പ്രാരംഭം
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
വഴി ഞെരുക്കമുള്ളതും,
വാതില്‍
ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ
ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു
കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
കൊല്ലവര്‍ഷം
2012 ഏപ്രില്‍
മാസത്തിലെ കടുത്ത ചൂടുള്ള ഒരു പകലില്‍ ആയിരുന്നു പൊടുന്നനെ ജയിംസിന്റെ ജീവിതത്തില്‍
ഒരു ഇടിവെട്ട് പോലെ അത് സംഭവിച്ചത്! ഉദയം പേരൂരുള്ള തറവാട്ട് വീട്ടില്‍ നിന്നും എറണാകുളത്തെ സരോവരം
ഹോട്ടലിലേക്ക് ബിസിനസ്സ് മീറ്റിങിനായി നാട്ടുകാരനും കൂട്ടുകാരനുമായ ടോം
ജോസിനോടൊപ്പം അവന്റെ പുത്തന്‍ ഷെവര്‍ലെ ബീറ്റലില്‍ യാത്രചെയ്യുമ്പോള്‍ സ്വന്തമായി
ഒരു പള്‍സര്‍ ബൈക്ക് എങ്കിലും വാങ്ങേണ്ടുന്നതിന്റെ ആവശ്യകത ഓര്‍ത്ത് വ്യാകുലപ്പെട്ട മനസ്സുമായായിരുന്നു ജയിംസ് ഇരുന്നിരുന്നത്. കടുത്ത ട്രാഫിക്
ബ്ലോക്കില്‍ ഡ്രൈവ്ചെയ്യേണ്ടി വരുന്നതിന്റെ ആകുലതകളും കാലഹരണപ്പെട്ട റോഡുകള്‍ - എന്തിനേറെ റോഡ്
നിയമങ്ങള്‍ വരെ-
പൊളിച്ചു പണിയേണ്ടുന്നതിന്റെ
ആവശ്യകതയെയും കുറിച്ച് രോഷത്തോടെ പുലമ്പിക്കൊണ്ടും ടോം ജോസഫ് ആക്സിലേറ്ററില്‍ കാല്‍
അമര്‍ത്തി.
ജയിംസും
ടോമും കമ്പ്യൂട്ടര്‍ തലച്ചോറുകളാണ്. പുത്തന്‍ കാലത്തിന്റെ പ്രതിനിധികള്‍.
ജയിംസ് അപ്പന്റെ മരണശേഷം
അമ്മച്ചിയോടും മൂന്ന് സഹോദരങ്ങളോടുമൊപ്പം ഉദയം പേരൂരുള്ള തറവാട്ട് വീട്ടില്‍
താമസിക്കുന്നു. പറഞ്ഞു
വന്നത് ഇടിവെട്ട് പോലെ ജയിംസിന്റെ ജീവിതത്തില്‍ സംഭവിച്ച ആ കാര്യത്തെക്കുറിച്ചാണ്. അതുകൊണ്ട് നമുക്ക്
അതിലേക്ക് വരാം.
വണ്ടി
വൈറ്റിലഭാഗത്ത് ഒരു ഹമ്പ് ചാടിയത് ജയിംസിന് ഓര്‍മ്മയുണ്ട്.
മുന്നിലെ ബൈക്കില്‍ പോയിക്കൊണ്ടിരുന്ന
ചെത്ത് പിള്ളാരെ പച്ചത്തെറി വിളിച്ച് അതിന്റെ ഒരു ത്രില്ലില്‍ ജയിംസിന്റെ നേരെ
തിരിഞ്ഞതായിരുന്നു ടോം. കാര്യം പുറത്ത് നല്ല ചൂടുണ്ടെങ്കിലും തന്റെ പുത്തന്‍
വണ്ടിയിലെ എ.സിയുടെ തണുപ്പില്‍ ടോമിന് അതിയായ വിശ്വാസമുണ്ടായിരുന്നു. എന്നിട്ടും ദേ, ജയിംസ് ഇരുന്ന്
വല്ലാണ്ട് വിയര്‍ക്കുന്നു! എന്തോ ഒരു പന്തികേട് പോലെ..
രണ്ട് വട്ടം മര്യാദക്കും ഒരു വട്ടം
തെറിയോടെയും വിളിച്ചിട്ടും ജയിംസ് മിണ്ടുന്നില്ല.
മാത്രമല്ല,
അവനെ ചെറുതായി കോച്ചി വലിക്കുന്നത്
പോലെയും ഒരു വശത്തേക്ക് അവന്‍ ചരിയുന്നത് പോലെയും ടോമിന് അനുഭവപ്പെട്ടു. കാര്യം പന്തിയല്ലെന്ന്
കണ്ട ടോം വണ്ടി പെട്ടന്ന് അടുത്ത ജങ്ഷനില്‍ നിന്നും യൂ ടേണ്‍ എടുത്ത് ലേക് ഷോര്‍
ഹോസ്പിറ്റലിലേക്ക് ഓടിച്ചു കയറ്റി.
ഒന്നാം സ്ഥലം
എന്റെ ദൈവമായ കര്‍ത്താവേ, എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും
അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.
ലേക്
ഷോര്‍ ഹോസ്പിറ്റല്‍, റൂം നമ്പര്‍ 979
ജയിംസിന്റെ
ശരീരത്തില്‍ കാനുലകളും സൂചികളും പലവിധത്തിലുള്ള ടെസ്റ്റുകള്‍ കഴിഞ്ഞതിന്റെ
സ്റ്റിക്കറുകളും പതിച്ചിട്ടുണ്ടായിരുന്നു.
ബെഡ് ഷീറ്റിലും വസ്ത്രത്തിന്റെ
അഗ്രഭാഗത്തും ടെസ്റ്റുകളുടെ ബാക്കിപത്രം പോലെ രക്തം!
തലയില്‍ സിഗ്നല്‍ വേവുകള്‍
അറിയുവാനായി കുറേയേറെ ചെറുവയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു!!
എക്സ്-റേ, ഇ.സി.ജി, വിവിധതരം ബ്ലഡ് - യൂറിന്‍ ടെസ്റ്റുകള്‍ / കള്‍ച്ചറുകള്‍, സിടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍, ഇ.എം.ജി, ഇ.ഇ.ജി, അങ്ങിനെ ടെസ്റ്റുകളുടെ
ഒരു പ്രളയമായിരുന്നു രണ്ട് ദിവസം കൊണ്ട് ഹോസ്പിറ്റലിലെ 979-ആം നമ്പര്‍ മുറിയില്‍ നടന്നത്. മിക്കവാറും
ടെസ്റ്റുകള്‍ ഒക്കെ തന്നെ റൂമിനകത്ത് വെച്ച് നടത്തപ്പെടുന്നു എന്നത് കൊണ്ട് വലിയ
മെനക്കേടൊന്നും സഹായികളായി നിന്നിരുന്ന വല്ല്യേട്ടന്മാര്‍ക്ക് ഇല്ലായിരുന്നു. ഭയന്നുപോയിരുന്ന ടോം
ആദ്യ ദിവസം മുഴുവന്‍ ഹോസ്പിറ്റലില്‍ കൂട്ടിരുന്നുവെങ്കിലും രണ്ടാം ദിവസം മുതല്‍
ജയിംസിന്റെ കൂടി അസാന്നിദ്ധ്യത്തില്‍ ഒരു ശരാശരി ഐ.ടി തലച്ചോറിന്റെ ഗതികേട് പോലെ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക്
ഊളിയിടേണ്ടിവന്നു. അതുകൊണ്ട് തന്നെ ഉദയം പേരൂരില്‍ നിന്നും ജയിംസിന്റെ മൂത്ത
സഹോദരന്‍ ഫിലിപ്പോസ് ഹോസ്പിറ്റലിലേക്ക് എത്തപ്പെട്ടിരുന്നു. നാട്ടിലെ പാടശേഖരം
നോക്കിനടത്താതെ കമ്പ്യൂട്ടറെന്നും ഇന്റര്‍നെറ്റെന്നും പറഞ്ഞ് നടന്നപ്പോഴേ
ഇതൊക്കെയാവും ഗതിയെന്ന് എനിക്കൊറപ്പായിരുന്നൂട്ടാന്ന് പറഞ്ഞ് ഫിലിപ്പോസേട്ടായി
ഏഷ്യാനെറ്റ് പ്ലസില്‍ അപ്പോള്‍ കാട്ടിക്കൊണ്ടിരുന്ന വാത്സല്യം സിനിമയിലേക്കും
കാന്റിനില്‍ നിന്നും കൊണ്ട് വന്ന ഉച്ചയൂണിനൊപ്പമുള്ള വറുത്ത വറ്റമീനിന്റെ മുള്ള്
കളയുന്നതിലും വ്യാപൃതനാകുന്നത് തളര്‍ച്ചക്കിടയിലും ജയിംസ് അറിഞ്ഞു. രണ്ടാമത്തെ ഏട്ടന്‍ സേവ്യര്‍ ആകട്ടെ ഇടക്കിടെ പാര്‍ട്ടി ജില്ലാ
സമ്മേളനത്തിന്റെ കാര്യങ്ങളും അതിന്റെ തിരക്കിനിടയില്‍ ഇങ്ങിനെയൊരു എടാകൂടം
വന്നുപെട്ടതിനെപ്പറ്റിയും ആരോടോ മൊബൈല്‍
ഫോണില്‍ സംസാരിക്കുകയും ഒരു ഗോള്‍ഡ് ഫ്ലേക്ക് സിഗററ്റിനു തീകൊളുത്തികൊണ്ട്
മുറിയില്‍ നിന്നും പുറത്തേക്ക് പോകുകയും ചെയ്യുന്നതും സിഗററ്റിന്റെ പുകയില്‍
നിന്നും വന്ന ചുമയോടൊപ്പം ജയിംസ് അറിയുന്നുണ്ടായിരുന്നു.
രണ്ടാം സ്ഥലം
വലയുന്നവരെയും ഭാരം
ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ
സഹിക്കുവാന്‍ എന്നെ സഹായിക്കണമേ.
ഒട്ടേറെ
ടെസ്റ്റ് റിസല്‍ട്ടുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും നടുവില്‍ കിടക്കുമ്പോള്‍ ജയിംസ്
വല്ലാണ്ട് സങ്കടപ്പെട്ടു. വളം ഡിപ്പോയില്‍ നിന്നും ജൈവവളം ഇന്ന് കൂടെയെ കിട്ടൂവെന്ന്
പറഞ്ഞ് അതിരാവിലെ സേവ്യറേട്ടനെ ഹോസ്പിറ്റല്‍ ഡ്യൂട്ടി ഏല്‍പ്പിച്ച് ഉദയം പേരൂര്‍ക്ക്
പോയതാണു ഫിലിപ്പോസച്ചായന്‍. ഏതാണ്ട് ഒന്‍പത് മണികഴിഞ്ഞ് കാണും,
വെള്ളേപ്പവും മുട്ടറോസ്റ്റും
കഴിച്ചുകൊണ്ടിരുന്ന സേവ്യറേട്ടനു ഒരു ഫോണ്‍ വന്നതും ഞാന്‍ ഉച്ചയോടെ
ഇങ്ങെത്തിയേക്കാട്ടാടാ ഉവ്വേന്ന് ജയിംസിനോടും എവന്റെ കാര്യം ഒന്ന് വേണ്ടപോലെ
നോക്കണേട്ടാ കൊച്ചേ നിങ്ങള്‍ട സമരത്തിന് ഞങ്ങള്‍ട പാര്‍ട്ടിട സപ്പോര്‍ട്ടൊക്കെ ഓര്‍മ്മീണ്ടല്ലോന്ന്
ഡ്യൂട്ടി സിസ്റ്ററോടും പറഞ്ഞ് വെളുക്കനെ ഒരു ചിരിയും ചിരിച്ച് പുള്ളിക്കാരനും
പോയതിന്റെ പിന്നാലെയാണ് ഡോക്ടര്‍മാരുടെ ഒരു പറ്റം ജയിംസ് കിടന്നിരുന്ന 979-ആം നമ്പര്‍ റൂമിലേക്ക് ധൃതിയില്‍
കടന്നുവന്നത്.
മൂന്നാം സ്ഥലം
കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും
കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍
അതുകണ്ടു പരിഹസിക്കുകയും,
എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും
ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍
എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ
സഹായിക്കണമേ .
ഗഹനമായ വിശകലനങ്ങള്‍ക്കും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും
ശേഷം സീനിയര്‍ ഡോക്ടര്‍ നഴ്സിങ് സൂപ്രണ്ടിനോട് പേഷ്യന്റിന്റെ ബൈസ്റ്റാന്ററെ പറ്റി
ചോദിക്കുന്നത് കേട്ട് ജയിംസ് പാരവശ്യത്തോടെ കിടന്നു. നഴ്സുമാര്‍ തമ്മിലുള്ള
സംസാരവും ഡോക്ടര്‍ വഴക്ക് പറയുന്നതും എല്ലാം കേട്ട് കനപ്പെട്ട മനസ്സുമായി ജയിംസ്
കിടക്കുകയാണ്.
ആരും
സഹായിക്കാനില്ലാത്ത സ്വന്തം അവസ്ഥയോര്‍ത്ത് ഒരു വേള ജയിംസ് ലജ്ജിക്കുകയും ഡോക്ടര്‍മാരുടെ
മുഖഭാവം കണ്ട് അപമാനഭാരത്താല്‍ തലതിരിക്കുകയും ചെയ്തു. കണ്ണൂകളില്‍ ഉരുണ്ടുകൂടിയ
ജലാംശം തുടക്കുവാന്‍ ജയിംസ് വൃഥാ ഒരു ശ്രമം നടത്തുകയും അതില്‍ പരാജയപ്പെടുകയും
ചെയ്തു.
“സീ, മിസ്റ്റര്‍ ജയിംസ് തരിയന്‍. നിങ്ങള്‍
വിദ്യാസമ്പന്നനും ഒരു പ്രൊഫഷണലുമായതുകൊണ്ടും നിങ്ങളോടൊപ്പം ഇവിടെ
മറ്റാരുമില്ലാത്തതുകൊണ്ടും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആയത് കൊണ്ടും
കാര്യങ്ങള്‍ തുറന്ന് തന്നെ പറയാം.” വല്ലാത്ത
മുഖവുരയോടെയാണ് സീനിയര്‍ ഡോക്ടര്‍ ആരംഭിച്ചത്. ജയിംസ് എന്തും സഹിക്കാന്‍
തയ്യാറായി തന്നെ കിടന്നു.
“ഡോക്ടര്‍, ഐ.സി.യുവിലെ …..............പേഷ്യന്റിന്റെ നില
അല്പം വഷളായി.
ഒരു
എമര്‍ജന്‍സി സര്‍ജ്ജറി ചിലപ്പോള്‍ വേണ്ടിവന്നേക്കും. തീയറ്ററിലേക്ക് ഷിഫ്റ്റ്
ചെയ്യട്ടേയെന്ന് ഡോക്ടര്‍ രേഖ ചോദിക്കുന്നു”
“മൈ ഗോഡ്.. ക്വിക്...കാള്‍
അനസ്തീഷ്യസ്റ്റ് ആന്റ് തീയറ്റര്‍ സ്റ്റാഫ്”
ഡോക്ടര്‍മാര്‍ എല്ലാവരും
പെട്ടന്ന് തന്നെ റൂം നമ്പര്‍ 979 ല്‍ നിന്നും ഐ സി യുവിലേക്ക് പോകുന്നത് കണ്ട്
ഭയപ്പാടോടെ ജയിംസ് കിടന്നു.
നാലാം സ്ഥലം
സങ്കടകരമായ ഒരു കൂടികാഴ്ച... അവിടുത്തെ മാതാവു ഓടിയെത്തുന്നു... അവര്‍
പരസ്പരം നോക്കി...
കവിഞ്ഞൊഴുകുന്ന നാല്
കണ്ണുകള്‍... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍... അമ്മയും മകനും സംസാരിക്കുന്നില്ല... മകന്റെ വേദന
അമ്മയുടെ ഹൃദയം തകര്‍ക്കുന്നു... അമ്മയുടെ
വേദന മകന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു.
ഉദയം പേരൂരിലെ തറവാട്ട്
മുറ്റത്ത് ലേക് ഷോര്‍ ഹോസ്പിറ്റലിന്റെ ആംബുലന്‍സ് വന്ന് നില്‍ക്കുമ്പോള്‍ എല്‍സമ്മ
തരിയന്‍ ഇതുവരെയുള്ള സംഭവവികാസങ്ങള്‍ ഒന്നും വ്യക്തമായറിയാതെ ഹോസ്പിറ്റലില്‍
നിന്നും ഡിസ്ചാര്‍ജ്ജായി വരുന്ന മോനു വേണ്ടി അവനിഷ്ടപ്പെട്ട അയക്കൂറ കൊടംപുളിയിട്ട്
വെക്കുന്നതിന്റെ തിരക്കിലായിരുന്നു. മൂത്ത മരുമകള്‍ ഷേര്‍ളിയും രണ്ടാമത്തെ മരുമകള്‍ ഷീബയും
ഇതൊന്നും വേണ്ട അമ്മച്ചീന്ന് ഒരു വെറും വാക്ക് പറഞ്ഞെങ്കിലും അയക്കൂറയോടൊപ്പം
സ്വന്തം ഭര്‍ത്താക്കന്മാര്‍ക്ക് പ്രിയപ്പെട്ട പോത്തിറച്ചിയും അമ്മച്ചിയെകൊണ്ട്
വാങ്ങിപ്പിക്കുകയും അത് തേങ്ങാക്കൊത്തിട്ട് വരട്ടുന്നതിന്റെയും ടേസ്റ്റ്
നോക്കുന്നതിന്റെയും ഹരത്തിലായിരുന്നു.
ആംബുലന്‍സ് വന്ന്
തറവാട്ടുമുറ്റത്ത് നിന്നപ്പോള്‍ ഷേര്‍ളിയും ഷീബയും ഒന്ന് പകച്ചു. സത്യം പറഞ്ഞാല്‍
അനിയച്ചാരുടെ അവസ്ഥ എന്തെന്ന് ചേട്ടത്തിമാര്‍ക്ക് വല്ല്യ
തിട്ടമൊന്നുമുണ്ടായിരുന്നില്ല. അവരെയും കുറ്റം പറയാന്‍ പറ്റില്ല. അതെങ്ങിനെയാ, ഹോസ്പിറ്റലില്‍
നിന്നും വന്നാല്‍ ഫിലിപ്പോസച്ചായന്‍ നേരെ പറമ്പിലേക്ക് ഇറങ്ങും. സേവ്യറാണെങ്കില്‍
വീട്ടിലേക്ക് വരുന്നത് തന്നെ ഒരു സമയത്താവും.
“അമ്മച്ചീ, ദാണ്ടേ. ജയിംസിനെ
ഹോസ്പിറ്റലില്‍ നിന്നും കൊണ്ടോന്നിട്ടുണ്ട്. ആംബുലന്‍സിലാ...”
ഈശോയേ, ന്റെ കൊച്ചനെന്നാ
പറ്റിയെന്റെ പുണ്യാളോ.. എടി ഷീബേ, അടപ്പത്തിരിക്കണ അയക്കൂറ ഒന്ന് നോക്കിയേക്കണേട്യേന്ന്
വിളിച്ചോണ്ട് നെഞ്ചത്ത് രണ്ട് ഇടീം ഇടിച്ച് വെളുത്ത ചട്ടേല് കൈയിലെ കരീം തൊടച്ച്
എല്‍സമ്മച്ചി മുറ്റത്തേക്കോടി.
അഞ്ചാം സ്ഥലം
എന്റെ ഈ ചെറിയ
സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ്
ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ." അതിനാല്‍
ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ
സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ
ദിവസങ്ങളും മാസങ്ങളും
കുറച്ചേറെ കടന്നുപോയി. ഹോസ്പിറ്റലിലേക്കുള്ള
പോക്കുവരവും ചികത്സയുടെ ചെലവുകളും പലപ്പോഴും വീട്ടില്‍ ചേട്ടത്തിമാര്‍ക്കിടയില്‍
മുറുമുറുപ്പുയര്‍ത്തുന്നത് തന്റെ മുറിയില്‍ കിടന്നാലും ജയിംസിന് കേള്‍ക്കാവുന്ന
സ്ഥിതിയായി.
എല്‍സാമ്മച്ചി
പ്രാര്‍ത്ഥനയും വഴിപാടുമായി ഉദയംപേരൂരിലെ രണ്ട് പള്ളികളും കഴിഞ്ഞ്
മുളന്തുരുത്തിയിലും തെക്കന്‍പറവൂരും സമയമൊത്താല്‍ എറണാകുളത്തെ കലൂര്‍ പള്ളിയിലും
ഒരിക്കലോ മറ്റോ ചെട്ടിക്കാട് അന്തോണീസ് പുണ്യാളന്റെയടുത്ത് ചൊവ്വാഴ്ച നൊവേനേകൂടാന്‍
പോയതും ഇനിയിപ്പോള്‍ ചാലക്കുടിയിലെ പള്ളിയില്‍ നിന്നും ഏതോ അച്ചനെകൊണ്ട് മുത്തിച്ച
മോതിരം വാങ്ങി ജയിംസിന്റെ വിരലില്‍ ഇടീക്കണം എന്ന് പറഞ്ഞതുമാണ് പുതിയ
മുറുമുറുപ്പുകള്‍ക്ക് കാരണമെന്ന് ഇളയ സഹോദരന്‍ ആന്റോയിന്‍ സ്കൂളില്‍ നിന്നും വന്ന്
ജയിംസിന്റെ മുറിയിലിരുന്ന് കപ്പലണ്ടി കൊറിക്കുന്നതോടൊപ്പം പറയുമ്പോഴായിരുന്നു
കുറച്ച് നാളുകളിലെ ഇടവേളക്ക് ശേഷം ടോം ജോസും ഓഫീസിലെ ഫിനാന്‍സ് മാനേജര്‍
വെങ്കിടാചലവും കൂടെ കയറി വന്നത്.
ഓഫീസിലെ പുതിയ
സംഭവവികാസങ്ങളായ സന്ധ്യാമേരിയെ കാനഡ പ്രോജക്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതും
പുതിയ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഫെയ്സ്ബുക്കും ബ്ലോഗ്‌സ്പോട്ടും ഗൂഗിള്‍
പ്ലസ്സും എല്ലാം ബ്ലോക്ക് ചെയ്തതും സന്ദീപ് ഒരു വാശിക്ക് എല്ലാം ക്രാക്ക് ചെയ്ത്
യൂസ് ചെയ്തതും പറഞ്ഞ് ടോം ചിരിക്കുമ്പോള്‍ അമ്മച്ചി കൊണ്ടുവെച്ച ചെമ്മീന്‍ വടയുടെ
ടേസ്റ്റില്‍ മുങ്ങിത്താഴ്ന്നിരിക്കുകയായിരു ന്നു വെങ്കിടാചലം!!
മതിയെടാ ആസാമീ എന്ന് പറഞ്ഞ്
ടോം വെങ്കിടാചലത്തിന്റെ തുടയില്‍ അടിക്കുന്നതും ആംഗ്യത്തിലൂടെ എന്തോ
കാണിക്കുന്നതും കണ്ട് ചിരിച്ചുകൊണ്ടിരുന്ന
ജയിംസ്,
സ്വാമി
ബ്രീഫ്‌കേസ് തുറന്ന്‍ ഗ്ലോബല്‍ ഐടി സൊലുഷന്‍സ് എന്ന ലോഗോ പതിച്ച ഒരു കവര്‍ എടുത്ത്
കൈയില്‍ പിടിപ്പിക്കുമ്പോള്‍ ഒരു നിമിഷം സ്തംഭിച്ചുപോയി.
“പേടിക്കേണ്ടടാ, ടെര്‍മിനേഷന്‍
ഒന്നുമല്ല..
സ്റ്റാഫും
മാനേജ്‌മെന്റും കൂടെ പിരിച്ചെടുത്ത കുറച്ച് തുകയാ. അത്ര വലുതൊന്നുമല്ല. പക്ഷേ, ഇപ്പോള്‍
ഇതൊരാശ്വാസമാകുമെങ്കില്‍ ആവട്ടെന്ന് കരുതിയാ മതി”. ടോമിന്റെ വാക്കുകളെ സ്നേഹമെന്ന് മാത്രം വിളിക്കുവാനാണ്
ജയിംസിന് അപ്പോള്‍ തോന്നിയത്. ഒരു മാത്രനേരത്തേക്ക്, ടോമിനു ശിമയോന്റെ
ഛായയൂണ്ടോ എന്ന് കൂടെ ജയിംസിന് സംശയം തോന്നി! കണ്ണുകള്‍ വല്ലാതെ
നിറഞ്ഞിരുന്നത് കൊണ്ട് പോകുന്നതിനു മുന്‍പ് പാത്രത്തില്‍ അവശേഷിച്ചിരുന്ന ഒരു
ചെമ്മീന്‍വട കൂടെ എടുത്ത് വായിലേക്കിടുന്ന വെങ്കിടാചലത്തിന്റെ തലക്ക് നോക്കി
കിഴുക്കുന്ന ടോമിനെയും അത് കണ്ട് ചിരിക്കുന്ന ആന്റോയിനേയും ഒരു മങ്ങലായേ ജയിംസിന്
കാണാന്‍ കഴിഞ്ഞുള്ളു.
ആറാം സ്ഥലം
എന്നോടു
സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍
ആരുമില്ല.
തീരെ പ്രതീക്ഷിക്കാതെ, ഡിസംബറിലെ കുളിരുള്ള
ഒരു ഉച്ചയ്ക്കായിരുന്നു രാജി തറവാട്ടിലേക്ക് വന്നത്. നടക്കാവില്‍ നിന്നും ഉദയംപേരൂരിലെ
തറവാട് വീട്ടിലേക്ക് അത്ര ദൂരമില്ലെങ്കിലും ഇത് വരെ അവള്‍ അവിടേക്ക്
വന്നിരുന്നില്ല.
ഇതിപ്പോള്‍
സ്വന്തം വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ശക്തമായ വിവാഹാലോചനാ
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ നിവൃത്തിയില്ലാതെ ഉടുതുണിയാലെ ഇറങ്ങിപ്പോന്നതാണെന്നാണ്
പറയുന്നത്.
തിരികെപൊയ്കോളാന്‍
ജയിംസ് കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലും രാജി തീരുമാനത്തില്‍ ഉറച്ച മട്ടിലാണ്. എല്‍സമ്മച്ചിയാണെങ്കില്‍
ആകെ പതറി താടിക്ക് കൈയും താങ്ങി മിണ്ടാതെ ഇരിക്കുന്നു. ഷേര്‍ളിയും ഷീബയും കണ്ണുകള്‍
കൊണ്ട് പരസ്പരം സംസാരിക്കുകയും ഷീബ മാറിനിന്ന് ഫോണില്‍ എന്തൊക്കെയോ
കുശുകുശുക്കുന്നതും കണ്ടെങ്കിലും തന്നെ ബാധിക്കുന്ന പ്രശ്നമൊന്നും അല്ല എന്ന്
തോന്നിയതുകൊണ്ട് ആന്റോവന്‍ ക്രിസ്മസ് ട്രീ ഒരുക്കുന്ന തിരക്കിലേക്ക് വീണ്ടും
ഊളിയിട്ടു.
മഹാരാജാസ് കോളേജിലെ ക്ലാസ്സ്
മുറികള്‍ക്കും വരാന്തകള്‍ക്കും മരത്തണലുകള്‍ക്കും പറയാനുള്ള ഒട്ടേറെ പ്രേമകഥകളിലെ
വളരെ ചെറിയ ഒരേട് മാത്രമാണ് ജയിംസും രാജിയും എന്നതുകൊണ്ടും പ്രണയവിവരണങ്ങള്‍
ക്ലീഷേകളാണെന്ന പുത്തന്‍ കഥയെഴുത്തുകാരുടെയും കവികളുടെയും വാക്കുകളെ
മാനിച്ചുകൊണ്ടും ആ ഭാഗത്തേക്ക് അധികം കാടുകയറി വല്ലാതെ ദീര്‍ഘിപ്പിക്കുന്നില്ല. സംഭവം വളരെ
ചുരുക്കിപ്പറഞ്ഞാല്‍ എല്‍സമ്മച്ചിയുടെ മാത്രം അനുഗ്രഹത്താല്‍ ടോം ജോസ് ഒന്നാം
സാക്ഷിയായും അവന്റെ കൂട്ടുകാരി സെലീന രണ്ടാം സാക്ഷിയായും ഉദയംപേരൂര്‍
രെജിസ്റ്ററാഫീസിന് പുറത്ത് ടോം ജോസിന്റെ ഷെവര്‍ലെ ബീറ്റലിന്റെ പിന്‍ സീറ്റില്‍
കിടക്കുന്ന ജയിംസിന്റെ കഴുത്തില്‍ രാജി മിന്നുകെട്ടി. കാറില്‍ തന്നെ ഒരു ഫോട്ടോക്ക്
പോസ് ചെയ്യുന്നതിനിടയില്‍ കൊച്ച് ആന്റോവാന്‍ ഏട്ടത്തിയുടെ നീണ്ട താടിയില്‍
പിടിച്ച് വലിച്ച് വിവാഹത്തോടുള്ള അവന്റെ അനുഭാവം പ്രകടിപ്പിച്ചു.
ഏഴാം സ്ഥലം
ജീവിതത്തിന്റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങ് തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
കാളിങ്ബെല്‍ തുടര്‍ച്ചയായി
അടിക്കുന്നത് കേട്ടാണ് രാജി പുറത്തേക്ക് വന്നത്. ഭദ്രന്‍ ചിറ്റപ്പനെ ഇറയത്ത്
കണ്ട് ഒരു നിമിഷം അവളുടെ കണ്ണ് നിറഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങിപോന്നതിന് ശേഷം തന്നെ തിരക്കി
ആദ്യമായി വരുന്ന സ്വന്തക്കാരന്‍! അവള്‍ ജയിംസ് കിടക്കുന്ന മുറിയിലേക്ക് ചിറ്റപ്പനെ
ആനയിച്ചു.
എല്‍സമ്മച്ചി
ബ്ലൊസിനു മീതെ ഒരു തോര്‍ത്തുണി പുതച്ചുകൊണ്ട് ചെറുചിരിയുമായി
വട്ടേപ്പത്തിന്റെ പ്ലെയിറ്റ് ടീപ്പോയിന്മേലേക്ക് നീക്കിവെച്ച് കുമ്മായമടര്‍ന്നുതുടങ്ങിയ
ഭിത്തിയില്‍ ചാരി നിന്നു.
കല്യാണ വിശേഷങ്ങളും
ജയിംസിന്റെ അസുഖവിവരങ്ങളും തിരക്കുന്ന കൂട്ടത്തില്‍ ഇതുവരെ ഇവിടേക്ക് വരാത്ത
രാജിയുടെ അച്ഛനെയും അമ്മയെയും ഒന്ന് കൊള്ളിച്ച് പറയുവാനും ശേഷം എല്‍സമ്മച്ചിയുടെ
മുഖത്തേക്ക് പാളിനോക്കികൊണ്ട് ആ മനസ്സില്‍ ഇടംതേടാനും ഒരു ശ്രമം നടത്തുന്നത്
കണ്ടപ്പോഴേ ചെറിയ വശപ്പിശക് ജയിംസ് മണത്തിരിന്നു.
“അപ്പഴേ രാജിമോളേ, ചിറ്റപ്പന്‍ വന്നത്
മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കാനാ. ജയിംസ് മോനും എല്‍സ ചേട്ടത്തിയും കൂടെ കേള്‍ക്കേണ്ടതാ. നമ്മളുടെ ഒക്കെ
ആഗ്രഹമെന്താ?
ജയിംസ്
മോന്‍ പെട്ടന്ന് പഴേ പോലെ ഉഷാറാവണം. അങ്ങിനെയാവുമ്പോ രാജിമോളുടെ വീട്ടീന്നൊള്ള ഈ
പരിഭവോക്കെ അങ്ങോട്ട് പോകോന്നേ! ജയിംസ് മോനെന്താ ഒരു കുറവ്. പഠിപ്പില്ലേ? ജോലിയില്ലേ? പിന്നെ ഇപ്പോഴുള്ള ഈ
തളര്‍ച്ച.
അത് ഈ
മരുന്നോണ്ടൊന്നും മാറൂല്ലാന്നേ. ഞാന്‍ ഒരു ടോണിക് തരാം. കൊളീബ്രിയം എന്നാണ് അതിന്റെ
പേര്.
ഒരു
ബോട്ടിലിന് ഏകദേശം മൂവായിരം രൂപയോളമേ വരൂ. അതൊരു നാല് ബോട്ടില്‍ വാങ്ങി
കഴിച്ചാല്‍ എന്റെ ജയിംസ് മോന്‍ പഴേതിലും ഉഷാറായി നടക്കും. ഒപ്പം ഈ ടോണിക്
മറ്റൊരാളെകൊണ്ട് നിങ്ങള്‍ വാങ്ങിപ്പിക്കുമ്പോള്‍ കമ്മീഷന്‍ ഇനത്തില്‍ നിങ്ങള്‍ക്ക്
ലഭിക്കുന്നത് ഏകദേശം ആയിരത്തോളം രൂപയാണ്. നമ്മുടെ അസുഖവും മാറും അതിലൂടെ ചെറിയ ഒരു വരുമാനവും
കിട്ടും.
ജയിംസ്
മോന്‍ എന്ത് പറയുന്നു”
“ഡോക്ടറോട് ചോദിച്ചിട്ട് ഞാന്‍
ചിറ്റപ്പനെ വിളിക്കാം. അത്
പോരെ?“
രാജി
അവസരോചിതമായി പെരുമാറുന്നത് കണ്ട് ജയിംസ് മെല്ലെ കണ്ണുകള്‍ അടച്ചു. അല്പം ഈര്‍ഷ്യയോടെ
ഭദ്രന്‍ ചിറ്റപ്പന്‍ ഇറങ്ങിപ്പോകുന്നതും തന്നെയും എല്‍സാമ്മച്ചിയെയും ദയനീയമായി
നോക്കി നിറഞ്ഞകണ്ണുകളോടെ രാജി അപ്പുറത്തേക്ക് പോകുന്നത് കള്ളമയക്കത്തിനിടയിലും
ജയിംസില്‍ നിന്ന് നെടുവീര്‍പ്പുയര്‍ത്തി.
എട്ടാം സ്ഥലം
നിങ്ങളെയും നിങ്ങളുടെ
കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍
മറ്റൊരവസരത്തില്‍ ഇത്തരത്തില്‍
പരീക്ഷിക്കാന്‍ എത്തിച്ചേര്‍ന്നത് യഹോവ സാക്ഷികള്‍ ആയിരുന്നു. ‘ഹല്ലേലൂയ.. ഹല്ലേലൂയ. കര്‍ത്താവിന്
സ്ത്രോത്രം.
ഈ
കുഞ്ഞാടിന്റെ ആരോഗ്യത്തിനായി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം. ഹല്ലേലൂയ.. ഹല്ലെലൂയ‘ എന്ന്
പറഞ്ഞുകൊണ്ട് കയറി വന്ന കൊച്ചുറാണിയെയും ലൂസി ഫ്രാന്‍സിസ് എന്ന പഴയ കട്ടപ്പനക്കാരി
ബിന്ദുമോളേയും സേവ്യറേട്ടന്‍ ചീത്തപ്പറഞ്ഞ് ഓടിക്കുന്നത് കണ്ടപ്പോള്‍ ഒരു ചാണ്‍
വയറിന് വേണ്ടി വീടുകള്‍ കയറിയിറങ്ങുന്ന അവരുടെ അവസ്ഥയില്‍ വിഷമമുണ്ടായെങ്കിലും
പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റിയ സേവ്യറേട്ടനോട് ഉള്ളിന്റെയുള്ളില്‍
ജയിംസിന് ഒരാദരവ് തോന്നി.
ഒന്‍പതാം സ്ഥലം
കര്‍ത്താവേ, അങ്ങയുടെ പീഡകളുടെ മുമ്പില്‍ എന്റെ വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍
പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍
എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന
തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍
നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ.
ഇപ്പോഴിപ്പോള്‍ കാളിങ്ബെല്‍
കേള്‍ക്കുമ്പോള്‍ ‘മരണമണി‘ കേള്‍ക്കുന്നത് പോലെയാണ് ജയിംസിന് തോന്നുന്നത്. ഇപ്രാവശ്യം മരണമണി
മുഴക്കി തന്റെ മുറിയിലേക്ക് ഇടിച്ചുകയറി വന്നത് ലാട വൈദ്യന്മാരുടെ മാര്‍ക്കെറ്റിങ്
എക്സിക്യുട്ടീവ് ആയിരുന്നു! കറുത്ത് കുറിയ ശരീരപ്രകൃതം. കൈകളില്‍ എന്തൊക്കെയോ
പച്ചകുത്തിയിട്ടുണ്ട്. നീണ്ട
മീശ.
ആകെ ഒരു
കോലം.
പക്ഷേ, നല്ല സ്പഷ്ടമായി
മലയാളം,
ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകള്‍
കൈകാര്യം ചെയ്യുന്നു. അവരുടെ
ഡാറ്റാബാങ്കില്‍ ഈയിടെ ചേര്‍ക്കപ്പെട്ടതാണത്രേ ഈ അഡ്രസ്സ്!! മാര്‍ക്കെറ്റിങിന്റെ പുത്തന്‍
വഴിത്താരകള്‍ കണ്ട് ജയിംസ് ഒരു നിമിഷത്തേക്ക് ഹര്‍ഷോന്മത്തനായി. സമചിത്തത
വീണ്ടെടുത്തപ്പോഴേക്കും അവന്റെ വാചക കസര്‍ത്തില്‍ എല്‍സമ്മച്ചി കഴിഞ്ഞ ദിവസം
താറാവിനെ വിറ്റ വകയില്‍ കിട്ടിയ ആയിരം രൂപ ഒരു കുപ്പി ലാടമരുന്നിന്
മുടക്കിക്കഴിഞ്ഞിരുന്നു.
പത്താം സ്ഥലം
എന്റെ വസ്ത്രങ്ങള്‍ അവര്‍
ഭാഗിച്ചെടുത്തു.എന്റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു
കൊല്ലവര്‍ഷം 2013 ഫെബ്രുവരി
കാര്യങ്ങള്‍
ഇത്രത്തോളമായപ്പോഴേക്കും ജയിംസിന്റെ ജീവിതത്തില്‍ രണ്ടാമത്തെ ഇടിവെട്ട് സംഭവിച്ചു. രാജിയുമായുള്ള
വിവാഹബന്ധത്തോടെ തന്നെ അകന്നുതുടങ്ങിയിരുന്ന ഫിലിപ്പോസേട്ടായിയും സേവ്യറേട്ടായിയും
മേല്‍സൂചിപ്പിച്ച സംഭവം കൂടെ കഴിഞ്ഞതോടെ ആകെ ഇടച്ചിലായി. നെല്ലിന്റെയും നാളികേരത്തിന്റെയും
താങ്ങുവില നഷ്ടമായത് ഫിലിപ്പോസേട്ടായിയെയും പഴയപോലെ രാഷ്ട്രീയത്തില്‍ മാത്രം
കറങ്ങി നടന്നാല്‍ വയറ്റില്‍ വളരുന്ന കൊച്ചുമായി ഞാന്‍ വല്ല പൊട്ടക്കിണറ്റിലും
ചാടുമെന്ന ഷീബേടത്തിയുടെ ഭീഷിണി സേവ്യറേട്ടായിയെയും ഉലച്ചിരുന്നുവെങ്കിലും
ലാടവൈദ്യന്‍ കൂടെ വന്ന് രൂപ ആയിരം കൊണ്ടുപോയതോടെ ഒരു കാരണം കണ്ടെത്തിയപോലെ സ്വത്ത്
വീതമെന്ന സ്വാഭാവിക പരിണാമത്തിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടു. പള്ളിക്കമ്മറ്റികളില്‍
ഇനിയും തരിയന്റെ മോനായി തലയുയര്‍ത്തി നില്‍ക്കാന്‍ ഈ വിവാഹം ഒരു
പ്രശ്നമായിരിക്കുന്നുവെന്ന് ഫിലിപ്പോസും ഒരു പക്ഷേ രണ്ട് മതങ്ങള്‍
തമ്മിലുണ്ടായേക്കാവുന്ന സംഘര്‍ഷസാദ്ധ്യതകള്‍ തന്റെ രാഷ്ട്രീയ ഭാവി തന്നെ
ഇല്ലാതാക്കിയേക്കും എന്നും സേവ്യറും വീറോടെ അവകാശപ്പെടുമ്പോള്‍ നഷ്ടക്കണക്കുകള്‍
ഒന്നും പറയാന്‍ അറിയാതെ ആന്റോവാന്‍ ഒരു പപ്പടവട കടിച്ചുമുറിക്കുന്ന തിരക്കില്‍
വ്യാപ്രതനായിരുന്നു.
പതിനൊന്നാം സ്ഥലം
കര്‍ത്താവേ, അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു
ഒരു ശരാശരി സത്യന്‍
അന്തിക്കാട് -
ലോഹിതദാസ്
സിനിമയിലെ രംഗങ്ങള്‍ പോലെയായിരുന്നു തുടര്‍ന്ന് നടന്നത്!! വക്കീല്‍, ഭാഗം വെയ്പ്, ചങ്ങല, ക്രോസ് സ്റ്റാപ്, തുടര്‍ന്നുണ്ടാകുന്ന
ചെറിയ വാക്കേറ്റങ്ങള്‍. ഒടുവില്‍ എല്‍സമ്മച്ചിയും രാജിയും ആന്റോവനോടുമൊപ്പം
അപ്പച്ചന്റെ പേരിലുള്ള മറ്റൊരു കൊച്ചുവീട്ടിലേക്ക് ടോം ജോസിന്റെ മേല്‍നോട്ടത്തില്‍
ജയിംസിനെ മാറ്റി കിടത്തല്‍ അങ്ങിനെ പൊതുവില്‍ കാലാകാലങ്ങളായി കൂടുതല്‍ അംഗങ്ങളുള്ള
തറവാടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ഇവിടെയും സംഭവിച്ചു.
പന്ത്രണ്ടാം സ്ഥലം
ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.
ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.
ദിവസങ്ങള്‍ പിന്നെയും
കടന്നുപോയി.
പഴയകാല
സാഹിത്യരചനകളില്‍ ഒക്കെ പറയുമ്പോലെ പകലോനും രാത്രിഞ്ജരനും തങ്ങളുടെ വലിയോന്‍-ചെറിയോന്‍ കളി
അനസ്യൂതം തുടര്‍ന്നു. ചികത്സാചിലവുകള്‍
അധികരിച്ചപ്പോള്‍ പട്ടിണിയും ഇടക്കിടെ വലിയോന്‍-ചെറിയോന്‍ കളികളിച്ചു. അന്ന് സമയം ഏതാണ്ട്
മൂന്ന് മണിയോടടുത്തിരുന്നു. ആ കൊച്ചുവീട്ടില്‍ ആകെയുണ്ടായിരുന്ന ഇലക്ട്രോണിക്
ഉപകരണമായ റേഡിയോയിലെ സിലോണ്‍ സ്റ്റേഷനില്‍ നിന്നും അശ്വമേധം നാടകത്തിലെ പാമ്പുകള്‍ക്ക്
മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് എന്ന ഗാനം ഒഴുകിയെത്തുന്നത് എല്‍സമ്മച്ചി ഒരു
നെടുവീര്‍പ്പോടെ കേട്ടു. കെ.പി.എ.സി ഖാന്‍ തകര്‍ത്തഭിനയിക്കുന്ന രംഗങ്ങള്‍ പണ്ട്
നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് തരിയന്‍ ചേട്ടനോടൊപ്പം ഇരുന്ന് കണ്ടത് അവര്‍
ഓര്‍ത്തു.
ജയിംസേട്ടാ എന്നൊരു വിളി
രാജിയില്‍ നിന്നും ഉച്ചത്തില്‍ കേട്ടാണ് എല്‍സമ്മച്ചി ഓടി മുറിക്കകത്ത് ചെന്നത്. കട്ടിലില്‍ വായില്‍
നിന്നും പത തുപ്പി കണ്ണുകള്‍ തുറിച്ച് ജയിംസ് കിടക്കുന്നു. തൊട്ടടുത്ത് ഒരു കൊച്ചു
പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും അവശേഷിച്ച ഒന്ന് രണ്ട് ഉറക്ക ഗുളികകള്‍ കര്‍മ്മ
നിര്‍വ്വഹണത്തിന്റെ ആലസ്യത്തില്‍ കിറുങ്ങികിടക്കുന്നു.
അടുത്ത് കിടന്ന കടലാസ് കീറ്
അവരോട് മൂവരോടും ഇപ്രകാരമാണ് സംസാരിച്ചത്.
“അമ്മച്ചിക്ക്, ആന്റോവനെ നോക്കണം. ഒപ്പം രാജിയെയും...
ആന്റോവന്, അമ്മച്ചിയെ നോക്കണം. ഒപ്പം ഏട്ടത്തിയെയും
രാജിക്ക്.. ഞാന്‍ പോകുന്നു. നിന്റെ കാര്യം നിനക്ക് തീരുമാനിക്കാം“
ആന്റോവന്, അമ്മച്ചിയെ നോക്കണം. ഒപ്പം ഏട്ടത്തിയെയും
രാജിക്ക്.. ഞാന്‍ പോകുന്നു. നിന്റെ കാര്യം നിനക്ക് തീരുമാനിക്കാം“
പെട്ടന്ന് സൂര്യന്‍ ഇരുളുകയും
വല്ലാത്ത അന്ധകാരം ആ പരിസരത്തെ ബാധിക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ പൊടിപ്പും
തൊങ്ങലും ചേര്‍ക്കലാണെന്ന് പറയപ്പെടുമെങ്കിലും സത്യം സത്യമല്ലാതാവില്ലല്ലോ!
പതിമൂന്നാം സ്ഥലം
അനന്തരം മിശിഹായുടെ
മൃതദേഹം കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്റെ മടിയില്‍ കിടത്തി.
ഒരു നിയോഗം പോലെ സംഭവിച്ചതാണൊ
അതോ ജയിംസ് അറിഞ്ഞ് പ്രവര്‍ത്തിച്ചതാണോ എന്ന് അറിയില്ല.. അന്നും വെള്ളിയാഴ്ചയായിരുന്നു. ദുഃഖവെള്ളിയാഴ്ച!!
ഫിലിപ്പോസും സേവ്യറും മറ്റു
ബന്ധുജനങ്ങളും എത്തി. സുന്നഹദ്ദോസ്
പള്ളി വികാരിയെത്തി. പ്രാര്‍ത്ഥനകള്‍! പതിവ്
ആചാരാനുഷ്ഠാനങ്ങള്‍. ഒന്നിനും
വയ്യാതെ രാജി അകത്തെ മുറിയില്‍ ബോധമറ്റ് കിടന്നു. മകന്റെ മൃതദേഹത്തിനരികില്‍
ഒരു തുള്ളി കണ്ണീരൊഴുക്കാതെ എല്‍സമ്മ ഇരുന്നു. കാര്യങ്ങള്‍ക്ക് ഓടി
നടക്കുന്ന ആന്റോവാന്‍ പെട്ടന്ന് കാര്യപ്രാപ്തി കൈവരിച്ച പുരുഷനായത് പോലെ! അല്ലെങ്കിലും പഴയ
ആളുകള്‍ പറയുമ്പോലെ ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിന് വളമാകൂ
പതിനാലാം സ്ഥലം
അനന്തമായ പീഡകള്‍ സഹിച്ച്
മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി
മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു
അനന്തരം ഫിലിപ്പോസും സേവ്യറും
ആന്റോവനും ടോം ജോസും ചേര്‍ന്ന് ജയിംസിന്റെ ശരീരം പള്ളി സിമിത്തേരിയിലേക്ക് എടുത്തു. ആരൊക്കെയോ
മിശ്രവിവാഹത്തിന്റെ കാര്യം അവിടെ സൂചിപ്പിച്ചെങ്കിലും ടോം ജോസിന്റെയും
ആന്റോവന്റെയും രൂക്ഷമായ നോട്ടങ്ങള്‍ക്ക് മുന്‍പില്‍ തല പിന്‍വലിച്ചു. അനന്തരം വിലാപയാത്ര
ഉദയംപേരൂര്‍ സുന്നഹദ്ദോസ് പള്ളി സിമിത്തേരിയില്‍ എത്തിച്ചേരുകയും കുന്നുമ്മേല്‍
തരകന്റെ കല്ലറയ്ക്ക് തൊട്ടടുത്തായി ജയിംസിനെ വിശ്രമിക്കാന്‍ വിടുകയും ചെയ്തു.
ജയിംസ്
തരിയന്‍ കുന്നുമ്മേല്‍
ജനനം : 25-12-1983
മരണം : 29-03-2013
ഇവിടെ വിശ്രമിക്കുന്നു!!
ജനനം : 25-12-1983
മരണം : 29-03-2013
ഇവിടെ വിശ്രമിക്കുന്നു!!
സമാപനം
തന്റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു
സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും പരിശുദ്ധാല്‍മാവിനു
സ്തോത്രവുമുണ്ടായിരിക്കട്ടെ.
ആമ്മേന്‍.
28 comments:
മനോ........
കഥ പറയാന്‍ ഉപയോഗിച്ച രീതി ഒഴികെ മറ്റൊന്നും അത്ര എറിച്ചില്ല എന്നാണ് എന്‍റെ വായനയില്‍ തോന്നിയത്.. പല സ്ഥലങ്ങളിലും നാടകീയതയുടെ അതിപ്രസരം അല്പം അലോസരപ്പെടുത്തുന്നുമുണ്ട്..
Good...nothing special ....but inteligent craft work
കഥ നന്നായിരുന്നു
അവസാനം വരെ ബ്രേക്കില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന രചനയായിരുന്നു.
അവസാനം വരെ വായിച്ചു എന്ന് മാത്രമേ പറയാനുള്ളൂ മനു.
ജീവിതം കുരിശു ചുമക്കൽ തന്നെ...
അതറിയാവുന്നതുകൊണ്ട് എന്നെ കഥ സ്പർശിച്ചു ...
എവിടാണ് മാഷേ? എഴുത്തൊന്നുമില്ലേ?
കണ്ണീരോടെ വിട പ്രിയ എഴുത്തുകാരാ
എന്താ സംഭവിച്ചത് ആരെങ്കിലും,വിശദമായി പറയൂ.... ആദാരാഞ്ജലികൾ പറയാൻ പോലും തോന്നാത്ത ആവസ്ഥ
സുഹൃത്തുക്കളെ.
കൂട്ടുകാരൻ ബ്ലോഗുടമ മനോരാജ് നമ്മെ വിട്ടു പോയി. കുറച്ചു കാലമായി അസുഖബാധിതനായിരുന്നു. നിർണ്ണയിക്കാൻ പറ്റാതെ പോയ അസുഖം മൂലം കുറച്ചു കാലമായി പ്രയാസത്തിലാർന്നു.
സൗമ്യതയോടെ കൂട്ടൂകൂടുകയും ബ്ലോഗുലോകത്ത് തന്റേതായ കയ്യൊപ്പ് ചാർത്തുകയും ചെയ്ത സുമുഖ കൂട്ടുകാരനു ആദരാഞ്ജലികൾ
ആദരാഞ്ജലികൾ...
കൂതറHashimܓ പറഞ്ഞു...
സുഹൃത്തുക്കളെ.
കൂട്ടുകാരൻ ബ്ലോഗുടമ മനോരാജ് നമ്മെ വിട്ടു പോയി.
Is it true? Sorry to know that :( May his soul rest in peace
വിശ്വസിക്കാൻ പ്രയാസം തന്നെ.
ആദരാഞ്ജലികൾ....
വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ... !!! എന്താ ഇപ്പോ പറയുക... വല്ലാത്തൊരു ഷോക്കായിപ്പോയി...
അശ്രുപുഷ്പങ്ങൾ... :(
:(
ആദരാഞ്ജലികൾ...ഇത് കഥയായിരുന്നില്ലേ? സ്വന്തം ജീവിതം തന്നെ ആയിരുന്നോ?
ഈ കഥയ്ക്ക് കമന്റിടുന്നത് ഇത്തരത്തിലായല്ലോ... ! ആദരാഞ്ജലികൾ.. നിനച്ചിരിക്കാതെയെത്തുന്ന മരണം..അത് നമുക്കെല്ലാം പിറകിൽ എപ്പോഴും സഞ്ചരിക്കുന്നു ..എന്ന് എവിടെ എപ്പോൽ എങ്ങിനെ...പ്രവചനാതീതം...!
ആദരാജ്ഞലികൾ എന്ന് മാത്രം
പ്രിയസുഹൃത്തിനു അശ്രുപുഷ്പങ്ങൾ
പണ്ടൊരു ജ്യോനവന്‍.
ഇന്ന് നീയും.........
വരാമെടാ പുറകെ. :(
ആദരാഞ്ജലികൾ...!
പ്രിയ മനോ
പ്രിയ മനോ ആദരാഞ്ജലികൾ...
Condolence to his family
TEARS IN HEAVEN...
Having received this dolorous message, my immediate instinct is to repeat Hashim's simple but glittering homage of the unvarnished truth:
"ബ്ലോഗിലൂടെ നമ്മോട് കൂട്ടുകൂടുകയും സൗഹൃദത്തിനു പ്രാധാന്യം നൽകുകയും ചെയ്ത സൗമ്യ സ്വഭാവകാരനായ കൂട്ടുകാരനു ആദരാഞ്ചലികൾ..."
Dear Manoraj, the Malayalam Bloggers' illustrious buddy, I salute you respectfully for all those invaluable, everlasting, indelible words that were imprinted deeply on the pages of Malayalam Blogspot...!
- V P Gangadharan, Sydney
കഥയിൽ പുതുമ തോന്നിയില്ല. അവതരണ രീതി ഇഷ്ടമായി.
ഉദയംപേരൂര് രജിസ്റ്റാർ ഓഫീസ് ഇല്ല സുഹൃത്തേ
ആദ്യം ആദരാഞ്ജലികൾ ഇവിടെ കുറിക്കട്ടെ.. അറം പറ്റിയ പോലെ എന്ന് കേട്ടിട്ടുണ്ട്..കാലം ഇവിടെ അത് നടപ്പാക്കി..
മനോരാജ്, നിന്നെ വീണ്ടും ഓർക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ