കുട്ടായ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുട്ടായ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, നവംബർ 25, 2011

ഒരു നാടിന്റെ രക്ഷക്കായുള്ള ഒത്തുചേരലിലേക്ക്..

ജീവിക്കുവാനുള്ള തത്രപ്പാടിനിടയില്‍, ഒഴുക്കില്‍ പെട്ടുപോയേക്കാവുന്ന സ്വജീവിതവും സഹജീവിതങ്ങളും രക്ഷപ്പെടണമെന്ന ആഗ്രഹവുമായി തൊഴിലിടങ്ങളില്‍ നിന്നും ബാഗുകളും തൂക്കി മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയ ഈ തലമുറയുടെ പ്രതിനിധികളേ.. നിങ്ങളാണ് ശരി..!! നിങ്ങള്‍ തെളിയിച്ച ഈ മെഴുകിതിരി വെട്ടം കേരളത്തിലെ ജനങ്ങള്‍ നാളെയേറ്റെടുത്തേക്കും.. ഒരു ഡാമിന്റെ പേരില്‍.. ഒരു നാട്ടിലെ ജനതയുടെ പേരില്‍ ഇത് വരെ കാണാത്ത വെര്‍ച്ചല്‍ സൌഹൃദങ്ങള്‍ ഒരുമിച്ചു ചേര്‍ന്നെങ്കില്‍ - തീര്‍ച്ചയായും തൊട്ടപ്പുറത്തെ വീട്ടിലെ സുഖമില്ലാത്ത ചേട്ടനെ തിരിഞ്ഞു നോക്കാത്തവരെന്നും പട്ടിണി പാവങ്ങളോട് മുഖം തിരിച്ചിട്ട് അവരുടെ ഫോട്ടോകളില്‍ ലൈക്ക് അടിക്കുകയും കമന്റിടുകയും ചെയ്യുന്നവരെന്നുമുള്ള - അറിവില്ലായ്മയുടെ ജല്പനങ്ങള്‍ പുലമ്പുന്നവര്‍ക്ക് നേരെ നിങ്ങള്‍ക്കിനി ശക്തമായി പ്രതികരിക്കാം. “35 ലക്ഷത്തിനു മേല്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരു കൈത്തിരി വെട്ടമെങ്കിലും കത്തിച്ചു. ആ കൈത്തിരി വെട്ടത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുവാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ നിന്നും കെടുത്താതെ നോക്കുക. ഒരു പക്ഷെ ഇനിയും നാളെകളില്‍ നിങ്ങളുടെ വീരസാഹികതകള്‍ , കവലപ്രസംഗങ്ങള്‍, ഭാവനാസൃഷ്ടികള്‍, പരിസ്ഥിതി വാദങ്ങള്‍ ഒക്കെ ശ്രവിക്കാന്‍ ഇവിടെ ഈ മണ്ണില്‍ ആള്‍ വാസമുണ്ടാവണമെങ്കില്‍ ഒന്നുകില്‍ ഞങ്ങളോടൊത്ത് അണിചേരൂ.. അതല്ലെങ്കില്‍ ദയവ് ചെയ്ത് ഞങ്ങളെ തളര്‍ത്താന്‍ ശ്രമിക്കാതിരിക്കുക

സത്യത്തില്‍ ഈ വെര്‍ച്ചല്‍ മീഡിയയുടെ ഒരു ഭാഗമായതില്‍ ഒട്ടേറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇന്ന് വൈകുന്നേരം 5.30 മണിമുതല്‍ 8 മണിവരെ. അത്രയേറെ ആസ്വദിച്ചായിരുന്നു എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയ സൈബര്‍ എഴുത്തിടങ്ങളില്‍ തളക്കപ്പെട്ട യുവജനതയുടെ ആവേശം. ഞങ്ങള്‍ ആവേശം കൊണ്ടത് പരസ്പരമുള്ള പുകഴ്തലുകളിലെ ലൈകുകളിലോ കമന്റുകളിലോ ചിറ്റ്ചാറ്റിലോ ആയിരുന്നില്ല. മറിച്ച് ഒരു ജനതയെ ഉണര്‍ത്തുവാനുള്ള ഈ ശ്രമത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഓര്‍ത്തായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലോഗ്, ബസ്സ്, ഫെയ്ബുക്ക് എന്നിവിടങ്ങളിലായി ചര്‍ച്ചകളിലൂടെ രൂപപ്പെട്ട് വന്ന Save Sinking Kerala എന്ന മൂവ്മെന്റിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു. ഇത് വരെ കാണാത്തവര്‍ വീ വാന്‍ഡ് ന്യൂ ഡാം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ (അതോ മുറവിളിയോ) അണിനിരന്നതില്‍ നിന്നും ചില നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ.





റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ നമ്മുടെ ബൂലോകത്തിലേക്ക് ഇത് വഴി പോകാം.

ചൊവ്വാഴ്ച, ഏപ്രിൽ 19, 2011

തുഞ്ചന്‍ പറമ്പ് മീറ്റ് : ചിത്രങ്ങള്‍ക്ക് പറയാനുള്ളത്!


നമസ്കാരം . തുഞ്ചന്‍ പറമ്പിലേക്ക് ഏവര്‍ക്കും സ്വാഗതം.


എഴുത്തിന്റെ ഈറ്റില്ലത്തില്‍ മലയാളം ബ്ലോഗേര്‍സ് ഒത്തുചേരട്ടെ.


ഇത് കൊട്ടോട്ടിക്കാ‍രന്‍. തുഞ്ചന്‍ പറമ്പ് മീറ്റിന്റെ അമരക്കാരന്‍.


നോമ ന്യൂസിനു വേണ്ടി മീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരാജ്.


ഇല്ല ഷെരീഫിക്കാ.. ‘കുമാരസംഭവങ്ങള്‍‘ ഡിസ്‌പ്ലേ ആവാത്തതില്‍ എനിക്ക് വിഷമമൊന്നുമില്ല.


നിനക്കൊക്കെ ഒരു സ്നേഹവുമില്ല. അല്ലെങ്കില്‍ ആ വേദിയില്‍ വെച്ച് ബ്ലോഗ് ഡിസ്പേ ആവുമായിരുന്നില്ലേ?


കൂട്ടുകാരനും വൈദ്യരും കൂടെ ലിഫ്റ്റ് ടെക്നോളജി പഠിച്ചാലോ എന്ന ചിന്തയിലാ!
(ഹംസ, വാഴക്കോടന്‍, ഡോക്ടര്‍ ജയന്‍ ഏവൂര്‍)


ഇതാണ് പാചകക്കാരെയൊക്കെ കമ്പ്യൂട്ടറും പ്രൊജക്ടറും ഏല്‍പ്പിച്ചാല്‍ ഉള്ള കുഴപ്പം. സന്തതസഹചാരിയായ ലാപ്പ് ടോപ്പിനെ പോലും ഉപേക്ഷിച്ച് പരിപ്പുവടയുമായി മല്ലിടുന്ന പ്രവീണ്‍ വട്ടപ്പറമ്പത്ത്.. ഇല്ല ഞാന്‍ ഉണ്ടാക്കത്ത പരിപ്പുവട എനിക്ക് വേണ്ട എന്ന ഉറച്ച പ്രഖ്യാപനവുമായി ബിന്ദു.കെ.പി.


ഇതൊക്കെ കാണാന്‍ ശക്തിതരണേ ബദരീങ്ങളേ.. വേദിയുടെ മുന്‍‌നിരയില്‍ വെളുത്ത വസ്ത്രത്തില്‍ മനുഷ്യരെ പേടിപ്പിക്കുവാനായി ഇ.എം.സജിംട്ടത്തുമയും ജയിംസ് സണ്ണി പാറ്റൂരും. വെളുത്ത വസ്ത്രക്കാരുടെ അക്രമണമുണ്ടായാല്‍ പൊടിവിതറി തടുക്കാന്‍ തൊട്ടുപിന്‍ നിരയില്‍ തലയില്‍ കെട്ടുമായി മൊല്ലാക്കയും : കൊട്ടോട്ടി എല്ലാം അറിയുന്നു വിഭോ :)



ഖമറുന്നീസ എന്ന നീസ വെള്ളൂര്‍.. നമുക്കേവര്‍ക്കും ഇവള്‍ക്കായി പ്രാര്‍ത്ഥിക്കാം. ഈ കുഞ്ഞു മനസ്സിന്റെ വേദനക്ക് അല്പമെങ്കിലും ശമനമുണ്ടാവാന്‍.. മീറ്റില്‍ വച്ച് കൃതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന കാ വാ രേഖ? സമാഹാരത്തില്‍ കൊച്ചുമിടുക്കിയുടെവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. ശംസകള്‍!!



സൂഫിയുടെ കഥാകാരനോടൊപ്പം അല്പ നിമിഷം


മീറ്റ് സംഘാടകനും കഥാകാരനും ഒപ്പം : സ്വകാര്യ നിമിഷങ്ങള്‍


സമ്മോഹനം!! ഈ നിമിഷം.. : ബ്ലോഗ് സ്മരണികയായ ഈയെഴുത്ത് : അക്ഷരകേരളത്തിന്റെ സൈബര്‍സ്പര്‍ശം പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ബ്ലോഗര്‍ എസ്.എം.സാദ്ദിഖിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.


കൃതി പബ്ലിക്കേഷന്‍സിന്റെ രണ്ടാമത് പുസ്തകമായ കാ വാ രേഖ? എന്ന കവിതാസമാഹാരം ഡോക്ടര്‍ ജയന്‍ ഏവൂരിന് നല്‍കി കെ.പി.രാമനുണ്ണി പ്രകാശനം നിര്‍വഹിക്കുന്നു. വേദിയില്‍ : കൃതി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ യുസഫ്പ കൊച്ചന്നൂര്‍, സിയെല്ലസ് ബുക്സിന്റെ ലീല എം ചന്ദ്രന്‍ എന്നിവരെയും കാണാം.



സിയെല്ലസ് ബുക്സിന്റെ പുസ്തകം - മൌനജ്വാലകള്‍ പ്രകാശനം : ഖാദര്‍ പട്ടേപ്പാടം പുസ്തകം സ്വീകരിക്കുന്നു.


സിയെല്ലസ് ബുക്സിന്റെ പുസ്തകം - നേരുറവകള്‍ പ്രകാശനം : പാവത്താന്‍ പുസ്തകം സ്വീകരിക്കുന്നു.


സിയെല്ലസ് ബുക്സിന്റെ പുസ്തകം - ഓക്സിജന്‍ പ്രകാശനം : സന്ദീപ് സലിം പുസ്തകം സ്വീകരിക്കുന്നു.


മറുപടി പ്രസംഗത്തിലെ ചില ഏടുകള്‍ :
ബ്ലോഗിലെ സൌഹൃദങ്ങളുടെ
വും കൂട്ടായ്മയും ന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഇന്റര്‍ നെറ്റിന്റെ ദൂഷ്യവശങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന നല്ല നിമിഷങ്ങളാണ് ത് രെ പരസ്പരം കാണാത്ത നിങ്ങളുടെ കൂട്ടായ്മയില്‍ ഒരുത്തിരിയുന്നത്. ഇവിടെ പ്രകാശനം ചെയ്ത സ്മരണിക അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മറ്റു പുസ്തകങ്ങളെ പറ്റി സൂചിപ്പിച്ചാല്‍ കാ വാ രേഖ? എന്ന വിത സമാഹാരത്തിലെ ആദ്യ കവിതയില്‍ ഡോണ മയൂര എന്ന കവയത്രി പറയുന്നത് നോക്കൂ..
“കാതിലേക്ക് തുളച്ച് കയറുന്ന
രോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരിക്കുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തിക്കൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്...“
എത്രമനോഹരമായ വരികള്‍ എന്ന് നോക്കു...



ബ്ലോഗ് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും


കാ വാ രേഖ?യുമായി ഒരു മഞ്ഞുതുള്ളി : പ്രിയദര്‍ശിനി


നമ്മളിതെത്ര മീറ്റ് കണ്ടിരിക്കുന്നു. ഇടപ്പള്ളി മീറ്റിന്റെ തുടര്‍ച്ചപോലെ പഞ്ചാരയടിക്കുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ : സന്ദീപ് സലിം & പൊണ്ടാട്ടി

ഞങ്ങള്‍ പാപ്പരാസികളെ പറ്റിച്ചിട്ട് പ്രേമിച്ച് കളയാമെന്ന് ആരും കരുതണ്ട.. അതിപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണെങ്കിലും ഞങ്ങള്‍ വെറുതെ വിടില്ല : സജിം തട്ടത്തുമല, ജിക്കു, പത്രക്കാരന്‍


ഞാന്‍ നോക്കിക്കാണുന്നത് സന്ദീപ് സലിമിന്റെയും ഭാര്യയുടേയും സ്നേഹമാണ്. അല്ലാതെ.. ഈ ഡോക്ടര്‍ വെറുതെ.... : പ്രവീണ്‍ വട്ടപ്പറമ്പത്ത് (ചിത്രത്തില്‍ : പ്രവീണ്‍ വട്ടപ്പറമ്പത്ത്, കണ്ണന്‍, അഞ്ജു അനീഷ് , ഡോക്ടര്‍ ജയന്‍ ഏവൂര്‍ , ഞാന്‍)



ഇത് യോഗമോ നിയോഗമോ : സുനില്‍ കൃഷ്ണനും ലതിചേച്ചിയും


രാവിലെ വന്ന് 250രൂപ കൊടുത്തതാ. ഊണേശ്വരം ഊണ് തന്നെ ആവട്ടെ.


ഒരൂണൊക്കെ എനിക്ക് കമന്റുന്നത് പോലെ ഈസിയാ. ഉദാഹരണമായി “ഹംസയുടെ ഈ ഊണുകഴിപ്പ് കൊള്ളാം. ആശംസകള്‍!!“ ഇങ്ങിനെ കന്റാതെഹംസ ഊണുകഴിക്കുന്ന രീതികണ്ടാല്‍ ഒരാശംസ പറയാതെ എങ്ങിനെ ഞാന്‍ പോകും!!“ ഇപ്പോള്‍ ആ കമന്റിനൊരു ഭാവമുണ്ട്. ശരിയല്ലേ? : എങ്ങിനെ കമന്റണം എന്നതിനെ പറ്റി ഹംസക്ക് ക്ലാസ്സ് കൊടുക്കുന്ന മൊഹമ്മദ്കുട്ടി


കൂതറയുടെ വാക്കും കേട്ട് ഇന്നലെ വീട്ടീന്ന് പോന്നതാ. ഇന്നലെ മുതല്‍ പട്ടിണി. ഇതൊന്ന് ഫിനിഷ് ചെയ്തിട്ടേ ഉള്ളൂ ഇനി ബാക്കി കാര്യം


ഇതിപ്പോ ഞാന്‍ കഴിച്ച് കഴിഞ്ഞ ഇലയോ അതോ തുടങ്ങാന്‍ പോകുന്നതോ ?
ലേബല്‍
: കണ്‍ഫ്യൂഷന്‍ (ആരെങ്കിലും ഒന്ന് ലൈക്കിയാല്‍ മതിയാരുന്നു)


വിഭവസമൃദ്ധമായ സദ്യയിലൂടെ...


വിഭവസമൃദ്ധമായ സദ്യയിലൂടെ...


സ്ഥാനാര്‍ത്ഥിയോടൊപ്പം ഒരൂണ്


എന്റെ വിശപ്പ് മാറിയില്ല.. : സജി മാര്‍ക്കോസ്


കവികള്‍ ഗിറ്റാറിസ്റ്റിന്റെ ഒപ്പം : ശ്രീനാഥന്‍, പ്രയാണ്‍, നീന ശബരീഷ്, പ്രയാണിന്റെ മകന്‍


കവി ശൈലനോടൊപ്പം


മുസ്തഫക്ക് ഒരു വീട് പദ്ധതിയുടെ സാക്ഷാത്കാരത്തെ കുറിച്ച് നിരക്ഷരന്‍ സംസാരിക്കുന്നു.


ബ്ലോഗ് സ്മരണികയുടെ ബുക്കിങ്. ഇനിയും ബുക്ക് ചെയ്യാത്തവര്‍ എത്രയും പെട്ടന്ന് ബുക്ക് ചെയ്യുവാന്‍ സംഘാടക സമിതി അറിയിക്കുന്നു.

തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

തുഞ്ചന്‍ പറമ്പിലെ 'ബ്ലോഗ് ' തത്തേ..

ഏപ്രില്‍ 17 . കിഴക്കേ മാനത്ത് സൂര്യന്‍ എത്തിനോക്കും മുന്‍പേ ഉണര്‍ന്നു. ഇന്നാണ് കഴിഞ്ഞ കുറേ ദിവസമായി കാത്തിരുന്ന ദിവസം. തിരൂര്‍ എഴുത്തച്ഛന്റെ ജന്മമണ്ണില്‍ മലയാളത്തിലെ ബ്ലോഗേര്‍സ് ഒത്തുകൂടുന്ന സുദിനം. പക്ഷെ, ചെറായിയില്‍ നിന്നും തിരൂരിലേക്ക് ഒട്ടേറെ ദൂരമുണ്ട്. എങ്ങിനെ ബ്ലോഗ് മീറ്റിന് തിരൂരില്‍ എത്തിച്ചേരും എന്ന് ആലോചിച്ച് അല്പം ബേജാറുണ്ട്. എങ്ങിനെയും എത്തണം. അങ്ങിനെ രാവിലെയുള്ള പ്രഭാതകൃത്യങ്ങള്‍ക്ക് തുടക്കം കുറുക്കുമ്പോഴാണ് ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്റെ വക ഫോണ്‍ കാള്‍


“മനോരാജാവേ.. പ്രജാവ്, സജീവാണ്.. തിരൂര്‍ക്ക് പോകുന്നില്ലേ?”


“ഉവ്വ്. സജിയച്ചായന്റെ കാറില്‍ കയറിക്കൂടാമെന്ന് കരുതുന്നു. ആ കാറില്‍ തിക്കും തിരക്കുമൊന്നുമില്ലല്ലോ അല്ലേ?” - വിനയം വിടാതെ അല്പം ഫോര്‍മാലിറ്റി കൂടെ ചേര്‍ത്ത് തിക്കിനെയും തിരക്കിനെയും കുറിച്ച് ചോദിച്ചതാണ്. പക്ഷെ അത് പുലിവാലായി.


“ഒരു രക്ഷയുമില്ല മനോരാജേ. രാവിലെ തന്നെ ആ കാറില്‍ ഞാന്‍ കയറി. ഇനിയിപ്പോള്‍ അതില്‍ സജിയച്ചായന്‍ തന്നെ ഞെങ്ങി ഞെരുങ്ങിയാ ഇരിക്കുന്നേ. ഒരു ഈച്ചക്ക് കൂടെ ഇരിക്കുവാന്‍ സ്ഥലമില്ല" - കുഴപ്പമായി. ഇനിയിപ്പോള്‍ എന്ത് ചെയ്യും. ആകെ നിരാശയോടെ നില്‍ക്കുമ്പോള്‍ ദാ വരുന്നു അടുത്ത ഫോണ്‍ കാള്‍ നിരക്ഷരന്‍ മനോജേട്ടന്റെ വക. "വീടിന് മുന്‍പില്‍ നിന്നോളു. ഞാന്‍ ഒരു 7 മണിയോടെ അവിടെയെത്താം. എന്റെ കൂടെ മറ്റൊരാള്‍ കൂടെയുണ്ടാവും. നമുക്ക് ഒരുമിച്ച് തിരൂര്‍ക്ക് പോവാം."


"അതാരാ മനോജേട്ടാ മറ്റൊരാള്‍?"


"അതൊക്കെയുണ്ട്. സസ്പെന്‍സ് ആയിരിക്കട്ടെ. ആള്‍ ഭയങ്കര പ്രശസ്തയാണ്‌."


അതിപ്പോള്‍ ആരായിരിക്കും പ്രശസ്തയായ ഈ കക്ഷി. ഹോ ആരെങ്കിലുമാവട്ടെ. വീട്ടില്‍ നിന്നും തിരൂര്‍ വരെ ഓസിന്‌ ഒരു യാത്ര ഒത്തതാ. ഇനി പ്രശസ്തരേയും അപ്രശസ്തരേയും അന്വേഷിച്ച് വെറുതെ കിട്ടിയ ചാന്‍സ് കളയണ്ട. "ശരി, ഞാന്‍ വെയിറ്റ് ചെയ്യാം."


സമയം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഏതാണ്ട് 6.45 ആയപ്പോള്‍ രണ്ട് കാറുകള്‍ എന്റെ വീടിന്റെ മുന്നില്‍ വന്ന് നിന്നു. കാര്‍ തുറന്ന് അകത്തു കയറിയപ്പോള്‍ മനോജേട്ടനെ കൂടാതെ നല്ല പരിചയമുള്ള ഒരു മുഖം കാറിലിരിക്കുന്നു.


"നമസ്കാരം മനോരാജേ... മനോരാജിനെ ആദ്യമായിട്ട് കാണുകയാണെങ്കിലും പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ട് മുഖം മനസ്സിലുണ്ട്." - എനിക്ക് വീണ്ടും സംശയം. കണ്ടിട്ട് വി.എസ്. അച്ചുതാനന്ദനെതിരെ മത്സരിക്കുന്ന ലതികാസുഭാഷിനെ പോലെ തന്നെയിരിക്കുന്നു. പക്ഷെ ഈ ലതികാസുഭാഷിന്‌ ബ്ലോഗുണ്ടോ? എന്റെ സംശയം നിറഞ്ഞ മുഖഭാവം കണ്ടപ്പോള്‍ നിരക്ഷരന്‍ വക കമന്റ്.


"പേടിക്കണ്ട മനോരാജേ. ആള്‍ പ്രശസ്തയാവുന്നതിന്‌ മുന്‍പേ ബ്ലോഗുണ്ട്."


അപ്പോള്‍ ലതികാ സുഭാഷ് എന്ന ബ്ലോഗര്‍ ലതിക്ക് ബ്ലോഗുണ്ട്. ആ ഒരു സംശയത്തിന്‌ ശാശ്വതമായ ഒരു പരിഹാരമായി. അങ്ങിനെ നിരക്ഷരനായ ഒരു യാത്രാപ്രിയനോടും സംസാരപ്രിയയായ ഒരു സ്ഥാനാര്‍ത്ഥിയോടും ഒപ്പം തിരൂര്‍ തുഞ്ചന്‍ പറമ്പിലെ ബ്ലോഗേര്‍സ് മീറ്റിലേക്കുള്ള എന്റെ യാത്ര അവിടെ തുടങ്ങി.


ഒട്ടേറെ ബ്ലോഗ് വിശേഷങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും അതോടൊപ്പം ഏറെ നാളത്തെ ശ്രമത്തിന്റെ ഫലമായ മുസ്തഫയുടെ വീടിനെ കുറിച്ചും അതിലേക്കുള്ള മുസ്തഫയുടെ വീട് കയറി താമസത്തെ ക്കുറിച്ചും എല്ലാമുള്ള ചര്‍ച്ചകളുമായി കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ചേറ്റുവയില്‍ എത്തിയപ്പോഴേക്കും വയറ്റിലും വായിലും വരെ വായു കയറിയതിനാല്‍ വണ്ടി ഒതുക്കിയിട്ട് അടുത്തുകണ്ട ഹോട്ടലില്‍ നിന്നും ചായ കുടിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. നിരക്ഷരനോടും ലതിചേച്ചിയോടുമൊപ്പം മുസ്തഫയുടെ വീട് സന്ദര്‍ശിച്ച് മടക്കത്തില്‍ ബ്ലോഗ് മീറ്റിലും പങ്കെടുക്കുക എന്ന ലക്ഷ്യവുമായി കുന്നംകുളത്ത് നിന്നും മണിലാല്‍ എന്നൊരു ബ്ലോഗറും യാത്രയില്‍ പങ്കുചേര്‍ന്നു.


നഗരകാഴ്ചകള്‍ ചെറുപട്ടണക്കാഴ്ചകളായും ഗ്രാമകാഴ്ചകളായും പിന്നെയും പട്ടണകാഴ്ചകളും നഗരകാഴ്ചകളുമായെല്ലാം മാറിമറിഞ്ഞുകൊണ്ടുള്ള യാത്ര. ഏതാണ്ട് കോട്ടക്കല്‍ ഉള്ള ചങ്കുവെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതുവരെ ഞങ്ങളുടെ കാറിനെ അനുഗമിച്ചിരുന്ന ലതിചേച്ചിയുടെ കാറില്‍ എന്നെ തുഞ്ചന്‍ പറമ്പിലേക്ക് വിട്ടിട്ട് ഒരു മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് അവര്‍ മൂവരും മുസ്തഫയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. എന്റെ മനസ്സില്‍ ഒരു കുഞ്ഞു ബിരിയാണി പൊട്ടിച്ചിതറി നാമാവശേഷമായത് അവരുണ്ടോ അറിയുന്നു.!


ഒട്ടേറെ ദിവസത്തെ ആകാംഷക്ക് അറുതി വരുത്തിക്കൊണ്ട് തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരകത്തിന്റെ കവാടത്തില്‍ കാര്‍ നിറുത്തി. മലയാള ഭാഷയുടെ പിതാവിന്റെ തറവാട്ട് മുറ്റത്ത് എത്തിയപ്പോള്‍ ഒരു സ്വച്ഛത. എന്തോ മനസ്സ് വല്ലാതെ വൈകാരികമാവുന്നു. മെല്ലെ കാറിന്റെ ഡോര്‍ തുറന്നു.


"അനങ്ങിപ്പോകരുത്" - കൈയില്‍ കറുത്ത എന്തോ കുന്ത്രാണ്ടവുമായി ഒരു കുറിയ മനുഷ്യന്‍.

"അതേയ്..നമുക്ക് തിരിച്ചു പോകാം. തീവ്രവാദിയോ മറ്റോ ആണെന്ന് തോന്നുന്നു." ഇലക്ഷന്‍ കാലമായതിനാലാവാം ലതിചേച്ചിയുടെ ഡ്രൈവര്‍ക്ക് മനസ്സില്‍ ഒരു ഭയം.


"ഹെയ് പേടിക്കണ്ട. ആള്‍ ഒരു വൈദ്യരാ.. കുഴപ്പക്കാരനല്ല. കുഴല്‍, കുഴമ്പ്, ക്യാമറ ഇവയില്‍ ഏതാണ്ട് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ പുള്ളിക്കാരന്‍ ക്യാമറയെന്നേ പറയൂ." അവസാനം മറൈന്‍ഡ്രൈവ് മീറ്റ് കഴിഞ്ഞ് പിരിയുമ്പോള്‍ ക്യാമറയും പിടിച്ച് നില്‍ക്കുന്നത് കണ്ടതാണ്‌. പിന്നെ കാണുന്നത് ഇപ്പോഴാ.. ഒരു മാറ്റവുമില്ല. ഡോക്ടര്‍മാരായാല്‍ ഇങ്ങിനെ വേണം. ഇങ്ങോര്‍ക്ക് ചികത്സിക്കാനൊക്കെ അറിയോ ആവോ! മനസ്സില്‍ ഈ വിധ ചിന്തകളുമായി ഡോക്ടര്‍ ജയന്‍ ഏവൂരിനും ചാര്‍‌വ്വാകന്‍ മാഷിനും ഒപ്പം എഴുത്തച്ഛന്റെ പുണ്യഭൂമിയിലേക്ക് ഒരു പുല്‍ചാടിയായി ഞാനും കടന്ന് കൂടി.


"ഹായ്.. കൊട്ടോട്ടിക്കാരാ.. സ്മരണിക കൊണ്ടുവന്നിട്ടുണ്ടട്ടോ.." വരാന്തയില്‍ നില്‍ക്കുന്ന കൊട്ടോട്ടിക്കാരന്‍ കേട്ട ഭാവമില്ല!! ഒരിക്കല്‍ കൂടെ ആവര്‍ത്തിച്ചു.

"ഉവ്വ..സ്മരണികയൊക്കെ കൈയില്‍ വെച്ചോളീ.. ജ്ജ് വെക്കം ചെന്ന് രജിസ്റ്റര്‍ ചെയ്യ്.."


"പിന്നെ ഒന്ന് പോ കൊട്ടോട്ടി.. ഈ കോട്ടോട്ടിന്റെ ഒരോരോ തമാശ"


"ജ്ജ് തമാശ കളിക്കാണ്ട് പോയി രജിസ്റ്റര്‍ ചെയ്യണുണ്ടോ?"


ഓഹോ.. അപ്പ ഭീഷണിയാ.. എന്നാല്‍ പിന്നെ ചെയ്തേക്കാം. ഇത്രയും ദൂരം വന്നതല്ലേ. സഹിക്ക തന്നെ. രജിസ്ട്രേഷന്‍ കൌണ്ടറില്‍ നിന്നും ഒരു ഫോം വാങ്ങിയപ്പോള്‍ ദേ ജയന്‍ ഡോക്ടറും പ്രവീണ്‍ വട്ടപ്പറമ്പനും സിജീഷും കുനിഞ്ഞ് നിന്ന് ഫോം പൂരിപ്പിക്കുന്നു. "നിങ്ങള്‍ കൊട്ടോട്ടിയെ കണ്ടോ?" രഹസ്യമായി പ്രവീണിനോട് ചോദിച്ചു. "ഹെയ് മനു. കൊട്ടോട്ടി നല്ല മനുഷ്യനാ.. എന്നെ കഴുത്തിനു കുത്തിപ്പിടിച്ചൊന്നുമില്ല." പ്രവീണ്‍ നിഷ്കളങ്കനായി. ഹോ ആശ്വാസമായി!! അപ്പോള്‍ എന്റെ കാര്യം തന്നെ ഭേദം. എന്റെ കൈയില്‍ നിന്നും രജിസ്ട്രേഷന്‍ ഫീസ് 250 രൂപ വാങ്ങി കഴിഞ്ഞ് ഉമേഷ് പിലീക്കോട് എന്റെ മുഖത്തേക്ക് ആദ്യമായി നോക്കി. "ഹാ.. ആളെ മനസ്സിലായിട്ടോ. പ്രൊഫൈല്‍ ഫോട്ടോയില്‍ ഉള്ളത് പോലെ തന്നെ." പൈസയൊക്കെ കിട്ടിക്കഴിഞ്ഞല്ലോ ഇനി എന്ത് വേണമെങ്കിലും പറയാമല്ലോ. വഞ്ചകന്‍!! സ്മരണികയും മറ്റും പ്രകാശനത്തിന്‌ വേണ്ട രീതിയില്‍ പൊതിയുവാന്‍ സീയെല്ലസിന്റെ ചന്ദ്രേട്ടനെയും ലീല ടീച്ചറേയും യൂസഫ്പയെയും ഏല്പിച്ചിട്ട് മെല്ലെ ഹാളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കുറിയ മനുഷ്യന്‍!!


"നല്ല നമസ്കാരം" അത് കേട്ടപ്പോഴേ മനസ്സില്‍ ആളെ കത്തി. ഇത് നാമൂസ് തന്നെ. ആ 'നല്ല നമസ്കാരം' ഇല്ലായിരുന്നെങ്കില്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആറടിയിലേറെ പൊക്കമുള്ള മുഴക്കമുള്ള ശബ്ദമുള്ള തൌദാര്യം പറയുന്ന ഈ കൂട്ടുകാരനെ എനിക്ക് മനസ്സിലാവുകയേ ഇല്ലായിരുന്നു.


മെല്ലെ ഹാളിലേക്ക്.. ഹാളില്‍ മൈക്കിന്റെ സൗണ്ട്‌ കേട്ടപ്പോള്‍ ആദ്യം നോക്കിയത് വേദിയില്‍ ഷെരീഫ് കൊട്ടാരക്കരയുണ്ടോ എന്നാണ്‌. ഊഹം തെറ്റിയില്ല! മീറ്റിന് വന്ന ബ്ലോഗര്‍മാരെ ഓടിച്ചിട്ട് പിടിച്ച് വേദിയില്‍ കൊണ്ടുവന്ന് നിറുത്തിയിട്ട് അവര്‍ക്ക് മൈക്ക് നല്‍കാതെ എന്തൊക്കെയോ പറഞ്ഞോണ്ട് നില്‍ക്കുകയാണ്‌ ഷെരീഫിക്ക. ഓരോരുത്തരായി പരിചയപ്പെടുന്നത് നോക്കി കുറച്ച് സമയം അങ്ങിനെ നിന്നു. വന്‍ സെറ്റപ്പാണ്‌ കൊട്ടോട്ടിക്കാരനും കൂട്ടരും ഒരുക്കിയിരിക്കുന്നത്. കൂറ്റന്‍ പ്രൊജക്ടറില്‍ പരിചയപ്പെടാന്‍ വരുന്ന ബ്ലോഗര്‍മാരുടെ ബ്ലോഗ് ഒക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബ്ലോഗര്‍ കുമാരന്റെ ഊഴമായി. എന്ത് ചെയ്തിട്ടും കുമാരന്റെ കുമാരസംഭവങ്ങള്‍ പ്രൊജക്റ്ററില്‍ ഡിസ്പേ ആവുന്നില്ല. "ഹെയ് സാരമില്ലെന്നേ... എനിക്ക് അങ്ങിനെയൊന്നും ഇല്ല.. ഹെയ് വിഷമമോ..? എന്തിന്‌.." കുമാരന്‍ കണ്ണൊക്കെ തുടച്ച് വേദിയില്‍ നിന്നും പുറത്തേക്ക്.. അപ്പോഴാണ്‌ എന്നെ കണ്ടത്. ഓടിവന്നു. ഉള്ളില്‍ ബ്ലോഗ് ഡിസ്പേ ആവാത്തതിന്റെ കലിപ്പാണ്‌. എന്നെ പിടിച്ച് ഇടിക്കാനൊക്കെ തുടങ്ങി. "നീ വന്നിട്ടെന്തേ വിളിക്കാതിരുന്നത്. നീയൊന്നും ശരിയല്ല. ഒരു സ്നേഹവുമില്ല. വിഷമമുണ്ടെടാ.. വിഷമം. അല്ലാതെ ബ്ലോഗ് ഡിസ്പേ അവാത്തതില്‍ ഒന്നും എനിക്കൊരു കുഴപ്പമുവില്ല"


അപ്പോള്‍ അതാണ്‌.. അതുമാത്രമാണ്‌. ഭാഗ്യത്തിന്‌ ഷെറീഫ് കൊട്ടോരക്കര വന്ന് അപ്പോഴേക്കും എന്നെ കൈയാമം വെച്ച് വേദിയിലേക്ക് കൊണ്ടുപോയി. ഞാന്‍ സദസ്സും വേദിയും മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. കൊള്ളാം. പരിചിതമുഖങ്ങളും പുതിയ മുഖങ്ങളും ഒട്ടും പരിചയമില്ലാത്ത ചില മുഖങ്ങളും ഒക്കെയുണ്ട്. വേദിക്കരികില്‍ ഒരു ലാപ്പ് ടോപ്പ് ഇരിക്കുന്നു. ലാപ്പ്ടോപ്പ് കണ്ടതും അതിന് പിന്നില്‍ കറുത്ത താടിയും അലസമായ മുടിയുമായി ടീഷര്‍ട്ടിട്ട ഒരു രൂപമിരിപ്പുണ്ടോ എന്ന് നോക്കി. അത്ഭുതം! അവിടെ ആ രൂപമില്ല. ഇനി വന്നിട്ടില്ലേ? വന്നിട്ടുണ്ടെങ്കില്‍ അവിടെ ഒരു ലാപ്‌ടോപ്പിനെ അങ്ങിനെ ഇരിക്കാന്‍ മുള്ളൂക്കാരന്‍ സമ്മതിക്കില്ലല്ലോ. അപ്പോള്‍ അതാ ക്യാമറയുമായി കറുത്ത ടീഷര്‍ട്ടിട്ട് (അതെന്ന്.. ടീഷര്‍ട്ട് തന്നെ) താടിയും മുടിയും വളര്‍ത്തി കൈയില്‍ ഒരു ക്യാമറയും പിടിച്ച് മുള്ളൂക്കാരന്‍ അവിടെയാകെ ചാഞ്ഞും ചരിഞ്ഞും ഒക്കെ നിന്ന് ഫോട്ടോയെടുക്കുന്നുണ്ട്. അപ്പോളേക്കും എന്നെ സ്വയം ഒന്നു പരിചയപ്പെടുത്തി കഴിഞ്ഞ് മുന്നോട്ട് നീങ്ങി. മാത്സ് ബ്ലോഗ് ടീമിലെ ജനാര്‍ദ്ദനന്‍ മാഷിനെയും മറ്റും ഒന്ന് ചെറുതായി പരിചയപ്പെട്ടു. അപ്പോള്‍ നേരത്തെ പറഞ്ഞ ലാപ് ടോപ്പിനു പിന്നിലിരുന്ന് ഒരു സ്ത്രീരൂപം എന്നെ വിളിച്ചു. ഏതോ ടെക്നോപുലിയാ.. അല്ലെങ്കില്‍ മുള്ളൂക്കാരന്‍ ആ സീറ്റ് വിട്ടുകൊടുക്കില്ല.


"അറിയുമോ?" - കുഴങ്ങി. മനസ്സില്‍ ഒരാളുടെ ഊഹമുണ്ട്. പക്ഷെ പറഞ്ഞിട്ട് അയാളല്ലെങ്കില്‍ പിന്നെ അതാവും. അല്ലെങ്കിലും നീയൊക്കെ അവരെയേ വായിക്കുകയുള്ളൂ. എന്നെയൊന്നും വായിക്കത്തേയില്ലല്ലോ. എന്തിനാ പുലിവാല്‍ പിടിക്കുന്നേ. "എനിക്ക് നല്ല പരിചയം തോന്നുന്നു. പക്ഷെ..."


"ചക്കവരട്ടിയത് ഇഷ്ടമാണോ.." മുഴുമിപ്പിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. മനസ്സില്‍ ഊഹിച്ചതും ബിന്ദു.കെ.പിയെ തന്നെ. കഴിഞ്ഞ ദിവസമാണ്‌ ചേച്ചിയുടെ ബ്ലോഗിലെ ചക്കവരട്ടിയത് കണ്ട് കൊതിപറഞ്ഞ് പോന്നത്. അപ്പോള്‍ ടെക്നോപുലി ഒന്നുമാവണമെന്നില്ല നന്നായി പാചകമറിയാവുന്നവര്‍ക്ക് മുന്‍പിലും മുള്ളൂക്കാരന്‍ കമ്പ്യൂട്ടര്‍ വെച്ച് കീഴടങ്ങും.


മെല്ലെ പുറത്തിറങ്ങി. കുറച്ച് ബ്ലോഗേര്‍സിനെയൊക്കെ പരിചയപ്പെട്ട് നടക്കുന്നതിനിടയില്‍ പ്രവീണ്‍ വട്ടപ്പറമ്പത്ത്, ലീല ടീച്ചര്‍, ചന്ദ്രേട്ടന്‍, കൊട്ടോട്ടിക്കാരന്‍ എന്നിവരോടൊപ്പം കെ.പി.രാമനുണ്ണിയെ പുസ്തകപ്രകാശനത്തിലേക്ക് ക്ഷണിക്കുവാനും അദ്ദേഹത്തിന്‌ പുസ്തകങ്ങളുടെ കോപ്പികള്‍ കൈമാറുവാനും ആയി സ്മാരകം ഓഫീസിലേക്ക്. വളരെ പെട്ടന്ന് തന്നെ അദ്ദേഹം ഒരു സുഹൃത്തിനെ പോലെ പെരുമാറുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. അല്പ സമയം അദ്ദേഹത്തോടൊത്ത് അവിടെ ചിലവഴിച്ചതിന്‌ ശേഷം വീണ്ടും മീറ്റ് ഹാളിലേക്കും പുറത്തെ ഒറ്റ തിരിഞ്ഞുള്ള കൂട്ടായ്മകളിലേക്കും ഊളിയിട്ടു. ഇതിനിടയില്‍ ജിക്കു, പത്രക്കാരന്‍, ഇ.എം.സജിം തട്ടത്തുമല, നന്ദപര്‍‌വ്വം നന്ദന്‍, ഷാജി.ടി.യു, സജിയച്ചായന്‍, കിച്ചു, സുനില്‍ കൃഷ്ണന്‍, അതുല്യ ശര്‍മ്മ, അനാഗതശ്മശ്രു, മൊഹമ്മദ് കുട്ടി, ഹംസ.സി.ടി, ബിഗു, പാവത്താന്‍, സന്ദീപ് സലിം & പൊണ്ടാട്ടി , വാഴക്കോടന്‍, പ്രിയദര്‍ശിനി, കിങ്ങിണിക്കുട്ടി, ജാബര്‍ മലപ്പുറം, തബാറക്ക് റഹ്മാന്‍, ഐസീബി, വിഷ്ണുപ്രിയ, മത്താപ്പ്, സ്നേഹ, മഹേഷ് വിജയന്‍, കണ്ണന്‍, . തബാറക്ക് റഹ്‌മാന്‍, ജയിംസ് സണ്ണി പാറ്റൂര്‍, ഖാദര്‍ പട്ടേപ്പാടം, കൂതറ ഹഷിം, ഷാനവാസ്, അഞ്ജലി അനില്‍കുമാര്‍, നീന ശബരീഷ്, ശങ്കര്‍, പ്രസന്ന ആര്യന്‍, ശ്രീനാഥന്‍ മാഷ്, ഡോക്ടര്‍ തിരൂര്‍, നന്ദു, മേല്പത്തൂരാന്‍, മൈന ഉമൈബാന്‍, ശൈലന്‍ മാഷ് എന്നിവരെയൊക്കെ കണ്ടു മുട്ടി. ഒട്ടേറെ പേരെ പരിചയപ്പെടാന്‍ കഴിയാത്ത വിഷമം വേറെ.. പലരുമായും പരിചയും പുതിക്കിയും പലരുമായും പുതുതായി പരിചയപ്പെട്ടും അല്പ സമയം കൂടെ..


അതിനിടയില്‍ ബ്ലോഗിലെ കൂട്ടുകാരുടെ അല്ലറ ചില്ലറ കലാപരിപാടികള്‍.യൂസഫ്പയുടെ മകളുടെ ഗസല്‍, വാഴക്കോടന്റെ മാപ്പിളപ്പാട്ട്, അതിനേക്കാളൊക്കെ ഏറെ ഹൃദ്യമായി ലുക്കീമിയ ബാധിച്ച തനിക്ക് ഹോസ്പിറ്റലില്‍ ഉറക്കമിളച്ച് കാവലിരുന്ന ഉമ്മച്ചിക്ക് സമര്‍പ്പിച്ച് കൊണ്ട് കൊച്ചു കവയത്രി നീസ വെള്ളൂരിന്റെ കവിതാലാപനം. ബ്ലോഗ് വായനശാല എന്ന ബ്ലോഗിനെ കൂതറ ഹഷിമിന്റെ വകയായുള്ള പരിചയപ്പെടുത്തല്‍. എല്ലായിടത്തും ഓടിനടക്കുന്ന കൊട്ടോട്ടിക്കാരന്‍.


സമയം ഏതാണ്ട് 12 മണിയാവുന്നു. അതെ സമ്മോഹനമായ ആ മുഹൂര്‍ത്തത്തിന്‌ സമയമാകുന്നു. മലയാളത്തിന്‌ സൂഫി പറഞ്ഞ കഥയും ചരമവാര്‍ഷീകവും തുടങ്ങി ഒട്ടേറെ നല്ല സൃഷ്ടികള്‍ സമ്മാനിച്ച എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിയെ സ്മരണികയുടെയും പുസ്തകങ്ങളുടെയും പ്രകാശനത്തിനായി കൊട്ടൊട്ടിക്കാരന്‍ വേദിയിലേക്ക് ആനയിച്ചു.


ബ്ലോഗ് മീറ്റിന്റെ ആദ്യ അറിയിപ്പ് പോസ്റ്റില്‍ വെച്ച് ചിത്രകാരന്‍ തൊടുത്ത് വിട്ട ആശയം. ചങ്കൂറ്റം മാത്രം കൈമുതലാക്കി രണ്‍ജിത് ചെമ്മാട് ഏറ്റെടുത്ത് ബ്ലോഗര്‍ എന്‍.ബി.സുരേഷ് ചീഫ് എഡിറ്ററായുള്ള എഡിറ്റോറിയല്‍ ബോര്‍ഡും അതിനേക്കാളേറെ മലയാള ബ്ലോഗേര്‍സും മനസ്സുകൊണ്ട് .. ഹൃദയം കൊണ്ട് സഹകരിച്ച സ്മരണിക!! ബ്ലോഗില്‍ നിന്നും ഉള്ള സൃഷ്ടികളെ കോര്‍ത്തിണക്കിക്കൊണ്ട് , ബ്ലോഗിനെ അറിയാന്‍... ബ്ലോഗേര്‍സിനെ അറിയാന്‍... ഇവിടെ ഇങ്ങിനെയും ഒരു കൂട്ടം സര്‍ഗ്ഗ പ്രതിഭകള്‍ എഴുതുന്നുണ്ടെന്ന് പുറം‌വേദികള്‍ക്ക് ബോധ്യപ്പെടുത്തുവാന്‍... മലയാളം ബ്ലോഗേര്‍സ് ഒന്നടങ്കം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പ്രയത്നിച്ച തുഞ്ചന്‍ മീറ്റ് സ്മരണികയുടെ പ്രകാശന ചടങ്ങ്.. പല കാരണങ്ങള്‍ കൊണ്ട് സ്മരണികയുടെ അച്ചടി പൂര്‍ത്തിയാവാതിരുന്ന സാഹചര്യത്തില്‍ പ്രകാശനത്തിനായി തയ്യാറാക്കിയ ഒരു കോപ്പി കെ.പി.രാമനുണ്ണി ബ്ലോഗര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്‍പിലേക്ക് പ്രകാശനം ചെയ്യുന്ന മുഹൂര്‍ത്തം. സ്മരണിക യഥാസമയത്ത് ലഭ്യമാവാതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചും ഇലക്ഷനും അവധികളും മറ്റും ഉണ്ടാക്കിയ പ്രതിസന്ധി ഉള്‍ക്കൊള്ളണമെന്നും സ്മരണിക വേണ്ടവര്‍ ഇവിടെ തന്നെ ബുക്ക് ചെയ്ത് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്മരണികയുടെ പ്രകാശനചടങ്ങിലേക്ക് കെ.പി.രാമനുണ്ണിയെ കൊട്ടോട്ടിക്കാരന്‍ ക്ഷണിച്ചത്. സ്മരണികയുടെ കോപ്പി ബ്ലോഗര്‍ സാദിഖ് മാഷിന്‌ നല്‍കി പ്രകാശനകര്‍മ്മം നിര്‍‌വഹിക്കുമ്പോള്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു ഒരു വിധം എല്ലാ ബ്ലോഗര്‍മാരും. തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മങ്ങള്‍. ഇവക്കെല്ലാം ശേഷം രാമനുണ്ണി മാഷിന്റെ ബ്ലോഗിലെ കൂട്ടായ്മ എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു എന്ന്‍ തുടങ്ങിയ പ്രസംഗം. അതിനിടയില്‍ എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. മനസ്സ് വല്ലാതെ സന്തോഷിച്ച നിമിഷങ്ങള്‍!! പ്രകാശന കര്‍മ്മങ്ങള്‍ക്ക് ശേഷം അല്പ സമയം രാമനുണ്ണിമാഷുമായി ചെറിയ ബ്ലോഗ് ചര്‍ച്ച. ഇതിനിടയില്‍ പുസ്തക പ്രദര്‍ശനവും വില്പനയും അപ്പുറത്ത് തകൃതിയായി നടന്നു തുടങ്ങി. അവിടെ പുസ്തകങ്ങള്‍ക്കരികില്‍ അല്പ സമയം ശൈലന്‍ മാഷുമായി ചെറിയ ചര്‍ച്ച. അകത്ത് വിക്കിപീഡിയ ക്ലാസ്സുമായി ഹബ്ബീബ്. പുറത്ത് കൊച്ചു കൊച്ചു തുരുത്തുകളായി ബ്ലോഗേര്‍സ് പരിചയം പുതുക്കുന്നു. പരിചയപ്പെടുന്നു. തല്ലുകൂടുന്നു. ഇണങ്ങുന്നു.


എനിക്കും കിട്ടി കുറെ പുതിയ പരിചയങ്ങള്‍..അല്ല പുതിയ പരിചയങ്ങള്‍ എന്നതിനേക്കാള്‍ സ്ഥിരമറിയുന്നവരെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം. എന്നെ ആദ്യ കാലം മുതല്‍ തന്നെ ബ്ലോഗില്‍ വായിക്കുകയും കമന്റുകളിലൂടെ തിരുത്തുകയും നല്ലത് അംഗീകരിക്കുകയും ചെയ്തിട്ടുള്ള നീന ശബരീഷ്, നേരത്തെ നാമൂസിനെ പറ്റി പറഞ്ഞത് പോലെ സിനിമാ നടന്‍ ശ്രീനാഥിനെ മാത്രമേ എനിക്ക് എന്നും ശ്രീനാഥന്‍ എന്ന ബ്ലോഗറുടെ കമന്റുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വന്നിട്ടുള്ളൂ. ഇന്നലെ നേരില്‍ കണ്ടപ്പോള്‍ ഈ ചെറിയ ശരീരത്തില്‍ നിന്നാണോ സിസ്റ്റംസ് & സിഗ്നല്‍സും മറ്റും വന്നതെന്ന് ഓര്‍ത്തുപോയി. അതുപോലെ തന്നെ ആദ്യമായി കണ്ടതിന്റെ യാതൊരു പരിചയക്കേടും എനിക്കും ഹംസക്കുമിടയില്‍ ഉണ്ടായിരുന്നില്ല. കമന്റുകളിടുന്നത് പോലെ തന്നെയാണെന്ന് തോന്നുന്നു മൊഹമ്മദ് കുട്ടി മാഷിനെ പരിചയപ്പെട്ടപ്പോഴും അധികം ഔപചാരികതകള്‍ ആവശ്യമില്ലായിരുന്നു. സുനില്‍ കൃഷ്ണനും മഹേഷും ജിക്കുവും കണ്ണനും കിങ്ങിണികുട്ടിയും പ്രിയദര്‍ശിനിയും ഒന്നും അപരിചിതത്വം കാട്ടിയില്ല. പ്രിയദര്‍ശിനിയുടെ കൂടെ വന്നിട്ടുള്ള അമ്മക്ക് ബ്ലോഗിന് പുറത്ത് ഏതൊക്കെ മാഗസിനില്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്ന് അറിയണം. (ഓരോരോ ആഗ്രഹങ്ങളേ.. അല്ലല്ല എന്റെയല്ല.. ആ അമ്മയുടെ!!) എവിടെയും അങ്ങിനെ അധികം എഴുതിയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി എന്ന മട്ടില്‍ അമ്മ. അപ്പോള്‍ എന്റെ രക്ഷക്കായി എന്നെ ഒരു ക്രിറ്റിക്കൊക്കെ ആക്കാന്‍ പ്രിയയുടെ ശ്രമം. ഇനി നിന്നാല്‍ ശരിക്കുമുള്ള ക്രിറ്റിക്കുകളുടെ തല്ല് കൊള്ളും എന്ന് മനസ്സിലാക്കി മെല്ലെ വലിഞ്ഞു. രസകരവും സന്തോഷകരവുമായ എത്രയോ മുഹൂര്‍ത്തങ്ങള്‍!!

ഊണ് സമയമായപ്പോഴേക്കും നേരത്തെ അറിയിച്ചത് പോലെ ലതിചേച്ചിയും നിരക്ഷരനും തിരികെയെത്തി. ലതിചേച്ചിയോടൊത്ത് ഫോട്ടോയെടുക്കുവാന്‍ ഉള്ള ബ്ലോഗേസിന്റെ ആവേശം. സജീവേട്ടന്റെ മാരത്താണ്‍ കാരികേച്ചര്‍ രചന. വേദിയിലേക്ക് ഇടക്ക് ഒന്ന് ഓടിക്കയറി എന്നല്ലാതെ പിന്നീടുള്ള സമയം പരിചയപ്പെടലുകള്‍ക്കും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുമായി സമയം കണ്ടെത്തി. ഏതാണ്ട് നാലു മണിയോടെ അവിടെ നിന്നും തിരികെ നിരക്ഷരന്റെ കാറില്‍ പ്രവീണ്‍ വട്ടപ്പറമ്പനും സിജീഷും മണിലാലുമൊത്ത് യാത്ര. ഇടക്ക് വെച്ച് നന്ദനെ കൂടെ കയറ്റി വീട്ടില്‍ വന്ന് കയറിയപ്പോള്‍ എഴുത്തിന്റെ കളിതട്ടില്‍ അല്പ സമയം ചിലവഴിക്കാന്‍ അവസരമുണ്ടാക്കി തന്ന കൊട്ടോട്ടിക്കാരനോട് നന്ദി തോന്നി. ഇനിയൊരു മീറ്റ് എന്നാണൊ എന്തോ?



വ്യാഴാഴ്‌ച, ജനുവരി 13, 2011

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്

ഇക്കഴിഞ്ഞ ജനുവരി 6ന് എറണാകുളം മറൈന്‍ഡ്രൈവിലും തുടര്‍ന്ന് കായലിലുമായി നടന്ന വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതിനകം തന്നെ ഡോക്ടര്‍ ജയന്‍ ഏവൂരിന്റെയും ഷെറീഫ് കൊട്ടാരക്കരയുടേയും ചിത്രങ്ങള്‍ സഹിതമുള്ള മനോഹരമായ പോസ്റ്റുകളിലൂടെ ബൂലോകം മുഴുവന്‍ അറിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ ഒരു ബ്ലോഗ് മീറ്റിന്റെ റിപ്പോര്‍ട്ട് എന്നതിനേക്കാള്‍ അവിടെ കായലിന്റെ മനോഹാരിതയും വശ്യതയും നുകര്‍ന്നുകൊണ്ട് നടത്തിയ ബോട്ട് യാത്രക്കിടയിലെ സജീവമായ ഒരു ചര്‍ച്ച ഇവിടെ പങ്കുവെക്കാം.

കായല്‍മീറ്റിന്റെ തുടക്കം

ഡിസംബര്‍ 31ന്‌ രാവിലെ 7.30 ഓടെയാണ്‌‌ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് ഏറണാകുളത്തെ കുറച്ച് സുഹൃത്തുക്കളുമായി വൈകീട്ട് ഒത്തുകൂടി പുതുവര്‍ഷത്തെ വരവേറ്റാലോ എന്ന ഒരു ആശയം മുന്നോട്ട് വച്ചത്. പക്ഷെ പിന്നീട് അതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കാം എന്ന്‍ തീരുമാനിക്കുകയും അത് പ്രകാരം ഡോക്ടര്‍ ജനുവരി 6 വ്യാഴാഴ്ചയിലേക്ക് കൂടിച്ചേരല്‍ നടത്താമെന്ന് കാണിച്ച് അതേ കുറിച്ച് പോസ്റ്റ് ഇടുകയും വളരെ നല്ല പ്രതികരണം അതിന്‌ ലഭിക്കുകയും ചെയ്തു. അതേ പോസ്റ്റില്‍ തന്നെ ഡോക്ടര്‍ മീറ്റിന്റെ ഉദ്ദേശ്യം ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണെന്നും തീര്‍ത്തും ഔപചാരികതകള്‍ ഇല്ലാതെയാവും ഈ മീറ്റെന്നും സൂചിപ്പിച്ചിരുന്നു.


ജനുവരി 6 : മീറ്റ് ദിവസം

ഏതാണ്ട് കൃത്യം നാല് മണിയോടെ തന്നെ ഡോക്ടറുടെ ഫോണ്‍ വരുമ്പോള്‍ ഞാനും യൂസഫ്പയും കൂടി യൂസഫ്പയുടെ ബൈക്കില്‍ മീറ്റിനായി നിശ്ചയിച്ച മറൈന്‍ഡ്രൈവിലേക്കുള്ള യാത്രയിലായിരുന്നു. അവിടെ എത്തുമ്പോള്‍ ജയന്‍ ഏവൂര്‍, മാവേലീകേരളം (പ്രസന്ന), ആവനാഴി രാഘവന്‍, ഷെറീഫ് കൊട്ടാരക്കര, മത്താപ്പ് എന്നിവര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ആളവന്താന്‍, സോണിയ, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, നന്ദപര്‍‌വ്വം നന്ദന്‍, ജോഹര്‍, എന്നിവരും കൂടി എത്തിച്ചേര്‍ന്നതോടെ കൊച്ചുവര്‍ത്തമാനങ്ങളോട് വിടപറഞ്ഞ് ഗ്രൂപ്പ് ഫോട്ടോക്ക് ശേഷം കായല്‍ യാത്രക്കും അതുവഴി സമ്പുഷ്ടമായ ഒരു ചര്‍ച്ചക്കും വഴി തെളിച്ചു.


കായല്‍പ്പരപ്പിലെ ബ്ലോഗ് ചര്‍ച്ച

മോഡറേറ്റര്‍ : ഡോക്ടര്‍ ജയന്‍ ഏവൂര്‍


ചര്‍ച്ചയില്‍ പങ്കെടുത്തവര്‍: ഷെറീഷ് കൊട്ടാരക്കര, നന്ദപര്‍‌വ്വം നന്ദകുമാര്‍, ജോഹര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസഫ്പ, ആവനാഴി രാഘവന്‍, മാവേലികേരളം പ്രസന്ന, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, ആളവന്താന്‍, മത്താപ്പ്, സോണിയ പടമാടന്‍, മനോരാജ്


ഫോട്ടോഗ്രാഹി : നന്ദപര്‍‌വ്വം നന്ദകുമാര്‍, ഡോക്ടര്‍ ജയന്‍, യൂസഫ്പ, മനോരാജ്


വീഡിയോ : ജോഹര്‍, നന്ദപര്‍‌വ്വം നന്ദകുമാര്‍


എനിക്ക് ചില റെസലൂഷന്‍സ് ഉണ്ടെന്നും അത് കൂടെ ചര്‍ച്ചചെയ്യാം എന്ന് കരുതിയാണ്‌ ഇവിടെ ഇങ്ങിനെ ഒരു കൂടിച്ചേരലിനു വേദിയൊരുക്കിയതെന്നും പറഞ്ഞ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടു. വളരെ കുറച്ച് വാക്കുകളില്‍ ഇന്ന്‍ മലയാളം ബ്ലോഗും സര്‍‌വ്വോപരി മലയാളികളും നേരിടുന്ന പ്രശ്നങ്ങളിലേക്ക് അദ്ദേഹം ഞങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരികയും വളരെയേറെ ആവേശകരമായ നല്ല ഒരു ഡീബേറ്റിനു കളമൊരുക്കുകയും ചെയ്തു.


കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ട പലരും ഇന്ന് ബ്ലോഗ് എന്ന മാധ്യമത്തോട് വിമുഖത കാണിക്കുകയും പകരം നേരമ്പോക്കുകള്‍ക്ക് പ്രാമുഖ്യം കൊടുത്ത് ഗൂഗില്‍ ബസ്സ്, ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക്, ഫാം‌വില്ല, ട്വിറ്റര്‍ എന്നീ മേഖലകളിലേക്ക് ചേക്കേറുകയും അത് വഴി മികച്ച സര്‍ഗ്ഗസൃഷ്ടികള്‍ / ക്രിയാത്മകങ്ങളായ ലേഖനങ്ങള്‍ എന്നിവ ബ്ലോഗുകളില്‍ കുറയുകയും ചെയ്യുന്നു എന്നും ഈ പ്രവണത തുടര്‍ന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ച് കിടന്നിരുന്ന/ കിടക്കുന്ന ബൂലോകം എന്ന്‍ വിളിപ്പേരുള്ള മലയാളം ബ്ലോഗ് ലോകം അധികം താമസിയാതെ അസ്തമിക്കും എന്നുമുള്ള വളരെയേറെ സീരിയസ്സായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്‌ ഡോക്ടര്‍ തുടങ്ങിയത്.


ബ്ലോഗിലേക്ക് പുതുതലമുറ ആകൃഷ്ടരാവുന്നില്ല,അല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച പല ബ്ലോഗേര്‍സിന്റെയും സ്വാധീനമാവാം പല പുതിയ ബ്ലോഗര്‍മാരും ഇവര്‍ക്ക് പിന്നാലെ മേല്‍സൂചിപ്പിച്ച ഇടങ്ങളില്‍ തന്നെ തട്ടി തടഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു എന്നും ഏതൊരു സം‌രംഭത്തിന്റെയും വളര്‍ച്ചക്ക് ഹേതുവാകുക യുവാക്കളുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നിരിക്കെ ഇവിടെ ഇത് മൂലം അത്തരം സാദ്ധ്യത കുറഞ്ഞു വരുന്നു എന്നും ഡോക്ടര്‍ ആശങ്കപ്പെട്ടു. അതുകൊണ്ട് തന്നെ യുവതലമുറയെ കൂടുതല്‍ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനുള്ള നടപടികള്‍ ഉണ്ടാവേണ്ട സമയമായി എന്നും ഡോക്ടര്‍ സൂചിപ്പിച്ചു.


മൂന്നാമതായി മലയാള ഭാഷയുടെ അപചയത്തെ പറ്റിയാണ്‌ ഡോക്ടര്‍ പോയിന്റ് ഔട്ട് ചെയ്തത്. നമ്മളില്‍ പലരും ഇന്ന് മലയാള ഭാഷയെ തീര്‍ത്തും അവഗണിച്ചു തുടങ്ങിയെന്നും പല മലയാള പദങ്ങളും നമുക്ക് ഇന്ന് അന്യമായി എന്നുമുള്ള സത്യത്തിലേക്ക് ഡോക്ടര്‍ വിരല്‍ചൂണ്ടി. ഉദാഹരണമായി തെക്ക് വശത്തെ റോഡിലുള്ള കടയില്‍ പോയി വരാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി തെക്കെന്നാല്‍ വെസ്റ്റ് അല്ലേ എന്ന് ചോദിച്ചത് കേട്ട് ഞെട്ടിപ്പോയ ചരിത്രവും അവിടെ പരാമര്‍ശിച്ചു. ഒരു പരിധിവരെ ഇത് ശരിയാണ്‌ താനും. കോണ്‍കേവ് ലെന്‍സ്, കോണ്‍‌വെക്സ് ലെന്‍സ് എന്നൊക്കെ നാഴിക തോറും പറയുന്ന നമ്മള്‍ അവതല ദര്‍പ്പണം, ഉത്തല ദര്‍പ്പണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മിഴിച്ചിരിക്കാറുണ്ട്. എന്നിരിക്കിലും മലയാളം മാത്രം മതിയെന്നോ ഇംഗ്ലീഷ് ഭാഷയോ മറ്റുഭാഷകളൊ ഒന്നും വേണ്ട എന്നും മേല്പ്പറഞ്ഞതിനര്‍ത്ഥമില്ല.


നാലാമത്തെ പോയന്റായി ആര്‍ട്ട്സ് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായത് അല്ലെങ്കില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യപ്രവര്‍ത്തനത്തിനിടയില്‍ സര്‍ഗ്ഗരചനകള്‍ക്കോ മറ്റോ സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും പക്ഷെ, അവരുടെ പ്രൊഫഷന്‍ ഉള്‍പ്പെടെയുള്ള അവരുടെ പ്രോജക്റ്റുകള്‍ക്കും സെമിനാറുകള്‍ക്കും ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാദ്ധ്യതകളെ പറ്റി വിശദമായി പറഞ്ഞുകൊടുക്കേണ്ടതിന്റെയും അതുവഴി ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ബ്ലോഗിലൂടെ കഴിയില്ലേ എന്നൊരു ചോദ്യവും ഉന്നയിച്ച് കൊണ്ട് ഡോക്ടര്‍ പിന്നീട് വന്ന വിശദമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടു.


ഡോക്ടര്‍ നിറുത്തിയിടത്ത് നിന്നും ഒരു മത്താപ്പിന്‌ ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള തീപ്പൊരിയാവാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ദിലീപ് എന്ന മത്താപ്പ് ഉയര്‍ത്തിയ ചില എതിര്‍‌വാദങ്ങളായിരുന്നു മനോഹരമായ ഒരു ചര്‍ച്ചക്ക് തുടക്കമായത്. സത്യത്തില്‍ ഡോക്ടര്‍ വഴിമരുന്നിട്ടെങ്കിലും മത്താപ്പ് കൊളുത്തിയ തീപ്പൊരിയായിരുന്നു ചര്‍ച്ച ഇത്രയേറെ കൊഴുക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ മത്താപ്പിന്‌ ഒരു നന്ദി.


മത്താപ്പിന്റെ (സുവിശേഷം) വാദഗതികള്‍

മലയാളത്തിലെ വളരെ പ്രമുഖനായ, ഒട്ടേരെ ആരാധകരും വായനക്കാരുമുള്ള ഒരു ബ്ലോഗര്‍ (വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നത് കൊണ്ട് ആളുടെ പേര്‌ ഇവിടെ സൂചിപ്പിക്കുന്നില്ല) ബസ്സിലോ ഫെയ്സ്ബുക്കിലോ ഒന്നും സജീവമല്ല എന്നും പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇല്ലാതായിട്ട് നാളുകളായി എന്നും അതുകൊണ്ട് തന്നെ ബസ്സും ഫെയ്സ്ബുക്കുമൊന്നും ബ്ലോഗെഴുത്തിനെ ബാധിക്കുന്നില്ല എന്നുമുള്ള ശക്തമായ മറുവാദത്തോടെ മത്താപ്പ് ചര്‍ച്ചക്ക് തീപ്പൊരിയിട്ടു. ഇവിടെ നിന്നായിരുന്നു ചര്‍ച്ച വളരെ നല്ല പാതയിലൂടെ മുന്നേറിയത്.


ഈ വാദം നിലനില്‍ക്കെ തന്നെ നമ്മുടെ ലക്ഷ്യം ബസ്സോ ഫെയ്സ്ബുക്കോ ഓര്‍ക്കൂട്ടോ വേണ്ട എന്നതല്ല എന്നും അവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ട് ബ്ലോഗുകളില്‍ മാത്രം ഒതുങ്ങണമെന്നുമല്ല എന്നും മറിച്ച് മേല്‍സൂചിപ്പിച്ചിടങ്ങളില്‍ സമയത്തിന്റെ നാലിലൊരു ഭാഗമെങ്കിലും ബ്ലോഗെഴുത്തിനും ബ്ലോഗ് വായനക്കുമായി നമ്മളെല്ലാം മാറ്റിവെക്കണമെന്നുമാണെന്നും സത്യത്തില്‍ ബ്ലോഗര്‍ എന്ന നിലയിലാണ്‌ ബസ്സിലും അതുപോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നും ബ്ലോഗിലൂടെ ലഭിച്ച പബ്ലിസിറ്റിയല്ലേ പലരും ഇതിനായി ഉപയോഗിക്കുന്നതെന്നുമുള്ള മറുവാദത്തെ ഒരു പരിധി വരെ അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു.


ഷെരീഫ് കൊട്ടാരക്കരയുടെ നിഗമനങ്ങള്‍

വളരെ ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ കുറച്ച് കാര്യങ്ങളായിരുന്നു ഷെരീഫ് കൊട്ടാരക്കര പറഞ്ഞത്. പ്രായം കൊണ്ട് ഏതാണ്ട് മൂന്ന് തലമുറയില്‍ പെട്ട ബ്ലോഗേര്‍സ് ഇവിടെ ഈ ചര്‍ച്ചയില്‍ ഉണ്ടെന്നും പക്ഷെ ബൂലോകത്ത് ഇവരെല്ലാം ഒരു തലമുറയാണെന്നും മലയാള ബ്ലോഗിലെ ആദ്യ തലമുയില്‍ പെട്ട നമ്മള്‍ പിന്‍‌തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാതെ നൈമിഷികമായി കിട്ടുന്ന കുറച്ച് പബ്ലിസിറ്റിക്ക് പിന്നാലെ പരക്കം പായുന്നത് ശരിയാണോ എന്ന ഷെരീഫ് കൊട്ടാരക്കരയുടെ ചോദ്യം കാലീക പ്രസക്തമായ ഒന്നായിരുന്നു.


ബസ്സിലും ഫെയ്സ്ബുക്കിലും പെട്ടന്ന് തന്നെ നമുക്ക് മറുപടികളും കമന്റുകളും ലഭിക്കുന്നു എന്നും ചര്‍ച്ചകള്‍ നടക്കുന്നു എന്നും ഒരു ബ്ലോഗ് പോസ്റ്റ് ചെയ്താല്‍ അതില്‍ കമന്റുകള്‍ അത്ര എളുപ്പത്തില്‍ ലഭിന്നുന്നില്ല എന്നതും ഇവയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു സോണിയയുടെ അഭിപ്രായം. പക്ഷെ, ബസ്സുകളില്‍ നടത്തിയ എത്ര ചര്‍ച്ചകള്‍ അല്ലെങ്കില്‍ അവിടെയെഴുതിയ ചിറ്റ്ചാറ്റുകളിലൂടെ എന്തെങ്കിലും നേടാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തെ സോണിയയും അംഗീകരിക്കുന്നു.


"ഗള്‍ഫിലെ പ്രവാസ ജീവിതത്തിനിടയില്‍ ആണ്‌ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് ആകൃഷ്ടനായതെന്നും തികച്ചും അന്തര്‍മുഖനും അത് വരെ എഴുതിയതൊന്നും മറ്റുള്ളവരെ കാണിക്കുവാന്‍ മടിയുള്ളവുനുമായിരുന്ന എന്നെ ബ്ലോഗ് ആണ്‌ അല്പമെങ്കിലും ആത്മവിശ്വാസമുള്ളവനാക്കിയത്". യൂസഫ്പ ഇത് തുറന്ന് പറയുമ്പോള്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റ് മുതല്‍ വളരെയടുത്തറിയാവുന്ന ഇക്കയെ, അല്ലെങ്കില്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റിന്റെതുള്‍പ്പെടെയുള്ള പിന്നീട് ഞാന്‍ കൂടെ പങ്കെടുത്ത ഒട്ടേറെ ബ്ലോഗ് പരിപാടികളിലെ യൂസഫ്പയുടെ പങ്കിനെ പറ്റി വളരെയടുത്തറിയാവുന്ന ഞങ്ങളില്‍ പലര്‍ക്കും ബ്ലോഗിന്‌ ഒരാളെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാനായി.


ഇന്റി ബ്ലോഗ് ലോകത്തുള്ള പോലെ സംഘടനാ പ്രവര്‍ത്തനവും ചട്ടക്കൂടുമെല്ലാം മലയാളം ബ്ലോഗില്‍ കൊണ്ട് വന്നാല്‍ എങ്ങിനെയുണ്ടാവും എന്നതും ഡോക്ടര്‍ ജയന്‍ പറഞ്ഞപോലെ യുവതലമുറയെ അതായത് സ്കൂള്‍ കുട്ടികളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനായി മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും കഴിയില്ലേ എന്നതായിരുന്നു മാവേലികേരളം ഉന്നയിച്ചത്. ഇന്റി ബ്ലോഗ് ലോകം മറ്റൊന്നാണെന്നും അതില്‍ നിന്നും വ്യത്യസ്തമായി പരന്നതും വിശാലവുമായതുമാണ്‌ മലയാളികളുടെ ഈ ബൂലോകം എന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രവീണ്‍ വട്ടപ്പറമ്പത്ത് മറുപടി വാദങ്ങളിലേക്ക് കടന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചേരിതിരിവിലേക്ക് നയിക്കുമെന്നും ഒടുവില്‍ സംഘടന സംഘട്ടനത്തിന്റെ വേദിയായി മാറുമെന്നും പ്രവീണ്‍ പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നല്ലതെങ്കിലും അവ ഒടുവില്‍ പലതും തുറന്ന് പറയുവാനുള്ള വിലങ്ങുതടിയാവുമെന്നും പിന്നീട് എഴുത്തില്‍ പലയിടത്തും സംഘടനയുടെ ഇടപെടല്‍ അധികമാവുമെന്നും ഇപ്പോള്‍ ബസ്സിലും മറ്റും തന്നെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മടുപ്പുളവാക്കും വിധം നിയന്ത്രണാധീതമായി തുടങ്ങിയെന്നും ക്രമേണ ഇത് ഊരുവിലക്ക് പോലെ ബ്ലോഗ് വിലക്ക് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുമെന്നുമാണ്‌ ഇതേ കുറിച്ച് ഞാന്‍ അഭിപ്രായപ്പെട്ടത്. മത്സരങ്ങളേക്കാള്‍ കൂടുതല്‍ പ്രൊഫഷണല്‍ കോളേജുകളും എട്ടാം തരം മുതലുള്ള ക്ലാസ്സുകളിലെ കുട്ടികളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തപ്പെടേണ്ട ബ്ലോഗ് ശില്പശാലകളാവും അടുത്ത തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ നല്ല മാര്‍ഗ്ഗം എന്നും അതിന്റെ ആദ്യ പടിയായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ സര്‍ഗ്ഗശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരം പരിപാടി സംഘടിപ്പിക്കുവാന്‍ കൂടുതല്‍ പേരുടെ സഹകരണം കിട്ടുമെങ്കില്‍ ശ്രമിക്കാമെന്നും ഡോക്ടര്‍ ജയന്‍ ഏവൂര്‍ പ്രസ്ഥാവിച്ചു.


ബ്ലോഗില്‍ ഇപ്പോള്‍ കഥ, കവിത എന്നീ ചില മേഖലകളില്‍ മാത്രമേ എഴുത്തുകാരുള്ളൂ എന്നത് മറ്റു മേഖലകള്‍ക്ക് വായനക്കാര്‍ കുറഞ്ഞത് കൊണ്ടാണെന്നും മറ്റു മേഖലകളിലേക്ക് കൂടി എഴുത്തും വായനയും കടന്ന് ചെല്ലാത്തത് ബ്ലോഗിനെ അപചയപ്പെടുത്തുമെന്നും ഷെരീഫ് കൊട്ടാരക്കരയും പ്രവീണ്‍ വട്ടപ്പറമ്പത്തും ആശങ്കപ്പെട്ടു. ഉദാഹരണമായി ഈ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ ബ്ലോഗര്‍ അങ്കിളിന്റെ "സര്‍ക്കാര്‍ കാര്യം" എന്ന ബ്ലോഗില്‍ നിന്നുമാണ്‌ വെറും ഐടി തൊഴിലാളിയായ താന്‍ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞതെന്ന്‍ പ്രവീണും അതുപോലെ കേരള ഫാര്‍മര്‍ പറഞ്ഞു തരുന്ന കാര്‍ഷീക ടിപ്സ് സത്യത്തില്‍ വെറുതെ ലഭിക്കന്നത് കൊണ്ടാണോ നമ്മള്‍ അവഗണിക്കുന്നതെന്ന് ഷെരീഫ് കൊട്ടാരക്കരയും സൂചിപ്പിച്ചു. കൊട്ടോട്ടിക്കാരന്റ് റീഫ്രഷ് മെമ്മറിയിലൂടെ ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടും അവയില്‍ പലതും പണം മുടക്കി പഠിക്കാന്‍ നമ്മളുള്‍പ്പെടെയുള്ള ബ്ലോഗേര്‍സ് തന്നെ ശ്രമിക്കുന്നതിലായിരുന്നു ജോഹറിന്റെ ആശങ്ക. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കേണ്ടത് നമ്മളൊക്കെ തന്നെയാണെന്നും നമ്മുടെ ബുലോകം പത്രം അതിനായി ശ്രമിക്കുമെന്നും ജോ പറഞ്ഞു.


കമന്റുകളിലെ രാഷ്ട്രീയം.

തുടര്‍ന്ന് ചര്‍ച്ച ബ്ലോഗ് കമന്റുകളിലേക്ക് കടന്നു. പോസ്റ്റുകള്‍ വായിക്കാതെ കമന്റ് ചെയ്യുന്നതും ബൂലോകകാരുണ്യത്തിലെ വേദനയേറുന്ന അനുഭവക്കുറിപ്പിന്‌ വരെ ആശംസകള്‍ എന്ന്‍ കമന്റ് ഇടുന്നതിനെ കുറിച്ചും തുടങ്ങിയ ചര്‍ച്ച വ്യക്തിപരമായി മുറിവേല്പ്പിക്കുന്ന (അതായത് പോസ്റ്റുകളുമായി ബന്ധമില്ലാതെ വ്യക്തിഹത്യയിലേക്ക് ) അല്ലെങ്കില്‍ സഭ്യതയുടെ അതിര്‍‌വരമ്പുകളെ ലംഘിക്കുന്ന കമന്റുകള്‍ അധികരിച്ചതിനേക്കുറിച്ച് വരെ നീണ്ടു. പോസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാതെ തെറി കമന്റുകള്‍ എഴുതിയിടുന്നതും മറ്റും പലരെയും ഒരു പരിധിവരെ ബ്ലോഗെഴുത്തില്‍ നിന്നും പിന്‍‌വലിയാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മാവേലീകേരളം വ്യാകുലപ്പെട്ടു. ഇത്തരം കമന്റുകള്‍ ഇടാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ഒരു ചോദ്യവും ചേച്ചിയുടേതായി ഉണ്ടായി. അത്തരം കമന്റുകളെ അവഗണിക്കുക മാത്രമേ ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയൂ എന്നും എല്ലാ മേഖലയിലുമെന്ന പോലെ ഇവിടെയും ഇത്തിള്‍ക്കണ്ണികള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നും അവയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നതാണ്‌ നല്ലതെന്നും ആവനാഴി രാഘവന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റുള്ളവര്‍ക്കും. പക്ഷെ, വിമര്‍ശന കമന്റുകളെ നല്ല മനസ്സോടെ സ്വാഗതം ചെയ്യണമെന്നും കമന്റുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായം പോലെയാവരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.


കമന്റുകളും ഹിറ്റുകളും പ്രതീക്ഷിച്ച് തന്നെയാണ്‌ എല്ലാവരും പോസ്റ്റുകള്‍ എഴുതുന്നതെന്നും വായനക്ക് ശേഷം അഭിപ്രായം പങ്കുവെച്ചിട്ട് പോകുകയാണെങ്കില്‍ അത് കൂടുതല്‍ എഴുതാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും ചര്‍ച്ചയുടെ ഭാഗമായി ഞാനും യൂസഫ്പയും ആളവന്താനും ലീല ടീച്ചറും നിര്‍ദേശിച്ചു. ഇതേ കാരണം കൊണ്ട് പലരും ബ്ലോഗില്‍ നിന്നും വിടപറയുന്നുണ്ടെന്നും അവിടെ കൂടിയ പലര്‍ക്കും അറിയാമെന്ന് ചര്‍ച്ചയില്‍ മനസ്സിലായി.


ആശംസാകമന്റുകളും സ്മൈലികളുടേയും കൂത്തരങ്ങായി പലപ്പോഴും അഭിപ്രായ പ്രകടനം തരം താഴുന്നതോടായിരുന്നു നന്ദപര്‍‌വ്വം നന്ദന്റെ അമര്‍ഷം. ബ്ലോഗ് എഴുതി തുടങ്ങിയ ആദ്യ കാലങ്ങളില്‍ കിട്ടിയിരുന്ന ആവേശകരവും ക്രിയാത്മകവുമായ കമന്റ് ചര്‍ച്ചകള്‍ ഇപ്പോളില്ലാത്തതും പലരെയും ബ്ലോഗില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന സത്യവും നന്ദന്‍ പങ്കുവെച്ചു.


അന്തിക്കാടന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ലോലോലിക്ക അഥവാ ലൂബിക്ക എന്ന വിഭവം ഉപ്പിലിട്ട് കൊണ്ട് വന്ന് പ്രവീണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വായില്‍ വെള്ളം നിറച്ചു. ലോലോലിക്കയുമായി മല്ലിടുന്ന തിരക്കിലായതിനാല്‍ ആളവന്താന്‍ ചര്‍ച്ച കേട്ടാസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ വീണ്ടും ചര്‍ച്ചയുടെ കടിഞ്ഞാണ്‍ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഏറ്റെടുത്തിരുന്നു. തുടങ്ങിയ വിഷയത്തില്‍ നിന്നും ഒട്ടേറെ മുന്നേറി വിശദമായ ഒരു ചര്‍ച്ച തന്നെ നടന്നുവെന്നും അതിന്‌ വഴിമരുന്നിട്ട മത്താപ്പിന്‌ നന്ദി പറഞ്ഞുകൊണ്ടും കായലിന്റെ അഗാധതയിലേക്ക് ഒളിക്കുവാനായി വെമ്പുന്ന സൂര്യനെ സാക്ഷിനിര്‍ത്തി ചര്‍ച്ചയുടെ കണ്‍ക്ലൂഷന്‍ ഒരു വിദഗ്ദനായ ഡോക്ടര്‍ രോഗം നിര്‍ണ്ണയ്യിച്ച് കുറുപ്പടിയെഴുതാനെടുക്കുന്ന അതേ വേഗത്തില്‍ അദ്ദേഹം പറഞ്ഞു തീര്‍ത്തു.


ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുവാനായി ചര്‍ച്ചക്ക് ശേഷം ഡോക്ടര്‍ തയ്യാറാക്കിയ കുറുപ്പടി

1.ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറ്റുള്ളവരെ ബ്ലോഗിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കുക.

2.അതിലേക്കായി ഇവിടെ ഒത്തുകൂടിയവര്‍ മാസത്തില്‍ ഒരെണ്ണമെന്ന കണക്കിലെങ്കിലും ബ്ലോഗുകളില്‍ പോസ്റ്റുകള്‍ എഴുതുവാന്‍ ശ്രമിക്കുക

3. ഒരാളെയെങ്കിലും ബ്ലോഗെഴുതുവാനോ ബ്ലോഗ് തുടങ്ങുവാനോ പ്രേരിപ്പിക്കുക.

4. പുതുതലമുറയിലേക്ക് ബ്ലോഗിന്റെ ഗുണഗണങ്ങള്‍ എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ കഴിവതും ഭാഗഭാക്കാവുക.

5. വായിക്കുന്ന പോസ്റ്റുകള്‍ക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിവതും ശ്രമിക്കുക.

6. എല്ലാ മേഖലകളിലേക്കും ബ്ലോഗുകള്‍ വ്യാപിപ്പിക്കുവാന്‍ കഴിയുന്നത് ചെയ്യുക. കവിത, കഥ , യാത്ര, ഫോട്ടോ എന്നിവയെ പോലെ തന്നെ മറ്റു മേഖലകളിലും ബ്ലോഗ് പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക.

7. ഓരോ സ്ഥലങ്ങളിലും ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിയാത്മക ചര്‍ച്ചകളും കൂട്ടായ്മകളും ഉണ്ടാക്കുക.

8.ബ്ലോഗ് മീറ്റുകള്‍ വഴിയും ബ്ലോഗ് ശില്പശാലകള്‍ വഴിയും ബ്ലോഗിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.

9. ഇപ്പോള്‍ സാഹിത്യ അക്കാദമി അടക്കമുള്ളവര്‍ ഇ-എഴുത്തിനെയും തിരിഞ്ഞറിഞ്ഞു തുടങ്ങിയെന്ന് മനസ്സിലാക്കി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹകരണം ഉറപ്പുവരുത്തുക. പുലികളിയും പുപ്പുലികളിയും മാറ്റിവെച്ച് ഒരേ മനസ്സോടെ ബ്ലോഗിന്റെയും മലയാള ഭാഷയുടേയും നന്മക്കായി നിലകൊള്ളുക.

10. ബ്ലോഗിലെഴുതുന്നവ ചിതലരിക്കാത്ത, ഇരട്ടവാലന്റെ ആക്രമണമില്ലാത്ത നാളെയുടെ അവശേഷിക്കുന്ന ഇന്നിന്റെ ബാക്കിയാണെന്ന് മനസ്സിലാക്കി ഒരു പക്ഷെ നാളെയുടെ റെഫറന്‍സുകളാവും ഇന്ന് നമ്മളില്‍ പലരും കുറിച്ചിടുന്നത് എന്ന ബോധത്തോടെ ബസ്സിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഫാം‌വില്ലയിലും സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ സജീവമായ ചര്‍ച്ചകളിലൂടെ ബ്ലോഗെഴുത്തിലെ പഴയ നല്ല നാളുകള്‍ തിരികെ കൊണ്ട് വരുവാന്‍ ശ്രമിക്കുക


വിശദമായ ചര്‍ച്ചക്ക് ശേഷം ഉല്ലാസ ബോട്ട് തീരത്ത് നങ്കൂരമിട്ടു. ചിലരെല്ലാം പിരിഞ്ഞുപോയി. സജിം തട്ടത്തുമല, സിജീഷ് എന്നിവര്‍ കൂട്ടത്തില്‍ ചേര്‍ന്നു. വഴിവിളക്കിന്റെ വെളിച്ചത്തില്‍ ലീല ടീച്ചറുടെ കവിതാലാപനത്തിനും ചെറിയ കുശലപ്രശ്നങ്ങള്‍ക്കും ലഘുഭക്ഷണത്തിനും ശേഷം പിരിയുമ്പോള്‍ സിയെല്ലസ്സും , എന്‍.ബിയും, കൃതിയും , ബുക്ക് റിപ്പബ്ലിക്കും ഉള്‍പ്പെടെയുള്ള ബ്ലോഗ് പ്രസാധകരുടെയും വിശാലന്‍, കുമാരന്‍, അരുണ്‍ കായംകുളം തുടങ്ങിയവരുടേയും പുസ്തകങ്ങള്‍ വായിച്ച് ,കിരണ്‍സിന്റെ മനോഹരമായ ഗാനങ്ങള്‍ കേട്ട്, വെടിവെട്ടം പറഞ്ഞ് അല്പം ഭക്ഷണവും വിശ്രമവുമായി ഏത് പാതിരാത്രിയിലും ബൂലോകത്തിലെ ആര്‍ക്കും പ്രവേശിക്കാവുന്ന ഒരു മനോഹരമായ ഇടം എറണാകുളത്തിന്റെ ഹൃദയഭാഗത്തോ, പ്രാന്തപ്രദേശത്തോ എത്രയും പെട്ടന്ന് വരട്ടെ എന്ന്‍ ചിത്രക്കരനെ പോലെ തന്നെ ഞങ്ങളോരോരുത്തരും സ്വപ്നം കണ്ടു.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2010

ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍


ഇടപ്പള്ളി ബ്ലോഗ് മീറ്റ് : ലോഗോ


മീറ്റ് നടത്തിയ വേദി

എന്നെ പറ്റിച്ച് കടക്കാമെന്ന വിചാരം വേണ്ട മക്കളേ.. :യൂസഫ്‌പാ

ഇതൊക്കെ നടക്കോ ആവോ?


എന്തോ .. അരമണിക്കൂര്‍ മുന്‍പ് പുറപ്പെട്ടെന്നോ.. പറ്റുമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പ് പുറപ്പെട്. നമുക്ക് തുടങ്ങണ്ടേ?
നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട അന്ന് തുടങ്ങിയ ഇരിപ്പാ.. ഇതിപ്പോള്‍ ഇന്ത്യാവിഷന്റെ അടുത്ത് തന്നെയാണല്ലോ മീറ്റ് നടക്കുന്ന വേദി.. ഒത്തുകിട്ടിയാലോ?


ഇടപ്പള്ളിയിലേക്ക് സ്വാഗതം...

സുഖമല്ലേ : ജോയും കാപ്പിലാനും

കൊട്ടോട്ടിക്കാരന്‍ സാക്ഷി...

ഹൊ റേഷനരി കഴിക്കുന്നവര്‍ക്ക് പറഞ്ഞതല്ല ഈ മൈക്കൊക്കെ - അപ്പൂട്ടന്‍


സാദിഖ് : ഈ ഇച്ഛാശക്തിക്ക് മുന്‍പില്‍ പ്രണാമം!!
അപ്പുകുട്ടാ തൊപ്പിക്കാരാ ... : മീറ്റ് കൂടാന്‍ വേണ്ടി മാത്രം തൊപ്പി വച്ച് ഖത്തറില്‍ നിന്നും ഒരു മണിമാരന്‍..
ഭ്രമമാണ് പ്രണയം ..വെറും ഭ്രമം.. വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌന്ധം.
സദസ്സ്.. : ഈ ചാണ്ടിയുടെ ഗ്ലാമറിനിടയില്‍ എന്നെ ആരു നോക്കാന്‍.. ചിതല്‍ മറഞ്ഞിരിക്കുന്നു.കാട്ടാക്കടയുടെ നാടന്‍ പാട്ടിനൊപ്പം ചുവട് വെക്കുന്നവര്‍ : തോന്ന്യാസി, മുരളിക, മുള്ളൂക്കാരന്‍, പ്രവീണ്‍


ഞാന്‍ ഒരു നാണം കുണുങ്ങിയാട്ടോ.. : കുമാരന്‍ ഒരു സംഭവം തന്നെ
കാട്ടാക്കടയുടേ കാരിക്കേച്ചര്‍ വരച്ച് സജീവേട്ടന്‍ പണി തുടങ്ങി.

ബ്ലോഗര്‍ റിച്ചു സജീവേട്ടന്‍ വരച്ച കാരിക്കേച്ചറുമായികണ്ടാല്‍ അറിയാം ആളൊരു ആര്‍തര്‍ കോനന്‍ ഡോയല്‍ തന്നെ
വൈദ്യന്മാരൊക്കെ ഇപ്പോള്‍ ക്യാമറയുമായാ നടപ്പ്.. കലികാലം!! - ജുനൈദിന്റെ ആത്മഗതം

പള്ളീലച്ചനും കുഞ്ഞാടുകളും : മത്താപ്പ് (ദിലീപ്), ഹഷിം, പ്രവീണ്‍, ചാണ്ടിക്കുഞ്ഞ്



കവിയുടെ കൈപ്പട വാങ്ങിയ സ്വകാര്യ നിമിഷം.. ഇത് എനിക്ക്
സ്വന്തം..



കവിയോടൊപ്പം.. ഞാന്‍

ഇത് പാടമല്ലെന്റെ ഹൃദയമാണ്.. കാട്ടാക്കടയും പാവപ്പെട്ടവനും സാദിഖ് മാഷോടൊപ്പം
ഊണേശ്വരം ഊണിനോളം വരില്ല. എന്നാലും ഒരു ഊണല്ലേ കളയണ്ട..
സ്വന്തം ഭാര്യയാണെങ്കിലും പഞ്ചാരയടിക്കുന്നതിനൊക്കെ ഒരു ലിമിറ്റ് വേണ്ടേ; ഏത് നട്ടപ്പിരാന്തനും ചോദിച്ച് പോകും : സന്ദീപ് സലിമും ഭാര്യയും


ഹോ എന്തൊരു ശുഷ്കാന്തി... ഒരു പോസ്റ്റിട്ടിട്ട് നാളുകളായി ...


ബസ്സിലെ പുലികള്‍ ഇരയെടുക്കുന്നു : ശങ്കര്‍, സുമേഷ് മേനോന്‍, മത്തായി II

വാക്ക.. വാക്ക.. ബ്ലോഗര്‍ അപ്പു - മീറ്റിലെ സൂപ്പര്‍ സ്റ്റാര്‍

താടി പര്‍വ്വം , അല്ല നന്ദപര്‍വ്വം..


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവന്‍ ഈ മീറ്റിന്റെ ജീവനാഡി : പ്രിയ ചങ്ങാതി പ്രവീണ്‍ വട്ടപ്പറമ്പത്ത്


ഗ്രൂപ്പ് ഫോട്ടോ : ഹരീഷ്, പ്രവീണ്‍, ജോ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇതില്‍..
അതുകൊണ്ട് തന്നെ പൂര്‍ണ്ണമാവാത്ത ഗ്രൂപ്പ് ഫോട്ടോ....


മീറ്റിനെ കുറിച്ചുള്ള എന്റെ ആദ്യ പോസ്റ്റിലേക്ക്..