ശനിയാഴ്‌ച, ജനുവരി 21, 2012

ശവംനാറി പൂവ്

ബൂലോകം.കോം (ബൂലോകം ഓണ്‍ലൈന്‍ ) നടത്തിയ ചെറുകഥാ മത്സരം 2011ല്‍ മികച്ച രണ്ടാമത്തെ കഥയായി തിരഞ്ഞെടുക്കപ്പെട്ട രചന.

--------------------------------------------------------------------------------

1

കാളിയപ്പനെ തറയില്‍ വിരിച്ച പഴം‌പായയിലേക്ക് ഇറക്കി കിടത്തിയിട്ട് കണ്ണകി നിവര്‍ന്നു നിന്നു. അവള്‍ ഭയങ്കരമായി കിതക്കുന്നുണ്ടായിരുന്നു. മുടിയിഴകളില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വെള്ളം തറയിലേക്ക് ഒലിച്ചിറങ്ങി. വലിയ വട്ടപ്പൊട്ട് വെളുത്ത കവിളില്‍ രക്തവര്‍ണ്ണമായി പടര്‍ന്നു. അവളുടെ അഴകളവുകളുടെ ആഴങ്ങളിലേക്ക് നനഞ്ഞു കുതിര്‍ന്ന ചുവന്ന പട്ടുപാവട പറ്റിചേര്‍ന്നു. നനവിന്റെ നിറവിലൂടെ അടിയുടുപ്പുകളുടെ സുതാര്യ നിഴലുകളിലേക്ക് ഉഴറി നടന്ന കണ്ണൂകള്‍ക്ക് മുമ്പില്‍ ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെ അവള്‍ വാതില്‍ വലിച്ചടച്ചു.


കണ്ണകിക്ക് വല്ലാതെ തണുത്തു
. അവളുടെ താടിയെല്ലുകള്‍ തണുപ്പിന്റെ ആധിക്യത്താല്‍ കൂട്ടിയടിച്ചു.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

അവള്‍ കിടുക്കുന്ന ചുണ്ടുകള്‍കൊണ്ട് ഉരുവിട്ടുകൊണ്ടിരുന്നു.

2

എന്നും ശവങ്ങള്‍ക്ക് കാവലാള്‍ ആയിരുന്നു കാളിയപ്പന്‍. ആത്മഹത്യ, തീപ്പൊള്ളല്‍, മുങ്ങി മരണം, അങ്ങിനെ മറ്റുള്ളവര്‍ സ്പര്‍ശിക്കുവാന്‍ മടികാണിക്കുന്ന ശവശരീരങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് തുണയായിരുന്നു അയാള്‍. നാല്പത്തഞ്ചിനടുത്ത് പ്രായം. ചുവന്ന് കലങ്ങിയ കണ്ണുകള്‍... ചോരപ്പാടുകള്‍ ഉണങ്ങി പിടിച്ച കാവി മുണ്ടും ഷര്‍ട്ടും വേഷം. ബട്ടണുകള്‍ ഇല്ലാതെ ഷര്‍ട്ട് എപ്പോഴും തുറന്ന് കിടന്നു.. അവിടവിടെ മാത്രം രോമമുള്ള വെളുത്ത നെഞ്ചിലും മുഖത്തും കൈകാലുകളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍. ചില വ്രണങ്ങള്‍ക്ക് ചുറ്റും ഈച്ചകള്‍ മൂളിപ്പറക്കുന്നു. പൊട്ടിയ വ്രണങ്ങളില്‍ നിന്നും ചലം ഒലിച്ച് എപ്പോഴും അറപ്പുളവാക്കുമായിരുന്നു.. ഒരേ ഒരു മകളോടൊപ്പം - കണ്ണകി - ഒറ്റ മുറി വീട്ടില്‍ താമസം. കാളിയപ്പന്റെ ഭാര്യ മരിച്ചു പോയതാണ്. മരിച്ചു പോയി എന്നതിനേക്കാള്‍ ചവിട്ടി കൊന്നു എന്ന സത്യം നാട്ടുകാര്‍ക്ക് അറിയാം. പക്ഷെ എല്ലാവര്‍ക്കും അയാളെ പേടിയായിരുന്നു. പൊട്ടിയൊലിച്ച വ്രണങ്ങളുമായി കാളിയപ്പനെ കാണുമ്പോള്‍ തന്നെ ഏവരും വഴി മാറി പോകും.

എന്തൊക്കെയോ ചേര്‍ത്ത് സ്വയം വാറ്റിയ റാക്ക് എപ്പോഴും കൈവശമുണ്ടാകും. ശവങ്ങളോട് വല്ലാത്ത ബഹുമാനമായിരുന്നു കാളിയപ്പന്. ജീവിച്ചിരിക്കുന്നവരോട് ഇല്ലാത്ത ബഹുമാനം! ഒരിക്കലും ശവങ്ങള്‍ മറവു ചെയ്യുന്നതിന് അയാള്‍ പ്രതിഫലം പണമായി കൈപറ്റുമായിരുന്നില്ല.. ഒരു ചുവന്ന പട്ടും ഒരു കുപ്പി മദ്യവുമായിരുന്നു അയാള്‍ക്ക് നല്‍കേണ്ട ദക്ഷിണ!

ശവം മറവു ചെയ്താല്‍ ദക്ഷിണയായി ലഭിച്ച പട്ട് അരയില്‍ ചുറ്റി മദ്യക്കുപ്പി ഭദ്രമായി അതില്‍ തിരുകിവെച്ച് പൊട്ടിയ വ്രണങ്ങളിലെ ഈച്ചകളെ ആട്ടിയോടിച്ച് വേച്ച് വേച്ച് പുഴക്കരയിലേക്ക് അയാള്‍ നടക്കും. പുഴയില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ പിന്നെ വീട്ടിലേക്ക് ഒറ്റ നടത്തമാണ്.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ..”

വീട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു.

3

കണ്ണകി ഓര്‍മ്മകളുടെ തീരത്തായിരുന്നു. ചുവന്ന പട്ടുപാവടയുടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, കരിമണിമാലയും കരിവളകളും അണിയാന്‍ കൊതിച്ചിരുന്ന, കനകാംബരം മുടിയില്‍ ചൂടാന്‍ ആഗ്രഹിച്ചിരുന്ന, പട്ടിണിമൂലം ഒട്ടിയതെങ്കിലും സ്നേഹത്തിന്റെ പതുപതുപ്പുണ്ടായിരുന്ന അമ്മയുടെ വയറില്‍ തലവെച്ച് ഉറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന, രാത്രിയില്‍ അപ്പയുടെ കുടിച്ച് വെളിവുകെട്ടുള്ള വരവിനെ പേടിച്ചിരുന്ന കുട്ടികാലത്തെ ഓര്‍ക്കുകയായിരുന്നു കണ്ണകി.

അമ്മ..!! കൊക്കി കുരച്ചിരിക്കുന്ന കറുത്ത മെല്ലിച്ച ഒരു രൂപം കണ്ണകിയുടെ മനസ്സിലേക്ക് ഓടിവന്നു. വലിവ് അമ്മയെ അത്രയേറെ അസ്വസ്ഥയാക്കിയിരുന്നു. അതിന്റെ ശേഷിപ്പുകള്‍ എന്ന മട്ടില്‍ തണുപ്പ് തുടങ്ങിയാല്‍ കിടുകിടു വിറക്കാറുണ്ടായിരുന്നു കണ്ണകിയും. രാത്രിയില്‍ കുടിച്ച് ബോധമില്ലാതെ വരുന്ന അപ്പയുടെ പരാക്രമങ്ങള്‍ സഹിക്കുവാനുള്ള ത്രാണി അമ്മക്ക് ഉണ്ടായിരുന്നില്ല എന്ന് കണ്ണകി ഓര്‍ത്തെടുത്തു. കൊച്ചു കണ്ണകിയെ കമ്പിളിയില്‍ വാരിയെടുത്ത് ഏതെങ്കിലും ഇരുട്ടില്‍ പറ്റിചേര്‍ന്ന് ഇരിക്കുമായിരുന്നു അമ്മ.. അമ്മയുടെ ഭീതി കലര്‍ന്ന മുഖം കണ്മുന്നില്‍ നിഴലാട്ടം നടത്തിയപ്പോള്‍ ഒരിക്കല്‍ കൂടെ കണ്ണകിക്ക് കിടുത്തു.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

തണുത്ത് വിറങ്ങലിച്ച കൊച്ചു ദേഹത്തെ കീറിയ കമ്പിളികൊണ്ട് പുതപ്പിച്ച് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ പാടിയിരുന്നത് അവളോര്‍ത്തു... എന്തൊരു വാത്സല്യമായിരുന്നു ആ നാട്ടുശീലിന്!!

4

കാളിയപ്പന്റെ മരണം ഇത്തരത്തില്‍ ആവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതും വെള്ളത്തില്‍ വീണൊരു മരണം!! എന്നും ശവശരീരങ്ങളുടെ മേല്‍നോട്ടക്കാരനായിരുന്ന കാളിയപ്പന്‍ ഇപ്പോള്‍ ഒരു ശവമായി....

എന്താണ് സംഭവിച്ചത്?

കുമാരന്‍ വൈദ്യന്റെ മകളുടെ ശരീരം മറവ് ചെയ്ത് വരുന്ന വഴിയായിരുന്നു. അവള്‍ -ആ പൊട്ടിപ്പെണ്ണ്- ആത്മഹത്യചെയ്തതാണെന്നേ.. അല്ല, കുമാരന്‍ വൈദ്യര്‍ക്ക് അത് തന്നെ വേണം. നാട്ടിലുള്ള എല്ലാ അവിഹിത ഗര്‍ഭവും കലക്കി കൊടുക്കുന്ന അയാള്‍ക്ക് സ്വന്തം മകളുടെ വയറ് വലുതാവുന്നത് കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൂടിവെയ്ക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയായപ്പോളാവണം അവള്‍ പുഴയോട് പരിഭവം പറയാന്‍ ഇറങ്ങിത്തിരിച്ചത്.

വൈദ്യരുടെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ പുഴക്കരയിലേക്ക് ഓടിക്കൂടിയത്. മരുന്നുകുറിപ്പടി പോലെയുള്ള ഒരു കടലാസു കഷണവുമായി സ്വന്തം തലക്ക് പ്രഹരിച്ചു കൊണ്ട് കുമാരന്‍ വൈദ്യര്‍ കൊച്ചുകുട്ടിയെ പോലെ കരഞ്ഞുകൊണ്ടിരിന്നു. ഓളങ്ങളില്‍ തട്ടിയുലഞ്ഞ് ഒരു മഞ്ഞ ഷാള്‍ പുഴയുടെ പരപ്പിലൂടെ ഒഴുകി നടപ്പുണ്ടായിരുന്നു.

അതൊരു വരവായിരുന്നു!!

തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാളിയപ്പന്‍ പുഴക്കരയിലേക്ക് നടന്നടുത്തു. നിലത്തുറക്കാത്ത കാലുകളുമായി ആടിയാടി അങ്ങിനെ... ജനക്കൂട്ടം ഒതുങ്ങി നിന്ന് അയാളുടെ വരവിന് വഴിയൊരുക്കി. പുണ്ണ് പിടിച്ച് അളിഞ്ഞ ശരീരത്തില്‍ ഈച്ചകള്‍ പൊതിഞ്ഞിട്ടുണ്ട്. പലരും അറിയാതെ തന്നെ മൂക്കു പൊത്തിപ്പോയി. കുട്ടികളും സ്ത്രീകളും ഭയന്ന് പിന്നിലേക്ക് മാറി.

പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുന്ന കാളിയപ്പന്‍ ശരിക്കും നാട്ടുകാര്‍ക്ക് ഒരു കാഴ്ചയാണ്. വെള്ളത്തിനടിയിലൂടെ കൈകള്‍ പിന്നിലേക്ക് തുഴഞ്ഞ് അയാള്‍ ഒഴുകി നടക്കുന്നത് കുട്ടികള്‍ ആവേശത്തോടെ നോക്കി നിന്നു.

"അത് ബട്ടര്‍ഫ്ലൈ സ്ട്രോക്കാ.. " കുട്ടികളില്‍ ആരോ വിളിച്ചുപറഞ്ഞു.

"പോടാ അത് ഫ്രീസ്റ്റൈലാ" - മറ്റൊരുവന്‍

അത് ബട്ടര്‍ഫ്ലൈ സ്ട്രോക്കാണോ ഫ്രീസ്റ്റൈല്‍ ആണോ എന്നതിനെ പറ്റി കുട്ടികള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ കുമാരന്‍ വൈദ്യരുടെ മകളുടെ അരക്കെട്ടിലായിരുന്നു കാളിയപ്പന് പിടുത്തം കിട്ടിയത്. വെള്ളത്തിനടിയില്‍ ഒരു മത്സ്യകന്യകയെപ്പോലെ അവള്‍ അങ്ങിനെ ഒഴുകി നടക്കുകയായിരുന്നു. ഫ്രീസ്റ്റൈലാണോ അതോ ബാക്ക്‌സ്ട്രോക്ക് ആയിരുന്നോ ബോഡിയുടെ പൊസിഷന്‍ എന്ന കാര്യത്തില്‍ കുട്ടികള്‍ തമ്മില്‍ ശണ്ഠ കൂടുന്നത് കൌതുകത്തോടെ കണ്ടുനില്‍ക്കുന്നവരുടെ ഇടയിലേക്കാണ് വെള്ളത്തിലെ ഭാരമില്ലായ്മയില്‍ നിന്നും 65കിലോ ഭാരം കരയിലേക്ക് വലിച്ചുകയറ്റിയിട്ട് കാളിയപ്പന്‍ കിതപ്പോടെ കരപറ്റിയത്.

ശവത്തിലേക്ക് ഒരിക്കലേ അയാള്‍ നോക്കിയുള്ളൂ. സ്ഥാനം തെറ്റിയ നനഞ്ഞ വസ്ത്രം നേരെയാക്കിയിട്ട് ശവത്തെ തോളത്തിട്ട് കുമാരന്‍ വൈദ്യരുടെ വീട്ടിലേക്ക് അയാള്‍ വലിഞ്ഞു നടന്നു.

5

അന്ന് തൂങ്ങി മരിച്ച ഏതോ ഒരു സ്ത്രീയുടെ ശവത്തെ മറവ് ചെയ്ത ശേഷം വല്ലാതെ കുടിച്ചിട്ടായിരുന്നു രാത്രിയില്‍ അപ്പ വീടണഞ്ഞതെന്ന് കണ്ണകി ഓര്‍ത്തു.

അമ്മയുടെ മടിയില്‍ തലവെച്ച് കിടന്ന് അവള്‍ മയക്കം പിടിച്ചിരുന്നു.

"വേണ്ട അയ്യ.. ഞാന്‍ പൊറത്തായിരിക്കാണ്.."

"അടങ്ങികിടക്കെടീ കഴുവേറ്ടാ മോളാ"

അപ്പയുടെ ഭ്രാന്ത് പിടിച്ച ഒച്ചകേട്ടാണ് കണ്ണുതുറന്നത്. അപ്പ അമ്മക്ക് മേല്‍ പിടിവലി നടത്തുന്നത് കണ്ട് ഭയന്ന് പോയി. ചിമ്മിണി വിളക്കിന്റെ അരണ്ട വെട്ടത്തില്‍ അമ്മയുടെ ഒറ്റമുണ്ടിനിടയില്‍ നിന്നും അപ്പ വലിച്ച് പുറത്തെറിഞ്ഞ ചോരപുരണ്ട പഴന്തുണികഷണം കണ്ടപ്പോള്‍ കണ്ണകിക്ക് കൊടുങ്ങല്ലൂര്‍ കാവ് തീണ്ടാന്‍ പോയി കോഴിക്കല്ലില്‍ തലതല്ലി ചത്ത അമ്മാമ്മയെ ഓര്‍മ്മ വന്നു. കൊടുങ്ങല്ലൂരമ്മയുടെ ഭക്തയായിരുന്ന അമ്മമ്മ ആണ് തനിക്ക് കണ്ണകി എന്ന പേരിട്ടത് എന്ന് അമ്മ പറയാറുള്ളത് അവളോര്‍ത്തു.

അമ്മയുടെ ശബ്ദം താണുതാണു വരുന്നത് അവള്‍ അറിഞ്ഞു. കുറേ സമയത്തെ നിഴലനക്കങ്ങള്‍ക്കൊടുവില്‍ നാശമെന്ന് പിറുപിറുത്തുകൊണ്ട് അപ്പ പുറത്തേക്ക് ഇറങ്ങിപ്പോയതും അവള്‍ തപ്പിതടഞ്ഞ് അമ്മക്കരികില്‍ എത്തി. അടുപ്പുകല്ലിന് അരികെ തുടയിലൂടെ ഒലിച്ചു വന്ന ചോര കള്ളിമുണ്ടുകൊണ്ട് തുടച്ച് അമ്മ തളര്‍ന്ന് കിടന്നു. അവളെ കെട്ടിപ്പിടിച്ച് അമ്മ കുറേ നേരം കരഞ്ഞു.

അന്ന് രാത്രി അമ്മ മരിച്ചു!

കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയ കണ്ണകി ഉണര്‍ന്നപ്പോള്‍ കാണുന്നത് നാക്കുതുറിപ്പിച്ച് , കണ്ണുകള്‍ പുറത്തേക്ക് തള്ളി ഒറ്റമുറി വീട്ടില്‍ തൂങ്ങിയാടുന്ന അമ്മയെയാണ്. അമ്മ കൈകള്‍ തുടകളില്‍ അള്ളിപ്പിടിച്ചിരുന്നു. രക്തവും മൂത്രത്തുള്ളികളും നിലത്ത് വീണ് ചിതറിയ ഭാഗത്ത് ഈച്ചകളും ഉറുമ്പുകളും തടിച്ചു കൂടി ഒരു മാംസപിണ്ഢം കണക്കെ അറപ്പുളവാക്കി. അവള്‍ക്ക് ഓക്കാനിക്കാന്‍ വന്നു. പേടിയോടെ അവള്‍ കമ്പിളിക്കുള്ളിലേക്ക് ചുരുണ്ടുകൂടി.

ശരീരത്തിലൂടെ ഒരു പാമ്പിഴഞ്ഞിറങ്ങുന്നത് സ്വപ്നം കണ്ട് അവള്‍ അന്ന് രാത്രി ഞെട്ടിയുണര്‍ന്നു.

6

കുമാരന്‍ വൈദ്യരുടെ മകളുടെ ജഡം മറവുചെയ്ത് പുഴക്കരയിലേക്ക് കാളിയപ്പന്‍ ധൃതിയില്‍ നടന്നു. പതിവില്‍ കവിഞ്ഞ് അയാള്‍ മദ്യപിച്ചിരുന്നു. എന്തോ എത്രയും പെട്ടന്ന് വീടണയാന്‍ അയാളുടെ മനസ്സ് വെമ്പുകയായിരുന്നു.

പുഴയിലേക്ക് ഇറങ്ങുമ്പോള്‍ അയാളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. കാലുകള്‍ കുഴഞ്ഞുപോകുന്നത് അയാള്‍ അറിഞ്ഞു. ഒരു പൊങ്ങുതടിപോലെ വെള്ളത്തിലൂടെ ഒഴുകുന്നതായാണ് കാളിയപ്പന് തോന്നിയത്. തല പെരുക്കുന്നത് അറിയുന്നുണ്ട്. അയാള്‍ക്ക് കണ്ണകിയെ ഓര്‍മ്മ വന്നു. തണുത്ത് വിറച്ച് കിടുക്കുന്ന കണ്ണകി.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

കമ്പിളിപ്പുതപ്പുള്‍പ്പെടെ പൂണ്ടടക്കം ചേര്‍ത്ത് പിടിച്ചപ്പോള്‍ അമ്മാ എന്ന് വിളിച്ചുകൊണ്ട് തന്റെ വാത്സല്യത്തിലേക്ക് അവള്‍ പറ്റിചേരുന്നത് അയാള്‍ അറിഞ്ഞു. പുറത്ത് കത്തിയമരുന്ന ചിതയില്‍ നിന്നും ഭാര്യയുടെ തലയോട് പൊട്ടിത്തെറിക്കുന്ന ശബ്ദം കാതുകളില്‍ വന്ന് പതിക്കുമ്പോഴേക്കും കണ്ണകിയിലേക്ക് വന്യമായി ചേക്കേറാന്‍ തുടങ്ങുകയായിരുന്നു.. തലയോട്ടിയുടെ അവസാന ഭാഗവും അലര്‍ച്ചയോടെ പൊട്ടുമ്പോള്‍ കണ്ണകിയുടെ എതിര്‍പ്പുകള്‍ വേദന നിറഞ്ഞ കിതപ്പുകളായി മാറിയിരുന്നു. ശവങ്ങള്‍ മറവു ചെയ്തുകഴിഞ്ഞാല്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന് നനഞ്ഞൊട്ടിയ ദേഹവുമായി കണ്ണകിയിലേക്ക് ഊളിയിടുവാന്‍ ഇന്നും വല്ലാത്ത ആവേശമാണ്. ആദ്യമൊക്കെ വെളുത്ത കവിളില്‍ കൈവിരല്‍ പാടുകള്‍ പതിപ്പിച്ചാലേ അവള്‍ വഴങ്ങുമായിരുന്നുള്ളൂ. ക്രമേണ നെറ്റിയില്‍ ചുവന്ന വലിയ വട്ടപ്പൊട്ടും തൊട്ട് ചുവന്ന പട്ടുപാവാടയും ബ്ലൊസുമിട്ട് ആകെ ചുവന്ന് , ചുവന്ന പട്ടും വിരിച്ച് അവള്‍ കാത്തിരിക്കും.

കണ്ണകീ .. ഞാന്‍ ഇതാ വരുന്നു... വല്ലാതെ തണുക്കുന്നുണ്ടല്ലോ.. .

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

നിലകിട്ടാതെ ഒരു പൊങ്ങുതടിപോലെ പുഴയുടെ ഓളങ്ങള്‍ക്കൊപ്പം അയാള്‍ ഒഴുകിനീങ്ങി.

7

കണ്ണകി ഞെട്ടിയുണര്‍ന്നു. കാളിയപ്പന്റെ ശവത്തിലെ വ്രണങ്ങളില്‍ ഈച്ചകള്‍ ആര്‍ക്കുവാന്‍ തുടങ്ങിയിരുന്നു. പഴുപ്പിന്റെ മണം മുറിക്കകത്ത് പുതലിച്ചു നിന്നു. അവള്‍ ശവത്തിലേക്ക് ഒരിക്കല്‍ കൂടെ നോക്കി. മലര്‍ന്ന് കിടക്കുന്ന കാളിയപ്പന്റെ നെഞ്ചില്‍ ചവിട്ടി കാളിയമര്‍ദ്ദനമാടിയാലോ എന്നവള്‍ക്ക് തോന്നി. ഇത് വരെ കാളിയന്റെ മര്‍ദ്ദനമായിരുന്നു. അമ്മ മരിച്ച രാത്രിയില്‍ തുടങ്ങിയ മര്‍ദ്ദനം!! അവള്‍ക്ക് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. പുറത്ത് - വീടിന് പുറത്ത് - എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ട് അവള്‍ വാതില്‍ തുറന്നു. കാളിയപ്പനെ മറവ് ചെയ്യുവാനായി കുഴിയെടുക്കുന്നവരെ കണ്ട് അവള്‍ ചുവന്ന ചുണ്ടുകള്‍ മലര്‍ത്തി പുഞ്ചിരിച്ചു. ഇത് വരെ സഹായത്തിന്റെ തരിമ്പുപോലും കാണിക്കാത്തവര്‍ കുഴിവെട്ടി കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു. അവള്‍ക്ക് പൊട്ടിച്ചിരിക്കുവാന്‍ തോന്നി.

മഴ ചെറുതായി ചിണുങ്ങുന്നുണ്ട്.. കുഴിക്കരികിലേക്ക് അവള്‍ നടന്നടുത്തപ്പോള്‍, ആ കണ്ണുകളിലെ തിളക്കം കണ്ട് കുഴിവെട്ടുകാര്‍ ഒതുങ്ങി മാറി നിന്നു. അവരുടെ കൈയില്‍ നിന്നും കൈകോട്ട് താഴെ വീണു. അവളുടെ നെറ്റിയിലൂടെ വട്ടപ്പൊട്ട് രക്തമായി ഒലിച്ചിറങ്ങി. ചുവന്ന വസ്ത്രങ്ങള്‍ മഴത്തുള്ളികള്‍ വീണ് ഒരു പോര്‍ച്ചട്ട പോലെ ശരീരത്തോട് പറ്റിചേര്‍ന്നു. നനഞ്ഞു കുതിര്‍ന്ന വസ്ത്രത്തിനുള്ളില്‍ മുലക്കണ്ണുകള്‍ വിജൃംഭിച്ചു നിന്നു. നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന പൊട്ട് തുടച്ചു കൊണ്ട് അവള്‍ കൈകോട്ട് എടുത്ത് മണ്ണില്‍ ആഴത്തില്‍ വെട്ടി.

മഴ കനത്തുതുടങ്ങി. അവള്‍ ആവേശത്തോടെ തലങ്ങും വിലങ്ങും വെട്ടിക്കൊണ്ടിരുന്നു.

മുടിയുലഞ്ഞു !

മുലയുലഞ്ഞു !!

അവള്‍ ആകെ ഉലഞ്ഞു !!!

അവളുടെ ഓരോ വെട്ടിനുമൊപ്പം ദിക്കുപൊട്ടുമാറ് ഇടിവെട്ടി.

ഇടിവാളിന് ചിലമ്പിന്റെ ശബ്ദം!!

മഴ ഒരു ഹുങ്കാരത്തോടെ അവള്‍ക്ക് മേല്‍ പെയ്യാന്‍ തുടങ്ങി. കണ്ണകിക്ക് വല്ലാതെ തണുത്തു. അവള്‍ കിടുക്കുന്നുണ്ടായിരുന്നു.

"കുളിരണ് കുറിച്ചീ തീപ്പൂട്ട് ഐലേ

പായിട് മണങ്ങേ ചാച്ചാമ്പോവാ ചാളെ.”

അവള്‍ അലറി വിളിച്ചു. പകച്ചു നില്‍ക്കുന്ന നാട്ടുകാരെ തട്ടിമാറ്റിക്കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവള്‍ മുറിക്കകത്തേക്ക് ഓടിക്കയറി.

------------------------------------------------------------

ബൂലോകം.കോം (ബൂലോകം ഓണ്‍ലൈന്‍ ) നടത്തിയ ചെറുകഥാ മത്സരം 2011ല്‍ മികച്ച രണ്ടാമത്തെ കഥയായി തിരഞ്ഞെടുക്കപ്പെട്ട രചന.

ചൊവ്വാഴ്ച, ജനുവരി 03, 2012

2011ല്‍ വായിച്ച പുസ്തകങ്ങള്‍

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് വാള്‍ കണ്ടപ്പോളാണ് 2011ലെ എന്റെ വായന ഒന്ന് ലിസ്റ്റ് ചെയ്യണമെന്ന് തോന്നിയത്. വെറുതെ ഒരു ഓര്‍മ്മക്കായി.... ബെന്യാമിന് നന്ദി...

1. അര്‍ദ്ധനിലീമിതം - വര്‍ക്കല ശ്രീകുമാര്‍ (കഥകള്‍)
2. പാല്‍പ്പായസം - ഖാദര്‍ പട്ടേപ്പാടം (ബാലസാഹിത്യം- കുറുങ്കവിതകള്‍)
3. സത്യമായും ഞാന്‍ കണ്ടു - സുരേഷ്. പി.തോമസ് (കഥകള്‍)
4. ഗ്രീഷ്മമാപിനി - പി.സുരേന്ദ്രന്‍ (നോവല്‍)
5. വഴിമരങ്ങളുടെ സ്മൃതി മണ്ഢപങ്ങള്‍ - ധന്യമഹേന്ദ്രന്‍ (കവിതകള്‍)
6. കാ വാ രേഖ ? - ബ്ലോഗേര്‍സ് (കവിതകള്‍)
7. നാവിലെ കറുത്ത പുള്ളീ - ജുവൈരിയ സലാം (കഥകള്‍)
8. താമ്രപര്‍ണ്ണി - ശൈലന്‍ (കവിതകള്‍)
9. ലവ് എക്സ്പീരിയന്‍സ് ഓഫ് എ സ്കൌണ്ട്രല്‍ പോയറ്റ് - ശൈലന്‍ (കവിതകള്‍)
10. ഒരു നഗരപ്രണയ കാവ്യം - കുഴൂര്‍ വിത്സന്‍ (കവിതകള്‍)
11. ഭാരതപ്രദര്‍ശനശാല - സി.അഷ്‌റഫ് (നോവല്‍)
12. കൈകേയി - ടി.എന്‍.പ്രകാശ് (നോവല്‍)
13. പെരും‌ആള്‍ - രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍)
14. മറുപിറവി - സേതു (നോവല്‍)
15. തപാല്‍‌ക്കാരന്‍ - ബാലചന്ദ്രന്‍ മുല്ലശ്ശേരി (കവിതകള്‍)
16. ഉന്മത്തതയുടെ ക്രാഷ്‌ലാന്‍ഡിങുകള്‍ - രാജേഷ് ചിത്തിര (കവിതകള്‍)
17. ഒട്ടകമായും ആടായും മനുഷ്യനായും - ബിജുകുമാര്‍ ആലങ്കോട് (ജീവിതം)
18. അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം - പ്രിയ .എ.എസ് (ബാലസാഹിത്യം)
19. ചൂതാട്ടക്കാരല്ലാത്തവര്‍ക്ക് പ്രവേശനമില്ല - സുരേഷ്.പി.തോമസ്
20. അന്ധകാരനഴി - ഇ.സന്തോഷ് കുമാര്‍ (നോവല്‍)
21. സര്‍ക്കസ് - മാലി (ബാലസാഹിത്യം - നോവല്‍)
22. ചുംബനശബ്ദതാരാവലി - ഇന്ദുമേനോന്‍ (കഥകള്‍)
23. മെറ്റമോര്‍ഫസിസ് - കാഫ്ക (നോവല്‍)
24. മരണസഹായി - ദേവദാസ് .വി.എം (കഥകള്‍)
25. മഞ്ഞവെയില്‍ മരണങ്ങള്‍ - ബെന്യാമിന്‍ (നോവല്‍)
26. കോട്ടയം -17 - ഉണ്ണി ആര്‍ (കഥകള്‍)
28. രാമായണകാഴ്ചകള്‍ - ഷാജി നായരമ്പലം (കവിതകള്‍)
29. അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ - ഷാഹിന.ഇ.കെ.
30. പന്നിവേട്ട - ദേവദാസ് .വി.എം. (നോവല്‍)
31. കള്ളന്‍ ഒരു പുസ്തകം - ഒലിവ് പബ്ലിക്കെഷന്‍സ് (കഥ/ കവിത/ അനുഭവം)
32. ഓക്സിജന്‍ - ജോമോന്‍ ആന്റണി (കഥകള്‍)
33. സില്‍വിയ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ് - ശ്രീബാല.കെ.മേനോന്‍ (കഥകള്‍)