വെള്ളിയാഴ്‌ച, മാർച്ച് 04, 2011

പടകാളിപെണ്ണിന്റെ ചരിതം

കൂറ്റന്‍ നിലക്കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് കരുണാമയീദേവി നിര്‍നിമേഷയായി നോക്കി. വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. കറുത്ത് കുറുകിയ ശരീരത്തില്‍ മേദസ്സ് അടിഞ്ഞു കൂടിയതിന്റെ അടയാളമായി വെളുത്ത വരകള്‍. പ്രായം വിളിച്ചറിയിച്ചുകൊണ്ട് മുടികള്‍ക്കിടയിലും രജതരേഖകള്‍. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ നടുവിലായി ചന്ദനം കൊണ്ട് ഒരു കുറി വരക്കുമ്പോള്‍ കൈയൊന്ന് പതറിയോ?

തന്റെ കറുത്ത രൂപമൊഴിച്ചാല്‍ കണ്ണാടി ഒപ്പിയെടുക്കുന്നത് മുഴുവന്‍ റോസ് നിറമായിരുന്നു. കൊത്തുപണികളാല്‍ അലങ്ക്രിതമായ കട്ടിലിലെ മെത്തവിരിപ്പു മുതല്‍ മുറിയിലേക്കുള്ള പ്രധാന കവാടത്തേയും ഇടനാഴികളേയും മറച്ചുകൊണ്ടുള്ള തിരശ്ശീലകള്‍ക്കും ജനല്‍ വിരിപ്പുകള്‍ക്കും സ്വദേഹത്തെ പൊതിയാനായി മെത്തയില്‍ ഊഴം കാത്തു വിശ്രമിക്കുന്ന ഉത്തരീയത്തിനും ഒക്കെ റോസ് നിറം. ചെറുപ്പം മുതലേ റോസാപുഷ്പങ്ങളോട് വല്ലാത്ത ഒരു അഭിനിവേശമായിര്‍ന്നു. ആ ഓര്‍മ്മകള്‍ക്കൊക്കെ നല്ല തെളിമ! പലതും മറക്കാനാണ്‌ ഇങ്ങിനെയൊരു വേഷം കെട്ടിയതെങ്കിലും ; ഇത്തരം കൊച്ചു കൊച്ചു ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേണ്ടിതന്നെയാണ്‌ ആശ്രമത്തിലെ ഏതൊരു പൂജക്കും ചടങ്ങിനും റോസാപുഷ്പങ്ങള്‍ നിര്‍ബന്ധമാക്കിയത്. ദര്‍ശന സൌഭാഗ്യം തേടിയെത്തുന്ന ഭക്തര്‍ ആശ്രമത്തിലെ പ്രധാന അര്‍ച്ചനയായ പൂമൂടലിന്‌ ഉപയോഗിക്കുന്നതും റോസാപുഷ്പങ്ങള്‍ തന്നെ.


ഒരു ചുരിദാര്‍ ധരിക്കാനും പട്ടുസാരിയുടുക്കുവാനും മുടി ഇരു വശങ്ങളിലേക്ക് മെടഞ്ഞിടുവാനുമൊക്കെ ശരിക്കും ആഗ്രഹമുണ്ട്. പക്ഷെ, എല്ലാ മോഹങ്ങള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ട് ശരീരത്തെ ഈ ഉത്തരീയത്തില്‍ ബന്ധനസ്ഥയാക്കിയിരിക്കുകയാണ്‌. സ്വയം തിരഞ്ഞെടുത്ത വഴി തന്നെയെങ്കിലും; ചില സമയങ്ങളില്‍ മനസ്സിന്റെ വിഭ്രാന്തികള്‍ക്ക് വശപ്പെട്ട് പോകുന്നു. കഴിയില്ല എന്നറിയാം... എങ്കിലും വല്ലാതെ ആശിച്ച് പോകുന്നു.


പുറത്ത് ആരോ വന്നതിന്റെ സൂചനയായി മണിയടിക്കുന്നു. മെത്തയില്‍ തന്നെയും കാത്ത് ആകാംഷയോടെ ഇരിക്കുന്ന വസ്ത്രം എടുത്തണിഞ്ഞു. പെട്ടന്ന്‍ ധരിക്കാം എന്നത് തന്നെയാണ്‌ ഈ വസ്ത്രത്തിന്റെ പ്രത്യേകത. ധരിച്ചു കഴിഞ്ഞാല്‍ സാരി പോലെ തന്നെ തോന്നുമെങ്കിലും മനസ്സിലുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനെന്നോണം ചുരിദാറും സാരിയും സന്നിവേശിപ്പിച്ചു കൊണ്ടുള്ള ഒന്നാണ്‌ ഈ വേഷം. ഫ്രാന്‍സിലെ ഒരു വലിയ ഫാഷന്‍ ഡിസൈനര്‍ ആണ്‌ ഇതിന്റെ ശില്പി. ഉത്തരീയമെന്ന പേരിട്ടത് താന്‍ തന്നെ. ആ കുട്ടി ഇതിനായി ഏതാണ്ട് ഒരു മാസത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്. പാവം!! തന്നോടുള്ള ആരാധന മൂലം രാപ്പകല്‍ മറ്റു ജോലികള്‍ മാറ്റിവെച്ച് ഇതിനായി അവള്‍ തനിക്കൊപ്പം ചിലവഴിച്ചു. ആരാധന എന്ന വാക്ക് ഉപയോഗിക്കാമോ? കേവലം ആരാധനക്കപ്പുറം ഭക്തി മൂത്ത ഒരു തരം ഭ്രാന്ത് തന്നെയല്ലേ അത്. അല്ലെങ്കിലും പലര്‍ക്കും തന്നോടുള്ള ഈ ഭക്തികാണുമ്പോള്‍ മനസ്സില്‍ ചിരിവരുന്നു. ചിലപ്പോഴൊക്കെ വേദനയും.

പുറത്ത് വീണ്ടും മണിയടിയുടെ ശബ്ദം. ഇനിയിപ്പോള്‍ ചന്ദനധൂമമുപയോഗിച്ച് മുടിയുണക്കാനൊന്നും നേരമില്ല. മുടിയാകെ വാരിയെടുത്ത് മുര്‍ദ്ധാവിലേക്ക് കെട്ടിവെച്ചു. പണ്ട് കാലം മുതല്‍ക്കേ മുടി ശ്രദ്ധിക്കുന്നതില്‍ ഒട്ടും താല്പര്യം കാട്ടിയിരുന്നില്ല. ഇന്നിപ്പോള്‍ ഓരോന്നിനും നിര്‍ദ്ദേശങ്ങള്‍ നല്‍ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറികിടക്കുന്ന ഭക്തര്‍ ക്യൂ നില്‍ക്കുകയല്ലേ. എല്ലാവര്‍ക്കും കരുണാമയീദേവിയുടെ സ്നേഹം വേണം. അനുഗ്രഹം വേണം. ഇഷ്ട ശിഷ്യര്‍ എന്ന പദവി വേണം! ഒരു കാലത്ത് ആര്‍ക്കും വേണ്ടാതിരുന്ന ബിന്ദുവില്‍ നിന്നും കരുണാമയീദേവിയിലേക്കുള്ള ഈ കൂടുമാറ്റത്തിന്‌ ഒരു സ്വപ്നത്തിന്റെ വേഗമായിരുന്നല്ലോ.


"ഹരേകൃഷ്ണ! മാതാ.. ദേവിയുടെ തൃപാദപുജക്കും ദര്‍ശനസൌഭാഗ്യത്തിനുമായി രണ്ട് പേര്‍ കാത്തു നില്‍ക്കുന്നു.” മുറിയിലെ ഭിത്തിയില്‍ ഒളിഞ്ഞിരിക്കുന്ന കുഞ്ഞു സ്പീക്കറിലൂടെ പ്രധാന പരിചാരിക സം‌യുക്താദേവിയുടെ മുത്തുമൊഴികള്‍.


മടുപ്പ് തോന്നുന്നു. ഇന്നുമുഴുവന്‍ പഴയ കാലത്തെ കുറിച്ച് ഓര്‍ത്ത് ഇങ്ങിനെ കിടക്കണമെന്ന് വിചാരിച്ചതാണ്‌. പുറത്ത് കാത്തുനില്‍ക്കുന്ന ഭക്തരെ നിരാശരാക്കാനും വയ്യ! ആരായിരിക്കും അവര്‍. ഏതെങ്കിലും പ്രമുഖ വ്യക്തികളാണെങ്കില്‍ സം‌യുക്ത തന്റെ പ്രൈവറ്റ് ഫോണിലേക്ക് വിളിക്കുമായിരുന്നു. ആശ്രമത്തിന്റെ പ്രധാന കവാടം മുതല്‍ സ്വീകരണമുറി വരെയുള്ള ഭാഗങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ക്യാമറകള്‍ ഉള്ളത് സൌകര്യമാണ്. ഒപ്പം ഓരോ മുറികളിലെയും ടെലിവിഷനും. സ്വീകരണമുറിയിലെ ക്യാമറയില്‍ നിന്നും വരുന്ന ദൃശ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഒരു സ്ത്രീയും പുരുഷനും. പുരുഷന്‍ ആകെ തളര്‍ന്നിരിക്കുന്നു. ക്ഷീണിച്ച ശരീരം. ഒരു പക്ഷെ ദീര്‍ഘദൂരം യാത്ര ചെയ്ത് വരുന്നതാവാം. സ്ത്രീ സം‌യുക്തയുമായി എന്തോ സംഭാഷണത്തിലാണ്‌. ഏതാണ്ട് തന്റെ പ്രായം. ഇല്ല, തന്നേക്കാള്‍ ചെറുപ്പം. പക്ഷെ, മുഖം വ്യക്തമാവുന്നില്ല. അല്പം നിരാശയോടെ അവര്‍ പുരുഷന്റെ ചാരെ വീണ്ടും ചെന്നിരുന്നു. അവര്‍ തമ്മില്‍ എന്തോ പറയുന്നുണ്ട്. പുരുഷന്‍ ഉദാസീനനായി കാണപ്പെട്ടു. പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട പോലെ. പെട്ടന്നായിരുന്നു സ്ത്രീയുടെ മുഖം ക്യാമറയില്‍ ശരിക്ക് പതിഞ്ഞത്. എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്‌. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ക്യാമറ വീണ്ടും ഒന്ന് പൊസിഷന്‍ ചെയ്തു. ഇതൊന്നും വലിയ പിടിയില്ലാത്ത കാര്യമാണ്‌. ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ഒരു അമേരിക്കല്‍ സിനിമോട്ടോഗ്രാഫറും ഏതോ ഒരു വലിയ ഇന്റര്‍നെറ്റ് കമ്പനിയുടെ തലവനും ചേര്‍ന്ന് ഒരുക്കിത്തന്നതാണ്‌ ഈ ദൃശ്യാനുഭവങ്ങള്‍. ഇതിലൂടെ വേണമെങ്കില്‍ തനിക്ക് ഇപ്പോള്‍ ജര്‍മനിയിലേയും വെനുസ്വേലയിലേയും തന്റെ ആശ്രമങ്ങളില്‍ എത്തിയിരിക്കുന്ന ഭക്തര്‍ക്ക് വരെ ദര്‍ശനം നല്‍കാം. ഭ്രാന്ത് തന്നെ.. അല്ലാതെന്ത്?


ക്യാമറ ഇപ്പോള്‍ ആ സ്ത്രീയെ അല്പം കൂടെ വ്യക്തമായി കാണാവുന്ന വിധമായിട്ടുണ്ട്. അതെ. വളരെ പരിചിതം തന്നെ ആ മുഖം. പക്ഷെ എവിടെ? സം‌യുക്തയെ പ്രൈവറ്റ് ഫോണില്‍ വിളിച്ചു.


"ഹരേകൃഷ്ണ! അവിടെ ഉപവിഷ്ഠരായിരിക്കുന്നവരുടെ വിശദാംശങ്ങള്‍ എന്തെങ്കിലും ഉണ്ടോ മകളേ. ഉണ്ടെങ്കില്‍ അത് എന്റെ അറയിലെ പ്രിന്ററിലേക്ക് അയക്കൂ."


"ഹരേകൃഷ്ണ! അയച്ചുകഴിഞ്ഞു മാതാ. അവരോട് എന്താണ്‌ പറയേണ്ടത്?” - പ്രിന്ററില്‍ എത്തിയ അവരുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചപ്പോള്‍ സത്യത്തില്‍ വിസ്മയിച്ചു പോയി. മനസ്സില്‍ എന്താഗ്രഹിച്ചോ, അതിലേക്കല്ലേ കൃഷ്ണന്‍ കൊണ്ടെത്തിക്കുന്നത്. ഭഗവാന്റെ ഓരോ ലീലകള്‍! അതെ, ഇവളെ എങ്ങിനെ മറക്കാന്‍ പറ്റും. അരുന്ധതിയെ മറക്കാന്‍ പറ്റുമോ. ഇല്ല, ഒരിക്കലുമില്ല. കരുണാമയിക്ക് വേണമെങ്കില്‍ അരുന്ധതിയെ അറിയില്ല എന്ന് പറയാം. പക്ഷെ ബിന്ദുവെന്ന പഴയ പടകാളിക്ക് അരുന്ധതിയെ അറിയില്ല എന്ന്‍ പറയാനോ മറക്കാനോ കഴിയില്ലല്ലോ!!


"ഹരേകൃഷ്ണ! അവരോട് പെട്ടന്ന് ശാന്തത്തിലേക്ക് വരുവാന്‍ പറയൂ"


"ഹരേകൃഷ്ണ! മാതാ.. ശാന്തത്തിലേക്കോ!? "- സം‌യുക്തയുടെ സംശയം കലര്‍ന്ന ചോദ്യമാണ്‌ തന്റെ സന്തോഷപ്രകടനം അല്പം അധികമായി പോയെന്ന തോന്നല്‍ ഉണ്ടാക്കിയത്. ഇതുവരെ ഒരു ഭക്തര്‍ക്കും സ്വകാര്യ അറയിലേക്ക് പ്രവേശനം നല്‍കിയിട്ടില്ലല്ലോ. ഭക്തര്‍ക്കെന്നല്ല, സം‌യുക്തക്ക് ഒഴികെ ആര്‍ക്കും അതിനുള്ള അനുവാദമില്ല.


"ഹാ ശാന്തത്തിലേക്കല്ല; സാന്ത്വനത്തിലേക്ക് വരുവാന്‍ പറയൂ" - ഓരോ മുറികള്‍ക്കും ഓരോ പേരുകള്‍ ഉണ്ട്. സാധാരണക്കാരായ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുകയും അവരെ അനുഗ്രഹിക്കുകയും അവരുടെ വിഷമങ്ങള്‍ കേള്‍ക്കുകയും ചെയ്യുവാനുള്ള വിശാലമായ തളമാണ്‌ 'സാന്ത്വനം'. സമൂഹത്തിലെ പ്രമുഖരായ വ്യക്തികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ദര്‍ശനം നല്‍കുവാന്‍ 'സ്നേഹം' എന്ന ശീതീകരിച്ച സ്യൂട്ട്. നിര്‍ധനരും അനാഥരുമായ ബാല്യങ്ങള്‍ക്കും അഗതികളായ വൃദ്ധര്‍ക്കും ദര്‍ശനവും അന്നദാനവും നല്‍കുവാനായി സ്റ്റുഡിയോ ഉള്‍പ്പെടെ എല്ലാ നൂതന സം‌വിധാനങ്ങളുമുള്ള 'കരുണം' എന്ന വലിയ മണ്ഢപം. തന്റെ പ്രഭാഷണങ്ങള്‍ക്കായി 'ഭജന്‍' എന്ന ഓഡിറ്റോറിയം. അങ്ങിനെ പലതും എല്ലാം കരുണാമയീ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ കരുണപ്രിയാനന്ദസ്വാമികളുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി പരിപാലിക്കപ്പെടുന്നു. ഒരോന്നിനും ഇത്തരത്തില്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത് ആര്‍ക്കിടെച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും അതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള കരുണപ്രിയാനന്ദ തന്നെ. അല്ലെങ്കില്‍ തന്നെ ഓട്ടുകമ്പനിയില്‍ പാറാവ് ജോലി നോക്കിയിരുന്ന പഴയ പ്രിഡിഗ്രിക്കാരി പടകാളി ബിന്ദുവിന്‌ ഇതൊക്കെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ കഴിയും!!


പടകാളി ബിന്ദുവിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നറിയാമെങ്കിലും ഇപ്പോള്‍ അരുന്ധതിയെ കണ്ടപ്പോള്‍ വീണ്ടും ആ പഴയ ബസ്സ് യാത്രകളും ഒട്ടുകമ്പനി ജീവിതവും ഒക്കെ ഓര്‍മ്മവരുന്നു. അരുന്ധതിയെയും രമചേച്ചിയെയും സാമിനെയും പിന്നെ.. പിന്നെ.. തന്റെ എല്ലാമായിരുന്ന ചിരുകണ്ടനേയും...


എന്തിനേയും ചങ്കൂറ്റത്തോടെ നേരിട്ടിരുന്ന കാലം. ഓട്ടുകമ്പനിയില്‍ പാറാവുകാരിയായിരുന്ന, തെറ്റുകളോട് കലഹിച്ച് പടകാളിയെന്ന വിളിപ്പേരു സമ്പാദിച്ച് നടന്നിരുന്ന കാലം... പാറാവ് ജോലിക്കിടയില്‍ എപ്പോഴാണ്‌ ജിവിതത്തിന്റെ സെക്യൂരിറ്റി കമ്പനിപ്പടിയില്‍ ഹെഡ്‌ലോഡ് തൊഴിലാളിയായിരുന്ന ചിരുകണ്ടനില്‍ സുരക്ഷിതമാകും എന്ന തോന്നല്‍ ഉണ്ടായത്? ഓര്‍മ്മയില്ല. പടകാളിക്കും പ്രണയമോ!! പലര്‍ക്കും അതൊരു അത്ഭുതമായിരുന്നു. തനിക്ക് പോലും!! മസിലുപെരുപ്പിച്ച ആ കൈകളും ഉരുക്കുപോലുള്ള ശരീരവും ചിരുകണ്ടനിലേക്ക് തന്നെ ആകര്‍ഷിച്ചുവെങ്കിലും അതിനേക്കാളേറെ നിശ്ചയദാര്‍ഢ്യമുള്ള ആ മനസ്സിനെയാണ്‌ സ്നേഹിച്ചുപോയത്. പക്ഷെ, ഗണകസമുദായത്തിലുള്ള ചിരുകണ്ടനെ പ്രേമിച്ചത് വീട്ടുകാര്‍ക്കും സമുദായത്തിനും പൊറുക്കാന്‍ കഴിയാത്ത തെറ്റായി. ഒടുവില്‍ വീട്ടുകാരെ ധിക്കരിച്ച് ചിരുകണ്ടന്റെ കൈപിടിച്ചിറങ്ങിയപ്പോള്‍ പടകാളിബിന്ദു വീട്ടുകാര്‍ക്കും ഒരു കരടായി. പിന്നീട് എപ്പോഴാണ്‌ പഴയ പടകാളി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്‍പില്‍ പരിഹാസ്യയായി നിന്നത്? എപ്പോഴാണ്‌ എന്തിനോടും ധീരമായി പ്രതികരിച്ചിരുന്ന പടകാളി എല്ലാവരെയും പേടിച്ച് വാനപ്രസ്ഥത്തിലേക്ക് രക്ഷപ്രാപിച്ചത്?


"ഹരേകൃഷ്ണ! മാതാ, അവരിരുവരും സാന്ത്വനത്തില്‍ കാത്തിരിക്കുന്നുണ്ട്.” - അവരില്‍ തനിക്കെന്തോ പ്രത്യേക താല്‍‌പര്യമുണ്ടെന്ന് തോന്നിയിട്ടാവണം സം‌യുക്ത ഒരിക്കല്‍ കൂടെ വിളിച്ചോര്‍മ്മിപ്പിച്ചത്. ശരിക്കും മനസ്സറിയുന്ന ശിഷ്യ തന്നെ ഇവള്‍.


സാന്ത്വനത്തിലേക്ക് കടന്നപ്പോള്‍ തന്നെ വിഷാദത്തോടെ ഇരിക്കുന്ന ദമ്പതികളെ കണ്ടു. തന്നെ കണ്ടതും ഇരുവരും എഴുന്നേറ്റു. അരുന്ധതി തന്റെ മുന്നില്‍ കൂപ്പുകൈകളോടെ നില്‍കുന്ന കാഴ്ച കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു വിഷമം. വര്‍ഷങ്ങള്‍ അരുന്ധതിയില്‍ ഒട്ടേറെ മാറ്റം വരുത്തിയിട്ടുണ്ട്. മുടിയിഴകളില്‍ അവിടിവിടെ ചെറിയ നരകള്‍. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മുഖം കണ്ടാലറിയാം. പണ്ടേ തന്നെ സഹയാത്രികരില്‍ മുഴുവന്‍ ഒരു പ്രാരാബ്ധക്കാരിയുടെ പരിവേഷമായിരുന്നല്ലോ അരുന്ധതിക്ക്.


പാദങ്ങളില്‍ ഒരു നനുത്ത സ്പര്‍ശം അറിഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി!! കാലുകള്‍ പിന്നിലേക്ക് വലിച്ചു കഴിഞ്ഞപ്പോഴാണ്‌ സമചിത്തത വീണ്ടെടുത്തത്. അരുത്... മൃദുലവികാരങ്ങളില്‍ തരളിതയാവരുത്. അത് ഇപ്പോഴുള്ള ഈ പരിവേഷത്തിന്‌ അനുയോജ്യമല്ല.


"എഴുന്നേല്‍ക്കൂ മകളേ”- ആമിയെ തോളുകളില്‍ പിടിച്ച് എഴുന്നേല്പ്പിക്കുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ വല്ലാതെ പണിപ്പെടേണ്ടി വന്നു. ആമിയുടെ വസ്ത്രധാരണരീതികളില്‍ വരെ വല്ലാത്ത മാറ്റം. എന്തുപറ്റി ഇവള്‍ക്ക്?


"പറയൂ മകളേ.. എന്താ മുഖം വല്ലാതെ വാടിയിരിക്കുന്നുവല്ലോ"


"അമ്മേ..” അരുന്ധതിയുടെ കണ്ണുകള്‍ സജലങ്ങളാവുന്നത് തളര്‍ച്ചയോടെ നോക്കിനിന്നുപോയി. ഇനിയും ഇവള്‍ക്ക് മനസ്സിലായില്ലേ ഈ പടകാളിയെ!! ഇത്ര അടുത്ത് കണ്ടിട്ടും മനസ്സിലാവാതിരിക്കാന്‍ തക്ക മാറ്റങ്ങള്‍ ഒരു പക്ഷെ കാലം തന്നില്‍ വരുത്തിയിട്ടുണ്ടാകും... ഉള്ളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നത് അവരറിയാതിരിക്കാന്‍ വല്ലാതെ പണിപ്പെടേണ്ടിവന്നു. നിറഞ്ഞ മിഴികളോടെ നില്‍ക്കുന്ന അവളെ മാറോട് ചേര്‍ക്കുമ്പോള്‍ ഓട്ടുകമ്പനിയിലെ പാറാവുജോലികഴിഞ്ഞ് വിയര്‍ത്ത ശരീരം അവളില്‍ അലോസരമുണ്ടാക്കാതിരിക്കാനെന്ന വണ്ണം അകത്തേക്കൊന്ന് ഉള്‍‌വലിച്ചുവോ!


"അമ്മേ... എന്റെ ഭര്‍ത്താവിന്റെ അസുഖം ഒന്ന് ഭേദമാക്കി തരൂ അമ്മേ.. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ താളം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.”


ഉള്ളില്‍ വന്ന പൊട്ടിച്ചിരി പുറത്തേക്ക് വരാതെ നോക്കാന്‍ പണിപ്പെടേണ്ടി വന്നു. രോഗങ്ങളോടുള്ള ഭയം മൂലമാണ്‌ കരുണാമയി ട്രസ്റ്റിന്റെ ആശുപത്രികളില്‍ രോഗികള്‍ക്ക് ദര്‍ശനമേകുവാന്‍ .. ഒരല്പം സ്വാന്തനമേകാന്‍ താന്‍ തുനിയാതിരിക്കുന്നതെന്ന സത്യം ഇവളോട് വിളിച്ചു പറയാന്‍ തോന്നി. രഘുനാഥന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. രഘുനാഥനെ ആദ്യമായാണ്‌ കാണുന്നത്. കേട്ടറിഞ്ഞ രൂപത്തില്‍ നിന്നൊക്കെ കാലം ഒട്ടേറെ മാറ്റങ്ങള്‍ അദ്ദേഹത്തിലും വരുത്തിയിട്ടുണ്ട്. എന്തൊക്കെയോ അസുഖങ്ങള്‍ ഉണ്ട് എന്നറിയാമായിരുന്നു. പക്ഷെ.. ഇത്രയധികം പ്രശ്നങ്ങള്‍ക്ക് നടുവിലാണ്‌ അവരെന്ന് അറിയില്ലായിരുന്നു. അവളുടെ കണ്ണുകളിലെ പ്രതീക്ഷ വല്ലാതെ തളര്‍ത്തിക്കളയുന്നു. എങ്ങിനെയൊക്കെയോ പലര്‍ക്കും താങ്ങാവാന്‍ കഴിയുന്നുണ്ട് എങ്കിലും ഒന്നിനുമുള്ള കഴിവ് ഇല്ല എന്ന് സ്വയം വിശ്വാസമുള്ളപ്പോള്‍ ഇവളെ എങ്ങിനെ വഞ്ചിക്കും? പിന്നില്‍ തന്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത് നില്‍ക്കുന്ന സം‌യുക്തയുടെ നേരെ ഒന്ന് നോക്കി.


"ഹരേകൃഷ്ണ! സഹോദരാ..താങ്കള്‍ക്ക് നല്ല ക്ഷീണമുണ്ട്. വന്നോളൂ. അല്പസമയം അഭയത്തില്‍ വിശ്രമിക്കാം. അപ്പോഴേക്കും മാതാ ഈ സഹോദരിയുമായി സംസാരിക്കട്ടെ". - തനിക്ക് ആമിയോട് എന്തോ സ്വകാര്യമായി സംസാരിക്കുവാനുണ്ടെന്ന് ഇവള്‍ എങ്ങിനെ മനസ്സിലാക്കി!! സത്യത്തില്‍ ഇവളിലല്ലേ അല്പമെങ്കിലും ദൈവീകഭാവം കുടികൊള്ളുന്നത്!! രഘുനാഥനെയും കൂട്ടി തളത്തിന്‌ പുറത്തിറങ്ങി പരിചാരകര്‍ക്ക് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്ന സം‌യുക്തയെ ഒരു നിമിഷം വിസ്മയത്തോടെ നോക്കി നിന്നുപോയി.


"ആമി ഇരിക്കൂ" വിശാലമായ തളത്തിന്‌ നടുക്ക് വിരിച്ചിരിക്കുന്ന ജമുക്കളത്തില്‍ ചമ്രം‌പടിഞ്ഞ് തികഞ്ഞ യോഗിയെ പോലെ ഇരുന്നു. അത്ഭുതകരമായ എന്തോ കേട്ടിട്ടെന്ന പോലെ വിസ്മയത്തോടെയും അതിലേറെ പകപ്പോടെയും നില്‍ക്കുന്ന അരുന്ധതിയെ അരികില്‍ പിടിച്ചിരുത്തേണ്ടി വന്നു. നിറകണ്ണുകളോടെ, തൊഴുകൈയുമായി ഇരിക്കുന്ന അവളെ സഹതാപത്തോടെ നോക്കി.


"ഇനിയും നിനക്കെന്നെ മനസ്സിലായില്ലേ ആമീ!?.. " തൊഴുതുപിടിച്ചിരിക്കുന്ന അവളുടെ കരങ്ങള്‍ കവര്‍ന്നെടുത്ത് കൊണ്ട് ചോദിക്കുമ്പോഴേക്കും തന്റെ കണ്ണിലും മൂടല്‍ ബാധിക്കുന്നത് അറിഞ്ഞു. അരുന്ധതി വല്ലാതെ ഭയപ്പെട്ട് പോയെന്ന് തോന്നുന്നു. പാവം..


അരുന്ധതിയുടെ കണ്ണുകളിലെ ഭാവം വല്ലാതെ പേടിപ്പിക്കുന്നു. എന്തൊക്കെ ഭാവങ്ങളാണ്‌ ഒരു നിമിഷം കൊണ്ട് ആ നിറമിഴികളില്‍ വന്നത്. അത്ഭുതം.. ഭയം.. ഭക്തി.. ആഹ്ലാദം..


"ആമീ, ഇത് ഞാനാണ്‌. പഴയ പടകാളി."


"മാതാ.." അവളിലെ വിസ്മയം വിട്ടുമാറിയിട്ടില്ല. എല്ലാം ഒന്ന് തുറന്ന് പറയാം. തുറന്ന് പറയുമ്പോള്‍ ഒരു പക്ഷെ അല്പം ആശ്വാസം കിട്ടിയാലോ?


"നിനക്കോര്‍മയില്ലേ പഴയ പടകാളിയെ. അവസാനമായി നമ്മള്‍ കാണുമ്പോള്‍ ചിരുകണ്ടന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു എന്ന് എന്റെ ഓര്‍മ്മ. അതെ.. അമിതമായ മദ്യപാനം ചിരുകണ്ടന്റെ കരള്‍ ഏതാണ്ട് പൂര്‍ണ്ണമായി കാര്‍ന്നുതിന്നിരുന്നു. വീടിനും സമുദായത്തിനും നാണക്കേടുണ്ടാക്കി, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയവള്‍ക്ക് അങ്ങിനെ തന്നെ വരണമെന്ന് പറഞ്ഞ് എന്റെ വീട്ടുകാരും ചിരുകണ്ടന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞ് അവന്റെ വീട്ടുകാരും തിരിഞ്ഞുനോക്കാതായപ്പോള്‍ സര്‍ക്കാറാശുപത്രിയില്‍ അവന്‌ കാവലിരുന്ന എനിക്ക് കൈതാങ്ങായത് അവന്റെ കൂട്ടുകാരായിരുന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ക്ക് സ്വന്തം സഹോദരന്മാരെപോലെ അവര്‍ ഓടിനടന്നു. ജീവതമെന്ന ഞാണിന്മേല്‍ കളിയുമായി മല്‍‌പിടുത്തത്തില്‍ ആയിരുന്നതിനാല്‍ പുറത്ത് നടന്നിരുന്ന വൃത്തിക്കെട്ട സംസാരങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ എന്നെ ഒന്നും അറിയിക്കാതിരിക്കാന്‍ ആ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. പക്ഷെ, കാലം വികൃതി തുടര്‍ന്നതേ ഉള്ളൂ. എന്നെ തനിച്ചാക്കി എന്റെ ചിരുവിനെയും കൊണ്ട് കാറ്റ് പറന്ന് പോയി. പിന്നീട് കേള്‍ക്കേണ്ടി വന്നത് മുഴുവന്‍ അപമാനത്തിന്റെ കഥകളാണ്‌. അഴിഞ്ഞാട്ടക്കാരി... ഭര്‍ത്താവിനെ മദ്യത്തില്‍ മയക്കികിടത്തി അവന്റെ കൂട്ടുകാരോടൊപ്പം കൂത്താടി നടക്കുന്നവള്‍... എല്ലാത്തിനോടും ഞാന്‍ പൊരുതി നിന്നേനേ.. പക്ഷെ.. തന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞ് പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളേയും ഒരു കുപ്പി വിഷവുമായി വീടിന്റെ പടിക്കല്‍ വന്ന് അലമുറയിട്ട ആ ചേച്ചിയുടെ കണ്ണീര്‍ എന്നിലെ പടകാളിയെ തല്ലിക്കെടുത്തി. അതോടെ ഞാന്‍ തളര്‍ന്ന് പോയി ആമീ.."


അരുന്ധതി വല്ലാത്ത ഒരു പകപ്പോടെ കേട്ടിരിക്കുകയാണ്‌. അവളുടെ മുഖത്ത് ഇപ്പോഴും വിശ്വാസം വരാത്ത പോലെ..


"അന്ന് രാത്രിയില്‍ തന്നെ അവിടം വിട്ടു. മരിക്കാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ നടക്കുന്ന എന്നെ കണ്ട് ചില ചെറുപ്പക്കാര്‍ പിറകേ കൂടി. അവരുടെ കണ്ണില്‍ നിന്നും രക്ഷപ്പെടുവാനായിരുന്നു സത്യത്തില്‍ ഇടിഞ്ഞുപൊളിഞ്ഞ് കിടന്നിരുന്ന ഒരു ക്ഷേത്രത്തിലേക്ക് ഓടി കയറിയത്. അന്ന് രാത്രിയില്‍ മുഴുവന്‍ ഭയന്ന് അവിടെ കഴിച്ച് കൂട്ടി. അത് ഒരു നിമിത്തമായിരുന്നു. ഇപ്പോളോര്‍ക്കുമ്പോള്‍ ചിരി വരുന്നു. പനിപിടിച്ച് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്ന എന്നെ കണ്ടെത്തിയവര്‍ എന്നില്‍ ദൈവത്തെ കണ്ടെത്തി. അല്ലെങ്കില്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ ആ ക്ഷേത്രത്തില്‍ ദേവിക്കല്ലാതെ ആര്‍ക്ക് ഒരു രാത്രി ഒറ്റക്ക് കഴിയാന്‍ കഴിയും!! അവരിലെ സംശയം മറ്റുള്ളവരും ശരിവച്ചു. പിന്നെ എന്തെല്ലാം നടന്നു. ഒട്ടേറെ പാടിപുകഴ്തലുകള്‍ നീയും കേട്ടിട്ടുണ്ടാവില്ലേ ആമീ. ജിവിച്ച് കൊതിതീരാതിരുന്നതിനാല്‍ എല്ലാറ്റിനുമൊപ്പം യാന്ത്രീകമായി സഞ്ചരിച്ചു. ഇന്ന് ഇവിടെ വരെ.."


എല്ലാം പറഞ്ഞ് തീര്‍ത്തപ്പോള്‍ മനസ്സിന്‌ വല്ലാത്ത ഒരു ഉണര്‍‌വ്വ്. പഴയ പടകാളിയെ തിരിച്ചുകിട്ടിയ പോലെ. അരുന്ധതിയുടെ മുഖത്ത് പക്ഷെ ഇപ്പോഴും പകപ്പ് തന്നെ. അവള്‍ കൂപ്പുകൈകളോടെ തന്നെ ഇരിക്കുന്നത് കണ്ട് മനസ്സ് വല്ലാതെ വേദനിച്ചു.


"ഇനിയും നിനക്ക് ഒന്നും പറയാനില്ലേ ആമീ.. നിനക്കെങ്കിലും എന്നെ മനസ്സിലാക്കിക്കൂടെ.?! ഒരിക്കല്‍ കൂടെ ആ പടകാളി എന്ന വിളികേള്‍ക്കാന്‍ കൊതിതോന്നുന്നു. എന്നെ...എന്നെയൊന്ന് പടകാളിയെന്ന് വിളിക്കാമീ.."


"മാതാ.. കഴിയില്ല.. എനിക്ക് കഴിയില്ല മാതാ.. എന്റെ ഭര്‍ത്താവിന്റെ ഹൃദയമിടിപ്പിന്റെ താളം ഒന്ന് കൃത്യമാക്കാന്‍ സഹായിക്കൂ അമ്മേ." കൂപ്പുകൈകളൊടെ ഇരിക്കുന്ന അരുന്ധതിയുടെ നേര്‍ക്ക് നിസ്സാഹയതയോടെ നോക്കി.


അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന കണ്ണീര് ഒപ്പിയെടുത്ത് അവളെ മാറോട് ചേര്‍ക്കുമ്പോള്‍ ഓര്‍മ്മകളില്‍ നിന്ന് പോലും പടകാളിയെ അകറ്റിനിര്‍ത്താന്‍ മനസ്സുകൊണ്ട് ശ്രമിക്കുകയായിരുന്നു.


ചിത്രത്തിന്‌ കടപ്പാട് : ബ്ലോഗര്‍ മനോജ് തലയമ്പലത്ത്

70 comments:

Junaiths പറഞ്ഞു... മറുപടി

മച്ചു..ഇങ്ങനെയാവും അല്ലെ പലരും സ്വാമിമാരും സ്വാമിനികളുമൊക്കെ ആകുന്നത് ,കഥനം ഇഷ്ടമായി..എന്നാലും മനുവിന്റെ നല്ല കഥകളുടെ കൂട്ടത്തില്‍ ഇതിനെ ചേര്‍ക്കുന്നില്ല.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

പൂര്‍വ്വാശ്രമത്തിന്റെ വേട്ടയാടല്‍
ശക്തമായവതരിപ്പിച്ചിരിക്കുന്നു.
ആത്മീയതക്കും ലൌകികതക്കും
ജീവിതം ഒന്നു തന്നെ എന്നു
വെളിപ്പെടുത്തുന്നു ഈ കഥ

Unknown പറഞ്ഞു... മറുപടി

മനോരാജ് .. .....കഥ കൊള്ളാം ..പിന്നെ കഥയില്‍ ഇത്തിരി പുതുമ ഉണ്ട് ........സ്വാമിനിയുടെ കഥ എല്ലാവര്യും പറയും എന്നാല്‍ അതില്‍ വിങ്ങി പൊട്ടുന്ന ഇത് പോലെ ഉള്ളവരെ കാണിച്ചു തരുന്നു ഈ കഥ ..നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ചില നേരുകളിലെക്കുള്ള എത്തിനോട്ടവും ആള്‍ദൈവങ്ങളുടെ ജനനവും വളരെ വിശദമായി പറഞ്ഞിരിക്കുന്നു. എവിടെയൊക്കെയോ നാം കാണുന്ന വിഗ്രഹങ്ങളുടെ ഛായ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ഒരാള്ദൈവത്തിന്റെ ഉയര്‍ച്ചക്ക് മുന്നില്‍ അവരുടെ പൂര്‍വ്വാശ്രമ ജീവിതം എത്ര തെളിവോടെ വിവരിച്ചാലും ഒരിക്കലും അതംഗീകരിക്കാന്‍ കഴിയാതെ ദൈവത്തിനു ചുറ്റും സ്വന്തം വിഷമങ്ങളുടെ ശമനം തേടി കാത്ത്‌ കിടക്കുന്നവരാണ് അധികവും. എവിടെയും അഴിമതിയും തന്കാര്യവുമായി കാലം നീങ്ങുമ്പോള്‍ എന്ത് ചെയ്യണമെന്നു പിടിയില്ലാതെ വരുന്ന ഒരു പറ്റം മനുഷ്യര്‍ തരിച്ചു നില്‍ക്കുന്നിടത്തെക്ക് ആള്‍ദൈവങ്ങളുടെ ആശ്വാസം കടന്നു വരുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

കഥയ്ക്ക് ഒരു ഫ്രഷ്‌നസ്സ് കൈവന്നിട്ടുണ്ട്.
ശരിക്കും ഇങ്ങനെ തന്നെയാണ് ഇങ്ങനെ ചില മാതാ മാര്‍ ഉണ്ടായത് എന്ന് മുന്‍പേ തന്നെ കേട്ടിട്ടുണ്ട്.

lekshmi. lachu പറഞ്ഞു... മറുപടി

ആള്‍ദൈവങ്ങള്‍ ഇനിയും ജെനിച്ചു കൊണ്ടിരിക്കും..
ഓരോ ആള്ദൈവതിനും കാണും ഇങ്ങനെ ഓരോ
കഥകള്‍..ഇന്ന്‍ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കാന്‍
പറ്റുന്നതും ഇതു തന്നെ..കഥ ഇഷ്ടായി

കൂതറHashimܓ പറഞ്ഞു... മറുപടി

വായിച്ചു
കഥ കൊള്ളാം

മഠവും സ്വാമിജിയും നേര്‍കാഴ്ച്ചകളാവുന്നുവോ എന്ന് സംശയം (എന്റെ തോന്നലാവാം)

Anil cheleri kumaran പറഞ്ഞു... മറുപടി

ആൾദൈവങ്ങൾ ഉണ്ടാവുന്നത്.. നന്നായിട്ടുണ്ട്.

mini//മിനി പറഞ്ഞു... മറുപടി

എന്ത് പറയാനാ? പുത്തൻ പ്രമേയവുമായി ഒരു പുത്തൻ അവതാരകഥ. സൂപ്പർ,,,

അജ്ഞാതന്‍ പറഞ്ഞു... മറുപടി

കഥയിലെ കരുണാമയീദേവിക്ക് ആരുടെയോ ഒക്കെ മുഖഛായ തോന്നുന്നത് എന്റെ കുഴപ്പമല്ലല്ലോ അല്ലേ. കഥ പറച്ചില്‍ ഇഷ്ടപ്പെട്ടു. വിഷയത്തിലെ വൈവിദ്ധ്യവും.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

ഭായ്....
ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു...
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...

LiDi പറഞ്ഞു... മറുപടി

ഹരേകൃഷ്ണ!
:-)

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

എല്ലാ ആൾദൈവങ്ങളുടെയും പിന്നിൽ ഇതുപോലെ ചില കഥകളുണ്ടാവൂം.നന്നായിരിക്കുന്നു.

Kavya പറഞ്ഞു... മറുപടി

വളരെ വളരെ ഇഷ്ടമായി.പുതുമയുള്ള കഥാതന്തു.അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു... മറുപടി

നന്നായെടാ.. ഇനിയും പുതിയ വിഷയങ്ങൾ വരട്ടെ

ajith പറഞ്ഞു... മറുപടി

കരുണാമയിയുടെ ഉള്ളിലെ പടകാളിയുടെ വിങ്ങല്‍ നന്നായി എഴുതിയല്ലോ.. ഞാന്‍ ആദ്യമായാണ് ഒരു “മനോരാജ് കഥ” വായിക്കുന്നത്. മറ്റു രചനകള്‍ പിന്നെ നോക്കാം.

zephyr zia പറഞ്ഞു... മറുപടി

കഥ ഇഷ്ടപ്പെട്ടു... ഇങ്ങനെയൊക്കെതന്നെയാവും മനുഷ്യദൈവങ്ങള്‍ ഉണ്ടാകുന്നതല്ലേ? വായിച്ചു തുടങ്ങിയപ്പോള്‍ അഗ്നിസാക്ഷി ഓര്‍മ വന്നു...

അലി പറഞ്ഞു... മറുപടി

ആൾദൈവങ്ങളുടെ ഭൂതകാലത്തെ ആരും ചികയാറില്ല.

കഥ നന്നായി.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ജീവിച്ചിരിക്കുന്ന ഭീമാകാര സമാനമായ ബിംബങ്ങളോട് മത്സരിച്ചു വേണം ഈ കഥ വായിക്കാന്‍.സ്വാഭാവികമായും ആ ബിംബങ്ങളുമായി ചിലയിടങ്ങളില്‍ മനസ് അറിയാതെ താദാത്മ്യം കൊള്ളുകയും ചെയ്യും..
അത് കൊണ്ടുതന്നെ കേന്ദ്ര കഥാപാത്രത്തിന്റെ ഭൂതകാലം അല്പം അവിശ്വസനീയമായി അനുഭവപ്പെടാം !
..ഏയ്‌ ഇത് സത്യമായിരിക്കില്ല വെറുതെ ഓരോന്നെഴുതുന്നു എന്നും തോന്നാം..പക്ഷെ ആധുനിക സൌകര്യങ്ങളുള്ള ആശ്രമത്തെ പറ്റി പറയുന്ന കാര്യങ്ങളൊക്കെ അസ്സലായി.. ഇങ്ങനെ അസൂയാവഹമായ ഔന്നത്യങ്ങളില്‍ എത്തിയവര്‍ എത്ര ആത്മ മിത്രമാനെങ്കിലും ഇങ്ങനെ ഒരു തുറന്നു പറച്ചിലിന് മുതിരുമോ ?

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

കഥ വളരെ ഇഷ്ടപ്പെട്ടു....
ഈ സ്വാമി-സ്വാമിനിമാരോടും, വൈദീക-കന്യാസ്ത്രീമാരോടും, ബുദ്ധഭിക്ഷുക്കളോടും, ലാമമാരോടും, ഒക്കെ എനിക്കെന്നും സഹതാപമേ തോന്നിയിട്ടുള്ളൂ....പ്രത്യേകിച്ചും ഈയിടെ സി. ജെസ്മിയുടെ ഇന്റര്‍വ്യൂ ടീവിയില്‍ കണ്ടതിനു ശേഷം....

Sabu Hariharan പറഞ്ഞു... മറുപടി

നിലവാരം തോന്നിയില്ല എന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു.
സംഭാഷണങ്ങൾക്ക്‌ സ്വാഭാവികത തോന്നാതിരുന്നാൽ വായന അസഹ്യമാവും.

കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ, കഴിയുന്നതു സാഹിത്യ ഭാഷ ഒഴിവാക്കൂ (കഥാ പാത്രങ്ങൾ ബുദ്ധിജീവികൾ അല്ലെങ്കിൽ മാത്രം)
ഉദാ:
"അമ്മേ... എന്റെ ഭര്‍ത്താവിന്റെ അസുഖം ഒന്ന് ഭേദമാക്കി തരൂ അമ്മേ.. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ താളം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.”
ഉള്ളില്‍ വന്ന പൊട്ടിച്ചിരി പുറത്തേക്ക് വരാതെ നോക്കാന്‍ പണിപ്പെടേണ്ടി വന്നു..."

എനിക്കും ഉള്ളില്‍ വന്ന പൊട്ടിച്ചിരി പുറത്തേക്ക് വരാതെ നോക്കാന്‍ പണിപ്പെടേണ്ടി വന്നു.
ഇവിടെ ഭർത്താവിന്റെ സുഖത്തിന്‌ ഒരു വഴി തേടി വരുന്ന സ്ത്രീ സംസാരിക്കുന്നത്‌ നോക്കു.

ആമിയോട്‌ പഴയ കാര്യങ്ങൾ പറയുന്നത്‌ കുറച്ച്‌ കൂടി പോയി. അതിലും സാഹിത്യ ഭാഷയുടെ അതിപ്രസരം സംഭാഷണത്തിന്റെ സുഖം മുഴുവനും ചോർത്തി കളഞ്ഞു.

ഇതൊക്കെ ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും. ആശംസകൾ.

പിന്നെ ഒരു കാര്യം, കഥ കൊണ്ട്‌ ആരെയാണ്‌ ഉദ്ദേശിച്ചത്‌ എന്ന് ആർക്കും മനസ്സിലാവില്ല എന്നതാണ്‌!

ഒരു കാര്യം വിട്ടു
ആ ചിത്രം..അതു ഭീകരം എന്നു പറയാതെ വയ്യ!

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നന്നായി കഥ, അഴകുള്ളവളെ അമ്മേ എന്നു വിളിക്കുന്ന ഒരു കാലത്ത് ഒരു ദൈവം എങ്ങനെയുണ്ടായി എന്ന് ദൈവത്തെ പ്രതിയാക്കാതെ പുതുമയോടെ പറഞ്ഞ കഥ. ആമിയുടെ അവസാന പ്രതികരണം, തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാത്ത മാനസികാവസ്ഥ വളരെ നന്നായി.

khader patteppadam പറഞ്ഞു... മറുപടി

'ദൈവ' മനസ്സിലാണു്‌ കയറി കൈവെച്ചിരിക്കുന്നത്‌...! കൊള്ളാം . ഒറ്റ ശ്വാസത്തില്‍ വായിച്ചു. വരട്ടെ, അമ്പുകളും ശരങ്ങളും. കവചമണിയുക, ദൃഢതയുടെ കവചം

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

പ്രമേയവും മനോരാജിന്റെതായ അവതരണ ശൈലിയും നന്നായി, സംഭാഷണത്തില്‍ കടിച്ചാല്‍ പൊട്ടാത്ത ഭാഷ ഉപയോഗിച്ചു എന്ന പോരായ്മ കഥയുടെ അവതരണ രീതി കൊണ്ടും പുതുമയാര്‍ന്ന പ്രമേയം കൊണ്ടും സുന്ദരമായി മറികടക്കാനായി എന്നതും പറയാതിരിക്കാന്‍ കഴിയില്ല.

സസ്നേഹം
വഴിപോക്കന്‍

വിനയന്‍ പറഞ്ഞു... മറുപടി

ത്രെഡ് ഇഷ്ട്ടപ്പെട്ടെങ്കിലും കഥ എനിക്കത്ര ഇഷ്ട്ടമായില്ല(കഥ നിര്‍ത്തിയത് ഇഷ്ട്ടമായെങ്കിലും)... ഒരു അപേക്ഷയുടെ സ്വരത്തില്‍ സാഹിത്യം കലര്‍ന്ന് വന്നത് കല്ല്‌ കടിയായി. അരുന്ധതിയുടെ കഥ അല്‍പ്പം ക്ലീഷേ ഉണ്ടെങ്കില്‍ പോലും മുന്‍പ് വളരെ രസിച്ചു വായിച്ച ഒന്നായിരുന്നു... അതിനെ കണക്റ്റ് ചെയ്തപ്പോള്‍ എന്തെങ്കിലും പുതുമ വരുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല... എന്തായാലും അടുത്ത കഥ പുതുമയുള്ളതും ഒപ്പം പുതുമയുള്ള ട്രീട്മെന്റ്റ് കൂടിയാവട്ടെ എന്ന് ആസംസിക്കട്ടെ :) . സരമാഗോയുടെ ഒരു കിടിലന്‍ നോവല്‍(Death at Intervals) വായിച്ചു നിര്‍ത്തിയതെ ഉള്ളു. വായിച്ചിട്ടില്ലെങ്കില്‍ വിടണ്ട.

വിനയന്‍ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sijo george പറഞ്ഞു... മറുപടി

ഒരു ഫ്രഷ് തീം.. പക്ഷേ, അവതരണം കുറച്ചൂടെ നന്നാക്കാമായിരുന്നു. ആശംസകൾ..

Rahul പറഞ്ഞു... മറുപടി

ending was good.

But the dialogues were too much aritificial.

Etho 60'S ile nadakam kaanunna pole..

karaline kaarnnu thinnu ennoke nammal real lifeil parayumo?

pinne avar thurannuparanjenkil, pinne avarkk nilanillpundo.. aa athu potte..

anyway improvement cud hav been done on the dialogues..

amritha channelkaar kananda.. ;)

Joji പറഞ്ഞു... മറുപടി

പുതുമയുള്ള കഥയെന്നു തോന്നിയതേയില്ല.. കരുണാമയീദേവിയെയും അവരുടെ അപ്പിയറന്‍സും ആശ്രമത്തിലെ അന്തരീക്ഷവുമൊക്കെ വിവരിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ പല മലയാളസിനിമകളിലും ഉള്ള ഇത്തരത്തിലുള്ള രംഗങ്ങള്‍ എഴുതിവച്ചിരിക്കുന്നതുപോലെ തോന്നി. പിന്നെ ഇവിടെ തമാശക്കുപകരം ഇതിനൊരു സെന്റിമെന്റല്‍ ഭാവം കൊടുത്തിരിക്കുന്നു എന്നു മാത്രം..

പാവത്താൻ പറഞ്ഞു... മറുപടി

Sorry to say This one does not find a place among your good stories.

പ്രയാണ്‍ പറഞ്ഞു... മറുപടി

മനോജിന്റെ മറ്റുകഥകളുടെ ഒപ്പം നിന്നില്ലയെന്നുതന്നെയാണ് എനിക്കും തോന്നിയത്. സ്വാമിനിയെ പരിചയം തോന്നുന്നത് വെറുതെയാവുമല്ലേ.....:)

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു... മറുപടി

ഇത്ര നീളത്തില്‍ എഴുതാതെ വായിച്ചു വായിച്ചു മടുത്തു
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

പൂർവ്വാശ്രമത്തിലെ വിഹ്വലതകൾ ഏതൊരു യോഗി/യോഗിനി മാരുടെ ഉള്ളിലും ഉണ്ടായിരിക്കും...
അതെല്ലാം മറക്കുവാനാണല്ലോ പുത്തൻ ഭക്തിമാർഗ്ഗങ്ങൾക്ക് അവർ വഴിമരുന്നിടുന്നത് അല്ലേ

Unknown പറഞ്ഞു... മറുപടി

ആള്‍ദൈവങ്ങളുടെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറഞ്ഞ
പടകാളിപ്പെണ്ണിന്‍റെ ചരിതത്തിന്
അഭിനന്ദനങ്ങള്‍...

പാര്‍ത്ഥന്‍ പറഞ്ഞു... മറുപടി

“ആയുഷ്മാൻ ഭവ”എന്ന നരേന്ദ്രപ്രസാദിന്റെ ഡയലോഗ് ഓർമ്മവന്നു. സന്ന്യാസത്തെക്കുറിച്ചറിയാത്ത നമ്മൾ തന്നെയാണ് കപട ദൈവങ്ങളെ വളർത്തുന്നത്. അതിന് അവരെ കുറ്റം പറയുന്നവരുടെ കൂട്ടത്തിൽ ഞാൻ ഉണ്ടാവില്ല.

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

വിഷയത്തിലെ പുതുമ ഇഷ്ടായി ട്ടൊ...
ഉന്നത സ്ഥാനത്തിരിയ്ക്കുന്നവരുടെ കൊച്ചു ആഗ്രഹങ്ങളും,സന്തോഷങ്ങളുമെല്ലാം പ്രകടിപ്പിയ്ക്കാനാവാത്ത നിസ്സഹായവസ്ഥ..

thalayambalath പറഞ്ഞു... മറുപടി

എന്റെ അഭിനന്ദനങ്ങള്‍

Lipi Ranju പറഞ്ഞു... മറുപടി

'മാതാ'യുടെ പഴയകാലം മറക്കനാവാത്തത്തിന്‍റെ
വീര്‍പ്പുമുട്ടലുകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
കഥ ഇഷ്ട്ടപ്പെട്ടു .... അവസാനിപ്പിച്ച രീതിയും ...

സാബിബാവ പറഞ്ഞു... മറുപടി

എനിക്കിഷ്ട്ടമായി. നല്ല കഥ എല്ലാ ദൈവങ്ങള്‍ക്കും കാണും ഇതുപോലെ ഒരു പിന്നാമ്പുറം മനുവിന്റെ നല്ലകഥകള്‍ ഇനിയും ഉണ്ടാകട്ടെ ആശംസകളോടെ..

Manju Manoj പറഞ്ഞു... മറുപടി

വായിച്ചു മനോരാജ്...എല്ലാ ആള്‍ദൈവങ്ങളുടെ പിന്നിലും ഇതൊക്കെ തന്നെ ആവും ഉണ്ടാകുക അല്ലെ..അവരുടെ ആ വീര്‍പ്പുമുട്ടല്‍ ശരിക്കും അവതരിപ്പിച്ചിട്ടുണ്ട്.പിന്നെ ഇഷ്ടമാവഞ്ഞത്,എല്ലാവരും പറഞ്ഞപോലെ സംഭാഷണങ്ങളിലെ അസ്വാഭാവികത...ബാക്കി എല്ലാം നന്നായി...

Varun Aroli പറഞ്ഞു... മറുപടി

കഥ നന്നായി. പടകാളിയുടെ ആശ്രമം നേരില്‍ കണ്ടത് പോലെ.
പക്ഷെ ഒരു പുതുമയുള്ള വിഷയമായി തോന്നിയില്ല.

chithrangada പറഞ്ഞു... മറുപടി

മനു ,കഥയുടെ പ്രമേയത്തില്‍
പുതുമ അവകാശപ്പെടാനില്ല .......
എന്നാലും ചിലയിടങ്ങളില്‍
വിവരണം രസമായിട്ടുണ്ട് .
പക്ഷെ മനുവിന്റെ പതിവ്
നിലവാരത്തിലെക്കെത്ത്തിയില്ല
എന്ന് തോന്നുന്നു .

G.MANU പറഞ്ഞു... മറുപടി

ഹൃദ്യമായ കഥയും അവതരണവും മനോ.. സ്വാമിനി മനസില്‍ തങ്ങി

Kadalass പറഞ്ഞു... മറുപടി

എനിക്കിഷ്ടമായി..
ഒഴുക്കോടെ വായിക്കാൻ പറ്റി...
എല്ലാ ആശംസകളും നേരുന്നു

Shyam പറഞ്ഞു... മറുപടി

നല്ല കഥ, അവതരണം. "ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയി ഒരു സാമ്യവും ഇല്ല. ഉണ്ടെങ്കില്‍ അത് യാദ്രിശ്ചികം മാത്രം." എന്ന് ഒരു കുറിപൂടെ ഇട്ടാലോ?

മനു കുന്നത്ത് പറഞ്ഞു... മറുപടി

കഥ പറയുന്ന രീതി ഇഷ്ടായി.
ചില്ലക്ഷരങ്ങളെനിക്കങ്ങോട്ട് ക്ലിയറാവുന്നില്ല.
അത് എന്‍റെ ബ്രൌസറിന്‍റെ പ്രോബ്സാണോ?
അതോ മനോരാജ് യൂസ് ചെയ്യുന്ന സോഫ്റ്റ്വെയറിന്‍റെ പ്രോബ്സ് ആണോ എന്നറിയില്ല..!

ആശംസകള്‍..!

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. ചില ഭാഗങ്ങളില്‍ മനോ വളരേ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ കൊണ്ട് ആഖ്യാനം ഏറെ സമ്പന്നമാക്കിയപ്പോള്‍ ചിലയിടങ്ങളില്‍ അല്പം ഉഴപ്പിയതായി തോന്നി. ആശംസകള്‍.

Unknown പറഞ്ഞു... മറുപടി

വന്നു പോയിരുന്നെങ്കിലും
ഇന്നാണ്‌ വായിക്കാൻ കഴിഞ്ഞത്!
ആനുകാലിക പ്രസക്തമാണ്‌ വിഷയം..
അവതരണം ലളിതം...സുന്ദരം

വേറിട്ട ഒരു ക്രാഫ്റ്റോ, ആഖ്യാന ശൈലിയോ
കാണാൻ കഴിയാത്തതിൽ നിരാശ ഇല്ലാതില്ല..
ഇനിയും നല്ല കഥകൾ പിറക്കട്ടെ, ആശംസകൾ

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

ബസ്റ്റാന്റിലെ പോക്കറ്റടിക്കാരൻ ജീവിക്കാൻ വേണ്ടി വെങ്കിടി സ്വാമികൾ ആയ വെളിപെടുത്തൽ നടത്തുന്ന സിനിമയാണ് നന്ദനം കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ജഗതിയും ...നന്മനിറഞ്ഞ മനസുള്ളവർ എല്ലാം ദിവ്യർ തന്നെ...നന്മയുണ്ടാകണം എന്നു മാത്രം

Manoraj പറഞ്ഞു... മറുപടി

@junaith : ആദ്യ വായനക്കും തുറന്ന അഭിപ്രായത്തിനും ഉള്ളൂ നിറഞ്ഞ നന്ദി ജുനു.

@ജയിംസ് സണ്ണി പാറ്റൂര്‍ : നന്ദി.

@MyDreams : നന്ദി.

@പട്ടേപ്പാടം റാംജി : വിശ്വാസങ്ങള്‍ കൂടുമ്പോള്‍ ആശ്വാസങ്ങളും കൂടുന്നു റാംജി.

@ആളവന്‍താന്‍ : എന്റെ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പീകമാണ്. ആരെങ്കിലുമായി സാമ്യം തോന്നിയെങ്കില്‍ അത് ഒരു പക്ഷേ അത്തരക്കാര്‍ എവിടെയെങ്കിലും ഉള്ളത് കൊണ്ടാവാം :)

@lekshmi. lachu : കാശുണ്ടാക്കാന്‍ വേണ്ടി ഇത്തരം ഒരു പരീക്ഷണം നടത്തിനോക്കണോ :)

@കൂതറHashimܓ : സംശയമാവാം!!

@കുമാരന്‍ | kumaran : നന്ദി.

@mini//മിനി : നന്ദി.

@കൃഷ്ണ പ്രിയ I Krishnapriya : ആരുടെ മുഖഛായ.. എനിക്ക് ഛായയേ തോന്നുന്നില്ല.

@റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി.

@Lidiya |ലിഡിയ : ഹരേകൃഷ്ണ! :) തേജസിലേക്ക് സ്വാഗതം.

@moideen angadimugar : ഉണ്ടാവാം. വായനക്ക് നന്ദി.

@Kavya : നന്ദി.

@BIJU KOTTILA : നല്ല ഒരു വിഷയം കിട്ടാന്‍ ഏതെങ്കിലും ആള്‍ദൈവം ഉണ്ടോ നാടകക്കാരാ!

@ajith : തേജസിലേക്ക് വന്നതിലും എന്റെ കഥ വായിച്ചതിലും സന്തോഷം സുഹൃത്തേ. മറ്റുകഥകളും സമയം പോലെ വായിക്കൂ.

@zephyr zia : ഇങ്ങിനെയൊക്കെയാവാം.. അല്ലായിരിക്കാം (ഡിപ്ലോമാറ്റിക്കാവട്ടെ)

Manoraj പറഞ്ഞു... മറുപടി

@അലി : നന്ദി.

@രമേശ്‌അരൂര്‍ : ഇവിടെ ഔന്നിത്യത്തില്‍ എത്താന്‍ വേണ്ടി ശ്രമിച്ച് എത്തിയതല്ലല്ലോ. അറിയാതെ സംഭവിച്ചുപോകുന്നതല്ലേ. പിന്നെ പറയുമോയെന്ന് ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്ന് പറഞ്ഞ് ഞാന്‍ പതുക്കെ പിന്‍‌വലിയും രമേശ് :)

@ചാണ്ടിക്കുഞ്ഞ് : സി.ജെസ്മി ഇപ്പോള്‍ ഏറ്റവും വലിയ സെലിബ്രിറ്റിയായിക്കൊണ്ടിരിക്കുകയാ ചാണ്ടിച്ചാ.. :(

@Sabu M H : വളരെ വിശദമായ ഒരു കുറിപ്പ് അല്ല വിലയിരുത്തലിന് നന്ദി പറയട്ടെ. തെറ്റുകള്‍ ഒട്ടേറെയുണ്ടെന്ന് അറിയാം. അത് തുറന്ന് പറയുമ്പോള്‍ അടുത്ത വട്ടത്തേക്കെങ്കിലും ഉപകരിക്കുമല്ലോ. അല്ലെങ്കില്‍ തിരുത്തുവാനുള്ള ഒരു ശ്രമം ഉണ്ടാവുമല്ലോ.. അതുകൊണ്ട് നന്ദി.

@ശ്രീനാഥന്‍ : സാഹചര്യങ്ങള്‍ നമ്മെ അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും ഇതൊക്കെ ചെയ്യിക്കുകയാണ് മാഷേ.. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കേണ്ടി വരുന്ന അവസ്ഥ!

@khader patteppadam : ഇത് എഴുതാന്‍ തുടങ്ങിയത് തന്നെ കവചം കടംകൊണ്ടാണ്. നന്ദി മാഷേ.. എന്റെ മനസ്സിലൂടെ കഥ വായിച്ചതിന്.

@വഴിപോക്കന്‍ : നന്ദി. സംഭാഷണങ്ങള്‍ ഇനി മേല്‍ അല്പം കൂടെ ശ്രദ്ധിക്കാം.

@വിനയന്‍ : അടുത്ത വട്ടം ഈ അഭിപ്രായങ്ങള്‍ മനസ്സില്‍ കണ്ട് തന്നെ എഴുതാന്‍ ശ്രമിക്കാം. സരമാഗോയുടെ നോവല്‍ വായിച്ചില്ല.:(

@sijo george : നന്ദി.

@Rahul : ഡയലോഗ്‌സ് .. ഇനി അടുത്ത വട്ടം ശ്രദ്ധിക്കാം. പിന്നെ ചാനല്‍ :)

@Joji : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ജീവിതത്തില്‍ നമ്മള്‍ കാണുന്നത് തന്നെയല്ലേ സിനിമയായും കഥയായും ഒക്കെ വരുന്നത്. അപ്പോള്‍ പലതിലും സാദൃശ്യങ്ങള്‍ അതാവാം.

@പാവത്താൻ : അടുത്ത വട്ടം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം മാഷേ. നന്ദി. തുറന്ന് പറച്ചിലിന്.

@പ്രയാണ്‍ : നന്ദി.

@ഫെനില്‍ : തേജസിലേക്ക് സ്വാഗതം. നീളം മന:പ്പൂര്‍വ്വം കൂട്ടുവാനോ കുറക്കുവാനോ ശ്രമിക്കാറില്ല സുഹൃത്തേ. വന്നുപോകുന്നതാണ്.

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : അങ്ങിനെയാവും എന്ന തോന്നലില്‍ നിന്നും ഈ പടകാളി ചരിതം ജനിച്ചു.

@Manickethaar : തേജസിലേക്ക് സ്വാഗതം

Manoraj പറഞ്ഞു... മറുപടി

@~ex-pravasini* : നന്ദി.

@പാര്‍ത്ഥന്‍ : തേജസിലേക്ക് സ്വാഗതം. എന്റെ കഥ സന്യാസിയെ കുറ്റപ്പെടുത്തുന്നതായാണോ തോന്നിയത് അതോ വിശ്വാസികളേയോ !!

@വര്‍ഷിണി : നന്ദി.

@thalayambalath : അഭിനന്ദനങ്ങള്‍ക്ക് മുന്‍പേ ചിത്രത്തിനുള്ള നന്ദി.

@Lipi Ranju : നന്ദി ലിപി..

@സാബിബാവ : നന്ദി.

@Manju Manoj : നന്ദി. ശ്രദ്ധിക്കാം.

@Varun Aroli : തേജസിലേക്ക് സ്വാഗതം.

@chithrangada : തുറന്ന് പറച്ചിലിനു നന്ദി ചിത്ര. ശ്രമിക്കാം അടുത്ത വട്ടം. നിങ്ങളൊക്കെ എനിക്ക് വല്ലാത്ത പ്രചോദനവും ഊര്‍ജ്ജവും തരുന്നു.

@G.manu : നന്ദി മനുജി.

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : നന്ദി.

@Shyam : തേജസിലേക്ക് സ്വാഗതം. ശ്യാം പറഞ്ഞ കുറിപ്പ് മുകളില്‍ ആളവന്താനുള്ള കമന്റ് മറുപടിയില്‍ ഇട്ടു. കിടക്കട്ടെ ചുമ്മാ :):):)

@മനു കുന്നത്ത് : തേജസിലേക്ക് സ്വാഗതം. മിക്കവാറും സുഹൃത്തിന്റെ ബ്രൌസറിന്റെതാവാനേ വഴിയുള്ളൂ. കാരണം മറ്റാരും പറയാറില്ല ഇപ്പോള്‍.

@കൊച്ചു കൊച്ചീച്ചി : ഉഴപ്പിയതാവില്ല. ഉദ്ദേശിച്ചത് പോലെ പറയാന്‍ പറ്റാതിരുന്നതാവും. ഒബ്‌സെര്‍‌വേഷന് നന്ദി.

@Ranjith Chemmad / ചെമ്മാടന്‍ : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. വേറിട്ട രീതികള്‍ക്കായി ശ്രമിക്കാം. അവ കഥകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍..

@പാവപ്പെട്ടവന്‍ : നന്മ നിറഞ്ഞവര്‍ക്ക് സ്വസ്തി.

പാര്‍ത്ഥന്‍ പറഞ്ഞു... മറുപടി

@ മനോജ്: സന്ന്യാസികളെയോ വിശ്വാസികളെയോ വിമർശിക്കുന്നതിനേക്കാൾ അപഹാസ്യരായി ചിത്രീകരിക്കുന്നതായി തോന്നി. പക്വതയില്ലാത്ത സന്ന്യാസിമാരും തത്ത്വദർശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കാത്ത സന്ന്യാസിമാരും വീണ്ടും ലൌകികതയിലേക്ക് വഴുതിവീഴും. അതാണ് സന്ന്യാസത്തിന്റെ മനശാസ്ത്രം. ഇന്ന് സന്ന്യാസി എന്നാൽ ക്ഷിപ്രപ്രസാദികളായ സന്തോഷ് മാധവനെപ്പോലുള്ളവരാണെന്ന മിഥ്യാധാരണ വെച്ചുപുലർത്തുന്ന ഭൌതികവാദികളെന്നു അഹങ്കരിക്കുന്ന സുഖലോലുപരും ഒരു കാരണമാണ്. യഥാർത്ഥ സന്ന്യാസം ഇതിലൊന്നും പെടുന്നതല്ല. അത്ഭുതസിദ്ധികളുടെ പ്രകടനമല്ല ഒരു സന്ന്യാസിയുടെ ലക്ഷ്യം. ഇതൊന്നും മനസ്സിലാക്കാതെ കമഴ്ന്നു വീഴുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾതന്നെയാണ് എല്ലാറ്റിനും കാരണം. സന്ന്യാസത്തെക്കുറിച്ച് കുറെ മുമ്പ് ഒരു ലേഖനം ഇവിടെ എഴുതിയിരുന്നു.

Unknown പറഞ്ഞു... മറുപടി

പണി ആണല്ലേ ..കൊള്ളാം പണികുറ്റമില്ലാത്ത പണി ..നടക്കട്ടെ ..........

ചിതല്‍/chithal പറഞ്ഞു... മറുപടി

ജുനൈദിന്റെ അഭിപ്രായമാണു്‌ എന്റെയും. കഥ തരക്കേടില്ലെങ്കിലും ഒരു നല്ല കഥ എന്നു്‌ തോന്നുന്നില്ല. പൊതുവെ ആൾദൈവങ്ങളോടു്‌ വെറുപ്പാണു്‌. അതിനാൽ ഒരു മുൻ‍വിധിയോടെയാണു്‌ കഥ വായിച്ചുതുടങ്ങിയതു്‌. അവസാനം മാനുഷീകഭാവം കൈക്കൊണ്ട ആൾദൈവത്തിനെ ഇഷ്ടമായി.

smitha adharsh പറഞ്ഞു... മറുപടി

കഥ നന്നായി.അങ്ങനെ സ്വാമിനിമാര്‍ ഉണ്ടാകുന്നതെങ്ങനെ എന്ന് മനസ്സിലായി..ഇങ്ങനെ എത്രയോ സ്വാമിനിമാര്‍.ഞങ്ങളുടെ നാട്ടില്‍ ഒരാളുണ്ട്.ഇതുപോലെ തന്നെ.മുറ്റത്തെ മുല്ലയ്ക്ക് മണം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല,നാട്ടുകാര്‍ ആരും ആ അശ്രമതിലെയ്ക്ക് പോകാറില്ല. എല്ലാവര്ക്കും അവര്‍ ബാങ്കിലെ പഴയ അടിച്ചുവാരുന്ന വിലാസിനി തന്നെ.പക്ഷെ,പറഞ്ഞു കേട്ടത് ഭക്തി മൂത്ത് ഏതോ ഒരു തമിഴന്‍ ആനയെ വരെ നടയിരുത്തി..അങ്ങനെ ലോകര്‍ പല വിധം..

Jyotsna P kadayaprath പറഞ്ഞു... മറുപടി

മ്...സ്വന്തം അച്ഛനേം അമ്മയേം നേരം വണ്ണം സ്നേഹിക്കണോ പരിച്ചരിക്കാനോ നില്‍ക്കാതെ "സര്‍വീസ്"നു പോകുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്...
feels sorry for them..let me remind all of ms jesmi's Amen..manoraj വായിച്ചിട്ടുണ്ടോ..?

അനശ്വര പറഞ്ഞു... മറുപടി

ഞനൊരു തുടക്കക്കാരി..
എന്റെ ആദ്യ വായനയാണ്‌.നല്ല കഥ..മറ്റു കഥകളിലേക്ക് പോകുന്നതേ ഉള്ളൂ..
തന്നെ നേരിൽ കണ്ടിട്ടു പോലും മനസ്സിലാവാത്ത കൂട്ടുകാരിയോട് ഇത്ര മാത്രം സൗകര്യത്തിലുള്ള സന്യാസിനി ഉള്ളുതുറന്ന് സംസാരിച്ചു എന്ന് പറയുന്നിടത്ത് അല്പം അസ്വഭാവികത തോന്നി..പക്ഷെ,പിന്നീട് വായിച്ചപ്പോൾ മനുഷ്യ ദൈവങ്ങളെ സമൂഹം സൃഷ്ടിക്കുന്നു എന്ന ആശയം അതിലൂടെയേ പറയാൻ കഴിയൂ എന്നും തോന്നി..
ഇത്ര പോലും അപാകതകളില്ലാതെ കഥ പറയാൻ കഴിവുള്ള ആളാണെന്ന് മറ്റുള്ളവരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലായി....

വരയും വരിയും : സിബു നൂറനാട് പറഞ്ഞു... മറുപടി

ഇങ്ങനൊക്കെ സംഭവിച്ചു പോകുന്നതായിരിക്കും അല്ലെ?? കഥ കൊള്ളാം.

ബെഞ്ചാലി പറഞ്ഞു... മറുപടി

കഥ വായിച്ചു.
കൊള്ളാം :)

Echmukutty പറഞ്ഞു... മറുപടി

കഥ ഒന്നുകൂടി എഡിറ്റ് ചെയ്യണമെന്ന അഭിപ്രായമുണ്ട്, എനിയ്ക്ക്.

Unknown പറഞ്ഞു... മറുപടി

കഥ നന്നായി പറഞ്ഞിരിക്കുന്നു. ഇഷ്ടമായി

Unknown പറഞ്ഞു... മറുപടി

.....അസ്സലായിട്ടുണ്ട്......ഇത് കുറെ മുമ്പ് എഴുതെണ്ടാതായിരുന്നു........മുഴുവന്‍ വായിക്കാന്‍ ഇപ്പോള്‍ സമയം അനുവദിക്കുന്നില്ല,,തുടര്‍ന്ന് വായിക്കാന്‍ ശ്രമിക്കാം...

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു... മറുപടി

ആത്മീയതക്കും ലൌകികതക്കും
ജീവിതം ഒന്നു തന്നെ എന്നു
വെളിപ്പെടുത്തുന്നു ഈ കഥ.അഭിനന്ദനങ്ങള്‍

Sentimental idiot പറഞ്ഞു... മറുപടി

hi സ്വാമിനി ..............നന്നായിരിക്കുന്നു

Manoraj പറഞ്ഞു... മറുപടി

@പ്രദീപൻസ് : തേജസിലേക്ക് സ്വാഗതം

@ചിതല്‍/chithal : ആള്‍ദൈവങ്ങളെ എനിക്കും വെറുപ്പാണ്.

@smitha adharsh : സ്മിതേ.. കഥയില്‍ നിന്നും വല്ലാതെ അകന്നോ എന്നൊരു സംശയം. അതോ എന്റെ കഥ പറച്ചിലിന്റെയാവുമോ :):)

@Jyotsna P kadayaprath :സിസ്റ്റര്‍ ജെസ്മി വായിക്കാന്‍ മാത്രമുണ്ട് എന്ന് തോന്നിയില്ല. കുറച്ച് വായിച്ചു.

@അനശ്വര : തേജസിലേക്ക് സ്വാഗതം. ഉള്ളുതുറക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു നിമിഷത്തിലായിരുന്നു അവരുടെ വരവ്. പക്ഷെ കാലം കൂട്ടുകാരിയെ പോലും ഭക്തയാക്കുമ്പോള്‍ സത്യത്തില്‍ കൃഷ്ണനെ തിരിച്ചറിഞ്ഞ് കെട്ടിപ്പിടിച്ച കുചേലനൊക്കെ ലജ്ജിക്കേണ്ടേ :):)

@വരയും വരിയും : സിബു നൂറനാട് : വായനക്ക് നന്ദി.

@ബെഞ്ചാലി :സ്വാഗതം. നന്ദി.

@Echmukutty : അഭിപ്രായത്തില്‍ കാമ്പുണ്ട്. അത് ശ്രമിക്കാം എന്നേ ഇപ്പോള്‍ പറയുന്നുള്ളൂ എച്മു.

@ജുവൈരിയ സലാം : നന്ദി.

@subanvengara-സുബാന്‍വേങ്ങര : തേജസിലേക്ക് സ്വാഗതം. തുടര്‍ന്ന് വായിച്ചിട്ട് അവസാന അഭിപ്രായമറിയിക്കുക.

@അതിരുകള്‍/മുസ്തഫ പുളിക്കൽ : നന്ദി.

@ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെ :തേജസിലേക്ക് സ്വാഗതം. നന്ദി.

comiccola / കോമിക്കോള പറഞ്ഞു... മറുപടി

കഥ നന്നായി, ഇഷ്ടമായി..ആശംസകള്‍

റാണിപ്രിയ പറഞ്ഞു... മറുപടി

മനോ .... കഥ വായിച്ചു

Artof Wave പറഞ്ഞു... മറുപടി

നല്ല കഥ, നന്നായിരിക്കുന്നു
ആദ്യം കണ്ടപ്പോള്‍ ഒരു പാടുള്ളത് പോലെ തോന്നി, വായിച്ചു തുടങ്ങിയപ്പോള്‍ പെട്ടന്ന് വായിച്ചു തീര്‍ക്കന്‍ കഴിഞ്ഞു.
ആശംസകള്‍

തുമ്പി പറഞ്ഞു... മറുപടി

സ്വാമിനിയുടെ ജന്മം നന്നായി കഥിച്ചു.