കളവ് എന്നത് ചിലര്‍ക്ക് ഒരു ഹോബിയാണ്. ചിലര്‍ അത് ജീവിക്കുവാനുള്ള ഉപാധിയാക്കുന്നു. മറ്റു ചിലരില്‍ അത് അവര്‍ പോലുമറിയാത്ത മാനസീക വൈകല്യത്തിന്റെ പ്രതിഫലനമാണ്. ഇത്തരത്തിലുള്ളവര്‍ ചിലപ്പോള്‍ പിടിക്കപ്പെടുന്ന സാഹചര്യവും മറ്റും ചേര്‍ത്ത് ജീവിതകാലം മുഴുവന്‍ കള്ളനെന്ന പേരില്‍ അറിയപ്പെടേണ്ടിവരുന്നു. ഒട്ടേറെ കുട്ടിക്കള്ളന്മാരെ പറ്റി ഇന്ന് നമ്മള് വാര്‍ത്തകളിലൂടെയും മറ്റും അറിയുന്നു. പക്ഷെ ഇവര്‍ എങ്ങിനെ കള്ളന്മാരായി എന്നോ അല്ലെങ്കില്‍ ഇവരുടെ ഒക്കെ ഭാവിയെന്തെന്നോ ആരും ചികഞ്ഞിട്ടില്ല. എനിക്ക് നേരില്‍ അറിയാവുന്ന ഒരു സംഭവം പറയാം.
ഒരു സുഹൃത്തിന്റെ വീട്ടില്‍ അടുത്തിടെ തുടര്‍ച്ചയായി വളരെ വ്യത്യസ്തമായ ചില കളവുകള്‍ നടക്കുകയുണ്ടായി. കളവ് എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല. കാരണം , കളവ് നടത്തുന്ന ആള് തന്നെ ആരുമറിയാതെ തൊണ്ടിമുതല്‍ ഒരു ദിവസത്തിനകം വീട്ടുവളപ്പില്‍ തിരികെ എത്തിക്കും!!. സുഹൃത്തിന്റെ വീട്ടില്‍ അവനെകൂടാതെ അച്ഛന് , അമ്മ, സഹോദരി എന്നിവരാണ് ഉള്ളത്. വീട്ടില്‍ നിന്നും തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും!! ഇതില്‍ ഏറ്റവും അത്ഭുതകരമായ വസ്തുതയെന്തെന്നാല്‍ കള്ളന് ഒരു ദിവസത്തില്‍ കൂടുതല്‍ ഈ കളവ് മുതല്‍ കൈവശം സൂക്ഷിക്കില്ല എന്നതാണ്.
അടിവസ്ത്രങ്ങള്‍ അലക്കിയുണക്കാന്‍ ഇട്ടാല്‍ അവ കാണാതാകുന്നു. പിറ്റേന്നോ അന്ന് വൈകീട്ടോ തന്നെ അവ പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്നോ പുരയിടത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നോ കണ്ടുകിട്ടുകയും ചെയ്തു. ആദ്യം രണ്ടുമൂന്ന് ദിവസമൊന്നും ആര്‍ക്കും ഒന്നും മനസ്സിലായില്ല. കാക്കയോ മറ്റോ ചെയ്തതാവും എന്നേ ആദ്യമൊക്കെ സ്ത്രീകള്‍ കരുതിയുള്ളൂ.. അമ്മയോ സഹോദരിയോ ഈ വിവരം നാണക്കേട് കൊണ്ടാവാം മറ്റാരെയും അറിയിച്ചുമില്ല. കള്ളനാണെങ്കിലും വളരെയധികം ബുദ്ധിപൂര്‍വ്വം തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്. രണ്ട് ദിവസത്തെ മോഷണത്തിന് ശേഷം പിന്നീട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഈ സംഭവം വിട്ടുകളയുകയും ചെയ്തു. പക്ഷെ, വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ നേരത്തെ സംഭവിച്ചത് പോലെ വസ്ത്രങ്ങള്‍ നഷ്ടപ്പെടുവാനും അന്ന് വൈകുന്നേരമോ അടുത്ത ദിവസമോ ഒക്കെയായി പഴയത് പോലെ അവ തിരികെ കിട്ടുകയും ചെയ്തു. അതോടുകൂടി സ്ത്രീകള്‍ കൂടുതല്‍ ജാഗരൂകരായി.. അവര്‍ വസ്ത്രങ്ങള്‍ അലക്കിയിടുന്നത് വളരെയധികം ശ്രദ്ധിച്ചായി. അടുത്തുള്ള ചില വീടുകളിലും ഇതേ പോലുള്ള കളവ് നടന്നു എന്ന് അറിയുന്നത് അപ്പോഴായിരുന്നു.. മോഷണങ്ങള്‍ക്കിടയിലെ ഒരാഴ്ചയുടെ ഗ്യാപ്പുകള്‍ ഇതുപോലെ ഒട്ടുമിക്ക വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു എന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്ത്രീകളാരും അടിവസ്ത്രങ്ങള്‍ വീടിനു പുറത്ത് അലക്കിയിടുന്നത് ഒഴിവാക്കി. അതോടെ കള്ളന്റെ അവസ്ഥ പരിതാപകരമായി. മോഷ്ടിക്കുവാന്‍ 'വസ്തു' കിട്ടാതെ വന്നപ്പോള്‍ കള്ളന് മുന്‍പ് കൈവശപ്പെടുത്തിയ മോഷണമുതല്‍ തിരികെ കൊടുക്കുന്ന വിശാലമനസ്കത അവസാനിപ്പിച്ചു.
ആരായിരിക്കും കള്ളന്? എല്ലാവരും തലപുകയ്കാന്‍ തുടങ്ങി. ഒരു രൂപവും കിട്ടുന്നില്ല. അപ്പോഴാണ് മറ്റൊരു കാര്യം ഏവരുടേയും ശ്രദ്ധയില്‍ പെട്ടത്. മിക്കവാറും ഉച്ചസമയത്താണ് കളവ് നടക്കുന്നത്. ഊണ് കഴിക്കുന്ന നേരങ്ങളില്‍. അങ്ങിനെ അവരുടെ വിശദമായ ഇന്‍വെസ്റ്റിഗേഷനൊടുവില്‍ കള്ളനെ കണ്ടുപിടിച്ചു. ഒരു എട്ടാംക്ലാസുകാരന് പയ്യനായിരുന്നു പ്രതി! അവനാണെങ്കിലോ നാട്ടുകാര്‍ക്കിടയില്‍ നല്ല ഇമേജുള്ള അച്ഛനമ്മമാരുടെ രണ്ട് മക്കളില്‍ ഒരാള്‍. സാമാന്യം നന്നായി പഠിക്കുന്ന, കണ്ടാല്‍ പാവം പോലെ തോന്നുന്ന ഒരു പയ്യന്. ആദ്യം ഇത് പറഞ്ഞ സ്ത്രീയോട് മറ്റുള്ളവര്‍ തട്ടിക്കയറി. ഹെയ്, അവനാവില്ല. അവന് ഒരു പാവം പയ്യനല്ലേ എന്നൊക്കെയായിരുന്നു മറ്റുള്ളവരുടെ ന്യായീകരണം. എങ്കിലും ക്രമേണ, പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ കൊണ്ട് കള്ളനെ പലരും കാണുകയുണ്ടായി. കാരണം, മോഷണമുതല്‍ വീടിനു വെളിയില്‍ വരാതായതോടെ കള്ളന്റെയും സമചിത്തത തെറ്റിയിരുന്നു. എങ്ങിനെയും വസ്തു കൈക്കലാക്കണമെന്ന ചിന്തയോടെ പലപ്പോഴും കൊച്ചുകള്ളന് സമയവും സന്ദര്‍ഭവും മറന്നു. മുന്പുണ്ടായിരുന്നത് പോലെ വ്യക്തമായ പ്ലാനിങ് ഇല്ലാതെയായി കള്ളന്റെ നീക്കങ്ങള്‍. പലപ്പോഴും പല മതില്‍ക്കെട്ടിന്റെയും മറവില്‍ കൊച്ചുകള്ളന് പതുങ്ങിനില്ക്കുന്നത് ഇവരില്‍ പലരും കണ്ടു. അതോടെ പെണ്ണുങ്ങള് അവനെ നോക്കി കണ്ണുരുട്ടാന്‍ തുടങ്ങി. പക്ഷെ, ഒരിക്കല്‍ പോലും തൊണ്ടിമുതലുമായി അവനെ ആര്‍ക്കും പിടിക്കാന്‍ കഴിഞ്ഞില്ല. പെണ്ണുങ്ങള് ചര്‍ച്ചചെയ്ത് വീണ്ടും അടിവസ്ത്രങ്ങള്‍ പുറത്ത് ഉണക്കാനിടുവാന്‍ തീരുമാനിച്ചു. ഇവനെ കൈയോടെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ഓരോ വീട്ടിലും സ്ത്രീകള്‍ ഇവനെ പിടിക്കാന്‍ പതുങ്ങി നിന്നു. പക്ഷെ, അവനെ തൊണ്ടിയോട് കൂടെ പിടികൂടുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അത്രയേറെ സമര്‍ഥമായിട്ടായിരുന്നു കളവ് നടത്തിയിരുന്നത്. അങ്ങിനെയായിരുന്നു പ്രശ്നം ആണുങ്ങളുടെ ചെവിയില്‍ എത്തിയത്.
അങ്ങിനെ അവസാനം സംഭവം കൂട്ടുകാരന്റെ പെങ്ങള് അവനോട് പറഞ്ഞു. ഇവനെ കൈയോടെ പിടികൂടാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നായി പിന്നീടുള്ള ചിന്ത. കാരണം തെളിവ് സഹിതമല്ലാതെ ഇത് മറ്റാരോടും പറയാന്‍ കഴിയില്ല. ഇത്തരം ഒരു സംഭവത്തിലെ പ്രതിയാണ് ആ പയ്യനെന്ന് ആരും വിശ്വസിക്കില്ലെന്നതാണ് സത്യം. അത്രക്കേറെയായിരുന്നു അവന്റെ വീട്ടുകാര്‍ക്ക് നാട്ടുകാര്‍ക്കിടയിലുള്ള ഇമേജ്.
ഒടുവില്‍ നായ്കരണപ്പൊടി പ്രയോഗം നടത്താമെന്ന് അവര്‍ തീരുമാനിച്ചു. നായ്കരണപൊടി വിതറിയ ഒരു അടിവസ്ത്രം പതിവ് പോലെ അലക്കിയുണക്കാന്‍ എന്ന രീതിയില്‍ അയയില്‍ ഇട്ട് കാത്തിരിപ്പായി. ആദ്യ ദിവസം സംഭവം അവിടെ തന്നെ കിടന്നു. എന്തോ മറ്റെവിടെയോ ആയിരുന്നു അന്ന് കൊച്ചുകള്ളന്റെ ലക്ഷ്യസ്ഥാനം. പിറ്റേന്ന് കള്ളന് മുതല്‍ കൈകലാക്കി. ഒരു മണിക്കൂറോളം വെയിറ്റ് ചെയ്ത ശേഷം കൂട്ടുകാരനും അമ്മയും കൂടെ അവരുടെ വീട്ടിലേക്ക് ചെന്നു. ഇവര്‍ ചെല്ലുമ്പോള്‍ മുറിക്കകത്ത് മുറുമുറുക്കലുകളും വഴക്ക് പറച്ചിലും ഒക്കെ പതുക്കെയെങ്കിലും കേള്‍ക്കുന്നുണ്ട്. ഇവരെ കണ്ടതും പയ്യന്റെ അച്ഛനും അമ്മയും തൊഴുകൈകളുമായി വെളിയിലേക്ക് വന്നു. ദയവ് ചെയ്ത് ഇത് ആളുകളെ അറിയിച്ച് പ്രശ്നമാക്കരുത്. അങ്ങിനെ വന്നാല്‍ പിന്നെ ഞങ്ങള്‍ക്ക് ആത്മഹത്യ മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പറഞ്ഞ് ആ മാതാപിതാക്കള്‍ കരയാന്‍ തുടങ്ങി. പയ്യന് അകത്ത് മുറിയില്‍ കിടന്ന് ചൊറിച്ചിലോട് ചൊറിച്ചില്‍. ഒടുവില്‍ ആ പയ്യന്റെ നല്ല ഭാവിയെ കരുതി ആ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാതെ അത് ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.
അന്ന് അവനെ ഒരു കള്ളന് അല്ലെങ്കില്‍ മാനസീകരോഗി എന്ന രീതിയില്‍ പുറംലോകത്തിനു മുന്പില് തുറന്നുകാട്ടുവാനുള്ള അവസരം കളഞ്ഞു കുളിച്ചു എന്ന ഒരു തോന്നല്‍ ഇപ്പോള്‍ ആര്‍ക്കുമില്ല. അവന്റെ മാതാപിതാക്കള്‍ ഒരു പാട് ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ അവന്റെ പ്രശ്നം എവിടെ നിന്നൊക്കെയോ കിട്ടിയ അപക്വമായ ലൈംഗീക പരിഞ്ജാനമാണെന്ന് മനസ്സിലാക്കുകയും മറ്റാരുമറിയാതെ അവന് നല്ല ഒരു മന:ശാസ്ത്രഞ്ജന്‍ വഴി കൌണ്‍സിലിങ് നല്‍കുകയും ഇന്ന് അവന് നല്ല കുട്ടിയായി തീരുകയും ചെയ്തു. ഒരു പക്ഷെ, സമൂഹത്തിനു മുന്പില് അന്ന് മോശക്കാരനായി ചിത്രീകരിച്ചിരുന്നെങ്കില് ഇന്ന് അവന് ഒരു താന്തോന്നിയായി മാറിയേനേ..
------------------------------------------------------------------------------------------------------
റഹ്മാന് കിടങ്ങയം എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷന്‍സ് , കോഴിക്കോട് പുറത്തിറക്കിയ, കഥകള്‍/ കവിതകള്‍/ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 'കള്ളന് ഒരു പുസ്തകം' എന്ന സമാഹാരത്തില്‍ 'നായ്കരണപ്പൊടി' എന്ന പേരില്‍ അനുഭവമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകൃതമായ കുറിപ്പ്..
50 comments:
രോഗകാരണങ്ങളെ തിരിച്ചറിയുകയും വേണ്ട ചികിത്സകൾ നൽകാനുമുള്ള സംയമനം പൊതുവെ ഇത്തരം വിഷയങ്ങളിൽ കാണാറില്ല . എന്തായാലും ഇവിടെ കൃത്യമായ ചികിത്സ നടത്തിയത് നന്നായി . സമൂഹത്തിനു ഒരു കള്ളനെ നഷ്ടമായല്ലോ !
എന്റെ അടുത്ത വീട്ടിൽ ഒരു കുട്ടിക്കള്ളൻ ഉണ്ടായിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ വേലക്കാരിയുടെ പണം മോഷ്ടിച്ചത് ആരുമറിയാതെ അവന്റെ അമ്മ സ്വീകരിച്ചു. പിന്നെ മുതിർന്നപ്പോൾ പലതരം മോഷണങ്ങൾ നടത്തിയെങ്കിലും പിടിക്കപ്പെട്ടില്ല. ഒരു വർഷം മുൻപ് കോട്ടയത്തുനിന്നും ഒരു പെണ്ണിനെ മോഷ്ടിച്ച് വീട്ടിൽ കൊണ്ടുവന്നപ്പോൾ വീട്ടുകാർ അവളെ അവന് വിവാഹം കഴിപ്പിച്ചുകൊടുത്തു. ഇപ്പോൾ ഒരു കുഞ്ഞുമായി സസുഖം വസിക്കുന്നു. എങ്ങനെയുണ്ട് കള്ളന്റെ മാതാ പിതാക്കൾ?
ഇതൊരു മാനസിക വൈക്യല്ലമാണ്,പ്രത്യേകിച്ച് ടീനേജ് പ്രായങ്ങളിലുൾലവർക്ക് പിടിപെടുന്നത്...
നന്നായി അവതരിപ്പിച്ച ഒരനുഭവകുറിപ്പ് പോലുള്ള കഥ കേട്ടൊ മനോരാജ്
കൌൺസിലിങ് നടത്ത്തിയതു കൊണ്ട് ആ കുട്ടി രക്ഷപെട്ടു. അതു ചെയ്യാത്തതിനാൽ പ്രായമായിട്ടും ഈ വൈകല്യം കൊണ്ടു നടക്കുന്നവർ ഉണ്ട്. നന്നായി കുറിപ്പ്!
മോഷണം നടത്തുന്ന കുട്ടികളെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന് പകരം കൌന്സലിംഗ് നടത്തി അവരുടെ വൈകല്യം ഇല്ലാതാക്കുക തന്നെ ആണ് വേണ്ടത്.
ഇതാണ് ശരിയായ ചികിത്സ... മറിച്ചു ചെയ്തിരുന്നെങ്കില്‍ അവന്റെ ജീവിതം വെരോന്നായേനെ...
നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍...
സംഭവം വളരെ നന്നായി പറഞ്ഞു...ഇപ്പോള്‍ പല കുട്ടികള്‍ക്കും നന്നാവാനുള്ള സാഹചര്യം ഇല്ല ...അത് കൊണ്ടും സാമൂഹ്യ ദ്രോഹിയായി മാറുന്നുണ്ട്...മാതാപിതാക്കളുടെ ശ്രദ്ധയും കുറഞ്ഞു വരുന്നു...ഇന്നത്തെ സമൂഹവും വൈകല്യത്തില്‍ നിന്ന് മുക്തമല്ലല്ലോ...
വല്ലാത്തൊരു പ്രായമാണു അഡോളസന്‍സ് പിരീഡ്..നല്ല ശ്രദ്ധയും പരിചരണവും കിട്ടേണ്ട സമയം. ഒരിക്കല്‍ ഒരു പേരു വീണുകഴിഞ്ഞാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അവനെ /അവളെ അത് വേട്ടയാടിക്കൊണ്ടേയിരിക്കും.
നല്ല പോസ്റ്റ്. ആശംസകള്‍...
പൂനെയില്‍ നിന്ന്: ഇവിടുത്തെ റോഡുകളില്‍ കൂടി പോകുന്ന മിക്ക വില കൂടിയ കാറുകള്‍ക്കും അവയുടെ 'icon' കാണാറില്ല. അടുത്തിടെ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നാണ് അറിയുന്നത്, ഇവിടെയുള്ള വലിയ വീടുകളിലെ 'കുട്ടികള്ളന്മാര്' അടിച്ചു കൊണ്ട് പോകുന്നതാണ്. 'വീഡിയോ ഗെയിം' കളിക്കുന്നതിന്റെ കുഴപ്പം. 'icon' കൂടുതല്‍ അടിച്ചെടുക്കുന്നവന് ജയിക്കുന്നു. നല്ല വിലയുള്ള ഈ 'icon' ഇല്ലാതെ പോകുന്ന 'ഫോക്സ്വാഗനും', 'B M W 'വും, 'ഫോര്‍ഡും' ഒക്കെ കാണുവാന്‍ തീരെ ഭംഗിയില്ലെന്നു പ്രത്യേകം പറയണ്ടല്ലോ..!!
ശരിയാണ് മനോ സമൂഹത്തിനു മുന്പില് അന്ന് മോശക്കാരനായി ചിത്രീകരിച്ചിരുന്നെങ്കില് ഇന്ന് അവന് ഒരു താന്തോന്നിയായി മാറിയേനേ...ഞങ്ങളുടെ വീടിന്നടുത്ത് ഒരു കള്ളന് സ്ഥിരമായി കാക്കുന്നത് സോപ്പ് ,ഷാമ്പൂ,ഇതൊക്കെ കൂടെ റബ്ബര്‍ഷീറ്റും ,പിന്നെ കയ്യില്‍ കിട്ടുന്നതൊക്കെ അണ്ടര്‍ ഗാര്‍മെന്റ്സ് ഉള്‍പ്പെടെ എല്ലാം അടിച്ചു മാറ്റും ...സ്ഥിരം ആണ് പോലീസിനു പുറകെ പോകാന്‍ മടി ആയത് കൊണ്ട് പുറത്ത് പറയാറില്ല ...നോട്ടമിട്ടിരിക്കുന്ന ഒന്ന് രണ്ടു വീടുണ്ട് അവിടെ പോകുള്ളൂ ...ബാക്കി ഒരു വീട്ടിലും കയറൂല്ല അങ്ങനെ ഉള്ള നല്ല ഒരു കള്ളന് ഈ പ്രദേശത്ത് ഉണ്ട് ...ആരും കണ്ടെത്തിയിട്ടില്ല താമസിയാതെ ഇതേപോലെ ആ കള്ളനും കുടുങ്ങും ഒരു ദിവസം ..
ഇതേ സംഭവം ഈയടുത്ത് ഞങ്ങളുടെ ക്വാര്ട്ടെര്സ് കോമ്പൌണ്ടിനകത്ത് ഉണ്ടായി എന്ന് കേട്ടു. ആ കുട്ടിയുടെ അച്ഛന് ഇതിന്റെ വിഷമം ഒരു കൂട്ടുകാരനോട് സംസാരിച്ചു റോഡിലൂടെ നടക്കുമ്പോള്‍ ഒരു അപകടത്തില്‍ പെടുകയും മരിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ ഇവിടം വിട്ടു. എല്ലാവര്ക്കും കടയ്ക്ക് പോവാനും മറ്റും നല്ല സഹായി ആയിരുന്നു ആ കുട്ടി. ആരും കരുതിയില്ല അവനായിരിക്കും ഇത് ചെയ്തത് എന്ന്. ഇപ്പൊ അവന് നല്ലകുട്ടി ആയിട്ടുണ്ടാകും എന്ന് കരുതുന്നു.
രോഗത്തെയല്ല രോഗ കാരണത്തെയാണ് പഠിക്കേണ്ടത്. അതിനാണ് 'ശരിയായ' ചികിത്സ നടത്തേണ്ടത്.
കുട്ടികളിലെ 'അക്രമ' വാസനകള്‍ക്ക് കാരണം അവര്‍ക്ക് 'ക്രമ'ത്തെ ശരിയാം വണ്ണം അറിയിക്കുന്നില്ലാ എന്നാണ്.
മാത്രവുമല്ല, ഇത്തരം 'അരുതുകളെ' അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നുവെന്നത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.
എന്തൊക്കെ തരം മാനസിക രോഗങ്ങളാ! ഇത്തരത്തിലൊന്ന് ആദ്യായിട്ട് കേള്‍ക്കുകയാണ്..
പുറത്തറിയാതെ കൈകാര്യം ചെയ്തത രീതി നന്നായി..ഇല്ലെങ്കില്‍ പയ്യന്റെ ഭാവിയേ പോയേനെ ല്ലെ?
അത് ഒരു മാനസീക തകരാറാണ് .എല്ലാ ദേശത്തും അങ്ങനെയുള്ളവര്‍ ഉണ്ട് .
പാവങ്ങള്‍ ,ഏറെക്കാലം അവര്‍ക്ക് ആ ദുഷ്പേര് നിലനില്ക്കും . പിന്നീട് അവര്‍ ആ ദുശീലം മാറ്റുകയും നാട്ടുകാര്‍ അത് മറക്കുകയും ആണ് പതിവ്
കൌമാരക്കാരായ കുട്ടികളാണ് ഈ കുഴപ്പത്തില്‍ ചെന്ന് വീഴുന്നത് .അവരുടെ മാതാപിതാക്കളും ബന്ധുക്കളും എത്ര വിഷമിക്കുന്നുണ്ടാവും .
നല്ല കുറിപ്പ്.
ഇവിടെയിട്ടതു നന്നായി.
അതെ; കൌമാര പ്രായത്തില്‍ സംഭവിക്കാവുന്ന പല വൈകല്യങ്ങളില്‍ ഒന്ന് ..ഇങ്ങനെയുള്ള സംഭവങ്ങള്‍ പലയിടത്തും നടന്നിട്ടുണ്ട് ,,നടക്കുന്നുമുണ്ട്..ഇനി മറ്റൊന്ന് ഭ്രമം തോന്നുന്ന വസ്തുക്കള്‍ അതെന്തു തന്നെയായാലും കൈക്കലാക്കുന്ന മുതിര്‍ന്നവരും ഉണ്ട്.എറണാകുളത്തെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍
സ്ഥിരമായി മോഷണം നടത്തുന്ന ഒരു പാതിരിയെ അധികൃതര്‍ കയ്യോടെ പിടിച്ച സംഭവം ഓര്‍മവരുന്നു .ഇതുപോലെ ഉന്നതാരായ പലര്‍ക്കും ഇത്തരം വൈകല്യങ്ങള്‍ ഉണ്ട്.
ശരിയാണ് മനു ...
നിരവധി കുട്ടികള്‍ നൈമിഷികമായ ചിന്തകള്‍ക്കും പ്രലോഭനങ്ങള്‍ക്കും പിറകെ പോയി പിടിക്കപെട്ടു വന്‍ കള്ളന്മാര് ആയി മാറിയ അനുഭവങ്ങള്‍ ഉണ്ട് .
ഒരു വട്ടത്തെക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒരു താക്കീത് കൊടുത്താല്‍ മാറുന്ന പ്രശ്നം പെരുപ്പിച് സമൂഹം അവരെ കള്ളന് എന്ന ലേബല്‍ നല്കി ജീവിതം നശിപ്പിച്ച കഥകള്‍ ഏറെ...
ഈ വിഷയത്തിലുള്ള ഈ ഒര്മിപ്പിക്കള്‍ നന്നായി ...
നല്ല പോസ്റ്റ് ആയി ...വൈകല്യങ്ങള്‍ സമൂഹത്തിനു മുമ്പില്‍ തുറന്നു കാണിക്കെണ്ടതല്ല ചികിത്സിക്കേണ്ടതാണ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി.....
ഇതിനു സമാനമായ ഒരു സംഭവം കുമാരന് പണ്ട് പോസ്റ്റായി ഇട്ടതു ഓര്‍ക്കുന്നു....പക്ഷെ അന്നതില്‍ അടിവസ്ത്രം കട്ടിരുന്നത് ഒരു രാമന് നായരോ മറ്റോ ആയിരുന്നു....
അപക്വമായ ലൈംഗീക ചിന്തകള്‍ ആണ് ഇതിനെല്ലാം കാരണം....നല്ല രീതിയിലുള്ള സെക്സ് എഡ്യുക്കേഷന്‍ തന്നെ ഇതിനുള്ള പരിഹാരം....
നല്ല പോസ്റ്റ്........
ക്രിസ്തുമസ് പുതുവത്സരാശംസകള്‍ !
ഇത്തരം സ്വഭാവ വൈകല്യങ്ങൾ ചെറുപ്പത്തിലേ തന്നെ സമചിത്തതയോടെ കൈ കാര്യം ചെയ്യാത്തതു കൊണ്ടാണ് നാട്ടിൽ വഴി പിഴച്ചു പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്.
ആരും കള്ളന്മാരായിട്ട് ജനിക്കുന്നില്ലല്ലൊ.
നന്നായി പറഞ്ഞിരിക്കുന്നു മനോജ്.
ആശംസകൾ...
ഈ രോഗമുള്ളവർ ധാരാളമുണ്ട്...എന്തായാലും പ്രശ്നം പരിഹരിയ്ക്കപ്പെട്ടത് നന്നായി.
അപ്പോള്‍ അങ്ങനെയാണ് രക്ഷപെട്ടത് അല്ലേ?. അച്ഛ്നും അമ്മയും ഗവന്മെന്റ് ജോലിക്കാരല്ലേ?
ചില ദുസ്വഭാവങ്ങള്‍ ഇങ്ങിനെ തുടക്കത്തില്‍ മാറ്റം കഴിയും.. അതിനു നാട്ടുകാര്‍ ചെയ്യുന്നത് മറിച്ചാണ് .ഈ ലോകം അങ്ങിനെ തന്നെയാണ് ആന്നും ഇന്നും ..
നല്ല കുറിപ്പ്....... നല്ല ചികിത്സയും...:)
apoornamaya apakvamaaya arivukal....ippol ellaarum thirakkalle....swantham makkal valarunnathu polum maathaapithaakkal ariyatha kaaalam..
ഇത്തരം പ്രശ്നങ്ങളില്‍ സാധാരണ എല്ലാരും പെട്ടെന്ന് പ്രതികരിക്കുന്നത് വൈകാരികമായിട്ടായിരിക്കും. ഇവിടെ അങ്ങിനെ സംഭവിക്കാതിരുന്നത് തന്നെ വളരെ നന്നായി. അല്ലെനിന്കില് പോസ്റ്റിനു ഒടുവില്‍ പറഞ്ഞത് പോലെ ഒരു കുറ്റവാളി ആയി തലതിരിഞ്ഞു പോയേനെ.
സുഖമുള്ള വായന.
ടീനേജുകളെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ കുടുംബത്തിന് മാത്രമല്ല സമൂഹത്തിന് തന്നെ നഷ്ടമാണുണ്ടാവുക.
ഇങ്ങനേയും ഒരു കള്ളനോ, അത്ഭുതം തോന്നുന്നു.എന്തായാലും മറ്റാരേയും അതറിയിക്കാതിരിക്കാനുള്ള സന്മനസ്സ് ഉണ്ടായതു് നന്നായി.
മനോ, പ്രസക്തമായ ഒരു വിഷയം.
കൂട്ടുകാര്‍ക്ക് മിട്ടായി വാങ്ങിക്കൊടുത്ത് അവരുടെ മുന്നില്‍ ആളാകാന്‍ വേണ്ടി അച്ഛന്റെ പോക്കറ്റില്‍ നിന്നും ഇരുപതു രൂപ മോഷ്ടിച്ച ഒരഞ്ചാം ക്ലാസുകാരന്റെ കാര്യം മിഥ്യയായ ആദര്‍ശബോധത്തിന്റെ പേരില്‍ അച്ഛന് ക്ലാസ് ടീച്ചറെ അറിയിച്ച സംഭവം ഓര്‍ത്തുപോകുന്നു. സ്കൂള്‍ ജീവിതകാലം മുഴുവനും അപമാനം സഹിച്ച് ഒടുവില്‍ അതില്‍ നിന്നും രക്ഷപെടാനാവാതെ,ഒന്നുമാകാതെ പോയ ഒരാള്‍...
ഇതൊക്കെ ഒരു പ്രായത്തിലുണ്ടാകുന്ന മാനസീക വൈകല്യങ്ങള്‍ ആണ് .ഫലപ്രദമായ രിയ്തിയില്‍ അതിനെ നേരിട്ടാല്‍ പ്രശ്നങ്ങള്‍ തീര്‍ക്കാവുന്നതേ ഉള്ളു .
നല്ല പ്രമേയം..നന്നായി പറഞ്ഞു..ബി.എഡിനു സൈക്കോളജി ക്ലാസ്സിലിരുന്ന ഓർമ്മ വന്നു...കൌമാരപ്രായക്കാരുടെ മനസ് പിടികിട്ടാത്ത പ്രഹേളികയാണു പോലും...ശ്രീ സിഗ്മണ്ട് ഫ്രോയ്ഡ് പോലും മുട്ടുമടക്കിയ സ്ഥിതിക്ക് മുതിർന്നവർ കണ്ടറിഞ്ഞു പെരുമാറുകയല്ലാതെ വേറെ വഴിയില്ല...
ആശംസകൾ
നാട്ടുകാർ സംയമനത്തോടെ കൈകാര്യം ചെയ്തത് നന്നായി.. ഇല്ലെങ്കിൽ ഒരു കൂട്ട ആത്മഹത്യ ഉണ്ടായേനേ…ഇത്തരം വൈകല്യങ്ങൾ ഉള്ളവരെ മന: ശാസ്ത്രജ്ഞർ നന്നാക്കിയെടുക്കാറുണ്ട് എന്നു വായിച്ചിട്ടുണ്ട് .യദാർത്ഥ ചികിത്സ നൽകി ഒരു വൈകല്യക്കാരൻ പയ്യനെ രക്ഷിച്ച് നല്ലവനാക്കിയ ആ നാട്ടുകാരെ അഭിനന്ദിക്കുന്നു..ഒപ്പം ഇവിടെ പോസ്റ്റിയ താങ്കൾക്ക് ഭാവുകങ്ങൾ!
സ്വന്തം വീട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷണം പോകുന്നതു തടയാനും കഌഅനെ പിടിക്കാനുമായി തുണി ഉണങ്ങാനിടുന്ന കമ്പി അയയിൽ കൂടി കറണ്ട് (വൈദ്യുതി) കണക്റ്റ് ചെയ്തിട്ടതു മൂലം കള്ളൻ ഷോക്കേറ്റു മരിച്ച സംഭവം എന്റെ നാട്ടിൽ ഉണ്ടായിട്ടുണ്ട്.പ്രതിയായ ഓട്ടോ ഡ്രൈവർ 2 മാസം മുൻപാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.
മനോരാജ്, ഇങ്ങനെയുള്ള മാനസിക കുഴപ്പങ്ങള്‍ കുട്ടികളില്‍ ചെറുപ്പത്തിലെ കണ്ടെത്തി വേണ്ട കൌണ്സിലിങ്ങും ഉപദേശവും ഒക്കെ കൊടുത്താല്‍ അവര്‍ മിടുക്കന്മാര് ആയി മാറും, നേരെ മറിച്ചു സമൂഹത്തിന്റെ മുന്നില്‍ ഒറ്റപെടുത്തി അപമാനിക്കുമ്പോള്‍ വീണ്ടും വാശിയും വൈരാഗ്യവും കൂടും. നല്ലൊരു സന്ദേശം ഉണ്ട് ഇതില്‍, നന്ദി
തീര്‍ച്ചയായും നല്ലൊരു സന്ദേശമാണ്
"കുട്ടിക്കള്ളന്" നല്‍കുന്നത്.
വിശ്വവിഖ്യാതമായ"പാവങ്ങള്‍"പോലെ.
പ്രകാശമാനമായ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്
ഇവിടെ വന്ന അഭിപ്രായങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇത്തരത്തിലുള്ള “മുതിര്‍ന്ന” കള്ളന്മാരെ എനിക്ക് വേറെയും അറിയാം. പക്ഷെ ഇത് ഒരു കുട്ടിയായിരുന്നു എന്നതായിരുന്നു സത്യത്തില്‍ വല്ലാതെ പേടിപ്പിച്ചത്. പക്ഷെ, ഇതിപ്പോള്‍ നമ്മുടെ നാട്ടില്‍ ഒരുപാട് വ്യത്യസ്തമായ രീതികളില്‍ ഉണ്ടെന്ന് അറിയുമ്പോള്‍ സത്യത്തില്‍ ഭയം തോന്നുന്നു. കൃത്യമായ ലൈംഗീകവിഞ്ജാനത്തിന്റെ കുറവ് തന്നെയാണ് ഇത്തരം ഒരു ആംഗിളില്‍ കാര്യങ്ങളെ നോക്കിക്കാണുവാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു. കുട്ടികളില്‍ പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍കുട്ടികള്‍ക്ക് അച്ഛനും ഒരു പ്രത്യേകപ്രായത്തിനികം ജനറല്‍ കാര്യങ്ങളെങ്കിലും മനസ്സിലാക്കി കൊടുക്കേണ്ട കാലമായെന്ന് തോന്നുന്നു. ഒപ്പം പാഠ്യപദ്ധതിയുടെ ഭാഗമായി ഇത്തരം സിലബസ്സുകള്‍ ഉള്‍പ്പെടുത്തുന്നതും ഒരു പക്ഷെ അപക്വമായ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിച്ചേക്കാം.
ഇവിടെ അഭിപ്രായങ്ങള്‍ അറിയിച്ച ജീവി കരിവെള്ളൂര്‍ ,mini//മിനി, മുരളീമുകുന്ദൻ , ബിലാത്തിപട്ടണം, ശ്രീനാഥന്‍, ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirur ,khaadu.. , SHANAVAS, മുല്ല, വരയും വരിയും : സിബു നൂറനാട് , kochumol(കുങ്കുമം) , Sukanya, നാമൂസ്, അനശ്വര , മാനത്ത് കണ്ണി //maanathukanni, jayanEvoor , രമേശ് അരൂര്‍, വേണുഗോപാല്‍, ഒരു കുഞ്ഞുമയില്‍പീലി ,ചാണ്ടിച്ചായന്, റ്റോംസ് || thattakam.com | ,വീ കെ, Echmukutty, ജിജ്ഞാസാകുലന്‍, Pradeep paima, പ്രയാണ്‍ , ചിരവ, പട്ടേപ്പാടം റാംജി, ബെഞ്ചാലി , Typist | എഴുത്തുകാരി , സേതുലക്ഷ്മി, yousufpa, സീത* , മാനവധ്വനി, പാവത്താൻ, രാജീവ് .എ . കുറുപ്പ് , c.v.thankappan,chullikattil.blogspot.com എല്ലാവര്ക്കും നന്ദി...
@ ജിജ്ഞാസാകുലന്‍ & ചിരവ : തേജസിലേക്ക് സ്വാഗതം. വീണ്ടും വരിക..
@(പേര് പിന്നെ പറയാം) : നന്ദി. തേജസിലേക്ക് സ്വാഗതം.
(താങ്കളുടെ ഊഹം ശരിയാണ്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് സൌത്ത് റയില്‍വേ സ്റ്റേഷനില്‍ നടന്ന കന്‍ഡില്‍ വിജില്‍ ലൈറ്റില്‍ ഞാന്‍ ഉണ്ടായിരുന്നു സുഹൃത്തേ. താങ്കളുടെ പേര് ഇപ്പോള്‍ പറയുകയാണെങ്കില്‍ ഒരു പക്ഷെ എനിക്കും ഓര്‍മ്മ വന്നേക്കും..:) )
ഈയിടെ വലിയൊരു ഷോപ്പിങ് മാളിൽ പോയപ്പോൾ അതിന്റെ ഉടമസ്ഥ പറഞ്ഞതാണ്, ചില സാധനങ്ങൾ കട്ടെടുക്കുന്നവരെ ക്യാമറയിലൂടെ കണ്ടപ്പോൾ അതിശയിച്ചുപോയീത്രേ, ഇത്ര മാന്യന്മാരായി വരുന്നവരാണോ ഈ മോഷണം ചെയ്യുന്നതെന്ന്.
ഈ പോസ്റ്റിലെ പോലെ തനിക്ക് തീരെ ഉപയോഗമില്ലാത്ത സാധനങ്ങൾ ഇങ്ങനെ മോഷ്ടിക്കുന്നത് വിചിത്രം തന്നെ. എന്തായാലും അത് കൈകാര്യം ചെയ്ത രീതി നന്നായി. ഒരു കുട്ടിയുടേയും അവന്റെ കുടുംബത്തിന്റേയും ജീവിതം തന്നെയാണല്ലോ രക്ഷിച്ചെടുത്തത്.
തീര്‍ച്ചയായും ഇത്തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളുള്ള ആളുകള്‍ സമൂഹത്തിലുണ്ട്. അത് കണ്ട് വരുന്നത് കൌമാരത്തിന്റെ ആദ്യം മുതല്‍ യുവത്വത്തിന്റെ അവസാനം വരെയാണ്. സ്ത്രീകളുടെ അടിവസ്ത്രത്തോടുള്ള ആഗ്രഹം എന്നത് ലൈഗിംക ദാഹം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം മാനസികാവസ്ഥ തന്നെയാണ്. അത് മനോരോഗമാണോ, അല്ലെങ്കില്‍ വേറെ എന്തിങ്കിലും സ്വഭാവ വൈകല്യമാണോ എന്നൊന്നും പറയാന്‍ കഴിയില്ല. സരസമായി പറഞ്ഞു, മികച്ച ഒരു സന്ദേശവും ലേഖനം നല്‍കുന്നുണ്ട്. അഭിനന്ദനങ്ങള്‍ !
ഒരു മാനസിക വൈകല്യം നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ പ്രശ്നം കൈകാര്യം ചെയ്ത രീതി വളരെ മാതൃകാപരമാണ്. ചെറുപ്പത്തില്‍ കള്ളനെന്നു മുദ്ര കുത്തപ്പെട്ട് ജീവിതം നശിക്കുന്ന ഒരു പാട് സംഭവങ്ങള്‍ പല കാലങ്ങളിലായി നമുക്ക് കാണാന്‍ കഴിയും. ഇത് പോലുള്ള രചനകള്‍ ജനങ്ങള്‍ക്ക് സമാന സംഭവങ്ങളെ പക്വമായി കൈകാര്യം ചെയ്യാനുള്ള പ്രചോദനം നല്‍കും.
കഥയിലെ കള്ളന്റെ മനോനില ഒരു മാനസിക പ്രശ്നം തന്നെ.നല്ലൊരു കൌണ്സിലിന്ഗിലൂടെ പരിഹരിക്കാവുന്ന പ്രശ്നം.ഇവിടെ വന്ന Comment-കള്‍ വായിച്ചു നോക്കിയിട്ടില്ല.പ്രശ്നം ചര്‍ച്ചയില്‍ വന്നിട്ടുണ്ടാവുമെന്നു വിശ്വസിക്കുന്നു.നല്ലൊരു രചനയ്ക്ക് ആശംസകള്‍ ,പ്രിയ സുഹൃത്തേ.
നല്ല രചന ....പുതുവത്സരാശംസകള്‍
ഇത്തരം ചില വൈകല്യങ്ങളും കുട്ടികളിൽ കടന്നുകൂടാറുണ്ട്. പക്ഷെ കുറ്റമാരോപിച്ച് വേണ്ടി വന്നാൽ ശിക്ഷയും നൽകുകയല്ലാതെ നേരിന്റെ മാർഗ്ഗത്തിലേയ്ക്ക് അവരെ നയിക്കാൻ ആരും തയ്യാറാകാറില്ല. സമൂഹത്തിൽ കുറ്റവാളീകൾ പെരുകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.
ഇതിൽ പറഞ്ഞതുപോലെയുള്ള സംഭവം രണ്ടു വർഷം മുമ്പ് നമ്മുടെ നാട്ടിൽ ഉണ്ടായി. സഹികെട്ട് ചില സ്ത്രീകൾ ഈയുള്ളവനോടും പറഞ്ഞു. ഇതിൽ പക്ഷെ എല്ല ഭാഗത്തെയും കുറ്റവാളി ഒരാളായിരുന്നില്ല. ഒരു വീട്ടിലേത് ആ വീട്ടിലെതന്നെ ഒരു കുട്ടിയുടെ ചെയ്തിയായിരുന്നു എന്നു മനസിലാക്കി. മറ്റൊരാൾ കുട്ടിയായിരുന്നില്ല. മുതിർന്ന ആൾ തന്നെയായിരുന്നു. അല്പം വലിയ വീടുകളിലെ വസ്ത്രങ്ങൾ മോഷ്ടിച്ച് വഴിയിലോ കുറ്റിക്കാട്ടിനിടയിലോ മറ്റോ ഉപേക്ഷിക്കുകയായിരുന്നു ഇയാളുടെ രീതി.
പരസ്പര ബന്ധമില്ലാത്ത ഈ രണ്ടുപേരും യാദൃച്ഛൈകമായി ഏതാണ്ട് ഒരേ കാലയളവിൽ ഈ പ്രവൃത്തി ചെയ്തുവെന്നേയുള്ളൂ. ഇതിൽ മുതിർന്ന ആൾ ചെയ്തതിന്റെ മന:ശാസ്ത്രം മനസിലായെങ്കിലും ഇവിടെ അത് വിശദീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട്.
മനോരാജിനെ ഫേസ്ബുക്കിലൂടെ പര്ച്ചയപ്പെടുത്തിയ പൈമക്ക് നന്ദി.
ക്ലെപ്ടോമാനിയയുടെ വകഭേദം, അല്ലെങ്കില്‍ ട്രാന്സ്വെസ്ടിക് ഫെറ്റിഷിസം എന്ന മാനസീക വൈകല്യം പലരിലും കൌമാരത്തില്‍ പ്രത്യക്ഷപ്പെട്ട് പിന്നെ മാറുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പില്ക്കാലത്ത് കുടുംബജീവിതത്തെതന്നെ ഭാധിക്കുന്ന തരത്തില്‍ ഈ വൈകല്യം വളര്‍ന്നു വരാം. ഇത്തരത്തിലുള്ള അറിവുകള്‍ മനോഹരമായ എഴുത്തിലൂടെ വിശദമാക്കി തന്നതിന് നന്ദി.
ഇവിടെ ഈ പ്രശ്നം കൈകാര്യം ചെയ്ത രീതി ശ്രദ്ധേയമാണ്. സമൂഹത്തിന് നല്ല ഒരു സന്ദേശവും. പലപ്പോഴും വികലമായി കൈകാര്യം ചെയ്ത് ഇത്തരം പ്രശ്നങ്ങള്‍ വഷളാക്കുന്ന ഒരു പ്രവണതയാണ് കണ്ടു വരുന്നത്.
എന്റേത് കൗമാരക്കാരുമായി ധാരാളം ഇടപഴകുന്ന ഒരു തൊഴിലായതുകൊണ്ട് അവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ കുറച്ചൊക്കെ അറിയാം... ഗുരുതരമായി മാറാന്‍ സാദ്ധ്യതയുള്ള പല പ്രശ്നങ്ങളും സ്നേഹപൂര്‍വ്വമുള്ള ഇടപെടലുകള്‍കൊണ്ടും ചെറിയ തോതിലുള്ള കൗണ്‍സിലിംഗ് കൊണ്ടും മാറ്റി എടുത്ത് അവരെ നല്ല പൗരന്മാരായി മാറ്റി എടുക്കാന്‍ സാധിക്കും...
ഒരു പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ അര്‍ഹതയുമുള്ള പോസ്റ്റ്...
കള്ളന്മാരുടെ കഥ നന്നായിരിക്കുന്നു എഴുത്ത് തുടരുക !!!
പുതിയ കവിത വയികുമല്ലോ !!
http://echirikavitakal.blogspot.com/2012/01/blog-post_4277.html#!/2012/01/blog-post_4277.html
Jeevithanubhavangal...!
Manoharam, Ashamsakal...!!!
പ്രസക്തമായ ഒരു വിഷയം...
നന്നായി............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ