ഞായറാഴ്‌ച, ജനുവരി 16, 2011

എന്‍‌മകജെ

പുസ്തകം : എന്‍‌മകജെ
രചയിതാവ് : അംബികാസുതന്‍ മങ്ങാട്
പ്രസാധനം : ഡി.സി.ബുക്സ്


അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രൂപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു.

സ്വന്തം ഭര്‍ത്താവിനാല്‍ കൂട്ടിക്കൊടുക്കപ്പെട്ട് , പിന്നീട് പണം ധാരളമായപ്പോള്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനോടുള്ള പ്രതികാരം പോലെ ജീവിക്കാനായി അഭിമാനത്തോടെ വേശ്യാവൃത്തി തിരഞ്ഞെടുത്ത ദേവയാനി! വലിയ ഒരു ഇല്ലത്തില്‍ ജനിച്ച് പ്രകൃതിയെയും ജീവജാലങ്ങളെയും പ്രണയിച്ച് നടന്ന്‍ മുഴുവട്ടന്‍ എന്ന് പറഞ്ഞ ഇല്ലത്ത് നിന്ന് ഓടിപോരുകയും മറ്റുള്ളവരെ വേദനയില്‍ ശുശ്രൂഷിക്കുകയും ചെയ്ത് ജീവിച്ചിരുന്ന നീലകണ്ഠന്‍!! ഒരു ഒരു പ്രത്യേക സാഹചര്യത്തില്‍ - പലരാല്‍ ക്രൂരവും പൈശാചികവുമായി പീഡിപ്പിക്കപ്പെട്ട ഒരു സാഹചര്യത്തില്‍- ദേവയാനിയെ രക്ഷിച്ച് അവളെയും കൂട്ടി ഒരു ജീവിതം ആരംഭിക്കുകയും പിന്നീട് സമൂഹത്തിന്റെ ഇടപെടലുകളില്‍ മനം നൊന്ത് സ്വന്തം വ്യക്തിത്വങ്ങള്‍ ഉപേക്ഷിച്ച് ജഡാധാരി കുന്നുകളില്‍ അഭയം തേടുകയും ചെയ്ത മനുഷ്യനും സ്ത്രീയും. അവര്‍ക്കിടയിലേക്കാണ്‌ ഒരു നിമിത്തം പോലെ ഏലന്റെ കുഞ്ഞ് കടന്ന് വരുന്നത്. ദേഹം മുഴുവന്‍ വൃണങ്ങളുമായി ഒരു കുഞ്ഞ്! അതോടുകൂടെ അവര്‍ തമ്മിലുള്ള കരാറിന്റെ ലംഘനമായെന്ന പേരില്‍ നീലകണ്ഠന്‍ കാടുകയറുകയും അവിടെവെച്ച് ഗുഹയുടെ ഉപദേശത്താല്‍ മനസ്സ് മാറി തിരികെയെത്തുകയും ചെയ്യുന്നിടം വരെ സത്യത്തില്‍ എന്‍‌മകജെ തികച്ചും ഒരു ഫാന്റസി തന്നെ.

പക്ഷെ പിന്നീടങ്ങോട്ട് പഞ്ചി എന്ന വൈദ്യന്റെ ഒപ്പം (ആദിവാസി മൂപ്പന്‍) ജഡാധാരി കുന്നുകള്‍ക്ക് അപ്പുറത്തേക്ക് -എന്‍‌മകജെയിലേക്ക് - കടന്ന നീലകണ്ഠന്‍ കണ്ട വേദനിപ്പിക്കുന്ന കാഴ്ചകള്‍ അയാളെ വീണ്ടും സന്ന്യാസത്തില്‍ നിന്നും മനുഷ്യനാക്കി മാറ്റി. എന്‍‌മകജെ ഗ്രാമത്തില്‍ പഞ്ചിയോടൊപ്പം സഞ്ചരിച്ചപ്പോള്‍ നീലകണ്ഠന്‍ പരിചയപ്പെട്ട അല്ലെങ്കില്‍ ചെന്നുകയറിയ എല്ലാ വീട്ടിലും (ഓരോ ജാതിക്കാര്‍ താമസിക്കുന്ന ജാഗക്കും ഓരോ പേരായിരുന്നു. പൊര, ഗുത്തു, കൊട്ട്യാ, ദട്ടിഗെ, കൊപ്പ, മാട, ചേറ, ബസതി, മനെ... ഇങ്ങിനെ നീളുന്നു അവ) രോഗികളായിരുന്നു! രോഗികളെന്നാല്‍ വിചിത്രരോഗികള്‍!! വലിയ ചുവന്ന് തുടുത്ത നാവ് പുറത്തേക്ക് തുറുപ്പിച്ച് - കീഴ്താടിയും കഴിഞ്ഞ് അത് താഴേക്ക് തൂങ്ങി നില്‍ക്കുന്നു - ശെവപ്പനായ്കിന്റെ പൊരയില്‍ മകള്‍ ഭാഗ്യലക്ഷ്മി എന്ന പതിനാലുകാരി!!! തൊട്ടടുത്ത് നാരയണഷെട്ടിയുടെ ഗുത്തുവില്‍ നിലത്ത് കീറിയ പുല്പ്പായയില്‍ വിചിത്രമായ ഉടലോടെ... ശരീരത്തേക്കാള്‍ വലിയ തലയും വളരെ ചെറിയ കൈകാലുകളുമായി ഷെട്ടിയുടെ മകള്‍!! ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ തൂമണ്ണഷെട്ടിയുടെ രണ്ട് മക്കള്‍!!! എന്തിനേറെ സ്വന്തം വീട്ടില്‍ ദേവയാനിയാല്‍ എടുത്തുവളര്‍ത്തപ്പെടുന്ന ദേഹം മുഴുവന്‍ വ്രണങ്ങളുള്ള, ചെറുപ്രായത്തിലേ തലമുടി നരച്ച ഏലന്റെ കുഞ്ഞ്!!! ഒറ്റനോട്ടത്തില്‍ കുരങ്ങാണോ എന്ന് സംശയിച്ചു പോകുന്ന, മച്ചിങ്ങ പോലെ ചെറിയ തലയും മുന്നോട്ടുന്തിയ മുഖവും ഉള്‍‌വലിഞ്ഞ ചെറിയ കണ്ണുകളും, ചെമ്പിച്ച രോമങ്ങള്‍ പൊതിഞ്ഞ, നന്നേ മെലിഞ്ഞ കൈകാലുകളുള്ള അഭിലാഷ്!!! ഇതെല്ലാം ജഡാധാരി ദൈവത്തിന്റെ ക്രൂരതയെന്ന് വിശ്വസിക്കുന്ന ഗ്രാമീണരുടെ ദയനീയത കണ്ടുനില്‍ക്കാനാവാതെ നീലകണ്ഠന്‍ വീണ്ടും മനുഷ്യനായി. അതുവഴി നാട്ടിലെ ഭീകരമായ അവസ്ഥക്ക് ഹേതുവെന്ത് എന്ന് കണ്ടെത്തുവാനുള്ള അന്വേഷണത്തിലേക്ക് നീലകണ്ഠന്‍ തിരിയുകയും അതിലൂടെ എന്‍‌മകജെയിലെ ഒരേയൊരു ഡോക്ടറായ കെ.എസ്. അരുണ്‍കുമാറിനെയും നാട്ടിലെ പൊതുകാര്യപ്രസക്തരായ സുബ്ബനായിക്ക്, ശ്രീരാമ , പ്രകാശ എന്നിവരെയും പരിസ്ഥിതി പ്രവര്‍ത്തകനായ ജയരാജിനെയും ഒക്കെ പരിചയപ്പെടുകയും ചെയ്യുന്നു. എന്‍‌മകജെയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കശുമാവിന്‍ തോപ്പുകളില്‍ കശുമാവുകള്‍ പുക്കുന്ന കാലമാവുമ്പോള്‍ വരുന്ന തേയിലക്കൊതുകുകളെ കൊന്നൊടുക്കുന്നതിനായി ഫെലികോപ്റ്ററില്‍ കൊണ്ട് വന്ന് ആകാശത്തിലൂടെ സ്പ്രേ ചെയ്യുന്ന എന്‍ഡോസള്‍ഫാനാണ്‌ ഇത്തരം ഒരു വിനാശത്തിന്‌ കാരണമെന്ന് അവര്‍ മനസ്സിലാക്കുകയും എസ്പാക്ക് എന്ന പേരില്‍ 'എന്‍ഡോസള്‍ഫാന്‍ സ്പ്രേ പ്രൊട്ടസ്റ്റ് ആക്ഷന്‍ കമ്മിറ്റി' രൂപികരിക്കുകയും വ്യാപാകമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

എന്‍ഡോസള്‍ഫാനെതിരായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം നാട്ടുകാരെ കബളിപ്പിച്ച് രഹസ്യമായി എന്‍ഡോസള്‍ഫാന്റെ പേരില്‍ കോടികള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന നേതാവും കൃഷിമന്ത്രിയും അടക്കമുള്ളവരുടെ കറുത്ത രാഷ്ട്രീയവും നോവലില്‍ അതി മനോഹരമായി വരച്ച് കാണിക്കുന്നു. നേതാവിന്റെയും മറ്റും പണത്തിനും പ്രതാപത്തിനും അധികാരത്തിനും മുന്‍പില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന നീലകണ്ഠനേയും ദേവയാനിയെയും ക്രൂരമായി പീഡിപ്പിക്കുന്ന നേതാവും അവസാനം മനുഷ്യര്‍ തോല്‍ക്കുന്ന സമരത്തിന്‌ പ്രകൃതി അറുതി കണ്ടെത്തുകയും ഒടുവില്‍ ലോകത്തിന്റെ കപടതയില്‍ മനസ്സ് മടുത്ത് നീലകണ്ഠനും ദേവയാനിയും അരയില്‍ ചുറ്റിയ മനുഷ്യന്‍ എന്ന ജീര്‍ണ്ണത വലിച്ചെറിഞ്ഞ് പ്രകൃതിയുടെ മക്കളായി ഗുഹാവാസികളാവുന്നിടത്ത് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.

സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്‌. എന്‍‌മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ്‌ നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന്‌ പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! 'എന്‍ഡോസള്‍ഫാന്‍ വിഷമല്ല; മരുന്നാണ്‌. രോഗമുണ്ടെങ്കില്‍ നല്ല ഡോക്ടര്‍മാരെ കൊണ്ടുവന്ന് ചികത്സിപ്പിക്കുകയാണ്‌ വേണ്ടത് " എന്ന് വകുപ്പുമന്ത്രിയെ കൊണ്ട് നോവലിസ്റ്റ് പറയിക്കുമ്പോള്‍ സത്യത്തില്‍ 2009 ഏപ്രിലില്‍ തന്നെയാണോ ഈ പുസ്തകം ആദ്യ പതിപ്പായി ഇറങ്ങിയതെന്ന് ചെറിയ ഒരു സംശയം തോന്നി!!!


'ജാഗ്രതക്ക് വേണ്ടി ഒരു നിലവിളി' എന്ന തലക്കെട്ടില്‍ പുസ്തകത്തെ പറ്റി സാറാ തോമസ് എഴുതിയ അനുബന്ധവും നന്നായിട്ടുണ്ട്. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് അരുണ്‍ ഗോകുല്‍. ഇപ്പോള്‍ പുസ്തകം പുതിയ കവര്‍ ലേഔട്ടോടെ വിപണിയില്‍ പുതിയ പതിപ്പിറങ്ങിയിട്ടുണ്ട്. നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതയ്ക്ക് വേണ്ടിയുള്ള ഒരു നിലവിളിയാണ്‌ ഈ കൃതിയെന്ന്‍ പുസ്തകത്തിന്റെ ബാക്ക് കവര്‍ റൈറ്റപ്പില്‍ എഴുതിയിരിക്കുന്നത് തികച്ചും വാസ്തവം തന്നെ. അതിനടിവരയിടുവാനെന്നോണം ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു. തികച്ചും മനുഷ്യത്വം മരവിക്കാത്തവര്‍ വായിച്ചിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു പുസ്തകം തന്നെ എന്‍‌മകജെ.

44 comments:

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മനോരാജ്,ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി. നാട്ടില്‍ ചെല്ലുമ്പോള്‍ ഈ ബുക്കൊന്നു വായിക്കണം

ഒഴാക്കന്‍. പറഞ്ഞു... മറുപടി

തീര്‍ച്ചയായും ആ വിവരണം നന്നായി ... ഇനി ആ ബുക്ക്‌ വായിച്ചിട്ടേ ബാക്കി കാര്യം ഒള്ളു...
ആ പരിചയ പെടുത്തലിനു നന്ദി

Junaiths പറഞ്ഞു... മറുപടി

പ്രിയ മനോ..ഇത് വരെ വായിക്കാന്‍ സാധിച്ചിട്ടില്ല..ദുരിതമനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ കാണുന്നത് തന്നെ സഹിക്കാന്‍ പറ്റുന്നില്ല..അപ്പോള്‍ അവര്‍ എത്രമാത്രം യാതന അനുഭവിക്കുന്നുണ്ടാവും.തീര്‍ച്ചയായും വായിക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പുസ്തകമാണിത്..കാര്യമാത്ര പ്രസക്തമായ ഈ പരിചയപ്പെടുത്തല്‍ നന്നായെടാ...

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പുസ്തകത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നെങ്കിലും ഇത് വായിച്ചാപ്പോള്‍ പുസ്തകം ഏകദേശം വായിച്ചത് പോലെ അനുഭവപ്പെട്ടു.
പരിചയപ്പെടുത്തല്‍ നന്നായി.

Unknown പറഞ്ഞു... മറുപടി

പുസ്തകത്തെപറ്റി വിശദമായി പറഞ്ഞു തന്നതിന് നന്ദി.
ഡി സി ബുക്സില്‍ പോകുമ്പോള്‍ എന്തായാലും വാങ്ങണം.

നാമൂസ് പറഞ്ഞു... മറുപടി

അനേകം പരീക്ഷിത്തുമാര്‍ മോക്ഷം കാത്തു കിടക്കുന്നു ഇവിടം.ആശ്വഥാത്‌ഥമാവ്
പലരിലുമായി ജനിക്കുന്നു. ഉത്തരയുടെ ഗര്‍ഭം നിരന്തരം അസ്ത്രത്താല്‍
കൊല്ലപ്പെടുന്നു... ആധുനിക ആശ്വഥാത്‌ഥമാവ് കെ വി തോമസ്‌ നീണാന്‍ വാഴട്ടെ..!

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

പുസ്തകത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിട്ടില്ല.വിഷയം കാലികമായതിനാൽ പുസ്തകം ഏറെ ചർച്ചചെയ്യപ്പെടുമെന്നു കരുതാം.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

പുസ്തക പരിചയം നന്നായി ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി ധാരാളം കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ഈ പരിചയപെടുത്തലൂടിലെയാണൂ ആ കഥാനുഭവം കിട്ടിയത്....
ഈ നല്ല പരിചയപേടുത്തലിന് നന്ദി കേട്ടൊ മനോരാജ്

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

വളരെ നന്നായി ഈ സത്യപുസ്തക വിചാരം, നന്ദി.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

എനിക്ക് സംശയം വേറെ ഒന്നാണ്. ഇത്രേം പുസ്തകങ്ങള്‍ കൂടി വായിക്കാന്‍ മനുവേട്ടനോക്കെ എവിടുന്നാ ഇതിനും വേണ്ടി സമയം...? പരിചയപ്പെടുത്തലിനു ഒരു സല്യൂട്ടും കൂടി..

zephyr zia പറഞ്ഞു... മറുപടി

നന്ദി!

Echmukutty പറഞ്ഞു... മറുപടി

വളരെ നന്നായി.
ഉള്ളുലയ്ക്കുന്ന പുസ്തകമാണത്.
വേദനിയ്ക്കുന്ന സഹോദരങ്ങൾക്കായി ഒന്നും ചെയ്യാതെയിരിയ്ക്കുന്നവരെയെല്ലാം കാർന്നു തിന്നുന്ന പുസ്തകം.
ഭയപ്പെടേണ്ട പുസ്തകം.

Manju Manoj പറഞ്ഞു... മറുപടി

മനോരാജ്....പുസ്തകത്തെ കുറിച്ച് ചെറിയ ഒരു അവലോകനം നേരത്തെ വായിച്ചിരുന്നു.പക്ഷെ കൂടുതല്‍ മനസ്സിലായത് മനോരജിന്റെ പരിചയപ്പെടുത്തലിലൂടെ ആണ്.നടുക്കുന്ന അറിവുകള്‍....എനിക്കറിയില്ല ,വായിക്കാന്‍ ശ്രമിച്ചാല്‍ എനിക്കത് മുഴുവനാക്കാന്‍ സാധിക്കുമോ എന്ന്!!...

Sukanya പറഞ്ഞു... മറുപടി

പുസ്തക പരിചയത്തില്‍ വായിച്ചിരുന്നു. കഥയുടെ ഏകദേശ രൂപം ഈ പരിചയപ്പെടുത്തലില്‍ ഉണ്ട്.
മനോരാജിന്റെ ഈ ഉദ്യമം അഭിനന്ദാര്‍ഹം തന്നെ.

chithrangada പറഞ്ഞു... മറുപടി

മനു ,പുസ്തകം പരിചയപ്പെടുത്തി
യതിനു നന്ദി .വായിച്ചിരിക്കേണ്ട
ഒരു പുസ്തകം ആണെന്ന് തോന്നുന്നു .
കിട്ടുമോന്ന് നോക്കണം !

Unknown പറഞ്ഞു... മറുപടി

thanks manoraj

khader patteppadam പറഞ്ഞു... മറുപടി

പുസ്തകത്തോട്‌ നീതി പുലര്‍ത്തിയ അഭിപ്രായം. ഞാനാ നോവലിണ്റ്റെ അവസാന പേജുകളിലാണ്‍

Elayoden പറഞ്ഞു... മറുപടി

മനുവേട്ടന്‍, നല്ല പുസ്തകത്തെ പറ്റി വീണ്ടും ഒരു പരിചയപ്പെടുത്തല്‍. എന്‍‌മകജെ - എന്ടോസള്‍ഫാന്‍ ദുരിതമാണല്ലോ വിഷയം.. വായിച്ച പ്രതീതിയുണ്ടാകിയത് കൊണ്ട് നാട്ടില്‍ എത്തിയാല്‍ കിട്ടുമോ എന്ന് നോക്കണം..

മുകിൽ പറഞ്ഞു... മറുപടി

നന്നായി. കേട്ടിരുന്നു പൂസ്തകത്തെപ്പറ്റി. വിശദമായ ഈ കുറിപ്പിനു നന്ദി. തീർച്ചയായും വായിക്കേണ്ടത്.

pournami പറഞ്ഞു... മറുപടി

മനുന്റെ പോസ്റ്റുകളില്‍ നോക്കി ബുക്ക്‌ വാങ്ങിക്കാം ,നല്ലൊരു റെഫറന്‍സ് ആണ്

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഞാൻ ഈ ബുക്ക് വായിച്ച് അതിനെ പറ്റി ലഘുവിവരണം എഴുതി വെച്ചിട്ടുണ്ട് .. അതിനി പോസ്റ്റണോ.. നന്നായി വിശദമാക്കിയിട്ടില്ല എന്നാലും പോസ്റ്റാം അല്ലെ ... എനിക്കു തോന്നിയത് അടുത്തു തന്നെ അവിടെ വായിക്കാം എഴുതി പോയത് കൊണ്ട് മാത്രം...

റാണിപ്രിയ പറഞ്ഞു... മറുപടി

പുസ്തക പരിചയം വളരെ ഉപകാരപ്രദം.......

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

എന്മഗജേ ഒരു നിലവിളിയാണ്. ഒരു കൈചൂണ്ടലും. ഒരിക്കലും നാം ആവർത്തിക്കാൻ പാടില്ലാത്ത ഒരു ക്രൈം. അംബികാസുതൻ മാഷിന് ഒരു സലാം.കഴിഞ്ഞ പച്ചക്കുതിരയിൽ നോവലിനെക്കുറിച്ച് മാഷ് എഴുതിയ കുരിപ്പും കൂടി വായിക്കുക. എങ്ങനെയാണ് ജീവിച്ചിരിക്കുന്ന മനുഷ്യർ കഥാപാത്രങ്ങളായി നോവലിൽ വന്നതെന്ന് മനസ്സിലാകും.

yousufpa പറഞ്ഞു... മറുപടി

ഒരന്വേഷണത്തിന്റെ മാനസീക തെയ്യാറെടുപ്പോടെ സസൂഷ്മം പഠിച്ച് പ്രകൃതിയോട് മനോവ്യായാമം ചെയ്ത നേരിന്റെ ഒരു ചൊല്ക്കാഴ്ചയാണ്‌ ‘എന്മകജെ’.
വായിക്കാത്തവർ നിർബന്ധമായും വായിക്കണം.
മനോരാജിന്‌ ആശംസകൾ.

Vayady പറഞ്ഞു... മറുപടി

ഉപകാരപ്രദമായ പോസ്റ്റ്. ഇങ്ങിനെ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നത് നല്ല കാര്യമാണ്‌. വായിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി. താങ്ക്സ്.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഉപകാരപ്രദമായ വിവരണം

TPShukooR പറഞ്ഞു... മറുപടി

പുസ്തക പരിചയം വളരെ ഇഷ്ടപ്പെട്ടു. പുസ്തകങ്ങളുടെ ലോകത്തേക്ക് ഒരു വതായനമാണല്ലോ പരിചയപ്പെടുത്തല്‍. അവതരണം ഭംഗിയാവുമ്പോള്‍ പുസ്തകത്തിനും ചിലപ്പോള്‍ നേട്ടമുണ്ടാകും.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

പുസ്തകത്തെ സംബന്ധിച്ച് ഭംഗിയായെഴുതി. നന്ദി.

ചിത്ര പറഞ്ഞു... മറുപടി

" ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍....."

തോന്നാത്തതല്ല മനു, തോന്നിപ്പിക്കാത്തതാണ്...ഭരണകൂടത്തിന്റെയം വിപണിയുടെയും സ്ഥാപിത താത്പര്യ ങ്ങള്ക്കാണ് ഇന്ന് മനുഷ്യ ജീവനേക്കാള്‍ വില. ഇവയുടെ സത്യാവസ്ഥകള്‍ പുറത്ത് കൊണ്ട് വരാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ മൌനം പാലിക്കുകയോ അവയ്ക്ക് വേണ്ട പ്രാധാന്യം കൊടുക്കാതിരിക്കുകയോ ചെയ്യുന്നു എന്ന് മാത്രം..

ente lokam പറഞ്ഞു... മറുപടി

വായനക്ക് സമയവും അവസരവും കിട്ടാത്തവര്‍ക്ക് വേണ്ടി
ചെയ്യുന്ന ഒരു സല്ക്കര്മം കൂടിയാണിത് മനോരാജ്..
ഒത്തിരി നന്ദി ഉണ്ട് കേട്ടോ..

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

മനോരാജ്..
പരിചയപ്പെടുത്തലിനു നന്ദി.
നാട്ടില്‍ പോകുമ്പോ തീര്‍ച്ചയായും
വാങ്ങി വായിക്കണം

Manoraj പറഞ്ഞു... മറുപടി

റോസാപ്പൂക്കള്‍,ഒഴാക്കന്,junaith ,പട്ടേപ്പാടം റാംജി,~ex-pravasini*,നാമൂസ്,moideen angadimugar ,രമേശ്‌അരൂര്‍,മുരളീമുകുന്ദൻ ബിലാത്തിപട്ടണം,ശ്രീനാഥന്‍,ആളവന്‍താന്‍,zephyr zia,Echmukutty,Manju Manoj, Sukanya,chithrangada,MyDreams,khader patteppadam,elayoden,മുകിൽ,pournami, ഉമ്മുഅമ്മാർ, റാണിപ്രിയ,എന്‍.ബി.സുരേഷ്, യൂസുഫ്പ,Vayady,കൃഷ്ണ പ്രിയ I Krishnapriya ,Shukoor,പള്ളിക്കരയില്‍, രാമൊഴി,ente lokam, റിയാസ് (മിഴിനീര്‍ത്തുള്ളി) എന്‍‌മകജെയിലൂടെയുള്ള എന്റെ ഈ യാത്രയില്‍ കൂടെ ചേര്‍ന്നതിന് നന്ദി.

പുസ്തകപരിചയങ്ങള്‍ക്ക് മാത്രമായി ഒരു ഗ്രുപ്പ് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതിലേക്ക് വായിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുവാന്‍ ശ്രമിക്കുക.

Unknown പറഞ്ഞു... മറുപടി

ഈ പുസ്തകം പരിചയപ്പെടുത്തിയതിലൂടെ നല്ലൊരു കാര്യമാണ് മനോ ചെയ്തിരിക്കുന്നത്. വായനയ്ക്ക് പ്രേരിപ്പിക്കുന്നു എഴുത്ത്.

ഗീത പറഞ്ഞു... മറുപടി

ഇതുപോലും വായിച്ചിട്ട് വല്ലാത്ത വിഷമം തോന്നുന്നു. പിന്നെങ്ങനെ ആ പുസ്തകം വായിക്കും? ഒളിച്ചോട്ടമാണെന്ന് അറിയാം...

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

വാങ്ങുന്നുണ്ട്. നല്ല ഉപദേശത്തിന് ഒരുപാട് നന്ദി.
മനോജേട്ടന്റെ പോസ്റ്റ്‌ വ്യത്യസ്തം.

എന്‍.പി മുനീര്‍ പറഞ്ഞു... മറുപടി

'എന്‍‌മകജെ' പുസ്തകത്തെ പരിചയപ്പെടുത്തിയത് നന്നായി..ഉമ്മുഅമ്മാറിന്റേതും വായിച്ചിരുന്നു..ഇത്തരം ഉപകാരപ്രദമായ സംരംഭങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു

ശ്രീ പറഞ്ഞു... മറുപടി

ഈ പുസ്തകത്തെ പരിചയപ്പെടുത്തിയതു നന്നായി മാഷേ.

lekshmi. lachu പറഞ്ഞു... മറുപടി

nalla parichayapeduthal manoo

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

മനുവേട്ടാ, പുസ്തക വിവരണം വളരെ നന്നായി. വായ്ക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഇതൊന്ന് കൂടി. പരിചയപ്പെടുത്തലിനു നന്ദി. (വരാൻ ഇത്തിരി വൈകി. ക്ഷമിക്കുക)

പാവത്താൻ പറഞ്ഞു... മറുപടി

തീവ്രമായ ഒരു ജീവിതാനുഭവം നല്‍കുന്ന പുസ്തകം.
പരിചയപ്പെടുത്തിയതു നന്നായി.

സാബിബാവ പറഞ്ഞു... മറുപടി

നന്നായി ഈ വിവരണം.
വായിക്കണം.

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ഉചിതമായി, നന്നായി മനോരാജ്, എന്മകജെ ഒരു പുസ്തകമല്ല, മനുഷ്യന്റെ നിലവിളിയാണ്.

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

കേട്ടിരുന്നു ഈ പുസ്തകത്തേപ്പറ്റി. വിശദമായ ഈ പരിചയപ്പെടുത്തൽ നന്നായി.