“മനോരാജാവേ.. പ്രജാവ്, സജീവാണ്.. തിരൂര്‍ക്ക് പോകുന്നില്ലേ?”
“ഉവ്വ്. സജിയച്ചായന്റെ കാറില്‍ കയറിക്കൂടാമെന്ന് കരുതുന്നു. ആ കാറില്‍ തിക്കും തിരക്കുമൊന്നുമില്ലല്ലോ അല്ലേ?” - വിനയം വിടാതെ അല്പം ഫോര്‍മാലിറ്റി കൂടെ ചേര്‍ത്ത് തിക്കിനെയും തിരക്കിനെയും കുറിച്ച് ചോദിച്ചതാണ്. പക്ഷെ അത് പുലിവാലായി.
“ഒരു രക്ഷയുമില്ല മനോരാജേ. രാവിലെ തന്നെ ആ കാറില്‍ ഞാന്‍ കയറി. ഇനിയിപ്പോള്‍ അതില്‍ സജിയച്ചായന്‍ തന്നെ ഞെങ്ങി ഞെരുങ്ങിയാ ഇരിക്കുന്നേ. ഒരു ഈച്ചക്ക് കൂടെ ഇരിക്കുവാന്‍ സ്ഥലമില്ല" - കുഴപ്പമായി. ഇനിയിപ്പോള്‍ എന്ത് ചെയ്യും. ആകെ നിരാശയോടെ നില്‍ക്കുമ്പോള്‍ ദാ വരുന്നു അടുത്ത ഫോണ്‍ കാള്‍ നിരക്ഷരന്‍ മനോജേട്ടന്റെ വക. "വീടിന് മുന്‍പില്‍ നിന്നോളു. ഞാന്‍ ഒരു 7 മണിയോടെ അവിടെയെത്താം. എന്റെ കൂടെ മറ്റൊരാള്‍ കൂടെയുണ്ടാവും. നമുക്ക് ഒരുമിച്ച് തിരൂര്‍ക്ക് പോവാം."
"അതാരാ മനോജേട്ടാ മറ്റൊരാള്‍?"
"അതൊക്കെയുണ്ട്. സസ്പെന്‍സ് ആയിരിക്കട്ടെ. ആള്‍ ഭയങ്കര പ്രശസ്തയാണ്."
അതിപ്പോള്‍ ആരായിരിക്കും പ്രശസ്തയായ ഈ കക്ഷി. ഹോ ആരെങ്കിലുമാവട്ടെ. വീട്ടില്‍ നിന്നും തിരൂര്‍ വരെ ഓസിന് ഒരു യാത്ര ഒത്തതാ. ഇനി പ്രശസ്തരേയും അപ്രശസ്തരേയും അന്വേഷിച്ച് വെറുതെ കിട്ടിയ ചാന്‍സ് കളയണ്ട. "ശരി, ഞാന്‍ വെയിറ്റ് ചെയ്യാം."
സമയം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഏതാണ്ട് 6.45 ആയപ്പോള്‍ രണ്ട് കാറുകള്‍ എന്റെ വീടിന്റെ മുന്നില്‍ വന്ന് നിന്നു. കാര്‍ തുറന്ന് അകത്തു കയറിയപ്പോള്‍ മനോജേട്ടനെ കൂടാതെ നല്ല പരിചയമുള്ള ഒരു മുഖം കാറിലിരിക്കുന്നു.
"നമസ്കാരം മനോരാജേ... മനോരാജിനെ ആദ്യമായിട്ട് കാണുകയാണെങ്കിലും പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ട് മുഖം മനസ്സിലുണ്ട്." - എനിക്ക് വീണ്ടും സംശയം. കണ്ടിട്ട് വി.എസ്. അച്ചുതാനന്ദനെതിരെ മത്സരിക്കുന്ന ലതികാസുഭാഷിനെ പോലെ തന്നെയിരിക്കുന്നു. പക്ഷെ ഈ ലതികാസുഭാഷിന് ബ്ലോഗുണ്ടോ? എന്റെ സംശയം നിറഞ്ഞ മുഖഭാവം കണ്ടപ്പോള്‍ നിരക്ഷരന്‍ വക കമന്റ്.
"പേടിക്കണ്ട മനോരാജേ. ആള്‍ പ്രശസ്തയാവുന്നതിന് മുന്‍പേ ബ്ലോഗുണ്ട്."
അപ്പോള്‍ ലതികാ സുഭാഷ് എന്ന ബ്ലോഗര്‍ ലതിക്ക് ബ്ലോഗുണ്ട്. ആ ഒരു സംശയത്തിന് ശാശ്വതമായ ഒരു പരിഹാരമായി. അങ്ങിനെ നിരക്ഷരനായ ഒരു യാത്രാപ്രിയനോടും സംസാരപ്രിയയായ ഒരു സ്ഥാനാര്‍ത്ഥിയോടും ഒപ്പം തിരൂര്‍ തുഞ്ചന്‍ പറമ്പിലെ ബ്ലോഗേര്‍സ് മീറ്റിലേക്കുള്ള എന്റെ യാത്ര അവിടെ തുടങ്ങി.
ഒട്ടേറെ ബ്ലോഗ് വിശേഷങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും അതോടൊപ്പം ഏറെ നാളത്തെ ശ്രമത്തിന്റെ ഫലമായ മുസ്തഫയുടെ വീടിനെ കുറിച്ചും അതിലേക്കുള്ള മുസ്തഫയുടെ വീട് കയറി താമസത്തെ ക്കുറിച്ചും എല്ലാമുള്ള ചര്‍ച്ചകളുമായി കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ചേറ്റുവയില്‍ എത്തിയപ്പോഴേക്കും വയറ്റിലും വായിലും വരെ വായു കയറിയതിനാല്‍ വണ്ടി ഒതുക്കിയിട്ട് അടുത്തുകണ്ട ഹോട്ടലില്‍ നിന്നും ചായ കുടിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. നിരക്ഷരനോടും ലതിചേച്ചിയോടുമൊപ്പം മുസ്തഫയുടെ വീട് സന്ദര്‍ശിച്ച് മടക്കത്തില്‍ ബ്ലോഗ് മീറ്റിലും പങ്കെടുക്കുക എന്ന ലക്ഷ്യവുമായി കുന്നംകുളത്ത് നിന്നും മണിലാല്‍ എന്നൊരു ബ്ലോഗറും യാത്രയില്‍ പങ്കുചേര്‍ന്നു.
നഗരകാഴ്ചകള്‍ ചെറുപട്ടണക്കാഴ്ചകളായും ഗ്രാമകാഴ്ചകളായും പിന്നെയും പട്ടണകാഴ്ചകളും നഗരകാഴ്ചകളുമായെല്ലാം മാറിമറിഞ്ഞുകൊണ്ടുള്ള യാത്ര. ഏതാണ്ട് കോട്ടക്കല്‍ ഉള്ള ചങ്കുവെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതുവരെ ഞങ്ങളുടെ കാറിനെ അനുഗമിച്ചിരുന്ന ലതിചേച്ചിയുടെ കാറില്‍ എന്നെ തുഞ്ചന്‍ പറമ്പിലേക്ക് വിട്ടിട്ട് ഒരു മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് അവര്‍ മൂവരും മുസ്തഫയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. എന്റെ മനസ്സില്‍ ഒരു കുഞ്ഞു ബിരിയാണി പൊട്ടിച്ചിതറി നാമാവശേഷമായത് അവരുണ്ടോ അറിയുന്നു.!
ഒട്ടേറെ ദിവസത്തെ ആകാംഷക്ക് അറുതി വരുത്തിക്കൊണ്ട് തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരകത്തിന്റെ കവാടത്തില്‍ കാര്‍ നിറുത്തി. മലയാള ഭാഷയുടെ പിതാവിന്റെ തറവാട്ട് മുറ്റത്ത് എത്തിയപ്പോള്‍ ഒരു സ്വച്ഛത. എന്തോ മനസ്സ് വല്ലാതെ വൈകാരികമാവുന്നു. മെല്ലെ കാറിന്റെ ഡോര്‍ തുറന്നു.
"അനങ്ങിപ്പോകരുത്" - കൈയില്‍ കറുത്ത എന്തോ കുന്ത്രാണ്ടവുമായി ഒരു കുറിയ മനുഷ്യന്‍.
"അതേയ്..നമുക്ക് തിരിച്ചു പോകാം. തീവ്രവാദിയോ മറ്റോ ആണെന്ന് തോന്നുന്നു." ഇലക്ഷന്‍ കാലമായതിനാലാവാം ലതിചേച്ചിയുടെ ഡ്രൈവര്‍ക്ക് മനസ്സില്‍ ഒരു ഭയം.
"ഹെയ് പേടിക്കണ്ട. ആള്‍ ഒരു വൈദ്യരാ.. കുഴപ്പക്കാരനല്ല. കുഴല്‍, കുഴമ്പ്, ക്യാമറ ഇവയില്‍ ഏതാണ്ട് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ പുള്ളിക്കാരന്‍ ക്യാമറയെന്നേ പറയൂ." അവസാനം മറൈന്‍ഡ്രൈവ് മീറ്റ് കഴിഞ്ഞ് പിരിയുമ്പോള്‍ ക്യാമറയും പിടിച്ച് നില്‍ക്കുന്നത് കണ്ടതാണ്. പിന്നെ കാണുന്നത് ഇപ്പോഴാ.. ഒരു മാറ്റവുമില്ല. ഡോക്ടര്‍മാരായാല്‍ ഇങ്ങിനെ വേണം. ഇങ്ങോര്‍ക്ക് ചികത്സിക്കാനൊക്കെ അറിയോ ആവോ! മനസ്സില്‍ ഈ വിധ ചിന്തകളുമായി ഡോക്ടര്‍ ജയന്‍ ഏവൂരിനും ചാര്‍വ്വാകന്‍ മാഷിനും ഒപ്പം എഴുത്തച്ഛന്റെ പുണ്യഭൂമിയിലേക്ക് ഒരു പുല്‍ചാടിയായി ഞാനും കടന്ന് കൂടി.
"ഹായ്.. കൊട്ടോട്ടിക്കാരാ.. സ്മരണിക കൊണ്ടുവന്നിട്ടുണ്ടട്ടോ.." വരാന്തയില്‍ നില്‍ക്കുന്ന കൊട്ടോട്ടിക്കാരന്‍ കേട്ട ഭാവമില്ല!! ഒരിക്കല്‍ കൂടെ ആവര്‍ത്തിച്ചു.
"ഉവ്വ..സ്മരണികയൊക്കെ കൈയില്‍ വെച്ചോളീ.. ജ്ജ് വെക്കം ചെന്ന് രജിസ്റ്റര്‍ ചെയ്യ്.."
"പിന്നെ ഒന്ന് പോ കൊട്ടോട്ടി.. ഈ കോട്ടോട്ടിന്റെ ഒരോരോ തമാശ"
"ജ്ജ് തമാശ കളിക്കാണ്ട് പോയി രജിസ്റ്റര്‍ ചെയ്യണുണ്ടോ?"
ഓഹോ.. അപ്പ ഭീഷണിയാ.. എന്നാല്‍ പിന്നെ ചെയ്തേക്കാം. ഇത്രയും ദൂരം വന്നതല്ലേ. സഹിക്ക തന്നെ. രജിസ്ട്രേഷന്‍ കൌണ്ടറില്‍ നിന്നും ഒരു ഫോം വാങ്ങിയപ്പോള്‍ ദേ ജയന്‍ ഡോക്ടറും പ്രവീണ്‍ വട്ടപ്പറമ്പനും സിജീഷും കുനിഞ്ഞ് നിന്ന് ഫോം പൂരിപ്പിക്കുന്നു. "നിങ്ങള്‍ കൊട്ടോട്ടിയെ കണ്ടോ?" രഹസ്യമായി പ്രവീണിനോട് ചോദിച്ചു. "ഹെയ് മനു. കൊട്ടോട്ടി നല്ല മനുഷ്യനാ.. എന്നെ കഴുത്തിനു കുത്തിപ്പിടിച്ചൊന്നുമില്ല." പ്രവീണ്‍ നിഷ്കളങ്കനായി. ഹോ ആശ്വാസമായി!! അപ്പോള്‍ എന്റെ കാര്യം തന്നെ ഭേദം. എന്റെ കൈയില്‍ നിന്നും രജിസ്ട്രേഷന്‍ ഫീസ് 250 രൂപ വാങ്ങി കഴിഞ്ഞ് ഉമേഷ് പിലീക്കോട് എന്റെ മുഖത്തേക്ക് ആദ്യമായി നോക്കി. "ഹാ.. ആളെ മനസ്സിലായിട്ടോ. പ്രൊഫൈല്‍ ഫോട്ടോയില്‍ ഉള്ളത് പോലെ തന്നെ." പൈസയൊക്കെ കിട്ടിക്കഴിഞ്ഞല്ലോ ഇനി എന്ത് വേണമെങ്കിലും പറയാമല്ലോ. വഞ്ചകന്‍!! സ്മരണികയും മറ്റും പ്രകാശനത്തിന് വേണ്ട രീതിയില്‍ പൊതിയുവാന്‍ സീയെല്ലസിന്റെ ചന്ദ്രേട്ടനെയും ലീല ടീച്ചറേയും യൂസഫ്പയെയും ഏല്പിച്ചിട്ട് മെല്ലെ ഹാളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കുറിയ മനുഷ്യന്‍!!
"നല്ല നമസ്കാരം" അത് കേട്ടപ്പോഴേ മനസ്സില്‍ ആളെ കത്തി. ഇത് നാമൂസ് തന്നെ. ആ 'നല്ല നമസ്കാരം' ഇല്ലായിരുന്നെങ്കില്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആറടിയിലേറെ പൊക്കമുള്ള മുഴക്കമുള്ള ശബ്ദമുള്ള തൌദാര്യം പറയുന്ന ഈ കൂട്ടുകാരനെ എനിക്ക് മനസ്സിലാവുകയേ ഇല്ലായിരുന്നു.
മെല്ലെ ഹാളിലേക്ക്.. ഹാളില്‍ മൈക്കിന്റെ സൗണ്ട് കേട്ടപ്പോള്‍ ആദ്യം നോക്കിയത് വേദിയില്‍ ഷെരീഫ് കൊട്ടാരക്കരയുണ്ടോ എന്നാണ്. ഊഹം തെറ്റിയില്ല! മീറ്റിന് വന്ന ബ്ലോഗര്‍മാരെ ഓടിച്ചിട്ട് പിടിച്ച് വേദിയില്‍ കൊണ്ടുവന്ന് നിറുത്തിയിട്ട് അവര്‍ക്ക് മൈക്ക് നല്‍കാതെ എന്തൊക്കെയോ പറഞ്ഞോണ്ട് നില്‍ക്കുകയാണ് ഷെരീഫിക്ക. ഓരോരുത്തരായി പരിചയപ്പെടുന്നത് നോക്കി കുറച്ച് സമയം അങ്ങിനെ നിന്നു. വന്‍ സെറ്റപ്പാണ് കൊട്ടോട്ടിക്കാരനും കൂട്ടരും ഒരുക്കിയിരിക്കുന്നത്. കൂറ്റന്‍ പ്രൊജക്ടറില്‍ പരിചയപ്പെടാന്‍ വരുന്ന ബ്ലോഗര്‍മാരുടെ ബ്ലോഗ് ഒക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബ്ലോഗര്‍ കുമാരന്റെ ഊഴമായി. എന്ത് ചെയ്തിട്ടും കുമാരന്റെ കുമാരസംഭവങ്ങള്‍ പ്രൊജക്റ്ററില്‍ ഡിസ്പേ ആവുന്നില്ല. "ഹെയ് സാരമില്ലെന്നേ... എനിക്ക് അങ്ങിനെയൊന്നും ഇല്ല.. ഹെയ് വിഷമമോ..? എന്തിന്.." കുമാരന്‍ കണ്ണൊക്കെ തുടച്ച് വേദിയില്‍ നിന്നും പുറത്തേക്ക്.. അപ്പോഴാണ് എന്നെ കണ്ടത്. ഓടിവന്നു. ഉള്ളില്‍ ബ്ലോഗ് ഡിസ്പേ ആവാത്തതിന്റെ കലിപ്പാണ്. എന്നെ പിടിച്ച് ഇടിക്കാനൊക്കെ തുടങ്ങി. "നീ വന്നിട്ടെന്തേ വിളിക്കാതിരുന്നത്. നീയൊന്നും ശരിയല്ല. ഒരു സ്നേഹവുമില്ല. വിഷമമുണ്ടെടാ.. വിഷമം. അല്ലാതെ ബ്ലോഗ് ഡിസ്പേ അവാത്തതില്‍ ഒന്നും എനിക്കൊരു കുഴപ്പമുവില്ല"
അപ്പോള്‍ അതാണ്.. അതുമാത്രമാണ്. ഭാഗ്യത്തിന് ഷെറീഫ് കൊട്ടോരക്കര വന്ന് അപ്പോഴേക്കും എന്നെ കൈയാമം വെച്ച് വേദിയിലേക്ക് കൊണ്ടുപോയി. ഞാന്‍ സദസ്സും വേദിയും മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. കൊള്ളാം. പരിചിതമുഖങ്ങളും പുതിയ മുഖങ്ങളും ഒട്ടും പരിചയമില്ലാത്ത ചില മുഖങ്ങളും ഒക്കെയുണ്ട്. വേദിക്കരികില്‍ ഒരു ലാപ്പ് ടോപ്പ് ഇരിക്കുന്നു. ലാപ്പ്
ടോപ്പ് കണ്ടതും അതിന് പിന്നില്‍ കറുത്ത താടിയും അലസമായ മുടിയുമായി ടീഷര്‍ട്ടിട്ട ഒരു രൂപമിരിപ്പുണ്ടോ എന്ന് നോക്കി. അത്ഭുതം! അവിടെ ആ രൂപമില്ല. ഇനി വന്നിട്ടില്ലേ? വന്നിട്ടുണ്ടെങ്കില്‍ അവിടെ ഒരു ലാപ്‌ടോപ്പിനെ അങ്ങിനെ ഇരിക്കാന്‍ മുള്ളൂക്കാരന്‍ സമ്മതിക്കില്ലല്ലോ. അപ്പോള്‍ അതാ ക്യാമറയുമായി കറുത്ത ടീഷര്‍ട്ടിട്ട് (അതെന്ന്.. ടീഷര്‍ട്ട് തന്നെ) താടിയും മുടിയും വളര്‍ത്തി കൈയില്‍ ഒരു ക്യാമറയും പിടിച്ച് മുള്ളൂക്കാരന്‍ അവിടെയാകെ ചാഞ്ഞും ചരിഞ്ഞും ഒക്കെ നിന്ന് ഫോട്ടോയെടുക്കുന്നുണ്ട്. അപ്പോളേക്കും എന്നെ സ്വയം ഒന്നു പരിചയപ്പെടുത്തി കഴിഞ്ഞ് മുന്നോട്ട് നീങ്ങി. മാത്സ് ബ്ലോഗ് ടീമിലെ ജനാര്‍ദ്ദനന്‍ മാഷിനെയും മറ്റും ഒന്ന് ചെറുതായി പരിചയപ്പെട്ടു. അപ്പോള്‍ നേരത്തെ പറഞ്ഞ ലാപ് ടോപ്പിനു പിന്നിലിരുന്ന് ഒരു സ്ത്രീരൂപം എന്നെ വിളിച്ചു. ഏതോ ടെക്നോപുലിയാ.. അല്ലെങ്കില്‍ മുള്ളൂക്കാരന്‍ ആ സീറ്റ് വിട്ടുകൊടുക്കില്ല.
"അറിയുമോ?" - കുഴങ്ങി. മനസ്സില്‍ ഒരാളുടെ ഊഹമുണ്ട്. പക്ഷെ പറഞ്ഞിട്ട് അയാളല്ലെങ്കില്‍ പിന്നെ അതാവും. അല്ലെങ്കിലും നീയൊക്കെ അവരെയേ വായിക്കുകയുള്ളൂ. എന്നെയൊന്നും വായിക്കത്തേയില്ലല്ലോ. എന്തിനാ പുലിവാല്‍ പിടിക്കുന്നേ. "എനിക്ക് നല്ല പരിചയം തോന്നുന്നു. പക്ഷെ..."
"ചക്കവരട്ടിയത് ഇഷ്ടമാണോ.." മുഴുമിപ്പിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. മനസ്സില്‍ ഊഹിച്ചതും ബിന്ദു.കെ.പിയെ തന്നെ. കഴിഞ്ഞ ദിവസമാണ് ചേച്ചിയുടെ ബ്ലോഗിലെ ചക്കവരട്ടിയത് കണ്ട് കൊതിപറഞ്ഞ് പോന്നത്. അപ്പോള്‍ ടെക്നോപുലി ഒന്നുമാവണമെന്നില്ല നന്നായി പാചകമറിയാവുന്നവര്‍ക്ക് മുന്‍പിലും മുള്ളൂക്കാരന്‍ കമ്പ്യൂട്ടര്‍ വെച്ച് കീഴടങ്ങും.
മെല്ലെ പുറത്തിറങ്ങി. കുറച്ച് ബ്ലോഗേര്‍സിനെയൊക്കെ പരിചയപ്പെട്ട് നടക്കുന്നതിനിടയില്‍ പ്രവീണ്‍ വട്ടപ്പറമ്പത്ത്, ലീല ടീച്ചര്‍, ചന്ദ്രേട്ടന്‍, കൊട്ടോട്ടിക്കാരന്‍ എന്നിവരോടൊപ്പം കെ.പി.രാമനുണ്ണിയെ പുസ്തകപ്രകാശനത്തിലേക്ക് ക്ഷണിക്കുവാനും അദ്ദേഹത്തിന് പുസ്തകങ്ങളുടെ കോപ്പികള്‍ കൈമാറുവാനും ആയി സ്മാരകം ഓഫീസിലേക്ക്. വളരെ പെട്ടന്ന് തന്നെ അദ്ദേഹം ഒരു സുഹൃത്തിനെ പോലെ പെരുമാറുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. അല്പ സമയം അദ്ദേഹത്തോടൊത്ത് അവിടെ ചിലവഴിച്ചതിന് ശേഷം വീണ്ടും മീറ്റ് ഹാളിലേക്കും പുറത്തെ ഒറ്റ തിരിഞ്ഞുള്ള കൂട്ടായ്മകളിലേക്കും ഊളിയിട്ടു. ഇതിനിടയില്‍ ജിക്കു, പത്രക്കാരന്‍, ഇ.എം.സജിം തട്ടത്തുമല, നന്ദപര്‍വ്വം നന്ദന്‍, ഷാജി.ടി.യു, സജിയച്ചായന്‍, കിച്ചു, സുനില്‍ കൃഷ്ണന്‍, അതുല്യ ശര്‍മ്മ, അനാഗതശ്മശ്രു, മൊഹമ്മദ് കുട്ടി, ഹംസ.സി.ടി, ബിഗു,
പാവത്താന്‍, സന്ദീപ് സലിം & പൊണ്ടാട്ടി , വാഴക്കോടന്‍, പ്രിയദര്‍ശിനി, കിങ്ങിണിക്കുട്ടി, ജാബര്‍ മലപ്പുറം, തബാറക്ക് റഹ്മാന്‍, ഐസീബി, വിഷ്ണുപ്രിയ, മത്താപ്പ്, സ്നേഹ, മഹേഷ് വിജയന്‍, കണ്ണന്‍, . തബാറക്ക് റഹ്‌മാന്‍, ജയിംസ് സണ്ണി പാറ്റൂര്‍, ഖാദര്‍ പട്ടേപ്പാടം, കൂതറ ഹഷിം, ഷാനവാസ്, അഞ്ജലി അനില്‍കുമാര്‍, നീന ശബരീഷ്, ശങ്കര്‍, പ്രസന്ന ആര്യന്‍, ശ്രീനാഥന്‍ മാഷ്, ഡോക്ടര്‍ തിരൂര്‍, നന്ദു, മേല്പത്തൂരാന്‍, മൈന ഉമൈബാന്‍, ശൈലന്‍ മാഷ് എന്നിവരെയൊക്കെ കണ്ടു മുട്ടി. ഒട്ടേറെ പേരെ പരിചയപ്പെടാന്‍ കഴിയാത്ത വിഷമം വേറെ.. പലരുമായും പരിചയും പുതിക്കിയും പലരുമായും പുതുതായി പരിചയപ്പെട്ടും അല്പ സമയം കൂടെ..
അതിനിടയില്‍ ബ്ലോഗിലെ കൂട്ടുകാരുടെ അല്ലറ ചില്ലറ കലാപരിപാടികള്‍.യൂസഫ്പയുടെ മകളുടെ ഗസല്‍, വാഴക്കോടന്റെ മാപ്പിളപ്പാട്ട്, അതിനേക്കാളൊക്കെ ഏറെ ഹൃദ്യമായി ലുക്കീമിയ ബാധിച്ച തനിക്ക് ഹോസ്പിറ്റലില്‍ ഉറക്കമിളച്ച് കാവലിരുന്ന ഉമ്മച്ചിക്ക് സമര്‍പ്പിച്ച് കൊണ്ട് കൊച്ചു കവയത്രി നീസ വെള്ളൂരിന്റെ കവിതാലാപനം. ബ്ലോഗ് വായനശാല എന്ന ബ്ലോഗിനെ കൂതറ ഹഷിമിന്റെ വകയായുള്ള പരിചയപ്പെടുത്തല്‍. എല്ലായിടത്തും ഓടിനടക്കുന്ന കൊട്ടോട്ടിക്കാരന്‍.
സമയം ഏതാണ്ട് 12 മണിയാവുന്നു. അതെ സമ്മോഹനമായ ആ മുഹൂര്‍ത്തത്തിന് സമയമാകുന്നു. മലയാളത്തിന് സൂഫി പറഞ്ഞ കഥയും ചരമവാര്‍ഷീകവും തുടങ്ങി ഒട്ടേറെ നല്ല സൃഷ്ടികള്‍ സമ്മാനിച്ച എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിയെ സ്മരണികയുടെയും പുസ്തകങ്ങളുടെയും പ്രകാശനത്തിനായി കൊട്ടൊട്ടിക്കാരന്‍ വേദിയിലേക്ക് ആനയിച്ചു.
ബ്ലോഗ് മീറ്റിന്റെ ആദ്യ അറിയിപ്പ് പോസ്റ്റില്‍ വെച്ച് ചിത്രകാരന്‍ തൊടുത്ത് വിട്ട ആശയം. ചങ്കൂറ്റം മാത്രം കൈമുതലാക്കി രണ്‍ജിത് ചെമ്മാട് ഏറ്റെടുത്ത് ബ്ലോഗര്‍ എന്‍.ബി.സുരേഷ് ചീഫ് എഡിറ്ററായുള്ള എഡിറ്റോറിയല്‍ ബോര്‍ഡും അതിനേക്കാളേറെ മലയാള ബ്ലോഗേര്‍സും മനസ്സുകൊണ്ട് .. ഹൃദയം കൊണ്ട് സഹകരിച്ച സ്മരണിക!! ബ്ലോഗില്‍ നിന്നും ഉള്ള സൃഷ്ടികളെ കോര്‍ത്തിണക്കിക്കൊണ്ട് , ബ്ലോഗിനെ അറിയാന്‍... ബ്ലോഗേര്‍സിനെ അറിയാന്‍... ഇവിടെ ഇങ്ങിനെയും ഒരു കൂട്ടം സര്‍ഗ്ഗ പ്രതിഭകള്‍ എഴുതുന്നുണ്ടെന്ന് പുറംവേദികള്‍ക്ക് ബോധ്യപ്പെടുത്തുവാന്‍... മലയാളം ബ്ലോഗേര്‍സ് ഒന്നടങ്കം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പ്രയത്നിച്ച തുഞ്ചന്‍ മീറ്റ് സ്മരണികയുടെ പ്രകാശന ചടങ്ങ്.. പല കാരണങ്ങള്‍ കൊണ്ട് സ്മരണികയുടെ അച്ചടി പൂര്‍ത്തിയാവാതിരുന്ന സാഹചര്യത്തില്‍ പ്രകാശനത്തിനായി തയ്യാറാക്കിയ ഒരു കോപ്പി കെ.പി.രാമനുണ്ണി ബ്ലോഗര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്‍പിലേക്ക് പ്രകാശനം ചെയ്യുന്ന മുഹൂര്‍ത്തം. സ്മരണിക യഥാസമയത്ത് ലഭ്യമാവാതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചും ഇലക്ഷനും അവധികളും മറ്റും ഉണ്ടാക്കിയ പ്രതിസന്ധി ഉള്‍ക്കൊള്ളണമെന്നും സ്മരണിക വേണ്ടവര്‍ ഇവിടെ തന്നെ ബുക്ക് ചെയ്ത് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്മരണികയുടെ പ്രകാശനചടങ്ങിലേക്ക് കെ.പി.രാമനുണ്ണിയെ കൊട്ടോട്ടിക്കാരന്‍ ക്ഷണിച്ചത്. സ്മരണികയുടെ കോപ്പി ബ്ലോഗര്‍ സാദിഖ് മാഷിന് നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിക്കുമ്പോള്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു ഒരു വിധം എല്ലാ ബ്ലോഗര്‍മാരും. തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മങ്ങള്‍. ഇവക്കെല്ലാം ശേഷം രാമനുണ്ണി മാഷിന്റെ ബ്ലോഗിലെ കൂട്ടായ്മ എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു എന്ന്‍ തുടങ്ങിയ പ്രസംഗം. അതിനിടയില്‍ എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. മനസ്സ് വല്ലാതെ സന്തോഷിച്ച നിമിഷങ്ങള്‍!! പ്രകാശന കര്‍മ്മങ്ങള്‍ക്ക് ശേഷം അല്പ സമയം രാമനുണ്ണിമാഷുമായി ചെറിയ ബ്ലോഗ് ചര്‍ച്ച. ഇതിനിടയില്‍ പുസ്തക പ്രദര്‍ശനവും വില്പനയും അപ്പുറത്ത് തകൃതിയായി നടന്നു തുടങ്ങി. അവിടെ പുസ്തകങ്ങള്‍ക്കരികില്‍ അല്പ സമയം ശൈലന്‍ മാഷുമായി ചെറിയ ചര്‍ച്ച. അകത്ത് വിക്കിപീഡിയ ക്ലാസ്സുമായി ഹബ്ബീബ്. പുറത്ത് കൊച്ചു കൊച്ചു തുരുത്തുകളായി ബ്ലോഗേര്‍സ് പരിചയം പുതുക്കുന്നു. പരിചയപ്പെടുന്നു. തല്ലുകൂടുന്നു. ഇണങ്ങുന്നു.
എനിക്കും കിട്ടി കുറെ പുതിയ പരിചയങ്ങള്‍..അല്ല പുതിയ പരിചയങ്ങള്‍ എന്നതിനേക്കാള്‍ സ്ഥിരമറിയുന്നവരെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം. എന്നെ ആദ്യ കാലം മുതല്‍ തന്നെ ബ്ലോഗില്‍ വായിക്കുകയും കമന്റുകളിലൂടെ തിരുത്തുകയും നല്ലത് അംഗീകരിക്കുകയും ചെയ്തിട്ടുള്ള നീന ശബരീഷ്, നേരത്തെ നാമൂസിനെ പറ്റി പറഞ്ഞത് പോലെ സിനിമാ നടന്‍ ശ്രീനാഥിനെ മാത്രമേ എനിക്ക് എന്നും ശ്രീനാഥന്‍ എന്ന ബ്ലോഗറുടെ കമന്റുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വന്നിട്ടുള്ളൂ. ഇന്നലെ നേരില്‍ കണ്ടപ്പോള്‍ ഈ ചെറിയ ശരീരത്തില്‍ നിന്നാണോ സിസ്റ്റംസ് & സിഗ്നല്‍സും മറ്റും വന്നതെന്ന് ഓര്‍ത്തുപോയി. അതുപോലെ തന്നെ ആദ്യമായി കണ്ടതിന്റെ യാതൊരു പരിചയക്കേടും എനിക്കും ഹംസക്കുമിടയില്‍ ഉണ്ടായിരുന്നില്ല. കമന്റുകളിടുന്നത് പോലെ തന്നെയാണെന്ന് തോന്നുന്നു മൊഹമ്മദ് കുട്ടി മാഷിനെ പരിചയപ്പെട്ടപ്പോഴും അധികം ഔപചാരികതകള്‍ ആവശ്യമില്ലായിരുന്നു. സുനില്‍ കൃഷ്ണനും മഹേഷും ജിക്കുവും കണ്ണനും കിങ്ങിണികുട്ടിയും പ്രിയദര്‍ശിനിയും ഒന്നും അപരിചിതത്വം കാട്ടിയില്ല. പ്രിയദര്‍ശിനിയുടെ കൂടെ വന്നിട്ടുള്ള അമ്മക്ക് ബ്ലോഗിന് പുറത്ത് ഏതൊക്കെ മാഗസിനില്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്ന് അറിയണം. (ഓരോരോ ആഗ്രഹങ്ങളേ.. അല്ലല്ല എന്റെയല്ല.. ആ അമ്മയുടെ!!) എവിടെയും അങ്ങിനെ അധികം എഴുതിയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി എന്ന മട്ടില്‍ അമ്മ. അപ്പോള്‍ എന്റെ രക്ഷക്കായി എന്നെ ഒരു ക്രിറ്റിക്കൊക്കെ ആക്കാന്‍ പ്രിയയുടെ ശ്രമം. ഇനി നിന്നാല്‍ ശരിക്കുമുള്ള ക്രിറ്റിക്കുകളുടെ തല്ല് കൊള്ളും എന്ന് മനസ്സിലാക്കി മെല്ലെ വലിഞ്ഞു. രസകരവും സന്തോഷകരവുമായ എത്രയോ മുഹൂര്‍ത്തങ്ങള്‍!!
ഊണ് സമയമായപ്പോഴേക്കും നേരത്തെ അറിയിച്ചത് പോലെ ലതിചേച്ചിയും നിരക്ഷരനും തിരികെയെത്തി. ലതിചേച്ചിയോടൊത്ത് ഫോട്ടോയെടുക്കുവാന്‍ ഉള്ള ബ്ലോഗേസിന്റെ ആവേശം. സജീവേട്ടന്റെ മാരത്താണ്‍ കാരികേച്ചര്‍ രചന. വേദിയിലേക്ക് ഇടക്ക് ഒന്ന് ഓടിക്കയറി എന്നല്ലാതെ പിന്നീടുള്ള സമയം പരിചയപ്പെടലുകള്‍ക്കും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുമായി സമയം കണ്ടെത്തി. ഏതാണ്ട് നാലു മണിയോടെ അവിടെ നിന്നും തിരികെ നിരക്ഷരന്റെ കാറില്‍ പ്രവീണ്‍ വട്ടപ്പറമ്പനും സിജീഷും മണിലാലുമൊത്ത് യാത്ര. ഇടക്ക് വെച്ച് നന്ദനെ കൂടെ കയറ്റി വീട്ടില്‍ വന്ന് കയറിയപ്പോള്‍ എഴുത്തിന്റെ കളിതട്ടില്‍ അല്പ സമയം ചിലവഴിക്കാന്‍ അവസരമുണ്ടാക്കി തന്ന കൊട്ടോട്ടിക്കാരനോട് നന്ദി തോന്നി. ഇനിയൊരു മീറ്റ് എന്നാണൊ എന്തോ?