ഞായറാഴ്‌ച, ഡിസംബർ 06, 2009

ടീം ഇൻഡ്യ ഉപജാപകരുടെ പിടിയിലോ?


ഒടുവിൽ ഒത്തിരി നാളുകൾക്ക്‌ ശേഷം ഭാരതം ഐ.സി.സി. ക്രിക്കറ്റ്‌ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. അഭിമാനകരമായ നേട്ടം തന്നെ. അതും വളരെ ആധികാരികമായ ഒരു പരമ്പര വിജയത്തോടെ അയിരുന്നു എന്നുള്ളത്‌ അതിലേറെ നേട്ടമാണു. എന്തൊരു പ്രകടനമായിരുന്നു അത്‌. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ പിറകിലായ ശേഷം "ഗംഭീരമായ" തിരിച്ചുവരവ്‌. ഗംഭീറിന്റെയും, രാഹുലിന്റെയും, 20 വർഷം ആഘോഷിക്കുന്ന സച്ചിന്റെയും മനോഹരമായ സേഞ്ചുറികൾ.!!! രണ്ടാം ടെസ്റ്റിലാവട്ടെ, വാക്കിലും നോക്കിലും വരെ മാറ്റത്തിന്റെ താളവുമായി, ബോളിങ്ങിൽ പുതിയ വേഗവുമായി മലയാളികളുടെ സ്വന്തം ശ്രീശാന്ത്‌ നിറഞ്ഞാടിയപ്പോൾ ആകെ ഉലഞ്ഞുപോയ ലങ്കയെ ആണു നമ്മൾ കണ്ടത്‌... മൂന്നാം ടെസ്റ്റിൽ വീരേന്ദ്ര സെവാഗ്‌ ഒരിക്കൽ കൂടി കാട്ടിയ ഇന്ദ്രജാലത്തിനു മുൻപിൽ കപ്പൽ ചേതം സംഭവിച്ച കടൽകൊള്ളക്കാരുടെ അവസ്ഥയായിരുന്നു ശ്രീലങ്കൻ പടയാളികൾക്ക്‌.... ഇതിനേക്കാളൊക്കെ പ്രധാനം ധോണി എന്ന തുഴവള്ളക്കാരൻ ക്രിസ്റ്റൻ എന്ന അമരക്കാരനോടൊപ്പം കാലാവസ്ഥയോടും മറ്റും പൊരുതി ഈ വഞ്ചി കരക്കടുപ്പിച്ചു എന്നുള്ളതാണു... പക്ഷെ, ഇവിടെ, ഈ വിജയത്തിൽ അഭിമാനിക്കുന്നതോടൊപ്പം വേറേ ചില ദൂരകാഴചകൾ കാണാൻ ശ്രമിക്കുകയാണു. ഒരു പക്ഷെ, എല്ലാം തികച്ചും യാദൃശ്ചികമാകാം.. ചിലപ്പോൾ വെറും തോന്നലുകൾ ആകാം.. എങ്കിലും നിങ്ങളുടേയും അഭിപ്രായങ്ങൾ സമാഹരിക്കാൻ ഇവിടെ തുറന്നു വക്കുകയാണു.

ധോണി എന്ന ക്യാപ്റ്റനോടുള്ള എല്ലാ ആദരവും പുലർത്തികൊണ്ട്‌ തന്നെ പറയട്ടെ, എന്തുകൊണ്ടോ, ഒരു സംഘടിതമായ ലോബി ടീം ഇന്റ്യയിൽ നിഴൽ പോലെ പറ്റിച്ചേർന്നിട്ടുണ്ടൊ എന്നൊരു സംശയം ഇല്ലാതില്ല. എന്താണു ഇങ്ങനെ ഒരു സംശയം ജനിക്കാനുള്ള കാരണം... കഴിഞ്ഞ ടെസ്റ്റിലും ഈ ടെസ്റ്റിലും ഏറ്റവും നന്നായി ബൗൾ ചെയ്ത വ്യക്തി നമ്മുടെ ശ്രീ ആണെന്ന് എല്ലാവരും സമ്മതിച്ചതാണു... പക്ഷെ, എന്തുകൊണ്ടോ പലപ്പോഴും ഫോമിന്റെ, അല്ലെങ്കിൽ കൃത്യതയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ ഒന്നുകിൽ ശ്രീയെ പിൻ വലിച്ച്‌ പകരം ഹർഭജനെയോ , സഹീറിനെയോ പന്തേൽപ്പിക്കുന്ന ധോണിയെ പലവട്ടം നമ്മൾ കണ്ടു. മൂന്നാം ടെസ്റ്റിൽ ഒരു വേള, കുമാർ സങ്കാക്കരയും, പ്രസന്ന ജയവർദ്ദനയും കൂടി സഹീറിനെയും, ഹർഭജനേയും വേലിക്കു പുറത്തേക്ക്‌ അടിച്ചോടിചപ്പോൾ കമന്റേറ്റർമാർ വരെ ചോദിച്ചുപോയി.. എന്തുകൊണ്ടാണു ധോണി ശ്രീക്ക്‌ ബോൾ നൽക്കാൻ മടിക്കുന്നതെന്ന്... നമുക്കറിയാം, ശ്രീ കുഴപ്പക്കാരനായിരുന്നു... (ആണോ?. അഗ്രസ്സീവ്നെസ്സ്‌ അത്ര വലിയ തെറ്റൊന്നും അല്ലല്ലോ... ഇതിലും മോശം കാര്യങ്ങൾ ചെയ്ത പലരെയും പിന്നീടും നമ്മൾ തോളിലേറ്റിയില്ലേ... എങ്കിലും സമ്മതിക്കുന്നു ശ്രീക്ക്‌ ഒത്തിരി തെറ്റുകൾ പിണഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വർഷം മനോരമവിഷനിലുണ്ടായ അൽഫോൺസ്‌ കണ്ണന്താനത്തെ വിമർശിച്ച പ്രകടനം മാത്രം മതി നമുക്ക്‌ ശ്രീയെ വെറുക്കാൻ... പക്ഷെ, തന്റെ കഴിവുകൊണ്ടും പെരുമാറ്റത്തിൽ (താൽകാലികമായിട്ടെങ്കിലും - സ്ഥിരമായി ഇനി ഇങ്ങിനെ ആയിരിക്കും എന്നുള്ള ശ്രീയുടെ ഉറപ്പ്‌ നമുക്ക്‌ മുഖവിലക്കെടുത്തേക്കാം)വരുത്തിയ മാറ്റം കൊണ്ടും ആ തെറ്റുകൾ നമുക്ക്‌ പൊറുക്കാവുന്നതേയുള്ളു... പക്ഷെ, എന്നിട്ടും ധോനി എന്തുകൊണ്ടോ ,ഇപ്പോളും പൊറുത്തിട്ടില്ലേന്നു തോന്നുന്നു. അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി (ഹെയ്‌, ഭാജിക്കും , ഇഷാന്ത്‌ ശർമക്കും വേണ്ടി എന്ന് ഞാൻ പറഞ്ഞില്ലല്ലോ) ധോനി ഇന്നും ശ്രീയെ അകറ്റി നിറുത്തുന്നു. ഒരു കാര്യം ധോണി ഓർത്താൽ കൊള്ളാം, ഇതുപോലൊരു വ്യക്തി ഹത്യയുടെ പരിണിതഫലമായാണു ഒരിക്കൽ ലോകക്രിക്കറ്റ്‌ ലോകം മുഴുവൻ പേടിച്ചിരുന്ന ക്യാപ്റ്റൻ സൗരവ്‌ പടിയിറങ്ങേണ്ടി വന്നത്‌.... ഇത്തരം അൽപത്തം നിറഞ്ഞ തീരുമാനങ്ങളായിരുന്നു മറ്റു പല മേഖലകളിലും കഴിവുള്ള പലരും ചെറുപ്രായത്തിൽ തന്നെ വിടപറയാൻ നിർബന്ധിതരാക്കിയത്‌. ഇത്തരം ഉപജാപങ്ങളിൽ തലവച്ചുകൊടുക്കാത്തതുകൊണ്ടാണു സച്ചിനെ നമ്മൾ ദൈവത്തെപോലെ ആദരിക്കുന്നത്‌. ദ്രാവിഡിനെ നമ്മൾ ഇന്നും വിശ്വസ്ഥൻ എന്ന് വിളിക്കുന്നത്‌. ഉപജാപങ്ങൾക്കു പുറകെ പോയ അസ്‌ ഹരും , ജഡേജയും, മോംഗിയയും, ക്രീസിൽ കാലുറപ്പിക്കാനാവാതെ ക്ലീൻ ബൗൾഡ്‌ ആയത്‌.

5 comments:

Manoraj പറഞ്ഞു... മറുപടി

ആശയങ്ങൾ , അഭിപ്രായങ്ങൾ പങ്കുവക്കുമല്ലോ?

പിപഠിഷു പറഞ്ഞു... മറുപടി

അല്ഫോനെസ് കണ്ണന്താനത്തിന്റെ ആത്മകഥ വായിച്ചപ്പോള്‍ ഒരു പാട് ബഹുമാനം തോന്നിയിരുന്നു... അതിനു ശേഷമുള്ള പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ആ ബഹുമാനമെല്ലാം പോയി... അന്ന് ശ്രീശാന്ത് കണ്ണന്താനത്തിന് ചുട്ട മറുപടി കൊടുത്തു എന്നാണ് എന്റെ അഭിപ്രായം. ആ ഒരു മറുപടി അദ്ദേഹം ചോദിച്ചു വാങ്ങിയതാണ്. പുള്ളി അഗ്രസ്സിവേ ആയ ഒരെയോരാലെ കണ്ടിട്ടുള്ളൂ എന്നാ രീതിയില്‍ ആണ് സംസാരിച്ചത്. അതില്‍ ഒരു മലയാളിയുടെ കുശുമ്പ് നിറഞ്ഞു നിന്നിരുന്നു... ശ്രീ അന്ന് പറഞ്ഞ ഒരു വാചകം ഉണ്ട്. "ക്രിക്കറ്റ്‌ എന്റെ ജീവിതം അല്ല. എന്റെ ജീവിതത്തിലെ ഒരു ഭാഗം ആണ്... ഞാന്‍ ഡാന്‍സ് ചെയ്യും, പാര്‍ട്ടി ഇല പങ്കെടുക്കും, എന്റെ അച്ഛനമ്മമാരെ നോക്കും അതിന്റെ കൂടെ ക്രിക്കറ്റ്‌ കളിക്കും. അല്ലാതെ ഞാന്‍ ക്രിക്കറ്റ്‌ അല്ലാതെ വേറെ ഒന്നും ചെയ്യരുത് എന്ന് പറയുന്നത് ശരിയാണോ?"

Akbar പറഞ്ഞു... മറുപടി

ഒരു കളിക്കാരന്‍ എന്ന നിലക്ക് ശ്രീശാന്ത് നീതി പുലര്‍ത്തുന്നു. പിന്നെ വിജയാഹ്ലാദങ്ങള്‍ എല്ലാ കളിക്കാരും നടത്താറുണ്ട്‌. ശ്രീശാന്തിനു അതല്‍പം കൂടിപ്പോയിട്ടുന്ടെങ്കില്‍ ഇപ്പോള്‍ തിരുത്തിയിട്ടുമുണ്ട്. നമുക്കാശംസിക്കാം ശ്രീശാന്തിലെ നല്ല കളിക്കാരനെ.

Unknown പറഞ്ഞു... മറുപടി

എല്ലാം മറക്കുന്ന (പ്രതികാരത്തിനൊഴിച്ച്ചു) ഒരു നല്ല മനസ്സുണ്ട് മലയാളിക്ക് - കുറച്ചു സമയമെടുക്കുമെങ്കിലും. ശ്രീ പുറത്തിരുന്നപ്പോള്‍ അവന്‍ പഠിച്ചു... മലയാളി ക്ഷമിച്ചു... അവന്‍ തിരിച്ചു വന്നു....ജയിച്ചു... ഇനിയും വാനരനെപ്പോലെ വികൃതിത്തരങ്ങള്‍ കാണിച്ചാല്‍ പുറത്ത് പോകേണ്ടി വരും.
മനോരാജ് പറഞ്ഞത് നേരാണ്. വടക്കന്‍ ലോബ്ബിയുടെ കളി വളരെയധികമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ !! ഇതിനു മുമ്പും നാമത് കണ്ടതാണല്ലോ.

Basheer Vallikkunnu പറഞ്ഞു... മറുപടി

'ഇനിയും വാനരനെപ്പോലെ വികൃതിത്തരങ്ങള്‍ കാണിച്ചാല്‍ പുറത്ത് പോകേണ്ടി വരും'. Rajkumar, u said it..