പുതു എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവ പുരസ്കാരത്തിനര്‍ഹനായ ശ്രീ.സുസ്മേഷ് ചന്ത്രോത്ത്. ഡി എന്ന ആദ്യ നോവലിലൂടെ എഴുത്തിന്റെ വഴികളില്‍ തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പുതിയ നോവല്‍ പേപ്പര്‍ ലോഡ്ജും വായനക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ നോവലിലൂടെ തന്നെ ഡിസി നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് കരസ്ഥമാക്കിയ സുസ്മേഷ് അങ്കണം അവാര്‍ഡ്, കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം, ഇടശ്ശേരി അവാര്‍ഡ്, സാഹിത്യശ്രീ പുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, അങ്കണം- ഇ.പി.സുഷമ എന്‍ഡോവ്മെന്റ്, പ്രൊഫ.വി.രമേഷ് ചന്ദ്രന് സ്മാരക കഥാപുരസ്കാരം, ജേസി ഫൌണ്ടേഷന് കഥാപുരസ്കാരം, തിരക്കഥക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫിലിം ക്രിറ്റിക്സ് അസോസിയേഷന് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ എഴുത്തിന്റെ വഴികളില്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പ്രഥമ യുവ പുരസ്കാരം സുസ്മേഷിലൂടെ കരസ്ഥമാക്കാനായി എന്നതും മലയാള സാഹിത്യ ലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമായി. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് , ബ്ലോഗര്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ ശ്രീ.സുസ്മേഷുമായി പേപ്പര്‍ ലോഡ്ജിന്റെ വായനക്കൊടുവില്‍ നടത്തിയ ഒരു ഇ-മെയില്‍ അഭിമുഖമാണ് ഇത്. മുന്‍പൊരിക്കല്‍ ശ്രീ.ബെന്യാമിനുമായി നടത്തിയ അഭിമുഖത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രോത്സാഹനം മാത്രമായിരുന്നു വീണ്ടും ഇത്തരമൊരു പരീക്ഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. എന്റെ ചോദ്യങ്ങളോട് സഹകരിച്ച പ്രിയ എഴുത്തുകാരന് സ്നേഹം അറിയിച്ചുകൊണ്ട് സുസ്മേഷിന്റെ എഴുത്തുലോഡ്ജിലേക്ക്...
ഭൂതം
1.കഥകളുടേതാണല്ലോ സുസ്മേഷിന്റെ ലോകം. വ്യക്തിപരമായ ഒരു ചോദ്യത്തില്‍ നിന്നും തുടങ്ങട്ടെ. കഥകളുടെ ലോകത്തെ സുസ്മേഷിന്റെ ഭൂതകാലം ഒന്ന് വിശദീകരിക്കാമോ? കഥകളിലേക്ക് വലിച്ചടുപ്പിച്ച ശക്തി അങ്ങിനെയെന്തെങ്കിലും?
= കണ്ണൂരിലെയും ഹൈറേഞ്ചിലെയും കുട്ടിക്കാലാനുഭവങ്ങളാണ് എനിക്ക് കരുത്ത് പകര്‍ന്നതെന്ന് നിസ്സംശയം പറയാം. ഉദാഹരണത്തിന് കണ്ണൂരിലെ അച്ഛന്റെ വീട്ടിലേക്കുള്ള വഴികളില്‍ നിറയെ കുറുക്കന്മാരുണ്ടായിരുന്നു. വന്മരങ്ങളുണ്ടായിരുന്നു. ഇടവഴികളിലും കാവുകളിലും തെയ്യങ്ങളും മുത്തപ്പനുമുണ്ടായിരുന്നു. മുത്തപ്പന്റെ കഥകള്‍ അച്ഛന് പറഞ്ഞുതന്നിട്ടുള്ളത് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടു്. അതിലൊക്കെ മനുഷ്യത്വം, കാരുണ്യം, ദയ, അനീതിക്കെതിരെയുള്ള സാഹസിക പോരാട്ടങ്ങള്‍ എന്നിവയൊക്കെ വേണ്ടുവോളമുണ്ടായിരുന്നു. അത്ഭുതം നിറഞ്ഞ കെട്ടുകഥകളാണ് പുതിയ കഥ പറയാനുള്ള ആന്തരികചോദന തന്നത്.
2.ആദ്യ നോവലായ ഡിയുടെ രചന ആരംഭിച്ചത് ഒരു ലോഡ്ജ് മുറിയുടെ ഏകാന്തയില് നിന്നായിരുന്നു എന്ന് നോവലിന്റെ ആദ്യം 'എന്റെ ബോധ്യമാണ് ഡി' എന്ന കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഒരു ലോഡ്ജ് മുറിയുടെ ഏകാന്തയില് നിന്നും ആരംഭിച്ച നോവല്‍ യാത്ര ഇന്നിപ്പോള്‍ മറ്റൊരു ലോഡ്ജിന്റെ (പേപ്പര്‍ ലോഡ്ജ്) വിശാലക്യാന്‍വാസില്‍ എത്തിനില്‍ക്കുന്നു. ഫാന്റസിയുടെ ഡി ലോകത്ത് നിന്നും റിയാലിറ്റികളുടെ പേപ്പര്‍ ലോഡ്ജിലേക്ക് എത്തുമ്പോള്‍ ഒരു എഴുത്തുകാരന് എന്ന നിലയില്‍ സ്വയം എങ്ങിനെ വിലയിരുത്തുന്നു?
= ഇതെന്നെ വിസ്മയിപ്പിച്ച ചോദ്യമാണ്. കാരണം ഇതുവരെ അതേപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നില്ല എന്നതുതന്നെ. ശരിയാണ്, പേപ്പര്‍ ലോഡ്ജ് എന്ന ടൈറ്റില്‍ അന്വര്‍ത്ഥമാവുന്നത് മനുഷ്യന് പാര്‍ക്കാനായി തിരഞ്ഞെടുക്കുന്ന താല്‍ക്കാലിക വാസസ്ഥലങ്ങള്‍ എന്ന നിലയിലാണ്. എന്നാല്‍ അതെന്റെ ജീവിതത്തിന്റെ പൂരണംകൂടിയാവുന്നുണ്ടെന്നെത് ഞാന്‍ സമ്മതിക്കുന്നു.അത്രയധികം താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ ഇതിനകം ഞാന്‍ താമസിച്ചിട്ടു്. ഇതില്‍ ഏകാന്തതയോടൊപ്പമുള്ള എന്റെ സഹവാസവും കടന്നുവരുന്നുണ്ട്. ഏകാന്തതയാണ് എന്നെ അന്വേഷിക്കുന്നവനാക്കിയത്. കേവലമായ വാക്കുകളുടെ അര്‍ത്ഥത്തിനപ്പുറത്ത് ആശയങ്ങളുടെ ഖനി തേടിപ്പോകാന്‍ ഞാന്‍ ശ്രമിച്ചത് എന്നോടൊപ്പമുണ്ടായിരുന്ന ഏകാന്തതയും ഒറ്റപ്പെടലും മൂലമാണ്.
3.രാഷ്ട്രപുരോഗതി, വിദ്യാഭ്യാസം, മതം - ജാതി, രാഷ്ട്രീയം, അങ്ങിനെ സമൂഹത്തിലെ പല കോണുകളെക്കുറിച്ചും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഡിയില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ട്. ഉദാ: സമയസ്ഥലയില്‍ രാഷ്ട്രീയ പ്രതിഭകളുടെ അഭാവമുണ്ടാവാന്‍ പാടില്ല. പൌരന്മാര് സ്വയം നാടിനു വേണ്ടിയും തനിക്കുവേണ്ടിയും സംരക്ഷകരായി തീരണം. സ്കൂളില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഒരു പാതയുണ്ടാവണം. അങ്ങിനെയങ്ങിനെ.. ഒരു എഴുത്തുകാരന് എന്ന നിലയില്‍ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതികളെയും വിദ്യാഭ്യാസ രീതികളെയും മറ്റും എങ്ങിനെ നോക്കിക്കാണുന്നു?
= എഴുത്തുകാരനെന്ന നിലയിലും സാമൂഹികനിരീക്ഷകന്‍ എന്ന നിലയിലും നോക്കിക്കാണുമ്പോള്‍ ഇന്നത്തെ കേരളീയ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഞാന്‍ തൃപ്തനാണ്. മതങ്ങളും വ്യക്തികളും ആള്‍ദൈവങ്ങളും സ്ഥാപനങ്ങളും വിദ്യാഭ്യാസം വിതരണം ചെയ്യുന്നുണ്ടെങ്കിലും അവ മത്സരബുദ്ധിയുള്ള വിദ്യാര്‍ത്ഥികളെ അരക്ഷിതരാക്കുന്നില്ല. അവരെ അരക്ഷിതരാക്കുന്നത് സാമൂഹികബോധമില്ലായ്മയും മതപരമായ പിടിമുറുക്കങ്ങളും അരാഷ്ട്രീയതയുമാണ്. തീര്‍ച്ചയായും ഇന്ത്യന്‍ യുവാക്കള്‍ യുവത്വത്തിന്റെ ലഹരിക്ക് അടിമകളാണ്. യുവത്വത്തിന്റെ ലഹരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രായത്തിന്റെ ആനുകൂല്യത്തില്‍ ലഭിക്കുന്ന അവരുടെ സ്വാതന്ത്ര്യം തന്നെ. എന്നാല്‍ ഇരുപത്തഞ്ചുകൊല്ലം മുമ്പത്തെ യുവത്വത്തിനുപോലും രാഷ്ട്രീയവും സാംസ്കാരികവുമായ ദിശാബോധമുണ്ടായിരുന്നു.കലയിലേക്കും രാഷ്ട്രീയത്തിലേക്കും മറ്റ് മേഖലകളിലേക്കും അന്നത്തെ യുവത്വം വന്നെത്തിയത് തീക്ഷ്ണമായ ആത്മബോധത്തോടെയാണ്. അത്തരം ആത്മബോധം പകരുന്നതില്‍ ഇന്നത്തെ രക്ഷിതാക്കളും വിദ്യാഭ്യാസസ്ഥാപനങ്ങളും പരാജയപ്പെടുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജോലിയോ ജോലി ചെയ്യാനുള്ള യോഗ്യതയോ വിവാഹക്കമ്പോളത്തിലെ വിലപേശലിനുള്ള എളുപ്പവഴിയോ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുള്ളൂ. രാഹുല്‍ ഗാന്ധി ഇന്ത്യ ഭരിക്കാന്‍ പോകുന്നതുകൊണ്ട് ഇന്ത്യന്‍ യുവത്വത്തിന് ആത്മബോധം കിട്ടുമെന്ന് കരുതാന്‍ വയ്യ.
4.ഡിയില്‍ നിന്നും 9 എന്ന നോവലിലേക്ക് വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു സുസ്മേഷിനെയാണ് കാണുവാന്‍ കഴിയുന്നത്. ആദ്യ നോവലിന് ഉപയോഗിച്ച സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി കഥ പറയുവാന്‍ കാലങ്ങളായി വര്‍ത്തിച്ചു പോരുന്ന സമ്പ്രാദായിക എഴുത്ത് അതില്‍ ദര്‍ശിക്കാം. ഈ മാറ്റം മന:പൂര്‍വ്വമായിരുന്നൊവോ?അതോ നോവലിന്റെ ഭൂമികക്ക് ചേരും വിധം സംഭവിച്ച് പോയതാണോ?
= ഡിയും 9 ഉം രണ്ട് തലങ്ങളിലേക്ക് പുറം തിരിഞ്ഞുപോകുന്ന പ്രമേയങ്ങളാണ്. ഡി എന്നത് സാമാന്യമായി പറഞ്ഞാല്‍ ഭാവിയെച്ചൊല്ലിയുള്ള സംവാദമോ ഭാവനയോ ആണ്. അതേസമയം അതില്‍ തീവ്രയാഥാര്‍ത്ഥ്യത്തിന്റെ വരര്‍ത്തമാനകാലവിത്തുകള്‍ വീണു മുളയ്ക്കുകയും ചെയ്യുന്നുണ്ട്. വാസ്തവത്തില്‍ മുളക് വിത്തുകളാണ് അവ. വിളയുകയും പൊട്ടിത്തെറിച്ച് കണ്ണ് നീറ്റുകയും ചെയ്യുന്നവ. എന്നാല്‍ 9 തിരിഞ്ഞുപോക്കാണ്. ഭൂതകാലത്തിലേക്ക്. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന്റെ കഥകളാണ് ഓര്‍മ്മകളുടെ രൂപത്തില്‍ പറയുന്നത്. ഓര്‍മ്മകള്‍ നിലാവ് പോലെയാണ്. ചൂടുപകരില്ല. ഭാവനകള്‍ നമ്മെ ഉദ്ദീപിപ്പിക്കുന്നതുപോലെ ഓര്‍മ്മകള്‍ ഉദ്ദീപനം തരികയില്ല. ഈ വൈചിത്ര്യത്തെ അംഗീകരിക്കാതെ രണ്ടുനോവലുകളുടെയും ഉള്ളടക്കം രൂപീകരിക്കാനാവുമായിരുന്നില്ല.
5.ഡി എന്ന സാങ്കല്പീക നഗരത്തിന്റെ കഥ പറയുമ്പോള്‍ മുതല്‍ തന്നെ തൂവാനം എന്ന നാടിനോട് ഉള്ള അറ്റാച്മെന്റ് കാണാം. തുടര്‍ന്ന് 9 എന്ന നോവലിന്റെ പശ്ചാത്തലം അതേ തൂവാനം എന്ന നാടായി മാറുകയും ചെയ്തു. മുകുന്ദന് മയ്യഴി പോലെ, എം.ടിക്ക് നിളാതീരം പോലെ.. അങ്ങിനെയൊരു ഫീല്‍. “ഞാന്‍ വായിച്ചിട്ടുള്ള എഴുത്തുകാരില്‍ പലരും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷെ ആരുടെയും സ്വാധീനം എഴുത്തില്‍ വരാതിരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് “എന്ന് ഡിയുടെ തുടക്കത്തില്‍ പറയുന്നുമുണ്ട്. തന്റെ രണ്ടാമത്തെ മാത്രം നോവല്‍ എന്ന നിലയില്‍ 9 ന്റെ രചനാവേളയില്‍ ഇത്തരത്തില്‍ ടൈപ്പ് ചെയ്യപ്പെട്ടേക്കും എന്ന ഒരു ഭീതിയുണ്ടായിരുന്നൊവോ?
= ഇല്ല. 9 ഞാന്‍ ആയാസപ്പെടാതെ എഴുതിയ കൃതിയാണ്. ഡി യില്‍ സൂചിപ്പിച്ചുപോയ തൂവാനത്തെ തന്നെയാണ് 9 ല്‍ പ്രധാനപശ്ചാത്തലമാക്കിയത്. തൂവാനത്തെ പറ്റി പൂര്‍ണ്ണമായും എഴുതാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു.
വര്‍ത്തമാനം
6. പേപ്പര്‍ലോഡ്ജിലേക്ക് വരാം. ബൃഹത്തായ ഒരു ക്യാന്‍വാസില്‍ വലിയ ഒരു കഥ പറയുകയാണ് പേപ്പര്‍ ലോഡ്ജില്‍. ഇത്തരം ഒരു പ്രമേയത്തിലേക്ക് എത്തിച്ചേരുവാന്‍ പ്രേരിപ്പിച്ച ഘടകം വായനക്കാരുമായൊന്ന് പങ്കുവെക്കാമോ?
= പേപ്പര്‍ ലോഡ്ജ് ഇത്ര വലുതാകുമെന്ന് കരുതി എഴുതിത്തുടങ്ങിയ നോവലല്ല. അതിന്റെ വിശാലമായ പശ്ചാത്തലം എന്നെക്കൊണ്ട് അങ്ങനെ എഴുതിക്കുകയായിരുന്നു. ആലോചിച്ചുനോക്കിയാല്‍ വായനക്കാര്‍ക്ക് അത് മനസ്സിലാകും. പേപ്പര്‍ ലോഡ്ജ് ഇനിയും നീട്ടിയെഴുതാം. കാരണം അതിനുള്ള രംഗപശ്ചാത്തലവും കഥാപാത്രങ്ങളും അതിലുണ്ട്.
7.സുസ്മേഷിന്റെ കഥകള്‍ / നോവലുകള്‍ / തിരക്കഥകള്‍ എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവ തന്നെ. പക്ഷെ സുസ്മേഷിലെ കവിയെ അധികം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് തോന്നുന്നു. പേപ്പര്‍ ലോഡ്ജിലെ ശാന്തയിലൂടെ തീക്ഷ്ണമായ കുറെ വരികള്‍ സുസ്മേഷ് പറത്തിവിടുന്നുണ്ട്. എഴുത്തുകാരന് എന്ന നിലയില്‍ ഏതാണ് സുസ്മേഷിന് ഏറെ ഇഷ്ടമുള്ളത്. കഥ/ നോവല്‍/ തിരക്കഥ / കവിത?
= പേപ്പര്‍ ലോഡ്ജില്‍ ശാന്ത എഴുതിയതായി പറയുന്ന കവിതകളൊക്കെ എഴുതിയത് ഞാന്‍ തന്നെയാണ്. അതൊക്കെ നോവലിന്റെ ഭാഗമായ ശാന്ത എന്ന കഥാപാത്രത്തിന്റെ അപൂര്‍ണ്ണകവിതകള്‍ മാത്രമാണ്. അതിനപ്പുറം എന്തെങ്കിലും പറയാന്‍ ഞാനില്ല.എനിക്കു വഴങ്ങുന്നതും ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നതും കഥയും നോവലും തിരക്കഥയും തന്നെയാണ്.
8.എഴുത്തില്‍ സാമ്പ്രദായിക എഴുത്തുരീതികള്‍ തന്നെയാണ് സുസ്മേഷ് പിന്തുടരുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒരു പരിധിവരെ ഡി മാത്രമാണ് അല്പമൊരു അപവാദം. അതുപോലെ താങ്കളുടേതായി നോവലുകളിലും ബ്ലോഗിലും വായിച്ചിട്ടുള്ള ചില കവിതകളും അപവാദങ്ങള്‍ തന്നെ. സമകാലീനരായ എഴുത്തുകാരും മുന്നേ നടന്നിട്ടുള്ളവരും പുതുവഴികള്‍ / പുതു രീതികള്‍ തേടി നടക്കുമ്പോഴും പഴയ കഥ പറച്ചില് രീതിയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം?
= കഥ പറച്ചിലിന് പഴയ രീതിയെന്നോ പുതിയ രീതിയെന്നോ ഇല്ല. ഓരോ എഴുത്തുകാരനും സ്വീകരിക്കുന്ന ക്രാഫ്റ്റിനും ഭാഷയ്ക്കും വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അല്ലാതെ മാറ്റിപ്പറഞ്ഞാലോ പരിഷ്കരിച്ചുപറഞ്ഞാലോ അത് കഥയാവില്ല. മോപ്പസാങ്ങും ചെക്കോവും ആല്‍ഡസ് ഹക്സലിയും ഓ.ഹെന്‍ട്രിരിയും തുടങ്ങി ടാഗോറും കാരൂരും സക്കറിയും മാധവിക്കുട്ടിയും ഷാജികുമാറും വരെയുള്ളവര്‍ എഴുതുന്നത് കഥയുടെ പൊതുസ്വീകാര്യമായ ചതുരത്തിനകത്ത് നിന്നുകൊണ്ടാണ്. അങ്ങനെയേ പറ്റൂ.. കഥകള്‍ എനിക്കും അങ്ങനെയേ എഴുതാന്‍ പറ്റൂ. എന്നാല്‍ നോവല്‍, ദസ്തയേവ്സകിയും ഹുവാന്‍ റൂള്ഫോയും കുന്ദേരയും ബോളോനോയും യോസയും ഇസ്മയില്‍ ഖാദറേയും പാമുഖും മാര്‍ക്കേസും ബെന്യാമിനും രാമകൃഷ്ണനും കോവിലനും എഴുതുന്നതുപോലെ അന്തമില്ലാത്ത സ്വാതന്ത്യത്തില്‍ എഴുതിക്കൂട്ടാം. ഭാഷയോ ഘടനയോ കാലമോ വിഷയമോ മാറ്റിമറിക്കാം. എന്തും ചെയ്യാം. അതുകൊണ്ടാണ് കണ്ടം വെച്ച കോട്ടായിട്ടും രാമകൃഷ്ണന്റെ ഇട്ടിക്കോരയും നിര്‍വികാരമായ റിപ്പോര്‍ട്ടിംഗായിട്ടും ആടുജീവിതവും നല്ല വായനക്കാരല്ലാത്തവരും ഏറ്റെടുക്കുന്നത്. കഥയില്‍ ഇമ്മാതിരി അഭ്യാസങ്ങള്‍ കാണിച്ചാല്‍ അതോടെ 'കഥ' തീരും.!
9.ഹരിതമോഹനം എന്ന കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. വളരെ മികച്ച ഒരു കഥയെന്ന് അംഗീകരിക്കപ്പെട്ടതുമാണ് ആ കഥ. വളരെ നല്ല ഒരു സന്ദേശം നല്കുന്ന ഒരു കഥ. ഇവിടെ കഥയെ കുറിച്ചല്ല ചോദ്യം. മറിച്ച് ഒരു എഴുത്തുകാരന് എന്ന നിലയില്‍ പരിസ്ഥിതി- രാഷ്ട്രീയം- അങ്ങിനെ സമൂഹത്തിന്റെ വിവിധ കോണുകളോട് ഒരു എഴുത്തുകാരന് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അല്ലെങ്കില്‍ അങ്ങിനെ ഒരു ആവശ്യം / കമിറ്റ്മെന്റ് എഴുത്തുകാരനുണ്ടോ എന്നതിനെ പറ്റി സുസ്മേഷിന്റെ വീക്ഷണം ?
= അത് ആ കഥ തന്നെ വേണ്ടുവോളം ചര്‍ച്ച ചെയ്യുന്നുണ്ടെന്നൊണ് എന്റെ വിശ്വാസം.
10.രാഷ്ട്രീയമായ / മതപരമായ / തത്വശാസ്ത്രപരമായ വീക്ഷണങ്ങള്‍ക്കനുസരിച്ച് എഴുത്തുകാരന്റെ രചനയെ തിരസ്കരിക്കുന്നതോ സ്വീകരിക്കുന്നതോ ശരിയാണോ? ഒരു രചനയെ വിലയിരുത്തേണ്ടത് എഴുത്തുകാരനിലെ എന്ന വ്യക്തിക്കധിഷ്ടിതമായാണോ?അതോ രചനയുടെ കാമ്പിന്റെ പിന്‍ബലത്തിലോ?
= നിങ്ങളെങ്ങനെ വിലയിരുത്തിയാലും കാലത്തിനൊരു വിലയിരുത്തലുണ്ട്. അതില്‍ വിജയിക്കുന്നതേ നിലനില്‍ക്കൂ.
11. ബ്ലോഗെഴുത്തില്‍ കൂടെ ഈയിടെ താങ്കള്‍ ആക്റ്റീവ് ആണല്ലോ. സര്‍ഗ്ഗാത്മ എഴുത്തിനേക്കാള്‍ , (അതായത് താങ്കളുടെ കഥ , കവിത എന്നിവയേക്കാള്‍) കൂടുതല്‍ കൊച്ചു കുറിപ്പുകള്‍ക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ക്കും വേണ്ടി ബ്ലോഗെഴുത്തിനെ ഉപയോഗിക്കുവാനാണ് ഇഷ്ടമെന്ന് മെറൂണ്‍ മുതല്‍ ബാബു വരെ എന്ന പോസ്റ്റിലെ ഒരു കമന്റിലൂടെ വിശദമാക്കിയിരുന്നു. സര്‍ഗാത്മക രചനകള്‍ ബ്ലോഗിലൂടെ പുറത്ത് വന്നാല്‍ പിന്നീട് അവ പരിഗണിക്കപ്പെടില്ല എന്ന തോന്നലുണ്ടോ? അ- മാധ്യമത്തിലും ഇ - മാധ്യമത്തിലും ഒരു പോലെ ആക്റ്റീവ് ആയ ആളെന്ന നിലയ്ക്ക് രണ്ട് മീഡിയകളെയും കുറിച്ചുള്ള കാഴ്ചപ്പാട് ഒന്ന് വിശദീകരിക്കാമോ?
= ഇല്ല. അങ്ങനെയൊന്നുമില്ല. ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ്. തീര്‍ച്ചയായും നെറ്റിലെ നല്ല വായനക്കാര്‍ രംഗത്തു വരാത്തതാവാം. പ്രതികരണം അവര്‍ എഴുതിയിടാത്തതാവാം. എങ്കിലും സാഹിത്യത്തിന് ബ്ലോഗില്‍ കിട്ടുന്ന പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ച് ഉന്മേഷം പകരുന്നവയായിരുന്നില്ല.
വര്‍ത്തമാനത്തിലെ ഭാവി
12.എഴുത്തുകാരന് എന്നത് സ്വന്തം പ്രൊഫഷനായി സ്വീകരിച്ച അപൂര്‍വ്വം പുതു എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍ എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ എഴുത്തിന്റെ വഴികളില്‍ വ്യക്തമായ ഭാവി കാഴ്ചപാടുകളും കാണുമെന്ന് കരുതുന്നു. വായനക്കാരുമായി അതൊന്ന് പങ്കുവെക്കാമോ? പുതിയ പ്രോജക്ടുകള്‍ എന്തൊക്കെ?
= ഇങ്ങനെയൊക്കെയങ്ങ് പോയാല്‍ കൊള്ളാമെന്നുന്നല്ലാതെ വ്യക്തമായ യാതൊരു പ്ലാനുമില്ല. ആര്‍ക്കും പ്ലാനിങ്ങുമായി സമീപിക്കാന്‍ പറ്റിയ ചരക്കല്ല സര്‍ഗ്ഗാത്മകത. അങ്ങനെ ധരിക്കുന്നത് മൂഢന്മാര് മാത്രമായിരിക്കും. എഴുതാന്‍ പറ്റുന്നത് എഴുതാന്‍ ശ്രമിക്കും. അത്രേയുള്ളൂ.
13. സോഷ്യല്‍ നെറ്റ്വര്ക്കുകള് / ബ്ലോഗുകള്‍/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നീ നവ മാധ്യമങ്ങള്‍ വരും നാളുകളില്‍ സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് താങ്കള്‍ കരുതുന്നു. സമകാലീനരും പൂര്‍വ്വസൂരികളുമായ പലരും ഇന്ന് അത്തരം മീഡിയകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത് ഒരു മാറ്റത്തിന്റെ കാഹളമാണെന്ന് കരുതുന്നുവോ?
= എല്ലാത്തരം കണ്ടുപിടിത്തങ്ങളോടും മനുഷ്യന് യോജിച്ചേ പറ്റൂ. മനുഷ്യന് യോജിക്കുകയും ചെയ്യും.
14. ഇ - വായനയെ / ഇ- എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇപ്പോള്‍ ഒട്ടേറെ പരിപാടികള്‍ നടത്തപ്പെട്ടു വരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്ന ആളെന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു? അത്തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളോട് എങ്ങിനെ സഹകരിക്കും?
= വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് അതെല്ലാം. ഏതുരീതിയിലും അത്തരം ശ്രമങ്ങള്‍ക്കൊപ്പം നില്ക്കാന് ഞാന്‍ തയ്യാറാണ്. എന്റെ അഭിപ്രായം മലയാളഭാഷയെ കുട്ടികളോട് കൂട്ടിച്ചേര്‍ക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര ചെയ്താലും മതിയാവുകയില്ല എന്നാണ്.
വാചികം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
41 comments:
മനോരാജ്.. മലയാള സാഹിത്യലോകത്തിന് ശ്രീ സുസ്മേഷ് ഒരു മുതൽക്കൂട്ട് ആയിത്തീരുമെന്നതിൽ സംശയമില്ല.. ഒപ്പം നമ്മൂടെ ബൂലോകത്തിനും.. വളർന്നുവരുന്ന ആ യുവഎഴുത്തുകാരനെ പരിചയപ്പെടുത്തുന്ന ഈ അഭിമുഖം തീർച്ചയായും അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.. ശ്രീ സുസ്മേഷിനും, താങ്കൾക്കും ഹൃദ്യമായ ആശംസകളും നേരുന്നു.
ഈ പരിചയപ്പെടുത്തല്‍ നന്നായി..
അഭിനന്ദനങ്ങള്‍ മനോരാജ്..
ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ്.“ സുസ്മേഷ് ചന്ദ്രോത്ത്..
സുസ്മേഷ് ചന്ദ്രോത്ത് എന്നാ വായനക്കാരനെയും ഞാനും ഒരു ബ്ലോഗിലും കണ്ടില്ല.സുസ്മേഷിലും നല്ല വായന അഭിരുചി ഇല്ല എന്ന് ആണോ ?
ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ മനോരാജ് പ്രതികരികരിച്ചില്ല എങ്കിലും ശക്തമായി തന്നെ പ്രതിഷേധിക്കുന്നു
സുസ്മേഷിന്റെ കഥകള്‍ ഒന്നും വായിക്കാത്തതുകൊണ്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാന്‍ ഇല്ല.
പിന്നെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്ന വായന നടക്കുന്ന ഇവിടെ നിലവാരമുണ്ടെന്നു എഴുതുന്ന ആള്‍ക്ക് തോന്നുന്ന രചനകള്‍ പ്രതീക്ഷിക്കേണ്ടല്ലോ.
മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ശരിയാണെന്ന് തോന്നി.
എട്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം വായിച്ചപ്പോള്‍ തോന്നിയത് ഒരു മന്ദഹാസമാണ്.
@ മനോരാജ് - ആയെഴുത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ഈയെഴുത്തിൽ സാന്നിദ്ധ്യമാവുകയും ചെയ്യുന്ന ശ്രീ.സുസ്മേഷുമായുള്ള അഭിമുഖത്തിന് നന്ദി. എഴുത്തുകാരന്റെ മനസ്സറിയാൻ പറ്റുക എന്നത് ഒരു നല്ല കാര്യമാണ്. മനോരാജിലെ വായനക്കാരൻ അക്കാര്യത്തിൽ ഒരു വിജയമാണ്. എഴുത്തുകാരൻ പോലും ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ മനോരാജ് ചോദ്യമായി (ചോദ്യം 2) തൊടുത്തിരിക്കുന്നത് അതിന്റെ തെളിവാണ്. എല്ലാ എഴുത്തുകാരുടേയും പുസ്തകങ്ങൾ വായിച്ചശേഷം ഇത്തരം അഭിമുഖങ്ങൾ ബൂലോകത്ത് നിറയുമാറാകട്ടെ. ഒരു പക്ഷെ ബൂലോകർക്ക് മാത്രം കിട്ടിയിട്ടുള്ള ഒരു സൌകര്യമാണ് ഈമെയിലിലൂടെ അഭിമുഖങ്ങൾ നടത്താം എന്നത്. എഴുത്തുകാരനും വായനക്കാരനും അഭിമുഖം നടത്തുന്ന ആളുമെല്ലാം ഇന്റർനെറ്റിൽ വിഹരിക്കുന്നവരാകുമ്പോൾ അതിന്റെ സാദ്ധ്യതകൾ കൂടുകയാണല്ലോ ?
@ My Dreams - താങ്കളോട് പൂർണ്ണമായും യോജിക്കാൻ വയ്യ. സുസ്മേഷിനെപ്പോലുള്ള ഒരു എഴുത്തുകാരന് അദ്ദേഹത്തിന്റെ കൃതിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള എത്ര അഭിപ്രായങ്ങളും അവലോകനങ്ങളും കിട്ടിക്കാണും ബൂലോകത്തുനിന്ന് ? ഒരു പക്ഷെ സാധാരണ ഒരു ബ്ലോഗറേക്കാൾ അധികം അദ്ദേഹം അത് പ്രതീക്ഷിക്കുന്നുണ്ടെങ്കിലോ ? ഇവിടെയാണെങ്കിൽ എന്താണ് സംഭവിക്കുന്നത് ? നന്നായി വായിച്ച് നോക്കി എത്ര അഭിപ്രായങ്ങൾ എഴുതപ്പെടുന്നുണ്ട് ? ബഹുഭൂരിഭാഗവും മറുകമന്റിന് വേണ്ടിയോ അല്ലെങ്കിൽ ശല്യം ഒഴിവാക്കാൻ വേണ്ടിയോ ഉള്ള വേലകളല്ലേ ? നന്നായി വായിച്ചവർ പോലും കമന്റുകൾ ഒരു വാചകത്തിലോ വരിയിലോ ഒതുക്കുന്നു. ഇതൊക്കെ കണ്ടിട്ടായിക്കൂടെ ഇവിടത്തെ വായനയെ അദ്ദേഹം അളന്നിരിക്കുന്നത് ? സുസ്മേഷ് ചന്ത്രോത്ത് എന്ന വായനക്കാരനെ എന്റെ പോസ്റ്റുകളിൽ ചിലതിൽ ഞാൻ കണ്ടിട്ടുണ്ട്. എനിക്കദ്ദേഹവുമായി അതിന് മുൻപും പിൻപും അടുത്ത ബന്ധങ്ങളൊന്നുമില്ല എന്നിരിക്കെത്തന്നെ, എന്നെ വായിക്കാൻ അദ്ദേഹം സമയം മെനക്കെടുത്തിയിട്ടുണ്ടെങ്കിൽ മറ്റ് പലരേയും അദ്ദേഹം വായിച്ചിട്ടുണ്ടാകുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഇത്രയും പറഞ്ഞത് ഒരു തർക്കത്തിന് വേണ്ടിയല്ല. എനിക്കൊരു എതിരഭിപ്രായം ഉണ്ടായത് പറയണമെന്ന് തോന്നിയതുകൊണ്ട് പറഞ്ഞെന്ന് മാത്രം.
അക്കാദമി അവാർഡ് ജൂറിക്കു മുന്നിൽ തുറന്നു കാട്ടിയാൽ .. അവർ നൽക്കുന്ന പ്രശംസകളും പോഷകങ്ങളും ഒക്കെ കിട്ടൂമ്പോൾ മാത്രമാണ് ഒരു സാഹിത്യ കൃതി മികച്ചതാവുന്നത് എന്നുള്ള തോന്നലായിരിക്കാം സുസ്മേഷിനെകൊണ്ട് ബ്ലോഗ് വായനക്കാരന്റെ നിലവാര കയറ്റിറക്കങ്ങളെ ചോദ്യം ചെയ്യിപ്പിച്ചത് . വാൽനക്ഷത്രങ്ങൾ എന്നാക്ഷേപിച്ച സന്തോഷ് എച്ചിക്കാനത്തിനെ കെട്ടിയ തൊഴുത്തിലേക്ക് ഒരു ജാഡപ്പശു കൂടെ ഒന്നര മീറ്റർ . നീള മുള്ള കയറിൽ കെട്ടപ്പെടും എന്നു മാത്രമേ സുസ്മേഷിനോടും ഈ അവസ്ഥയിൽ പറയാനുള്ളൂ.
ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി മനോ...
മനോജ് നിരക്ഷരന്റെ കമന്റിനു അടിയില്‍ ഒരൊപ്പ് കൂടെ...
മനോ നല്ല ഒരു അഭിമുഖകാരനായി വളര്‍ന്നുകൊണ്ടിരിക്കുന്നു... ആശംസകള്‍
ഈ തിരക്കിനിടയിലും ബ്ലോഗില്‍ ഇത്രയെങ്കിലും ആക്റ്റിവ് ആയി നില്ക്കുന്ന ഒരു സാഹിത്യകാരന് സുസ്മേഷ് ആണ്. അതിന് അഭിനന്ദനങ്ങള്‍. മനോരാജിനും ആഭിനന്ദനങ്ങള്. ഒരു പോസ്റ്റില്‍ സുസ്മേഷ് പറഞ്ഞിരുന്നു, സമയം കിട്ടുന്നതുപോലെ പല ബ്ലോഗ് പോസ്റ്റുകളും വായിക്കാറുണ്ടെങ്കിലും അഭിപ്രായങ്ങളൊന്നും എഴുതാറില്ല എന്ന്. അതിന് അദ്ദേഹത്തിന്റെ കാരണവും ഉണ്ടായിരിക്കാം.
മനു അഭിമുഖകാരനായി ഇനിയും ഇനിയും വളരട്ടെ എന്നാശംസിക്കുന്നു. ഈ അഭിമുഖം ഇഷ്ടപ്പെട്ടു.
സുസ്മേഷിന് താനെഴുതുന്ന ഓരോന്നും ഏതു മാധ്യമത്തില്‍ പ്രസിദ്ധീകരിക്കണമെന്നു വ്യക്തമായ ധാരണയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എഴുത്തുമാത്രം വരുമാനമാര്‍ഗമായുള്ള ഒരു വ്യക്തിക്ക് അത്തരം തിരിച്ചറിവുകള്‍ അനിവാര്യവുമാണ്. ബ്ലോഗിലെ വായനക്കാരുടെ നിലവാരം കുറവാണെന്നു സുസ്മേഷ് പറയുമ്പോള്‍ അതിനെ മറ്റൊരര്‍ഥത്തില്‍ എടുക്കേണ്ടതില്ല. അലസവായനക്കുള്ള വിഭവങ്ങളാണ് ബ്ലോഗില്‍ കൂടുതലും പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന കണ്ടെത്തല്‍ മാത്രമാകണം അതിനു പിന്നില്‍. ബ്ലോഗുകളുടെ പൊതുസ്വഭാവത്തിനനുസരിച്ചുള്ള പോസ്റ്റുകളാണ് സുസ്മേഷ് ഇടുന്നതെന്നുകൂടി ശ്രദ്ധിക്കുക.
ഇത് വരെ അഭിമുഖം വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി.
@MyDreams :“ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ മനോരാജ് പ്രതികരികരിച്ചില്ല“. ഇവിടെ ഡ്രീംസിനോട് ചെറിയ ഒരു വിശദീകരണം നല്കട്ടെ. ഈ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു ഇത് ഒരു ഇമെയില്‍ അഭിമുഖമാണെന്ന്. അതുകൊണ്ട് തന്നെ എഴുതി തയ്യാറാക്കിയ കുറച്ച് ചോദ്യങ്ങളോടുള്ള സുസ്മേഷ് ചന്ത്രോത്തിന്റെ പ്രതികരണമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായും ഇവിടെ മനോരാജ് എന്ന ബ്ലോഗറുടെ പ്രതികരണത്തിന് അഭിമുഖത്തില്‍ പ്രസക്തിയില്ല തന്നെ. എങ്കില്‍ പോലും ഈ ഉത്തരങ്ങള്‍ ലഭിച്ചപ്പോള്‍ തന്നെ ഈ വിഷയത്തില്‍ എന്റെ നിലപാട് അല്ലെങ്കില്‍ താങ്കള്‍ സൂചിപ്പിച്ച പ്രതികരണം മറുപടി മെയിലായി സുസ്മേഷിനെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് സുസ്മേഷിന്റെ മറുപടി ലഭിക്കുകയും രണ്ടും ചേര്‍ത്ത് ഇവിടെ കമന്റായി പോസ്റ്റ് ചെയ്യുകയും ചെയ്യാം. ഒപ്പം, മറ്റൊന്ന് സൂചിപ്പിക്കട്ടെ. ഇവിടെ സുസ്മേഷ് ബ്ലോഗിനെ തള്ളിപ്പറയുകയോ ബ്ലോഗെഴുത്തിനെ എച്ചിക്കാനവും ഇന്ദുമേനോനും ഒന്നും ഇകഴ്തിയത് പോലെ ഇകഴ്തുകയോ ചെയ്തതായി എനിക്ക് തോന്നിയില്ല. കാലാകാലങ്ങളായി നമ്മളില്‍ പലരും പറയുന്ന വായനയുടെ നിലവാരത്തകര്‍ച്ചയെ പറ്റി തന്നെയേ സൂചിപ്പിച്ചിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നിയത്. നീളമുള്ള ഒരു കഥ പോസ്റ്റ് ചെയ്താല്‍ ഭയങ്കര നീളമാണല്ലോ ഇതൊന്ന് കുറച്ചെഴുതിക്കൂടെ എന്ന് ചോദിച്ച് കമന്റിടുന്നവരാണ് ബ്ലോഗില്‍ കൂടുതലും. അതല്ലെങ്കില്‍ ആശംസകളും തേങ്ങ ഉടക്കലും മറ്റും. ഇത്തരം കൊടുക്കല്‍ വാങ്ങലുകളോട് താല്പര്യമില്ലാത്തത് ആവാം സുസ്മേഷിനെ അങ്ങിനെ പ്രതികരിപ്പിച്ചതെന്ന് തന്നെ ഞാന്‍ കരുതുന്നു. മറിച്ച് ബ്ലോഗിങിനോടോ ബ്ലോഗേര്സിനോടോ പുച്ഛമോ ഇഷ്ടക്കേടോ ആയിരുന്നു സുസ്മേഷിന്റെ മറുപടിയില്‍ നിഴലിച്ചതെങ്കില്‍ 13-ആമത്തെ ചോദ്യത്തിനുള്ള മറുപടിയില്‍ ബ്ലോഗ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുമായി മനുഷ്യന് യോജിച്ചേ പറ്റൂ എന്ന ഒരു മറുപടി അദ്ദേഹത്തില്‍ നിന്നുണ്ടാവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ തന്നെ നിരക്ഷരന് സൂചിപ്പിച്ചത് പോലെ മറ്റു ബ്ലോഗുകളില്‍ കമന്റുകളിലൂടെ പലവട്ടം സുസ്മേഷിന്റെ സാന്നിധ്യം ഞാനും കണ്ടിട്ടുണ്ട്. ഇത് വിശദീകരണം. ഇനി 11ആമത്തെ ഉത്തരത്തിന് സുസ്മേഷിനെ ഞാനറിയിച്ച നിലപാടും അതിന് അദ്ദേഹം നല്കിയ മറുപടിയും താഴെ നല്‍കാം.
മനോരാജ് : മലയാള ബ്ലോഗില്‍ താങ്കള്‍ സൂചിപ്പിച്ചത് പോലെ വായനയുടെ നിലവാരം താഴെ പോകുന്നുണ്ട് എന്നത് സത്യം തന്നെ. പക്ഷെ, അത് ഒരു പൊതു തത്വമെന്ന നിലയില്‍ നമുക്ക് കാണാന്‍ കഴിയുമോ എന്ന സംശയം ഉണ്ട് താനും. ഒരു പരിധി വരെ മലയാളം വായിക്കുവാന്‍ ആഗ്രഹിക്കുന്ന, അതിനായി വ്യഗ്രതയോടെ ജാഗരൂകരായിരിക്കുന്ന ഒരു കൂട്ടം പ്രവാസികളാല്‍ സമ്പന്നമാണ് മലയാളം ബ്ലോഗ് ലോകം.അല്ലെങ്കില്‍ അവരാണ് ഈ ബൂലോകത്തെ ഇത്രയേറെ വിശാലമായ ഒരിടമാക്കിയത്. സ്വാഭാവികമായും തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടേത്തുന്നത് കൊണ്ടാവാം ഇതിനിടയില്‍ സുസ്മേഷ് സൂചിപ്പിച്ചത് പോലെ നേരം കൊല്ലി വായനക്ക് പ്രോത്സാഹനം ഏറെ വരുന്നുണ്ടെന്നത് സത്യം തന്നെ. പക്ഷെ, എന്നിരിക്കിലും വളരെ നല്ല രീതിയില്‍ ബ്ലോഗിലെയും ഓണ്‍ലൈന്‍ എഴുത്തിടങ്ങളിലെയും സര്ഗ്ഗസാഹിത്യത്തെയും ലേഖനങ്ങളെയും കാഴ്ചപ്പാടുകളെയും നോക്കി കാണുന്ന ഒരു നല്ല വായനക്കൂട്ടം കൂടെ മലയാള ബ്ലോഗ് രംഗത്തുണ്ട് എന്നത് സത്യമാണ്. ആ വസ്തുതതെ കാണാതിരിക്കുവാന്‍ നമുക്ക് കഴിയില്ല തന്നെ. അങ്ങിനെ വരുമ്പോള്‍, പൊതു വായനാസമൂഹത്തിലും ഇത്തരത്തില്‍ രണ്ട് പക്ഷമുണ്ട് എന്നിരിക്കെ അതുകൊണ്ട് മാത്രം സര്‍ഗ്ഗരചനകള്‍ (കഥകള്‍) ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നതിലെ യുക്തിയുമായി ചെറിയ വിയോജിപ്പുണ്ട്. മറ്റൊന്നുള്ളത് നല്ല വായനക്കാര്‍ കടന്നുവരണമെങ്കില്‍ നല്ല രചനകള്‍ കൂടെ കടന്നു വരണമെന്നുള്ളത് കൊണ്ട് അതിനായി സുസ്മേഷ് ഉള്‍പ്പെടെയുള്ളവര്‍ ബ്ലോഗില്‍ രചനകള്‍ പ്രസിദ്ധീകരിക്കണമെന്നേ ഞാന്‍ പറയൂ. ബ്ലോഗില്‍ ഒരു പക്ഷെ നല്ല രചനകള്‍ ലഭിക്കുന്ന ഒരു പറ്റം ബ്ലോഗുകള്‍ സുസ്മേഷ് കാണാത്തത് കൊണ്ടാവാം ഇത്തരം ഒരു അഭിപ്രായം വന്നത് എന്ന് തോന്നുന്നു. മറ്റൊരു കാര്യം ശരിയാണ്, കമന്റുകളില്‍ ചിലപ്പോഴൊക്കെ നമ്മള് ആഗ്രഹിക്കുന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ (അത് നല്ലതാവട്ടെ, വിമര്‍ശനമാവട്ടെ) ഉണ്ടാകപ്പെടാറില്ല എന്നത് സത്യം തന്നെ.
സുസ്മേഷിന്റെ അഭിപ്രായങ്ങളെ ഖണ്ഢിക്കുവാന്‍ ശ്രമിക്കുകയല്ല. മറിച്ച്, ഒരു പക്ഷെ ബ്ലോഗിലൂടെ എഴുതിതുടങ്ങിയ ഒരാളെന്ന നിലയില്‍ ഞാന്‍ പ്രതികരിച്ചു പോകുന്നതാവാം സുസ്മേഷ്.. :)
സുസ്മേഷ് ചന്ത്രോത്ത് : വളരെ നന്ദി മനോരാജ്.തീര്‍ച്ചയായും കഥകള്‍ കൊടുക്കാം.
താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങളെ അംഗീകരിക്കുന്നു.
മനോരാജ് പറഞ്ഞതിനോട് സുസ്മേഷ് അംഗികരിക്കുന്നുവെങ്കില് ആദ്യം പറഞ്ഞ അഭിപ്രായത്തിനു പ്രസക്തിയില്ല.അത് കൊണ്ട് തന്നെ ആ അഭിപ്രായം ഈ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ യോചിപ്പില്ല
@MyDreams :“തീര്‍ച്ചയായും നെറ്റിലെ നല്ല വായനക്കാര്‍ രംഗത്തു വരാത്തതാവാം. പ്രതികരണം അവര്‍ എഴുതിയിടാത്തതാവാം. എങ്കിലും സാഹിത്യത്തിന് ബ്ലോഗില്‍ കിട്ടുന്ന പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ച് ഉന്മേഷം പകരുന്നവയായിരുന്നില്ല.“ - സുസ്മേഷിന്റെ ഈ പ്രസ്ഥാവനയില്‍ അനൌചിത്യമില്ല എന്നും അത് മാറാതിരിക്കുന്നിടത്തോളം(അല്ലെങ്കില്‍ വായനക്കാര്‍ അത് മാറ്റുവാന്‍ ശ്രമിക്കാതിരിക്കുന്നിടത്തോളം)എന്റെ വാദഗതികളെ അദ്ദേഹം അംഗീകരിക്കുന്നത് അത് ശരിയാവാം എന്ന നിഗമനത്തിലാവുമെന്ന് കരുതുന്നതിനാലും ആദ്യം പറഞ്ഞ അഭിപ്രായത്തിന് അഭിമുഖത്തില്‍ പ്രസക്തിയുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല, രണ്ടാമത്തേത് ഒരു വിശദീകരണത്തിനുള്ള മറുപടിയാണെന്നതും ആദ്യ പ്രതികരണമില്ലാതെ വിശദീകരണത്തിന് സാധുതയില്ല എന്നതുകൊണ്ടും ആദ്യ പ്രതികരണം ഈ അഭിമുഖത്തില്‍ നിലനിര്‍ത്തുന്നു.
മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല...സമയം കിട്ടുമ്പോള്‍ വായിക്കാം ..
എന്തായാം ഇത് നന്നായി മനോ..
വര്‍ത്തമാനം വീക്കെന്റില്‍ സുസ്മേഷുമായുള്ള ഒരു അഭിമുഖം വായിച്ചിരുന്നു.മനോരാജിന്റെ അഭിമുഖം കുറച്ചുകൂടി വിശദാംശങ്ങള്‍ തരുന്നു.ഇരുവര്‍ക്കും എന്റെ ആശംസകള്‍ അറിയ്ക്കുട്ടെ.
സുസ്മേഷിന്റെ നോവലുകള്‍ വായിച്ച ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍.. പേപ്പര്‍ ലോഡ്ജിനെ പോലെ മൂന്നു ഖണ്ഡങ്ങള്‍ ആക്കിതിരിച്ച ഈ അഭിമുഖത്തിന്റെ( ഭൂതം, ഭാവി, വര്‍ത്തമാനത്തിലെ ഭാവി) ഘടന ആരും ശ്രദ്ധിച്ചില്ല എന്നതില്‍ അത്ഭുതം തോന്നുന്നു. പിന്നെ പലപ്പോഴും ബ്ലോഗില്‍ നിരര്‍ഥകമായ പുകഴ്ത്തലുകള്‍ ആണ് നടക്കുന്നത് എന്നത് എനിക്കും തോന്നിയിട്ടുണ്ട്. എന്ന് വെച്ച് നല്ല സാഹിത്യസ്വാദകര് ഇല്ലെന്നല്ല. ഒരുപക്ഷെ അവര്‍ നിശബ്ദരായിരിക്കണം. പ്രഗത്ഭരായ പല എഴുത്തുകാരുടെയും, ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരുടെയും ബ്ലോഗുകളും അവരുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമന്റ്സും പരിശോധിച്ചാല്‍ സുസ്മേഷ് പറയുന്നത് ശരിയാണെന്ന് മനസ്സിലാവും. എന്റെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ക്ക് സുസ്മേഷ് വളരെ കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. പിന്നെ എല്ലാവര്ക്കും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവുമല്ലോ... അതവര് തുറന്നു പറയുന്നു എന്നതില്‍ നമുക്ക് ഈര്‍ഷ്യ തോന്നേണ്ട കാര്യമില്ല എന്നാണു തോന്നുന്നത്.
ഇന്റർവ്യൂ നന്നായിട്ടുണ്ട്. ബ്ലോഗിൽ സുസ്ന്മേഷിനുണ്ടായ ഉന്മേഷക്കുറവ് പരിഹരിക്കാൻ ക്രിയാത്മക വായനക്കാരും വിമർശകരും ശ്രമിക്കുമെന്ന് കരുതട്ടെ.
ഇന്റർവ്യൂ നന്നായിട്ടുണ്ട്. ബ്ലോഗിൽ സുസ്ന്മേഷിനുണ്ടായ ഉന്മേഷക്കുറവ് പരിഹരിക്കാൻ ക്രിയാത്മക വായനക്കാരും വിമർശകരും ശ്രമിക്കുമെന്ന് കരുതട്ടെ.
‘’...തീര്‍ച്ചയായും നെറ്റിലെ നല്ല വായനക്കാര്‍ രംഗത്തു വരാത്തതാവാം. പ്രതികരണം അവര്‍ എഴുതിയിടാത്തതാവാം. എങ്കിലും സാഹിത്യത്തിന് ബ്ലോഗില്‍ കിട്ടുന്ന പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ച് ഉന്മേഷം പകരുന്നവയായിരുന്നില്ല....’
ബോഗർക്ക് ഉന്മേഷം പ്രതികരനങ്ങളുടെ എണ്ണത്തിലാണ് തീരുമാനിക്കപ്പെടുന്നത് എന്നൊരു ധ്വനി ഇവിടെയുണ്ടാകുന്നു.
ഇത് കമന്റിനു വേണ്ടി ബ്ലോഗെഴുതുന്ന ഒരാളിന്റെ വേവലാതിയാണ്.
ഒരു ബ്ലോഗർ പ്രതികരണങ്ങളെ പ്രതീച്ചു ച്ചുകൊണ്ട് ബ്ലോഗെഴുതരുത് എന്നാണ് ഞാൻ പറയുന്നത്.
ആളുകൾക്ക് ഇഷ്ടമുണെങ്കിൽ വായിക്കും കമന്റെഴുതും അതിൽ കൂടുതൽ പ്രതിക്ഷിക്കണോ? അല്ലെങ്കിൽ പോസ്റ്റ് എഴുതി ഉടനെ എല്ലാവരുടെയും മെയിലിൽ അതിന്റെ ലിങ്ക് അയക്കുക. തിരിച്ചങ്ങോട്ടും അയക്കണമല്ലോ എന്നു കരുതി എന്തെങ്കിലും തേങ്ങയടി നടത്തും. ഇത്തരം തേങ്ങയടിയാണോ ഒരെഴുത്തുകാരനായ ചന്ദ്രോത്ത് പ്രതീക്ഷിക്കുന്നത്?.
പേപ്പര്‍ ലോഡ്ജ് എന്ന നോവലിലെ പോലെ മൂന്നു ഖണ്ഡങ്ങള്‍ ആക്കിതിരിച്ച ഈ അഭിമുഖത്തിന്റെ ഘടന ആരും ശ്രദ്ധിക്കാത്തതില്‍ അത്ഭുതം തോന്നുന്നു. സുസ്മേഷ് പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ശരിയാണെന്ന് തോന്നുന്നുണ്ട്. നിരര്‍ഥകമായ പുകഴ്ത്തലുകള്‍ ആണ് പലപ്പോഴും ബ്ലോഗുകളില്‍ നടക്കുന്നത്. പ്രശസ്തരും ഗൌരവമുള്ള വിഷയങ്ങള്‍ എഴുതുന്നവരുമായ പല എഴുത്തുകാരുടെയും ബ്ലോഗുകളും, അവരുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കംമെന്റ്സിന്റെ എണ്ണവും കണ്ടാല്‍ അത് നമുക്ക് ബോധ്യപ്പെടും. സുസ്മേഷിന്റെ പ്രതികരണം എന്റെ ചില പോസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്, അത് കൃത്യവുമായിരുന്നു. പലപ്പോഴും നല്ല ആസ്വാദകര്‍ നിശബ്ദരാവുന്നു എന്നത് കൂടിയായിരിക്കാം സുസ്മേഷിന്റെ അഭിപ്രായത്തിനു കാരണം. ഈ അഭിമുഖത്തില്‍ മനോരാജിന്റെ സൂക്ഷ്മമായ നിരീക്ഷണവും ചോദ്യങ്ങളുടെ നിലവാരവും മികച്ചതായിരുന്നു എന്ന് പറയാതെ വയ്യ.
അസ്സലായി മനോരാജ് !
എഴുത്തുകാരുടെ, എഴുത്തുകളിലെയ്ക്കുള്ള എത്തിപ്പെടലുകള്‍ അടുത്തറിയുക കൌതുകകരമാണ്. ഇത്തരം തുറന്നു പറയലുകള്‍ എപ്പോഴെന്കിലും വീണുകിട്ടുന്ന മുത്തുകളും.
അതിനു അവസരങ്ങള്‍ ഒരുക്കുന്ന മനോരാജിനു അഭിനന്ദനങ്ങള്‍!
ഒപ്പം ഇത്തരം പങ്കു വെയ്ക്കലുകള്‍ക്ക് മടി കാണിയ്ക്കാത്ത എഴുത്തുകാര്‍ക്കും...
മറ്റൊന്ന്,
എന്നെ സംബന്ധിച്ചിടത്തോളം ഈ അഭിമുഖത്തില്‍ ശ്രദ്ധിച്ച ഒരു പരാമര്‍ശം - "നിര്‍വികാരമായ റിപ്പോര്‍ട്ടിംഗ് " - എന്ന ഒരു വാചകമായിരുന്നു. അത് മാത്രം പിടി കിട്ടിയില്ല... :))
പിന്നെ, ബ്ലോഗ് എന്നത്, "സാഹിത്യം" എന്ന ഒരൊറ്റ ദിശയില്‍ മാത്രം സഞ്ചരിയ്ക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. അതിനു, സാമൂഹികമായും രാഷ്ട്രീയമായും ഒരുപാടു മാനങ്ങള്‍ ഉണ്ടാകുന്നുന്ടല്ലോ. അത് കൊണ്ടു തന്നെ ലോകമെമ്പാടുമുള്ള ആളുകളിലെയ്ക്ക്ുള്ള (വായന ശീളിച്ച്ചവരെന്നോ അല്ലാത്തവരെന്നോ എന്ന വ്യത്യാസങ്ങലോന്നുമില്ലാതെ) അതിന്റെ reach വളരെ കൂടുതലാണ്. പ്രിന്റ് മീടിയയിലെയ്ക്കെത്താനുള്ള ഒരു ചവിട്ടുപടി മാത്രമാകുന്നില്ല ബ്ലോഗ് എന്ന മാദ്ധ്യമം എന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ ഒരു "പുസ്തവും" ഒരു "ബ്ലോഗ് പോസ്റ്റും" തമ്മില്‍ വളരെയധികം വ്യത്യാസങ്ങള്‍ ഉണ്ട്.
പുസ്തകമാവുമ്പോള്‍ പൈസ കൊടുത്ത് ഒരാള്‍ വാങ്ങുന്നെങ്കില്‍,അയാള്‍ വായന ശീലിച്ച ഒരാളാവനം. അതുകൊണ്ടു തന്നെ ആ പുസ്തകം നല്ലൊരു വായനയ്ക്ക് (നല്ലത് എന്ന് പറയുമ്പോള്‍ ചിന്തിച്ചു കൊണ്ടുള്ള / ആസ്വദിച്ചു കൊണ്ടുള്ള വായന)വഴിപ്പെടാന്‍ സാധ്യത ഉണ്ട്. ഒരു "എഴുത്തുകാരന്" ഉദ്ദേശിയ്ക്കുന്നതും അയാള്‍ക്ക് വേണ്ടതും അതു തന്നെയാവും. (ബ്ലോഗുകളിലെ കമന്റുകളിലെ എണ്ണം ആവാന്‍ സാദ്ധ്യത തീരെ കുറവാണ് എന്ന് ചുരുക്കം.)
ഒരു തോന്നല്‍ എഴുതി എന്ന് മാത്രം.
വളരെ നന്നായി മനോരാജ്.
സുസ്മേഷിന്റെ പുസ്തകങ്ങള്‍ ഇതു വരെ വായിച്ചിട്ടില്ലെങ്കിലും ആ എഴുത്തുകാരനെ അടുത്തറിയുന്നതിനു കഴിഞ്ഞു. നന്ദി.
സുസ്മേഷിന്റെ വിവാദമായ അഭിപ്രായത്തോട് തികഞ്ഞ യോജിപ്പാണുള്ളത്.
വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരാണു ബ്ലോഗില്‍ .... കമന്റുകളുടെ എണ്ണം നോക്കി തന്റെ സൃഷ്ടിമികച്ചതാണെന്നു ആശ്വസിക്കുന്നവരാണു പല എഴുത്തുകാരും എന്നും തോന്നുന്നു. അനിവാര്യമായ തിരുത്തലുകള്‍ക്കോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനോ എഴുത്തുകാര്‍ ആഗ്രഹിക്കുന്നുമില്ല. ഈ നിലയില്‍ ബ്ലോഗെഴുത്തിന്റെ നിലവാരം ഇതില്‍ക്കൂടുതല്‍ ഉയരുന്നതെങ്ങനെ?
നന്നായിരിക്കുന്നു മനോ...എന്നാലും ബ്ളോഗിലെ വായനക്കാരും ബ്ളോഗ് വായനക്കാരും അത്ര നിലവാരം കുറഞ്ഞവരല്ലെന്ന് പറഞ്ഞേക്കൂ...സുസ്മേഷിനോട്..
vaayichu. visadamaya kuripp pinnale
സുസ്മേഷിനെപ്പോലൊരു എഴുത്തുകാരന് ബ്ലോഗിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് വേണം കരുതാൻ. അതുപോലെ സുസ്മേഷിൽ നിന്ന് ബ്ലോഗ് കൂടുതൽ പ്രതീക്ഷിച്ചെന്നും. ബ്ലോഗിന്റെയും മറ്റ് നവമാധ്യമങ്ങളുടേയും എല്ലാ സാധ്യതയും ഉപയോഗിക്കുന്ന ഒരെഴുത്തുകാരനെന്ന നിലയിൽ ...ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ് എന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ട്. കൂടുതൽ ആർജ്ജവത്തോടെ എഴുത്തുകാർ ഈ രംഗത്ത് വരികയാണ് വേണ്ടത്. അത്തരമിടങ്ങളിൽ സജീവമായ സംവാദങ്ങളുണ്ടാകുന്നുവെന്നതിന് മറ്റു നെറ്റ്വർക്കിംഗ് സൈറ്റുകൾ തെളിയിക്കുന്നു.
നല്ല മുഖാമുഖമായിട്ടുണ്ട് കേട്ടൊ മനോരാജ്
പരിചയപ്പെടുത്തലിനു നന്ദി......... ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു...... വായിക്കണേ...........
നിലവാരമുള്ള ചോദ്യങ്ങളും അതിനൊത്ത മറുപടിയും. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി മനോരാജ്.
നാലു കാര്യങ്ങളാണ് എനിക്കിവിടെ പ്രതികരണമായി സൂചിപ്പിക്കുവാനുള്ളത്....
ഒന്ന് : മുമ്പ് ബെന്യാമിനുമായി മനോരാജ് നടത്തിയ അഭിമുഖവും വായിച്ചിരുന്നു. കൃത്യമായ തയ്യാറെടുപ്പുകളോടെ നടത്തുന്ന മനോരാജിന്റെ അഭിമുഖങ്ങൾ നല്ല നിലവാരം പുലർത്തുന്നു. എഴുത്തുകാരനെ നന്നായി പഠിച്ച് നൂറ്റൊന്നാവർത്തിച്ച് സ്ഫുടം ചെയ്തെടുത്ത ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലൂടെ മനോരാജിന് എഴുത്തുകാരനെയും അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകത്തേയും, അതിന്റെ പിന്നാമ്പുറങ്ങളേയും അനാവരണം ചെയ്യാനാവുന്നു. അഭിനന്ദനങ്ങൾ
രണ്ട് : സുസ്മേഷ് ചന്ദ്രോത്തിനെപ്പോലെയുള്ള എഴുത്തുകാരെ ആരാധനയോടെ നിരീക്ഷിക്കുന്ന എന്നെപ്പോലുള്ള വായനക്കാർക്കുവേണ്ടി മനോരാജിനോട് സഹകരിച്ച പ്രിയപ്പെട്ട എഴുത്തുകാരന് നന്ദി അറിയിക്കുന്നു. സൈബർ ഇടങ്ങളിലെ എഴുത്തും വായനയും അദ്ദേഹം നിസാരമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ഈ അഭിമുഖം. തന്റെ സമകാലീനരായ പല എഴുത്തുകാരെയും പോലെ അദ്ദേഹത്തിനും വേണമെങ്കിൽ സൈബർ എഴുത്തുകളെയും വായനയെയും അവഗണിക്കാമായിരുന്നു. വിദ്വേഷം സൂചിപ്പിക്കുന്ന പലതരം പദപ്രയോഗങ്ങളിലൂടെ പുച്ഛിച്ചു തള്ളാമായിരുന്നു. എന്നാൽ അദ്ദേഹം അതു ചെയ്യുന്നില്ല എന്നു മാത്രമല്ല. തന്നെക്കൊണ്ട് ആവും വിധം സൈബർ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് ഇത് അദ്ദേഹത്തിന്റെ മഹത്വമാണ്. അത് കാണാതിരുന്നുകൂടാ. വായനയിലെ ചില പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണുമ്പോൾ ഒരൽപ്പം ആത്മവിമർശനത്തോടെ ആ പറഞ്ഞതിലെ 'ശരി' നമുക്ക് അന്വേഷിക്കാം. കേവലമായ പുകഴ്ത്തലുകൾക്കപ്പുറം പോയി വസ്തു നിഷ്ടമായ വിലയിരുത്തലുകളിലേക്ക് ഇനിയും സൈബർ സാഹിത്യവായനകൾ വളരേണ്ടതുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. തന്റെ കാലത്തോടും എഴുത്തിനോടും ആത്മാർത്ഥത പുലർത്തുന്ന സുസ്മേഷിലെ എഴുത്തുകാരൻ ആ വസ്തുത ഇവിടെ തുറന്നു പറഞ്ഞത് അങ്ങേയറ്റം സ്വാഗതാർഹമാണ്. എന്റെ ബ്ലോഗിലും പലപ്പോഴും സാന്നിധ്യം അറിയിച്ചിട്ടുള്ള സുസ്മേഷ് ,ബ്ലോഗെഴുത്തും വായനയും സൂക്ഷ്മമായി നിരീക്ഷിക്കാതെ മുൻവിധികളോടെ ആണ് ഈ പ്രസ്താവന നടത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
മൂന്ന് : സുസ്മേഷിന്റെ രചനകൾ താൽപ്പര്യപൂർവ്വം വായിക്കാറുള്ള എന്നിലെ പല സംശയങ്ങളുടെയും പൂരകമായി മാറുന്നു ഈ അഭിമുഖം , ചോദ്യങ്ങളും മറുപടിയും അത്രയേറെ കാര്യമാത്രപ്രസക്തം..
നാല് : നാലാമതായി ഒരു വിയോജനക്കുറിപ്പാണ്.പതിനാലാമത്തെ ചോദ്യത്തിൽ മനോരാജ് സൂചിപ്പിക്കുന്ന കാര്യം മനസ്സിലായില്ല. ഇ - എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ ഇന്ന് എന്തു നടപടികളാണ് ഉള്ളത്. മനോരാജ് ഉദ്ദേശിച്ചത് ഏതു പ്രവർത്തനമാണെന്ന് അറിയാൻ താൽപ്പര്യമുണ്ട്....
സുസ്മേഷ് ചന്ത്രോത്തുമായുള്ള അഭിമുഖം..
വളരെ നന്നായിയെന്നു പറയേണ്ടതില്ലല്ലോ..
ബ്ലോഗില്‍ ഞാനെന്റെ കഥകള്‍ ഇടാത്തത് ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്ന സാഹിത്യാസ്വാദകരുടെ അഭിരുചി വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതായി തോന്നിയതുകൊണ്ടാണ്.“ സുസ്മേഷ് ചന്ദ്രോത്ത്..
പക്ഷേ ഈയൊരു പരാമര്‍ശത്തില്‍ വിഷമമുണ്ട്ട്ടോ..
മനോരാജിന്റെ ചോദ്യങ്ങൾ...സുസ്മേഷ് ചന്ത്രോത്തിന്റെ മറുപടികൾ രണ്ടും ഇഷ്ടമായി.. ഇനിയും തുടരുക.... പിന്നെ ബ്ലോഗെഴുത്തിനെക്കുറീച്ച് അദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ പലർക്കും മനസ്സിലായില്ലാ എന്ന് തോന്നുന്നു.... പലർക്കും അറിയാത്ത ഒരു കാര്യം ബ്ലോഗുകളിലെ രചനകൾ വായിക്കുന്ന കുറേ ,വലിയ എഴുത്തുകാരും ,സിനിമാക്കാരും ഉണ്ട്..അവർ കമന്റു ൾ ഇടുന്നില്ലാ എന്ന് മാത്രം. പലരും അതിനെപ്പറ്റി എന്നോട് സംസാരിക്കാറുമുണ്ട്...ഇപ്പോൾ ബ്ലോഗിലെ ചില സംവാദങ്ങൾ ബ്ലോഗുകളെയാകെ 'നിലവാരത്തകർച്ചയിലേക്കെത്തിക്കുന്നില്ലേ.?' നമ്മൾ സ്വയം ചോദിക്കുക ..... അപ്പോൾ ഉത്തരം കിട്ടും....
ആഴമുള്ളതും, മനസ്സിൽ തങ്ങി നിൽക്കുന്നതുമായ ഒരു അഭിമുഖം വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം നിറഞ്ഞു നിൽക്കുന്നു..അഭിനന്ദനങ്ങൾ. സുസ്മേഷിന്റെ എഴുത്തിന് നന്മ നേരുന്നു.
നന്നായിത്തന്നെ പരിചയപ്പെടുത്തി. അഭിനന്ദനങ്ങള്‍
പ്രതികരണമറിയിച്ച എന്റെ എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി.ബ്ലോഗിലെ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ വായനക്കാരെയും അവമതിക്കാന്‍ ഉദ്ദേശിച്ചല്ല ഞാനത് പറഞ്ഞത്.ഒരു കഥ പ്രസിദ്ധീകരിക്കുന്പോള്‍ കമന്റുകള്‍ വരണം.പ്രിന്റ്മീഡിയയില്‍ കത്തുകള്‍ വരണം എന്നാഗ്രഹിക്കുന്നതുപോലെ.അത് കഥയോടുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ അറിയാനാണ്.കേവലമായ സ്തുതികള്‍ കേള്‍ക്കാനല്ല.ഒരു കഥയുടെ പരിചരണത്തിലോ പ്രമേയത്തിലോ നമ്മള് കൊണ്ടുവരുന്നതും രചനാതന്ത്രമായി സൂക്ഷിക്കുന്നതുമായ പലതും വായനക്കാരന് കിട്ടുന്നുണ്ടോ എന്നറിയാനാണ് പ്രതികരണം വേണം എന്നു പറയുന്നത്.അത് ബ്ലോഗ് വായനക്കാരില്‍ നിന്നു കിട്ടുന്നത് കുറവായിട്ടാണ്.നല്ല വായനക്കാരോ കഥ വായിച്ച് എഴുത്തുകാരന് ഉദ്ദേശിച്ച തലങ്ങള്‍ പിടികിട്ടിയ വായനക്കാരോ കമന്റിടാതെ പോകുന്നുണ്ടാവാം.അപ്പോള്‍ കമന്റില്ലാത്തതിന്റെ അര്‍ത്ഥം നല്ല വായനക്കാര്‍ ഇല്ലെന്നല്ലല്ലോ.പ്രതികരണമുണ്ടാവുന്നില്ല എന്നുമാത്രമാണ്.അതാണ് ഞാന്‍ പറഞ്ഞതും.
മറ്റൊന്ന് എന്നെപ്പോലൊരാള്‍ എഴുതുന്പോള് ഇങ്ങേര്‍ക്കൊക്കെ ഞങ്ങടെ അഭിപ്രായത്തിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന മട്ടിലും ഞങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ തെറ്റായിപ്പോകുമോ മണ്ടത്തരമാകുമോ എന്ന ആകുലതയിലും ഭയപ്പാടോടെയും ജാള്യത്തോടെയും സംശയിക്കുന്നവരും ബ്ലോഗ് വായിക്കുന്ന സാധാരണക്കാരിലുണ്ടെന്നതാണ്.സാധാരണക്കാരായ വായനക്കാരുടെ ഭയം കലര്‍ന്ന ഒരകല്ച്ചയാണത്.അതൊന്നും സാരമുള്ള കാര്യമല്ല.നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ പറയുക.എഴുത്തുകാരന് പോലും ഞെട്ടിപ്പോകുന്ന വിശകലനങ്ങള്‍ നടത്താന്‍ പല വായനക്കാര്‍ക്കും കഴിയും.
എല്ലായ്പ്പോഴും എന്നെ വേദനിപ്പിക്കുന്നത് മലയാളിയുടെ മനോഭാവമാണ്.അംഗീകരിക്കാനും നല്ലതു പറയാനും (വസ്തുനിഷ്ഠമായി വിമര്‍ശിക്കാനും)മലയാളിക്കുള്ള താല്പര്യമില്ലായ്മ.അതെന്നെ ദുഖിപ്പിക്കുന്നു.
വിമര്‍ശിക്കുന്പോഴും അഭിനന്ദനമെഴുതുന്പോളും കളിയാക്കുന്പോഴും സ്വന്തം പേരും പലരും പറയില്ല.ശരിയല്ലേ?
എല്ലാ കാര്യങ്ങളും വെറും തമാശ മാത്രമല്ലല്ലോ.
എന്റെ നിലപാടുകള്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയില്ലെന്ന് കരുതട്ടെ.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.
സുസ്മേഷ് എന്ന എഴുത്തുകാരനെ അങ്ങിനെ തേജസ്സിലൂടെ ആദ്യമായി അറിയുന്നു. അഭിമുഖത്തിലെ ചോദ്യങ്ങള്‍ കൊള്ളാരുന്നൂട്ടൊ. നിലവാരമുള്ള അഭിമുഖം. കമന്റ് ഭാഗത്തെ ആരോഗ്യകരമായ ചര്‍ച്ചകളും മറുപടികളും കൂടി ആയപ്പോള്‍ ഒന്നൂടെ നന്നായി..
E-അഭിമുഖം വളരെ നന്നായി.
എഴുത്തുകാരന്റെ പ്രതികരണം എല്ലാ വായനക്കാരും ഒരുപോലെ അംഗീകരിക്കണമെന്നില്ല. എഴുത്തുകാരന് അതീന്റേതായ കാരണങ്ങളുണ്ടാകും വ്യത്യസ്തമായ അഭിപ്രായം പറയാൻ. അതു മനസ്സിലാക്കാത്തതു കൊണ്ടാണ് വ്യത്യസ്തത തോന്നുന്നത്.
മനോരാജിനു കിട്ടിയ ആരോഗ്യകരമായ ഈ കമന്റുകളും വളരെ വിഞ്ജാനപ്രദം തന്നെ.
ആശംസകൾ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ