ഞായറാഴ്‌ച, ഒക്‌ടോബർ 11, 2009

നിഴലുകള്‍ എന്നെ പിന്തുടരുന്നു....


ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടപ്പോൾ മരിച്ചു കിടക്കുന്ന വലിയച്ഛനു പകരം, തുറിച്ച കണ്ണുമായി തൂങ്ങിനിൽക്കുന്ന അച്ഛന്റെ മുഖമാണു മനസ്സിലൂടെ ആദ്യം കടന്നു പോയത്‌. ഒരു നിമിഷം... കണ്മുന്നിൽ ഒത്തിരി കാര്യങ്ങൾ അഭ്രപാളിയിലെന്നപോലെ തെളിഞ്ഞു.

"എന്താടാ വിശേഷിച്ച്‌...?" അടുത്തു നിന്നിരുന്ന അനി ചോദിച്ചത്‌ കേട്ടില്ലെന്നു നടിച്ചു പച്ചകറി അരിയാൻ തുടങ്ങി. വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യത്തിന് മുന്‍പില്‍ കാര്യം പറഞ്ഞു. അവന്റെ മുഖം വിളറി.

"വിഷമിക്കാതെടാ , നിന്റെ വലിയച്ഛനു അത്രയും ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളായിരിക്കും." അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. " ആട്ടെ, നീ എപ്പോളാ പോകുന്നത്‌?"

"ഓ, ഞാൻ പോകുന്നില്ല."

"ഛെ, നീയെന്താണീ പറയുന്നത്‌. നിന്റെ കൈയിൽ പണമില്ലേ? സാരമില്ലെടാ, കുറച്ചു പണം എന്റെ പക്കലുണ്ട്‌."

" അതല്ല, ഞാൻ പോകുന്നില്ല... എല്ലാം നിനക്കറിയാല്ലോ?"

"അതൊക്കെ വിട്ടുകളയടാ, അല്ലെങ്കിലും ഇപ്പോഴണോ അതൊക്കെ.. ങാ, നീ പോകാൻ നോക്ക്.."

എന്നിൽ പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാവതിരിന്നതുകൊണ്ടാവാം അവൻ തന്നെ ബാഗിൽ എന്റെ രണ്ടു ജോഡി വസ്ത്രം കുത്തിതിരുകി. ജാലകകാഴ്ചകളിലേക്ക് മുഖം തിരിച്ച് മിണ്ടാതിരുന്നു.

"എടാ, പെട്ടെന്നു ചെല്ലാൻ നോക്ക്‌. വൈകിയാൽ..."

"ങും, പോകണം... എനിക്കത്‌ കാണണം..." മനസ്സിന്റെ പിറുപിറുപ്പ് അല്പം ഉച്ചത്തിലായെന്ന് തോന്നുന്നു. അനിയുടെ കൈയിൽ നിന്നും ബാഗ്‌ കടന്നെടുത്ത്‌, മേശവലിപ്പില്‍ നിന്നും കുറച്ച്‌ പണം എടുത്ത്‌ ജീൻസിന്റെ പോക്കറ്റിൽ തിരുകി അവനെ ഒന്നു നോക്കുകകൂടി ചെയ്യാതെ പടിയിറങ്ങി.

നാട്ടിലേക്കുള്ള ബസ്സിൽ പുറകോട്ടോടുന്ന നഗരകാഴ്ചക്കൊപ്പം മനസ്സ്‌ വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. കഷ്ടതകൾ നിറഞ്ഞ തന്റെ ബാല്യകാലം... ഊമയായ അച്ഛന്റെ തണലിൽ കഴിച്ചുകൂട്ടിയ നാളുകൾ...

സംസാരശേഷിയില്ലെങ്കിലും ആംഗ്യഭാഷയുടെ വരമ്പുകള്‍ക്കകത്ത് നിന്ന് തർക്കിച്ചും, വിലപേശിയും വീടുകള്‍ തോറും മീൻ വിറ്റ്‌ കുടുംബം പുലർത്തിയിരുന്ന അച്ഛൻ. നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം അച്ഛനയിരുന്നു. വീട്ടിലെ ചെലവിനുള്ളത് കഴിച്ച് മിച്ചം പിടിക്കുന്ന ഒരു തുക എന്നും അച്ഛൻ വലിയച്ഛന്റെ കൈവശം ഏൽപ്പിക്കുമയിരുന്നു. തന്റെ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി.... ഒടുവിൽ... പൊന്നുമൊളുടെ വിവാഹമുറപ്പിച്ച്‌, പണം ചോദിക്കാൻ വലിയച്ഛന്റെ അടുക്കൽ ചെന്ന അച്ഛന്റെ മുഖം ഇന്നും കണ്മുന്നിലുണ്ട്‌. അന്ന് പത്ത്‌ വയസ്സ്‌ പ്രായമേ ഉണ്ടായിരുന്നുള്ളൂ.... മിണ്ടാൻ കഴിയാതെ, ആംഗ്യത്തിലൂടെ യാചിക്കുന്ന അച്ഛൻ... വലിയ ശബ്ദത്തോടെ പൊട്ടിച്ചിരിക്കുന്ന വലിയച്ഛൻ... വലിയച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന വലിയമ്മ... ക്രൂരതയോടെ എല്ലാം കണ്ടുരസിക്കുന്ന വലിയച്ഛന്റെ പെണ്മക്കൾ... തലക്ക്‌ കൈതാങ്ങി നിലത്തിരിക്കുന്ന അച്ഛൻ... പകച്ചിരിക്കുന്ന ഞാൻ... വലിയച്ഛനെ ശപിച്ചുകൊണ്ട്‌, എന്നെയും വലിച്ചിഴച്ച്‌ പടിയിറങ്ങുന്ന അമ്മ.... കളികൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ ദു:ഖത്തില്‍ ഏങ്ങിക്കരയുന്ന ഗോപിയേട്ടൻ... മനസ്സിലെ വെള്ളിത്തിരയിൽ ഇന്നും മങ്ങാതെ നിൽക്കുന്ന ചിത്രം!! അവസാനം... അവസാനം... മുടങ്ങിപ്പോയ വിവാഹദിവസം... ആദ്യരാത്രിയുടെ ഊഷ്മളതയിലേക്ക്‌ പ്രവേശിക്കേണ്ട യാമങ്ങളിൽ... നിദ്രയെ ഭോഗിച്ച്‌, ആ ഭോഗത്തിന്റെ മാസ്മരലഹരിയിൽ ഇക്കിളിപ്പെട്ടും, പുളഞ്ഞും... ഒരു സീൽക്കാരത്തോടെ എന്നെന്നേക്കുമായി നിദ്രയെ മാറോടണച്ച തന്റെ പൊന്നു പെങ്ങൾ... തുറിച്ച കണ്ണുകളുമായി തൂങ്ങിയാടുന്ന അച്ഛൻ... അലമുറയിടുന്ന അമ്മ...- അതേ സമയം - അച്ഛനെ ചിതയിലേക്കെടുത്ത അതേസമയം - ശരീരം തളർന്ന് കിടന്നുപോയ ക്രൂരനായ വലിയച്ഛൻ... എന്റെ വലിയച്ഛൻ!!!

ചുണ്ടിൽ ഉപ്പു രസം തോന്നിയപ്പോളാണ് താൻ കരയുകയാണെന്ന് മനസ്സിലായത്‌. ഇല്ല, ഞാൻ കരയാൻ പാടില്ല. ഉണ്ണിക്ക്‌ കരയാൻ കഴിയില്ല... കണ്ണുകൾ അമർത്തിതുടച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറിച്ചെറിഞ്ഞ ജന്മനാട്ടിലേക്ക് ബസ്സ് ഇരമ്പിയെത്തിയിരുന്നു. വരമ്പ്‌ മുറിച്ചുകടന്ന് വീടെത്താറയപ്പോൾ തന്നെ ചുറ്റുപാടുകളില്‍ നിന്നും ആളുകളുടെ അടക്കിപിടിച്ച സംസാരം കാതുകളിൽ വന്നലച്ചു. ഒന്നിനും ചെവികൊടുക്കാതെ , വല്ലാത്ത നിസ്സംഗതയൊടെ നടന്നു.

ഒടുവിൽ... വർഷങ്ങൾക്ക്‌ ശേഷം ആ പടിപ്പുരയിൽ ഞാൻ എത്തിയിരിക്കുന്നു. ഒന്ന് ശങ്കിച്ചു നിന്നു. വീട്ടിനകത്തു നിന്നും പതം പറച്ചിലുകൾ കേൾക്കാം.

വലിയമ്മയുടെ ഏങ്ങലടികൾ...

നാട്ടുകരുടെ കുശുകുശുപ്പ്‌...

ആരോ അകത്തേക്ക്‌ പിടിച്ചു കയറ്റി. വർഷങ്ങൾക്ക്‌ ശേഷം ഈ പടിചവിട്ടുകയാണു. മുറ്റത്ത്‌ ഗോപിയേട്ടനോടൊപ്പം കൊത്തങ്കല്ല് കളിച്ചിരിക്കെയാണ് അമ്മ തന്നെ വലിച്ചിഴച്ച്‌ ഈ പടിയിറങ്ങിയത്‌. അതിനു ശേഷം ഇപ്പോൾ...

"എത്ര കാലം ഈ കെടപ്പു കെടന്നതാ! ഒരു കണക്കിനിത് നന്നായി..." ആരൊക്കെയോ തമ്മിൽ അടക്കം പറയുന്നത് കേള്‍ക്കാം.

"താൻ പുഴുത്ത് ചാവത്തെയൊള്ളെടോ" മനസ്സിൽ അമ്മയുടെ ശാപവാക്കുകൾ തികട്ടി വന്നു. ഒരു പാട്‌ വട്ടം... കൂടിനിന്നവരിൽ ചിലരും അത്‌ അയവിറക്കുന്നുണ്ടായിരുന്നു.

"ഉണ്ണീ, പെട്ടന്ന് കുളിച്ചുവന്നോളൂ, കർമ്മങ്ങൽ തുടങ്ങാന്‍ ഇനിയും വൈകികൂടാ.. ഇപ്പോള്‍ തന്നെ നേരത്തോട് നേരമായിരിക്കുന്നു.." - ഏതോ ഒരു കാരണവർ അരികിൽ വന്ന് മന്ത്രിച്ചു. വലിയച്ഛനുമായി തെറ്റിപ്പിരിഞ്ഞ്‌ ഗോപിയേട്ടൻ നാടുവിട്ടത്‌ ആ നേരം വരെ ഓർത്തിരുന്നില്ല. വരേണ്ടിയിരുന്നില്ലെന്ന് തോന്നി.

"മോനേ, വലിയമ്മക്ക്‌ നീ മാത്രമെയുള്ളൂ ഉണ്ണ്യേ" ആ ഏങ്ങലടിക്കുമുമ്പിൽ മനസ്സ്‌ വീണ്ടും പതറിപ്പോയി. പെട്ടന്ന് കുളിച്ചുവന്നു. കർമ്മങ്ങൾക്കായി ഇരിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ അലയുകയാണെന്ന് തോന്നി. ഒരു മാത്ര... ഒറ്റത്തവണ ആ മുഖം വീണ്ടും കണ്ടു. മരണം തഴുകിയിട്ടും ക്രൂരത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുഖം ! ഒന്നേ നോക്കിയുള്ളൂ. വികാരവിക്ഷോപമടക്കുവാന്‍ കഴിയാതെ തളര്‍ന്നുപോയി. കുനിഞ്ഞിരുന്ന് ഒരു വിധത്തില്‍ കർമ്മങ്ങൾ മുഴുമിപ്പിച്ചു.

ശവം ചിതയിലേക്കെടുത്തു. കത്തിച്ച വിറകുകൊള്ളിയുമായി ചിതയെ വലംവയ്ക്കുമ്പോൾ... ശവം പൊതിഞ്ഞ തുണിയിൽ നിന്നും രക്തം കിനിയുന്നുവോ...?

വിഷം കലർന്ന രക്തം!!

അത്‌...അതെന്റെ ചേച്ചിയുടേതല്ലേ !!

ചിതയുടെ അരികിൽ നിൽക്കുന്ന പൂച്ചയുടെ തുറിച്ചകണ്ണുകൾ !!...

ഇല്ല, എന്റെ തോന്നലയിരിക്കും...

വയ്യ...എനിക്കൊന്നിനും വയ്യല്ലോ...

കത്തിയ വിറകുകൊള്ളി നിലത്തേക്കിട്ട്‌ ഞാൻ പിന്തിരിഞ്ഞ് നടന്നു. പിറകിൽ നാട്ടുകാരുടെ മുറുമുറുപ്പുകൾ.. ആരൊക്കെയോ മടക്കിവിളിക്കുന്നു.

ഇല്ല... എനിക്കതിന് കഴിയില്ല..

എനിക്കു പിന്നിൽ വിഷം കലർന്ന രക്തം ഒഴുകി വരുന്നു...

തൂങ്ങിയാടുന്ന രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു!...

ഞാൻ വേഗം നടന്നു.. രക്തം പുഴയായി എന്റെ പിന്നാലെ ഒഴുകിവരുന്നു...

പിച്ചിപ്പറിക്കാൻ മാംസമില്ലാതെ വീർപ്പുമുട്ടുന്ന നഖങ്ങൾ എന്നിൽ നിന്നും മാംസം കരണ്ടെടുത്തു!!

പിന്നിൽ വലിയമ്മയുടെ ദീനരോദനം...

"കൊള്ളിവയ്ക്കാൻ ആളില്ലാതെ... ഗതിപിടിക്കാതെ താനലയും" - അമ്മയുടെ ശാപവാക്കുകൾ.

ആർക്കാണു ഞാൻ മോക്ഷം നൽകേണ്ടത്. ആരോടാണു ഞാൻ കടമ നിറവേറ്റേണ്ടത്‌... എനിക്ക്‌ ഒന്നിനും കഴിയുന്നില്ലല്ലോ...

തുറിച്ച കണ്ണുകൾ എന്നെ മാടിവിളിക്കുന്നു... രക്തപുഴ എന്നെ ആശ്ലേഷിക്കാൻ... വരണ്ട നഖങ്ങൽ ക്ഷതമേൽപ്പിക്കാൻ.... ഞാൻ ഓടി.. എന്റെ പിന്നിൽ ആരാണ്?

ആരാണെന്നെ പിടിച്ചു വലിക്കുന്നത്‌?

വലിയമ്മയോ... തുറിച്ച കണ്ണുകളോ... വലിയച്ഛന്റെ ശവമോ... വിഷം കലർന്ന രക്തമോ... അതോ...

ഞായറാഴ്‌ച, സെപ്റ്റംബർ 27, 2009

പൊയ്മുഖങ്ങള്‍ പാവക്കൂത്താടുന്നു.....

മുന്‍കുറിപ്പ് : ഇതു തികച്ചും സങ്കല്‍പ്പികം മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവരായിരുന്നെങ്കിലും ഇപ്പോള്‍ ‍അവരുടെ വാക്കുകളിലൂടെ പുറത്തു വരുന്ന ആശയങ്ങള്‍ ഞങ്ങള്‍ കുത്തി നിറച്ചത് മാത്രമാണ്. യാതാർത്ഥ്യത്തിനും ഫാന്റസിക്കുമിടയിൽ ഞങ്ങള്‍ അണിയിച്ചൊരുക്കിയ ഒരു കൂട്ടം പൊയ്മുഖങ്ങളുടെ പാവക്കൂത്ത് മാത്രമാണിത്‌. ഇതിന്റെ ചരടുകള്‍ ഞങ്ങളുടെ വിരലുകളില്‍ ഭദ്രമായി ചുറ്റപ്പെട്ടിരിക്കുന്നു.

(ഇത്തരം ഒരു മുന്‍കുറിപ്പ് ഈ എപ്പിസോഡിന്‌ വേണോ സര്‍.. എഡിറ്റരുടെ ചോദ്യത്തിന് മുന്‍പില്‍ സംവിധായകന്‍ പകച്ചിരുന്നു. - അണിയറയില്‍ കേട്ടത്. )

ആകെ ഇരുണ്ട സ്ക്രീനിലേക്ക്, പശ്ചാത്തലത്തില്‍ വിദേശ നിര്‍മ്മിത മദ്യത്തിന്റെ മനോഹരമായ കുപ്പി അണിയിച്ചൊരുക്കിയ കമനീയമായ വേദി സ്പോട്ട് ലൈറ്റ് ചെയ്യപ്പെടുകയും അതിലേക്ക് രണ്ടാത്മാക്കളുടെ നിഴല്‍ മന്ദം മന്ദം കടന്നു വരികയും ചെയ്യുന്നു... ഇപ്പോള്‍ വേദിയിലെ വെളിച്ചത്തോടൊപ്പം ക്യാമറയും " ആത്മമുഖം" എന്ന പ്രോഗ്രാം ടൈറ്റില്‍ ആലേഖനം ചെയ്ത രംഗപടത്തിലേക്ക് ഫോക്കസ് ചെയ്യുകയാണ്‌. നിഴല്‍ രൂപങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ പെട്ടന്ന് മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സ്ക്രീനിലാകെ വെളിച്ചം പ്രഭ ചൊരിയുകയും രണ്ടാത്മാക്കളുടെയും ക്ലോസ് അപ്പ്‌ ഷോട്ടിനു വേണ്ടി ക്യാമറ സൂം ചെയ്യപ്പെടുകയും ചെയ്യുന്നിടത്ത് സംവിധായകന്‍ കട്ട്‌ പറഞ്ഞു.

(നിങ്ങള്‍ക്കെന്താ ഒന്ന് ചിരിച്ചുകൊണ്ട് നിന്നുകൂടെ. ഇത് അറക്കാന്‍ കൊണ്ട് വന്ന മാടുകളെ പോലെ. നാശങ്ങള്‍... ഒ.കെ... ഒരിക്കല്‍ കൂടി നോക്കാം. - സംവിധായകന്‍)

"നമസ്കാരം , ആത്മമുഖം പരിപാടിയിലേക്ക് പരലോകം ചാനല്‍ പ്രേക്ഷകര്‍ക്ക്‌ സ്വാഗതം." - നിരാശ സ്ഫുരിക്കുന്ന മുഖത്തോടെ അവതാരകന്‍ എന്ന് തോന്നിയ ആത്മാവ് പറഞ്ഞു. എവിടെയോ കണ്ടു മറന്ന മുഖം.. അല്ല, ഇതു പഴയ നാഥുറാം അല്ലെ! അതെ, നാഥുറാം വിനായക് ഖോട്സേ തന്നെ!(പ്രേക്ഷകര്‍ ഒന്നിളകിയിരുന്നു...)

"നമസ്കാരം" - അപരനും പ്രതിവചിച്ചു. ഈ ആത്മാവിന്റെ മുഖവും നമുക്ക് സുപരിചിതമാണ്. ഇപ്പോള്‍ സ്ക്രീനില്‍ , അദ്ദേഹത്തിന്റെ താഴെയായി എം. കെ. ഗാന്ധി എന്നെഴുതി കാണിക്കുന്നുണ്ട്‌. അതെ, സംശയം വേണ്ട. നമ്മുടെ മഹാത്മ ഗാന്ധി തന്നെ.(പ്രേക്ഷകര്‍ ഒന്നുകൂടി ഉഷാറായി നിവര്‍ന്നിരുന്നു.)

നാഥുറാം : ഇത് പരലോകം ചാനലിന്റെ ട്രാം റേറ്റിങില്‍ ഏറ്റവും മുന്‍പന്തിയിലുള്ള നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാം. ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ എപ്പിസോഡില്‍ ചാനെല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന സ്പെഷ്യല്‍ ഗസ്റ്റ് മറ്റാരുമല്ല , നിങ്ങള്‍ എല്ലാപേരും അറിയുന്ന എം.കെ.ഗാന്ധിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഇദ്ദേഹത്തിന്റെ സഹന സമരങ്ങളുടെയും സത്യാഗ്രഹ സമരങ്ങളുടെയും ഫലമയിട്ടാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. പണ്ട്, 48 - ല്‍ ഒരു വെടിയുണ്ടകൊണ്ട് ഇദ്ദേഹത്തെ നിശബ്ദനാക്കുവാനുള്ള നിയോഗം എനിക്കായിരുന്നു. എന്നാല്‍ ഇന്നു ഈ ആത്മാവിനെ വീണ്ടും സംസാരിപ്പിക്കുകയാണ് എന്റെ കര്‍ത്തവ്യം. നാഥുറാം വിനായക് ഖോട്സേ എന്നതിനെക്കാളും ' ഗാന്ധി ഘാതകന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഞാന്‍ ഇന്നിവിടെ അവതാരകന്റെ വേഷവും കെട്ടിയാടട്ടെ...

ഇത്രയും പറഞ്ഞു നാഥുറാം ഗാന്ധിയെ റിവോള്‍വിംഗ് ചെയറിലേക്ക്‌ ആനയിച്ചു. ഇപ്പോള്‍ രണ്ടുപേരും അവരവര്‍ക്കായി തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ ഉപവിഷ്ഠരായി. ഇരുവരുടെയും മദ്ധ്യത്തില്‍ പ്രയോജകാരായ വിദേശ മദ്യ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഉല്പ്പന്നത്തിന്റെ മനോഹരമായ ഒരു മോഡല്‍!!! (കാണികള്‍ക്ക്‌ ഹരം പിടിക്കുന്നുണ്ട് . നമുക്ക് പരിപാടി ആസ്വദിക്കാം.)

നാഥുറാം : നമസ്കാരം, ഗാന്ധി ....

ഗാന്ധി : നമസ്കാരം, നാഥുറാം.....

നാഥുറാം : ആദ്യമായി ഇന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ എപ്പിസോഡില്‍ അതിഥി ആയി ഇവിടെ സന്നിഹിതനായതിന്‌ ചാനെലിന്റെ എല്ലാ വിധ നന്ദിയും രേഖപ്പെടുത്തട്ടെ..

ഗാന്ധി : എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ച ചാനെലിന്റെ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ചെയര്‍മാന്‍ ഹിറ്റ്ലര്‍ക്ക് എന്റെ നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

നാഥുറാം : ഈ പരിപാടിയുടെ പ്രായോജകരായ .............ഗ്രൂപ്പ് നല്‍കുന്ന അവരുടെ ഏറ്റവും മികച്ച ബ്രാന്‍ഡ്‌ വിദേശ മദ്യത്തിന്റെ ഒരു കുപ്പി ഉപഹാരമായി ആദ്യമേ താങ്കള്‍ക്കു സമര്‍പ്പിക്കന്നു.

ഒരു നിമിഷം പകച്ചു പോയ ഗാന്ധിയെ നോക്കി സംവിധായകന്‍ ഒരിക്കല്‍ കൂടി കട്ട്‌ പറഞ്ഞു.

സംവിധായകന്‍ : ഹേയ്, നിങ്ങളോട് ആ മദ്യകുപ്പി വാങ്ങി മാറോടടുക്കി പിടിക്കണമെന്ന് എത്ര വട്ടം പറഞ്ഞതാണ്‌. വെറുതെ മനുഷ്യനെ മെനക്കെടുത്തരുത് കേട്ടോ..

(നിസ്സഹായനായ ഗാന്ധിയെ നോക്കി നാഥുറാം വിതുമ്പി പോയി - ഷോട്ടില്‍ ഇല്ലാത്തത്.)

ഗാന്ധി : (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മദ്യക്കുപ്പി സ്വീകരിച്ചു നെഞ്ചോടടുപ്പിക്കുന്നു..) ഹേ.. റാം!

നാഥുറാം : തങ്ങള്‍ അവസാനമായി പുറപ്പെടുവിച്ച ആ വാക്കില്‍ നിന്നും തന്നെ വീണ്ടും തുടങ്ങി അല്ലെ.. നല്ലത് തന്നെ ..

ഗാന്ധി : നാഥുറാം, അന്ന് താങ്കള്‍ എനിക്ക് നേരെ നിറയുതിര്‍ത്തപ്പോള്‍ ഞാന്‍ ഈ വാക്കുകള്‍ ഉച്ഛരിച്ചത് നിറഞ്ഞ മനസ്സോടെ ആയിരുന്നു. കാരണം നിങ്ങള്‍ എന്റെ നെഞ്ചിലേക്ക് നിറയുതിര്‍ത്തപ്പോള്‍ ഞാന്‍ എന്റെ നാടിനു വേണ്ടി ബലി കൊടുക്കപ്പെടുകയായിരുന്നു.(രക്തസാക്ഷി എന്ന അര്‍ത്ഥമില്ലാത്ത വാക്കില്‍ ഞാന്‍ ഇന്ന് വിശ്വസിക്കുന്നില്ല) പക്ഷെ, ഇന്നു ഞാന്‍ ഇതു പറഞ്ഞത് എന്റെ നാടിന്റെ നിസ്സഹായാവസ്ഥയില്‍, ദു:സ്ഥിതിയില്‍ മനം നൊന്ത് , വളരെ സങ്കടത്തോടെയാണ്‌.

നാഥുറാം : ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിച്ച് അധിക കാലം അവിടെ ജീവിക്കാന്‍ താങ്കളെ ഞങ്ങള്‍ , അല്ല ഞാന്‍ (മന:സാക്ഷിയോടുള്ള വെറുപ്പോടെ) അനുവദിച്ചില്ലല്ലോ? എങ്കിലും എന്റെ ചോദ്യം ഇതാണ്. സ്വതന്ത്ര്യ ഭാരതത്തെ താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു?

ഗാന്ധി : ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയോ? ഇല്ല നാഥുറാം, ഒരിക്കലും ഇല്ല..

നാഥുറാം : താങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്?

ഗാന്ധി : ഇന്ന് ഇന്ത്യയും പാക്കിസ്ഥാനുമേ ഉള്ളു‌... മഹാഭാരതമില്ല. അത് പണ്ടേ നാമാവശേഷമായി.

നാഥുറാം : ഹും.. ശരിയാണ്‌. അത് ഞാനും സമ്മതിക്കുന്നു....

(സംവിധായകന്‍ ദ്വേഷ്യത്തോടെ ഒരിക്കല്‍ കൂടി കട്ട്‌ പറയുന്നു. )

സംവിധായകന്‍ : ഹേയ്, നാഥുറാം, സ്ക്രിപ്റ്റില്‍ പറഞ്ഞിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുവാനേ താങ്കള്‍ക്ക് അനുവാദമുള്ളൂ. അതുപോലെ സ്ക്രിപ്റ്റിലെ ഉത്തരങ്ങള്‍ പറയുക എന്നതാണ്‌ താങ്കളുടേയും ചുമതല എന്നോര്‍ത്തോളൂ ഗാന്ധി.. അല്ലാതെ ചുമ്മാ ഹീറോ ചമയാന്‍ നോക്കല്ലേ..

നാഥുറാം: സോറി സര്‍, ....(ഗാന്ധി ഒന്നും മിണ്ടാതെ നിര്‍‌വികാരനായി കുമ്പിട്ടിരിക്കുന്നു)

സംവിധായകന്‍ : ശരി.ശരി.. നിങ്ങള്‍ സമയം കളയാതെ തുടരു.. സ്റ്റാര്‍ട്ട്‌...ക്യാമറ...ആക്ഷന്‍...

നാഥുറാം : ഇന്നത്തെ ഭാരതത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഗാന്ധിയുടെ അഭിപ്രായം എന്താ?

ഗാന്ധി: താങ്കള്‍ ഉദ്ദേശിച്ചത് ഒന്ന് കൂടെ വ്യക്തമാക്കാമോ?

നാഥുറാം: ഭാരതത്തിലെ പൊളിറ്റിക്സിനെ കുറിച്ച് തന്നെ... വിവിധ....

ഗാന്ധി: (മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ) എന്റെ അഭിപ്രായത്തില്‍ അവിടെ ഇപ്പോള്‍ പൊളിറ്റിക്സ് ഇല്ല.. പൊളിട്രിക്സ് മാത്രമേയുള്ളൂ.

നാഥുറാം: ശരി, സമ്മതിച്ചു. എങ്കിലും ഭാരതത്തിലെ രാഷ്ട്രീയ കക്ഷികളെക്കുറിച്ച് താങ്കളുടെ കാഴ്ചപാട്!!

ഗാന്ധി: അവരെക്കുറിച്ചൊക്കെ ഒരു കാഴ്ചപാട് സൂക്ഷിക്കുന്നത് തന്നെ അബദ്ധം! എങ്കിലും പറയാം. എന്റെ കൈവശം ഇരിക്കുന്ന ഈ മദ്യക്കുപ്പിയിലെ മദ്യം പോലെ... പതുക്കെ, വളരെ പതുക്കെ..അവ ജനങളെ കാര്‍ന്നു തിന്നുന്നു...

(സംവിധായകന്റെ കണ്ണുകള്‍ സ്ക്രിപ്ടിലേക്ക് - "ഹേ, നിങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുവാനോ കുറ്റം പറയുവാനോ സ്ക്രിപ്റ്റില്‍ അനുവാദം തന്നിട്ടില്ല. അതിനേക്കാളുപരി, മദ്യത്തെ വിമര്‍ശിക്കുക വഴി നിങ്ങള്‍ ഈ പ്രോഗ്രാമിന്റെ സംപ്രേക്ഷണ സാധ്യതയെ ആണ് വെല്ലുവിളിക്കുന്നത് എന്ന് ഓര്‍ക്കുക.."- ആകെ വെറളി പിടിച്ച് കൊണ്ട് അയാള്‍ ഒച്ച വെച്ചു)

ഗാന്ധി: ക്ഷമിക്കണം... സര്‍, ഒരു നിമിഷം ഞാന്‍ വികാരഭരിതനായി പോയി. സത്യങ്ങള്‍ എനിക്ക് വിസ്മരിക്കാന്‍ കഴിയില്ലല്ലോ?

സംവിധായകന്‍ : (ആകെ പുലിവാലുപിടിച്ച പോലെ) ശരി,ശരി..

(എന്താ സംശയം! ഹേ... ഇതൊന്നും സ്ക്രീനില്‍ കണ്ടതല്ല ...ഹോ എന്തൊരാകാംഷ! ഇതുകൂടി കാണാന്‍ കൊതിയവുന്നുണ്ടല്ലേ!! അല്ലെങ്കിലും നമുക്ക് സംഘര്‍ഷഭരിത രംഗങ്ങളോടാണല്ലോ എന്നും ഇഷ്ടം.)

നാഥുറാം: താങ്കളെ ഞാന്‍ വെടിവെച്ചപ്പോള്‍ തോന്നിയ വികാരം?

ഗാന്ധി : എനിക്ക് തോന്നുന്നത് താങ്കള്‍ വെടി വെയ്ക്കുന്നതിന് മുന്‍പ് തന്നെ ഞാന്‍ മരിച്ചു കഴിഞ്ഞിരുന്നു എന്നാണ്! ഇന്ത്യയെ വിഭജിച്ച ആ നിമിഷത്തില്‍ തന്നെ എന്റെ ജീവിതവും അവസാനിച്ചിരുന്നു സുഹൃത്തെ!! നിങ്ങള്‍ വെടിവെച്ചിട്ടത് എന്റെ ശവത്തിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

നാഥുറാം: ഹേ മഹാനുഭാവ.. എനിക്ക് ആ സംഭവത്തിനു ശേഷം ഇന്ന് വരെ മന:സമാധാനം ലഭിച്ചിട്ടില്ല. ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല... ഒന്ന് സന്തോഷിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് താങ്കളോട് മാപ്പ് പറയണമെന്ന ഒരൊറ്റ ചിന്തയായിരുന്നു. ഹേ, അമാനുഷ! എന്റെ , ഈ വിഡ്ഢിയുടെ...പ്രണാമങ്ങള്‍ സ്വീകരിച്ചാലും...!!!(കരഞ്ഞുകൊണ്ട് നാഥുറാം ഗാന്ധിയുടെ പാദങ്ങളില്‍ പുല്‍കി..)

സംവിധായകന്‍: ഹേയ്യ് , കട്ട്‌..കട്ട്‌..കട്ട്‌..

(തലയിലിരുന്ന തൊപ്പി വലിച്ചൂരി നിലത്തെറിഞ്ഞു കൊണ്ട് ഒരു ഭ്രാന്തനെപോലെ അയാള്‍ ഖോട്സേക്ക് അരികിലേക്ക് ഓടിച്ചെന്നു. പെട്ടന്ന് ഖോട്സേയെ വലിച്ചു പൊക്കിയെടുത്ത് , ഇടത്തെ കരണം നോക്കി ആഞ്ഞടിച്ചു!! സ്റ്റേജില്‍ നിന്നും പുറം കാലുകൊണ്ട്‌ ചവിട്ടി പുറത്താക്കി!!! പക്ഷെ.. ഒട്ടും പ്രതീക്ഷിക്കാതെ, സംവിധായകന്റെ വലത്തേ കവിളത്ത് ഗാന്ധിയുടെ കൈപടം വന്നു പതിച്ചു... സംവിധായകനുള്‍പ്പെടെ എല്ലാവരും പകച്ചു പോയ നിമിഷം. സംവിധായകന്റെ വായില്‍ നിന്നും ചോര!!! മുന്‍വരിയിലെ രണ്ടു പല്ലുകള്‍ താഴെ ഇളിച്ചുകൊണ്ട് കിടക്കുന്നു.)

സംവിധായകന്‍ : ഹേയ്, തികഞ്ഞ അഹിംസാവാദിയായ നിങ്ങള്‍ ....

ഗാന്ധി : (രോഷാകുലനായി) അഹിംസ..!! ഇത് ഞാന്‍ പണ്ടേ ചെയ്യേണ്ടതായിരുന്നു... എങ്കില്‍ ഈ നാട് ഇത്രക്ക് അധ:പതിക്കില്ലായിരുന്നു. മേലില്‍ ഇത്തരം വൃത്തികേടുകള്‍ കണ്ടാല്‍ ഞാന്‍ പ്രതികരിച്ചിരിക്കും. കാക്കയെയോടിക്കാന്‍ എന്ന് നിങ്ങള്‍ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന എന്റെ കൈയിലെ വടി എനിക്ക് പ്രയോഗിക്കേണ്ടിവരും . ഇപ്പോള്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഈ പരിപാടി നമുക്കിവിടെ നിറുത്താം. ഞാന്‍ പോകുന്നു.

(ഖോട്സേയെ തോളില്‍ താങ്ങിക്കൊണ്ടു ഗാന്ധി ഇരുളില്‍ മറയുന്നു.പോകുന്ന വഴി ദേഷ്യം അടങ്ങാതെ അവിടെ ഇരുന്നിരുന്ന മദ്യകുപ്പി എറിഞ്ഞുടക്കുന്നു...)

വാല്‍ക്കഷ്ണം :-

സംവിധായകന്‍: (നിര്‍മാതാവിനോട്) ക്ഷമിക്കണം സര്‍.. അവര്‍ ഈ പരിപാടി നശിപ്പിച്ചു.

നിര്‍മാതാവ് : അല്ലെടോ. അവര്‍ ഇതു നമ്മള്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയാക്കി. ഇന്നത്തെ കാലത്ത് ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപെടുന്നത് ആക്ഷന്‍ തന്നെ. ഒരു അഭിമുഖമെന്നതിനുപരി അവര്‍ ഈ പരിപാടി കൂടുതല്‍ കളര്‍ഫുള്‍ ആക്കി. അവസാനഭാഗത്തെ ആ മദ്യക്കുപ്പി തല്ലിപ്പൊട്ടിക്കുന്നതൊഴിവാക്കിയാല്‍ ബാക്കിയെല്ലാം നമുക്ക് സംപ്രേക്ഷണം ചെയ്യാം.

സംവിധായകന്‍: എങ്കില്‍ നിരാശയാലോ മറ്റോ ആ കുപ്പിയെടുത്തു ഗാന്ധി മദ്യം സേവിക്കുന്നതായി നമുക്ക് കാട്ടം സര്‍. അത് അനിമേഷനിലൂടെ നമുക്ക് സാധിക്കും.. (തന്റെ എല്ലാ തെറ്റുകളും നിര്‍മാതാവ് ക്ഷമിച്ചു എന്ന തിരിച്ചറിവ് സംവിധായകനെ കൂടുതല്‍ ഉന്മേഷവാനാക്കി. അയാള്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ കിട്ടിയ കച്ചിതുരുമ്പില്‍ കടിച്ച് തൂങ്ങി. )

പിന്‍കുറിപ്പ് : ഈ വര്‍ഷത്തെ ജനപ്രിയ പരിപാടിയായി പരലോകം ചാനലിലെ 'ആത്മമുഖം' എന്ന പരിപാടിയിലെ ഗാന്ധി-ഖോട്സേ അഭിമുഖം ഗ്യാലപ് പോളിലൂടെ തിരഞ്ഞെടുത്തു. മികച്ച വില്ലനുള്ള പുരസ്‌കാരം ഈ പരിപാടിയിലൂടെ ഗാന്ധി സ്വന്തമാക്കി.

ഞായറാഴ്‌ച, സെപ്റ്റംബർ 20, 2009

ഈ നൂറ്റാണ്ടില്‍ ശ്രീനാരായണ ദര്‍ശനത്തിന്റെ പ്രസക്തി

മഹത്തായ ആദര്‍ശങ്ങളും ദര്‍ശനങ്ങളും മുറുകെ പിടിച്ച യുഗ പുരുഷനാണ് ഗുരുദേവന്‍. അദ്ധേഹത്തിന്റെ ദർശനങ്ങൾക്ക് ഈ നൂറ്റാണ്ടില്‍ എന്നല്ല എല്ലാ കാലഘട്ടത്തിലും പ്രസക്തിയുണ്ട്.

1856 അഗസ്റ്റ്‌ മാസം ചെമ്പഴന്തി ഗ്രാമത്തില്‍ ജനിച്ച നാണു എന്നാ കുട്ടിയാണ് പില്‍കാലത്ത് ശ്രീ നാരായണ ഗുരു എന്നാ കേരളം കണ്ട ഏറ്റവും വലിയ സാമുഹ്യ പരിഷ്കര്‍ത്താവായി മാറിയത്. കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഏറ്റവും അധികം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുവിന്റെ ജനനവും വളര്‍ച്ചയും. സവര്‍ണ ഹിന്ദുവെന്നും അവര്‍ണ്ണ ഹിന്ദുവെന്നും രണ്ടായി കാണുകയും അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനോ, ക്ഷേത്രാചാരങ്ങളും വേദങ്ങളും പഠിക്കാനോ വരെ സ്വതന്ത്രം നിഷേധിക്കപ്പെട്ട കലികാലം.!!! ഇന്ന്, എല്ലാ ജാതി മതസ്ഥരും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നുണ്ടെങ്കിൽ അതിനു ആദ്യം നാം കടപ്പെട്ടിരിക്കുന്നത് ഈ യുഗപ്രഭാവനോടാണ്. സവര്‍ണ്ണ ഹിന്ദുക്കളായ ബ്രാഹ്മണർ, നമ്പൂതിരി എന്നിവര്‍ സഞ്ചരിച്ചിരുന്ന വഴികളില്‍ അവര്‍ണ്ണരായ ഈഴവനും, പറയനും, പുലയനും, ഒന്ന് നില്‍ക്കുവാണോ നടക്കുവാണോ കൂടി പാടില്ലാത്ത അസമത്വങ്ങളുടെയും പൈശാചികതയുടെയും കാലഘട്ടം!!!!

ശ്രീ നാരായണ ഗുരുവിന്റെ ഒത്തിരി ദർശനങ്ങൾ നമുക്ക് പ്രയോജനപ്പെട്ടിട്ടുണ്ടേങ്കിലും അദ്ദേഹം ചെയ്ത ചില കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ സമഭാവനയും , സമത്വവും കൊണ്ടുവരുവാന്‍ സഹായിച്ചു എന്ന് വേണം കരുതാന്‍. പണ്ട് കേരളത്തില്‍ വന്നു, ഇവിടത്തെ ഇത്തരം ദുഷിച്ച സമ്പ്രദായങ്ങളും ആചാരങ്ങളും, കണ്ടു നാണിച്ചു...തലകുനിച്ചു... മറ്റൊരു യുഗപുരുഷന്‍ പറഞ്ഞു " കേരളം ഒരു ഭ്രാന്താലയമാണെന്ന്" . ആ ഭ്രാന്താലയത്തെ ആദ്യം ചികത്സിച്ച വൈദ്യനായുരുന്നു ഗുരുദേവന്‍.

ആ കാലഘട്ടത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുവാനും പൂജ ചെയ്യുവാനുമുള്ള അവകാശം (?) ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു. അത്തരം കീഴ്വഴക്കാതെ തച്ചുതകർത്തുകൊണ്ട് - ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയാണ്‌ ഗുരു തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രദീപം തെളിയിച്ചത്. ആ മഹത്തായ സംഭവമാണ് 1888-ല്‍ നടത്തിയ അരുവിപ്പുറം ശിവ പ്രതിഷ്ഠ. പിന്നീട് അതിന്റെ പിന്തുടര്‍ച്ച എന്ന പോലെ വൈക്കം, കുളത്തൂര്‍, കോവളം, ചെറായി, മൂത്തകുന്നം, കൂര്‍ക്കഞ്ചേരി, പെരിങ്ങോട്ടുകര, തലശ്ശേരി , കണ്ണൂര്‍, കൊഴികോട്, എന്നിവിടങ്ങളിലും അദ്ദേഹം ക്ഷേത്രപ്രതിഷ്ഠ നടത്തി. ഒടുവില്‍, വിഗ്രഹാരാധനയുടെ കറുത്ത മറ നീക്കി, അതില്‍നിന്നും വ്യതിചലിച്ചു ചേര്‍ത്തലയിലെ കലവംകൊട് എന്ന സ്ഥലത്തു അദ്ദേഹം കണ്ണാടി പ്രതിഷ്ടിച്ചു. ആ പ്രവൃത്തിയിലൂടെ അദ്ദേഹം ഈശ്വരന്‍ ക്ഷേത്രങ്ങളേക്കാൾ നമ്മുടെ മനസ്സുകളിലന്നെന്ന സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു. പക്ഷെ, ഇന്നും ഇവിടെ മുറുകെപിടിച്ചിരിക്കുന്നത് വിഗ്രഹാരാധനയും , അതിന്റെ തുടര്‍ച്ചയായ സമുധയിക സ്പ്രദ്ദകളും മറ്റുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഗുരുവിന്റെ ദർശനങ്ങൾക്കും ആദർശങ്ങൾക്കും ഒത്തിരി പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.


അദ്ധേഹത്തിന്റെ ദർശനങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓർമ്മ വരുന്നത് " അവനവനല്‍മസുഖതിനച്ചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം " എന്ന ഗുരു വചനമാണ്. ഇന്ന് ഇവിടെ എല്ലാവരും തീര്‍ത്തും സ്വാർത്തരും തങ്ങളിലേക്ക് ഒതുങ്ങിക്കൂടിയവരും ആണ്. ഇത്തരം ദുഷിച്ച ചിന്തകള്‍ യുവക്കളിലെക്കും എന്തിനു, കുട്ടികളില്ലെക്കും വരെ അടിച്ചേല്പിക്കുന്ന നിലയിലേക്ക് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിധി അധപതിചിരിക്കുന്നു. പണ്ട് ഗുരുകുല വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പ്രർദ്ദ കുറവായിരുന്നു. എന്നാല്‍ ഇന്നോ... കൂടെ പഠിക്കുന്ന കൂട്ടുകാരന്‍ മുൻപനായാൽ എല്ലാം ഇന്ന് കുട്ടികളെക്കാള്‍ പകയോടെ അതിനെ സമീപിക്കുന്നത് മാതാപിതാക്കളാണ്. ഈ സാഹചര്യത്തില്‍ ഗുരുവിന്റെ മേല്‍പ്രസ്താവിച്ച വാചകങ്ങള്‍ക്ക് വളരെ പ്രസക്തി എന്നുന്ന്ട് ഇന്ന് നിസ്സംസയം പറയാം.

'ഒരു ജാതി , ഒരു മതം, ഒരു ദൈവം മനുഷ്യന്' - എന്ന് ആഹ്വാനം ചെയ്ത മഹയോഗിയുടെ നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് മറന്ന പോലെയാണ് ഇവിടെ മാറാടും, സിവഗിരിയും, ചെങ്ങരയും തുടങ്ങിയ സാമുദായിക - സാമൂഹ്യ സ്പർദ്ദകൾ നടക്കുന്നത്. അതെ കാലഘട്ടത്തില്‍ തന്നെ 'ജാതി വേണ്ട , മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് ഗുരുവചനം തിരുത്തിപരയന്‍ ചങ്കൂറ്റം കാണിച്ച മറ്റൊരു സാമൂഹ്യ വിപ്ലവകാരിയുടെ നാടും ഇവിടെ തന്നെയാണ് എന്ന് നാം വിസ്മരിച്ചു പോവുകയാണ്. സഹോദരന്‍ അയ്യപ്പന്‍ എന്ന ആ കര്‍മ്മയോഗിയുടെ നേതൃത്വത്തില്‍ മിശ്രഭോജനവും, മിശ്രവിവാഹവും നടന്നപ്പോള്‍ അതിന്റെ പിന്നില്‍ ശക്തമായ സാന്നിധ്യമായി ഗുരു ഉണ്ടായിരുന്നു എന്ന കാര്യം എല്ലാവര്ക്കും അറിയാം. (സഹോദരന്‍ അയ്യപ്പന്‍ എന്ന ആ യുഗപുരുഷന്‍ ജനിച്ചത്‌ എന്റെ നാട്ടിലന്നെന്നതില്‍ എനിക്കും അഭിമാനിക്കാം.. പ്രതേകിച്ചു ഒന്നും ഞാന്‍ ചെയ്തിട്ടില്ല എങ്കില്‍ പോലും). പക്ഷെ, ഇന്ന് ഇവിടെ എന്താണ് നടക്കുന്നത്. സാമുദായിക പ്രമാണിമാര്‍ വച്ച് നീട്ടിയ ആചാരങ്ങളെ ലംഘിച്ചാല്‍ ഊരുവിലക്കു വരെ വരാവുന്ന പഴയ പൈസചികതയിലേക്ക് കേരളം ചിരികെ പോകുമ്പോള്‍ ഒരിക്കല്‍ കൂടി സ്വാമി വിവേകന്ദന്റെ വാക്കുകള്‍ ഇവിടെ മുഴങ്ങുകയാണ്. കേരളം ഭ്രാന്താലയമാണെന്ന സത്യം.

unity in diversity - 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരതീയ തത്വസസ്ത്രത്തെ മുറുകെ പിടിച്ച മഹാനായിരുന്നു നാരായണ ഗുരു. അതിന്റെ തെളിവാണ് 'ജാതിഭേദം മതദ്വേഷം ഏതുമില്ലതെ സര്‍വ്വരും സോദരത്യേന വാഴുന്ന മാതൃക സ്ഥാനമാണിത് '- എന്ന വചനങ്ങള്‍. പക്ഷെ, ഇന്ന് ജാതിയുടെയും, മതത്തിന്റെയും, പേരില്‍ തമ്മില്‍ പോരാടുകയും തുടര്‍ച്ചയായി ബന്ദും, ഹര്‍ത്താലും, കൊലപാതകവും, കത്തിക്കുത്തും, ബലാത്സംഘങ്ങളും നടത്തി കുറ്റവാളികളുടെ സംഗമാഭൂമിയാക്കി ഈ മാതൃക സ്ഥാനത്തെ മാറ്റുകയാണ് ഇന്നിന്റെ രാഷ്ട്രീയ - സാമൂഹ്യ- മത പരിഷ്കര്‍ത്താക്കള്‍. സ്വന്തം കീശയുടെ വലിപ്പം കൂട്ടന്‍ കൂടപ്പിരപ്പിന്നെ വച്ച് വരെ വിലപറയാന്‍ മടിക്കാത്തിടത്തോളം നാം മലയാളികള്‍ തരം താണിരിക്കുന്നു. എന്തിനേറെ, വിഗ്രഹാരാധനയുടെ മറയില്‍ നിന്നും കണ്ണാടിയുടെ സുതാര്യതയിലേക്ക് ഈശ്വര ചൈതന്യത്തെ ആവാഹിച്ച ആ മഹാനെ കളിയാക്കുന്നതിനു തുല്യമായി നിറുത്തിയും ഇരുത്തിയും നമ്മള്‍ ഗുരുദേവനെ ചില്ലുകൂട്ടിലടച്ചു. തെറ്റ് തന്നെ. എന്നാല്‍ അതിനെക്കാള്‍ പപമായിരുന്നു പിന്നീടുള്ള നമ്മുടെ ചെയ്തി. ആ യുഗപുരുഷന്റെ പ്രതിമകളെ തച്ചുതകര്‍ത്തു അതിലും ആനന്ദം കണ്ടെത്തി നമ്മുടെ മത-കോമരങ്ങള്‍. ഇതിനെല്ലാം അറുതി വരണമെങ്ങില് ‍അദ്ദേത്തിന്റെ ആദർശങ്ങളും ദർശനങ്ങളും പ്രസംഗികാതെ ... അവയെ മന്നസ്സിരുത്തി പഠിച്ചു .... അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നാം മുന്നോട്ട് പോകണം. അല്ലെങ്ങില്‍ ക്ഷേത്ര പ്രവേസന വിളംബരം ഉള്‍പെടെ പല മാറ്റങ്ങള്‍ക്കും പ്രചോദനമായ ആ മഹാനെ മറന്നു കൊണ്ടു ഒരിക്കല്‍ കൂടി മറ്റൊരു വിവേകനന്തന്‍ അടിവരയിട്ടു പറയും 'കേരളം ഒരു ഭ്രാന്താലയം എന്ന്.

ഇന്നത്തെ യുവതലമുറ വിചാരിച്ചാല്‍ ശരിയാക്കാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ. അതുകൊണ്ട് നാം അതിനു വേണ്ടി പ്രയക്നികേണ്ട സമയം ആയിരിക്കുന്നു. 'അറിവ് വെളിച്ചമാകുന്നു' എന്നാ ഗുരുവചനം മനസ്സില്‍ വച്ചുകൊണ്ട്, അദ്ധേഹത്തിന്റെ ശിഷ്യനും, എന്റെ നാട്ടുകാരനുമായ (അത് പോങ്ങച്ചമാനെങ്ങില്‍ ഞാന്‍ സമ്മതിച്ചു... എനിക്കും അല്പം അഹംകാരം ഉണ്ട്...) സഹോദരന്‍ അയ്യപ്പന്റെ വക്കുക്കളെ അന്വർത്ഥമാക്കാൻ ശ്രമിക്കാം. ആ വാക്കുക്കള്‍ ഒരിക്കല്‍ കൂടി ഉദ്ഘോഷിച്ചുകൊണ്ട് ..പ്രാവർത്തികമാക്കികൊണ്ട് നമുക്ക് കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാടാക്കം. 'സുവര്‍ണകാലം കഴിഞ്ഞില്ല , വരുന്നതേയുള്ളൂ കാക്കുവിന്‍, വരുത്തേണ്ടത് നമ്മുടെ ശ്രമത്തലെന്നു ഓര്‍ക്കുവിന്‍. ഗുരുദേവ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്റെ ഈ വാക്കുകള്‍ എന്നും നമ്മുടെ ഉള്ളില്‍ മുഴങ്ങട്ടെ... അതിലൂടെ ഗുരു വിഭാവനം ചെയ്ത സോദരത്യേന വാഴുന്ന മാതൃകാ സ്ഥാനമാക്കി നമുക്ക് ഈ നാടിനെ മുന്നോട്ടു നയിക്കാം....

1928 സെപ്റ്റംബര്‍ 20- നു ഗുരു സമാധി പ്രാപിച്ചു എങ്ങിലും , ആത്മാവ് എന്നും നമ്മോടൊപ്പം ഉണ്ടെന്ന സത്യം മലയാളികള്‍ തിരിച്ചറിഞ്ഞുകൊണ്ട്.... ആ ചൈതന്യം കെട്ടുപോകാതെ ആളിക്കത്തിക്കാന്‍ നമുക്ക് കഴിവിന്റെ പരമാവധി ശ്രമിക്കാം എന്നും ഈ വൈകിയ വേളയില്‍ , -ഗുരുവിന്റെ സമാധി ദിനം ആയി ആചരിക്കുന്ന ഈ വെളയിലെങ്ങിലും-നമു‌ക്ക് പ്രതിജ്ഞ ചെയ്യാം. അദ്ധേഹത്തിന്റെ മഹത്തായ ദർശനങ്ങളാകട്ടെ ഇനി നമ്മുടെ പാഠപുസ്തകങ്ങള്‍....

ശനിയാഴ്‌ച, ഓഗസ്റ്റ് 22, 2009

നളിനി ജമീലയും തസ്കരന്‍ മണിയന്‍പിള്ളയും സര്‍വകലാശാലയിലേക്ക്....

അങ്ങിനെ നളിനി ജമീലയും തസ്കരന്‍ മണിയന്‍്പിള്ളയും നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് വന്നു. അവര്‍ തട്ടി മാറ്റിയത് ലോകത്തിന്റെ സ്വന്തം സാഹിത്യകാരനെ.....ഒരു മാഗസിനിലെ ലേഖനത്തില്‍ നളിനി ജമീല താന്‍ വയിക്കപെടെണ്ടാ , അല്ലെങ്ങില്‍ പാഠ്യവിഷയമാകേണ്ട വ്യക്തി തന്നെയാണെന്നും മണിയന്‍പിള്ള എന്നെ കുട്ടികള്‍ പഠികേണ്ട എന്നും പറഞ്ഞതായി വായിച്ചു . ഇത്രയൊക്കെ ചര്‍ച്ച ചെയ്യപെടാന്‍് മാത്രം ഇവരൊക്കെ മലയാള സഹിത്യത്തിനു എന്ത് എന്ത് സംഭാവനയാണ് നല്കിയതെന്നതാണ് മനസിലാക്കാന്‍ കഴിയാത്തത്. ഒരു കാലത്ത് , വായന മലയാളിയുടെ ശീലവും , ജീവിതത്തിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ എന്ന് മലയാളിയുടെ വായന ശീലം ഒരു പരിധി വരെ ക്യ്മോസം വന്നിരിക്കുകയാണ്. അതിന്റെ പിന്നില്‍ പല കാരണങ്ങളുണ്ടെന്ന് നമുക്കറിയാം. പണ്ട് മലയാളിയെ വായനയുടെ ലോകത്തിലേക്ക്‌ ആനയിച്ചത് ഡി.സി .കിഴക്കേമുറിയാണ്. എന്നാല്‍ എന്ന് മകന്‍ ഡി.സി. രവി പുസ്തക പ്രസദനതെ വിപണന അല്ലെങ്ങില്‍ വില്പന ചരക്കകിയപ്പോള്‍ നഷ്ടപെട്ടത് കുറെ നല്ല രചന രീതികളും ചട്ടങ്ങളും ആണ്. സിസ്റ്റര്‍ ജെസ്മിയെയും നളിനി ജമീലയെയും എല്ലാം മലയാളിയുടെ സ്വന്തം എഴുതുകരക്കിയതിന്റെ പപക്കരയാണ് എപ്പോള്‍ നമ്മള്‍ ഈ കാണുന്ന കാഴ്ചകള്‍. പുസ്തകം വില്കാന്‍ ചെമ്പ് തകിടില്‍ ആലേഖനം ചെയ്ത ഇ.എം. അസും ഒന്നും വേണ്ട എന്ന് മനസിലാക്കാന്‍ കഴിയാതെ പോയി. അല്ലെങ്ങില്‍ ഇതൊന്നും ഇല്ലാതെ എങ്ങിനെയാണ്‌ നമ്മുടെ സ്വന്തം ചെമ്മീനും , രണ്ടാമൂഴവും , ഖസാക്കും, മയ്യഴിയും, സന്ഗീര്തനവും എല്ലാം ഒത്തിരി കോപ്പികള്‍ വിട്ടഴിക്കപെട്ടത്‌. ഒരു രവി ഡി.സി യുടെ മാത്രം കുഴപ്പം ആയിട്ടു ഇതിനെ ചിട്രീകരിക്കുകയല്ല , മലയാളിയുടെ മാറുന്ന സീലങ്ങളിലേക്ക് രവി ഡി.സി ചൂണ്ടു പലക കാട്ടി എന്നെ പറയാന്‍ കഴിയു ഒരു രവി ഡി.സി യുടെ മാത്രം കുഴപ്പം ആയിട്ടു ഇതിനെ ചിട്രീകരിക്കുകയല്ല , മലയാളിയുടെ മാറുന്ന സീലങ്ങളിലേക്ക് രവി ഡി.സി ചൂണ്ടു പലക കാട്ടി എന്നെ പറയാന്‍ കഴിയു മലയാളി വീണ്ടും നല്ല വായനയെ പ്രോത്സതിപ്പികണം . അതേസമയം തന്നെ ഇത്തരം ചവറു പുസ്തകങ്ങളെ തള്ളികളയുകയും വേണം എന്നാണ് എന്റെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തുക. അതിലൂടെ നമുക്ക്‌ ഈ സംവാദം തുടരാം.