ശനിയാഴ്‌ച, ഏപ്രിൽ 14, 2012

സ്നേഹകാഴ്ച

"അമ്മേ.. ദേ ഒരാള്‍ കുറേ പടക്കവുമായി വന്നിരിക്കുന്നു. അയാള്‍ക്ക് ഒരു പിരി ലൂസ് ഉണ്ടോ എന്നൊരു സംശയം. അല്ലെങ്കില്‍ ദേ ഇത്രയും പടക്കം ഇന്നത്തെ കാലത്ത് നൂറു രൂപക്ക് എവിടെനിന്ന് കിട്ടാനാ" - മരുമകള്‍ അടുക്കളയില്‍ വന്ന് അടക്കം പറഞ്ഞു.
"എന്നിട്ട് അവന്‍ എന്ത്യേ?" പുറത്തേക്ക് കണ്ണയച്ചു കൊണ്ട് ആകാംഷയോടെ സുഭാഷിണി വരാന്തയിലേക്ക് വേഗം നടന്നു.
"അയ്യോ..ഞാന്‍ വേഗം പണം കൊടുത്ത് പറഞ്ഞു വിട്ടു. അല്ലെങ്കില്‍ ഇനി മനസ്സുമാറിയാലോ എന്ന് കരുതി..." അമ്മയുടെ മുഖഭാവത്തില്‍ നിന്നും തനിക്കെന്തോ അബദ്ധം പിണഞ്ഞല്ലോ എന്ന ചിന്തയില്‍ പിന്നാലെ ചെന്നുകൊണ്ട് അവള്‍ പറഞ്ഞു.
വീടിന്റെ ഗെയിറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് കയറാന്‍ തുടങ്ങിയ മുരുകന്‍ ഒരു മിന്നായം പോലെ സുഭാഷിണിയെ കണ്ടു. കാറില്‍ ഇരുന്ന ചീതമ്മ കൂപ്പുകൈകളോടെ ഇറങ്ങി. അതുവരെ അവിടെ അങ്ങിനെയൊരു കാറു കിടന്നിരുന്നതും അതില്‍ നിന്നുമാണ്‌ ഈ അഴുക്കുപുരണ്ട ബിഗ് ഷോപ്പറില്‍ ഒരു കൂമ്പാരം പടക്കവുമായി ഇയാള്‍ വന്നതെന്നൊന്നും കണ്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മരുമകളുടെ മനസ്സിലും ഒരു വിഷമം. എന്തോ അരുതാത്തത് ചെയ്ത പോലെ..
"മോനെ.. നീ എന്താ എന്നെ കാണാതെ പോകന്നത്? - മുരുകന്‍ തലകുനിച്ചു.
നിനക്കും എന്നെ കാണണ്ടേ ചീതമ്മേ? അതും ഇത്ര ദൂരം വന്നിട്ട്..."
"അക്കാ.. അപ്പടി സൊല്ലാതക്ക.. ഇന്ത സൊഖമില്ലാത്ത എന്നെയും താങ്കി ഇന്ത ഊര്‌ക്ക് മുരോന്‍ വന്തത് അതിനാച്ച്." ചീതമ്മയുടെ കണ്ണുകള്‍ ഈറനാവുന്നതറിഞ്ഞു. ഇവളാകെ മാറിപോയല്ലോ എന്നോര്‍ക്കുകയായിരുന്നു സുഭാഷിണി. പഴയ പോല തന്നെ ഒന്നും മിണ്ടാതെ വിഷാദം നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന മുരുകന്റെ നേരെ തിരിഞ്ഞ് മടിശ്ശീലയില്‍ നിന്നും സുഭാഷിണി നൂറ് രൂപയെടുത്ത് നീട്ടി.
"ഇത് നിനക്ക് തരണ്ട ആള്‍ ഇപ്പോഴില്ല..." ഗദ്‌ഗദം കൊണ്ട് സുഭാഷിണിക്ക് വാക്കുകള്‍ മുട്ടി. മുരുകന്‍ വീണ്ടും കണ്ണുകള്‍ താഴ്തി.
"വരണ്ട എന്ന് കരുതിയതാണ്‌.... പക്ഷെ എനിക്കതിന് കഴിഞ്ഞില്ല അമ്മാ..” നാട്ടുകാര്‍ മുഴുവന്‍ തെമ്മാടിയെന്ന് വിളിക്കുന്ന മുരുകന്റെ കണ്ണുകള്‍ ഈറനണിയുന്നത് സുഭാഷിണി കണ്ടു.
"നിങ്ങള്‍ കയറിയിരിക്ക്. ചായ കുടിച്ചിട്ട് പോകാം. ഇത്ര ദൂരം ഇവളെയും കൊണ്ട് പോകേണ്ടതല്ലേ"
വേണ്ടമ്മേ...പോട്ടെ.."
"എന്താടാ ചായക്ക് പകരം ചാരായമേ രാവിലെ നിനക്ക് ഉള്ളിലേക്ക് ചെല്ലത്തൊള്ളോ." അമ്മ വാത്സല്യത്തോടെ വഴക്ക് പറയുന്നതും മുരുകന്‍ തലകുമ്പിട്ട് നില്‍ക്കുന്നതും കണ്ട് മരുമകള്‍ മിഴിച്ചു നിന്നു.
"അപ്പടി സൊല്ലാതമ്മ! അമ്മാവുക്കും ഇവിടത്തെ മാഷക്കും മുന്നാലെ മുരോന്‍ തണ്ണിസാപ്പിട്ട് വരാത്"
അതറിയാഞ്ഞിട്ടല്ല. പക്ഷെ ഇപ്പോള്‍ ഇവനും അപ്പന്റെ പാതയിലാണെന്ന് കേട്ടിരുന്നു. തലകുനിച്ച് നില്‍ക്കുന്ന മുരുകനെ സുഭാഷിണി വാത്സല്യത്തോടെ തഴുകി. "എന്തിനാ മോനേ ഇങ്ങിനെ കുടിക്കുന്നേ? നീയും അപ്പനെ പോലാവുകാണോ? വാ കയറ്.. നിങ്ങള്‍ക്ക് ഒന്നും തരാതെ പറഞ്ഞുവിട്ടാല്‍ ദൂരെയെവിടെയോ ഇരുന്നാണെങ്കിലും മാഷ് എന്നോട് പിണങ്ങില്ലേടാ.. " അവരുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു.
മറുത്തൊന്നും പറയാതെ സുഭാഷിണിയുടെ പിന്നാലെ അവര്‍ വീട്ടിലേക്ക് കയറി.
മുരുകന്റെ അപ്പ അറുമുഖന്‍ നാട്ടിലെ മിടുക്കനായ പടക്കപ്പണിക്കാരനായിരുന്നു. പക്ഷെ ചാരായം ഉള്ളില്‍ ചെന്നുകഴിഞ്ഞാല്‍ ഒരു വൃത്തിക്കെട്ടവനും. അവന്റെ തെമ്മാടിത്തരം അധികവും നാട്ടുകാരോടായിരുന്നില്ല. പൊണ്ടാട്ടി ചീതമ്മയോടായിരുന്നു അവന്റെ പരാക്രമം മുഴുവന്‍. ശിവകാശിയില്‍ ഏതോ പടക്കനിര്‍മ്മാണശാലയില്‍ പണിക്ക് നിന്നിരുന്ന സമയത്ത് പറഞ്ഞു മയക്കി ഗര്‍ഭമാക്കി കൂടെ കൂട്ടിയതാ ആ പാവത്തിനെ. അറുമുഖനെ പോലൊരു മൊശടനെ ഇവള്‍ എങ്ങിനെ സ്നേഹിച്ചു എന്ന് പലപ്പോഴും അലോചിട്ടുണ്ട് സുഭാഷിണി. അറുമുഖന്‌ ചീതമ്മയെ സ്നേഹമായിരുന്നു. അത് സത്യമാണ്‌. ചാരായം ഉള്ളില്‍ ചെല്ലാത്ത നേരത്ത് ചീതൂ എന്നേ അയാള്‍ അവളെ വിളിക്കുമായിരുന്നുള്ളു. അതുപോലെ തന്നെ മുരുകനെയും അയാള്‍ക്ക് ജീവനായിരുന്നു. പക്ഷെ ചാരായം ഉള്ളില്‍ ചെന്നാല്‍ അറുമുഖന്‍ മറ്റൊരാളാണ്‌. വേറെയൊരു മുഖമാണ്‌ പിന്നെയയാള്‍ക്ക്. ചാരായത്തിന്റെ ലഹരിയില്‍ അയാള്‍ ഒത്തിരി അസഭ്യങ്ങള്‍ പുലമ്പാറുണ്ട്. മുരുകന്‍ അയാളുടെ മകനല്ലെന്നും മറ്റും പറഞ്ഞ് ചീതമ്മയെ വലിച്ച് നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ഒക്കെ പതിവാണ്‌. പാവം കുഞ്ഞു മുരുകന്‍.. പലപ്പോഴും അവന്റെ കണ്ണുകളിലെ കനല്‍ കണ്ട് താന്‍ പോലും ഭയന്നുപോയിട്ടുള്ളതാണ്. അവനാണ് ഇപ്പോള്‍.... അവര്‍ നെടുവീര്‍പ്പിട്ടു.
ഒരു ഭ്രാന്തന്റേത് പോലെ തോന്നുമാറ് പാറിപറന്ന നീണ്ടുവളര്‍ന്ന തലമുടി, നെഞ്ചോളം വളര്‍ന്ന താടി, എല്ലുന്തി വളഞ്ഞു കുത്തിയ ശുഷ്കിച്ച ശരീരം , നെറ്റിയില്‍ മൂന്ന് വിരല്‍ വീതിയില്‍ വരച്ച ഭസ്മക്കുറി, കാവി മുണ്ട്, കഴുത്തില്‍ ഒരു തോര്‍ത്ത് , ചുണ്ടില്‍ എരിയുന്ന കുറ്റി ബീഡി.. അറുമുഖനെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ നാടുകള്‍ തോറും അലയുന്ന ഒരു സന്ന്യാസിയാണെന്നേ തോന്നു. ബീഡിക്കറ പുരണ്ട പല്ലുകള്‍ തമ്മില്‍ ഞെരിച്ച് പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധം വമിപ്പിച്ചുകൊണ്ട് റോഡോരത്ത് നിന്ന് അസഭ്യവര്‍ഷം ചൊരിയുന്ന അറുമുഖന്റെ ചിത്രം മരുമകള്‍ക്ക് നല്‍കുന്ന സുഭാഷിണിയെ നോക്കി ചീതമ്മ തലകുനിച്ചിരുന്നു.
വിഷുക്കാലം എന്നും ചീതമ്മക്ക് ഇടിയുടേയും ചവിട്ടിന്റെയും കാലമാണ്‌. അക്കാലത്താണ്‌ അറുമുഖന്‌ ഏറ്റവും അധികം പണിത്തിരക്കുള്ളതും കൈയില്‍ ഒട്ടേറെ രൂപ വന്ന് ചേരുന്നതും. അറുമുഖന്റെ പടക്കങ്ങള്‍ക്ക് നട്ടുകാരുടെയും പുറംനാട്ടുകാരുടേയും ഇടയില്‍ നല്ല മതിപ്പായിരുന്നു. ഓരോ വര്‍ഷവും എന്തെങ്കിലും പുതിയ ഒരു ഐറ്റം അവന്‍ ഒരുക്കിയിട്ടുണ്ടാവും. ചീതമ്മക്കും മുരുകനും മാത്രമാണ്‌ അറുമുഖന്റെ പടക്കനിര്‍മ്മാണ സഹായി. മറ്റാരെയും പണിസ്ഥലത്തേക്ക് അടുപ്പിക്കുക കൂടെയില്ല. അങ്ങിനെ വളരെ ചെറുപ്പത്തില്‍ തന്നെ മുരുകന്‍ പടക്കനിര്‍മ്മാണത്തില്‍ കഴിവ് തെളിയിച്ചതാണ്‌.
മകള്‍ കൊണ്ടുവെച്ച ദോശ പൊട്ടിച്ച് ചമ്മന്തിയില്‍ മുക്കി സാവധാനം കഴിക്കുകയാണ് മുരുകന്‍. ഗ്ലാസ്സില്‍ നിന്നും ചായ മൊത്തിക്കുടിച്ചു കൊണ്ട് മകളെ നോക്കി ഒരു ചെറിയ ചിരിയോടെ ചീതമ്മ. അഴുക്ക് പുരളാത്ത , പിഞ്ഞിക്കീറാത്ത ഒരു ഓയില്‍ സാരിയില്‍ പൊതിയപ്പെട്ടു എന്നതില്‍ കവിഞ്ഞ് അവള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സുഭാഷിണിക്ക് തോന്നി.
അറുമുഖന്റെ തല്ല് കൊണ്ട് നിലവിളിച്ച് കൊണ്ട് വീട്ടിലേക്ക് ഓടിവരുന്ന ചീതമ്മയുടെ രൂപമായിരുന്നു പെട്ടന്ന് മനസ്സിലേക്ക് വന്നത്. പടക്കപ്പണിയില്ലാത്ത കാലങ്ങളില്‍ അവളായിരുന്നു വീട്ടിലെ പുറം‌പണിക്ക് സുഭാഷിണിക്ക് സഹായമായിരുന്നത്. അതുകൊണ്ട് തന്നെ എന്നും അവള്‍ സ്വയരക്ഷക്കായി ഓടികയറുക വീട്ടിലേക്കാണ്‌. മാത്രമല്ല, മാഷിന്റെ വീട്ടിലേക്ക് അറുമുഖന്‍ ഒരു വഴക്കിന്‌ വരില്ല എന്നതും അവളെ അതിനായി പ്രേരിപ്പിച്ചുണ്ടെന്ന് അവള്‍ പറഞ്ഞ് തന്നെ സുഭാഷിണിക്കറിയാം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായാലും അറുമുഖന്‍ എന്നും തലചൊറിഞ്ഞ് ബഹുമാനത്തോടെയേ മാഷോട് ഇടപെടുമായിരുന്നുള്ളൂ. കാലം ഇന്നിപ്പോള്‍ എത്ര കഴിഞ്ഞിരിക്കുന്നു.
അമ്മാ... “ മുരുകന്റെ വിളി അവരെ ഓര്‍മകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.
ഇനി ഞങ്ങള്‍ പൊക്കോട്ടെ.. ചെന്നിട്ട് വേണം കച്ചോടം തുടങ്ങാന്‍.. ഉണ്ണി വിളിക്കുമ്പോള്‍ പറഞ്ഞേക്ക്.. “
മരുമകളുടെ കൈയ്യില്‍ തൂങ്ങി നിന്നിരുന്ന കുഞ്ഞുവാവയുടെ നേര്‍ക്ക് അവന്‍ പുഞ്ചിരിയോടെ കൈനീട്ടി. മടിച്ചു നിന്ന കുഞ്ഞിനെ മകള്‍ നിര്‍ബന്ധിച്ച് അവന്റെ അരികിലേക്ക് ഉന്തിവിടുന്നത് നോക്കി സുഭാഷിണി പുഞ്ചിരി തൂകി.
ചെറുപ്പത്തില്‍ ഉണ്ണിയും മുരുകനും ഒരുമിച്ച് ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. വാസ്തവത്തില്‍ മുരുകനെ സ്കൂളില്‍ ചേര്‍ക്കാന്‍ അറുമുഖന്‍ സമ്മതിച്ചത് മാഷോട് മറുത്തൊന്നും പറയാന്‍ കഴിയാത്തതിനാലാണെന്ന് സുഭാഷിണിക്കറിയാം. അതിന്റെ പേരില്‍ പലപ്പോഴും ചീതമ്മ തല്ലുകൊണ്ടിട്ടുണ്ട്. പക്ഷെ എന്തൊക്കെയായാലും മാഷിന്റെ മുന്‍പില്‍ അറുമുഖന്‍ ഒരു പാവമായിരുന്നു.
എല്ലാവര്‍ഷവും വിഷു ദിനത്തില്‍ രാവിലെ കുളിച്ച് കുറി വരച്ച് ഒരു കൂട പടക്കവുമായി മുരുകന്‍ വീട്ടിലേക്ക് വരും. മാഷ് ഒരു നൂറിന്റെ നോട്ട് അവനെടുത്ത് കൊടുത്ത് വാത്സല്യത്തോടെ ചേര്‍ത്ത് പിടിക്കുന്നത് പടിക്ക് പുറത്ത് അറുമുഖനും ചീതമ്മയും നോക്കി നില്‍ക്കും. മാഷിന്റെ കൈനീട്ടം ലഭിച്ചിട്ടേ അറുമുഖന്‍ വിഷു ദിനത്തിലെ കച്ചവടം തുടങ്ങുമായിരുന്നുള്ളു. ആ പണമൊഴികെ അന്ന് ലഭിക്കുന്ന മറ്റു പണം മുഴുവന്‍ അയാള്‍ ചാരയം മോന്തി കളയുകയും ചെയ്യുമായിരുന്നു. രാവിലെ കിട്ടുന്ന ആ നൂറ് രൂപ ചീതമ്മയെ ഏല്‍‌പ്പിച്ചിട്ട് അയാള്‍ ബാക്കി പടക്കവുമായി താല്‍‌കാലിക പീടികയിലേക്ക് യാത്രയാവും. ആ നൂറ് രൂപയിലാണ്‌ ആ കുടുംബത്തിന്റെ വിഷു ആഘോഷങ്ങള്‍.
ചാരായത്തിന്റെയും കഞ്ചാവിന്റെയും ലഹരി മൂത്ത ഏതോ അഭിശപ്ത നിമിഷത്തില്‍ ചീതമ്മയുടെ പഴകി പിഞ്ചിയ സാരിയില്‍ അറുമുഖന്റെ വളഞ്ഞുകുത്തിയ ശരീരം കൊച്ചു വീടിന്റെ കോലായില്‍ താഴെ ഉറങ്ങി കിടന്നിരുന്ന മുരുകന്റെ തലക്ക് മുകളില്‍ തൂങ്ങിയാടിയതിന്‌ ശേഷവും നിശ്ചയ ദാര്‍ഢ്യത്തോടെ ചെറുപ്രായത്തില്‍ തന്നെ പടക്കനിര്‍മ്മാണം ഏറ്റെടുത്തപ്പോഴും മുരുകന്‍ ഈ പതിവ് മാത്രം തെറ്റിച്ചില്ല.
കണ്ണുകള്‍ കൊണ്ട് യാത്ര ചോദിച്ച് , ചീതമ്മയെയും താങ്ങി അവന്‍ കാറില്‍ കയറുന്നത് നോക്കി അവര്‍ നിന്നു. എന്തൊക്കെയാണെങ്കിലും ഇന്നും അവര്‍ പതിവ് തെറ്റിക്കാതെ, ഇത്ര ദൂരെയായിട്ട് പോലും പടക്കവുമായി വന്നല്ലോ. സന്തോഷം തോന്നി. അവരുടെ മനസ്സിലെ ഈ സ്നേഹവും നന്മയും മനസ്സിലാക്കിയിട്ടായിരുന്നു പട്ടച്ചാരയവും കുടിച്ച് തെമ്മാടിത്തരവുമായി നടന്നിരുന്ന അറുമുഖനെയും ചീതമ്മയേയും മുരുകനെയും മാഷ് ഒട്ടേറെ ഇഷ്ടപ്പെട്ടിരുന്നത്.
“റ്റാറ്റാ..“
തൊണ്ണുകാട്ടി ചിരിച്ച് പുതിയ അങ്കിളിന് റ്റാറ്റാ കൊടുക്കുന്ന കുഞ്ഞുവാവയെയും അവളുടെ കൈയില്‍ മടക്കിയ നിലയില്‍ ഇരുന്നിരുന്ന ഒരു നൂറിന്റെ നോട്ടും കണ്ട് സംതൃപ്തിയോടെ സുഭാഷിണി പിന്തിരിഞ്ഞു.
വലിയ ഓട്ടുരുളിയില്‍ മകള്‍ ഒരുക്കിയ സമൃദ്ധമായ വിഷുകാഴ്ച കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ അവര്‍ കണ്ടില്ല. അതുകൊണ്ട് തന്നെ അതില്‍ ഒരു കള്ളച്ചിരിയോടെ തെളിഞ്ഞ് നിന്ന കാര്‍‌വര്‍ണ്ണ രൂപവും അവര്‍ കണ്ടില്ല. പകരം ഒരു വലിയ ബിഗ് ഷോപ്പറില്‍ നിന്നും പുറത്തേക്കുന്തി നില്‍കുന്ന പല വര്‍ണ്ണങ്ങളിലുള്ള പടക്കങ്ങള്‍ വലിയൊരു സ്നേഹക്കാഴ്ചയായി മനസ്സില്‍ നിറഞ്ഞു നിന്നു. ഒപ്പം ആ സ്നേഹകാഴ്ച സമ്മാനിച്ച് ഒരു കാറില്‍ കയറി ദൂരെക്ക് പോയ രണ്ടു ജീവനുള്ള വിഗ്രഹങ്ങളും .

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

മഴവില്ല്

പുസ്തകം : മഴവില്ല്
രചയിതാവ്
: അമ്മിണി ടീച്ചര്‍

പ്രസാധകര്‍
: പായല്‍ ബുക്സ്, കണ്ണൂര്‍


പുല്ലിലും പൂവിലും ചൈതന്യമേകുന്ന വിശ്വൈകശില്പിയെ കൈതൊഴുതുകൊണ്ട് , നല്ല വചസ്സുകള്‍ ഓതുവാനെന്‍ നാവില്‍ നിന്‍ വിളയാട്ടം നടത്തണമേ എന്ന് ഹൃദയതൂലിക കൊണ്ട് കോറിയിട്ട 'ഈശ്വരപ്രാര്‍ത്ഥന'യിലൂടെയാണ് അമ്മിണി ടീച്ചര്‍ മഴവില്ല് എന്ന തന്റെ 65 ബാലസാഹിത്യ കവിതകള്‍ അടങ്ങിയ 64 പേജുള്ള പുസ്തകത്തിലേക്ക് വായനക്കാരനെ ആനയിക്കുന്നത്.


മഴവില്ല് എന്ന സമാഹാരത്തിലെ ആദ്യത്തേയും അവസാനത്തേയും കവിതകളിലൂടെ കടന്നുപോയപ്പോള്‍ - അതെഴുതിയത് ഒരു അദ്ധ്യാപികയാണെന്നത് കൂടെ കണക്കിലെടുക്കുമ്പോള്‍ - പെട്ടന്ന് മനസ്സില്‍ ഒരു വിദ്യാലയാങ്കണം കടന്നുവന്നു. രാവിലെ അസംബ്ലിക്കയി അച്ചടക്കത്തോടെ അണിനിരക്കുന്ന വിദ്യാര്‍ത്ഥികള്‍.. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ഈശ്വരപ്രാര്‍ത്ഥന!! വൈകീട്ട് അവസാനബെല്ലിന് മുന്‍പായി രാഷ്ട്രവന്ദനമെന്ന നിലയില്‍ മുഴങ്ങികേള്‍ക്കുന്ന ജനഗണമന; സമാനമായ രീതിയില്‍ മഴവില്ലിലെ അവസാന കവിതയും ഒരു രാഷ്ട്രവന്ദനമാണ്. 'പതാകഗാനം' എന്ന പേരില്‍ "ഉയരുക ഭാരത വര്‍ണ്ണ പതാകേ" എന്ന് തുടങ്ങി "ഈ വിരിമാറില്‍ ചേരു പതാകേ" എന്ന് ടീച്ചര്‍ അവസാനിപ്പിക്കുമ്പോള്‍ ഠിം.ടിം.ഠിം.ഡിം..ഡിം എന്ന മണിയൊച്ചയും കലപിലകൂട്ടി ക്ലാസ്സ്മുറികളില്‍ നിന്നും പുസ്തകക്കെട്ടുമായി വീട്ടിലേക്ക് കുതിക്കുന്ന കുട്ടികളെയും അവരെ വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന ഒരു ടീച്ചറുടെ ചിത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. തന്റെ പ്രൊഫഷനോടുള്ള അടങ്ങാത്ത സ്നേഹമാവാം ഒരു പക്ഷെ, മന:പൂര്‍‌വ്വമല്ലെങ്കില്‍ പോലും ഈ സമാഹാരത്തിന്റെ ആദ്യാവസാനത്തില്‍ ഒരു സ്കൂള്‍ ദിനം ഓര്‍മ്മപ്പെടുത്തും വിധം അണിയിച്ചൊരുക്കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞത് എന്ന് തോന്നി.


കൈയടക്കം കൊണ്ട് മനോഹരമായ കുറച്ച് നല്ല കവിതകള്‍ മഴവില്ലില്‍ കാണാന്‍ കഴിഞ്ഞു. വെറും ചൊല്ലുശീലുകളില്‍ നിന്നും വേറിട്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന വരികളും ഈ സമാഹാരത്തില്‍ ഉണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.


'മടി'യെന്ന കവിത നോക്കൂ.


കാറ്റിനു വീശാന്‍ മടി
കാറിന് പെയ്യാന്‍ മടി
കാടിനു പൂക്കാന്‍ മടി
കുയിലിന് കൂകാന്‍ മടി
........................
........................
കാലം പിഴച്ചു കലി
കാലം മുടിച്ചു കുലം
കാവില്‍ ഭഗവതിയ്ക്കും
ശ്രീകോവില്‍ പൂകാന്‍ മടി .... എന്ന് അവസാനിപ്പിക്കുമ്പോള്‍
, അതില്‍ ഇന്നത്തെ കലികാലാവസ്ഥയിലുള്ള കവിയത്രിയുടെ മനം‌മടുപ്പും അസ്വസ്ഥതയും നമുക്ക് ദര്‍ശിക്കാം.


അതുപോലെ തന്നെ 'ബന്ധനം' എന്ന കവിത


അങ്ങേതൊടിയിലെ ചക്കരമാവിലെ
വണ്ണാത്തിക്കിളി ചോദിച്ചു
കൂട്ടില്‍ കിടക്കുന്ന തത്തമ്മേയെന്നുടെ
കൂടെ കളിയ്ക്കുവാന്‍ പോരുന്നോ
-
.................................
................................
പാരായ പാരൊക്കെ പാറിപ്പറന്നീടാന്‍
മോഹമെനിക്കുണ്ട് പൈങ്കിളിയേ
പാരിലെ മര്‍ത്ത്യന്റെ ക്രൂരതയെന്നെയീ
പഞ്ചരമൊന്നില്‍ബന്ധിച്ചിരിപ്പൂ


ഏതൊരു കൊച്ചുകുട്ടിയുടെയും ഉള്ളില്‍ പാരതന്ത്ര്യത്തിന്റെ ദൈന്യത വ്യക്തമായി വരച്ചിടുവാന്‍ ഈ വരികളിലൂടെ ടീച്ചറിലെ കവയത്രിക്ക് കഴിയുന്നുണ്ട്.


'ജീവിയേത്?' എന്ന കവിതയിലൂടെ കാലുകളുടെ എണ്ണക്രമത്തില്‍ കുറേ ജീവികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ തന്നെ വലിയൊരു സത്യത്തിലേക്ക് കുഞ്ഞുങ്ങളുടെ - നമ്മുടെയും - മനസ്സിനെ പിടിച്ചടുപ്പിക്കുന്നതില്‍ ടീച്ചര്‍ വിജയിച്ചിട്ടുണ്ട്.


ഒറ്റക്കാലുള്ളൊരു ജീവിയേത്
ഒറ്റക്കാലുള്ളൊരു ജീവിയില്ല
രണ്ടു കാലുള്ളൊരു ജീവിയേത്
?
രണ്ടു കാലുള്ളൊരു ജീവികോഴി
..................................
..................................
എന്ന രീതിയില്‍ കുറേ ജീവികളെ പരിചയപ്പെടുത്തിയതിന് ശേഷം

കാലുകളെത്രയുണ്ടെന്നാകിലും
കാലനെ വെല്ലുവാനാരു പോരും
!

എന്ന ഒറ്റ ആശ്ചര്യചിഹ്നത്തിലൂടെ നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട് ടീച്ചര്‍.


ചൊല്ലാന്‍ ഇമ്പമുള്ള കുറച്ച് കുട്ടികവിതകളും ഈ സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്.


"കണ്ടു പഠിക്കേണം
കേട്ടു പഠിക്കേണം
ചൊല്ലി പഠിക്കേണം
കൂട്ടുകാരേ
കണ്ടതും കേട്ടതും
ചൊല്ലിനടന്നെന്നാല്‍
തല്ലേറെ കൊള്ളുമേ
കൂട്ടുകാരേ"
... എന്ന് 'കണ്ടതും കേട്ടതും' എന്ന കവിതയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ടീച്ചറുടെ വാത്സല്യത്തോടെ പറയുമ്പോള്‍ ഇമ്പത്തോടെ ചൊല്ലാന്‍ നല്ല സന്ദേശമുള്ള ഒരു കവിത കുട്ടികള്‍ക്ക് ലഭിക്കുന്നു.


തക്കിട വണ്ടി
തരികിട വണ്ടി
ടാറിട്ട റോഡിലൂ
-
ടോടുന്ന വണ്ടീ
പായുന്ന വണ്ടീ
ചീറുന്ന വണ്ടീ
കുഴിയുള്ള റോഡില്
മറിയല്ലേ വണ്ടീ
- എന്ന് ചൊല്ലുമ്പോള്‍ കിട്ടുന്ന താളം ഒരു നിമിഷം കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായി .


ആനചന്തം, പാവ, ഉച്ച, മറിയല്ലേ വണ്ടീ, കുട്ടനും കിട്ടുവും, കുടുക്ക, കുഞ്ഞേ വാ വാ, വന്നാട്ടെ നിന്നാട്ടെ, വട്ടം, വിത്തിലുണ്ടൊരു തയ്യ്, മഴവില്ല്, വാലുപിടിച്ചാല്‍, ഉത്സവമേളം, മഴമേളം തുടങ്ങിയ കവിതകള്‍ താളബോധം കൊണ്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നവയാണ്.


ഒന്നെന്നു ചൊല്ലണം
ഒന്നിച്ചു നില്കണം
ഒന്നിനെക്കാളും വലുതൊന്നില്ല
ഒന്നിനുമേലെയും
ഒന്നിനുതാഴെയും
ഒന്നുകള്‍ ചേര്‍ത്താലുമൊന്നുതന്നെ

ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സില്‍ കുഞ്ഞുണ്ണി മാഷിനെ ഓര്‍ത്തുപോയി
. 'ഒരു നല്ല കവിത' എന്ന പേരില്‍ "ഒരു നല്ല കവിതയാണെന്റെ കുഞ്ഞുണ്ണിമാഷ് / ഒരു വലിയ കവിതായാണെന്റെ കുഞ്ഞുണ്ണിമാഷ്" എന്ന് കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കവിയത്രി വിനയാന്വിതയാവുന്നത് കൂടെ കാണുമ്പോള്‍ , കുട്ടികളുടെ മനസ്സ് കീഴടക്കിയ ആ കുറിയ മനുഷ്യന് ഒരു കാണിക്ക കൂടെയായപ്പോള്‍, ഈ മഴവില്ലിന്റെ മനോഹാരിത കൂടിയത് പോലെ!!


6 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഒരാള്‍ എന്തേ വേണ്ടത്ര പരിഗണിക്കപ്പെട്ട് കണ്ടില്ല? എന്ന് അവതാരികയില്‍ കവി എസ്.രമേശന്‍ വ്യാകുലപ്പെട്ടതില്‍ ശരികേടില്ലെന്ന് കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ പായല്‍ ബുക്സ് അണിയിച്ചൊരുക്കിയ ഈ സമാഹാരത്തിന്റെ (വില : 40 രൂപ) വായനക്കൊടുവില്‍ വായനക്കാരനിലും തോന്നലുളവാക്കുന്നുണ്ട്.


2011ലെ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹയായ ശ്രീമതി അമ്മിണി ടീച്ചര്‍ക്ക് ഇനിയും അക്ഷരങ്ങളുടെ വിളനിലത്തില്‍ നിന്നും കവിതയുടെ വിത്തുകള്‍ മുളപ്പിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.