തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

മഴവില്ല്

പുസ്തകം : മഴവില്ല്
രചയിതാവ്
: അമ്മിണി ടീച്ചര്‍

പ്രസാധകര്‍
: പായല്‍ ബുക്സ്, കണ്ണൂര്‍


പുല്ലിലും പൂവിലും ചൈതന്യമേകുന്ന വിശ്വൈകശില്പിയെ കൈതൊഴുതുകൊണ്ട് , നല്ല വചസ്സുകള്‍ ഓതുവാനെന്‍ നാവില്‍ നിന്‍ വിളയാട്ടം നടത്തണമേ എന്ന് ഹൃദയതൂലിക കൊണ്ട് കോറിയിട്ട 'ഈശ്വരപ്രാര്‍ത്ഥന'യിലൂടെയാണ് അമ്മിണി ടീച്ചര്‍ മഴവില്ല് എന്ന തന്റെ 65 ബാലസാഹിത്യ കവിതകള്‍ അടങ്ങിയ 64 പേജുള്ള പുസ്തകത്തിലേക്ക് വായനക്കാരനെ ആനയിക്കുന്നത്.


മഴവില്ല് എന്ന സമാഹാരത്തിലെ ആദ്യത്തേയും അവസാനത്തേയും കവിതകളിലൂടെ കടന്നുപോയപ്പോള്‍ - അതെഴുതിയത് ഒരു അദ്ധ്യാപികയാണെന്നത് കൂടെ കണക്കിലെടുക്കുമ്പോള്‍ - പെട്ടന്ന് മനസ്സില്‍ ഒരു വിദ്യാലയാങ്കണം കടന്നുവന്നു. രാവിലെ അസംബ്ലിക്കയി അച്ചടക്കത്തോടെ അണിനിരക്കുന്ന വിദ്യാര്‍ത്ഥികള്‍.. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ഈശ്വരപ്രാര്‍ത്ഥന!! വൈകീട്ട് അവസാനബെല്ലിന് മുന്‍പായി രാഷ്ട്രവന്ദനമെന്ന നിലയില്‍ മുഴങ്ങികേള്‍ക്കുന്ന ജനഗണമന; സമാനമായ രീതിയില്‍ മഴവില്ലിലെ അവസാന കവിതയും ഒരു രാഷ്ട്രവന്ദനമാണ്. 'പതാകഗാനം' എന്ന പേരില്‍ "ഉയരുക ഭാരത വര്‍ണ്ണ പതാകേ" എന്ന് തുടങ്ങി "ഈ വിരിമാറില്‍ ചേരു പതാകേ" എന്ന് ടീച്ചര്‍ അവസാനിപ്പിക്കുമ്പോള്‍ ഠിം.ടിം.ഠിം.ഡിം..ഡിം എന്ന മണിയൊച്ചയും കലപിലകൂട്ടി ക്ലാസ്സ്മുറികളില്‍ നിന്നും പുസ്തകക്കെട്ടുമായി വീട്ടിലേക്ക് കുതിക്കുന്ന കുട്ടികളെയും അവരെ വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന ഒരു ടീച്ചറുടെ ചിത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. തന്റെ പ്രൊഫഷനോടുള്ള അടങ്ങാത്ത സ്നേഹമാവാം ഒരു പക്ഷെ, മന:പൂര്‍‌വ്വമല്ലെങ്കില്‍ പോലും ഈ സമാഹാരത്തിന്റെ ആദ്യാവസാനത്തില്‍ ഒരു സ്കൂള്‍ ദിനം ഓര്‍മ്മപ്പെടുത്തും വിധം അണിയിച്ചൊരുക്കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞത് എന്ന് തോന്നി.


കൈയടക്കം കൊണ്ട് മനോഹരമായ കുറച്ച് നല്ല കവിതകള്‍ മഴവില്ലില്‍ കാണാന്‍ കഴിഞ്ഞു. വെറും ചൊല്ലുശീലുകളില്‍ നിന്നും വേറിട്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന വരികളും ഈ സമാഹാരത്തില്‍ ഉണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.


'മടി'യെന്ന കവിത നോക്കൂ.


കാറ്റിനു വീശാന്‍ മടി
കാറിന് പെയ്യാന്‍ മടി
കാടിനു പൂക്കാന്‍ മടി
കുയിലിന് കൂകാന്‍ മടി
........................
........................
കാലം പിഴച്ചു കലി
കാലം മുടിച്ചു കുലം
കാവില്‍ ഭഗവതിയ്ക്കും
ശ്രീകോവില്‍ പൂകാന്‍ മടി .... എന്ന് അവസാനിപ്പിക്കുമ്പോള്‍
, അതില്‍ ഇന്നത്തെ കലികാലാവസ്ഥയിലുള്ള കവിയത്രിയുടെ മനം‌മടുപ്പും അസ്വസ്ഥതയും നമുക്ക് ദര്‍ശിക്കാം.


അതുപോലെ തന്നെ 'ബന്ധനം' എന്ന കവിത


അങ്ങേതൊടിയിലെ ചക്കരമാവിലെ
വണ്ണാത്തിക്കിളി ചോദിച്ചു
കൂട്ടില്‍ കിടക്കുന്ന തത്തമ്മേയെന്നുടെ
കൂടെ കളിയ്ക്കുവാന്‍ പോരുന്നോ
-
.................................
................................
പാരായ പാരൊക്കെ പാറിപ്പറന്നീടാന്‍
മോഹമെനിക്കുണ്ട് പൈങ്കിളിയേ
പാരിലെ മര്‍ത്ത്യന്റെ ക്രൂരതയെന്നെയീ
പഞ്ചരമൊന്നില്‍ബന്ധിച്ചിരിപ്പൂ


ഏതൊരു കൊച്ചുകുട്ടിയുടെയും ഉള്ളില്‍ പാരതന്ത്ര്യത്തിന്റെ ദൈന്യത വ്യക്തമായി വരച്ചിടുവാന്‍ ഈ വരികളിലൂടെ ടീച്ചറിലെ കവയത്രിക്ക് കഴിയുന്നുണ്ട്.


'ജീവിയേത്?' എന്ന കവിതയിലൂടെ കാലുകളുടെ എണ്ണക്രമത്തില്‍ കുറേ ജീവികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ തന്നെ വലിയൊരു സത്യത്തിലേക്ക് കുഞ്ഞുങ്ങളുടെ - നമ്മുടെയും - മനസ്സിനെ പിടിച്ചടുപ്പിക്കുന്നതില്‍ ടീച്ചര്‍ വിജയിച്ചിട്ടുണ്ട്.


ഒറ്റക്കാലുള്ളൊരു ജീവിയേത്
ഒറ്റക്കാലുള്ളൊരു ജീവിയില്ല
രണ്ടു കാലുള്ളൊരു ജീവിയേത്
?
രണ്ടു കാലുള്ളൊരു ജീവികോഴി
..................................
..................................
എന്ന രീതിയില്‍ കുറേ ജീവികളെ പരിചയപ്പെടുത്തിയതിന് ശേഷം

കാലുകളെത്രയുണ്ടെന്നാകിലും
കാലനെ വെല്ലുവാനാരു പോരും
!

എന്ന ഒറ്റ ആശ്ചര്യചിഹ്നത്തിലൂടെ നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട് ടീച്ചര്‍.


ചൊല്ലാന്‍ ഇമ്പമുള്ള കുറച്ച് കുട്ടികവിതകളും ഈ സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്.


"കണ്ടു പഠിക്കേണം
കേട്ടു പഠിക്കേണം
ചൊല്ലി പഠിക്കേണം
കൂട്ടുകാരേ
കണ്ടതും കേട്ടതും
ചൊല്ലിനടന്നെന്നാല്‍
തല്ലേറെ കൊള്ളുമേ
കൂട്ടുകാരേ"
... എന്ന് 'കണ്ടതും കേട്ടതും' എന്ന കവിതയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ടീച്ചറുടെ വാത്സല്യത്തോടെ പറയുമ്പോള്‍ ഇമ്പത്തോടെ ചൊല്ലാന്‍ നല്ല സന്ദേശമുള്ള ഒരു കവിത കുട്ടികള്‍ക്ക് ലഭിക്കുന്നു.


തക്കിട വണ്ടി
തരികിട വണ്ടി
ടാറിട്ട റോഡിലൂ
-
ടോടുന്ന വണ്ടീ
പായുന്ന വണ്ടീ
ചീറുന്ന വണ്ടീ
കുഴിയുള്ള റോഡില്
മറിയല്ലേ വണ്ടീ
- എന്ന് ചൊല്ലുമ്പോള്‍ കിട്ടുന്ന താളം ഒരു നിമിഷം കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായി .


ആനചന്തം, പാവ, ഉച്ച, മറിയല്ലേ വണ്ടീ, കുട്ടനും കിട്ടുവും, കുടുക്ക, കുഞ്ഞേ വാ വാ, വന്നാട്ടെ നിന്നാട്ടെ, വട്ടം, വിത്തിലുണ്ടൊരു തയ്യ്, മഴവില്ല്, വാലുപിടിച്ചാല്‍, ഉത്സവമേളം, മഴമേളം തുടങ്ങിയ കവിതകള്‍ താളബോധം കൊണ്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നവയാണ്.


ഒന്നെന്നു ചൊല്ലണം
ഒന്നിച്ചു നില്കണം
ഒന്നിനെക്കാളും വലുതൊന്നില്ല
ഒന്നിനുമേലെയും
ഒന്നിനുതാഴെയും
ഒന്നുകള്‍ ചേര്‍ത്താലുമൊന്നുതന്നെ

ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സില്‍ കുഞ്ഞുണ്ണി മാഷിനെ ഓര്‍ത്തുപോയി
. 'ഒരു നല്ല കവിത' എന്ന പേരില്‍ "ഒരു നല്ല കവിതയാണെന്റെ കുഞ്ഞുണ്ണിമാഷ് / ഒരു വലിയ കവിതായാണെന്റെ കുഞ്ഞുണ്ണിമാഷ്" എന്ന് കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കവിയത്രി വിനയാന്വിതയാവുന്നത് കൂടെ കാണുമ്പോള്‍ , കുട്ടികളുടെ മനസ്സ് കീഴടക്കിയ ആ കുറിയ മനുഷ്യന് ഒരു കാണിക്ക കൂടെയായപ്പോള്‍, ഈ മഴവില്ലിന്റെ മനോഹാരിത കൂടിയത് പോലെ!!


6 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഒരാള്‍ എന്തേ വേണ്ടത്ര പരിഗണിക്കപ്പെട്ട് കണ്ടില്ല? എന്ന് അവതാരികയില്‍ കവി എസ്.രമേശന്‍ വ്യാകുലപ്പെട്ടതില്‍ ശരികേടില്ലെന്ന് കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ പായല്‍ ബുക്സ് അണിയിച്ചൊരുക്കിയ ഈ സമാഹാരത്തിന്റെ (വില : 40 രൂപ) വായനക്കൊടുവില്‍ വായനക്കാരനിലും തോന്നലുളവാക്കുന്നുണ്ട്.


2011ലെ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹയായ ശ്രീമതി അമ്മിണി ടീച്ചര്‍ക്ക് ഇനിയും അക്ഷരങ്ങളുടെ വിളനിലത്തില്‍ നിന്നും കവിതയുടെ വിത്തുകള്‍ മുളപ്പിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

25 comments:

കുഞ്ഞൂസ്(Kunjuss) പറഞ്ഞു... മറുപടി

അമ്മിണി ടീച്ചറെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി...

മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ്‌ ലഭിച്ചതിനു ടീച്ചര്‍ക്ക് ആശംസകള്‍ ...!

Echmukutty പറഞ്ഞു... മറുപടി

നന്നായി പരിചയപ്പെടുത്തി....ടീച്ചർക്ക് എല്ലാ ആശംസകളും നേരുന്നു......

ശ്രീ പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ നന്നായി മാഷേ

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

Thanks....

ചെമ്മരന്‍ പറഞ്ഞു... മറുപടി

അമ്മിണിടീച്ചർക്ക ആശംസകൾ!

Cv Thankappan പറഞ്ഞു... മറുപടി

കുറച്ചു കാലങ്ങളായി മലയാളത്തില്‍
ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത് അന്യ
ഭാഷകളില്‍ പ്രശസ്തരായ എഴുത്തുകാര്‍
എഴുതിയ കൃതികളുടെ മലയാളം
പരിഭാഷകളാണ്.കനത്ത പുസ്തകങ്ങള്‍ക്ക്കനത്തവിലയും. ലൈബ്രറികള്‍ക്ക് ഇക്കൊല്ലം കോര്‍പ്പറേഷന്‍(((( ഗവ.ഗ്രാന്‍റ് എന്നിവിടങ്ങളില്‍നിന്ന്
പുസ്തകം വാങ്ങുന്നതിനായി സഹായം
ലഭിച്ചു.അരലക്ഷത്തിലധികം വിലയ്ക്കുള്ള പുസ്തകങ്ങള്‍,.
അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്
ഇങ്ങനെയുള്ള പുസ്തകങ്ങളുമായുള്ള
പരിചയം പ്രയോജനപ്പെടുക.
പ്രശസ്തരും പ്രസിദ്ധരുമായ പ്രസാധകരും,പ്രസദ്ധീകരണങ്ങളും
ധാരളമുണ്ട്,പുസ്തകങ്ങളും.
പുസ്തകം തിരഞ്ഞടുക്കുന്ന വേളയില്‍
തീര്‍ച്ചയായും പരിചയപ്പെടുത്തിയ
പുസ്തകങ്ങള്‍ ഓര്‍മ്മവരും.നന്ദിയുണ്ട്.
ആശംസകള്‍

വേണുഗോപാല്‍ പറഞ്ഞു... മറുപടി

മഴവില്ല് പരിച്ചയപെടുത്തല്‍ നന്നായി ..
അവാര്‍ഡ്‌ ജേതാവ് അമ്മിണി ടീച്ചര്‍ക്ക് ആശംസകള്‍ ...
കുട്ടികള്‍ക്കായുള്ള ഇത്തരം എഴുത്തുകള്‍ സൈബര്‍ ഇടങ്ങളിലും ജന്മമേടുക്കണം.
വര്‍ഷിണി വിനോദിനിയുടെ ഇച്ചിരി കുട്ടിതരങ്ങള്‍ പോലെ ....

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു.

khaadu.. പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഏഴഴകും ഏടുത്തുകാണിക്കുന്ന
ഒരു മഴവില്ല് തന്നെയാണിത് കേട്ടൊ ഭായ്

കുട്ടികളിലെ വായന ശീലം വളർത്തുവാൻ അമ്മിണി ടീച്ചറെപോലുള്ളവർ തീർച്ചയായും ഉണ്ടായേ മതിയാകൂ..

പൈമ പറഞ്ഞു... മറുപടി

good post.......

Unknown പറഞ്ഞു... മറുപടി

കൊള്ളാം മച്ചൂ.... വായ്ച്ച് പകുതിയായപ്പോഴേക്കും കുട്ടിയായി മാറി

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു... മറുപടി

മഴവില്ലിനും ,ടീച്ചര്‍ക്കും ഒപ്പം തേജസ്സിനും ആശംസകള്‍

khader patteppadam പറഞ്ഞു... മറുപടി

കുട്ടികളുടെ മനസ്സില്‍ മഴവില്ല് വിരിയട്ടെ.

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തല്‍ നന്നായി മനോ ..

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ഇതിൽ പറഞ്ഞിരിക്കുന്ന ഈ കുറച്ചു വരികൾ വായിച്ചിട്ടുതന്നെ ഇഷ്ടമായി. കുട്ടികൾക്കു വാങ്ങി കൊടുക്കാം സമ്മാനമായി. പരിചയപ്പെടുത്തിയതു നന്നായി.

ajith പറഞ്ഞു... മറുപടി

ഇത് വളരെ നന്നായി ഈ പരിചയപ്പെടുത്തല്‍

Unknown പറഞ്ഞു... മറുപടി

പുസ്തകത്തിന്റെ പുറംചട്ട അതിസാധാരണമായ ഒരു കാഴ്ചയായിപ്പോയി, പക്ഷേ.

ജന്മസുകൃതം പറഞ്ഞു... മറുപടി

ടീച്ചർക്ക് എല്ലാ ആശംസകളും ..ഒപ്പം തേജസ്സിനും.

എന്‍.പി മുനീര്‍ പറഞ്ഞു... മറുപടി

പരിചയപ്പെടുത്തലിനു നന്ദി..ടീച്ചര്‍ക്ക് എല്ലാ ആശംസകളും നേരുന്നു

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

അമ്മിണിടീച്ചറേയും പുസ്തകത്തേയും പരിചയപ്പെടാനായതില്‍ സന്തോഷം. നന്ദി മനോ..

അനില്‍@ബ്ലോഗ് // anil പറഞ്ഞു... മറുപടി

നല്ല കുറിപ്പ്, മനോ.

Manoraj പറഞ്ഞു... മറുപടി

വായനയറിച്ച എല്ലാവര്‍ക്കും നന്ദി.

kanakkoor പറഞ്ഞു... മറുപടി

അമ്മിണി ടീച്ചര്‍ക്കും ടീച്ചറെ പരിചയപ്പെടുത്തിയ പ്രീയപ്പെട്ട ബ്ലോഗര്‍ക്കും നന്ദി.

മണ്ടൂസന്‍ പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി ട്ടോ. ആശംസകൾ.