വ്യാഴാഴ്‌ച, ഫെബ്രുവരി 25, 2010

എനിക്കിത് കിട്ടണം

ആമുഖം : ഇത്‌ ഒരു കഥയല്ല.. അഥവ കഥയായി ആർക്കെങ്കിലും തോന്നിയാൽ അത്‌ എന്റെ കുഴപ്പമാവാനേ വഴിയുള്ളൂ. നേരെ ചൊവ്വെ എഴുതാൻ അറിയാത്തതിന്റെ കുഴപ്പം. കഥയല്ലെങ്കിൽ പിന്നെ ഇത്‌ എന്താ? ന്യായമായ ഒരു സംശയം.. ഇത്‌ എനിക്കുണ്ടായ ഒരു അനുഭവം , മറ്റൊരു അനുഭവം തന്ന വേദനയിൽ എഴുതിയത്‌.. ഇത്തരം ഒരു പോസ്റ്റിടാൻ എന്നെ നിർബന്ധിതനാക്കിയ ലെന്തരവളോട്‌ ഇതെഴുതാൻ ഞാൻ പെട്ട കഷ്ടപ്പാട്‌ അറിയിച്ച്‌ കൊണ്ട്‌.. കാര്യത്തിലേക്ക് കടക്കട്ടെ...

"അരുൺ കായം കുളത്തെ കൊണ്ട്‌ സെന്റി പോസ്റ്റ്‌ ഇടുവിച്ചതിനു കാരണക്കാരിൽ ഒരുവൻ നീയാണേന്നാ അരുൺ പറഞ്ഞേ..ഞങ്ങളുടെ അരുണിനെ നീയൊക്കെ കൂടെ സെന്റിയാക്കിയില്ലേ" എന്നൊരു തോപ്പിൽ ഭാസി സ്റ്റൈൽ പരിഹാസവും മറ്റുമായി ഏതോ ഒരു ലെന്തരവൾ എന്നോട്‌ ചാറ്റിലൂടെ ചീറ്റുകയാ.. കാര്യം എനിക്ക്‌ മനസ്സിലായി, അരുണിന്റെ ഏതോ ഒരു ആരാധികയാവും ലെവൾ.. ഓ പോട്ടേന്ന് വച്ചതാ.. ലവൾ കുരച്ചോട്ടെ എന്നും കരുതി.. ദേ അപ്പോൾ അവൾ എന്നെ വെല്ലുവിളിക്കുന്നു.. "തനിക്കൊക്കെ ധൈര്യമുണ്ടോടോ ഒരു കോമഡി പോസ്റ്റിടാൻ.." ഞാൻ വെറുതെ സ്മെലി ചെയ്തു. ഒരു രക്ഷയുമില്ല. അവൾ വെല്ലുവിളി തുടർന്നുകൊണ്ടേയിരുന്നു. എന്റെ മാനസപുത്രി സീരിയൽ പോലെ.. അവളുടെ അവസാന നമ്പർ അത്‌ എനിക്ക്‌ സഹിക്കാനായില്ല.. "കോമഡി എഴുതണമെങ്കിലേ ടാലന്റ്‌ വേണം.. മോനെ ടാലന്റ്‌. നീയൊക്കെ കണ്ടി ഇടും അങ്ങിനെ ഒരെണ്ണം എഴുതണേൽ.." ധിം.. അതോടെ ഞാൻ ഫ്ലാറ്റ്‌. പണ്ടേ തന്നെ വെല്ലുവിളി എനിക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. ജനിച്ചപ്പോൾ മുതൽക്ക്‌ തന്നെ വെല്ലുവിളികളെ ഞാൻ പുച്ഛത്തോടെയേ നേരിട്ടിട്ടുള്ളൂ..

പ്രസവവേദനകൊണ്ട്‌ അമ്മ കരഞ്ഞപ്പോൾ ഇവനെ ഞാൻ ഇപ്പൊ പുറത്തിറക്കാം എന്ന് പറഞ്ഞ്‌ ഡോക്ടറായിരുന്നു ആദ്യം വെല്ലുവിളിച്ചത്‌. എന്നാൽ ഇയാളുടെ കഴിവ്‌ കാണട്ടെ എന്ന് ഞാനും. അതിനു പിന്നിൽ രണ്ടുണ്ടായിരുന്നു ലക്ഷ്യം.. ഒന്ന് ഡോക്ടറെ തോൽപ്പിക്കുക. രണ്ട്‌ അമ്മയെ വേദനിപ്പിക്കാതിരിക്കുക..പക്ഷെ, എനിക്കറിയാത്ത വേറെയൊരു കാര്യമുണ്ടായിരുന്നു. ഈ ഡോക്ടർ വാശിയിൽ ഡബിൾ ഡോക്ടറേറ്റുള്ള ആളാണെന്ന്. ആയാൾ അടുത്ത്‌ കണ്ട സിസ്റ്ററോട്‌ രണ്ട്‌ കത്രികയും ഒരു സൂചിയും നൂലും കൊണ്ട്‌ വരാൻ പറഞ്ഞു. അങ്ങിനെ ആ കശ്മലൻ എന്നെ അമ്മയുടെ വയർ കീറി പുറത്തെടുത്തു. അമ്മയെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ ചെയ്ത പദ്ധതി മൂലം അമ്മ കുറച്ച്‌ നാളേക്കുകൂടി ബെഡിലായി..

ആദ്യ വെല്ലുവിളിയിൽ പരാജയപ്പെട്ടത്‌ കൊണ്ടാവാം ഞാൻ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ രസം കണ്ടെത്താൻ തുടങ്ങി. അങ്ങിനെ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസം കൂടാതെ എന്നെയും തോളത്തിട്ട്‌ അച്ഛനും അമ്മയും ഡോക്ടറുടെ അടുത്തേക്ക്‌ ഓട്ടമായി. അങ്ങിനെ ഓടി നടക്കുന്നതിനിടയിൽ സർക്കാർ ജീവനക്കാരായിരുന്ന രണ്ട്‌ പേർക്കും കിട്ടി സർക്കാരിൽ നിന്നും ഒരു നീണ്ട കത്ത്‌. പണ്ട്‌ ഗാന്ധിജി പറഞ്ഞപോലെ ഒന്നുകിൽ മോനെയും കൊണ്ട്‌ ഓടി തളരൂ, അല്ലെങ്കിൽ അവനെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ട്‌ ഓഫീസിൽ വന്ന് വിശ്രമിക്കൂ.. ആദ്യത്തേത്‌ കൊണ്ട്‌ ധനനഷ്ടം കൂടുതലായതിനാലും രണ്ടാമത്തെതിൽ കൂടുതൽ സ്കോപ്‌ ഉള്ളതിനാലും ആവാം അവർ എന്നെ വലിയമ്മയുടെ അരികിൽ ആക്കി വിശ്രമിക്കാൻ പോയിതുടങ്ങി.

അങ്ങിനെ വലിയമ്മയുടെ അരികിൽ താഴെ വച്ചാൽ ഉറുമ്പരിക്കും , തലിയിൽ വച്ചാൽ പേനരിക്കും , മടിയിൽ വച്ചാൻ ഇവൻ ചിലപ്പോൾ വൃത്തികേട്‌ കാട്ടും എന്ന് തോന്നിയതിനാലാവാം എന്നെ എങ്ങും വെക്കാതെ അവർ കഷ്ടപ്പെട്ട്‌ വളർത്തി. ഞാഞ്ഞൂലു പോലെ ഇരുന്നിരുന്ന ഞാൻ വളരാൻ തുടങ്ങിയപ്പോൾ നമ്മുടെ മിസ്റ്റർ പൊങ്ങ്സ്‌ പറഞ്ഞപോലെ അങ്ങോട്ട്‌ ഭീമാകാരമായി വളർന്നു. ആദ്യമാദ്യം എന്റെ വളർച്ച അച്ഛനെയും അമ്മയെയും വീട്ടുകാരെയും സന്തോഷിപ്പിച്ചെങ്കിലും പിന്നീട്‌ നാട്ടിലെ പെൺപിള്ളാരുടെ അച്ഛന്മാർ വീട്ടിൽ നിത്യസന്ദർശകരായപ്പോൾ എന്തൊ അച്ഛൻ പേടിക്കാൻ തുടങ്ങി. അങ്ങിനെ എന്റെ വളർച്ചയിൽ മനം നൊന്ത്‌ അവർ എന്നെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തിരുമാനിച്ചു. അതെ , കാഥികരൊക്കെ പറയും പോലെ " അവരെന്നെ പിടിച്ച്‌ പെണുകെട്ടിച്ചു!!" .. ജിൽ..ജിൽ.ഡേ. (സിമ്പലടിച്ചതാ)

അവിടെ വച്ച്‌ എന്റെ വളർച്ച നിന്നു. എന്ന് മാത്രമല്ല, എന്നിൽ ചെറിയ വിളർച്ച കണ്ടുതുടങ്ങി. ആദ്യമായി എന്റെ വിളർച്ച കണ്ടെന്റെ ശത്രുക്കൾ ചിരിച്ചു. ക്രമേണ എന്റെ വിളർച്ച ഭാര്യയിലേക്കും പടർന്നു. ഇതെന്താ വിളർച്ച ഒരു പകർച്ചവ്യാധിയാണോ? ആ വിളർച്ച അവളുടെ ഉദരത്തിൽ ഒരു വളർച്ചയായത്‌ വളരെ പെട്ടന്നായിരുന്നു. അതോടേ എന്റെ വിളച്ചിൽ അവസാനിച്ചു. ഒടുവിൽ ഇപ്പോൾ ആ വളർച്ചയുടെ വളർച്ച കണ്ട്‌ ഞാൻ ഇരിക്കുമ്പോളാ ലെവൾ എന്നെ വെല്ലുവിളിക്കുന്നേ.. എന്തൊവേണം.. പെണ്ണിന്റെ വാക്ക്‌ കേട്ട്‌ ഒന്നിനും ചാടരുതെന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ട്‌. പക്ഷെ, അത്‌ വിവരമുള്ളവർ.. നമ്മളെ ബാധിക്കാത്ത ആ കാര്യം നമ്മൾ എന്തിനു മനസ്സിൽ വെക്കണം. എന്നാൽ പിന്നെ കോമഡിയെങ്കിൽ കോമഡി !! ട്രെൻഡിനനുസരിച്ച്‌ പോയില്ലെങ്കിൽ ചിലപ്പോൾ തെണ്ടി നടക്കേണ്ടി വന്നാലോ എന്ന് കരുതി ഞാൻ തലപുകക്കാൻ തുടങ്ങി. എങ്ങി നെ കോമഡി എഴുതാം.. എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തു. ഗൂഗൾ ഭഗവാൻ കനിഞ്ഞില്ല.. അല്ലെങ്കിൽ കണ്ട അണ്ടന്റെയും അടകോടനും വരെ എന്തിനെക്കുറിച്ചും ലേഖനങ്ങൾ എഴുതിവിടുന്ന നമ്മുടെ വിക്കീപീഢിയക്കൊക്കെ ഈതെന്തു പറ്റി? സിദ്ദിഖ്‌-ലാലുമാരുടെ സിനിമകൾ പലവട്ടം കണ്ട്‌ നോക്കി. എവിടെ എനിക്കൊന്നും വരുന്നില്ല.. ശരത്ത്‌ അണ്ണാച്ചി പറയുമ്പോലെ സംഗതിയൊന്നും വരുനില്ലല്ലോ? അങ്ങിനെ അവസാന ശ്രമമെന്ന നിലയിൽ അരുൺ കായംകുളത്തെ ചാറ്റിൽ ചാക്കിട്ട്‌ പിടിച്ചു. "അണ്ണാ.. മാപ്പ്‌.. പൊതുമാപ്പ്‌. എന്നെ കാപ്പാത്തണം..". അപ്പോൾ ലെവൻ അതിലും വലിയ നമ്പർ.. ഒരേ ഇലയിൽ രണ്ട്‌ പേരുണ്ണൂന്നത്‌ ശരിയല്ല എന്ന്.. ഇവനെന്താ ബാംഗ്ലൂരിൽ ദേഹണ്ണപണിയാണോ എന്ന് ചോദിക്കാൻ മനസ്സ്‌ തരിച്ചതാ. .പിന്നെ വിട്ടു. നമുക്ക്‌ ഇവിടെ പെഴച്ച്‌ പോകണം.. അവനോട്‌ ഓ ഭയങ്കര തമാശ തന്നെ എന്നും എനിക്കൽപം തിരക്കുണ്ടെന്നും പറഞ്ഞ്‌ പതുക്കെ സൈൻ ഔട്ട്‌ ആയി.

എന്റെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി. കോമഡി പോസ്റ്റിയേക്കാന്ന് അവളെ വെല്ലുവിളിക്കുകയും ചെയ്തു. പക്ഷെ, ഇനി എന്ത്‌ ചെയ്യാനാ.. കൊച്ചി കണ്ടവനു അച്ചി വേണ്ട.. കൊല്ലം കണ്ടവനു ഇല്ലം വേണ്ട.. കുണ്ടറ കണ്ടവനു അണ്ടർവ്വെയർ വേണ്ട എന്ന് പറഞ്ഞപോലെയായി എന്റെ അവസ്ഥ. ഒന്നും വേണ്ട. ഭക്ഷണത്തോടൊക്കെ ഒരു തരം വെറുപ്പ്‌.. ആദ്യത്തെ രണ്ട്‌ ദിവസം ഭാര്യക്ക്‌ ചെറിയ സന്തോഷമൊക്കെ തോന്നി. ഈ മനുഷ്യന്റെ ആർത്തി മാറിയല്ലോ? പക്ഷെ, രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ അവൾ ട്രാക്ക്‌ മാറ്റി.

"ആര്യപുത്രാ, പറയൂ അങ്ങയെ അലട്ടുന്ന പ്രശ്നമെന്താ?"

"മോളേ, നിന്റെ ചേട്ടനെ ഒരുവൾ വെല്ലുവിളിച്ചിരുക്കുന്നു മോളേ.. വെല്ലുവിളിച്ചിരിക്കുന്നു" - ഞാൻ പ്രോഫഷണൽ നാടകനടനായി.

"എന്ത്‌ എന്റെ പരദൈവങ്ങളെ ചൊല്ലുവിളിയില്ലാത്ത എന്റെ ഈ ചേട്ടനേയും വെല്ലുവിളിക്കാൻ ഒരാളോ? അതും ഒരു പെൺകോടി..ലാരവൾ? എന്നേക്ക്‌ പത്താം നാൾ ദുർഗ്ഗാഷ്ടമി..." - ഭാര്യ നാഗവല്ലിയായോ? ഞാൻ ഭയന്നു. പറയാൻ പറ്റില്ല... രാമനാഥൻ മാർ ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാവും.. (സ്വന്തം സ്വഭാവം വെച്ച്‌ മറ്റുള്ളവരെയും കാണുന്നതിന്റെ ഓരോ കുഴപ്പങ്ങളേ?)

ഒടുവിൽ അവളോട്‌ സംഭവം പറഞ്ഞു. അപ്പോൾ അവളാണു ഈ കാര്യം എന്നെ ഓർമിപ്പിച്ചത്‌. അത്‌ കൊള്ളാം നടന്നതാണേലും കോമഡിയുടെ അംശമുണ്ടെന്ന് തോന്നിയതിനാൽ അത്‌ തന്നെ പോസ്റ്റാമെന്ന് ഞാനും കരുതി. ഇതിൽ കോമഡി വന്നില്ലെങ്കിൽ എന്നെകൊണ്ട്‌ ഇത്തരം ഒരു സാഹസത്തിനു തുനിയാൻ പ്രേരിപ്പിച്ച സർവ്വശ്രീ അരുൺ കായംകുളത്തെ നിങ്ങൾക്ക്‌ പച്ചക്ക്‌ തിന്നാം.. ഞാൻ വിട്ട്‌ തന്നിരിക്കുന്നു..

സംഗതി വളരെ ചെറിയൊരു സംഭവമാ.. നമ്മുടെ നിരക്ഷരൻ കൊച്ചി മുതൽ ഗോവ വരെ മുഴുങ്ങോടുകാരിയെയും നേഹയെയും കൂട്ടി സവാരിഗിരിഗിരി ചെയ്തതിന്റെ റിപ്പോർട്ടുകൾ വായിച്ചപ്പോൾ മുതൽ തോന്നുന്നതാ എവിടേക്കെങ്കിലും ഇതുപോലെ എടവനക്കാട്ടുകാരിയെയും തേജസിനെയും കൂട്ടി ഒരു യാത്ര പോകണമെന്നും അത്‌ ചിത്രങ്ങൾ സഹിതം പോസ്റ്റി ബൂലോകത്ത്‌ പണ്ടാറടക്കണമെന്നും. പക്ഷെ, നിരക്ഷരന്റെ പോലെ നമ്മൾ ജോലിയും വേലയുമൊന്നുമില്ലാതെ നടക്കുകയല്ലല്ലോ? മാത്രമല്ല ഒരു യാത്ര എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ കാലത്ത്‌ എത്രമാത്രം ചെലവാ... അതുകൊണ്ട്‌ തന്നെ യാത്രയുടെ ദൂരം ഞാൻ അങ്ങോട്ട്‌ കുറച്ചു. യാത്രപോയോ.. ഹാ, പോയി... എന്നാൽ പോയോ..ഹേയ്‌ , പോയില്ല.. അങ്ങിനെയുള്ള ഒരു യാത്ര!! അത്‌ ചിത്രസഹിതം ഞാൻ പിന്നീട്‌ പോസ്റ്റാം. തലക്കെട്ട്‌ ഇപ്പോളെ പിടിച്ചോ "ചെറായി മുതൽ എറണാകുളം വരെ" . അതിന്റെ വിവരങ്ങൾ വഴിയെ തരാം. ഇപ്പോൾ അതിനിടയിൽ വീണ ചെറിയൊരു സംഭവം പറയാം.

പിറ്റേന്ന് രാവിലെ യാത്രപോകുവാനായി രാത്രിയിൽ തന്നെ ഞങ്ങൾ സാധനങ്ങളൊക്കെ ഒരുക്കി. ഒരു കുപ്പി വെള്ളം, ഒരു ടർക്കി, മോനു തലയിൽ വേക്കാൻ ഒരു കുരങ്ങൻ തൊപ്പി, പിന്നെ, നാവിഗേറ്റർ.. ഹോ അതിന്റെ ആവശ്യമില്ല.. സർക്കാരിന്റെ ബസിലെ യാത്രയാകുമ്പോൾ എത്തിയാൽ എത്തി ...!! അതിരാവിലെ തന്നെ ഞാനും ഭാര്യയും മോനും കൂടി കുളിച്ച്‌ കുട്ടപ്പന്മാരായി റോഡിൽ ശകടവും കാത്ത്‌ നിന്നു. കുറേ നേറം കഴിഞ്ഞപ്പോൾ അതാ വരുന്നു. ഗോശ്രീ പാലം വഴി എറണാകുളം ബോർഡ്‌ വച്ച്‌ കൊണ്ട്‌ നമ്മുടെ സ്വന്തം വാഹനം.!! കൈകാട്ടാൻ ചെറിയൊരു പേടി. എങ്ങാൻ സെപ്റ്റിക്‌ ആയാലോ? വണ്ടിയിൽ കയറി. തിക്കിത്തിരക്കി (അതിനു പണ്ടേ നമ്മൾ മിടുക്കനാണെന്ന് പഴയകാല സഹപാഠികൾ സാക്ഷ്യം) സീറ്റൊക്കെ ഒപ്പിച്ചു. ചാരി കിടന്ന് യാത്ര തുടങ്ങി. കോമഡി പറയാൻ വന്നിട്ട്‌ നിങ്ങളെ ബൊറഡിപ്പിക്കാൻ തുടങ്ങി.. അതിനാൽ നേരെ സംഭവത്തിലേക്ക്‌..

വണ്ടികൾ പലതും മാറി കയറി .. ഒരു പാടു ചരിത്രസ്മാരകങ്ങളും സംഭവങ്ങളും കണ്ട്‌ ഞങ്ങൾ തിരികെ പോരാൻ തെയ്യാറെടുത്തപ്പോൾ ഭാര്യക്കൊരാഗ്രഹം.. വർഷങ്ങളായി ഒരു സ്മാരകമായി നിൽക്കുന്ന ഇടപ്പള്ളി റെയിൽ വേ മേൽപ്പാലം കാണണമെന്ന്. ഓ, അവളുടെ ആഗ്രഹം തെറ്റില്ലാത്തതാ.. കാരണം ഭൂമിയിൽ നിന്നും ഏതാണ്ട്‌ 3 ആൾ പൊക്കത്തിൽ നെഞ്ചും വിരിച്ച്‌ നിൽക്കുന്ന ആ പാലം ഒരു കാഴ്ച തന്നെയാ.. ഞാൻ സ്ഥിരമായി കാണുന്നതാണേലും ഭാര്യ കണ്ടിട്ടില്ല.. അങ്ങിനെ തിരികെയുള്ള യാത്ര ഞങ്ങൾ ഇടപ്പിള്ളി - വരാപ്പുഴ- പറവൂർ വഴി ചെറായിക്കാക്കി. ഇവിടെയും നമ്മുടെ മയിൽ വാഹനം സർക്കാരിന്റെ തന്നെ. സമയം ഏതാണ്ട്‌ മൂന്ന് മണി. വണ്ടി നിരങ്ങി ഇടപ്പള്ളി റെയിൽ വേ ഗേറ്റ്‌ സ്റ്റോപ്പ്‌ എത്തിയപ്പോൾ നമ്മുടെ ചരിത്രത്തിലുള്ള അഭിരുചി മനസ്സിലാക്കിയിട്ടെന്നോണം ഗേറ്റ്‌ അടഞ്ഞുകിടക്കുകയാണു. ഭാര്യക്കാണേൽ ഭയങ്കര സന്തോഷം. ഇടപ്പള്ളി മേൽപ്പാലം അടുത്ത്‌ കാണാൻ കഴിഞ്ഞല്ലോ.. അതും ഇത്ര അധികം സമയം. എനിക്ക്‌ വലിയ സന്തോഷമൊന്നും തോന്നിയില്ല.. കാരണം എനിക്കറിയാം കുറെ നാളുകഴിഞ്ഞ്‌ എന്റെ മകനും ഭാര്യയും വരുമ്പോളും ഇത്‌ ഇതേ പോലെ തന്നെ നിൽപ്പുണ്ടാവുമെന്ന്. അങ്ങിനെ ഞങ്ങൾ ബസിൽ ഇരിക്കുമ്പോൾ ഒരു വൃദ്ധൻ ബസിലേക്ക്‌ കയറി വന്നു.

വൃദ്ധൻ എന്ന് പറയാൻ കഴിയില്ല..ഒരു 45 50 വയസ്സ്‌ പ്രായം കാണും. പക്ഷെ, ഒരു വൃദ്ധന്റേതാണു ശരീര ഘടന. കക്ഷി ബസിൽ കയറി ഡ്രൈവറുടെ പിന്വശത്തായി എല്ലാവരെയും കാണാവുന്ന രിതിയിൽ നിന്നു. മോൻ എന്തോ പേടിച്ച്‌ എന്റെ മടിയിലേക്ക്‌ ചാരി. എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടും ഇത്‌ കെ.എസ്‌.ആർ.ടി.സി. ബസ്സായതുകൊണ്ടുമാവാം ഭാര്യക്ക്‌ വലിയ നിർബന്ധമായിരുന്നു ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിൽ തന്നെ ഇരിക്കണമെന്നത്‌. അപ്പോൾ പിന്നെ മുൻപിൽ ഡ്രൈവറെമാത്രമല്ലേ ഞാൻ നോക്കു.. അവളാരാ മോൾ!! അങ്ങിനെ ഈ കാർന്നോരു സംസാരം തുടങ്ങി.

"ഈ ബസിലിരിക്കുന്ന എന്റെ അമ്മ പെങ്ങന്മാരേ, ചേട്ടന്മാരെ, മക്കളേ.. വർഷങ്ങൾക്ക്‌ മുൻപുണ്ടായ ഒരു അപകടത്തിൽ എനിക്ക്‌ ജോലി ചെയ്യാനുള്ള ഏപ്പ നഷ്ടപ്പെട്ടതാ.. നിങ്ങളെപ്പോലുള്ള നല്ല മനസുകളുടെ സഹായം കൊണ്ടാ ജീവിച്ചുപോകുന്നേ.. കഞ്ഞി കുടിച്ചിട്ട്‌ ദിവസങ്ങളായി മക്കളേ" അയാൾ വാചകം തുടർന്നു. ഭാര്യ എന്നെ നോക്കി.. മോനും ഒന്നും മനസ്സിലായില്ലെങ്കിലും എന്നെ പകപ്പോടെ നോക്കുന്നുണ്ട്‌. ഇവർക്കിത്രക്കുറപ്പോ ഞാൻ അയാൾക്ക്‌ അഞ്ച്‌ പൈസ കൊടുക്കില്ലേന്ന്..!! സംസാരമൊക്കെ അവസാനിപ്പിച്ച്‌ അയാൾ ഒടുവിൽ പൈസ കളക്ട്‌ ചെയ്യാനായി നീങ്ങി തുടങ്ങി. ഡ്രൈവറുടെ തൊട്ട്‌ പിറകിലെ സിറ്റിൽ ഞാൻ ആയതിനാൽ ആദ്യം എന്റെ അടുത്തേക്കാ പഹയന്റെ വരവ്‌. എന്തോ ചെയ്യും? ഭാര്യയോടാണേൽ പണ്ട്‌ കുറെ ത്യാഗ്ഗം ചെയ്ത കഥകളൊക്കെ പറഞ്ഞ്‌ പിടിപ്പിച്ചിട്ടുണ്ട്‌.. ഈ കല്യാണമുറപ്പിച്ചാൽ പിറ്റേന്ന് നടത്തണം, അല്ലെങ്കിൽ പിന്നെ, ഇത്തരം കഥകൾ തന്നെ സംസാരിക്കാൻ ശരണം. അതിന്റെ ഭവിഷത്താ വരാൻ പോണെ? മനസ്സിൽ തെറി വിളിച്ചിട്ടാണെങ്കിലും ഞാൻ പോക്കറ്റിൽ തപ്പി. അല്ലേലും വേണ്ട സമയത്ത്‌ വേണ്ടതൊന്നും നമ്മുടെ പോക്കറ്റിൽ കാണുകേല.. പോക്കറ്റിന്റെ അണ്ഡകടാഹം വരെ പോയി തപ്പിയിട്ടും ഏറ്റവും ചെറിയ നാണയമായി കൈയിൽ തടഞ്ഞത്‌ ഒരു 5 രുപ തുട്ടാണു. ദൈവമേ ഒരഞ്ച്‌ രൂപകൊണ്ട്‌ എന്തോരം കാര്യം നടക്കും.. മനസ്സില്ലാ മനസോടെ, ഞാൻ ആ അഞ്ച്‌ രൂപാ തുട്ടെടുത്ത്‌ അയാളുടെ കൈയിലേക്കിട്ടു. ഉടൻ തന്നെ സിനിമാ സ്റ്റൈലിൽ വെട്ടിത്തിരിഞ്ഞ്‌ ഞാൻ ഭാര്യയുടെ മുഖത്തേക്ക്‌ നോക്കി. കണ്ടൊടി, ഞാൻ കൊടുത്തതേയ്‌ ഫൈവ്‌ മണീസാ. നിന്നെ കെട്ടിയപ്പോൾ നിന്റെ വിട്ടീന്ന് തന്ന പോക്കറ്റ്‌ മണീസൺനുമല്ല.. കഷ്ടപ്പെട്ട്‌ പണിയെടുത്തുണ്ടാക്കിയതാ.. ദണ്ണമുണ്ടെടീ.. ദണ്ണം.. ഞാൻ മനസ്സിൽ പറഞ്ഞു. അവളുടെ മുഖത്താണേലും സന്തോഷം തിരമാലപോലെ ആർത്തിരമ്പുകയാ.. ബസല്ലായിരുന്നേൽ ഒരു പക്ഷെ.. (ഹേയ്‌ അത്രക്കൊന്നും വേണ്ടാ....) അവൾ ബസ്സിലുള്ള എല്ലാവരെയും നോക്കുന്നുണ്ട്‌.. കണ്ടോടാ, എന്റെ ചേട്ടൻ കൊടുത്തതേ ഫൈവ്‌ മണീസാ...കാണെടാ .. നീയൊക്കെ കണ്ട്‌ പഠിക്ക്‌.. അവളുടെ മനസ്സ്‌ എനിക്ക്‌ വായിക്കാം.

അങ്ങിനെ ഞാൻ നെഞ്ചും വിരിച്ച്‌ ഇരിക്കുമ്പോൾ ആ കാർന്നോർ അടുത്ത സീറ്റിലേക്ക്‌ നീങ്ങി. എന്നോട്‌ ഒരു നന്ദിപോലും പറയാതെ അയാൾ നീങ്ങിയതിൽ എനിക്ക്‌ ദേഷ്യമുണ്ടായിരുന്നു എങ്കിലും ഞാൻ അത്‌ പുറത്ത്‌ കാട്ടിയില്ല.. ഞാൻ പിൻ തിരിഞ്ഞു നോക്കി. പിറകിലിരിക്കുന്നവനു ഇനി കൊടുക്കാതെ പറ്റില്ലല്ലോ? അപ്പോളാ ദേ നമ്മുടെ കാർന്നോരുടെ വക അടുത്ത ഡയലോഗ്‌.. അതും തിരിഞ്ഞ്‌ എന്നെ നോക്കി. ഓ, നന്ദി പറയാനാവും .. ചിലപ്പോൾ നേരത്തെ 5 രൂപ ഒന്നിച്ച്‌ കിട്ടിയതിന്റെ സന്തോഷത്താൽ ഒന്നും മിണ്ടാൻ പറ്റാതിരുന്നതാവും.. ഞാൻ തെയ്യാരായി ഇരുന്നു.. "നന്ദിയൊന്നും വേണ്ട.. നിങ്ങൾ സന്തോഷിച്ച്‌ കണ്ടല്ലോ, എനികത്‌ മതി." എന്നൊക്കെ പറയണം എന്നൊക്കെ മനസ്സിൽ കരുതി...

"ഹാ.. നിന്നെ പോലുള്ള @#@$@% മക്കളാടാ എന്നെ തെണ്ടിത്തിന്നാൻ ശീലിപ്പിച്ചേ.. ഫൂ.. കള്ള നായിന്റെ മോൻ" - അയാൾ എന്നെ നോക്കി തന്നെയാണോ പറഞ്ഞേ.. ഒരു നിമിഷം ഞാൻ പതറി.. ബസ്സിലെ മറ്റ്‌ യാത്രക്കാരുറ്റെയും എന്തിനു എന്റെ ഭാര്യയുടെയും നിറഞ്ഞ പൊട്ടിച്ചിരിക്കിടയിൽ ഞാൻ മോന്റെ കുരങ്ങൻ തൊപ്പി കൊണ്ട്‌ മുഖം മറക്കാൻ വെറുതെ ഒരു ശ്രമം നടത്തി. ജീവിതത്തിൽ ആദ്യമായി കെ.എസ്‌.ആർ.ടി.സി ക്ക്‌ മുൻപിൽ ഡോർ ഇല്ലാത്തതിനു ഞാൻ സർക്കാരിനെ മനസ്സിൽ പ്രാകി.

26 comments:

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

ഇതൊന്നും കിട്ടിയാല്‍ പോരാ.. അല്ല ആ മനുഷ്യന്‍ അങ്ങിനെ പ്രതികരിക്കാനുള്ള കാരണം എന്താണെന്ന് മനസ്സിലായില്ല..
പോസ്റ്റിനു നീളം കൂടുതലാണല്ലോ, മനോരാജ്.
പിന്നെ, കോമഡി എഴുതാനുള്ള ശ്രമം... (മുന്‍‌കൂര്‍ ജാമ്മ്യമുള്ളത് കൊണ്ട് ഓക്കേ, നൊ കമ്മെന്റ്)..
വെല്ലുവിളി സധൈര്യം ഏറ്റെടുത്തതിനു ഒരു ഹാറ്റ്സ്‌ ഓഫ്‌.
(ആളുകളെല്ലാം ഇങ്ങിനെ വെല്ലുവിളി തുടങ്ങിയാല്‍ എന്നെപോലുള്ളവര്‍ കുഴഞ്ഞുപോകത്തെയുള്ളൂ..)

pournami പറഞ്ഞു... മറുപടി

kollam...ithippol elalvarum sentiyum,comedyum ...ok experimentil annalo..anyway nice...vayikan oru rasamundu... all the best..

Manoraj പറഞ്ഞു... മറുപടി

സുമേഷ് , പൌർണ്ണമി : വായിച്ചതിന് നന്ദി... ഇതൊരിക്കലും എനിക്ക് വഴങ്ങുന്ന പണിയല്ല എന്നറിയാമായിരുന്നു.. പക്ഷെ, ഞാൻ ആദ്യമേ പറഞ്ഞല്ലോ.. അരുണിന്റെ ആരാധികയുടെ വെല്ലുവിളീ... ഒപ്പം, അരുണിന്റെ പോസ്റ്റിൽ അരുണിൽ നിന്നും ഇത്തരം ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല എന്നും ഞങ്ങൾക്ക് വേണ്ടത് കോമഡി മാത്രമാണെന്നും ഉള്ള അഭിപ്രായം.. രണ്ടും കൂടിയായപ്പോൾ എന്റെ മനസ്സിൽ തോന്നിയ ചെറിയൊരു പ്രതിഷേധം ആയിരുന്നു ഇത്.. അരുണിനോട് ഞാൻ ഇത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.. പിന്നെ അവസാനം എന്തേ ആ വൃദ്ധൻ അങ്ങിനെ പ്രതികരിച്ചത് എന്ന ചോദ്യം.. രണ്ട് കാരണമുണ്ട്.. ഒന്ന് അയാൾ നല്ല വെള്ളമായിരുന്നു.. രണ്ട് ഒരു പക്ഷെ അയാളും ചിലപ്പോൾ പ്രതിഷേധിച്ചതാവും.. തെണ്ടി തിന്നാൻ പ്രേരിപ്പിക്കുന്നതിനെ... ആയിക്കൂടെ..

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ആമുഖവും അനുഭവവും കൂട്ടത്തില്‍ എനിക്കിട്ട് വെച്ചതും ബോധിച്ചു.ഇനി താമസിക്കേണ്ടാ എത്രയും വേഗം കോമഡി പോസ്റ്റ് ഇട്ടോ...
(ഹി..ഹി..ഹി.. ചുമ്മാ, തിരിച്ചൊന്ന് വച്ചതാ)

ഒരു കാര്യം കൂടി..
ഇനി എനിക്കും ആ വൃദ്ധന്‍ പറഞ്ഞ പോലെ പറയാം...

"ഹാ.. നിന്നെ പോലുള്ള @#@$@% മക്കളാടാ എന്നെ സെന്‍റി എഴുതാന്‍ ശീലിപ്പിച്ചേ..
ഫൂ.. കള്ള .........!!!!!!!!!!!"

Hari | (Maths) പറഞ്ഞു... മറുപടി

നല്ല വാര്‍ത്ത പോസ്റ്റിലൂടെ അറിഞ്ഞു. അഭിനന്ദനങ്ങള്‍...

മര്യാദയ്ക്ക് എടവനക്കാട് നിന്ന് ചെറായിക്ക് ഏറിയാല്‍ 12 കി.മീറ്റര്‍ യാത്രയേ വരൂവെന്നിരിക്കേ, എന്തിനാടാ മനൂ, നീ ഇടപ്പള്ളി വഴി വരാന്‍ നോക്യേ, യാത്ര പുറപ്പെട്ട അന്നു തന്നെ വീട്ടിലെത്തിയത് മുജ്ജന്മസുകൃതം. സാധാരണഗതിയില്‍ എറണാകുളം-ഇടപ്പള്ളി വഴി യാത്ര തിരിച്ചാല്‍ വില്ലേജ് ഓഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയപോലിരിക്കും. നമ്മുടെ സ്റ്റേറ്റ് ഹൈവേ എത്ര സുന്ദരമാണ് കുട്ടാ, കരുത്തലപ്പാലം ഒഴിച്ചു നിര്‍ത്തിയാല്‍... !

വേറിട്ട ചിന്ത: എടവനക്കാട് നിന്നും യാത്ര തിരിച്ച് എറണാകുളം-പറവൂര്‍-മാല്യങ്കര വഴി വീട്ടിലെത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതല്ല ഇതിനപ്പുറവും പറവൂര്‍ സ്റ്റാന്റില്‍ നിന്നു കിട്ടിയേനെ. മൂന്ന് നാല് ഓട്ടോറിക്ഷ സ്വന്തമായിട്ടുള്ള, പലിശയ്ക്ക് പണം കൊടുക്കുന്ന, പിരിക്കാന്‍ "ടീമിനെ" വിടുന്ന ചിലരൊക്കെയാണ് പറവൂരിലെ ബസുകളില്‍ 'കളക്ഷന്‍' നടത്തുന്നതെന്ന വിവരം നമ്മള്‍ പഠിക്കുമ്പോഴേ അറിയാവുന്ന ഒരു രഹസ്യമാണല്ലോ...

ശ്രീ പറഞ്ഞു... മറുപടി

ശരിയല്ലേ? നമ്മളൊക്കെ തന്നെ അല്ലേ ഇവന്മാരെയൊക്കെ ഇങ്ങനെ തെണ്ടാന്‍ പ്രോത്സാഹിപ്പിയ്ക്കുന്നത്?

കൊടുത്താലും കുറ്റം കൊടുത്തില്ലേലും കുറ്റം!

ഹാസ്യം വഴങ്ങുന്നുണ്ട്.

അഭി പറഞ്ഞു... മറുപടി

കൊടുത്താല്‍ എന്തെങ്കിലും കിട്ടും എന്ന് ഉറപ്പയില്ലേ.
കോമഡി എഴുതാനുള്ള ശ്രമം നന്നായിരിക്കുന്നു . ആമുഖം ആണ് കൂടുത്തല്‍ നന്നായി തോന്നിയത് , ഒരു അഭിപ്രായം മാത്രം അണ്‌ട്ടോ

ആശംസകള്‍

jayanEvoor പറഞ്ഞു... മറുപടി

ഒരു എഴുത്തുകാരൻ ഒരു ടാഗിൽ തളച്ചിടപ്പെടാതിരിക്കുന്നതാണ് നല്ലത്.

എങ്കിലും തമാശ എഴുതാൻ വേണ്ടി തമാശ എഴുതണം എന്നില്ല, മനോരാജ്...

വാശിപ്പുറത്ത് എശുതിയത് എന്നതിൽ കവിഞ്ഞ് പ്രത്യേകതകളൊന്നും ഇതിനില്ല.

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

സര്‍ക്കാര്‍ വണ്ടിയില്‍ സര്‍ക്കാര്‍ റോഡിലൂടെയുള്ള ശുഭയാത്ര നന്നായിരിക്കുന്നു .വെല്ലുവിളിക്കുന്നവര്‍ സൂക്ഷിക്കുക .....

നന്ദന പറഞ്ഞു... മറുപടി

ഗർഭപാത്രത്തിൽ നിന്നും തുടങ്ങിയ ഈ വാശി നല്ലതാണോ കുട്ടാ!! എന്തായലും എഴുത്തിനുവേണ്ടി ഇത്തിരി വാശിയൊക്കെ നല്ലതാണെന്ന എന്റെ മതം.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഭാരതത്തെ ഭിക്ഷാടനമുക്തമാക്കാന്‍ ഒറ്റ വഴിയെ ഉള്ളൂ
സ്ത്രീകളെ ഒപ്പം കൂട്ടി യാത്ര ചെയ്യാതിരിക്കുക..

anyway..good post, really enjoyed it

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഭാരതത്തെ ഭിക്ഷാടനമുക്തമാക്കാന്‍ ഒറ്റ വഴിയെ ഉള്ളൂ
സ്ത്രീകളെ ഒപ്പം കൂട്ടി യാത്ര ചെയ്യാതിരിക്കുക..

anyway..good post, really enjoyed it

സിനു പറഞ്ഞു... മറുപടി

വാശിക്ക് വേണ്ടി എഴുതിയതായാലും
കോമഡി ക്ലിക്ക് ആയിട്ടുണ്ട്.
അഞ്ചു രൂപ കൊടുത്തത് ഏതായാലും
വെറുതെ ആയില്ല.കുറച്ചു തെറി യെങ്കിലും കേള്‍ക്കാനായല്ലോ..

chithrangada പറഞ്ഞു... മറുപടി

komedibusinte chavittupadiyilekkulla kalveypu kollam.akatheyku kayaran aruninte kootu veno?avsanathe twist ishtamaayi,manassilavan vishamichuvenkilum!

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

കോമഡിയേക്കാള്‍ ആമുഖമാണ് കൂടുതല്‍ രസകരമായി തോന്നിയതു്. ഇനിയും ഇത്തരം വെല്ലുവിളികള്‍ വന്നാല്‍ ഞങ്ങള്‍‍ സഹിക്കേണ്ടി വരുമെന്നു സാരം! :):)

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

ഞാനും ആദ്യം കോമഡിയായിരുന്നു. പിന്നെ നോസ്റ്റാൾജിക്കിലേക്കു മാറ്റി പിടിച്ചു. പക്ഷെ മനോരാജിന്റെ അവതരണം നല്ലതാണ​‍്‌. വെള്ളം പാത്രത്തിൽ ന്വക്കുന്നതു പോലെയാണ​‍്‌. ഏതു പാത്രമായാലും അതിനനുസരിച്ച്‌ വെള്ളം അതേ ആകൃതി ആകും എന്നതു പോൽ.എഴുതൂ..ആശം സകൾ

Sukanya പറഞ്ഞു... മറുപടി

കൊള്ളാം. അരുണ്‍ കുറച്ചൊക്കെ സ്വാധീനിച്ചിട്ടുണ്ട്.

Manoraj പറഞ്ഞു... മറുപടി

ദൈമവേ, ഈ പോസ്റ്റിനു ഇത്രയധികം കമന്റുകളോ? വായനക്കാർ ഉള്ളത്‌ സന്തോഷകരം തന്നെ.. പക്ഷെ, ഇത്‌ ഞാൻ സത്യത്തിൽ എഴുതിയതിന്റെ കാരണം ആദ്യമേ പറഞ്ഞിരുന്നു.. എഴുത്തുകാരി ചേച്ചി .. ഇല്ല.. ഇനി വെല്ലുവിളിച്ചാലും ഇത്തരം ഒരു സഹനം വേണ്ടിവരില്ല.. പിന്നെ അരുണിന്റെ സ്വാധീനം.. അരുണിനെ പോലെ കോമഡിയെഴുതാമോ എന്നതായിരുന്നല്ലോ വെല്ലുവിളി സുകന്യേ.. അരുണേ. .എന്നോടിത്‌ വേണ്ടായിരുന്നു.. ഹ..ഹ..

ഇവിടെ വന്ന് "എനിക്ക്‌ കിട്ടിയത്‌" വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത സുമേഷ്‌, പൗർണ്ണമി, അരുൺ കായംകുളം, ഹരി, ശ്രീ, അഭി, ജയൻ, ജീവി, നന്ദന, യാസർ, സീനു, ചിത്രാംഗദ, എഴുത്തുകാരി, ഏറക്കാടൻ, സുകന്യ .. എല്ലാവർക്കും നന്ദി.. ഇനിയും തേജസിൽ നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കട്ടെ... ഒപ്പം "എനിക്ക്‌ കിട്ടേണ്ടത്‌" തരുമെന്നും...

മുരളി I Murali Mudra പറഞ്ഞു... മറുപടി

ഹഹ ആരും അരുണിനെ വിടാനുള്ള ഭാവമില്ലെന്നു തോന്നുന്നു..
പിന്നെ വെല്ലുവിളി ഏറ്റെടുത്തു കോമഡി എഴുതിയതില്‍ സന്തോഷം...നമുക്ക് എല്ലാം വേണം..

ഹംസ പറഞ്ഞു... മറുപടി

കൊടുത്താല്‍ കൊല്ലത്തും കിട്ടും.

വാശിക്ക് വേണ്ടിയാണെങ്കിലും കോമഡി നന്നായി വഴങ്ങും എന്നു തെളിയിച്ചു

Unknown പറഞ്ഞു... മറുപടി

അപ്പോ സംഗതി ക്ലിക്ക് ആയി.
ആശംസകൽ..

ഒരു നുറുങ്ങ് പറഞ്ഞു... മറുപടി

വടികോടുത്തടി വാങ്ങാനും മിടുക്ക് വേണം!

ഭായി പറഞ്ഞു... മറുപടി

ആ പിച്ചക്കാരനെ ഒന്ന് കാണാന്‍ പറ്റുമോ മനോരാജേ..

ചിരിപ്പിച്ചു
:-)

anju minesh പറഞ്ഞു... മറുപടി

manuvetta.........alla busallarirunnell........athentha????? manuvetta angane???

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഹാ.. നിന്നെ പോലുള്ള @#@$@% മക്കളാടാ എന്നെ തെണ്ടിത്തിന്നാൻ ശീലിപ്പിച്ചേ.. ഫൂ.. കള്ള നായിന്റെ മോൻ" -

അത് കലക്കി.. അപ്പോള്‍ ഇത് പോലുള്ള തെറിയും തമാശ എഴുതാന്‍ വഴി ഒരുക്കും അല്ലെ...ഇടയ്ക്കു അതിനുള്ള സാഹജര്യങ്ങള്‍ ഉണ്ടാവട്ടെ... ആശംസകള്‍..

Biju Davis പറഞ്ഞു... മറുപടി

മനോരാജ്‌, ഞാൻ ബൂലോകത്ത്‌ അടുത്തിടെ എത്തിയതേ ഉള്ളൂ. പലതും വായിയ്ക്കുന്നതിനിടെ, ഇവിടെയും എത്തീ. ഈ പോസ്റ്റ്‌ ഒരു brave attempt ആണു. നർമ്മവും വഴങ്ങുന്നുണ്ട്‌.

ഒരു തുടക്കക്കാരന്റെ അഭിപ്രായം മാത്രം ആണു.