ബുധനാഴ്‌ച, ജൂൺ 26, 2013

പുതുക്കി നിശ്ചയിക്കേണ്ട അദ്ധ്യയന വര്‍ഷത്തിന്റെ പ്രസക്തി

ശക്തമായ മഴ... വെള്ളക്കെട്ട്. വകുപ്പുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ പെട്ട് റോഡാണൊ കുളമാണോ തോടാണോ എന്നറിയാതെ കുണ്ടും കുഴിയുമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍… വര്‍ഷങ്ങളായി വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞ് കിടക്കുന്ന, ശക്തമായ മഴയില്‍ അതേ മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നതും സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അപകടസാദ്ധ്യതകള്‍ ഏറെയുള്ളതുമായ റോഡോരത്തെ കാണകള്‍.... സമയക്രമം പാലിക്കുവാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍.. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍.. മഴയുടെ ആധിക്യത്താല്‍ ഇപ്പോഴും തുടരുന്ന പനി, ചര്‍ദ്ദി, പകര്‍ച്ചവ്യാധികള്‍... ഒപ്പം മഴക്കാലമായതിനാല്‍ പണിക്ക് പോകാന്‍ കഴിയാത്ത ജീവിതത്തിന്റെ വിവിധതുറകളില്‍ ഉള്ള സാധാരണക്കാരന്റെ സാമ്പത്തീക ഞെരുക്കം.... അതിനേക്കാളേറെ മേല്‍ക്കൂര നശിക്കാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ദുരിതാശ്വാസക്യാമ്പുകളും... മേല്‍‌പ്പറഞ്ഞവയൊക്കെ എല്ലാ വര്‍ഷവും തുടര്‍യാഥാര്‍ത്ഥ്യമായി നിലകൊള്ളൂമ്പോള്‍ അടിക്കടി കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് കേരളത്തിലെ അദ്ധ്യയന വര്‍ഷം പുതുക്കി നിശ്ചയിക്കുക എന്നത്

കുട്ടികള്‍ ആവുന്നിടത്തോളം കളിക്കട്ടെ.. മാനസീകോല്ലാസം നേടട്ടെ എന്ന ചിന്തയില്‍ നിന്നുമാകാം വേനലവധി എന്ന ഒരു ആശയം പണ്ടുള്ളവര്‍ നടപ്പിലാക്കിയത്. ഒപ്പം പൊള്ളുന്ന ചൂടുകാലത്ത് ഒരു മുറിക്കുള്ളില്‍ ഇരുന്ന് ഉഷ്ണിക്കണ്ട എന്നും കരുതി കാണും. അന്നത്തെ ചിന്തകള്‍ തെറ്റെന്ന് പറയുന്നില്ല. പക്ഷെ ഇന്ന് സ്ഥിതി അതാണോ? ഫാനുകള്‍ ഘടിപ്പിക്കാത്ത ക്ലാസ്സ് മുറികള്‍ തുലോം കുറവാണെന്നിരിക്കെ ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്ന ഏതൊ സിനിമയിലെ സലിം‌കുമാറിന്റെ ആപ്തവാക്യം ഓര്‍മ്മവരുന്നു. ഉഷ്ണത്തെ നമുക്ക് ഫാന്‍ കൊണ്ട് തടയാം. പിന്നെ കുട്ടികളുടെ കളികള്‍.. പണ്ടുകാലത്ത് വേനലവധിക്ക് കിളികളി, കബഡികളി, തലപ്പന്ത് കളി, കുട്ടിയും കോലും കളി, തുടങ്ങിയ നാടന്‍ കളികളൊടൊപ്പം അന്തര്‍ദേശിയ മത്സരയിനങ്ങളായ ക്രിക്കറ്റും ഫുട്‌ബാളും ബാഡ്മിന്റനും ഉള്‍പ്പെടെയുള്ളവയുമായി കുട്ടികള്‍ സജീവമായി മൈതാനങ്ങളില്‍ ഉണ്ടായിരുന്നു. ആദ്യമേ പറയാം. ഇന്ന് മൈതാനങ്ങള്‍ ഇല്ല.. ഒരു അഞ്ച് സെന്റ് പുരയിടത്തിന്റെ മതില്‍ക്കെട്ടില്‍ കിട്ടാവുന്ന ക്രിക്കറ്റ് മൈതാനം ആണ് നമുക്കുള്ളത്. അതില്‍ കളിക്കണമെന്ന് കുട്ടി വിചാരിച്ചാലും ക്രിക്കറ്റിനോട് നീതി പുലര്‍ത്താന്‍ കഴിയില്ല. അതിനേക്കാളേറെ കുട്ടികള്‍ക്ക് അത്തരം കളികളോടുള്ള കമ്പം കുറഞ്ഞിരിക്കുന്നു. അവര്‍ ഇന്ന് വേനലവധിയായാലും മഴക്കാലമായാലും എല്ലാം ആഗ്രിബേര്‍ഡ്സിനൊപ്പവും ബെന്‍‌ടെനിനും ഡോറക്കും ഒപ്പവും എല്ലാമാണ്. ഇത് ശരാശരി കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ. അല്പം കൂടെ ഉയര്‍ന്ന കുടുംബപശ്ചാത്തലമുള്ള കുട്ടികള്‍ ആണെങ്കില്‍ അവര്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും ജോയ്‌സ്റ്റിക്കുകള്‍ക്കും പിറകേയാണ്. അല്പം വലിയ കുട്ടികള്‍ (പ്ലസ് വണ്‍ മുതല്‍ ഉള്ളവര്‍) ഹെല്‍ത്ത് ക്ലബുകളിലെ സിക്സ് പാക്ക് ജ്വരത്തിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഗെയിമുകളിലും ആണ് സമയം ചിലവഴിക്കുന്നത്. അതല്ലാതെ ഇന്ന് പഴയപോലെ കുട്ടിക്കൂട്ടങ്ങള്‍ ഇല്ല. ഒറ്റതിരിഞ്ഞുള്ള കുട്ടികള്‍ മാത്രം.

പറഞ്ഞു വന്നത് മേല്‍പ്പറഞ്ഞ ഒരു കുട്ടി പോലും (പൊതുവില്‍ പരിഗണിക്കുമ്പോള്‍) വേനലവധിക്ക് മൈതാനങ്ങള്‍ തേടി നടക്കുന്നില്ല. കളിക്കുന്നില്ല. പിന്നെയെന്തിന് പനിയും പകര്‍ച്ചവ്യാധികളും നടമാടുന്ന ഈ കൊടിയ മഴക്കാലത്ത് കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണം. അധികൃതര്‍ ചിന്തിക്കേണ്ട സമയമായില്ലേ? അധികൃതര്‍ ചിന്തിക്കും മുന്‍പ് പൊതു സമൂഹമെങ്കിലും ഇത്തരത്തില്‍ ചിന്തിക്കേണ്ട സമയമായില്ലേ? ഈ വര്‍ഷം ജൂണ്‍ മാസം സ്കൂള്‍ തുറന്നതിന് ശേഷം കേരളത്തിലെ പല ജില്ലകളിലായി പ്രഖ്യാപിച്ച അവധികളുടെ ശരാശരിയെടുത്താല്‍ (ഇന്ന് കൂടെ ആവുമ്പോള്‍) മഴമൂലം അവധി പ്രഖ്യാപിക്കപ്പെട്ട നാലാമത്തെ ദിവസമാണിതെന്ന് തോന്നുന്നു. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്ലഷുകള്‍ മൂലം റോഡുകള്‍ ഒരു കാലത്തും നന്നാക്കില്ല എന്നതും പകര്‍ച്ച‌വ്യാധികള്‍ക്ക് തടയിടുവാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുവാന്‍ കാലാകാലങ്ങളായി ഭരിച്ചു വരുന്ന മുന്നണികള്‍ക്ക് കഴിയില്ല എന്നതും (ഭരണത്തിലിരിക്കുമ്പോള്‍ മൌനമവലംബിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒച്ചവെയ്ക്കുകയും ചെയ്യുന്ന കപടരാഷ്ട്രീയം മാത്രമേ നമുക്ക് വശമുള്ളു. അത് ഇടതനായാലും വലതനായാലും) ഒരു യാഥാര്‍ത്ഥ്യമായിരിക്കെ കുട്ടികളെ ഈ ശക്തമായ മഴയില്‍ നിറഞ്ഞ് കിടക്കുന്ന കാണകളില്‍ വീഴ്തി അപകടം വരുത്തുവാനോ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് ആശുപത്രിക്കിടക്കയില്‍ ആക്കുവാനോ രക്ഷിതാക്കള്‍ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ആയത് കൊണ്ട് തന്നെ അധികൃതര്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്ത നടത്തേണ്ട സമയമായി എന്ന് തോന്നുന്നു. നമുക്ക് അദ്ധ്യയന വര്‍ഷം ആഗസ്റ്റ് മുതല്‍ മെയ് വരെയുള്ള കാലമാക്കിക്കൂടെ? ആഗസ്റ്റില്‍ തുറക്കുന്ന സ്കൂളുകള്‍ പൂജ വെയ്പ്പ് ഓണത്തിന് പത്ത് ദിവസം അടച്ചിടട്ടെ. രണ്ടാമത്ത പത്ത് ദിവസം അവധി ഇപ്പോഴുള്ളത് പോലെ തന്നെ ക്രിസ്മസ് - ന്യൂഇയര്‍ പ്രമാണിച്ച് തന്നെ ആവാം. അതിന് ശേഷമുള്ള ജനവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലം പഠനത്തിന്റെ വസന്തകാലമാവട്ടെ. ശേഷമുള്ള മെയ് മാസം പരീക്ഷകളുടെ ഗ്രീഷ്മകാലമാവട്ടെ. ജൂണ്‍ - ജൂലൈ മാസങ്ങള്‍ മണ്‍സൂണ്‍ അവധിക്കാലമാവട്ടെ.

ഇത്തരത്തില്‍ അദ്ധ്യയനവര്‍ഷത്തെ പരിഷ്കരിക്കുന്നതിനെ പറ്റി ചിന്തിച്ചുകൂടെ ?

7 comments:

Jenish പറഞ്ഞു... മറുപടി

നമ്മുടെ അദ്ധ്യയനവും വേനലവധികളും പാഠപുസ്തകങ്ങൾ പോലും ബ്രിട്ടീഷുകാരുടെ കാലത്തെ പിന്തുടർച്ചയാണ്.. ചൂടുകാലത്ത് അവർക്ക് തങ്ങളുടെ നാട്ടിലേക്ക് പോകാൻ വേണ്ടിയാണ് അവധിക്കാലം അങ്ങനെ നിശ്ചയിച്ചത്.. ഇതു മാത്രമല്ല... പാഠപുസ്തകങ്ങളിൽ കുട്ടികൾ ഇന്നും പഠിക്കുന്നത് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ക്രമീകരിച്ച കാര്യങ്ങളാണ്.. അതുപോലും മാറ്റിയിട്ടില്ല നമ്മൾ.. അതുകൊണ്ടാണ് ന്യൂട്ടന്റെ തലയിൽ തേങ്ങാ വീണതെല്ലാം വിശദമായി പഠിക്കുമ്പോൾ ആര്യഭട്ടനേയും വരാഹമിഹിരനേയും കണ്വനേയും നമ്മുടെ കുട്ടികൾക്ക് ഇന്നും അപരിചിതരായത്...

ajith പറഞ്ഞു... മറുപടി

നോ കമന്റ്സ്

Pradeep Kumar പറഞ്ഞു... മറുപടി

ഓരോ കാലാവസ്ഥക്കും അതിന്റേതായ പ്രശ്നങ്ങളും, ഗുണങ്ങളും ഉണ്ട്. ചൂടുകാലം പൊതുവെ മടുപ്പിന്റെ കാലവുമാണ്. മഴക്കാലത്തേക്കാൾ ഒരു മുറിയിൽ അടുത്തടുത്തായി ഇരിക്കാനും, ഏകാഗ്രമായി ശ്രദ്ധകൊടുക്കാനുമൊക്കെ ഉഷ്ണ കാലത്ത് പ്രയാസം കൂടുതലായിരിക്കും. പിന്നെ വെള്ളപ്പൊക്കത്തേക്കാൾ ഭീകരമാണ് വരൾച്ചയും അതിന്റെ അനുബന്ധമായ ബുദ്ധിമുട്ടുകളും....

എന്റെ അഭിപ്രായത്തിൽ ഇപ്പോൾ നിലവിലുള്ള രീതിയാണ് മറ്റേതൊരു രീതിയേക്കാളും അഭികാമ്യമായിട്ടുള്ളത്......

Manikandan പറഞ്ഞു... മറുപടി

മനോരാജ് എന്റെ ഓർമ്മയിൽ ഇങ്ങനെ ഒരു മാറ്റം വർഷങ്ങൾക്ക് മുൻപ് കൊണ്ടുവന്നിരുന്നു. പക്ഷെ അതെന്നാണെന്ന് കൃത്യമായി ഒർമ്മയില്ല. വീട്ടിൽ അമ്മയോടും ചോദിച്ചു. ഒരിക്കൽ ഈ പരിഷ്കാരം വരുത്തിയത് അമ്മ്യ്ക്കും ഓർമ്മയുണ്ട്. പക്ഷെ എന്തൊക്കയോ പ്രശ്നങ്ങൾ കാരണം സംഗതി ശരിയായില്ല. അടുത്തവർഷം തന്നെ അത് പിൻവലിക്കുകയും ചെയ്തു. 80കൾക്ക് മുൻപ് ആണെന്ന് ചെറിയ ഒരു സൂചന ഉണ്ട്.

Promodkp പറഞ്ഞു... മറുപടി

മഴ സന്തോഷവും സങ്ങടവും തരും എന്നാല്‍ വരള്ച്ചയോ ?

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ഞാന്‍ ഇത് സ്കൂള്‍ കാലത്തെ ചിന്തിച്ചിട്ടുണ്ട്. സ്കൂള്‍ തുറക്കുന്ന ആഴ്ച തുടങ്ങുന്ന ഒരു പെരു മഴ. ഈ മഴ വീട്ടില്‍ ഇരുന്ന ദിവസങ്ങളില്‍ വന്നു പോയാല്‍ എന്താ എന്ന്. ജമ്മു-കശ്മീരില്‍ മഞ്ഞു കാലത്താണ് സ്കൂള്‍ അവധി. മാര്‍ച്ചില്‍ പുതിയ വര്‍ഷത്തെ ക്ലാസ്സ് തുടങ്ങും.തീര്‍ച്ചയായ്യും നമുക്കും ചിന്തിക്കാവുന്നതാണ് മണ്‍സൂണ്‍ കാലത്തെ അവധിയെക്കുറിച്ച്.

Praseeda Rajan പറഞ്ഞു... മറുപടി

വേനല്‍ക്കാലം പ്രകൃതിയില്‍ മാത്രമല്ല മനസ്സിലും ശരീരത്തിലും വരള്‍ച്ച സൃഷ്ടിക്കുന്നു .വെള്ളക്ഷാമം പലപ്പോഴുംപ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ പോലും അനുവദിക്കാത്ത അവസ്ഥയുണ്ടാക്കുന്നു