വ്യാഴാഴ്‌ച, ഏപ്രിൽ 22, 2010

ഒരു കുളിര്‍കാറ്റ്

മീൻ മാർക്കറ്റിലേക്ക് പോകും വഴി ആ പഴയ , പൊട്ടിപൊളിഞ്ഞ വീട് കണ്ട് ഒരു നിമിഷം ഞാൻ നിന്നു. എന്തൊകൊണ്ടോ, ആ വഴി പോകുമ്പോളെല്ലാം അറിയാതെ തന്നെ എന്റെ കണ്ണുകൾ ആ ഇടിഞ്ഞ് തുടങ്ങിയ, ചിതലരിച്ച വീടിന്റെ ഉമ്മറക്കോലായിലേക്ക് ഒരു വട്ടമെങ്കിലും പാളിപോവാറുണ്ട്. ആരുടെയോ വിളിക്ക് കാതോർത്ത് ഒരു നിമിഷം ഞാൻ അവിടെ പകച്ച് നിൽക്കാറുണ്ട്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും റോസി എന്ന് പേരുള്ള, “റോസുമ്മഎന്ന് ഞാനുൾപ്പെടെ എല്ലാവരും വിളിച്ചിരുന്ന അമ്മൂമ്മയുടെ ആ വീടിനു മുൻപിൽ എത്തുമ്പോൾ ഇന്നും ഒരു കുളിർക്കാറ്റ് എന്നെ തഴുകാറുണ്ട്.. ഒരു പക്ഷെ, അത് എന്റെ റോസുമ്മ തന്നെയാവാം..


മോനെങ്ങോട്ടാ..വലിയമ്മയുടെ കൈയിൽ തൂങ്ങി മീൻ മാർക്കറ്റിലേക്ക് പോകുമ്പോളെല്ലാം കവിളിൽ തട്ടി റോസുമ്മ ചോദിച്ചു. മറുപടിയായി ചിരിച്ച് കൊണ്ട് വായുവിൽ ഒരു ഉമ്മയും കൊടുത്ത ഞാൻ റോസുമ്മയെ സന്തോഷിപ്പിക്കും. അത് കാണുമ്പോളുള്ള ഉമ്മയുടേ നിറഞ്ഞ ചിരി ഇന്നും മനസ്സിലുണ്ട്. അവർ എന്റെ കവിളിൽ വേദനിപ്പിക്കാതെ വലിക്കും. എനിക്കും അവരുടെ ആ സ്നേഹപ്രകടനങ്ങൾ ഒത്തിരി ഇഷ്ടമായിരുന്നു.


പഠിച്ച് മിടുക്കനാവണംഅവർ വാത്സല്യത്തോടെ എന്നെ തഴുകും. അവരുടെ ചിരി കാണാൻ നല്ല ഭംഗിയാണ്. മുൻ വരിയിൽ താഴെ രണ്ട് പല്ലുകളും മുകളിലെ മൂന്ന് പല്ലുകളുമാണ് എന്റെ ഓർമ്മയിൽ ഉള്ളത്. താഴെയുള്ള രണ്ട് പല്ലുകളും വെറ്റിലക്കറ പുരണ്ട് വികൃതമായിരുന്നു. എങ്കിലും അമ്മൂമ്മയുടെ വായതുറന്നുള്ള ചിരി എനിക്ക് വളരെ ഇഷ്ടമായിരുന്നു.


റോസുമ്മ എന്ന് പറയുമ്പോൾ ഒരു പടുകിളവി ഒന്നുമല്ല കേട്ടോ.. ഞാൻ പഠിക്കുന്ന കാലത്ത് ഒരു അറുപത് അറുപത്തഞ്ച് വയസ്സ് പ്രായം കാണും. ഞാൻ ഉമ്മയെ കാണാൻ തുടങ്ങിയ കാലം മുതൽ വാലുവച്ച ഒരു മുണ്ടും ഒട്ടിയ വയറിന്റെ തൂങ്ങലുകൾ പുറത്ത് കാണാവുന്ന ഒരു റൌകയും വേഷം. രണ്ടും മുഷിഞ്ഞ്, അഴുക്ക് പുരണ്ട് വൃത്തികേടായിരിക്കും. തലമുടി പിന്നിൽ ഒരു കുഞ്ഞ് ഉണ്ട പോലെ കെട്ടിവച്ചിട്ടുണ്ടാവും. കുളിക്കുന്ന പതിവ് ആദ്യകാലത്തൊക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എനിക്ക് ഓർമ്മ വച്ചതിന് ശേഷം മുഷിഞ്ഞ വേഷത്തോടെയും, ജടപിടിച്ച മുടിയോടെയും മാത്രമേ ഞാൻ ഉമ്മയെ കണ്ടിട്ടുള്ളൂ. കൈയിൽ സന്തത സഹചാരിയായി ഒരു കാലൻ കുടയുണ്ടാവും. അതിന്റെ ശീല നരച്ച്, നരച്ച് ചാരനിറമായിരുന്നു. ഉമ്മ നടന്ന പോകുമ്പോൾ പലവട്ടം ഞാൻ പിന്നിൽ നിന്നും മുണ്ടിന്റെ വാലിൽ പിടിച്ച് വലിച്ചിട്ടുണ്ട്. എന്റെ പൊട്ടിച്ചിരിയിൽ ഉമ്മ എന്നും നിറഞ്ഞ് ചിരിക്കുന്നതേ എന്റെ ഓർമ്മയിൽ ഉള്ളൂ. എന്തോ, ഞാനുമായുള്ള സൌഹൃദമാകാം എന്റെ അച്ഛനും അമ്മക്കും അവരെ വലിയ കാര്യമായിരുന്നു.


എടാ കള്ളകുറുമ്പാ... നീ ഏത് ക്ലാസിലാ?” എപ്പോൾ കണ്ടാലും റോസുമ്മ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു അത്.


നാലാം ക്ലാസിലാ അമ്മൂമ്മേഅഭിമാനത്തോടുള്ള എന്റെ മറുപടി


ഇത് വരെ നാലിലേ ആയുള്ളൂ.. വേഗം വേഗം പഠിക്ക്. മോൻ വലിയ ജോലിക്കാരനാകുമ്പോൾ ഉമ്മക്ക് നിറയെ പൈസ തരണോട്ടോ” - ഈ ഒരു കാര്യത്തിലേ എനിക്ക് ഉമ്മയോട് ദ്വേഷ്യമുണ്ടായിരുന്നുള്ളൂ. ഉമ്മയുടെ വേഗം വേഗം പഠിക്ക് എന്നുള്ള പറച്ചിൽ കേൾക്കുമ്പോൾ . അന്നേരം എനിക്ക് സങ്കടം വരും. വീട്ടിൽ വന്ന് അമമയോട് പറഞ്ഞ് ഒച്ചവെക്കും. ഇനി ഉമ്മയോട് മിണ്ടില്ല എന്ന് തീരുമാനിക്കും. പക്ഷെ, അടുത്ത പ്രാവശ്യം കാണുമ്പോൾ ഞാൻ വീണ്ടും ഉമ്മയുടെ പഴയ കള്ള കുറുമ്പനാകും.


അന്നൊക്കെ ഞാനുമായുള്ള ഉമ്മയുടെ കളിചിരി കണ്ടിട്ട് വല്ലപ്പോഴുമൊക്കെ അച്ഛൻ അവർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കുമായിരുന്നു. അവർക്ക് അതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. ഒത്തിരി കാശ് അവരുടെ മരിച്ചുപോയ ഭർത്താവ് അവർക്കായി മാറ്റി വച്ചിട്ടുണ്ടായിരുന്നു. മക്കളില്ലാതിരുന്ന ഉമ്മ അതെല്ലാം ആർക്കും കൊടുക്കാതെ ഭർത്താവ് തന്ന നിധി എന്ന് പറഞ്ഞ് കാത്ത് വച്ചു. ആരെങ്കിലും അതിൽ നിന്നും എന്തെങ്കിലും എടുക്കുമെന്ന് ഭയന്ന് അവർ കുറേ കാശ് പറമ്പിൽ കുഴിച്ചിട്ടു. പിന്നീട് അത് തിരഞ്ഞിട്ട് കാണാതെ അതിലേ പോകുന്നവരെ മുഴുവൻ ചിത്തവിളിച്ചു. സഹികെട്ട ആളുകൾ അവരെ പിടിച്ച് കെട്ടിയിട്ടു.


അമ്മൂമ്മയുടെ കൂട്ട് ആ നരച്ച കുടയും ഒരു ചാവാലി പട്ടിയുമായിരുന്നു. ഇവ രണ്ടുമില്ലാതെ അമ്മൂമ്മയെ ഞാൻ കണ്ടത് അവർ മരിച്ച് കിടന്നപ്പോൾ മാത്രമാണ്. അവരുടെ മരണം.. ഇന്നും അത് ഓർക്കുന്നു. എനിക്ക് ജോലി കിട്ടിയ ശേഷം അന്നായിരുന്നു വർഷങ്ങൾക്ക് ശേഷം ഞാൻ അമ്മൂമ്മയെ കാണുന്നത്. വീട്ടിൽ പുട്ടിയിട്ട ശേഷം അമ്മൂമ്മയുടെ അരികിലേക്കൊന്നും ആരും പോകുമായിരുന്നില്ല. അവരുടെ സ്വന്തക്കാർ പോലും. അവർക്ക് ഒരനുജത്തിയും അവരുടെ മകനും ഭാര്യയും അവരുടെ മകളുമാണ് ആകെ സ്വന്തക്കാരായി ഉണ്ടായിരുന്നത്. അവരെപോലും അമ്മൂമ്മ പറമ്പിലേക്കൊന്നും അടുപ്പിച്ചിരുന്നില്ല.. തന്റെ ഭർത്താവിന്റെ സ്വത്ത് അടിച്ച് മാറ്റാനാ ഇവരൊക്കെ വരുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം. ആ പറമ്പിൽ ആകെ പ്രവേശനം കുട്ടികൾക്ക് മാത്രമായിരുന്നു. .പക്ഷെ, എന്തോ ഭയമാകാം ഒറ്റ കുട്ടികൾ അവിടേക്ക് കടക്കില്ലായിരുന്നു. അനുജത്തിയുടെ മകന്റെ കുട്ടിപോലും പേടിച്ച് ഉമ്മ വിളിച്ചാലും പോകില്ലായിരുന്നു.


അവർ മരിച്ചപ്പോൾ അതുകൊണ്ട് തന്നെ ബന്ധുക്കളും പള്ളീക്കാരുമൊന്നും അവരുടെ ശരീരം ഏറ്റെടുക്കാൻ തയ്യാറായില്ല.. വലിയ ഒച്ചപാടായിരുന്നു അന്ന് അവിടെ. ജീർണ്ണിച്ച ശരീരത്തിന് മുൻപിൽ നിന്ന് സ്വത്തിന്റെ കാര്യത്തിൽ കടിപിടി കൂടുന്ന ബന്ധുക്കളേയും പള്ളിക്കമ്മറ്റിക്കാരെയും കണ്ട് ഞാനൊക്കെ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അന്നേരം ആരും പ്രതീക്ഷിക്കാതെ അവരുടെ ഭർത്താവിന്റെ പഴയ ചങ്ങാതിയായ നാട്ടിലെ അറിയപ്പെടുന്ന വക്കീൽ റോസുമ്മയുടെതെന്ന് പറയപ്പെട്ട ഒരു വില്പത്രവുമായി അവിടേക്ക് വന്നത്. ആദ്യം പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുറേ വാദ പ്രദിവാദങ്ങൾക്ക് ശേഷം എല്ലാവരും ആ വില്പത്രം വായിച്ച് കേൾക്കാൻ തെയ്യാറായി.. സത്യത്തിൽ ഈച്ചയാർത്തുതുടങ്ങിയ ആ ശവത്തിന്റെ മുൻപിൽ പള്ളികമറ്റിക്കാരും ബന്ധുക്കളും വില്പത്രം വായിക്കുന്നത് കേൾക്കാൻ ഇരിക്കുന്നത് കണ്ടിട്ടാവാണം അമ്മൂമ്മയുടെ പട്ടി ഒന്ന് മുരണ്ടു.


പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട്, അമ്മൂമ്മ തന്റെ സ്വത്തുക്കൾ മുഴുവൻ രണ്ടായി പകുത്ത് പകുതി അനുജത്തിയുടെ മകന്റെ മകളുടെ പേരിലും ബാക്കി പള്ളിവക അനാഥാലയത്തിലെ കുട്ടികൾക്കുമായി എഴുതിവച്ചിരിക്കുന്നു എന്ന് കേട്ട് അവിടെ കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. പിന്നീട് അവരെ അടക്കം ചെയ്യാനുള്ള ആവേശകരമായ മത്സരം അവിടെ നടന്നു. പക്ഷെ അപ്പോളേക്കും അടുക്കാന്‍ കഴിയാത്ത വിധം ആ ശരീരം അളുത്തുതുടങ്ങിയിരുന്നു. ഒടുവില്‍ കര്‍മ്മങ്ങള്‍ പലതും ഒഴിവാക്കി എങ്ങിനെയൊക്കെയോ ശവശരീരം മറവ് ചെയ്ത് ചടങ്ങ് കഴിക്കുകയായിരുന്നു.


മോനേ“ - സ്നേഹത്തോടെയുള്ള, നിറഞ്ഞ മനസ്സോടെയുള്ള ആ വിളി ഒരിക്കൽ കൂടി ഞാൻ കേട്ടുവോ.. എന്തോഎന്നൊരു മറുപടി തൊണ്ടയിൽ വരെയെത്തിയെങ്കിലും, എല്ലാം എന്റെ വെറും തോന്നലാണെന്ന് മനസ്സിലായപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇന്നും അമ്മൂമ്മക്ക് ജോലികിട്ടിയതിന്റെ സമ്മാനമായി ഒന്നും കൊടുക്കാൻ കഴിയാത്ത വിഷമം എനിക്ക് ബാക്കിയാണ്. കൊടുത്ത് വീട്ടാൻ കഴിയാതിരുന്ന ആ കടം ഇന്നും ഒരു നഷ്ടബോധം പോലെ മനസ്സിലുണ്ട്. .ആ വീടിനടുത്ത് കൂടെ പോകുമ്പോളേല്ലാം മോനെ എന്നുള്ള വിളി ഒരു കുളിര്‍കാറ്റ് പോലെ എന്നെ തഴുകാറുണ്ട്..

തിങ്കളാഴ്‌ച, ഏപ്രിൽ 12, 2010

തേജസ്‌ പുഴ മാഗസിനില്‍ ...

തേജസിൽ കുറച്ച് നാളുകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഹോളോബ്രിക്സിൽ വാർത്തെടുത്ത ദൈവം!!!“ എന്ന കഥ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഇനിയും എനിക്കുണ്ടാവുമെന്നുള്ള വിശ്വാസത്തോടെ..

പുഴ മാഗസിനിലെ കഥയുടെ പേജിലേക്ക് ഇതിലേ പോകാം...
വഴി
പോയാൽ തേജസിലെ ഒർജിനൽ പോസ്റ്റ് വായിക്കാം....



വിഷു ശം







വെള്ളിയാഴ്‌ച, ഏപ്രിൽ 09, 2010

പ്രണയ വര്‍ണ്ണങ്ങള്‍

നിന്നെ കാണാതെ

നിന്നോട് മിണ്ടാതെ

എത്രനാൾ പ്രിയസഖീ

കാത്തിരുന്നു.

വീണ്ടും

എത്രനാൾ പ്രിയസഖീ

കാത്തിരിക്കും

വിജനമാം വീഥിയിൽ

നിൻ പദ നിസ്വനം

ഒരു മാത്ര, ഞാനൊന്ന് കേട്ടുവെങ്കിൽ.


അകലെയെൻ തോഴീ- നീയറിയാതെയെന്നുള്ളിൽ

അരുമകിടാവായി അനുദിനമെപ്പോഴും

ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി..

ആദിനമീദിനമെന്നുമെപ്പോഴും


ഒരു കുഞ്ഞുതാളമായ്.. രാഗമായ്

സ്നേഹരാഗ പിയൂഷമായ്


ഒരു കുഞ്ഞുകാറ്റിന്റെ ഗന്ധമായ് നീയെന്നും

തഴുകി പുണർന്നെന്നെ അറിയാതെ പിരിയുമ്പോൾ

ആത്മ ദു:ഖങ്ങളൊക്കെയുണർന്നു വിരിയുമ്പോൾ

പ്രിയേ, അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയി

വെള്ളിയാഴ്‌ച, ഏപ്രിൽ 02, 2010

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം:ഫ്രാൻസിസ് ഇട്ടിക്കോര

രചയിതാവ് : ടി.ഡി.രാമകൃഷ്ണൻ

പ്രസാധനം : ഡി.സി. ബുക്സ്


പേശാമടന്തക്കും തത്തക്കുട്ടിക്കും വായനാനുഭവങ്ങൾക്കും ശേഷം വീണ്ടും ഒരു പുസ്തകത്തെ നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകം.. ടി.ഡി.രാമകൃഷ്ണന്റെ "ഫ്രാൻസിസ്‌ ഇട്ടിക്കോര.."


ആദ്യമേ തന്നെ ഈ പുസ്തകം എനിക്ക്‌ പരിചയപ്പെടുത്തിയ ബ്ലോഗർ കുമാരനുള്ള നന്ദി ഞാൻ ഇവിടെ അറിയിക്കട്ടെ.. എന്റെ 2009 ചില വായനാനുഭവങ്ങൾ എന്ന പോസ്റ്റിൽ കുമാരന്റേതായി ലഭിച്ച ഒരു കമന്റായിരുന്നു ഇത്തരം ഒരു പുസ്തകം മലയാളത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കിയത്‌. കുറച്ച്‌ നാളുകളുടെ തിരച്ചിലിനൊടുവിൽ ഡി.സി.ബുക്സിന്റെ എറണാകുളം അന്താരാഷ്ട്രാ പുസ്തകോൽസവത്തിൽ നിന്നും ഞാൻ ഈ പുസ്തകം കണ്ടെത്തി. വായനയുടെ ഇടയിലുള്ള എന്റെ പല സംശയങ്ങളും തേടി പിടിച്ച്‌ ദൂരീകരിച്ച്‌ തന്നതിനും കൂടി കുമാരനു ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.. പുസ്തകത്തിന്റെ മുഴുവൻ വായനക്ക്‌ ശേഷം എനിക്ക്‌ പറ്റുന്ന രീതിയിൽ ഇത്‌ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിക്കണം എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു.. കാരണം വേറിട്ട കാഴ്ചപാടുകൾ / സമീപനങ്ങൾ അംഗികരിക്കപ്പെടേണ്ടത് തന്നെയാണെന്ന സത്യം..


വളരെ മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും , സ്ഥിരമായി നമ്മൾ കാണുന്ന ചട്ടകൂടുകളിൽ നിന്നും എന്തോ വ്യത്യാസം ഫ്രാൻസിസ് ഇട്ടിക്കോര എന്ന ഈ പുസ്തകത്തിൽ വരുത്താൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്. തന്റേത്‌ മാത്രമായ ഒരു ഭാവനാസൃഷ്ടിയെ ചരിത്രവും കുറെ മിത്തുകളുമായി അതിമനോഹരമായി തന്നെ ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സന്നിവേശിപ്പിച്ചിരിക്കുന്നു.. ഒരു നിശ്ചിത ഭൂവിഭാഗത്തിലോ വൻകരയിലോ തന്നെ ഒതുങ്ങുന്നില്ല ഇതിലെ കഥയും കഥാപാത്രങ്ങളും. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളും വിരൽതുമ്പിലേക്ക് ആവാഹിക്കാൻ ശേഷിയുള്ള പുതിയ വിവരസാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് ഇട്ടിക്കോര മുന്നോട്ട് പോകുന്നതെന്നത് ഒരു നല്ല കാര്യമാണ്. കുറേ വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ സ്വന്തം മുകുന്ദൻ “നൃത്തം” എന്ന നോവലിൽ പരീക്ഷിച്ച് വിജയം കണ്ട ഒരു ഫോർമാറ്റാണെങ്കിലും അതിൽ നിന്നും തുലോം വ്യത്യസ്തമാണ് രാമകൃഷ്ണൻ ഒരുക്കിയ ഈ ചട്ടകൂട്.


ഫ്രാൻസിസ്‌ ഇട്ടിക്കോര എന്ന പേരിൽ പണ്ട്‌ കേരളത്തിലെ കുന്നംകുളത്ത്‌ ജീവിച്ചിരുന്നതും പിന്നീട്‌ യൂറോപ്പിലേക്ക്‌ കുടിയേറിയതുമായ ഒരു കുരുമുളക്‌ വ്യാപാരിയെ ചുറ്റിപറ്റിയാണ് ഇതിന്റെ കഥ മുന്നോട്ട്‌ പോകുന്നത്‌. ഒരു പരിധിവരെ വായനക്കിടയിൽ ഇത്തരം ഒരു കഥാപാത്രം ചരിത്രത്തിലുണ്ടോ എന്ന് നമുക്ക് സംശയം തോന്നിക്കുമാറ് രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു.. ഫ്രാൻസിസ്‌ ഇട്ടിക്കോരയുടെ പിൻതലമുറയിൽ പെട്ടതെന്ന് സ്വയം വിശേഷിപ്പിച്ച്‌ ഒരു ഇട്ടിക്കോര തന്റെ കോരപ്പാപ്പന്റേതായ കുറെ രഹസ്യങ്ങളുടെ കഥകൾ തേടി - അതോടൊപ്പം തന്റെ നഷ്ടപ്പെട്ടുപോയ പുരുഷത്വവും തേടി - അമേരിക്കയിൽ നിന്നും കേരളത്തിലേക്ക്‌ വരുവാൻ തുടങ്ങുന്നിടത്താണ് കഥയുടെ ആരംഭം. ഒരു റിയൽ ബിച്ച് ആയിരുന്ന സ്വന്തം അമ്മയുടെ കൂട്ടികൊടുപ്പുകാരനായി തുടങ്ങിയ ജീവിതം.. മദ്യപിച്ച് ലക്ക് കെട്ട് സ്വന്തം മകന്റെ മുൻപിലേക്ക് നഗ്നയായി വന്ന അമ്മയെ വെടിവെച്ച് കൊന്ന് തെരുവിലേക്ക് ജീവിക്കാനിറങ്ങിയ മകൻഅവന്റെ ആരോഗ്യം തുടിക്കുന്ന ശരീരത്തിൽ മയങ്ങാത്ത പെണ്ണൂങ്ങൾ ഇല്ല എന്നായപ്പോൾ മടുപ്പനുഭപ്പെടുകയും തുടർന്ന് ഒരു തുടുത്ത ഇറാഖിപ്പെണ്ണിന്റെ നഗ്നയാക്കി തോക്കിന്റെ മുനക്ക് മുൻപിൽ നിറുത്തി മതിയാവോളം റേപ്പ് ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ, അമേരിക്ക - ഇറാഖ്‌ യുദ്ധത്തിൽ ഒരു തികഞ്ഞ സാഡിസ്റ്റിന്റെ മാനസീകവ്യാപാരങ്ങളോടെ അമേരിക്കൻ പട്ടാളത്തിനുവേണ്ടി സ്ത്രീപീഡനവും മറ്റും നടത്തി, അതിന്റെ തുടർച്ചയായി നഷ്ടപ്പെട്ട പുരുഷത്വം തേടി പിടിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും പലരേയും സമീപിച്ച്‌ നിരാശനായ ജോസഫ്‌ , ഇന്റർനെറ്റിലെ ഗൂഗിൾ സെർച്ച്‌ എഞ്ചിൻ വഴി കണ്ടെത്തിയ "ദി സ്കൂളിന്റെ" പരസ്യത്തിൽ ആകൃഷ്ടനാവുകയും അതിൽ നിന്നും ദി സ്കൂളിന്റെ പ്രിൻസിപ്പാളായ മിസ്‌. രേഖയെ ഇമെയിലിലൂടെ കോണ്ടാക്ട്‌ ചെയ്യുന്നിടത്താണു കഥയുടെ തുടക്കം...


പിന്നീടുള്ള കഥയിൽ മുഴുവൻ അമേരിക്കൻ ഡോളറിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ രേഖ (കോളേജ്‌ അദ്ധ്യാപിക) , രശ്മി (ബാങ്ക് ഉദ്യോഗസ്ഥ), ബിന്ദു (ഫാഷൻ ഡിസൈനർ) എന്നീ മൂന്ന് പ്രോഫണലുകൾ തുടങ്ങിയിരിക്കുന്ന “ദി സ്കൂൾ“ എന്ന വെബ് സൈറ്റും അതിൽ ആകൃഷ്ടരായി വരുന്നവർക്ക് അവരുടെ ഇഷ്ടമേഖലകളിലൂടെ നയിച്ച് (ബിന്ദുവിൽ തുടങ്ങി രശ്മിയിലൂടെ രേഖയിലേക്ക് എന്ന് അവരുടെ ഭാഷ) അവിടെ നടക്കുന്ന ബോഡിലാബ്‌, ലിബെറേഷൻ, സൊറ തുടങ്ങിയ സെക്സ്‌ ടൂറിസത്തിന്റെ മാറിയ മുഖവും, ക്ലൈന്റ് ആയ ഇട്ടിക്കോരയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മുത്തച്ച്ഛൻ എന്ന് പറയപ്പെടുന്ന ഫ്രാൻസിസ്‌ ഇട്ടിക്കോരയെക്കുറിച്ചും കോരപ്പാപ്പന്റെ കുടുംബമായ പതിനെട്ടാം കുറ്റുകാരെപറ്റിയും അവരുടെ ഇടയിലുള്ള ചില ആചാരങ്ങളെയും പറ്റിയൊക്കെ ദി സ്കൂളിന്റെ നടത്തിപ്പുകാരും അവരുടെ ചില വിശ്വസ്തരായ പറ്റുപടിക്കാരും (ബുജി , കുന്നംകുളത്തുകാരൻ ബെന്നി തുടങ്ങിയവർ) നടത്തുന്ന അന്വേഷണങ്ങളും തുടർന്നുണ്ടാവുന്ന അപകടങ്ങളും എല്ലാം നോവലിസ്റ്റ്‌ വരച്ചു കാട്ടുമ്പോൾ, നോവലിസ്റ്റിന്റെ അഗാധമായ ബാഹ്യവിജ്ഞാനം കൂടി വായനക്കാരൻ സഹിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ വളരെ പുതുമ തോന്നുന്ന ഒരു ആഖ്യാനശൈലി തന്നെ രാമകൃഷ്ണൻ ഈ നോവലിനായി അവലംബിച്ചിരിക്കുന്നു എന്നത്‌ ശ്ലാഘനീയം തന്നെ...


സെക്സ്‌ പോലെ തന്നെ ഈ നോവലിൽ മുഖ്യ സ്ഥാനം വഹിക്കുന്ന മറ്റൊരു വിഷയം കണക്കാണ്. കണക്കിൽ തനിക്കുള്ള വിജ്ഞാനം മുഴുവൻ അല്ലെങ്കിൽ കണക്കിൽ നമുക്ക്‌ ഇന്റെർനെറ്റിൽ നിന്നും കിട്ടാവുന്ന ഏറെക്കുറെ വിവരങ്ങളും അദ്ദേഹം ഇതിലേക്ക്‌ കുത്തിനിറച്ചിരിക്കുന്നു.. പഴയ ഹൈപേഷ്യൻ സിദ്ധാന്തവും പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തരായ പല മാത്തമാറ്റീഷ്യൻസിനെയും കഥയിലേക്ക്‌ ബോധപുർവ്വം കുടിയേറ്റുക വഴി ചില സമയങ്ങളിലെങ്കിലും വായന നമുക്ക്‌ വിരസമാകുന്നു എന്ന് പറയാതെ തരമില്ല.. അതുപോലെ തന്നെ ജോസഫ്‌ എന്ന ഇട്ടിക്കോരയുടെ പിന്മുറക്കാരൻ ഒരു നരഭോജിയാണെന്നതും അതിന്റെ തുടർച്ചയായി കാനിബാൾസ്‌ ഫീസ്റ്റ്‌ എന്ന രീതിയിൽ നരമാംസാസ്വാദനവും എല്ലാം കൂടി നോവൽ സംഭവബഹുലം തന്നെയെന്ന് പറയാതെ വയ്യ.. നരമാംസാസ്വാദന്ം മനോഹരമായി തന്നെ അല്ലെങ്കിൽ നരഭോജികൾ എങ്ങിനെയാണ് ആ ചടങ്ങ് ഒരു ഉത്സവമാക്കുന്നതെന്ന് വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. അതുപോലെ, നോവലിൽ പറയുന്ന 18ം കൂറ്റക്കാർ എന്ന കോരപ്പാപ്പന്റെ പിൻ തലമുറക്കാർക്കിടയിൽ നിലകൊള്ളുന്ന കോരക്ക്‌ കൊടുക്കൽ, കോരപ്പൂട്ട്‌, കോരപ്പണം എന്നൊക്കെ പറയുന്ന വിചിത്രങ്ങളായ ചില ആചാരങ്ങളിലേക്കും നോവലിസ്റ്റ്‌ നമ്മെ കൊണ്ടുപോകുന്നുണ്ട്‌.. (ഇതിന്റെ സത്യം തേടി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അത്തരം ആചാരങ്ങളും ഫ്രാൻസിസ്‌ ഇട്ടിക്കോരയെന്ന കഥാപാത്രത്തെപോലെ തന്നെ ഗ്രന്ഥകാരന്റെ ഫാന്റസി മാത്രമാണെന്നാണു അറിയാൻ കഴിഞ്ഞത്‌)


സെക്സിനു നോവലിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കുമ്പോൾ പോലും അത്‌ നോവലിലെ അവശ്യമായ ഒരു ചട്ടക്കൂടാക്കാൻ നോവലിസ്റ്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.. പിന്നെ ഹ്യെപേഷ്യൻ സിദ്ധാന്തവും കാനിബാൾസും ഒപ്പം പഴയ കാലത്തെയും പുതിയ കാലത്തെയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമെയിൽ ചിന്തകളും എല്ലാം വേറിട്ടത്‌ തന്നെ.. ഒപ്പം സെക്സ്‌ ടൂറിസം കേരളത്തിൽ എത്രത്തോളം പടർന്നു എന്ന ഒരു തിരിച്ചറിവും ഈ നോവൽ നമുക്ക്‌ തരുന്നുണ്ട്‌. എന്ത്‌ തന്നെയായാലും പുസ്തകത്തിൽ ഗ്രന്ഥകാരൻ തന്റെ അറിവുകൾ വാരി വിതറാൻ ശ്രമിച്ചപ്പോളും അതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെ എന്റെ വിശ്വാസം.. കാരണം.. ഇത്രയും അധികം അലോസരപ്പെടുത്താൻ സാദ്ധ്യതയുള്ള ഒരു വിഷയമാണു ഇത്രയേറേ ചർച്ചാവിഷയമായതെന്ന് തന്നെ.. കുറഞ്ഞ കാലം കൊണ്ട്‌ ഈ പുസ്തകത്തിന്റെ 2 പതിപ്പുകൾ വിറ്റഴിഞ്ഞു എന്ന് പറയുമ്പോൾ നമുക്കറിയാം മടിപിടിച്ച മലയാളിയുടെ വായനാശീലത്തിൽ ഈ പുസ്തകം എത്രത്തോളം സ്വാധീനം ചെലുത്തി എന്നത്‌.


ഒട്ടേറെ സമ്പുഷ്ടമായ മലയാള സാഹിത്യത്തിൽ നോവൽ ഒരു മുതൽകൂട്ടോ അല്ലെങ്കിൽ ബെഞ്ച്‌മാർക്കോ അവില്ല എങ്കിലും വ്യത്യസ്തമായ ഒരു രീതികൊണ്ടും പ്രമേയത്തിന്റെ ഒരു പുതുമകൊണ്ടുംവായന അർഹിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.. കാരണം ഇന്നിന്റെ പലബെസ്റ്റ്‌ സെല്ലറുകളേക്കാളും നിലവാരം ഇതിനുണ്ടെന്നതിൽ തർക്കമില്ല എന്നത്‌ തന്നെ...