ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2013

ഏറനാടൻ ചരിതങ്ങൾ

പുസ്തകം: ഏറനാടന്‍ ചരിതങ്ങള്‍
രചയിതാവ്  : സാലിഹ് കല്ലട
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
  ‘ഒരു സിനിമാഡയറിക്കുറിപ്പ് ‘ എന്ന പുസ്തകത്തിന് ശേഷം, ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന സാലിഹ് കല്ലടയുടെ മറ്റു 13 കഥകള്‍ ഏറനാടന്‍ ചരിതങ്ങള്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരുടെ മുന്‍പാകെ എത്തപ്പെട്ടിരിക്കുകയാണ്. ഏറനാടന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കഥകളെ പുസ്തകരൂപത്തില്‍ എത്തിച്ചിരിക്കുന്നത് കോഴിക്കോട് നിന്നും പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ്.
മലയാള സാഹിത്യത്തില്‍ ജന്മനാടിന്റെ സ്പന്ദനങ്ങളും കഥകളും തൂലികയിലേക്ക് ആവാഹിച്ച് പേരെടുത്ത ഒട്ടേറെ മഹാരഥന്മാരുണ്ട്. കൂടല്ലൂരിന്റെ സ്വന്തം എം.ടിയും തൃക്കൊട്ടൂരിന്റെ യു..ഖാദിറും, മയ്യഴിയുടെ മുകുന്ദനും, തിരുവില്വാമലയുടെ വി.കെ.എനും ഒക്കെ മലയാളിക്ക് സുപരിചിതരാണ്. ബ്ലോഗെഴുത്തിലാണെങ്കില്‍ വിശാലമനസ്കന്റെ കൊടകരപുരാണത്തിലും കുമാരന്റെ ചേലേരികഥകളിലും സ്വന്തം നാടിന്റെ രസകരമായ നാട്ടനുഭവങ്ങള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഏറനാടന്‍ ചരിതങ്ങളിലൂടെ ഇവര്‍ക്ക് (വിശാലനും കുമാരനും) സമകാലീകനായ സാലിഹ് കല്ലട ഗ്രാമങ്ങളുടെ അല്ലെങ്കില്‍ ഗ്രാമീണരായ ചിലരുടെ നിഷ്കളങ്കത തുളുമ്പുന്ന കുറച്ച് കഥകള്‍ നമ്മൊട് പറയുകയാണ്.
നര്‍മ്മവും നിഷ്കളങ്കതയുമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളുടെയും മുഖമുദ്ര എന്നതുകൊണ്ട് തന്നെ ഇതിലെ കഥകളെ കഥകളുടെ ചട്ടക്കൂടിലോ ക്രാഫ്റ്റിലോ ഒരു പക്ഷെ കാണാന്‍ കഴിഞ്ഞേക്കില്ല. എങ്കില്‍ പോലും ഒരു സിനിമാക്കാരന്റെ ഫ്രെയിം ടു ഫ്രെയിം വിഷ്വല്‍ കണ്‍സെപ്റ്റുകള്‍ പുസ്തകത്തിലെ കഥകളില്‍ പലയിടത്തും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ 13 കഥകളെ (?) ചിലതിനെ മാത്രം കഥകളെന്നും മറ്റുചിലതിനെ ദേശമെഴുത്ത് എന്നുമൊക്കെയുള്ള രീതിയില്‍ വായിക്കേണ്ടിയിരിക്കുന്നു.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ‘ ഒരു സിനിമാഡയറിക്കുറിപ്പില്‍ ‘ നിന്നും ഏറനാടന്‍ ചരിതങ്ങളിലേക്കെത്തുമ്പോള്‍ ഏറനാടന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. സംശയമില്ല. എങ്കില്‍പ്പോലും എഴുത്തില്‍ പുലര്‍ത്തേണ്ട ചില നിഷ്കര്‍ഷകള്‍ ഇക്കുറിയും ഏറനാടന്‍ പൂര്‍ണ്ണമായി അനുവര്‍ത്തിച്ചിട്ടില്ല. ഒരു പക്ഷെ, ഒരു സിനിമാക്കാരന്റെ മനസ്സിലുള്ള വിഷ്വത്സിന് കൂടൂതല്‍ പ്രാധാന്യം നല്‍കുന്നത് കൊണ്ടാവാം.
പുസ്തകത്തിലെ 13 കഥകളില്‍, കഥ എന്ന രൂപത്തില്‍ എനിക്കേറേ ഇഷ്ടമായത് ‘സ്വര്‍ഗ്ഗയാത്ര’ എന്ന കഥയാണ്. കഥയുടെ ക്രാഫ്റ്റും പദഭംഗിയും കൊണ്ട് സമാഹാരത്തില്‍ കഥ എന്ന ലേബല്‍ ഏറ്റവും അര്‍ഹമായതും എന്റെ വായനയില്‍ സ്വര്‍ഗ്ഗയാത്രയ്ക്ക് തന്നെ. ചിത്തഭ്രമം ബാധിച്ച മുത്തു ഭ്രാന്താശുപത്രിയുടെ ഇടനാഴികളില്‍ എത്തപ്പെട്ടത് നല്ല രീതിയില്‍ തന്നെ ഈ കഥയിലൂടെ സാലിഹ് അവതരിപ്പിച്ചിട്ടുണ്ട്. അവസാനത്തോടെത്തിയപ്പോള്‍ അതുവരെ വച്ച്പുലര്‍ത്തിയ ക്രാഫ്റ്റ് അല്പമൊന്ന് കൈമോശം വന്നെങ്കില്‍ പോലും സമാഹാരത്തില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല കഥ സ്വര്‍ഗ്ഗയാത്ര തന്നെയെന്ന് പറയാം.
എവറസ്റ്റിലെ രാമായണം- കിളിച്ചൊല്ല് ‘ എന്ന ആദ്യകഥയെ ഒരു നര്‍മ്മരസം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പായോ ഭാവനയായോ വായിക്കാനാണ് എനിക്കിഷ്ടം. രസകരമായ, നിഷ്കളങ്കമായ നര്‍മ്മം കൊണ്ട് വിരസമല്ലാത്ത ഒരു വായന ആ കഥ നല്‍കുന്നുണ്ട്. നാട്ടിന്‍പ്പുറത്തെ സ്കൂളുകളിലെ നിഷ്കളങ്ക ബാല്യങ്ങളെയും അവരുടെ കാരണവന്മാരെയും വരച്ചുകാട്ടുന്നു ഈ കഥ. എവറസ്റ്റില്‍ ആദ്യം കയറിയതാരാണെന്ന ടീച്ചറുടെ ചോദ്യത്തിന് ‘നാലുപുരക്കല്‍ ബീരാങ്കാങ്ക’ എന്ന് ഉത്തരം പറയാന്‍ കുഞ്ഞിമൂസാക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടതില്ല. കാരണം എവറസ്റ്റ് ഹോട്ടല്‍ തുടങ്ങിയത് അദ്ദേഹമാണെങ്കില്‍ അതില്‍ ആദ്യം കയറിയതും അദ്ദേഹമായിരിക്കും എന്ന ടിന്റുമോന്‍ ലൈന്‍ തന്നെ. ശേഷം ടീച്ചറുടെ ചോദ്യം രാമായണം എഴുതിയതാരെന്ന് പക്രുവിനോടായിരുന്നു. അവന് ഉത്തരമറിയില്ല. ഒടുക്കം അമ്മാവനെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ടീച്ചര്‍. അത് സ്കൂളിനെ പരിഭ്രാന്തിയിലാഴ്തുന്നു. കാരണം ദമ്മനമ്മാവന്‍ നാട്ടിലെ അറിയപ്പെടുന്ന റൌഡിയാണ്. പക്ഷെ, ദമ്മനമ്മാവന്‍ സ്കൂളില്‍ വന്നപ്പോള്‍ സംഭവിച്ചത് രസകരമായ മറ്റു ചിലതാണ്. കൊച്ചിന്‍ ഹനീഫ എന്ന അതുല്യനടനിലൂടെ പലവട്ടം ഇത്തരം ദൊമ്മനമ്മാവന്മാരുടെ മാനറിസങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കില്‍ പോലും രസപ്രദമായ ഒരു വായന ഈ കഥ നല്‍കുന്നുണ്ട്. കഥയ്ക്ക് എവറസ്റ്റിലെ രാമായണം എന്ന പേര് മതിയായിരുന്നു. അവസാനം ചേര്‍ത്ത കിളിച്ചൊല്ല് ഒരു അധികപറ്റായിതോന്നി.
അതിഥി ദേവോ ഭവ:‘ എന്ന കഥയിലൂടെ ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ ഒരു പ്രവാസിയുടെ വിഹല്വതകള്‍ നര്‍മ്മത്തിലൂടെ പറയുവാനുള്ള ഒരു ശ്രമം കഥാകാരന്‍ നടത്തുന്നുണ്ട്. പക്ഷെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ നമ്മളെ എത്ര രസകരമായാലും ചിരിപ്പിക്കില്ല എന്നത് സത്യം. ഒരല്പം ചിന്തയിലേക്കും നുറുങ്ങ് നൊമ്പരങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകുന്നു ഈ രചന. ഡാഡിയെയും മമ്മിയെയും ‘മമ്മി‘ക്കുള്ളിലാക്കി പകരം നാടന്‍ വാപ്പയെയും ഉമ്മയെയും പ്രതിഷ്ഠിക്കുമ്പോള്‍ മകന്‍ ചീമുവിനൊപ്പം വായനക്കാരുടെയും ഹൃദയം വിങ്ങും. പക്ഷെ, ഇവിടെയും കഥ പറച്ചില്‍ അവസാനത്തോടടുക്കുമ്പോള്‍ കൈവിട്ടുപോകുന്നുണ്ട്. അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ മികച്ച ഒരു സൃഷ്ടിയാക്കാന്‍ കഴിയുമായിരുന്ന രചനയെന്ന്‍ തോന്നി.
ഈ സമാഹാരത്തിലെ പല കഥകളിലും ഒരു കഥാകാരനേക്കാള്‍ ഒരു സിനിമാക്കാരനെയാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. മലയാള സിനിമയുടെ പ്രേതം പലയവസരങ്ങളിലും കഥാകാരനില്‍ ആവേശീച്ചിട്ടുണ്ട്. ചിലയിടത്ത് അവ കഥകള്‍ക്ക് ഫ്രെയിം ടു ഫ്രെയിം ചാരുത നല്‍കുക എന്ന രീതിയില്‍ ഗുണപരമായെങ്കില്‍ ചിലയിടത്ത് അവ കണ്ടുകേട്ടും പരിചയിച്ച നര്‍മ്മങ്ങളില്‍ തട്ടി ചിതറിപ്പോകുക എന്ന രീതിയില്‍ ദോഷകരമായി വന്നിട്ടുണ്ടെന്നും  തോന്നി
ഇങ്ങിനെയൊക്കെയെങ്കിലും മോശമല്ലാത്ത ഒരു വായന നല്‍കുവാന്‍ ഏറനാടന്‍ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന സാലിഹ് കല്ലടക്ക് കഴിഞ്ഞിട്ടുണ്ട്. പുസ്തകത്തിനായി മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുനില്‍ പുത്തുക്കുടിയെയും കവര്‍ ചിത്രം വരച്ച കെ.എം.നാരായണനെയും പരാമാര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് അനീതിയാവും. ഒരു ഗ്രാമീണ പശ്ചാത്തലം പുസ്തകത്തിന് നല്‍കുവാന്‍ അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമം ഫലം കണ്ടിട്ടുണ്ട്
ജന്മനാടിന്റെ സ്പന്ദനങ്ങള്‍ പകര്‍ത്തിവെച്ച ചാരുതയാര്‍ന്ന കഥകളെന്നും കഥകളുടെയും തിരകഥയുടെയും ഇടയില്‍ നില്‍ക്കുന്ന രചനാശൈലിയെന്നും പുസ്തകത്തിന്റെ ബ്ലര്‍ബില്‍ പ്രസാധകര്‍ അവകാശപ്പെടുന്നത് ഏറെക്കുറെ ശരിതന്നെയെന്ന്‍ വായനക്കൊടുവില്‍ സമ്മതിക്കാം

10 comments:

ajith പറഞ്ഞു... മറുപടി

തീരെ പരിചയമില്ല ഈ എഴുത്തുകാരനെ.

എന്നാലും ഈകുറിപ്പ് വായിച്ച് ഇഷ്ടപ്പെട്ടു

Pradeep Kumar പറഞ്ഞു... മറുപടി

ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പുസ്തകം വായിച്ചു നോക്കണം....

ഏറനാടന്‍ പറഞ്ഞു... മറുപടി

ഞാന്‍ കൃതാര്‍ത്ഥനായി.
വളരെ നല്ല തുറന്ന വിശകലനം സ്വാഗതാര്‍ഹം തന്നെ.
ഇതിനുവേണ്ടി സമയം കണ്ടെത്തിയ, പ്രയക്നിച്ച പ്രിയബ്ലോഗ്‌ സുഹൃത്തുക്കളായ മനോരാജിനും നിരക്ഷരനും അകമഴിഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. സന്തോഷം.

Junaiths പറഞ്ഞു... മറുപടി

പരിചയപ്പെടുത്തൽ നന്നായി മനോ :)

വീകെ പറഞ്ഞു... മറുപടി

പുതിയ പുസ്തകം പരിചയപ്പെടുത്തിയതിന് വളരെ നന്ദി.

Echmukutty പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട്..

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തൽ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു ഈ സിനിമാപ്രേമിയായ കഥാകാരനെ പരിചയപ്പെടുത്തിയത്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു ഈ സിനിമാപ്രേമിയായ കഥാകാരനെ പരിചയപ്പെടുത്തിയത്

drpmalankot പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തൽ. അദ്ദേഹത്തിനും ഇദ്ദേഹത്തിനും ആശംസകൾ.