആശംസകള്‍

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

നന്നായി അവതരിപ്പിച്ചു. ചില പുസ്തകങ്ങളെക്കുറിച്ച് കൂടുതൽ വിവരിക്കുന്നതിനെക്കാൾ നല്ലത്. കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു. വർഷാന്ത്യക്കണക്കെടുപ്പിൽ ആ രീതി ആവും നല്ലത്.

ചിദംബരസ്മരണയുടെ ഗദ്യത്തെക്കുറിച്ച് എനിക്ക് വിരുദ്ധാഭിപ്രായമുണ്ട്. നല്ല തെളിഞ്ഞ ഒന്നാന്തരം ഗദ്യമാണത്. ഒരു പുകഴ്ത്തലായാണെങ്കിൽ വസ്തുതാപരമായ ഒരു നിരീക്ഷണപ്പിശക് അതിൽ സംഭവിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ വന്ന കഥകൾ നോവലുകൾ കൂടി സൂചിപ്പിക്കാമായിരുന്നു.

കൂടുതൽ എഴുത്ത് പിന്നാലെ.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

മനുവേട്ടാ സമ്മതിച്ചു. നമിച്ചു. ലച്ചു പറഞ്ഞത് പോലെ ശരിക്കും അസൂയ തോന്നുന്നു. ഇതൊക്കെ വായിക്കാൻ എവിടെ നിന്നും സമയം കണ്ടെത്തുന്നു?? സമ്മയിച്ചിരിക്കണ് ഇങ്ങളെ..

Manoraj പറഞ്ഞു... മറുപടി

@G.manu : ആടുജീവിതം ബെന്യാമിന്റെ മാസ്റ്റര്‍പീസ് തന്നെ. വളരെ ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്നുമുണ്ട്. പല അദ്ധ്യായങ്ങളും ഞെട്ടലോടെയാണ് വായിച്ചു തീര്‍ത്തത്. എല്ലാം കഴിഞ്ഞ് മറ്റൊരു മുഹൂര്‍ത്തത്തില്‍ നമ്മുടെ എല്ലാം പ്രിയങ്കരനായ ഒരു ബ്ലോഗറുടെ മൊബൈലില്‍ നിഷ്കളങ്കതയാര്‍ന്ന മുഖത്തോടുകൂടി നജീബ് എന്ന നായക കഥാപാത്രത്തെ കണ്ടപ്പോള്‍ സത്യത്തില്‍ ആകെ ഒരു ഷോക്കായിരുന്നു.

പറഞ്ഞപോലെ പുതിയ പ്ലോട്ടുകളും കഥാപാത്രങ്ങളും പുത്തന്‍ എഴുത്തുകാരും വരട്ടെ.

മനുഷ്യന് ഒരു ആമുഖം വായന നടക്കുന്നതേയുള്ളൂ.:) നല്ല വായനക്കും വിശദമായ കുറിപ്പിനും നന്ദി.

@MyDreams : “മുമ്പായി (മുമ്പായി ) എന്ന ഒരു നോവല്‍“ - അറിയില്ല കേട്ടോ. ഞാന്‍ ആദ്യമായിട്ടാണ് അതിനെ കുറിച്ച് കേള്‍ക്കുന്നത്. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ വിവരം ഷെയര്‍ ചെയ്യുക.

@എന്‍.ബി.സുരേഷ് : മാഷേ, കൂടുതല്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നത് തന്നെ നല്ലത്. പക്ഷെ, പുസ്തകത്തിന്റെ ചെറിയ ഒരു ഔട്ട് ലൈന്‍ കിട്ടിയാല്‍ അത് ചിലര്‍ക്ക് ഉപകാരപ്രദമാവും എന്ന് തോന്നി.

ചിദംബരസ്മരണയിലെ ഗദ്യത്തില്‍ കവിത്വം നിറഞ്ഞുനില്‍ക്കുന്നു എന്നത് ആലങ്കാരികമായി പറഞ്ഞതാണ് :) അത്രക്കധികം അത് മനസ്സില്‍ തട്ടുന്നു. ആനുകാലികങ്ങളുടെ വായന ഇപ്പോള്‍ വളരെ കുറവാണ് മാഷേ. അല്ലായിരുന്നെങ്കില്‍ മനുഷ്യന് ഒരാമുഖം പണ്ടേ വായന കഴിഞ്ഞേനേ. ആനുകാലികത്തില്‍ വന്നതില്‍ (ഞാന്‍ വായിച്ചതില്‍) ഏറ്റവും മികച്ചതായി തോന്നിയ കഥയാണ് ‘ഹരിതമോഹനം‘. അതേ പറ്റി ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Manoraj പറഞ്ഞു... മറുപടി

@വല്യമ്മായി ,manjusha, sherriff kottarakara : തേജസിലേക്ക് സ്വാഗതം. വീണ്ടും വരുമെന്ന് കരുതട്ടെ.

jayanEvoor, smitha adharsh, കുമാരന്‍ | kumaran, പ്രയാണ്‍, G.manu, ഹംസ, പട്ടേപ്പാടം റാംജി, കണ്ണനുണ്ണി, Muneer N.P, റ്റോംസ്‌ || thattakam .com, വല്യമ്മായി, manjusha, റിയാസ് (മിഴിനീര്‍ത്തുള്ളി),abith francis, സ്മിത മീനാക്ഷി, sherriff kottarakara, thalayambalath, BIJU KOTTILA, മുരളീമുകുന്ദൻ ബിലാത്തിപട്ടണം, MyDreams, എന്‍.ബി.സുരേഷ് ,ഹാപ്പി ബാച്ചിലേഴ്സ് : ഈ കുറിപ്പുകളിലൂടെ കടന്നുപോയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

വളരെ ശ്രദ്ധയോടെ ആസ്വദിച്ച് വായിച്ചു.മനു ലേഖനത്തിൽ പരാമർശിച്ച പുസ്തകങ്ങൾ കുറിച്ചു വെക്കുകയും ചെയ്തു.
നവവത്സരാശംസകൾ.

Sukanya പറഞ്ഞു... മറുപടി

വളരെ ബഹുമാനം തോന്നുന്നു, വായിക്കാനും വായിച്ച പുസ്തകങ്ങളെ പരിചയപ്പെടുത്താനും കഴിയുന്നുണ്ടല്ലോ.

SUJITH KAYYUR പറഞ്ഞു... മറുപടി

Kanakkeduppu nannaayi

Shades പറഞ്ഞു... മറുപടി

മനസ്സില്‍ പുസ്തകങ്ങള്‍ മരിക്കാത്ത ഒരു കൂട്ടുകാരനെ കണ്ടെത്തിയതില്‍ സന്തോഷിക്കുന്നു..
ഇനിയും വരാം.
:)

chithrangada പറഞ്ഞു... മറുപടി

മനു ,പരിചയപ്പെടുത്തലിനു
വളരെ ,വളരെ നന്ദി !
ഇതൊക്കെ അടുത്ത് തന്നെ
വായിക്കണം ...........
മനുവിന്റെ കഥകള് മൌനത്തിനപ്പുറത്തേക്ക്
കൂടാതെ വേറെ ഏതു സമാഹാരത്തിലാണ്
വന്നത് ?

Unknown പറഞ്ഞു... മറുപടി

വായിച്ചതൊക്കെ പറഞ്ഞു തന്നതിന് നന്ദി..

Varun Aroli പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്. നന്ദി.
പുതുവത്സര ആശംസകള്‍.

A പറഞ്ഞു... മറുപടി

ചിദംബരസ്മരണ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വായിച്ചതാണ്. താങ്കള്‍ പറഞ്ഞപോലെ ചുള്ളിക്കാടിന്റെ കവിതയുടെ കയ്യൊപ്പുള്ള ഒരു പുസ്തകമാനത്. പോസ്റ്റ്‌ ഏറെ ആസ്വദിച്ചു.

siya പറഞ്ഞു... മറുപടി

ഇവിടെ ഇതെല്ലാം കാണാന്‍ കഴിയുന്നത്‌ എന്ത് നല്ല കാര്യം ആണ് .മനുവിനെ അഭിനന്ദിക്കാതെ വയ്യ . നാട്ടില്‍ വരുമ്പോള്‍ എനിക്ക് ഇതെല്ലാം ബുക്ക്‌ ഷോപ്പില്‍ ,നിന്നും വാങ്ങുന്ന കാര്യം കൂടി ബാക്കി ഉണ്ട് .തീര്‍ച്ചയായും വായിക്കാന്‍ ശ്രമിക്കും .

മനുവിനും കുടുംബത്തിനും എന്‍റെ പുതുവത്സരാശംസകള്‍ നേരുന്നു

Gopakumar V S (ഗോപന്‍ ) പറഞ്ഞു... മറുപടി

ഇതൊരു ഗംഭീര വിശകലനമാണല്ലോ...സൂപ്പറായി...

ആശംസകള്‍

Sidheek Thozhiyoor പറഞ്ഞു... മറുപടി

താങ്കള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ; നന്മനിറഞ്ഞ പുതു വത്സര ആശംസകള്‍ ..

nandakumar പറഞ്ഞു... മറുപടി

ഈ വര്‍ഷം വായിച്ചതില്‍ റസൂല്‍ പൂക്കുട്ടിയുടെ “ശബ്ദതാരാപഥം” അതിഭയങ്കരമായ വായനാനുഭവമായിരുന്നു. ഇപ്പോഴും രണ്ടാമത്തെ നുറുങ്ങുവായനയില്‍

സിവി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകവും പകുതി വായനയില്‍ (ആ പുസ്തകം സംശയലേശ്യമേന്യേ തിരഞ്ഞെടുത്തതില്‍ മനോരാജിനോടുള്ള നന്ദി)

ആടുജീവിതം പകുതിവായനയില്‍ നിന്നു പോയി. വായനയുടെ ഇടക്ക് വെച്ച് ഗള്‍ഫില്‍ നിന്നും ലീവിനു വന്ന ചേട്ടന്‍ ഈ പുസ്തകം കണ്ടു എന്താ സംഗതി എന്നു ചോദിച്ചു. നമ്മുടെ പ്രൊമോഷണല്‍ ഡയലോഗില്‍ പെട്ട് പുള്ളീ വായിച്ച് തുടങ്ങി. പിന്നെ പറഞ്ഞു : ഞാന്‍ വായിച്ചിട്ട് തരാഡാ...ന്ന്.
ഇനി ലീവ് കഴിഞ്ഞ് പോയാല്‍ ആ പുസ്തകം എനിക്ക് കിട്ടും :)


(ചിദംബര സ്മരണ വാങ്ങിയതിലും വായിച്ചതിലും എന്റെ പങ്ക് എന്റെ പേരെടുത്ത് പരാമര്‍ശിക്കാത്തതില്‍ ഞാന്‍ അങ്ങേയറ്റം വിമര്‍ശനവും വിഷമവും രേഖപ്പെടൂത്തുന്നു. ഇമ്മാതിരി പ്രശംസകള്‍ ഞാന്‍ അതിഭയങ്കരമായി ഇഷ്ടപ്പെടുന്നുവെന്ന് താങ്കള്‍ക്കറിയില്ലേ?)

Manoraj പറഞ്ഞു... മറുപടി

@moideen angadimugar, Shades, Varun Aroli : തേജസിലേക്ക് സ്വാഗതം. ഈ വായനക്കും പ്രോത്സാഹനത്തിനും നന്ദി.

@chithrangada : മൌനത്തിനപ്പുറത്തേക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ തളിപ്പറമ്പ സിയെല്ലസ് ബുക്ക്സിന്റെ ‘സാക്ഷ്യപത്രങ്ങള്‍‘ എന്ന കഥാസമാഹാരത്തില്‍ എന്റെ ഒരു കഥ അച്ചടിമഷി പുരണ്ടിരുന്നു.

@നന്ദകുമാര്‍ : ശബ്ദതാരാപഥം വായിക്കേണ്ടിയിരിക്കുന്നു അല്ലേ.. ആയുസ്സിന്റെ പുസ്തകം മനോഹരമായ ഒരു ക്ലാസിക്ക് രചന തന്നെ.
(ചിദംബരസ്മരണ വാങ്ങിയതിലും വായിച്ചതിലും താങ്കള്‍ക്കുള്ള പങ്ക് അതിഭയങ്കരമായി പ്രശംസിച്ചുകൊണ്ട് ഒരു ബസ്സ് ഇറക്കിയിരുന്നു. കണ്ടില്ലേ :) ദേ ഇതാണ് )

moideen angadimugar, Sukanya,സുജിത് കയ്യൂര്‍, Shades,chithrangada,~ex-pravasini* ,Varun Aroli,salam pottengal, siya ,Gopakumar V S (ഗോപന്‍ ), സിദ്ധീക്ക.. ,നന്ദകുമാര്‍ : ഈ പ്രോത്സാഹനത്തിന് നന്ദി.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

ഈ പങ്കുവെക്കലിനു വളരെ നന്ദി മനോ...വായിക്കാനാഗ്രഹിച്ചു, വായിക്കാൻ കഴിയാതെ പോയ പല പുസ്തകങ്ങളും ഉണ്ട്.ലഭിക്കാനുള്ള ബുദ്ധിമുട്ടു തന്നെ പ്രശ്നം. ഇതുപോലെയുള്ള റിവ്യൂ വളരെ ഉപകാരപ്പെടുന്നു.
ഈ റിവ്യൂ തുടരുമല്ലോ...

റാണിപ്രിയ പറഞ്ഞു... മറുപടി

വായനയുടെ ലോകത്ത് പിച്ചവച്ചു നടക്കുന്ന എനിക്ക് ഇത് വളരെ ഉപകാരപ്രദം ആയി..
ഇനിയും ഇങ്ങനെയുള്ള വായനാ ലോകം പരിചയപ്പെടുത്തി തരും എന്ന അപേക്ഷയോടെ,
പുതുവത്സരാശംസകള്‍ ........

Noushad Koodaranhi പറഞ്ഞു... മറുപടി

ബ്ലോഗു വായനക്കിടയില്‍ ഏറെ ഉപകാരപ്പെട്ടു ഇത്..

Umesh Pilicode പറഞ്ഞു... മറുപടി

നല്ല മാറ്റങ്ങളുടെതാകട്ടെ ഈ പുതുവര്‍ഷം , ആശംസകള്‍

dreams പറഞ്ഞു... മറുപടി

manuvetta happy new year puthiya puthiya kandathelukal nannayi ezhuthiyittumundu ennyiyum ethupolula avatharanam pratheekshichukondu ente ellaa aashamsakalum

Echmukutty പറഞ്ഞു... മറുപടി

ഞാൻ പോസ്റ്റ് നേരത്തെ വായിച്ചിരുന്നു.
നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതും വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നതും കോടി പുണ്യമാണെന്ന് പറഞ്ഞു തന്ന അധ്യാപകനെ ഓർമ്മിച്ചുകൊണ്ട്..........

നാമൂസ് പറഞ്ഞു... മറുപടി

ഇവയില്‍, ആട് ജീവിതവും, എന്‍മകജെയും ഞാന്‍ വായിച്ചതാണ്. ചിദംബര സ്മരണ കയ്യെത്തും ദൂരത്ത്‌ ഇരിപ്പുണ്ട്. അധികം താമസിയാതെ വായിച്ചു തുടങ്ങണം.
ആട് ജീവിതം നമ്മോടു സംവദിക്കുന്നത്, പൂര്‍ണ്ണമായും മനുഷ്യന്‍റെ പീഡനപര്‍വ്വത്തെയാണ്. മാനസികമായും, ശാരീരികമായും, തൊഴില്‍ പരമായും, സാമ്പത്തികമായും നജീബ് അടക്കം പലരും അനുഭവിക്കുന്ന പീഡനം. ഇതിനെയെല്ലാം സഹിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് സ്നേഹം എന്ന ഒരൊറ്റ പ്രേരകമാണ്. ഒരു പക്ഷെ, അതിന്‍റെ സുഖം ത്യജിച്ചും ത്യാഗം സഹിക്കാനുള്ള സന്നദ്ധതയാണ്.

നോവലിന്‍റെ ആദ്യമദ്യാന്തം നമുക്കിത് അനുഭവപ്പെടും. ഒട്ടും അതിശയോക്തിയില്ലാതെ തന്നെ നമുക്കാ സ്വാഭാവികത ബോദ്ധ്യപ്പെടും.

ചന്തിയില്‍ ആദ്യത്തെ തുള്ളി വെള്ളം വീഴുന്നതിനു മുമ്പ് എന്‍റെ പുറത്തു ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായി ആ അടിയില്‍ എന്‍റെ പുറം പുളഞ്ഞു പോയി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കത്തുന്ന കണ്ണുകളോടെ അര്‍ബാബ്..! എനിക്കൊന്നും മനസ്സിലായില്ല. അതിന്നിടയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു.? പണിയില്‍ വല്ല വീഴ്ചയും വരുത്തിയോ..? അപരാധം വല്ലതും പ്രവര്‍ത്തിച്ചുവോ..?

അര്‍ബാബ് ചാടി വന്ന് എന്‍റെ തൊട്ടിയും വെള്ളവും തട്ടിപ്പറിച്ചെടുത്തു. പിന്നെ ഉച്ചത്തില്‍ ശകാരിച്ചു. ബെല്റ്റ് കൊണ്ടടിച്ചു. വല്ലവിധേനയും ഞാന്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അര്‍ബാബ് ജൂടുതല്‍ ശൌര്യത്തോടെ അടിച്ചു. ഞാന്‍ നിലത്തു വീണു പോയി. അര്‍ബാബ് വെള്ളത്തോട്ടിയുമെടുത്തു കൂടാരത്തിലേക്ക് പോയി.

അര്‍ബാബിന്‍റെ വാക്കുകളില്‍ നിന്ന്, ശകാരത്തില്‍ നിന്ന്, അടിയില്‍നിന്ന് ഞാന്‍ ഗ്രഹിച്ചെടുത്തത് ഇത്രയുമാണ്. ഈ വെള്ളം നിനക്ക് ചന്തി കഴുകാന്‍ ഉള്ളതല്ല. അതെന്‍റെ ആടുകള്‍ക്ക് കൊടുക്കാന്‍ ഉള്ളതാണ്. അതിന്‍റെ വില എത്രയെന്നു നിനക്കറിയില്ല. മേലില്‍ ഇത്തരം 'അനാവശ്യ' കാര്യങ്ങള്‍ക്ക് വെള്ളം തൊട്ടു പോകരുത്. തൊട്ടാല്‍ നിന്നെ ഞാന്‍ കൊന്നുകളയും..!

പ്രസാധകര്‍ പറയുമ്പോലെ, "നാം അനുഭവിക്കാത്ത ജീവിതങ്ങലെല്ലാം നമുക്ക് വെറും കെട്ട് കഥകള്‍ മാത്രമാണ് " എന്നത് മേല്‍ സൂചിപ്പിച്ച നോവലിലെ അനുഭവം സാക്ഷിയാണ്.

എന്‍മകജെ, അതിന്‍റെ വായനയില്‍ നാം തീര്‍ച്ചയായും ഒന്ന് ഞെട്ടിതരിച്ചു പോകും. അത്ര മാത്രം ഭയാനകമാണ് അതില്‍ വരച്ചു വെച്ച ജീവിതങ്ങള്‍.. കേവലം, കാല്പനികതയല്ലാ അതിലെ കഥാപാത്രങ്ങള്‍ ഒന്നും. കാസര്‍ഗോഡിന്‍റെ പരിസരങ്ങളിലെ അനേകായിരങ്ങളുടെ പച്ചയായ ജീവിതങ്ങളാണ്. അവരുടെ ദൈന്യത നമ്മുടെ ഉറക്കം കെടുത്തും തീര്‍ച്ച..!! ഇന്ന് നാം കാണുന്ന എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്കൊക്കെയും ശക്തിയേറിയ മൂര്‍ച്ചയുള്ള ഒരു നല്ല മുദ്രാവാക്യമാണ് എന്‍മകജെ.
ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്. ഇവിടെ വേട്ടക്കാര്‍ ഭരണകൂടം തന്നെ ആകുകില്‍ പൌരന്‍ എന്ത് ചെയ്യും എന്ന ഭീതിതമായ ഒരു സാഹചര്യമാണ് എന്‍മകജെയുടെ വായനയില്‍ അനുഭവപ്പെടുന്നത്.
എന്‍മകജെയേ... പറയാന്‍ ഇനിയും ധാരാളം വാക്കുകള്‍ ആവശ്യമാണ്. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എന്ന് മാത്രം പറയാം..

ഈ ഉദ്യമത്തിന് പ്രിയ കൂട്ടുകാരന്.. അഭിനന്ദനങള്‍...!!

Kadalass പറഞ്ഞു... മറുപടി

'വായന' ഹ്രദ്യമായിതന്നെ പങ്കുവെച്ചു. എല്ലാവിധ ആശംസകളും നേരുന്നു.

കൊമ്പന്‍ പറഞ്ഞു... മറുപടി

upakara petta oru eyuth

pournami പറഞ്ഞു... മറുപടി

good information
happy newyear mano

A Point Of Thoughts പറഞ്ഞു... മറുപടി

വായിക്കാത്തവര്‍ക്കു വായിക്കാന്‍ പ്രചോദനമായി ഒരു പോസ്റ്റു.....
ഈ വര്‍ഷം കൂടുതല്‍ പുതിയ നല്ലബുക്കുകള്‍ വായിക്കാന്‍ ഇടവരുത്തട്ടേ എന്നാശംസിക്കുന്നു

ente lokam പറഞ്ഞു... മറുപടി

ഇതെല്ലാം വായിക്കാന്‍ സമയവും അവസരവും ക്ട്ടുന്നത്
പുണ്യം.അത് പങ്ക് വെക്കുന്നത് അതിലും പുണ്യം.നന്ദി മനു.

മുകിൽ പറഞ്ഞു... മറുപടി

നന്നായി ഇത്. നോട്ടെടുത്തു. ഇനി വാങ്ങണം.

പുതുവത്സരാശംസകൾ, മനോരാജ്. സ്നേഹവുംസന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷം.
സ്നേഹത്തോടെ.

Akbar പറഞ്ഞു... മറുപടി

പ്രിയ മനോജ്‌. പുതുവത്സരം പ്രമാണിച്ച് ബൂലോകത്ത് ഒരു പാട് പോസ്റ്റുകള്‍ വന്നെങ്കിലും താങ്കള്‍ പോയ വര്‍ഷത്തെ നല്ല വായന പങ്കുവെച്ച്, നല്ല എഴുത്തുകാരെ സ്മരിച്ചു എന്‍റെ ചിന്തകള്‍ക്ക് ഊര്‍ജ്യം പകര്‍ന്നു തന്നു.

നന്ദി മനോജ്‌. ഈ പരിചയപ്പെടുത്തലിനു, പ്രേരണക്ക്.

>>>വീണ്ടും വായനയുടെ നല്ല കാലം സമാഗതമാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്<<<<<<

അജ്ഞാതന്‍ പറഞ്ഞു... മറുപടി

എപ്പോഴും ഇത് തുടരാന്‍ കഴിയട്ടെ.
www.shiro-mani.blogspot.com

ചെമ്മരന്‍ പറഞ്ഞു... മറുപടി

Super chetta

www.chemmaran.blogspot.com

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

നല്ല മനസ്സിന്‍ നന്ദി...അഭിനന്ദനങ്ങള്‍.

Jyotsna P kadayaprath പറഞ്ഞു... മറുപടി

വീണ്ടും വായനയുടെ നല്ല കാലം സമാഗതമാവും ,ഉറപ്പ്‌...സഹപ്രവര്‍ത്തകരില്‍ പലരും ഇപ്പോള്‍ ഒഴിവു സമയങ്ങളിലെ പരദൂഷണം നിര്‍ത്തി എന്‍റെ കൈയ്യിലെ പുസ്തകങ്ങള്‍ അന്വേഷിച്ചു വന്ന് തുടങ്ങിയിട്ടുണ്ട്...
ആശംസകളോടെ
ജോ

jain പറഞ്ഞു... മറുപടി

'എന്‍‌മകജെ' കെ.ആര്‍. മീരയുടെ 'യൂദാസിന്റെ സുവിശേഷം'

manu, Ee pusthakangal eniku vayikanamennund.
ee post vayikan thamasichathil xamapanam. nalla pusthakangal vayikakayum ath orthirunnu ezhuthan sadhkukayum cheythath valare nannayi manu