ശനിയാഴ്‌ച, നവംബർ 06, 2010

ഒരു എക്സ്റേ മെഷിന്റെ ആത്മഗതം.

ഇതിപ്പോ കഷ്ടായല്ലോ.. ദേ , റൂമിന്‌ പുറത്ത് തിരക്ക് വര്‍ദ്ധിച്ച് വരുന്നു. അയ്യോ! പാവം ജെസ്സികൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയര്‍ത്തു തുടങ്ങിയത് നിങ്ങള്‍ കാണുന്നില്ലേ. അല്ലെങ്കില്‍ തന്നെ അവര്‌ തമ്മില്‍ ഏതാണ്ടൊരു ചുറ്റുക്കളിയുണ്ടെന്ന് ഹോസ്പിറ്റലിലെ സ്റ്റാഫിനിടയില്‍ ഒരു സംസാരോണ്ട്. ലൈനാണ്‌ പോലും!! എനിക്കൊന്നും അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോള്‍ ഞാന്‍ മൂലമല്ലേ അവര്‍ ഇരുവരും ഇങ്ങിനെ കഷ്ടപ്പെടുന്നേന്നോര്‍ക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത് നാശം പിടിച്ച നേരത്താണാവോ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ തോന്നിയത്.


ദോഷം പറയരുതല്ലോ. ഒരു മാലാഖയായിരുന്നൂട്ടോ അവള്‍. അയ്യോ, മാലാഖമാര്‍ കരയോ എന്റെ കര്‍ത്താവേ!! ഹാന്നേ, ആ കുഞ്ഞ് മോള്‌ കരയണ കണ്ടപ്പ എനിക്ക് സഹിച്ചില്ല. പേടിച്ചിട്ടാണോ.. അതോ ഇനി അതിന്റെ സൂക്കേട് കാരണമാണോ എന്തോ... കൂടെ വന്ന ടീച്ചറമ്മയുടെ സാരിയേ പിടിച്ച് കരയാര്‍ന്നു ആ പാവം.


അല്ലെങ്കിലും ഈ ജെസ്സിക്കൊച്ചിന്‌ പിള്ളേരുടെ എക്സ്റേ എടുക്കാന്‍ ഒന്നും അത്ര വശോല്ല.അതൊക്കെ മുമ്പുണ്ടാര്‍ന്ന ഷീബകൊച്ച്. എന്തൊരു നയാര്‍ന്ന് അതിന്. ഹാ, അതിന്റെ ഗൊണോണ്ടേ.. ഇപ്പോ അയര്‍ലണ്ടിലാ. കെട്ടിയവന്‍ ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ.. പോകാന്‍ പറ. ഹല്ല പിന്ന..


ദേ, സേതുകൊച്ചിന്‌ ദേഷ്യം വരുന്നുണ്ട്. ഞാനെന്തോ ചെയ്യാനാ എന്റെ കര്‍ത്താവേ!! ഒരു കൈപെഴ പറ്റിപ്പോയി. അല്ലെങ്കില്‍ ജര്‍മ്മനീന്ന് ഫിലിപ്പോസച്ചന്‍ ഇവിടെ കൊണ്ടോന്നിട്ട് ഇത്രേം നാളായില്ലേ. ഇന്നേ വരെ ഇങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടിണ്ടാ. വല്ലപ്പോഴും ഒരു മുക്കലോ മൂളലോ (മനുഷ്യന്മാരുടെ ചൊമ പോലെ) മറ്റോ. അത് സേതു കൊച്ച് ഇത്തിരി ഓയിലിടുമ്പോ ശര്യാവേം ചെയ്യും. ഹോ ആ മാലാഖകുഞ്ഞ് കാരണാ ഇതൊക്കെ. കുഞ്ഞല്ലേ.. അതിനെ പറ്റി ദൂഷ്യപ്പെടാനും പറ്റില്ലല്ലോ! എന്തായാലും ഇത് വല്ലാത്ത ചതിയായി പോയി മിശിഹാതമ്പുരാനേ..


ഇന്നലെ വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടടുത്താ ആ ഫ്രോക്ക്കാരി കുഞ്ഞിനേം കൊണ്ട് തടിച്ച സ്ത്രീ വന്നതേ. ഹോ, പാവം കുഞ്ഞ്! ഭയങ്കര വിമ്മിഷ്ടാര്‍ന്നട്ടോ അന്നേരം അതിന്‌. അത് പിന്ന അങ്ങനല്ലേ; വലിയോര്‍ക്ക് പോലും ശ്വാസമ്മുട്ടല്‍ വന്നാല്‍ സഹിക്കണില്ല.. അപ്പ, കുഞ്ഞുങ്ങടെ കാര്യം പറയണാ.. വല്യഡോക്ടറാര്‍ന്ന് നോക്കിയതെന്ന് തോന്നണ്‌. കൈയില്‍ എക്സ്റേ എടുക്കാനുള്ള പേപ്പറുമായി ജെസിക്കൊച്ചിന്റെ അടുത്ത് നിക്കണ ആ സ്ത്രീയുടെ മുഖം കണ്ടപ്പളേ എനിക്ക് തോന്നീര്‍ന്നു അവര്‍ക്ക് അത്രേം തങ്കകൊടം പോലൊരു കുഞ്ഞുണ്ടാവൂല്ലല്ലോന്ന്. പക്ഷെ ഓരോന്നോര്‍ത്ത് നിക്കാന്‍ പറ്റില്ലാല്ലോ.. അല്ലെങ്കില്‍ പിന്നെ ദേ ഇത് പോലെ ഒന്നിനും മേലാണ്ടാവണം. ഇത് അന്നേരം അവരുടെ കൈയീന്ന് പേപ്പര്‍ വാങ്ങിയ ജെസ്സിക്കൊച്ചിനും ആകെ വെപ്രാളം. കുഞ്ഞിനെ കൊണ്ട് വന്ന സ്ത്രീക്കും (അത് ടീച്ചറാമ്മയാണെന്ന് പിന്നീടല്ലേ മനസ്സിലായത്) വെപ്രാളം. രണ്ട് പേര്‍ക്കും ബസ്സ് വിട്ട് പോവൂന്ന പേട്യാ. ഏതായാലും ഞാനായിട്ട് ഏടാകൂടം ഒന്നും ഒപ്പിച്ചില്ല. പക്ഷെ മാലാഖ കുഞ്ഞ് കരച്ചിലോട് കരച്ചില്‍!! ഹോ ഇങ്ങിനെയും പിള്ളാര്‌ കരയോ എന്റെ മാതാവേ.. ഏങ്ങലിടിച്ച് ഏങ്ങലടിച്ച് അതിന്‌ ശ്വാസം കിട്ടാതായി. അന്നേരം എനിക്കങ്ങോട്ട് സങ്കടം വന്നട്ടോ. ജെസ്സിക്കൊച്ച് അതിനെ കസേരയില്‍ കയറ്റി നിര്‍ത്തി, അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞിട്ട് വന്ന് എന്റെ മേലുള്ള സ്വിച്ച് ഇട്ടു. സത്യായിട്ടും അന്നേരമൊന്നും എനിക്കൊരു കൊഴപ്പോമില്ലന്നേ.. !!! ആ കുഞ്ഞ് പേടിച്ച് ഇളകിയതോണ്ടാ ഫിലിമീ പിടിക്കാഞ്ഞേ.. സത്യം!! പക്ഷേങ്കില്‌, ദേ ജെസ്സികൊച്ച് ആ കുഞ്ഞിനെ ഒരു പെണക്കം. ഇത്തിരി പോന്ന കുഞ്ഞല്ലേ! അതിനുണ്ടോ ഹോസ്പിറ്റലിലെ സമയവും ഷിഫ്റ്റുമൊക്കെ അറിയുന്നു. പാവം പേടിച്ചുട്ടാ. ഏങ്ങിക്കൊണ്ട് അത് ഒന്ന് കൂടെ ചേര്‍ന്ന് നിന്നു. മിസ്സേ.. മിസ്സേ.. അമ്മേനെക്കാണണം എന്നൊക്കെ പറഞ്ഞ് അത് കരയണ കണ്ടപ്പോ എനിക്ക് അങ്ങോട്ട് സങ്കടം വന്ന്. അത് ശ്വാസംകഴിക്കാന്‍ പെടാപാട് കഴിക്കണ കണ്ടപ്പോ എന്റെ ഗീവര്‍ഗീസുപുണ്യാളോ, സത്യായിട്ടും ഞാന്‍ ഒരു കൂട് മെഴുകുതിരി നേര്‍ന്നാരുന്നു. അത് എങ്ങിനെ തരോന്നൊക്കെ എന്നോട് ചോദിക്കരുതൂട്ടാ.. ഞാന്‍ നേര്‍ന്നൂന്നോള്ളത് സത്യാ!! രണ്ടാമതും കുഞ്ഞ് അനങ്ങീട്ട് ഫിലിമീ പിടിച്ചില്ലേ ചെലപ്പോ ജെസ്സിക്കൊച്ചും ടീച്ചറമ്മേം കൂടെ അതിനെ ശരിയാക്കോന്ന് തോന്നി. എന്നാലും ഈ കുഞ്ഞിന്റെ അപ്പനുമമ്മയും എന്തൊരു മനുഷ്യരാന്നൊക്കെ മനസ്സീ പറഞ്ഞിട്ടാ ചേര്‍ന്ന് നിന്ന അതിനെ ഞാന്‍ അങ്ങാട്ട് രണ്ടും കല്‍‌പിച്ച് കെട്ടിപ്പിടിച്ചത്. അത് ഇപ്പൊ സേതുകൊച്ചിന്‌ ഇത്രേം വല്യ പണിയാവോന്ന് കരുതീര്‍ന്നില്ല..


ഹാന്നേ, ഞാന്‍ കെട്ടിപ്പിടിച്ചപ്പോ അതിന്റെ ഇത്തിരിപോന്ന നെഞ്ചിന്‍‌കൂട്ടിനകത്ത് പ്രാവ് കുറുകണ പോലെ!! ഹാ കുഞ്ഞാണെങ്കീ ഏങ്ങലടിക്കാ.. നന്നായി വെറക്കണൂണ്ട്. എനിക്കും പേടിയായീട്ടാ. ഞാനതിനെ ഇറുക്കി പിടിച്ചു. ഇന്നേ വരേ ഒരാളേം ഞാന്‍ എന്നോട് അധികം ചേര്‍ത്ത് നിര്‍ത്തേട്ടില്ല. വേറൊന്നും കൊണ്ടല്ലട്ടാ. എന്തോരം പേരാ ദെവസോം വന്ന് ചാരണേ. ചെലരൊക്കെ കുളിച്ചിട്ടുണ്ടാവും. മിക്കവരും അതൊന്നും ചെയ്തിട്ടുണ്ടാവില്ലന്നേ. പിന്നേ, സൂക്കേട് വരുമ്പോഴല്ലേ കുളീം ജപോം. അതൊന്നും അവര്‌ട കൊഴപ്പോല്ല. അപ്പോ പിന്നെ ആളോളോട് കൂടുതല്‍ ചേര്‍ന്ന് വല്ല സൂക്കേടും അവര്‍ക്ക് വന്നാ അതിനും എനിക്കാവും ചീത്തപേര്‌!! പക്ഷെ, ഈ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അത്രക്കധികാര്‍ന്നേ അതിന്റെ കരച്ചിലും വെഷമോം. പക്ഷെ ദേ ഇപ്പോ ഞാനനുഭവിക്കാ.. ആ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്റേയാണ്‌ ഇന്നലെ അവസാനമായിട്ട് എടുത്തത്. ഇന്ന്‍ രാവിലെ ജെസ്സിക്കൊച്ച് സ്വിച്ച് ഓണ്‍ ചെയ്തപ്പോ തന്നെ എനിക്കൊരു കുളിരൊക്കെ തോന്നീര്‍ന്ന്. അപ്പോ കരുതി പുതുതായി വച്ച എ.സിയുടെയാവോന്ന്. പക്ഷെ, ദേ ഇന്ന് വന്ന ആദ്യത്തെ മൂന്ന് എക്സ്റേ എടുത്തിട്ടും ശര്യാവണില്ലന്നേ.. ദാണ്ടേ, ആ നിക്കണ വല്ല്യപ്പന്റെ വയറിന്റെ പടം എടുത്തിട്ടും, ആ സൈക്കിളീന്ന് വീണ്‌ കൈയൊടിഞ്ഞ പയ്യന്റെ വലത്തെ കൈയിന്റെ എക്സ്റേ എടുത്തിട്ടും, ഇടുപ്പ് വേദനകാരണം പൊറുതിമുട്ടിയ പെലകള്ളി ചിരുതേടേ ഇടുപ്പെല്ലിന്റെ എക്സ്റേ എടുത്തിട്ടും ഫിലിമീ വരുന്നത് ആ മാലാഖ കൊച്ചിന്റെ നെഞ്ചിന്‍‌കൂടിന്റെ പടം!!! വല്ലാത്ത ചതി തന്നെ എന്റെ കര്‍ത്താവേ..


ഇന്നലെ രാത്രീല്‌ ഒരു പോള കണ്ണടച്ചട്ടീല്ല. ആ കുഞ്ഞിന്റെ ശ്വാസംവലി എന്റെ മുന്നിലങ്ങിനെ കാണാര്‍ന്ന്. അന്നേരം പക്ഷെ എനിക്ക് ഇത്രക്കൊന്നും പോയില്ലാട്യാ! ഇതിപ്പ ജെസ്സിക്കൊച്ച് പറയണ കേട്ടാ സങ്കടം വരും. ആ കുഞ്ഞ് എന്റെ മേലെന്തോ കൂടോത്രം ചെയ്തെന്ന്!! കര്‍ത്താവേ, ജെസ്സിക്കൊച്ച് അതിന്റെ സങ്കടംകൊണ്ട് പറഞ്ഞതാവൂട്ടാ. അതിനോട് പൊറുത്തോളണേ!! അതേന്നേ, ആ ഇത്തിരി പോന്ന കുഞ്ഞ് എന്തോന്ന് കൂടോത്രം ചെയ്യാന്‍. പാവം അമ്മേടേം അപ്പന്റേം സ്നേഹം തരിമ്പും കിട്ടീട്ടില്ല അതിന്‌. പക്ഷെ ആ കുഞ്ഞിനതില്‍ പരാതിയില്ലാട്ടാ.. ദേ, എന്റെ നെഞ്ചില്‍ തലവെച്ച് നിങ്ങളൊന്ന് കേട്ട് നോക്കിയേ.. ആ കുഞ്ഞിന്റെ മനസ്സ് സംസാരിക്കുന്നത് സത്യായിട്ടും എനിക്ക് ഇപ്പോഴും കേള്‍ക്കാം. ദേ അത് അതിന്റെ അമ്മച്ചിയെ പറ്റി പറയാട്ടൊ..പാവം കുഞ്ഞ്!!


അമ്മച്ചി


അമ്മച്ചീന്റെ പേര്‌ ആന്‍. ആന്‍‌ജോസെന്നാ മുഴോന്‍ പേരെട്ടോ. അമ്മച്ചിക്ക് റേഡിയോയിലാ ജോലി. റേഡിയോ ജോക്കീന്നോ മറ്റോ. അമ്മച്ചി മിക്കപ്പോഴും സ്റ്റുഡിയോവിലാന്നാ കൊച്ച് പറയണത്ട്ടാ. ഏത് നേരോം പരിപാട്യാ. നാട് മൊഴോന്‍ പാട്ടായെന്നൊക്കെ പറയണ കേക്കാന്ന്. ഈ റേഡിയോ കണ്ടുപിടിച്ചോനെ കിട്ടിയാ ഞാന്‍ ശാര്യാക്കേനേ. ഹല്ല പിന്നെ, കൊച്ചിന്റെ വെഷമം കേട്ടില്ലേ!! അത് അമ്മച്ചീടെ മടീലിരുന്നിട്ട് കൊറേ നാളായെന്ന്!!! രാത്രി ഒരു സമയാവുമ്പഴാ അമ്മച്ചി വീട്ടീ വരുന്നേ. വന്നാലൊറ്റ കെടപ്പാ. വെളുപ്പിനേ തന്നെ ഒരു ഉമ്മേം തന്ന് പോവേം ചെയ്യും. അന്നേരം എണീക്കണോന്നൊക്കെ തോന്നാര്‍ണ്ട്ന്ന് കൊച്ചിന്‌. അതെങ്ങിനാ, വെളുപ്പിന്‌ നാലുമണിക്ക് ഒക്കെ കൊച്ചിന്‌ കുളിരൂല്ലേ.അമ്മച്ചിക്ക് ഇത്തിരി കൂടെ പുലര്‍ന്നിട്ട് പോയാലെന്താ? അമ്മച്ചി ചെന്നില്ലെങ്കില്‍ റേഡിയോ തൊറക്കൂല്ലെന്ന് തോന്നും കൊച്ചിന്‌.


ഡാഡി


ഡാഡിക്ക് കൊച്ചിനോട് ഒടുക്കത്തെ സ്നേഹാന്നാ കൊച്ച് പറയണേ. പക്ഷെ അത് പ്രകടിപ്പിക്കാന്‍ ഇന്നേ വരേ സമയം കിട്ടീട്ടില്ല്യാത്രെ!! പിന്നെ, സ്നേഹം പ്രകടിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തോന്നിനാ. കൊച്ചിന്റപ്പനെ ഡാഡിന്നാട്ടോ കൊച്ച് വിളിക്കണേ. അപ്പാന്ന് വിളിക്കണതാ അമ്മച്ചിക്ക് ഇഷ്ടം. പക്ഷെ അപ്പന്‍ പറയണ്‌ അപ്പാന്നൊള്ള വിളി പള്ളീക്കാര്‌ കൂട്ടരുടേണെന്ന് . അതോണ്ട് ഡാഡീന്ന് വിളിച്ചാ മതീന്നാ പറയണ്‌. അങ്ങനേക്കെ ഉണ്ടല്ലേ. ഇതൊക്കെ ആര്‍ക്കറിയാം!! അപ്പോള് പറഞ്ഞ് വന്നത് കൊച്ചിന്റെ ഡാഡീന്റെ പേര്‌ സഞ്ജീവ്. ഡാഡിക്ക് കമ്പ്യൂട്ടറിന്റെ എന്തോ പണിയാട്ടാ. രാവിലെ പോകുമ്പോ നേരത്തെ വരാന്നൊക്കെ എന്നും പറയോത്രെ കൊച്ചിനോട്. എന്നിട്ട് വരോ.. അതൂല്ല. എന്നിട്ട് കൊച്ച് ഫോണ്‍ ചെയ്താലോ, ഡാഡിക്ക് ഈ ജോലി മടുത്തൂന്നൊക്കെ പറഞ്ഞ് വല്ലാണ്ട് വെഷമിക്കും. അപ്പോ കൊച്ചിന്‌ വല്ലാണ്ട് സങ്കടം വരൂട്ടാ. പാവോല്ലേ ഡാഡി.പക്ഷെ, ഡാഡി വീട്ടിലുണ്ടേലും ഏത് നേരോം കമ്പ്യൂട്ടറിന്റെ മുന്‍പിലാ. ലാപ്‌ടോപ്പെന്നോ മറ്റോ പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ!! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!! ഹോ, ദേ നിങ്ങളിതൊന്ന് കേട്ടേ... എനിക്കെങ്ങും സഹിക്കണില്ല്യെന്റെ ഔസേപ്പിതാവേ.. ഇന്നാള്‍ ഒരു പുത്യേ ലാപ്‌ടോപ്പുമായി വന്നിട്ട് ഡാഡി അമ്മച്ചിയോട് പറയാ ഇത് ആപ്പിളിന്റെയാന്ന്. ഒന്നര ലക്ഷം ഉറുപ്പികയാ ഇതിനെന്ന്.. അത് കേട്ടപ്പോ കൊച്ച് വല്ലാണ്ട് കരഞ്ഞ് പോയെന്നാ പറയണേ. കാര്യറിയണോ നിങ്ങള്‍ക്ക്!! ഒരാഴ്ചയായീത്രേ കൊച്ച് ആപ്പിള്‍ വാങ്ങികൊണ്ടോരോന്ന് രണ്ട് പേരോടും ഫോണീ കൂടെ ചോദക്കണേന്ന്. അത് പോലും അവര്‌ ഓര്‍ക്കാത്തത് കഷ്ടം തന്നെയാ അല്ലേ? ഈ ജെസ്സികൊച്ചിന്‌ പകരം ഷീബകൊച്ചായിരുന്നേല്‍ ഇത്തിരി ആപ്പിള്‍ വാങ്ങി ആ കൊച്ചിന്‌ കൊടുക്കാന്‍ പറയാര്‍ന്ന്.. ജെസ്സികൊച്ച് ഒരു മൂശേട്ടേണേ .. അതിനോടൊന്നും ഇത് പറയാന്‍ പറ്റില്ല.


ഉസ്കൂള്‍


കൊച്ച് പോണ ഉസ്കൂളിന്റെ പേരൊന്നും കൊച്ചിനത്ര പിടീല്യട്ടാ. പക്ഷേ, കൊച്ചിനിഷ്ടാ അവിടെ പോവാന്‍. അവിടെ മിഥുനുണ്ട്, മീനാച്ചീണ്ട്, പിന്നെ കൊച്ചിന്റെ തത്തമിസ്സ്ണ്ട്, ഷീബമിസ്സ്ണ്ട്. കൊച്ചിനാശ്വാസം അതാട്ടാ.. അവരിക്കടേക്ക ഒപ്പം കളിക്കാന്‍ കൊച്ചിന്‌ ഭയങ്കര കൊത്യാ. പക്ഷെ, ഓടിക്കളിച്ചാ കൊച്ചിനപ്പ അസുഖം വരോന്നേ.. എന്ത് ചെയ്യാനാ അല്ലേ..പാവം കൊച്ച്. ദേ, പിന്നേം കൊച്ചിന്റെ മനസ്സ് കരയാണ്‌!! ഉസ്കൂളില്‍ മിഥുനേം മീനാച്ചീനെം ഒക്കെ കൊണ്ടോവാന്‍ അമ്മമ്മാര്‌ വരോത്രേ!! അന്നേരം കൊച്ച് ഒന്നും മിണ്ടൂല്ലാന്ന്. പാവം, സങ്കടപ്പെട്ട് കുമ്പിട്ടിരിക്കോള്ള്ന്ന്. അപ്പള്‌ തത്തമിസ്സ് കൊച്ചിന്‌ റേഡിയോ വെച്ച് കൊടുക്കൂട്ടാ.. ഹയ്യോ, നല്ലോരു മിസ്സല്ലേ.. ഒന്നൂല്ലെങ്കിലും കൊച്ചിന്റെ അമ്മച്ചീന്റെ വര്‍ത്തമാനോങ്കിലും കേള്‍പ്പിക്കാന്‍ ആ മിസ്സിന്‌ തോന്നണുണ്ടല്ലാ. ആ മിസ്സിന്‌ സ്വര്‍ഗ്ഗരാജ്യം കിട്ടട്ടേ കര്‍ത്താവേ..


ദേ ഇന്നാളൊരു ദിവസം കൊച്ചിന്‌ വല്ലാണ്ട് ചിരിവന്നെന്ന്. അത് പിന്നെ കാര്യം കേട്ടാ ആര്‍ക്കാ ചിരി വരാത്തെ. മീനാച്ചിന്റെ അമ്മ വന്ന് മീനൂനെ ഒക്കത്തെടുത്ത് ഉമ്മേക്ക കൊടുത്ത് ബാഗും കൊടേം ഒക്കെ ഏടുത്തോണ്ട് പോയപ്പോ കൊച്ചിന്‌ വല്യാണ്ട് സങ്കടായീ. അന്നേരാ തത്തമിസ്സ് അമ്മിച്ചീന്റെ ഒച്ച കേള്‍ക്കാട്ടാന്ന് പറഞ്ഞ് കൊച്ചിന്‌ മിസ്സിന്റെ ഫോണില്‌ റേഡിയോ വെച്ച് കൊടുത്തത്. ദേ, കൊച്ചിനത് ഓര്‍ക്കുമ്പോ ഇപ്പളും ചിരി വന്നൂന്ന്. ഹാ, റേഡിയോയിക്കുടെ കൊച്ചിന്റമ്മച്ചി വേറെയൊരു അമ്മച്ചീനോട് ഭയങ്കര ഉപദേശാര്‍ന്നൂന്ന്!! മക്കളെ നമ്മള്‍ നന്നായി കെയര്‍ ചെയ്യണോന്നാ, അവര്‍ക്ക് വെഷമൂണ്ടാക്കരുതൂന്നാ അങ്ങിനേതാണ്ടൊക്കെ.


അയ്യോ, ദേ നിങ്ങളിത് കേക്കണില്ലേ. ചെല നേരത്ത് കൊച്ചിന്‌ ചത്താ മതീന്ന് തോന്നോന്ന്. പിന്നെ സ്നേഹം കിട്ടാണ്ട് എന്തോരോന്ന് വെച്ചാ ജീവിക്കണേന്നാ അതിന്റെ ചോദ്യം!! ന്യായണേ. ദേ, ഇപ്പോ എന്നെ വിട്ട് പോവാന്‍ കഴിയണില്ലാന്ന്. ഇത്രേം അധികം സമയം കൊച്ച് ആരോടും മനസ്സ് തൊറന്ന് സംസാരിച്ചിട്ടില്ലന്നാ പറയണേ. കര്‍ത്താവേ!! എനിക്കും ഇഷ്ടോണൂട്ടാ ഇങ്ങിനെ മിണ്ടീം പറഞ്ഞൂം ഇരിക്കാന്‍. പക്ഷെ ഇതിപ്പ ഞാന്‍ ഇങ്ങിനെ കൊച്ചിനോട് മിണ്ടീം പറഞ്ഞും ഇരുന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ താറുമാറാവില്ലേ! ജെസ്സിക്കൊച്ചിന്റേം സേതുകുഞ്ഞിന്റെം പണിവരെ ചെലപ്പ പോവും. ദേ സേതുകുഞ്ഞിന്റെ മുഖത്ത് രക്തം ഇരച്ച് കയറുന്നു. അതും ഒരു പ്രാരാബ്ധക്കാരനാണേ. ഇതിപ്പോ, ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായല്ലോ മാതാവേ!! എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ പറ്റണീല്ലാട്ടാ.. കൊച്ചിന്റെ മനസ്സിനെ എറക്കിവിട്ടില്ലെങ്കി പടോന്നും എടുത്താന്‍ ശരിയാവേമില്ല; കൊച്ചിനെ എറക്കിവിട്ടാന്‍ അത് എനിക്ക് മന:പ്രയാസാവേം ചെയ്യും. എന്റെ കൊരട്ടി മുത്തീ, എനിക്ക് ആരേം സങ്കടപ്പെടുത്താന്‍ വയ്യ. അതോണ്ട് നീ തന്നെ ഒരു വഴികാട്ടിത്താട്ടാ..

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത്.


രചന : ബിജു.സി.പി
പുസ്തകം : ചരക്ക്
പ്രസാധനം : ഡി.സി ബുക്ക്സ്

ബിജു.സി.പി എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ കഥാസമാഹാരമാണ്‌ ചരക്ക്. (വില : 70 രൂപ) സാമ്പ്രദായികമായ കഥ പറച്ചില്‍ രീതികളുടെ ഒരു പൊളിച്ചെഴുത്താണ്‌ ഈ സമാഹാരം എന്ന് പറയുന്നതില്‍ തീരെ അതിശയോക്തിയില്ല തന്നെ. വളരെ നാളുകള്‍ക്ക് ശേഷമാണ്‌ ഒരു സമാഹാരത്തിലെ എല്ലാകഥകളും അസാമാന്യനിലവാരം പുലര്‍ത്തികാണുന്നത്. പുതുകഥയുടെ പുതിയ മുഖം എന്ന പ്രസാധകരുടെ അവകാശവാദം പൊള്ളയായ മാര്‍ക്കറ്റിങ് തന്ത്രമല്ല എന്നത് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു.

2005മുതല്‍ കഥയെഴുത്തില്‍ ശ്രദ്ധവെച്ചെങ്കിലും 5 വര്‍ഷം കൊണ്ട് ഇത്രയും കഥകളേ എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന കഥാകാരന്റെ വാക്കുകള്‍ ഒരു ചങ്കൂറ്റമായാണ്‌ ഫീല്‍ ചെയ്യുന്നത്. കാരണം അത്രക്ക് മനോഹരമാണ്‌ ചരക്കിലെ ഒന്‍പത് കഥകളും. പലപ്പോഴും നമുക്ക് ഒരു സാധാരണ പ്രമേയമായി തോന്നാമായിരുന്ന 'ഒരു ഹോംനേഴ്സിന്റെ ആത്മകഥ' എന്ന ആദ്യകഥയില്‍ തന്നെ കഥപറച്ചിലിന്റെ മറ്റൊരു വശം ബിജു വായനക്കാര്‍ക്കായി തുറന്നിടുന്നു. വലിയൊരു നോവലിനെ ചെറിയ പതിനഞ്ച് ഖണ്ഡങ്ങളിലേക്ക് വാറ്റിയെടുത്തത് പോലെ എന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഈ കഥയെ പറ്റി അവതാരികയില്‍ സൂചിപ്പിച്ചത് ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പിന്താങ്ങുന്നു. ആ കഥയുടെ പ്രമേയത്തേക്കാള്‍ കഥ പറയാനുപയോഗിച്ച നൂതനമായ സങ്കേതമാണ്‌ ഏറെ മനോഹരമെന്ന് തോന്നുന്നു. പരീക്ഷഹാളില്‍ വിദ്യാര്‍ത്ഥിനി കുനിഞ്ഞിരുന്ന്‍ എഴുതുമ്പോള്‍ ബ്ലൌസീക്കൂടി അകത്തേക്ക് നോക്കുന്ന അദ്ധ്യാപകനെ പറ്റി ഇത്ര സരസമായി അവതരിപ്പിക്കാന്‍, തൊഴിലിടങ്ങളിലെ സ്ത്രീപീഢനങ്ങളെ ആക്ഷേപഹാസ്യശരങ്ങളിലൂടെ ഒരു പൊട്ടി പെണ്ണിന്റെ പൊള്ളയായ ചിന്താധാരയായി ഉയര്‍ത്തിക്കാട്ടാന്‍, ഒക്കെ കഥയില്‍ വളരെ മനോഹരമായി ബിജു ശ്രമിക്കുമ്പോള്‍ കഥ എന്ന മാധ്യമത്തില്‍ നിന്നും വായനക്കാരനും സമൂഹത്തിനും വേണ്ടത് കിട്ടുന്നു എന്ന് തന്നെ കരുതാം.

രണ്ടാമത്തെ കഥയായ 'സൂസന്ന പുതിയ നിയമങ്ങളില്‍' എന്നതില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വവും അവളോട് കൂറുകാണിക്കുന്നവന്‌ ഭ്രഷ്ട് കല്പ്പിക്കുന്ന കപട സമൂഹത്തിന്റെ സ്മാര്‍ത്തവിചാരങ്ങളേയും രതിയുടെ പിന്‍ബലത്തോടെ വിളിച്ച് പറയുമ്പോള്‍ പോലും ഒരിക്കലും അതിലെ രതി അരോചകമാവാതിരിക്കുവാനും അതിരുകള്‍ ലംഘിക്കാതിരിക്കുവാനും കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്നു.

'മന:ശാസ്ത്രജ്ഞന്‌ ഒരു കത്ത് ' എന്ന കഥയും 'ജൂനിയര്‍ മോസ്റ്റ് ', 'മറ്റൊരു കഥാകൃത്ത് കുരിശില്‍ ' എന്നീ കഥകളുമെല്ലാം മനോഹരങ്ങള്‍ തന്നെ. 'ജൂനിയര്‍ മോസ്റ്റ്' എന്ന കഥയില്‍ ഒരു പ്ലസ് ടൂ അദ്ധ്യാപികയുടെ മാനസീകവ്യാപാരങ്ങളിലേക്ക് ഒരു അദ്ധ്യയനവര്‍ഷത്തെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് പരമ്പരാഗതമായ എഴുത്തിന്റെ ചട്ടകൂടുകളാണ്‌. കഥാപശ്ചാത്തലത്തിലെയും അവതരണത്തിലേയും പുതുമ കൊണ്ട് അസാമാന്യമായ നിലവാരം പുലര്‍ത്തുന്നു ടൈറ്റില്‍ (കവര്‍) സ്റ്റോറിയായ 'ചരക്ക് ' എന്ന കഥ. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും പുത്തന്‍ ജീവിത ചുറ്റുപാടുകള്‍ തുറന്ന് കാട്ടുന്ന , ആഖ്യാനത്തിലെ വ്യത്യസ്തതകൊണ്ട് സമ്പുഷ്ടമായ ഒരു അനുഭൂതി തന്നെ ചരക്ക്.

എനിക്ക് ഈ സമാഹാരത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് 'വാതപ്പരു' എന്ന കഥയാണ്‌. പുത്തന്‍ കാലത്തെ ബ്ലൂടൂത്തും, മൊബൈലും, ഇന്റെര്‍നെറ്റും, ഡിജിറ്റല്‍ ക്യാമറകളും മറ്റും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ്‌ വാതപ്പരു. ഷെറി എന്ന നായികയും അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കുറെ ഉപഗ്രഹങ്ങളും അടങ്ങിയ ഈ കഥ ഇറോട്ടിക് സെക്സ് എത്രത്തോളം മലയാളിയെ കീഴടക്കി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് പറയാം.

ഈ പുസ്തകത്തെ പറ്റി പറയുമ്പോള്‍ ദേവപ്രകാശിന്റെയും സണ്ണിജോസഫിന്റെയും സംഭാവനകളെ വിസ്മരിക്കാനാവില്ല. കഥകള്‍ക്ക് വേണ്ടി മനോഹരമായി രേഖാചിത്രങ്ങള്‍ വരച്ച ദേവപ്രകാശും അതു പോലെ തന്നെ വളരെ നൂതനമായ , വ്യത്യസ്തതയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്ത സണ്ണിജോസഫും പ്രശംസയര്‍ഹിക്കുന്നു. ഈ പുസ്തകത്തിന്റെ മനോഹാരിതക്ക് ഇവരുടെ സംഭാവനകളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്‌ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ദേവപ്രകാശിന്‌ ലഭിച്ചപ്പോള്‍ അതില്‍ ചരക്ക് എന്ന പുസ്തകവും ഉള്‍പ്പെട്ടിരുന്നു എന്ന വസ്തുത.

ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ചേ പറഞ്ഞിട്ടുള്ളൂ എങ്കിലും ഒട്ടും പതിരില്ലാതെ പറയാന്‍ ബിജുവിലെ കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥയുടേയൂം ആവിഷ്കാരത്തിലും ആഖ്യാനരീതിയിലും പുലര്‍ത്തുന്ന വൈവിധ്യവും നൂതനത്വവും എടുത്ത് പറയേണ്ടതാണ്‌. "വരുകാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാളസാഹിത്യത്തിന്റെ മുന്‍‌നിരയില്‍ കസേരവലിച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു" എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് സത്യം തന്നെ എന്ന് ഈ സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു. പുതു കഥയുടെ പുതിയ മുഖമായ ഈ കഥാകാരനും കഥാസമാഹാരവും തീര്‍ച്ചയായും വായന അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍

മഹാനഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒരല്പം വിട്ടാണ്‌ ആ കൂറ്റന്‍ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. പരിസരപ്രദേശത്ത് ഒന്നോ രണ്ടോ തലയെടുപ്പുള്ള ഫ്ലാറ്റുകള്‍ ഉണ്ട് . അതില്‍ കൂടുതലും നഗരത്തിന്റെ സ്പന്ദനങ്ങള്‍ ഒരിക്കലും അറിയാതെ, കീബോര്‍ഡില്‍ ഒളിച്ചിരിക്കുന്ന ഐ.ടി.പ്രൊഫഷണലുകളുടെ സങ്കേതങ്ങളാണ്‌.. അത് കൊണ്ട് തന്നെ ആ കൂറ്റന്‍ ബംഗ്ലാവിന്റെ പടുകൂറ്റന്‍ ഇരുമ്പുഗെയിറ്റ് തുറക്കുന്നതും അടയുന്നതും തിരക്കുപിടിച്ച നഗരം ഇത് വരെ ശ്രദ്ധിച്ചിട്ടില്ല എന്ന് തന്നെ പറയാം. നഗരഹൃദയത്തില്‍ നിന്നും ഇവിടേക്ക് വഴികാട്ടിയായി ഒരു ചൂണ്ടുപലക പോലും ഇല്ല. എങ്കിലും കൃത്യമായി എല്ലാ ശനിയാഴ്ചകളിലും വെകുന്നേരം അഞ്ച് മണികഴിഞ്ഞാല്‍ ഇവിടേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കാണ്‌. പക്ഷെ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രം.!! അതും മുന്‍‌കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്കോ അല്ലെങ്കില്‍ സ്ഥിരം മെമ്പര്‍മാര്‍ക്കോ മാത്രം!!!


സ്ത്രീകള്‍ക്ക് മാത്രമായി അറബിക്കടലിന്റെ റാണിയുടെ ഓരം ചേര്‍ന്ന് തുടങ്ങിയ പുത്തന്‍ നിശാക്ലബാണ്‌ ഇത്. കോളേജ് കുമാരിമാര്‍ മുതല്‍ കൊച്ചമ്മമാര്‍ വരെ ഇവിടെ ശനിയാഴ്ചകള്‍ രാവ് പകലാക്കുന്നു. വൈകീട്ട് ആറിനു ശേഷം തുടങ്ങി അര്‍ദ്ധരാത്രി വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ സുരക്ഷിതരായി അവരെ താമസസ്ഥലത്ത് എത്തിക്കുന്നത് വരെയാണ്‌ പാക്കേജ്..


നിശാക്ലബിലെ ഗ്രീന്‍ റൂമില്‍ രോമം കളഞ്ഞ്, എണ്ണപുരട്ടിയ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചമയക്കാരന്‍ ടാറ്റു ഒട്ടിക്കുന്നത് നോക്കി നിര്‍‌വികാരനായി ഇരിക്കുകയാണ്‌ പ്രേമന്‍. ഇവിടെ എത്തിച്ചേര്‍ന്നിട്ട് ഇപ്പോള്‍ നാലാമത്തെ ആഴ്ച. ഒരു മാസം മുന്‍പ് പാലക്കാടന്‍ ഉള്‍ഗ്രാമത്തില്‍ നിന്നും പണി തേടി നഗരത്തിന്റെ തിരക്കിലേക്ക് എത്തപ്പെട്ടപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത് പോലൊക്കെ സംഭവിക്കുമെന്ന്. ഗ്രീന്‍ റൂമില്‍ ഇരുന്നാല്‍ അങ്ങകലെ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ നഗരത്തിന്റെ വേഗം കാണാം. നിരത്തുകളിലൂടെ ഒഴുകി നിങ്ങുന്ന തീപ്പെട്ടി കൂടുകള്‍. ചെറിയ ഉറുമ്പിന്‍ കൂട്ടങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അകലെ കണ്ടെയ്നര്‍ ടെര്‍മിനലിനായി രാവ് പകലാക്കികൊണ്ടിരിക്കുന്ന അസംഖ്യം തൊഴിലാളികള്‍. അവിടെ ഇരുട്ടില്‍ ഭീമാകാരനായ രാക്ഷസനെ പോലെ തോന്നിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍.


ഇന്നത്തെ ഷോക്കുള്ള സൈറണ്‍ മുഴങ്ങി. ഡാന്‍സ് ഫ്ലോറില്‍ നിന്നും പതിഞ്ഞ താളത്തില്‍ സംഗീതം ഉയര്‍ന്നു തുടങ്ങി. മെല്ലെത്തുടങ്ങി ദ്രുതതാളത്തില്‍ എത്തുകയാണ്‌ അതിന്റെ രീതി. വൈനും ജിന്നും ബിയറും ഹോട്ടുമെല്ലാമായി ബെയറര്‍മാര്‍ തിരക്കിലായി. കിച്ചണില്‍ നിന്നും മസാലകൂട്ടുകളുടെ ഭ്രമിപ്പിക്കുന്ന മണം പ്രേമന്റെ നാസാഗ്രങ്ങളില്‍ തുളച്ച് കയറി. എന്തോ, ഭക്ഷണസാമഗ്രികളോട് ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന ഒരു ഭ്രമം ഇപ്പോഴില്ല. സത്യത്തില്‍ വിശപ്പിനോട് പൊരുതാനുള്ള ചങ്കുറപ്പില്ലായ്ക കൊണ്ട് മാത്രമായിരുന്നു ഈ ജോലിയിലേക്ക് എടുത്തെറിയപ്പെട്ടത്. ജോലി? ജോലിയാണോ ഇത്!! പ്രേമന്‌ സ്വയം പുച്ഛം തോന്നി. ഇതൊക്കെ തന്നെയല്ലേ ഈ മഹാനഗരത്തില്‍ വന്നിറങ്ങിയ ദിവസം തന്നെ റെയില്‍‌വേ സ്റ്റേഷനരികിലുള്ള ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ കണ്ട പാവം പിടിച്ച തെരുവു വേശ്യകള്‍ ഒരു നേരത്തെ ആഹാരത്തിനായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെ പുറം ലോകത്തിന്‌ പിടികൊടുക്കാത്ത ഒരു സുരക്ഷിതത്വം ഉണ്ടെന്ന് മാത്രം!!


ആദ്യമായി തീവണ്ടിയില്‍ ഈ നഗരത്തില്‍ വന്ന് ഇറങ്ങുമ്പോള്‍ ആകെ ഒരു അമ്പരപ്പായിരുന്നു. എങ്ങോട്ടെന്നറിയാതെയുള്ള അലച്ചിലിനിടയില്‍ കണ്ടതും അനുഭവിച്ചതും എന്തൊക്കെയാണ്‌ !! ഓവര്‍ ബ്രിഡ്ജിനടിയിലെ ഇരുണ്ട കോണുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം വില്കാന്‍ തിരക്ക് കൂട്ടുന്ന നാലാം കിട വേശ്യകള്‍... അവരുടെ ചെളിപുരണ്ട വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ പിന്‍ഭാഗത്ത് കൈകള്‍ അമര്‍ത്തി അശ്ലീല ചിരി ചിരിക്കുന്ന പോര്‍ട്ടര്‍മാര്‍.. കല്ലുകളില്‍ കവച്ചിരുന്ന് സാരി മുട്ടോളം ഉയര്‍ത്തി വച്ച് , അഴുക്കുപുരണ്ട കാലുകളില്‍ സ്വയം തടവികൊണ്ട് ശൃംഗാരചിരിയോടെ കടാക്ഷമെറിയുകയും , അതോടൊപ്പം കസ്റ്റമേര്‍സിനുവേണ്ടി പരസ്പരം തെറി വിളിക്കുകയും ചെയ്യുന്ന ആ സ്ത്രീകളെ കണ്ട് പകച്ചു പോയി. അവിടെ നിന്നും ഇവിടെ എത്തപ്പെട്ടത് വരെയുള്ള കഥകള്‍ തീര്‍ത്തും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് തന്നെ. അല്ലെങ്കിലും തീരെ അപരിഷ്കൃതമായ ഒരു നാട്ടിന്‍പുറത്ത് ജിവിച്ചതിനാല്‍ നഗരത്തിലെ ചീഞ്ഞളിഞ്ഞ മാംസ വിപണികളേയും , പിടിച്ചുപറിയേയും, വെറിപിടിച്ച പ്രകൃതി വിരുദ്ധ ലൈംഗീകതയേയും കുറിച്ചൊന്നും അറിവില്ലായിരുന്നല്ലോ.. അല്ലായിരുന്നെങ്കില്‍ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് പറഞ്ഞ് പോലീസിന്റെ പിടിയിലാവുകയും സ്റ്റേഷനില്‍ നിന്നും അതേ പോലിസുകാരുടെ അറിവോടെ തന്നെ മാംസവിപണിയിലെ ദല്ലാളന്മാര്‍ ദൈവദൂതരെ പോലെ വന്ന് ജാമ്യത്തില്‍ എടുക്കുകയും അവരുടെ അടിമയാക്കി ഇവിടെ എത്തിക്കുകയും ചെയ്യില്ലായിരുന്നല്ലോ !!


മാഡം ഗ്രീന്‍ റൂമിന്റെ വാതില്‍ക്കല്‍ വന്ന് നോക്കുന്നത് കണ്ട് പ്രേമന്‍ എഴുന്നേറ്റു. ഡാന്‍സ് ഫ്ലോറിലേക്ക് എത്താന്‍ സമയമായെന്നാണ്‌ സൂചന. എത്രപെട്ടന്നാണ്‌ ഇവരുടെയൊക്കെ നോട്ടത്തിന്റെയും ഭാവത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും മനസ്സിലായി തുടങ്ങിയത്. ഡോക്ടര്‍ വന്ന് പതിവുള്ള ഇഞ്ചെക്ഷന്‍ എടുത്തു. താല്‍കാലികമായി പുരുഷത്വം മരവിപ്പിക്കാനാണെത്രെ!!


ഫ്ലോറിലേക്ക് നടക്കുമ്പോള്‍ തന്നെ തലക്ക് പെരുപ്പ് തുടങ്ങിയിരുന്നു. ഇരുട്ട് നിറഞ്ഞ ഡാന്‍സ് ഫ്ലോറില്‍ ചെറിയ മെഴുകിതിരികളുടെ വെട്ടത്തില്‍ പരസ്പരം മുഖം കൊടുക്കാതെ ആഘോഷിക്കുന്ന സ്ത്രീ രത്നങ്ങള്‍. ഒറ്റക്കും കൂട്ടായുമെല്ലാം അവര്‍ ജഗജിത്ത് സിംഗിന്റെ ഗസല്‍ ആസ്വദിക്കുകയും ഗ്ലാസുകളില്‍ നിന്നും സിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇരുട്ടില്‍ പലരുടേയും ചുണ്ടില്‍ എരിയുന്ന സിഗററ്റും ,അന്തരീക്ഷത്തില്‍ ഉയരുന്ന പുകവലയങ്ങളും കണ്ടപ്പോള്‍ പ്രേമനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു . നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ അടുക്കളയിലെ , മണ്ണടുപ്പിന്റെ അരുകില്‍ പുക കയറി വെള്ളം നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച് പറമ്പില്‍ നിന്ന് വീണ്‌ കിട്ടിയ ഉണങ്ങിയ കമ്പുകളില്‍ തീപിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞനുജത്തിയുടെ എല്ലുന്തിയ നെഞ്ചിന്‍കൂട്ടില്‍ നിന്നും പുറത്തേക്ക് വന്ന ചുമ കേട്ട് പ്രേമന്‍ ഒന്ന് ഞെട്ടി. കണ്ണുകള്‍ ഉയര്‍ത്തി നോക്കി. സിഗററ്റിന്റെ പുക ഉള്ളിലേക്ക് എടുത്തിട്ട് ചുമക്കുന്ന ഒരു ചെറുപ്പക്കാരിയെയാണ്‌ കണ്ടത് . കൂടെയുള്ള സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ട്. ഒരു പക്ഷെ സിഗററ്റ് വലിച്ചുള്ള പരിചയക്കുറവാകാം. ആ കുട്ടിയെ ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ല . ജീന്‍സും ടീഷര്‍ട്ടും വേഷം. കണ്ടിട്ട് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് തോന്നുന്നു. കാഴ്ചയില്‍ നാട്ടിലുള്ള അനുജത്തിയുടെ പ്രായം തോന്നി പ്രേമന്‌. അവളോടൊപ്പമുള്ള സ്ത്രീ പതിവുകാരിയാണ്‌. അത്ര നല്ല സ്ത്രീയല്ല എന്നാണ്‌ അവരെ ട്രീറ്റ് ചെയ്യുന്ന ബെയറര്‍ പറഞ്ഞത്. എന്തോ മനസ്സില്‍ ഒരു വിഷമം തോന്നി.


പിന്‍ഭാഗത്ത് കിട്ടിയ അടിയുടെ ശക്തിയില്‍ പെട്ടന്ന് വേച്ചു പോയി. മാഡമാണ്‌. ഊഴമായിട്ടും പകച്ച് നിന്നതിനുള്ള ശിക്ഷ! ഒരു വൃത്തിക്കെട്ട ആംഗ്യത്തിലൂടെ ഇതും ഷോയുടെ ഭാഗമാണെന്ന മട്ടില്‍ കൂടിയിരിക്കുന്നവരെ സന്തോഷിപ്പിക്കുന്ന അവരെ കണ്ടപ്പോള്‍ മരുന്ന് ഇഞ്ചെക്റ്റ് ചെയ്ത ഡോക്ടറോടാണ്‌ സത്യത്തില്‍ കലി തോന്നിയത്. ഹാളിലെ അശ്ലീലം നിറഞ്ഞ കമന്റുകള്‍ക്കും പൊട്ടിച്ചിരിക്കുമിടയില്‍ സ്റ്റേജിലേക്ക് ചുവടുകള്‍ വെച്ച് ഒരു കോമാളിയെ പോലെ കയറി. മനസ്സിലെ അമര്‍ഷം മുഴുവന്‍ ഡാന്‍സ് ഫ്ലോറിലാണ്‌ തീര്‍ക്കുന്നത്. അത് കൊണ്ട് തന്നെയാവും നൃത്തവുമായി പുല ബന്ധം പോലുമില്ലാതിരുന്നിട്ടും ഇവരുടെയൊക്കെ ഇഷ്ടപ്പെട്ട ഐറ്റം ഡാന്‍സറായത് . ചെറുപ്പം മുതല്‍ ആട്ടിപ്പറിക്കാനായി കമുകിന്‍ തലപ്പുകളില്‍ നിന്നും കമുകിന്‍ തലപ്പുകളിലേക്ക് അണ്ണാനെപോലെ തൂങ്ങിയാടിയിരുന്നത് കൊണ്ട് മെയ്‌വഴക്കത്തിന്റെ പ്രശ്നങ്ങളൊന്നും ഇല്ല.


പശ്ചാത്തല സംഗീതത്തിന്റെ മട്ടും ഭാവവും എത്ര പെട്ടന്നാണ്‌ മാറിയത്. ഐറ്റം ഡാന്‍സ് തുടങ്ങിയത് തന്നെ സിരകളെ ത്രസിപ്പിക്കുന്ന കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെയാണ്‌.. അസുരവാദ്യങ്ങളില്‍ കൈത്തഴക്കമുള്ള കലാകാരന്മാരുടെ താണ്ഢവം. ആ വാദ്യമേളങ്ങളേയും പാട്ടിനെയും പിന്നണിയില്‍ ആക്കികൊണ്ട് തരുണികളുടെ ആനന്ദനടനം. പലരുടെയും വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിത്തുടങ്ങി. പലരും പരസ്പരം ആനന്ദിപ്പിക്കുന്നു. ചിലര്‍ ആംഗ്യഭാഷയിലൂടെ പ്രേമനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. പൊട്ടിച്ചിരികള്‍.. വന്യമായ അലര്‍ച്ചകള്‍.. കൈകളിളെ ഗ്ലാസുകള്‍ വീണ്ടും നിറയുന്നതും ഒഴിയുന്നതും അവര്‍ പോലും അറിയുന്നില്ല.


ഫ്ലോറില്‍ നിന്നും ഡാന്‍സര്‍ മേശകള്‍ക്കരികിലേക്ക് നീങ്ങാനുള്ള സമയമായി വരുന്നു. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ ചിട്ടകളും സമയ ക്ലിപ്തതയുമുണ്ടിവിടെ. അവയൊന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം ഏകോപിപിക്കാനുള്ള മാഡത്തിന്റെ കഴിവില്‍ വിസ്മയപ്പെട്ടിട്ടുണ്ട്‌.. മറ്റുള്ളവരെല്ലാം അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന വെറും പാവകളാണ്‌. കണ്ണുകളും മനസ്സും വല്ലാതെ ഏകാഗ്രമാക്കി. . അല്പം പിഴവ് പറ്റിയാല്‍ ശിക്ഷ ഭീകരമാണ്‌. ഒരിക്കല്‍ അവരുടെ വന്യമായ ശിക്ഷാരീതികള്‍ കണ്ടതാണ്‌. പെട്ടന്നുണ്ടായ ആവേശത്തില്‍ ഏതോ ഒരു സ്ത്രീയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ച ബെയററെ വിവസ്ത്രനാക്കി തിളച്ച എണ്ണയില്‍ മുക്കിയ ചൂരല്‍ കൊണ്ട് ശരീരം മുഴുവന്‍ അടിച്ചു. മരുന്നിന്റെ വീര്യം കുറഞ്ഞ് പോയെന്ന് പറഞ്ഞ് അന്ന് ഡോക്ടറും കുറേ വഴക്ക് കേട്ടു. ഹോ !! ശരിക്കും ഭയന്ന് പോയി. മാഡത്തിന്റെ വന്യമായ ഭാവം കണ്ട് എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതിയെന്ന് വരെ തോന്നിപ്പോയ മുഹൂര്‍ത്തം. പക്ഷെ, എവിടേക്ക്..?? ഈ മതില്‍ക്കെട്ടിനകത്ത് എത്തപ്പെട്ടവരാരും പിന്നെ പുറംലോകം കണ്ടിട്ടില്ല. പക്ഷെ ഒന്നുണ്ട്. മാസം തോറും കൃത്യമായി എല്ലാവരുടെയും വീടുകളില്‍ അവരുടെ വിയര്‍പ്പിന്റെ പ്രതിഫലം എത്തിക്കുന്നതില്‍ യാതൊരു മുടക്കവും വരുത്താറില്ല.


എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷെ ഇന്ന് മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയുന്നില്ല. എന്തോ ആദ്യമേ കണ്ട ആ പെണ്‍കുട്ടി വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. . ഇവിടെ നടക്കുന്ന പല ചതികളുടെയും കഥകള്‍ ഇപ്പോള്‍ കുറേശ്ശെയായി പ്രേമനും അറിയാം. സത്യം പറഞ്ഞാല്‍ ശനിയാഴ്ചകളിലെ ഈ ഷോ മറ്റു ദിവസങ്ങള്‍ക്കുള്ള ഒരു മറ കൂടെയാണ്‌. ഈ ഷോയില്‍ നിന്നുമാണ്‌ മറ്റു ദിവസങ്ങളിലെ മാംസകമ്പോളത്തിനുള്ള ഇരകളെ മാഡം തേടിപിടിക്കുന്നത്. ഒരാവേശത്തില്‍ , ഉള്ളിലുള്ള കാമാഗ്നിയും വീര്‍പ്പുമുട്ടികിടക്കുന്ന അടക്കിപിടിച്ച വികാരങ്ങളും കത്തിച്ചു കളയാന്‍ എത്തി ഇവിടെ പെട്ട് പോയവര്‍ ഒട്ടേറെ.. ശനിയൊഴികെയുള്ള ദിവസങ്ങളില്‍ വിദേശികളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടി ഹോമിക്കപ്പെട്ട നരക ജീവിതങ്ങള്‍!!!


സിഗ്നല്‍ കിട്ടയതും ഡാന്‍സ് ഫ്ലോറില്‍ നിന്നും ടേബിളുകള്‍ക്ക് അരികിലേക്ക് ധ്രുതവേഗത്തില്‍ കുതിച്ചു. ഇവിടെ കെട്ടിയാടുന്ന ഈ വേഷപകര്‍ച്ചയില്‍ ഏറ്റവും അധികം വെറുക്കുന്നതും ഇത് തന്നെ. മദ്യം സിരകളില്‍ ലഹരിയായി നുരയുമ്പോള്‍ സ്വയം മറക്കുന്ന സ്ത്രീകള്‍! അവരുടെ അസഹ്യമായ പേക്കൂത്തുകള്‍. ഇവരില്‍ പലരും ഇവിടെ സ്ഥിരക്കാരായതിനാല്‍ ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ മുന്‍‌കൂട്ടി കാണാന്‍ കഴിയുന്നുണ്ട്. പലരും ലഹരി മൂക്കുമ്പോള്‍ സ്വയം മറക്കുന്നു. ചില ടേബിളുകള്‍ക്കരികിലേക്ക് ചെല്ലുന്നത് തന്നെ പേടിയോടെയാണ്‌.. അത്രക്കധികമാണ്‌ അവരുടെ ആക്രമണം ! പക്ഷെ അവരാണ്‌ ഈ നിശാക്ലബിലേക്ക് പുത്തന്‍ ആളുകളെ വലിച്ചടുപ്പിക്കുന്ന കേന്ദ്രബിന്ദുക്കള്‍ . അതുകൊണ്ട് തന്നെ അവരെ പ്രീണിപ്പിക്കേണ്ടത് മാഡത്തിന്റെ കൂടെ ആവശ്യമാണ്‌. സ്വാഭാവികമായും മാഡത്തിന്റെ ആവശ്യം അടിമകളുടേത് കൂടെയായതിനാല്‍ ശരീരത്തിലെ പലഭാഗങ്ങളിലും അവരേല്പ്പിക്കുന്ന ചെറിയ മുറിപ്പാടുകള്‍ കടിച്ചുപിടിച്ച് സഹിക്കുന്നു. ഹോ, കഴിഞ്ഞ ആഴ്ചയല്ലേ എരിയുന്ന സിഗററ്റ് കൊണ്ട് ആ തടിച്ച സ്ത്രീ കുത്തിവേദനിപ്പിച്ചത്!! അത്തരം എന്തെല്ലാം പീഡനങ്ങള്‍. ചിലര്‍ അവരുടെ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ഉപയോഗിക്കുന്നു.. പലതും ഓര്‍ക്കാന്‍ തന്നെ മടിതോന്നുന്നു.


ആ പെണ്‍കുട്ടിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹം മനസ്സിലുള്ളത് കൊണ്ടാവാം, ഒരു പക്ഷെ ഇന്ന് അതൊന്നും ഒരു പ്രശ്നമായി തോന്നാത്തത്. കണ്ണുകള്‍ അവളിലേക്ക് പാളി. അവളുടെ സിരകളിലും തീ പടര്‍ന്നിരുന്നു. കൂടെയുള്ളവള്‍ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്.. അരിശം തോന്നി. അവരുടെ വീട്ടിലെ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്‌ ആ പെണ്‍കുട്ടിയെന്ന് ആരുടെയോ ചോദ്യത്തിനുത്തരമായി ആവര്‍ അര്‍ത്ഥഭര്‍ഗമായി പറയുന്നത് കേട്ടു. മനസ്സില്‍ എന്തിനാ ഒരു നീറ്റല്‍... പ്രേമന്‍ ചിന്തിച്ചു. ഒരു പക്ഷെ, അവളെ ആദ്യം കണ്ടത് നാട്ടിലുള്ള അനുജത്തിയെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കൊപ്പമായതാവാം.. അതോ, ഇന്ന് ഡോക്ടര്‍ക്ക് മരുന്നിന്റെ അളവ് തെറ്റിയോ!! ഉള്ളിലെ പുരുഷത്വം അവളെ വേറെ ഏതെങ്കിലും രീതിയില്‍ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? ഈയിടെയായി പ്രേമന്‌ ഒന്നും മനസ്സിലാവാതായിരിക്കുന്നു .


'കമോണ്‍ ബേബീ, ചിയര്‍ അപ്.. കമോണ്‍ മാന്‍.. കമോണ്‍..'

'ഹോ, മാര്‍‌വലസ് … മൈ ഡിയര്‍ ബ്യൂട്ടിക്വീന്‍..'


'ഡൂ ഇറ്റ് ഡിയര്‍.. ഡൂ ഇറ്റ്... ' - ഹാള്‍ മുഴവന്‍ ഇപ്പോള്‍ അവളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. മാഡവും അവളുടെ കൂടെ വന്നിരിക്കുന്ന സ്ത്രീയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലരും അവളുടെ ചുണ്ടുകളില്‍ മദ്യചഷകങ്ങള്‍ മുട്ടിക്കാന്‍ മത്സരിക്കുന്നു. മദ്യം അവളുടെ ടീഷര്‍ട്ടിലൂടെ ഒഴുകിയിറങ്ങി. ടീഷര്‍ട്ടിന്റെ നനവിലൂടെ ഏതാണ്ട് അര്‍ദ്ധനഗ്നയായ അവളെ ഒരു പറ്റം കണ്ണുകള്‍ സാകൂതത്തോടെ നോക്കുന്നത് കണ്ട് പ്രേമന്റെ മനസ്സ് അസ്വസ്ഥമായി. . എന്ത് ചെയ്യണമെന്നറിയാതെ പ്രേമന്‍ ഉഴറി.


സംഗീതം വന്യരൂപം കൈക്കൊള്ളുന്നത് പ്രേമന്‍ അറിഞ്ഞു. ഈ രാത്രി സമാപിക്കാറായി. എന്നതിന്റെ സൂചന!! ഈ സമയം അവസാന നുറുങ്ങുവെളിച്ചം പോലും അണക്കുകയാണ്‌ പതിവ്. അവിടെ കൂടിയിരിക്കുന്നവര്‍ക്ക് ഇരുട്ടിന്റെ മറവില്‍ എന്നിലേക്ക് നുരഞ്ഞുപതയാനുള്ള സമയമായെന്നതിന്റെ സൂചനയാണ്‌ അത്. !!! ഇവിടെയെല്ലാം സൂചനകളാണ്‌.....പ്രേമന്‍ ചെറുതായൊന്ന് നെടുവീര്‍പ്പിട്ടു.. ഒരഞ്ച് പത്ത് മിനുട്ട് കൊണ്ട് വന്യമായ പീഡനമുറകള്‍ ഏല്‍ക്കേണ്ടി വരും! പക്ഷെ ഇന്ന് എന്തോ, മറ്റൊരു ആപത്തിനെയാണ്‌ പ്രേമന്‍ ഭയക്കുന്നത്. മാഡത്തിന്റെ കണ്ണുകളില്‍ നിന്നും എന്തോ സൂത്രം ഒപ്പിച്ച ഭാവം വായിക്കാനാവുന്നുണ്ട് പ്രേമന്‌.. ഒരു ചതി ഒളിപ്പിച്ച് വച്ചിരിക്കുന്ന... നിഗൂഢമായ ചിരി അവരുടെ മുഖത്ത് കാണുന്നു. എന്താവാം അത്.. ഒരു പക്ഷെ.. ഒരു പക്ഷെ.. ഈ പെണ്‍കുട്ടിയാവുമോ ഇനി അവരുടെ ഇര.. ? ചതിക്കപ്പെട്ട ഒട്ടേറെ പേരെ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ പ്രേമന്‍ കണ്ടിട്ടുണ്ട്.


മനസ്സില്‍ ഒരിക്കല്‍ കൂടെ അനുജത്തിയുടെ മുഖം തെളിഞ്ഞു. കനാലില്‍ നിന്ന് വെള്ളവുമായി വരുമ്പോള്‍ നനഞ്ഞൊട്ടിയ അവളുടെ കണങ്കാലുകളിലെ നനുത്ത രോമങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ചെത്തുകാരന്റെ നിഴല്‍ ഇവിടെ എവിടെയെങ്കിലുമുണ്ടോ? ഈ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ... ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍...



ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, ഡില്‍ഡോ

രചന : ശാന്ത കാവുമ്പായി
പുസ്തകം : മോഹപ്പക്ഷി
പ്രസാധനം : കൈരളി ബുക്സ്

ശാന്ത കാവുമ്പായിയുടെ 30 കവിതകളുടെ സമാഹാരമാണ്‌ മോഹപ്പക്ഷി. ബ്ലോഗിലൂടെ ഒട്ടേറെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു കവയത്രി തന്നെ ശാന്തടീച്ചര്‍. ആരുടെയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാവുന്ന ബ്ലോഗ് എന്ന മാധ്യമത്തെ കണ്ടെത്തും വരെ പറയാനുള്ളതെല്ലാം മനസ്സില്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു എന്ന്‍ ടീച്ചറുടെ വെളിപ്പെടുത്തല്‍. മോഹപ്പക്ഷി എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു കൂട്ടം കവിതകളാണ്‌ ഈ സമാഹാരത്തില്‍ ഉള്ളത്.

ടീച്ചറുടേത് തികച്ചും ഒരു മോഹിപ്പിക്കുന്ന മുന്നേറ്റമാണ്‌. വിധി പലപ്പോഴായി ജീവിതത്തില്‍ ടീച്ചറെ വേട്ടയാടിയിട്ടുണ്ട്. അതൊക്കെ ബ്ലോഗ് എന്ന മാധ്യമത്തിലെ സ്ഥിരം വായനക്കാരായ നമ്മളില്‍ പലര്‍ക്കും അറിയാവുന്നതുമാണ്‌. പക്ഷെ, ടീച്ചറുടെ ഇച്ഛാശക്തിക്ക് മുന്‍പില്‍ വിധി കീഴടങ്ങുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ഫീനിക്സ് പക്ഷിയാവില്ലായിരുന്നു ശാന്ത ടീച്ചര്‍.

സമാഹാരത്തിലെ എല്ലാ കവിതകളിലും പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായി സ്ത്രീകളുടെ പ്രശ്നങ്ങള്‍ വരച്ചു കാട്ടപ്പെടുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ശ്രീ. ബാബു ഭരധ്വാജ് പറഞ്ഞത് പോലെ ഒരു പക്ഷെ അത് തന്നെയാവും ഈ പുസ്തകത്തിന്റെ ഗുണവും ഒരു പക്ഷെ പരിമിതിയും. കവിതകള്‍ ഒട്ടുമിക്കവയും പാരായണ സുഖം പ്രദാനം ചെയ്യുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്‌. 'ഒളിക്കണ്ണുകള്‍' എന്ന കവിതയില്‍ ഒരു പെണ്ണിന്‌ നേരിടേണ്ടി വരുന്ന എല്ലാ നിസ്സഹായാവസ്ഥയും വരച്ചുകാട്ടിയിരിക്കുന്നു. "എവിടെയും ഒരു ക്യാമറ ഒളിച്ചിരിപ്പുണ്ട് കച്ചവടക്കണ്ണുമായി..." "ഒളിക്കണമിനി മാനവനില്ലാത്ത കാടുനോക്കി.." സമൂഹത്തോടുള്ള രോഷവും സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഈ വരികളിലൂടെ പറഞ്ഞിരിക്കുന്നു. നരഭോജികള്‍, മുറിവ്, മരുന്ന് .. കവിതകള്‍ ഒട്ടുമിക്കതും നിലവാരമുള്ളത് തന്നെ. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ ആയത് കൊണ്ട് അവയെ ഒത്തിരി പരിചയപ്പെടുത്തുന്നില്ല. പക്ഷെ, ഒന്നുണ്ട്, വിധിയോട്, ദൈവത്തോട്, പൊരുതികയറിയ ടീച്ചറുടെ കവിതകള്‍ ബൂലോകത്ത് നിന്നും ഭുലോകത്തേക്ക് ചിറകടിച്ചുയര്‍ന്നപ്പോള്‍ അവ വായന അര്‍ഹിക്കുന്നവ തന്നെയെന്നത്. പുസ്തകത്തിനു വേണ്ടി ടി.ലോഹിതാക്ഷന്‍ വരച്ച ഇലുസ്ട്രേഷന്‍സ് മനോഹരം തന്നെ. എന്നാല്‍ കവര്‍ ലേ ഔട്ട് അത്ര ആകര്‍ഷണീയമായില്ല എന്ന് ഒരു തോന്നല്‍. ടീച്ചറുടെ അനുഭവങ്ങളിലൂടെ ജീവിതകാഴ്ചകളിലൂടെയുള്ള ഒരു പറക്കലാണ്‌ ഈ മോഹപക്ഷി (വില : 35.00 രൂപ)

രചന : ഒരു കൂട്ടം എഴുത്തുകാര്‍
പുസ്തകം : ദലമര്‍മ്മരങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്

കണ്ണൂര്‍ തളിപറമ്പ് സീയെല്ലെസ് ബുക്സ് സമാഹരിച്ച 48 കവിതകളുടെ ഒരു സമാഹാരമാണ്‌ ദലമര്‍മ്മരങ്ങള്‍. അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെയും വിട്ട് നമ്മില്‍ നിന്നും പറന്നകന്ന രമ്യ ആന്റണി എന്ന കൊച്ചു കവയത്രിക്ക് സമര്‍പ്പിച്ച് കൊണ്ടാണ്‌ സീയെല്ലെസ് ഈ പുസ്തകം വായനക്കായി എത്തിക്കുന്നത്. രമ്യയുടെ 'അലമാരകള്‍' എന്ന കവിതയിലൂടെ പുസ്തകം ആരംഭിക്കുന്നു. "എല്ലാം നിറച്ചപ്പോള്‍ സ്വപ്നം സൂക്ഷിക്കാന്‍ ഒരു പാടിടം ബാക്കി .." എന്ന് പറഞ്ഞ ആ കുഞ്ഞനുജത്തി ഇന്ന് ഏതോ ലോകത്തിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും. രമ്യ, ഒരു ശലഭത്തെ പോലെ പാറിനടക്കാന്‍ വിധി നിന്നെ അനുവദിച്ചില്ലായിരിക്കും. പക്ഷെ രമ്യയുടെ കവിതകള്‍ വായനക്കാരന്റെ മനസ്സില്‍ എന്നും പാറികളിക്കും. വായനക്കാരന്റെ മനസ്സാകുന്ന അലമാരയില്‍ അര്‍ബുദത്തോട് പൊരുതിയ നിന്റെ നാവുകളില്‍ തത്തിക്കളിച്ച കവിതകള്‍ എന്നും ഉണ്ടാവും.

രമ്യയുടെ 'അലമാരകളില്‍' നിന്നും ബിനു.എം.ദേവസ്യ എന്ന പോരാളിയുടെ 'വിഗലാംഗം' എന്ന കവിതയിലേക്കാണ്‌ പ്രസാധകര്‍ വായനക്കാരനെ നയിക്കുന്നത്. "വിലയില്ലാത്തൊരു വിഗലാംഗ വസ്തുവായ് പാഴിലേക്കാക്കുമോ നീ" എന്ന് ബിനു ചോദിക്കുന്നു. ഇല്ല, ബിനു ഒരിക്കലും അല്ല എന്ന് മനസ്സ് പറയാന്‍ ഈ ചെറുപ്പക്കാരന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ശ്രീജ പ്രശാന്തിന്റെ സമയവാഹിനി, ഹരിയണ്ണന്‍ എന്ന ഹരിലാല്‍ വെഞ്ഞാറമൂടിന്റെ 'പ്രിയപ്പെട്ട അമ്മക്ക്', ജിഷാദ് ക്രോണിക്കിന്റെ 'സ്നേഹിച്ചു കൊതി തിര്‍ന്നില്ല എനിക്ക് നിന്നെ', വിലു ജനാര്‍ദ്ദനന്റെ 'അഴിഞ്ഞാട്ടക്കാരി', ദിവ്യ.കെ.വിയുടെ 'പാഴ്‌ജന്മം', രാജേഷ് ചിത്തിരയുടെ 'നീയും ഞാനും', ലീല. എം.ചന്ദ്രന്റെ 'ഇവര്‍ കുഞ്ഞു മാലാഖമാര്‍'.. മികച്ച കവിതകളുടെ ഒരു കൂട്ടം തന്നെയുണ്ട് ദലമര്‍മ്മരങ്ങളില്‍. പി.കെ. ഗോപിയുടെ അവതാരികയുള്‍പ്പെടെ പുസ്തകം മൊത്തതില്‍ നിലവാരമുള്ളത് തന്നെ. (വില : 70 രൂപ)

രചന : ഒരു കൂട്ടം എഴുത്തുകാര്‍

പുസ്തകം : സാക്ഷ്യപത്രങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്

ഇതോടൊപ്പം തന്നെ 'സാക്ഷ്യപത്രങ്ങള്‍' എന്ന ഒരു കഥാസമാഹാരവും സിയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 കഥകളടങ്ങിയ ഒരു സമാഹാരമാണ്‌ സാക്ഷ്യപത്രങ്ങള്‍. രവിയുടെ 'കത്തുകള്‍ എന്നോട് പറഞ്ഞത്', രാജേഷിന്റെ 'ലിമിയയുടെ യാത്രകള്‍', വര്‍ക്കല ശ്രീകുമാറിന്റെ 'ആത്മഹത്യയ്കൊരു പരസ്യവാചകം', ജിന്‍ഷ്യ ജമാലിന്റെ 'പ്രളയം'..... നിലവാരം ഉള്ള കഥകള്‍ ഒട്ടേറെയുണ്ട് സാക്ഷ്യപത്രങ്ങളില്‍. ബ്ലോഗിലൂടെയും മറ്റും എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. പുസ്തകത്തിന്റെ ലേഔട്ട് അത്ര മനോഹരമായില്ല എന്ന് പറയേണ്ടി വരും. പല എഴുത്തുകാരുടെയും ഫോട്ടോകള്‍ അവ്യക്തമായി പോയി. എന്നിരിക്കലും ഉള്ളടക്കം ആണ്‌ പുസ്തകത്തിന്റെ മികവ് നിര്‍ണ്ണയിക്കുക എന്നത് കൊണ്ട് സിയെല്ലെസിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. (വില : 70 രൂപ)

രചന : ദേവദാസ്.വി.എം.
പുസ്തകം : ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്

ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) എന്ന പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ വല്ലാത്ത ഒരു ആകാംഷയായിരുന്നു. മറ്റൊന്നുമല്ല ആ പുസ്തകത്തിന്റെ പേരില്‍ തന്നെ എന്തോ ഒരു പ്രത്യേകത ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി. നോവല്‍ സങ്കല്പങ്ങളെ പലപ്പോഴും വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ട് ദേവദാസിന്‌. പത്രവാര്‍ത്തയിലൂടെ അറിയുന്ന ആറ് മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു കഥ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും അതിന്റെ അവതാരികയില്‍ മേതില്‍ രാധാകൃഷ്ണന്‍ സൂചിപ്പിച്ച എഴുത്തിലെ പഴയ മിഷിനറി പൊസിഷന്‍ എന്തെന്ന് എനിക്ക് അത്ര മനസ്സിലായില്ല. എന്ന് മാത്രമല്ല അതത്രക്ക് ദഹിച്ചുമില്ല. പിന്നെ മേതിലിന്റെ ആദ്യ വാദത്തോട് ഞാനും യോജിക്കുന്നു. എന്തെന്നാല്‍ ദേവദാസ് ഒരിക്കലും അശ്ലീലപരമായ ഉദ്ദേശ്യം കൊണ്ടാണ്‌ ഡില്‍ഡോ എഴുതിയതെന്ന് ഞാനും വിശ്വസിക്കുന്നില്ല.

ഈ നോവലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത ഇതിന്റെ ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന അഭ്യാസങ്ങളാണ്‌. വിവരസാങ്കേതികവിദ്യയുടെ കടം കൊള്ളല്‍ അവിടെയുണ്ടെങ്കിലും അത് ഈ പുസ്തകത്തെ സാധാരണ നോവല്‍ രൂപങ്ങളില്‍ നിന്നും വേറിട്ട് നിറുത്തുന്നു. ദേവദാസിന്റെ പുസ്തകത്തെ എന്താവും നാം വിളിക്കുക എന്ന മേതില്‍ രാധാകൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്‌. കാരണം പരമ്പരാഗതമായ നോവല്‍ സങ്കല്പ്പങ്ങളെ തച്ച് തകര്‍ക്കുന്നു ഈ പുസ്തകം. ആകര്‍ഷണീയമായ രീതിയില്‍ പുസ്തകം ലേഔട്ട് ചെയ്ത പ്രസാധകരായ ബുക്ക് റിപ്പബ്ലിക്കും ഇതോടൊപ്പം പ്രശംസയര്‍ഹിക്കുന്നു. (വില : 65.00രൂപ)