വെള്ളിയാഴ്‌ച, മേയ് 10, 2013

നരകക്കോഴി

പുസ്തകം: നരകക്കോഴി

രചയിതാവ് : ഇസ്മയില്‍ കുറുമ്പടി

പ്രസാധകര്‍ : സിയെല്ലസ് ബുക്സ് , തളിപ്പറമ്പ
അവലോകനം : മനോരാജ്


“ട്രാക്കുകളനവധിയുള്ള /അതിവേഗപാതകളിലെ /നിത്യാഭാസത്തിലൂടെയാണ്/ പ്രവസം ജീവിതത്തെ / അടയാളപ്പെടുത്തുന്നത്!“
“അതിവേഗത്തിലുരുളുന്ന ചക്രങ്ങള്‍/ചെറുഗട്ടറുകളിലേക്ക് ചേര്‍ത്തടക്കുന്ന/ നാല്‍ക്കാലിത്തോലുകള്‍ പോലെ/ വെളുത്ത വരയിട്ട കറുത്തപാതയിലേക്ക്/ പ്രവാസം ജീവിതത്തെ വീണ്ടും വീണ്ടും/ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.“
പ്രവാസം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈയിടെയായി ഓടിയെത്തുന്നത് ഏറെ അര്‍ത്ഥങ്ങളുള്ള രഞ്ജിത് ചെമ്മാടിന്റെ “ജീവിതം പ്രവാസത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍“ എന്ന കവിതയിലെ മേല്‍‌സൂചിപ്പിച്ച വരികള്‍ ആണ്. (പുസ്തകം :കാ വാ രേഖ?, പേജ് 12-13) മലയാളികള്‍ക്ക് ഏറെ കേട്ടറിവും കണ്ടറിവും ഉള്ളതാണ് പ്രവാസം. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ കാഴ്ചകള്‍. ഓരോ മലയാളിക്കുമുണ്ടാകും പറയുവാന്‍ എന്തെങ്കിലും പ്രവാസകഥകള്‍. ഒരു പക്ഷെ സ്വന്തം കഥ. അല്ലെങ്കില്‍ സ്വന്തക്കാരന്റെ കഥ. അതുമല്ലെങ്കില്‍ അത്രയേറെ ഇഴയടുപ്പമുള്ള അടുപ്പക്കാരന്റെ കഥ. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാക്കുകളുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസമായി പ്രവാസം ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് രഞ്ജിത് പറയുമ്പോള്‍ അതില്‍ ഒരു പ്രവാസിയുടെ ദൈന്യതയും അവന്റെ നൊമ്പരങ്ങളും നിസ്സഹായതയും ഉണ്ട് എന്നത് തീര്‍ച്ച. പ്രവാസത്തിന്റെ നേര്‍കാഴ്ചകളില്‍ ഒന്നിലും ഭാഗമായിട്ടില്ലെങ്കിലും ഒട്ടേറെ പ്രവാസി സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും ഉള്ള കേട്ടറിവുകളില്‍ നിന്നാവാം മേല്‍പ്പറഞ്ഞ വരികള്‍ കുറച്ചിടെയായി മനസ്സിനെ വല്ലാതെ പിടിച്ചുലക്കാറുള്ളത്. ഇവിടെ ഇസ്മയില്‍ കുറുമ്പടിയുടെ നരകക്കോഴി എന്ന സമാഹാരത്തില്‍ വായിച്ച ചില കഥകളെങ്കിലും ഒരിക്കല്‍ കൂടെ പ്രവാസത്തെ ഇത്തരത്തില്‍ അടയാളപ്പെടുത്തുന്നു. ഒരു പ്രവാസിയുടെ വേപുഥകള്‍ ശരിക്കറിയാവുന്ന ഇസ്മയില്‍ പ്രവാസ ജീവിതത്തെ ഇത്തരത്തില്‍ വിവര്‍ത്തനം ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളു.
കണ്ണൂര്‍ തളിപ്പറമ്പ സീയെല്ലസ് ബുക്സ് ആണ് ബ്ലോഗിലും ആനുകാലീകങ്ങളിലുമായി പ്രസിദ്ധീകൃതമായിട്ടുള്ള ഇസ്മയിലിന്റെ 34 കഥകളെ നരകക്കോഴി എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരിലേക്കെത്തിക്കുന്നത്. (വില 75 രൂപ). ഒരു പ്രവാസിയുടെ ഗൃഹാതുരത്വത്തിന്‍െ കഥകള്‍ ആണ് ഈ സമാഹാരത്തില്‍ ഏറെയും ദര്‍ശിക്കാന്‍ കഴിയുന്നത്. വിസ്തൃതമായ ലോകപരിചയമോ തീഷ്ണമായ ജീവിതാനുഭവങ്ങളോ ഉന്നതതല വിദ്യാഭ്യാസയോഗ്യതകളോ മികച്ച ഭാഷാനിപുണതയോ എഴുത്തില്‍ പാരമ്പര്യമോ കഥയെഴുത്തിന്റെ മര്‍മ്മമോ ഒന്നും അവകാശപ്പെടാനില്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെയാണ് ഇസ്മയില്‍ ഈ സമാഹാരത്തിന്റെ വായനക്കായി നമ്മെ ക്ഷണിക്കുന്നത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രവാസം ഒരു തടസ്സമായപ്പോള്‍ ആ ദു:ഖത്തില്‍ നിന്നും കുത്തിക്കുറിച്ചത് ഏതോ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്തോഷത്തില്‍ നിന്നുമാണ് എഴുതി തുടങ്ങിയതെന്ന് ഇസ്മയില്‍ പറയുന്നുണ്ട്. ഒരു പക്ഷെ, ഇത്തരം കൊച്ചുകൊച്ചു അനുഭവങ്ങള്‍ തന്നെയാവാം തീക്ഷ്ണങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇത്തരത്തില്‍ വിവര്‍ത്തനം ചെയ്യുവാന്‍ ഇസ്മയിലുള്‍പ്പെടെയുള്ള ഒട്ടേറെ പ്രവാസികള്‍ക്ക് കഴിയുമാറാക്കുന്നത്. അതിനപ്പുറം ഒരു ബുക്കര്‍ പ്രൈസോ നോബല്‍ സമ്മാനമോ ഒന്നും തന്നെ ഇത്തരത്തില്‍ ജീവിതത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍ അവരുടെ ഉള്‍കാഴ്ചകളില്‍ ,സ്വപ്നങ്ങള്‍ ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. പക്ഷെ അത്തരത്തില്‍ ഉള്‍കാഴ്ചയും ത്വരയും വെച്ചു പുലര്‍ത്തണം എന്നേ ഞാന്‍ പറയൂ. കാരണം അംഗീകാരങ്ങള്‍ എന്നും ചവിട്ടുപടികളാണ്. അത് മരമായാലും കോണ്‍ക്രീറ്റ് ആയാലും സ്റ്റീല്‍ ആയാലും. അതില്‍ ചവിട്ടുന്നവന്‍ കൊടുക്കുന്ന ബലമാണ് ചവിട്ടുപടിയുടെ ഉറപ്പ്. ഒരു പക്ഷെ നരകക്കോഴി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയേക്കാം; ഇല്ലായിരിക്കാം.. അതിനെയെല്ലാം മുന്നോട്ടുള്ള പ്രയാണത്തിനുള്ള ചവിട്ടുപടിയായി മാത്രം കാണുവാന്‍ കഴിയുമ്പോഴാണ് മുന്‍പ് ഇസ്മയില്‍ പറഞ്ഞ മുന്‍‌വിധികള്‍ കാറ്റില്‍ പറക്കുന്നത്. അത്തരത്തില്‍ കാറ്റില്‍ പറത്തിയവര്‍ ഒട്ടേറെയുണ്ട് എന്നതിന് നമ്മുടെ പുസ്തകഷെല്‍ഫുകളില്‍ ഇരുന്ന് തൂമന്ദഹാസം പൊഴിക്കുന്ന , ഒരിക്കല്‍ പ്രസാധകലോകവും മാധ്യമങ്ങളും തഴഞ്ഞുവിട്ട; ഇന്ന് വായനക്കാരും ഇ-ലോകവും അ-ലോകവും അഭിമാ‍നത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ബെന്യാമിനുള്‍പ്പെടെയുള്ളവര്‍ സാക്ഷ്യങ്ങളാണ്.
ഇവിടെ നമുക്ക് സമാഹാരത്തിലേക്ക് തിരിച്ചു വരാം. കഥകളെ എപ്പോഴും മിനികഥ, ചെറുകഥ, നീണ്ടകഥ എന്നിങ്ങനെ മൂന്നായി തരംതിരിക്കാന്‍ കഴിയും. ഇവയില്‍ ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി മിനികഥകള്‍ തന്നെ. വളരെ കുറച്ച് വാക്കുകളില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുവാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുമ്പോഴാണ് നല്ല മിനികഥകള്‍ ജനിക്കുന്നത്. ഇവിടെ ഇസ്മയിലിന്റെ നരകക്കോഴി മിനികഥകള്‍, ചെറുകഥകള്‍ എന്നിവയുടെ സമ്മിശ്രമാണ്. ഒരു പക്ഷെ, മിനികഥകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം നീണ്ടകഥയുടെ ചട്ടക്കുടിലേക്ക് സമാഹാരത്തിലെ കഥകള്‍ ഒന്നും തന്നെ പോയിട്ടില്ല. ബന്ധങ്ങള്‍, കാത്തിരിപ്പ്, കൊല്ലനും കാലനും, തിരിച്ചറിവ്, വോട്ട്, മിടുക്കന്‍, ചിലന്തി... മിനികഥകള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയുടെ ലിസ്റ്റ് ഇത്തരത്തില്‍ നീണ്ടുപോകുന്നു. ഇവയിലൊക്കെ തന്നെ പറയാനുള്ളത് ഭംഗിയായി പറഞ്ഞുവയ്കാന്‍ ഇസ്മയിലിനായിട്ടുണ്ട് എന്നത് നല്ല കാര്യം തന്നെ. എങ്കില്‍ പോലും ഇവയിലൊക്കെ തന്നെ പറയുന്ന പ്രമേയപരിസരങ്ങള്‍ ഏതാണ്ട് ഒന്ന് തന്നെയാണ് എന്നത് അല്ലെങ്കില്‍ വായനക്കൊടുവില്‍ കഥയ്ക്കുള്ളിലെ കഥയായി വായനക്കാരന് ലഭിക്കുന്നത് ഒരേ ചിന്തതന്നെയാണെന്നത് ഒരു പോരായ്മയായി തോന്നി. ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണത ചില മിനികഥകള്‍ക്ക് മാറ്റുകൂട്ടുന്നുണ്ട്. വോട്ട്, മിടുക്കന്‍, തലയണ തുടങ്ങിയവ ഉദാഹരണമായി പറയാം. കാത്തിരിപ്പ്, വരവ്, ചെലവ്, പോണില്ല്യേ? തുടങ്ങിയ നുറുങ്ങുകഥകളിലൂടെ വിശാലമായ ചിന്തക്കുള്ള വഴികളൊരുക്കിയവയും ഇക്കൂട്ടത്തില്‍ ഉണ്ട്. എങ്കില്‍ പോലും മുന്‍പ് സൂചിപ്പിച്ച പ്രമേയപരമായ ചില സാമ്യങ്ങള്‍ എന്തുകൊണ്ടോ ചിലവേളകളില്‍ ഇത്തരം മിനികഥകളുടെ വായന നേരത്തെ വായിച്ചത് തന്നെയല്ലേ എന്ന തോന്നലുണ്ടാക്കുന്നുണ്ട്.
സമാഹാരത്തില്‍ എനിക്ക് ഹൃദ്യമായി തോന്നിയത് മാക്സിക്കാരന്‍, നരകക്കോഴി എന്നീ കഥകളാണ്. ഒരു പക്ഷെ, മിനികഥകളേക്കാളേറെ ചെറുകഥകളെ സ്നേഹിക്കുന്നത് കൊണ്ടാവാം. അല്ലെങ്കില്‍ കഥയുടെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും വേവിച്ചെടുത്തതും തുന്നിയെടുത്തതും കൊണ്ടാവാം യഥാക്രമം നരകക്കോഴിയും മാക്സിക്കാരനും മികച്ചതാവുന്നത്. നരകക്കോഴി എന്ന കഥയില്‍ ഒരു ഗള്‍ഫ് മലയാളിയുടെ ദൈന്യതയൂറിയ നേരനുഭവങ്ങളാണെങ്കില്‍ മാക്സിക്കാരനില്‍ നാട്ടില്‍ വന്ന ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളാണ് വരച്ചുകാട്ടുന്നത്. ഗള്‍ഫുമലയാളികളെ സംബന്ധിച്ച് ഹോട്ടലിന്റെ പുറത്ത് ചില്ലലമാരയില്‍ കമ്പിയില്‍ കോര്‍ത്തു കിടക്കുന്ന കോഴികള്‍ നരകക്കോഴികള്‍ ആണ്. പക്ഷെ അതിനപ്പുറം, നാട്ടില്‍ പൊറോട്ടയും ചിക്കനും കഴിച്ച് മേദസ്സടിഞ്ഞ ശരീരവുമായി സ്വര്‍ഗ്ഗജീവിതം നയിക്കുന്ന സ്വന്തക്കാര്‍ക്കായി ഹോട്ടലിന്റെ പിന്നാമ്പുറങ്ങളില്‍ നാല്പതുഡിഗ്രി സ്വാഭാവിക താപത്തിന്റെയും ചുട്ടുപഴുത്ത പൊറോട്ടക്കല്ലിന്റെ ആവിയുടെയുമിടയില്‍ പാതി വെന്ത ശരീരവുമായി ജീവിതപ്രാരാബ്ദങ്ങളുടെ കമ്പികളില്‍ കോര്‍ത്തുകിടക്കപ്പെടുന്ന പ്രവാസക്കോഴികളാണ് യഥാര്‍ത്ഥ നരകക്കോഴികള്‍ എന്ന് വളരെ മനോഹരമായി അബൂക്കയിലൂടെയും അനീഷിലൂടെയും റഫീക്കിലൂടെയും ഇസ്മയില്‍ നമ്മെ ബോധിപ്പിക്കുന്നു. അനീഷ്, രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജേഷ്ഠന്റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. അദ്ദേഹത്തിന്റെ കണ്ണീര് കൂടെയുള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവും. ഒപ്പം ഈ കോഴിയും കഴിക്കുക. ഇതാകുന്നു. നരകക്കോഴി.. അഥവാ താങ്കളുടെ ജേഷ്ഠന്‍“ എന്ന് അബൂക്കയെ കൊണ്ട് പറയിപ്പിക്കുമ്പോള്‍ അതിലൂടെ പ്രവാസം ജീവിതത്തെ വീണ്ടും വീണ്ടും വിവര്‍ത്തനം ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും.
മാക്സിക്കാരന്‍ എന്ന കഥയെക്കൂടെ പരാമര്‍ശിക്കട്ടെ. വീക്കെന്റുകളില്‍ മാത്രം വീട്ടിലെത്തുന്നവരെ പറ്റി നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. ഞായറാഴ്ചകളില്‍ ഉണരുന്ന കുട്ടി കാണുന്നത് ഇറച്ചിയുമായി വരുന്ന അച്ഛനെയാണ്. എല്ലാ ഞായറാഴ്ചകളിലും കുഞ്ഞ് ഇത് കാണുന്നു. ഒരിക്കല്‍ പതിവ് തെറ്റിച്ച് മറ്റേതോ ഒരു ദിവസം ഉറക്കമുണര്‍ന്ന കുഞ്ഞ് ഇറയത്ത് പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ കണ്ടപ്പോള്‍ അമ്മയോട് ഇന്ന് ഞായറാഴ്ചയാണോ ഇറച്ചിക്കാരന്‍ വന്നിട്ടുണ്ടല്ലൊ എന്ന് പറയുന്നതായാണ് തമാശ. ഒരു പക്ഷെ ഇത്തരം നാട്ടിന്‍പുറ തമാശകളില്‍ നിന്നാവാം ഇസ്മയിലിലെ എഴുത്തുകാരന് മാക്സിക്കാരന്‍ എന്ന കഥക്കുള്ള ത്രെഡ് കിട്ടുന്നത്. ഗള്‍ഫിലുള്ള അച്ഛന്‍ നാട്ടില്‍ വരുമ്പോള്‍ നിഷ്കളങ്കയായ മകള്‍ക്ക് അയാള്‍ മാക്സിക്കാരനാണ്. അയാളെ മനസ്സിലാക്കാന്‍ അയാള്‍ തിരിച്ചുപോകുന്ന ദിവസം വരെ കുട്ടിക്ക് കഴിയുന്നില്ല. പ്രവാസിയുടെ ഇത്തരം വേദനകള്‍ വ്യക്തമായി അവതരിപ്പിക്കുവാന്‍ ഒരു പ്രവാസിയായതിനാല്‍ ഇസ്മയിലിന് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ദീര്‍ഘകാലമായി പ്രവാസത്തില്‍ ആയതിനാലാവാം ഇന്നും നാടിന്റെ പച്ചപ്പിനെയും പ്രകൃതിയെയും അതിന്റെ പരിപാവനതയൊടെ പല കഥകളിലും ഇസ്മയില്‍ വരച്ചു കാട്ടുന്നു. എങ്കില്‍ പോലും പല കഥകളിലും അവസാനത്തോടടുക്കുമ്പോള്‍ അനാവശ്യമായ ഒരു ധൃതി എഴുത്തുകാരന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നി. അല്ലെങ്കില്‍ പറയാതെ പറയുന്നതിന്റെ ഒരു സുഖം നഷ്ടപ്പെടുത്തുന്നതായി തോന്നിയെന്ന് പറയാം. അതൊഴിവാക്കിയിരുന്നെങ്കില്‍ സമാഹാരത്തിലെ പല കഥകളും വേറിട്ട വായന പ്രദാനം നല്‍കിയേനേ.
പുസ്തകത്തിനായി ആലിഫ് കുമ്പിടി ഒരുക്കിയ കവര്‍ ചിത്രം നന്നായിട്ടുണ്ട്. ഒപ്പം അവതാരികയില്‍ നിരക്ഷരന്‍ സൂചിപ്പിച്ചത് പോലെ പ്രവാസവേദന എന്തെന്നറിയാത്തവര്‍ക്കും നെഞ്ചോട് ചേര്‍ത്ത് വായിച്ചാല്‍ ഈ സമാഹാരത്തിലെ കഥകളില്‍ പ്രതിപാദിച്ചിരിക്കുന്ന നൊമ്പരങ്ങള്‍ എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുവാന്‍ കഴിയുമെന്ന് ഉറപ്പ്.

വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രവാസ ജീവിതങ്ങള്‍ എന്ന ടൈറ്റിലില്‍ ഇ മഷി ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. 




ശനിയാഴ്‌ച, ഏപ്രിൽ 13, 2013

കാലം സാക്ഷി.. ലോനപ്പനും..

കാച്ചു കുജു കുജു കുജു ജു...

ബാര്‍ബര്‍ രാജപ്പന്റെ കത്രിക തലക്ക് മുകളില്‍ ചലിക്കുന്നതിന്റെ രസകരമായ താളം ചുണ്ടുകളിലേക്ക് ആവാഹിക്കുകയായിരുന്നു ലെന്‍സ് ലോനപ്പന്‍.

കാച്ചൂഛുജുഛൂ - രാജപ്പന്റെ ബാര്‍ബര്‍ കിറ്റിലെ കത്രികയില്‍ പിടുത്തമിട്ടുകൊണ്ട് മുത്തച്ഛന്‍ ഉരുവിട്ട താളം പകര്‍ത്തുവാനുള്ള പരിശ്രമത്തിലാണ് ലോനപ്പന്റെ നാലുവയസ്സുകാരന്‍ പേരകുട്ടി ആരോണ്‍.

'അതെടുത്തുള്ള കളി വേണ്ട മോനേ, കൈമുറിയും' - രാജപ്പന്‍ ചിരിച്ചുകൊണ്ട് കത്രിക വാങ്ങി കിറ്റില്‍ തിരികെ നിക്ഷേപിച്ചു.

'ഒഞ്ഞൂറ്റെ പറഞ്ഞേ ... കാച്ചൂഛുജുഛൂ' - കുഞ്ഞ് ആരോണ്‍ ശ്രമം തുടര്‍ന്നു.. അവന്റെ കണ്ണുകള്‍ ലോനപ്പന്റെ ചുണ്ടുകളുടെ ചലനങ്ങള്‍ സൂക്ഷ്മമായി ഒപ്പിയെടുക്കുവാനെന്നപോലെ വിടര്‍ന്നു. കൊച്ചിന്റെ പങ്കപ്പാട് കണ്ട് സ്റ്റെല്ലക്ക് ചിരിപൊട്ടി.

'ഈ അപ്പച്ചന്റെ ഒരു കാര്യം. ഇന്നിനി ചെറുക്കന്‍ എനിക്ക് ചെവിതല തരില്ല'.

'ഈ ശബ്ദോക്കെ പിടിച്ചെടുക്കാനും പകര്‍ത്താനും കൂടെ കഴിയൂല്ലെങ്കിപിന്ന അപ്പച്ചനുണ്ടോടീ സ്റ്റെല്ലകൊച്ചേ.. നീയൊന്നോര്‍ത്തുനോക്ക്യേ ! അതുങ്കൂടെ തീര്‍ന്നാ പിന്നെ ഈ കുരുടന്‍..'

'മതിയപ്പോ.. ഞാന്‍ വെറുക്കനെ പറഞ്ഞതാ. ഇനി അതേപിടിച്ച് കേറി ഇന്നത്തെ ദെവസം കൊളോക്കണ്ട'. 'രാജപ്പന്‍ ചേട്ടന്‍ ചായകുടിച്ചിട്ടേ പോകാവൂട്ടാ'

'അവന്‍ ചായകുടിച്ചിട്ടേ പൂവൂ.. നീ അങ്ങനെ വിഷയം മാറ്റണ്ടടീ കാന്താരീ.. അല്ലേലും വിഷയം മാറ്റാന്‍ ഇവള്‍ മിടുക്കിയാട്ടാടാ ജപ്പാ..' പെട്ടന്ന് അബദ്ധം പറ്റിയ പോലെ ലോനപ്പന്‍ വായപൊത്തി. സ്റ്റെല്ലയും വായപൊത്തി ചിരിച്ചുകൊണ്ട് അകത്തേക്ക് വലിഞ്ഞു. ഒന്ന് പതറിയെങ്കിലും രാജപ്പന്‍ ചിരിച്ചു കൊണ്ട് സമനില വീണ്ടെടുത്തു.

നാട്ടില്‍ രാജപ്പന്റെ ഇരട്ടപ്പേരായിരുന്നു ആര്‍..ജപ്പാന്‍. രാജപ്പന്‍ എന്ന പേരിന് നാട്ടിലെ പിള്ളേര് സെറ്റ് വരുത്തിയ പരിഷ്കാരമാണ് ആര്‍..ജപ്പാന്‍! ജപ്പാന്‍ വസ്തുക്കളോട് രാജപ്പന് വല്ലാത്ത ഭ്രമമായിരുന്നു. കടയിലേക്ക് ആവശ്യമായ കത്രിക, സോപ്പ്, ചീപ്പ്, കണ്ണാടി എന്ന് വേണ്ട ഷേവിങ് കാരം വരെ ജപ്പാന്റെ ഐറ്റം കിട്ടുമോ എന്നായിരിക്കും രാജപ്പന്‍ ആദ്യം അന്വേഷിക്കുക. അത് ശീലമായിപ്പോയി! അങ്ങിനെ രാജപ്പന്‍ ആദ്യം ജപ്പാന്‍ രാജപ്പനായി. പിന്നീട് ആ കളിയാക്കല്‍ ലോപിച്ച് പേരിന്റെ ഇംഗ്ലീഷ് രൂപത്തിനിടയില്‍ രണ്ട് നുറുങ്ങുകുത്തുകളായി പല്ലിളിച്ചപ്പോള്‍ രാജപ്പന്‍ എന്ന ജപ്പാന്‍രാജപ്പന്‍ ആര്‍..ജപ്പാനായി! കേള്‍ക്കെ ആരും വിളിക്കാറില്ലായിരുന്നെങ്കിലും തനിക്ക് അങ്ങിനെ ഒരു ഇരട്ടപ്പേരുണ്ടെന്നത് രാജപ്പന് അറിയാമായിരുന്നു.

'ങാ, നിങ്ങേം വിളിച്ചോ.. നിങ്ങക്കെന്തിനാ മനുഷ്യനേ കണ്ണ്! അതില്ലാഞ്ഞിട്ട് തന്നെ നിങ്ങള് എല്ലാം കൃത്യമായിട്ട് അറിയണ്‌ണ്ടല്ലോ?' ലോനപ്പന്റെ മുടിയിലേക്ക് വെള്ളം സ്പ്രേ ചെയ്തുകൊണ്ട് രാജപ്പന്‍ പറഞ്ഞു. മകന്റെ പ്രായമേ ഉള്ളൂ എങ്കിലും ലോനപ്പനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അയാള്‍ക്ക് ഉണ്ടായിരുന്നു. ലോനപ്പന്റെ ഇരുട്ടുമൂടിയ ലോകത്തിലേക്ക് വീടിന് വെളിയില്‍ നിന്നും എല്ലാ മാസവും കൃത്യമായി കടന്നുവരുന്ന മനുഷ്യജീവിയായിരുന്നു അയാള്‍.

'എന്തെല്ലാം കാഴ്ചകള്‍ കണ്ടതാടോ രാജപ്പാ... എന്തെല്ലാം കാട്ടിക്കൂട്ടിയിരിക്കുന്നു. ഇതിപ്പോ.. ഹാ പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് എങ്ങും തങ്ങില്ലാല്ലോ' ലോനപ്പന്‍ നെടുവീര്‍പ്പിടുമ്പോള്‍ അയാളുടെ നീണ്ടു വളര്‍ന്ന വെള്ള മുടിയിഴകള്‍ വെട്ടിമാറ്റുന്ന തിരക്കിലായിരുന്നു രാജപ്പന്‍.

'കുറേയൊക്കെ ഞാനും കേട്ടിട്ടുണ്ടേ.. പണ്ട് നിങ്ങ ഇന്ദിരാഗാന്ധീനെ കുപ്പീലെറക്കേ കതേക്ക ഇപ്പളും അമ്മ എടക്ക് പറയാറ്ണ്ട്'

'അതെന്തോന്ന്! ഇന്ദിരാഗാന്ധീനേ കുപ്പീലെറക്കീന്നോ? ചുമ്മാ പുളുവായിരിക്കും രാജപ്പേട്ടാ.. ഈ അപ്പച്ചന്‍ പുളുവടിയുടെ ഉസ്താദാ' - ചായയും ബിസ്കറ്റുമായി വന്ന സ്റ്റെല്ല ലോനപ്പനെ പ്രകോപിപ്പിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. വേണ്ട വേണ്ട എന്ന അര്‍ത്ഥത്തില്‍ രാജപ്പന്‍ കൈയാഗ്യം കാണിക്കുന്നത് കണ്ട് അവള്‍ ചിരിച്ചു.

'പുളു പറയുന്നത് നിന്റെ ഉണക്ക കെട്ടിയോനാടീ...'

'ദേ, എന്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ല്.. '

അവരുടെ സ്നേഹത്തിന്റെ ആഴം കണ്ട് രാജപ്പന്‍ പൊട്ടിച്ചിരിച്ചു.

അതൊരു കാലമായിരുന്നെടീ സ്റ്റെല്ലാ കൊച്ചേ. അന്ന് നമ്മട ഇബട മൊത്തം ഞങ്ങ കമ്മ്യൂണിസ്റ്റന്മാരായിരുന്നല്ല. എനിക്കൊക്കെ ചോര തെളച്ച് മറിയണ സമയം. ഇവന്റെ അമ്മ, നളിനിചോത്തീം ഒക്കെ അന്ന് വല്യ സഖാവാര്‍ന്ന്. എന്തോരം സമരങ്ങളാ ഞങ്ങളൊക്കേം കൂടെ നടത്ത്യേക്കണ്! ഇന്ദിരാഗാന്ധീനെ കുപ്പീലെറക്കീത് ഞാനും ആട് വറീതും കൂടേണ്. ഇന്ദിരാഗാന്ധീന്റെ ഒപ്പം കോയിന്ദന്‍ പോലീസിനേം ഞങ്ങ അന്ന് കുപ്പീലാക്കി. അന്ന് ഞാന്‍ പോട്ടോം പിടുത്തോം സ്റ്റുഡിയോം ഒക്കേയിട്ട് നടക്കണ കാലം. നെനക്കറിയോടാ രാജപ്പാ.. നമ്മടെ കരേലേ ഏറ്റം പേരുകേട്ട സ്റ്റുഡിയോ ആരുന്ന് എന്റെ ലെന്‍സ് സ്റ്റുഡിയോ. അട്യേന്തരാസ്ഥക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള ഷെല്‍ട്ടറാക്കീന്ന് പറഞ്ഞ് കോയിന്ദന്‍ പോലീസ് ആണ് ആദ്യം അത് തല്ലിപ്പൊളിച്ചത്. എന്നിട്ടും ഞാനാ വണ്ടി ഒരു വിധം ഓടിച്ചുകൊണ്ടിരുന്നതാണേ.. പക്ഷേങ്കി അപ്പഴക്കോല്ലേ മുടിയാനായിട്ട് എന്റെ കണ്ണിന്റെ ലെന്‍സ് അടിച്ചുപോയത്. അന്നേരം ഞാന്‍ ദേ ഇവളുടെ കെട്ടിയവന്‍ കൊണാരനോട് ആവത് പറഞ്ഞതാ അത് നടത്തിക്കൊണ്ടോവാന്‍. അപ്പള് അവനെകൊണ്ടാവൂല്ലാന്ന്! അവന് പത്രത്തിന്റെ പോട്ടക്കാരനായാ മതീന്ന്.

'പിന്നേ.. കണ്ട ഷാപ്പിലൊക്കെ നെരങ്ങി ഒള്ള വെഷക്കള്ളൊക്കെ വലിച്ച് കേറ്റി കണ്ണ് കളഞ്ഞേച്ച് എന്റെ കെട്ടിയോനെ കൊണാരാന്നൊക്കെ വിളിച്ചാലണ്ടല്ല... അങ്ങേരട അപ്പനാനൊന്നും ഞാന്‍ നോക്കൂല്ലാട്ടാ ..' അപ്പച്ചന്റെ വായിലേക്ക് ആരോറൂട്ടിന്റെ പീസ് വെച്ച് വായ ചേര്‍ത്ത് അടച്ചുകൊണ്ട് സ്റ്റെല്ല ചിരിച്ചു.

'ഉവ്വാടീ, വെഷക്കള്ള് കുടിച്ചിട്ട് തന്നാ എന്റെ കണ്ണ് അടിച്ച് പോയത്. അതിന് കിട്ടിയ ഒരു ലക്ഷം നഷ്ടപരിഹാരോം കൊണ്ടാ നിന്റെ ആ കൊണാരന്‍ പത്രത്തില് സെക്യൂരിറ്റി കെട്ട്യേത്. ഹാ എന്നെക്കൊണ്ട് കൂടുതല് പറയിക്കല്ലേ. എന്നിട്ട് ഇപ്പ അവള്‍ക്ക് കൊണാരാന്ന് വിളിച്ചത് പിടിച്ചില്ല. ഞാനിനീം വിളിക്കും . കൊണാരന്‍.. കൊണാരന്‍.. കൊണാരന്‍..'

'ആരാ അമ്മച്ചീ കോണാന്‍...' ആരോണ്‍ ചോദിച്ചത് കേട്ട് മൂന്ന് പേരും ഉറക്കെ ചിരിച്ചു.

'അല്ല.. അപ്പച്ചാ, കുടീം വലീം ഒന്നുമില്ലായിരുന്ന ആളാര്‍ന്ന് അപ്പച്ചനെന്ന് പുന്നാരമോന്‍ എപ്പളും പറയാറ്ണ്ട്. പിന്നെന്തൂട്ടിന്റെ കേടായിട്ടാ അന്ന് വെഷക്കള്ള് വലിച്ച് കേറ്റിയത്. '

'ഹാ, അത് പറയാടീ കൊച്ചേ... ' 'എടാ രാജപ്പാ. നീയ്യീ താടി കൂടെ വെട്ടിയേക്ക്. കാലം കൊറേയായി അത് ഇങ്ങനെ വളര്‍ന്ന് നിക്കണത്. ചൊറിച്ചില്‍ തൊടങ്ങി.' നീണ്ടുവളര്‍ന്ന താടിരോമങ്ങളില്‍ വിരലോടിച്ച് കൊണ്ട് ലോനപ്പന്‍ കഥ തുടര്‍ന്നു. ആരോണിനെ എടുത്ത് മടിയിലിരുത്തി സ്റ്റെല്ലയും കഥ കേള്‍ക്കാന്‍ തയ്യാറായി.

ലോനപ്പന്‍ നടുക്കമുണ്ടാക്കുന്ന ഗതകാല സ്മരണകളിലൂടെ ഒരിക്കല്‍ കൂടെ പ്രദക്ഷിണം വെച്ചു. അയാളുടെ ഓര്‍മകളില്‍ ദില്ലിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന്റെയും ജുമാ മസ്ജിദിന്റെയും പരിസരങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന ഭീതി നിറഞ്ഞ നിലവിളികള്‍ നിറഞ്ഞു. പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ സ്ത്രീകളടക്കമുള്ള സഖാക്കള്‍ ക്രൂരമായ പീഡനത്തിന്റെ ദുരിതമനുഭവിച്ചു. നഖങ്ങള്‍ക്കിടയിലേക്ക് മൊട്ടുസൂചി തുളച്ച് കയറുമ്പോള്‍ വേദനകൊണ്ട് നിലവിളിക്കുന്നവരുടെ വായിലേക്ക് അടിവസ്ത്രം കുത്തിത്തിരുകുന്ന പോലീസ് പട്ടികളുടെ രൂപം മനസ്സില്‍ വന്നപ്പോള്‍ അയാള്‍ ഒരിക്കല്‍ കൂടെ പഴയ സഖാവായി.

"ഇന്‍‌ക്വിലാബ് സിന്ദാബാദ് "

പോലീസുകാര്‍ തല്ലിത്തകര്‍ത്ത ഇടത് കൈ ഉയര്‍ത്തുവാന്‍ ശ്രമപ്പെട്ട് , അതില്‍ പരാജയമടഞ്ഞ് കസേരയില്‍ ഇരുന്നുകൊണ്ട് തന്നെ അയാള്‍ ഉറക്കെ വിളിച്ചു. അയാളുടെ സ്വരത്തിലെ ദാര്‍ഷ്ട്യവും ഗാംഭീര്യവും തിരിച്ചറിഞ്ഞ സ്റ്റെല്ലയും രാജപ്പനും ആവേശം കൊണ്ടു. വീണ്ടും എന്തോ പറയാനുള്ള ആവേശത്തള്ളിച്ചയില്‍ ലോനപ്പന് ശ്വാസം മുട്ടി. അയാള്‍ക്ക് ചുമ വന്നു. ചിരട്ടയില്‍ കൂടം കൊണ്ട് അടിക്കും പോലൊരു സ്വരം! അയാള്‍ കിതച്ചു. ചുമച്ചപ്പോള്‍ കട്ടകഫം താടിയിലൂടെ ഒലിച്ചിറങ്ങി. പുറം ഉഴിഞ്ഞുകൊണ്ട് രാജപ്പനും പുറത്തേക്ക് വന്ന കഫം തുടച്ചുകൊണ്ടും തുറന്ന വായിലേക്ക് അല്പാല്പം വെള്ളം ഒഴിച്ചുകൊണ്ടും സ്റ്റെല്ലയും പെട്ടന്ന് തന്നെ കര്‍മ്മനിരതരായി. ഭയന്നുപോയ ആരോണ്‍ കരഞ്ഞുകൊണ്ട് അമ്മയുടെ നൈറ്റിക്ക് പിന്നിലൊളിച്ചു.

ഒന്നുമില്ലടാ കുട്ടാ.. അങ്ങിനെ പെട്ടന്നൊന്നും അപ്പപ്പാന്‍ കാഞ്ഞുപോവൂല്ലാട്ടാ” കൊച്ചുമകനെ അണച്ചുപിടിച്ചുകൊണ്ട് ലോനപ്പന്‍ പറഞ്ഞു.

കുറച്ചുനേരം ഒന്ന് മിണ്ടാണ്ടിരിയെന്റെ അപ്പാ.. മനുഷ്യമ്മാരെ തീതീറ്റിച്ച് കളഞ്ഞ്”

, എരണംകെട്ടവളെ.. നീയെങ്ങിനെ എന്റെ മരുമോളായെടീ. ആനിതള്ളയുണ്ടായിരുന്നേല്‍ ഇപ്പ നിന്റെ ചെള്ളയടിച്ച് പൊളിച്ചേനേ.. “ ലോനപ്പന് ചിരിവന്നു. “അല്ല, അവളും ആദ്യം നിന്നെപ്പോലെ ഒരു പേടിക്കൊടില ആയിരുന്നൂട്ടാ. എന്നെ ആദ്യം കോയിന്ദന്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടോയപ്പ അവള് വലിയ വായില്‍ കരഞ്ഞുവിളിച്ചാര്‍ന്ന്. അന്ന് ന്റെ തള്ള കരക്കാരി മേറുമ്മ അവളുടെ ചെപ്പാങ്കുറ്റി നോക്കി ഒരു പെടയങ്ങ് പെടച്ച്! കേട്ടോടാ രാജപ്പ.. നെന്റെ അമ്മ നളിനിച്ചോത്തി പാര്‍ട്ടി പ്രവര്‍ത്തനം തൊടങ്ങ്യേപ്പിന്നെ ഹെന്റെ ശിവനേന്ന് വിളിച്ചത് അന്നാര്‍ന്ന്!! ഞാമ്പോലുമറിയാണ്ട് എന്റെ ഉള്ളീന്ന് അങ്ങന ഒരു വിളി വന്നൊപോയെന്റെ ലോനപ്പേട്ടാന്നാ ജയിലീന്ന് വന്നപ്പ സഖാവ് എന്നോട് പറഞ്ഞത്”. ലോനപ്പന്റെ ചിരിയില്‍ രാജപ്പനും സ്റ്റെല്ലയും പങ്കാളികളായി.

അതോണ്ടെന്തുണ്ടായീ.. ? പിന്നെ ന്റെ കണ്ണിന്റെ പീസ് അടിച്ചുപോയിട്ടും ന്റെ ആനികൊച്ച് ഒരു തുള്ളി കണ്ണീരൊഴുക്കേട്ടില്ല. അന്നത്തെ അടിക്ക് കണ്ണീന്ന് ഒരു പൊന്നീച്ച പറന്നുപോയതാണെന്റെ പൊന്നേ... ഇനി പറക്കാനക്കൊണ്ട് ഒരു ഈച്ചേം പൂച്ചേം ഇല്ലേന്നാ അവള് പറഞ്ഞത്. പാവം.. എങ്ങനെ കരയാനാ.. അതിനുംവേണ്ടും കൊറേയനുഭവിച്ചില്ലേ.. അല്ല, അനുഭവിപ്പിച്ചില്ലേ പന്നനായിന്റെ മക്കള്.. “ ലോനപ്പന്റെ മുഖം വീണ്ടും വലിഞ്ഞുമുറുകുന്നത് കണ്ട് സ്റ്റെല്ല ഭയന്നു. വീണ്ടും സംസാരിക്കുന്നതില്‍ നിന്നും ലോനപ്പനെ പിന്തിരിപ്പിക്കുവാനുള്ള സ്റ്റെല്ലയുടെ ശ്രമത്തെ രാജപ്പന്‍ ആംഗ്യത്തിലൂടെ വിലക്കി.

നിങ്ങക്കറിയോ കുട്ട്യോളേ.. ഞങ്ങ ഇബട രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളൊന്നും നടത്തീര്‍ന്നില്ല. നമ്മട മണ്ണീന്ന് പ്രമാണിത്തങ്ങളെ തൊടച്ച് നീക്കാനാര്‍ന്ന് ഞങ്ങ ശ്രമിച്ചത്. അതിന് നമ്മട സഖാക്കന്മാര് എന്തൊക്കെ അനുഭവിച്ചേക്കണ്. .കെ.ജീനേം ഈയെമിനേക്ക അവര് ദ്രോഹിച്ചേന് കണക്ക്ണ്ടാ... അവരൊക്ക ആണുങ്ങളാര്‍ന്നൂന്ന് വെക്കാ.. നമ്മട സഖാവ് ഗൌരിന എന്തൊക്ക അതിക്രമം കാട്ട്യേക്കണ്. ഇതൊക്കെ പോട്ട ആ ഈച്ചരവാര്യര് മാഷിന്റ സ്ഥിതിയെന്താര്‍ന്ന്.. പഠിക്കാമ്പോയ മോന പോലീസ് കൊണ്ടോയീന്നറിയുമ്പ .. അല്ല കൊണ്ടോയാ കൊണ്ടോയില്ലേ... ഒന്നോറിയാത്ത സ്ഥിതി!! നാറികള്‍.. അവരടെ പൂഞ്ഞാറ്റിലെ അട്യേന്തരാസ്ഥ. ജയിലീന്നെറങ്ങേപ്പ ആദ്യം തോന്ന്യേത് ഇന്ദിരാനേ കൊന്ന് കളയണോന്നാ. ആ കലിപ്പിനാ ഞാനും ആട് വറീതും കൂട അവര അങ്ങട് കുപ്പീലെറക്കേത്. വറീത് അതിന് മുന്‍പൊരിക്കല് മൂപ്പത്ത്യാര്ട അച്ഛന്‍ നെഹ്രൂനേം ഇത് പോലെ കുപ്പീലെറക്കേട്ട്ണ്ടാര്‍ന്ന്.. സാതന്ത്ര്യം കിട്ട്യേ അന്ന്!! ജിന്നക്ക് പാക്കിസ്ഥാനും നെഹ്രൂന്ന് ഹിന്ദുസ്ഥാനും വീതം വെച്ച് കിട്ട്യേ അന്നേ..!!! ജിന്നനേം കൂട്ടരേം സൊകപിച്ച് കുപ്പീക്കേറ്റി അധികാരം പിടിച്ചെടുത്ത്ന്ന് സിമ്പോളിക്കാക്കി ചെയ്തതാന്നാ വറീത് പറയാറ്. അവന്‍ ഈ തെരുവ് നാടകങ്ങള്ട ആളാര്‍ന്നോണ്ട് സിമ്പോളിക്കായിട്ടേ എന്തും ചെയ്യോര്‍ന്ന്‌ള്ള്... “ ലോനപ്പന്‍ ഭൂതകാലത്ത് നിന്നും ചിരിച്ചു കൊണ്ട് വര്‍ത്തമാനത്തിലേക്ക് തിരിച്ചു വന്നു.

അപ്പന കുപ്പീലെറക്കാങ്കീ മോള അതിലും ഈസിയായി എറക്കാടാ ലോനാന്ന് പറഞ്ഞാ ആട് വറീത് എന്നെ വിളിച്ചത്. അന്ന് ആള് കൂടാമ്പാടില്ലാന്നൊക്കെ നിയമോള്ള സമയാ. എന്നിട്ടും വെളിമൈതാനത്ത് ഞങ്ങള് ആളോളെ കൂട്ടി. ആട് വറീത് ഒരു കാര്‍ബോര്‍ഡ് കഷണത്തില് ഒരു പെണ്‍കൊച്ചിന്റ രൂപം ഉണ്ടാക്കി. അതില് ഇന്ദിരാന്ന് ചൊവന്ന മഷ്യോണ്ട് എഴുതി. എന്നിട്ട് അതിന്റ കഴിത്തില് ഒരു നൂല് കൊണ്ട് കുടുക്കിട്ട്. എന്നിട്ട് അതിന നാട്ടുകാരുടെ മുന്‍പില്‍ വെച്ച് ആ കുപ്പീലോട്ട് നൂലേപിടിച്ച് എറക്കിവിട്ട്. കുപ്പീട വായ കോര്‍ക്കിട്ട് അടച്ച് സീലും വെച്ച്...

ചാവട്ടങ്ങന ചാവട്ടെ.. കുപ്പീകെടന്ന് ചാവട്ടെ.. ശ്വാസമ്മുട്ടി ചാവട്ടെ.. “ ആട് വറീത് ഈണത്തില്‍ പാടിയത് ഞങ്ങേക്ക ആവേശത്തോടെ അങ്ങട് ഏറ്റ് പാടി. അപ്പളേക്കും കോയിന്ദന്‍ പോലീസും കൂട്ടരും വന്ന്. ആളോള് പലരും അതോടെ ഓടികളഞ്ഞ്. കോയിന്ദന്‍ പോലീസ് ആടിന വണ്ടീലോട്ട് തൂക്കിയെറിഞ്ഞ്. അപ്പ എനിക്ക് സഹിച്ചില്ല. എന്നാ പിന്ന താനും കേറടോ പീറേ കുപ്പീലെന്ന് പറഞ്ഞ് ഞാനൊരു കീറ കടലാസെടുത്ത് അങ്ങേരേം കേറ്റി കുപ്പീല്. അപ്പളാ അയാള് ബൂട്ട്സിട്ട കാലോണ്ട് ന്റെ നെഞ്ചത്തേക്ക് ചവിട്ട്യേത്. എന്നിട്ട് ന്നേം വലിച്ച് വണ്ടീലോട്ടിട്ടു. പിന്ന സ്റ്റേഷനില് കൊണ്ടോയാരുന്നു ബാക്കി ദണ്ഢനം. എന്നിട്ടും ആ പന്നന്റ കലിപ്പ് തീര്‍ന്നില്ല. തീരാത്ത കലിപ്പ് അവന്‍ തീര്‍ത്തത് ന്റ ആനികൊച്ചിലായിരുന്നു.... അവളെയവനും കൂട്ടരും കൂട പിച്ചിചീന്തി. സ്റ്റേഷന് പന്നിപ്പടക്കമെറിഞ്ഞാ സഖാക്കന്മാര്‍ ന്നേം ആടിനേം അവിടന്ന് കൊണ്ടോന്നത്. ഞാന്‍ വരുമ്പ കാണണ കാഴ്ച!! തൊടേക്കൂടൊക്കെ ചോരയൊലിച്ച്.. ന്റ ആനിക്കൊച്ച് … നളിനിചോത്തി ങ്ങന പൊത്തിപ്പൊടിച്ചായ്ക്കേര്‍ന്ന്.. ലോനപ്പന്റെ കണ്ണുകള്‍ സജലങ്ങളാവുന്നത് സ്റ്റൈല്ലയും രാജപ്പനും അറിഞ്ഞു.

ഒരു മിന്നായം പോലേ ഞാന്‍ അത് കണ്ടോള്ളൂട്ടാ. സഹിക്കൂല്ലാര്‍ന്ന് പിള്ളാരേ.. എനിക്കാരേം കാണേണ്ടെന്റെ കര്‍ത്താവേ.. നിക്കൊന്ന് ചത്താമത്യേ ന്ന് പറഞ്ഞ് ന്റെ ആനിക്കൊച്ച് ന്നെ അവടേക്ക് കടക്കാന്‍ സമ്മതിച്ചൂല്ലാ... ലോനപ്പന്റെ ചുണ്ടുകള്‍ അത് പറയുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു. അപ്പാപ്പന്റെ വിഷമം കണ്ടിട്ടാവാം കൊച്ച് ആരോണിന്റെ മുഖത്തും വല്ലാത്ത വിമ്മിഷ്ടം.

നെന്റെ കര്‍ത്താവിന് കുരിശേക്കെടന്ന് ന്തൂട്ട് കോപ്പ് ചെയ്യാമ്പറ്റും. ചെയ്യണ്ടതെന്താന്ന് ഞങ്ങക്കറിയാല്ലേടാന്ന് പറഞ്ഞ് മറ്റു സഖാക്കമ്മാരേം കൂട്ടി ഒരു കൊടുങ്കാറ്റുപോലെ എറങ്ങിപ്പോണ ആട് വറീതിന നോക്കി സ്തംഭിച്ചു നില്‍ക്കാനേ നിക്ക് കഴിഞ്ഞൂള്ളൂ.. പിന്ന കോയിന്ദന്‍ പോലീസിന്റ വീട്ടില് നാടന്‍ ബോംബെറിഞ്ഞ് അങ്ങേര്ട വയറും പൂളേട്ടാ ആട് വറീത് അന്ന് ഒളിവീ പോയത്.... വറീതേട്ടനെ പോലെ പെട്ടന്ന് തീരുമാനങ്ങളെടുക്കാനും അത് നടപ്പില്ലാക്കാനും കഴിയുന്ന മറ്റു സഖാക്കന്മാര്‍ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നത് ഇന്നും എതിരാളികള്‍ പോലും ആദരവോടെ അംഗീകരിക്കാറുണ്ടെന്നത് രാജപ്പന്‍ ഓര്‍ത്തു.

അന്ന് മൊതല് പതിനാറ് ദെവസം ഞാറക്കലില ഒരു പൊളിഞ്ഞ കെട്ടിടത്തില് അവന് കൂട്ടിരുന്നത് ഞാന്‍. ന്റെ ആനിക്ക് കൂട്ട് ഇവന്റ അമ്മേം കൊല്ലത്തി സുമതീം. അങ്ങന വെറുതെ തിന്നും തൂറീം കൂട്ടിരിക്കണ സമയത്ത് ന്റ ആനിക്കൊച്ചിന്റ ചോരയൊലിക്കണ ശരീരം എടക്കെടക്കിങ്ങന കണ്മുമ്പീ തെളിയും.. സഹിക്കാമ്പറ്റൂല്ലാര്‍ന്നേ... അപ്പ അതൊക്ക മറന്ന് ബോധം കെട്ട് ഒറങ്ങാനായിട്ടാര്‍ന്നെടീ സ്റ്റെല്ലക്കൊച്ചേ ഞാന്‍ ആദ്യായിട്ട് കുടിച്ചത്!! ഞങ്ങക്കുള്ള ആഹാരം കൊണ്ടോന്നിരുന്നത് സഖാവ് ബ്രോഷ്‌ചെവ് ആയിരുന്നു. നെനക്കറിയൂല്ലേടാ രാജപ്പാ, ..നിന്റ കൂട്ടുകാരന്‍ ഫിഡലിന്റ തന്തപ്പടിയാ ഈ ചെത്തുകാരന്‍ ബ്രോഷ്‌ചെവ്. അവന്‍ ചെത്തുംക്കഴിഞ്ഞ് വരും വഴിയാര്‍ന്ന് ആഹാരം കൊണ്ടോന്നിരുന്നത്. ഒപ്പം വറീതിനായിട്ട് അല്പം കള്ളും. പിന്ന പിന്ന അത് എനിക്കും കൂടായിട്ടായി. അങ്ങന തൊടങ്ങി.. ഒടുക്കമത് മുടിയാനായിട്ട് മദ്യദുരന്തത്തീ ചെന്ന് പെട്ട്..

എന്നിട്ടിപ്പള് എന്തായെന്റെ ലോനപ്പേട്ടാ. കുടിച്ച് കണ്ണുകളഞ്ഞ നിങ്ങള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള് നടത്തിയെന്ന പേരില് വാര്‍ഡ് കമ്മറ്റീലോട്ട് തരം താഴ്തീല്ലേ.. അന്ന് പാര്‍ട്ടി വിട്ടതാ ന്റ അമ്മ. ഇപ്പ പാ‍വം അമ്പലങ്ങളില് ഭജന പാടി പാടി വല്യ ഭക്തയായിപ്പോയി!! രാജപ്പന്റെ വാക്കുകളില്‍ നിന്നും പരിഹാസത്തിന്റെ തീതുപ്പുന്നത് ലോനപ്പന്‍ അറിഞ്ഞു.

ഹും. ശര്യാടാ.. ല്ലാത്തിലും കാരണം ആ ഇന്ദിരയാ.. അവര്ട കോഗ്രസ്സാ.. അവര്ട ഒടുക്കത്ത അട്യേന്തരാവസ്ഥയാ.. “

അട്യേന്തരാസ്ഥ തൊലയട്ടെ. ഇന്ദിരാകോഗ്രസ്സ് തൊലയട്ടെ. ഇന്‍‌ക്വിലാബ് സിന്ദാബാദ്...“

ചാവട്ടങ്ങന ചാവട്ടെ.. കുപ്പീകെടന്ന് ചാവട്ടെ.. ശ്വാസമ്മുട്ടി ചാവട്ടെ.. “

ലോനപ്പന്റെ മുദ്രാവാക്യം വിളി കേട്ട് രാജപ്പന് ചിരിവന്നു. ഉള്ളിലുള്ള അമര്‍ഷം പുറത്ത് കാട്ടാനാവാതെ രാജപ്പന്‍ കൊച്ച് ആരോണിന്റെ കൈപ്പിടിച്ച് ആ മുദ്രാവാക്യം അനുകരിച്ചു.

ചാവട്ടങ്ങന ചാവട്ടെ.. കുപ്പീകെടന്ന് ചാവട്ടെ.. ശ്വാസമ്മുട്ടി ചാവട്ടെ.. “

ഞായറാഴ്‌ച, മാർച്ച് 17, 2013

പറ പറ പറ പറ കാക്ക പറ



കുഞ്ഞുനാളുകളില്‍ എന്നോ അമ്മയോ അച്ഛനോ ഗുരുജനങ്ങളോ ചേച്ചിമാരോ ചേട്ടന്മാരോ ബന്ധുജനങ്ങളില്‍ ആരൊക്കെയോ ഒക്കെയായി ആദ്യമായി പറഞ്ഞുകേള്‍പ്പിച്ചിട്ടുള്ളതാണ് പറ പറ പറ പറ കാക്ക പറ എന്നത്. തൊണ്ണുകാട്ടി ചിരിക്കുന്ന കുഞ്ഞുമുഖങ്ങള്‍ എന്നും സന്തോഷമുണ്ടാക്കുന്നതുമായിരുന്നു. പിന്നീട് ഒരു പക്ഷെ ആദ്യം നമ്മളില്‍ പലരും സംസാരിച്ചു തുടങ്ങിയിട്ടുള്ളതും അമ്മയെന്നും കാക്കയെന്നും ഒക്കെ ആവാം. അങ്ങിനെ വരുമ്പോള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ കാക്കക്ക് വലിയ ഒരു സ്ഥാനം ഉണ്ട്.

തികച്ചും നിമിത്തമാവാം ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുവാന്‍ സൈകതം ബുക്സ് തയ്യാറായപ്പോള്‍ എന്റെ കഥകളില്‍ നിന്നും അവര്‍ പുസ്തകത്തിന് കണ്ടെത്തിയതും ഇതേ കാക്കയെ തന്നെ. എന്റെ കഥകളുടെ വായനക്കാരില്‍ പലരുടേയും നിര്‍ദ്ദേശപ്രകാരമായിരുന്നു ആ കഥക്ക് ആദ്യം നല്‍കിയിരുന്ന പേര് ഞാന്‍ മാറ്റിയത്. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പേരായി ആ കഥയുടെ പേര് സെലക്റ്റ് ചെയ്തപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആ കഥയുടെ വായനക്കാരെയാണ്. പ്രത്യേകിച്ച് അതിന്റെ ആദ്യ പേരിനെ വിമര്‍ശിച്ച എന്റെ നല്ല കൂട്ടുകാരെ.. ഒരു പക്ഷെ അവര്‍ അത്രയേറെ വിമര്‍ശിച്ചില്ലായിരുന്നെങ്കില്‍ ആ പേരില്‍ ഒരു കഥയോ അതേ പേരില്‍ ഒരു പുസ്തകമോ ഉണ്ടാകുമായിരുന്നില്ല... ഈ നന്മ നിറഞ്ഞ വിമര്‍ശനങ്ങള്‍ തന്നെയാണ് വല്ലപ്പോഴുമാണെങ്കില്‍ പോലും ബ്ലോഗ് പേജുകളില്‍ വരുവാനും എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിടുവാനും ആരെയെങ്കിലുമൊക്കെ വായിച്ചഭിപ്രായം പറയാനും പ്രേരിപ്പിക്കുന്നത്. നന്ദി... ഇത് വരെ നല്‍കിയ നിറഞ്ഞ സ്നേഹങ്ങള്‍ക്ക്.

അങ്ങിനെ കഥ പറയും കാക്ക ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ കൂടുകൂട്ടി. കാക്കയെ ആവശ്യമുള്ളവര്‍ക്ക് പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് കാക്ക കൂട്ടിലേക്ക് ചെല്ലാം. അവിടെ ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്തില്‍ ഇരുന്ന് കഥ പറയുന്ന കാക്കയെ നിങ്ങള്‍ക്ക് കാണാം. ഒപ്പം അതിലും മനോഹരമായി കഥ പറയുകയും കവിത ചൊല്ലുകയും ചെയ്യുന്ന അനേകം കലാകരന്മാരെയും കലാകാരികളേയും കാണാം. പുസ്തകപ്രേമികളെ സൈകതം ബുക്സിന്റെ ഓണ്‍ലൈന്‍ പുസ്തകശാലയിലേക്കും ഇന്ദുലേഖയുടെ പുസ്തകശേഖരത്തിലേക്കും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.






കാക്കയെ വായിച്ചവര്‍ അഭിപ്രായങ്ങള്‍ അറിയിക്കുക. നിങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒരു പക്ഷെ കാക്കയുടെ പറക്കലിന് ആക്കം കൂട്ടാന്‍ ഉതകുന്നതാകാം.

അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹത്തോടെ
മനോരാജ്

വെള്ളിയാഴ്‌ച, ജനുവരി 04, 2013

മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒന്നായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു നോവല്‍ വായനക്കൊടുവില്‍ പെട്ടന്ന് തന്നെ ഒരു പുസ്തകക്കുറിപ്പും നോവലിസ്റ്റുമായി ഒരു അഭിമുഖവും ഒക്കെ ചെയ്യുവാന്‍ സാധിച്ചതും. ഈയിടെ ഫെയ്സ്ബുക്കിലും മറ്റു ചില സുഹൃദ് കൂട്ടായ്മകളിലും വീണ്ടും മഞ്ഞവെയില്‍ മരണങ്ങള്‍ സജീവ ചര്‍ച്ചാവിഷയമായപ്പോള്‍ പുസ്തക വായനക്കൊടുവില്‍ ഞാന്‍  കണ്ടെത്തിയ ചില തോന്നലുകള്‍ / നിഗമനങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയുണ്ടായി. എന്റെ തോന്നലുകള്‍ (മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം) ഇവിടെ പങ്കുവെക്കുന്നു.