ശനിയാഴ്‌ച, ഏപ്രിൽ 14, 2012

സ്നേഹകാഴ്ച

"അമ്മേ.. ദേ ഒരാള്‍ കുറേ പടക്കവുമായി വന്നിരിക്കുന്നു. അയാള്‍ക്ക് ഒരു പിരി ലൂസ് ഉണ്ടോ എന്നൊരു സംശയം. അല്ലെങ്കില്‍ ദേ ഇത്രയും പടക്കം ഇന്നത്തെ കാലത്ത് നൂറു രൂപക്ക് എവിടെനിന്ന് കിട്ടാനാ" - മരുമകള്‍ അടുക്കളയില്‍ വന്ന് അടക്കം പറഞ്ഞു.
"എന്നിട്ട് അവന്‍ എന്ത്യേ?" പുറത്തേക്ക് കണ്ണയച്ചു കൊണ്ട് ആകാംഷയോടെ സുഭാഷിണി വരാന്തയിലേക്ക് വേഗം നടന്നു.
"അയ്യോ..ഞാന്‍ വേഗം പണം കൊടുത്ത് പറഞ്ഞു വിട്ടു. അല്ലെങ്കില്‍ ഇനി മനസ്സുമാറിയാലോ എന്ന് കരുതി..." അമ്മയുടെ മുഖഭാവത്തില്‍ നിന്നും തനിക്കെന്തോ അബദ്ധം പിണഞ്ഞല്ലോ എന്ന ചിന്തയില്‍ പിന്നാലെ ചെന്നുകൊണ്ട് അവള്‍ പറഞ്ഞു.
വീടിന്റെ ഗെയിറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് കയറാന്‍ തുടങ്ങിയ മുരുകന്‍ ഒരു മിന്നായം പോലെ സുഭാഷിണിയെ കണ്ടു. കാറില്‍ ഇരുന്ന ചീതമ്മ കൂപ്പുകൈകളോടെ ഇറങ്ങി. അതുവരെ അവിടെ അങ്ങിനെയൊരു കാറു കിടന്നിരുന്നതും അതില്‍ നിന്നുമാണ്‌ ഈ അഴുക്കുപുരണ്ട ബിഗ് ഷോപ്പറില്‍ ഒരു കൂമ്പാരം പടക്കവുമായി ഇയാള്‍ വന്നതെന്നൊന്നും കണ്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മരുമകളുടെ മനസ്സിലും ഒരു വിഷമം. എന്തോ അരുതാത്തത് ചെയ്ത പോലെ..
"മോനെ.. നീ എന്താ എന്നെ കാണാതെ പോകന്നത്? - മുരുകന്‍ തലകുനിച്ചു.
നിനക്കും എന്നെ കാണണ്ടേ ചീതമ്മേ? അതും ഇത്ര ദൂരം വന്നിട്ട്..."
"അക്കാ.. അപ്പടി സൊല്ലാതക്ക.. ഇന്ത സൊഖമില്ലാത്ത എന്നെയും താങ്കി ഇന്ത ഊര്‌ക്ക് മുരോന്‍ വന്തത് അതിനാച്ച്." ചീതമ്മയുടെ കണ്ണുകള്‍ ഈറനാവുന്നതറിഞ്ഞു. ഇവളാകെ മാറിപോയല്ലോ എന്നോര്‍ക്കുകയായിരുന്നു സുഭാഷിണി. പഴയ പോല തന്നെ ഒന്നും മിണ്ടാതെ വിഷാദം നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന മുരുകന്റെ നേരെ തിരിഞ്ഞ് മടിശ്ശീലയില്‍ നിന്നും സുഭാഷിണി നൂറ് രൂപയെടുത്ത് നീട്ടി.
"ഇത് നിനക്ക് തരണ്ട ആള്‍ ഇപ്പോഴില്ല..." ഗദ്‌ഗദം കൊണ്ട് സുഭാഷിണിക്ക് വാക്കുകള്‍ മുട്ടി. മുരുകന്‍ വീണ്ടും കണ്ണുകള്‍ താഴ്തി.
"വരണ്ട എന്ന് കരുതിയതാണ്‌.... പക്ഷെ എനിക്കതിന് കഴിഞ്ഞില്ല അമ്മാ..” നാട്ടുകാര്‍ മുഴുവന്‍ തെമ്മാടിയെന്ന് വിളിക്കുന്ന മുരുകന്റെ കണ്ണുകള്‍ ഈറനണിയുന്നത് സുഭാഷിണി കണ്ടു.
"നിങ്ങള്‍ കയറിയിരിക്ക്. ചായ കുടിച്ചിട്ട് പോകാം. ഇത്ര ദൂരം ഇവളെയും കൊണ്ട് പോകേണ്ടതല്ലേ"
വേണ്ടമ്മേ...പോട്ടെ.."
"എന്താടാ ചായക്ക് പകരം ചാരായമേ രാവിലെ നിനക്ക് ഉള്ളിലേക്ക് ചെല്ലത്തൊള്ളോ." അമ്മ വാത്സല്യത്തോടെ വഴക്ക് പറയുന്നതും മുരുകന്‍ തലകുമ്പിട്ട് നില്‍ക്കുന്നതും കണ്ട് മരുമകള്‍ മിഴിച്ചു നിന്നു.
"അപ്പടി സൊല്ലാതമ്മ! അമ്മാവുക്കും ഇവിടത്തെ മാഷക്കും മുന്നാലെ മുരോന്‍ തണ്ണിസാപ്പിട്ട് വരാത്"
അതറിയാഞ്ഞിട്ടല്ല. പക്ഷെ ഇപ്പോള്‍ ഇവനും അപ്പന്റെ പാതയിലാണെന്ന് കേട്ടിരുന്നു. തലകുനിച്ച് നില്‍ക്കുന്ന മുരുകനെ സുഭാഷിണി വാത്സല്യത്തോടെ തഴുകി. "എന്തിനാ മോനേ ഇങ്ങിനെ കുടിക്കുന്നേ? നീയും അപ്പനെ പോലാവുകാണോ? വാ കയറ്.. നിങ്ങള്‍ക്ക് ഒന്നും തരാതെ പറഞ്ഞുവിട്ടാല്‍ ദൂരെയെവിടെയോ ഇരുന്നാണെങ്കിലും മാഷ് എന്നോട് പിണങ്ങില്ലേടാ.. " അവരുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു.
മറുത്തൊന്നും പറയാതെ സുഭാഷിണിയുടെ പിന്നാലെ അവര്‍ വീട്ടിലേക്ക് കയറി.
മുരുകന്റെ അപ്പ അറുമുഖന്‍ നാട്ടിലെ മിടുക്കനായ പടക്കപ്പണിക്കാരനായിരുന്നു. പക്ഷെ ചാരായം ഉള്ളില്‍ ചെന്നുകഴിഞ്ഞാല്‍ ഒരു വൃത്തിക്കെട്ടവനും. അവന്റെ തെമ്മാടിത്തരം അധികവും നാട്ടുകാരോടായിരുന്നില്ല. പൊണ്ടാട്ടി ചീതമ്മയോടായിരുന്നു അവന്റെ പരാക്രമം മുഴുവന്‍. ശിവകാശിയില്‍ ഏതോ പടക്കനിര്‍മ്മാണശാലയില്‍ പണിക്ക് നിന്നിരുന്ന സമയത്ത് പറഞ്ഞു മയക്കി ഗര്‍ഭമാക്കി കൂടെ കൂട്ടിയതാ ആ പാവത്തിനെ. അറുമുഖനെ പോലൊരു മൊശടനെ ഇവള്‍ എങ്ങിനെ സ്നേഹിച്ചു എന്ന് പലപ്പോഴും അലോചിട്ടുണ്ട് സുഭാഷിണി. അറുമുഖന്‌ ചീതമ്മയെ സ്നേഹമായിരുന്നു. അത് സത്യമാണ്‌. ചാരായം ഉള്ളില്‍ ചെല്ലാത്ത നേരത്ത് ചീതൂ എന്നേ അയാള്‍ അവളെ വിളിക്കുമായിരുന്നുള്ളു. അതുപോലെ തന്നെ മുരുകനെയും അയാള്‍ക്ക് ജീവനായിരുന്നു. പക്ഷെ ചാരായം ഉള്ളില്‍ ചെന്നാല്‍ അറുമുഖന്‍ മറ്റൊരാളാണ്‌. വേറെയൊരു മുഖമാണ്‌ പിന്നെയയാള്‍ക്ക്. ചാരായത്തിന്റെ ലഹരിയില്‍ അയാള്‍ ഒത്തിരി അസഭ്യങ്ങള്‍ പുലമ്പാറുണ്ട്. മുരുകന്‍ അയാളുടെ മകനല്ലെന്നും മറ്റും പറഞ്ഞ് ചീതമ്മയെ വലിച്ച് നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ഒക്കെ പതിവാണ്‌. പാവം കുഞ്ഞു മുരുകന്‍.. പലപ്പോഴും അവന്റെ കണ്ണുകളിലെ കനല്‍ കണ്ട് താന്‍ പോലും ഭയന്നുപോയിട്ടുള്ളതാണ്. അവനാണ് ഇപ്പോള്‍.... അവര്‍ നെടുവീര്‍പ്പിട്ടു.
ഒരു ഭ്രാന്തന്റേത് പോലെ തോന്നുമാറ് പാറിപറന്ന നീണ്ടുവളര്‍ന്ന തലമുടി, നെഞ്ചോളം വളര്‍ന്ന താടി, എല്ലുന്തി വളഞ്ഞു കുത്തിയ ശുഷ്കിച്ച ശരീരം , നെറ്റിയില്‍ മൂന്ന് വിരല്‍ വീതിയില്‍ വരച്ച ഭസ്മക്കുറി, കാവി മുണ്ട്, കഴുത്തില്‍ ഒരു തോര്‍ത്ത് , ചുണ്ടില്‍ എരിയുന്ന കുറ്റി ബീഡി.. അറുമുഖനെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ നാടുകള്‍ തോറും അലയുന്ന ഒരു സന്ന്യാസിയാണെന്നേ തോന്നു. ബീഡിക്കറ പുരണ്ട പല്ലുകള്‍ തമ്മില്‍ ഞെരിച്ച് പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധം വമിപ്പിച്ചുകൊണ്ട് റോഡോരത്ത് നിന്ന് അസഭ്യവര്‍ഷം ചൊരിയുന്ന അറുമുഖന്റെ ചിത്രം മരുമകള്‍ക്ക് നല്‍കുന്ന സുഭാഷിണിയെ നോക്കി ചീതമ്മ തലകുനിച്ചിരുന്നു.
വിഷുക്കാലം എന്നും ചീതമ്മക്ക് ഇടിയുടേയും ചവിട്ടിന്റെയും കാലമാണ്‌. അക്കാലത്താണ്‌ അറുമുഖന്‌ ഏറ്റവും അധികം പണിത്തിരക്കുള്ളതും കൈയില്‍ ഒട്ടേറെ രൂപ വന്ന് ചേരുന്നതും. അറുമുഖന്റെ പടക്കങ്ങള്‍ക്ക് നട്ടുകാരുടെയും പുറംനാട്ടുകാരുടേയും ഇടയില്‍ നല്ല മതിപ്പായിരുന്നു. ഓരോ വര്‍ഷവും എന്തെങ്കിലും പുതിയ ഒരു ഐറ്റം അവന്‍ ഒരുക്കിയിട്ടുണ്ടാവും. ചീതമ്മക്കും മുരുകനും മാത്രമാണ്‌ അറുമുഖന്റെ പടക്കനിര്‍മ്മാണ സഹായി. മറ്റാരെയും പണിസ്ഥലത്തേക്ക് അടുപ്പിക്കുക കൂടെയില്ല. അങ്ങിനെ വളരെ ചെറുപ്പത്തില്‍ തന്നെ മുരുകന്‍ പടക്കനിര്‍മ്മാണത്തില്‍ കഴിവ് തെളിയിച്ചതാണ്‌.
മകള്‍ കൊണ്ടുവെച്ച ദോശ പൊട്ടിച്ച് ചമ്മന്തിയില്‍ മുക്കി സാവധാനം കഴിക്കുകയാണ് മുരുകന്‍. ഗ്ലാസ്സില്‍ നിന്നും ചായ മൊത്തിക്കുടിച്ചു കൊണ്ട് മകളെ നോക്കി ഒരു ചെറിയ ചിരിയോടെ ചീതമ്മ. അഴുക്ക് പുരളാത്ത , പിഞ്ഞിക്കീറാത്ത ഒരു ഓയില്‍ സാരിയില്‍ പൊതിയപ്പെട്ടു എന്നതില്‍ കവിഞ്ഞ് അവള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സുഭാഷിണിക്ക് തോന്നി.
അറുമുഖന്റെ തല്ല് കൊണ്ട് നിലവിളിച്ച് കൊണ്ട് വീട്ടിലേക്ക് ഓടിവരുന്ന ചീതമ്മയുടെ രൂപമായിരുന്നു പെട്ടന്ന് മനസ്സിലേക്ക് വന്നത്. പടക്കപ്പണിയില്ലാത്ത കാലങ്ങളില്‍ അവളായിരുന്നു വീട്ടിലെ പുറം‌പണിക്ക് സുഭാഷിണിക്ക് സഹായമായിരുന്നത്. അതുകൊണ്ട് തന്നെ എന്നും അവള്‍ സ്വയരക്ഷക്കായി ഓടികയറുക വീട്ടിലേക്കാണ്‌. മാത്രമല്ല, മാഷിന്റെ വീട്ടിലേക്ക് അറുമുഖന്‍ ഒരു വഴക്കിന്‌ വരില്ല എന്നതും അവളെ അതിനായി പ്രേരിപ്പിച്ചുണ്ടെന്ന് അവള്‍ പറഞ്ഞ് തന്നെ സുഭാഷിണിക്കറിയാം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായാലും അറുമുഖന്‍ എന്നും തലചൊറിഞ്ഞ് ബഹുമാനത്തോടെയേ മാഷോട് ഇടപെടുമായിരുന്നുള്ളൂ. കാലം ഇന്നിപ്പോള്‍ എത്ര കഴിഞ്ഞിരിക്കുന്നു.
അമ്മാ... “ മുരുകന്റെ വിളി അവരെ ഓര്‍മകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.
ഇനി ഞങ്ങള്‍ പൊക്കോട്ടെ.. ചെന്നിട്ട് വേണം കച്ചോടം തുടങ്ങാന്‍.. ഉണ്ണി വിളിക്കുമ്പോള്‍ പറഞ്ഞേക്ക്.. “
മരുമകളുടെ കൈയ്യില്‍ തൂങ്ങി നിന്നിരുന്ന കുഞ്ഞുവാവയുടെ നേര്‍ക്ക് അവന്‍ പുഞ്ചിരിയോടെ കൈനീട്ടി. മടിച്ചു നിന്ന കുഞ്ഞിനെ മകള്‍ നിര്‍ബന്ധിച്ച് അവന്റെ അരികിലേക്ക് ഉന്തിവിടുന്നത് നോക്കി സുഭാഷിണി പുഞ്ചിരി തൂകി.
ചെറുപ്പത്തില്‍ ഉണ്ണിയും മുരുകനും ഒരുമിച്ച് ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. വാസ്തവത്തില്‍ മുരുകനെ സ്കൂളില്‍ ചേര്‍ക്കാന്‍ അറുമുഖന്‍ സമ്മതിച്ചത് മാഷോട് മറുത്തൊന്നും പറയാന്‍ കഴിയാത്തതിനാലാണെന്ന് സുഭാഷിണിക്കറിയാം. അതിന്റെ പേരില്‍ പലപ്പോഴും ചീതമ്മ തല്ലുകൊണ്ടിട്ടുണ്ട്. പക്ഷെ എന്തൊക്കെയായാലും മാഷിന്റെ മുന്‍പില്‍ അറുമുഖന്‍ ഒരു പാവമായിരുന്നു.
എല്ലാവര്‍ഷവും വിഷു ദിനത്തില്‍ രാവിലെ കുളിച്ച് കുറി വരച്ച് ഒരു കൂട പടക്കവുമായി മുരുകന്‍ വീട്ടിലേക്ക് വരും. മാഷ് ഒരു നൂറിന്റെ നോട്ട് അവനെടുത്ത് കൊടുത്ത് വാത്സല്യത്തോടെ ചേര്‍ത്ത് പിടിക്കുന്നത് പടിക്ക് പുറത്ത് അറുമുഖനും ചീതമ്മയും നോക്കി നില്‍ക്കും. മാഷിന്റെ കൈനീട്ടം ലഭിച്ചിട്ടേ അറുമുഖന്‍ വിഷു ദിനത്തിലെ കച്ചവടം തുടങ്ങുമായിരുന്നുള്ളു. ആ പണമൊഴികെ അന്ന് ലഭിക്കുന്ന മറ്റു പണം മുഴുവന്‍ അയാള്‍ ചാരയം മോന്തി കളയുകയും ചെയ്യുമായിരുന്നു. രാവിലെ കിട്ടുന്ന ആ നൂറ് രൂപ ചീതമ്മയെ ഏല്‍‌പ്പിച്ചിട്ട് അയാള്‍ ബാക്കി പടക്കവുമായി താല്‍‌കാലിക പീടികയിലേക്ക് യാത്രയാവും. ആ നൂറ് രൂപയിലാണ്‌ ആ കുടുംബത്തിന്റെ വിഷു ആഘോഷങ്ങള്‍.
ചാരായത്തിന്റെയും കഞ്ചാവിന്റെയും ലഹരി മൂത്ത ഏതോ അഭിശപ്ത നിമിഷത്തില്‍ ചീതമ്മയുടെ പഴകി പിഞ്ചിയ സാരിയില്‍ അറുമുഖന്റെ വളഞ്ഞുകുത്തിയ ശരീരം കൊച്ചു വീടിന്റെ കോലായില്‍ താഴെ ഉറങ്ങി കിടന്നിരുന്ന മുരുകന്റെ തലക്ക് മുകളില്‍ തൂങ്ങിയാടിയതിന്‌ ശേഷവും നിശ്ചയ ദാര്‍ഢ്യത്തോടെ ചെറുപ്രായത്തില്‍ തന്നെ പടക്കനിര്‍മ്മാണം ഏറ്റെടുത്തപ്പോഴും മുരുകന്‍ ഈ പതിവ് മാത്രം തെറ്റിച്ചില്ല.
കണ്ണുകള്‍ കൊണ്ട് യാത്ര ചോദിച്ച് , ചീതമ്മയെയും താങ്ങി അവന്‍ കാറില്‍ കയറുന്നത് നോക്കി അവര്‍ നിന്നു. എന്തൊക്കെയാണെങ്കിലും ഇന്നും അവര്‍ പതിവ് തെറ്റിക്കാതെ, ഇത്ര ദൂരെയായിട്ട് പോലും പടക്കവുമായി വന്നല്ലോ. സന്തോഷം തോന്നി. അവരുടെ മനസ്സിലെ ഈ സ്നേഹവും നന്മയും മനസ്സിലാക്കിയിട്ടായിരുന്നു പട്ടച്ചാരയവും കുടിച്ച് തെമ്മാടിത്തരവുമായി നടന്നിരുന്ന അറുമുഖനെയും ചീതമ്മയേയും മുരുകനെയും മാഷ് ഒട്ടേറെ ഇഷ്ടപ്പെട്ടിരുന്നത്.
“റ്റാറ്റാ..“
തൊണ്ണുകാട്ടി ചിരിച്ച് പുതിയ അങ്കിളിന് റ്റാറ്റാ കൊടുക്കുന്ന കുഞ്ഞുവാവയെയും അവളുടെ കൈയില്‍ മടക്കിയ നിലയില്‍ ഇരുന്നിരുന്ന ഒരു നൂറിന്റെ നോട്ടും കണ്ട് സംതൃപ്തിയോടെ സുഭാഷിണി പിന്തിരിഞ്ഞു.
വലിയ ഓട്ടുരുളിയില്‍ മകള്‍ ഒരുക്കിയ സമൃദ്ധമായ വിഷുകാഴ്ച കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ അവര്‍ കണ്ടില്ല. അതുകൊണ്ട് തന്നെ അതില്‍ ഒരു കള്ളച്ചിരിയോടെ തെളിഞ്ഞ് നിന്ന കാര്‍‌വര്‍ണ്ണ രൂപവും അവര്‍ കണ്ടില്ല. പകരം ഒരു വലിയ ബിഗ് ഷോപ്പറില്‍ നിന്നും പുറത്തേക്കുന്തി നില്‍കുന്ന പല വര്‍ണ്ണങ്ങളിലുള്ള പടക്കങ്ങള്‍ വലിയൊരു സ്നേഹക്കാഴ്ചയായി മനസ്സില്‍ നിറഞ്ഞു നിന്നു. ഒപ്പം ആ സ്നേഹകാഴ്ച സമ്മാനിച്ച് ഒരു കാറില്‍ കയറി ദൂരെക്ക് പോയ രണ്ടു ജീവനുള്ള വിഗ്രഹങ്ങളും .

47 comments:

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

"സ്നേഹകാഴ്ച" കൊള്ളാം ...!!
ഹൃദയം നിറഞ്ഞ വിഷു ദിനാശംസകള്‍ മനോ...!!

ഒറ്റമൈന പറഞ്ഞു... മറുപടി

നല്ല കാഴ്ച മനോ....
ഹൃദ്യമായ വിഷു ആശംസകള്‍
കണി

പൊന്‍വെയില്‍ പൂക്കുന്ന

മേടപ്പുലരിയിലേക്ക്

‍രാവ് മിഴി തുറക്കെ

ഇരുട്ട് പാര്‍ക്കുന്ന

അകത്തെ മുറിയില്‍

മരപ്പലകയിട്ട്

ചെമ്പട്ട് വിരിച്ചു

പൊന്നുരുളി നിറയെ

പിടിയരിമണികള്‍

ഒരു ചെമ്പരത്തിപ്പൂ

അരമുറി തേങ്ങ

ഒരു പടന്ന ഏത്തയ്ക്ക

ചന്ദനം പടര്‍ത്തി തിരികള്‍

സ്വര്‍ണ വെള്ളരി

ഇത്തിരി കൊന്നപ്പൂ

ഒറ്റരൂപാ നാണയങ്ങള്

അഞ്ചാറു വെറ്റില

മടക്കിവെച്ച പട്ടുകോടി

കുഴലൂതി നില്‍ക്കുന്ന

കണ്ണനു കാവലായി

എണ്ണത്തിരിയിട്ട് പകര്‍ന്ന

രണ്ടു നിലവിളക്കുകള്‍

കണ്ണ് പൊത്തി

തപ്പി തടഞ്ഞു

ഇടനാഴി പിന്നിട്ടു

കണിയൊരുക്കിയ

അകത്തെ മുറിയിലേക്ക്

ഇനി മിഴി തുറന്നാലും

സ്നേഹസമൃദ്ധിയുടെ

പുതു പുലരിയിലേക്ക്....

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി

മനോജിന്റെ കഥക്കൂട്ടിലേക്ക് ആദ്യമായാണ്‌. പക്ഷെ എന്തോ ആദ്യ അനുഭവം അത്ര നന്നായില്ല എന്ന് തോന്നുന്നു. എന്തൊക്കെയോ മുഴച്ചു നില്‍ക്കുന്നത് പോലെ. വായനക്ക് ഒരു ഒഴുക്ക് കിട്ടുന്നില്ല. ഒരു കഥയായല്ല , ഒരു വിവരണം പോലെയാണ് തോന്നിയത്. എന്റെ വായനയുടെ കുഴപ്പം ആകാം. പിന്നെ തമിഴ്‌ ഒന്നും തന്നെ വാക്യങ്ങളായി ശരിയല്ല. വിലയിരുത്താനുള്ള കഴിവൊന്നും ഇല്ല.മനസ്സില്‍ വന്നത് പറഞ്ഞു എന്ന് മാത്രം .

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

കഥയുടെ ആശയം നല്ലതെങ്കിലും മനോരാജിനെപ്പോലെ ഒരെഴുത്ത്കാരന്‍റെ നിലവാരത്തിനോപ്പം ഈ കഥ എത്തിയില്ല.

കുടുംബാംങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍ അറിയിക്കുമല്ലോ.

വീകെ പറഞ്ഞു... മറുപടി

വിഷുസദ്യക്ക് മധുരം പോരാ‍ന്നൊരു തോന്നൽ...
“വിഷുദിനാശംസകൾ..”

ajith പറഞ്ഞു... മറുപടി

എനിക്ക് വളരെയധികം ഇഷ്ടമായി ഇക്കഥ. നമയെയും സ്നേഹത്തെയും സാധാരണമനുഷ്യരുടെ ബലദൌര്‍ബല്യങ്ങളെയും ഇത്ര ലളിതമായി വരച്ചുകാട്ടിയിരിക്കെ എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും. അഭിനന്ദനങ്ങള്‍ മനോ

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇപ്പോഴും കലര്‍പ്പില്ലാത്ത സ്നേഹം കാത്തു സൂക്ഷിക്കുന്ന ജീവിതങ്ങളുടെ നല്ലൊരു ആവിഷ്കാരം. ആ സ്നേഹത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതിന് യോചിച്ച പശ്ചാത്തലവും (പടക്കവും ചാരായം കുടിക്കുന്ന അയാളുടെ രൂപവും തല്ലു വാങ്ങുന്ന ചീരുവും മകനും ഒക്കെ) വ്യക്തമാക്കിയത്‌ കഥക്കിണങ്ങി എന്ന് തോന്നി. അധികം സാഹിത്യ പ്രസരമില്ലത്ത ഈ ഭാഷ തന്നെയാണ് ആ സ്നേഹത്തിന് ആവശ്യമെന്നും തോന്നി.
എനിക്കിഷ്ടപ്പെട്ടു.

.. അരൂപന്‍ .. പറഞ്ഞു... മറുപടി

സ്നേഹത്തിന്‍റെ ഭാഷയില്‍ ലളിതമായ ഒരു രചന. നന്നായിട്ടുണ്ട്.

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

നല്ല ആശയം. ക്രാഫ്റ്റില്‍ ചില്ലറ പോരായ്മകളുണ്ടെങ്കിലും ഇഷ്ടപ്പെട്ടു.

khaadu.. പറഞ്ഞു... മറുപടി

ലളിതം..സുന്ദരം...
കുഞ്ഞു കഥ ഇഷ്ടായി...

മുകിൽ പറഞ്ഞു... മറുപടി

athe. lalitham sundaram.
snehavishu, manoraj.
ella nanmakalum nerunnu.

Cv Thankappan പറഞ്ഞു... മറുപടി

സ്നേഹത്തിന്‍റെ സുഖശീതളിമ
അനുഭവവേദ്യമാകുന്ന ലളിതസുന്ദരമായ
കഥ.
ആശംസകള്‍

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു... മറുപടി

നല്ല രചന..
വിഷു ആശംസകള്‍...

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി

മനോജ്‌, കേളികൊട്ടിലെ കഥ ഇപ്പോള്‍ വായിച്ചതെ ഉള്ളൂ.. "കഥയില്‍" നിധീഷ്‌ ഇട്ട ലിങ്കില്‍ നിന്നും. എന്റെമ്മേ എന്താത് ..സുന്ദരന്‍ ..സൂപ്പര്‍ ...ഹോ... വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ കഷ്ടകാലതിനാണ് ഈ കഥ ആദ്യം വായിച്ചത് എന്ന് തോന്നുന്നു..

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഈ കഥയുടെ ആശയവും ,
അവതരണവുമൊക്കെ കൊള്ളാമെങ്കിലും മനോരാജിന്റെ മറ്റുരചനകളൂടെയത്ര മികവ്
ഇതിന് വന്നിട്ടില്ല കേട്ടൊ ഭായ്

kanakkoor പറഞ്ഞു... മറുപടി

ജീവിതത്തിന്‍റെ ഒരു ഏട്. ചില ജീവിതങ്ങളുടെ നേര്‍ക്കാഴ്ച,. നന്നായിരിക്കുന്നു. ഇതില്‍നിന്നും അല്‍പ്പം പകിട്ടുള്ള ഒരു കഥ വേണമെങ്കില്‍ മെനഞ്ഞെടുക്കാം എന്ന് മാത്രം.

മാനവധ്വനി പറഞ്ഞു... മറുപടി

ലളിതമായിരുന്നു..നന്നായിരുന്നു എങ്കിലും പോരല്ലോ?.. താങ്കൾ എഴുതുമ്പോൾ കൂടുതൽ മിനുക്കു പണികൾ പ്രതീക്ഷിക്കണമല്ലോ?...
എന്തായാലും ആശംസകൾ..
ഒപ്പം വിഷുദിനാശംകൾ കൂടി നേരുന്നു

പൊട്ടന്‍ പറഞ്ഞു... മറുപടി

കപടതയില്ലാത്ത സ്നേഹബന്ധങ്ങളെ ഹൃദയ സ്പര്‍ശി ആയി അവതരിപ്പിച്ചു. ഒരു സംഭവവും മുഴച്ചതായോ അനാവശ്യമായോ തോന്നിയില്ല. ഒരു പരിപൂര്‍ണ്ണത നന്നായി അനുഭവപ്പെട്ടു.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

മനസില്‍ വലിച്ച് കെട്ടിയ ഏതോ കമ്പിയില്‍ പോയി ഈ കഥ ചെന്നു മുട്ടി ദു:ഖത്തിന്റെ നേരിയ ഈണം പുറപ്പെടുവിപ്പിക്കുന്നു. കഥ നന്നായി എന്ന് പറയുന്നത് നെഞ്ചില്‍ കൈ വെച്ച് തന്നെ.

Unknown പറഞ്ഞു... മറുപടി

ലളിതം സുന്ദരം..

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

സ്നേഹത്തിന്‍റെ നനുത്ത വെളിച്ചം പകര്‍ന്നുകൊണ്ട് കുറെ പൂത്തിരികള്‍ കത്തിയ പോലെ... ലാളിത്യത്തിന്‍റെ സുഖം ഉണ്ടെങ്കിലും മോനോജിന്‍റെ ഞാന്‍ വായിച്ച മറ്റു കഥകളുടെ ഒപ്പം എത്തീല്ലട്ടോ. മാതമല്ല പല ബ്ലോഗുകളിലും മനോജിന്റെ വളരെ അര്‍ത്ഥപൂര്‍ണമായ, ക്രിയാത്മകമായ വിലയിരുത്തലുകളും കാണാറുണ്ട്. ഇത് തിടുക്കത്തില്‍ എഴുതി തീര്‍ത്ത പോലെ. ഒന്നൂടെ എഡിറ്റ്‌ ചെയ്‌താല്‍ കൂടുതല്‍ മനോഹരമാവും. നന്മകള്‍...

ശ്രീ പറഞ്ഞു... മറുപടി

ഈ വിഷുവിനു വായിച്ച നല്ലൊരു പോസ്റ്റ്!

കണ്ണു നിറഞ്ഞു, മാഷേ...

വൈകിയ വിഷു ആശംസകള്‍

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

പടക്കക്കാരുടെ കുടുംബത്തിന്റെ ചിത്രം, അമ്മയുടെ സ്നേഹം ഒക്കെ മനസ്സിൽ നിറഞ്ഞു. എവിടെയൊക്കെയോ ഒന്ന് ചെത്തിമിനുക്കാമായിരുന്നു എന്ന് തോന്നിയെങ്കിലും

Sneha പറഞ്ഞു... മറുപടി

സ്നേഹം നിറഞ്ഞ വിഷുകാഴ്ച്ച...:)

പ്രയാണ്‍ പറഞ്ഞു... മറുപടി

കഥയിലെ നിഷ്ക്കളങ്കസ്നേഹം ഇഷ്ടപ്പെട്ടു....

സീത* പറഞ്ഞു... മറുപടി

ഇതു തന്നെയാണു വിഷുക്കണി...ചീതമ്മൌം മുരുകനും അറുമുഖനും സുഭാഷിണിയും എന്തിനു കുഞ്ഞു പോലും വായിച്ചു കഴിഞ്ഞിട്ടും മനസ്സിൽ നിന്നും ഇറങ്ങിപ്പോകുന്നില്ല...ആശംസകൾ ഏട്ടാ

arungodan പറഞ്ഞു... മറുപടി

രചന നന്നായിട്ടുണ്ട്.

sreee പറഞ്ഞു... മറുപടി

വിഷുവിന്റെ 'സ്നേഹ കാഴ്ച ' മനോഹരം.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

അവ്യക്തമായ ചെറിയൊരു പോരായ്മ ഇതിലുണ്ടോ എന്ന് വേണമെങ്കില്‍ സംശയിക്കാം. പക്ഷെ എന്‍റെ ആസ്വാദനത്തെ അത് ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല എന്നത് ഉറപ്പ്.
എനിക്കിഷ്ടപ്പെട്ട നല്ല കഥ .
ആശംസകള്‍ മനോ

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

അവ്യക്തമായ ചെറിയൊരു പോരായ്മ ഇതിലുണ്ടോ എന്ന് വേണമെങ്കില്‍ സംശയിക്കാം. പക്ഷെ എന്‍റെ ആസ്വാദനത്തെ അത് ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല എന്നത് ഉറപ്പ്.
എനിക്കിഷ്ടപ്പെട്ട നല്ല കഥ .
ആശംസകള്‍ മനോ

വേണുഗോപാല്‍ പറഞ്ഞു... മറുപടി

ചിലര്‍ അങ്ങിനെയാണ് .. പഴയ ആചാരങ്ങള്‍ പലതും സ്നേഹത്തിന്റെ കമ്പികളില്‍ കൊരുത്തു ഇഴ മുറിയാതെ സൂക്ഷിക്കും ..

നല്ല വിഷു കൈനീട്ടം മനോ ...

ഈ കൊച്ചു കഥ ഇഷ്ടമായി. (നാട്ടില്‍ ആണ്.. ചില പ്രത്യേക ജോലികളാല്‍ എത്താന്‍ വൈകി .. ക്ഷമിക്കുമല്ലോ )

Echmukutty പറഞ്ഞു... മറുപടി

വൈകിപ്പോയി....എന്നാലും നല്ല ഒരു കഥ വായിച്ച സന്തോഷത്തിൽ.

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു... മറുപടി

വിഷു ഒക്കെ കഴിഞ്ഞു.ഇപ്പൊഴാ
ഈ വഴി വന്നത്...
നല്ല കഥ....ഇഷ്ടായി...

ചിതല്‍/chithal പറഞ്ഞു... മറുപടി

കഥയുടെ ആശയം നന്നായിരുന്നു. അവതരണരീതിയിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കാം എന്നു് തോന്നി. പറയട്ടേ?

ചാരായത്തിന്റെ കാര്യം അമിതമായി പ്രതിപാദിച്ചു എന്നു് തോന്നി.

പിന്നെ, മുരുകരും ചീതയും സുഭാഷിണിയുമൊക്കെ തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കുറേ കാത്തിരിക്കേണ്ടിവന്നു.

ഇത്രയും ദൂരത്തുനിന്നു് കാറും പിടിച്ചു വരുന്ന മുരുകനും ചീതമ്മയും “സുഭാഷിണിയുണ്ടോ?” എന്നന്വേഷിക്കുകപോലും ചെയ്യാതെ നൂറു രൂപക്കു് പടക്കം “വിറ്റിട്ടു്” തിരിച്ചുപോവാൻ ശ്രമിച്ചു എന്നതു് വിശ്വസിക്കാൻ പ്രയാസം. അതുപോലെ വിഷുദിവസം രാവിലെ തന്നെ ദൂരത്തുനിന്നു വരുന്ന മുരുകൻ അതിനിടക്കു് ചാരായവും കുടിച്ചോ?!

ഇനി ഒരു അഭിപ്രായം പറയാനുള്ളതു് പറഞ്ഞാൽ എന്നേ ഒരു “കുറ്റാന്വേഷകൻ” ആയി കണക്കാക്കാൻ പ്രേരിപ്പിച്ചേക്കും; എന്നാലും പറയാം. മരുമകൾക്കു് കുട്ടിയുണ്ടു്. അപ്പൊ കല്യാണം കഴിഞ്ഞിട്ടു് ഇതു് രണ്ടാമത്തെ വിഷുവെങ്കിലും ആയിരിക്കണം. സോ, കഴിഞ്ഞകൊല്ലം മുരുകനെ മരുമകൾ പരിചയപ്പെട്ടില്ലേ? ചെറിയോരു കാര്യമാണു്, എന്നാലും പറഞ്ഞൂ എന്നുമാത്രം.

എനിക്കു തോന്നുന്നതു് ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കഥ നന്നായിട്ടുണ്ടെങ്കിലും കഥാതന്തുവിന്റെ തീവ്രത കൂട്ടാൻ വേണ്ടി പിന്നീടു ചേർത്ത ചേരുവകളിൽ ചെറിയ പോരായ്മ വന്നൂ എന്നേയുള്ളു. അതു് ശ്രദ്ധിച്ചാൽ കൂടുതൽ തെളിച്ചമുള്ള കഥയാവും.

ഒരു കാര്യം കൂടി - കഥയുടെ ശീർഷകം എനിക്കു് വളരെ ഇഷ്ടമായി: സ്നേഹക്കാഴ്ച്ച

Manoraj പറഞ്ഞു... മറുപടി

@ ചിതല്‍/chithal : ഇത്രയേറെ വിശദമായി ഒരു വിലയിരുത്തല്‍ നല്‍കിയിട്ട് അതിന് ഒരു മറുപടി നല്‍കാതെ പോയാല്‍ നീതികേടാവും എന്നത് കൊണ്ട് ചിതലേ എന്റെ ഭാഗത്തുനിന്നുള്ള മുടന്തന്‍ ന്യായവാദങ്ങള്‍ നിരത്തട്ടെ :)

ചാരായ കാര്യം : അങ്ങിനെ തോന്നിയോ? കഥക്ക് ആവശ്യമാണെന്ന് തോന്നിയതിനാലാണ് അത് പറഞ്ഞത് ചിതല്‍.

തമ്മിലുള്ള ബന്ധങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവന്നു എന്നത് : കഥകള്‍ തന്നെ ഒരു കാത്തിരിപ്പല്ലേ....ഹി..ഹി..

മൂന്നാമത്തെ സംശയത്തിന് അല്പം വിശദമായ മറുപടി നല്‍കേണ്ടിവരുന്നു.. എന്തായാലും എഴുതാം : അങ്ങിനെയല്ല.. അവിടെ അവര്‍ വന്ന് പടക്കം കൊടുത്തുകഴിഞ്ഞപ്പോള്‍ മരുമകളുടെ പ്രതികരണം അവരെ പെട്ടന്ന് പറഞ്ഞയക്കുവാന്‍ പ്രേരിപ്പിക്കും വിധമായിരുന്നു എന്ന് മരുമകള്‍ തന്നെ പറയുന്നുണ്ട്.. എന്തോ സുഭാഷിണിയെ കണ്ടിട്ട് പോലും വീട്ടില്‍ കയറാന്‍ മടികാണിക്കുന്ന അവര്‍ സ്വാഭാവികമായും അത്തരം ഒരു അന്വേഷണത്തിലേക്ക് കടന്നു കാണില്ല എന്നാണ് എനിക്ക് തോന്നുന്നത്.. പിന്നെ വര്‍ഷങ്ങളായി ചെയ്യുന്ന ഒരു പ്രവൃത്തി (ആ വീട്ടില്‍ നിന്നും കൈനീട്ടം എന്നത്) അതായിരുന്നല്ലോ അവരുടെ ഏറ്റവും വലിയ ലക്ഷ്യം.. :) പിന്നെ വിഷുദിവസം ദൂരെ നിന്ന് വന്ന മുരുകന്‍ ചാരായം കുടിച്ചു എന്ന് കഥയിലൊരിടത്തും പറയുന്നില്ല ചിതല്‍.. അത് ചിതലിന്റെ വായനയില്‍ വന്ന പാളിച്ചയാണ്. ചായ വേണ്ട എന്ന് പറയുമ്പോള്‍ അവന്റെ സ്വഭാവമറിയുന്ന സുഭാഷിണി അവനോട് ചാരായമേ ചെല്ലുകയുള്ളോ എന്ന് ചോദിക്കുന്നു എന്നേയുള്ളൂ. അതിന് മറുപടിയായി ചീതമ്മ അങ്ങിനെ അവന്‍ ചെയ്യില്ല എന്ന രീതിയില്‍ പ്രതികരിക്കുന്നുമുണ്ട് ... (ആ ഭാഗം ഒരിക്കല്‍ കൂടെ വായിക്കൂ.. അപ്പോള്‍ ക്ലിയര്‍ ആകും)

നാലാമത്തേത് ഒരു കുഴഞ്ഞ ചോദ്യം തന്നെയാണ് ചിതല്‍.. :) കഥാകാരനും അത്ര നിശ്ചയമില്ലാത്ത ഒരു ചോദ്യം.. അതിനുത്തരം തരേണ്ടത് മരുമകളോ സുഭാഷിണിയോ മുരുകനോ ആണ്. പിന്നെ വേണമെങ്കില്‍ കഴിഞ്ഞ വിഷുവിന് മരുമകള്‍ പ്രസവിച്ചു കിടക്കുകയായിരുന്നു എന്നോ അല്ലെങ്കില്‍ ഭര്‍ത്താവിനോടൊപ്പം ആയിരുന്നു എന്നോ എന്തെങ്കിലും ഒക്കെ നമുക്ക് ന്യായവാദങ്ങള്‍ നിരത്താം.. കുറ്റാന്വേഷകന്മാര്‍ക്ക് മുന്‍പില്‍ കള്ളന്മാര്‍ക്ക് നിലനില്‍ക്കണ്ടേ :):)

വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി..

Manoraj പറഞ്ഞു... മറുപടി

വായിച്ച് അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.. കഥയില്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ടെന്ന് എനിക്ക് തന്നെ അറിയാം. ഒരു കഥയെന്നതിനേക്കാള്‍ ഒരു വിഷു പോസ്റ്റ് എന്ന നിലയില്‍ തട്ടിക്കൂട്ടിയതാണ് :) നിങ്ങളുടെയൊക്കെ തുറന്ന് പറച്ചിലുകളാണ് എഴുതുവാന്‍ ഇരിക്കുമ്പോള്‍ പലവട്ടം തിരുത്തിയെഴുതുവാനും പോസ്റ്റ് ചെയ്യും മുന്‍പ് ഒട്ടേറെ തവണ വായിച്ച് നോക്കുവാനും മറ്റുമുള്ള പ്രേരണ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടമായി എന്ന് അഭിപ്രായമറിയിച്ചവര്‍ക്കും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു..

ISMAIL K (ഒറ്റമൈന), .. അരൂപന്‍ .. , അംജത്‌ ,arungodan ,മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് : തേജസിലേക്ക് സ്വാഗതം.

@അംജത്‌ : തമിഴ് വലിയ പിടിപാടില്ല. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. (അറിയാവുന്നത് പോലെ). പിന്നെ എക്സറേ മെഷിന്റെ കഥ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം..

Pradeep Kumar പറഞ്ഞു... മറുപടി

വൈകിയാണ് വായിക്കുന്നത്.....

ലാളിത്യഭംഗിയുണ്ട് ഈ കഥക്ക്. പതിയെ കഥപരിസരത്തോടു ലയിപ്പിച്ച് മനസ്സിനെ ആര്‍ദ്രമാക്കുന്ന ഭാഷ.നന്നായിരിക്കുന്നു.

മനോരാജിന്റെ മറ്റു കഥകളുടെ നിലവാരത്തിലേക്ക് ഈ കഥ വന്നിട്ടില്ല എന്ന അഭിപ്രായമുണ്ട്. അതുപോലെ ചില ആശയക്കുഴപ്പങ്ങളില്‍ തട്ടി കഥയുടെ താളം നഷ്ടപ്പെടുന്ന പോലെയും തോന്നി.....

ചന്തു നായർ പറഞ്ഞു... മറുപടി

താമസിച്ച് പോയി...ക്ഷമ. കഥയുടെ ആശയം നന്നായി...മനോരാജിന്റെ,പലരുടേയും പോസ്റ്റുകളിലുമുള്ള അഭിപ്രായങ്ങൾ വച്ച് നോക്കുമ്പോൾ..ഇതിനേക്കാളും നന്നായി കഥ എഴുതാൻ കഴിയും എന്ന് ഈയുള്ളവൻ വിശ്വസിക്കുന്നൂ...തമിഴ് ഭാഷ വശമില്ലെങ്കിൽ അത് മലയാളത്തിൽ തന്നെ പറഞ്ഞാൽ പോരേ...പിന്നെ താങ്കൾ തന്നെ ഇതിൽ പോരായ്മകൾ ഉണ്ട് എന്ന് പറഞ്ഞ സ്ഥിതിക്ക് കൂടുതലായൊന്നും പറയുന്നില്ലാ..പിന്നെ അഭിപ്രായം റ്റ്ർഹുറന്ന് പറയാൻ തന്നെ എനിക്കിപ്പോൾ പേടിയാ..ബ്ലോഗെഴുത്തുകാർക്ക് "നല്ലത്" എന്ന് കേൾക്കാൻ മാത്രാമാണു ഇഷ്ടം..ഞാൻ മനോരാജിനെപ്പോലെയുള്ളവരുടെ രചനകൾക്ക് ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് ,അവരുടെ രചനകൾ ഇനിയും നന്നാവാൻ വേണ്ടിയാണു..ഇവരൊക്കെ എന്നെക്കാൾ കഴിവുള്ളവരുമാണു.വേഗത്തിൽ എഴുതിയത് കൊണ്ടാകാം ഇതിന്റെ താളവും നഷ്ടപ്പെട്ടിരിക്കുന്നൂ..എല്ലാഭാവുകങ്ങളും..തുറന്ന് പറയുന്നതിൽ ത്റ്റ് തോന്നുന്നുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക...

Manoraj പറഞ്ഞു... മറുപടി

@ചന്തു നായർ : വായനക്കും അഭിപ്രായത്തിനും നന്ദി. എന്റെ ബ്ലോഗില്‍ തുറന്ന് പറച്ചിലുകള്‍ ആവാം.. ആവാമെന്നല്ല അതേ ആകാവൂ.. മറിച്ച് ഒരു കമന്റ് എണ്ണം കൂട്ടിയേക്കാം എന്ന രീതിയില്‍ അഭിപ്രായം പറയുവാനാണെങ്കില്‍ അതിനോട് എനിക്ക് താല്പര്യമില്ല. താങ്കളുടെ നിര്‍ദേശങ്ങള്‍ അടുത്ത രചനയുടെ വേളയില്‍ ഉപകാരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഓരോ വട്ടം എഴുതുവാനിരിക്കുമ്പോഴും - പുതിയത് പോസ്റ്റ് ചെയ്യുന്ന വേളകളില്‍ എങ്കിലും - പഴയ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും സഞ്ചരിക്കുന്നത് ഒരു പതിവാണ്.

അനശ്വര പറഞ്ഞു... മറുപടി

വിഷു പോസ്റ്റ് ഒത്തിരി കഴിഞ്ഞാ വായിക്കുന്നത്..ചെറിയ മിനുക്ക് പണി ചെയ്ത് പുതുക്കി എഴുതിയാല്‍ ഒന്നാന്താരമാകാവുന്ന കഥ..good

Najeemudeen K.P പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

Manoraj പറഞ്ഞു... മറുപടി

@നജീമുദ്ദീന്‍ : പ്രിയ സുഹൃത്തേ, താങ്കള്‍ ഈ പോസ്റ്റിലിട്ട കമന്റിന്റെ തൊട്ടുമുകളിലായി ശ്രീ.ചന്തുനായര്‍ക്കുള്ള മറുപടിയായി ഞാന്‍ ഒരു കമന്റ് എഴുതിയത് താങ്കള്‍ വായിച്ചിരിക്കില്ല എന്ന വിശ്വാസത്തില്‍ ഒരിക്കല്‍ കൂടെ ഇവിടെ ചിലത് കുറിക്കട്ടെ. ദയവ് ചെയ്ത് ഒരു കമന്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുവാനായി ഇത്തരം പ്രഹസനങ്ങള്‍ ഈ ബ്ലോഗില്‍ കാട്ടരുത്. താങ്കളുടെ താങ്കളുടെ നോവല്‍ വായിച്ചുനോക്കുന്നത് പോയിട്ട് വാങ്ങി നോക്കുകപോലും ചെയ്യാതിരുന്ന പ്രസാധകനെക്കുറിച്ച് ഇത്രയേറെ വേവലാതികൊള്ളുന്ന താങ്കള്‍ ഞാന്‍ എഴുതിയ എന്റെ പോസ്റ്റിന്റെ മേലെ താങ്കളുടെ സങ്കടങ്ങളുടെ അച്ചുനിരത്തുക എന്ന ഒരു ഹീനകര്‍മ്മമേ നടത്തിയുള്ളൂ എന്നത് അറിയിക്കട്ടെ. താങ്കളുടെ കമന്റ് എനിക്ക് ഡിലീറ്റ് ചെയ്ത് മാറ്റാം. പക്ഷെ, അത് ചെയ്യുന്നില്ല. മറ്റൊന്നും കൊണ്ടല്ല. നാളെ മറ്റാരെങ്കിലും ഇത് കാണുന്നുവെങ്കില്‍ എന്റെ ബ്ലോഗിലെ ഒരു അഭിപ്രായം എന്നതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് എന്ത് എന്ന് അവര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ താങ്കളുടെ കമന്റും എന്റെ ഈ മറുപടി കമന്റും ഇവിടെ അവശേഷിക്കട്ടെ!!

മണ്ടൂസന്‍ പറഞ്ഞു... മറുപടി

ഞാനിതിനു മുൻപേ ആ ആസ്പത്രി വാർഡിന്റെ കഥയിലേക്ക് മാത്രമേ വന്നിട്ടുള്ളൂ ഇവിടേക്ക് എന്ന് തോന്നുന്നു. ആ കഥ വായിച്ചപ്പോൾ മനസ്സിലുണ്ടായ ആന്തലുകളുടെ അത്രയൊന്നും ഉണ്ടാവാതെ പോയി ഈ കഥയ്ക്ക്. കഥകളുടെ അന്തസ്സത്തയ്ക്കുള്ള വിത്യാസമായിരിക്കും കാരണം. എന്നാലും ഇതിലെ ആ മുരുകന്റേയും സുഭാഷിണിയുടേയും അറുമുഖന്റെ ഭാര്യയുടേയും ഒക്കെ സംഭാഷണങ്ങളെല്ലാം തന്നെ ഹൃദയ സ്പർശിയായി വിവരിച്ചിരിക്കുന്നു. ഒരു കഥ വളരെ നല്ലത് എന്ന് പറയാൻ അതിക്കൂടുതൽ എന്ത് വേണം. ? നന്നായിട്ടുണ്ട് ട്ടോ സ്നേഹക്കാഴ്ച. ആശംസകൾ.

lekshmi. lachu പറഞ്ഞു... മറുപടി

ഞാന്‍ ഇവിടെ എത്താന്‍ ഏറെ വൈകി.കഥ ഇഷ്ടായി .

എനിക്ക് അനുഭവപെട്ട ചെറിയ പൊരുത്തകേടുകള്‍

മനുവിന്റെ മറുപടി കമന്റില്‍ കണ്ടു.അതുകൊണ്ട് വീണ്ടും

ആവര്തിക്കുന്നില്ല്യ.മറ്റുകഥകളുടെ നിലവാരം പുലര്തിയില്ല്യ

എന്നൊരു തോന്നല്‍ ഉണ്ട്..

എന്നാലും ഇത്രയും എഴുതാന്‍ കഴിയുക എന്നതു

നിസ്സാരകാര്യം അല്ലല്ലോ ..ആശംസകള്‍ മനൂ..