ചൊവ്വാഴ്ച, ജൂൺ 19, 2012

മഴയില്‍ പറക്കുന്ന പക്ഷികള്‍

പുസ്തകം : മഴയില്‍ പറക്കുന്ന പക്ഷികള്‍
രചയിതാവ് : കെ.ആര്‍.മീര
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്, കോഴിക്കോട്




കെ.ആര്‍.മീര എന്ന എഴുത്തുകാരിയെ ആദ്യം വായിക്കുന്നത് മോഹമഞ്ഞ എന്ന കഥാസമാഹാരത്തിന്റെ വായനയിലൂടെയാണ്. അതിനു ശേഷം കെ.ആര്‍.മീരയുടേതായി പുറത്തിറങ്ങിയ ഒരോ പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടോ എഴുത്തിലെ ആ ശൈലിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയെന്നത് സത്യം! ഒരു കഥാകാരി എന്ന നിലയില്‍ നിന്നും നേത്രോന്മീലനത്തിന്റെ വായനയില്‍ തുടങ്ങി മീരാസാധുവിലൂടെ യൂദാസിന്റെ സുവിശേഷത്തില്‍ എത്തിയപ്പോഴേക്കും മികവുറ്റ രീതിയില്‍ കഥ പറയാനറിയാവുന്ന ഒരു നോവലിസ്റ്റിനെയും അവരില്‍ കാണുവാന്‍ കഴിഞ്ഞു. ഇവിടെ മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തില്‍ എത്തുമ്പോള്‍ ഒരു കഥാകാരിയോ ഒരു നോവലിസ്റ്റോ എന്നതിനേക്കാള്‍ കെ.ആര്‍.മീരയിലെ കഴിവുള്ള ഒരു പത്രപ്രവര്‍ത്തകയെ കൂടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം പുസ്തകവായനക്കൊടുവില്‍ ലഭിച്ചു എന്ന് പറയാതിരിക്കാന്‍ ആവില്ല.

'എഴുത്തിന്റെ നീലഞരമ്പ്' എന്ന പേരില്‍ ലളിത.പി.നായര്‍ എന്ന സാഹിത്യകാരിയെ പറ്റി പറഞ്ഞുകൊണ്ട് തുടങ്ങുന്ന മഴയില്‍ പറക്കുന്ന പക്ഷികള്‍ അവസാനിപ്പിക്കുന്നത് 'വിണ്ടുകീറിയ പാദങ്ങള്‍' എന്ന ലേഖനത്തിലൂടെ ദയാഭായി എന്ന മേഴ്സി മാത്യുവിനെ പറ്റി എഴുതിക്കൊണ്ടാണ്. ഇതിനിടയില്‍ മാധവിക്കുട്ടിയും, ശശിതരൂരും, മഹാശ്വേതാദേവിയും കെ.പി.അപ്പനും ഒ.എന്‍.വിയും അടക്കമുള്ള സാഹിത്യപ്രതിഭകളെയും , കെ.എം.മാത്യു, മിസ്സിസ് കെ.എം.മാത്യു, പൂച്ചാലി ഗോപാലന്‍, പുതുപ്പിള്ളി രാഘവന്‍ തുടങ്ങിയ സംഘാടക പ്രതിഭകളെയും, മുരളി, കമലഹാസന്‍ , ചന്ദ്രലേഖ തുടങ്ങിയ കലാവല്ലഭന്മാരെയും മാതാ അമൃതാനന്ദമയി, ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപൊലീഞ്ഞ മുതലായ വിശ്വാസപ്രമാണങ്ങളെയും ഉള്‍പ്പെടെ പത്തൊന്‍പതോളം പ്രഗത്ഭരെക്കുറിച്ചുള്ള ഓര്‍മ്മ/ അനുഭവക്കുറിപ്പ്/ അഭിമുഖം എന്നിവ കെ.ആര്‍.മീരയിലെ മികച്ച ജേര്‍ണലിസ്റ്റിനെ വരച്ചു കാട്ടുന്നുണ്ട്.

ഈ ലേഖനങ്ങളില്‍ മിക്കവയും മാതൃഭൂമി.കോമിന്റെ മറുവാക്ക് പംക്തിയിലോ മാതൃഭൂമി പത്രത്തിലോ പ്രസിദ്ധീകരിച്ചതാണ് എന്ന്‍ മുഖവുരയില്‍ എഴുത്തുകാരി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തില്‍ അടുത്തറിഞ്ഞവരും വായനയിലൂടെയും കേട്ടറിവിലൂടെയും ശ്രദ്ധയാകര്‍ഷിച്ചവരുമായ ചിലരുമൊത്തുള്ള അനുഭവങ്ങള്‍, അവരെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ എന്നിവയാണ് ഈ ലേഖനങ്ങള്‍ എന്നും എഴുത്തുകാരി മുഖവുരയായി പറയുന്നു.

ഒരു നല്ല എഴുത്തുകാരിയുടെ കൈയൊപ്പ് പതിഞ്ഞ കുറേയേറെ ലേഖനങ്ങള്‍ ഒരു സമാഹാരത്തില്‍ വായിക്കാന്‍ കഴിയുക എന്നത് വളരെ ആഹ്ലാദമുണ്ടാക്കുന്ന ഒരു കാര്യമാണ്. അതും ജീവിതത്തിന്റെ വിവിധ തുറകളില്‍ തങ്കളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ചില വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍. പലപ്പോഴും വിരസമായ ഒരു വായനയിലേക്ക് നയിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കുറിപ്പുകള്‍ക്ക് മുന്‍പില്‍ വായനക്കാരനെ പിടിച്ചിരുത്തണമെങ്കില്‍ അത്രയേറെ അതിലേക്ക് വായനക്കാരനെ ഇഴുകിചേര്‍ക്കേണ്ടതുണ്ട്. സമാഹാരത്തിലെ 21ഓളം ലേഖനങ്ങളില്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ ഒഴിക അത്തരമൊരു ഒഴുക്ക് നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് താനും.

ഞാനൊരിക്കല്‍ ദുര്‍ഗ്ഗയെ കണ്ടു ദേവി ദുര്‍ഗ്ഗ... എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രലേഖയെ കുറിച്ച് ലേഖിക പറഞ്ഞു തുടങ്ങുന്നത്. ആരാണ് ചന്ദ്രലേഖ? 1929-ല്‍ ഗുജറാത്തി കുടംബത്തില്‍ ജനിച്ചു. അന്‍പതുകളില്‍ തമിഴ്‌നാട്ടില്‍ ഭരതനാട്യം നര്‍ത്തകി. 85മുതല്‍ കോറിയോഗ്രാഫര്‍, കാളിദാസസമ്മാനവും സംഗീതനാടകഅക്കാദമി ഫെല്ലോഷിപ്പും ലെജന്‍ഡ്സ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവിമെന്റ് അവാര്‍ഡും ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശിയ പുരസ്കാരങ്ങള്‍. ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ... അങ്ങിനെ കൃത്യം ഒരു ഖണ്ഢികയില്‍ ഒരു ജന്മവാഴ്വ് ഇങ്ങിനെ. പക്ഷെ ഇതാണൊ ചന്ദ്രലേഖ? ലേഖനം മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ ശരിക്കും നമ്മളും വിസ്മയപ്പെടും. കാന്‍‌സറിന്റെ ഭീകരതിയിലും തളരാത്ത ഒരു പോരാളിയുടെ ജീവിതം വളരെ ചിട്ടയോടെ വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ കെ.ആര്‍.മീര വിജയിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വളരെയേറെ ആകര്‍ഷിച്ച മറ്റൊരു ലേഖനം പൂച്ചാലി മാഷ് എന്ന പേരില്‍ ശ്രീ. പൂച്ചാലി ഗോപാലന്‍ എന്ന രാഷ്ട്രീയക്കാരനെ - അല്ല മികച്ച സംഘാടകനെ പരിചയപ്പെടുത്തിയ ലേഖനമാണ്. പൂച്ചാലി ഗോപാലന്‍ എന്ന വ്യക്തിയെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ തലപ്പത്ത് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പ്രതിഷ്ഠിക്കുമ്പോള്‍ നെറ്റിചുളുക്കിയ ഒട്ടേറെ സാഹിത്യപ്രേമികള്‍ ഉണ്ടായിരുന്നു. പക്കാ രാഷ്ട്രീയക്കാരനായ ഇയാള്‍ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ എന്തുകാര്യം എന്ന രീതിയില്‍ ആയിരുന്നു ആ ചിന്തകള്‍ക്കുള്ള ഉറവിടവും. പക്ഷെ , വ്യക്തമായ , ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ നല്ല രീതിയില്‍ നയിക്കുവാന്‍ അദ്ദേഹത്തിനായി എന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. അദ്ദേഹത്തെ കുറിച്ചുള്ള ലേഖനത്തില്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ട അനുഭവം ലേഖിക വിവരിക്കുന്നുണ്ട്. കോട്ടയത്തെ ലേഖികയുടെ വീട്ടില്‍ ഒരു രാത്രിയില്‍ ഭര്‍ത്താവിനൊപ്പം കഞ്ഞികുടിച്ചുകൊണ്ടിരുന്ന വെള്ളപരുത്തി ഷര്‍ട്ടും മുണ്ടും ധരിച്ച നാട്ടിന്‍‌പുറത്തുകാരന്‍ കാരണവരെ ചൂണ്ടി ഭര്‍ത്താവ് പറയുന്നു "ഇത് പൂച്ചാലി ഗോപാലന്‍ മാസ്റ്റര്‍"

"നീ അങ്ങിനെ പറഞ്ഞാല്‍ ഓള്‍ക്ക് അറിയോ?" - പരുക്കന്‍ കണ്ണൂര്‍- കമ്യൂണീസ്റ്റ് ശബ്ദത്തില്‍ കാരണവര്‍ ചോദിച്ചു.
"ഞാന്‍ കേട്ടിട്ടുണ്ട്"
"എന്താണപ്പാ കേട്ടത്"
"പിണറായി വിജയന്റെ വിശ്വസ്തനായി സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട കണ്ണൂരുകാരന്‍ കമ്യൂണിസ്റ്റ് ഗുണ്ടയല്ലേ?"

"ഓള്‍ വിചാരിച്ചതുപോലെയല്ലല്ലോ ദിലീപാ..!"എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച പൂച്ചാലി മാഷെ തുടര്‍ന്ന് പരിചയപ്പെടുമ്പോള്‍ വായനക്കാര്‍ക്കും ഇഷ്ടമാകുന്നു. അദ്ദേഹം സാഹിത്യപ്രവര്‍ത്തക സംഘത്തിനായി നടത്തിയ മികച്ച സംഘാടനപ്രവര്‍ത്തനങ്ങളെ വായനക്കാരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നുണ്ട് ലേഖിക. നല്ല മനുഷ്യരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുവാന്‍ മാത്രമായി നമ്മള്‍ ജീവിച്ചിരിക്കുന്നത് എത്ര സങ്കടകരമാണ് എന്ന് ലേഖിക ആശ്ചര്യപ്പെടുമ്പോള്‍ ഒരു പരിധിവരെ അതിലെ നിയതിയെ പറ്റി നമ്മളും ചിന്തിച്ചു പോകും.

കഥപറയുമ്പോള്‍ എന്ന മലയാളസിനിമയുടെ ക്ലൈമാക്സ് സീനില്‍ മമ്മൂട്ടി, വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയില്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍ത്തു തേങ്ങിയ അമ്മയുടെ വേദന മലയാളിയുടെ ഹൃദയത്തിനെ അസ്വസ്ഥമാക്കിയതും പക്ഷെ, അതു വായിച്ച് അസ്വസ്ഥരായ അമ്മമാര്‍ പിന്നീടും കുഞ്ഞുങ്ങളെ പൂങ്കുല നുള്ളിയതിന്റെ പേരില്‍ തല്ലിയിട്ടുണ്ടെന്നും പറയുന്ന ഒരു സീനുണ്ട്. സിനിമയിലെ കാണികളും സിനിമയുടെ കാണികളും വളരെയേറെ ചിരിക്കുകയും അതിനുശേഷം ചിന്തിക്കുകയും ചെയ്ത വാക്കുകള്‍. ശ്രീനിവാസന്‍ എന്ന മഹാനായ തിരകഥാകാരന്റെ തൂലികയില്‍ വിരിഞ്ഞ ആ വാക്കുകള്‍ ശരിക്കും ആരുടേതായിരുന്നു? പ്രൊഫ.കെ.പി. അപ്പന്‍ 'തിരസ്കാരം' എന്ന പുസ്തകത്തില്‍ എഴുത്തുകാരന്റെ നിലപാട് എന്ന പേരില്‍ എഴുതിയ ലേഖനത്തിലെ വരികളായിരുന്നു അവ. കഥ പറയുമ്പോള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് ഈ വരികള്‍ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിനെ കുറിച്ച് ശ്രീ.കെ.പി. അപ്പനോട് ചില ശിഷ്യന്മാര്‍ പരാതിപ്പെട്ടതും അദ്ദേഹം പതിവു പോലെ മന്ദഹസിച്ചതും എല്ലാം ലേഖിക 'വാക്കുകളുടെ ഞെട്ടിപ്പിക്കുന്ന തിരോധാനം' എന്ന ലേഖനത്തില്‍ പങ്കുവെക്കുന്നു. അതിലും രസകരമായ മറ്റൊന്ന് ഇതേ പറ്റി ശ്രീനിവാസനോട് ചോദിച്ച ഒരു പത്രപ്രവര്‍ത്തകനോട് ശ്രീനിവാസന്‍ പ്രതികരിച്ചത് അപ്പന്‍ സാറിന്റെ പുസ്തകങ്ങളില്‍ നിന്നും ഇതുവരെ ഞാന്‍ അല്പാല്പമേ മോഷ്ടിച്ചിരുന്നുള്ളൂവെന്നും ഇതിപ്പോള്‍ ഒരു പാരഗ്രാഫ് മോഷ്ടിച്ചത് കൊണ്ടാണ് കുഴപ്പമായതെന്നുമായിരുന്നു. ശ്രീനിവാസന്റെ തലമുറക്ക് മോഷ്ടിക്കുവാന്‍ ഒരപ്പന്‍ സാറിന്റെ എഴുത്തെങ്കിലും ഉണ്ടെന്നും മറിച്ച് വിനീത് ശ്രീനിവാസന്റെ തലമുറക്ക് മോഷ്ടിക്കുവാന്‍ ഇനി ആരുണ്ട് എന്നും ചോദിച്ച് കൊണ്ട് ലേഖനം അവസാനിപ്പിക്കുമ്പോള്‍ അതില്‍ ചിന്തിക്കുവാന്‍ ഏറെയുണ്ടെന്നത് വാസ്തവം.

ഒരു വലിയ മെത്രപ്പോലീഞ്ഞ എന്ന പേരില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പറ്റിയെഴുതിയ ലേഖനത്തെ പറ്റി കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. അദ്ദേഹത്തിന്റെ നര്‍മ്മവും തമാശയും പുസ്തകരൂപത്തില്‍ വരെ എത്തിയിട്ടുണ്ട് എന്നതിനാല്‍ ഇന്നിപ്പോള്‍ ഇത് വായിക്കുമ്പോള്‍ നമുക്ക് ഏറെ അത്ഭുതം തോന്നില്ല. ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനിയോട് ഒരാള്‍ വന്ന് ഇങ്ങിനെ ആവശ്യപ്പെടുന്നു. 'ഏഴു വര്‍ഷമായി തിരുമേനി എന്റെ വിവാഹം കഴിഞ്ഞിട്ട്. മക്കളില്ല. തിരുമേനി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം." തിരുമേനിയുടെ പ്രതികരണം വളരെ രസകരമായിരുന്നു. "അതിനെന്നാ പറ്റി? ഞാനെത്രെയോ വര്‍ഷമായി മക്കളില്ലാതെ ജീവിക്കുന്നു. എന്നിട്ട് എനിക്ക് എന്നാ കുഴപ്പം പറ്റി? പിന്നെ നീ വിഷമിക്കണ്ട, ഞാന്‍ പ്രാര്‍ത്ഥിക്കാം. ഇവന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മക്കളില്ലാതെ സുഖമായി ജീവിക്കുന്നു. ഈ ജീവിതത്തിന് ഒരനര്‍ഥവും വരാതെ നോക്കിക്കൊള്ളണേ" ഇതായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി. തിരുമേനിയുമായുള്ള അഭിമുഖത്തിലൂടെ തന്നിലെ മികച്ച പത്രപ്രവര്‍ത്തകയെ വെളിപ്പെടുത്തുവാന്‍ മീരക്ക് കഴിയുന്നുണ്ട്.

ഇത്തരത്തില്‍ ഒട്ടുമിക്ക ലേഖനങ്ങളും വായിക്കുവാന്‍ പ്രേരിപ്പിക്കും വിധം പറഞ്ഞുപോകുവാന്‍ ആയി എന്നത് തന്നെയാണ് മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകതയായി തോന്നിയത്. അതുപോലെ ഇതിലെ ലേഖനങ്ങളില്‍ ജീവിച്ചിരുന്നവരുടെ രേഖാചിത്രങ്ങള്‍ വരച്ച് പുസ്തകത്തിന് മിഴിവേകിയ സജീവ്, ഫിറോസ്.പി.കെ. എന്നിവരുടെ ശ്രമങ്ങളെയും കണ്ടില്ല എന്ന് നടിക്കുവാന്‍ ആവില്ല. അത്രക്ക് ജീവസ്സുറ്റതാണ് അവര്‍ പുസ്തകത്തിനായി തീര്‍ത്തിരിക്കുന്ന രേഖാചിത്രങ്ങള്‍.

എഴുത്തുകാരി എന്ന വിശേഷണം ഏറ്റെടുക്കാന്‍ മൂന്നുനാല് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടും ഞാന്‍ മടിച്ചു. അതിനുകാരണം "എഴുത്തുകാരന്‍ എന്ന് പറഞ്ഞാല്‍ കുറേ പുസ്തകങ്ങള്‍ രചിച്ചയാള്‍ എന്നല്ല, എഴുത്തുകാരനാകാന്‍ സ്വയം തീരുമാനിച്ചവന്‍ എന്നാണ് അര്‍ത്ഥം" എന്ന അപ്പന്‍ സാറിന്റെതായി വായിച്ച വാക്യമാണെന്ന് പുസ്തകത്തില്‍ ഒരിടത്ത് ലേഖിക പറയുന്നുണ്ട്. തീര്‍ച്ചയായും എഴുത്തുകാരി എന്ന വിശേഷണം സ്വയം ഏറ്റെടുക്കുവാന്‍ കെ.ആര്‍. മീര എന്ന എഴുത്തുകാരിക്കാവും എന്ന് അടിവരയിടുന്നു ഈ പുസ്തകം. (പേജ് :223, വില : 150 രൂപ)

തര്‍ജ്ജനി 2012 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

23 comments:

ajith പറഞ്ഞു... മറുപടി

മനോ, ഈ കുറിപ്പ് വായിച്ചിട്ട് തന്നെ കൊതിയാകുന്നു. പുസ്തകം വായിക്കണം.

ശ്രീജ പ്രശാന്ത് പറഞ്ഞു... മറുപടി

നന്ദി മനോ,,വായിക്കാന്‍ തോന്നുന്നു, വായിച്ചിട്ട്:)

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പുതിയ പുതിയ പരിചയപ്പെടുത്തലുകള്‍ പലതും അറിയാന്‍ സഹായിക്കുന്നു.

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

മീരയുടെ ലേഖനങ്ങള്‍ 'മാതൃഭൂമി'യില്‍ വായിക്കാറുണ്ട്. മനോ സൂചിപ്പിച്ചവ എല്ലാം വായിച്ചിട്ടുണ്ട്.

'ചാര്‍താര്‍ത്ഥ്യം' എന്ന ചെറിയൊരു അക്ഷരത്തെറ്റു കണ്ടു, ലേഖനത്തില്‍. ലേഖനം 'മനോ'ഹരം!

('മറുവാക്കി'ലേയ്ക്കുള്ള ലിങ്ക് മനോ പോസ്റ്റ് ചെയ്തിരുന്നത് ശ്രദ്ധിച്ചില്ല. അതുകൊണ്ട് മുമ്പെഴുതിയ കമെന്റ് ഡിലീറ്റ് ചെയ്യുന്നു)

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

വായിക്കാന്‍ കൊതിപ്പിക്കുന്ന അവലോകനം.... നന്ദി മനോ...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

ഓരോ അവലോകനവും വായിച്ചു പോകുന്നത് ഒരു നഷ്ടബോധതോടെയാണ് . എല്ലാം വായിക്കാന്‍ കൊതി തോന്നുമ്പോഴും ഒന്നെങ്കിലും വായിച്ചു തീര്‍ക്കാന്‍ സമയം കിട്ടനെ എന്ന് ആശിക്കാം.
പരിചയപ്പെടുത്തിയത് നന്നായി മനോ. അതിലേക്ക് എത്താനുള്ള ദൂരം കുറയട്ടെ എന്ന് ആശിക്കുന്നു.
ആശംസകള്‍

Mohammed Kutty.N പറഞ്ഞു... മറുപടി

അവലോകനം പ്രസക്തം.ഇപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ മീരയുടെ 'ആരാച്ചാര്‍' ഉണ്ട്.നന്ദി.

ഉബൈദ് പറഞ്ഞു... മറുപടി

വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം, മനോരാജ്.

Unknown പറഞ്ഞു... മറുപടി

നല്ല അവലോകനം

Sukanya പറഞ്ഞു... മറുപടി

കെ. ആര്‍ മീരയുടെ പുതിയപുസ്തകം പേരുപോലെ മനോഹരം ആയിരിക്കും. അതുപോലെ അവരുടെ ലേഖനങ്ങളിലെ പ്രസക്തഭാഗങ്ങള്‍
വളരെ രസിപ്പിച്ചു. മനോജിന്റെ എഴുത്തിനെപറ്റി പറയേണ്ടതില്ലല്ലോ.

kARNOr(കാര്‍ന്നോര്) പറഞ്ഞു... മറുപടി

അപ്പോ ഈ അവധിയ്ക്ക് വരുമ്പോ ഒരു പുസ്തകം കൂടി വാങ്ങണമല്ലോ :)

റീനി പറഞ്ഞു... മറുപടി

നല്ല അവലോകനം മനോരാജ്! ‘ഓര്‍മ്മയുടെ ഞരമ്പുകളും’ ‘മോഹമഞ’യും എഴുതിയ മീരയെക്കുറിച്ചാവുമ്പോള്‍ അത്ഭുതമില്ല.
ബുക്ക് വാങ്ങണം, വായിക്കണം.

അനശ്വര പറഞ്ഞു... മറുപടി

മീരയുടെ എല്ലാപുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. ഒരു ബുക്ക് വായിച്ചിട്ടുണ്ട്. അതില്‍ തന്നെ ഒന്ന് രണ്ട് കഥകള്‍ ആദ്യവായനയില്‍ മനസ്സിലായതും ഇല്ല. മനസ്സിലായവ മനസ്സില്‍ നിന്നും മായുന്നുമില്ല. പുതിയ പുസ്തകം പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട്.വായിക്കാന്‍ പ്റേരിപ്പിക്കും വിധേനയുള്ള രചന...

മുകിൽ പറഞ്ഞു... മറുപടി

nalla avalokanam.

സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു... മറുപടി

മഴയില്‍ പറക്കുന്ന പക്ഷികള്‍ നല്ല പുസ്തകമാണ്.മീരയിലെ പത്രപ്രവര്‍ത്തകയുടെ മുഴുവന്‍ വൈദഗ്ധ്യവും അതിലുണ്ട്.
നല്ല പുസ്തകപരിചയം.അനുമോദനങ്ങള്‍ .

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

സുപ്രഭാതം മനോരാജ്...
നന്ദി അറിയിയ്ക്കുന്നു...!

വേണുഗോപാല്‍ പറഞ്ഞു... മറുപടി

പ്രവാസ ജീവിതത്തില്‍ അന്യം നിന്ന് പോയ വായനയിലേക്ക് തിരികെ കൊണ്ട് വന്നത് ഇത്തരം ചില നല്ല അവലോകനങ്ങള്‍ ആണ്.

വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

പുസ്തകത്തിന്റെ ഉള്ളറിഞ്ഞ അഭിപ്രായമാണ് ഈ അവലോകനം ..വളരെ മികച്ചതായി മനോ :)

റിയ Raihana പറഞ്ഞു... മറുപടി

ingane bookine vayichariyumbol ..ethoralkkum vayikkan thonnum ..nalla parijayapeduthal

പ്രവീണ്‍ ശേഖര്‍ പറഞ്ഞു... മറുപടി

വായനയെ പ്രോത്സാഹിപ്പിക്കുന്ന നല്ല പുസ്തക അവലോകനത്തിന് ആശംസകള്‍..അഭിനന്ദനങ്ങള്‍ ...ഈ പുസ്തകങ്ങള്‍ കിട്ടുമോ എന്ന് ഒന്ന് തപ്പി നോക്കണം..

smitha adharsh പറഞ്ഞു... മറുപടി

നാട്ടിലേയ്ക്ക് എത്തുന്നുണ്ട്.അപ്പൊ തപ്പിപ്പിടിയ്ക്കാം ഈ പുസ്തകം..നന്ദി,ഈ പരിചയപ്പെടുത്തലിന്

മെയ്ഫ്ലവര്‍ പറഞ്ഞു... മറുപടി

വളരെ നല്ല രീതിയില്‍ തന്നെ പുസ്തകം പരിചയപ്പെടുത്തിയിരിക്കുന്നു.അഭിനന്ദനങ്ങള്‍ മനോരാജ്.