വെള്ളിയാഴ്‌ച, മേയ് 10, 2013

നരകക്കോഴി

പുസ്തകം: നരകക്കോഴി

രചയിതാവ് : ഇസ്മയില്‍ കുറുമ്പടി

പ്രസാധകര്‍ : സിയെല്ലസ് ബുക്സ് , തളിപ്പറമ്പ
അവലോകനം : മനോരാജ്


“ട്രാക്കുകളനവധിയുള്ള /അതിവേഗപാതകളിലെ /നിത്യാഭാസത്തിലൂടെയാണ്/ പ്രവസം ജീവിതത്തെ / അടയാളപ്പെടുത്തുന്നത്!“
“അതിവേഗത്തിലുരുളുന്ന ചക്രങ്ങള്‍/ചെറുഗട്ടറുകളിലേക്ക് ചേര്‍ത്തടക്കുന്ന/ നാല്‍ക്കാലിത്തോലുകള്‍ പോലെ/ വെളുത്ത വരയിട്ട കറുത്തപാതയിലേക്ക്/ പ്രവാസം ജീവിതത്തെ വീണ്ടും വീണ്ടും/ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.“
പ്രവാസം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈയിടെയായി ഓടിയെത്തുന്നത് ഏറെ അര്‍ത്ഥങ്ങളുള്ള രഞ്ജിത് ചെമ്മാടിന്റെ “ജീവിതം പ്രവാസത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍“ എന്ന കവിതയിലെ മേല്‍‌സൂചിപ്പിച്ച വരികള്‍ ആണ്. (പുസ്തകം :കാ വാ രേഖ?, പേജ് 12-13) മലയാളികള്‍ക്ക് ഏറെ കേട്ടറിവും കണ്ടറിവും ഉള്ളതാണ് പ്രവാസം. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ കാഴ്ചകള്‍. ഓരോ മലയാളിക്കുമുണ്ടാകും പറയുവാന്‍ എന്തെങ്കിലും പ്രവാസകഥകള്‍. ഒരു പക്ഷെ സ്വന്തം കഥ. അല്ലെങ്കില്‍ സ്വന്തക്കാരന്റെ കഥ. അതുമല്ലെങ്കില്‍ അത്രയേറെ ഇഴയടുപ്പമുള്ള അടുപ്പക്കാരന്റെ കഥ. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാക്കുകളുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസമായി പ്രവാസം ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് രഞ്ജിത് പറയുമ്പോള്‍ അതില്‍ ഒരു പ്രവാസിയുടെ ദൈന്യതയും അവന്റെ നൊമ്പരങ്ങളും നിസ്സഹായതയും ഉണ്ട് എന്നത് തീര്‍ച്ച. പ്രവാസത്തിന്റെ നേര്‍കാഴ്ചകളില്‍ ഒന്നിലും ഭാഗമായിട്ടില്ലെങ്കിലും ഒട്ടേറെ പ്രവാസി സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും ഉള്ള കേട്ടറിവുകളില്‍ നിന്നാവാം മേല്‍പ്പറഞ്ഞ വരികള്‍ കുറച്ചിടെയായി മനസ്സിനെ വല്ലാതെ പിടിച്ചുലക്കാറുള്ളത്. ഇവിടെ ഇസ്മയില്‍ കുറുമ്പടിയുടെ നരകക്കോഴി എന്ന സമാഹാരത്തില്‍ വായിച്ച ചില കഥകളെങ്കിലും ഒരിക്കല്‍ കൂടെ പ്രവാസത്തെ ഇത്തരത്തില്‍ അടയാളപ്പെടുത്തുന്നു. ഒരു പ്രവാസിയുടെ വേപുഥകള്‍ ശരിക്കറിയാവുന്ന ഇസ്മയില്‍ പ്രവാസ ജീവിതത്തെ ഇത്തരത്തില്‍ വിവര്‍ത്തനം ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളു.
കണ്ണൂര്‍ തളിപ്പറമ്പ സീയെല്ലസ് ബുക്സ് ആണ് ബ്ലോഗിലും ആനുകാലീകങ്ങളിലുമായി പ്രസിദ്ധീകൃതമായിട്ടുള്ള ഇസ്മയിലിന്റെ 34 കഥകളെ നരകക്കോഴി എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരിലേക്കെത്തിക്കുന്നത്. (വില 75 രൂപ). ഒരു പ്രവാസിയുടെ ഗൃഹാതുരത്വത്തിന്‍െ കഥകള്‍ ആണ് ഈ സമാഹാരത്തില്‍ ഏറെയും ദര്‍ശിക്കാന്‍ കഴിയുന്നത്. വിസ്തൃതമായ ലോകപരിചയമോ തീഷ്ണമായ ജീവിതാനുഭവങ്ങളോ ഉന്നതതല വിദ്യാഭ്യാസയോഗ്യതകളോ മികച്ച ഭാഷാനിപുണതയോ എഴുത്തില്‍ പാരമ്പര്യമോ കഥയെഴുത്തിന്റെ മര്‍മ്മമോ ഒന്നും അവകാശപ്പെടാനില്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെയാണ് ഇസ്മയില്‍ ഈ സമാഹാരത്തിന്റെ വായനക്കായി നമ്മെ ക്ഷണിക്കുന്നത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രവാസം ഒരു തടസ്സമായപ്പോള്‍ ആ ദു:ഖത്തില്‍ നിന്നും കുത്തിക്കുറിച്ചത് ഏതോ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്തോഷത്തില്‍ നിന്നുമാണ് എഴുതി തുടങ്ങിയതെന്ന് ഇസ്മയില്‍ പറയുന്നുണ്ട്. ഒരു പക്ഷെ, ഇത്തരം കൊച്ചുകൊച്ചു അനുഭവങ്ങള്‍ തന്നെയാവാം തീക്ഷ്ണങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇത്തരത്തില്‍ വിവര്‍ത്തനം ചെയ്യുവാന്‍ ഇസ്മയിലുള്‍പ്പെടെയുള്ള ഒട്ടേറെ പ്രവാസികള്‍ക്ക് കഴിയുമാറാക്കുന്നത്. അതിനപ്പുറം ഒരു ബുക്കര്‍ പ്രൈസോ നോബല്‍ സമ്മാനമോ ഒന്നും തന്നെ ഇത്തരത്തില്‍ ജീവിതത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍ അവരുടെ ഉള്‍കാഴ്ചകളില്‍ ,സ്വപ്നങ്ങള്‍ ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. പക്ഷെ അത്തരത്തില്‍ ഉള്‍കാഴ്ചയും ത്വരയും വെച്ചു പുലര്‍ത്തണം എന്നേ ഞാന്‍ പറയൂ. കാരണം അംഗീകാരങ്ങള്‍ എന്നും ചവിട്ടുപടികളാണ്. അത് മരമായാലും കോണ്‍ക്രീറ്റ് ആയാലും സ്റ്റീല്‍ ആയാലും. അതില്‍ ചവിട്ടുന്നവന്‍ കൊടുക്കുന്ന ബലമാണ് ചവിട്ടുപടിയുടെ ഉറപ്പ്. ഒരു പക്ഷെ നരകക്കോഴി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയേക്കാം; ഇല്ലായിരിക്കാം.. അതിനെയെല്ലാം മുന്നോട്ടുള്ള പ്രയാണത്തിനുള്ള ചവിട്ടുപടിയായി മാത്രം കാണുവാന്‍ കഴിയുമ്പോഴാണ് മുന്‍പ് ഇസ്മയില്‍ പറഞ്ഞ മുന്‍‌വിധികള്‍ കാറ്റില്‍ പറക്കുന്നത്. അത്തരത്തില്‍ കാറ്റില്‍ പറത്തിയവര്‍ ഒട്ടേറെയുണ്ട് എന്നതിന് നമ്മുടെ പുസ്തകഷെല്‍ഫുകളില്‍ ഇരുന്ന് തൂമന്ദഹാസം പൊഴിക്കുന്ന , ഒരിക്കല്‍ പ്രസാധകലോകവും മാധ്യമങ്ങളും തഴഞ്ഞുവിട്ട; ഇന്ന് വായനക്കാരും ഇ-ലോകവും അ-ലോകവും അഭിമാ‍നത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ബെന്യാമിനുള്‍പ്പെടെയുള്ളവര്‍ സാക്ഷ്യങ്ങളാണ്.
ഇവിടെ നമുക്ക് സമാഹാരത്തിലേക്ക് തിരിച്ചു വരാം. കഥകളെ എപ്പോഴും മിനികഥ, ചെറുകഥ, നീണ്ടകഥ എന്നിങ്ങനെ മൂന്നായി തരംതിരിക്കാന്‍ കഴിയും. ഇവയില്‍ ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി മിനികഥകള്‍ തന്നെ. വളരെ കുറച്ച് വാക്കുകളില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുവാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുമ്പോഴാണ് നല്ല മിനികഥകള്‍ ജനിക്കുന്നത്. ഇവിടെ ഇസ്മയിലിന്റെ നരകക്കോഴി മിനികഥകള്‍, ചെറുകഥകള്‍ എന്നിവയുടെ സമ്മിശ്രമാണ്. ഒരു പക്ഷെ, മിനികഥകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം നീണ്ടകഥയുടെ ചട്ടക്കുടിലേക്ക് സമാഹാരത്തിലെ കഥകള്‍ ഒന്നും തന്നെ പോയിട്ടില്ല. ബന്ധങ്ങള്‍, കാത്തിരിപ്പ്, കൊല്ലനും കാലനും, തിരിച്ചറിവ്, വോട്ട്, മിടുക്കന്‍, ചിലന്തി... മിനികഥകള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയുടെ ലിസ്റ്റ് ഇത്തരത്തില്‍ നീണ്ടുപോകുന്നു. ഇവയിലൊക്കെ തന്നെ പറയാനുള്ളത് ഭംഗിയായി പറഞ്ഞുവയ്കാന്‍ ഇസ്മയിലിനായിട്ടുണ്ട് എന്നത് നല്ല കാര്യം തന്നെ. എങ്കില്‍ പോലും ഇവയിലൊക്കെ തന്നെ പറയുന്ന പ്രമേയപരിസരങ്ങള്‍ ഏതാണ്ട് ഒന്ന് തന്നെയാണ് എന്നത് അല്ലെങ്കില്‍ വായനക്കൊടുവില്‍ കഥയ്ക്കുള്ളിലെ കഥയായി വായനക്കാരന് ലഭിക്കുന്നത് ഒരേ ചിന്തതന്നെയാണെന്നത് ഒരു പോരായ്മയായി തോന്നി. ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണത ചില മിനികഥകള്‍ക്ക് മാറ്റുകൂട്ടുന്നുണ്ട്. വോട്ട്, മിടുക്കന്‍, തലയണ തുടങ്ങിയവ ഉദാഹരണമായി പറയാം. കാത്തിരിപ്പ്, വരവ്, ചെലവ്, പോണില്ല്യേ? തുടങ്ങിയ നുറുങ്ങുകഥകളിലൂടെ വിശാലമായ ചിന്തക്കുള്ള വഴികളൊരുക്കിയവയും ഇക്കൂട്ടത്തില്‍ ഉണ്ട്. എങ്കില്‍ പോലും മുന്‍പ് സൂചിപ്പിച്ച പ്രമേയപരമായ ചില സാമ്യങ്ങള്‍ എന്തുകൊണ്ടോ ചിലവേളകളില്‍ ഇത്തരം മിനികഥകളുടെ വായന നേരത്തെ വായിച്ചത് തന്നെയല്ലേ എന്ന തോന്നലുണ്ടാക്കുന്നുണ്ട്.
സമാഹാരത്തില്‍ എനിക്ക് ഹൃദ്യമായി തോന്നിയത് മാക്സിക്കാരന്‍, നരകക്കോഴി എന്നീ കഥകളാണ്. ഒരു പക്ഷെ, മിനികഥകളേക്കാളേറെ ചെറുകഥകളെ സ്നേഹിക്കുന്നത് കൊണ്ടാവാം. അല്ലെങ്കില്‍ കഥയുടെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും വേവിച്ചെടുത്തതും തുന്നിയെടുത്തതും കൊണ്ടാവാം യഥാക്രമം നരകക്കോഴിയും മാക്സിക്കാരനും മികച്ചതാവുന്നത്. നരകക്കോഴി എന്ന കഥയില്‍ ഒരു ഗള്‍ഫ് മലയാളിയുടെ ദൈന്യതയൂറിയ നേരനുഭവങ്ങളാണെങ്കില്‍ മാക്സിക്കാരനില്‍ നാട്ടില്‍ വന്ന ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളാണ് വരച്ചുകാട്ടുന്നത്. ഗള്‍ഫുമലയാളികളെ സംബന്ധിച്ച് ഹോട്ടലിന്റെ പുറത്ത് ചില്ലലമാരയില്‍ കമ്പിയില്‍ കോര്‍ത്തു കിടക്കുന്ന കോഴികള്‍ നരകക്കോഴികള്‍ ആണ്. പക്ഷെ അതിനപ്പുറം, നാട്ടില്‍ പൊറോട്ടയും ചിക്കനും കഴിച്ച് മേദസ്സടിഞ്ഞ ശരീരവുമായി സ്വര്‍ഗ്ഗജീവിതം നയിക്കുന്ന സ്വന്തക്കാര്‍ക്കായി ഹോട്ടലിന്റെ പിന്നാമ്പുറങ്ങളില്‍ നാല്പതുഡിഗ്രി സ്വാഭാവിക താപത്തിന്റെയും ചുട്ടുപഴുത്ത പൊറോട്ടക്കല്ലിന്റെ ആവിയുടെയുമിടയില്‍ പാതി വെന്ത ശരീരവുമായി ജീവിതപ്രാരാബ്ദങ്ങളുടെ കമ്പികളില്‍ കോര്‍ത്തുകിടക്കപ്പെടുന്ന പ്രവാസക്കോഴികളാണ് യഥാര്‍ത്ഥ നരകക്കോഴികള്‍ എന്ന് വളരെ മനോഹരമായി അബൂക്കയിലൂടെയും അനീഷിലൂടെയും റഫീക്കിലൂടെയും ഇസ്മയില്‍ നമ്മെ ബോധിപ്പിക്കുന്നു. അനീഷ്, രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജേഷ്ഠന്റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. അദ്ദേഹത്തിന്റെ കണ്ണീര് കൂടെയുള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവും. ഒപ്പം ഈ കോഴിയും കഴിക്കുക. ഇതാകുന്നു. നരകക്കോഴി.. അഥവാ താങ്കളുടെ ജേഷ്ഠന്‍“ എന്ന് അബൂക്കയെ കൊണ്ട് പറയിപ്പിക്കുമ്പോള്‍ അതിലൂടെ പ്രവാസം ജീവിതത്തെ വീണ്ടും വീണ്ടും വിവര്‍ത്തനം ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും.
മാക്സിക്കാരന്‍ എന്ന കഥയെക്കൂടെ പരാമര്‍ശിക്കട്ടെ. വീക്കെന്റുകളില്‍ മാത്രം വീട്ടിലെത്തുന്നവരെ പറ്റി നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. ഞായറാഴ്ചകളില്‍ ഉണരുന്ന കുട്ടി കാണുന്നത് ഇറച്ചിയുമായി വരുന്ന അച്ഛനെയാണ്. എല്ലാ ഞായറാഴ്ചകളിലും കുഞ്ഞ് ഇത് കാണുന്നു. ഒരിക്കല്‍ പതിവ് തെറ്റിച്ച് മറ്റേതോ ഒരു ദിവസം ഉറക്കമുണര്‍ന്ന കുഞ്ഞ് ഇറയത്ത് പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ കണ്ടപ്പോള്‍ അമ്മയോട് ഇന്ന് ഞായറാഴ്ചയാണോ ഇറച്ചിക്കാരന്‍ വന്നിട്ടുണ്ടല്ലൊ എന്ന് പറയുന്നതായാണ് തമാശ. ഒരു പക്ഷെ ഇത്തരം നാട്ടിന്‍പുറ തമാശകളില്‍ നിന്നാവാം ഇസ്മയിലിലെ എഴുത്തുകാരന് മാക്സിക്കാരന്‍ എന്ന കഥക്കുള്ള ത്രെഡ് കിട്ടുന്നത്. ഗള്‍ഫിലുള്ള അച്ഛന്‍ നാട്ടില്‍ വരുമ്പോള്‍ നിഷ്കളങ്കയായ മകള്‍ക്ക് അയാള്‍ മാക്സിക്കാരനാണ്. അയാളെ മനസ്സിലാക്കാന്‍ അയാള്‍ തിരിച്ചുപോകുന്ന ദിവസം വരെ കുട്ടിക്ക് കഴിയുന്നില്ല. പ്രവാസിയുടെ ഇത്തരം വേദനകള്‍ വ്യക്തമായി അവതരിപ്പിക്കുവാന്‍ ഒരു പ്രവാസിയായതിനാല്‍ ഇസ്മയിലിന് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ദീര്‍ഘകാലമായി പ്രവാസത്തില്‍ ആയതിനാലാവാം ഇന്നും നാടിന്റെ പച്ചപ്പിനെയും പ്രകൃതിയെയും അതിന്റെ പരിപാവനതയൊടെ പല കഥകളിലും ഇസ്മയില്‍ വരച്ചു കാട്ടുന്നു. എങ്കില്‍ പോലും പല കഥകളിലും അവസാനത്തോടടുക്കുമ്പോള്‍ അനാവശ്യമായ ഒരു ധൃതി എഴുത്തുകാരന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നി. അല്ലെങ്കില്‍ പറയാതെ പറയുന്നതിന്റെ ഒരു സുഖം നഷ്ടപ്പെടുത്തുന്നതായി തോന്നിയെന്ന് പറയാം. അതൊഴിവാക്കിയിരുന്നെങ്കില്‍ സമാഹാരത്തിലെ പല കഥകളും വേറിട്ട വായന പ്രദാനം നല്‍കിയേനേ.
പുസ്തകത്തിനായി ആലിഫ് കുമ്പിടി ഒരുക്കിയ കവര്‍ ചിത്രം നന്നായിട്ടുണ്ട്. ഒപ്പം അവതാരികയില്‍ നിരക്ഷരന്‍ സൂചിപ്പിച്ചത് പോലെ പ്രവാസവേദന എന്തെന്നറിയാത്തവര്‍ക്കും നെഞ്ചോട് ചേര്‍ത്ത് വായിച്ചാല്‍ ഈ സമാഹാരത്തിലെ കഥകളില്‍ പ്രതിപാദിച്ചിരിക്കുന്ന നൊമ്പരങ്ങള്‍ എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുവാന്‍ കഴിയുമെന്ന് ഉറപ്പ്.

വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രവാസ ജീവിതങ്ങള്‍ എന്ന ടൈറ്റിലില്‍ ഇ മഷി ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. 
13 comments:

ശ്രീ പറഞ്ഞു... മറുപടി

നന്നായി മാഷേ, നല്ല അവലോകനം

Cv Thankappan പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു അവലോകനം
വായിക്കാനുള്ള കൊതിയുണ്ട്..
ആശംസകള്‍

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

നല്ല അവലോകനം...

ഇസ്മായിലിനും മനോരാജിനും ആശംസകൾ...

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു... മറുപടി

നല്ല അവലോകനം

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

നരകക്കോഴിയെ ഇവിടെ എഴുതിയതില്‍ സന്തോഷം

ബഷീർ പറഞ്ഞു... മറുപടി

ഇസ്മയിലിനും നല്ല അവലോകത്തിനു താങ്കൾക്കും അഭിനന്ദനങ്ങൾ.. ആശംസകൾ

mini//മിനി പറഞ്ഞു... മറുപടി

നരകക്കോഴി പുസ്തകം വാങ്ങി വായിച്ചു,, ബ്ലോഗിൽ വായിച്ച കഥകളാണെങ്കിലും പുസ്തകമായി വായിക്കുമ്പോൾ ഒരു രസം..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഒരു ബുലോകന്റെ പ്രഥമ
പുസ്തകത്തെ കുറിച്ച് മറ്റൊരു
ബൂലോഗന്റെ പരിചയപ്പെടുത്തലും ,അവലോകനവും നന്നായി കേട്ടൊ ഭായ്

ajith പറഞ്ഞു... മറുപടി

ഇരുവര്‍ക്കും ആശംസകള്‍

majeed alloor പറഞ്ഞു... മറുപടി

ഇസ്മായിലിന്റെ കഥകളില്‍ ചിലതൊക്കെ ബ്ലോഗില്‍ വായിച്ചിരുന്നു, അവ പുസ്തകമായെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, കഥാകൃത്തിനും അവലോകനത്തിനും അഭിനന്ദനങ്ങള്‍ ..

Echmukutty പറഞ്ഞു... മറുപടി

മനോരാജ് വളരെ ഗംഭീരമായ അവലോകനമാണല്ലോ നടത്തീരിക്കുന്നത്. പുസ്തകം വായിക്കാന്‍ പറ്റിയിട്ടില്ല. ഉടനെ ലഭ്യമാകുമെന്നും അപ്പോള്‍ വായിക്കാമെന്നും കരുതുന്നു...

ഈ അവലോകനത്തിനു അഭിനന്ദനങ്ങള്‍.

Pradeep Kumar പറഞ്ഞു... മറുപടി

പുസ്തകം ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ല - മനോരാജിന്റെ അവലോകനം പുസ്തകം വായിക്കാനുള്ള താല്‍പ്പര്യമുണര്‍ത്തി

Unknown പറഞ്ഞു... മറുപടി

മിതമായും ഭംഗിയായും സത്യസന്ധമായും വിലയിരുത്തിയിരിക്കുന്നു. നല്ലത്.