വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2010

ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ ഒരു പാമ്പിന്റെ ഓര്‍മ്മക്കുറിപ്പ്

ബ്ലോഗില്‍ സജീവമായതിന്‌ ശേഷം എനിക്കുണ്ടായിരുന്ന ഒരു വലിയ മോഹമായിരുന്നു ഒരിക്കലെങ്കിലും ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുക എന്നത്. അത് കൊണ്ട് തന്നെ ആഗസ്റ്റ് 8 എന്ന ദിവസത്തിനായുള്ള ഒരു വല്ലാത്ത പിരിമുറുക്കവും കാത്തിരിപ്പുമായിരുന്നു കുറച്ച് നാളുകളായിട്ട്. ഒരിക്കല്‍ ബ്ലോഗിലെ ചില നല്ല സുഹൃത്തുക്കളെ കാണാനിടയായിട്ടുണ്ടെങ്കിലും ഒരു മീറ്റില്‍ പങ്കെടുത്ത് ഈറ്റണം എന്നത് മനസ്സിലെ ഒരു വലിയ ആഗ്രഹം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ബ്ലോഗ് മീറ്റ് എന്ന ആശയവുമായി പാവപ്പെട്ടവന്‍ പോസ്റ്റ് ഇട്ടപ്പോള്‍ വളരെ സന്തോഷം തോന്നുകയും ചെയ്തിരുന്നു. പിന്നീടെപ്പോഴോ ഒരിക്കലും പോലും നേരില്‍ കണ്ടിട്ടില്ലാത്ത എന്റെ നല്ല സുഹൃത്ത് ഹരീഷ് തൊടുപുഴ പലപ്പോഴും ആവശ്യപ്പെട്ടതനുസരിച്ച് എന്റെ ബ്ലോഗിലും മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇട്ട് ഇട്ട് അങ്ങിനെ മീറ്റ് കൂടാന്‍ ഇരുന്ന ഞാനും മീറ്റിന്റെ സംഘാടകരില്‍ ഒരാളായി മാറി. സന്തോഷം മാത്രമായിരുന്നു മനസ്സില്‍ മുഴുവന്‍. ഒട്ടേറെ ഫോണ്‍കോളുകളിലൂടെ കഴിഞ്ഞ കുറേ മാസങ്ങളായി തൊടുപുഴയും ചെറായിയും ഒരു പാലത്തിന്റെ അക്കരെയും ഇക്കരെയും ആണെന്ന തോന്നല്‍ വരെ എനിക്കുണ്ടായിട്ടുണ്ട്. അപ്പോള്‍ പറഞ്ഞ് വന്നത് നമ്മുടെ ഇടപ്പള്ളി ബ്ലോഗ് മീറ്റിനെ കുറിച്ച്.

കുറേ ദിവസങ്ങളായി മീറ്റിനെ കുറിച്ചൂള്ള ഫോണ്‍ വിളികളുമായി തൊടുപുഴയില്‍ നിന്നും ഹരീഷും തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടെവിടെയോ ഉള്ള , എര്‍ണാകുളത്ത് ജോലിയുടെ ആവശ്യത്തിനായി മാത്രം കുടിയേറിയ പ്രവീണും മെയിലൂടെ പരിചയമുള്ള ഗുരുവായൂര്‍ക്കാരന്‍ യൂസഫ്പയും മണലാര്യണ്യത്തില്‍ എവിടെയോ നിന്ന് പാവപ്പെട്ടവനും ചേര്‍ന്നുള്ള ചര്‍ച്ചകളും ഗ്രൂപ്പ് മെയിലുകളും ഒരു പരിധിവരെ തലക്ക് വട്ട് പിടിപ്പിച്ചിരുന്നു. തലക്ക് വട്ട് പിടിച്ചാല്‍ പിന്നെ എനിക്ക് ഒരു ദു:ശ്ശീലമുണ്ട്. വീട്ടുകാരോട് വരെ നേരെചൊവ്വെ ഒന്നും മിണ്ടില്ല. അപ്പോള്‍ കുറച്ച് ദിവസങ്ങളായി ജോഹര്‍ ഉണ്ടാവും കൊട്ടോട്ടി വേണം എന്നൊക്കെയുള്ള എന്റെ ഫോണിലൂടെയുള്ള മറുപടികള്‍ കേട്ട് ബൂലോക പാമ്പായ ഞാന്‍ അടിച്ച് കോണ്‍ തിരിഞ്ഞ് കെടക്കും എന്ന ഉള്‍‌വിളി നേരത്തെ കിട്ടിയത് കൊണ്ടാണോ എന്നറിയില്ല ഭാര്യ കൊച്ചിനേയും തോളിലെടുത്ത് മീറ്റിന്റെ തലേദിവസം തന്നെ അവളുടെ വീട്ടിലേക്ക് പോയി. അത് എനിക്ക് വല്ലാത്ത പാരയായി. പിന്നെ തലേദിവസം എന്റെ വീട്ടിലെ കമ്പ്യൂട്ടറിന്റെ മുന്‍പിലിരുന്ന് ലോകത്തുള്ള മുഴുവന്‍ മലയാളം ബ്ലോഗര്‍മാരുടെയും പേരു പറഞ്ഞ് ഞാനും തൊടുപുഴയിലും തൃപ്പൂണിത്തറയിലും ഇരുന്ന് അവര്‍ക്കറിയാവുന്ന ബ്ലോഗര്‍മാരുടെ പേരും ക്ഷത്രവും പറയുന്ന ഹരീഷും പ്രവീണും എല്ലാം ചിയേര്‍സ് പറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം കുറച്ചായി. ഞാന്‍ നിറുത്തിയതിന്‌ ശേഷവും കള്ളന്മാര്‍ എന്നെ കൂട്ടാതെ പിന്നെയും കുറേ നേരം കൂടെ ആരോടൊക്കെയോ ചിയേര്‍സ് പറഞ്ഞ് കലങ്ങിയ കണ്ണൂകളോടെ വെളുപ്പിനോ മറ്റോ ആണ്‌ കിടന്നതെന്ന് തോന്നുന്നു. ഏതായാലും ജോഹര്‍ രാവിലെ എത്തുമെന്നും കൊട്ടോട്ടിയും പറഞ്ഞപോലെ ഉണ്ടാവുമെന്നും ഉറപിച്ച് മത്താപ്പ് എന്ന ബ്ലോഗര്‍ക്ക് മീറ്റ് സ്ഥലത്തേക്ക് വരുവാനുള്ള വഴിയും ഒപ്പം എന്റെ മൊബൈല്‍ നമ്പറും കൊടുത്ത് ഒന്ന് ചെറുതായി മയങ്ങിയേക്കാം എന്ന വിചാരത്തോടെയാണ്‌ കട്ടിലില്‍ ചെന്ന് കിടന്നത്. ഭാര്യയും മകനും വീട്ടില്‍ പോയതിനാല്‍ അലാറം വെച്ച് ഉണരേണ്ട ഒരു ചുമതല കൂടെ ഉണ്ടായിരുന്നു. അടിച്ച ബ്രാണ്ട് ഏതാണെന്ന് പിടിയില്ലാത്തതിനാല്‍ അലാറമായി വെച്ച സമയം പോലും എനിക്കോര്‍മ്മയില്ല
കേട്ടോ.. എത്ര വലിയ കുടിയനാണെങ്കിലും കുടിച്ച സാധനം വയറ്റില്‍ ഭൂം ഭൂം അടിച്ചാല്‍ പിന്നെ ഉറക്കം കിട്ടില്ല. അതുകൊണ്ട് തന്നെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം പോയതൊട്ട് അറിഞ്ഞുമില്ല.

രാവിലെ അലാറത്തിന്‌ പകരം കൂതറ ഹാഷിമിന്റെ ഫോണ്‍ കാള്‍ ആണ്‌ എന്നെ ഉണര്‍ത്തിയത്. കൂടെവരാമെന്ന് പറഞ്ഞ കൊട്ടോട്ടിക്കാരന്‍ ട്രെയിന്‍ ഇല്ലാത്തത് കൊണ്ട് ബസ്സില്‍ കയറി പോന്നെന്നും ഇനി കാലിനു പാടില്ലാത്ത ഞാന്‍ എങ്ങിനെ അവിടെയെത്തും എന്നുമുള്ള ഹഷീമിന്റെ ചോദ്യം കേട്ടപ്പോള്‍ നിങ്ങള്‍ക്കറിയാലോ സെന്റിയില്‍ വീഴാത്ത കുടിയന്മാരില്ലെന്ന്. പ്രത്യേകിച്ച് വയ്യാത്ത കാലുമായി ചെറുതുരുത്തിയിലെ പഞ്ചകര്‍മ്മ ചികത്സ കേന്ദ്രത്തില്‍ നിന്നും പ്രത്യേക പെര്‍മിഷനൊക്കെ എടുത്ത് ആവേശത്തോടെ മീറ്റാന്‍ കാത്തിരിക്കുന്ന ഒരു നല്ല ബ്ലോഗരുടെ വേദന കണ്ടില്ലെങ്കില്‍ പിന്നെ ഞാനൊക്കെ എന്തോന്ന് കുടിയന്‍!!! വേറെ ഏതെങ്കിലും ബ്ലോഗര്‍മാര്‍ ഷൊര്‍ണ്ണൂര്‍ ടച്ച് ചെയ്ത് വരുന്നുണ്ടോ എന്ന് ഹഷിം ചോദിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് പാലക്കാട്ടുകാരന്‍ സുമേഷ് മേനോനെയാണ്‌. കുടിച്ച് വീര്‍ത്ത കണ്ണൂകള്‍ കൊണ്ട് എന്റെ മൊബൈലില്‍ തപ്പി സുമേഷ് മേനോന്റെ നമ്പര്‍ ഹഷിമിന്‌ കൈമാറി കഴിഞ്ഞിട്ടും എന്നിലെ കുടിയന്റെ സ്നേഹം തീര്‍ന്നില്ല. തലേ ദിവസം വന്ന മിസ്സ്കാളുകളുടെ കൂട്ടത്തില്‍ നിന്നും മത്താപ്പ് എന്ന ദിലീപിന്റെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് അതുകൂടെ ഹഷിമിനെ വിളിച്ച് പറഞ്ഞു കൊടുത്ത് കഴിഞ്ഞിട്ടാണ്‌ പല്ലുതേപ്പ്, കുളി, മുതലായ അനാവശ്യകാര്യങ്ങളിലേക്ക് കടന്നത്. അതെല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍. നോക്കിയപ്പോള്‍ കായംകുളത്ത് നിന്നും സാദിഖ് ആണ്‌. മീറ്റ് നടക്കുന്ന ഹാള്‍ ഹോട്ടലിലെ താഴെയാണൊ മുകളിലാണോ എന്നതാണ്‌ പുള്ളിക്കാരന്റെ സംശയം. മുകളിലാണെങ്കില്‍ വീല്‍ചെയറുമായി കക്ഷിക്ക് കയറാന്‍ പറ്റില്ലത്രെ!! ഹൊ.. എന്നിലെ കുടിയന്‍ വീണ്ടും ഉണര്‍ന്നു. തൊടുപുഴയില്‍ കുറവായേക്കാവുന്ന വെള്ളത്തിന്റെ അളവിന്‌ പരിഹാരമായാണ്‌ സ്ഥിരമായി കടന്ന് പോകുന്ന വഴിയിലുള്ള ഹോട്ടലില്‍ തന്നെ കൂടുതല്‍ വെള്ളം കിട്ടുമെന്ന പ്രതീക്ഷയോടെ മീറ്റ് സംഘടിപ്പിച്ചത്. പക്ഷെ, മാഷിനൊക്കെ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തോന്ന് മീറ്റ് എന്നതായിരുന്നു മനസ്സില്‍. അല്പം വിഷമത്തോടെയാണ്‌ ബോധമില്ലാത്ത ഞാന്‍ എന്നേക്കാള്‍ വലിയ കുടിയനും ആഭാസനും സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുമായ പ്രവീണിനെ ഒന്ന് കോണ്ടാക്റ്റ് ചെയ്യാന്‍ സാദിഖ് മാഷിനോട് ആവശ്യപ്പെട്ടത്. അതിനിടയില്‍ അമ്മ തിളപ്പിച്ചാറ്റിയ ഒരു ഗ്ലാസ് കട്ടന്‍ സ്മാള്‍ തന്നു. അതും കുടിച്ച് കുറച്ച് അനാവശ്യമായ വസ്തുക്കളും എടുത്ത് ബാഗില്‍ തിരുകി കിട്ടിയ ബസ്സില്‍ ചാടികയറി മീറ്റ് നടക്കുന്ന ഇടപ്പള്ളിയിലേക്ക് വെച്ചു പിടിച്ചു. പോകുന്ന വഴിക്കെല്ലാം ഒരു രണ്ട് മൂന്ന് വട്ടം സഹ കുടിയന്മാരായ ഹരീഷ് തൊടുപുഴയേയും പ്രവീണ്‍ വട്ടപ്പറമ്പത്തിനേയും വിളിച്ച് വെള്ളമടിക്ക് കൊണ്ട് വരേണ്ട ടച്ചിങ്ങുകളെ പറ്റി ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. അതിനിടയില്‍ ഹഷിമിന്റെ വിളി വീണ്ടും വന്നു. മത്താപ്പിനെയും കൂട്ടി കാറിലാണ്‌ വരുന്നതെന്നും ഗൂഗിള്‍ മാപ്പില്‍ നോക്കി വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും. , ഒരു കുടിയന്റെ മുന്നില്‍ മാഗല്ലന്റെ ലോകം ഉരുണ്ടതാണെന്ന പരമമായ സത്യം നിലനില്‍ക്കുന്നത് കൊണ്ട് വായില്‍ തോന്നിയ വഴികള്‍ പറഞ്ഞ് കൊടുത്തു. നാക്ക് കുഴയുന്നണ്ടായിരുന്നത് കൊണ്ട് ഹഷിമിന്‌ അതൊന്നും മനസ്സിലായി കാണില്ല. ഹഷീമേ മാപ്പ്!!

അങ്ങിനെ രാവിലെ 7.30 ഓടെ ഇടപ്പള്ളിയിലെ ഹൈവേ ഗാര്‍ഡന്‍ എന്ന ഹോട്ടലിലെ പന്തല്‍ എന്ന വേദിയില്‍ പൊടുന്നനെ പെയ്ത മഴയില്‍ നനഞ്ഞ് ഞാന്‍ എത്തുമ്പോള്‍ അവിടെയാകെയുണ്ടായിരുന്നത് ഹോട്ടല്‍ ജീവനക്കാര്‍ മാത്രമായിരുന്നു. പ്രവീണിനെ ഫോണില്‍ വിളിച്ചപ്പോള്‍ രാവിലെ തുടങ്ങിയ മഴക്കിടയില്‍ നനയണ്ട എന്ന് കരുതി ഇന്നലെ രാത്രിയില്‍ എത്തി പ്രവീണിന്റെ റൂമില്‍ അന്തിയുറങ്ങിയ
ജുനൈദുമായി തൃപ്പൂണിത്തുറയിലെ ഏതോ ഒരു വെയിറ്റിങ് ഷെഡില്‍ കയറി നില്‍ക്കുകയാണെന്നും എന്നോട് അവിടെ മീറ്റ് ഹാളില്‍ വേണ്ട കുറച്ച് സം‌വിധാനങ്ങള്‍ ഹോട്ടലുകാരുമായി ചര്‍ച്ച ചെയ്യാനും പറഞ്ഞു. അപ്പോഴേക്കും മുരുകന്‍ കാട്ടാക്കടയോടൊപ്പം അവിടെ തലേന്ന് തന്നെ സ്റ്റേ ചെയ്യുകയായിരുന്ന പാവപ്പെട്ടവന്‍ അവിടേക്ക് വന്നു. ആദ്യമായി ഞാനും പാവപ്പെട്ടവനും തമ്മില്‍ കണ്ടുമുട്ടുകയായിരുന്നു. പരിചയപ്പെട്ടതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഇരുവരും കുറച്ച് സമയം അവിടെ വര്‍ത്തമാനങ്ങളുമായി ഇരുന്നപ്പോഴേക്കും ജുനൈദിനെ പുറകില്‍ ഇരുത്തി പ്രവീണ്‍ വട്ടപ്പറമ്പത്ത് അവിടെയെത്തി. എഴുത്തുകളിലൂടെ പരിചയമുള്ള ജുനൈദിനെ ആദ്യമായി കണ്ടതിന്റെ സന്തോഷമായിരുന്നു എന്റെ മനസ്സില്‍. പക്ഷെ, ഇത് വരെ കാണാത്തവര്‍ എന്നോ നേരില്‍ സംസാരിക്കാത്തവര്‍ എന്നോ യാതൊരു ഫീലിങ്ങും തരാത്ത വിധം എനിക്ക് കൈ തന്ന് സുഖമല്ലേടാ എന്ന് ചോദിച്ച ജുനൈദ് എനിക്ക് ശരിക്കും ഒരത്ഭുതം ആയിരുന്നു. അല്പം കൊച്ചു വര്‍ത്തമാനങ്ങളുമായി ഞങ്ങള്‍ നിന്നപ്പോളേക്കും നേരത്തേ ഓര്‍ഡര്‍ ചെയ്തസാധനവുമായിനമ്മുടെ ബൂലോകത്തിലെ ജോഹര്‍ എന്ന ജോ എത്തി. ജോ കൊണ്ട് വന്ന ഫ്ലെക്സ് എന്ന സാധനം എങ്ങിനെ ഫിറ്റ് ചെയ്യുമെന്ന ചിന്തയിലായിരുന്നു പിന്നീട് ഞാനും പ്രവീണൂം ജുനൈദും പാവപ്പെട്ടവനും. അപ്പോളേക്കും മുള്ളൂക്കാരന്‍ എന്ന ബൂലോക പാമ്പ് ഇടപ്പള്ളിയില്‍ ലാന്റ് ചെയ്തു എന്നറിഞ്ഞ ജോ വളരെ വിഷമത്തോടെ സാധനം ഞങ്ങളെ ഏല്പ്പിച്ച് മുള്ളൂക്കാരനെ പിക് ചെയ്യാന്‍ പോയി. ഫ്ലെക്സ് ഒക്കെ കെട്ടികഴിഞ്ഞപ്പോളേക്കും യൂസഫ്പാ എത്തി. രെജിസ്ട്രേഷന്‍ എന്ന പരിപാടിക്കായി ഒരു കസേരയും മേശയും പിടിച്ചിട്ട് അവിടെ ഇരുന്നു. ആദ്യ രജിസ്ട്രേഷന്‍ പാവപ്പെട്ടവന്റെ വകയായിരുന്നു. തുടര്‍ന്ന് ജുനൈദ് രജിസ്ട്രര്‍ ചെയ്തു. അപ്പോളേക്കും ഒരോ ബ്ലോഗര്‍മാരായി എത്തിതുടങ്ങിയിരുന്നു.


മിറ്റ് നടക്കുന്ന ബാറിലേക്ക്.. അല്ല സോറി പന്തലിലേക്ക് മുള്ളൂക്കാരനും ജോയും വീണ്ടും വന്നപ്പോളേക്കും ബൂലോകരെ മുഴുവന്‍ നാണംകെടുത്തിയ ലൈവ് സ്ട്രീമിങിന്റെ ഒരുക്കങ്ങള്‍ പ്രവീണിന്റെ നേതൃത്വത്തില്‍ അവിടെ തുടങ്ങിയിരുന്നു. പ്രവീണിനോടൊപ്പം മുള്ളൂക്കാരന്‍ കൂടെ കൂടിയപ്പോള്‍ പിന്നെ നമുക്ക് അവിടെ വലിയ സ്ഥാനമില്ലാത്തതിനാല്‍ ഞാന്‍ പതുക്കെ ഒരു കപ്പ് ചായയുമായി (സത്യമായും ബ്രാണ്ടിയായിരുന്നു. പിന്നെ പോസ്റ്റില്‍ അതെങ്ങിനെ പറയും) അവിടെ മാറി നിന്നു. ഇതിനിടയില്‍ ചാണ്ടിക്കുഞ്ഞും ചിതലും ഫോണില്‍ വിളിച്ച് അവര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനെ പിക്ക് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞതും സന്ദീപ് സലിം ഭാര്യയുമായി വരുന്നവഴി വഴി ചോദിച്ചതും കായംകുളത്ത് നിന്നും തിരിച്ച സാദിഖ് മാഷും, വഴിയില്‍ പലയിടത്ത് നിന്നുമായി ഹഷിമിന്റെ കൂടെയുള്ള മത്താപ്പ് എന്ന ദിലീപും എന്നെ വിളിച്ചുവെന്നതും അവര്‍ക്കൊക്കെ വഴി പറഞ്ഞ് കൊടുത്തു എന്നതും ഒരു പക്ഷെ മദ്യത്തിന്റെ ലഹരിയില്‍ എനിക്ക് തോന്നുന്നതാവാം. ഇതിനിടയില്‍ എപ്പോഴാണോ എന്തോ ഇത് വരെ ഫോണിലൂടെ മാത്രം പരിചയമുണ്ടായിരുന്ന ഹരീഷും അവിടെ എത്തിച്ചേര്‍ന്നു. ദീര്‍ഘമായ ഒരാലിംഗനമായിരുന്നു ആദ്യകൂടികാഴ്ചയില്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് നാലു മാസങ്ങളായി സ്ഥിരമായി ഫോണിലൂടെ അറിയുന്ന സുഹൃദ് ബന്ധം ........

സമയം ഏതാണ്ട് 9.00 മണി. അപ്പോളേക്കും ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഷെരീഫ് കൊട്ടാരക്കര, ജാബിര്‍, അപ്പൂട്ടന്‍, പാലക്കുഴി, സന്ദീപ് സലിം അങ്ങിനെ ഓരോരുത്തരായി മിറ്റ് നടക്കുന്ന പന്തലിലേക്ക് വന്നു തുടങ്ങി. അപ്പോളേക്കും പ്രവീണും മുള്ളൂക്കാരനും ജോയും ചേര്‍ന്ന് ലൈവ് സ്ട്രീമിങ്ങിന്റെ പരിപാടികള്‍ പൂര്‍ത്തിയാക്കി മുന്‍‌കൂട്ടി അറിയിച്ചതിലും ഏതാണ്ട് പതിനഞ്ച് മിനുറ്റുകള്‍ക്ക് മുന്‍പ് തന്നെ സ്ട്രീമിങ്ങിന്റെ ടെലികാസ്റ്റ് തുടങ്ങിയിരുന്നു. സ്ട്രീമിങ്ങ് ആരംഭിക്കുമ്പോള്‍ ഹാളില്‍ പ്രവീണ്‍, മുള്ളൂക്കാരന്‍, പാവപ്പെട്ടവന്‍, ഹരീഷ്, യൂസഫ്ഷാ, ജോ, ജുനൈദ്, ഷെറിഷ് കൊട്ടാരക്കര, അപ്പൂട്ടന്‍, ജാബിര്‍, സന്ദീപ് സലിമും ഭാര്യയും, ചാണ്ടിക്കുഞ്ഞ്, ചിതല്‍, ഡോ: ജയന്‍ ഏവൂര്‍, പാലക്കുഴി, സജിം തട്ടത്തുമല, കാര്‍ട്ടൂണിസ്റ്റ് സജിവേട്ടന്‍, മണികണ്ഠന്‍, വി.എസ്. ഗോപന്‍, തബാറബ് റഹിമാന്‍ .. അങ്ങിനെ കുറച്ച് ആളൂകള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ എത്തിയിരുന്നില്ല എന്നത് മദ്യത്തിന്റെ ലഹരിയില്‍ എനിക്ക് തോന്നുന്നതാണൊ എന്നറിയില്ല കേട്ടോ.. അതേ സമയത്ത് എന്നെ മൊബൈലില്‍ വിളിച്ച നട്ടപിരാന്തനോട് സ്ട്രീമിങ്ങിനെ കുറിച്ച് സംസാരിക്കുകയും അത് കാണാന്‍ കഴിയുന്നുണ്ടേന്ന് ഉറപ്പ് വരുത്തുകയും ചെയ്തു എന്നും നട്ടപിരാന്തന്‍ ആവശ്യപ്പെട്ട പ്രകാരം ഫോണ്‍ മുള്ളൂക്കാരനും ഹരീഷിനും കൈമാറി എന്നും തന്നെ പാവം കുടിയന്റെ വിശ്വാസം.

ബ്ലോഗര്‍മാര്‍ ഒറ്റക്കും കൂട്ടായും വന്നുകൊണ്ടിരുന്നു. നന്ദന്‍, കുമാരന്‍, തോന്ന്യാസി, മുരളിക, കൊട്ടോട്ടിക്കാരന്‍, ഇസ്മയില്‍ കുറുമ്പാടി, കാപ്പിലാന്, മത്തായി സെക്കന്റ്, കൃഷ്ണകുമാര്‍, സുമേഷ് മേനോന്‍, ശങ്കര്‍ ദാസ്, പുറക്കാടന്‍, റിച്ചാര്‍ഡ് ആദിത്യ (റിച്ചു), അശ്വിന്‍, ലെക്ഷ്മി, പ്രയാണ്‍, പൌര്‍ണ്ണമി, ഷിബു മാതു ഈശൊ, ..... 10 മണിക്ക് തുടങ്ങാമെന്ന് അറിയിച്ചിരുന്ന മീറ്റ് കൂടുതല്‍ ബ്ലോഗേര്‍സ് എത്തും എന്ന പ്രതീക്ഷയില്‍ 10.30 വരെ നീണ്ടു പോകുമ്പോള്‍ സത്യത്തില്‍ ആദ്യ മീറ്റില്‍ പങ്കെടുക്കുന്ന എനിക്കും തെല്ല് ആശങ്ക ഇല്ലാതില്ലായിരുന്നു. ഒടുവില്‍ മീറ്റ് തുടങ്ങാമെന്ന അറിയിപ്പുമായി
പാവപ്പെട്ടവന്‍ ആങ്കറുടെ റോളില്‍ അവതരിച്ചപ്പോള്‍ കാത്തിരുന്ന മീറ്റ് എന്ന സ്വപ്നം സഫലമായതിന്റെ സന്തോഷത്തില്‍ മാറി നിന്ന് രണ്ട് സ്മാള്‍ വിടുകയായിരുന്നു ഞങ്ങള്‍ സംഘാടകര്‍ എന്ന വാദം അവിടെ വന്നിരുന്നവര്‍ക്കും കണ്ടിരുന്നവര്‍ക്കും അറിയാമല്ലോ..

പിന്നീട് കവി മുരുകന്‍ കാട്ടാകടകൂടി വേദിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ബ്ലോഗെര്‍സ് സ്വയം പരിചയപ്പെടുത്തുക എന്ന ചടങ്ങ് തുടങ്ങി. പാവപ്പെട്ടവനില്‍ തുടങ്ങിയ പരിചയപ്പെടല്‍ ഓരോരുത്തരും അവരുടേതായ രീതിയില്‍ ഭംഗിയാക്കി. അതിന്‌ ശേഷം കഴിഞ്ഞ ദിവസം അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെ തന്നെയും വിട്ട് പിരിഞ്ഞ കുഞ്ഞ് ബ്ലോഗര്‍ ശലഭായനം രമ്യക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് അവിടെ കൂടിയ ബ്ലോഗര്‍മാരെല്ലാം ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിച്ചു. ഇതൊക്കെതന്നെയാണ് ഇത്തരം കൂട്ടായ്മകളുടെ നീക്കിയിരിപ്പ് എന്ന് വിശ്വസിക്കുന്നവനാണ്‌ ഞാന്‍.. രമ്യയുടെ പുസ്തകത്തിന്റെ പ്രസാധകരായകൂട്ടംകൂട്ടായ്മയിലെ സംഘാടകനും രമ്യയെ പലപ്പോഴായി അടുത്തറിഞ്ഞിട്ടുള്ള ആളുമായ ഡോക്ട്രര്‍ ജയന്‍ ഏവൂര്‍ രമ്യയെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോളും സദസ്സിലുണ്ടായിരുന്ന ബ്ലോഗര്‍മാരെല്ലാം ഒരു നിമിഷം നിശബ്ദരായി..

പിന്നീട് കവിയും ബ്ലോഗരുമായ മുരുകന്‍ കാട്ടാക്കട തന്റെ പ്രശസ്തമായ രേണുക എന്ന കവിത ചൊല്ലി. ഭ്രമമാണ്‌ പ്രണയം. വെറും ഭ്രമം.. വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌന്ധം എന്ന വരികള്‍ പറഞ്ഞ് വാക്കിന്റെ വിരുതിനാല്‍ അവിടെ കൂടിചേര്‍ന്ന ബ്ലോഗേര്‍സിലെ , ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ നന്മയും തിന്മയും പങ്കുവെച്ച ഒരു ചെറിയ പ്രസംഗത്തിന്‌ ശേഷമാണ്‌ കവിതകളിലേക്ക് കടന്നത്. പിന്നീട്, വരാമെന്ന് ഉറപ്പ് പറഞ്ഞ പലരും വരാതിരുന്നതിനാല്‍ മാത്രം ശുഷ്കമായി പോയ വേദിയിലെ ചെറിയ സദസ്സിനെ ഉത്തേജിപ്പിക്കാന്‍ ചെറിയ ചെറിയ കവിതകളിലൂടെ കവി ശ്രമിച്ചു എന്നതും വിസ്മരിക്കാനാവില്ല. കാപ്പിലാന്റെ വകയായി ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ കോപ്പികള്‍ വിതരണവും കുമാരന്റെ കുമാരസംഭവങ്ങളുടെ വിതരണവും നമ്മുടെ ബൂലോകത്തിന്റെ വകയായി കഴിഞ്ഞ ചെറായി മീറ്റിന്റെ വീഡിയോ ഡിവീഡി വിതരണവും നടന്നു. ഇതിനിടയില്‍ കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകവും വിതരണം നടത്തി എന്ന് കേട്ടു. അറിഞ്ഞില്ല. അല്ലെങ്കില്‍ പുസ്തകങ്ങളോട് അല്പം ആദരവുള്ളതിനാല്‍ അത് സംഘടിപ്പിച്ചേനേ..

അപ്പോഴേക്കും ഉച്ചയൂണിനുള്ള സമയം ആയിരുന്നു. മഴ ഒഴിഞ്ഞ് നിന്നതിനാല്‍ വൈകീട്ടേക്ക് പ്ലാന്‍ ചെയ്തിരുന്ന ഗ്രൂപ്പ് ഫോട്ടോ സെഷന്‍ ഉച്ചയൂണിന്‌ മുന്‍പ് നടത്തിയേക്കാം എന്ന അഭിപ്രായത്തോടും ഒരേ മനസ്സോടെയാണ്‌ അവിടെ കൂടിയിരുന്ന സുഹൃത്തുക്കള്‍ പ്രതികരിച്ചത്. അങ്ങിനെ ഗ്രൂപ്പ് ഫോട്ടോ തീര്‍ക്കുമ്പോള്‍ അവിടെ കൂടിയിരിക്കുന്ന ബ്ലോഗേര്‍സിന്റെ കാരിക്കേച്ചറുകള്‍ വരക്കാനുള്ള പേപ്പര്‍ എടുക്കാനായി കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്റെ വീട്ടിലേക്ക് പോയിരുന്ന പ്രവീണും, ജോയും, ഫോട്ടോയെടുക്കാനായി മാറി നിന്ന ഹരീഷും ഗ്രൂപ്പ് ഫോട്ടോയില്‍ ഇല്ല എന്ന വേദന മാത്രം ബാക്കി. അതും സാധനം വാങ്ങാന്‍ വേണ്ടി മുങ്ങിയതായി കണ്ട കൂതറ മനസ്സുകാളോട് എന്ത് പറയാന്‍? സജീവേട്ടന്റെ വീട്ടിലേക്ക് കൂടെ ലൈവ് സ്ട്രീമിങ്ങ് കൊടുക്കാതിരുന്നത് അലിയുടെ തെറ്റാത്തിടത്തോളം ഗ്രൂപ്പ് ഫോട്ടോയില്‍ പലരും മിസ്സായത് അപ്പുറമുള്ള ബാറിന്റെ സാന്നിദ്ധ്യമാണെന്ന കൊച്ചു തോമയുടെയും അലിയുടെയും വാദങ്ങളോട് ഞാന്‍ പ്രതികരിക്കുന്നില്ല.

പിന്നീട് ചോറും ചിക്കനും മീനും സാമ്പാറും കാളനും അവിയലും അച്ചാറും കാബേജും കൂട്ടിയുള്ള ഊണ്‌. പിറ്റേന്ന് കര്‍ക്കിടകവാവായതിനാലും കഴിഞ്ഞ വര്‍ഷം വിട്ടുപിരിഞ്ഞ അച്ഛന് ആദ്യമായി ബലിയിടേണ്ടതിനാലും മീറ്റില്‍ വിളമ്പിയ മാംസാഹാരങ്ങളുടെ രുചി എനിക്കറിയില്ല എന്ന് പറയാന്‍ എനിക്ക് മടിയൊന്നും ഇല്ല. ഇനി അച്ഛന്‌ ബലിയിടുന്നത് സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകള്‍ മാത്രമാണോ എന്നെനിക്കറിയില്ല. അങ്ങിനെയെങ്കില്‍ അച്ഛന്‌ വേണ്ടി അത് ഞാന്‍ അങ്ങോട്ട് സഹിച്ചു.

ഭക്ഷണശേഷം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ മദ്യപിച്ച് കലങ്ങിയ കണ്ണുകളോടെ അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ കൊച്ചു തോമയെ വരച്ചോ ആവൊ?സജീവേട്ടന്റെ കൈകള്‍ക്ക് വിശ്രമം അനുവദിക്കാത്ത രീതിയില്‍ അവിടെ വന്ന ബ്ലോഗര്‍മാര്‍ മുഴുവന്‍ കസേരയുടെ ചുറ്റുവട്ടത്തേക്ക് പോയപ്പോഴാവും തീര്‍ച്ചയായും മീറ്റില്‍ പങ്കെടുക്കും എന്ന് പറഞ്ഞ എറണാകുളംകാരന്‍ ഒരു ബ്ലോഗര്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തതും നമ്മുടെ ബൂലോകത്തിലെ മീറ്റിന്റെ ലൈവ് സ്റ്റ്രീമിങ്ങില്‍ മൈക്കിള്‍ ജാക്സനെ വെല്ലുന്ന രീതിയിലുള്ള ഫാനുകളുടെ താണ്ഡവം കണ്ട് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ എടുത്ത് മിറ്റ് നടക്കുന്ന വേദിയായ ഇടപ്പള്ളിയില്‍ നിന്നും രാജ്യങ്ങളുടെ അകലമുള്ള കാക്കനാട്ടെ വീട്ടില്‍ കിടന്ന് ഒന്ന് മയങ്ങിയേക്കാമെന്ന് കരുതിയതെന്ന് തോന്നുന്നു. തെറ്റുപറയാന്‍ കഴിയില്ല കൂട്ടരെ.. ആരായാലും ചെയ്ത് പോകും. ഇതിനിടയില്‍ ദൂരെയുള്ള പല ബ്ലൊഗേര്‍സും പതുക്കെ അവരുടെ വീടുകള്‍ എത്തിച്ചേരാനുള്ള തിരക്കില്‍ വിടപറയാന്‍ തുടങ്ങിയിരുന്നു.

ഒരിക്കല്‍ കൂടി വട്ടം ചേര്‍ന്നിരുന്ന ബ്ലോഗേര്‍സ് അവരുടെ കൊച്ച് കൊച്ച് കലാവാസനകള്‍ അവിടെ അവതരിപ്പിച്ചു. ശ്രീ പൊറോടത്തിന്റെ പ്രിയമുള്ളവളെ എന്ന ഗാനം.. നമ്മോടൊപ്പമുണ്ടായിരുന്ന മൂന്ന് ബ്ലോഗിണികളിലെ ഒരാളായ പ്രയാണ്‍ ചേച്ചിയുടെ ഭര്‍ത്താവ് പാടിയ പണ്ട് പാടിയ പാട്ടിലൊരീണം എന്ന ഗാനം... മണികണ്ഠന്റെ അനുകരണ ഗാനം.. അതിനേക്കാളൊക്കെ ഏറെ വാക്കാ വാക്ക എന്ന ഫുട്ബാള്‍ ലോകകപ്പിന്റെ തീം സോങ് അതിമനോഹരമായി അവതരിപ്പിച്ച കൊച്ചു ബ്ലോഗര്‍ അശ്വിന്റെ (അപ്പു) പ്രകടനം.. വീണ്ടും ബാഗ്ദാദ് എന്ന കവിതയുമായി മുരുകന്‍ കാട്ടാകട.. അങ്ങിനെ കുറച്ച് കലാപരിപാടികളുമായി അല്പ സമയം കൂടി .. പിന്നീട് ചായ കുടിച്ച് പരസ്പരം ഇനിയൊരു മീറ്റില്‍ കാണാമെന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന ലോകത്തിന്റെ വിവിധകോണിലിരുന്ന് വാക്കിലൂടെ.. എഴുത്തിലൂടെ തീക്ഷ്ണമായി സം‌വേദിക്കുന്നവര്‍.. ഇതൊക്കെയായിരുന്നു മീറ്റില്‍ എന്റെ അനുഭവങ്ങള്‍

മീറ്റിന്റെ സംഘാടനത്തില്‍ പറ്റിയ പാളിച്ചകളിലേക്ക്...

ഒരു ബ്ലോഗര്‍ക്ക് പോലും വിവരം കൊടുക്കാതെ മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇല്ലാതെ ഒരു സുപ്രഭാതത്തില്‍ മീറ്റ് നടത്തിയത്...

തൊടുപുഴയിലെ അന്തരീക്ഷത്തില്‍ ഒരു മീറ്റ് നടക്കില്ല എന്നറിഞ്ഞപ്പോള്‍ മീറ്റ് വേണ്ട എന്ന് തിരുമാനിക്കാതെ കൂടുതല്‍ വെള്ളം കിട്ടുന്ന ഇടപ്പള്ളിയിലേക്ക് അതിനെ പറിച്ച് നട്ടത്.

മണലാരണ്യത്തില്‍ ഇരുന്ന് ഒരു പാവപ്പെട്ടവനും, തൊടുപുഴയിലെ ഹരീഷും, ഗുരുവായൂരുള്ള യൂസഫ്പായും, അന്തിക്കാടുള്ള പ്രവീണും, ചെറായിയിലുള്ള മനോരാജും ലോകത്തുള്ള ബ്ലോഗര്‍മാരോട് മുഴുവന്‍ ഫോണിലും ചാറ്റിലും സംസാരിച്ചാല്‍ ഒരു മീറ്റ് നടത്തി മലമറിക്കാം എന്ന്‍ കരുതിയത്.

എന്റെ കൈവശമുണ്ടായിരുന്ന ഒരു 5 മെഗാ പിക്സില്‍ നൈറ്റ് വിഷന്‍ വെബ് കാമും പാലക്കാടെവിടെയോ കിടക്കുന്ന മുള്ളൂക്കാരന്റെ കൈയിലുള്ള ബി.എസ്.എന്‍.എല്‍. വയര്‍ലെസ് മോഡവും, തിരക്കുകള്‍ മാറ്റി വച്ച് നമ്മുടെ ബൂലോകത്തിലൂടെ മീറ്റിന്റെ വീഡിയോ ലൈവായി കാണിക്കാന്‍ ശ്രമിച്ച ജോഹറിന്റെയും സപ്പോര്‍ട്ട് കണ്ട് ബൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരിക്കുന്ന നമ്മുടെ ബ്ലോഗര്‍മാരെ ഷാജി കൈലാസ് സിനിമകാട്ടാമെന്ന് വാക്കുകൊടുത്ത് മൈക്കിള്‍ ജാക്സന്റെ സ്ലോമോഷന്‍ ഡാന്‍സ് പോലെ ഫാനുകള്‍ ആടുന്നത് മാത്രം കാട്ടികൊടുത്ത് പറ്റിച്ച പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ ചതി മനസ്സിലാക്കാതെ പോയത്.

വരാമെന്ന് ഉറപ്പ് പറഞ്ഞ 80 ഓളം ബ്ലോഗേര്‍സിനായി കഷ്ടപ്പെട്ട് നിരത്തിയ വെളള കസേരകള്‍ അവസാനം വരെ അവരെ പ്രതീക്ഷിച്ച് എടുത്ത് മാറ്റാതിരുന്നത്.ഇനി ഔപചാരികമായ ചില നന്ദി പ്രകാശനം കൂടി നടത്തി ഞാന്‍ ഇത് അവസാനിപ്പിക്കട്ടെ.

ഒട്ടേറെ തിരക്കുകള്‍ മാറ്റി വെച്ചും മിറ്റിന്റെ വിജയത്തിനായി ആദ്യാവസാനം അവിടെ സന്നിഹിതനായ നമ്മുടേ ബൂലോകത്തിന്റെ പ്രസാധകന്‍ ജോ.. തിരക്കുകള്‍ക്കിടയിലും പാമ്പുകളിയില്‍ പങ്കെടുക്കാനും അതിന്റെ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും കാട്ടിയ നല്ല മനസ്സിന്‌ നന്ദി.

എര്‍ണാകുളം പോലൊരു സ്ഥലത്ത് മിറ്റ് അറേഞ്ച് ചെയ്റ്റപ്പോള്‍ ദൂരെ നിന്നും വന്ന ബ്ലോഗര്‍മാര്‍ക്ക് താമസസൌകര്യം ഒരുക്കാന്‍ കഴിയാത്തതിന്റെ കുറവറിയിക്കാതെ അവരില്‍ പലരേയും സ്വയം തങ്കളുടെ ഫ്ലാറ്റുകളിലേക്ക് കൂട്ടികൊണ്ട് പോയി അവരെ കഷ്ടപ്പെടുത്താതിരുന്ന നന്ദപര്‍‌വ്വം നന്ദന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് , ചാണ്ടിക്കുഞ്ഞ്.. നിങ്ങള്‍ക്കും നന്ദി.

ലൈവ് സ്ട്രീമിങ് എന്ന പൊറോട്ട് നാടകത്തിനായി നെറ്റ് കണക്ടറും മറ്റുമായി രാവിലെ പാലക്കാടുനിന്നും വണ്ടി കയറിയ മുള്ളൂക്കാരനും, തിരുവനന്തപുരത്ത് നിന്നും വണ്ടി കയറിയ ജയന്‍ ഡോക്ടര്‍ക്കും.. നന്ദി..

അതിനേക്കാളറേ ചികത്സയില്‍ ഇരിക്കുമ്പോള്‍ പോലും അത് അവഗണിച്ച് മീറ്റില്‍ സംബന്ധിച്ച കൂതറ ഹാഷിം.. നിനക്കെന്റെ ഹാറ്റ്സ് ഓഫ്..

സ്വന്തം വൈകല്യത്തോട് പടപൊരുതി കായം കുളത്ത് നിന്നും ഇടപ്പള്ളിയിലേക്ക് സ്വയം കാറോടിച്ചെത്തിയ സാദിഖ് മാഷേ.. മാഷുടെ ഇച്ഛാശക്തിക്ക് മുന്‍പില്‍ തലകുനിക്കുന്നതല്ലാതെ നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല...

ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് അനോണികളായും സനോണികളായും ബ്ലോഗ് എഴുതുന്ന ഒട്ടേറെ ബ്ലോഗിണിമാര്‍ക്കായി.. അവരുടെ പ്രതിനിധികളായി മീറ്റില്‍പങ്കേടുത്ത ലെക്ഷ്മി, പ്രയാണ്‍, പൌര്‍ണ്ണമി എന്നീ പ്രിയപ്പെട്ട മൂന്ന് ബ്ലോഗിണിമാരെ നിങ്ങള്‍ക്ക് നന്ദി..

ആളൊഴിഞ്ഞ കസേരകളി കണ്ടിട്ടും ആവേശത്തോടെ ഫോണ്‍ ചെയ്ത് അവിടെയുണ്ടായിരുന്ന ഒട്ടേറെ പഴയതും പുതിയതുമായ ബന്ധങ്ങളെ പുതുക്കാന്‍ സുമനസ്സ് കാട്ടിയ പ്രിയപ്പെട്ട നട്ടപിരാന്തന്‍, ഹംസ, ഏറക്കാടന്‍, നാടകക്കാരന്‍, നിരക്ഷരന്‍, നൊമാദ്, മാണിക്യം.. നിങ്ങളോടുള്ള നന്ദിയും തീര്‍ത്താന്‍ തീരാത്തതാണ്‌.
--------------------------------------------------------------------------------------------
കുറച്ച് ഫോട്ടോസ് എടുത്തിരുന്നു. എന്തുകൊണ്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. പറ്റിയാല്‍ വൈകീട്ട് മറ്റൊരു പോസ്റ്റായി അതും പോസ്റ്റാം..

മീറ്റില്‍ പങ്കെടുത്തവര്‍ക്കും.. കാതങ്ങള്‍ക്കപ്പുറമിരുന്ന് മീറ്റിന്റെ വിജയത്തിനായി ഒട്ടേറെ സഹായങ്ങള്‍ ചെയ്തവര്‍ക്കും... മീറ്റിലെ തെറ്റുകുറ്റങ്ങള്‍ വ്യക്തമാക്കി തന്ന സുഹൃത്തുക്കള്‍ക്കും... എല്ലാം.. എല്ലാം.. നന്ദി..

52 comments:

mini//മിനി പറഞ്ഞു... മറുപടി

കണ്ണൂരിൽ ഇരുന്ന് വായിക്കുന്നതിനാൽ തേങ്ങയടിക്കുന്നതിനു പകരം ഒരു ബോംബ് പൊട്ടിച്ചാലോ എന്നൊരു ചിന്ന ആലോചന വന്നത് പെട്ടെന്ന് കേൻസൽ ചെയ്തു. പരിപാടിയുടെ ലൈവ് അല്പസമയം കണ്ടിരുന്നു. ശരിക്കും ക..ല...ക്കി.

Vayady പറഞ്ഞു... മറുപടി

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ അവിടെ ഉണ്ടായതു പോലെ തോന്നി. എല്ലാം വിശദമായി എഴുതിയതിന്‌ വളരെ നന്ദി.

എനിക്കിപ്പോള്‍ ഒരു പാട്ട് ഓര്‍മ്മ വരുന്നു.
"പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന്‌ തലചായ്ക്കാന്‍
ബ്ലോഗിലിടമുണ്ട്..ബ്ലോഗിലിടമുണ്ട്.."

jayanEvoor പറഞ്ഞു... മറുപടി

വണ്ടിക്കാളകളെ ഓർമ്മിപ്പിച്ചു, ഈ പോസ്റ്റ്.

നട്ടവെയിലിൽ ഭാരം വലിച്ചു തളരുമ്പോഴും പിൻഭാഗത്ത് ചാട്ടവാറടിയേറ്റ് ലക്ഷ്യസ്ഥാനം വരെ കിതച്ചെത്തുന്നവ...

സ്നേഹത്തോടെ,

പൽ‌പ്പൊഴും വണ്ടിക്കാളയായിട്ടുള്ള, ഇനിയും ആവാൻ സാധ്യതയുള്ള ഒരാൾ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

മനോ, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണു എന്ന് കരുതി സമാധാനിക്കാം. എങ്കിലും പിന്തുണയും പ്രോത്സാഹനവുമായി നമ്മെ വിളിച്ച്, മെയിലുകൾ അയച്ച എത്രയോ പേരുണ്ട്.. അവരുടെ സ്നേഹം മാത്രം മതീലേ നമുക്ക് മുന്നോട്ട് പോവാൻ?


We shall overcome
We shall overcome
We shall overcome some day ...

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

വായിച്ചപ്പോള്‍ മീറ്റില്‍ പങ്കെടുത്ത, അല്ലെങ്കില്‍ അതിലും ബെറ്റര്‍ ആയ ഒരു ഫീലിംഗ് കിട്ടി,
അടുത്ത മീറ്റിനു തൂണ് പിളര്‍ന്നും ഞാന്‍ വരും

കൂതറHashimܓ പറഞ്ഞു... മറുപടി

sorry.
Oru kamantiloode njaan cheytha mandatharathinte vyaapthi othiri kooduthalaanenn onnoode manassilaakkunnu
manuoottaa... Sorry

nandakumar പറഞ്ഞു... മറുപടി

ഇതെഴുതിയതിനു പുറകിലെ മനോവേദന ശരിക്കും മനസ്സിലാക്കുന്നു. തിരക്കിട്ട ജോലിക്കിടയിലും മീറ്റിനു വേണ്ടി ഓടിനടന്നതും മീറ്റ് കഴിഞ്ഞ അന്ന് മകനെ കാണാന്‍ ആശുപത്രി കിടക്കയിലേക്ക് നീ ഓടിയതുമൊക്കെ എ സിയുടെ കുളിരില്‍ കമന്റിട്ട് കളിക്കുന്ന ജന്മങ്ങള്‍ക്കറിയില്ലല്ലോ, അല്ലെങ്കില്‍ ഈ ആത്മാര്‍ത്ഥതയെ തിരിച്ചറിയില്ലല്ലോ.

എത്ര അപവാദങ്ങള്‍ അക്കമിട്ട് നിരത്തിയാലും വിരലിലെണ്ണാവുന്നരെങ്കിലും സ്നേഹം കൊണ്ടും സൌഹൃദംകൊണ്ടും കൂടെയുണ്ടാകും.

വിശദമായ ഈ കുറിപ്പിനു നന്ദിയും..

Sabu Hariharan പറഞ്ഞു... മറുപടി

:)
ബ്ലോഗേർസിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ ഇടാമായിരുന്നു.

yousufpa പറഞ്ഞു... മറുപടി

ഈശ്വരാ..ഇപ്പോഴാണെന്റെ കെട്ടിറങ്ങിയത്.

Anil cheleri kumaran പറഞ്ഞു... മറുപടി

മനോ,, മകൻ ഹോസ്പിറ്റലിലായി കിടക്കുന്ന ഈ അവസ്ഥയിലും ഒരു പോസ്റ്റ് ഇടേണ്ടി വന്നുവെങ്കിൽ നീ എന്ത് മാത്രം വിഷമം അനുഭവിച്ചിട്ടുണ്ടെന്ന് അറിയുന്നു. നൊമ്പരത്തോടെ..

നിരക്ഷരൻ പറഞ്ഞു... മറുപടി

പോട്ടംസ് വേണം മനോരാജ് പോട്ടംസ്.

ഓഫ്:- മകനെന്തുപറ്റി ?(തലേന്ന് ഭാര്യയുടെ കൂടെ വീട്ടിലേക്ക് പോയെന്ന് ഇതില്‍ പറയുന്നുണ്ടല്ലോ?)

ആളവന്‍താന്‍ പറഞ്ഞു... മറുപടി

മനുവേട്ടാ ഇപ്പൊ ഒന്നും പറയുന്നില്ല. പിന്നെ.... പിന്നെ.

Unknown പറഞ്ഞു... മറുപടി

ബ്ലോഗ് മീറ്റുകള്‍ ഇനിയും നടക്കട്ടെ. തെറ്റുകുറ്റങ്ങള്‍ ഇല്ലാതെ തികച്ചും പെര്‍ഫക്റ്റ് ആയി ചെയ്യുക മനുഷ്യസാധ്യമല്ല. നിര്‍ദ്ദേശങ്ങള്‍ വെക്കാനും വിമര്‍ശിക്കാനും എളുപ്പം. സംഘടിപ്പിക്കാന്‍ നിന്നാല്‍ വിവരം അറിയും. എന്തെങ്കിലും ചെയ്യുന്നവര്‍ക്കേ കുറ്റങ്ങള്‍ കേള്‍ക്കേണ്ടതുള്ളൂ. മീറ്റുകള്‍ കൂടുന്ന മുറയ്ക്ക് വെര്‍ച്വല്‍ ലോകത്തിലെ സ്പര്‍ദ്ദകള്‍ക്ക് അയവ് വരുത്താനും ബ്ലോഗേര്‍സിന് പരസ്പരം കണ്ടെത്താനും കഴിയും. അത് വഴി നല്ലൊരു സംസ്ക്കാരത്തിന്റെ സന്ദേശവാകരാകാനും കഴിയും. എന്തെന്നാല്‍ പ്രായേണ ചിന്താശക്തിയുള്ളവരാണ് ബ്ലോഗില്‍ എത്തുന്നത്.

സാര്‍ത്ഥവാഹകസംഘം മുന്നോട്ട്!

ആ‍ശംസകളോടെ,

siya പറഞ്ഞു... മറുപടി

മനോരാജ് ,

മനസ്സില്‍ നിന്നും തന്നെ എഴുതി അല്ലേ?എറണാകുളത്ത് ഉണ്ടായ ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടാന്‍ പറ്റാത്ത വിഷമം ,ബ്ലോഗ്‌ മീറ്റ്‌പരിപാടിയുടെ ലൈവ് ഇവിടെ നിന്നും കണ്ടപ്പോള്‍ ഷമിന്‍ പറഞ്ഞു .അവരുടെ ക്യാമറ കുറച്ച് കൂടി നല്ലത് വേണം എന്ന് . ആളുകളെ കാണാന്‍ അല്ലാല്ലോ നമ്മള്‍ അതിന്‌ മുന്‍പില്‍ ഇരുന്നതും? നാട്ടില്‍ ഈ അവധിക്ക് വരേണ്ടതുമായിരുന്നു ,വരാന്‍ സാധിച്ചില്ല .എന്നാലും ഇവിടെ ഇരുന്ന് എല്ലാവരുടെയും കൂടെ ഞാനും ഉണ്ടായിരുന്നപോലെ തന്നെ തോന്നി .


മനുഈ പോസ്റ്റ്‌ വായിച്ചപോള്‍ മനസ്സില്‍ തട്ടിയ ഒരു വാക്ക് ...

''ഉണരേണ്ട ഒരു ചുമതല കൂടെ ഉണ്ടായിരുന്നു''.ഇനി ഉണ്ടാവുന്ന എല്ലാ ബ്ലോഗ്‌ മീറ്റ്‌ ഇതുപോലെ നല്ലത് തന്നെ ആവും , എല്ലാവരെയും കാണാന്‍ ഒരു അവസരം ഉണ്ടാവണം .ഈ ബ്ലോഗ്‌ മീറ്റ്‌ നല്ലപോലെ നടത്തിയ എല്ലാവര്ക്കും ഒരുപാട് നന്ദിയും ,ആശംസകളും

ആ ഗ്രൂപ്പ്‌ ഫോട്ടോ എവിടെ കാണാന്‍ സാധിക്കും ?

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

:))

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

മനു, ഒത്തിരി പരിമിതികൾക്കകത്തു നിന്ന് ബുദ്ധിമുട്ടി ബ്ലോഗ് മീറ്റ് നടത്തിയവരെ അഭിനന്ദിക്കട്ടെ, നല്ലൊരു പോസ്റ്റായി, ഒരു കന്മഷമില്ലാതെയാന്മനു എഴുതിയത്, അത്തരമൊരു മനസ്സാണു വേണ്ടതും.
ബാറുകളെക്കുറിച്ച് കുറെ പരാമർശമുണ്ടല്ലോ, ബാറു ബാറു ദേഖോ, ഹസാരു ബാറു ദേഖോ (കേരളത്തിലെ ആയിരക്കണക്കിനു ബാറുകൽനോക്കു,നോക്കൂ )എന്ന പാട്ട് മീറ്റിൽ ആരോ പാടിയിരിക്കും, അല്ലേ മനൂ?

sm sadique പറഞ്ഞു... മറുപടി

ആദ്യ അനുഭവമായതിനാൽ ആ ബ്ലോഗ് മീറ്റിൽ അസ്വഭാവികമായിട്ടൊന്നും തോന്നിയില്ല. സംഘാടകർ കഷ്ട്ടപെട്ടിട്ടുണ്ടാവുമെന്നറിയാം. എങ്കിലും , എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞല്ലോ. അതിലുള്ള സന്തോഷം അറിയിക്കുന്നു.
നല്ല വാക്കുകൾക്ക് നന്ദി……. മാഷെ.
എല്ലാവർക്കും നന്ദി….നന്ദി……

pournami പറഞ്ഞു... മറുപടി

mano punch post.fellings motham vannalo..cool

Unknown പറഞ്ഞു... മറുപടി

ഇത് വായിച്ചാല്‍ മൊത്തം പാമ്പ് ആണ് എന്ന് തോന്നുന്നു മനോജ്‌ ..ഹി ഹി
പോട്ടോ പോരട്ടെ ട്ടോ

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

മനുവിന്റെ ഈ പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പ്‌ ആദ്യമായി വായിച്ചത് ഹാഷിമിന്റെ, അലിയുടെ, ജയന്റെ പിന്നെ പൌര്ന്നമിയുടെ. ഇപ്പോള്‍ ഇതും.
അതുകൊണ്ട് തന്നെ മനുവിന്റെ മനസ്സില്‍ തട്ടിയുള്ള വിഷമം എനിക്ക് കാണാനായി.
അലിയുടെ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റെഉം ഇട്ടിരുന്നു.ഒരു പരിപാടി നടത്തുമ്പോള്‍ ഉണ്ടാകാവുന്ന പറച്ചിലും മറ്റുമാണ് കമന്റിയത് എന്ന് തോന്നുന്നു. ആ പോസ്റ്റില്‍, മീറ്റില്‍ പങ്കെടുത്ത നാലുപേര്‍ എഴുതിയ അഭിപ്രായങ്ങളും വായിച്ചിരുന്നു.
ഹാഷിമിന് ഞാന്‍ എഴുതിയത് എല്ലാരെയും പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ എന്നാണ്.
മകന് എന്തായിരുന്നു അസുഖം എന്ന് പറഞ്ഞത്‌?
കമന്റുകളില്‍ കണ്ടതാണ്. പോസ്റ്റില്‍ അതീക്കുറിച്ചോന്നും സൂചിപ്പിച്ചിരുന്നില്ലല്ലോ.
എല്ലാ സുഹൃത്തുക്കളും ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്ന ഒരു പരിപാടിയാണ് നമ്മുടെ മീറ്റ്.
അത് അതിന്റേതായ അര്‍ത്ഥത്തില്‍ മികവും പുലര്‍ത്തി.
ഇതിനെ എല്ലാ പ്രയാസങ്ങളും മറന്ന് വളരെ ക്ലേശിച്ച് സംഘടിപ്പിക്കുന്നതിന് പ്രര്‍വത്തിച്ച ഏവര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനോരാജ്

പോസ്റ്റിലെ തമാശയും കാര്യവും വേര്‍തിരിച്ചെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും
ഒട്ടും വിഷമമുണ്ടായില്ല നിങ്ങള്‍ (എല്ലാവരും) അനുഭവിച്ച കഷ്ടപാടുകള്‍ മനസ്സിലാക്കാന്‍
അത് മനസ്സിലാക്കാതെ പോയത് അവരുടെ കഴിവുകേടായി മാത്രം കണ്ടാല്‍ മതി
പിന്നെ എല്ലാം ഭംഗിയായി കലാശിച്ചല്ലോ... അഭിനന്ദനങ്ങള്‍ ...

അപ്പൂട്ടൻ പറഞ്ഞു... മറുപടി

ഗ്രൂപ്പ്‌ ഫോട്ടോ ഹരീഷിന്റെ ബ്ലോഗിലുണ്ട്‌
എന്റെയും

മനോരാജ്‌,
കുടിച്ചിട്ട്‌ എങ്ങിനെ ഒരു പരിപാടി നടത്താമെന്നും കുടിച്ചിട്ട്‌ എങ്ങിനെ നല്ലൊരു പോസ്റ്റിടാമെന്നും പഠിച്ചു.

കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും, നമുക്ക്‌ യാത്ര തുടരാം. (സമാനമായ ചൊല്ലുകളും)

Unknown പറഞ്ഞു... മറുപടി

മനോജ് - ബ്ലോഗ് മീറ്റ് എന്നാല്‍ കുടിയന്‍‌മീറ്റ് എന്നൊരു ധാരണ പരക്കെ ഉണ്ട്. ഈ മീറ്റിനുശേഷം വന്ന പല പാരപ്പോസ്റ്റുകളും ‘കുടി’ വിശേഷം മാത്രം പറഞ്ഞവയായിരുന്നു.. സംഘാടകനായ താങ്കളും ഇങ്ങനെ എഴുതുമ്പോള്‍(തമാശയ്ക്കാണെങ്കിലും), ബൂലോകം എന്നത് കുടിയന്മാരുടെ സങ്കേതം ആണെന്നും ബ്ലോഗ്മീറ്റ് എന്നത് കുടിക്കാനുള്ള ഒത്തുചേരലാണെന്നും ഉള്ള ഒരു സങ്കല്പം എല്ലാവര്‍ക്കും ഉണ്ടാകും..(ഇനി വേറൊരു മീറ്റ് നടത്തിയാല്‍ തന്നെ അതില്‍ പങ്കെടുക്കാന്‍ പലരും മടിക്കുകയും ചെയ്യും..) - ബ്ലോഗ് മീറ്റിനെ കുറിച്ച് നന്ദകുമാര്‍ എഴുതിയതിലും കുടിവിശേഷം, സംഘാടകനായ താങ്കള്‍ എഴുതിയതിലും ‘കുടിവിഷേഴം’, ഇനി പലരും പറയാന്‍ ഇരിക്കുന്നതിലും ഇതുതന്നെ.. ഈ ഇമേജിനെ മാറ്റുന്ന രീതിയില്‍ ആവണം റിപ്പോര്‍ട്ടിംഗ്.. അല്ലെങ്കില്‍ അടുത്ത മീറ്റിനു ഊണിനും പകരം കള്ളുകുപ്പികളാവും വേദിയില്‍ നിറയുക.. സ്ത്രീബ്ലോഗര്‍മാരും കുട്ടികളും പങ്കെടുക്കാന്‍ മടിക്കും..പ്ലീസ്... ഇത് നിര്‍ത്തുക..

അലി പറഞ്ഞു... മറുപടി

പ്രിയ മനോരാജ്,
ബ്ലോഗ് മീറ്റിൽ പങ്കെടുക്കുകയും പങ്കെടുക്കാതിരിക്കുകയും ചെയ്ത മറ്റു ബൂലോക സുഹൃത്തുക്കളെ.

ഞാനാണാ അലി, ഏതോ ഒരു കൊച്ചുതോമാ വേലിയിൽ കൊണ്ടു വെച്ച പാമ്പിനെ കൂതറ ഹാഷിം കാണിച്ചുതന്നപ്പോൾ വരും വരായ്കകൾ നോക്കാതെ സ്വന്തം ബ്ലോഗിലെടുത്തുവെച്ച വിവരദോഷി. മീറ്റിൽ പങ്കെടുത്ത ആളായതിനാലും ഇതുവരെ പേരിലല്ലാതെ വിവേകരഹിതമായ ഒന്നും അവനിൽ നിന്നും കണ്ടിട്ടില്ലാത്തതിനാലും അത് എന്റെ പോസ്റ്റിൽ ഉൾപ്പെടുത്തുമ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. ഒരിക്കലും അത് സത്യമാണെന്നോ അതെന്റെ അഭിപ്രായമെന്നോ പറഞ്ഞിട്ടില്ല. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ എന്ന് മീറ്റിൽ പങ്കെടുത്തവരോട് അഭിപ്രായമാരായുക മാത്രമാണ് ചെയ്തത്.

അതിലെ ഏതാ‍നും വരികൾ മാത്രം വെയ്ക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരാതിർക്കാനായി അതു മുഴുവൻ ചേർക്കുകയായിരുന്നു. ബൂലോകം ഓൺലൈൻ പോലെയുള്ള സൈറ്റുകൾ എഡിറ്റോറിയൽ ബോർഡ് പോസ്റ്റുകൾ കണ്ടതിൻ ശേഷമാണ് പ്രസിദ്ധീകരിക്കുകയുള്ളു എന്ന തെറ്റിദ്ധാരണയും വിനയായി. അതുകൊണ്ട് അത്രയ്ക്ക് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റാവുമെന്ന് മനസ്സിലാക്കിയില്ല.

ഹാഷിം വീണ്ടും വീണ്ടും വിളിച്ചും മെയിൽ ആയും ക്ഷമാപണം നടത്തുന്നു. വീണ്ടുവിചാരമില്ലാതെ ചെയ്ത തെറ്റുകൾ ഞാനും തിരിച്ചറിയുന്നു. അവസരം മുതലെടുത്ത് എന്റെ ബ്ലോഗിൽ ചില അനോണികൾ വന്ന് മോശമായി കമന്റിയതിൽ ദു:ഖമുണ്ട്.

മനോരാജും ഹരീഷ് തൊടുപുഴയുമൊക്കെ എന്റെ നല്ല സുഹൃത്തുക്കൾ തന്നെ. നിങ്ങളേയും ബൂലോകത്തെയും വിഷമിപ്പിക്കുന്ന തെറ്റുകൾ എന്റെ ഭാ‍ഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കുക. എന്നും നിങ്ങളോടൊപ്പമുണ്ടാവുമെന്നും എനിക്കും നിങ്ങളുടെ സഹകരണങ്ങൾ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

ഇതിലെയും വരിക.

nandakumar പറഞ്ഞു... മറുപടി

@ Rajiv

""ബ്ലോഗ് മീറ്റിനെ കുറിച്ച് നന്ദകുമാര്‍ എഴുതിയതിലും കുടിവിശേഷം""

ഞാന്‍ എഴുതിയ ‘ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യഖണ്ഡം’ എന്ന് പോസ്റ്റില്‍ എവിടെയാണ് സുഹൃത്തേ കുടിവിശേഷം? ആ പോസ്റ്റില്‍ നിന്ന് ഒരു വരിയെങ്കിലും എടുത്ത് ഉദാഹരിച്ചെഴുതിയിരുന്നെങ്കില്‍ സമ്മതിച്ചു തരാമായിരുന്നു.(ഇപ്പോഴും മീറ്റിനെക്കുറിച്ച്പോലും ഞാനതില്‍ പറഞ്ഞിട്ടില്ല)

“”സംഘാടകനായ താങ്കള്‍ എഴുതിയതിലും ‘കുടിവിഷേഴം’“”

മനോരാജ് ഇങ്ങിനെ എഴുതാന്‍ കാരണവും/മനോരാജ് പറഞ്ഞതിന്റെയും പൊരുള്‍ താങ്കള്‍ക്കറിയാഞ്ഞിട്ടോ അതോ അറിയില്ലാന്ന് നടിക്കുന്നതോ??

“”ഇനി പലരും പറയാന്‍ ഇരിക്കുന്നതിലും ഇതുതന്നെ..“”

ഓഹ്!! മീറ്റിനെക്കുറിച്ച് ഇനി പബ്ലിഷ് ചെയ്യാന്‍ പോകുന്ന എല്ലാ പോസ്റ്റുകളുടെ ഡ്രാഫ്റ്റുകളും താങ്കള്‍ ഇതിനോടകം വായിച്ചു കഴിഞ്ഞോ??!! സമ്മതിക്കണം.

“”ബൂലോകം എന്നത് കുടിയന്മാരുടെ സങ്കേതം ആണെന്നും ബ്ലോഗ്മീറ്റ് എന്നത് കുടിക്കാനുള്ള ഒത്തുചേരലാണെന്നും ഉള്ള ഒരു സങ്കല്പം എല്ലാവര്‍ക്കും ഉണ്ടാകും“”

മറ്റുള്ളവര്‍ അവിടെ നില്‍ക്കട്ടെ. അങ്ങിനെ ഒരു സങ്കല്‍പ്പം താങ്കള്‍ക്കുണ്ടോ? ബ്ലോഗില്‍ ഉള്ള പലരും, കഴിഞ്ഞ ദിവസം മീറ്റിനു പങ്കെടുത്തവരില്‍ പലരും, സംഘാടകരില്‍ പലരും ഇതുപയോഗിക്കാത്തവരാണെന്ന സത്യം താങ്കള്‍ക്കറീയുമോ രാജീവേ?

എവിടെ!
അതൊക്കെ ആര്‍ക്ക് അറിയണം അല്ലേ? അല്ലെങ്കില്‍ എന്തിനറിയണം?! ഇതുപോലെ വല്ലവന്റേയും ബ്ലോഗ് ഉമ്മറത്ത് വന്ന് വല്ലതും ച്ഛര്‍ദ്ദിച്ചുപോകുകയാണ് ലക്ഷ്യമെങ്കില്‍ എന്തിനു ഈ സത്യങ്ങളൊക്കെ അറിയാന്‍ നിക്കണം, മാത്രമല്ല അതിനുവേണ്ടി ഒരു ബ്ലോഗോ എന്തിനു ഒരു ഗൂഗിള്‍ അക്കൌണ്ടോ പോലും വേണ്ടല്ലോ അല്ലേ രാജീവ് സാറേ...

ബിജുകുമാര്‍ alakode പറഞ്ഞു... മറുപടി

ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനോരാജിന്റെ വിഷമം നന്നായി ഫീല്‍ ചെയ്തു. പോട്ടെ മാഷെ, ഏതിനും മുന്നില്‍ ഇറങ്ങുന്നവര്‍ക്കിത് പറഞ്ഞതാ. ഞാന്‍ നാട്ടില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയ കാലത്ത് ഇതുപോലെ കുറെ അനുഭവിച്ചതാ. കൈയില്‍ നിന്നും കാശുമുടക്കി കഷ്ടപ്പെട്ട് ഓരോന്നു ചെയ്തു കഴിയുമ്പോള്‍ വെറുതെയിരിയ്ക്കുന്നവന്‍ ഞെളിഞ്ഞ് നിന്ന് വിമര്‍ശിയ്ക്കും. സഹിയ്ക്കാവുന്നതിനപ്പുറമാകുമ്പോള്‍ ചിലപ്പോള്‍ പ്രതികരിച്ചു പോകും. ഇപ്പറയുന്ന ആരും ഇതു പോലൊന്ന് സംഘടിപ്പിയ്ക്കാന്‍ തയ്യാറാവില്ല. വിമര്‍ശനത്തിന് കാല്‍ക്കാശ് മുടക്കില്ലല്ലോ?
എന്നെ പോലെ പങ്കെടുക്കാന്‍ സാധിക്കാത്ത, ധാരാളം പേരുടെ അനുമോദനങ്ങളും പിന്തുണയും താങ്കള്‍ക്കും ഇതിനായി കഷ്ടപ്പെട്ട എല്ലാ സംഘാടകര്‍ക്കുമുണ്ട്.
പൌര്‍ണമി ഉദിയ്ക്കുമ്പോള്‍ ചിലര്‍ ഓരിയിടും. എന്നു വെച്ച് ചന്ദ്രന്‍ ഉദിയ്ക്കാതിരിയ്ക്കില്ലല്ലോ!

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

“ഇനി പലരും പറയാന്‍ ഇരിക്കുന്നതിലും ഇതുതന്നെ.“

ഇതാണു കിടിലൻ..ആറ്റുകാൽ രാധാകൃഷ്ണന്റെ പണീ പോവോ മാഷേ..

Sabu Kottotty പറഞ്ഞു... മറുപടി

മോരന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു രണ്ടുമൂന്നു ദിവസമായി. ഇപ്പൊ അതിന്റെ ആവശ്യമില്ലാതെതന്നെ കെട്ടിറങ്ങി....

ഇടപ്പള്ളിമീറ്റിന്റെ ഗ്രൂപ്പുഫോട്ടോ ഇവിടെ കാണാം

Sabu Kottotty പറഞ്ഞു... മറുപടി

മോരന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു രണ്ടുമൂന്നു ദിവസമായി. ഇപ്പൊ അതിന്റെ ആവശ്യമില്ലാതെതന്നെ കെട്ടിറങ്ങി....

ഇടപ്പള്ളിമീറ്റിന്റെ ഗ്രൂപ്പുഫോട്ടോ ഇവിടെ കാണാം

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു... മറുപടി

:)

thalayambalath പറഞ്ഞു... മറുപടി

മനോരാജ്... ബ്ലോഗ് മീറ്റിന്റെ അന്ന് ലൈവ് സ്ട്രീമിങ്ങ് കാണാന്‍ ശ്രമിച്ചിരുന്നു.. പക്ഷേ സീനുകള്‍ നിശ്ചലമാവുകയും ഇടയ്ക്ക് ചലിക്കുകയും ചെയ്തുകൊണ്ടിരുന്നു... എന്നാലും കുറച്ചുനേരം കണ്ടു... ഇപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. എന്നിരുന്നാലും ഇത്തരം പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചവരുടെ നല്ല മനസ്സുകള്‍ക്ക് നന്ദി പറയുന്നു... എന്തൊക്കെയായാലും ഇത്തരം ഒരു മീറ്റ് സംഘടിപ്പിച്ച എല്ലാവര്‍ക്കും എന്റെ ആശംസകള്‍...

കണ്ണനുണ്ണി പറഞ്ഞു... മറുപടി

താഴ്വര ഇല്ലെങ്കില്‍ ഒരു മല ഇല്ല....
രാത്രി ഇല്ലെങ്കില്‍ പിന്നെ പകലിനെന്തു പ്രസക്തി....

അത് പോലെ കരുതിയാല്‍ മതി... ഇനിയും ഇത്തരം ഉധ്യമങ്ങളില്‍ പങ്കെടുക്കണം...ഇതൊന്നും കണ്ടു മനസ്സ് മടുക്കാതെ...ആശംസകള്‍

chithrakaran:ചിത്രകാരന്‍ പറഞ്ഞു... മറുപടി

സംഘാടകന്റെ ഭാഗത്തുനിന്നുമുള്ള നല്ല പോസ്റ്റ്.
എന്നാലും ഇത്രക്ക് വെള്ളമടിക്കണ്ടായിരുന്നു :)

ചിതല്‍/chithal പറഞ്ഞു... മറുപടി

മനോ, ഇപ്പൊ മോനു് സുഖമായി എന്നു് വിശ്വസിക്കുന്നു.
പോസ്റ്റിനെ പറ്റി ഞാൻ എന്ത് പറയാൻ? ചുരുങ്ങിയപക്ഷം ഇത്രയെങ്കിലും എഴുതിയിരിക്കണം. നമുക്കും ഒരു മനഃസമാധാനം വേണ്ടേ? എഴുത്തു് തകർത്തു. മീറ്റിന്റെ സംഘാടകർക്കു് അകമഴിഞ്ഞ നന്ദിയും ആദരവും ഈ അവസരത്തിൽ പ്രകടിപ്പിച്ചുകൊള്ളുന്നു.
ഞാൻ ഇന്നു് വിളിക്കണം എന്ന് വിചാരിച്ചതായിരുന്നു. ഇനി പിന്നെയാവാം.

ചിതല്‍/chithal പറഞ്ഞു... മറുപടി

ജയേട്ടന്റെ കമന്റ് സൂപ്പർ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

പിന്നെ പല പോസ്റ്റുകളിലും,ഈ മീറ്റിനെ കുറച്ച് തരം താണ രീതിയിൽ ചിത്രീകരിച്ചപ്പോൾ ,വളരെ വസ്തുനിഷ്ഠമായി ,വളരെ രസമായി, കുമാര സംഭവവും,നന്ദപർവ്വവും,ചിതലും,കൊണ്ടോട്ടി കാരനും,മറ്റും ഈ ബൂലോഗമ സംഗമത്തെ കുറിച്ച് വിശദീകരിച്ചിരുന്നു കേട്ടൊ...

പിന്നെ തെറ്റുപറ്റിയ ചില ബുലോഗമിത്രങ്ങൾ പശ്ചാതപിച്ച് ക്ഷമചോദിക്കുകയും ചെയ്തു കഴിഞ്ഞു.

ഇനി അടുത്തകൊല്ലത്തെ ഒരു നല്ല ബൂലോഗസംഗമത്തിന് വേണ്ടി നമ്മുക്ക് ഇപ്പോഴെ കച്ച കെട്ടി തുടങ്ങിയാലോ...? എന്താ അഭിപ്രായം മനോരാജ് ?

saju john പറഞ്ഞു... മറുപടി

ഒത്തിരി സംസാരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിയായ “ചിത്രം” കാണുന്നത്.

നന്നായിരുന്നല്ലോ മീറ്റ്, പിന്നെന്താ ഇങ്ങനെയൊരു അലോസരം മീറ്റിനെപ്പറ്റി വരാന്‍.

അവിടെകൂടിയവര്‍ സന്തോഷമായോ, നിറഞ്ഞ മനസ്സോടെയാണോ പോയത്. പിന്നെന്താ പ്രശ്നം.

എന്നെങ്കിലും ഒരു മീറ്റിന് പങ്കെടുക്കെണമെന്ന് എനിക്കും വല്ലാത്ത ആഗ്രഹമുണ്ട്.

ഈ മീറ്റ് സംഘടിപ്പിക്കുകയും, അതിന് ചുക്കാന്‍ പിടിച്ച എല്ലാവര്‍ക്കും എന്റെ ആശംസകള്‍

Cartoonist പറഞ്ഞു... മറുപടി

മനോരാജാവെ,
അസ്സല്‍!
.................................
സ്ഥിരം മദ്യപന്‍ ലുക്കുള്ള കണ്ണാണെന്റെ പ്രശ്നം ഡോക്...ബ്ലോഗ്മീറ്റ് വേളയിലൊഴിച്ചാല്‍ ശരിക്കും ഭീകരലുക്... (ഡോക്. ജയനോടാണു ചോദ്യം)
.................................

വെറും പ്രജാവ്,
സജ്ജീവ്

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

ഹാ..

അതെല്ലാം മറന്നേക്കൂ..
സത്യം എവിടെ ഏതു കുപ്പത്തൊട്ടിയിൽ ഒളിപ്പിച്ചാലും ഒരു മാണിക്യം പോലെ അതു തിളങ്ങി നിൽക്കും..

ചിയേർസ്..!!

nandakumar പറഞ്ഞു... മറുപടി

ബ്ലോഗര്‍ മാണിക്യത്തെക്കുറീച്ചാണോ ഹരീഷ് ഇപ്പ പറഞ്ഞത്??!! :) :) :)

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

ഹഹാ..
മാണിക്യാമ്മ കേൾക്കേണ്ട..:)

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

:)
:(

|santhosh|സന്തോഷ്| പറഞ്ഞു... മറുപടി

നന്നായി. അതേ നാണയത്തില്‍ തിരിച്ചടീക്കുക എന്ന് കേട്ടിട്ടൂണ്ട്. ഇപ്പോ കണ്ടു (വായിച്ചു)

:)

വിവരണം അതി കേമം. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.

പ്രയാണ്‍ പറഞ്ഞു... മറുപടി

പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ്പെടുത്തീട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഈ കടമ്പകളൊക്കെ കടന്ന് ഇത്ര്യെങ്കിലും ഒപ്പിച്ചെടുത്തില്ലെ ...അഭിനന്ദനങ്ങള്‍ സംഘാടകര്‍ക്കെല്ലാവര്‍ക്കും.

പ്രയാണ്‍ പറഞ്ഞു... മറുപടി

പറയുന്നവര്‍ പറയട്ടെ............... ആരേയും ബോദ്ധ്യപ്പെടുത്തീട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഈ കടമ്പകളൊക്കെ കടന്ന് ഇത്ര്യെങ്കിലും ഒപ്പിച്ചെടുത്തില്ലെ ...അഭിനന്ദനങ്ങള്‍ സംഘാടകര്‍ക്കെല്ലാവര്‍ക്കും.

മത്താപ്പ് പറഞ്ഞു... മറുപടി

why the hell do you people take time to compare our meet with the one happened in cherai????

its a different meet.
so, it can be like this only.

even though I personally felt murugan kattakkada.s presence as that of some alien thing.....

hats off to the team behind it.
everyone can do the blabbering but none can make anything happen like this as we were having problems like change of venue and all....

sorry for typing in english....

Dileep Nair||Mathap

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

ഹും ...എല്ലാടുത്തും പറഞ്ഞപോലെ ഇവിടെയും ...ശരിക്കും മിസ്സ്‌ ചെയ്തു

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

ഒരേയൊരു മീറ്റ്; എത്രയെത്ര പോസ്റ്റുകൾ! ഇതും വായിച്ചു. നല്ല വിവരണം. അഭിനന്ദനങ്ങൾ!

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

ഹാഷിമിന്റെ വെടി കാടടച്ചായിരുന്നോ? അതോ ടെലി ലെൻസ് ഉപയോഗിച്ചോ?
ഏത് കാര്യം നടത്തുമ്പോഴും വിരുദ്ധാഭിപ്രായങ്ങൾ സ്വാഭാവികമാണല്ലോ!
അതിനെ പോസിറ്റിവ് ആയി എടുക്കുക.
എനിക്കുള്ള ചോദ്യം മീറ്റ് മുരുകന്റെ വൺ മാൻ ഷോയായിരുന്നോ? മീറ്റ് പോസ്റ്റുകളിലൊന്നും ഗൌരവമായ സം വാദങ്ങൾ നടന്നതിന്റെ തെളിവുകൾ കിട്ടുന്നില്ല.
വീഴ്ചയിൽ നിന്നല്ലേ നമ്മൾ പഠിക്കൂ.... വരട്ടെ നോക്കാം.

smitha adharsh പറഞ്ഞു... മറുപടി

അപ്പൊ,എല്ലാവരും കൂടി അടിച്ചു പൊളിച്ചപ്പോള്‍ ഉണ്ടായ വിഷമം ഒക്കെ ഇപ്പൊ,മാറീല്ലേ മാഷേ..
സാരല്യ..അടുത്ത ബ്ലോഗ്‌ മീറ്റിനു നമുക്ക് ശരിയാക്കാം..
എങ്കിലും,മനസ്സില്‍ തട്ടിയ വിഷമങ്ങള്‍ ഊഹിക്കാന്‍ കഴിയുന്നു,ഒപ്പം നല്ല മനസ്സിന് നന്ദി പറയുന്നു..

അഭി പറഞ്ഞു... മറുപടി

മനുവേട്ടാ
ഒന്നും പറയുന്നില്ല

Sinai Voice പറഞ്ഞു... മറുപടി

നല്ല വിവരണം വരുവാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഉണ്ട്,പിന്നെ വെള്ളമടിച്ചകാര്യംവും മറ്റും ചുരുക്കിയിരുന്നെങ്ങില്‍ കുറച്ചുകൂടി നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു എന്തായാലും ആശംസകള്‍.