മലയാള സാഹിത്യത്തില്‍ എഴുത്തുകാരികള്‍ക്ക് തുറന്നെഴുതാനുള്ള അവസരം അല്ലെങ്കില്‍ സാഹചര്യം ഇല്ല എന്ന മുറവിളികള്‍ക്കിടയിലാണ് ഒരു കൂട്ടം എഴുത്തുകാരികള്‍ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വന്നത്. ഇന്ദുമേനോന്‍ , കെ.ആര്‍ .മീര, സിത്താര.എസ്, പ്രിയ.എ.എസ്, രേഖ.കെ, സി.എസ്.ചന്ദ്രിക, തനൂജ എസ്. ഭട്ടതിരി, എം.പി.പവിത്ര, ഹിത ഈശ്വരമംഗലം, ധന്യരാജ് .. പട്ടിക നീണ്ടു പോകുന്നു. ഈ എഴുത്തുകാരികളിലെ നിറസാന്നിധ്യമായ രേഖ.കെയുടെ ജുറാസിക് പാര്‍ക്ക്, ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എന്നീ സമാഹാരങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ 7 കഥകളുടെ സമാഹാരമാണ് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മാലിനി തീയറ്റേഴ്സ്'. (വില 40 രൂപ)
പച്ചയായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഇവയിലെ മിക്ക കഥകളും. സമാഹാരത്തിലെ എല്ലാ കഥകളും അസാമാന്യ നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ, ആദ്യ കഥയായ'നാല്‍ക്കാലി'യില്‍ തുടങ്ങുന്ന ഒരു വ്യത്യസ്ഥത അവസാന കഥയായ 'മഞ്ഞുകുട്ടികള്‍' വരെ നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമായ വസ്തുത തന്നെ. ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന, എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ ഏറെ നല്‍ക്കുന്ന ഒരു ചെറിയ പുസ്തകം, കെട്ടിലും മട്ടിലും വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലാക്കാന്പ്രസാധകർക്കും കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യം.
രംഗപടം, പാലാഴിമഥനം, മഞ്ഞുകുട്ടികള്‍ , അച്ഛന്‍ പ്രതി എന്നീ കഥകള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന്‍ പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്മാനസികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു. 'ശ്രീ വേഗം വണ്ടി വിടണം , ഐസ്ക്രീം ഉരുകി തുടങ്ങി' എന്ന്‍ കഥയുടെ അവസാന വരിയില്‍ എഴുതുമ്പോള്‍ അതില്‍ നായികയുടെമനസ്സിന്റെ കുളിര്‍മ്മ നമ്മില്‍ വല്ലാതെ ഫീല്‍ ചെയ്യിക്കാന്കഥാകാരിക്കാവുന്നു (രംഗപടം : പേജ് 28). അതേ പോലെ തന്റെ നേരെ ഉയര്ന്നപുരുഷന്റെ കാമവെറിയപരിഹസിച്ച് വിശന്നൊട്ടിയ വയറില്‍ നിന്നുയര്ന്നഒച്ചയില് 'എനിക്ക് അഞ്ഞൂറ് രൂപ വേണം' എന്ന് പറയുന്ന ബിന്ദുവില്‍ ദാരിദ്ര്യത്തിന്റെദയനീയ മുഖവും ചൂഷകരോടുള്ള അവഞ്ജയും എഴുത്തുകാരി തുറന്ന് കാട്ടുന്നു (പാലാഴിമഥനം : പേജ് 37). ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)യില്‍ തുടങ്ങിയ ഒഴുക്ക് നഷ്ടപ്പെടാത്ത കഥനരീതി മാലിനി തീയറ്റേഴ്സില്‍ എത്തുമ്പോഴും നിലനിര്‍ത്താന്‍ രേഖക്ക് കഴിഞ്ഞു എന്നത്പ്രശംസനീയം. സന്ദേശങ്ങള്‍ നിറഞ്ഞ 7 കഥകള്‍ ഈ സമാഹാരത്തെ വായിക്കാന്‍ ഒരു പരിധിവരെ നമ്മെ പ്രേരിപ്പിക്കുന്നു.
പുസ്തകം:വെള്ളരിപ്പാടം
രചയിതാവ് : പി.വി.ഷാജികുമാര്‍
പ്രസാധനം : ഡി.സി. ബുക്സ്
13 എന്നത് പൊതുവെ അശുഭ സംഖ്യയായി എല്ലാവരും ചൂണ്ടിക്കാട്ടുമെങ്കിലും പി.വി.ഷാജികുമാര്‍ എന്ന പുതു എഴുത്തുകാരന്റെ 'വെള്ളരിപ്പാടം' എന്ന സമാഹാരത്തിലെ 13 കഥകള്‍ നമ്മെ ചിന്തിപ്പിക്കുന്നവ തന്നെയാണ്. ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകള്‍ , ആധുനികതയുടെ നാട്യങ്ങളില്ലാതെ, ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ നാഗരീക ജിവിതത്തിന്റെ കാപട്യങ്ങളെ തുറന്ന് കാട്ടുന്നവയെന്ന പ്രസാദകരായ ഡി.സി.ബുക്സിന്റെ അവകാശവാദം കഴമ്പില്ലാത്തതല്ല എന്ന് തെളിയിക്കാന്‍ കഥകളിലൂടെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കഥകള്‍ക്ക് ശേഷം ഉ.സാ.ഘ എന്ന അനുബന്ധത്തില്‍ വിജു. വി.വി. പറഞ്ഞപോലെ ഇന്ന് കഥകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രപരമായ, കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതില്‍ ഷാജികുമാര്‍ നല്‍കുന്നുണ്ട്.
'മരണത്തെ കുറിച്ച് ഒരു ഐതീഹ്യം' എന്ന കഥയിലെ വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുന്നവരെ അവസാന അത്താഴം കൊടുത്ത് സല്‍ക്കരിക്കുകയും അവരെ ആത്മഹത്യയിലേക്ക് നിറഞ്ഞ വയറുമായി തള്ളിവിട്ട് ഗൂഢസ്മിതം തൂകുകയും പിറ്റേന്ന് ചിതറി തെറിച്ച അവരുടെ മൃതശരീരങ്ങള്‍ നോക്കി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തടയുമായിരുന്നല്ലോ ഇവരെ എന്ന അലമുറയിടുകയും ചെയ്യുന്ന നായകന്‍ ഇന്നത്തെ പൊള്ളയായ മനുഷ്യന്റെ മുഖം നമുക്ക് വരച്ച് തരുന്നു. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ വന്നവന്‍ അത് ചെയ്യാതെ മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ന്ന സംതൃപ്തിയില്‍ തിരിച്ച് പോകുമ്പോള്‍ അനിവാര്യമായ ആത്മഹത്യക്ക് കീഴടങ്ങുന്ന നായകന്‍ നല്‍കുന്ന സന്ദേശം ചെറുതല്ല തന്നെ.'ഐ.പി.സി 144' എന്ന കഥയില്‍ ഗബ്രെ സലാസി എന്ന എതോപ്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരനെ തന്റെ ജിവിതത്തിലെ അഭിശപ്ത നിമിഷങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായി കാണുന്ന നായകന്‍ മുരളി, ജീവിതത്തെ ഒരോട്ട മത്സരമാക്കി തീര്‍ക്കുന്നു. സമയ പരിമിതിയാല്‍ തളക്കപ്പെട്ട ജീവിതത്തിന്റെ പച്ചപ്പുകള്‍ ഈ കഥകളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്.
ഈ സമാഹാരത്തിലെ ഏറ്റവും വ്യത്യസ്തവും എനിക്കേറെ ഹൃദ്യമായി തോന്നിയതുമായ കഥയാണ് 'ജീവിതത്തിന് ഒരാമുഖം'. കാസര്‍ഗോഡ് പുത്തിഗൈ സ്വദേശിയും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ശ്രീ മലയപ്പുരയില്‍ ഗിരീശനില്‍ നിന്നും ഒരു ദിവസത്തേക്ക് മന:സാക്ഷി ഇറങ്ങി മാറി നിന്നപ്പോള്‍ നമ്മള്‍ വായിച്ചറിയുന്നത് നാം സ്ഥിരമായി കാണുന്ന, അറിയുന്ന കുറേ സത്യങ്ങള്‍ . ഒരു ദിവസമെങ്കിലും മന:സാക്ഷി നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന അതീവ ഹൃദ്യമായ രചന!!
'രൂപങ്ങള്‍ , 'വെള്ളരിപ്പാടം' എന്നീ കഥകള്‍ ഇന്നത്തെ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തെയും അതിലെ ചൂഷണത്തേയും തുറന്ന് കാട്ടുമ്പോള്‍ വ്യത്യസ്തതകൊണ്ട് ഈ കഥകള്‍ കഥാകാരന് ഒരു കൈയടി കൊടുക്കാന്‍ വായനക്കാരനെ നിര്‍ബദ്ധിക്കുന്നു. അതുപോലെ മനോഹരമായ മറ്റൊരു രചനയാണ് 'നിലാവിന്റെ നിഴല്‍'. ഫ്ലാറ്റ് സംസ്കാരം തകര്‍ത്തെറിയുന്ന നമ്മുടെ പുഴകളെയും പരിസ്ഥിതിയെയും കുറിച്ച് ഒന്ന് ചിന്തിക്കാന്‍ ഈ കഥ പ്രേരിപ്പിക്കും. ഈ വര്‍ഷത്തെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ച ഈ പുസ്തകം ഒരു ബ്ലോഗര്‍ കൂടിയായഷാജികുമാര് എന്ന എഴുത്തുകാരന്റെ വ്യത്യസ്തമായ കഥനരീതി നമുക്ക് കാട്ടിത്തരുന്നു.
വായനയുടെ വസന്തകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ.. ഒരിക്കലും മരിക്കാത്ത വായനക്കായി...
ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് "പേശാമടന്ത" എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് വിശാലമായ ഈ ബൂലോകത്തിലേക്ക് ഞാന്‍ ഒരു പുല്‍ച്ചാടിയായി കടന്ന് വന്നത്. ഒരിക്കലും ഒരു ബ്ലോഗര്‍ ആവണമെന്ന ലക്ഷ്യമില്ലായിരുന്നു. എന്തായിരുന്നു ഒരു ബ്ലോഗ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം എന്നൊക്കെ മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചെറുതായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് വീണ്ടും അത് തന്നെ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
എന്നെ വിട്ട് പോയെങ്കിലും ഇന്നും എന്റെ കൂടെയുള്ള എന്റെ അച്ഛന്‍ .. ബ്ലോഗ് എഴുത്തിന്റെയും കമന്റുകളുടെയും ലോകത്ത് ഞാന്‍ സജീവമാകുമ്പോള്‍ പരിഭവമില്ലാതെ എന്നെ പിന്തുണക്കുന്ന എന്റെ അമ്മ, ഭാര്യ.. അവന്റെ ശാഠ്യങ്ങളും വികൃതികളും കാണാന്‍ നില്‍ക്കാതെ കമ്പ്യൂട്ടറിനു മുന്‍പിലേക്ക് പോകുന്ന അച്ഛനോട് കുഞ്ഞ് മനസ്സ് കൊണ്ട് ക്ഷമിക്കുന്ന എന്റെ മകന്‍ .. ഇവരാണ് എന്റെ ഊര്‍ജ്ജം.. എന്റെ ഈ തേജസിനെ അവര്‍ക്ക് സമര്‍പ്പിക്കട്ടെ..
ഒരു പിറന്നാള്‍ പോസ്റ്റ് എന്നൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നത് സത്യം. പിറന്നാള്‍ ആഘോഷിക്കാന്‍ മാത്രമൊന്നും ഞാന്‍ ഒരു ബ്ലോഗറായി എന്ന തോന്നലുമില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് എന്ന ചിന്തിക്കുന്നുണ്ടാവും. ഇവിടെ എന്നെ സഹിച്ച, എന്നെ വായിച്ച, എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ കുറേ സുമനസ്സുകളും അതിനേക്കാളുപരി എനിക്ക് ലഭിച്ച ഒട്ടേറേ നല്ല സുഹൃത്തുക്കളുമുണ്ട്. അവരോടുള്ള കടപ്പാട് പങ്കുവെക്കപെടേണ്ടതാണെന്ന തോന്നലില്‍ നിന്നും ആണ് ഈ ഒരു പോസ്റ്റ്. ആദ്യമേ തന്നെ എന്റെ കൂട്ടുകാരേ, ഈ കഴിഞ്ഞ ഒരു വര്‍ഷം എന്നെ സഹിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ.
പണ്ടെപ്പോഴോ എഴുതി കൈയില്‍ സൂക്ഷിച്ചിരുന്ന ഒന്ന്രണ്ട്കഥകളും, ഒപ്പം വായിച്ചഏതാനുംപുസ്തകങ്ങളെ പറ്റിയും വെറുതെ എന്തെങ്കിലുമൊക്കെ കോറിയിട്ട് കഴിയുമ്പോളേക്കും ഗ്യാസ് തീരും എന്ന പ്രതീക്ഷയായിരുന്നു തേജസുമായി വരുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. പക്ഷെ, ഇന്നിപ്പോള്‍ ഏതാണ്ട് മുപ്പതോളം പോസ്റ്റുകള്‍ തേജസില്ചെയ്തു എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ കാഴ്ചപാടുകളിലെ ശരിയും തെറ്റുകളും ചൂണ്ടിക്കാട്ടി തരുവാന്‍ ഇവിടെ ഏറെ പേര്‍ ഉണ്ടായി എന്നത് സത്യത്തില്‍ വിസ്മയിപ്പിക്കുന്നു. എന്നെ വായിക്കാന്‍ നിങ്ങള്‍ കാട്ടിയ ആ സഹിഷ്ണുതയാണ് വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നത്.
എന്നെ സഹിച്ചവര്‍ , സഹായിച്ചവര്‍ , അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ , വിമര്‍ശിച്ചവര്‍ , പ്രോത്സാഹിപ്പിച്ചവര്‍ , നേര്‍വഴി തെളിച്ചവര്‍ ... കടപ്പാട് എല്ലാവരോടും ഉണ്ട്. എല്ലാവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. ചിലരെയെങ്കിലും പേരെടുത്ത് പറയാതിരുന്നാല്‍ അത് ഞാന്‍ എന്നോട് കാട്ടുന്ന നന്ദികേടാവും എന്നതിനാല്‍ മറ്റുള്ളവരുടെ അനുവാദത്തോടെ തന്നെ അതും ഞാന്‍ ചെയ്തോട്ടെ..
ആദ്യം ഒരു ബ്ലോഗ് എന്തെന്ന് ഞാന്‍ അറിഞ്ഞത് ഓര്‍ക്കൂട്ടിലൂടെ എനിക്ക് കിട്ടിയതും പിന്നെ ഏതാണ്ട് ഇക്കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്നതുമായ എന്റെ നല്ല സുഹൃത്ത് ജ്യോതിഭായിയുടെ ജ്യോതിസിലൂടെയാണ്. ബ്ലോഗ് എന്ന ഈ മാധ്യമത്തെ പരിചയപ്പെടുത്തി തന്നെ ജ്യോതിക്ക് നന്ദി പറയാതെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ല. നന്ദി ജ്യോതി!!
പേശാമടന്ത എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു പോസ്റ്റിടുമ്പോള്‍ അത് ആരെങ്കിലും വായിക്കുമെന്നോ ഒരു കമന്റ് പോലും വരുമെന്നോഒന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്റിട്ട പ്രിയ ഉണ്ണികൃഷ്ണനോടുള്ള നന്ദിയും വാക്കുകള്‍ക്കതീതമാണ്.
ഒരു എഴുത്തുകാരന്‍ (?) അല്ലെങ്കില്‍, ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ ആദ്യമായി ഫോണില്‍ വിളിച്ച് പ്രോത്സാഹനം തന്ന, തേജസിന്റെ സുഹൃത്തുക്കളില്‍ ഒന്നാമതായി സൈന്‍ ഇന്‍ ചെയ്ത സാബിറ സിദ്ദിഖ്.. മറക്കില്ല സാബിറ, താങ്കളുടെ ആ ഫോണ്‍ കാള്‍ ജീവിതത്തില്‍ ഒരിക്കലും..
ഇനിയും പേരെടുത്ത് പറയേണ്ട വ്യക്തിത്വങ്ങള്‍ നിരവധി.എന്റെ വിഷമങ്ങളുടെയും സന്തോഷങ്ങളുടെയും മാറാപ്പ് ഞാന്‍ തുറക്കുമ്പോള്‍ ക്ഷമയോടെ അതെല്ലാം കേട്ട് എന്റെ കൊച്ച് സന്തോഷങ്ങളില്‍ പങ്കുചേരുകയും വിഷമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത് സഹായിക്കുന്ന , ബ്ലോഗിലൂടെ എനിക്ക് ലഭിച്ച എന്റെ നല്ല കൂട്ടുകാരിലക്ഷ്മിലെചു .. ചാറ്റിലൂടെയും ഫോണിലൂടെയും ഒത്തിരി അടുപ്പം കാത്ത് സൂക്ഷിക്കുന്ന ഹരീഷ് തൊടുപുഴ,കുമാരന്‍ , .. എന്റെ നല്ലതിനു വേണ്ടി കുറേ അനുഭവങ്ങള്‍ എന്നോട് പങ്കുവെച്ച അരുണ്‍ കായംകുളം... ബ്ലോഗിന് ഒരു ഹെഡര്‍ ഡിസൈന്‍ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ , ഒരു പരിചയവുമില്ലാതിരുന്നിട്ട് കൂടി എനിക്ക് വേണ്ടി എനിക്ക് തൃപ്തിയാവുന്നത് വരെ ഹെഡറുകള്‍ അയച്ച് തന്ന നാടകക്കാരന്‍.. ബ്ലോഗിന്റെ ടെക്നിക്കല്‍ സൈഡില്‍ ഒട്ടേറെ സമയം എനിക്ക് വേണ്ടിചിലവഴിച്ചമുള്ളൂക്കാരന്, മാതസ് ബ്ലോഗ് ടീമിലെ എന്റെ സഹപാഠികൂടിയായ ഹരി... എന്റെ പോസ്റ്റുകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ച ബ്ലോഗ് സുഹൃത്ത് തലയമ്പലത്ത്...ആദ്യമായി കുറേ ബ്ലോഗര്‍മാരെ നേരില്‍ കണ്ടപ്പോള്‍ ഒരു പുതുമുഖബ്ലോഗര്‍ ഇവരോടൊക്കെ എങ്ങിനെ ഇടപെടും എന്ന എന്റെ തോന്നലിനെ തല്ലിക്കെടുത്തി എന്നോട് വളരെക്കാലത്തെ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ പെരുമാറിയ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ , സജിഅച്ചായന്‍ , നന്ദപര്‍വ്വം നന്ദന്‍ , ഡോക്ടര്‍ ജയന്‍ ,നാട്ടുകാരന്‍ , നിരക്ഷരന്‍ , ജോഹര്‍ , കൊട്ടോട്ടിക്കാരന്‍ , മുള്ളൂക്കാരന്‍ , ....... നിങ്ങളുടെയൊക്കെസ്നേഹമാണ് എന്നെഇവിടെനിലനിര്ത്തുന്നത്. നിങ്ങളോടൊക്കെയുള്ളനന്ദി പറഞ്ഞോഎഴുതിയോ തീര്‍ക്കാവുന്നതല്ല
എല്ലാത്തിനുമുപരിയായി ഞാന്‍ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കുന്ന ഒരു ഫോണ്‍കാളുണ്ട്. ഓര്‍കൂട്ടിലൂടെയും മെയിലിലൂടെയും കമന്റുകളിലൂടെയുമുള്ള എന്റെശല്യം സഹിക്കാതെയാവണം ഒരു ദിവസം രാവിലെ എനിക്കൊരു ഫോണ്‍ . ഗള്‍ഫില്‍ നിന്നാണ്. ഓ.. എന്റെ ഏതേലും ആരാധികയാവും (ആരാധകനെയൊക്കെ ആര്‍ക്ക് വേണം!!) എന്ന് കരുതി അല്പം ബാസൊക്കെ ഇട്ട് ഞാന്‍ "ഹലോ" പറഞ്ഞു. അപ്പുറത്ത് നിന്ന് വളരെ ശാന്തമായ മറുപടി. "എന്റെ പേര് സജീവ് എന്നാണ്." "ഹും." ഞാനൊന്ന് മൂളി. കാരണം ഞാന്‍ ലോകം അറിയപ്പെടുന്ന ബ്ലോഗര്‍ ആണല്ലോ!! മാത്രമല്ല പ്രതീക്ഷിച്ച പോലെ ആരാധികയുമല്ല.."വിശാലമനസ്കന്‍ എന്നൊരു പേരു കൂടി എനിക്കുണ്ട്." "എന്റമ്മേ" എന്ന അദ്ദേഹത്തിന്റെ മെയില്‍ വിലാസമാണോ അതോ "ഹെന്റമ്മേ" എന്ന എന്റെ വിളിയാണോ അന്നേരം എന്നില്‍ നിന്ന് പുറത്ത് വന്നതെന്ന് ഇന്നും എനിക്കറിയില്ല വിശാല്‍ജി!! ജോലിയില്‍ സ്ഥാനകയറ്റം കിട്ടിയപ്പോള്‍ വീട്ടുകാര്‍ക്ക് ജീരക മിഠായി വാങ്ങിക്കൊടുത്ത ഞാന്‍ അന്ന് ലഡുവാങ്ങി കൊടുത്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ എന്റെ സന്തോഷം. നന്ദിയുണ്ട് മാഷേ ആ വിശാലമനസ്കതക്ക്...
പറയാനാണെങ്കില്‍ ഇനിയുമെണ്ടേറെനിരസിക്കാനാവാത്ത സ്നേഹങ്ങള്‍ .. ശ്രീ, ജൈന്‍ , സുമേഷ് മേനോന്‍ , ഏറക്കാടന്‍ , സോണജി, ഹംസ, സ്മിത, മാനസ, മിനി ടീച്ചര്‍ , എഴുത്തുകാരി ചേച്ചി, ചാണ്ടികുഞ്ഞ്, മുരളി നായര്‍ , സുരേഷ് പുനലൂര്‍ , റാംജി, ഹഷിം (നിന്നെ കൂതറയെന്ന് വിളിക്കാന്‍ എനിക്ക് തോന്നുന്നില്ലെടാ), സിനു, ചേച്ചിപ്പെണ്ണ്, മൈത്രേയി ചേച്ചി, അഭി, ദിപിന്‍ , രാഹുല്‍ , മുഖ്താര്‍ , ലീല ടീച്ചര്‍ , ജ്യോതി സജ്ജീവ്, സിയ, മാണിക്യംചേച്ചി, കാട്ടിപരുത്തി, ഒരു നുറുങ്ങ്, ബിലാത്തിപ്പട്ടണം, രാജേഷ് ചിത്തിര, ജി.മനു,ജീവി, ലെതിചേച്ചി, വായാടി, കുറുപ്പ് , തേജസിന്റെ ഇത് വരെയുള്ള ഫോളോവേര്‍ഴ്സ്.. ഇനി ഫോളോചെയ്യാന്‍ പോകുന്നവര്‍ (സ്വപ്നം കാണാന്‍ കരം കൊടുക്കണ്ടല്ലോ)....പട്ടിക നീണ്ട് പോകുമ്പോള്‍ ഒരു പോസ്റ്റില്‍ ഒതുങ്ങില്ല.. മാത്രമല്ല എന്റെ കൂടപ്പിറപ്പായ മറവി പലരെയും വിട്ട് പോവാനും സാധ്യതയുണ്ട്.അതുകൊണ്ട് മുകളില്‍ പറഞ്ഞവരുള്‍പ്പെടെ ആരെയും ഞാന്‍ പേരെടുത്ത് പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി.
ഒരിക്കല്‍ കൂടി നിങ്ങളുടെ സഹകരണം തേജസില്‍ ഉണ്ടാവുമെന്ന വിശ്വാസത്തോടെ.
ആഗസ്റ്റ് 8ലെ തൊടുപുഴ മീറ്റിനെ പറ്റി ഹരീഷ് തൊടുപുഴയുടെ ഏറ്റവും പുതിയ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.. --------------------------------------------------------------------------------- ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്. 1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം ഒട്ടേറെ പേര്‍ മെയിലിലും ചാറ്റിലുമായി വന്ന് ആവശ്യപ്പെട്ട ഒന്നാണ് തൊടുപുഴയില്‍ എങ്ങിനെയാണ് എത്തിച്ചേരുക എന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും ഏക താലൂക്കുമാണു തൊടുപുഴ. എര്‍ണാകുളം, കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ടൌണ്‍ കൂടിയാണു തൊടുപുഴ. തൊടുപുഴയുടെ മുഖ്യമായ മികവ് എന്തെന്നാല്‍ കേരളത്തിലെ എവിടെ നിന്നും റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും എന്നതു തന്നെയാണ്.
മുകളിലുള്ള മാപ്പില്‍ നിന്നും ഒരേകദേശധാരണ എത്തിച്ചേരാനുള്ള വഴികളേപ്പറ്റി കിട്ടിക്കാണുമെന്നു വിശ്വസിക്കട്ടെ. മീറ്റ് നടത്തുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് (ജ്യോതിസ് ആഡിറ്റോറിയം, മണക്കാട്) ടൌണില്‍ നിന്നും 2 കിമീയാണുള്ളത്. ഇവിടേയ്ക്ക് ബസ്സ് മാര്‍ഗ്ഗം അല്ലെങ്കില്‍ ആട്ടോ മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണു. ബസ്സിനു മിനിമം ചാര്‍ജായിരിക്കും. ആട്ടോയ്ക്ക് ഇരുപതു രൂപ. ട്രിപ്പ് ആട്ടോകള്‍ സുലഭമാണീ വഴിക്ക്. ആയതിനു ഒരാള്‍ക്ക് അഞ്ചു രൂപയേ ആകുകയുള്ളൂ. പക്ഷേ, മീറ്റ് നടക്കുന്ന ദിവസം ഒരു ഞായറാഴ്ചയായതിനാല്‍ ട്രിപ്പ് ആട്ടോകള്‍ കുറവായിരിക്കുവാന്‍ സാദ്ധ്യതയുണ്ട്. മീറ്റിന്റെ അന്നേ ദിവസം രാവിലെ പരിമിതമായ കാലയളവില്‍; ടൌണില്‍ നിന്നും ടി.മീറ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുവാന്‍ ഗതാഗത സൌകര്യം ഒരുക്കുന്നതായിരിക്കും. ആയത് പ്രയോജനപ്പെടുത്തുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എവിടെ നിന്ന്, എങ്ങിനെ എന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള നാളുകളില്‍ അറിയിക്കുന്നതായിരിക്കും. തുടര്‍ന്നുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.