വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

കീഹോള്‍

"മുറിച്ചു മാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല"

ഡോക്ടറുടെ വാക്കുകളെ ഒരു ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്.

"ഡോക്ടര്‍.... അതല്ലാതെ..." - മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ലൗലിക്ക്. അവള്‍ക്ക് മുഖം കൊടുക്കാതെ, മേശപ്പുറത്തിരിക്കുന്ന ഗര്‍ഭപാത്രത്തിന്റെ കളിമണ്‍ രൂപത്തിലേക്ക് വിഷാദ‌പൂര്‍‌വ്വം നോക്കി ഡോക്ടര്‍ സെറീന പ്രകാശ് ഇല്ല എന്നര്‍ത്ഥത്തില്‍ തലകുടഞ്ഞു.

"താന്‍ പേടിക്കേണ്ട . നമുക്ക് ഒരു കീഹോള്‍ സര്‍ജ്ജറിയിലൂടെ...."

"വേണ്ട ഡോക്ടര്‍.. വേണ്ട.."

"അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.. താന്‍ അത് മനസ്സിലാക്കണം.. ഏകദേശം മുക്കാല്‍ ഭാഗത്തോളം ഫൈബ്രോയ്ഡ് നിറഞ്ഞു കഴിഞ്ഞു. ഇനിയും താമസിപ്പിച്ചാല്‍...."

"അതല്ല.. ഡോക്ടര്‍ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ മുറിച്ച് നീക്കിക്കോളു.. പക്ഷെ അതിനായി ഒരു കീഹോള്‍ സര്‍ജ്ജറി വേണ്ട.. അത് മാത്രം വേണ്ട.. " ലൗലിയുടെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നത് ഡോക്ടര്‍ കണ്ടു. അവള്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു.

".കെ. റിലാക്സ് ലൗലി.. റിലാക്സ്.. "

സാരിത്തലപ്പുകൊണ്ട് മിഴികള്‍ ഒപ്പി കണ്‍‌സള്‍ട്ടിങ് റൂമിന്റെ ഡോര്‍ വലിച്ചടച്ച് പുറത്തിറങ്ങുമ്പോളും ലൗലിയുടെ കിതപ്പ് മാറിയിരുന്നില്ല. ഒരു സര്‍ജ്ജറി വേണ്ടിവരുമെന്ന് ഏറെക്കുറെ അറിയാമായിരുന്നു. എത്രയോ വര്‍ഷമായി ഈ വേദന സഹിച്ച്.... പക്ഷെ, തന്നിലെ പെണ്ണാണല്ലോ ഇല്ലാതാവുന്നതെന്നോര്‍ക്കുമ്പോള്‍..... അതിനേക്കാളേറെ ഒരു കീഹോള്‍ സര്‍ജ്ജറിയെന്ന ഡോക്ടറുടെ വാക്കുകളാണ് വല്ലാതെ പേടിപ്പിക്കുന്നത്. എന്നും ജീവിതത്തില്‍ പ്രശ്നമായിരുന്നിട്ടുള്ളത് കീഹോളുകളായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു.

ലൗലി ക്രിസ്റ്റഫര്‍
ജനനം
: 10-12-1986
മരണം
: ...............??

നീ വിട്ടുപിരിഞ്ഞ വേദനയില്‍ തകര്‍ന്ന മനസ്സുമായി ഈ വലിയ ലോകത്ത് (ആന്‍ റോസിനോടൊപ്പം) നിന്റെ ക്രിസ്റ്റഫര്‍ - വിലകൂടിയ മാര്‍ബിള്‍ ശിലയില്‍ കൊത്തിവെക്കപ്പെട്ടാക്കാവുന്ന വാക്കുകള്‍.....!!

ഹും! തന്റെ മരണത്തില്‍ വേദനിച്ച് കഴിയുന്ന പാവം ഭര്‍ത്താവ്!! അവള്‍ക്ക് തന്നോട് തന്നെ പുച്ഛം തോന്നി.. അതല്ലെങ്കിലും പിന്‍‌തിരിഞ്ഞ് നോക്കിയാല്‍ ലൗലിക്ക് സ്വന്തം ജീവിതത്തോട് എന്നും പുച്ഛമേ തോന്നിയിരുന്നുള്ളൂ..

നമുക്കൊരു കീഹോള്‍ ശസ്ത്രക്രിയയിലൂടെ.... - ഡോക്ടറുടെ വാക്കുകള്‍ വീണ്ടും ചെവിയില്‍ വന്ന് പ്രതിധ്വനിച്ചു.

വേണ്ട.. ഡോക്ടര്‍. അത് മാത്രം വേണ്ട.. ഡോക്ടര്‍ എന്നെ കീറിമുറിച്ചോളൂ.. എന്നാലും കീഹോള്‍ പ്രയോഗം വേണ്ട.. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോളും അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു. ജീവിതത്തിന്റെ എല്ലാ സുപ്രധാന വഴിത്തിരിവുകളിലും കീഹോളുകളുകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നത് അവളില്‍ വിസ്മയത്തോടൊപ്പം അലോസരമുണര്‍ത്തുകയും ചെയ്തു.

1995 - ഹേമന്തം

അമ്മയോടൊപ്പം ഒരു വലിയ വീട്ടില്‍ കഴിഞ്ഞുകൂടിയിരുന്ന കുഞ്ഞുന്നാളുകള്‍..... സമുദായത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പുകളെ അവഗണിച്ച് പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനാല്‍ വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും അനഭിമിതനായി ജീവിതപ്രാരാബ്ദങ്ങളും ചുമന്ന് പ്രവാസത്തിലേക്ക് കൂടണഞ്ഞ് , ഒരു വാശിപോലെ പണവും പ്രതാപവും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടിയിരുന്ന അച്ഛന്റെ തണല്‍ ഇല്ലാതെ ഒരു വലിയ വീട്ടില്‍ അമ്മയോടൊപ്പം... പ്രാരാബ്ദങ്ങളുടെ പുഴുക്കം നിറഞ്ഞ ഇടുങ്ങിയ ഇടനാഴികളില്‍ നിന്നും സമ്പത്തിന്റെ കുളിര്‍മ്മ നിറഞ്ഞ വിശാലമായ അകത്തളങ്ങളിലേക്ക് ജീവിതം പറിച്ചുനടപ്പെട്ട ആ നാളുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ലൗലി. ഏവര്‍ക്കും മുന്‍പില്‍ തലയുയര്‍ത്തി തന്നെ ജീവിക്കണം എന്ന ചിന്ത അധികരിച്ചപ്പോള്‍ അച്ഛന്‍ വീടിനെ മറന്നു തുടങ്ങിയിരുന്നു. അമ്മയെയും കുഞ്ഞിനെയും മറന്നിരുന്നു. ആരോടും സഹായം തേടാന്‍ കഴിയാതെ, എല്ലാവരെയും ഭയന്ന് കഴിഞ്ഞത് കൊണ്ടാവാം ചെറിയ അപശബ്ദങ്ങള്‍ പോലും അമ്മയെയും മോളേയും വല്ലാതെ ഭയപ്പെടുത്തി. പാഠ്യവിഷയങ്ങള്‍ക്ക് ട്യൂഷനെടുക്കുവാന്‍ വീട്ടിലെത്തിയിരുന്ന മാസ്റ്ററും പിന്നെ കീഹോളുകളിലൂടെ അരിച്ചെത്തുന്ന നുറുങ്ങു കാഴ്ചകളും മാത്രമായിരുന്നു പെട്ടന്ന് ഇരുട്ടുവീണു തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ പുറം‌ലോകവുമായി ആ വീടിനുണ്ടായിരുന്ന ബന്ധം.

1996 - ശിശിരം

ഹോം വര്‍ക്കുകള്‍ തെറ്റിച്ചതിന് ട്യൂഷന്‍ മാസ്റ്ററുടെ പക്കല്‍ നിന്നും ഒത്തിരി വഴക്ക് കേട്ട് ഏങ്ങി കരഞ്ഞ ദിവസം. കരച്ചിലിന്റെ ആക്കം ഒന്ന് കുറഞ്ഞപ്പോള്‍ അപ്പുറത്ത് അമ്മയുടെ മുറിയില്‍ നിന്നും മാഷുടെ പതിഞ്ഞ ശബ്ദം കേട്ടാണ് അടഞ്ഞ വാതിലിന്റെ താക്കോല്‍പഴുതിലൂടെ അകത്തേക്ക് നോക്കിയത്. കണ്ട കാഴ്ച വീണ്ടും കരച്ചിലിന്റെ ആക്കം കൂട്ടിയത് ഓര്‍മ്മയുണ്ട്. ഹോം വര്‍ക്ക് തെറ്റിച്ചതില്‍ തന്നോടുള്ള കലി അടങ്ങാതെ തനിക്ക് പകരം അമ്മയെ ശിക്ഷിക്കുന്ന മാഷിനെ കണ്ടപ്പോള്‍ കരഞ്ഞുപോയി. തനിക്ക് വേണ്ടി മാഷില്‍ നിന്നും ശിക്ഷകള്‍ ഏറ്റുവാങ്ങുന്ന അമ്മയോട് അപ്പോള്‍ ഒത്തിരി സ്നേഹം തോന്നി. എന്തോ പറഞ്ഞ് മാഷെ പിന്തിരിപ്പിക്കുവാന്‍ അമ്മ ശ്രമിക്കുന്നുണ്ട്. പാവം! തനിക്ക് വേണ്ടി... പക്ഷെ, ഇത്രയേറെ ഉപദ്രവിച്ചിട്ടും അമ്മ കരയുന്നില്ലല്ലോ.. !?

മാഷ് തല്ലിയപ്പോള്‍ അമ്മക്ക് ഒത്തിരി വേദനിച്ചോ? ഇനി മോള് ഹോം‌വര്‍ക്ക് തെറ്റിക്കൂല്ലാട്ടോ എന്ന്‍ പറഞ്ഞ് രാത്രിയില്‍ അമ്മയോട് ചേര്‍ന്നുകിടക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ്മയത്തോടെ ഒന്നു നോക്കിയിട്ട് വേദനകൊണ്ടാവും ചുണ്ടുകള്‍ കൂട്ടികടിച്ച് അമ്മ കമിഴ്ന്ന് കിടന്നു.. അങ്ങിനെയാണ് ഹോം വര്‍ക്കുകള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ തുടങ്ങിയത്. പക്ഷെ എന്നിട്ടും എന്തെങ്കിലുമൊക്കെ തെറ്റുകള്‍ കണ്ടെത്തി മാഷ് ശിക്ഷിക്കുമായിരുന്നു.. കരച്ചില്‍ തുടങ്ങുമ്പോഴേക്കും അമ്മ ഇടപെടുകയും അങ്ങിനെ അന്നേ ദിവസത്തെ ട്യൂഷന്‍ അവസാനിക്കുകയും തനിക്കുള്ള ശിക്ഷകള്‍ അമ്മക്ക് പകുത്ത് നല്‍കുകയും എന്ന പ്രക്രിയ തുടര്‍ന്നു വന്നു. അതോടെ അമ്മയെ തല്ലുകൊള്ളിക്കാതിരിക്കുവാനായി മാഷ് ശിക്ഷിക്കുമ്പോള്‍ കരയാതായി. എന്നിട്ടും എത്രയോ വട്ടം തന്നെ തല്ലിയിട്ടും മതിവരാതെ മാഷ് അമ്മയെ ശിക്ഷിക്കുന്നത് കീഹോളിലൂടെ കണ്ടിരിക്കുന്നു. വേദന സഹിക്കാനാവാതെയാവും പാവം അമ്മ ചിലപ്പോഴൊക്കെ കട്ടിലിലേക്ക് വീണുപോവാറുണ്ട്. എന്നിട്ടും ദ്വേഷ്യം തീരാതെ മാഷ് അമ്മയുടെ മേലേക്ക്.. അപ്പോഴും വേദനകടിച്ച് പിടിച്ച് അമ്മ പുഞ്ചിരിക്കുന്നത് കീഹോളിലൂടെ ലൗലിമോള്‍ കണ്ടിട്ടുണ്ട്. പാവം അമ്മ!! തനിക്കുവേണ്ടി.. അതുകൊണ്ടാണ് അതുകൊണ്ടുമാത്രമാണ് ആ മാഷിന്റെ ട്യൂഷന്‍ ഇനി വേണ്ടെന്ന് അച്ഛനോട് ഫോണില്‍ പറഞ്ഞത്. അന്ന് വൈകുന്നേരം എത്ര തല്ലാന്നോ ലൗലിമോള്‍ക്ക് കിട്ടിയത്!!

2002 – വസന്തം

പൊട്ടിത്തെറികളുടേയും മദ്ധ്യസ്ഥതയുടേയും ഒത്തുതീര്‍പ്പുകളുടേയും ദിവസങ്ങളായിരുന്നു പിന്നീടുള്ള കുറേ നാളുകള്‍. പ്രവാസത്തിന്റെ മുള്‍‌വേലികള്‍ പറിച്ചെറിഞ്ഞ് അച്ഛന്‍ അപ്പോഴേക്കും തിരികെ കൂടണഞ്ഞിരുന്നു . എല്ലാവരും സ്വന്തമായി ഒരോ തുരുത്തുകള്‍ നിര്‍മ്മിച്ച് അതിലേക്ക് ഒതുങ്ങിക്കൂടി. ഇടക്കിടെ ചെറിയ ചെറിയ ഉരുള്‍പൊട്ടലുകള്‍ അവരുടെ മുറിയില്‍ ഉരുണ്ടുകൂടുമ്പോള്‍ കീഹോളിലൂടെ പീപ്പ് ചെയ്യുക ഒരു ശീലമായി. മകള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞുള്ള ഒത്തുതീര്‍പ്പുകള്‍ക്കൊടുവിലും കാലം തന്നില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിക്കുവാന്‍ അവര്‍ ആകുലപ്പെട്ടില്ല. ഈ ലോകത്ത് തനിച്ചാണെന്ന തോന്നല്‍ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അവന്റെ വരവ് വല്ലാത്ത ആശ്വാസമായിരുന്നു.!! ക്ലാസ്മേറ്റ്.. മിടുക്കന്‍... സുന്ദരന്‍... കാര്യവിവരമുള്ളവന്‍. അവനോടായിരുന്നു എല്ലാം പങ്കുവെച്ചിരുന്നത്. ദിവസങ്ങള്‍ അവനില്‍ തുടങ്ങി അവനില്‍ അവസാനിക്കണമെന്ന് ആഗ്രഹിച്ച നാളുകള്‍.

മറ്റൊരു കുട്ടിയുടെ സ്വകാര്യതയിലേക്ക് പീപ്പ് ചെയ്തതിന് ടീച്ചര്‍ ശാസിക്കുമ്പോഴായിരുന്നല്ലോ ആദ്യമായി താനവനെ ശ്രദ്ധിച്ചതെന്ന് ലൗലി ഓര്‍ത്തു. ഒരേ തൂവല്‍ പക്ഷിയാണെന്ന തോന്നല്‍!! പിന്നെ കുറച്ച് കാലത്തേക്ക് അവനായിരുന്നു എല്ലാം. അവന്‍ പറയുന്നതായിരുന്നു വേദം. തന്റെ ഏകാന്തതയിലേക്ക് അവന്‍ സ്വയം നുഴഞ്ഞുകയറിയതോ അതോ ക്ഷണിച്ചു കയറ്റിയതോ?! ആഴങ്ങളിലും പരപ്പുകളിലും പരസ്പരം ലയിച്ചു ചേര്‍ന്ന നാളുകള്‍. ജീവിതത്തില്‍ അത് വസന്തകാലമായിരുന്നു.. ഋതുക്കളില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന വസന്തം.

2004 – ഗ്രീഷ്മം

പോലീസുകാരുടെ അശ്ലീലം ചുവക്കുന്ന നോട്ടവും സംസാരവുമൊന്നും തീരെ വേദനയുണ്ടാക്കിയില്ല. പക്ഷെ, ഇവളെ ഒരു ദിവസത്തേക്ക് വിലക്കെടുത്തതാണെന്ന് അവന്‍ പറഞ്ഞപ്പോള്‍... സത്യത്തില്‍ അതായിരുന്നു വല്ലാതെ തകര്‍ത്തുകളഞ്ഞത്!! തന്റെ സ്വകാര്യതകളെ അവന്‍ ചൂടുപിടിപ്പിക്കുന്നത് ഇതാദ്യമായല്ലല്ലോ? എന്നിട്ടും അവന്‍..

അവര്‍ - പോലീസുകാര്‍ - വരുമ്പോള്‍ ആ വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍ ഉണ്ടായിരുന്നു. ലൗലി ഓര്‍ത്തെടുത്തു.

അവനോടൊത്ത് ആ വീട്ടില്‍ ഇതാദ്യമൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ തീരെ ഭയവും തോന്നിയില്ല. എന്തിന് ഭയക്കണം! ഒരുമിച്ച് ജീവിക്കേണ്ട വീട്. ആ വീടിനോട് സ്വന്തം വീടിനോടുള്ളതിനേക്കാള്‍ ഇഷ്ടമായിരുന്നു.. അവന്റെ വിളിയെത്തിയപ്പോള്‍ നുണകളുടെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ച് അവനരികിലേക്ക് പറക്കുകയായിരുന്നല്ലോ... അവനുമൊത്തുള്ള സന്തോഷങ്ങള്‍ക്കിടയില്‍ ചില നിഴലനക്കങ്ങള്‍ മുറിക്കുള്ളില്‍ കണ്ടപ്പോള്‍... ഒരു താക്കോല്‍ദ്വാരത്തിന്റെ മാത്രം വലിപ്പമുള്ള ഒളിക്യാമറയില്‍ തന്റെയും അവന്റെയും രഹസ്യങ്ങള്‍ ആ നിഴല്‍‌രൂപങ്ങള്‍ ഒപ്പിയെടുത്തെന്ന് തിരിച്ചറിഞ്ഞപ്പോള്‍... അതിനു ശേഷം... ആ നിഴലുകള്‍ തന്റെമേല്‍ ഭാരമായി അമര്‍ന്നപ്പോള്‍.... അപ്പോള്‍ മാത്രം പകച്ചു പോയി. അവന്റെ ആശ്വാസവാക്കുകളില്‍ എല്ലാം മറക്കുകയായിരുന്നു.. ആശ്വസിപ്പിച്ച അതേ നാവുകൊണ്ട് തന്നെ അവന്‍ തള്ളിപറയുമെന്ന് ചിന്തിക്കാതിരുന്നത് പ്രായത്തിന്റെ വങ്കത്തം. അല്ലെങ്കില്‍ സമീപവാസികളുടെ കൂര്‍ത്ത നോട്ടങ്ങളെ അവഗണിച്ച് അവനരികിലേക്ക്.... ആ വീട്ടിലേക്ക് ഓടിയണഞ്ഞിരുന്നത് തന്നെ വങ്കത്തമായിരുന്നല്ലോ! അവിടെ ഇത്തരം രംഗങ്ങള്‍ പതിവായിരുന്നെന്നും തെളിവ് സഹിതം പിടിക്കുവാനായി സമീപവാസികള്‍ കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് സ്റ്റേഷനില്‍ വെച്ച് കേട്ടപ്പോള്‍ തകര്‍ന്നു പോയി.

ആരുടെയോ ഒരു ഫോണ്‍ കോളില്‍ കൈമറിഞ്ഞു തീര്‍ന്നത് പ്രവാസത്തിന്റെ പൊള്ളലേറ്റ കുറേ നോട്ടുകെട്ടുകളായിരുന്നു.. പത്രക്കാര്‍ക്ക്... പോലീസുകാര്‍ക്ക്.... നാട്ടുകാരില്‍ ചിലര്‍ക്ക്.. മകള്‍ക്ക് നഷ്ടമായതെല്ലാം കുറേ കടലാസുകഷണങ്ങള്‍ കൊണ്ട് വീണ്ടെടുക്കുവാന്‍ അച്ഛന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ മനസ്സ് ചുട്ടുപൊള്ളി.

പിന്നീട് എല്ലാം പെട്ടന്നായിരുന്നു. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ജനന സര്‍ട്ടിഫിക്കറ്റിലെ ഏതാനും ചില മാസക്കണക്കുകളുടെ പിന്‍‌ബലത്തില്‍ ഫസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ 'സാധനം' 'സാക്ഷി'യാവുന്നതും 'കസ്റ്റമേര്‍സ്' 'പ്രതി'കളാവുന്നതും എല്ലാം നിര്‍‌വികാരമായി കണ്ടു നിന്നു. കറന്‍സി നോട്ടുകള്‍ക്ക് മേല്‍ കറുത്ത വസ്ത്രമണിഞ്ഞ വക്കീലന്മാര്‍ കടവാവലുകള്‍ പോലെ തൂങ്ങിക്കിടന്നു. കനം കുറവിനാല്‍ വിള്ളലേറ്റ പെണ്‍ഭിത്തി ഗാന്ധിയുടെ ഒറ്റമുണ്ടിലെ കഞ്ഞിപ്പശയുടെ ബലത്തില്‍ വീണ്ടും കെട്ടിയുയര്‍ത്തപ്പെട്ടു. ഏതൊ സിമന്റ് കമ്പനിക്കാരുടെ പരസ്യവാചകം പോലെ വിള്ളലോ പോറലോ ഏല്‍ക്കാത്ത ഭിത്തിയെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ പെണ്‍ഭിത്തി പൊട്ടിയൊഴുകിയ ചോരത്തുള്ളികള്‍ സ്വന്തം സത്വത്തെ അന്വേഷിച്ച് പരന്നൊഴുകി. അധികമാരുമറിയാതെ , പത്രങ്ങളില്‍ വാര്‍ത്തയാവാതെ കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തപ്പോഴേക്കും കടുത്ത ചൂടില്‍ മാതാപിതാക്കള്‍ക്കിടയിലെ മഞ്ഞുരുകിയെങ്കിലും തന്റെ ഉള്ള് ചൂടുപിടിച്ചിരുന്നു.

2008 – വര്‍ഷം

ഡോക്ടര്‍മാര്‍, മരുന്നുകള്‍, സെഡേറ്റീവുകള്‍..... ഒന്നും ഓര്‍ത്തെടുക്കുവാന്‍ കഴിയാതെ ഭ്രാന്തമായ മനസ്സുമായി കുറേ നാളുകള്‍! തന്റെ മുറിക്ക് ഒരു ഹോസ്പിറ്റലിന്റെ മണമായിരുന്നു.. ആ ദിവസങ്ങള്‍ ഇന്നും പേടിപ്പെടുത്തുന്നു.. ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ ചുട്ടുപഴുത്ത മനസ്സുമായി പുറംലോകം കാണാതെ ഭ്രാന്തുപിടിച്ച കുറേ നാളുകള്‍... കീഹോളുകളില്‍ കൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍ വരെ തന്നെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് പിന്നീടെപ്പോഴോ ക്രിസ്റ്റഫര്‍ പറഞ്ഞത്.

ക്രിസ്റ്റഫര്‍. ?

വന്യമായ ഉപദ്രവങ്ങള്‍ സഹിക്കാനാവാതെ ഹോംനേര്‍ഴ്സുകള്‍ ഓരോരുത്തരായി വീടുവിട്ടപ്പോഴാണ് ഏതോ കൊച്ചു മാനസീകാരോഗ്യകേന്ദ്രത്തിന്റെ ഷോക്ക് റൂമില്‍ അസിസ്റ്റന്റായിരുന്ന അയാള്‍ എത്തിച്ചേര്‍ന്നത്. വീട്ടിലെ ദാരിദ്ര്യം പണത്തിനു വേണ്ടി എന്തൊക്കെ യാതനകള്‍ അനുഭവിക്കുവാനും അയാളെ പ്രാപ്തനാക്കിയിരുന്നു. തന്റെ ശീലക്കേടുകളോട്, ഭ്രാന്തമായ ആക്രമണങ്ങളോട് എല്ലാം അവന്‍ ശാന്തനായി പ്രതികരിച്ചു. ക്രിസ്റ്റഫറിനടുത്ത് മാത്രമായിരുന്നത്രെ താനും ശാന്തയായിരുന്നുള്ളൂ.. അങ്ങിനെയാണ് വക്കീലന്മാരെയും പോലീസുകാരെയും വിലക്കെടുത്തത് പോലെ ക്രിസ്റ്റഫറിനെയും തനിക്കു വേണ്ടി അച്ഛനുമമ്മയും ചേര്‍ന്ന് വിലക്കെടുത്തത്.

തകര്‍ത്തുപെയ്യുന്ന മഴയില്‍ ക്രിസ്റ്റഫറിന്റെ രോമം നിറഞ്ഞ നെഞ്ചില്‍ തലവെച്ച് കിടക്കുമ്പോള്‍ വല്ലാത്ത സുരക്ഷിതത്വബോധം തോന്നിയിരുന്നു. മനസ്സിന്റെ ഉള്ളറകളില്‍ ഉണങ്ങിപ്പിടിച്ചിരുന്ന പായലുകളിലും കറകളിലും സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ നനുത്ത മഴ ഒലിച്ചിറങ്ങി. ആ ചെറുമഴയില്‍ പായലും കറയും കുതിര്‍ന്ന് കുതിര്‍ന്ന് ഇല്ലാതായപ്പോള്‍ ഒരു സുരതത്തിന്റെ സുഖമായിരുന്നു.

2010 – ശരദ്

കാലം വികൃതികള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. അല്ലെങ്കില്‍ എത്ര പെട്ടന്നായിരുന്നു ജീവിതത്തിന് തിരികെ ലഭിച്ച പച്ചപ്പ് കൊഴിഞ്ഞുപോയത്!! സ്വന്തം കുടുംബം ഒരു കരപറ്റി കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി വല്ലാതെ മാറി. ബിസിനസ്സുകളില്‍ ഉണ്ടായ അസൂയാവഹമായ വളര്‍ച്ച കൂടെയായപ്പോള്‍ ഒരിക്കല്‍ കൂടെ തന്റെ ജീവിതം ഊഷരമാവുന്നത് ലൗലി അറിഞ്ഞു.

ആന്‍ റോസ്.. അവള്‍ സുന്ദരിയാണോ? അറിയില്ല. പക്ഷെ ഒന്നറിയാം ഓഫീസിലെ പ്രധാനപ്പെട്ട ഡോക്യുമെന്റ്സിന്റെ അടക്കം ക്രിസ്റ്റഫറിന്റെ ജീവിതത്തിന്റെ താക്കോല്‍ ഇപ്പോള്‍ അവളുടെ പക്കലാണ്. ആരോടും ഒന്നും പറഞ്ഞില്ല. മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞുവീഴുന്നത് കാലത്തിന്റെ വികൃതിയാണല്ലോ!! വീണ്ടും ഒറ്റപ്പെടലിന്റെ നാളുകള്‍.. അനവസരങ്ങളില്‍ ജീവിതത്തിലേക്ക് പലരും നുഴഞ്ഞുകയറ്റം നടത്തിയത് പോലെ തന്നെ ശരീരത്തിന്റെ ഉള്ളറകളിലേക്കും വിധി ചില നുഴഞ്ഞുകയറ്റങ്ങള്‍ നടത്തുന്നു എന്ന തിരിച്ചറിവിലും പിടിച്ചു നില്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നല്ലോ !

വേണ്ട.. ഡോക്ടര്‍. അത് മാത്രം വേണ്ട.. ഡോക്ടര്‍ എന്നെ കീറിമുറിച്ചോളൂ.. എന്നാലും കീഹോള്‍ ശസ്ത്രക്രിയ വേണ്ട.. - ലൗലി പിറുപിറുത്തുകൊണ്ടിരുന്നു.

സമ്മതപത്രം

ഒരു പക്ഷെ ഈ ശരത്ക്കാലത്ത് മരത്തില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു വീണേക്കാം. ഒരു പക്ഷെ മരം തന്നെ നിലം പൊത്തിയേക്കാം. എന്റെ പരിപൂര്‍ണ്ണമായ അറിവോടെയും സമ്മതോടെയുമാണ് ഈ ശരദ് കാലത്തെ ഞാന്‍ വരവേല്‍ക്കുന്നത്.

എന്ന്

വിശ്വസ്തതയോടെ,


പേപ്പറുകളില്‍ ഒപ്പ് വെച്ച് ഓപ്പറേഷന്‍ ടേബിളില്‍ നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍... ഡോക്ടര്‍ ശസ്ത്രക്രിയക്കായി കീറിമുറിക്കേണ്ട ഭാഗങ്ങള്‍ അടിവയറ്റില്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ അനസ്തീഷ്യയുടെ മയക്കത്തിലും ലൗലി പുഞ്ചിരിച്ചു.
Link
ശ്രുതിലയം.നെറ്റ് നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ രചന.