തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2012

എവിടെപ്പോയ് മറഞ്ഞു ആ പഴയ ചങ്ങാതിമാര്‍

പണ്ട് പണ്ട് പണ്ട്...

ഒരിടത്തൊരിടത്തൊരിടത്ത്....

ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ഒരു മുത്തശ്ശിയുടെ രൂപമില്ലേ? ഏതെങ്കിലും മരച്ചുവട്ടിലോ വരാന്തയിലോ കുറേ കുട്ടികളെ വട്ടത്തിലിരുത്തി അവരുടെ കുഞ്ഞുഭാവനകളിലേക്ക് ആമയെയും മുയലിനെയും സിംഹത്തെയും ആനയെയും മന്ത്രവാദിയെയും രാജകുമാരിയെയും പറക്കും‌ പരവതാനിയെയും രാക്ഷസന്‍ കോട്ടയും എല്ലാം ഒറ്റ സ്നാപ്പില്‍ വിരിയിക്കുവാന്‍ കഴിവുള്ള ഒരു പഴയ മുത്തശ്ശി..

ഒരു കാലത്ത് ഈ മുത്തശ്ശിയുടെ കഥകളും, ബാലരമയിലേയും പൂമ്പാറ്റയിലേയും ബാലമംഗളത്തിലെയും ചിത്രകഥകളുമായിരുന്നു സ്കൂളുകളില്‍ കുട്ടികള്‍ക്കിടയിലെ സജീവ ചര്‍ച്ച. പ്രതിസന്ധിഘട്ടങ്ങളില്‍ നീണ്ടുവരുന്ന കപീഷിന്റെ വാല്‍, ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് മന്ത്രിക്കുമ്പോഴേക്കും രക്ഷകനായി അവതരിക്കുന്ന മായാവി, ലുട്ടാപ്പിക്ക് സംഭവിക്കുന്ന അമളികള്‍, ഡിങ്കന്റെ വീരസാഹസികതകള്‍.... ഇവയൊക്കെ കേട്ടും വായിച്ചും വിസ്മയിച്ചിരുന്ന ഒരു കാലത്തിന്റെ കുട്ടികള്‍..! ബന്ദിലയും പീലുവും സിഗാളും മൊട്ടുവും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ അടക്കിവാണിരുന്ന കുട്ടികളുടെ ലോകം..! അവിടെ ഫാന്റസിയുടെ നിറം പകരാന്‍ ആകെയുണ്ടായിരുന്നത് ഒരു സിന്‍ഡ്രല്ലയും ആലീസിന്റെ അത്ഭുതലോകവും മാത്രമായിരുന്നു. അല്പം കൂടെ വിശാലമാക്കിയാല്‍ ഒരു ഫാന്റത്തെയും മാന്‍ഡ്രേക്കിനെയും പിന്നീടെപ്പൊഴോ ടെലിവിഷന്‍ യുഗത്തിന്റെ ആവേശമായി കടന്നുവന്ന ഒരു ജയ്ന്റ് റോബോര്‍ട്ടിനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം

എന്റെയൊക്കെ ചെറുപ്പക്കാലത്ത് ഞാന്‍ ഏറ്റവുമധികം കേള്‍ക്കുവാന്‍ ആഗ്രഹിച്ചിരുന്ന കഥകളാണ് ഒലിവര്‍‌ട്വിസ്റ്റും ആലീസിന്റെ അത്ഭുതലോകവും. ഒലിവര്‍ മനസ്സില്‍ വല്ലാത്ത ഒരു നൊമ്പരമായിരുന്നെങ്കില്‍ ആലീസ് എന്നും അത്ഭുതമായിരുന്നു. അതുപോലെ തന്നെയായിരുന്നു കപീഷും പീലുവും സിഗാളും ഡിങ്കനും വിലസി നടന്ന കാടും... മായവിയും ലുട്ടാപ്പിയും കുട്ടൂസനും ഡാകിനിയും എല്ലാം നിറഞ്ഞ ലോകവും... ശിക്കാരിശംഭുവിന്റെയും പപ്പൂസിന്റെയും മണ്ടത്തരങ്ങളും.. പിന്നീട് കാലം ചിത്രകഥകളില്‍ നിന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കൈയടക്കിയപ്പോഴും നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ബോബനും മോളിയും വക്കീലും മൊട്ടയും പട്ടിയും ചേട്ടനും ചേട്ടത്തിയും ഉണ്ണിക്കുട്ടനും അപ്പിഹിപ്പിയും ഉപ്പായിമാപ്ലയും എല്ലാം ചേര്‍ന്ന് നിഷ്കളങ്കമാക്കി നിലനിര്‍ത്തി.

ഇന്ന് നമ്മുടെ കുട്ടികളോട് ആമയും മുയലും പന്തയം വെച്ച കഥ പറഞ്ഞാല്‍ അവര്‍ കളിയാക്കി ചിരിക്കും. കപീഷിന്റെ മാന്ത്രിക വാലോ മായാവിയുടെ തന്ത്രങ്ങളോ അവരെ ഒട്ടുംതന്നെ വിസ്മയിപ്പിക്കുന്നില്ല; എന്നതിനേക്കാള്‍ അവരില്‍ അത് യാതൊരു താല്പര്യവുമുണര്‍ത്തുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് അവരില്‍ ഏറിയ കൂറും ഇന്ന് കാര്‍ട്ടൂണ്‍ ചാനലുകളിലെ സൂപ്പര്‍ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ക്ലിക്കില്‍ വിരിയുന്ന കഥാപാത്രങ്ങള്‍ക്കും പിന്നാലെയാണ്. ഗുണദോഷ സമ്മിശ്രമാണ് ഇവയുടെ ഫലം. കുട്ടികളില്‍ വളരെ ചെറുപ്പത്തിലേ തന്നെ ഭാവനയുടെയും ഫാന്റസിയുടേയും അതിവിശാലമായ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുവാനും മാറി വരുന്ന ടെക്നോളജിക്കനുസരിച്ച് അവര്‍ നമുക്ക് മുന്‍പേ ചിന്തിക്കുവാനും തുടങ്ങും എന്നത് ഗുണവശമാണെങ്കില്‍ ചുറ്റുമുള്ള റിയാലിറ്റികള്‍ , ജീവിതത്തിന്റെ പച്ചയായ അനുഭവകാഴ്ചകള്‍ അവര്‍ അറിയുന്നില്ല, അതല്ലെങ്കില്‍ പണ്ടത്തെ കുട്ടികളില്‍ ഉണ്ടായിരുന്ന നൈര്‍മ്മല്യവും നിഷ്കളങ്കതയും അവരില്‍ നിന്നും നഷ്ടമാകുന്നു എന്നത് ദോഷവശമായും തോന്നി (തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. തീര്‍ച്ചയായും മറുവാദങ്ങള്‍ ഉണ്ടാകുമെന്ന് അറിയാം).

ഇപ്പോള്‍ ഇത് പറയുവാന്‍ ഒരു കാരണമുണ്ട്. വീട്ടിലെ നാലര വയസ്സുകാരന്‍ രാവിലെ ആറ് മണിയോടെ ഉറക്കമുണര്‍ന്ന് ഹീമാനില്‍ നിന്ന് തുടങ്ങുന്ന കൊച്ചുടിവി വിപ്ലവം കെ.ജി ക്ലാസ്സ് കഴിഞ്ഞ് വന്നതിന് ശേഷമുള്ള ചോട്ടാഭീമിലേക്കും പോഗോ , സി.എന്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കുകളിലെ ബെന്‍‌ടെനിലേക്കും സൂപ്പര്‍ മാനിലേക്കും സ്പൈഡര്‍മാനിലേക്കുമെല്ലാം നീളുന്നത് കാണുമ്പോള്‍... നടപ്പിലും എടുപ്പിലും പുസ്തകങ്ങളിലെ സ്റ്റിക്കറുകളിലും എന്തിനേറെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വരെ ബെന്‍‌ടെന്‍ ലോഗോയുള്ളത് മതിയെന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴുണ്ടായ അന്വേഷണമാണ് സമാനമായ അവസ്ഥ ഒട്ടേറെ വീടുകളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഇക്കൂട്ടത്തില്‍ കുട്ടികളെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത് ബെന്‍‌ടെന്‍ ആണെന്ന് തോന്നുന്നു. വസ്ത്രശാലകളിലെ കിഡ്സ് സെക്ഷനുകളിലെയും കളിപ്പാട്ടക്കടകളിലെയും ഭൂരിഭാഗം സ്ഥലവും ബെന്‍‌ടെന്‍ വിപ്ലവത്തില്‍ നിറഞ്ഞു കിടക്കുകയാണ്. സെയില്‍സ്‌മാന്‍ /ഗേള്‍സ് എല്ലാം ഒരു പരിധിവരെ ഈ വിപ്ലവത്തില്‍ വശംകെട്ടുതുടങ്ങിയെന്ന് പറയുമ്പോള്‍ അതിന്റെ കാഠിന്യം ഊഹിക്കാമല്ലോ! പെന്‍സിലും പേനയും റബ്ബറും എന്തിനേറെ, പരീക്ഷക്ക് വേണ്ടി വെച്ചെഴുതുവാന്‍ ഉപയോഗിക്കുന്ന കാര്‍ഡ് ബോര്‍ഡില്‍ വരെ ബെന്‍‌ടെനും സ്പൈഡര്‍മാനും സൂപ്പര്‍മാനും മറ്റും കുടിയേറി കഴിഞ്ഞു. വീടുകള്‍ കൊച്ചു ബെന്‍‌ടെനുമാരുടെ അരങ്ങാവുന്ന കാഴ്ച ഇന്ന് വിരളമല്ല. ബെന്‍‌ടെന്‍ വാച്ചുകളില്‍ നിന്നും കുട്ടികള്‍ അടിച്ച് പുറത്തേക്ക് തെറുപ്പിക്കുന്നത് വെറും സ്ട്രൈക്കറുകളല്ല , മറിച്ച് നമ്മള്‍ കാലാകാലമായി സൂക്ഷിച്ചിരുന്ന ചില പൈതൃകങ്ങളുടെ തായ്‌വേരല്ലേ എന്ന് സംശയം തോന്നുന്നു.

ഒരു പക്ഷെ, പഴയ കാലത്തെ പോലെ കഥപറയും മുത്തശ്ശിമാര്‍ അന്യം നിന്നതോ അതല്ലെങ്കില്‍ കുട്ടികള്‍ക്കായി കഥയുടെ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ നമ്മളാരും സമയം കണ്ടെത്താത്തതോ ആവാം ഈ ഒരു അവസ്ഥക്ക് മൂലഹേതു. വേറെയൊരു കാരണമായി പറയാവുന്നത് പണ്ടുണ്ടായിരുന്ന പോലെ ചുറ്റുവട്ടത്തെ കുട്ടികള്‍ക്കായി ഒത്തുകൂടുവാനുള്ള കുട്ടിക്കൂട്ടങ്ങള്‍ (പഴയ ബാലവേദികള്‍ / പരിഷത്തിന്റെയും മറ്റും കൂട്ടായ്മകള്‍ ) എന്നിവ നിലച്ചു പോയതും എല്ലാവരും തങ്ങളിലേക്ക് ഒതുങ്ങുക്കൂടുന്നതും ഒക്കെയാവാം.... വൃദ്ധസദനങ്ങളിലേക്ക് ചേക്കറപ്പെട്ട മുത്തശ്ശിമാരെ എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികെയെത്തിച്ചില്ലെങ്കില്‍, ഒരു കാലത്ത് നമ്മെ ആവേശം കൊള്ളിച്ചിരുന്ന പഴയ ചങ്ങാതി കൂട്ടങ്ങളെ തിരികെ പിടിച്ചില്ലെങ്കില്‍ , ശിക്കാരിശംഭുവും പപ്പൂസും ബോബനും മോളിയും തുടങ്ങി മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളുടെ നന്മയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ വീടുകള്‍ക്കകത്ത് പഴയ ഡി.പി..പി അദ്ധ്യാപകരുടെ അവസ്ഥയില്‍ അച്ഛനമ്മമാര്‍ ബെന്‍‌ടെനും സൂപ്പര്‍മാനുമൊക്കെയായി പരക്കം പായുന്ന കാഴ്ച അത്ര വിദൂരമായിരിക്കില്ല.



നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം. നാട്ടുപച്ചയിലെ പോസ്റ്റിലേക്ക് ഇതുവഴി പോകാം.

38 comments:

സുരേഷ് ബാബു വവ്വാക്കാവ് പറഞ്ഞു... മറുപടി

ശാന്തസുന്ദരമായ ഭാവന വന്യമായ ഭാവനയ്ക്ക് വഴിമാറുന്നു. വളഞ്ഞ നിര്‍ദ്ദോഷമായ അരികുകള്‍ ക്ര്യത്യതയാര്‍ന്ന ചതുരവടിവുകളിലേക്ക് മാറുന്നു.

കുഞ്ഞൂസ്(Kunjuss) പറഞ്ഞു... മറുപടി

മുത്തശ്ശിക്കഥകളിലൂടെ , (അതിനു മുത്തശ്ശി തന്നെ വേണമെന്നില്ല, അച്ഛനമ്മമാര്‍ക്കും മക്കളെ ചേര്‍ത്തു പിടിച്ചു കഥകള്‍ പറഞ്ഞു കൊടുക്കാം...) നന്മയുടെ , കാരുണ്യത്തിന്റെ , സ്നേഹത്തിന്റെയൊക്കെ വിത്തുകള്‍ കൂടിയാണ് കുഞ്ഞു മനസ്സുകളില്‍ പാകുന്നത്.
ടെക്നോളജി വേണം, പക്ഷേ വരും തലമുറ വെറും റോബോട്ടുകളായി മാറാതിരിക്കാന്‍ , കുറച്ചു പഴമ നമുക്കവര്‍ക്ക് നല്‍കാം...

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

കൊച്ചു കുഞ്ഞുങ്ങൾക്ക് ഇപ്പോൾ രണ്ട് രീതിയിലുള്ള പഠനമാണ്‍ നടപ്പിലുള്ളത്..
ഒന്ന് Traditional methods of teaching..
മറ്റൊന്ന് Montessory methods of teaching..
രണ്ടും കൈവശം ഉണ്ടെങ്കിലും ഞാന്‍ ആദ്യത്തേതിന്‍റെ പിന്നാലെ പോകുവാനുള്ളതിന്റെ പ്രധാന കാരണം ഈ കഥ പറച്ചിലുകളിലുള്ള സുഖം തന്നെ..
നമ്മള്‍ പഠിച്ച കളികളും പാട്ടുകളും കഥകളും കാര്യങ്ങളും അവർക്ക് പകർന്ന് കൊടുക്കുവാൻ തന്നെ..
മുത്തശ്ശി കഥകളുടെ ഈണവും താളവും അവരിൽ പരമാവധി എത്തിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്..
അത് അവരെ എത്രമാത്രം സ്വാധീനിയ്ക്കുന്നു എന്ന് മാതാപിതാക്കൾ കഥാപുസ്തകങ്ങളുടെ ഉറവിടം തേടി വരുന്നതിൽ നിന്ന് മനസ്സിലാക്കാം..

ഒരു കുഞ്ഞു കഥ പറയാൻ പത്ത് മിനിറ്റും മതിയാകും...അതിന്റെ സംശയ നിവാരണങ്ങൾക്ക് ഒരു മണിക്കൂറും...
എന്നാലെന്താ...
സുന്ദര സ്വപ്നങ്ങൾ കണ്ടുറങ്ങും കുഞ്ഞിന്റെ പുഞ്ചിരി കാണുമ്പോൾ മാതാപിതാക്കൾ ഹാപ്പി..
തലേ രാത്രിയിലെ കഥകൾ പിറ്റേന്ന് വള്ളിയും പുള്ളിയും കൂട്ടി പറയുന്ന കുഞ്ഞിന്റെ മുഖം കാണുമ്പോൾ ടീച്ചറും ഹാപ്പി..
നല്ല ദിനങ്ങളെ സമ്മാനിയ്ക്കാൻ കുഞ്ഞു കഥകൾ ധാരാളം..
നന്ദി മനോരാജ്...നല്ല പോസ്റ്റ്.

khaadu.. പറഞ്ഞു... മറുപടി

കാലം മാറുമ്പോള്‍ കോലവും മാറും എന്നത് സത്യം... കാലം കഴിയുമ്പോള്‍ ഇതും മാറും.. ഇന്നതെതെന്ന പോലെ അന്നും പലരും ഇതുപോലെ എഴുതുമായിരിക്കും... ഇന്നും പലരും എഴുതി കൊണ്ടിരിക്കുന്നു...

കാലം ഇനിയും ഉരുളും വിഷു വരും .. വര്‍ഷം വരും തിരുവോണം വരും ...
പിന്നെയോരോ തളിരിനും പൂവരും കൈവരും ...

അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം .

Pheonix പറഞ്ഞു... മറുപടി

കാലത്തിന്റെ ഈ പോക്ക് എങ്ങോട്ടാണെന്ന് ആലോചിച്ചാല്‍ വട്ടാകും.

ആചാര്യന്‍ പറഞ്ഞു... മറുപടി

വാസ്തവം തന്നെ

കുടുസ്സു മുറികളില്‍ ബാല്യം ഹോമിക്കപ്പെടുന്ന കുഞ്ഞിങ്ങള്‍ ....

ഫേസ്ബുക്കിലും ബ്ലോഗ്ഗിലും മറ്റും സമയം കളയുന്ന അച്ഛനമ്മമാര്‍ ...വൃദ്ധ സദനങ്ങളിലേക്ക് കുടിയേറിയ മുത്തച്ചന്‍ ,മുത്തശ്ശി ..ഈക്രായിരിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ..അവര്‍ക്ക് കൂട്ട് ബെന്‍ ടെന്നും...സ്പോന്ജ് ബോബും...അല്ലാതെ വേറെ ആരുണ്ട്‌?

Pradeep Kumar പറഞ്ഞു... മറുപടി

ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുട്ടികളെ എത്തിച്ചതിന്റെ ഉത്തരവാദിത്വം നമുക്കുതന്നെ. കഥ പറയാനോ അവരോട് ആശയവിനിമയം ചെയ്യുവാനോ മിനക്കെടാതെ തങ്ങളുടേതായ തിരക്കുകളിലേക്ക് മാതാപിതാക്കള്‍ പോവുമ്പോള്‍ സീരിയലുകളില്‍ നിറഞ്ഞാടുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ കൂട്ടുകെട്ടിലേക്കെങ്കിലും ഓടിയൊളിക്കാതെ അവര്‍ക്കു രക്ഷയില്ലാതാവുന്നു....

ശരിയാണ് മനോരാജ് - നമ്മുടെയൊക്കെ ലോകവീക്ഷണത്തെയും മനോഗതിയെയും രൂപപ്പെടുത്തിയ സൗഭാഗ്യങ്ങള്‍ പലതും ഇന്നത്തെ കുട്ടികള്‍ക്ക് അന്യംനിന്നു പോയിരിക്കുന്നു.....

സേതുലക്ഷ്മി പറഞ്ഞു... മറുപടി

കുട്ടികളേക്കാള്‍ അച്ഛനമ്മമാര്‍ തന്നെയാണ് തെറ്റുകാര്‍. കുഞ്ഞുങ്ങളെ നേരെ ടിവിയുടെ മുന്നിലേക്ക്‌ തള്ളിവിട്ടാല്‍ അവരുടെ ശല്യം ഒഴിയുമല്ലോ. എന്റെ അനുഭവത്തില്‍ ഇന്നും കുഞ്ഞുങ്ങള്‍ ചെറിയ കഥകള്‍ കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ തന്നെയാണ്.

Ismail Chemmad പറഞ്ഞു... മറുപടി

കാലം മാറി നമ്മുടെ സംസ്കാരത്തിന്റെ ചിന്ഹം തന്നെ മാറുന്നു. പുതിയ സാഹചര്യത്തില്‍ പലതും സാഹചര്യങ്ങള്‍ മൂലം നാം കൈവിട്ടു പ്പോയി..
എന്റെ ചെറുപ്പത്തില്‍, ഞങ്ങളുടെ വായനശാല എന്ന് പറയുന്നത് വിജയെടത്തിയുടെ വീട്ടിലെ പൂമുഖം ആയിരുന്നു. അയല്വക്കത്തെ കുട്ടികളെല്ലാം അവിടെ ഒത്തുകൂടിയാണ് കളിക്കാരുണ്ടായിരുന്നത്.
ബാലരമയും പൂമ്പാറ്റയും അടങ്ങിയ ബാല പ്രസിദ്ധീകരണങ്ങള്‍ അവിടെ സുലഭമായിരുന്നു..
പഴയ ആ അയല്‍വക്ക സൌഹൃദങ്ങള്‍ പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. എല്ലാവരും അവനിലേക്ക് തന്നെ ചുരുങ്ങുന്നു. ആര്‍ക്കും സമയമില്ല. മക്കള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കാന്‍ പോലും ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നല്ല ഒരു കുറിപ്പായിത് കേട്ടോ മനോരാജ്

ഈ പുത്തൻ പ്രവണതകൾ കുട്ടികളില്‍ വളരെ ചെറുപ്പത്തിലേ തന്നെ ഭാവനയുടെയും ഫാന്റസിയുടേയും അതിവിശാലമായ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുവാനും മാറി വരുന്ന ടെക്നോളജിക്കനുസരിച്ച് അവര്‍ നമുക്ക് മുന്‍പേ ചിന്തിക്കുവാനും തുടങ്ങും എന്നത് ഗുണവശമാണെങ്കില്‍ ...

ഇതിന്റെയെല്ലാം ഡ്രോബാക്ക്സ് ചുറ്റുമുള്ള റിയാലിറ്റികള്‍ , ജീവിതത്തിന്റെ പച്ചയായ അനുഭവകാഴ്ചകള്‍ അവര്‍ അറിയുന്നില്ല എന്നതുതന്നെ..!
അതല്ലെങ്കില്‍ പണ്ടത്തെ കുട്ടികളില്‍ ഉണ്ടായിരുന്ന നൈര്‍മ്മല്യവും നിഷ്കളങ്കതയും അവരില്‍ നിന്നും നഷ്ടമാകുന്നു എന്നതും പല മിത്ര കൂട്ടായ്മകളോ,അയല്വക്ക ബന്ധങ്ങളോ ഇല്ലാതെ സ്വന്തം ന്യൂക്ലിയസ്സിൽ മാത്രം ഒതുങ്ങി കൂടൂന്ന പ്രവണതയുമാണ് ഇന്ന് കണ്ട് വരുന്നത്...!

Elayoden പറഞ്ഞു... മറുപടി

"ജീവിതത്തിന്റെ പച്ചയായ അനുഭവകാഴ്ചകള്‍ അവര്‍ അറിയുന്നില്ല, അതല്ലെങ്കില്‍ പണ്ടത്തെ കുട്ടികളില്‍ ഉണ്ടായിരുന്ന നൈര്‍മ്മല്യവും നിഷ്കളങ്കതയും അവരില്‍ നിന്നും നഷ്ടമാകുന്നു എന്നത് ദോഷവശമായും തോന്നി "

ഇന്നത്തെ ബാല്യത്തിനു അതെല്ലാം നഷ്ടമായിരിക്കുന്നു. നല്ല ചിന്തകള്‍.

V P Gangadharan, Sydney പറഞ്ഞു... മറുപടി

പ്രപഞ്ചത്തിന്റെ അപാരമായ ഭൗതിക വികാസത്തിന്‌ ഭാഗധേയരാവാന്‍ അര്‍ഹത നേടിയെടുക്കുന്നവനാണ്‌ ഇന്നിന്റെ വിജയി. ഇന്നത്തെ 'വെല്ലുവിളി'ക്കു പകരം വെക്കാന്‍ ഇന്നലെയുടെ പ്രതലങ്ങളില്‍ 'ആശങ്ക'യായിരുന്നു സ്ഥായീഭാവം. മാതാപിതാക്കളുടെ ആശങ്ക തളം കെട്ടി നിന്നതും "അയ്യോ, എന്റെ മക്കളുടെ ഭാവി?" യില്‍ തന്നെ. അനുഭവം വെച്ച്‌ ഇതൊട്ടും കള്ളമെന്നു തോന്നുന്നില്ല. എന്നാല്‍, മക്കളുടെ ആശങ്ക പഴം കഥകള്‍ പറഞ്ഞു അമ്മൂമ്മ തീര്‍ക്കാന്‍ ശ്രമിച്ചു. പ്രേതകഥകളും കാട്ടാളന്‍ കഥകളും പറഞ്ഞ്‌ ഭീഷണിപ്പെടുത്തി അവരില്‍ അച്ചടക്കം കുത്തിച്ചെലുത്തുകയും ചെയ്തു. കുഞ്ഞിന്റെ കൊച്ചുലോകത്തിന്റെ വികാസം മന്ദീഭവിപ്പിക്കാന്‍ അറിയാതെ കാരണക്കാരായിത്തീരുകയും ചെയ്തു. അവര്‍ ജീവിക്കാനുള്ള ലോകത്തിന്‌ വര്‍ണ്ണം കലര്‍ത്തി മിഥ്യാരൂപം കാഴ്ചവെച്ചു. ദുരൂഹതയാല്‍ അവരെ ഭ്രമിപ്പിക്കുകയുമുണ്ടായി. നാമറിയാതെ നാം 'തെറ്റായ ശരി' ചെയ്തുവോ? അറിയില്ല.
ഇന്നും അതിന്റേതായ രീതിയില്‍ technology ക്ക്‌ ഒത്ത്‌ തെറ്റുകളും ശരികളും കലര്‍ന്നുകൊണ്ട്‌ കാര്യങ്ങള്‍ നീങ്ങുന്നു, വികാസത്തിന്‌ കൊഴുപ്പു നല്‍കിക്കൊണ്ടാണെന്ന്‌ വേണമെങ്കില്‍ പറയാം.
മനുഷ്യന്റെ ശാസ്ത്രീയമായ ചിന്തയും, അതോടൊത്ത്‌, ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധി ഉപയോഗിച്ചുള്ള നിയന്ത്രണവും നീക്കവും, പരിസ്ഥിതിയറിഞ്ഞുകൊണ്ട്‌, ഉണ്ടാവണം എന്നു തത്കാലം തീര്‍പ്പ്‌ കല്‍പ്പിക്കാം
കാലം മാറുമ്പോള്‍ അതിനൊത്ത്‌ നാമും മാറേണ്ടിവരുന്നു. നമ്മുടെ യാഥസ്ഥിതിക ചിന്തയ്ക്ക്‌ ക്രമീകരണം ആവശ്യമത്രെ. ആനന്ദത്തിന്‌ നമുക്ക്‌ പലവഴികളും അന്നന്നത്തെ അവസ്ഥാവിശേഷം അനുസരിച്ച്‌ ആസൂത്രണം ചെയ്യാവുന്നതാണ്‌. നിലതെറ്റി വഴുതി വീഴാതിരിക്കണം എന്നു മാത്രം. 'സന്തോഷ'ത്തിനെ നിര്‍വചിക്കാന്‍ ആര്‍ക്കാകും? ദൈവമേ!

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

സ്വന്തം പേരിനോടൊപ്പം ബെന്‍ടന്‍ എന്ന് കൂട്ടിപറയുന്നു എന്‍റെ ചെറിയ കുട്ടി. അവന്‍റെ ഹീറോ ഇതാണെങ്കില്‍ എന്‍റെ മനസ്സില്‍ ഇപ്പോഴും നിറയുന്നത് പൂച്ച പോലീസും മായാവിയും ഡിങ്കനുമൊക്കെ തന്നെ. വായനയുടെ ലോകത്തേക്ക് ഞാന്‍ പിച്ച വെച്ചത് ഇതൊക്കെ വായിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴും എന്‍റെ മനസ്സില്‍ ഹീറോകളായി അവരുണ്ട്. പക്ഷെ ഇവിടെ തുടങ്ങുന്നു നമുടെ കുട്ടികളുടെ പരാജയവും. മുത്തശ്ശി കഥകള്‍ അവര്‍ക്ക് കേള്‍ക്കാന്‍ കിട്ടുന്നില്ല. വൃദ്ധ സദനത്തില്‍ ഇരിക്കുന്ന അമ്മമാരെ അവരോര്‍ക്കില്ല. പിന്നെ പ്രവാസം എന്നെ വിളിപ്പേരില്‍ ഇവിടെ തളച്ചിടപ്പെടുന്ന ഞങ്ങളുടെ മക്കള്‍ക്ക് നഷ്ടാമാകുന്നതിനു ഒരു പരിധിവരെ ഉത്തരവാദി ഞങ്ങള്‍ തന്നെ. മലയാള പഠിപ്പിച്ചു , ബാലരമയും മലര്വാടിയും വാങ്ങി കൊടുത്ത് ഞങ്ങളുടെ കാലത്തേക്ക് ഒന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും ശ്രമിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. നല്ലൊരു വിഷയം അതര്‍ഹിക്കുന്ന ആഴത്തില്‍ അവതരിപ്പിച്ചുട്ടുണ്ട് മനോ ഇവിടെ. അഭിനന്ദനങ്ങള്‍

Cv Thankappan പറഞ്ഞു... മറുപടി

വായനയില്‍ അഭിരുചിയുള്ള കുട്ടികളെ
അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ധാരാളം രക്ഷകര്‍ത്താക്കളെ
എനിക്കറിയാം.'വായിച്ചു വളരുക' എന്നദൌത്യം നിര്‍വ്വഹിക്കുന്ന ഗ്രന്ഥശാലാപ്രസ്ഥാനത്തില്‍ പഴയകാലം
മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
എനിക്ക്കുറെയേറെഅനുഭവങ്ങളുണ്ട്. വായനയില്‍ നിന്നുള്ള നേട്ടങ്ങള്‍,.....
വിദ്യാഭ്യസപരമായും,വിജ്ഞാന പ്രദമായും.........
ലൈബ്രറിയില്‍ കുട്ടികള്‍ക്കുവേണ്ടി
എല്ലാവിധ ബാലസാഹിത്യകൃതികളും
ശേഖരിക്കുകയും, കുട്ടികളെ ചേര്‍ത്തി
അവര്‍ക്ക് പുസ്തകങ്ങള്‍ കൊടുത്ത്,
അവര്‍ വായനയില്‍ വളരെയേറെ
തല്പരരായിരിക്കുമ്പോഴാണ് ചില
രക്ഷിതാക്കളുടെ ഇടപ്പെടല്‍.
"പഠിക്കാന്‍ വേണ്ടത് ഉള്ളപ്പഴാ,
വായനശാല പുസ്തകം വായന..?"
അതോടെ കുറെപ്പേര്‍ വരാതായി.
പിന്നെ കുറെപ്പേര്‍ക്ക് കമ്പ്യൂട്ടര്‍
വാങ്ങികൊടുത്തുവെന്നറിഞ്ഞു.
ഭാഗ്യം ചെയ്തവര്‍ അല്ലെ?
വായന പഴഞ്ചനായി മാറി.
അതിന്‍റെ ഗുണങ്ങള്‍ ലഭിച്ചവര്‍
ഏറെയുണ്ട്‌.
അതൊക്കെയാണ് ഇന്നത്തെ സ്ഥിതി.
ഇന്നത്തെ സാഹചര്യത്തില്‍ താങ്കളുടെ ഈ ലേഖനത്തിന് പ്രസക്തിയേറുന്നു.


അഭിനന്ദനങ്ങള്‍
ആശംസകളോടെ

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

എന്തൊക്കെ കാണുമ്പോഴും അതെല്ലാം മനസ്സിലാക്കുമ്പോഴും അതിനനുസരിച്ച് ഒരു ജീവിത രീതി വാര്‍ത്തെടുക്കാന്‍ കഴിയാത്ത ഒരു തരം മനസ്സായിക്കൊണ്ടിരിക്കുന്നു മനുഷ്യന്റെത് എന്നെനിക്ക് തോന്നിത്തുടങ്ങുന്നു. കാരണം മനസ്സിനെ അത്രമേല്‍ സ്വാധീനം ചെലുത്തുന്നു മറ്റുപലതും ചുറ്റും നിന്ന് പല്ലിളിക്കുന്നു. അപ്പോള്‍ അത്തരം ചൊല്ലിക്കൊടുക്കലുകളെക്കാള്‍ പുതിയവ എത്തിപ്പിടിക്കാന്‍ ചാടുമ്പോള്‍ സമയത്തിലെ നീക്കുപോക്കുകള്‍ ആദ്യം ഒഴിവാക്കുന്നത് ഇത്തരം കാര്യങ്ങളെ ആണെന്ന് തോന്നുന്നു.

ajith പറഞ്ഞു... മറുപടി

ഒരുപക്ഷെ നമ്മുടെയെല്ലാം ബാല്യത്തില്‍ മുതിര്‍ന്നവര്‍ നമ്മളെ നോക്കി “ഹോ ഈ പിള്ളേര്‍ക്ക് എന്താണ് പറ്റിയത്, ഇവര്‍ ഞങ്ങളുടെ ബാല്യത്തിലെപ്പോലെയല്ലല്ലോ ചെയ്തുവരുന്നത്” എന്ന് പറഞ്ഞ് അയ്യോ കഷ്ടം വച്ചുകാണുമായിരിക്കാം. ആ മുതിര്‍ന്നവരുടെ ബാല്യകാലത്തില്‍ അവരുടെ കാരനവന്മാരും ഈ ഡയലോഗ് തന്നെ പറഞ്ഞിട്ടുണ്ടാവും. ഇന്ന് ബെന്‍ ടെന്‍ ചമഞ്ഞുനടക്കുന്ന ഈ കുട്ടന്മാര്‍ വളര്‍ന്ന് അവരുടെ കുഞ്ഞുങ്ങളെ നോക്കി തീര്‍ച്ചയായും ഈ ഡയലോഗ് ആവര്‍ത്തിക്കാതെയുമിരിക്കയില്ല. “നിങ്ങള്‍ കിലോമീറ്ററുകള്‍ നടന്ന് സ്കൂളില്‍ പോയി, ഞങ്ങള്‍ നടന്നു പോകണോ” എന്ന് അവര്‍ നമ്മോട് ചോദിക്കും! നിങ്ങള്‍ കാളവണ്ടിയില്‍ യാത്ര ചെയ്തു, ഞങ്ങള്‍ യാത്ര ചെയ്യണമോ എന്ന് അവര്‍ ചോദിക്കും. നമുക്ക ഉത്തരമില്ല. കാലമിനിയും ഉരുളും, ഓരോ തലമുറ കടന്നു വരും. നന്മ പകര്‍ന്ന് കൊടുക്കുക, പുതുമയെ ഉള്‍ക്കൊള്ളുക...അത്രയേയുള്ളു കരണീയം

വീകെ പറഞ്ഞു... മറുപടി

പഴയ മനസ്സുകൾ പഴയതിനെ ഏറ്റവും നല്ലതെന്നും പറഞ്ഞ് നെഞ്ചിലേറ്റുമ്പോൾ, പുതു തലമുറയെ അവരുടെ കാലഘട്ടത്തിലെ ജീവിതവുമായി സമന്വയപ്പെടുത്തുകയല്ലെ നല്ലത്.

Mohiyudheen MP പറഞ്ഞു... മറുപടി

ഗൃഹാതുരത്വം ഉണര്‍ത്തി ആദ്യ ഭാഗം... ഞാന്‍ ഈ കഥ പുസ്തകങ്ങള്‍ക്ക്‌ അഡിക്റ്റായിരുന്നു. പ്രായപൂര്‍ത്തിയായിട്ട്‌ പോലും അത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിച്ചിരുന്നു. ലേഖനം നന്നായി ഭായ്‌, ഒരു ഒാര്‍മ്മപ്പെടുത്തലായി ഇതിനെ കാണാം. ആരെങ്കിലും നന്നാവുന്നവരുണ്‌ടെങ്കില്‍ നന്നാവട്ടെ... ആശംസകള്‍

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

അസ്സലായി കുറിപ്പ്! കുട്ടികളും മുതിർന്നവരും ഒന്നും വായിക്കുന്നില്ല, ചതുരപ്പെട്ടിക്ക് മുമ്പിൽ മിഴിച്ചിരിക്കയാണ്!

Unknown പറഞ്ഞു... മറുപടി

നല്ല കുറിപ്പ്.
കുട്ടികള്‍ കാലത്തിനനുസരിച്ച് ചിന്തിക്കുന്നവര്‍ ആണ്. കുട്ടികളിലെ ആ ചിന്ത തുടങ്ങുന്നത് വീട്ടില്‍ നിന്നുമാണ്. മാതാപിതാക്കള്‍ ടി.വി സീരിയലിനു മുന്നില്‍ അഭയം പ്രാപിക്കുമ്പോള്‍ കുട്ടികള്‍ അവരുടെതായ ഒരു ലോകം തേടി പോകും. ബെന്ടെന്‍ മുതല്‍ അങ്ങോട്ട്‌ അവന്റ് എലോകം അവന്‍ സ്വപനം കാണുന്നത്, നമ്മളുടെ അഭാവം അവനു തോന്നുന്ന്നതിനാല്‍ ആണ്. കുട്ടികള്‍ക്കായി പഞ്ചതന്ത്രം കഥകളോ, കഥാ സരിത് സാഗരമോ പറഞ്ഞു കൊടുക്കാന്‍ നമുക്കവുന്നില്ല. അതിനു നമുക്ക് സമയമില്ല. മികച്ച ബാലസാഹിത്യ കൃതികള്‍ ഉള്ള നാടാണ് നമ്മുടെതു. അവന്‍ ഒരു പരീക്ഷ ജയിച്ചു വരുമ്പോള്‍, ഒരു ജന്മദിനത്തിനു അവനു ബെന്ടെന്‍ വാങ്ങി കൊടുക്കാതെ വായിക്കുവാനുള്ള പുസ്തകങ്ങള്‍ വാങ്ങി കൊടുത്തു നോക്കൂ. കളിപ്പാട്ടങ്ങള്‍ വേണ്ടാ എന്നല്ല, അതിനൊപ്പം പുസ്തകങ്ങളും അവനില്‍ സ്ഥാനം പിടിക്കട്ടെ. സിപ്പി പള്ളിപ്പുരത്തിനെ പോലെ മികച്ച ബാലസാഹിത്യകാരന്‍മ്മാര്‍ ഉള്ള നമ്മുടെ നാട്ടില്‍ ഒരു ബാലസാഹിത്യകൃതി നമ്മുടെ കുട്ടികള്‍ക്കായി വാങ്ങിച്ചു കൊടുക്കാന്‍ അവനു കഥകള്‍ പറഞ്ഞു കൊടുക്കാന്‍ നമുക്ക് സമയമില്ലെങ്കില്‍ വാനിജ്യവത്കരിക്കപ്പെട്ട ഒരു ലോകത്തില്‍ വെറും സ്മാരകമായി ജീഎവിതം ജീവിച്ചു തീര്‍ക്കുന്ന ഒരു തലമുറയെ നമുക്ക് കാണേണ്ടി വരും.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

പുതിയ ലോകം ഇങ്ങനെയൊക്കെയാണ്.
നമുക്ക്‌ ചെയ്യാവുന്നത് അവരില്‍ നിന്നും സല്‍സ്വഭാവം എങ്കിലും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ്

പൈമ പറഞ്ഞു... മറുപടി

നമ്മളിൽ നിന്നും നഷ്ട്ടപ്പെടുന്ന പൈത്രുകത്തെ..നമ്മൾ അറിയുന്നില്ല..കാലത്തിനൊപ്പം കോലം കെട്ട്ണമെന്ന അപ്തവാക്യത്തീൽ വിശ്വസിക്കുന്നു...തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ചിലരെ നമ്മൾ ജാംബവാൻ എന്നു പറഞ്ഞു അവഹേളിക്കുന്നു...

ചിതല്‍/chithal പറഞ്ഞു... മറുപടി

എനിക്കു് പറയാനുള്ളതു് മറ്റൊന്നാണു്. മുത്തശ്ശിമാർ അധികം ഇന്നത്തെ അണുകുടുംബങ്ങളുടെ കൂടെ താമസിക്കാറില്ല. അച്ഛനമ്മമാർക്കു് ആഗ്രഹമുണ്ടെങ്കിലും കഥകൾ പറഞ്ഞുകൊടുക്കാൻ സാധിക്കാറില്ല. സമയക്കുറവോ മറ്റോ ആകാം കാരണം.

ഈ അവസരത്തിൽ കുട്ടികളെ ഭാവനയുടെ ലോകത്തേക്കു് കൂട്ടിക്കൊണ്ടുപോകേണ്ടതു് അദ്ധ്യാപകരാണു്. എന്റെ അഭിപ്രായത്തിൽ നന്നായി കഥപറയുന്ന ഒരാൾക്കേ നല്ല അദ്ധ്യാപകനാവാൻ കഴിയൂ.

മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഏതൊരു സംഗതിയും ലളിതമായി അവതരിപ്പിക്കുന്നതിനു് analogy എന്നൊരു സങ്കേതം ഉപയോഗിക്കാറുണ്ടു്. മിക്കവാറും കഥകളാവും ഇത്തരത്തിൽ ബിംബപ്രതിബിംബങ്ങളായി പ്രത്യക്ഷപ്പെടുക. ഒരു കഥ ഓർമ്മിച്ചാൽ മതി, ബുദ്ധിമുട്ടുള്ള ആ concept ഓർമ്മിക്കാൻ. കുട്ടികളിലെ ജിജ്ഞാസ ഉണർത്താനും അവരെ ചിന്തിപ്പിക്കാനും ഒരു ചെറിയ കഥക്കായേക്കും.

ജാനകി.... പറഞ്ഞു... മറുപടി

മനോ....,
ഒന്നു ചികഞ്ഞു നോക്കിയാൽ എല്ലാവരും നഷ്ടങ്ങളുടെ കാരണക്കാർ തന്നെ...
സമയം- അതാണിവിടെ ജീവിതത്തിന്റെ നിയന്ത്രണച്ചരട് വലിച്ച് നമ്മളെ പാവകളാക്കുന്നത്..
സമയം ഒന്നിനും തികയുന്നില്ല...തികയുന്ന സമയങ്ങളിൽ തന്നിലേയ്ക്ക് തന്നെ ഒതുങ്ങാനുള്ള താല്പര്യം..
ഒന്നിനും ആരും ആരേയും കുറ്റപ്പെടുത്താൻ പാടില്ലെന്നു തോന്നുന്നു ഇക്കാലത്ത്..
ലേഖനം നന്നായി

ശ്രീ പറഞ്ഞു... മറുപടി

പോസ്റ്റ് നന്നായി മാഷേ.

പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കുട്ടികളുടെ ആസ്വാദന ശേഷിയും മാറുന്നു എന്നല്ലേയുള്ളൂ.

പണ്ട് നമ്മളൊക്കെ കുട്ടികളായിരുന്നപ്പോള്‍ ഇതേ പോലെ കാര്‍ട്ടൂണ്‍ ചാനലുകളുണ്ടായിരുന്നില്ലല്ലോ (ടിവി തന്നെ വിരളം). അതേ പോലെ കൂട്ടുകുടുംബങ്ങള്‍ ഇന്ന് വളരെ കുറഞ്ഞുകഴിഞ്ഞില്ലേ? കഥ പറഞ്ഞു കൊടുക്കാന്‍ മുത്തശ്ശിമാരെവിടെ? അതേ പോലെ നാട്ടിന്‍പുറവും അവിടുത്തെ കൂട്ടുകാരുമെവിടെ?

അപ്പോള്‍ ഇത്തരം മാറ്റങ്ങള്‍ സ്വാഭാവികം!

വേണുഗോപാല്‍ പറഞ്ഞു... മറുപടി

മുത്തശ്ശി കഥകള്‍ അന്യം നിന്ന ഇന്നത്തെ തലമുറ. അതിന്റെ അഭാവം നാം അവരുടെ വളര്‍ച്ചയിലും വീക്ഷണത്തിലും ദര്‍ശിക്കുന്നു. മൂല്യങ്ങള്‍ ജീവിതത്തില്‍ എത്ര വലുതെന്നു ഉരിയാടി കൊടുക്കാന്‍ മുത്തശ്ശി വേണ്ട.. മാത പിതാക്കള്‍ക്ക് പോലും സമയം ഇല്ലാതാവുമ്പോള്‍ പുതു തലമുറ വഴി തെറ്റി വളരുന്നതില്‍ നാം അവരെ പഴിക്കുന്നതെങ്ങിനെ?

നന്നായി പറഞ്ഞ ലേഖനം

മണ്ടൂസന്‍ പറഞ്ഞു... മറുപടി

മുത്തശ്ശിയുടെ കഥകളും, ബാലരമയിലേയും പൂമ്പാറ്റയിലേയും ബാലമംഗളത്തിലെയും ചിത്രകഥകളുമായിരുന്നു സ്കൂളുകളില്‍ കുട്ടികള്‍ക്കിടയിലെ സജീവ ചര്‍ച്ച. പ്രതിസന്ധിഘട്ടങ്ങളില്‍ നീണ്ടുവരുന്ന കപീഷിന്റെ വാല്‍, ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് മന്ത്രിക്കുമ്പോഴേക്കും രക്ഷകനായി അവതരിക്കുന്ന മായാവി, ലുട്ടാപ്പിക്ക് സംഭവിക്കുന്ന അമളികള്‍, ഡിങ്കന്റെ വീരസാഹസികതകള്‍.... ഇവയൊക്കെ കേട്ടും വായിച്ചും വിസ്മയിച്ചിരുന്ന ഒരു കാലത്തിന്റെ കുട്ടികള്‍..!

എല്ലാം ഓർമ്മകളുടെ മണിച്ചെപ്പിൽ പൂഴ്ത്തിവച്ച് നാം ടെക്നോളജിയുടെ പുറകേ പായുകയല്ലേ ? നല്ലത്, ഓർമ്മകളിലേക്ക് എന്നെ എടുത്തെറിഞ്ഞ എഴുത്ത്. ആശംസകൾ.

Harinath പറഞ്ഞു... മറുപടി

കഥകളുടെ കഥയാണെങ്കിലും കാര്യമുണ്ട്. തൽക്കാലം പരിഹാരമൊന്നും കണ്ടെത്താനാവുന്നില്ലല്ലോ.

Artof Wave പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു ആശംസകള്‍

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

വളരെ നല്ല പോസ്റ്റ്.. ബെന്‍ടന്‍റേയും ബാര്‍ബിയുടേയും സ്വപ്നലോകത്ത് ജീവിക്കുന്ന കുട്ടികള്‍......,,ഒന്നോര്‍ത്താല്‍ പ്രതിക്കൂട്ടില്‍ മാതാപിതാക്കളടങ്ങുന്ന മുതിര്‍ന്നവരാണ്‍..,നമ്മുടെ കൈവിരലുകള്‍ക്കിടയിലൂടെയാണ്‍ കുഞ്ഞുങ്ങള്‍ ലോകത്തെ വീക്ഷിക്കുന്നത്,നാം കൈ നീട്ടുന്നത് ശരിയായ ദിശയിലേക്കെങ്കില്‍ അവര്‍ കാണുന്ന, കണ്ടുപഠിക്കുന്ന ലോകത്തെ ഒരു പരിധിവരെ നമുക്ക് സ്വാധീനിക്കാം.

mentor പറഞ്ഞു... മറുപടി

രവിലെ 9 മുതൽ രാത്രി 9 വരെ കാർട്ടൂൺ കാണിച്‌ ,പുറതു വിടാന്തെ ഇരുതുന്നതിന അർക്ക്‌ ആരെ കുറ്റം പറയാൻ ക്ഴിയും.............. എല്ലാവർക്കും അറിയാമല്ലോ ഈ കലത് ജീവിചു പൊവാനുള ബുധിമുട്ട്...........വെറെ നിവർതിയിലല്ല

Satheesan OP പറഞ്ഞു... മറുപടി

ചിന്തനീയം ..നന്നായി പറഞ്ഞു ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

marunna kalathe kurichulla aakulathakal..... namukku nallathu pratheekshikkaaam........ blogil puthiya postukal.... PRITHVIRAJINE PRANAYICHA PENKUTTY...., EE ADUTHA KAALATHU.... vayikkane.......

അനശ്വര പറഞ്ഞു... മറുപടി

മുത്തശ്ശീക്കഥകള്‍ ബാലരമ, പൂമ്പാറ്റ, തത്തമ്മ, ബാലമംഗളം ...ഇവയൊക്കെ ഏറ്റെടുത്തപ്പോള്‍ പഴയമുത്തശ്ശിമാര്‍ മൗനികളായി...
ഇന്ന്, മായാവി, ലുട്ടാപി,ഡിങ്കന്‍, കപീഷ് ഒക്കെ സ്പൈഡര്‍മാന്‍, ഹീമാന്‍,ഡോറ, ബുജി, ട്റേസി, മായക്കണ്ണന്‍, മാജിക് ടൈഗര്‍..എന്നിവയിലേക്ക് വഴിമാറുന്നു...
ഇനി, നാളേ..? കാത്തിരിക്കാം...ഇതിലൊക്കെ അത്രയേ ഉള്ളൂന്നെ,,,കാലം മാറുമ്പൊ മാറാന്‍ കഴിയാതായി നില്‍ക്കുന്നതില്‍ എന്തര്‍ത്ഥം? പണ്ടും കൂട്ടുകാരിയുമായി വീട്ടില്‍ വന്ന കോളേജ് കുമാരി 'ഇവര്‍ ഇവിടത്തെ ജോലിക്കാരി' എന്ന് അമ്മയെ പരിചയപ്പെടുത്തുന്ന ഒരു ബ്ലക്ക് ആന്റ് വയിറ്റ് സിനിമ കണ്ടിട്ടുണ്ട്. അത്തരക്കാരാ ഇന്നും വൃദ്ധമാതാപിതാക്കളെ നോക്കാത്തതും..പണ്ട് അവര്‍ അലഞ്ഞു തിരിയേണ്ടി വന്നെങ്കില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ അവര്‍ക്ക് തണലേകുന്നു..
മനുഷ്യത്വവും സ്നേഹവും നിറഞ്ഞു നില്‍ക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

വളരെ നല്ല ചിന്ത, മനോരാജ്.

ഈ കഴിഞ്ഞ ദിവസം ഞാനും കൂട്ടുകാരിയും കൂടി ഒരു കടയിൽ പോയപ്പോൾ ഒരു കുട്ടിയെ(മൂന്നോ നാലോ വയസ്സ് വരും)അവിടെ ഇരുത്തിയിട്ട് അവന്റെ അഛൻ എന്തോ വാങ്ങാൻ പോയി. അവനോട് പേരു ചോദിച്ചപ്പോൾ അവൻ പറഞ്ഞു, അയേൺമാൻ (അങ്ങിനെയൊരു കഥാപാത്രമുണ്ടോ ടിവിയിൽ?). അവന്റെ അഛൻ വന്നപ്പോൾ ഇതു പറഞ്ഞപ്പോൾ പറഞ്ഞു,അവൻ ചിലപ്പോൾ ചോട്ടാ ഭീം ആകും, ചിലപ്പോൾ സ്പൈഡർമാനും ആവും എന്നു്.

Unknown പറഞ്ഞു... മറുപടി

ആദ്യമായി ബാലരമ വാങ്ങി തന്നപ്പോള്‍ തോനിയ സന്തോഷം എന്ത് കൊണ്ടോ പിന്നെ ഒരു പുസ്തകം വാങ്ങിയപ്പോള്‍ കിട്ടിയില്ല ,

പണ്ട് ഞാരഴ്ചകള്‍ ഫാന്റ്ടാതെ കാത്തിരിക്കുമായിരുന്നു ,

കഴിഞ്ഞ വര്ഷം ബെന്‍ ടെനിനെ കുറിച്ച് ഉള്ള കുട്ടികളുടെ ചര്‍ച്ചയ്ക്ക ഇടയില്‍ ആരാ ഈ ബെന്‍ എന്ന് ചോദിച്ചപ്പോള്‍ അവരിലെ ചിരിയും എന്റെ വളിച്ച ചിരിയും ഇന്നും അത് ഓര്‍ക്കുമ്പോള്‍ ജാള്യത തോന്നും ....നന്നായി മനോരാജ്

പഴയ കാലത്തെ ഒരിക്കല്‍ കൂടി ഓര്‍ത്തു പോയി ,നന്ദി

Manoraj പറഞ്ഞു... മറുപടി

വളരെ നല്ല രീതിയില്‍ ഇവിടെ ഈ വിഷയം ചര്‍ച്ച ചെയ്ത എല്ലാവര്‍ക്കും നന്ദി.

എന്റേതിന് സമാനമായതും അല്ലാത്തതുമായ ഒട്ടേറെ ചിന്തകള്‍ കാണാന്‍ കഴിഞ്ഞു. ഇതേ പ്രശ്നം ഫെയ്സ് ചെയ്യുന്നവര്‍ വേറെയും ഉണ്ടെന്നത് തന്നെ വിഷയത്തിന്റെ പ്രസക്തിയേറ്റുന്നു എന്ന് തോന്നുന്നു. ഇവിടെ എഴുത്തുകാരി ചേച്ചി പറഞ്ഞത് പോലെ പേരു ചോദിച്ചാല്‍ അയേണ്‍മാന്‍ എന്നും (അങ്ങിനെ ഒരു കഥാപാത്രം ഉണ്ട് ചേച്ചി) ബെന്‍ ടെന്‍ എന്നും ജാക്കിചാന്‍ എന്നും (സീരിയലിന്റെ അവസാനം കാട്ടാറുണ്ടെങ്കില്‍ പോലും ഒര്‍ജിനലിനെ അവര്‍ക്ക് അറിയില്ലെന്നത് രസകരമായ വസ്തുത)ഒക്കെ പറയുന്ന ഒട്ടേറെ കുട്ടികള്‍ ഉണ്ട്. അച്ഛാ നമ്മുടെ വീടിന്റെ പേരു ബെന്‍‌ടെന്‍ വീടെന്നാട്ടോ എന്ന് പറഞ്ഞുകൊണ്ട് മകന്‍ തോളില്‍ തൂങ്ങിയപ്പോള്‍ , ഇപ്പോഴുള്ള വീട് പൂര്‍ത്തിയാക്കുവാന്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച എന്റെ അച്ഛനോട് ഇന്നേവരെ വീടിനൊരു പേരു എന്ന ആശയം ഞാന്‍ പോലും സൂചിപ്പിച്ചിരുന്നില്ലല്ലോ എന്ന് ഒരു നിമിഷം ഓര്‍ത്തുപോയി. അങ്ങിനെ സൂചിപ്പിക്കുമായിരുന്നെങ്കില്‍ തന്നെ ഒരു പക്ഷെ അതെന്റെ പേരു ചേര്‍ത്ത് എന്തെങ്കിലുമൊന്നല്ലേ സൃഷ്ടിക്കുമായിരുന്നുള്ളൂ എന്നും ഓര്‍ത്തപ്പോള്‍ കുട്ടികളില്‍ ഉണ്ടായിട്ടുള്ള പ്രകടമായ മാറ്റം ചിന്തിച്ച് കുറച്ച് സമയം വെറുതെ ഇരുന്നു എന്നതാണ് സത്യം!

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

നല്ലൊരു ചര്‍ച്ചയായിരുന്നു.

വൈകി വന്നതില്‍ ഖേദം :(