ഞായറാഴ്‌ച, ഡിസംബർ 09, 2012

പറക്കാന്‍ ആഗ്രഹിച്ച് ഒരു കാക്ക


ചെറിയ ക്ലാസ്സുകളില്‍ എവിടെയോ വെച്ചായിരുന്നു വായനയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ബാലരമ, പൂമ്പാറ്റ, അമര്‍ചിത്രകഥകള്‍, പൈകോ ക്ലാസിക്കുകള്‍.. ഇവ കാത്തിരിക്കുന്ന വെള്ളിയാഴ്ചകള്‍.. എന്തുകൊണ്ട് വെള്ളിയാഴ്ചകള്‍ എന്നാവും? അന്നായിരുന്നു വാരാദ്യങ്ങളിലെ അച്ഛന്റെ വരവ്. ബേക്കറിയില്‍ നിന്നും പൊതികെട്ടി നല്‍കിയ എണ്ണമയമുള്ള ബ്രൌണ്‍ കവറിലെ  ജിലേബിയോ ലഡുവോ ഏതെങ്കിലും വായിലേക്ക് തിരുകി നിക്കറില്‍ കൈ തൂത്ത് ആവേശത്തോടെ ബാലരമയിലെ മായാവിയോടൊപ്പം രാജൂനേം രാധയേം രക്ഷിക്കാനും  പൂമ്പാറ്റയിലെ കപീഷിനോടൊപ്പം സിഗാളിന്റെ കെണിയില്‍ നിന്നും മോട്ടുവിനെ മോചിപ്പിക്കാനും അമര്‍ചിത്രകഥകളിലെ കൃഷ്ണനോടൊപ്പം കംസനെ കൊല്ലാനും പൈകോ ക്ലാസിക്കുകളിലെ റൊബിന്‍‌സന്‍ ക്രൂസോയോടൊപ്പം സമുദ്രായനത്തിന് ഇറങ്ങിയും .... അങ്ങിനെ തുടങ്ങിയതാണ് കുഞ്ഞു വായന.

അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ പിന്നെ പ്രേരിപ്പിച്ചത് വലിയച്ഛന്റെ മകളും കക്ഷിക്കുണ്ടായിരുന്ന ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായിരുന്നു. ഒരിക്കല്‍  ചേച്ചിയുടെ പേരിലുള്ള ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായി  ചേച്ചി എഴുതുന്നത് പോലെ ഒരു ലെറ്റര്‍ എഴുതി അതില്‍ കള്ള ഒപ്പിട്ട് ചെറായി പബ്ലിക് ലൈബ്രറിയില്‍ പുസ്തകമെടുക്കുവാന്‍ ചെന്നപ്പോള്‍ കട്ടിക്കണ്ണടക്കിടയിലൂടെ ഒരു കുസൃതി ചിരിയുമായി യോഹന്നാന്‍ ചേട്ടനായിരുന്നു എനിക്ക് ആദ്യമായി ചില്ലലമാരകളില്‍ ഇരുന്ന് മുറിബീഡി വലിക്കുന്ന കൂടല്ലൂരുകാരനെയും, സോജാരാജകുമാരീ.. എന്ന് നീട്ടിപാടി സുലൈമാനി കുടിച്ചിരിക്കുന്ന ബേപ്പൂര്‍ സുല്‍ത്താനെയും, ഒരു തോള്‍സഞ്ചിയും തൂക്കി കരിമ്പനക്കൂട്ടങ്ങളെ ലക്ഷ്യമാക്കി നടന്നു നീക്കുന്ന താടിക്കാരനെയും ചരസ്സും കഞ്ചാവും വലിച്ച് കയറ്റി ഭാംഗിന്റെ ലഹരി നുണഞ്ഞ് കിറുങ്ങി ഇരിക്കുന്ന മയ്യഴിക്കാരനെയും ഒക്കെ ചൂണ്ടിക്കാട്ടി തന്ന് വിസ്മയിപ്പിച്ചത്.

പിന്നീട് അല്പം കൂടെ വിശാലമായ വായനയിലേക്ക് ഒരു കെട്ട് പുസ്തകങ്ങളുമായി ആദ്യം ക്ഷണിച്ചത് അമ്മാവനായിരുന്നു. മഹച്ചരിതമാലയുടെ പത്തോളം പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി നല്‍കിയിട്ട് അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ അമ്മാവന്‍ ഒരു ശ്രമം നടത്തിച്ചു. സത്യം പറയാം , ഇന്നും മഹച്ചരിതമാലയിലെ ആ പുസ്തകങ്ങളിലെ പല മഹാന്മാരുടെയും ജീവിതങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതൊരു നിമിത്തമായിരുന്നു. അല്ലെങ്കില്‍ പ്രചോദനം. ഒരു ഹോം‌ലൈബ്രറി എന്ന ആശയം മനസ്സില്‍ ലഡുപൊട്ടിച്ചത് അപ്പോഴായിരുന്നു. പിന്നെ പലപ്പോഴായി പുസ്തകമേളകളില്‍ കൊണ്ടു നടന്ന് എനിക്കാവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങുവാന്‍ എന്നെ സഹായിച്ചിരുന്നത് മുകളില്‍ സൂചിപ്പിച്ച ചേച്ചിയായിരുന്നു. ഇതൊക്കെ വായനക്കാലം... ഇന്നും ഏറെ ഇഷ്ടപ്പെടുന്ന വായനയുടെ തുടക്കം ഇവിടെയൊക്കെ നിന്നായിരുന്നു....
അപ്പോഴൊന്നും എഴുത്ത്  ജീവിതത്തിന്റെ ഭാഗമോ ശീലമോ ആയിരുന്നില്ല. അങ്ങിനെ ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല എന്നത് സത്യം! സ്കൂള്‍ തലത്തിലെ ചില മത്സരങ്ങളില്‍ ക്ലാസ്സില്‍ നിന്നും മാറി നില്‍കുവാനും മറ്റു കുട്ടികള്‍ക്ക് മുന്‍പില്‍ ആളാവാനും വേണ്ടി കഥ എഴുതുവാനും ഉപന്യാസം എഴുതുവാനുമൊക്കെ ഇരുന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരിക്കലും അങ്ങിനെ ഒരു ചിന്ത മനസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയില്‍ നിന്നുമായിരുന്നു രണ്ട് കഥകള്‍ മാ‍ഗസിനുകളില്‍ അച്ചടിച്ച് വന്നത്. അത് തന്നെ സുഹൃത്തുക്കള്‍ മാഗസിന്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നത് കൊണ്ട്. അത് അവിടെ കഴിഞ്ഞു.. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം യാഹു നല്‍കിയ ഒരു കൂട്ടുകാരി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അവസരത്തിലായിരുന്നു ..(അതോ അനവസരത്തിലോ) അവളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു എഴുതി തുടങ്ങിയത്. അതും അവളിലെ കവിയോട് പിടിച്ചുനില്‍ക്കുവാന്‍ എനിക്ക് കഥയെഴുതാന്‍ അറിയാല്ലോ എന്ന് എപ്പോഴോ പറഞ്ഞു പോയ വങ്കത്തത്തിന്റെ പുറത്ത്...!!


സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കറങ്ങി നടക്കുവാന്‍ തുടങ്ങിയപ്പോള്‍ വായനയോടും എഴുത്തുകാരോടുമുള്ള ഭ്രമം കൊണ്ട് തന്നെ എഴുത്തുകാര്‍ എന്ന് തോന്നിയവരെയൊക്കെ ഓര്‍ക്കൂട്ടിലെ ഫ്രണ്ട് ലിസ്റ്റില്‍ തിരുകി കയറ്റി ആളാവുവാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. അങ്ങിനെയാണ് ചുള്ളിക്കാടിനെയും സിത്താരയെയും രേഖയെയും ജ്യോതിബായിയെയും ഒക്കെ എന്റെ കൂട്ടുകാരാക്കി ഞാന്‍ അഹങ്കരിച്ചത്. അതിലൂടെയായിരുന്നു; ജ്യോതിയിലൂടെയായിരുന്നു ബ്ലോഗിന്റെ ലോകം കാണുന്നത്. വിശാലനെയും കുറുമാനെയും നിരക്ഷരനെയും ഡോണയെയും കുഴൂരിനെയും സിമിയെയും പൊങുമൂടനെയും ശ്രീകുമാര്‍ കരിയാടിനെയും ഒക്കെ വായിക്കുന്നത്. അപ്പോഴും യുണികോഡ് എന്താണെന്നും അതെങ്ങിനെ പ്രയോഗത്തില്‍ വരുത്തും എന്നും അറിയില്ലായിരുന്നു. ബ്ലോഗുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ചുള്ളിക്കാടിനെയും കുരീപ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ അവിടെ കണ്ടപ്പോള്‍ വല്ലാത്ത ഭ്രമിച്ചു. ആദ്യക്ഷരി അപ്പുവും മാത്‌സ് ബ്ലോഗിലെ ഹരിയും അവരുടെ ബ്ലോഗുകളില്‍ കുറിച്ചിട്ടിരുന്ന ടിപ്സുകളില്‍ നിന്നും മുള്ളൂകാരന്‍ നല്‍കിയ ചില ടെലിഫോണിക് ടിപ്സുകളില്‍ നിന്നുമൊക്കെയായി യുണികോഡ് പഠിച്ചു ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു. അങ്ങിനെ എഴുതി തുടങ്ങി. ചപ്പ് ചവറുകള്‍ സൂക്ഷിക്കാന്‍ ഒരിടം അങ്ങിനെ ഗൂഗിളില്‍ നിന്നും ഞാനും പതിച്ചു വാങ്ങി.

പിന്നെയും കാലമുരുണ്ടു.. എപ്പോഴൊക്കെയോ ആയി ബ്ലോഗ് ഒരു ഹരമായി. എഴുത്ത് അതുകൊണ്ട് തന്നെ രസകരമായ ഒരു പ്രക്രിയയായി. എഴുതുവാനുള്ള ഇഷ്ടമോ കഴിവോ കൊണ്ടായിരുന്നില്ല, മറിച്ച് ഇവിടെ നിന്നും ലഭിച്ച അനവധി സൌഹൃദങ്ങള്‍ മുറിയാതിരിക്കുവാന്‍ ആയിരുന്നു.. എത്രയെത്ര സൌഹൃദങ്ങള്‍.. ഫോണിലൂടെയും മെയിലുകളിലൂടെയും പലപ്പോഴും നിരന്തരം സംസാരിച്ചിരുന്നത് കൊണ്ട് ഒരിക്കലും വെര്‍ച്ചല്‍ ആവാതിരുന്നിട്ടുള്ള ഒട്ടേറെ സുഹൃത്തുക്കള്‍.. ഹരീഷ്, പ്രവീണ്‍, യൂസഫ്പ,നന്ദന്‍, ജുനൈദ്, ജോഹര്‍, നിരക്ഷരന്‍, ജയന്‍ ഏവൂര്‍, കുമാരന്‍, തോന്ന്യാസി, സിജീഷ്, മുള്ളൂക്കാരന്‍, റാംജി, കാര്‍ട്ടൂണിസിറ്റ് സജ്ജീവ്, കൊട്ടോട്ടിക്കാരന്‍, ചാണ്ടിക്കുഞ്ഞ്, സജിയച്ചായന്‍, രഞ്ജിത് ചെമ്മാട്, മുരളികൃഷ്ണ, ബിജു കൊട്ടില, മനോജ് കുമാര്‍ തലയമ്പലത്ത്, പൊങുമൂടന്‍, ഷെരീഫ് കൊട്ടാരക്കര, ഹറൂണ്‍ മാഷ്, കൂതറ ഹഷിം, ഹംസ, നാമൂസ്, ചെറുവാടി, സിയാഫ്, പ്രദീപ്, അംജത്, സന്ദീപ്, രമേശ് അരൂര്‍, സന്ദീപ് സലിം, എന്‍.ബി.സുരേഷ്, പാവത്താന്‍ മാഷ്, ഷാജി മാഷ്, ചിതല്‍, മുള്ളൂക്കാരന്‍, മത്താപ്പ്, സജിം തട്ടത്തുമല, ജയിംസ് ബ്രൈറ്റ്, അരുണ്‍ കായംകുളം, ജയിംസ് സണ്ണിപാറ്റൂര്‍, ലെചു, ജയ്നി,എച്മുകുട്ടി,സ്മിത, അഞ്ജു നായര്‍, പ്രയാണ്‍ ചേച്ചി, ഡോണ മയൂര, മാണിക്യം, നീന ശബരീഷ്, ലിപി, റോസിലി, ജോയ്, ജ്യോതി സഞ്ജീവ്, ഫെമിന, കിച്ചുവേച്ചി, മൈന ഉമൈബാന്‍, ലീല ടീച്ചര്‍, ഇന്ദ്രസേന, കുഞ്ഞൂസ്, വര്‍ഷിണി, അനാമിക.. പേരുകള്‍ പലതും വിട്ടുപോകുവാന്‍ ഇടയുള്ളത് കൊണ്ട് ഇനിയും എഴുതി ദീര്‍ഘിപ്പിക്കുന്നില്ല.. “ഹലോ മാഷേ“ എന്ന് വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമ്പോള്‍ സഹികെട്ട് “എന്താടാ കോപ്പേ“ എന്ന് തിരികെ ചോദിക്കുന്ന ശൈലന്‍, “മടിപിടിച്ചിരിക്കാതെ എന്തെങ്കിലും എഴുത് ഉണ്ടക്കണ്ണി“ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍  ഒരു സ്മൈലി നല്‍കി വീണ്ടും മടിപിടിച്ചിരിക്കുന്ന സിത്താര.. (അവിടെയിരുന്നു ഇവനാരെടാ ഇത് പറയാന്‍ എന്നോര്‍ത്ത് കണ്ണൂരുട്ടുന്നുണ്ടാവും എന്ന് അറിയാം) അഭിമുഖങ്ങള്‍ പുസ്തകക്കുറിപ്പുകള്‍  എന്നൊക്കെ പറഞ്ഞ്  നിരന്തരം ഞാന്‍ ശല്യം ചെയ്തപ്പോഴും സഹനത്തിന്റെ പാതയില്‍ എന്നോട് സഹകരിച്ച ബെന്യാമിന്‍, സുസ്മേഷ് ചന്ത്രോത്ത്, ബിജു സി.പി, കെ.എ.ബീന, രാമനുണ്ണിമാഷ്, എന്‍.പ്രഭാകരന്‍ മാഷ്, കുരീപ്പുഴ മാഷ്, ഇവരൊക്കെ നല്‍കിയ സ്നേഹം വേണ്ടെന്ന് വെയ്കുവാന്‍ കഴിയുമായിരുന്നില്ല..

അങ്ങിനെയെന്തൊക്കെയോ എഴുതി ബ്ലോഗിലൂടെ പ്രദര്‍ശിപ്പിച്ചു. കുറേ പേര്‍ അത് വായിച്ചു. അഭിപ്രായങ്ങള്‍ നല്ലതും ചീയതും ഒട്ടേറെ കിട്ടി. ചിലപ്പോള്‍ പൂമാലകള്‍.. ചിലപ്പോള്‍ ചീമുട്ടകള്‍.. രണ്ടും ഒരു പോലെ തന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശ്വാസം. . ഇതിനിടയില്‍ രണ്ട് വട്ടം ഓരോ കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ച് വന്നു. ഒന്ന് ലീല ടീച്ചറുടെ സീയെല്ലസ് ബുക്സിന്റെ സാക്ഷ്യപത്രങ്ങളിലും മറ്റൊന്ന് ഞാന്‍ കൂടെ ഭാഗമായി ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ ഇറക്കിയ കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. എന്ന സമാഹാരത്തിലും. രണ്ട് കഥകള്‍ ചില മത്സരങ്ങളില്‍ സമ്മാനാര്‍ഹമായി. അവിടെയും ലഭിച്ചു പൂമാലയും ചെരുപ്പുമാലയും. അവയും നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിച്ചു എന്ന് വിശ്വാസം. അപ്പോഴൊന്നും ഇതൊക്കെ എന്നെങ്കിലും തുന്നിക്കൂട്ടണമെന്നൊരു ചിന്തയുണ്ടായിരുന്നില്ല. വന്യമായ സ്വപ്നങ്ങളില്‍ പോലും സ്വന്തം കഥകള്‍ അടങ്ങിയ ഒരു സമാഹാരം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നില്ല. ആദ്യം അത്തരം ഒരു ചിന്ത മനസ്സിലേക്ക് കോറിയിട്ടത് പ്രിയ സുഹൃത്ത് പ്രവീണ്‍ വട്ടപ്പറമ്പത്ത് ആണ്. പിന്നീട്  മനുവിന് ഇനി സ്വന്തമായി ഒരു സമാഹാരത്തെ കുറിച്ച് ചിന്തിക്കാം എന്ന് പറഞ്ഞ് എരിതീയില്‍ എണ്ണ കോരിയൊഴിച്ചത് ജയ്നിയും.. അടുത്ത ഒരു പുസ്തകം എന്നാ കുമാരാ എന്ന് ചോദിച്ചപ്പോള്‍ ഇനി നീയൊക്കെ ഇറക്കിയിട്ടേ ഞാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞ് വീണ്ടും മനസ്സില്‍ ലഡു പൊട്ടിച്ച് നാശകോശമാക്കിയത് കുമാരന്‍.. കുറേയേറെ പ്രസാധകരുടെ ലിസ്റ്റ് തന്ന് ഇവരെയൊക്കെ മുട്ടിനോക്ക് എന്ന് പറഞ്ഞ് എന്നെ തള്ളി വിട്ട് മാറി നിന്ന് ചിരിക്കുകയായിരുന്നു പഹയന്‍ :) പിന്നീട് ഒരു പാതിരാത്രിയില്‍ ഫോണ്‍ ചെയ്ത് നീ കഥകള്‍ താടാ നമുക്ക് ബുക്കാക്കാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ലഡുപൊട്ടിച്ചത് പാപ്പിറസിലെ ബാലഗോപാലന്‍ ഹരി (എന്നിട്ടും മറ്റു ചില കാരണങ്ങള്‍ കൊണ്ട് പാപ്പിറസ് വഴി പുസ്തകമാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. പ്രിയ ഹരീ ക്ഷമി)   അത് കൊണ്ട് തന്നെ ഇവരാണ് ആ ദുഷ്ടശക്തികള്‍ എന്നും പ്രേരണാകുറ്റത്തിനുള്ള ശിക്ഷ ഇവര്‍ക്ക് കല്പിച്ച് നല്‍കിയാലും എന്ന് മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിച്ച് കൊണ്ട് തന്നെ ഒടുവില്‍ അത് സംഭവിക്കുന്നു എന്ന വിവരം ഔപചാരികമായി ഞാന്‍ അറിയിക്കട്ടെ.. 

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.. അല്ല, നന്ദിയാരോടൊക്കെ ഞാന്‍ ചൊല്ലേണ്ടൂ.. ഒരുപാട് പേരോട്...

അക്ഷരങ്ങളിലേക്ക് നയിച്ച അച്ഛന്‍, അമ്മ..
വായിക്കാന്‍ പ്രേരിപ്പിച്ച ചേച്ചി, അമ്മാവന്‍...
എഴുതുവാന്‍ ഊര്‍ജ്ജമായ യാഹു കൂട്ടുകാരി..
സഹിച്ചും ക്ഷമിച്ചും കൂടെ നില്‍കുന്ന നല്ല പാതി, കുഞ്ഞ്..
എഴുതിയത് വായിച്ച് തിരുത്തി തന്ന കൂട്ടുകാര്‍..

അതിലൊക്കെയേറെ...

എന്നെ പോലെ ഒരു തുടക്കക്കാരന്റെ പുസ്തകത്തിന് ഒരു പ്രവേശിക എഴുതി തന്ന് എഴുത്തുകാരന് വേണ്ടത് വലിയ മനസ്സും ലാളിത്യവും ആണെന്ന് എന്നിലെ അഹങ്കാരിയെ ഓര്‍മ്മപ്പെടുത്തിയ എന്റെ പ്രിയ രാമനുണ്ണിമാഷിന്..

എന്റെ കഥകള്‍ തുന്നിക്കൂട്ടി ഒരു പുസ്തകം.. കാ...കാ.. എന്ന് അലറി വിളിച്ചുകൊണ്ട് ഒരു കാക്ക നിങ്ങളെ അലോസരപ്പെടുത്തി തുടങ്ങുവാന്‍ പോകുകയാണ്. “വാങ്ങി വായിക്കെടാ.. വാങ്ങി വായിക്കെടാ“ എന്നാണ് ആ കാക്ക വിളിച്ച് കൂവുന്നത് എന്നാണ് പ്രസാധകര്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയ സുഹൃത്ത് ജുനൈദ് മുഖപുസ്തകത്തില്‍ കോറിയിട്ട വരികള്‍ ഞാന്‍ കടം കൊള്ളട്ടെ..

“കഥയുടെ ബാന്റ് വിഡ്തിൽ നിന്ന് ജീവിതത്തിന്റെ ബാന്‍‌ഡ് വിഡ്തിലേക്ക് ഒരു കാക്ക പറന്നു തുടങ്ങുന്നു.. “ തുടര്‍ന്ന് സ്മൈലിയോടെ തന്നെ ജുനൈദ് അനുബന്ധമായി എഴുതി.. “കാക്ക മലര്‍ന്നു പറന്നു പരിശീലനം തുടങ്ങി.. മിനിമം ഒരു 100 പേജ് പറക്കും.. :) അതെ കൂട്ടുകാരെ..   ഒരു കാക്ക പറക്കാന്‍ ശ്രമിക്കുകയാണ്. 


എവിടെയെങ്കിലും ഒന്ന് നിറുത്തണമല്ലോ.. അതുകൊണ്ട് പുസ്തകത്തിന്റെ സമര്‍പ്പണത്തോടെ തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


രക്തബന്ധങ്ങളുടെ കെട്ടുപാടുകള്‍ക്ക്....
സ്നേഹബന്ധങ്ങളുടെ പൊട്ടാത്ത പട്ടുനൂലിഴകള്‍ക്ക്....
സ്നേഹനിരാസങ്ങളുടെ ചീര്‍ത്തുവീര്‍ത്ത മുഖങ്ങള്‍ക്ക്...
സഹനത്തിന്റെ ഒരമ്മയ്ക്കും കുഞ്ഞിനും....

ഒടുക്കം...

നിനക്ക്...

ഒടുക്കത്തിനുമവസാനം....

നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്....
അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്...
പിന്നെയും...
.


കഥയുടെ ബാന്റ്വിഡ്തില്‍ നിന്നും ജീവിതത്തിന്റെ ബാന്‍ഡ് വിഡ്തിലേക്ക് പറന്നു തുടങ്ങുന്ന ഈ കാക്കയെ നിങ്ങള്‍ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചൊവ്വാഴ്ച, നവംബർ 27, 2012

ഡിബോറ

പുസ്തകം : ഡിബോറ
രചയിതാവ് : സലിം അയ്യനേത്ത്
പ്രസാധകര്‍ : പാം പബ്ലിക്കേഷന്‍സ്

ന്തായിരിക്കാം ഒരു പുസ്തകത്തിലേക്ക് ആദ്യമേ വായനക്കാരനെ ആകര്‍ഷിക്കുന്ന ഘടകം ? എന്നെ സംബന്ധിച്ചാണെങ്കില്‍ എഴുതിയ ആള്‍, പുസ്തകത്തിന്റെ തലക്കെട്ട്, കവര്‍ ചിത്രം, ബ്ലര്‍ബ്ബ് , അവതാരിക ഇങ്ങിനെ ചില ഘടകങ്ങളിലൂടെയാവാം അതിന്റെ സഞ്ചാരം. ഇവിടെ അത്ര പരിചിതനല്ലാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം എന്ന നിലയില്‍ ഡിബോറ എന്ന സമാഹാരത്തിലേക്ക് ആകര്‍ഷിച്ചത് ഡിബോറ എന്ന വ്യത്യസ്തമായ തലക്കെട്ടും 'സ്വാഭാവികതയിലെ അസ്വഭാവികതയെ കലയെന്ന് വിളിക്കുമ്പോള്‍ അസ്വഭാവികതയിലെ സ്വാഭാവികതയെ നമുക്കെന്ത് വിളിക്കാം?' എന്ന് പുസ്തകത്തിന്റെ ബ്ലര്‍ബിലുയര്‍ത്തിയിരിക്കുന്ന ചോദ്യവുമായിരുന്നു.

അസ്വഭാവികതയില്‍ സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ് സലിം അയ്യനേത്തിന്റെ കഥകള്‍ എന്ന് വായനയ്ക്ക് ശേഷം ഉറപ്പിക്കുവാന്‍ കഴിഞ്ഞു. വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍ നിറഞ്ഞ കഥകള്‍ കൊണ്ട് സമ്പന്നമായ ഒരു സമാഹാരം. അത്തരം വായനാനുഭവങ്ങള്‍ സന്തോഷകരം തന്നെയാണ്. പുസ്തകത്തിലെ 14 കഥകളും മനോഹരം എന്ന് ഞാന്‍ പറയുന്നില്ല. കഥാകൃത്ത് പോലും അങ്ങിനെ അവകാശപ്പെടുന്നില്ല എന്നതാണ് സത്യം! പക്ഷെ, ഡിബോറ, കൊശവത്തികുന്ന്, മൂസാട്, ഗന്ധകഭൂമി അലീനയോട് പറഞ്ഞത്, നിഴല്‍ കൂത്ത്, ഫ്രീകോള്‍ മാമാങ്കം, ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍, വെള്ളച്ചാമി, എന്നീ കഥകള്‍ വായിച്ചാല്‍ മുകളില്‍ സൂചിപ്പിച്ച വിശേഷണം അല്ലെങ്കില്‍ ശ്രമം നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് ഉറപ്പ്.

സ്നേഹവും സ്നേഹഭംഗങ്ങളും ആണ് സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആദ്യ കഥയായ ഡിബോറക്കൊപ്പം ഒന്ന് സഞ്ചരിച്ച് നോക്കാം. ചന്ദ്രയാന്‍ യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട, ഭൂമിയിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിലെ, അതും മള്‍ട്ടിമില്യനിയര്‍ ഫാമിലിയിലെ പെണ്‍കുട്ടിയാണ് ഡിബോറ. പക്ഷെ, ഇത് വരെ കാണാത്ത ഭൂമിയെയും അവിടത്തെ പച്ചപ്പിനെയും ജൈവികതയെയും അവള്‍ ഏറെ സ്നേഹിക്കുന്നു. അതുപോലെ തന്നെ പപ്പയുടെ ശമ്പളക്കാരന്‍ മാത്രമായ പൈലറ്റ് റസലിനെയും. റസലുമായി ചേര്‍ന്നുള്ള ഒരു ഹെലികോപ്റ്റര്‍ സഞ്ചാരത്തില്‍ നിന്നുമാണ് കഥാകൃത്ത് കഥ സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയിലേക്കുള്ള യാത്ര ഒരു സ്വപ്നമായി അവശേഷിപ്പിച്ചുകൊണ്ട് ഡിബോറയും റസലും ഒരു ക്രാഷ് ലാന്‍ഡിങിന്റെ ദാരുണതയിലേക്ക് എടുത്തെറിയപ്പെടുന്നു. സ്നേഹവും പ്രണയവും ഫാന്റസിയും നിറച്ച് വായനക്കാരനെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നതോടൊപ്പം തന്നെ കഥാകൃത്ത് പരിസ്ഥിതിയെ സം‌രക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും മറ്റും വായനക്കാരന്റെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. തന്റെ മാധ്യമത്തിലൂടെ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ സമൂഹത്തോട് പ്രതികരിക്കുവാന്‍ കഥാകൃത്ത് കാട്ടുന്ന ഉത്സുകത അഭിനന്ദനാര്‍ഹം തന്നെ. സമാഹാരത്തിലെ മറ്റു പല കഥകളിലും ഇത്തരം സാമൂഹിക ഇടപെടലുകള്‍ കഥകള്‍ക്കിടയില്‍ നടത്തുവാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് എന്നത് ശ്ലാഘനീയമായ കാര്യമായി തോന്നി.

അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമം ഏറ്റവും അധികം ദര്‍ശിച്ച കഥയായ ഡിബോറയില്‍ നിന്നും സമാഹാരത്തിലെ രണ്ടാമത്തെ കഥയായ 'കൊശവത്തികുന്നില്‍' എത്തുമ്പോള്‍ കഥാകൃത്ത് ആകാശകാഴ്ചയുടെ വിസ്മയങ്ങളില്‍ നിന്നും കാല്പനീകതയില്‍ നിന്നും പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ പിടിച്ചുവലിച്ച് അസൂയാവഹമായ കൈത്തഴക്കോത്തോടെ പാത്ര നിര്‍മിതി നടത്തുന്നത് വിസ്മയത്തോടെ കണ്ടുനില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ വായിച്ചറിയേണ്ടി വരും. കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു. ഒരു കുലം മറ്റൊരു കലത്തിന്റെ തൊഴില്‍ സ്വീകരിക്കേണ്ടി വന്ന ദാരുണമായ അവസ്ഥ! അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.

ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ ഹോമോ സെക്സിന്റെ തിക്താനുഭവങ്ങളിലേക്കും ഭാവാന്തരങ്ങളിലേക്കും കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു. ജയിലിലെ പീഢനങ്ങളില്‍ നിന്നും ഒരു മനുഷ്യന് എത്രത്തോളം ലൈംഗീക അരാജകത്വം സംഭവിക്കാം എന്നത് സൂക്ഷ്മമായി തന്നെ സലിം ഈ കഥയിലൂടെ പറയുന്നു.

സമാഹാരത്തിലെ ഏറെയാകര്‍ഷിച്ച കഥയായിരുന്നു ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍. മനുഷ്യന്റെ കുടിലതകളിലേക്ക് , തിന്മകളിലേക്ക്.. ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ് കഥാകൃത്ത്. ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത, അല്ലെങ്കില്‍ പണവും സ്വാധീനവും ഇല്ലാത്ത വലിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്. കഥ പറയുന്ന ശൈലിയില്‍ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാകുമായിരുന്നു ഇത് എന്ന് തോന്നി. സമൂഹത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തുവാന്‍ സാമ്പ്രദായിക കഥനശൈലി അനുവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു പോരായ്മ പോലെ!

നിഴല്‍ കൂത്ത് എന്ന കഥയില്‍ പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീര്‍ എന്ന നായകനെ വായനക്കാരന് ദര്‍ശിക്കുവാന്‍ കഴിയും. സ്വന്തം മകളുടെ വിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ. വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെ കാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു. വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയ ഒരു കഥ.

ഒരു പക്ഷെ, ചരിത്രത്തില്‍ ഫാന്റസിയെ സന്നിവേശിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെള്ളിച്ചാമി എന്ന കഥ. വളരെ നല്ല ഒരു നരേഷനിലൂടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ, തീവ്ര സ്നേഹഭംഗങ്ങളുടെ കഥകൂടെ കഥാകൃത്ത് പറയുവാന്‍ ശ്രമിക്കുന്നുണ്ട്.


ഡിബോറ എന്ന ഈ സമാഹാരത്തെ ഒറ്റ വാചകത്തില്‍ ഒന്ന് വിശേഷിപ്പിക്കുവാന്‍ പറഞ്ഞാല്‍ എന്ത് പറയും? നഷ്ടസ്നേഹങ്ങളുടെ കഥ പറയുന്ന പുസ്തകം എന്നോ? അതോ ഫാന്റസികളിലേക്ക് യാഥാര്‍ത്ഥ്യങ്ങളെ തിരുകി കയറ്റിയ പുസ്തകം എന്നോ? തീര്‍ച്ചയില്ല.. ഈ കഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല; മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്. ഇതിലെ എല്ലാ കഥകളും മഹത്തരമാണെന്ന അബദ്ധസങ്കല്പം ഇല്ലെന്ന് കഥാകൃത്തും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ, ഒന്നുണ്ട്. മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹങ്ങളുടെ, സ്നേഹ നിരാസങ്ങളുടെ കഥ പറയുന്ന ഈ സമാഹാരം നിലവാരമുള്ള വായന നമുക്ക് നല്‍കുന്നുണ്ട്.

ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

ഗോളി

To,
The Hon. Chief Justice,
Supreme Court - India

മുഖവുര : ക്ഷമിക്കണം. ഒരു രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ പരമോന്നത പദവി വഹിക്കുന്ന താങ്കള്‍ക്ക് ഇത്തരത്തില്‍ ഈമെയിലിലൂടെ ഒരു പരാതി ബോധിപ്പിക്കാമോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരു വിദേശിയായതിനാല്‍ താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും എനിക്ക് അത്ര അറിവുമില്ല. ഇന്റര്‍നെറ്റിന്റെ വിശാലലോകത്ത് നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതകളും കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള എണ്ണമിട്ടുള്ള വെളിപ്പെടുത്തലുകള്‍ വരെ കുറ്റകൃത്യങ്ങളായും പ്രേരണാകുറ്റമായും സ്വീകരിക്കുന്ന ആ നിയമവ്യവസ്ഥയോട് ബഹുമാനം തോന്നിയെങ്കിലും എന്നെ അത് വല്ലാതെ ഭയപ്പെടുത്തുന്നു! ഈ കത്തിലൂടെ എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ പകര്‍ത്തുകയാണ്. പരാതിയുടെയോ അപേക്ഷയുടേയോ രൂപമില്ല എന്നതുകൊണ്ട് ഇത് പരിഗണിക്കാതിരിക്കരുതെന്നും ഈ അവസ്ഥയില്‍ നിന്നും എന്നെ രക്ഷിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്ന രീതിയില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നും കരുതട്ടെ.

ഔദ്യോഗികമായ തിരക്കുകളില്‍ വ്യാപൃതനായിരിക്കുന്ന താങ്കള്‍ക്ക് ഒരു പക്ഷെ എന്നെ അറിയുവാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ ആദ്യമേ സ്വയം പരിചയപ്പെടുത്താം. എന്റെ പേര് പീറ്റര്‍ ചെക്ക്. ചെക്ക് റിപ്പബ്ലിക്ക് എന്ന രാഷ്ട്രത്തിന്റെയും ചെല്‍‌സിയെന്ന ലോകോത്തര ഫുട്ബാള്‍ ക്ലബ്ബിന്റെയും വിശ്വസ്തനായ ഗോള്‍കീപ്പര്‍ (?). കാല്‍‌പന്തുകളിയെ ഏറെ സ്നേഹിക്കുന്ന താങ്കളുടെ നാട്ടില്‍ എനിക്ക് ഒട്ടേറെ ഫാന്‍സ് ഉണ്ടെന്നാണ് ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആ നാടിനെ പറ്റി കൂടുതല്‍ പഠിക്കുവാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അത് ഇപ്പോള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നതോടൊപ്പം തന്നെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും കൂടെ ചെയ്യുന്നു!!

എന്തിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ താങ്കളുടെ നാടിനെ പറ്റി കൂടുതല്‍ പഠിക്കുന്നത് എന്നൊരു ചിന്ത താങ്കളില്‍ ഉണ്ടാവാം. അതും ഒരു ചരിത്രകാരനോ യാത്രികനോ ഗവേഷകനോ ഒന്നുമല്ലാത്ത വെറുമൊരു കാല്‍‌പ്പന്തുകളിക്കാരന്‍ മാത്രമായ ഞാന്‍! അതെ, അത് തന്നെയാണ് ഇപ്പോള്‍ എന്റെ പ്രശ്നം. മുകളില്‍ ഞാന്‍ വിശ്വസ്തനായ ഗോള്‍കീപ്പര്‍ എന്നതിനോട് ചേര്‍ന്ന് ഒരു ചോദ്യചിഹ്നം രേഖപ്പെടുത്തിയതും അതുകൊണ്ടാണ്. ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ വളരെയടുത്ത ദിനങ്ങള്‍ വരെ ഇടമുണ്ടായിരുന്ന എന്റെ കൈകളില്‍ നിന്നും ഈയിടെ പിഴവുകള്‍ ഏറുന്നു. എന്റെ മനസ്സും കൈയും കണ്ണും എന്നെ വല്ലാതെ ചതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈയടുത്ത് ഉക്രൈയിനിലും പോളണ്ടിലുമായി സമാപിച്ച യൂറോ കപ്പിന്റെ ഉദ്ഘാടനദിവസത്തെ റഷ്യയുമായുള്ള കളി മുതല്‍! ഒരു പക്ഷെ, ഒരു ഫുട്ബാള്‍ പ്രേമിയാണെങ്കില്‍ താങ്കളും പത്രങ്ങളില്‍ നിന്നോ ടെലിവിഷന്‍ ചാനലുകളില്‍ നിന്നോ ഒക്കെയായി പീറ്റര്‍ ചെക്കിനിതെന്തുപറ്റി എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരിക്കും. ശരിയാണ്. എനിക്കെന്തുപറ്റി എന്നതിലേക്കാണ് എന്റെ അന്വേഷണം. (വീണ്ടും ഞാന്‍ കാടുകയറിപ്പോകുന്നുവല്ലേ? ക്ഷമിക്കണം. പെട്ടന്ന് കാര്യത്തിലേക്ക് വരുവാന്‍ ശ്രമിക്കാം.)

ഫുട്‌ബാള്‍ എന്ന കളിയില്‍ ഗോളിയുടെത് വല്ലാത്ത ഒരു റോളാണ്. കളിയുടെ തൊണ്ണൂറ് മിനിറ്റും ഞങ്ങള്‍ ജാഗരൂകരായിരിക്കണം. മറ്റു കളിക്കാര്‍ മൈതാനം നിറഞ്ഞ് ഓടി നടക്കുമ്പോള്‍ നിധികാക്കുന്ന ഭൂതത്തെ പോലെ ഒരു വലയുടെ മുന്‍പില്‍ ജാഗരൂകനായി നില്‍‌ക്കേണ്ടി വരുന്ന അവസ്ഥ! താങ്കള്‍ക്ക് അത് ഊഹിക്കുവാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. കളിയാസ്വദിക്കുവാന്‍ ഈ നില്‍പ്പ് ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ സ്വീകരിച്ചു പോരുന്ന ഒരു രഹസ്യനടപടിക്രമമുണ്ട്. മൈതാനത്ത് വന്ന് ഗോള്‍പോസ്റ്റിന്റെ ഇരു ബാറുകളിലും ചുംബിച്ചതിന് ശേഷം ക്രോസ്‌ബാറിലേക്ക് കൈകള്‍ ഉയര്‍ത്തി ഞാന്‍ ചാടുന്നത് ഒരു പക്ഷെ ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സരങ്ങള്‍ എപ്പോഴെങ്കിലും വീക്ഷിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് കണ്ടിരിക്കും. സത്യത്തില്‍ എല്ലാ ഗോളിമാരും ചെയ്യുന്നത് പോലെ ക്രോസ്‌ബാറിനെയും വണങ്ങുക എന്ന പ്രക്രിയയേക്കാള്‍; ഞാന്‍ എന്നില്‍ നിന്നും ആ നിമിഷം ആത്മാവിനെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതെ, ഓരോ കളിയുടെ സമയത്തും ക്രോസ്‌ബാറിലേക്ക് ഉയര്‍ന്നു ചാടുന്ന പീറ്റര്‍ ചെക്കില്‍ നിന്നും എന്റെ ആത്മാവ് പുറത്ത് കടക്കുകയും ഗ്യാലറിയില്‍ തന്നെയെവിടെയെങ്കിലുമോ അതല്ലെങ്കില്‍ ഇതേ മത്സരം വീക്ഷിക്കുന്ന ഏതെങ്കിലും ടെലിവിഷന്‍ സ്ക്രീനിനു മുന്‍പിലേക്കോ കടന്നിരിക്കുകയും ഒരു നല്ല കാണിയായി മത്സരമാസ്വദിക്കുകയും ചെയ്യുകയാണ് പതിവ്. വര്‍ഷങ്ങളായി ഞാന്‍ പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് അത്. അതിലൂടെ പലപ്പോഴും എതിര്‍ടീമിലെ കളിക്കാരുടെ നീക്കങ്ങളെ ഞാന്‍ മുന്‍‌കൂട്ടി കണ്ടിരുന്നു. അവര്‍ മനസ്സില്‍ കാണുന്ന നീക്കങ്ങള്‍ കണ്ടറിഞ്ഞ് ഞാന്‍ മൈതാനത്ത് നിലയുറപ്പിച്ചിരിക്കുന്ന എന്നിലെ ദേഹിയിലേക്ക് ആ വിവരം ട്രാന്‍സ്മിറ്റ് ചെയ്തിരുന്നു. ഒരു പക്ഷെ, ഇത്തരം ഒരു തന്ത്രമാവാം ലോകത്തെ എണ്ണം പറഞ്ഞ ഗോളിമാരുടെ പട്ടികയിലേക്ക് എന്നെ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഈ കളി ഞാന്‍ ആസ്വദിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ റഷ്യയുമായുള്ള യൂറോകപ്പിലെ ഉദ്‌ഘാടന മത്സരം വരെ!!

അന്നും – റഷ്യയുമായുള്ള മത്സരദിവസം – പതിവ് പോലെ ഇരു ബാറുകളിലും മുത്തം നല്‍കിയ ശേഷം ക്രോസ് ബാറിലേക്ക് ഉയര്‍ന്നു ചാടിയ എന്നില്‍ നിന്നും ദേഹിയെ മൈതാനത്ത് തിരിച്ചിറക്കി ആത്മാവ് കളിയാസ്വദിക്കുന്ന ഒരു വലിയ ടിവി സ്ക്രീനിന് മുന്‍പിലേക്ക് കുതിച്ചുപാഞ്ഞു. ഒട്ടേറെ പന്തുകളി പ്രേമികള്‍ നിറഞ്ഞ ഒരു വിശാലമുറിയിലെ ടിവി സ്ക്രീനിന് മുന്‍പിലായിരുന്നു അന്ന് എന്റെ ആത്മാവ് ചെന്ന് ഇരുപ്പുറപ്പിച്ചത്. എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ആകസ്മിക സംഭവങ്ങള്‍ക്ക് തുടക്കം അതായിരുന്നു. അന്ന്... എന്റെ ആത്മാവ് കളിയാസ്വദിക്കുവാന്‍ വന്നിറങ്ങിയത് അങ്ങയുടെ നാട്ടിലെ ഒരു 27” ടിവി സ്ക്രീനിന് മുന്‍പിലേക്കായിരുന്നു.

വിശാലമായ ഒരു മുറിയായിരുന്നു അത്. നന്നായി ഫര്‍ണീഷ് ചെയ്ത് അലങ്കരിച്ച, പച്ച കാര്‍പ്പെറ്റ് വിരിച്ച ഒരു മുറി. മുറിയുടെ ഇരു വശങ്ങളിലും മധ്യഭാഗത്തായി ഇട്ടിരുന്ന മനോഹരമായ രണ്ട് സെറ്റികള്‍ ഒരു കളിമൈതാനത്തെ രണ്ട് ഗോള്‍പോസ്റ്റുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കളിയാസ്വാദകരുടെ നിലക്കാത്ത ആരവം എന്നില്‍ വല്ലാത്ത ഊര്‍ജ്ജം നിറച്ചു. സഞ്ചാരപാതകള്‍ അന്വേഷിക്കുവാന്‍ ശ്രമം നടത്താത്ത ആത്മാവ് ഒരു പക്ഷെ ആ ആരവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടാവാം ലേറ്റസ്റ്റ് മോഡല്‍ വാച്ചിലെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലനിര്‍ണയം നടത്തുവാന്‍ ശ്രമം നടത്തിയതും താങ്കളുടെ രാജ്യത്തെ തന്നെ കളികമ്പത്തിന് ഏറ്റവും പേരുകേട്ട മലപ്പുറമെന്ന സ്ഥലത്താണ് ഇരുപ്പെന്ന് മനസ്സിലാക്കിയതും. താങ്കളുടെ നാട് ഫുട്ബാള്‍ കമ്പത്തിന് പേരുകേട്ടതാണെന്ന് മുന്‍പൊരിക്കല്‍ അവിടം സന്ദര്‍ശിച്ചിട്ടുള്ള ഡേവിഡ് ബെക്കാം പറഞ്ഞത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഒട്ടേറെപേരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ മുറിയില്‍ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് കളിയാസ്വദിക്കാമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി - അതും പരിപൂര്‍ണ്ണ നഗ്നയായി ഒരു പെണ്‍കുട്ടി - മൈതാനമധ്യത്തില്‍ കിക്കോഫിന് തയ്യാറായിരിക്കുന്ന ഒരു ഫുട്ബാള്‍ പോലെ, മുറിയുടെ മധ്യഭാഗത്തായി കാര്‍പ്പെറ്റില്‍ ചുരുണ്ട് വളഞ്ഞ് കിടക്കുന്നു! അവള്‍ക്കിരുവശത്തുമായി എന്തിനു തയ്യാറെന്ന പോലെ നിലയുറപ്പിച്ച രണ്ട് കാളക്കൂറ്റന്മാരെ കണ്ടപ്പോള്‍ സ്പെയിനുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നതായും കിക്കോഫിന് തയ്യാറായി നില്‍ക്കുന്ന സാവിയെയും ഇനസ്റ്റയെയും ശ്രദ്ധയോടെ വീക്ഷിച്ച് ഗോള്‍ വലക്കരിക്കില്‍ നില്‍ക്കുന്ന എന്നെയും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടുപോയി.

അതായിരുന്നു സര്‍ എന്റെ കഷ്ടകാലത്തിന്റെ തുടക്കം. സ്റ്റേഡിയത്തില്‍ കളിയുടെ ആദ്യ നിമിഷങ്ങള്‍ ആയിരുന്നു അപ്പോള്‍. ചെക്കിനും റഷ്യക്കും വേണ്ടി ആര്‍ത്തുവിളിക്കുന്ന കാണികള്‍ എന്നിലും കുട്ടികളിലും വല്ലാത്ത ആവേശം ഉണ്ടാക്കി. ഗ്യാലറിയില്‍ മെക്സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ ഒരോ രോമകൂപങ്ങളെയും ഉണര്‍ത്തി. അങ്ങേക്ക് അറിയുമോ എന്നറിയില്ല, ഫുട്ബാളിന്റെ ആവേശം തന്നെ കാണികളാണ്. അല്ലാതെ കളിയെഴുത്തുകാരോ കളിക്കാരോ ഒന്നുമല്ല.

(ഹോ.. വീണ്ടും അങ്ങയുടെ സമയം ഞാന്‍ അപഹരിക്കുന്നു. ക്ഷമിക്കണേ..)

കാണികള്‍ നല്‍കിയ ഊര്‍ജ്ജം കാലുകളിലേക്ക് ആവാഹിച്ച് എന്റെ കുട്ടികള്‍ തുടര്‍ച്ചയായി കോര്‍ണറുകള്‍ സമ്പാദിച്ച് മുന്നേറുമ്പോഴായിരുന്നു ഒരല്പം റിലാക്സ്ഡ് മൂഡ് കിട്ടിയ ഞാന്‍ മുറി അത്രമേല്‍ സൂക്ഷ്മമായി നിരീക്ഷിച്ചത്. പക്ഷെ, ഇത്രയും വേഗം ഒരു പ്രത്യാക്രമണത്തിലൂടെ റഷ്യന്‍ മധ്യനിര എന്നെ നിഷ്പ്രഭനാക്കുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയിരുന്നില്ല.

കെര്‍ഷക്കോവിന്റെ ഹെഡര്‍ ബാറില്‍ തട്ടി തിരികെ പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടതാണ്. പക്ഷെ, സഗോയേവ് അവിടേക്ക് ഓടിയെത്തുവാന്‍ കഴിയും‌വിധം ഇത്ര അടുത്ത് നിലയുറപ്പിച്ചിരുന്നത് മൈതാനം മുഴുവന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളില്‍ പതിച്ചില്ല. ഒരു പക്ഷെ, ആ പെണ്‍കുട്ടി എന്റെ കാഴ്ചക്ക് വിലങ്ങുതടിയായതാവാം! അത്തരം ഒരു സീനായിരുന്നല്ലോ അതേ സമയം ആ മുറിയില്‍ അരങ്ങേറിയത്. ഒരുവന്‍ വിയര്‍ത്ത് ചുളുങ്ങി അവളില്‍ നിന്ന് ഇറങ്ങിപ്പോകുകയും മറ്റൊരുവന്‍ തീരെ സമയം നല്‍കാതെ അവളിലേക്ക് ഒരു ബുള്ളറ്റ് പോലെ പാഞ്ഞുകയറുകയും ചെയ്യുന്ന കാഴ്ച. ചെകിടടിച്ച് ഒരു അടികിട്ടിയ പോലെ തോന്നി. ഇത്രയും മനോഹരമായി ഞാന്‍ കബളിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. (ഒരു പക്ഷെ അവളും?)

എന്താണ് സംഭവിക്കുന്നത്? 27' ടിവി സ്ക്രീനിലാണോ മുറിയിലെ പച്ച കാര്‍പ്പെറ്റിലാണോ യഥാര്‍ത്ഥത്തില്‍ കളി നടക്കുന്നത്. ഞാനകെ പതറിപ്പോയിരുന്നു സര്‍. കൈയടക്കവും ഡ്രിബ്ലിങ്ങും ഫൌളുകളും ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് പോലും സാദ്ധ്യത നല്‍കാതെ ഇത്തരത്തില്‍ ഒരു അറ്റാക്കിങ് ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞാന്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും ഷിറൊക്കോവിന്റെ ഷോട്ടും എന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍ പതിച്ചിരുന്നു. അപ്പോള്‍ മൈതാനമധ്യത്തില്‍ അവള്‍ ഒരിക്കല്‍ കൂടെ പ്രതിരോധം തകര്‍ക്കപ്പെട്ട് വാടി തളര്‍ന്ന് കിടന്നു.

സ്വന്തം വലയില്‍ പതിച്ച രണ്ട് ഗോളുകള്‍ എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഒരു വേള, തിരികെ ദേഹിയിലേക്ക് ആത്മാവിനെ കുടിയിരുത്തിയാലോ എന്ന് പോലും ഞാന്‍ ചിന്തിക്കാതിരുന്നില്ല. പക്ഷെ, ഒന്നനങ്ങാന്‍ പോലും പറ്റാത്ത വിധം ആത്മാവ് തളര്‍ന്നു പോയിരുന്നു. ഞാന്‍ ഒന്നിനും കഴിയാത്തവനായി സെറ്റിയില്‍ കൈതാങ്ങി ഇരുന്നുപോയി. ഇടവേള കഴിഞ്ഞതും കളി വീണ്ടും തുടങ്ങിയതും എന്റെ കുട്ടികള്‍ ഒരു ഗോള്‍ മടക്കിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല എന്നതാണ് സത്യം.

പക്ഷെ മുറിയിലെ കളി അപ്പോഴേക്കും കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഒരു വിദഗ്ദനായ കോച്ചിന്റെ അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു അവള്‍ ആ കളി നിയന്ത്രിക്കുന്നത് എന്ന് ഞാന്‍ സംശയിച്ചുപോയ നിമിഷങ്ങള്‍. എന്റെ സംശയം ശരിയായിരുന്നു. മുറിയുടെ ഇരുണ്ട കോണില്‍ ചുണ്ടില്‍ എരിയുന്ന സിഗററ്റും കൈയില്‍ സ്മിര്‍ണോഫ് ഗോള്‍ഡുമായി ഇരിക്കുന്ന ഒരു കുറിയ മനുഷ്യന്‍ അത്രയും നേരം എന്റെ കണ്ണില്‍ പെട്ടിരുന്നില്ല! ആ കണ്ണുകളില്‍ ഒരു കുറുക്കന്റെ ഭാവമുണ്ടായിരുന്നു. അതോ ആട്ടിന്‍ തോലണിഞ്ഞ ആ പഴയ ചെന്നായയുടേയോ?

ഇതിനിടെ ഒരിക്കല്‍ കൂടെ എന്റെയും അവളുടെയും പ്രതിരോധം എതിരാളികള്‍ കീറിമുറിച്ചു കഴിഞ്ഞിരുന്നു. സഗോയേവ് രണ്ടാമതും എന്റെ വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ അവിശ്വസനീയമായതെന്തോ സംഭവിച്ചത് പോലെ ഞാന്‍ പകച്ചു നിന്നത് അങ്ങ് കണ്ടുകാണുമോ എന്നെനിക്കറിയില്ല. രണ്ട് പ്രതിരോധഭടന്‍മാരെ വകഞ്ഞു മാറ്റി സഗോയേവ് ഉതിര്‍ത്ത ഷോട്ടിനേക്കാള്‍ അതേ സമയം മുറിയില്‍ നടന്ന സംഭവങ്ങള്‍ ആണ് ആ പകപ്പിന് കാരണം എന്നതാണ് വാസ്തവം. സഗോയേവിന്റെ പന്തടക്കവും വേഗവും അസാമാന്യമായിരുന്നു; സമ്മതിക്കുന്നു. പക്ഷെ അതേ സമയം മുറിയുടെ മധ്യത്തില്‍ അവളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന രണ്ട് പേരുടെ ക്ഷമകെട്ട മല്പ്പിടുത്തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ഒരിക്കല്‍ കൂടെ അവളെ പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവനിലെ വന്യത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഇവിടെ വെച്ചാണ് കളി കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കൈയേറ്റത്തിലേക്കും അക്രമത്തിലേക്കും തെന്നി നീങ്ങുന്നത് നിസ്സഹായനായി എനിക്ക് നോക്കിയിരിക്കേണ്ടി വന്നു. മുറിയിലെ പച്ച കാര്‍പ്പെറ്റില്‍ അരുണിമ പടരുന്നത് ഞാന്‍ അറിഞ്ഞു. ഒഴുകിപ്പരന്ന ചോര എന്റെ കൈകളില്‍ നനവ് പടര്‍ത്തിയപ്പോള്‍ ഞാന്‍ നിലത്ത് നിന്നും സെറ്റിയിലേക്ക് വലിഞ്ഞുകയറി. ആ സമയം അല്പം കൂടെ വ്യക്തമായി കണ്ട ചില കാഴ്ചകള്‍ എനിക്ക് കേട്ടറിവ് പോലുമില്ലാത്തതും എന്നെ ഇപ്പോഴും ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നതും ആണ്. ഒരു പക്ഷെ ഈ കത്തിന് എന്നെ പ്രേരിപ്പിക്കുന്നത് ആ കാഴ്ചകളില്‍ നിന്നും ഉടലെടുത്ത ഭയമാവാം എന്ന് ഞാന്‍ സംശയിക്കുന്നു! അല്ല, സംശയമല്ല!! അത് തന്നെയാണ് സത്യം.

ഒരു കൊച്ചു കൈപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്ന അവളെ കണ്ടപ്പോള്‍ കളിക്കിടയില്‍ കാര്‍ഡുകള്‍ എഴുതുന്ന റഫറിയെ ഓര്‍മ്മ വന്നു. ആകാഷയോടെ ആ പുസ്തകത്തിലേക്ക് ഞാന്‍ ഏന്തി നോക്കി. ഖദര്‍ ഷര്‍ട്ടിട്ട മെമ്പര്‍, ദേവപാലന്‍ പോലീസ്, തമാശക്കാരന്‍ സിനിമാ നടന്‍, മുഖത്ത് കാക്കപ്പുള്ളിയുള്ള ജ്വല്ലറിയുടമ.. എനിക്കൊന്നും മനസ്സിലായില്ല!!

ചിന്തയിലാണ്ടിരുന്ന ഞാന്‍ പവ്‌ലൂഷെങ്കൊ ഡിഫന്റര്‍മാരെ ബോക്സിനുള്ളില്‍ കബളിപ്പിച്ച് പന്ത് ഡ്രിബ്ല് ചെയ്ത് കയറ്റി കൊണ്ടുവരുന്നതും വലയുടെ മൂലയിലേക്ക് കോരിയിട്ടതും കണ്ടില്ല. ഒഴുകി പരക്കുന്ന ചോരച്ചാലുകളില്‍ ചവിട്ടാതെ, ഗ്ലാസ്സില്‍ അവശേഷിച്ച സ്മിര്‍ണോഫ് ഗോള്‍ഡ് വലിച്ചിറക്കി ചിറി തുടച്ച്, അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ഭീതിയില്‍ പകച്ചു നില്‍ക്കുന്ന മറ്റുള്ളവരെ തള്ളിമാറ്റികൊണ്ട് ആടിയാടി അവളിലേക്ക് നടന്നടുക്കുന്ന ചെന്നായ്കൂറ്റനെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍.

"കളി നിയമങ്ങള്‍ തെറ്റിച്ചിട്ടല്ലേ? ഇനിയിപ്പോള്‍ അതോര്‍ത്തിട്ട് കാര്യമില്ല. ഈ മരണം റഷ്യക്കും ചെക്കിനും സമര്‍പ്പിക്കാം" പൊട്ടിച്ചിരിച്ചുകൊണ്ട് അത് പറയുമ്പോള്‍ അയാളുടെ മുഖത്ത് ഒരു കൌശലക്കാരന്റെ ഭാവം ഞാന്‍ കണ്ടു.

ടി വി സ്ക്രീനില്‍ പവ്‌ലൂഷെങ്കൊയുടെയും റഷ്യന്‍ കളിക്കാരുടേയും ആഹ്ലാദനൃത്തവും ഹെല്‍മറ്റ് അഴിച്ചുമാറ്റി നിരാശയുടെ മുഖം തുടക്കുന്ന എന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ മാറിമാറികാണിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. തലയില്‍ കെട്ടിയിരുന്ന മഫ്ലര്‍ അഴിച്ചു മുഖം തുടച്ചുകൊണ്ട് ചെന്നായ അപ്പോഴേക്കും അവള്‍ക്കരികിലേക്ക് ഒഴുകിയെത്തി. ടിവി സ്ക്രീനിലേക്കും ചെന്നായയിലേക്കും മാറിമാറി നോക്കികൊണ്ട് കൈപുസ്തകത്തിലേക്ക് എന്തോ കൂടെ അവള്‍ പെട്ടന്ന് എഴുതിചേര്‍ക്കുന്നത് കണ്ട് ആകാംഷയോടെ ഞാന്‍ വീണ്ടും എത്തി നോക്കി.

ഗോളി

അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ അവള്‍ക്കരികില്‍ എത്തുകയും പുസ്തകം അവള്‍ എവിടെയോ ഒളിപ്പിക്കുകയും ചെയ്തിരുന്നു.

അങ്ങയുടെ ഭാഗത്ത് നിന്നും ഉചിത നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്

പീറ്റര്‍ ചെക്ക്

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍


പുസ്തകം : കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍
രചയിതാവ്
: റോസിലി ജോയ്
പ്രസാധകര്‍
: വാട്ടര്‍മെലന്‍ ബുക്സ്


വ്യക്തിപരമായ കുറിപ്പുകളും ഹാസ്യരസം തുളുമ്പുന്ന രചനകള്‍ക്കുമ്മപ്പുറത്തേക്ക് എഴുത്തിനെ സീരിയസ്സായി കാണുന്ന എഴുത്തുകൂട്ടം ബ്ലോഗിങില്‍ ഇല്ല എന്ന വിവാദപരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട വേളയിലായിരുന്നു -ഒരു നിമിത്തമാകാം- കാലം തെറ്റാതെ പൂത്തുലഞ്ഞു നില്‍കുന്ന കഥകള്‍ അടങ്ങിയ സമാഹാരം വായിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വായന ആ പരാമര്‍ശങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു താനും. റോസിലിയുടെ ഈ സമാഹാരത്തെ പറ്റി ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ കഥകള്‍ പൂത്തുനില്‍ക്കുന്നു എന്ന് തന്നെ പറയാം. ഇതിലെ കഥകള്‍ ഒന്നും തന്നെ എന്നിലെ വായനക്കാരന് പുതിയതായിരുന്നില്ല. പക്ഷെ, ഒരിക്കലും ഒരു രണ്ടാം വായനയുടെ വിരസത അല്ലെങ്കില്‍ അലസഭാവം ഈ കഥകള്‍ വായനക്കിടയില്‍ സൃഷ്ടിച്ചില്ല എന്നത് ഒരു പക്ഷെ കാലഘട്ടങ്ങള്‍ക്കതീതമായി കഥകളെ പറഞ്ഞുവെയ്ക്കുവാന്‍ റോസിലിക്ക് കഴിഞ്ഞത് കൊണ്ടാവാം എന്ന് തോന്നി.


16കഥകളും അവതാരികയും ഉള്‍പ്പെടെ 112പേജില്‍ 85രൂപ മുഖവില നിശ്ചയിച്ച് വാട്ടര്‍മെലന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്ന കാലം തെറ്റിപൂത്ത ഗുല്‍മോഹറുകള്‍ തെറ്റില്ലാത്ത ഒരു വായന പ്രദാനം ചെയ്യുന്നു എന്നതിന് സംശയമേയില്ല. അതിനേക്കാളേറെ, കടുത്ത വെയിലില്‍ തളര്‍ന്ന് പോയ ഒരു വഴിയാത്രക്കാരന് ഒരു തണ്ണിമത്തന്റെ കുളിര്‍മ്മ നല്‍കി ഗുല്‍മോഹര്‍ തണലില്‍ വിശ്രമിപ്പിച്ച് യാത്രതുടരാന്‍ പ്രേരിപ്പിക്കുവാന്‍, ചില കഥകളില്‍ കടന്നുകൂടിയ അക്ഷരതെറ്റുകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ മികച്ച ലേഔട്ടിങിലൂടെ പ്രസാധകരും ശ്രമിച്ചിട്ടുണ്ട്.


ഈ സമാഹാരത്തില്‍ എന്നിലെ വായനക്കാരനെ ആകര്‍ഷിച്ച ഘടകങ്ങള്‍ കഥപറയുവാന്‍ റോസിലി തിരഞ്ഞെടുത്ത ഭൂമികയും ഭാഷയുമാണ്. ഓരോ പ്രദേശത്തിനും ഇണങ്ങുന്ന ഭാഷയിലൂടെ കഥ പറയാന്‍ ആ പ്രദേശത്തെയും അവിടത്തെ സംസ്കാരത്തെയും തനിമയെയും സ്പഷ്ടമായി പഠിക്കേണ്ടിയിരിക്കുന്നു എന്നതിനാല്‍ പത്തോളം വ്യത്യസ്തമായ ഭാഷാസംസ്കാരങ്ങളെ (ഭാഷയെന്നത് കൊണ്ടുദ്ദേശിച്ചത് ശൈലീവ്യത്യാസങ്ങളെയാണ്) തനിമചോരാതെ പഠിക്കാന്‍ കഥാകാരി കാട്ടിയ ആര്‍ജ്ജവത്തെ ഇകഴ്താന്‍ ശ്രമിക്കുന്നത് അനീതിയാവും.


സമാഹാരത്തിലെ കഥകള്‍ എല്ലാം തന്നെ റോസിലി, റോസാപ്പൂക്കള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാതിനാല്‍ കഥകളുടെ ഗഹനമായ ഒരു വിശകലനത്തിന് മുതിരുന്നില്ല. എങ്കിലും, ചില കഥകളെയെങ്കിലും പരാമര്‍ശിക്കാതെ പോകാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. അത്തരത്തില്‍ ഏറെ ആകര്‍ഷിച്ച ഒന്നാണ് ആദ്യ കഥയായ താജ്മഹല്‍. പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ സ്മാരകം ഏതെന്ന ചോദ്യത്തിന് നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന മറുപടിയാണ് താജ്മഹല്‍. അതുപോലെതന്നെ പ്രണയനൊമ്പത്തിന്റെയും... ഇവിടെ താജ്മഹല്‍ എന്ന കഥയിലൂടെ തീക്ഷ്ണപ്രണയവും അതിന്റെ ഭംഗവും വളരെ തന്മയത്തോടെ പറഞ്ഞുവെയ്ക്കുന്നു കഥാകാരി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെയോ കണ്ട് മറന്ന ഒരു തെരുവുനാടകത്തിലെ ചില രംഗങ്ങള്‍ ഓര്‍മ്മ വന്നു ഈ കഥ വായിച്ചപ്പോള്‍.

കോറസ് :'താജ്മഹല്‍ പണികഴിപ്പിച്ചതാര് ? '

നരേറ്റര്‍ : 'ഷാജഹാന്‍.. ഷാജഹാന്‍'

കോറസ് : 'അല്ല. അല്ലേയല്ല'

നരേറ്റര്‍ : 'പിന്നെ.. പിന്നെയാര്?'

കോറസ് :'ഞങ്ങള്‍.. കാറ്റിനെയും മഴയെയും ചൂടിനെയും തണുപ്പിനെയും വകവെക്കാതെ ഓരോ കല്ലുകൊണ്ടും കവിതയെഴുതിയ ഞങ്ങള്‍.. പണിക്കാര്‍..'

അധ്വാനത്തിന്റെ വില അടിമത്വമാകുന്ന ദയനീയ ചിത്രം വളരെ വികാരപരമായി തന്നെ താജ്മഹല്‍ എന്ന കഥയില്‍ വരച്ചുകാട്ടിയിട്ടുണ്ട്.ഏറെയാകര്‍ഷിച്ച മറ്റൊരു കഥയാണ് 'ഒറ്റക്കയ്യന്‍ അറുകൊല'. മനോഹരമായ കൈയടക്കമാണ് കഥയുടെ പ്രത്യേകതയായി തോന്നിയത്. നാട്ടില്‍ പ്രചരിച്ചിരുന്ന ഒരു സങ്കല്‍‌പ്പത്തെ, ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് വായനക്കാരനെ ഇരുത്തിചിന്തിപ്പിക്കുന്ന ഒരു കഥ. കഥാനായികക്കൊപ്പം, വീടിനുമുന്നില്‍ കെട്ടിയ പന്തലും ആള്‍ക്കൂട്ടവും നോക്കി റോഡരികില്‍ തന്നെ ഒറ്റകൈയന്‍ അറുകൊല കൊണ്ടുപോയ പ്രിയ കൂട്ടുകാരി അനിതയുടെ തുറിച്ചനാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു ഒറ്റകൈയന്‍ അറുകൊല.


'മെഹക്ക്'എന്ന കഥ ആകര്‍ഷിച്ചത് കഥാതന്തുവിനേക്കാള്‍ അതിനുപയോഗിച്ച മനോഹരമായ പ്രദേശമാണ്. കാശ്മീരിന്റെ ശീതളിമ തെളിഞ്ഞു നില്‍ക്കുന്ന സുന്ദരമായ ഒരു രചന തന്നെ മെഹക്ക്. 'കിളികളുടെ ഭാഷ' 'കാലം തെറ്റിപൂത്ത ഗുല്‍മോഹറുകള്‍' എന്നിവ നിലവാരമുള്ള രചനകള്‍ തന്നെയെങ്കിലും കഥയുടെ അവസാനങ്ങളില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഫീല്‍ ചെയ്തു. ഭാഷയുടെ വശ്യതകൊണ്ട് ഏറെയാകര്‍ഷിച്ച രചനയാണ് 'എച്ചുച്ചോത്തി'. കഥക്കിടയില്‍ എവിടെയോ വെച്ച് ക്ലൈമാക്സ് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും 'കാണാപ്പുറങ്ങള്‍' മികച്ച രചനതന്നെ.


ആദ്യ കഥ ചരിത്രത്തില്‍ മിത്ത് ചേര്‍ത്ത് പറഞ്ഞതാണെങ്കില്‍ പുരാണത്തില്‍ നിന്ന് കഥ പറഞ്ഞുകൊണ്ടാണ് ഈ കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ കഥാകാരി അവസാനിപ്പിക്കുന്നത്. അവതാരികയില്‍ അനില്‍കുമാര്‍ തിരുവോത്ത് സൂചിപ്പിച്ചത് പോലെ പുതിയ കാലത്തെ സ്ത്രീ എഴുത്തുകാരെ ബാധിച്ചിരിക്കുന്ന ഫെമിനിസം റോസിലിയുടെ കഥകളില്‍ കാണാന്‍ കഴിയുന്നില്ല എന്നതില്‍ സന്തോഷം തോന്നി. ഫെമിനിസം, തെറ്റാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല, മറിച്ച് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് കഥകളെ ഇസവല്‍ക്കരിക്കുന്നതിനോട് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് മാത്രം!


സാമ്പ്രദായിക കഥയെഴുത്തിനെ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെ, ഭാഷ വൈവിധ്യങ്ങളിലൂടെ വായനക്കാരനിലേക്ക് റോസിലിയെത്തിക്കുമ്പോള്‍ ഇനിയും കാലത്തിന് മുന്നില്‍ പൂക്കുവാന്‍ കഥകളുടെ ഒട്ടേറെ ഗുല്‍മോഹറുകള്‍ സംഭാവന ചെയ്യുവാന്‍ ഈ എഴുത്തുകാരിക്ക് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

കീഹോള്‍

"മുറിച്ചു മാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല"

ഡോക്ടറുടെ വാക്കുകളെ ഒരു ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്.

"ഡോക്ടര്‍.... അതല്ലാതെ..." - മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ലൗലിക്ക്. അവള്‍ക്ക് മുഖം കൊടുക്കാതെ, മേശപ്പുറത്തിരിക്കുന്ന ഗര്‍ഭപാത്രത്തിന്റെ കളിമണ്‍ രൂപത്തിലേക്ക് വിഷാദ‌പൂര്‍‌വ്വം നോക്കി ഡോക്ടര്‍ സെറീന പ്രകാശ് ഇല്ല എന്നര്‍ത്ഥത്തില്‍ തലകുടഞ്ഞു.

"താന്‍ പേടിക്കേണ്ട . നമുക്ക് ഒരു കീഹോള്‍ സര്‍ജ്ജറിയിലൂടെ...."

"വേണ്ട ഡോക്ടര്‍.. വേണ്ട.."

"അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.. താന്‍ അത് മനസ്സിലാക്കണം.. ഏകദേശം മുക്കാല്‍ ഭാഗത്തോളം ഫൈബ്രോയ്ഡ് നിറഞ്ഞു കഴിഞ്ഞു. ഇനിയും താമസിപ്പിച്ചാല്‍...."

"അതല്ല.. ഡോക്ടര്‍ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ മുറിച്ച് നീക്കിക്കോളു.. പക്ഷെ അതിനായി ഒരു കീഹോള്‍ സര്‍ജ്ജറി വേണ്ട.. അത് മാത്രം വേണ്ട.. " ലൗലിയുടെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നത് ഡോക്ടര്‍ കണ്ടു. അവള്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു.

".കെ. റിലാക്സ് ലൗലി.. റിലാക്സ്.. "

സാരിത്തലപ്പുകൊണ്ട് മിഴികള്‍ ഒപ്പി കണ്‍‌സള്‍ട്ടിങ് റൂമിന്റെ ഡോര്‍ വലിച്ചടച്ച് പുറത്തിറങ്ങുമ്പോളും ലൗലിയുടെ കിതപ്പ് മാറിയിരുന്നില്ല. ഒരു സര്‍ജ്ജറി വേണ്ടിവരുമെന്ന് ഏറെക്കുറെ അറിയാമായിരുന്നു. എത്രയോ വര്‍ഷമായി ഈ വേദന സഹിച്ച്.... പക്ഷെ, തന്നിലെ പെണ്ണാണല്ലോ ഇല്ലാതാവുന്നതെന്നോര്‍ക്കുമ്പോള്‍..... അതിനേക്കാളേറെ ഒരു കീഹോള്‍ സര്‍ജ്ജറിയെന്ന ഡോക്ടറുടെ വാക്കുകളാണ് വല്ലാതെ പേടിപ്പിക്കുന്നത്. എന്നും ജീവിതത്തില്‍ പ്രശ്നമായിരുന്നിട്ടുള്ളത് കീഹോളുകളായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു.

ലൗലി ക്രിസ്റ്റഫര്‍
ജനനം
: 10-12-1986
മരണം
: ...............??

നീ വിട്ടുപിരിഞ്ഞ വേദനയില്‍ തകര്‍ന്ന മനസ്സുമായി ഈ വലിയ ലോകത്ത് (ആന്‍ റോസിനോടൊപ്പം) നിന്റെ ക്രിസ്റ്റഫര്‍ - വിലകൂടിയ മാര്‍ബിള്‍ ശിലയില്‍ കൊത്തിവെക്കപ്പെട്ടാക്കാവുന്ന വാക്കുകള്‍.....!!

ഹും! തന്റെ മരണത്തില്‍ വേദനിച്ച് കഴിയുന്ന പാവം ഭര്‍ത്താവ്!! അവള്‍ക്ക് തന്നോട് തന്നെ പുച്ഛം തോന്നി.. അതല്ലെങ്കിലും പിന്‍‌തിരിഞ്ഞ് നോക്കിയാല്‍ ലൗലിക്ക് സ്വന്തം ജീവിതത്തോട് എന്നും പുച്ഛമേ തോന്നിയിരുന്നുള്ളൂ..

നമുക്കൊരു കീഹോള്‍ ശസ്ത്രക്രിയയിലൂടെ.... - ഡോക്ടറുടെ വാക്കുകള്‍ വീണ്ടും ചെവിയില്‍ വന്ന് പ്രതിധ്വനിച്ചു.

വേണ്ട.. ഡോക്ടര്‍. അത് മാത്രം വേണ്ട.. ഡോക്ടര്‍ എന്നെ കീറിമുറിച്ചോളൂ.. എന്നാലും കീഹോള്‍ പ്രയോഗം വേണ്ട.. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോളും അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു. ജീവിതത്തിന്റെ എല്ലാ സുപ്രധാന വഴിത്തിരിവുകളിലും കീഹോളുകളുകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നത് അവളില്‍ വിസ്മയത്തോടൊപ്പം അലോസരമുണര്‍ത്തുകയും ചെയ്തു.

1995 - ഹേമന്തം

അമ്മയോടൊപ്പം ഒരു വലിയ വീട്ടില്‍ കഴിഞ്ഞുകൂടിയിരുന്ന കുഞ്ഞുന്നാളുകള്‍..... സമുദായത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പുകളെ അവഗണിച്ച് പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനാല്‍ വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും അനഭിമിതനായി ജീവിതപ്രാരാബ്ദങ്ങളും ചുമന്ന് പ്രവാസത്തിലേക്ക് കൂടണഞ്ഞ് , ഒരു വാശിപോലെ പണവും പ്രതാപവും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടിയിരുന്ന അച്ഛന്റെ തണല്‍ ഇല്ലാതെ ഒരു വലിയ വീട്ടില്‍ അമ്മയോടൊപ്പം... പ്രാരാബ്ദങ്ങളുടെ പുഴുക്കം നിറഞ്ഞ ഇടുങ്ങിയ ഇടനാഴികളില്‍ നിന്നും സമ്പത്തിന്റെ കുളിര്‍മ്മ നിറഞ്ഞ വിശാലമായ അകത്തളങ്ങളിലേക്ക് ജീവിതം പറിച്ചുനടപ്പെട്ട ആ നാളുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ലൗലി. ഏവര്‍ക്കും മുന്‍പില്‍ തലയുയര്‍ത്തി തന്നെ ജീവിക്കണം എന്ന ചിന്ത അധികരിച്ചപ്പോള്‍ അച്ഛന്‍ വീടിനെ മറന്നു തുടങ്ങിയിരുന്നു. അമ്മയെയും കുഞ്ഞിനെയും മറന്നിരുന്നു. ആരോടും സഹായം തേടാന്‍ കഴിയാതെ, എല്ലാവരെയും ഭയന്ന് കഴിഞ്ഞത് കൊണ്ടാവാം ചെറിയ അപശബ്ദങ്ങള്‍ പോലും അമ്മയെയും മോളേയും വല്ലാതെ ഭയപ്പെടുത്തി. പാഠ്യവിഷയങ്ങള്‍ക്ക് ട്യൂഷനെടുക്കുവാന്‍ വീട്ടിലെത്തിയിരുന്ന മാസ്റ്ററും പിന്നെ കീഹോളുകളിലൂടെ അരിച്ചെത്തുന്ന നുറുങ്ങു കാഴ്ചകളും മാത്രമായിരുന്നു പെട്ടന്ന് ഇരുട്ടുവീണു തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ പുറം‌ലോകവുമായി ആ വീടിനുണ്ടായിരുന്ന ബന്ധം.

1996 - ശിശിരം

ഹോം വര്‍ക്കുകള്‍ തെറ്റിച്ചതിന് ട്യൂഷന്‍ മാസ്റ്ററുടെ പക്കല്‍ നിന്നും ഒത്തിരി വഴക്ക് കേട്ട് ഏങ്ങി കരഞ്ഞ ദിവസം. കരച്ചിലിന്റെ ആക്കം ഒന്ന് കുറഞ്ഞപ്പോള്‍ അപ്പുറത്ത് അമ്മയുടെ മുറിയില്‍ നിന്നും മാഷുടെ പതിഞ്ഞ ശബ്ദം കേട്ടാണ് അടഞ്ഞ വാതിലിന്റെ താക്കോല്‍പഴുതിലൂടെ അകത്തേക്ക് നോക്കിയത്. കണ്ട കാഴ്ച വീണ്ടും കരച്ചിലിന്റെ ആക്കം കൂട്ടിയത് ഓര്‍മ്മയുണ്ട്. ഹോം വര്‍ക്ക് തെറ്റിച്ചതില്‍ തന്നോടുള്ള കലി അടങ്ങാതെ തനിക്ക് പകരം അമ്മയെ ശിക്ഷിക്കുന്ന മാഷിനെ കണ്ടപ്പോള്‍ കരഞ്ഞുപോയി. തനിക്ക് വേണ്ടി മാഷില്‍ നിന്നും ശിക്ഷകള്‍ ഏറ്റുവാങ്ങുന്ന അമ്മയോട് അപ്പോള്‍ ഒത്തിരി സ്നേഹം തോന്നി. എന്തോ പറഞ്ഞ് മാഷെ പിന്തിരിപ്പിക്കുവാന്‍ അമ്മ ശ്രമിക്കുന്നുണ്ട്. പാവം! തനിക്ക് വേണ്ടി... പക്ഷെ, ഇത്രയേറെ ഉപദ്രവിച്ചിട്ടും അമ്മ കരയുന്നില്ലല്ലോ.. !?

മാഷ് തല്ലിയപ്പോള്‍ അമ്മക്ക് ഒത്തിരി വേദനിച്ചോ? ഇനി മോള് ഹോം‌വര്‍ക്ക് തെറ്റിക്കൂല്ലാട്ടോ എന്ന്‍ പറഞ്ഞ് രാത്രിയില്‍ അമ്മയോട് ചേര്‍ന്നുകിടക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ്മയത്തോടെ ഒന്നു നോക്കിയിട്ട് വേദനകൊണ്ടാവും ചുണ്ടുകള്‍ കൂട്ടികടിച്ച് അമ്മ കമിഴ്ന്ന് കിടന്നു.. അങ്ങിനെയാണ് ഹോം വര്‍ക്കുകള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ തുടങ്ങിയത്. പക്ഷെ എന്നിട്ടും എന്തെങ്കിലുമൊക്കെ തെറ്റുകള്‍ കണ്ടെത്തി മാഷ് ശിക്ഷിക്കുമായിരുന്നു.. കരച്ചില്‍ തുടങ്ങുമ്പോഴേക്കും അമ്മ ഇടപെടുകയും അങ്ങിനെ അന്നേ ദിവസത്തെ ട്യൂഷന്‍ അവസാനിക്കുകയും തനിക്കുള്ള ശിക്ഷകള്‍ അമ്മക്ക് പകുത്ത് നല്‍കുകയും എന്ന പ്രക്രിയ തുടര്‍ന്നു വന്നു. അതോടെ അമ്മയെ തല്ലുകൊള്ളിക്കാതിരിക്കുവാനായി മാഷ് ശിക്ഷിക്കുമ്പോള്‍ കരയാതായി. എന്നിട്ടും എത്രയോ വട്ടം തന്നെ തല്ലിയിട്ടും മതിവരാതെ മാഷ് അമ്മയെ ശിക്ഷിക്കുന്നത് കീഹോളിലൂടെ കണ്ടിരിക്കുന്നു. വേദന സഹിക്കാനാവാതെയാവും പാവം അമ്മ ചിലപ്പോഴൊക്കെ കട്ടിലിലേക്ക് വീണുപോവാറുണ്ട്. എന്നിട്ടും ദ്വേഷ്യം തീരാതെ മാഷ് അമ്മയുടെ മേലേക്ക്.. അപ്പോഴും വേദനകടിച്ച് പിടിച്ച് അമ്മ പുഞ്ചിരിക്കുന്നത് കീഹോളിലൂടെ ലൗലിമോള്‍ കണ്ടിട്ടുണ്ട്. പാവം അമ്മ!! തനിക്കുവേണ്ടി.. അതുകൊണ്ടാണ് അതുകൊണ്ടുമാത്രമാണ് ആ മാഷിന്റെ ട്യൂഷന്‍ ഇനി വേണ്ടെന്ന് അച്ഛനോട് ഫോണില്‍ പറഞ്ഞത്. അന്ന് വൈകുന്നേരം എത്ര തല്ലാന്നോ ലൗലിമോള്‍ക്ക് കിട്ടിയത്!!

2002 – വസന്തം

പൊട്ടിത്തെറികളുടേയും മദ്ധ്യസ്ഥതയുടേയും ഒത്തുതീര്‍പ്പുകളുടേയും ദിവസങ്ങളായിരുന്നു പിന്നീടുള്ള കുറേ നാളുകള്‍. പ്രവാസത്തിന്റെ മുള്‍‌വേലികള്‍ പറിച്ചെറിഞ്ഞ് അച്ഛന്‍ അപ്പോഴേക്കും തിരികെ കൂടണഞ്ഞിരുന്നു . എല്ലാവരും സ്വന്തമായി ഒരോ തുരുത്തുകള്‍ നിര്‍മ്മിച്ച് അതിലേക്ക് ഒതുങ്ങിക്കൂടി. ഇടക്കിടെ ചെറിയ ചെറിയ ഉരുള്‍പൊട്ടലുകള്‍ അവരുടെ മുറിയില്‍ ഉരുണ്ടുകൂടുമ്പോള്‍ കീഹോളിലൂടെ പീപ്പ് ചെയ്യുക ഒരു ശീലമായി. മകള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞുള്ള ഒത്തുതീര്‍പ്പുകള്‍ക്കൊടുവിലും കാലം തന്നില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിക്കുവാന്‍ അവര്‍ ആകുലപ്പെട്ടില്ല. ഈ ലോകത്ത് തനിച്ചാണെന്ന തോന്നല്‍ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അവന്റെ വരവ് വല്ലാത്ത ആശ്വാസമായിരുന്നു.!! ക്ലാസ്മേറ്റ്.. മിടുക്കന്‍... സുന്ദരന്‍... കാര്യവിവരമുള്ളവന്‍. അവനോടായിരുന്നു എല്ലാം പങ്കുവെച്ചിരുന്നത്. ദിവസങ്ങള്‍ അവനില്‍ തുടങ്ങി അവനില്‍ അവസാനിക്കണമെന്ന് ആഗ്രഹിച്ച നാളുകള്‍.

മറ്റൊരു കുട്ടിയുടെ സ്വകാര്യതയിലേക്ക് പീപ്പ് ചെയ്തതിന് ടീച്ചര്‍ ശാസിക്കുമ്പോഴായിരുന്നല്ലോ ആദ്യമായി താനവനെ ശ്രദ്ധിച്ചതെന്ന് ലൗലി ഓര്‍ത്തു. ഒരേ തൂവല്‍ പക്ഷിയാണെന്ന തോന്നല്‍!! പിന്നെ കുറച്ച് കാലത്തേക്ക് അവനായിരുന്നു എല്ലാം. അവന്‍ പറയുന്നതായിരുന്നു വേദം. തന്റെ ഏകാന്തതയിലേക്ക് അവന്‍ സ്വയം നുഴഞ്ഞുകയറിയതോ അതോ ക്ഷണിച്ചു കയറ്റിയതോ?! ആഴങ്ങളിലും പരപ്പുകളിലും പരസ്പരം ലയിച്ചു ചേര്‍ന്ന നാളുകള്‍. ജീവിതത്തില്‍ അത് വസന്തകാലമായിരുന്നു.. ഋതുക്കളില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന വസന്തം.

2004 – ഗ്രീഷ്മം

പോലീസുകാരുടെ അശ്ലീലം ചുവക്കുന്ന നോട്ടവും സംസാരവുമൊന്നും തീരെ വേദനയുണ്ടാക്കിയില്ല. പക്ഷെ, ഇവളെ ഒരു ദിവസത്തേക്ക് വിലക്കെടുത്തതാണെന്ന് അവന്‍ പറഞ്ഞപ്പോള്‍... സത്യത്തില്‍ അതായിരുന്നു വല്ലാതെ തകര്‍ത്തുകളഞ്ഞത്!! തന്റെ സ്വകാര്യതകളെ അവന്‍ ചൂടുപിടിപ്പിക്കുന്നത് ഇതാദ്യമായല്ലല്ലോ? എന്നിട്ടും അവന്‍..

അവര്‍ - പോലീസുകാര്‍ - വരുമ്പോള്‍ ആ വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍ ഉണ്ടായിരുന്നു. ലൗലി ഓര്‍ത്തെടുത്തു.

അവനോടൊത്ത് ആ വീട്ടില്‍ ഇതാദ്യമൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ തീരെ ഭയവും തോന്നിയില്ല. എന്തിന് ഭയക്കണം! ഒരുമിച്ച് ജീവിക്കേണ്ട വീട്. ആ വീടിനോട് സ്വന്തം വീടിനോടുള്ളതിനേക്കാള്‍ ഇഷ്ടമായിരുന്നു.. അവന്റെ വിളിയെത്തിയപ്പോള്‍ നുണകളുടെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ച് അവനരികിലേക്ക് പറക്കുകയായിരുന്നല്ലോ... അവനുമൊത്തുള്ള സന്തോഷങ്ങള്‍ക്കിടയില്‍ ചില നിഴലനക്കങ്ങള്‍ മുറിക്കുള്ളില്‍ കണ്ടപ്പോള്‍... ഒരു താക്കോല്‍ദ്വാരത്തിന്റെ മാത്രം വലിപ്പമുള്ള ഒളിക്യാമറയില്‍ തന്റെയും അവന്റെയും രഹസ്യങ്ങള്‍ ആ നിഴല്‍‌രൂപങ്ങള്‍ ഒപ്പിയെടുത്തെന്ന് തിരിച്ചറിഞ്ഞപ്പോള്‍... അതിനു ശേഷം... ആ നിഴലുകള്‍ തന്റെമേല്‍ ഭാരമായി അമര്‍ന്നപ്പോള്‍.... അപ്പോള്‍ മാത്രം പകച്ചു പോയി. അവന്റെ ആശ്വാസവാക്കുകളില്‍ എല്ലാം മറക്കുകയായിരുന്നു.. ആശ്വസിപ്പിച്ച അതേ നാവുകൊണ്ട് തന്നെ അവന്‍ തള്ളിപറയുമെന്ന് ചിന്തിക്കാതിരുന്നത് പ്രായത്തിന്റെ വങ്കത്തം. അല്ലെങ്കില്‍ സമീപവാസികളുടെ കൂര്‍ത്ത നോട്ടങ്ങളെ അവഗണിച്ച് അവനരികിലേക്ക്.... ആ വീട്ടിലേക്ക് ഓടിയണഞ്ഞിരുന്നത് തന്നെ വങ്കത്തമായിരുന്നല്ലോ! അവിടെ ഇത്തരം രംഗങ്ങള്‍ പതിവായിരുന്നെന്നും തെളിവ് സഹിതം പിടിക്കുവാനായി സമീപവാസികള്‍ കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് സ്റ്റേഷനില്‍ വെച്ച് കേട്ടപ്പോള്‍ തകര്‍ന്നു പോയി.

ആരുടെയോ ഒരു ഫോണ്‍ കോളില്‍ കൈമറിഞ്ഞു തീര്‍ന്നത് പ്രവാസത്തിന്റെ പൊള്ളലേറ്റ കുറേ നോട്ടുകെട്ടുകളായിരുന്നു.. പത്രക്കാര്‍ക്ക്... പോലീസുകാര്‍ക്ക്.... നാട്ടുകാരില്‍ ചിലര്‍ക്ക്.. മകള്‍ക്ക് നഷ്ടമായതെല്ലാം കുറേ കടലാസുകഷണങ്ങള്‍ കൊണ്ട് വീണ്ടെടുക്കുവാന്‍ അച്ഛന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ മനസ്സ് ചുട്ടുപൊള്ളി.

പിന്നീട് എല്ലാം പെട്ടന്നായിരുന്നു. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ജനന സര്‍ട്ടിഫിക്കറ്റിലെ ഏതാനും ചില മാസക്കണക്കുകളുടെ പിന്‍‌ബലത്തില്‍ ഫസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ 'സാധനം' 'സാക്ഷി'യാവുന്നതും 'കസ്റ്റമേര്‍സ്' 'പ്രതി'കളാവുന്നതും എല്ലാം നിര്‍‌വികാരമായി കണ്ടു നിന്നു. കറന്‍സി നോട്ടുകള്‍ക്ക് മേല്‍ കറുത്ത വസ്ത്രമണിഞ്ഞ വക്കീലന്മാര്‍ കടവാവലുകള്‍ പോലെ തൂങ്ങിക്കിടന്നു. കനം കുറവിനാല്‍ വിള്ളലേറ്റ പെണ്‍ഭിത്തി ഗാന്ധിയുടെ ഒറ്റമുണ്ടിലെ കഞ്ഞിപ്പശയുടെ ബലത്തില്‍ വീണ്ടും കെട്ടിയുയര്‍ത്തപ്പെട്ടു. ഏതൊ സിമന്റ് കമ്പനിക്കാരുടെ പരസ്യവാചകം പോലെ വിള്ളലോ പോറലോ ഏല്‍ക്കാത്ത ഭിത്തിയെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ പെണ്‍ഭിത്തി പൊട്ടിയൊഴുകിയ ചോരത്തുള്ളികള്‍ സ്വന്തം സത്വത്തെ അന്വേഷിച്ച് പരന്നൊഴുകി. അധികമാരുമറിയാതെ , പത്രങ്ങളില്‍ വാര്‍ത്തയാവാതെ കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തപ്പോഴേക്കും കടുത്ത ചൂടില്‍ മാതാപിതാക്കള്‍ക്കിടയിലെ മഞ്ഞുരുകിയെങ്കിലും തന്റെ ഉള്ള് ചൂടുപിടിച്ചിരുന്നു.

2008 – വര്‍ഷം

ഡോക്ടര്‍മാര്‍, മരുന്നുകള്‍, സെഡേറ്റീവുകള്‍..... ഒന്നും ഓര്‍ത്തെടുക്കുവാന്‍ കഴിയാതെ ഭ്രാന്തമായ മനസ്സുമായി കുറേ നാളുകള്‍! തന്റെ മുറിക്ക് ഒരു ഹോസ്പിറ്റലിന്റെ മണമായിരുന്നു.. ആ ദിവസങ്ങള്‍ ഇന്നും പേടിപ്പെടുത്തുന്നു.. ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ ചുട്ടുപഴുത്ത മനസ്സുമായി പുറംലോകം കാണാതെ ഭ്രാന്തുപിടിച്ച കുറേ നാളുകള്‍... കീഹോളുകളില്‍ കൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍ വരെ തന്നെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് പിന്നീടെപ്പോഴോ ക്രിസ്റ്റഫര്‍ പറഞ്ഞത്.

ക്രിസ്റ്റഫര്‍. ?

വന്യമായ ഉപദ്രവങ്ങള്‍ സഹിക്കാനാവാതെ ഹോംനേര്‍ഴ്സുകള്‍ ഓരോരുത്തരായി വീടുവിട്ടപ്പോഴാണ് ഏതോ കൊച്ചു മാനസീകാരോഗ്യകേന്ദ്രത്തിന്റെ ഷോക്ക് റൂമില്‍ അസിസ്റ്റന്റായിരുന്ന അയാള്‍ എത്തിച്ചേര്‍ന്നത്. വീട്ടിലെ ദാരിദ്ര്യം പണത്തിനു വേണ്ടി എന്തൊക്കെ യാതനകള്‍ അനുഭവിക്കുവാനും അയാളെ പ്രാപ്തനാക്കിയിരുന്നു. തന്റെ ശീലക്കേടുകളോട്, ഭ്രാന്തമായ ആക്രമണങ്ങളോട് എല്ലാം അവന്‍ ശാന്തനായി പ്രതികരിച്ചു. ക്രിസ്റ്റഫറിനടുത്ത് മാത്രമായിരുന്നത്രെ താനും ശാന്തയായിരുന്നുള്ളൂ.. അങ്ങിനെയാണ് വക്കീലന്മാരെയും പോലീസുകാരെയും വിലക്കെടുത്തത് പോലെ ക്രിസ്റ്റഫറിനെയും തനിക്കു വേണ്ടി അച്ഛനുമമ്മയും ചേര്‍ന്ന് വിലക്കെടുത്തത്.

തകര്‍ത്തുപെയ്യുന്ന മഴയില്‍ ക്രിസ്റ്റഫറിന്റെ രോമം നിറഞ്ഞ നെഞ്ചില്‍ തലവെച്ച് കിടക്കുമ്പോള്‍ വല്ലാത്ത സുരക്ഷിതത്വബോധം തോന്നിയിരുന്നു. മനസ്സിന്റെ ഉള്ളറകളില്‍ ഉണങ്ങിപ്പിടിച്ചിരുന്ന പായലുകളിലും കറകളിലും സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ നനുത്ത മഴ ഒലിച്ചിറങ്ങി. ആ ചെറുമഴയില്‍ പായലും കറയും കുതിര്‍ന്ന് കുതിര്‍ന്ന് ഇല്ലാതായപ്പോള്‍ ഒരു സുരതത്തിന്റെ സുഖമായിരുന്നു.

2010 – ശരദ്

കാലം വികൃതികള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. അല്ലെങ്കില്‍ എത്ര പെട്ടന്നായിരുന്നു ജീവിതത്തിന് തിരികെ ലഭിച്ച പച്ചപ്പ് കൊഴിഞ്ഞുപോയത്!! സ്വന്തം കുടുംബം ഒരു കരപറ്റി കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി വല്ലാതെ മാറി. ബിസിനസ്സുകളില്‍ ഉണ്ടായ അസൂയാവഹമായ വളര്‍ച്ച കൂടെയായപ്പോള്‍ ഒരിക്കല്‍ കൂടെ തന്റെ ജീവിതം ഊഷരമാവുന്നത് ലൗലി അറിഞ്ഞു.

ആന്‍ റോസ്.. അവള്‍ സുന്ദരിയാണോ? അറിയില്ല. പക്ഷെ ഒന്നറിയാം ഓഫീസിലെ പ്രധാനപ്പെട്ട ഡോക്യുമെന്റ്സിന്റെ അടക്കം ക്രിസ്റ്റഫറിന്റെ ജീവിതത്തിന്റെ താക്കോല്‍ ഇപ്പോള്‍ അവളുടെ പക്കലാണ്. ആരോടും ഒന്നും പറഞ്ഞില്ല. മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞുവീഴുന്നത് കാലത്തിന്റെ വികൃതിയാണല്ലോ!! വീണ്ടും ഒറ്റപ്പെടലിന്റെ നാളുകള്‍.. അനവസരങ്ങളില്‍ ജീവിതത്തിലേക്ക് പലരും നുഴഞ്ഞുകയറ്റം നടത്തിയത് പോലെ തന്നെ ശരീരത്തിന്റെ ഉള്ളറകളിലേക്കും വിധി ചില നുഴഞ്ഞുകയറ്റങ്ങള്‍ നടത്തുന്നു എന്ന തിരിച്ചറിവിലും പിടിച്ചു നില്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നല്ലോ !

വേണ്ട.. ഡോക്ടര്‍. അത് മാത്രം വേണ്ട.. ഡോക്ടര്‍ എന്നെ കീറിമുറിച്ചോളൂ.. എന്നാലും കീഹോള്‍ ശസ്ത്രക്രിയ വേണ്ട.. - ലൗലി പിറുപിറുത്തുകൊണ്ടിരുന്നു.

സമ്മതപത്രം

ഒരു പക്ഷെ ഈ ശരത്ക്കാലത്ത് മരത്തില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു വീണേക്കാം. ഒരു പക്ഷെ മരം തന്നെ നിലം പൊത്തിയേക്കാം. എന്റെ പരിപൂര്‍ണ്ണമായ അറിവോടെയും സമ്മതോടെയുമാണ് ഈ ശരദ് കാലത്തെ ഞാന്‍ വരവേല്‍ക്കുന്നത്.

എന്ന്

വിശ്വസ്തതയോടെ,


പേപ്പറുകളില്‍ ഒപ്പ് വെച്ച് ഓപ്പറേഷന്‍ ടേബിളില്‍ നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍... ഡോക്ടര്‍ ശസ്ത്രക്രിയക്കായി കീറിമുറിക്കേണ്ട ഭാഗങ്ങള്‍ അടിവയറ്റില്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ അനസ്തീഷ്യയുടെ മയക്കത്തിലും ലൗലി പുഞ്ചിരിച്ചു.
Link
ശ്രുതിലയം.നെറ്റ് നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ രചന.