ഞായറാഴ്‌ച, ഡിസംബർ 09, 2012

പറക്കാന്‍ ആഗ്രഹിച്ച് ഒരു കാക്ക


ചെറിയ ക്ലാസ്സുകളില്‍ എവിടെയോ വെച്ചായിരുന്നു വായനയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ബാലരമ, പൂമ്പാറ്റ, അമര്‍ചിത്രകഥകള്‍, പൈകോ ക്ലാസിക്കുകള്‍.. ഇവ കാത്തിരിക്കുന്ന വെള്ളിയാഴ്ചകള്‍.. എന്തുകൊണ്ട് വെള്ളിയാഴ്ചകള്‍ എന്നാവും? അന്നായിരുന്നു വാരാദ്യങ്ങളിലെ അച്ഛന്റെ വരവ്. ബേക്കറിയില്‍ നിന്നും പൊതികെട്ടി നല്‍കിയ എണ്ണമയമുള്ള ബ്രൌണ്‍ കവറിലെ  ജിലേബിയോ ലഡുവോ ഏതെങ്കിലും വായിലേക്ക് തിരുകി നിക്കറില്‍ കൈ തൂത്ത് ആവേശത്തോടെ ബാലരമയിലെ മായാവിയോടൊപ്പം രാജൂനേം രാധയേം രക്ഷിക്കാനും  പൂമ്പാറ്റയിലെ കപീഷിനോടൊപ്പം സിഗാളിന്റെ കെണിയില്‍ നിന്നും മോട്ടുവിനെ മോചിപ്പിക്കാനും അമര്‍ചിത്രകഥകളിലെ കൃഷ്ണനോടൊപ്പം കംസനെ കൊല്ലാനും പൈകോ ക്ലാസിക്കുകളിലെ റൊബിന്‍‌സന്‍ ക്രൂസോയോടൊപ്പം സമുദ്രായനത്തിന് ഇറങ്ങിയും .... അങ്ങിനെ തുടങ്ങിയതാണ് കുഞ്ഞു വായന.

അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ പിന്നെ പ്രേരിപ്പിച്ചത് വലിയച്ഛന്റെ മകളും കക്ഷിക്കുണ്ടായിരുന്ന ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായിരുന്നു. ഒരിക്കല്‍  ചേച്ചിയുടെ പേരിലുള്ള ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായി  ചേച്ചി എഴുതുന്നത് പോലെ ഒരു ലെറ്റര്‍ എഴുതി അതില്‍ കള്ള ഒപ്പിട്ട് ചെറായി പബ്ലിക് ലൈബ്രറിയില്‍ പുസ്തകമെടുക്കുവാന്‍ ചെന്നപ്പോള്‍ കട്ടിക്കണ്ണടക്കിടയിലൂടെ ഒരു കുസൃതി ചിരിയുമായി യോഹന്നാന്‍ ചേട്ടനായിരുന്നു എനിക്ക് ആദ്യമായി ചില്ലലമാരകളില്‍ ഇരുന്ന് മുറിബീഡി വലിക്കുന്ന കൂടല്ലൂരുകാരനെയും, സോജാരാജകുമാരീ.. എന്ന് നീട്ടിപാടി സുലൈമാനി കുടിച്ചിരിക്കുന്ന ബേപ്പൂര്‍ സുല്‍ത്താനെയും, ഒരു തോള്‍സഞ്ചിയും തൂക്കി കരിമ്പനക്കൂട്ടങ്ങളെ ലക്ഷ്യമാക്കി നടന്നു നീക്കുന്ന താടിക്കാരനെയും ചരസ്സും കഞ്ചാവും വലിച്ച് കയറ്റി ഭാംഗിന്റെ ലഹരി നുണഞ്ഞ് കിറുങ്ങി ഇരിക്കുന്ന മയ്യഴിക്കാരനെയും ഒക്കെ ചൂണ്ടിക്കാട്ടി തന്ന് വിസ്മയിപ്പിച്ചത്.

പിന്നീട് അല്പം കൂടെ വിശാലമായ വായനയിലേക്ക് ഒരു കെട്ട് പുസ്തകങ്ങളുമായി ആദ്യം ക്ഷണിച്ചത് അമ്മാവനായിരുന്നു. മഹച്ചരിതമാലയുടെ പത്തോളം പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി നല്‍കിയിട്ട് അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ അമ്മാവന്‍ ഒരു ശ്രമം നടത്തിച്ചു. സത്യം പറയാം , ഇന്നും മഹച്ചരിതമാലയിലെ ആ പുസ്തകങ്ങളിലെ പല മഹാന്മാരുടെയും ജീവിതങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതൊരു നിമിത്തമായിരുന്നു. അല്ലെങ്കില്‍ പ്രചോദനം. ഒരു ഹോം‌ലൈബ്രറി എന്ന ആശയം മനസ്സില്‍ ലഡുപൊട്ടിച്ചത് അപ്പോഴായിരുന്നു. പിന്നെ പലപ്പോഴായി പുസ്തകമേളകളില്‍ കൊണ്ടു നടന്ന് എനിക്കാവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങുവാന്‍ എന്നെ സഹായിച്ചിരുന്നത് മുകളില്‍ സൂചിപ്പിച്ച ചേച്ചിയായിരുന്നു. ഇതൊക്കെ വായനക്കാലം... ഇന്നും ഏറെ ഇഷ്ടപ്പെടുന്ന വായനയുടെ തുടക്കം ഇവിടെയൊക്കെ നിന്നായിരുന്നു....
അപ്പോഴൊന്നും എഴുത്ത്  ജീവിതത്തിന്റെ ഭാഗമോ ശീലമോ ആയിരുന്നില്ല. അങ്ങിനെ ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല എന്നത് സത്യം! സ്കൂള്‍ തലത്തിലെ ചില മത്സരങ്ങളില്‍ ക്ലാസ്സില്‍ നിന്നും മാറി നില്‍കുവാനും മറ്റു കുട്ടികള്‍ക്ക് മുന്‍പില്‍ ആളാവാനും വേണ്ടി കഥ എഴുതുവാനും ഉപന്യാസം എഴുതുവാനുമൊക്കെ ഇരുന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരിക്കലും അങ്ങിനെ ഒരു ചിന്ത മനസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയില്‍ നിന്നുമായിരുന്നു രണ്ട് കഥകള്‍ മാ‍ഗസിനുകളില്‍ അച്ചടിച്ച് വന്നത്. അത് തന്നെ സുഹൃത്തുക്കള്‍ മാഗസിന്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നത് കൊണ്ട്. അത് അവിടെ കഴിഞ്ഞു.. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം യാഹു നല്‍കിയ ഒരു കൂട്ടുകാരി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അവസരത്തിലായിരുന്നു ..(അതോ അനവസരത്തിലോ) അവളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു എഴുതി തുടങ്ങിയത്. അതും അവളിലെ കവിയോട് പിടിച്ചുനില്‍ക്കുവാന്‍ എനിക്ക് കഥയെഴുതാന്‍ അറിയാല്ലോ എന്ന് എപ്പോഴോ പറഞ്ഞു പോയ വങ്കത്തത്തിന്റെ പുറത്ത്...!!


സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കറങ്ങി നടക്കുവാന്‍ തുടങ്ങിയപ്പോള്‍ വായനയോടും എഴുത്തുകാരോടുമുള്ള ഭ്രമം കൊണ്ട് തന്നെ എഴുത്തുകാര്‍ എന്ന് തോന്നിയവരെയൊക്കെ ഓര്‍ക്കൂട്ടിലെ ഫ്രണ്ട് ലിസ്റ്റില്‍ തിരുകി കയറ്റി ആളാവുവാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. അങ്ങിനെയാണ് ചുള്ളിക്കാടിനെയും സിത്താരയെയും രേഖയെയും ജ്യോതിബായിയെയും ഒക്കെ എന്റെ കൂട്ടുകാരാക്കി ഞാന്‍ അഹങ്കരിച്ചത്. അതിലൂടെയായിരുന്നു; ജ്യോതിയിലൂടെയായിരുന്നു ബ്ലോഗിന്റെ ലോകം കാണുന്നത്. വിശാലനെയും കുറുമാനെയും നിരക്ഷരനെയും ഡോണയെയും കുഴൂരിനെയും സിമിയെയും പൊങുമൂടനെയും ശ്രീകുമാര്‍ കരിയാടിനെയും ഒക്കെ വായിക്കുന്നത്. അപ്പോഴും യുണികോഡ് എന്താണെന്നും അതെങ്ങിനെ പ്രയോഗത്തില്‍ വരുത്തും എന്നും അറിയില്ലായിരുന്നു. ബ്ലോഗുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ചുള്ളിക്കാടിനെയും കുരീപ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ അവിടെ കണ്ടപ്പോള്‍ വല്ലാത്ത ഭ്രമിച്ചു. ആദ്യക്ഷരി അപ്പുവും മാത്‌സ് ബ്ലോഗിലെ ഹരിയും അവരുടെ ബ്ലോഗുകളില്‍ കുറിച്ചിട്ടിരുന്ന ടിപ്സുകളില്‍ നിന്നും മുള്ളൂകാരന്‍ നല്‍കിയ ചില ടെലിഫോണിക് ടിപ്സുകളില്‍ നിന്നുമൊക്കെയായി യുണികോഡ് പഠിച്ചു ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു. അങ്ങിനെ എഴുതി തുടങ്ങി. ചപ്പ് ചവറുകള്‍ സൂക്ഷിക്കാന്‍ ഒരിടം അങ്ങിനെ ഗൂഗിളില്‍ നിന്നും ഞാനും പതിച്ചു വാങ്ങി.

പിന്നെയും കാലമുരുണ്ടു.. എപ്പോഴൊക്കെയോ ആയി ബ്ലോഗ് ഒരു ഹരമായി. എഴുത്ത് അതുകൊണ്ട് തന്നെ രസകരമായ ഒരു പ്രക്രിയയായി. എഴുതുവാനുള്ള ഇഷ്ടമോ കഴിവോ കൊണ്ടായിരുന്നില്ല, മറിച്ച് ഇവിടെ നിന്നും ലഭിച്ച അനവധി സൌഹൃദങ്ങള്‍ മുറിയാതിരിക്കുവാന്‍ ആയിരുന്നു.. എത്രയെത്ര സൌഹൃദങ്ങള്‍.. ഫോണിലൂടെയും മെയിലുകളിലൂടെയും പലപ്പോഴും നിരന്തരം സംസാരിച്ചിരുന്നത് കൊണ്ട് ഒരിക്കലും വെര്‍ച്ചല്‍ ആവാതിരുന്നിട്ടുള്ള ഒട്ടേറെ സുഹൃത്തുക്കള്‍.. ഹരീഷ്, പ്രവീണ്‍, യൂസഫ്പ,നന്ദന്‍, ജുനൈദ്, ജോഹര്‍, നിരക്ഷരന്‍, ജയന്‍ ഏവൂര്‍, കുമാരന്‍, തോന്ന്യാസി, സിജീഷ്, മുള്ളൂക്കാരന്‍, റാംജി, കാര്‍ട്ടൂണിസിറ്റ് സജ്ജീവ്, കൊട്ടോട്ടിക്കാരന്‍, ചാണ്ടിക്കുഞ്ഞ്, സജിയച്ചായന്‍, രഞ്ജിത് ചെമ്മാട്, മുരളികൃഷ്ണ, ബിജു കൊട്ടില, മനോജ് കുമാര്‍ തലയമ്പലത്ത്, പൊങുമൂടന്‍, ഷെരീഫ് കൊട്ടാരക്കര, ഹറൂണ്‍ മാഷ്, കൂതറ ഹഷിം, ഹംസ, നാമൂസ്, ചെറുവാടി, സിയാഫ്, പ്രദീപ്, അംജത്, സന്ദീപ്, രമേശ് അരൂര്‍, സന്ദീപ് സലിം, എന്‍.ബി.സുരേഷ്, പാവത്താന്‍ മാഷ്, ഷാജി മാഷ്, ചിതല്‍, മുള്ളൂക്കാരന്‍, മത്താപ്പ്, സജിം തട്ടത്തുമല, ജയിംസ് ബ്രൈറ്റ്, അരുണ്‍ കായംകുളം, ജയിംസ് സണ്ണിപാറ്റൂര്‍, ലെചു, ജയ്നി,എച്മുകുട്ടി,സ്മിത, അഞ്ജു നായര്‍, പ്രയാണ്‍ ചേച്ചി, ഡോണ മയൂര, മാണിക്യം, നീന ശബരീഷ്, ലിപി, റോസിലി, ജോയ്, ജ്യോതി സഞ്ജീവ്, ഫെമിന, കിച്ചുവേച്ചി, മൈന ഉമൈബാന്‍, ലീല ടീച്ചര്‍, ഇന്ദ്രസേന, കുഞ്ഞൂസ്, വര്‍ഷിണി, അനാമിക.. പേരുകള്‍ പലതും വിട്ടുപോകുവാന്‍ ഇടയുള്ളത് കൊണ്ട് ഇനിയും എഴുതി ദീര്‍ഘിപ്പിക്കുന്നില്ല.. “ഹലോ മാഷേ“ എന്ന് വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമ്പോള്‍ സഹികെട്ട് “എന്താടാ കോപ്പേ“ എന്ന് തിരികെ ചോദിക്കുന്ന ശൈലന്‍, “മടിപിടിച്ചിരിക്കാതെ എന്തെങ്കിലും എഴുത് ഉണ്ടക്കണ്ണി“ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍  ഒരു സ്മൈലി നല്‍കി വീണ്ടും മടിപിടിച്ചിരിക്കുന്ന സിത്താര.. (അവിടെയിരുന്നു ഇവനാരെടാ ഇത് പറയാന്‍ എന്നോര്‍ത്ത് കണ്ണൂരുട്ടുന്നുണ്ടാവും എന്ന് അറിയാം) അഭിമുഖങ്ങള്‍ പുസ്തകക്കുറിപ്പുകള്‍  എന്നൊക്കെ പറഞ്ഞ്  നിരന്തരം ഞാന്‍ ശല്യം ചെയ്തപ്പോഴും സഹനത്തിന്റെ പാതയില്‍ എന്നോട് സഹകരിച്ച ബെന്യാമിന്‍, സുസ്മേഷ് ചന്ത്രോത്ത്, ബിജു സി.പി, കെ.എ.ബീന, രാമനുണ്ണിമാഷ്, എന്‍.പ്രഭാകരന്‍ മാഷ്, കുരീപ്പുഴ മാഷ്, ഇവരൊക്കെ നല്‍കിയ സ്നേഹം വേണ്ടെന്ന് വെയ്കുവാന്‍ കഴിയുമായിരുന്നില്ല..

അങ്ങിനെയെന്തൊക്കെയോ എഴുതി ബ്ലോഗിലൂടെ പ്രദര്‍ശിപ്പിച്ചു. കുറേ പേര്‍ അത് വായിച്ചു. അഭിപ്രായങ്ങള്‍ നല്ലതും ചീയതും ഒട്ടേറെ കിട്ടി. ചിലപ്പോള്‍ പൂമാലകള്‍.. ചിലപ്പോള്‍ ചീമുട്ടകള്‍.. രണ്ടും ഒരു പോലെ തന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശ്വാസം. . ഇതിനിടയില്‍ രണ്ട് വട്ടം ഓരോ കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ച് വന്നു. ഒന്ന് ലീല ടീച്ചറുടെ സീയെല്ലസ് ബുക്സിന്റെ സാക്ഷ്യപത്രങ്ങളിലും മറ്റൊന്ന് ഞാന്‍ കൂടെ ഭാഗമായി ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ ഇറക്കിയ കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. എന്ന സമാഹാരത്തിലും. രണ്ട് കഥകള്‍ ചില മത്സരങ്ങളില്‍ സമ്മാനാര്‍ഹമായി. അവിടെയും ലഭിച്ചു പൂമാലയും ചെരുപ്പുമാലയും. അവയും നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിച്ചു എന്ന് വിശ്വാസം. അപ്പോഴൊന്നും ഇതൊക്കെ എന്നെങ്കിലും തുന്നിക്കൂട്ടണമെന്നൊരു ചിന്തയുണ്ടായിരുന്നില്ല. വന്യമായ സ്വപ്നങ്ങളില്‍ പോലും സ്വന്തം കഥകള്‍ അടങ്ങിയ ഒരു സമാഹാരം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നില്ല. ആദ്യം അത്തരം ഒരു ചിന്ത മനസ്സിലേക്ക് കോറിയിട്ടത് പ്രിയ സുഹൃത്ത് പ്രവീണ്‍ വട്ടപ്പറമ്പത്ത് ആണ്. പിന്നീട്  മനുവിന് ഇനി സ്വന്തമായി ഒരു സമാഹാരത്തെ കുറിച്ച് ചിന്തിക്കാം എന്ന് പറഞ്ഞ് എരിതീയില്‍ എണ്ണ കോരിയൊഴിച്ചത് ജയ്നിയും.. അടുത്ത ഒരു പുസ്തകം എന്നാ കുമാരാ എന്ന് ചോദിച്ചപ്പോള്‍ ഇനി നീയൊക്കെ ഇറക്കിയിട്ടേ ഞാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞ് വീണ്ടും മനസ്സില്‍ ലഡു പൊട്ടിച്ച് നാശകോശമാക്കിയത് കുമാരന്‍.. കുറേയേറെ പ്രസാധകരുടെ ലിസ്റ്റ് തന്ന് ഇവരെയൊക്കെ മുട്ടിനോക്ക് എന്ന് പറഞ്ഞ് എന്നെ തള്ളി വിട്ട് മാറി നിന്ന് ചിരിക്കുകയായിരുന്നു പഹയന്‍ :) പിന്നീട് ഒരു പാതിരാത്രിയില്‍ ഫോണ്‍ ചെയ്ത് നീ കഥകള്‍ താടാ നമുക്ക് ബുക്കാക്കാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ലഡുപൊട്ടിച്ചത് പാപ്പിറസിലെ ബാലഗോപാലന്‍ ഹരി (എന്നിട്ടും മറ്റു ചില കാരണങ്ങള്‍ കൊണ്ട് പാപ്പിറസ് വഴി പുസ്തകമാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. പ്രിയ ഹരീ ക്ഷമി)   അത് കൊണ്ട് തന്നെ ഇവരാണ് ആ ദുഷ്ടശക്തികള്‍ എന്നും പ്രേരണാകുറ്റത്തിനുള്ള ശിക്ഷ ഇവര്‍ക്ക് കല്പിച്ച് നല്‍കിയാലും എന്ന് മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിച്ച് കൊണ്ട് തന്നെ ഒടുവില്‍ അത് സംഭവിക്കുന്നു എന്ന വിവരം ഔപചാരികമായി ഞാന്‍ അറിയിക്കട്ടെ.. 

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.. അല്ല, നന്ദിയാരോടൊക്കെ ഞാന്‍ ചൊല്ലേണ്ടൂ.. ഒരുപാട് പേരോട്...

അക്ഷരങ്ങളിലേക്ക് നയിച്ച അച്ഛന്‍, അമ്മ..
വായിക്കാന്‍ പ്രേരിപ്പിച്ച ചേച്ചി, അമ്മാവന്‍...
എഴുതുവാന്‍ ഊര്‍ജ്ജമായ യാഹു കൂട്ടുകാരി..
സഹിച്ചും ക്ഷമിച്ചും കൂടെ നില്‍കുന്ന നല്ല പാതി, കുഞ്ഞ്..
എഴുതിയത് വായിച്ച് തിരുത്തി തന്ന കൂട്ടുകാര്‍..

അതിലൊക്കെയേറെ...

എന്നെ പോലെ ഒരു തുടക്കക്കാരന്റെ പുസ്തകത്തിന് ഒരു പ്രവേശിക എഴുതി തന്ന് എഴുത്തുകാരന് വേണ്ടത് വലിയ മനസ്സും ലാളിത്യവും ആണെന്ന് എന്നിലെ അഹങ്കാരിയെ ഓര്‍മ്മപ്പെടുത്തിയ എന്റെ പ്രിയ രാമനുണ്ണിമാഷിന്..

എന്റെ കഥകള്‍ തുന്നിക്കൂട്ടി ഒരു പുസ്തകം.. കാ...കാ.. എന്ന് അലറി വിളിച്ചുകൊണ്ട് ഒരു കാക്ക നിങ്ങളെ അലോസരപ്പെടുത്തി തുടങ്ങുവാന്‍ പോകുകയാണ്. “വാങ്ങി വായിക്കെടാ.. വാങ്ങി വായിക്കെടാ“ എന്നാണ് ആ കാക്ക വിളിച്ച് കൂവുന്നത് എന്നാണ് പ്രസാധകര്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയ സുഹൃത്ത് ജുനൈദ് മുഖപുസ്തകത്തില്‍ കോറിയിട്ട വരികള്‍ ഞാന്‍ കടം കൊള്ളട്ടെ..

“കഥയുടെ ബാന്റ് വിഡ്തിൽ നിന്ന് ജീവിതത്തിന്റെ ബാന്‍‌ഡ് വിഡ്തിലേക്ക് ഒരു കാക്ക പറന്നു തുടങ്ങുന്നു.. “ തുടര്‍ന്ന് സ്മൈലിയോടെ തന്നെ ജുനൈദ് അനുബന്ധമായി എഴുതി.. “കാക്ക മലര്‍ന്നു പറന്നു പരിശീലനം തുടങ്ങി.. മിനിമം ഒരു 100 പേജ് പറക്കും.. :) 



അതെ കൂട്ടുകാരെ..   ഒരു കാക്ക പറക്കാന്‍ ശ്രമിക്കുകയാണ്. 


എവിടെയെങ്കിലും ഒന്ന് നിറുത്തണമല്ലോ.. അതുകൊണ്ട് പുസ്തകത്തിന്റെ സമര്‍പ്പണത്തോടെ തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


രക്തബന്ധങ്ങളുടെ കെട്ടുപാടുകള്‍ക്ക്....
സ്നേഹബന്ധങ്ങളുടെ പൊട്ടാത്ത പട്ടുനൂലിഴകള്‍ക്ക്....
സ്നേഹനിരാസങ്ങളുടെ ചീര്‍ത്തുവീര്‍ത്ത മുഖങ്ങള്‍ക്ക്...
സഹനത്തിന്റെ ഒരമ്മയ്ക്കും കുഞ്ഞിനും....

ഒടുക്കം...

നിനക്ക്...

ഒടുക്കത്തിനുമവസാനം....

നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്....
അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്...
പിന്നെയും...
.


കഥയുടെ ബാന്റ്വിഡ്തില്‍ നിന്നും ജീവിതത്തിന്റെ ബാന്‍ഡ് വിഡ്തിലേക്ക് പറന്നു തുടങ്ങുന്ന ഈ കാക്കയെ നിങ്ങള്‍ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

40 comments:

Shahid Ibrahim പറഞ്ഞു... മറുപടി

ആശംസകള്‍

നിരക്ഷരൻ പറഞ്ഞു... മറുപടി

ഇങ്ങനൊന്ന് പിന്നണിയിൽ സംഭവിക്കുന്നുണ്ടായിരുന്നു അല്ലേ ? കൊള്ളാം, അതിന് സമയം അതിക്രമിച്ചിരുന്നിരുന്നു. അഭിനന്ദനങ്ങൾ മനോരാജ്!!!! എന്നാണ്, എവിടെ വെച്ചാണ് കാക്കാ പറക്കാൻ തുടങ്ങുന്നത് ? ഐ മീൻ പ്രകാശനം ? ബിരിയാണി കൊടുന്നുണ്ടാകുമല്ലോ അല്ലേ പുസ്തകം സൌജന്യമാണെന്ന് പുറം ചട്ടയിൽ നിന്ന് മനസ്സിലായി. (വില രൂ: എന്ന് മാത്രമേയുള്ളൂ.)

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

സന്തോഷം.മനോ...ഈ കാക്ക എന്റെ പുസ്തക ഷെല്‍ഫില്‍ വിരുന്നു വരുവാന്‍ കാത്തിരിക്കുന്നു. നിരക്ഷരൻ പറഞ്ഞപോലെ അതില്‍ വിലയിടുന്നതിനു മുന്‍പ്‌ ഒരു കോപ്പി ഞാന്‍ ബുക്ക്‌ ചെയ്തിരിക്കുന്നു.

Unknown പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍

Echmukutty പറഞ്ഞു... മറുപടി

പുസ്തകം പറന്നു പറന്നു വരട്ടെ....
പിന്നെ പുറകെ പുറകെ അടുത്തതും അതിനടുത്തതും പിന്നേം അടുത്തതും ആയ നിരവധി പുസ്തകങ്ങള്‍ പറന്ന് പറന്ന് വരട്ടെ...


ഈ കുറിപ്പ് അതി മനോഹരമായിട്ടുണ്ട് കേട്ടൊ. അതിനു ഒരു സ്പെഷ്യല്‍ അഭിനന്ദനം...

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍
ഈ പറക്കല്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയരട്ടെ.

mini//മിനി പറഞ്ഞു... മറുപടി

കാക്കകൾ പറക്കട്ടെ,,,

Cv Thankappan പറഞ്ഞു... മറുപടി

"ജീവിതത്തിന്‍റെ ബാന്‍ഡ് വിഡ്തില്‍
ഒരു കാക്ക"മുഴുവന്‍ വായനക്കാരിലേക്ക്
എത്താനും, വായിക്കാനും തുടര്‍ന്ന്
താങ്കളുടെ പുതിയ രചനകള്‍ തേടിയുളള
അനുവാചകന്‍റെ അന്വേഷണം ഉണ്ടാകുകയും ചെയ്യട്ടെ!
ആശംസകളോടെ

Unknown പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തിന്/കഥാകാരന്/സമാഹാരത്തിന് ഹൃദയപൂർവ്വം....

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തിന്, ഹൃദയപൂർവ്വം...
കാക്ക തൊള്ളായിരം ആശംസകള്‍ .!

Unknown പറഞ്ഞു... മറുപടി

ആശംസകള്‍ ........

അനസ്‌ മാള പറഞ്ഞു... മറുപടി

ആശംസകളോടെ ഒരു അസൂയാലു!

വീകെ പറഞ്ഞു... മറുപടി

എല്ലാ ആശംസകളും നേരുന്നു....

Manikandan പറഞ്ഞു... മറുപടി

ആശംസകൾ മനോരാജ് :)

മണ്ടൂസന്‍ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ മനോ ഏട്ടാ,ഈ പുതിയ ശ്രമത്തിന് സർവ്വവിധ ആശംസകളും. ഇതിന്റെ പേര് തന്നെ വല്ലാതാകർഷിച്ചു.
'പറക്കാൻ ആഗ്രഹിച്ച് ഒരു കാക്ക'
കക്കകൾ പറക്കാൻ ആഗ്രഹിക്കുമ്പോൾ അവ ഒരിക്കലും ഇടവള്ളകളിൽ വിശ്രമത്തിനായി ഒരു മരച്ചില്ലയോ മറ്റോ ഒരിക്കലും കണ്ടു വയ്ക്കില്ല. അവ ക്ഷീണമില്ലാതെ ദീർഘദൂരം പറക്കുന്നത് കാണാം.
അങ്ങനേയാവട്ടെ മനോഏട്ടന്റെ ഈ ശ്രമവും.
എല്ലാവിധ ആശംസകളും.

Sukanya പറഞ്ഞു... മറുപടി

ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദനങ്ങള്‍.

ജാനകി.... പറഞ്ഞു... മറുപടി

മനോരാജ് ..., അതേതായാലും നന്നായി...
എല്ലാവിധ ആശംസകളും നേരുന്നു.......

ശ്രീജ പ്രശാന്ത് പറഞ്ഞു... മറുപടി

ആശംസകള്‍

ഷാജി നായരമ്പലം പറഞ്ഞു... മറുപടി




"ഇക്കാക്കക്കു പറക്കുവാന് കഴിയണേ,-
യുത്തുംഗശൃംഗങ്ങളിൽ -
ക്കത്തും കമ്ര വെളിച്ചമാച്ചിറകുകൾ-
ക്കൊക്കും നിറം ചാർത്തുവാൻ
കൊക്കിൽ കൊത്തിയെടുത്തിടുന്ന മികവിൻ-
തൂവൽത്തിളക്കങ്ങളാല്
കാക്കപ്പൊന്നു തെളിഞ്ഞിടടട്ടെ, കഥ നീ
വീണ്ടും പറഞ്ഞീടുക!"


വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

ന്റേം അഭിനന്ദനങ്ങൾ ട്ടൊ..വളരെ സന്തോഷം..!

Manoraj പറഞ്ഞു... മറുപടി

@ Shahid Ibrahim : തേജസിലേക്ക് സ്വാഗതം. നന്ദി.

@നിരക്ഷരൻ : ഒരു പ്രകാശനചടങ്ങൊന്നും പ്ലാന്‍ ചെയ്തിട്ടില്ല നിരക്ഷരന്‍. പ്രസാധകര്‍ അത്തരത്തില്‍ എന്തെങ്കിലും ഒരുക്കുന്നുവോ എന്നും അറിയില്ല. പിന്നെ വില.. അത് ശരിയാ ഡോളറിലോ യൂറോയിലോ അല്ല രൂപയില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തിയതാവും :)

@റോസാപൂക്കള്‍ : കാക്കയെ നോക്കി ഒന്ന് കണ്ണുരുട്ടിയാല്‍ അത് പറന്ന് വരുമായിരിക്കും റോസ് :)

@Gopan Kumar : നന്ദി.

@Echmukutty : ഒന്നിനു പിറകെ ഒന്നായി പുസ്തകം പറത്താന്‍ ഞാന്‍ മജീഷ്യന്‍ മുതുകാടാ :)

@പട്ടേപ്പാടം റാംജി : നിറഞ്ഞ സ്നേഹത്തിന് നന്ദി.

@mini//മിനി : അതെയെതെ.. കാ .. കാ..

@Cv Thankappan : സന്തോഷം. സ്നേഹം.

@Ranjith Chemmad / ചെമ്മാടന്‍ : ഹൃദയം നിറഞ്ഞ് /സ്നേഹം..

@നാമൂസ് : കാക്കക്ക് തൊള്ളായിരം ആശംസകള്‍ നല്‍കിയതിന് നന്ദി.

@Nawas atholy : നന്ദി.

@Anas Mala :അസൂയ വേണ്ട :(

@വീ കെ ; സ്നേഹം.

@Manikandan O V : നന്ദി :)

@മണ്ടൂസന്‍ : നിന്റെ വാക്കുകള്‍ മനസ്സ് പോലെ തന്നെ പൊന്നാവട്ടെ :)അറ്റ് ലീസ്റ്റ് കാക്കപ്പൊന്ന് എങ്കിലും :)

@Sukanya : സന്തോഷം. സ്നേഹം.

@ജാനകി.... : നല്ലതിനാണോ എന്ന് അറിയില്ല. എങ്കിലും ഗീതയിലെ വാക്കുകള്‍ പോലെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു :)

@ശ്രീജ പ്രശാന്ത് : നന്ദി.

@ഷാജി നായരമ്പലം : നന്ദി മാഷേ.. അല്ല നിമിഷ കവേ ...സ്നേഹം തിരികെ നല്‍കുന്നു.

@വര്‍ഷിണി* വിനോദിനി : സന്തോഷം. സ്നേഹം.

ഇത് വരെ വായിച്ചവര്‍ക്കും ഇനിയും വായിച്ച് സഹിക്കാന്‍ തയ്യാറാവുന്നവര്‍ക്കും നന്ദി..




kabeena1.blogspot.com പറഞ്ഞു... മറുപടി

വായിക്കണമല്ലോ....പുസ്തകം എവിടെ കിട്ടും? ആശംസകള്‍.

kabeena1.blogspot.com പറഞ്ഞു... മറുപടി

വായിക്കണമല്ലോ....പുസ്തകം എവിടെ കിട്ടും? ആശംസകള്‍.

പാക്കരൻ പറഞ്ഞു... മറുപടി

ആശംസകൾ...... ഒരായിരം ആശംസകൾ മനോരാജേട്ടാ :)

Anil cheleri kumaran പറഞ്ഞു... മറുപടി

ഇതൊരു തുടക്കം മാത്രമാവട്ടെ.... എല്ലാ വിധ ആശംസകളും..

പ്രയാണ്‍ പറഞ്ഞു... മറുപടി

ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നു....... ആശംസകള്‍.

സീത* പറഞ്ഞു... മറുപടി

വരാന്‍ വൈകി...തുടങ്ങീട്ടേയുള്ളൂ...എല്ലായിടത്തും എത്തണം...അപ്പോ ഹൃദയം നിറഞ്ഞ ആശംസകള്‍ കാക്കയ്ക്ക് :)

വിനോദ് പറഞ്ഞു... മറുപടി

ആശംസകള്‍ !

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

വളരെ നല്ല കാര്യം...
ഈ കാക്ക പറക്കുന്നതിനേ
കുറിച്ച് വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ

കഥാലോകാത്ത് പറന്നു പറന്ന് മനോരാജ്
മാനം മുട്ടേ പൊങ്ങട്ടങ്ങിനേ പൊങ്ങട്ടെ..
ഭാവുകങ്ങൾ...!






ശ്രീ പറഞ്ഞു... മറുപടി

നല്ലൊരു വാര്‍ത്ത തന്നെ.

എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മാഷേ...

ഒപ്പം ക്രിസ്തുമസ്സ് - പുതുവത്സര ആശംസകളും :)

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ഇപ്പോഴാണ് ഞാൻ കണ്ടത് മനോരാജ്.വളരെ വളരെ സന്തോഷം. മനോഹരമായിട്ടുണ്ട് ഈ കുറിപ്പ്‌!

വെള്ളരി പ്രാവ് പറഞ്ഞു... മറുപടി

പോസ്റ്റ്‌ കാണാന്‍ വൈകി മനൂ......

എല്ലാ വിധ ആശംസകളും ഹൃദയത്തിന്‍റെ ഭാഷയില്‍ നേരുന്നു.ഇതൊരു തുടക്കമാകട്ടെ....

പരന്ന വായനയുള്ള ഒരു പുസ്തകപുഴുവായ ഈ എഴുത്തുകാരനില്‍ നിന്നും ഇനിയും ഏറെ മൂല്യവത്തായ പുസ്തകങ്ങള്‍ പ്രതീക്ഷിക്കുന്നു....

പുസ്തകാവലോകനത്തില്‍ നിറയെ സ്വന്തം പുസ്തകങ്ങളും സ്ഥാനം പിടിക്കട്ടെ.

Manoraj പറഞ്ഞു... മറുപടി

@Beena Ka : സൈകതം ബുക്സിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ വി.പി.പിയായോ അതല്ലെങ്കില്‍ അവരുടെ സൈറ്റില്‍ പറഞ്ഞിരിക്കുന്ന സ്റ്റാളുകള്‍ വഴിയോ ലഭ്യമാണ്.

@Anil Kumar : നന്ദി.. നന്ദി..

@കുമാരന്‍ | kumaaran : ആശീര്‍വാദിക്കൂ കുമാരാ

@പ്രയാണ്‍ : നന്ദി ചേച്ചീ.

@സീത* : നന്ദി

@വിനോദ് : നന്ദി.

@ബിലാത്തിപട്ടണം Muralee Mukundan : വിളിക്കുന്ന സമയത്ത് കാക്ക മലര്‍ന്ന് പറക്കുകയായിരുന്നു. പ്രാക്റ്റീസ് കഴിയാതെ എങ്ങിനെ പറയാനാ :)

@ശ്രീ : നന്ദി ശ്രീ. പുതുവത്സരാശംസകള്‍

@ശ്രീനാഥന്‍ : നന്ദി മാഷേ.

@വെള്ളരി പ്രാവ് : പോസ്റ്റ് കാണുവാന്‍ വൈകിയിട്ടൊന്നുമില്ല. പുസ്തകം വാങ്ങുവാന്‍ ഇനിയും സമയമുണ്ട്.. പുസ്തകം നിങ്ങളെയെല്ലാം നോക്കി കാ കാ എന്ന് നീട്ടി കരയുന്നു :)

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു... മറുപടി

ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. എല്ലാ വിധ ആശംസകളും..!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് മനോരാജിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

Unknown പറഞ്ഞു... മറുപടി

manuvinu ella aasamsakalum
prakasanathinu vilikane...

(pinne oru kunju karyam - ente pusthakathe kurich mathrubhumi pusthakaparichayathil vannirunnu keto)

മിനി പി സി പറഞ്ഞു... മറുപടി

ആശംസകള്‍ !

ചന്തു നായർ പറഞ്ഞു... മറുപടി

താമസിച്ചാണെങ്കിലും ..എല്ലാ ആശംസകളും നേരുന്നൂ.......

lekshmi. lachu പറഞ്ഞു... മറുപടി

vaaikkan orupaad vaiki..ente hrudhayam niranja aashamsakal..

indrasena indu പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍..ഒരു കോപ്പി ഞാന്‍ ബുക്ക്‌ ചെയ്തിരിക്കുന്നു.നിരവധി പുസ്തകങ്ങള്‍ പറന്ന് പറന്ന് വരട്ടെ...
ആശംസകളോടെ