ശനിയാഴ്‌ച, ഏപ്രിൽ 13, 2013

കാലം സാക്ഷി.. ലോനപ്പനും..

കാച്ചു കുജു കുജു കുജു ജു...

ബാര്‍ബര്‍ രാജപ്പന്റെ കത്രിക തലക്ക് മുകളില്‍ ചലിക്കുന്നതിന്റെ രസകരമായ താളം ചുണ്ടുകളിലേക്ക് ആവാഹിക്കുകയായിരുന്നു ലെന്‍സ് ലോനപ്പന്‍.

കാച്ചൂഛുജുഛൂ - രാജപ്പന്റെ ബാര്‍ബര്‍ കിറ്റിലെ കത്രികയില്‍ പിടുത്തമിട്ടുകൊണ്ട് മുത്തച്ഛന്‍ ഉരുവിട്ട താളം പകര്‍ത്തുവാനുള്ള പരിശ്രമത്തിലാണ് ലോനപ്പന്റെ നാലുവയസ്സുകാരന്‍ പേരകുട്ടി ആരോണ്‍.

'അതെടുത്തുള്ള കളി വേണ്ട മോനേ, കൈമുറിയും' - രാജപ്പന്‍ ചിരിച്ചുകൊണ്ട് കത്രിക വാങ്ങി കിറ്റില്‍ തിരികെ നിക്ഷേപിച്ചു.

'ഒഞ്ഞൂറ്റെ പറഞ്ഞേ ... കാച്ചൂഛുജുഛൂ' - കുഞ്ഞ് ആരോണ്‍ ശ്രമം തുടര്‍ന്നു.. അവന്റെ കണ്ണുകള്‍ ലോനപ്പന്റെ ചുണ്ടുകളുടെ ചലനങ്ങള്‍ സൂക്ഷ്മമായി ഒപ്പിയെടുക്കുവാനെന്നപോലെ വിടര്‍ന്നു. കൊച്ചിന്റെ പങ്കപ്പാട് കണ്ട് സ്റ്റെല്ലക്ക് ചിരിപൊട്ടി.

'ഈ അപ്പച്ചന്റെ ഒരു കാര്യം. ഇന്നിനി ചെറുക്കന്‍ എനിക്ക് ചെവിതല തരില്ല'.

'ഈ ശബ്ദോക്കെ പിടിച്ചെടുക്കാനും പകര്‍ത്താനും കൂടെ കഴിയൂല്ലെങ്കിപിന്ന അപ്പച്ചനുണ്ടോടീ സ്റ്റെല്ലകൊച്ചേ.. നീയൊന്നോര്‍ത്തുനോക്ക്യേ ! അതുങ്കൂടെ തീര്‍ന്നാ പിന്നെ ഈ കുരുടന്‍..'

'മതിയപ്പോ.. ഞാന്‍ വെറുക്കനെ പറഞ്ഞതാ. ഇനി അതേപിടിച്ച് കേറി ഇന്നത്തെ ദെവസം കൊളോക്കണ്ട'. 'രാജപ്പന്‍ ചേട്ടന്‍ ചായകുടിച്ചിട്ടേ പോകാവൂട്ടാ'

'അവന്‍ ചായകുടിച്ചിട്ടേ പൂവൂ.. നീ അങ്ങനെ വിഷയം മാറ്റണ്ടടീ കാന്താരീ.. അല്ലേലും വിഷയം മാറ്റാന്‍ ഇവള്‍ മിടുക്കിയാട്ടാടാ ജപ്പാ..' പെട്ടന്ന് അബദ്ധം പറ്റിയ പോലെ ലോനപ്പന്‍ വായപൊത്തി. സ്റ്റെല്ലയും വായപൊത്തി ചിരിച്ചുകൊണ്ട് അകത്തേക്ക് വലിഞ്ഞു. ഒന്ന് പതറിയെങ്കിലും രാജപ്പന്‍ ചിരിച്ചു കൊണ്ട് സമനില വീണ്ടെടുത്തു.

നാട്ടില്‍ രാജപ്പന്റെ ഇരട്ടപ്പേരായിരുന്നു ആര്‍..ജപ്പാന്‍. രാജപ്പന്‍ എന്ന പേരിന് നാട്ടിലെ പിള്ളേര് സെറ്റ് വരുത്തിയ പരിഷ്കാരമാണ് ആര്‍..ജപ്പാന്‍! ജപ്പാന്‍ വസ്തുക്കളോട് രാജപ്പന് വല്ലാത്ത ഭ്രമമായിരുന്നു. കടയിലേക്ക് ആവശ്യമായ കത്രിക, സോപ്പ്, ചീപ്പ്, കണ്ണാടി എന്ന് വേണ്ട ഷേവിങ് കാരം വരെ ജപ്പാന്റെ ഐറ്റം കിട്ടുമോ എന്നായിരിക്കും രാജപ്പന്‍ ആദ്യം അന്വേഷിക്കുക. അത് ശീലമായിപ്പോയി! അങ്ങിനെ രാജപ്പന്‍ ആദ്യം ജപ്പാന്‍ രാജപ്പനായി. പിന്നീട് ആ കളിയാക്കല്‍ ലോപിച്ച് പേരിന്റെ ഇംഗ്ലീഷ് രൂപത്തിനിടയില്‍ രണ്ട് നുറുങ്ങുകുത്തുകളായി പല്ലിളിച്ചപ്പോള്‍ രാജപ്പന്‍ എന്ന ജപ്പാന്‍രാജപ്പന്‍ ആര്‍..ജപ്പാനായി! കേള്‍ക്കെ ആരും വിളിക്കാറില്ലായിരുന്നെങ്കിലും തനിക്ക് അങ്ങിനെ ഒരു ഇരട്ടപ്പേരുണ്ടെന്നത് രാജപ്പന് അറിയാമായിരുന്നു.

'ങാ, നിങ്ങേം വിളിച്ചോ.. നിങ്ങക്കെന്തിനാ മനുഷ്യനേ കണ്ണ്! അതില്ലാഞ്ഞിട്ട് തന്നെ നിങ്ങള് എല്ലാം കൃത്യമായിട്ട് അറിയണ്‌ണ്ടല്ലോ?' ലോനപ്പന്റെ മുടിയിലേക്ക് വെള്ളം സ്പ്രേ ചെയ്തുകൊണ്ട് രാജപ്പന്‍ പറഞ്ഞു. മകന്റെ പ്രായമേ ഉള്ളൂ എങ്കിലും ലോനപ്പനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അയാള്‍ക്ക് ഉണ്ടായിരുന്നു. ലോനപ്പന്റെ ഇരുട്ടുമൂടിയ ലോകത്തിലേക്ക് വീടിന് വെളിയില്‍ നിന്നും എല്ലാ മാസവും കൃത്യമായി കടന്നുവരുന്ന മനുഷ്യജീവിയായിരുന്നു അയാള്‍.

'എന്തെല്ലാം കാഴ്ചകള്‍ കണ്ടതാടോ രാജപ്പാ... എന്തെല്ലാം കാട്ടിക്കൂട്ടിയിരിക്കുന്നു. ഇതിപ്പോ.. ഹാ പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് എങ്ങും തങ്ങില്ലാല്ലോ' ലോനപ്പന്‍ നെടുവീര്‍പ്പിടുമ്പോള്‍ അയാളുടെ നീണ്ടു വളര്‍ന്ന വെള്ള മുടിയിഴകള്‍ വെട്ടിമാറ്റുന്ന തിരക്കിലായിരുന്നു രാജപ്പന്‍.

'കുറേയൊക്കെ ഞാനും കേട്ടിട്ടുണ്ടേ.. പണ്ട് നിങ്ങ ഇന്ദിരാഗാന്ധീനെ കുപ്പീലെറക്കേ കതേക്ക ഇപ്പളും അമ്മ എടക്ക് പറയാറ്ണ്ട്'

'അതെന്തോന്ന്! ഇന്ദിരാഗാന്ധീനേ കുപ്പീലെറക്കീന്നോ? ചുമ്മാ പുളുവായിരിക്കും രാജപ്പേട്ടാ.. ഈ അപ്പച്ചന്‍ പുളുവടിയുടെ ഉസ്താദാ' - ചായയും ബിസ്കറ്റുമായി വന്ന സ്റ്റെല്ല ലോനപ്പനെ പ്രകോപിപ്പിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. വേണ്ട വേണ്ട എന്ന അര്‍ത്ഥത്തില്‍ രാജപ്പന്‍ കൈയാഗ്യം കാണിക്കുന്നത് കണ്ട് അവള്‍ ചിരിച്ചു.

'പുളു പറയുന്നത് നിന്റെ ഉണക്ക കെട്ടിയോനാടീ...'

'ദേ, എന്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ല്.. '

അവരുടെ സ്നേഹത്തിന്റെ ആഴം കണ്ട് രാജപ്പന്‍ പൊട്ടിച്ചിരിച്ചു.

അതൊരു കാലമായിരുന്നെടീ സ്റ്റെല്ലാ കൊച്ചേ. അന്ന് നമ്മട ഇബട മൊത്തം ഞങ്ങ കമ്മ്യൂണിസ്റ്റന്മാരായിരുന്നല്ല. എനിക്കൊക്കെ ചോര തെളച്ച് മറിയണ സമയം. ഇവന്റെ അമ്മ, നളിനിചോത്തീം ഒക്കെ അന്ന് വല്യ സഖാവാര്‍ന്ന്. എന്തോരം സമരങ്ങളാ ഞങ്ങളൊക്കേം കൂടെ നടത്ത്യേക്കണ്! ഇന്ദിരാഗാന്ധീനെ കുപ്പീലെറക്കീത് ഞാനും ആട് വറീതും കൂടേണ്. ഇന്ദിരാഗാന്ധീന്റെ ഒപ്പം കോയിന്ദന്‍ പോലീസിനേം ഞങ്ങ അന്ന് കുപ്പീലാക്കി. അന്ന് ഞാന്‍ പോട്ടോം പിടുത്തോം സ്റ്റുഡിയോം ഒക്കേയിട്ട് നടക്കണ കാലം. നെനക്കറിയോടാ രാജപ്പാ.. നമ്മടെ കരേലേ ഏറ്റം പേരുകേട്ട സ്റ്റുഡിയോ ആരുന്ന് എന്റെ ലെന്‍സ് സ്റ്റുഡിയോ. അട്യേന്തരാസ്ഥക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള ഷെല്‍ട്ടറാക്കീന്ന് പറഞ്ഞ് കോയിന്ദന്‍ പോലീസ് ആണ് ആദ്യം അത് തല്ലിപ്പൊളിച്ചത്. എന്നിട്ടും ഞാനാ വണ്ടി ഒരു വിധം ഓടിച്ചുകൊണ്ടിരുന്നതാണേ.. പക്ഷേങ്കി അപ്പഴക്കോല്ലേ മുടിയാനായിട്ട് എന്റെ കണ്ണിന്റെ ലെന്‍സ് അടിച്ചുപോയത്. അന്നേരം ഞാന്‍ ദേ ഇവളുടെ കെട്ടിയവന്‍ കൊണാരനോട് ആവത് പറഞ്ഞതാ അത് നടത്തിക്കൊണ്ടോവാന്‍. അപ്പള് അവനെകൊണ്ടാവൂല്ലാന്ന്! അവന് പത്രത്തിന്റെ പോട്ടക്കാരനായാ മതീന്ന്.

'പിന്നേ.. കണ്ട ഷാപ്പിലൊക്കെ നെരങ്ങി ഒള്ള വെഷക്കള്ളൊക്കെ വലിച്ച് കേറ്റി കണ്ണ് കളഞ്ഞേച്ച് എന്റെ കെട്ടിയോനെ കൊണാരാന്നൊക്കെ വിളിച്ചാലണ്ടല്ല... അങ്ങേരട അപ്പനാനൊന്നും ഞാന്‍ നോക്കൂല്ലാട്ടാ ..' അപ്പച്ചന്റെ വായിലേക്ക് ആരോറൂട്ടിന്റെ പീസ് വെച്ച് വായ ചേര്‍ത്ത് അടച്ചുകൊണ്ട് സ്റ്റെല്ല ചിരിച്ചു.

'ഉവ്വാടീ, വെഷക്കള്ള് കുടിച്ചിട്ട് തന്നാ എന്റെ കണ്ണ് അടിച്ച് പോയത്. അതിന് കിട്ടിയ ഒരു ലക്ഷം നഷ്ടപരിഹാരോം കൊണ്ടാ നിന്റെ ആ കൊണാരന്‍ പത്രത്തില് സെക്യൂരിറ്റി കെട്ട്യേത്. ഹാ എന്നെക്കൊണ്ട് കൂടുതല് പറയിക്കല്ലേ. എന്നിട്ട് ഇപ്പ അവള്‍ക്ക് കൊണാരാന്ന് വിളിച്ചത് പിടിച്ചില്ല. ഞാനിനീം വിളിക്കും . കൊണാരന്‍.. കൊണാരന്‍.. കൊണാരന്‍..'

'ആരാ അമ്മച്ചീ കോണാന്‍...' ആരോണ്‍ ചോദിച്ചത് കേട്ട് മൂന്ന് പേരും ഉറക്കെ ചിരിച്ചു.

'അല്ല.. അപ്പച്ചാ, കുടീം വലീം ഒന്നുമില്ലായിരുന്ന ആളാര്‍ന്ന് അപ്പച്ചനെന്ന് പുന്നാരമോന്‍ എപ്പളും പറയാറ്ണ്ട്. പിന്നെന്തൂട്ടിന്റെ കേടായിട്ടാ അന്ന് വെഷക്കള്ള് വലിച്ച് കേറ്റിയത്. '

'ഹാ, അത് പറയാടീ കൊച്ചേ... ' 'എടാ രാജപ്പാ. നീയ്യീ താടി കൂടെ വെട്ടിയേക്ക്. കാലം കൊറേയായി അത് ഇങ്ങനെ വളര്‍ന്ന് നിക്കണത്. ചൊറിച്ചില്‍ തൊടങ്ങി.' നീണ്ടുവളര്‍ന്ന താടിരോമങ്ങളില്‍ വിരലോടിച്ച് കൊണ്ട് ലോനപ്പന്‍ കഥ തുടര്‍ന്നു. ആരോണിനെ എടുത്ത് മടിയിലിരുത്തി സ്റ്റെല്ലയും കഥ കേള്‍ക്കാന്‍ തയ്യാറായി.

ലോനപ്പന്‍ നടുക്കമുണ്ടാക്കുന്ന ഗതകാല സ്മരണകളിലൂടെ ഒരിക്കല്‍ കൂടെ പ്രദക്ഷിണം വെച്ചു. അയാളുടെ ഓര്‍മകളില്‍ ദില്ലിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന്റെയും ജുമാ മസ്ജിദിന്റെയും പരിസരങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന ഭീതി നിറഞ്ഞ നിലവിളികള്‍ നിറഞ്ഞു. പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ സ്ത്രീകളടക്കമുള്ള സഖാക്കള്‍ ക്രൂരമായ പീഡനത്തിന്റെ ദുരിതമനുഭവിച്ചു. നഖങ്ങള്‍ക്കിടയിലേക്ക് മൊട്ടുസൂചി തുളച്ച് കയറുമ്പോള്‍ വേദനകൊണ്ട് നിലവിളിക്കുന്നവരുടെ വായിലേക്ക് അടിവസ്ത്രം കുത്തിത്തിരുകുന്ന പോലീസ് പട്ടികളുടെ രൂപം മനസ്സില്‍ വന്നപ്പോള്‍ അയാള്‍ ഒരിക്കല്‍ കൂടെ പഴയ സഖാവായി.

"ഇന്‍‌ക്വിലാബ് സിന്ദാബാദ് "

പോലീസുകാര്‍ തല്ലിത്തകര്‍ത്ത ഇടത് കൈ ഉയര്‍ത്തുവാന്‍ ശ്രമപ്പെട്ട് , അതില്‍ പരാജയമടഞ്ഞ് കസേരയില്‍ ഇരുന്നുകൊണ്ട് തന്നെ അയാള്‍ ഉറക്കെ വിളിച്ചു. അയാളുടെ സ്വരത്തിലെ ദാര്‍ഷ്ട്യവും ഗാംഭീര്യവും തിരിച്ചറിഞ്ഞ സ്റ്റെല്ലയും രാജപ്പനും ആവേശം കൊണ്ടു. വീണ്ടും എന്തോ പറയാനുള്ള ആവേശത്തള്ളിച്ചയില്‍ ലോനപ്പന് ശ്വാസം മുട്ടി. അയാള്‍ക്ക് ചുമ വന്നു. ചിരട്ടയില്‍ കൂടം കൊണ്ട് അടിക്കും പോലൊരു സ്വരം! അയാള്‍ കിതച്ചു. ചുമച്ചപ്പോള്‍ കട്ടകഫം താടിയിലൂടെ ഒലിച്ചിറങ്ങി. പുറം ഉഴിഞ്ഞുകൊണ്ട് രാജപ്പനും പുറത്തേക്ക് വന്ന കഫം തുടച്ചുകൊണ്ടും തുറന്ന വായിലേക്ക് അല്പാല്പം വെള്ളം ഒഴിച്ചുകൊണ്ടും സ്റ്റെല്ലയും പെട്ടന്ന് തന്നെ കര്‍മ്മനിരതരായി. ഭയന്നുപോയ ആരോണ്‍ കരഞ്ഞുകൊണ്ട് അമ്മയുടെ നൈറ്റിക്ക് പിന്നിലൊളിച്ചു.

ഒന്നുമില്ലടാ കുട്ടാ.. അങ്ങിനെ പെട്ടന്നൊന്നും അപ്പപ്പാന്‍ കാഞ്ഞുപോവൂല്ലാട്ടാ” കൊച്ചുമകനെ അണച്ചുപിടിച്ചുകൊണ്ട് ലോനപ്പന്‍ പറഞ്ഞു.

കുറച്ചുനേരം ഒന്ന് മിണ്ടാണ്ടിരിയെന്റെ അപ്പാ.. മനുഷ്യമ്മാരെ തീതീറ്റിച്ച് കളഞ്ഞ്”

, എരണംകെട്ടവളെ.. നീയെങ്ങിനെ എന്റെ മരുമോളായെടീ. ആനിതള്ളയുണ്ടായിരുന്നേല്‍ ഇപ്പ നിന്റെ ചെള്ളയടിച്ച് പൊളിച്ചേനേ.. “ ലോനപ്പന് ചിരിവന്നു. “അല്ല, അവളും ആദ്യം നിന്നെപ്പോലെ ഒരു പേടിക്കൊടില ആയിരുന്നൂട്ടാ. എന്നെ ആദ്യം കോയിന്ദന്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടോയപ്പ അവള് വലിയ വായില്‍ കരഞ്ഞുവിളിച്ചാര്‍ന്ന്. അന്ന് ന്റെ തള്ള കരക്കാരി മേറുമ്മ അവളുടെ ചെപ്പാങ്കുറ്റി നോക്കി ഒരു പെടയങ്ങ് പെടച്ച്! കേട്ടോടാ രാജപ്പ.. നെന്റെ അമ്മ നളിനിച്ചോത്തി പാര്‍ട്ടി പ്രവര്‍ത്തനം തൊടങ്ങ്യേപ്പിന്നെ ഹെന്റെ ശിവനേന്ന് വിളിച്ചത് അന്നാര്‍ന്ന്!! ഞാമ്പോലുമറിയാണ്ട് എന്റെ ഉള്ളീന്ന് അങ്ങന ഒരു വിളി വന്നൊപോയെന്റെ ലോനപ്പേട്ടാന്നാ ജയിലീന്ന് വന്നപ്പ സഖാവ് എന്നോട് പറഞ്ഞത്”. ലോനപ്പന്റെ ചിരിയില്‍ രാജപ്പനും സ്റ്റെല്ലയും പങ്കാളികളായി.

അതോണ്ടെന്തുണ്ടായീ.. ? പിന്നെ ന്റെ കണ്ണിന്റെ പീസ് അടിച്ചുപോയിട്ടും ന്റെ ആനികൊച്ച് ഒരു തുള്ളി കണ്ണീരൊഴുക്കേട്ടില്ല. അന്നത്തെ അടിക്ക് കണ്ണീന്ന് ഒരു പൊന്നീച്ച പറന്നുപോയതാണെന്റെ പൊന്നേ... ഇനി പറക്കാനക്കൊണ്ട് ഒരു ഈച്ചേം പൂച്ചേം ഇല്ലേന്നാ അവള് പറഞ്ഞത്. പാവം.. എങ്ങനെ കരയാനാ.. അതിനുംവേണ്ടും കൊറേയനുഭവിച്ചില്ലേ.. അല്ല, അനുഭവിപ്പിച്ചില്ലേ പന്നനായിന്റെ മക്കള്.. “ ലോനപ്പന്റെ മുഖം വീണ്ടും വലിഞ്ഞുമുറുകുന്നത് കണ്ട് സ്റ്റെല്ല ഭയന്നു. വീണ്ടും സംസാരിക്കുന്നതില്‍ നിന്നും ലോനപ്പനെ പിന്തിരിപ്പിക്കുവാനുള്ള സ്റ്റെല്ലയുടെ ശ്രമത്തെ രാജപ്പന്‍ ആംഗ്യത്തിലൂടെ വിലക്കി.

നിങ്ങക്കറിയോ കുട്ട്യോളേ.. ഞങ്ങ ഇബട രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളൊന്നും നടത്തീര്‍ന്നില്ല. നമ്മട മണ്ണീന്ന് പ്രമാണിത്തങ്ങളെ തൊടച്ച് നീക്കാനാര്‍ന്ന് ഞങ്ങ ശ്രമിച്ചത്. അതിന് നമ്മട സഖാക്കന്മാര് എന്തൊക്കെ അനുഭവിച്ചേക്കണ്. .കെ.ജീനേം ഈയെമിനേക്ക അവര് ദ്രോഹിച്ചേന് കണക്ക്ണ്ടാ... അവരൊക്ക ആണുങ്ങളാര്‍ന്നൂന്ന് വെക്കാ.. നമ്മട സഖാവ് ഗൌരിന എന്തൊക്ക അതിക്രമം കാട്ട്യേക്കണ്. ഇതൊക്കെ പോട്ട ആ ഈച്ചരവാര്യര് മാഷിന്റ സ്ഥിതിയെന്താര്‍ന്ന്.. പഠിക്കാമ്പോയ മോന പോലീസ് കൊണ്ടോയീന്നറിയുമ്പ .. അല്ല കൊണ്ടോയാ കൊണ്ടോയില്ലേ... ഒന്നോറിയാത്ത സ്ഥിതി!! നാറികള്‍.. അവരടെ പൂഞ്ഞാറ്റിലെ അട്യേന്തരാസ്ഥ. ജയിലീന്നെറങ്ങേപ്പ ആദ്യം തോന്ന്യേത് ഇന്ദിരാനേ കൊന്ന് കളയണോന്നാ. ആ കലിപ്പിനാ ഞാനും ആട് വറീതും കൂട അവര അങ്ങട് കുപ്പീലെറക്കേത്. വറീത് അതിന് മുന്‍പൊരിക്കല് മൂപ്പത്ത്യാര്ട അച്ഛന്‍ നെഹ്രൂനേം ഇത് പോലെ കുപ്പീലെറക്കേട്ട്ണ്ടാര്‍ന്ന്.. സാതന്ത്ര്യം കിട്ട്യേ അന്ന്!! ജിന്നക്ക് പാക്കിസ്ഥാനും നെഹ്രൂന്ന് ഹിന്ദുസ്ഥാനും വീതം വെച്ച് കിട്ട്യേ അന്നേ..!!! ജിന്നനേം കൂട്ടരേം സൊകപിച്ച് കുപ്പീക്കേറ്റി അധികാരം പിടിച്ചെടുത്ത്ന്ന് സിമ്പോളിക്കാക്കി ചെയ്തതാന്നാ വറീത് പറയാറ്. അവന്‍ ഈ തെരുവ് നാടകങ്ങള്ട ആളാര്‍ന്നോണ്ട് സിമ്പോളിക്കായിട്ടേ എന്തും ചെയ്യോര്‍ന്ന്‌ള്ള്... “ ലോനപ്പന്‍ ഭൂതകാലത്ത് നിന്നും ചിരിച്ചു കൊണ്ട് വര്‍ത്തമാനത്തിലേക്ക് തിരിച്ചു വന്നു.

അപ്പന കുപ്പീലെറക്കാങ്കീ മോള അതിലും ഈസിയായി എറക്കാടാ ലോനാന്ന് പറഞ്ഞാ ആട് വറീത് എന്നെ വിളിച്ചത്. അന്ന് ആള് കൂടാമ്പാടില്ലാന്നൊക്കെ നിയമോള്ള സമയാ. എന്നിട്ടും വെളിമൈതാനത്ത് ഞങ്ങള് ആളോളെ കൂട്ടി. ആട് വറീത് ഒരു കാര്‍ബോര്‍ഡ് കഷണത്തില് ഒരു പെണ്‍കൊച്ചിന്റ രൂപം ഉണ്ടാക്കി. അതില് ഇന്ദിരാന്ന് ചൊവന്ന മഷ്യോണ്ട് എഴുതി. എന്നിട്ട് അതിന്റ കഴിത്തില് ഒരു നൂല് കൊണ്ട് കുടുക്കിട്ട്. എന്നിട്ട് അതിന നാട്ടുകാരുടെ മുന്‍പില്‍ വെച്ച് ആ കുപ്പീലോട്ട് നൂലേപിടിച്ച് എറക്കിവിട്ട്. കുപ്പീട വായ കോര്‍ക്കിട്ട് അടച്ച് സീലും വെച്ച്...

ചാവട്ടങ്ങന ചാവട്ടെ.. കുപ്പീകെടന്ന് ചാവട്ടെ.. ശ്വാസമ്മുട്ടി ചാവട്ടെ.. “ ആട് വറീത് ഈണത്തില്‍ പാടിയത് ഞങ്ങേക്ക ആവേശത്തോടെ അങ്ങട് ഏറ്റ് പാടി. അപ്പളേക്കും കോയിന്ദന്‍ പോലീസും കൂട്ടരും വന്ന്. ആളോള് പലരും അതോടെ ഓടികളഞ്ഞ്. കോയിന്ദന്‍ പോലീസ് ആടിന വണ്ടീലോട്ട് തൂക്കിയെറിഞ്ഞ്. അപ്പ എനിക്ക് സഹിച്ചില്ല. എന്നാ പിന്ന താനും കേറടോ പീറേ കുപ്പീലെന്ന് പറഞ്ഞ് ഞാനൊരു കീറ കടലാസെടുത്ത് അങ്ങേരേം കേറ്റി കുപ്പീല്. അപ്പളാ അയാള് ബൂട്ട്സിട്ട കാലോണ്ട് ന്റെ നെഞ്ചത്തേക്ക് ചവിട്ട്യേത്. എന്നിട്ട് ന്നേം വലിച്ച് വണ്ടീലോട്ടിട്ടു. പിന്ന സ്റ്റേഷനില് കൊണ്ടോയാരുന്നു ബാക്കി ദണ്ഢനം. എന്നിട്ടും ആ പന്നന്റ കലിപ്പ് തീര്‍ന്നില്ല. തീരാത്ത കലിപ്പ് അവന്‍ തീര്‍ത്തത് ന്റ ആനികൊച്ചിലായിരുന്നു.... അവളെയവനും കൂട്ടരും കൂട പിച്ചിചീന്തി. സ്റ്റേഷന് പന്നിപ്പടക്കമെറിഞ്ഞാ സഖാക്കന്മാര്‍ ന്നേം ആടിനേം അവിടന്ന് കൊണ്ടോന്നത്. ഞാന്‍ വരുമ്പ കാണണ കാഴ്ച!! തൊടേക്കൂടൊക്കെ ചോരയൊലിച്ച്.. ന്റ ആനിക്കൊച്ച് … നളിനിചോത്തി ങ്ങന പൊത്തിപ്പൊടിച്ചായ്ക്കേര്‍ന്ന്.. ലോനപ്പന്റെ കണ്ണുകള്‍ സജലങ്ങളാവുന്നത് സ്റ്റൈല്ലയും രാജപ്പനും അറിഞ്ഞു.

ഒരു മിന്നായം പോലേ ഞാന്‍ അത് കണ്ടോള്ളൂട്ടാ. സഹിക്കൂല്ലാര്‍ന്ന് പിള്ളാരേ.. എനിക്കാരേം കാണേണ്ടെന്റെ കര്‍ത്താവേ.. നിക്കൊന്ന് ചത്താമത്യേ ന്ന് പറഞ്ഞ് ന്റെ ആനിക്കൊച്ച് ന്നെ അവടേക്ക് കടക്കാന്‍ സമ്മതിച്ചൂല്ലാ... ലോനപ്പന്റെ ചുണ്ടുകള്‍ അത് പറയുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു. അപ്പാപ്പന്റെ വിഷമം കണ്ടിട്ടാവാം കൊച്ച് ആരോണിന്റെ മുഖത്തും വല്ലാത്ത വിമ്മിഷ്ടം.

നെന്റെ കര്‍ത്താവിന് കുരിശേക്കെടന്ന് ന്തൂട്ട് കോപ്പ് ചെയ്യാമ്പറ്റും. ചെയ്യണ്ടതെന്താന്ന് ഞങ്ങക്കറിയാല്ലേടാന്ന് പറഞ്ഞ് മറ്റു സഖാക്കമ്മാരേം കൂട്ടി ഒരു കൊടുങ്കാറ്റുപോലെ എറങ്ങിപ്പോണ ആട് വറീതിന നോക്കി സ്തംഭിച്ചു നില്‍ക്കാനേ നിക്ക് കഴിഞ്ഞൂള്ളൂ.. പിന്ന കോയിന്ദന്‍ പോലീസിന്റ വീട്ടില് നാടന്‍ ബോംബെറിഞ്ഞ് അങ്ങേര്ട വയറും പൂളേട്ടാ ആട് വറീത് അന്ന് ഒളിവീ പോയത്.... വറീതേട്ടനെ പോലെ പെട്ടന്ന് തീരുമാനങ്ങളെടുക്കാനും അത് നടപ്പില്ലാക്കാനും കഴിയുന്ന മറ്റു സഖാക്കന്മാര്‍ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നത് ഇന്നും എതിരാളികള്‍ പോലും ആദരവോടെ അംഗീകരിക്കാറുണ്ടെന്നത് രാജപ്പന്‍ ഓര്‍ത്തു.

അന്ന് മൊതല് പതിനാറ് ദെവസം ഞാറക്കലില ഒരു പൊളിഞ്ഞ കെട്ടിടത്തില് അവന് കൂട്ടിരുന്നത് ഞാന്‍. ന്റെ ആനിക്ക് കൂട്ട് ഇവന്റ അമ്മേം കൊല്ലത്തി സുമതീം. അങ്ങന വെറുതെ തിന്നും തൂറീം കൂട്ടിരിക്കണ സമയത്ത് ന്റ ആനിക്കൊച്ചിന്റ ചോരയൊലിക്കണ ശരീരം എടക്കെടക്കിങ്ങന കണ്മുമ്പീ തെളിയും.. സഹിക്കാമ്പറ്റൂല്ലാര്‍ന്നേ... അപ്പ അതൊക്ക മറന്ന് ബോധം കെട്ട് ഒറങ്ങാനായിട്ടാര്‍ന്നെടീ സ്റ്റെല്ലക്കൊച്ചേ ഞാന്‍ ആദ്യായിട്ട് കുടിച്ചത്!! ഞങ്ങക്കുള്ള ആഹാരം കൊണ്ടോന്നിരുന്നത് സഖാവ് ബ്രോഷ്‌ചെവ് ആയിരുന്നു. നെനക്കറിയൂല്ലേടാ രാജപ്പാ, ..നിന്റ കൂട്ടുകാരന്‍ ഫിഡലിന്റ തന്തപ്പടിയാ ഈ ചെത്തുകാരന്‍ ബ്രോഷ്‌ചെവ്. അവന്‍ ചെത്തുംക്കഴിഞ്ഞ് വരും വഴിയാര്‍ന്ന് ആഹാരം കൊണ്ടോന്നിരുന്നത്. ഒപ്പം വറീതിനായിട്ട് അല്പം കള്ളും. പിന്ന പിന്ന അത് എനിക്കും കൂടായിട്ടായി. അങ്ങന തൊടങ്ങി.. ഒടുക്കമത് മുടിയാനായിട്ട് മദ്യദുരന്തത്തീ ചെന്ന് പെട്ട്..

എന്നിട്ടിപ്പള് എന്തായെന്റെ ലോനപ്പേട്ടാ. കുടിച്ച് കണ്ണുകളഞ്ഞ നിങ്ങള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള് നടത്തിയെന്ന പേരില് വാര്‍ഡ് കമ്മറ്റീലോട്ട് തരം താഴ്തീല്ലേ.. അന്ന് പാര്‍ട്ടി വിട്ടതാ ന്റ അമ്മ. ഇപ്പ പാ‍വം അമ്പലങ്ങളില് ഭജന പാടി പാടി വല്യ ഭക്തയായിപ്പോയി!! രാജപ്പന്റെ വാക്കുകളില്‍ നിന്നും പരിഹാസത്തിന്റെ തീതുപ്പുന്നത് ലോനപ്പന്‍ അറിഞ്ഞു.

ഹും. ശര്യാടാ.. ല്ലാത്തിലും കാരണം ആ ഇന്ദിരയാ.. അവര്ട കോഗ്രസ്സാ.. അവര്ട ഒടുക്കത്ത അട്യേന്തരാവസ്ഥയാ.. “

അട്യേന്തരാസ്ഥ തൊലയട്ടെ. ഇന്ദിരാകോഗ്രസ്സ് തൊലയട്ടെ. ഇന്‍‌ക്വിലാബ് സിന്ദാബാദ്...“

ചാവട്ടങ്ങന ചാവട്ടെ.. കുപ്പീകെടന്ന് ചാവട്ടെ.. ശ്വാസമ്മുട്ടി ചാവട്ടെ.. “

ലോനപ്പന്റെ മുദ്രാവാക്യം വിളി കേട്ട് രാജപ്പന് ചിരിവന്നു. ഉള്ളിലുള്ള അമര്‍ഷം പുറത്ത് കാട്ടാനാവാതെ രാജപ്പന്‍ കൊച്ച് ആരോണിന്റെ കൈപ്പിടിച്ച് ആ മുദ്രാവാക്യം അനുകരിച്ചു.

ചാവട്ടങ്ങന ചാവട്ടെ.. കുപ്പീകെടന്ന് ചാവട്ടെ.. ശ്വാസമ്മുട്ടി ചാവട്ടെ.. “

30 comments:

Manoraj പറഞ്ഞു... മറുപടി

കാലത്തിന് മുന്‍പില്‍ എന്നും പരിഹാസപാത്രങ്ങളായി നില്‍ക്കുന്ന മദ്യദുരന്തത്തിന്റെ ഇരകള്‍ക്ക്.. അവരില്‍ ചിലരില്‍ നിന്നും കിട്ടിയ വിവരങ്ങളെ ഭാവനയില്‍ രൂപം കൊടുത്ത ചില കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍.. കാലം സാക്ഷി.. ലോനപ്പനും..

ആമി അലവി പറഞ്ഞു... മറുപടി

ലോനപ്പന്റെ കഥ നന്നായി മനോ . തുടക്കം മുതല്‍ ഒടുക്കം വരെ തട്ടും തടവും ഇല്ലാതെ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞു . അടിയന്തരാവസ്ഥക്കാലത്ത് എങ്ങിനെ എത്രയോ പേരുടെ ജീവനും ജീവിതവും പോലീസുകാര്‍ ചവുട്ടി എരിയിച്ചു കളഞ്ഞിടുണ്ടാവും . എന്നും മദ്യ ദുരന്തത്തിന്റെ ഇരകളോട് ഒരുതരം ദേഷ്യമാണ് തോന്നിയിടുള്ളത് . കയ്യിലെ കാശുകൊടുത്തു വിഷംവാങ്ങി കുടിച്ചിട്ടല്ലേ എന്നൊരു ന്യായീകരണം മനസ്സില്‍ പതിഞ്ഞത് കൊണ്ടാവാം . കിട്ടുന്ന കാശുമുഴുവന്‍ അരപട്ടിണിയും മുഴുപ്പട്ടിണിയുമായ കുടുംബത്തെ ഗൌനിക്കാതെ മദ്യത്തിന് വേണ്ടി ഒഴുക്കി കളയുന്ന കുടിയന്‍മാര്‍ക്ക് അപവാദമായി ലോനപ്പന്റെ കഥ . കഥ ഏറെ വലിച്ചു നീട്ടാതെ ഒതുക്കി അവതരിപ്പിച്ച കയ്യടക്കത്തിന് അഭിനന്ദങ്ങള്‍ . കൂടെ നല്ലൊരു വായന സമ്മാനിച്ചതിനു നന്ദിയും .

ajith പറഞ്ഞു... മറുപടി

.........ഹെന്റെ ശിവനേ

Pradeep Kumar പറഞ്ഞു... മറുപടി

ഇതൊരു രാഷ്ട്രീയ കഥയായി വായിച്ചുപോവുന്നു. പരീകഷണങ്ങളുടെ കാലത്ത് എല്ലാം നഷ്ടപ്പെടുത്തി കൂടെനിന്ന പലരേയും നല്ലകാലം വന്നപ്പോള്‍ നിസ്സാരമായ വ്യക്തിദൂഷ്യം പോലുള്ള കുറ്റങ്ങള്‍ ആരോപിച്ച് ആട്ടിയോടിച്ച ഒരു പ്രസ്ഥാനത്തിന്റെ കഥ. കോര്‍പ്പറേറ്റുകളോടും, ധനികരോടും കോംമ്പ്രമൈസ് ചെയ്ത് അവര്‍ക്കുവേണ്ടി നിലനില്‍ക്കാന്‍ തുടങ്ങിയതോടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നെത്തി ചോരയും ഉയിരും നല്‍കി ഈ പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത മനുഷ്യരെ അകറ്റിനിര്‍ത്തുക എന്നത് അജണ്ടയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ കഥ......

കഥ വായിച്ചിട്ട് കഥക്കുള്ളിലെ കഥയെക്കുറിച്ചും, നേരിട്ട് പരാമര്‍ശിക്കാത്ത കാര്യങ്ങലെക്കുറിച്ചും വായനക്കരാന്‍ ചിന്തിച്ചുപോവുന്നത് കഥയുടെ ഗുണപരമായ വശമാണ്...ഏകാഗ്രത നഷ്ടപ്പെടാതെ പറഞ്ഞ കഥയിലെ സംഭാഷണങ്ങളുടെ ദൈര്‍ഘ്യം അല്‍പ്പമൊന്നു കുറക്കാമായിരുന്നു എന്നും തോന്നി.....

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

ലോനപ്പനെന്ന കഥാപാത്രത്തെ അടുത്തറിയുകയായിരുന്നു..
ഇന്നത്തെ ചുറ്റുപാടിലും കഴിഞ്ഞ കാലത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും ബന്ധവും കഥയിലുടനീളം സമ്മേളിപ്പിച്ചിരിക്കുന്നു..തുറന്നുപറച്ചിലുകളായും അവ ലോനപ്പനിലൂടെ വെളിപ്പെടുകയാണു..
കഥാപാത്രങ്ങളെല്ലാം തന്നെ തുറന്നു ശബ്ദിക്കുന്നവരാണു..
നിയ്ക്കു തോന്നുന്നു കഥയെ നയിക്കുന്നത്‌ സംഭാഷണങ്ങളാണെന്ന്..
കഥക്കും കഥാപാത്രങ്ങൾക്കും ജീവനുണ്ട്‌..ആശംസകൾ..!

Unknown പറഞ്ഞു... മറുപടി

കഥ നന്നായി മനോ,
ആശംസകൾ!

ശ്രീ പറഞ്ഞു... മറുപടി

കഥ നന്നായി, മാഷേ

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇപ്പോളോര്‍ക്കുന്ന കഴിഞ്ഞ ഘട്ടത്തിലെ കഥ, ഇപ്പോഴത്തെയും. മരിച്ചവരും, ജീവിക്കുന്നവരും, മരിച്ച് ജീവിക്കുന്നവരും. ലോനപ്പന്റെ കുടുംബവും ആ ചുറ്റുപാടും കൃത്യമായി മനസ്സിലൂടെ ഓരോ ഫ്രെയിമായി മറിഞ്ഞുകൊണ്ടിരുന്നു. നല്ല വായന.

Sarija NS പറഞ്ഞു... മറുപടി

പല മാനങ്ങളുള്ള ഒരു കഥ. ശൈലിയിൽ അടിമുടി മാറ്റം :)

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

നാട്ടു ഭാഷ വായനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? കഥ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പഴയ കുറേ മനുഷ്യരിലേക്കും .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നല്ല നാടൻ ഭാഷയിലൂടെ
ഫ്രേയ്മുകളീൽ നിന്നും ഭൂതകാലം
കൂട്ടി യോജിപ്പിച്ച് നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...

Echmukutty പറഞ്ഞു... മറുപടി

കഥ വളരെ നന്നായിട്ടുണ്ട്, മനു. തെരഞ്ഞെടുത്ത വിഷയം ... അവതരിപ്പിച്ച രീതി... എല്ലാം നന്നായി. അഭിനന്ദനങ്ങള്‍

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മദ്യ ദുരന്തത്തെപ്പറ്റി ഒരു വൈപ്പിന്‍ കരക്കാരന്‍ എഴുത്തുകാരന്‍ എഴുതാന്‍ എന്തേ താമസിച്ചു..?
കഥ നന്നായി

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

ജീവിക്കുന്ന കഥാപാത്രങ്ങള്‍ .

Junaiths പറഞ്ഞു... മറുപടി

കിടു ലോനപ്പൻ

ഉദയപ്രഭന്‍ പറഞ്ഞു... മറുപടി

കഥ കലക്കി കേട്ടോ.

ചിതല്‍/chithal പറഞ്ഞു... മറുപടി

അതു് നല്ല കഥയായി, മനോ.
അക്ഷരപ്പിശകുകൾ പരിഹരിക്കണേ

Blogimon (Irfan Erooth) പറഞ്ഞു... മറുപടി

കഥയടിപൊളി....!!!!

പിന്നെ ഞാന്‍ പുതിയൊരു പോസ്ടിട്ടിട്ടുണ്ട് എങ്ങനെയുണ്ടെന്നു നോക്കണം....

ഇരിപ്പിടം വാരിക പറഞ്ഞു... മറുപടി

ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി

പ്രിയ മനോരാജ് , കഥയെക്കുറിച്ച് ആധികാരികമായി പറവാന്‍ ആളല്ല. എന്നിരുന്നാലും കഥ വല്ലാതെ മനസ്സിനെ ചുഴിയുന്നു. ഒരു കാലത്ത് രക്തത്തില്‍ കലര്‍ന്നിരുന്ന ചുവപ്പിന് അടുത്തകാലത്തായി മങ്ങല്‍ ഏറ്റപോലുള്ള ചില അനുഭവങ്ങളില്‍ ഇതും ഒന്നായി കാണുമ്പോള്‍ ..! പിന്നെ, ഒരു ചെറിയ സംശയം അപ്പാപ്പന്റെ ചുമ കണ്ടു നൈറ്റിക്ക് പിന്നില്‍ മറഞ്ഞ കൊച്ചുമോനെ അപ്പാപ്പന്‍ ചേര്‍ത്ത് പിടിച്ചു സമാധാനിപ്പിക്കുന്നു എന്ന് കണ്ടു . അപ്പാപ്പന്‍ ലോനപ്പന്‍ പരിപൂര്‍ണ്ണ അന്ധനാണല്ലോ അല്ലേ ?

Unknown പറഞ്ഞു... മറുപടി

തെറ്റെന്ന് കാണുന്ന എന്തിനേയും ചങ്കൂറ്റത്തോടെ നേരിട്ടിരുന്ന യഥാർത്ഥ കമ്യൂണിസ്റ്റുകാരന്റെ നേർ ചിത്രം. ഇന്നത്തെ സമൂഹത്തിൽ ദൃശ്യമാകുന്ന ലോക്കൽ പാർട്ടിക്കാരനെ കൂടെ ചേർത്ത് വായിച്ചാലേ, ഈ പാർട്ടി വളർത്തിയെടുക്കാൻ പൂർവ്വസുരികൾ എത്രമാത്രം അദ്ധ്വാനിച്ചുവെന്ന് മനസ്സിലാകൂ..
നല്ല സുഖത്തിൽ വായിച്ച് പോകാൻ പറ്റുന്ന രീതിയിലുള്ള രചന. ആശംസകൾ..

Nisha പറഞ്ഞു... മറുപടി

ഇങ്ങനെ ഇത്രയാളുകളുടെ ചോരയും കാഴ്ചയും കുരുതി നല്‍കിയാണ്‌ ഇന്നില്‍ നാം എത്തി നില്‍ക്കുന്നത്... അവരുടെ നഷ്ടങ്ങള്‍ക്ക് കാലം മാത്രം സാക്ഷി!!!

Manoraj പറഞ്ഞു... മറുപടി

@അംജത് : വായനക്ക്.. അതിനേക്കാളേറെ ഗുരുതരമായ ഒരു തെറ്റിന്റെ ചൂണ്ടിക്കാട്ടലിന് നന്ദി. ഭയന്നുപോയ ആരോണ്‍ കരഞ്ഞുകൊണ്ട് അമ്മയുടെ നൈറ്റിക്ക് പിന്നിലൊളിച്ചു എന്ന് തിരുത്തിയിട്ടുണ്ട്.. :) ഇനിയിപ്പോള്‍ തിരുത്തുവാ‍നല്ലേ കഴിയൂ.. പക്ഷെ, ഈ സൂക്ഷ്മവായനകളും തുറന്നുപറച്ചിലുകളുമാണ് ഇഷ്ടം.. അതാണ് ആഗ്രഹവും.. ബ്ലോഗില്‍ ആവശ്യവും.. നന്ദി..

Manoraj പറഞ്ഞു... മറുപടി

@ആമി അലവി : സന്തോഷം ആമീ ആദ്യവരവിനും വായനക്കും അഭിപ്രായത്തിനും.

@ajith : ഹെന്റെ അജിത്തേ :)

@Pradeep Kumar : എഴുതി പോസ്റ്റ് ചെയ്ത കഥ വായനക്കാരന്റെയാണ്. അവനാണ് പിന്നീട് കഥയുടെ കാവലാള്‍. അതുകൊണ്ട് തന്നെ പ്രദീപിനെപ്പോലുള്ളവരുടെ സൂക്ഷ്മ വായനകളെ ഞാന്‍ ഏറെ ആസ്വദിക്കുന്നു. നന്ദി :)

@വര്‍ഷിണി* വിനോദിനി : അഭിപ്രായത്തിനും വ്യക്തതയുണ്ട്. ജീവനും :)

@dipin soman : നന്ദി

@ശ്രീ : കുറേ നാളുകള്‍ക്ക് ശേഷം ശ്രീയുടെ കമന്റ്. നന്ദി ശ്രീ.

@പട്ടേപ്പാടം റാംജി : ഫ്രെയിമുകള്‍ തന്നെ ജീവിതങ്ങള്‍.. അത് തന്നെ കഥകളും അല്ലേ റാംജി. നന്ദി.

@Sarija Sivakumar : കാലത്തിന്റെ മാറ്റം.. മാറ്റങ്ങള്‍ക്ക് കാലം സാക്ഷിയാവട്ടെ അല്ലേ സരിജ:)

@ഭാനു കളരിക്കല്‍ : കഥയുടെ ഭാഷയാണ് കഥയെ മികച്ചതാക്കിയതെന്ന് മറ്റു ചിലര്‍. ഓരോരുത്തരുടേയും വായന വ്യത്യസ്തം. ഇവിടെ എന്റെ നാടിന്റെ മാനറിസങ്ങള്‍ക്കും നാട്ടുഭാഷക്കും കഥയില്‍ പ്രാധാന്യമുണ്ട് എന്ന് വിശ്വസിക്കുന്നതിനാലായിരുന്നു അത്തരത്തില്‍ ട്രീറ്റ് ചെയ്തത് ഭാനു. അഭിപ്രായം വ്യക്തമായി തുറന്ന് പറയുന്ന ഭാനുവിനെപ്പോലുള്ളവരുടെ വരവും വായനയും ഏറെ ആസ്വദിക്കുന്നു.

@ബിലാത്തിപട്ടണം Muralee Mukundan : നന്ദി.

@Echmukutty : വായനക്ക് സന്തോഷം എച്മു.

@റോസാപൂക്കള്‍ : ഒക്കേത്തിനും ഒരു സമയോണ്ട് ന്റെ റോസീ‍ :)

@ആറങ്ങോട്ടുകര മുഹമ്മദ്‌ : നന്ദി

@Junaith Aboobaker: :)

@ഉദയപ്രഭന്‍ : സ്വാഗതം. വായനക്ക് നന്ദി.

@ചിതല്‍/chithal : വരവില്‍ സന്തോഷം പ്രവീണ്‍. അക്ഷരപ്പിശകുകള്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുന്നതില്‍ സന്തോഷം മാത്രം.

@Blogimon (Irfan Erooth): തേജസിലേക്ക് സ്വാഗതം. വരാം. വായിക്കാം:)

@ഇരിപ്പിടം വാരിക : നന്ദി വസ്തുനിഷ്ഠമായ വിലയിരുത്തലിന്. കഥയിലെ പോസിറ്റീവ് വശങ്ങള്‍ പോലെ നെഗറ്റീവ് പാര്‍ട്ടും ചൂണ്ടിക്കാട്ടണം. മറ്റു പോസ്റ്റുകള്‍ക്ക് അത്തരത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നതിലൂടെ ഈ കഥയില്‍ അത്തരത്തില്‍ ഇല്ല എന്നല്ല കുറവാകാം എന്ന് അനുമാനിക്കട്ടെ. ഒരിക്കല്‍ കൂടെ കഥയെ ഇരിപ്പിടത്തില്‍ ഇരുത്തിയതിന് നന്ദി.

@അംജത്‌ : ഇവിടെ അംജതിന് മാത്രമായി ഒരു മറുപടി ഇട്ടത് ആ അഭിപ്രായത്തെ അത്രയേറെ വിലമതിക്കുന്നത് കൊണ്ടാണ്. ഒരിക്കല്‍ കൂടെ സലാം സുഹൃത്തേ..

@നവാസ് ഷംസുദ്ധീൻ : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. കഥയുടെ നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

@Nisha : തേജസിലേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി


ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

ഈ എഴുത്ത് കൊള്ളാം
ആശംസകൾ

ശിഹാബ് മദാരി പറഞ്ഞു... മറുപടി

ഇരിപ്പിടമാണ് ഇവിടെയെത്തിച്ചത് .... കൊള്ളാം .. നല്ല കഥ . ദീര്ഘം കുറക്കാമായിരുന്നൊ എന്നൊരു തോന്നൽ .

പ്രവീണ്‍ ശേഖര്‍ പറഞ്ഞു... മറുപടി




ഇഷ്ടായി കഥ .. പ്രത്യേകിച്ച് കഥയുടെ തീമും അവതരണ രീതിയും .. കഥയിലെ സംഭാഷണം തിരക്കഥ സംഭാഷണം പോലെ തോന്നിച്ചു .. സംഭാഷണം കുറച്ചു കൂടി ഒതുക്കാമായിരുന്നു .. ആശംസകളോടെ

റാണിപ്രിയ പറഞ്ഞു... മറുപടി

very nice

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു... മറുപടി

ലോനപ്പനെന്ന കഥാപാത്രത്തെ എവിടെയൊക്കെയോ കണ്ടപോലെ..

padasaram പറഞ്ഞു... മറുപടി

ലോനപ്പന്റെ കഥ,,,നന്നായിട്ടുണ്ട്,,,