വ്യാഴാഴ്‌ച, ജനുവരി 13, 2011

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്

ഇക്കഴിഞ്ഞ ജനുവരി 6ന് എറണാകുളം മറൈന്‍ഡ്രൈവിലും തുടര്‍ന്ന് കായലിലുമായി നടന്ന വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതിനകം തന്നെ ഡോക്ടര്‍ ജയന്‍ ഏവൂരിന്റെയും ഷെറീഫ് കൊട്ടാരക്കരയുടേയും ചിത്രങ്ങള്‍ സഹിതമുള്ള മനോഹരമായ പോസ്റ്റുകളിലൂടെ ബൂലോകം മുഴുവന്‍ അറിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ ഒരു ബ്ലോഗ് മീറ്റിന്റെ റിപ്പോര്‍ട്ട് എന്നതിനേക്കാള്‍ അവിടെ കായലിന്റെ മനോഹാരിതയും വശ്യതയും നുകര്‍ന്നുകൊണ്ട് നടത്തിയ ബോട്ട് യാത്രക്കിടയിലെ സജീവമായ ഒരു ചര്‍ച്ച ഇവിടെ പങ്കുവെക്കാം.

കായല്‍മീറ്റിന്റെ തുടക്കം

ഡിസംബര്‍ 31ന്‌ രാവിലെ 7.30 ഓടെയാണ്‌‌ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് ഏറണാകുളത്തെ കുറച്ച് സുഹൃത്തുക്കളുമായി വൈകീട്ട് ഒത്തുകൂടി പുതുവര്‍ഷത്തെ വരവേറ്റാലോ എന്ന ഒരു ആശയം മുന്നോട്ട് വച്ചത്. പക്ഷെ പിന്നീട് അതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കാം എന്ന്‍ തീരുമാനിക്കുകയും അത് പ്രകാരം ഡോക്ടര്‍ ജനുവരി 6 വ്യാഴാഴ്ചയിലേക്ക് കൂടിച്ചേരല്‍ നടത്താമെന്ന് കാണിച്ച് അതേ കുറിച്ച് പോസ്റ്റ് ഇടുകയും വളരെ നല്ല പ്രതികരണം അതിന്‌ ലഭിക്കുകയും ചെയ്തു. അതേ പോസ്റ്റില്‍ തന്നെ ഡോക്ടര്‍ മീറ്റിന്റെ ഉദ്ദേശ്യം ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണെന്നും തീര്‍ത്തും ഔപചാരികതകള്‍ ഇല്ലാതെയാവും ഈ മീറ്റെന്നും സൂചിപ്പിച്ചിരുന്നു.


ജനുവരി 6 : മീറ്റ് ദിവസം

ഏതാണ്ട് കൃത്യം നാല് മണിയോടെ തന്നെ ഡോക്ടറുടെ ഫോണ്‍ വരുമ്പോള്‍ ഞാനും യൂസഫ്പയും കൂടി യൂസഫ്പയുടെ ബൈക്കില്‍ മീറ്റിനായി നിശ്ചയിച്ച മറൈന്‍ഡ്രൈവിലേക്കുള്ള യാത്രയിലായിരുന്നു. അവിടെ എത്തുമ്പോള്‍ ജയന്‍ ഏവൂര്‍, മാവേലീകേരളം (പ്രസന്ന), ആവനാഴി രാഘവന്‍, ഷെറീഫ് കൊട്ടാരക്കര, മത്താപ്പ് എന്നിവര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ആളവന്താന്‍, സോണിയ, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, നന്ദപര്‍‌വ്വം നന്ദന്‍, ജോഹര്‍, എന്നിവരും കൂടി എത്തിച്ചേര്‍ന്നതോടെ കൊച്ചുവര്‍ത്തമാനങ്ങളോട് വിടപറഞ്ഞ് ഗ്രൂപ്പ് ഫോട്ടോക്ക് ശേഷം കായല്‍ യാത്രക്കും അതുവഴി സമ്പുഷ്ടമായ ഒരു ചര്‍ച്ചക്കും വഴി തെളിച്ചു.


കായല്‍പ്പരപ്പിലെ ബ്ലോഗ് ചര്‍ച്ച

മോഡറേറ്റര്‍ : ഡോക്ടര്‍ ജയന്‍ ഏവൂര്‍


ചര്‍ച്ചയില്‍ പങ്കെടുത്തവര്‍: ഷെറീഷ് കൊട്ടാരക്കര, നന്ദപര്‍‌വ്വം നന്ദകുമാര്‍, ജോഹര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസഫ്പ, ആവനാഴി രാഘവന്‍, മാവേലികേരളം പ്രസന്ന, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, ആളവന്താന്‍, മത്താപ്പ്, സോണിയ പടമാടന്‍, മനോരാജ്


ഫോട്ടോഗ്രാഹി : നന്ദപര്‍‌വ്വം നന്ദകുമാര്‍, ഡോക്ടര്‍ ജയന്‍, യൂസഫ്പ, മനോരാജ്


വീഡിയോ : ജോഹര്‍, നന്ദപര്‍‌വ്വം നന്ദകുമാര്‍


എനിക്ക് ചില റെസലൂഷന്‍സ് ഉണ്ടെന്നും അത് കൂടെ ചര്‍ച്ചചെയ്യാം എന്ന് കരുതിയാണ്‌ ഇവിടെ ഇങ്ങിനെ ഒരു കൂടിച്ചേരലിനു വേദിയൊരുക്കിയതെന്നും പറഞ്ഞ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടു. വളരെ കുറച്ച് വാക്കുകളില്‍ ഇന്ന്‍ മലയാളം ബ്ലോഗും സര്‍‌വ്വോപരി മലയാളികളും നേരിടുന്ന പ്രശ്നങ്ങളിലേക്ക് അദ്ദേഹം ഞങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരികയും വളരെയേറെ ആവേശകരമായ നല്ല ഒരു ഡീബേറ്റിനു കളമൊരുക്കുകയും ചെയ്തു.


കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ട പലരും ഇന്ന് ബ്ലോഗ് എന്ന മാധ്യമത്തോട് വിമുഖത കാണിക്കുകയും പകരം നേരമ്പോക്കുകള്‍ക്ക് പ്രാമുഖ്യം കൊടുത്ത് ഗൂഗില്‍ ബസ്സ്, ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക്, ഫാം‌വില്ല, ട്വിറ്റര്‍ എന്നീ മേഖലകളിലേക്ക് ചേക്കേറുകയും അത് വഴി മികച്ച സര്‍ഗ്ഗസൃഷ്ടികള്‍ / ക്രിയാത്മകങ്ങളായ ലേഖനങ്ങള്‍ എന്നിവ ബ്ലോഗുകളില്‍ കുറയുകയും ചെയ്യുന്നു എന്നും ഈ പ്രവണത തുടര്‍ന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ച് കിടന്നിരുന്ന/ കിടക്കുന്ന ബൂലോകം എന്ന്‍ വിളിപ്പേരുള്ള മലയാളം ബ്ലോഗ് ലോകം അധികം താമസിയാതെ അസ്തമിക്കും എന്നുമുള്ള വളരെയേറെ സീരിയസ്സായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്‌ ഡോക്ടര്‍ തുടങ്ങിയത്.


ബ്ലോഗിലേക്ക് പുതുതലമുറ ആകൃഷ്ടരാവുന്നില്ല,അല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച പല ബ്ലോഗേര്‍സിന്റെയും സ്വാധീനമാവാം പല പുതിയ ബ്ലോഗര്‍മാരും ഇവര്‍ക്ക് പിന്നാലെ മേല്‍സൂചിപ്പിച്ച ഇടങ്ങളില്‍ തന്നെ തട്ടി തടഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു എന്നും ഏതൊരു സം‌രംഭത്തിന്റെയും വളര്‍ച്ചക്ക് ഹേതുവാകുക യുവാക്കളുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നിരിക്കെ ഇവിടെ ഇത് മൂലം അത്തരം സാദ്ധ്യത കുറഞ്ഞു വരുന്നു എന്നും ഡോക്ടര്‍ ആശങ്കപ്പെട്ടു. അതുകൊണ്ട് തന്നെ യുവതലമുറയെ കൂടുതല്‍ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനുള്ള നടപടികള്‍ ഉണ്ടാവേണ്ട സമയമായി എന്നും ഡോക്ടര്‍ സൂചിപ്പിച്ചു.


മൂന്നാമതായി മലയാള ഭാഷയുടെ അപചയത്തെ പറ്റിയാണ്‌ ഡോക്ടര്‍ പോയിന്റ് ഔട്ട് ചെയ്തത്. നമ്മളില്‍ പലരും ഇന്ന് മലയാള ഭാഷയെ തീര്‍ത്തും അവഗണിച്ചു തുടങ്ങിയെന്നും പല മലയാള പദങ്ങളും നമുക്ക് ഇന്ന് അന്യമായി എന്നുമുള്ള സത്യത്തിലേക്ക് ഡോക്ടര്‍ വിരല്‍ചൂണ്ടി. ഉദാഹരണമായി തെക്ക് വശത്തെ റോഡിലുള്ള കടയില്‍ പോയി വരാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി തെക്കെന്നാല്‍ വെസ്റ്റ് അല്ലേ എന്ന് ചോദിച്ചത് കേട്ട് ഞെട്ടിപ്പോയ ചരിത്രവും അവിടെ പരാമര്‍ശിച്ചു. ഒരു പരിധിവരെ ഇത് ശരിയാണ്‌ താനും. കോണ്‍കേവ് ലെന്‍സ്, കോണ്‍‌വെക്സ് ലെന്‍സ് എന്നൊക്കെ നാഴിക തോറും പറയുന്ന നമ്മള്‍ അവതല ദര്‍പ്പണം, ഉത്തല ദര്‍പ്പണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മിഴിച്ചിരിക്കാറുണ്ട്. എന്നിരിക്കിലും മലയാളം മാത്രം മതിയെന്നോ ഇംഗ്ലീഷ് ഭാഷയോ മറ്റുഭാഷകളൊ ഒന്നും വേണ്ട എന്നും മേല്പ്പറഞ്ഞതിനര്‍ത്ഥമില്ല.


നാലാമത്തെ പോയന്റായി ആര്‍ട്ട്സ് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായത് അല്ലെങ്കില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യപ്രവര്‍ത്തനത്തിനിടയില്‍ സര്‍ഗ്ഗരചനകള്‍ക്കോ മറ്റോ സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും പക്ഷെ, അവരുടെ പ്രൊഫഷന്‍ ഉള്‍പ്പെടെയുള്ള അവരുടെ പ്രോജക്റ്റുകള്‍ക്കും സെമിനാറുകള്‍ക്കും ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാദ്ധ്യതകളെ പറ്റി വിശദമായി പറഞ്ഞുകൊടുക്കേണ്ടതിന്റെയും അതുവഴി ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ബ്ലോഗിലൂടെ കഴിയില്ലേ എന്നൊരു ചോദ്യവും ഉന്നയിച്ച് കൊണ്ട് ഡോക്ടര്‍ പിന്നീട് വന്ന വിശദമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടു.


ഡോക്ടര്‍ നിറുത്തിയിടത്ത് നിന്നും ഒരു മത്താപ്പിന്‌ ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള തീപ്പൊരിയാവാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ദിലീപ് എന്ന മത്താപ്പ് ഉയര്‍ത്തിയ ചില എതിര്‍‌വാദങ്ങളായിരുന്നു മനോഹരമായ ഒരു ചര്‍ച്ചക്ക് തുടക്കമായത്. സത്യത്തില്‍ ഡോക്ടര്‍ വഴിമരുന്നിട്ടെങ്കിലും മത്താപ്പ് കൊളുത്തിയ തീപ്പൊരിയായിരുന്നു ചര്‍ച്ച ഇത്രയേറെ കൊഴുക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ മത്താപ്പിന്‌ ഒരു നന്ദി.


മത്താപ്പിന്റെ (സുവിശേഷം) വാദഗതികള്‍

മലയാളത്തിലെ വളരെ പ്രമുഖനായ, ഒട്ടേരെ ആരാധകരും വായനക്കാരുമുള്ള ഒരു ബ്ലോഗര്‍ (വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നത് കൊണ്ട് ആളുടെ പേര്‌ ഇവിടെ സൂചിപ്പിക്കുന്നില്ല) ബസ്സിലോ ഫെയ്സ്ബുക്കിലോ ഒന്നും സജീവമല്ല എന്നും പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇല്ലാതായിട്ട് നാളുകളായി എന്നും അതുകൊണ്ട് തന്നെ ബസ്സും ഫെയ്സ്ബുക്കുമൊന്നും ബ്ലോഗെഴുത്തിനെ ബാധിക്കുന്നില്ല എന്നുമുള്ള ശക്തമായ മറുവാദത്തോടെ മത്താപ്പ് ചര്‍ച്ചക്ക് തീപ്പൊരിയിട്ടു. ഇവിടെ നിന്നായിരുന്നു ചര്‍ച്ച വളരെ നല്ല പാതയിലൂടെ മുന്നേറിയത്.


ഈ വാദം നിലനില്‍ക്കെ തന്നെ നമ്മുടെ ലക്ഷ്യം ബസ്സോ ഫെയ്സ്ബുക്കോ ഓര്‍ക്കൂട്ടോ വേണ്ട എന്നതല്ല എന്നും അവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ട് ബ്ലോഗുകളില്‍ മാത്രം ഒതുങ്ങണമെന്നുമല്ല എന്നും മറിച്ച് മേല്‍സൂചിപ്പിച്ചിടങ്ങളില്‍ സമയത്തിന്റെ നാലിലൊരു ഭാഗമെങ്കിലും ബ്ലോഗെഴുത്തിനും ബ്ലോഗ് വായനക്കുമായി നമ്മളെല്ലാം മാറ്റിവെക്കണമെന്നുമാണെന്നും സത്യത്തില്‍ ബ്ലോഗര്‍ എന്ന നിലയിലാണ്‌ ബസ്സിലും അതുപോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നും ബ്ലോഗിലൂടെ ലഭിച്ച പബ്ലിസിറ്റിയല്ലേ പലരും ഇതിനായി ഉപയോഗിക്കുന്നതെന്നുമുള്ള മറുവാദത്തെ ഒരു പരിധി വരെ അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു.


ഷെരീഫ് കൊട്ടാരക്കരയുടെ നിഗമനങ്ങള്‍

വളരെ ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ കുറച്ച് കാര്യങ്ങളായിരുന്നു ഷെരീഫ് കൊട്ടാരക്കര പറഞ്ഞത്. പ്രായം കൊണ്ട് ഏതാണ്ട് മൂന്ന് തലമുറയില്‍ പെട്ട ബ്ലോഗേര്‍സ് ഇവിടെ ഈ ചര്‍ച്ചയില്‍ ഉണ്ടെന്നും പക്ഷെ ബൂലോകത്ത് ഇവരെല്ലാം ഒരു തലമുറയാണെന്നും മലയാള ബ്ലോഗിലെ ആദ്യ തലമുയില്‍ പെട്ട നമ്മള്‍ പിന്‍‌തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാതെ നൈമിഷികമായി കിട്ടുന്ന കുറച്ച് പബ്ലിസിറ്റിക്ക് പിന്നാലെ പരക്കം പായുന്നത് ശരിയാണോ എന്ന ഷെരീഫ് കൊട്ടാരക്കരയുടെ ചോദ്യം കാലീക പ്രസക്തമായ ഒന്നായിരുന്നു.


ബസ്സിലും ഫെയ്സ്ബുക്കിലും പെട്ടന്ന് തന്നെ നമുക്ക് മറുപടികളും കമന്റുകളും ലഭിക്കുന്നു എന്നും ചര്‍ച്ചകള്‍ നടക്കുന്നു എന്നും ഒരു ബ്ലോഗ് പോസ്റ്റ് ചെയ്താല്‍ അതില്‍ കമന്റുകള്‍ അത്ര എളുപ്പത്തില്‍ ലഭിന്നുന്നില്ല എന്നതും ഇവയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു സോണിയയുടെ അഭിപ്രായം. പക്ഷെ, ബസ്സുകളില്‍ നടത്തിയ എത്ര ചര്‍ച്ചകള്‍ അല്ലെങ്കില്‍ അവിടെയെഴുതിയ ചിറ്റ്ചാറ്റുകളിലൂടെ എന്തെങ്കിലും നേടാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തെ സോണിയയും അംഗീകരിക്കുന്നു.


"ഗള്‍ഫിലെ പ്രവാസ ജീവിതത്തിനിടയില്‍ ആണ്‌ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് ആകൃഷ്ടനായതെന്നും തികച്ചും അന്തര്‍മുഖനും അത് വരെ എഴുതിയതൊന്നും മറ്റുള്ളവരെ കാണിക്കുവാന്‍ മടിയുള്ളവുനുമായിരുന്ന എന്നെ ബ്ലോഗ് ആണ്‌ അല്പമെങ്കിലും ആത്മവിശ്വാസമുള്ളവനാക്കിയത്". യൂസഫ്പ ഇത് തുറന്ന് പറയുമ്പോള്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റ് മുതല്‍ വളരെയടുത്തറിയാവുന്ന ഇക്കയെ, അല്ലെങ്കില്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റിന്റെതുള്‍പ്പെടെയുള്ള പിന്നീട് ഞാന്‍ കൂടെ പങ്കെടുത്ത ഒട്ടേറെ ബ്ലോഗ് പരിപാടികളിലെ യൂസഫ്പയുടെ പങ്കിനെ പറ്റി വളരെയടുത്തറിയാവുന്ന ഞങ്ങളില്‍ പലര്‍ക്കും ബ്ലോഗിന്‌ ഒരാളെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാനായി.


ഇന്റി ബ്ലോഗ് ലോകത്തുള്ള പോലെ സംഘടനാ പ്രവര്‍ത്തനവും ചട്ടക്കൂടുമെല്ലാം മലയാളം ബ്ലോഗില്‍ കൊണ്ട് വന്നാല്‍ എങ്ങിനെയുണ്ടാവും എന്നതും ഡോക്ടര്‍ ജയന്‍ പറഞ്ഞപോലെ യുവതലമുറയെ അതായത് സ്കൂള്‍ കുട്ടികളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനായി മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും കഴിയില്ലേ എന്നതായിരുന്നു മാവേലികേരളം ഉന്നയിച്ചത്. ഇന്റി ബ്ലോഗ് ലോകം മറ്റൊന്നാണെന്നും അതില്‍ നിന്നും വ്യത്യസ്തമായി പരന്നതും വിശാലവുമായതുമാണ്‌ മലയാളികളുടെ ഈ ബൂലോകം എന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രവീണ്‍ വട്ടപ്പറമ്പത്ത് മറുപടി വാദങ്ങളിലേക്ക് കടന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചേരിതിരിവിലേക്ക് നയിക്കുമെന്നും ഒടുവില്‍ സംഘടന സംഘട്ടനത്തിന്റെ വേദിയായി മാറുമെന്നും പ്രവീണ്‍ പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നല്ലതെങ്കിലും അവ ഒടുവില്‍ പലതും തുറന്ന് പറയുവാനുള്ള വിലങ്ങുതടിയാവുമെന്നും പിന്നീട് എഴുത്തില്‍ പലയിടത്തും സംഘടനയുടെ ഇടപെടല്‍ അധികമാവുമെന്നും ഇപ്പോള്‍ ബസ്സിലും മറ്റും തന്നെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മടുപ്പുളവാക്കും വിധം നിയന്ത്രണാധീതമായി തുടങ്ങിയെന്നും ക്രമേണ ഇത് ഊരുവിലക്ക് പോലെ ബ്ലോഗ് വിലക്ക് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുമെന്നുമാണ്‌ ഇതേ കുറിച്ച് ഞാന്‍ അഭിപ്രായപ്പെട്ടത്. മത്സരങ്ങളേക്കാള്‍ കൂടുതല്‍ പ്രൊഫഷണല്‍ കോളേജുകളും എട്ടാം തരം മുതലുള്ള ക്ലാസ്സുകളിലെ കുട്ടികളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തപ്പെടേണ്ട ബ്ലോഗ് ശില്പശാലകളാവും അടുത്ത തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ നല്ല മാര്‍ഗ്ഗം എന്നും അതിന്റെ ആദ്യ പടിയായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ സര്‍ഗ്ഗശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരം പരിപാടി സംഘടിപ്പിക്കുവാന്‍ കൂടുതല്‍ പേരുടെ സഹകരണം കിട്ടുമെങ്കില്‍ ശ്രമിക്കാമെന്നും ഡോക്ടര്‍ ജയന്‍ ഏവൂര്‍ പ്രസ്ഥാവിച്ചു.


ബ്ലോഗില്‍ ഇപ്പോള്‍ കഥ, കവിത എന്നീ ചില മേഖലകളില്‍ മാത്രമേ എഴുത്തുകാരുള്ളൂ എന്നത് മറ്റു മേഖലകള്‍ക്ക് വായനക്കാര്‍ കുറഞ്ഞത് കൊണ്ടാണെന്നും മറ്റു മേഖലകളിലേക്ക് കൂടി എഴുത്തും വായനയും കടന്ന് ചെല്ലാത്തത് ബ്ലോഗിനെ അപചയപ്പെടുത്തുമെന്നും ഷെരീഫ് കൊട്ടാരക്കരയും പ്രവീണ്‍ വട്ടപ്പറമ്പത്തും ആശങ്കപ്പെട്ടു. ഉദാഹരണമായി ഈ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ ബ്ലോഗര്‍ അങ്കിളിന്റെ "സര്‍ക്കാര്‍ കാര്യം" എന്ന ബ്ലോഗില്‍ നിന്നുമാണ്‌ വെറും ഐടി തൊഴിലാളിയായ താന്‍ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞതെന്ന്‍ പ്രവീണും അതുപോലെ കേരള ഫാര്‍മര്‍ പറഞ്ഞു തരുന്ന കാര്‍ഷീക ടിപ്സ് സത്യത്തില്‍ വെറുതെ ലഭിക്കന്നത് കൊണ്ടാണോ നമ്മള്‍ അവഗണിക്കുന്നതെന്ന് ഷെരീഫ് കൊട്ടാരക്കരയും സൂചിപ്പിച്ചു. കൊട്ടോട്ടിക്കാരന്റ് റീഫ്രഷ് മെമ്മറിയിലൂടെ ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടും അവയില്‍ പലതും പണം മുടക്കി പഠിക്കാന്‍ നമ്മളുള്‍പ്പെടെയുള്ള ബ്ലോഗേര്‍സ് തന്നെ ശ്രമിക്കുന്നതിലായിരുന്നു ജോഹറിന്റെ ആശങ്ക. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കേണ്ടത് നമ്മളൊക്കെ തന്നെയാണെന്നും നമ്മുടെ ബുലോകം പത്രം അതിനായി ശ്രമിക്കുമെന്നും ജോ പറഞ്ഞു.


കമന്റുകളിലെ രാഷ്ട്രീയം.

തുടര്‍ന്ന് ചര്‍ച്ച ബ്ലോഗ് കമന്റുകളിലേക്ക് കടന്നു. പോസ്റ്റുകള്‍ വായിക്കാതെ കമന്റ് ചെയ്യുന്നതും ബൂലോകകാരുണ്യത്തിലെ വേദനയേറുന്ന അനുഭവക്കുറിപ്പിന്‌ വരെ ആശംസകള്‍ എന്ന്‍ കമന്റ് ഇടുന്നതിനെ കുറിച്ചും തുടങ്ങിയ ചര്‍ച്ച വ്യക്തിപരമായി മുറിവേല്പ്പിക്കുന്ന (അതായത് പോസ്റ്റുകളുമായി ബന്ധമില്ലാതെ വ്യക്തിഹത്യയിലേക്ക് ) അല്ലെങ്കില്‍ സഭ്യതയുടെ അതിര്‍‌വരമ്പുകളെ ലംഘിക്കുന്ന കമന്റുകള്‍ അധികരിച്ചതിനേക്കുറിച്ച് വരെ നീണ്ടു. പോസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാതെ തെറി കമന്റുകള്‍ എഴുതിയിടുന്നതും മറ്റും പലരെയും ഒരു പരിധിവരെ ബ്ലോഗെഴുത്തില്‍ നിന്നും പിന്‍‌വലിയാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മാവേലീകേരളം വ്യാകുലപ്പെട്ടു. ഇത്തരം കമന്റുകള്‍ ഇടാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ഒരു ചോദ്യവും ചേച്ചിയുടേതായി ഉണ്ടായി. അത്തരം കമന്റുകളെ അവഗണിക്കുക മാത്രമേ ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയൂ എന്നും എല്ലാ മേഖലയിലുമെന്ന പോലെ ഇവിടെയും ഇത്തിള്‍ക്കണ്ണികള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നും അവയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നതാണ്‌ നല്ലതെന്നും ആവനാഴി രാഘവന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റുള്ളവര്‍ക്കും. പക്ഷെ, വിമര്‍ശന കമന്റുകളെ നല്ല മനസ്സോടെ സ്വാഗതം ചെയ്യണമെന്നും കമന്റുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായം പോലെയാവരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.


കമന്റുകളും ഹിറ്റുകളും പ്രതീക്ഷിച്ച് തന്നെയാണ്‌ എല്ലാവരും പോസ്റ്റുകള്‍ എഴുതുന്നതെന്നും വായനക്ക് ശേഷം അഭിപ്രായം പങ്കുവെച്ചിട്ട് പോകുകയാണെങ്കില്‍ അത് കൂടുതല്‍ എഴുതാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും ചര്‍ച്ചയുടെ ഭാഗമായി ഞാനും യൂസഫ്പയും ആളവന്താനും ലീല ടീച്ചറും നിര്‍ദേശിച്ചു. ഇതേ കാരണം കൊണ്ട് പലരും ബ്ലോഗില്‍ നിന്നും വിടപറയുന്നുണ്ടെന്നും അവിടെ കൂടിയ പലര്‍ക്കും അറിയാമെന്ന് ചര്‍ച്ചയില്‍ മനസ്സിലായി.


ആശംസാകമന്റുകളും സ്മൈലികളുടേയും കൂത്തരങ്ങായി പലപ്പോഴും അഭിപ്രായ പ്രകടനം തരം താഴുന്നതോടായിരുന്നു നന്ദപര്‍‌വ്വം നന്ദന്റെ അമര്‍ഷം. ബ്ലോഗ് എഴുതി തുടങ്ങിയ ആദ്യ കാലങ്ങളില്‍ കിട്ടിയിരുന്ന ആവേശകരവും ക്രിയാത്മകവുമായ കമന്റ് ചര്‍ച്ചകള്‍ ഇപ്പോളില്ലാത്തതും പലരെയും ബ്ലോഗില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന സത്യവും നന്ദന്‍ പങ്കുവെച്ചു.


അന്തിക്കാടന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ലോലോലിക്ക അഥവാ ലൂബിക്ക എന്ന വിഭവം ഉപ്പിലിട്ട് കൊണ്ട് വന്ന് പ്രവീണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വായില്‍ വെള്ളം നിറച്ചു. ലോലോലിക്കയുമായി മല്ലിടുന്ന തിരക്കിലായതിനാല്‍ ആളവന്താന്‍ ചര്‍ച്ച കേട്ടാസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ വീണ്ടും ചര്‍ച്ചയുടെ കടിഞ്ഞാണ്‍ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഏറ്റെടുത്തിരുന്നു. തുടങ്ങിയ വിഷയത്തില്‍ നിന്നും ഒട്ടേറെ മുന്നേറി വിശദമായ ഒരു ചര്‍ച്ച തന്നെ നടന്നുവെന്നും അതിന്‌ വഴിമരുന്നിട്ട മത്താപ്പിന്‌ നന്ദി പറഞ്ഞുകൊണ്ടും കായലിന്റെ അഗാധതയിലേക്ക് ഒളിക്കുവാനായി വെമ്പുന്ന സൂര്യനെ സാക്ഷിനിര്‍ത്തി ചര്‍ച്ചയുടെ കണ്‍ക്ലൂഷന്‍ ഒരു വിദഗ്ദനായ ഡോക്ടര്‍ രോഗം നിര്‍ണ്ണയ്യിച്ച് കുറുപ്പടിയെഴുതാനെടുക്കുന്ന അതേ വേഗത്തില്‍ അദ്ദേഹം പറഞ്ഞു തീര്‍ത്തു.


ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുവാനായി ചര്‍ച്ചക്ക് ശേഷം ഡോക്ടര്‍ തയ്യാറാക്കിയ കുറുപ്പടി

1.ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറ്റുള്ളവരെ ബ്ലോഗിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കുക.

2.അതിലേക്കായി ഇവിടെ ഒത്തുകൂടിയവര്‍ മാസത്തില്‍ ഒരെണ്ണമെന്ന കണക്കിലെങ്കിലും ബ്ലോഗുകളില്‍ പോസ്റ്റുകള്‍ എഴുതുവാന്‍ ശ്രമിക്കുക

3. ഒരാളെയെങ്കിലും ബ്ലോഗെഴുതുവാനോ ബ്ലോഗ് തുടങ്ങുവാനോ പ്രേരിപ്പിക്കുക.

4. പുതുതലമുറയിലേക്ക് ബ്ലോഗിന്റെ ഗുണഗണങ്ങള്‍ എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ കഴിവതും ഭാഗഭാക്കാവുക.

5. വായിക്കുന്ന പോസ്റ്റുകള്‍ക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിവതും ശ്രമിക്കുക.

6. എല്ലാ മേഖലകളിലേക്കും ബ്ലോഗുകള്‍ വ്യാപിപ്പിക്കുവാന്‍ കഴിയുന്നത് ചെയ്യുക. കവിത, കഥ , യാത്ര, ഫോട്ടോ എന്നിവയെ പോലെ തന്നെ മറ്റു മേഖലകളിലും ബ്ലോഗ് പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക.

7. ഓരോ സ്ഥലങ്ങളിലും ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിയാത്മക ചര്‍ച്ചകളും കൂട്ടായ്മകളും ഉണ്ടാക്കുക.

8.ബ്ലോഗ് മീറ്റുകള്‍ വഴിയും ബ്ലോഗ് ശില്പശാലകള്‍ വഴിയും ബ്ലോഗിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.

9. ഇപ്പോള്‍ സാഹിത്യ അക്കാദമി അടക്കമുള്ളവര്‍ ഇ-എഴുത്തിനെയും തിരിഞ്ഞറിഞ്ഞു തുടങ്ങിയെന്ന് മനസ്സിലാക്കി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹകരണം ഉറപ്പുവരുത്തുക. പുലികളിയും പുപ്പുലികളിയും മാറ്റിവെച്ച് ഒരേ മനസ്സോടെ ബ്ലോഗിന്റെയും മലയാള ഭാഷയുടേയും നന്മക്കായി നിലകൊള്ളുക.

10. ബ്ലോഗിലെഴുതുന്നവ ചിതലരിക്കാത്ത, ഇരട്ടവാലന്റെ ആക്രമണമില്ലാത്ത നാളെയുടെ അവശേഷിക്കുന്ന ഇന്നിന്റെ ബാക്കിയാണെന്ന് മനസ്സിലാക്കി ഒരു പക്ഷെ നാളെയുടെ റെഫറന്‍സുകളാവും ഇന്ന് നമ്മളില്‍ പലരും കുറിച്ചിടുന്നത് എന്ന ബോധത്തോടെ ബസ്സിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഫാം‌വില്ലയിലും സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ സജീവമായ ചര്‍ച്ചകളിലൂടെ ബ്ലോഗെഴുത്തിലെ പഴയ നല്ല നാളുകള്‍ തിരികെ കൊണ്ട് വരുവാന്‍ ശ്രമിക്കുക


വിശദമായ ചര്‍ച്ചക്ക് ശേഷം ഉല്ലാസ ബോട്ട് തീരത്ത് നങ്കൂരമിട്ടു. ചിലരെല്ലാം പിരിഞ്ഞുപോയി. സജിം തട്ടത്തുമല, സിജീഷ് എന്നിവര്‍ കൂട്ടത്തില്‍ ചേര്‍ന്നു. വഴിവിളക്കിന്റെ വെളിച്ചത്തില്‍ ലീല ടീച്ചറുടെ കവിതാലാപനത്തിനും ചെറിയ കുശലപ്രശ്നങ്ങള്‍ക്കും ലഘുഭക്ഷണത്തിനും ശേഷം പിരിയുമ്പോള്‍ സിയെല്ലസ്സും , എന്‍.ബിയും, കൃതിയും , ബുക്ക് റിപ്പബ്ലിക്കും ഉള്‍പ്പെടെയുള്ള ബ്ലോഗ് പ്രസാധകരുടെയും വിശാലന്‍, കുമാരന്‍, അരുണ്‍ കായംകുളം തുടങ്ങിയവരുടേയും പുസ്തകങ്ങള്‍ വായിച്ച് ,കിരണ്‍സിന്റെ മനോഹരമായ ഗാനങ്ങള്‍ കേട്ട്, വെടിവെട്ടം പറഞ്ഞ് അല്പം ഭക്ഷണവും വിശ്രമവുമായി ഏത് പാതിരാത്രിയിലും ബൂലോകത്തിലെ ആര്‍ക്കും പ്രവേശിക്കാവുന്ന ഒരു മനോഹരമായ ഇടം എറണാകുളത്തിന്റെ ഹൃദയഭാഗത്തോ, പ്രാന്തപ്രദേശത്തോ എത്രയും പെട്ടന്ന് വരട്ടെ എന്ന്‍ ചിത്രക്കരനെ പോലെ തന്നെ ഞങ്ങളോരോരുത്തരും സ്വപ്നം കണ്ടു.

63 comments:

Manoraj പറഞ്ഞു... മറുപടി

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് ചര്‍ച്ച .. ചര്‍ച്ച ഇവിടെ തുടരാം..

Sureshkumar Punjhayil പറഞ്ഞു... മറുപടി

Ashamsakal...!!!

ജന്മസുകൃതം പറഞ്ഞു... മറുപടി

വളരെ വിശദമായിത്തന്നെ കാര്യങ്ങള്‍ പറഞ്ഞു
നന്നായി മനോരാജ്.
പങ്കെടുക്കാത്ത വര്‍ക്കും കൂടെ ഉണ്ടായിരുന്നു എന്ന അനുഭവം പകരുന്ന ശൈലി.
പ്രതിസന്ധികള്‍ തരണം ചെയ്ത് മലയാളബ്ലോഗ് വളരട്ടെ...എല്ലാ ആശംസകളും...

|santhosh|സന്തോഷ്| പറഞ്ഞു... മറുപടി

ആഹ! ആഹഹ!! ആആഹഹ!!!

<<< ആശംസാകമന്റുകളും സ്മൈലികളുടേയും കൂത്തരങ്ങായി പലപ്പോഴും അഭിപ്രായ പ്രകടനം തരം താഴുന്നതോടായിരുന്നു.... >>>

ലതിനും ആശംസകള്‍......
(ബ്ലോഗ് പോസ്റ്റുകള്‍ ഗുളികകളാക്കി വായനക്കാരുടെ അണ്ണാക്കിലേക്ക് തട്ടാനുള്ള വല്ല പദ്ധതിയും ആവിഷ്കരിക്കാമൊ??)

|santhosh|സന്തോഷ്| പറഞ്ഞു... മറുപടി

പോസ്റ്റ് വായിച്ചെങ്കില്‍ മാത്രം കമന്റ് നല്‍കിയാല്‍ മതി എന്നൊരു ഡിസ്ക്ലൈമര്‍ വെക്കുവാന്‍ വല്ല വകുപ്പുണ്ടോ ബ്ലോഗറേ??
അല്ല, കുറേ ആശംസകളും സ്മൈലിയും ഒഴിവാക്കാന്‍ വേണ്ടിയാണ്!!!

mini//മിനി പറഞ്ഞു... മറുപടി

ബ്ലോഗ് മീറ്റിന്റെ ഫോട്ടോകൾ ധാരാളം കണ്ടെങ്കിലും ചർച്ചകൾ വിശദമായി അറിഞ്ഞത് ഇവിടെ വന്നപ്പോഴാണ്. വളരെ നന്നായി.

പ്രയാണ്‍ പറഞ്ഞു... മറുപടി

:)

നിരക്ഷരൻ പറഞ്ഞു... മറുപടി

@ മനോരാജ് - കായല്‍പ്പരപ്പിലെ ചർച്ചയുടെ വിശദവിവരങ്ങൾക്ക് കാത്തിരിക്കുകയായിരുന്നു. ഇനി വരുന്ന കാലത്ത് ബ്ലോഗ് മീറ്റുകൾ ഇത്തരത്തിൽ ഇ-ലോകത്തിന്റെ ഉന്നതിക്കായുള്ള ചർച്ചകളും അതിനുശേഷം പ്രവർത്തികളും കൊണ്ട് സമ്പന്നമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും എന്റെ മൂക്കിന് കീഴെ, വളരെ കുറഞ്ഞ ദിവസം കൊണ്ട് സംഘടിപ്പിച്ച, വളരെ ക്രിയാത്മകമായ ഈ ബ്ലോഗ് മീറ്റ് നഷ്ടമായതിന്റെ ദുഖം അടുത്ത കാലത്തൊന്നും മാറില്ല.

സ്ഥാനത്തും അസ്ഥാനത്തും ആശംസകൾ പൂശി പോകുന്നവരെ ഇനിയുള്ള മീറ്റുകളിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് കൂടെ ജയൻ വൈദ്യരുടെ കുറിപ്പടിയിൽ ചേർത്തിരുന്നെങ്കിൽ ! അവർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ അത്യാവശ്യമാണെന്ന് പറയാതെ വയ്യ.

ഡോൿടറുടെ കുറിപ്പടി പ്രകാരമുള്ള കഷായവും പഥ്യം നോക്കലുമെല്ലാം എന്നും അനുസരിച്ചിട്ടുള്ളവനാണ് ഈയുള്ളവൻ. ഈ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും മുറതെറ്റാതെ സേവിക്കുമെന്ന് ആണയിടുന്നു.

നീലത്താമര പറഞ്ഞു... മറുപടി

നാട്ടിലുള്ള സമയത്തായിരുന്നുവെങ്കില്‍ പങ്കെടുക്കാമായിരുന്നു. ചര്‍ച്ച ഗൗരവതരമായ വിഷയങ്ങളിലൂടെ കടന്നു പോയി എന്നറിഞ്ഞതില്‍ സന്തോഷം.

നീര്‍വിളാകന്‍ പറഞ്ഞു... മറുപടി

ബൂലോകത്ത് ഒറ്റപ്പെട്ടവനായി പോയതിന്റെ സങ്കടം മറച്ചു വെക്കുന്നില്ല... ബ്ലോഗു ലോകത്തെ ഒരു കൂട്ടായ്മയിലും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ദുഃഖം ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇരട്ടിച്ചു....

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഇതു വായിച്ചപോൽ അതിലെ നിർദ്ദേശങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണെന്നു തോന്നി...എന്നെങ്കിലും ഒരു ബ്ലോഗ് മീറ്റിനു ഞാനും പങ്കെടുക്കും ദൈവം സഹായിച്ചാൽ.....

Unknown പറഞ്ഞു... മറുപടി

വായിച്ചു,,
കമെന്‍റിന്‍റെ കാര്യത്തില്‍ എനിക്കും ഒരു കമെന്‍റുണ്ട്..
വായിച്ചിട്ട് മിണ്ടാതെ പോകുന്നവരെകുരറിച്ചു.
വിരുന്നു വന്നവര്‍ വിഭവങ്ങളൊക്കെ കഴിച്ചിട്ട് മിണ്ടാതെ ഇറങ്ങിപ്പോകുന്നത്
പോലെയാണ് എനിക്കതിനെ കുറിച്ച് തോന്നാറുള്ളത്‌.
പലപ്പോഴും കവിതാ ബ്ലോഗില്‍ ചെന്നുപെട്ടു ഞാന്‍ അങ്കലാപ്പിലായിപ്പോയിട്ടുണ്ട്..അഭിപ്രായം പറയാന്‍ അറിയൂല്ല,,മിണ്ടാതെ പോരാന്‍ തോന്നൂല്ല..
അപ്പോഴാണ് സ്മയിലിയിട്ട് ഓടി രക്ഷപ്പെടുന്ന സൂത്രം ഞാന്‍ പ്രയോഗിക്കാറ്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ശരിക്കും ബൂലോഗത്തിന്റെ നിലനില്പിനെയും,ഭാവിയെപറ്റിയും വിലയിരുത്തിയ ബൂലോഗസംഗമവും ,ചർച്ചയുമായി ഈ കായൽ‌പ്പരപ്പിൽ നടന്ന മീറ്റ് വിജയിച്ചിരിക്കുന്നു..

ഈ ചർച്ചയിൽ ഒരുക്കി കൊണ്ടുവന്ന കാര്യങ്ങൾ എല്ലാ ബൂലോഗരും പ്രാപ്തമാക്കിയാൽ ബൂലോകം എന്നും വഴ്ത്തപ്പെടും...!
നമുക്കെല്ലാം ഇതിനുവേണ്ടി ആഹോരാത്രം ഒന്നു ശ്രമിച്ചു നോക്കാം അല്ലേ...കൂട്ടരെ.

ഈ ചർച്ചയിൽ പങ്കെടുത്ത ഏവർക്കും ബിലാത്തി ബൂലോഗർ വക ഒരു ഹറ്റ്സ് ഓഫ്..
ഒപ്പം ഇതിവിടെ നന്നയി അവതരിപ്പിച്ച മനോരാജിനും...

വീകെ പറഞ്ഞു... മറുപടി

മീറ്റ് വളരെ നന്നായിരിക്കുന്നു... ചർച്ചകളും ഗംഭീരം.... ഫോട്ടോകളിൽ ബ്ലോഗേഴ്സിന്റെ എല്ലാം പേരു കൂടി ചേർക്കാമയിരുന്നു... ആശംസകൾ...

chithrakaran:ചിത്രകാരന്‍ പറഞ്ഞു... മറുപടി

മനൊരാജിന്റെ ചര്‍ച്ച ഒപ്പിയെടുക്കാനുള്ള സിദ്ധി
മനോഹരമായിരിക്കുന്നു.മാത്രമല്ല,ജയന്‍ മുന്നോട്ടുവച്ച ഈ
വിഷയത്തെ അതേ തീവ്രതയോടും,ആത്മാര്‍ത്ഥതയോടും
തുടര്‍ പ്രവര്‍ത്തനവും തുടര്‍ ചലനങ്ങളുമായി
ഈ പ്പോസ്റ്റിലൂടെ അവതരിപ്പിക്കാന്‍ മനോജിനായിരിക്കുന്നു.ജയന്‍ ഏവൂരിന്റെ കുറിപ്പടിയും
ജോറായിരിക്കുന്നു.മത്താപ്പ് വെറുമൊരു മത്താപ്പല്ലെന്നും,
നല്ലൊരു മെര്‍ക്കുറി ലാമ്പ്തന്നെയാണെന്നും അറിഞ്ഞതില്‍ സന്തോഷം.അടുത്ത മീറ്റിങ്ങിലെ ചര്‍ച്ച
ഒരു മുഴുനീള ദിനം തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട്
ഇതേ ടീമിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് താമസംവിനാ സംഘടിപ്പിക്കപ്പെടട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു. അതായത് അടുത്തമാസം തന്നെ :) മാസത്തില്‍ ഒരു കൂടിക്കാഴ്ച്ച....വര്‍ഷത്തില്‍ ഒരു മഹാ കൂടിക്കാഴ്ച്ച...ത്ടങ്ങിയ പരിപാടികളൊക്കെ
ബൂലോകര്‍ക്കുമാകാലോ....
എല്ലാ ബ്ലോഗ് എഴുത്തച്ഛന്മാര്‍ക്കും ചിത്രകാരന്റെ
സ്നേഹം നിറഞ്ഞ ആശംസകള്‍ !!!

നിരക്ഷരൻ പറഞ്ഞു... മറുപടി

ചിത്രകാരന്റെ ചില നിർദ്ദേശങ്ങൾ കേട്ട് ഇളകിപ്പോകുന്നത് ഒരു പതിവായിരിക്കുന്നു എനിക്ക് :) മാസത്തിൽ ഒരു മിനി മീറ്റ് എറണാകുളത്ത് എന്നത് നല്ല ഒരു ആശയം തന്നെ. ഈ മീറ്റ് തന്നെ വളരെ കുറച്ച് സമയം കൊണ്ട് സംഘടിപ്പിച്ചതല്ലേ ? ഇപ്രാവശ്യം പങ്കെടുക്കാൻ പറ്റാത്തവർക്ക് 3 പ്രാവശ്യത്തിനുള്ളിൽ എപ്പോഴെങ്കിലും ചാൻസ് കിട്ടുമല്ലോ ?

ഏതായാലും ഇനിയുള്ള മീറ്റുകൾ വെറും കൂടിക്കാഴ്ച്ചകൾ മാത്രം ആകാതിരിക്കാൻ ഈ മീറ്റ് മാതൃകയാവും എന്ന് തന്നെ കരുതുന്നു.

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

സ്വന്തം ബ്ലോഗിന് വേണ്ടി പലരും മിനക്കെടുമ്പോള്‍, മലയാളം ബ്ലോഗിന്റെ ഉയര്‍ച്ചക്ക് വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുന്ന മനോരാജിന്റെയും ഡോക്ടരുറെയും മറ്റും ഇത്തരം ആത്മാര്‍ത്ത ശ്രമം തന്നെയല്ലേ മലയാളം ബൂലോകത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യം.. ഇത് തന്നെയല്ലേ മലയാളം ബൂലോകത്തിന്റെ ഏറ്റവും നല്ല കാലഘട്ടം

zephyr zia പറഞ്ഞു... മറുപടി

ഈ ആശംസകള്‍ വായിച്ചതിനു ശേഷം ഇട്ടതാണ്‌ട്ടോ :)

നാമൂസ് പറഞ്ഞു... മറുപടി

അകലെയുള്ള സൌഹൃദങ്ങള്‍ കൂട്ടായ്മയിലേക്ക് വളര്‍ന്നു ദൃഡമാകുന്നത് സന്തോഷം തരുന്ന കാര്യം തന്നെ... ഇത്തരം കൂട്ടായ്മകള്‍ അതിന്‍റെ എല്ലാ നന്മയും നിറവേറ്റട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. താങ്കളുടെ വിവരണം കൂട്ടായ്മ നേരില്‍ കണ്ട പ്രതീതി ഉളവാക്കി. യാന്ത്രികമായ ഈ ജീവിതത്തിനിടയില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഇത്തരം 'മീറ്റുകള്‍' നാം ഈ ലോകത്ത് ജീവിക്കുന്നു എന്ന് വീണ്ടും ,വീണ്ടും നമ്മെ തെര്യപ്പെടുത്തുന്നു......
കൂടെ, ബ്ലോഗു വായനയും അതിലെ എഴുത്തുകളേയും ഗൗരവമായി സമീപിക്കേണ്ട ആവശ്യകതയെ... ഒരു വലിയ അളവില്‍ ഈ കുറിപ്പിലെ 'ചര്‍ച്ചകള്‍' ഓര്‍മ്മിപ്പിക്കുന്നു.
{ കഴിവതും, എനിക്ക് സാദ്ധ്യമായ അളവില്‍ അവയോടു നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട് എന്ന് മാത്രം ഇത്തരുണത്തില്‍ പ്രതികരിക്കട്ടെ..}

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ബ്ലോഗു ചർച്ചയും നിർദ്ദേശങ്ങളും വളരെ നന്നായി. ബ്ലോഗിൽ കിട്ടുന്ന ഒരു ആത്മാവിഷ്കാര സാധ്യത തീർച്ചയായും മറ്റു ഇ-മാധ്യമങ്ങൾക്കില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്!

Manju Manoj പറഞ്ഞു... മറുപടി

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നന്നായി മനോരാജ്.....പ്രമുഖരായ പല ബ്ലോഗേര്‍സും ബൂലോകത്ത് നിന്ന് പിന്‍വാങ്ങിയതില്‍ ബസും ഫേസ്ബുക്കും ഒക്കെ ഒരു പരിധി വരെ കാരണമാണ് എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം.എന്നിട്ട് ബസില്‍ നടക്കുന്നതോ.. ഒരു കാര്യവുമില്ലാത്ത ചര്‍ച്ചകള്‍...കമന്റിന്റെ കാര്യവും അതെ... കമന്റിനു വേണ്ടിയാണു ബ്ലോഗ്‌ എഴുതുന്നത്‌ എന്ന് തോന്നുന്ന വിധത്തിലാണ് ചില പോസ്റ്റുകള്‍ ഒക്കെ.എഴുതിയതില്‍ വല്ല കാര്യവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും കമന്റുകള്‍ തേടി ഇതും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ഇല്ലെങ്കിലും കുഴപ്പമോന്നുമില്ലലോ.
ചിത്രകാരന്‍ പറഞ്ഞ പോലെ എല്ലാ മാസവും ഇതുപോലെ അനൌപചാരികമായ ബ്ലോഗ്മീറ്റ്‌ നടത്തിയാല്‍ എന്നെങ്കിലും പങ്കെടുക്കാന്‍ സാധിക്കും എന്ന് ആശ്വസിക്കുന്നു.

Manju Manoj പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
jayanEvoor പറഞ്ഞു... മറുപടി

ഒന്നാം തരം പോസ്റ്റ്.വളരെ നന്നായി, ചർച്ചയിൽ ഉരുത്തിരിഞ്ഞ പ്രസക്തമായ വിവരങ്ങൾ ക്രമമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു, മനോരാജ്.

ഇനി ഇതിൽ നമ്മുടെ സഹബ്ലോഗർമാർക്ക് വയ്ക്കാനുള്ള നിർദേശങ്ങൾ കൂടി പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും ഒരുമിച്ചു ശ്രമിച്ചാൽ വലിയൊരു പ്രസ്ഥാനമായി മലയാളം ബൂലോഗം മാരും എന്നത് ഉറപ്പാണ്.

ഒരു കാര്യം വ്യക്തമാക്കട്ടെ...
നമ്മുടെ ഉദ്ദേശം ബസ്, ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവ പൂട്ടിക്കൽ അല്ല. അത് വേണ്ടവർക്ക് അതാവാം. പക്ഷേ ബ്ലോഗർമാർ എന്ന വിലാസമുള്ള എല്ലാവരും മാസം ഒരു ബ്ലോഗെങ്കിലും ഇട്ടുകൊണ്ട് ഈ മേഖലയെ പരിപോഷിക്കണം, നമ്മുടെ മാതൃഭാഷയെ ജീവനുള്ളതായി നിലനിർത്തണം...
ഇതാണാഗ്രഹം.

(രണ്ടു ദിവസം കൂടിക്കഴിഞ്ഞാലേ, ഞാൻ ജയിൽ മോചിതനാകൂ.... ഒരു റെസിഡൻഷ്യൽ ട്രെയിനിംഗ്!)

nandakumar പറഞ്ഞു... മറുപടി

ശാന്തസുന്ദരമായ കായല്‍ യാത്രയിലെ ഘടഘടിയന്‍ ചര്‍ച്ച!!!
എല്ലാവരും സജ്ജീവമായി പങ്കെടുത്തു എന്നതാണ് ഏറെ സന്തോഷപ്പെടുത്തിയത്.
കുറച്ചു ചിത്രങ്ങള്‍ കൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടൂത്താമായിരുന്നു,

***************************
:) ആശംസകള്‍ :)

സ്വപ്നസഖി പറഞ്ഞു... മറുപടി

ബ്ളോഗ് മീറ്റിനെക്കുറിച്ച് വിശദവിവരം പറഞ്ഞുതന്ന മനോരാ‍ജിനു നന്ദി. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും... ഇതു വായിച്ചപ്പോള്‍ പങ്കെടുത്തപോലെ തോന്നി.

yousufpa പറഞ്ഞു... മറുപടി

ഈ പോസ്റ്റോട് കൂടി നമ്മുടെ മീറ്റ് പൂർണ്ണത പ്രാപിച്ചു. സന്തോഷം.
മനോരാജ്..അടിച്ചു പൊളിച്ചു.

Anil cheleri kumaran പറഞ്ഞു... മറുപടി

ഒന്നാം തരം പോസ്റ്റ്. കുറച്ച് അക്ഷരത്തെറ്റുകളുണ്ട്. ‘ആദ്യ തലമുടയില്‍‘ എന്നത് പോലെ. തിരുത്തുമല്ലോ.

.. പറഞ്ഞു... മറുപടി

ചര്‍ച്ചയില്‍ മനോരാജ് പങ്കെടുത്തോ എന്നാണു എനിക്ക് സംശയം കാരണം എല്ലാവരും പറഞ്ഞ ഓരോ വാക്കും വിടാതെ ഇവിടെ മനോഹരമായി കോറിയിട്ടിട്ടുണ്ടല്ലോ ..
നന്നായിരിക്കുന്നു..
എല്ലാ പിന്തുണകളും.

.. പറഞ്ഞു... മറുപടി

മനോരാജിന്റെ വാദങ്ങള്‍ ഒന്നും കണ്ടില്ല.. :(

Sukanya പറഞ്ഞു... മറുപടി

ചര്‍ച്ച, കണ്ടെത്തല്‍, പരിഹാരം എല്ലാം കാമ്പുള്ളത്.
നടപ്പിലാവാന്‍ പക്ഷെ എല്ലാവരും ശ്രമിക്കണം. ശ്രമിക്കാം.

Rakesh R (വേദവ്യാസൻ) പറഞ്ഞു... മറുപടി

കൊച്ചിയിലുണ്ടായിരുന്നിട്ടും പങ്കെടുക്കാനായില്ല :(

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

കായല്‍പ്പരപ്പിലെ ചര്‍ച്ചകള്‍ കാര്യാമാത്രപ്രസ്ക്തമായി വിവരിച്ചത് വളരെ നന്നായി. പന്കെടുക്കാത്തവര്‍ക്കും കാര്യങ്ങളിലും ചര്‍ച്ചകളിലും പങ്കെടുത്ത ഒരു തൃപ്തി ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ ലഭിക്കുന്നുണ്ട്. തികച്ചും വെറും ഒരു മീറ്റ്‌ എന്നതിനപ്പുരത്തെക്ക് അതിന്റെ ഗൌരവം കണക്കിലെടുത്ത്‌ ചര്‍ച്ച നയിച്ച്ചതാണ് മികവ് പുലര്‍ത്തിയത്‌.ധോക്ടരുടെ ഈ മുന്കയ്യെടുക്കുന്നതിലെ ആത്മാര്‍ത്ഥതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സംഭവങ്ങള്‍ ഒന്നും വിട്ട് പോകാതെ പോസ്റ്റ്‌ നല്‍കിയ മനുവിനും അഭിനന്ദനങ്ങള്‍.

sm sadique പറഞ്ഞു... മറുപടി

ഡോ: ജയൻ സാറിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ നല്ല ശ്രമങ്ങളൂം വിജയിക്കട്ടെ.
ആശംസകളോടെ………………..
ഇത് പോസ്റ്റ് ചെയ്യത മനോരാജിനു അഭിനന്ദനങ്ങൾ……….

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ആ ചര്‍ച്ചയെ അതെ പടി ഇവിടെ തേച്ചു പിടിപ്പിച്ചതിലാണ് എനിക്ക് അത്ഭുതം. എന്തായാലും നല്ലൊരു തുടര്‍ ചര്‍ച്ചയാവട്ടെ ഇത്.

മുകിൽ പറഞ്ഞു... മറുപടി

കുറിപ്പടി ഗൌരവത്തോടെ എടുക്കുന്നു.

ഇത്തരം മീറ്റുകളിൽ പങ്കെടുക്കാനാവുന്നില്ലെങ്കിലും ഇതൊക്കെ അറിഞ്ഞു സന്തോഷിക്കുന്നു. മനസ്സു കൊണ്ടു കൂടെ നിൽക്കുന്നു.

തീർച്ചയായും മലയാളഭാഷയുടെ ഒരു പൊടിതുടയ്ക്കലാണു ബൂലോകം നടത്തുന്നത്. സങ്കടത്തോടെ ഓർക്കുന്നു. നമ്മുടെ തലമുറ കഴിഞ്ഞാൽ പഠിച്ചു വലുതായി വരുന്ന പുതിയ തലമുറക്കാർ എത്രപേർ മലയാളത്തെ നെഞ്ചിലേറ്റും എന്ന്. അറിഞ്ഞിടത്തോളം 70% ത്തില്പരം കുട്ടികളും ഇംഗ്ലീഷ് മീഡിയം ആണ്. പൊതുവെ വേറൊരു പ്രവണതയും കാണുന്നു. തമിഴ് ഭാഷയോടുള്ള ആഭിമുഖ്യം. ടിവികളിൽ പല പരിപാടികളിൽ വരുന്ന ജഡ്ജസിൽ തമിഴരായുള്ളവർ തമിഴ്തന്നെയേ പറയൂ. എന്നാൽ മലയാളികൾ ജഡ്ജസ് ആയിട്ടുള്ള തമിഴ് ചാനലുകളിൽ മലയാളികൾ തമിഴേ പറയൂ! പാട്ടുകളെല്ലാം അധികവും തമിഴ് തന്നെ. സംഗീതത്തിനു ഭാഷയില്ലെന്നു പറയാം. എങ്കിലും… ഒരു എങ്കിലും സങ്കടത്തോടെ ഉള്ളിലേക്കു വരാറുണ്ട്.

നമുക്കു മാത്രം നമ്മുടെ ഭാഷ പറയാനും കേൾക്കാനും എഴുതാനും കാണാനും ഒന്നും ഇഷ്ടമല്ല.
ഇതിനൊക്കെയുള്ള ഒരു പിടിച്ചുകെട്ടായി ബൂലോകം വളരണം.

മുകിൽ പറഞ്ഞു... മറുപടി

പിന്നെ കമന്റുകൾ. പലപ്പോഴും വായിച്ചുകഴിഞ്ഞ് വിഷമിക്കും. നന്നായിരിക്കില്ല. എന്നാലും നന്നായി എന്നല്ലാതെ, മോശമായി എന്നെങ്ങനെ പറയും എന്നോർക്കും. അങ്ങനെ എഴുതുന്നവരോട് പത്തുപേർ മോശമായി എന്നു പറഞ്ഞാൽ ആ ബ്ലോഗ് പിന്നെ മരണശയ്യയിലാവും. പിന്നീട്, ചിലരൊക്കെ വളരെ നന്നായി എഴുതുന്നതു കാണുമ്പോൾ എന്തെഴുതും നന്നായി നന്നായി എന്നു രണ്ടുമൂന്നു തവണ എഴുതണോ എന്നും ഓർക്കും.

മഹേഷ്‌ വിജയന്‍ പറഞ്ഞു... മറുപടി

നിങ്ങളുടെ എല്ലാവരുടെയും കഠിന പരിശ്രമങ്ങള്‍ക്ക് നന്ദി.. എന്റെ പിന്തുണ എന്നുമുണ്ടാകും..
ഒരിക്കല്‍ ഞാനും വരാം...
മനോരാജ്, ചര്‍ച്ച വളരെ നല്ല രീതിയില്‍ എഴുതിയിരിക്കുന്നു..

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

ചര്‍ച്ചയിലെ വിശദ വിവരങ്ങള്‍ ഞങ്ങളില്‍ എത്തിച്ച മനോരാജ് ,അഭിനന്ദനങ്ങള്‍..

thalayambalath പറഞ്ഞു... മറുപടി

എന്നെപോലെ മടിയന്‍മാരായ ബ്ലോഗേഴ്‌സിനെ ഉത്തേജിപ്പിക്കാന്‍ ഇത്തരം ബ്ലോഗ്മീറ്റും ചര്‍ച്ചയും ഉപകരിക്കും.... മനോരാജിനും കൂട്ടര്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍

G.MANU പറഞ്ഞു... മറുപടി

ബ്ലോഗിടത്തിനു നമ്മള്‍ ഭയക്കുന്നപോലെ അപചയം ഒന്നും സംഭവിച്ചിട്ടില്ല.. ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്ന പ്രതികരണം തന്നെ അതിനുദാഹരണമല്ലേ :).. ഒരു മീറ്റ് കഴിഞ്ഞ പ്രതീതിയുണ്ടായി ഈ കുറിപ്പ് വായിച്ചപ്പോ.. നന്നായി മനോ....


(മലയാ‍ള ഭാഷയും നശിക്കുന്നു എന്നതിനോടും യോജിക്കാന്‍ പറ്റില്ല..പഴയ വാക്കുകള്‍ക്ക് പകരം എത്രയോ പുതിയ(സങ്കരം ആണെങ്കിലും) വരുന്നുണ്ട്. ബ്ലോഗന, ലൈക്കി, ബ്ലോക്കി,.... :) (അടുത്തിടെ ഒരു സിനിമാ പോസ്റ്ററില്‍ കണ്ട പുതിയ വാക്ക് ‘ഉടുമ്പന്‍ ഹിറ്റ്’.... പരിവര്‍ത്തനം, അത് ഭാഷയ്ക്കായാലും ഉണ്ടാവും.. പേടിക്കാതെ...)

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

മനോരാജ്...
ജയേട്ടന്റെ പോസ്റ്റ് കണ്ടപ്പൊ മുതല്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു..
അതിനു സ്പഷല്‍ അഭിനന്ദനങ്ങള്‍

khader patteppadam പറഞ്ഞു... മറുപടി

ചര്‍ച്ച നല്ലത്‌. എല്ലാവരും ബ്ളോഗെഴുത്ത്‌ തുടങ്ങണോ..? വേണ്ടെന്നാണ്‌ എണ്റ്റെ വിനീതമായ അഭിപ്രായം. ഇതില്‍ താല്‍പര്യം ഉള്ളവര്‍ ഇവിടേയും മറ്റിടങ്ങളില്‍ താല്‍പര്യമുള്ളവര്‍ അവിടേയും എന്നു വെക്കുകയല്ലേ നല്ലത്‌. താല്‍പര്യമുള്ളവരെ സാങ്കേതികമായും മറ്റും സഹായിക്കുകയണ്‌ വേണ്ടതെന്ന് തോന്നുന്നു.

pournami പറഞ്ഞു... മറുപടി

ടെടില്‍ ആയി parnajuvallo

lekshmi. lachu പറഞ്ഞു... മറുപടി

നനായി മനു ഈ പോസ്റ്റ്‌.ഇനിയും ഇത്തരം മീറ്റുകള്‍ ഉണ്ടാകട്ടേ..
എല്ലാം നല്ലതിനുവേണ്ടിയാകട്ടെ..
ആശംസകള്‍..

mayflowers പറഞ്ഞു... മറുപടി

ചര്‍ച്ചയിലുയര്‍ന്നു വന്ന പല അഭിപ്രായങ്ങളും സ്വാഗതാര്‍ഹാമാണ്.
നിഷ്പക്ഷമായ കമന്റിട്ടാല്‍ തീര്‍ച്ചയായും അത് ബ്ലോഗ്ഗര്‍ക്ക് ഉത്തേജനം നല്‍കും.

.. പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
.. പറഞ്ഞു... മറുപടി

.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

മനുവേട്ടാ,
ഡോക്ടറുടെ ബസ്സിൽ നിന്നും ബ്ലോഗിലേക്ക് എന്ന പോസ്റ്റ് കണ്ട അന്ന് തന്നെ വിശദമായ ഒരു കമന്റ് ഇടണം എന്ന് വിചാരിച്ചതാണ്, പക്ഷെ എന്തൊ കാരണം കൊണ്ട് പറ്റിയില്ല, വീണ്ടും ജയൻ ജിയുടെ കായൽമീറ്റിന്റെ ഫോട്ടൊകൾ കണ്ടപ്പോഴും അത് തന്നെ വിചാരിച്ചിരുന്നെങ്കിലും സാധിക്കാതെ പോയി. ഇപ്പൊഴാണ് അവസരം കിട്ടിയത്. അത് കൊണ്ട് പറയാനുള്ളത് ഇവിടെ തന്നെ പറയട്ടെ. ആദ്യം തന്നെ ഈ പോസ്റ്റ് നന്നായി ആശംസകൾ വിത്ത് :) ഹി ഹി.

പിന്നെ ഈ ചർച്ചയിൽ പരാമർശിച്ച ചില കാര്യങ്ങളെപ്പറ്റി, മൂന്നാമതായി പറഞ്ഞിരിക്കുന്ന മലയാള ഭാഷയുടെ അപചയത്തെപ്പറ്റി, അത് ബ്ലോഗ് എന്നൊരു മാധ്യമം കൊണ്ട് പരിഹരിക്കാവുന്നതാണോ? സംശയമാണ്! നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സിസ്റ്റത്തിന്റെ തകരാറാണത്. നമ്മളൊക്കെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കുറച്ച് കഥകളും കവിതകളും ഗ്രാമരും ഒക്കെ പഠിപ്പിക്കുമായിരുന്നു. ഇപ്പൊ അതൊക്കെയുണ്ടോ? അതിന്റേതല്ലേ ഈ പ്രശ്നങ്ങൾ? അതിനു ബ്ലോഗ് മുഖാന്തിരം എത്രത്തോളം പരിഹരിക്കാം?

പിന്നെ പറയാനുള്ളത് മത്താപ്പിന്റെ സുവിശേഷങ്ങളെപ്പറ്റിയാണ്. പറഞ്ഞത് വളരെ സത്യമായ കാര്യങ്ങൾ ആണ്. ഫെയ്സ്ബുക്ക് ഓർക്കുട്ട് എന്നിവയിലൊന്നും സജീവമല്ലെങ്കിലും ബ്ലോഗ് എഴുതുന്നില്ല എന്നതിനു കാരണങ്ങൾ പലതാവാം. എന്നും ഒരു കാര്യത്തിൽ ഇണ്ട്രസ്റ്റ് നിലനിർത്താൻ എല്ലാവരും സച്ചിൻ ടെൻഡുൽക്കർ ഒന്നുമല്ലല്ലൊ? എല്ലാം ഞാറ്റുവേല പോലെയാണ്. ഒരു സീസണിൽ ഒരു താത്പര്യം. ഇത് നെഗറ്റീവ് ആയി പറഞ്ഞതല്ല. എഴുതാൻ വേണ്ടി എഴുതരുത്. പറഞ്ഞ് വന്നത്, ബസ്സും ഫെയ്സ്ബുക്കുമൊക്കെ സ്വാധീനിക്കുന്നുണ്ടെങ്കിലും ബ്ലോഗ് എന്ന മാധ്യമത്തിലൂടെ കിട്ടിയ/കിട്ടുന്ന സ്പെയ്സിനു അതിന്റെതായ പ്രധാന്യമുണ്ട്, അത് തിരിച്ചറിയുന്നവരാണ് പഴയ തലമുറയിലെയും പുതുതലമുറയിലെയും ബ്ലോഗർമാർ.

പിന്നെ ഈ ചർച്ചയിൽ കണ്ട നല്ലൊരു കാര്യം കമന്റുകളെ കുറിച്ച് പരാമർശിക്കപ്പെട്ടതാണ്. അത് വളരെ നന്നാ‍യി. പോസ്റ്റ് വായിക്കാതെ, “ ഞാൻ ഇവിടെ വന്നു, ഇനി അങ്ങോട്ടും വരണേ“ എന്നാണ് ഈ ആശംസാ കമന്റിന്റെ അർത്ഥം. നിരക്ഷരൻ ജി സൂചിപ്പിച്ചത് പോലെ ഇവർക്ക് ഒരു ബോധവൽക്കരണം ആവശ്യം തന്നെ. പിന്നെ ഇത്തിരി അഹങ്കാരത്തോടെ തന്നെ പറയട്ടെ, ഡോക്ടറുടെ പത്ത് കല്പനകളിൽ 1,2,4,5,6,9,10 എന്നിവ പാലിക്കുന്നു. (പ്രത്യേകിച്ചും 5, വായിക്കുന്നത് വളരെ കുറവാണെങ്കിൽ കൂടി). ഇത്തരമൊരു മീറ്റും ചർച്ചയും സംഘടിപ്പിച്ചതിനു ആശംസയും സ്മൈലിയും പ്രത്യേകം ഇരിക്കട്ടെ.

ഡോക്ടർക്ക് ഒരു സലാം!!

Manoraj പറഞ്ഞു... മറുപടി

@Sureshkumar Punjhayil : ഹി..ഹി..

@ലീല എം ചന്ദ്രന്‍ : തീര്‍ച്ചയായും പ്രതിസന്ധികള്‍ തരണം ചെയ്ത് ബ്ലോഗ് വളരട്ടെ.

@|santhosh|സന്തോഷ്|: സത്യമാണ്. ഇവിടെ ഇത്രയും വിശദമായി കാര്യങ്ങള്‍ എഴുതിയിട്ടും (വിശദമാക്കി എന്ന് തന്നെ വിശ്വാസം) ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ.. ബ്ലോഗറേ രക്ഷതു!!

@mini//മിനി : ടീച്ചറേ കൊട്ടോട്ടിക്കാരന്‍ ഒരു മീറ്റ് ഒരുക്കുന്നുണ്ട്. കഴിയുമെങ്കില്‍ പങ്കെടുക്കൂ.

@നിരക്ഷരൻ : പറഞ്ഞത് ശരിയാണ്. ഈ ആശംസാക്കാരെകൊണ്ട് മീറ്റുകളില്‍ അറ്റ് ലീസ്റ്റ് ആശംസയെങ്കിലും പറയിക്കാമല്ലോ. പഥ്യം തെറ്റിക്കാതെ നോക്കുക. :)

@നീര്‍വിളാകന്‍ : കൂട്ടായ്മയെന്നാല്‍ കൂടി ചേരുമ്പോള്‍ മാത്രമല്ല നീര്‍വിളാകാ.. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇരുന്നും നമുക്ക് കൂട്ടായ്മകളാവാം. ചര്‍ച്ചകളാവാം. അത്തരം ചര്‍ച്ചകളാണ് ഇന്ന് ബ്ലോഗില്‍ നഷ്ടമായെതെന്നാണ് ഇവിടെ പറഞ്ഞു വന്നത്.

@ഉമ്മുഅമ്മാർ : ദൈവം സഹായിക്കട്ടെ.

@~ex-pravasini* : കമന്റുകള്‍ എന്ന് പറയുമ്പോള്‍ അത് തെറ്റായിക്കോട്ടെ ശരിയായിക്കോട്ടെ, പക്ഷെ വായനക്കാരന്റെ മനസ്സില്‍ തോന്നുന്നത് പറഞ്ഞിട്ട് തന്നെ പോകണം എന്ന കാഴ്ചപാടാണ് എനിക്കുള്ളത്. പ്രവാസിനി സൂചിപ്പിച്ച പോലെ യാത്രപറയാതെ തിരികെ പോകുന്ന രീതി ശരിയല്ല എന്നത് ഞാനും അംഗീകരിക്കുന്നു.

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : അതെ മാഷേ.. ‘നമുക്ക്’ ആഹോരാത്രം പരിശ്രമിക്കാം.

@വീ കെ : സത്യത്തില്‍ മീറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയെന്നതിനേക്കാളും അവിടെ നടന്ന ചര്‍ച്ച പങ്കുവെക്കുകയായിരുന്നു ഇവിടെ എന്റെ ലക്ഷ്യം. മീറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച പോസ്റ്റുകളുടെ ലിങ്കുകള്‍ ഈ പോസ്റ്റില്‍ കൊടുത്തിട്ടുമുണ്ട്.

@chithrakaran:ചിത്രകാരന്‍ : എന്റെ ചിത്രകാരാ, ഇങ്ങിനെ ഓരോ സ്വപ്നങ്ങള്‍ പറഞ്ഞ് മനുഷ്യനെ കൊതിപ്പിക്കല്ലേ. ഉള്ള പണി പോകും. ഈ മീറ്റിനു തന്നെ ഒരു ഹാഫ്‌ഡേ ലീവ് പോയതാ:) പക്ഷെ പറഞ്ഞപോലെ ഗുണകരമാവുമെങ്കില്‍ ഇനിയും ഇത്തരം കൂട്ടായ്മകള്‍ നമുക്ക് ഉണ്ടാക്കാവുന്നതേ ഉള്ളൂ. ബ്ലോഗ് മീറ്റുകളുടെ ലക്ഷ്യം തന്നെ മാറിതുടങ്ങട്ടെ.

@വഴിപോക്കന്‍ : ഇത് നല്ല കാലമാണെങ്കില്‍ വരും കാലം സുവര്‍ണ്ണകാലമാവട്ടെ!!

@zephyr zia : :)

@നാമൂസ് : നമുക്കാവും പോലൊക്കെ നീതിപുലര്‍ത്തുക. അത് മാത്രം മതി ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍.

@ശ്രീനാഥന്‍ : സത്യം

@Manju Manoj : കമന്റുകള്‍ തേടി വരും എന്നത് പക്ഷെ ഇപ്പോള്‍ പലപ്പോഴും പലയിടത്തും സംഭവിക്കുന്നില്ല. ഒട്ടേറെ മികച്ച ബ്ലോഗുകള്‍ കമന്റുകളുടെ അഭാവം മൂലം വേരറ്റു പോയിട്ടുണ്ട്.

Manoraj പറഞ്ഞു... മറുപടി

@jayanEvoor : ഈ പണി എന്നെ ഏല്‍പ്പിച്ചിട്ട് ജയിലില്‍ കിടന്ന് സുഖിക്കുവാ അല്ലേ :)സഹബ്ലോഗര്‍മാരുടെ നിര്‍ദ്ദേശങ്ങളിലൂടെ മാത്രമേ ഇത് പൂര്‍ണ്ണമാവൂ എന്നത് സത്യം.

@നന്ദകുമാര്‍ : ആശംസകള്‍:) നന്ദാ...:):)

@യൂസുഫ്പ : മീറ്റ് പൂര്‍ണ്ണത പാലിച്ചെങ്കിലും ലക്ഷ്യം പൂര്‍ണ്ണതയില്‍ എത്തിക്കേണ്ടേ ഇക്കാ.

@കുമാരന്‍ | kumaran : കണ്ടതൊക്കെ തിരുത്തി. നന്ദി.

@ജിക്കു|Jikku : ജിക്കൂ അടി.. :) പോസ്റ്റ് വായിക്കാതെ കമന്റരുതെന്ന് ഞാന്‍ ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.. ഹി..ഹി.. വിശദമായ വായനയില്‍ എന്റെ അഭിപ്രായങ്ങള്‍ കണ്ടു എന്നറിഞ്ഞതില്‍ സന്തോഷം.

@Sukanya :അതെ എല്ലാ‍വരും ശ്രമിക്കണം.

@വേദ വ്യാസന്‍ : തേജസിലേക്ക് സ്വാഗതം. മീറ്റിന്റെ പോസ്റ്റും ഫോണിലൂടെയും ഒട്ടുമിക്കവരേയും ഡോക്ടര്‍ ഈ മീറ്റിനെ പറ്റി അറിയിച്ചിരുന്നു.

@പട്ടേപ്പാടം റാംജി : അതേ ഒട്ടേറെ എഫര്‍ട്ട് ഡോക്ടര്‍ ഈ മീറ്റിനായെടുത്തു.

@sm sadique : മാഷേ സന്തോഷം. മാഷുടെ ആത്മാര്‍ത്ഥത ഒരിക്കലും മറക്കില്ല. പല തിരക്കുകള്‍ കാരണം പിന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. വിളിക്കാട്ടോ.

@ആളവന്‍താന്‍ : തെച്ചുപിടിപ്പിക്കാന്‍ ഇതെന്താ പശയോ.. എന്തായാലും ചിറയന്‍‌കീഴ് നിന്നും ഈ കൊച്ചു മീറ്റിനായി വന്നതിന് സ്പെഷല്‍ കണ്‍ഗ്രാച്സ്.

Manoraj പറഞ്ഞു... മറുപടി

@മുകിൽ : പത്തുപേര്‍ മോശമായി എന്ന് പറഞ്ഞാല്‍ മരണശയ്യയിലാവും എന്ന വാദത്തോട് അത്ര യോജിപ്പില്ല. ഒരു തുടക്കക്കാരനാണെങ്കില്‍ ഇത് ശരിയാണ്. എഴുതി തുടങ്ങുമ്പോഴേതന്നെ മോശം എന്ന് കേട്ടാല്‍ ചിലപ്പോള്‍ നിരാശനായേക്കും. മറിച്ച് കുറച്ച് നാളുകളായി എഴുതുന്നവരാണെങ്കില്‍ അതില്‍ നിന്നും അതിന്റെ നല്ല വശങ്ങള്‍ സ്വാംശീകരിക്കുകയല്ലേ വേണ്ടത്? പിന്നെ ഭാഷ, അല്ലെങ്കിലും മലയാളിക്ക് പണ്ടേ മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ!!

@മഹേഷ്‌ വിജയന്‍ : വളരെ സന്തോഷം. കൂട്ടായ്മകള്‍ ബ്ലോഗില്‍ തന്നെ തുടങ്ങട്ടെ മഹേഷ്.

@thalayambalath : ഒട്ടേറെ കഴിവുണ്ടായിട്ടും സമയം കണ്ടെത്താന്‍ ആവുമായിരുന്നിട്ടും മടിപിടിച്ചിരിക്കുന്ന മനോജിനൊക്കെ വേണ്ടി തന്നെയായിരുന്നു ഈ മീറ്റ്..:) എന്തായാലും അധികം വൈകാതെ ഞാന്‍ ഒരു പണിയേല്‍പ്പിക്കാം :)

@G.manu : ഭാഷയുടെ അപചയം എന്നത് കൊണ്ട് ജയന്‍ ഡോക്ടര്‍ ഉദ്ദേശിക്കുന്നത് മലയാളം മൊത്തമായി നഷ്ടപ്പെട്ടു എന്നല്ല. മറിച്ച് പലപ്പോഴും നമ്മള്‍ നേരത്തെ മഞ്ജു മനോജും മുകിലും സൂചിപ്പിച്ച ഒരു അവസ്ഥയിലേക്ക് സ്വയം പോകുന്നു എന്നത് മാത്രം. ബ്ലോഗന, ബൂലോകം, ലൈകി, ബ്ലോക്കി ഇതൊക്കെ സത്യത്തില്‍ ബ്ലോഗില്‍ എഴുതുന്നവരുടെ വാക്കുകള്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തരം ഇമ്പ്രവൈസേഷന്‍ (അത് ചിലപ്പോള്‍ മോശമായിട്ടാണെങ്കില്‍ പോലും) കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നതും ഇത്തരം ഇടങ്ങള്‍ ഉള്ളത് കൊണ്ടല്ലേ.

@khader patteppadam : എല്ലാവരും ബ്ലോഗെഴുതണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ എല്ലാവരും എഴുതിയാലും കുഴപ്പമില്ല താനും. മറിച്ച് ഇവിടെ ഉദ്ദേശിച്ചത് മറ്റിടങ്ങളില്‍ എഴുതണ്ട എന്നുമല്ല. മറിച്ച് മറ്റിടങ്ങളില്‍ എഴുതുന്നതോടൊപ്പം ഇതിനെയും നിലനിര്‍ത്തുവാന്‍ ശ്രമിക്കുക എന്നത് മാത്രം.

@mayflowers : അതെ കമന്റുകള്‍ മുഖം നോക്കാതെ (പ്രൊഫൈല്‍ നോക്കാതെ) പോസ്റ്റുകളുടെ ഗുണനിലവാരം നോക്കിയിട്ടാല്‍ തന്നെ ഒരു പരിധിവരെ ഇവിടം സജീവമാവും.

@ഹാപ്പി ബാച്ചിലേഴ്സ് : വിശദമായ കമന്റിന് നന്ദി. മലയാള ഭാഷയുടെ അപചയം ബ്ലോഗ് എന്ന മാധ്യമത്തില്‍ എഴുതിയത് കൊണ്ട് മാറും എന്നോ അല്ലെങ്കില്‍ നമ്മളാല്‍ കുറച്ച് പേര്‍ എന്തെങ്കിലൊമൊക്കെ ചെയ്താല്‍ തീരും എന്നൊന്നുമല്ല. വിദ്യാഭ്യാസ സിസ്റ്റത്തില്‍ പാളിച്ചകള്‍ ഉണ്ടാവാം. പക്ഷെ ഇവിടെ ഇതിനുള്ള ഉത്തരവും ഹാപ്പികള്‍ തന്നെ തുടര്‍വാക്കുകളില്‍ പറഞ്ഞു. പണ്ട് നമ്മള്‍ പഠിച്ചിരുന്ന കഥ, കവിത, ഗ്രാമര്‍ എന്നിവ കിട്ടിയാല്‍ ഒരു പരിധി വരെ മലയാള ഭാഷ രക്ഷപ്പെടുമെങ്കില്‍ അത് ഇവിടെ നല്‍ക്കാന്‍ നമ്മില്‍ പലര്‍ക്കും ആവില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ!!

പിന്നെ മത്താപ്പിന്റെ സുവിശേഷം. മത്താപ്പ് പറഞ്ഞ കാര്യങ്ങള്‍ പുര്‍ണ്ണമായും ആരും നിഷേധിക്കുന്നില്ല. അതിലും രസകരം മത്താപ്പ് പറഞ്ഞ കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മത്താപ്പ് പോലും ഒരു പക്ഷെ സമ്മതിചേക്കും എന്നത് തന്നെ. ഇവിടെ ആരെയും പേരെടുത്ത് പരാമരിശിക്കേണ്ട എന്ന് തീരുമാനിച്ചതിനാല്‍ തന്നെ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പക്ഷെ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും താല്പര്യമുണ്ടായിട്ടും ഇതിലേക്ക് തിരിയാന്‍ കഴിയാതെ മറ്റിടങ്ങളിലെ സുഖലോലുപതയില്‍ പറ്റി ചേര്‍ന്നിരിക്കുന്നവരെയാണ് ഇവിടെ ആഹ്വാനം ചെയ്യുന്നത്. പിന്നെ തന്ന ആശംസകളും സ്മൈലികളും.. മുന്‍പ് ഒരു സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞപോലെ ഞാന്‍ ഒരു ഹോര്‍ളിക്സ് കുപ്പിയില്‍ സൂക്ഷിച്ച് വെച്ചേക്കാം. ഇരിക്കട്ടെ ഇവിടെ ഒരു സ്മൈലി:)

smitha adharsh പറഞ്ഞു... മറുപടി

നല്ല പോസ്റ്റ്‌..വിശദമായ വിവരണത്തിന് നന്ദി.എനിക്കും മാസത്തിലോരിക്കലോക്കെ പോസ്ടണം എന്നുണ്ട്.എന്ത് ചെയ്യാനാ.?? എന്തായാലും വായിച്ചതൊക്കെ മനസ്സില്‍ കൊണ്ടിട്ടുണ്ട്.സജീവമാകാന്‍ ശ്രമിക്കാം.പുതിയ എഴുത്തുകാര്‍ക്കൊരു ആശംസ ഇടണം എന്നുണ്ടായിരുന്നു.കമന്റിലെ ആശംസയില്‍ അരോചകത്വം ഉണ്ട് എന്നറിഞ്ഞത് കൊണ്ട് അത് ഒഴിവാക്കുന്നു.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

മയിൽ അയച്ചതുകൊണ്ട് യഥാസമയം ഇവിടെ എത്താൻ പറ്റി. പല പോസ്റ്റുകളും വൈകിയാണ് കാണുന്നത്. ഇതിൽതന്നെ അൻപതില്പരം കമന്റുകൾ ആയി.ഈയുള്ളവൻ ഒർകുട്ടിലാണ് തുടങ്ങിയത്. അതുവഴി ബ്ലോഗിൽ എത്തി. പിന്നെ ട്വിറ്ററും ഫെയിസ്ബൂക്കിലും ഒക്കെഉണ്ട്. ബസിലും പോകണമെന്നുണ്ട്. പക്ഷെ എന്റെ മേഖല ബ്ലോഗ് ആണ്. ഏറെസമയവും ബ്ലോഗിലാണ്. മേലിലും അങ്ങനെ ആയിരിക്കും. അതിനി ബൂലോകം സടകുടഞ്ഞ് ഉണർന്നാലും ഇല്ലെങ്കിലും. പൂക്കാതിരിക്കാൻ എനിക്കാവതില്ലെന്നു പറഞ്ഞ പോലെ ബ്ലോഗ് എഴുതാതിരിക്കാൻ എനിക്കവതില്ല. വളരെ നേരത്തെ ഇങ്ങനെ ഒരു മാദ്ധ്യമം ഊണ്ടാകാതെ പോയതിലെയും ഉണ്ടായ ശേഷവും ഈയുള്ളവന് ഇവിടെ എത്താൻ വൈകിയതിലെയും നിരാശ മുഴുവൻ ഇനി ഉള്ളകാലം എഴുതി തീർക്കണമെന്നാണ് തീരുമാനം. പോസ്റ്റുകൾ നിലവാരം ഉള്ളതായാലും ഇല്ലാത്തതായാലും എഴുതിക്കൊണ്ടേയിരിക്കും. മറൈൻ ഡ്രൈവ് മീറ്റിനു ശേഷം ഒരു ദിവസം പോലും ഞാൻ പോസ്റ്റ് എഴുതാതിരുന്നിട്ടില്ല. വിശ്വമാനവികം 1. വിശ്വമാനവികം 2 തുടങ്ങി എന്റെ ഏതെങ്കിലും ഒരു ബ്ലോഗിൽ ആഴ്ചയിൽ ഒരു പോസ്റ്റ് എങ്കിലും എഴുതും. കമന്റുകൾ കിട്ടിയാലും ഇല്ലെങ്കിലും നേരമ്പോക്കല്ലാത്ത പോസ്റ്റുകളാ‍ണ് ഇപ്പോൾ എഴുതുന്നത്. നേരമ്പോക്ക് തോന്നിയാൽ അതും എഴുതും. നിശ്ചയമായും നിങ്ങൾ ആരും വന്നു വായിക്കാത്തതോ കമന്റ് ഇടാത്തതോ എഴുതാതിരിക്കാൻ എനിക്ക് ഒരു കാരണമേ അല്ല! അല്ലപിന്നെ!

തുഞ്ചന്‍പറമ്പ് മീറ്റ് പറഞ്ഞു... മറുപടി

അഞ്ചെട്ടു ബ്ലോഗുകളുള്ളതുകൊണ്ട് എവിടെയെങ്കിലുമൊക്കെയായി മാസത്തിലൊരെണ്ണം ബ്ലോഗാന്‍ ഇപ്പോഴും ശ്രദ്ധിയ്ക്കുന്നുണ്ട്. വരുന്നകമന്റുകള്‍ ശ്രദ്ധാപൂര്‍വ്വം നോക്കുമെങ്കിലും അവയുടെ എണ്ണം ശ്രദ്ധിയ്ക്കാറില്ല. കമന്റുകള്‍ ബ്ലോഗെഴുത്തിനു പ്രധാനം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. കമന്റിന്റെ അഭാവം കൊണ്ടുമാത്രം ബ്ലോഗെഴുത്തിനെ വിട്ടു നില്‍ക്കുന്ന ബ്ലോഗ് സുഹൃത്തുക്കളെ എനിയ്ക്കറിയാം. കഴിയുന്നത്ര ബ്ലോഗുകള്‍ വായിയ്ക്കുക. മനസ്സില്‍ തോന്നുന്ന കമന്റുകള്‍ സത്യസന്ധമായി എഴുതുക എന്നതു മാത്രം മതി ബ്ലോഗുലോകത്തെ ഉണര്‍ത്താന്.

മനോരാജിന് നന്ദി വിശദമായിത്തന്നെ ഇതിവിടെ കൊളുത്തിയതിന്. എര്‍ണാളം മീറ്റേഴ്‌സിന് ആശംസകള്‍...

ഇവിടെ ഒരു മീറ്റു ചര്‍ച്ച നടക്കുന്നു. എല്ലാരും സജീവമായിത്തന്നെ പങ്കെടുത്ത് തീയതിയും സ്ഥലവും ഉറപ്പിച്ച് നല്ലൊരു കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

പ്രിയ മനോരാജ്, പോസ്റ്റ് കിഴ്മേലെത്തിച്ച് രണ്ട് വായന നടത്തി. വിഷയം മനസിലാകാത്തതിനാലോ അത് അപരചിതമായതിനാലോ അല്ലായിരുന്നു ഈ രണ്ട് വായനയുടെ ഉദ്ദേശം. ഞാന്‍ അതില്‍ പങ്കെടുത്തതാണല്ലോ. പക്ഷേ മനോരാജിന്റെ കരവിരുത് ഞാന്‍ ആസ്വദിക്കുകയയിരുന്നു. ഇതില്‍ മെച്ചമായി ഈ വിഷയം ആര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഒരു കാര്യം കൂടി ഞാന്‍ കണ്ടെത്തി. മനോരാജില്‍ ഒരു നല്ല എഡിറ്ററെ ഞാന്‍ കാണുന്നു. ഒരു വിഷയം തന്മയത്തമായി അടുക്കും ചിട്ടയോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു നല്ല എഡിറ്ററെയാണ് ഞാന്‍ കണ്ടെത്തിയത്.
അനിയാ ഈ കഴിവ് തിരിച്ചറിഞ്ഞ് വളര്‍ത്തിക്കൊണ്ട് വരണം. എല്ലാ ആശംസകളും നേരുന്നു.

abith francis പറഞ്ഞു... മറുപടി

മനുവേട്ടാ...അന്ന് ഞാനും ഉണ്ടായിരുന്നു...ഏറണാകുളത്ത്...ഉച്ചക്ക് മറൈന്‍ ഡ്രൈവില്‍ വന്നിരുന്നു ഞാന്‍...കഷ്ടമായി പോയി..അറിഞ്ഞില്ല... അടുത്ത മീറ്റിനു എന്തായാലും ഞാനും ഉണ്ടായിരിക്കും...എല്ലാവിധ ആശംസകളും...

Elayoden പറഞ്ഞു... മറുപടി

മനുവേട്ടന്‍,
മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും പങ്കെടുത്ത ഒരു പ്രതീതി. ഡോക്ടറുടെ ബ്ലോഗില്‍ ഇതേ കുറിച്ച് വായിച്ചിരുന്നു. എന്നാല്‍ ഇത്ര മനോഹരമായി ഓരോ ചര്‍ച്ചയും നങ്ങള്‍ക്ക് കൂടി പങ്കുവെച്ചു തന്നല്ലോ.. കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍.. ഒരിക്കല്‍ കൂടി എല്ലാവര്ക്കും അഭിനന്ദനം. എനിക്ക് ഏറ്റവും ഇഷ്ടമായത് വിദ്യാര്‍ഥികള്‍ സ്വശ്രയ കോളേജുകള്‍ കാരണം എഴുത്തില്‍ നിന്നും വിമുക്ത കാണിക്കുന്ന എന്ന ചര്‍ച്ച തന്നെ..

ആശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

അയ്യോ മനു ചതി പറ്റിയല്ലോ !!വന്‍ ചതി !!!
ആ സമയത്ത് വെറും പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ഈ മഹാ സംഭവം അറിഞ്ഞില്ലല്ലോ !!! കഷ്ടമായി പോയി !!
ഇനി എന്നാണാവോ ഈ ഭാഗ്യം വരിക ?:( ഞാന്‍ ഡോക്ടറുടെ ബ്ലോഗില്‍ എന്റെ ഫോണ്‍ നമ്പര്‍ കുറിച്ചിരുന്നു ..ദുഷ്ടന്‍ ഒന്ന് വിളിച്ചില്ല :(
(ഈ കമന്റു ഞാന്‍ ഡോക്ടറുടെ പോസ്റ്റിലും ഇട്ടിട്ടുണ്ട് ) നാട്ടില്‍ തിടുക്കത്തില്‍ ഒരവധിക്ക് വന്നത് കൊണ്ട് ബൂലോകത്തെ പ്രധാന സംഭവങ്ങളൊന്നും അറിയാന്‍ കഴിഞ്ഞില്ല.ബ്ലോഗു മീറ്റ്‌ മിസ്സ്‌ ചെയ്തതില്‍ വളരെ വിഷമം ഉണ്ട്.ബൂലോകത്ത് ഏതാനും മാസങ്ങളിലെ പരിചയമേ എനിക്കുള്ളൂ .ഇവിടെ നിന്ന് ഞാന്‍ മനസിലാക്കിയ ചില കാര്യങ്ങള്‍ :
1 ) ആദ്യ കാലങ്ങളില്‍ ബ്ലോഗുകളില്‍ വന്നു ചിരപ്രതിഷ്ഠ നേടിയ പ്രശസതരും അപ്രശസ്തരും
മുന്‍വിധികളോടെ യാണ് പുതിയ ബ്ലോഗര്‍മാരെ സമീപിക്കുന്നത്
2 ) മറ്റേതു മേഖലയിലും ഉള്ളത് പോലെ കുശുമ്പു ,കുന്നായ്മ ,പാരവയ്പ്പു തുടങ്ങിയ കലാപരിപാടികള്‍ ബൂലോകത്തും അരങ്ങു തകര്‍ക്കുന്നു.
3 ) ബ്ലോഗു പ്രമോഷനും മറ്റും പോസ്റ്റിന്റെ മികവിനെക്കാള്‍ മറ്റു ചില സ്പിരിട്ടുകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ സജീവമല്ലേ എന്ന് തോന്നല്‍ .
4 )പ്രോത്സാഹനം കൊടുക്കണം എന്ന് എല്ലാവരും പരസ്യമായി പറയും ,പോസ്റ്റിലും കമന്റിലും എഴുതും പക്ഷെ ഇതേയാളുകള്‍ തിരിഞ്ഞു കയറാത്ത എത്രയോ ബ്ലോഗുകള്‍ ബൂലോകത്തുണ്ട് എന്ന് പരിശോധിച്ചാല്‍ മനസിലാകും.
5 )പ്രോത്സാഹനം എന്നാല്‍ പുകഴ്ത്തല്‍ മാത്രമാണ് എന്ന് ധരിച്ചു വശായിരിക്കുന്ന കുറെയധികം പേര്‍ ബൂലോകത്തുണ്ട് .വിമര്‍ശനങ്ങളെ നേരിടാനും എല്ലാവരും തയ്യാറാകണം. ബ്ലോഗിനെ സത്യ സന്ധമായി വിലയിരുത്തി അഭിപ്രായം പറഞ്ഞാല്‍ മാത്രമേ ആ ബ്ലോഗിലെ പോരായ്മകള്‍ തിരുത്താന്‍ ബ്ലോഗര്‍ക്ക് അവസരമുണ്ടാകൂ ...ഇത് കൂമ്പു വളരാനേ സഹായിക്കൂ .അതിനു കഴിയാത്തവര്‍ ഒന്നിന്നും കഴിയാത്തവര്‍ തന്നെ എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല .
എഴുത്തുകാരും കലാകാരന്മാരും മനുഷ്യരാണ് ..കുശുമ്പും കുന്നായ്മയും ഏറ്റവും കൂടുതല്‍ ഉള്ള മേഖല..ഓരോരുത്തരുടെയും പ്രതിഭയ്ക്കനുസരിച്ചു വ്യക്തി പരമായ കഴിവുകള്‍ പ്രകടിപ്പിക്കുക ..അതിനെ പറ്റുമെങ്കില്‍ സ്വാഗതം ചെയ്യുക .അല്ലെങ്കില്‍ തള്ളിക്കളയുക ..അഭിരുചിയും പ്രതിഭയും ഇല്ലാത്തവര്‍ക്ക് ആഗ്രഹം ഉണ്ടെന്നു കരുതി മാത്രം ഒരു മേഖലയിലും വിജയിക്കാന്‍ കഴിയില്ല..നമ്മള്‍ ചര്‍ച്ച ചെയ്തത് കൊണ്ട് മറ്റൊരാള്‍ നന്നാകണം എന്നും ഇല്ല..
മുകളിലെ നിരീക്ഷണങ്ങള്‍ എന്റേത് മാത്രമല്ല ബൂലോകത്തെ കുറച്ചു സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ പങ്കുവച്ചതില്‍ നിന്ന് കൂടി സ്വാംശീകരിച്ചതാണ്...ആരും പരിഭവിക്കരുത് ..മത്സരിക്കുന്നതെന്തിനു നാം വൃഥാ !!!:)

greeshma പറഞ്ഞു... മറുപടി

wishes !

Manoraj പറഞ്ഞു... മറുപടി

@smitha adharsh : മാസത്തില്‍ ഒരിക്കലെങ്കിലും പോസ്റ്റു.

@ഇ.എ.സജിം തട്ടത്തുമല :മാഷേ പറഞ്ഞ കാര്യങ്ങള്‍ പലതും ശരിയാണ്. എഴുതുക. വീണ്ടും എഴുതുക. പിന്നല്ലാതെ.

@കൊട്ടോട്ടിക്കാരന്‍ : തിരൂര്‍ മീറ്റിന് എല്ലാവിധ ആശംസകളും. മീറ്റുകള്‍ എപ്പോഴും പരിചയപ്പെടലിനും നല്ല കൂട്ടായ്മകള്‍ക്കും ഇടയാവട്ടെ. ഒപ്പം നല്ല ചര്‍ച്ചകള്‍ക്കും.

@sherriff kottarakara : ഇക്കാ സന്തോഷം ഈ വാക്കുകളില്‍. സത്യത്തില്‍ ജയന്‍ ഡോക്ടര്‍ക്ക് സമയക്കുറവുള്ളത് കൊണ്ട് മാത്രമായിരുന്നു ഞാന്‍ ഇങ്ങിനെ ഒരു പോസ്റ്റ് ചെയ്തത്. ശരിയാവുമോ എന്നൊരു ഭയമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി.

@abith francis : ഇതാണ് പറയുന്നത് വല്ലപ്പോഴുമൊക്കെ ബ്ലോഗുകളില്‍ ഒക്കെ വന്ന് പോസ്റ്റുകളൊക്കെ നോക്കണമെന്ന് :) സാരമില്ല നമുക്കിനിയും കൂടാന്നേ.

@elayoden : നന്ദി

@രമേശ്‌അരൂര്‍ : ഇത് ഒട്ടേറെ പേരെ വ്യക്ത്യമായി ഡോക്ടര്‍ അറിയിച്ചിരുന്നു. രമേശിന് പക്ഷെ ഇങ്ങിനെ സംഭവിക്കാന്‍ പാടുള്ളതല്ലല്ലോ. കാരണം രമേശ് മിക്കവാറും എല്ലാ പോസ്റ്റുകളും എല്ലാ ബ്ലോഗിലും കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ട്. സാരമില്ല. ഇനിയും അവസരമുണ്ട്.

രമേശിന്റെ നിരീക്ഷണങ്ങള്‍ ജനറലൈസ് ചെയ്തല്ല എങ്കില്‍ ശരിയാണ്. പക്ഷെ അത് ഒരു ജനറലൈസ്‌ഡ് കമന്റായി കാണരുത്. ഒട്ടേറെ പേര്‍ ഇന്നും സജീവമായി ബ്ലോഗിലുണ്ട്. പക്ഷെ കുറേയധികം ആളുകള്‍ ഇത്തരത്തിലും ഉണ്ട്. പിന്നെ കമന്റിന്റെ കാര്യം ഏതാണ്ട് പൂര്‍ണ്ണമായും ഞാനും യോജിക്കുന്നു.

@greeshma : തേജസിലേക്ക് സ്വാഗതം. :)

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

മനോ, വിശദമായ ഈ കുറിപ്പിന് നന്ദി.

ഇതില്‍ എഴുതിയ വാദമുഖങ്ങളില്‍ മിക്കവയുടെയും മറുവശം കാണാന്‍ എനിക്ക് കഴിയുന്നുണ്ട് (ഒരുപക്ഷേ നിങ്ങളും കണ്ടിരിക്കാം). പത്തു തീരുമാനങ്ങളില്‍ അഞ്ചാമത്തേതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഒമ്പതാമത്തേതു എനിക്ക് വ്യക്തമായില്ല. മറ്റുള്ളവയോടു വിയോജിക്കുന്നില്ല, എന്നേ പറയാനാകൂ.

ബ്ലോഗ്‌ എന്ന മാധ്യമത്തെ അല്പനേരത്തേക്ക് മാറ്റി നിര്‍ത്തി, മനുഷ്യനില്‍ തുടങ്ങി, അവനു ഭാഷയോടും ആശയങ്ങളോടും ഉണ്ടാകേണ്ട താല്പര്യം എങ്ങനെ ഉണര്‍ത്തി, വളര്‍ത്തിയെടുക്കാം എന്ന് ചിന്തിച്ച്, രചനാവൈഭവം ഉള്ളവരെ എങ്ങനെ കണ്ടെത്താമെന്നും അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും പരിഗണിച്ച് അവസാനം ബ്ലോഗിലെക്കെത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ പ്രശ്നത്തിന് മറ്റൊരു "കുറിപ്പടി" ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നു.

ഇതൊക്കെ വിശദമായി എഴുതണമെന്നുണ്ട്, പക്ഷേ സമയം അനുവദിക്കുന്നില്ല. സദുദ്ദേശത്തോടെ മാത്രം എഴുതിയ അഭിപ്രായമാണ് കേട്ടോ, പരിഭവിക്കരുത്.

Elizabeth Sonia Padamadan പറഞ്ഞു... മറുപടി

Am done with my little share (Point 3: 3. ഒരാളെയെങ്കിലും ബ്ലോഗെഴുതുവാനോ ബ്ലോഗ് തുടങ്ങുവാനോ പ്രേരിപ്പിക്കുക.)...

Please read at
http://inacrowd-stillalone.blogspot.com/

Naasir പറഞ്ഞു... മറുപടി

Good