തിങ്കളാഴ്‌ച, ജൂൺ 04, 2012

ഒരു പ്രവേശനോത്സവം കൂടെ അരങ്ങൊഴിഞ്ഞപ്പോള്‍....

കാലവും മനുഷ്യനും വരുത്തിതീര്‍ത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പ്രകൃതിയും കുടചൂടുകയാണോ എന്ന് സന്ദേഹിച്ചിരിക്കുകയായിരുന്നു! പഴയ ശീലങ്ങളോട് പെട്ടന്ന് വിടപറയാനുള്ള വിമുഖതകൊണ്ടാവാം ഏതാണ്ട് 9.50 ആയപ്പോഴേക്കും ഒന്ന് മെല്ലെ ചിണുങ്ങി, അല്ലെങ്കില്‍ ഇനി കാലത്തോടൊപ്പം ഞാന്‍ കോലം കെട്ടിയില്ലെന്ന് വേണ്ട എന്ന് വെയിലുകാട്ടി ചിരിച്ച് മഴയും കുഞ്ഞു മനസ്സുകളെ കൈയൊഴിഞ്ഞു കളഞ്ഞു.

തീര്‍ത്തും പതിവുകള്‍ തെറ്റിച്ച്... മഴയുടെ ആരവമില്ലാതെ, നവാഗതര്‍ക്കും പുത്തന്‍ കൂട്ടുകാര്‍ക്കും സ്വാഗതമേകികൊണ്ടുള്ള നീലയും ചുവപ്പും പച്ചയും കാവിയും ചായം കലക്കി കോറത്തുണിയില്‍ എഴുതിയ എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ്, എം.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ ആവേശമില്ലാതെ, ഒരു പ്രവേശനോത്സവം കൂടെ പടിയൊഴിഞ്ഞു. ഒരു പുത്തന്‍ അദ്ധ്യയന വര്‍ഷത്തിന്റെ ഹര്‍ഷോന്മാദത്തിലേക്ക് പുതിയതും പഴയതുമായി ലക്ഷക്കണക്കിന് കുരുന്നുകള്‍ പ്രതീക്ഷയുടെ പുസ്തകസഞ്ചിയുമായി വലതുകാല്‍ വെച്ച് പ്രവേശിച്ചു.

കഴിഞ്ഞ ദിവസം (ജൂണ്‍ 3 ഞായര്‍) മാതൃഭൂമിയുടെ വാരാന്തപ്പതിപ്പില്‍ സുള്‍ഫി എഴുതിയ 'മണിമുഴങ്ങുന്നു. ഒരു തലമുറയുണരുന്നു' എന്ന ലേഖനം വായിച്ച് നൊസ്റ്റാള്‍ജിയയുടെ പാരമ്യത്തില്‍ ഇരിക്കുകയായിരുന്നു. അതോടൊപ്പം ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങള്‍ കൂടെയായപ്പോള്‍ ഒരിക്കല്‍ കൂടെ മലയാളത്തിന്റെ മഹാകവി ഒ.എന്‍.വിയുടെ വരികള്‍ മനസ്സില്‍ പതഞ്ഞു പൊങ്ങി.

ഒരു വട്ടം കൂടിയാ പഴയവിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍കുന്നൊരാനെല്ലി-
മരമൊന്നുലുര്‍ത്തുവാന്‍ മോഹം

പക്ഷെ, ഇന്നത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് - അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും വിദ്യാര്‍ത്ഥികളുടെ തന്നെയും രീതികള്‍ - കഴിഞ്ഞ ഒരു മാസക്കാലമായി കേട്ടും കണ്ടും വായിച്ചും അറിഞ്ഞ കാര്യങ്ങളിലേക്ക് വെറുതെ മനസ്സ് പാളിയപ്പോള്‍ കവിതയിലെ അവസാനവരികള്‍ക്കായിരുന്നു കൂടുതല്‍ തെളിമ എന്നത് സത്യം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

അതെ, ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളില്‍ നിന്നും വീശിയടിക്കുന്ന കാറ്റിന് ഇന്നും അസൂയാവഹമായ സുഗന്ധം! സ്വച്ഛത!! ഏതാണ്ട് 25 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് നിന്നും വീശിവരുന്ന കാറ്റിലും മഴയിലും ഒരു അലൂമിനിയപ്പെട്ടിയില്‍, വീടിനോടടുത്തുള്ള പെട്ടിക്കടയില്‍ നിന്നും 50പൈസ കൊടുത്ത് വാങ്ങിയ കമലഹാസന്റെ തിരകള്‍ എഴുതിയ കവിതയുടെ തീപിടിച്ച ഓറഞ്ച് നിറ സിനിമാപോസ്റ്ററിലോ , അല്ലെങ്കില്‍ അക്കാലത്തെ ആഢ്യത്തിന്റെ പ്രതീകമായ സോവിയറ്റ് നാട് മാഗസിന്റെ സെന്റര്‍ സ്പ്രെഡ് ഇതളുകളിലോ പൊതിഞ്ഞ് ഒരു കറുത്ത ബാന്‍ഡിട്ട് ഭഭ്രമാക്കിയ പുസ്തകകൂട്ടങ്ങളുമായി, പുത്തന്‍ ഉടുപ്പില്‍ വീണ് തട്ടിത്തെറിക്കുന്ന വെള്ളത്തുള്ളികളെ കാലുകൊണ്ട് വീണ്ടും തെറുപ്പിച്ച് , അയല്‍ വീടുകളിലെ മുതിര്‍ന്ന സ്കൂള്‍കുട്ടികളായ ചേട്ടന്മാരുടേയും ചേച്ചിമാരുടേയും കൈവിരലില്‍ തൂങ്ങി , കൂട്ടുകാരോട് കലപില പറഞ്ഞ് അക്ഷരമുറ്റത്തേക്ക് പിച്ച വെച്ച കാലം ഓര്‍മ്മയില്‍ തെളിയുന്നു. സ്കൂള്‍ തുറപ്പിനോടനുബന്ധമായി ഒരു മുളവടിയില്‍ ചകിരിവെച്ച് കെട്ടി കുമ്മായം വലിച്ച് തൊട്ടുമുന്‍‌വര്‍ഷത്തെ വികൃതിയെഴുത്തുകള്‍ മായ്ചുകളഞ്ഞ ക്ലാസ്സുമുറികളില്‍, ഒരു പുതുമ കിട്ടുവാനായി മാത്രം പേരിനൊന്ന് ചിന്തേര് തള്ളിയതിനാല്‍ മരമണം മാറാത്ത പഴയ ബെഞ്ചുകളില്‍ പെന്‍സിലിന്റെയോ കോമ്പസിന്റെയോ കൂര്‍ത്ത അഗ്രങ്ങള്‍ക്കൊണ്ട് വടിവൊത്തതും അല്ലാത്തതുമായ ലിപികളില്‍ സ്വന്തം പേരെഴുതി സ്ഥാനം ഉറപ്പിച്ചിരുന്ന ആ വികൃതികാലം! മാക്കാമ്പച്ചക്കും മൂക്കൂട്ടപച്ചക്കും തീപ്പെട്ടിപടത്തിനും നെയിംസ്ലിപ്പിനും വളപ്പൊട്ടിനും മഞ്ചാടിക്കുരുവിനും ഇലഞ്ഞിക്കുരുവിനും ഓര്‍മ്മയില്‍ നില്‍ക്കാത്ത ഏതോ മൂന്നക്ഷരസീരീസ് ലഭിച്ചാല്‍ സമ്മാനം കിട്ടുമായിരുന്ന (ഒരിക്കലും ആര്‍ക്കും കിട്ടിയില്ലെന്ന് തോന്നുന്നു) സിഗററ്റ് ഫ്ലാപ്പറിനും വേണ്ടി വഴക്കടിച്ചിരുന്ന ആ അടിപിടിക്കാലം!! രാശിയേറും കബഡിയും കിളിയും തൊങ്കിത്തൊടലും എ.ബി.സിയും ആകാശവും ഭൂമിയും കുളം കരയും എല്ലാം കഴിഞ്ഞ് ചെളിപുരണ്ട വസ്ത്രങ്ങളില്‍ ക്ലാസ്സ് മുറികളില്‍ ഇരുന്ന്‍ വിയര്‍പ്പാറ്റിയിരുന്ന ആ ഉഷ്ണകാലം!!! തറയിലും പറയിലും പനയിലും തുടങ്ങി ഞ്ജാനപ്പാന വരെ നീണ്ട അക്ഷരങ്ങളുടെ ആ അറിവുകാലം!!!!

കാലം മാറിയതും കാലഘട്ടം തിരിഞ്ഞതും തിരിച്ചറിവുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊക്കെ നഷ്ടപ്പെട്ടതില്‍ വെറുതെ വ്യാകുലപ്പെടാമെന്നേയുള്ളൂ എന്നുമറിയാം. പക്ഷെ, കാലത്തിന്റെ പരിഷ്കാരത്തില്‍ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ തന്നെ കോലം കെടുമ്പോള്‍ അല്ലെങ്കില്‍ പൊളിച്ചെറിയപ്പെടുമ്പോള്‍ - അതിനെ ഒരു രക്ഷകര്‍ത്താവിന്റെ കാഴ്ചപ്പാടിലൂടെ നോക്കി കാണുമ്പോള്‍ ‌- വ്യാകുലതയേക്കാളേറെ ഉല്‍‌കണ്ഠ എന്ന വികാരത്തിനാണ് മനസ്സില്‍ ഏറെ സ്ഥാനം ലഭിക്കുന്നതെന്ന് തോന്നുന്നു. പുത്തന്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വീടിനോടത്തുള്ള സ്കൂളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥി ജാഥയില്‍ 'ഞങ്ങള്‍ ഒരു ക്ലാസ്സിലും തോല്‍ക്കുന്നില്ല' എന്ന പ്ലകാര്‍ഡ് നെഞ്ചില്‍ ചേര്‍ത്ത് നടന്നു നീങ്ങുന്ന വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ പണ്ട് 'മടിയറേഷന്‍' എന്ന് വിളിച്ച് നമ്മളൊക്കെ പരിഹസിച്ച മോഡറേഷന്‍ "നീയൊക്കെ അനുഭവിക്കാനിരിക്കുന്നതേയുള്ളെടാ" എന്ന് പറഞ്ഞ് മുന്‍പില്‍ വന്ന് കൊഞ്ഞനം കുത്തുന്നത് പോലെ തോന്നുന്നു.

ആരാണ് ഉത്തരവാദികള്‍? മാറിമാറിവരുന്ന ഭരണകൂടങ്ങളെയും ബ്യൂറോക്രാറ്റുകളെയും മാത്രം പഴിച്ച് സുകൃതക്ഷയമെന്ന് കാരണവന്മാരോടൊത്ത് ഓത്ത് ചൊല്ലി കൈകഴുകുമ്പോള്‍ നമുക്കൊന്ന് സ്വയം ചിന്തിക്കാം. തിരക്ക് പിടിച്ച ജീവിതപ്പാച്ചിലിനിടയില്‍ മക്കളെ ഇന്‍സ്റ്റന്റായി മാത്രം സ്നേഹിക്കുവാന്‍ സമയം കണ്ടെത്തുന്ന രക്ഷിതാക്കള്‍, മൂല്യങ്ങളും ആദര്‍ശങ്ങളും ബലികഴിച്ച് ജോലിക്കായി ചിലവഴിച്ച നരച്ച ഗാന്ധിത്തലയുടെ എണ്ണം തിരികെപ്പിടിക്കുവാന്‍ മാത്രം വെമ്പല്‍ കൊള്ളുന്ന അധ്യാപകര്‍, കെട്ടിപ്പൊക്കിയ കെട്ടിട സമുച്ചയങ്ങളുടേയും ഇന്‍ഫ്രാസ്ട്രെക്‌ചറുകളുടേയും മുടക്കുമുതല്‍ തിരികെപിടിക്കുവാന്‍ നെട്ടോട്ടമോടുന്ന സ്കൂള്‍ മാനേജ്‌മെന്റുകള്‍, വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്ന കോര്‍പ്പറേറ്റും അല്ലാത്തതുമായ മാര്‍ക്കറ്റ് ഭീകരന്മാര്‍, പുത്തന്‍ മാധ്യമ സംസ്കാരം, ഇതിനോടൊക്കെയൊപ്പം മാറിവരുന്ന ഭരണകൂടങ്ങളുടെ താളത്തിന് തുള്ളുന്ന അറിവിന്റെ കേദാരഭൂമികളായ വിദ്യാഭ്യാസ വിചക്ഷകന്മാര്‍.... എല്ലാവരും തങ്കളുടെ ഭാഗം ഭംഗിയായി ആടിത്തീര്‍ത്ത് അരങ്ങൊഴിയുമ്പോള്‍ ഒന്നും മനസ്സിലാവാതെ പകച്ചു നില്‍ക്കേണ്ടി വരുന്നത് നാളത്തെ തലമുറയാവേണ്ട ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് എന്ന് മാത്രം!

രക്ഷകര്‍ത്താവ് : കഴിഞ്ഞ ദിവസം മകന്റെ സ്കൂളില്‍ അദ്ധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് നടത്തിയ പാരന്റ്സ് മീറ്റിങില്‍ വച്ച് ഉണ്ടായ ഒരു ചെറിയ സംഭവത്തെ പ്രതിപാദിക്കട്ടെ. ഈ വര്‍ഷം മുതല്‍ കുട്ടികളുടെയും ഡിവിഷന്റെയും എണ്ണത്തില്‍ ഉണ്ടാകാവുന്ന ഉയര്‍ച്ച മൂലം സ്കൂളിന്റെ പ്രവൃത്തി സമയത്തില്‍ ചെറിയ മാറ്റമുണ്ടാവുമെന്നും അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ അതാത് സ്ഥലങ്ങളില്‍ എത്തുന്നതും അല്പം കൂടെ നേരത്തെയാവുമെന്നും സ്കൂള്‍ അധികാരി പറഞ്ഞ് തീര്‍ത്തതും ഒരു രക്ഷകര്‍ത്താവ് സംശവുമായി ചാടിയെഴുന്നേറ്റു. "കൃത്യമായി സാറിപ്പോള്‍ പറഞ്ഞ സമയത്ത് തന്നെ ക്ലാസ്സുകള്‍ ആരംഭിക്കുമോ? ഒരു അഞ്ചോ പത്തോ മിനിറ്റൊക്കെ വൈകിയാലും കുഴപ്പമില്ലല്ലോ അല്ലേ?" ഇവിടെ തുടങ്ങുന്നു നമ്മളിലെ രക്ഷിതാക്കള്‍ക്ക് തന്റെ കുട്ടിയുടെ മേലുള്ള അലംഭാവം എന്നതല്ലേ സത്യം. ഒരു വിദ്യാര്‍ത്ഥിയില്‍ ആദ്യം ഉടലെടുക്കേണ്ട ഗുണം അച്ചടക്കമാണ്. അച്ചടക്കത്തിലേക്കുള്ള ആദ്യ പടി കൃത്യനിഷ്ഠയും. സ്വന്തം വീട്ടില്‍ നിന്നും കൃത്യനിഷ്ഠ എന്ന ഗുണം ലഭിക്കാതെ പോകുന്ന ആ കുട്ടി തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ എന്തുതന്നെ പഠിച്ചാലും അത് വിദ്യയാവില്ല, മറിച്ച് അഭ്യാസം മാത്രമേ ആകുന്നുള്ളൂ എന്ന സത്യം നമ്മള്‍ തിരിച്ചറിയാതെ പോകുന്നു.

അതുപോലെ തന്നെ തന്റെ മകനെ/ മകളെ ശാസിക്കുവാനും ശിക്ഷിക്കുവാനും നിങ്ങള്‍ക്കാരാണ് അധികാരം തന്നത് എന്ന് ചോദിച്ച് പ്രധാനാദ്ധ്യാപകന്റെ മേശപ്പുറത്തേക്ക് വടിവാളിന്റെ തിളക്കമുള്ള വെളിച്ചം വിതറുന്ന രക്ഷിതാവ് തന്റെ മകന് / മകള്‍ക്ക് നഷ്ടപ്പെടുത്തുന്നത് അറിവിന്റെ വെളിച്ചം ആണെന്ന് തിരിച്ചറിയാതെ പോകുന്നു. ഹോര്‍ലിക്സും ബൂസ്റ്റും ബോണ്‍‌വിറ്റയും ബ്രഹ്മിയും ന്യൂഡില്‍സും ഫൂഡില്‍സും വിളമ്പികൊടുത്ത് അവനെ/ അവളെ ഊട്ടുമ്പോള്‍ അതോടൊപ്പം നമ്മുടെ സംസ്കാരത്തെയും അതിന്റെ പൈതൃകത്തെയും കുറിച്ചുള്ള അല്പം രുചികൂടെ നാവില്‍ പുരട്ടാന്‍ മറക്കുന്നതില്‍ തുടങ്ങുന്നു ഇന്നിന്റെ വിദ്യാഭ്യാസ അപചയം. മാതാപിതാഗുരു‌ര്‍ദൈവം എന്നും ഭാരതം എന്റെ നാടാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നുമുള്ള തിരിച്ചറിവ് അവരിലേക്ക് പകര്‍ന്നുനല്‍കാന്‍ സമയം കണ്ടെത്താന്‍ ശ്രമിക്കാതെ വരുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന സ്കൂള്‍ മൂത്രപ്പുരയുടെ പിന്നാമ്പുറങ്ങളില്‍ കത്തിക്കൊണ്ട് കുത്തിയും ഇഷ്ടികകൊണ്ട് ഇടിച്ചും കൊല്ലപ്പെട്ട കുഞ്ഞു ബാല്യങ്ങളെ കാണാന്‍ കഴിയുമ്പോള്‍ ചാനലുകളില്‍ നിറയുന്ന റാംബൊ സിനിമകള്‍ക്കുമേല്‍ കുറ്റം ചുമത്തി നമുക്ക് സ്വയം ചെറുതാവാം. അല്ലെങ്കില്‍ 51അക്ഷരങ്ങളെ 51വെട്ടുകളാക്കാന്‍ നാളെകളിലേക്ക് അവന്‍ ആയുധം മിനുക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാണല്ലോ എന്ന് പറഞ്ഞ് നമുക്ക് നെടുവീര്‍പ്പിടാം. അതുമല്ലെങ്കില്‍ മരപ്പൊത്തുകളുടെ സ്വകാര്യതയില്‍ ചുള്ളികൊമ്പുകള്‍ കൊണ്ട് മുള്‍കിരീടമണിയിച്ച് കുഞ്ഞനുജത്തിമാരെ ഉറക്കികിടത്തിയിട്ട് ജുവനൈല്‍ ഹോമിന്റെ ഇരുണ്ട ഇടനാഴികളില്‍ നിഷ്കളങ്കമാവേണ്ട കണ്ണൂകളില്‍ പകയുടെ ചെങ്കട്ടയുമായി നടക്കുന്ന ബാല്യങ്ങളെ നോക്കി കമ്പ്യൂട്ടറുകളെയും മൊബൈല്‍ ഫോണുകളെയും പഴിപറഞ്ഞ് നമുക്ക് ആമകളെപ്പോലെ ഉള്‍‌വലിയാം.

അധ്യാപകന്‍ : എന്തായിരിക്കണം ഗുരുനാഥന്‍; അല്ല, ആരായിരിക്കണം ഗുരുനാഥന്‍ എന്ന് തിരുത്തിചോദിക്കാം? കുട്ടികളെ വഴിതെറ്റിക്കുന്ന, വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നവരായിരിക്കരുത് ഒരിക്കലും അധ്യാപകര്‍ എന്നതാണ് ഒരധ്യാപകന് വേണ്ട ഏറ്റവും വലിയ ഗുണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് മനോരമയിലെ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. (ലേഖനത്തിന്റെ പൂര്‍ണ്ണ രൂപവും അതിന്റെ തുടര്‍ചര്‍ച്ചയും മാത്സ് ബ്ലോഗില്‍ നിന്നും വായിക്കാം.) അതുപോലെ തന്നെ കുട്ടികളുമായും രക്ഷകര്‍ത്താക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്നവനായിരിക്കണം മികച്ച അധ്യാപകന്‍ എന്ന് കൂടെ പറയട്ടെ. ഈയിടെ ഒരു സ്കൂളില്‍ നിന്നും ടി.സി വാങ്ങുവാന്‍ എത്തിയ ഒരു രക്ഷകര്‍ത്താവിനോട് എന്തുകൊണ്ട് ഇപ്പോള്‍ ഇവിടെ നിന്നും കുട്ടിയെ മാറ്റുന്നു എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതിനെ സാധൂകരിക്കുന്നതായിരുന്നു. ദിവസവും സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കുട്ടിയെ കൊണ്ടുവരുന്നതും പോകുന്നതും കക്ഷിയുടെ ഭാര്യയായിരുന്നു. എല്ലാ ദിവസവും കുട്ടിയുടെ അമ്മയെ ടീച്ചര്‍ കാണുന്നതുമാണ്. പക്ഷെ, വര്‍ഷാവസാനപരീക്ഷയുടെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് കുട്ടി ഈയിടെ പഠനത്തില്‍ അല്പം പിന്നിലേക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും ക്ലാസ്സ് ടീച്ചറായ അധ്യാപിക/ അധ്യാപകന്‍ കുട്ടിയുടെ മാതാവിനെ അറിയിച്ചതത്രെ! ഒരു പക്ഷെ അടുത്ത സ്കൂളില്‍ ആക്കിയാല്‍ അവന്‍ പിഴച്ചുപോയേക്കാം പക്ഷെ എല്ലാ ദിവസവും സ്കൂളില്‍ വന്ന് ടീച്ചറോട് സംസാരിച്ചു പോകുന്ന ഒരു രക്ഷിതാവിനോടുള്ള അപ്രോച്ച് ഇതാണെങ്കില്‍ പിന്നെ ഇവിടെ പഠിപ്പിക്കുന്നതില്‍ എന്ത് യുക്തിയുണ്ട് എന്ന ആ രക്ഷിതാവിന്റെ ചോദ്യം ബാലിശമായി തള്ളിക്കളയാന്‍ കഴിയില്ല തന്നെ. ശരിയാണ്, രക്ഷിതാക്കള്‍ വീട്ടില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം തന്നെയെങ്കില്‍ പോലും അവരേക്കാളേറെ കുട്ടിയെ അടുത്തറിയുന്നതും അവന്റെ പഠനനിലവാരത്തെ അളക്കുവാന്‍ കഴിയുന്നതും അധ്യാപകര്‍ക്കാണെന്നിരിക്കെ നിശ്ചയമായും ആ രക്ഷകര്‍ത്താവിന്റെ ആധി തീര്‍ത്തും ന്യായമല്ലേ?

അതിലും ഞെട്ടിപ്പിക്കുന്ന മറ്റു ചില സത്യങ്ങള്‍ ഉണ്ട്. സ്കൂളുകളില്‍ ഡിവിഷന്‍ നിലനിര്‍ത്തുവാനായി നാടൊടുക്ക് പിള്ളേരെ പിടിക്കുവാന്‍ നടക്കുന്ന അധ്യാപിക/ അധ്യാപകന്‍ സ്വന്തം കുട്ടിയ താന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ ചേര്‍ക്കുവാന്‍ - അതും വീടിനോട് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആയിട്ട് പോലും - വിമുഖതകാട്ടുമ്പോള്‍ എന്തിന് ഞങ്ങള്‍ സ്വന്തം കുഞ്ഞുങ്ങളെ അതേ സ്കൂളില്‍ പഠിപ്പിക്കണം എന്ന് രോഷം കൊള്ളുന്ന രക്ഷിതാവിന്റെ മാനസീകാവസ്ഥയില്‍ തെറ്റുകണ്ടെത്തുവാന്‍ കഴിയുന്നില്ല. എന്തുകൊണ്ട് മേല്‍‌പ്പറഞ്ഞ അധ്യാപിക/ അധ്യാപകന്‍ തന്റെ കുട്ടിയെ അണ്‍‌എയ്ഡഡ് സ്കൂളിലേക്കയച്ചു എന്നതിന്റെ അന്വേഷണത്തിന് ലഭിച്ച മറുപടിയായിരുന്നു അതിലും അപഹാസ്യം. താന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ വൃത്തി കുറവാണത്രെ! ഇനി മറ്റൊരു ചെറിയ കഥ കൂടെ സൂചിപ്പിക്കട്ടെ. പേപ്പര്‍ വാലുവേഷന്‍ എന്ന മഹാമേരുവിനെ പറ്റിയാണ്. മുന്‍പ് നമ്മുടെയൊക്കെ വിദ്യാഭ്യാസ കാലത്ത് നേരത്തെ സൂചിപ്പിച്ചിരുന്ന മടിയറേഷന്‍ കിട്ടുവാന്‍ പോലും ഒരു മിനിമം യോഗ്യത വേണമായിരുന്നു. പക്ഷെ ഇന്ന് അതിന് പ്രത്യേകിച്ച് മാനദണ്ഢങ്ങള്‍ ഒന്നുമില്ലാതായപ്പോള്‍ അധ്യാപകര്‍ അത് സ്വന്തം ഇഷ്ടം പ്രകടിപ്പിക്കുവാനുള്ള വേദിയാക്കുന്നു എന്നത് രസകരമായ വസ്തുതയാണ്. ഹിന്ദി പരീക്ഷക്ക് ആകെയുള്ള 50മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 4മാര്‍ക്കിന്റെ ചോദ്യത്തില്‍ ഉത്തരമെഴുതാതിരുന്ന കുട്ടിക്ക് 48മാര്‍ക്ക് കിട്ടിയപ്പോഴാണ് സഹപാഠിയുടെ രക്ഷിതാവ് അതുമുന്നയിച്ച് സ്കൂളില്‍ എത്തിയത്. ഒടുവില്‍ എന്തൊക്കെയോ തൊട്ടുന്യായങ്ങള്‍ പറഞ്ഞ് മേല്‍‌പറഞ്ഞ രക്ഷിതാവിന്റെ മകനും മാര്‍ക്കില്‍ എന്തൊ തിരുത്ത് നടത്തി കൂടുതല്‍ മാര്‍ക്ക് നല്‍കി അധ്യാപിക/ അധ്യാപകന്‍ തലയൂരിയപ്പോളും തകരുന്നത് വിദ്യാഭ്യാസത്തിന്റെ തായ്‌വേര് തന്നെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതായിരുന്നോ പഴയ കാലത്തെ ഗുരുക്കന്മാര്‍? ഇങ്ങിനെയായിരുന്നൊ അവര്‍ സ്വന്തം സ്ഥാപനത്തെയും കുട്ടികളെയും നോക്കി കണ്ടിരുന്നത്? തീര്‍ത്തും അല്ല എന്ന് ഉത്തരം നല്‍കുവാന്‍ കഴിയും. എന്റെയൊക്കെ കുട്ടിക്കാലത്ത് എന്നെ പഠിപ്പിച്ച ഗുരുക്കന്മാരുടെ മക്കള്‍ എന്റെയൊക്കെ തന്നെ സഹപാഠികളായിരുന്നു. ചില കുട്ടികളോട് മമതക്കൂടുതല്‍ ഒക്കെ അന്നുമുണ്ടായിരുന്നിരിക്കാം. പക്ഷെ, അതൊന്നും ഇത് പോലെ അധ്യാപനത്തോട് പരിഹാസം തോന്നുന്ന വിധം അധികരിച്ചിരുന്നില്ല എന്നത് സത്യം.


ഒരു ജനറലൈസേഷന്റെ നാളുകളിലേക്ക് എത്തിയിട്ടില്ലെങ്കില്‍ പോലും ഇന്നിപ്പോള്‍ അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം ശിഥിലമാക്കപ്പെട്ടുകഴിഞ്ഞു. അതല്ലെങ്കില്‍ സ്വന്തം വിദ്യാര്‍ത്ഥിയെയും കൊണ്ട് സുഖവാസകേന്ദ്രത്തിലെ ലോഡ്ജ്‌മുറികളിലേക്ക് ചേക്കേറുന്ന അധ്യാപികമാരും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പ്രകൃതിവിരുദ്ധ പ്രക്രിയകള്‍ നടത്തി അറസ്റ്റ് വരിക്കുന്ന അധ്യാപകരെയും പറ്റി നമുക്ക് പത്രങ്ങളില്‍ വായിക്കേണ്ടി വരില്ലായിരുന്നു. അധ്യാപികയുടെ പ്രേമാമൃതഭാഷണങ്ങളില്‍ വശം‌വദനായി അവരുടെ സ്വജനങ്ങളുടെ ആക്രമണത്തിനിരയായി തീവണ്ടിയുടെ മുന്‍പിലേക്ക് എടുത്തറിയപ്പെടുന്ന വിദ്യാര്‍ത്ഥികളെ കാണേണ്ടിവരില്ലായിരുന്നു. സ്വന്തം വിദ്യാര്‍ത്ഥിയാല്‍ മാനഭംഗം ചെയ്യപ്പെട്ട നിഷ്കളങ്കരായ അധ്യാപികമാരുടെ കണ്ണീര്‍കഥകള്‍ ഒരിക്കലും അറിയേണ്ടി വരില്ലായിരുന്നു. കാരണം അതായിരുന്നില്ല നമ്മുടെ സംസ്കാരം. നല്‍കിയ വിദ്യക്ക് ദക്ഷിണയായി വിരലിനപ്പുറം മറ്റു ശരീരഭാഗങ്ങള്‍ നല്‍കേണ്ടി വന്ന ഏകലവ്യന്മാരുടെ കഥകള്‍ ഇന്നിപ്പോള്‍ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

സ്കൂള്‍ മാനേജ്‌മെന്റുകള്‍ : വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ തീയറ്ററുകളില്‍ നിറഞ്ഞോടിയ ഒരു ചലചിത്രമാണ് ഇംഗ്ലീഷ് മീഡിയം. അതില്‍ സ്കൂള്‍ മാനേജറുടെ വീട്ടുവരാന്തയിലേക്ക് രാത്രിയില്‍ പട്ടിയെ പേടിച്ച് സൈക്കിള്‍ കയറ്റികൊണ്ട് വരുന്ന ശ്രീനിവാസന്‍ ചെയ്ത കഥാപാത്രത്തിന്റെ അവസ്ഥയിലേക്ക് മേല്‍‌സൂചിപ്പിച്ച അധ്യാപകരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നില്ലെ സ്കൂള്‍ മാനേജ്‌മെന്റുകള്‍. പണം വാരിയെറിഞ്ഞ് കൈമുതല്‍ വന്ന് ചേര്‍ന്ന സ്കൂളിലേക്ക് അത്യാവശ്യം വേണ്ട പ്രാധമീക ആവശ്യങ്ങള്‍ പോലും വേണ്ട വിധത്തില്‍ ഒരുക്കാതെ (ഇവിടെയും ജനറലൈസേഷന്റെ കാലഘട്ടമായെന്ന് പറയുന്നില്ല. എങ്കില്‍ പോലും ഭൂരിഭാഗം എയ്ഡഡ് സ്കൂളുകളിലും സ്ഥിതി ഇതൊക്കെ തന്നെ) തലവരിപ്പണം മാത്രം നോക്കി അധ്യാപക നിയമനം നടത്തുമ്പോള്‍ അവിടെയും തകര്‍ക്കപ്പെടുന്നത് വിദ്യാഭ്യാസത്തിന്റെ വേരുകള്‍ തന്നെയാണ്. ഈ വാങ്ങിക്കൂട്ടുന്ന പണം മുടക്കി സ്കൂളിന് കെട്ടുറപ്പും അടച്ചുറപ്പുമുള്ള ക്ലാസ്സ് മുറികളോ മൂത്രപ്പുരകളോ കളിസ്ഥലങ്ങളോ വിനോദവിഞ്ജാന കേന്ദ്രങ്ങളോ വായനശാലയോ ഹെല്‍‌ത്ത് ക്ലബോ ഒന്നും നിര്‍മ്മിക്കാതെ ചോര്‍ന്നൊലിക്കുന്ന, വെള്ളവലിക്കാത്ത , കാലൊടിച്ച ബെഞ്ചുകളുള്ള , ചോക്ക് പിടിക്കാത്ത ബ്ലാക്ക് ബോര്‍ഡുള്ള ക്ലാസ്സുമുറികള്‍ കാട്ടി അതോടൊപ്പം ഡിവിഷന്‍ നിലനിര്‍ത്തണമെങ്കില്‍ കുട്ടികളെയും തേടിപ്പിടിക്കണമെന്നും അതല്ലെങ്കില്‍ അതേ മാനേജ്‌മെന്റിന്റെ തന്നെ പോഷകസ്കൂളുകളിലേക്ക് അല്ലാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാന്‍ പാടില്ല എന്ന് ശഠിക്കുന്ന മാനേജുമെന്റുകള്‍ സ്വയം വിദ്യാഭ്യാസത്തിന്റെ കഴുത്തില്‍ കത്തി വയ്ക്കുമ്പോള്‍ അവിടെയും അറവുമാടുകളാവുന്നത് പാവം വിദ്യാര്‍ത്ഥി തന്നെ. ഒപ്പം ഒരു പരിധിവരെ അല്പമെങ്കിലും മനസ്സോടെ വിദ്യ നല്‍കുവാന്‍ തുനിഞ്ഞിറങ്ങുന്ന അധ്യാപകനും.

മാര്‍ക്കെറ്റ് ഭീമന്മാര്‍ : സ്കൂളില്‍ പോകാന്‍ അച്ഛന്‍ എനിക്ക് എന്തെല്ലാം വാങ്ങിത്തരോന്നറിയാമോ? പുതിയ ബാഗ്, പുതിയ ഉടുപ്പ്, പിന്നെയോ... എന്ന് നിഷ്കളങ്കതയോടെ ചോദിച്ചിരുന്ന ആ ബേബീ ശ്യാമിലിയുടെ രൂപം നമ്മുടെ സ്വീകരണമുറികളില്‍ നിന്നും ഒഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. നിഷ്കളങ്കതയുടെ ലവലേശം പോലുമില്ലാതെ റാംബോകളെയും ബെന്‍‌ടെനുകളെയും ഭീകരരൂപികളെയും മാര്‍ക്കെറ്റ് ഭീമന്മാര്‍ കുട്ടികളുടെ മനസ്സിലേക്ക് കടത്തിവിടുമ്പോള്‍ അവിടെയും കുട്ടിത്വം എന്ന ഭാവം അവരില്‍ നിന്നും അന്യം നില്‍ക്കുകയല്ലേ. (ഒരു പരിധി വരെ കുട്ടിത്വം കാട്ടുന്നത് ഗിന്നസ്സ് പക്രുവിന്റെ ദൈവമേ എന്നെക്കാള്‍ ചെറിയ കുടയോ എന്ന നിഷ്കളങ്കത മാത്രം) ഇവിടെ കച്ചവടമൂല്യങ്ങള്‍ക്കിടയില്‍ സെന്റിമെന്‍സിനുള്‍പ്പെടെ ഒന്നിനും സ്ഥാനമില്ല എന്നൊക്കെ വാദിക്കാമെങ്കില്‍ പോലും എന്തുകൊണ്ടോ അംഗീകരിക്കാന്‍ ഇപ്പോഴും മനസ്സ് അനുവദിക്കുന്നില്ല എന്നതാണ് ശരി. ഇന്ന് ഏതൊരു ശരാശരി മലയാളിയും സ്വന്തം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഏറ്റവും മുന്തിയ സ്കൂളും ഏറ്റവും മുന്തിയ വസ്ത്രവും ബാഗും കുടയും നല്‍കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ പോലും കുട്ടി പഠിക്കുന്ന പുസ്തകത്തിനകത്ത് എന്തുണ്ട് എന്നതിലേക്ക് കണ്ണെത്തിക്കുന്നില്ല എന്ന സത്യം വിസ്മരിച്ചുകൂടാ. ഇവിടെ ബാഗിനും കുടക്കും ടിഫിന്‍ ബോക്സിനും സ്കൂള്‍ ബസ്സിനും യൂണിഫോമിനും വരെ മാര്‍ക്കെറ്റിങ് ടെക്നിക്കുകള്‍ ഉണ്ടെന്നിരിക്കില്‍ എന്തുകൊണ്ട് അവര്‍ പഠിക്കുന്ന പാഠ്യപദ്ധതിയെ ഇത്തരം ഒരു നല്ല മാര്‍ക്കെറ്റിങ് ടെക്നികിലേക്ക് ഇറക്കികൊണ്ടുവന്നുകൂടാ?

മാധ്യമങ്ങള്‍ : മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല എന്നറിയാം. എങ്കില്‍ പോലും പലപ്പോഴും കുട്ടികളില്‍ ഉണ്ടാകുന്ന അക്രമ വാസനക്കും വയല‌ന്‍സിനും ഒരു പരിധിവരെ മാധ്യമങ്ങള്‍ കുടപിടിക്കുന്നുണ്ട്. ചാനലുകള്‍ വിപ്ലവം സൃഷ്ടിക്കുന്ന ഈ കാലത്ത് അവ കുടുംബ ബന്ധങ്ങളുടെ ശിഥിലകാഴ്ചകളിലേക്ക് ഏറെ വിരല്‍‌ചൂണ്ടുമ്പോള്‍ അത് കണ്ട് വളരുന്ന കുട്ടികള്‍ ഒരു പരിധിവരെ അത് വഴി വഴിതെറ്റുന്നു. പക്ഷെ, ഇവിടെ മാധ്യമങ്ങളെക്കാള്‍ തെറ്റുകാര്‍ രക്ഷകര്‍ത്താക്കള്‍ ആണെന്നതാണ് സത്യമെന്നിരിക്കില്‍ അതിന്റെ ആഴങ്ങളിലേക്ക് എനിക്ക് ഒന്നും പറയാനില്ല.

വിദ്യാഭ്യാസ വിചക്ഷകന്മാര്‍: തെറ്റായ നയങ്ങളിലൂടെയും അവയുടെ കാലോചിതമല്ലാത്ത തിരുത്തലുകളിലൂടെയും വീണ്ടും വീണ്ടും വിദ്യാര്‍ത്ഥികളെ നാശത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയാന്‍ രാഷ്ട്രീയക്കാരെയും മാറിവരുന്ന സര്‍ക്കാരുകളെയും പ്രേരിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ രസക്കൂട്ടുകള്‍ കലക്കിക്കുടിച്ച ഇവര്‍ക്കുള്ള പങ്കിനെ വിസ്മരിക്കുവാന്‍ കഴിയില്ല തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധ്യാപകനെ മാങ്ങ പറിപ്പിച്ചും ഞാറു നടിയിച്ചും താളം തുള്ളിച്ച് ഡി.പി.ഇ.പിയെ ആഘോഷിച്ചവര്‍ തന്നെ പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലായി മാര്‍ക്ക് മാറ്റി പ്ലസ്സും മൈനസും റാങ്ക് മാറ്റി ഗ്രേഡും കൊണ്ടുവന്നു. പിന്നെയും കാലം അവരെകൊണ്ട് മടിയറേഷനേക്കാള്‍ വലിയ റേഷനായ തോല്‍‌പ്പിക്കുവാന്‍ പാടില്ല എന്ന താലിബാനിസം വിദ്യാര്‍ത്ഥിയില്‍ അടിച്ചേല്‍‌പ്പിച്ചു. അതുകൊണ്ട് എന്തുണ്ടായി? 9-ആം ക്ലാസ്സ് പരീക്ഷയുടെ തലേദിവസം പോലും ക്രിക്കറ്റ് ബാറ്റും പിടിച്ച് കൂസലില്ലാതെ നടന്നവന്‍ പത്താം ക്ലാസ്സ് പരീക്ഷയുടെ തലേദിവസം പിരിമുറുക്കമേറി മാനസീകരോഗിയായി. അതല്ലെങ്കില്‍ തുടര്‍‌വിദ്യാഭ്യാസത്തിനിറങ്ങി മറ്റു നാട്ടുകാരോട് മത്സരിച്ച് നാമാവശേഷമായി.

എല്ലാ വര്‍ഷവും പ്രവേശനോത്സവ പ്രഹസനങ്ങള്‍ കഴിയുമ്പോള്‍ ഇനിയെന്ത് എന്നൊരു ചര്‍ച്ച തുടര്‍ന്ന് വരാരുണ്ട്. എന്തിന് പഠിക്കണം എന്ന ചിന്തയിലേക്ക് പുതുതലമുറ സ്വയം എത്തിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് ഇന്ന് നാം കടന്നുപോയ്കൊണ്ടിരിക്കുന്നത്. നാളത്തെ യുവാക്കളെ ഇന്നേ കൂമ്പടയാതെ കാത്തുസൂക്ഷിക്കുവാന്‍ എന്തെങ്കിലും നമുക്ക് ചെയ്യുവാന്‍ കഴിയുമൊ എന്ന് കൂട്ടായൊരു ചര്‍ച്ചക്ക് വേദിയൊരുക്കാന്‍ ഈ പ്രവേശനോത്സവനാളുകളെങ്കിലും വേദിയാവട്ടെ. അതില്ലാതെ എത്രമേല്‍ തെളിച്ചമുള്ള വെളിച്ചം പദ്ധതികളും മറ്റും ആവിഷ്കരിച്ചാലും വിദ്യാഭ്യാസം കച്ചവടവല്‍‌ക്കരിക്കപ്പെടുകയാണെന്ന സത്യത്തെ കുഴിവെട്ടി മൂടുവാന്‍ കഴിയില്ല.

17 comments:

ajith പറഞ്ഞു... മറുപടി

ഘനഗംഭീരമായ ലേഖനം. പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ഏറെയുണ്ടിതില്‍

Pradeep Kumar പറഞ്ഞു... മറുപടി

വിവിധങ്ങളായ ഘടകങ്ങളിലൂടെ സ്കൂള്‍ വിദ്യാഭ്യാസം എവിടെ എത്തി നില്‍ക്കുന്നു എന്ന് വിലയിരുത്താനുള്ള ശ്രമം ശ്ലാഘനീയമാണ് . വസ്തുനിഷ്ടമായി അടുക്കും ചിട്ടയോടും പ്രശ്നത്തെ സമീപിക്കുന്ന രീതി മാതൃകാപരം .

ചുരുക്കം കാര്യങ്ങളില്‍ ഒഴികെ മനോരാജിന്റെ നിരീക്ഷനങ്ങളോടു യോജിക്കുന്നു.... സമൂഹത്തിന്റെ മറ്റു പല മേഖലകളെയും ഗ്രസിച്ചിരിക്കുന്ന സ്ഥാപിത താല്പര്യങ്ങളും ബുറോക്രിസിയുടെ ഇടപെടലും, സ്വജനപക്ഷപാതവും, ഉന്നതങ്ങളിലെ അഴിമതിയും മറ്റും നമ്മുടെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു എന്ന അവസ്ഥ എന്തുകൊണ്ടോ ഇവിടെ കാര്യമായി വിശകലനം ചെയ്യപ്പെടാതെ പോവുന്നു. പകരം സാധാരണയായി ചര്‍ച്ച ചെയ്യപ്പെടാറുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണ് വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നത് എന്ന രീതിയില്‍ ഒരു നിരീക്ഷണം അവതരിപ്പിച്ചതിനോട് യോജിക്കാനാവുന്നില്ല.....

പഴയ കാല അധ്യാപകര്‍ ഇന്നുള്ളവരെക്കള്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു എന്ന് ഒട്ടും അഭിപ്രായമില്ല. കുഴിമാടിയന്മാരും, ആശാസ്ത്രീയമായ ശിക്ഷണ സമ്പ്രദായങ്ങളില്‍ അഭിരമിച്ചവരുമായ പഴയ അധ്യാപകരേക്കാള്‍ എത്രയോ നിലവാരമുള്ളവരാകുന്നു ഇന്നത്തെ അധ്യാപകര്‍ .....

നല്ല നിലവാരം പുലര്‍ത്തിയ ലേഖനം. ഈ ലേഖനമുയര്‍ത്തുന്ന സ്പിരിറ്റ്‌ നോട് പൂര്‍ണമായും യോജിക്കുന്നു. ചുരുക്കം ചില ഇടങ്ങളിലുള്ള വിയോജിപ്പാണ് ഞാന്‍ പ്രകടിപ്പിച്ചത്...

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

സത്യത്തില്‍ എല്ലാവര്ക്കും അറിയാവുന്ന വിഷയങ്ങള്‍ തന്നെ എന്നിരുന്നാലും ആരും അതത്ര കാര്യമാക്കുന്നില്ല എന്നതാണ് വാസ്തവം. എല്ലാവര്ക്കും ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ ഗാന്ധിത്തല തന്നെ മുഖ്യം. അവിടെ എല്ലാ ബാദ്ധ്യതയും മറക്കുന്നതോടൊപ്പം സമയമില്ലെന്ന് പറഞ്ഞ് തടി തപ്പുക എന്നതാണ് ഇന്നത്തെ രീതി. എല്ലാം കച്ചവടം ആയിരിക്കുമ്പോള്‍ ലാഭം തന്നെ മുഖ്യം. അവിടെ മറ്റൊന്നിനും സ്ഥാനമില്ലാതെ വരുന്നു.
ലേഖനം നന്നായിരിക്കുന്നു.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു... മറുപടി

കാലം മാറുന്നു, സംസ്കാരം മാറുന്നു ,വിദ്യാഭ്യാസ നിലവാരം മാറുന്നു .പഠിക്കാനും അറിയാനും ശ്രമിച്ച നല്ല ലേഖനം ,പക്യമായ വിലയിരുത്തല്‍ ഇനിയും എഴുതുക ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Ismail Chemmad പറഞ്ഞു... മറുപടി

ചിന്താര്‍ഹാമായ , പഠനാര്‍ഹാമായ ലേഖനം .
കൂടുതല്‍ ചര്‍ച്ച പ്രതീക്ഷിക്കുന്നു.

mini//മിനി പറഞ്ഞു... മറുപടി

നല്ല ലേഖനം,, നന്നായി പഠിക്കട്ടെ,, എന്നിട്ട് ബാക്കി പറയാം.

വേണുഗോപാല്‍ പറഞ്ഞു... മറുപടി

വസ്തു നിഷ്ടമായ അവലോകനത്തിലൂടെ നന്നായി കാര്യങ്ങള്‍ പറഞ്ഞ ലേഖനം .

ഈ വിഷയത്തില്‍ അടുത്ത കാലത്ത് വായിച്ച ലേഖനങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ലേഖനം എന്നിതിനെ വിശേഷിപ്പിച്ചാല്‍ അത് അതിശയോക്തിയാവില്ല..

ആശംസകള്‍ മനു

sreee പറഞ്ഞു... മറുപടി

വിദ്യാര്‍ത്ഥി, അധ്യാപകര്‍ , രക്ഷകര്‍ത്താവ് മുതല്‍ കാലവും കാലാവസ്ഥയും വരെ മാറിപ്പോയി. സ്കൂള്‍ തുറപ്പിന്റെ നൊസ്റ്റാള്‍ജിയ ഇന്നത്തെ കുട്ടികള്‍ക്ക് മനസ്സിലാവില്ലല്ലോയെന്നു രക്ഷകര്‍ത്താക്കള്‍ സഹതപിക്കുമ്പോള്‍ അന്നൊക്കെ എന്തിരിക്കുന്നു എന്ന് കുട്ടികള്‍ പുച്ഛത്തോടെ ചോദിക്കുന്നു.സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്തിട്ടും മക്കളെ അണ്‍ എയിഡഡില്‍ വിട്ടു പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ ഭൂരിപക്ഷം.സ്വയം വിശ്വാസമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ സ്കൂളിനെ എങ്ങനെ വിശ്വസിക്കാന്‍.മൂല്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്തിന്റെ പോക്കോര്‍ത്തു ആശങ്കപ്പെടാം.

മനോഹരമായ ലേഖനം. ഒരുപാട് പേരുടെ മനസ് പറയുന്ന കാര്യങ്ങള്‍ മനോഹരമായി അക്ഷരങ്ങളില്‍ വരച്ചു വച്ചിരിക്കുന്നു .

Cv Thankappan പറഞ്ഞു... മറുപടി

ചിന്തിപ്പിക്കുവാന്‍ പര്യാപ്തമായ
നല്ലൊരു ലേഖനം.
ആശംസകള്‍

Manoraj പറഞ്ഞു... മറുപടി

@ Pradeep Kumar: ബ്യൂറോക്രസിയെയും ഭരണകൂടത്തെയും കുറ്റപ്പെടുത്തുമ്പോള്‍ മറന്നുപോകുന്നത് എന്ന രീതിയിലായിരുന്നു ഞാന്‍ ലേഖനത്തെ സമീപിച്ചത് തന്നെ. അതുകൊണ്ട് തന്നെ ബ്യൂറോക്രസിയുടെയും ഭരണകൂടത്തിന്റെയും പ്രശ്നങ്ങളെ അത്രയധികം പോയന്റ് ഔട്ട് ചെയ്യാതിരുന്നത്. ആദ്യം നമുക്കിടയില്‍ ചെയ്യാവുന്നത് ചെയ്യാമല്ലോ എന്ന ചിന്ത. അധ്യാപകരുടേതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു ജനറലൈസേഷന്റെ കാലം എത്തിയിട്ടില്ലെങ്കില്‍ പോലും പഴയ അധ്യാപകരേക്കാള്‍ വിദ്യാഭ്യാസം ഉള്ളവരെങ്കിലും ഇന്നുള്ളവര്‍ക്ക് അധ്യാപനത്തോട് അത്രയേറെ പ്രതിപത്തിയില്ല എന്നത് സത്യമെന്ന് അംഗീകരിച്ചേ മതിയാവൂ പ്രദീപ്.

വായന രേഖപ്പെടുത്തിയ ajith,പട്ടേപ്പാടം റാംജി ,ഒരു കുഞ്ഞുമയില്‍പീലി,Ismail Chemmad, mini//മിനി, വേണുഗോപാല്‍, sreee, c.v.thankappan, (പേര് പിന്നെ പറയാം)എല്ലാവര്‍ക്കും നന്ദി.

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

വളരെ നല്ല കുറിപ്പ്. നല്ല വിദ്യാഭ്യാസത്തിനു വേണ്ട ഘടകങ്ങളെക്കുറിച്ച് നന്നായി എഴുതിയിട്ടുണ്ട് എങ്കിലും പഴയ വിദ്യാലയങ്ങളും വിദ്യാഭ്യാസരീതിയും ഇന്നത്തേതിനേക്കാൾ നല്ലതായിരുന്നില്ല എന്നു തന്നെയാണ് എനുഇക്കു തോന്നുന്നത്. നമ്മുടെ എല്ലാം ക്ലാസിലെ കുട്ടികളിൽ അപൂർവ്വം പേരല്ലേ രക്ഷപെട്ടിരുന്നുള്ളു. ഇപ്പോൾ ഭൂരിപക്ഷം കുട്ടികൾക്കും ശ്രദ്ധ കിട്ടുന്നുണ്ട്. പണ്ടത്തേതിനേക്കാൾ കുട്ടികൾ ജീവിതത്തിൽ എന്തെങ്കിലും ആകുന്നുമുണ്ട്.സ്ക്കൂൾ വിദ്യാഭ്യാസം കൂടുതൽ ശാസ്ത്രീയവും, വിദ്യാർത്ഥികളെ ഉന്നം വെച്ചുള്ളതുമായിട്ടുണ്ട് എന്നു തോന്നുന്നു. മനോരാജ് പറഞ്ഞ പോരായ്മകൾ തീർച്ചയായും നിലനിൽക്കുന്നുണ്ടെങ്കിലും.

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

മനോ, ലേഖനത്തില്‍ ഉടനീളം ഒരു 'ത്രിമാനവീക്ഷണ'ത്തിന്റെ അഭാവം ഉള്ളതായാണ് എനിക്കു തോന്നിയത്. ഉള്ളതുപറയാമല്ലോ, ഞാന്‍ ഏറെവര്‍ഷങ്ങളായി നാട്ടിലില്ല. അതുകൊണ്ട് സംഗതികള്‍ എത്രത്തോളം വഷളായിയെന്ന് എനിക്ക് നേരിട്ടറിയില്ല.

എങ്കിലും നമ്മുടെ രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും സവിശേഷമായ പരിതസ്ഥിതി വെച്ചുനോക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും ഒരു പ്രാവര്‍ത്തികവും ഉല്‍പാദനക്ഷമവുമായ ഒരു സംവിധാനം നിലവിലുണ്ട് എന്നുതന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. സമൂഹത്തില്‍ പൊതുവായുള്ള ചില പ്രശ്നങ്ങളുടെ നിഴലിപ്പ് വിദ്യാഭ്യാസമേഖലയിലും ഉണ്ട്, പക്ഷേ ഗതകാലത്തിലേയ്ക്കുള്ള തിരിഞ്ഞുപോക്ക് അതിന് പരിഹാരമാകുകയില്ല. പാശ്ചാത്യരാജ്യങ്ങള്‍ പോലും ഇന്ത്യയ്ക്ക് ഇങ്ങനെ അനേകലക്ഷം വിദ്യാസമ്പന്നരെ ഓരോ വര്‍ഷവും വാര്‍ത്തെടുക്കാന്‍ കഴിയുന്നതിനെ അത്ഭുതത്തോടെയും ഭയത്തോടെയും നോക്കിക്കാണുന്നുണ്ട് എന്ന് താങ്കള്‍ക്കറിയാമല്ലോ.

ലേഖനത്തില്‍ താങ്കള്‍ ചൂണ്ടിക്കാട്ടിയ ചില ഭീകര സംഭവങ്ങള്‍ ഒറ്റപ്പെട്ടവയാണ്. അത്തരം സംഭവങ്ങളേക്കുറിച്ച് കുട്ടികളുമായി സംസാരിക്കുന്നതില്‍നിന്ന് രക്ഷിതാക്കള്‍ക്ക് ഇനിമുതല്‍ ഒഴിഞ്ഞുമാറാനാവില്ല എന്നതുമാത്രമാണ് പുതുമ. നമ്മുടെ തലമുറയ്ക്ക് പതിവില്ലാത്ത വിധം ലൈഗികതയേക്കുറിച്ചും അക്രമത്തേക്കുറിച്ചും ഇന്റര്‍നെറ്റിനേക്കുറിച്ചും ലഹരിപദാര്‍ത്ഥങ്ങളേക്കുറിച്ചുമൊക്കെ ചെറിയ പ്രായത്തിലുള്ള കുട്ടികളുമായിപ്പോലും ഗൌരവമായും വിശദമായും സംസാരിക്കേണ്ടിവരും. സമൂഹജീവിതത്തിനായുള്ള പാഠങ്ങളാണ് അവ, വിദ്യാഭ്യാസജീവിതത്തിനു മാത്രമായല്ല.

മനോ വളരേ ചിന്തിച്ച് ഗവേഷണം ചെയ്ത് എഴുതിയതാണെന്ന് മനസ്സിലാകുന്നുണ്ട്. താങ്കളുടെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയല്ല, അതിനൊരു അനുബന്ധം ചേര്‍ക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ഓടോ: വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന്റെ ഗുണഭോക്താവാണ് ഞാന്‍. എന്റെ മകന്‍ ഇവിടെ പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നത്. മുടിഞ്ഞ ഫീസാണ്. സര്‍ക്കാര്‍ സ്കൂളുകളിലും അവിടെയുള്ളത്ര പഠനസൌകര്യങ്ങളുണ്ട്. പക്ഷേ എനിക്കിവിടെ കിട്ടുന്ന 'ഉപഭോക്തൃ സേവനം' കിടയറ്റതാണ്.

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

വെറുതെ മോഹിക്കുവാന്‍ മോഹം!

എന്നാലും മോഹിച്ചുപോവുന്നു!

Sukanya പറഞ്ഞു... മറുപടി

മാതൃഭുമിയിലെ ആ ലേഖനവും ഏറെ ആകര്‍ഷിച്ച മദനന്‍ സാറിന്റെ വരയും, മനസ്സ് പോലെ ഒരാളെങ്കിലും അതേ കുറിച്ച് പറഞ്ഞല്ലോ. കാലം മാറിയത്‌ അറിഞ്ഞ പഴയ കാലത്തെ നമ്മള്‍ക്ക് ആണ് നഷ്ടബോധം.

സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു... മറുപടി

എത്ര വസ്തുനിഷ്ടമായും ഗഹനമായും താങ്കള്‍ വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നു.അനുമോദനങ്ങള്‍ .

majeed alloor പറഞ്ഞു... മറുപടി

ഞാനടക്കമുള്ള അധ്യാപകസമൂഹം വായിക്കുകയും മനസിലാക്കുകയും ചെയ്യേണ്ട പ്രസക്തമായ നിരീക്ഷണങ്ങള്‍ .. പ്രവേഅനോത്സവങ്ങളും കലാകായികോത്സവങ്ങളും മറ്റുമായി പൊടിപൊടിക്കുന്നു.. ഇതിനിടെ വിദ്യാഭ്യാസത്തിന്റെ അന്തസ്സത്ത ചോര്‍ന്നുപോകുന്നത് നമ്മളറിയുന്നില്ല..

Manoraj പറഞ്ഞു... മറുപടി

@ശ്രീനാഥന്‍ :തീര്‍ച്ചയായും ഇന്നത്തെ കുട്ടികള്‍ എന്തെങ്കിലുമൊക്കെ ആയി തീരുന്നുണ്ടെന്നത് സമ്മതിക്കുന്നു. പക്ഷെ, അത് പഴയ പോലെ അവര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നും കിട്ടുന്ന പരിശീലനം വഴിയാണൊ എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്. പണ്ടെത്തെ കുട്ടികള്‍ക്ക് (നമുക്ക്) വിദ്യാലയങ്ങള്‍ മാത്രമായിരുന്നു ഏകാശ്രയം.മറിച്ച് ഇന്നതല്ല സ്ഥിതി എന്നതുകൊണ്ടും പഴയതിനെ അപേക്ഷിച്ച് ഇന്നത്തെ മാതാപിതാക്കന്മാര്‍ മക്കളുടെ ഭാവിയ്കായി കൂടുതല്‍ കരുതല്‍ നടപടികള്‍ എടുക്കുന്നു എന്നത് കൂടെ ചിന്തിക്കുമ്പോള്‍ അവര്‍ എന്തെങ്കിലുമൊക്കെയാവുന്നത് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ മേന്മയായി കാണുവാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിലും മാഷ് പറഞ്ഞത് പോലെ മുഴുവനായി കുറ്റപ്പെടുത്തുകയല്ല ഈ പോസ്റ്റിലൂടെ ലക്ഷ്യം.

@കൊച്ചു കൊച്ചീച്ചി : നമ്മളെല്ലാവരും വിദ്യാഭ്യാസത്തെ ഉപഭോക്തൃസേവനം എന്ന കണ്‍സെപ്റ്റില്‍ കാണുന്നു എന്നത് തന്നെയാണ് ഒരു പരിധിവരെ ഈ അപചയത്തിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത് കൊച്ചു. നമ്മുടെ നാട്ടില്‍ വിദ്യാസമ്പന്നരുണ്ട് എന്നത് സമ്മതിക്കുന്നു. പക്ഷെ, പുറം രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ നമ്മുടെ ജനസംഖ്യയുടെ അനുപാതവും നോക്കുമ്പോള്‍ കേരളത്തില്‍/ ഇന്ത്യയില്‍ വിദ്യയുടെ കാര്യത്തില്‍ സമ്പത്ത് കൂടുതാണോ എന്നത് ചിന്തനീയമല്ലേ. ലൈംഗീകതയെക്കുറിച്ചും ഇന്റര്‍നെറ്റിനെ കുറിച്ചു കുട്ടികളുമായി ചര്‍ച്ചചെയ്യുകയും സംവേദിക്കുകയും വേണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. വികലമായ ചിന്തകളില്‍ നിന്നും അവരെ മോചിപ്പിക്കുവാന്‍ അത് സഹായിക്കും. ഇവിടെ നമ്മള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിവിധ ക്ലാസുകളില്‍ ഇരുത്തി പരസ്പരം സംസാരിക്കാന്‍ അനുവദിക്കാതെ കപടസദാചാരത്തിന്റെ മറക്കുടക്കുള്ളില്‍ മൂടിപൊതിയുന്നതിന്റെ അപചയം തീര്‍ച്ചയായും ഇത്തരം വിഷയങ്ങളില്‍ ഉണ്ടെന്ന് തന്നെ അഭിപ്രായം.

K@nn(())raan*,Sukanya : വായനക്ക് നന്ദി

സുസ്മേഷ് ചന്ത്രോത്ത്, സഹയാത്രികന്‍ I majeedalloor : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.