ശനിയാഴ്‌ച, ജൂൺ 22, 2013

കുമാരി

ഇന്നവള്‍ക്ക് ഓപ്പറേഷനാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി അലച്ചിലോടലച്ചിലായിരുന്നു. ഓപ്പറേഷന് വേണ്ടിയുള്ള സാധനസാമഗ്രികളുടെ ലിസ്റ്റ് കണ്ടപ്പോള്‍ അന്തം വിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു! ഇതൊക്കെ എവിടെ കിട്ടും എങ്ങിനെ വാങ്ങും എത്ര രൂപയാകും ഒരു രൂപവുമുണ്ടായിരുന്നില്ല കുമാരിക്ക്. ഡോക്ടര്‍ തന്നെയാണ് ഓപ്പറേഷനു വേണ്ടുന്ന സാധനസാമഗ്രികള്‍ കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പറഞ്ഞു തന്നത്. എന്നിട്ടും ചിലതൊന്നും കിട്ടിയിരുന്നില്ല. ആകെപ്പാടെ വീര്‍പ്പുമുട്ടലിന്റെയും പിരിമുറുക്കത്തിന്റെയും രണ്ട് ദിനങ്ങള്‍. ഒടുവില്‍ ഇനിയും കിട്ടാത്തവയേതെന്ന് ഫോണിലൂടെ ഡോക്ടറോട് പറയുമ്പോള്‍ കരച്ചിലിന്റെ വക്കിലായിരുന്നു കുമാരി. കുറച്ചൊക്കെ അവസ്ഥ അറിയാവുന്നത് കൊണ്ടാവാം , ഡോക്ടര്‍ തന്നെ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് സാധനങ്ങള്‍ പലതും എത്തിച്ചത്. ചിലയാളുകള്‍ അങ്ങിനെയാണ്! മനുഷ്യത്വം മരവിക്കാത്ത കുറച്ചുപേരെങ്കിലും ഈ ഭൂമുഖത്ത് അവശേഷിക്കുന്നു എന്ന് ആശ്വാസം കൊള്ളുവാനെങ്കിലും ചിലയാളുകളെ ദൈവം അങ്ങിനെ സൃഷ്ടിച്ചതാവാം എന്ന് തോന്നിപ്പോയി കുമാരിക്ക്.

സെഡേഷന്റെ മയക്കവുമായി ഓപ്പറേഷന്‍ ടേബിളേക്ക് അവള്‍ പോകുമ്പോള്‍ ഹൃദയം വിങ്ങുകയായിരുന്നു കുമാരിക്ക്. ദൈവമേ, എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളുടെ ചെവിയിതളുകളില്‍ മെല്ലെ തലോടുമ്പോള്‍ മയക്കത്തിലും അവള്‍ ഒന്ന് ചുരുണ്ടുകൂടിയോ?

എന്നും അവള്‍ അങ്ങിനെയാണ്. ഏതുറക്കത്തിലും തന്റെ കരസ്പര്‍ശമേറ്റാല്‍ അവള്‍ ഒന്നുകൂടെ ചുരുണ്ട് പറ്റിച്ചേരും. നാസികാഗ്രം കൊണ്ട് തന്റെ മാര്‍വിടത്തില്‍ മെല്ലെ ഉരക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് കുമാരിക്ക് അനുഭവപ്പെടാറ്. മാര്‍വിടം വല്ലാതെ വിങ്ങുന്നത് പോലെയും ചുരത്തുന്നത് പോലെയും തോന്നും. ആ അനുഭൂതിയുടെ സുഖം നുകരുവാനായി മാത്രം എത്രയോ വട്ടം അവളുടെ വെളുത്ത ചെവിയഗ്രത്തില്‍ നാവുകൊണ്ട് മെദുവെ കടിച്ചിക്കിളിയാക്കിയിരിക്കുന്നു.

ഓപ്പറേഷന്‍ ടേബിളില്‍ അവള്‍ മലര്‍ന്ന് കിടക്കുന്നത് പച്ചസ്ക്രീനിന്റെ ചെറിയ വിടവിലൂടെ കാണാം. അവള്‍ക്കരികിലേക്ക് ചെല്ലണമെന്നും തലയില്‍ മെല്ലെ തലോടിക്കൊടുക്കണമെന്നും തോന്നി കുമാരിക്ക്. പക്ഷെ കഴിയില്ലല്ലോ. അവിടേക്ക് ഡോക്ടര്‍ക്കും അസിസ്റ്റന്റിനുമല്ലാതെ അന്യര്‍ക്ക് പ്രവേശനമില്ലല്ലോ. അത് ആ ടേബിളില്‍ കത്തിമുനയുടെ പാളലേക്കാന്‍ കിടക്കുന്നയാളുടെ ഏറ്റവും അടുത്ത ബന്ധുവാണെങ്കില്‍ പോലും!!

സത്യത്തില്‍ ആരാണ് ഇവള്‍ക്ക് ഞാന്‍? അമ്മയോ ചേച്ചിയോ..? അറിയില്ല.. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് ഇവള്‍ മകളെപ്പോലെയാണ്. മകള്‍ മാത്രമോ? അല്ലല്ലോ.. എന്റെ ഏറ്റവും വലിയ ആശ്വാസവും സുരക്ഷിതിത്വവും ഇവള്‍ കൂടെയുള്ളതാണെന്നതല്ലേ സത്യം. അല്ലെങ്കില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു. മറക്കാന്‍ ആഗ്രഹിക്കുന്ന എന്തെന്ത് കാര്യങ്ങള്‍...

ഓപ്പറേഷന്‍ മുറിയ്ക്ക് പുറത്ത്, വെള്ള വലിച്ച, അഴുക്കുപുരണ്ട ചുമരില്‍ ചാരി തന്റെ കറുത്ത ജീവിതമോര്‍ത്ത് കുമാരി നെടുവീര്‍പ്പിട്ടു.

ഭര്‍ത്താവും രണ്ടാണ്മക്കളുമൊത്ത് അധികം അല്ലലില്ലാത്ത ജീവിതമായിരുന്നു കുമാരിയുടേത്. അല്പസ്വല്പം മദ്യപിക്കും എന്നതും മദ്യപിച്ചാല്‍ കുമാരിയെ ചെറുതായി ഉപദ്രവിക്കും എന്നതുമൊഴിച്ചാല്‍ മുടങ്ങാതെ പണിക്ക് പോകുകയും കുടുംബകാര്യങ്ങള്‍ മുറപോലെ നിറവേറ്റുകയും ചെയ്യുമായിരുന്നു കറവക്കാരനായിരുന്ന രമണന്‍. മക്കളില്‍ മൂത്തയാള്‍ വാര്‍ക്കപ്പണിക്കാരന്‍. ഇളയവന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. അടുത്തുള്ള കമ്പനിയില്‍ ചെമ്മീന്‍ കിള്ളാന്‍ പോകുന്ന വകയില്‍ കുമാരിക്കും ഉണ്ടായിരുന്നു തുച്ഛമെങ്കിലും മോശമല്ലാത്ത ഒരു വരുമാനം. അതുകൊണ്ട് തന്നെ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത കൊച്ചുവീട്ടില്‍ നുറുങ്ങു സന്തോഷങ്ങളും വൈകുന്നേരങ്ങളില്‍ ഉയരുന്ന കൊച്ചുകൊച്ചു തേങ്ങലുകളുമായി അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നു.

ഒരു കൊടുങ്കാറ്റ് പോലെയല്ലേ സുനാമി തിരകള്‍ ജീവിതത്തിലേക്ക് വീശിയടിച്ചത്! കടലോരത്തെ കുടിലുകളില്‍ ഭീതി പടര്‍ത്തിക്കൊണ്ട് തിരമാലകള്‍ സംഹാരമാടിയപ്പോള്‍ തനിക്ക് നഷ്ടമായത് ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളായിരുന്നു. കടപ്പുറത്തെ പൂഴിമണലില്‍ കാല്‍പ്പന്തുകളിയുടെ ആവേശം പരമകോടിയില്‍ നില്‍ക്കുകയായിരുന്നതിനാല്‍ വീശിയടിച്ച തിരക്കാറ്റിന്റെ ഗര്‍ജ്ജനം കേള്‍ക്കാതെ പോയ ഇളയമകന്‍ ഒരു ഫുട്ബാള്‍ പോലെ ചീര്‍ത്ത് വീര്‍ത്ത് മൂന്നാം പക്കം തീരത്തടിഞ്ഞപ്പോള്‍ ദുരിതാശ്വാസക്യാമ്പിലെ തിണ്ണയില്‍ വിരിച്ച കീറപ്പായയില്‍ കിടന്ന് ആര്‍ത്തലച്ച് കരയുകയായിരുന്നു.

അന്ന് മകന്റെ നനഞ്ഞ, മരവിച്ച, ശരീരത്തോടൊപ്പം ജീവന്റെ ചെറുതുടിപ്പുകള്‍ അവശേഷിപ്പിച്ച് പറ്റിച്ചേര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ് ഇവളെ ആദ്യം കാണുന്നത്. വാരിയെടുത്ത് നെഞ്ചോട് അടക്കിപ്പിടിക്കാനാണ് അപ്പോള്‍ തോന്നിയത്. നഷ്ടമായ മകനെ ഒരു പക്ഷെ ദൈവം ഇവളിലൂടെ തിരികെതന്നതാണെങ്കിലോ എന്ന തോന്നല്‍!! ദുരിതാശ്വാസക്യാമ്പിലെ മനസ്സുമരവിച്ച ജീവിതങ്ങള്‍ക്കിടയില്‍ ഒരമ്മയുടെ വാത്സല്യത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പേര്‍ത്തും പേര്‍ത്തും അവളെ കൊഞ്ചിച്ചും കളിപ്പിച്ചും സമയം‌പോക്കിയിരുന്ന താന്‍ ക്യാമ്പംഗങ്ങള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും അങ്ങിനെ മാനസികനില തകര്‍ന്നവളായി.

ഇപ്പോഴോര്‍ക്കുമ്പോള്‍ കുമാരിക്ക് ചിരി വരുന്നുണ്ട്. ഒരു പക്ഷെ, അന്ന് ഇവളെ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇന്ന് താന്‍ ആരുമില്ലാത്തവളാകുമായിരുന്നില്ലേ? ഇവള്‍ മൂലമാണ് തന്റെ ജീവിതം ഈ പരുവത്തിലായതെന്ന് പറയുന്ന ഒട്ടേറെപ്പേര്‍ തുറയിലുണ്ട്. ശരിതന്നെ. പക്ഷെ.. .അതാണോ യഥാര്‍ത്ഥത്തില്‍ ശരി!? ആവ്വോ.. അറിയില്ല.. ഒന്നറിയാം.. അവളെ അത്രയേറെ സ്നേഹിക്കുന്നുണ്ട്.. തിരിച്ചവളും.. മറ്റാരും നല്‍കാത്ത സ്നേഹവും സുരക്ഷിതത്വബോധവും ഇവളില്‍ നിന്നും തനിക്ക് കിട്ടുന്നുണ്ടെന്നതിന് തെളിവാകാം അവളെക്കുറിച്ച് വാത്സല്യത്തോടെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നനയുന്ന തന്റെ മാര്‍വിടങ്ങള്‍. അതില്‍പ്പോലും തെറ്റുകള്‍ കണ്ടെത്തിയവര്‍ ഏറെയാണെന്നോര്‍ക്കുമ്പോള്‍ കുമാരിക്ക് നെഞ്ചുരുകി. അക്കൂട്ടത്തില്‍ തന്റെ ഭര്‍ത്താവും മകനും ഉണ്ടായിരുന്നുവെന്നത് ഒരു നനുത്ത തേങ്ങലായി കണ്‍കോണിലൂടെ ഉരുണ്ടിറങ്ങി.

കുഴപ്പമൊന്നുമില്ല പെങ്ങളേ. ഒരു പത്തു മിനിറ്റിനുള്ളില്‍ കഴിയും കേട്ടോ.. ഡോക്ടര്‍ സ്റ്റിച്ചിട്ടോണ്ടിരിക്കുവാ..” ഓപ്പറേഷന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വന്ന അറ്റന്റര്‍ മണിയേട്ടന്റെ സ്വരമാണ് കുമാരിയെ തിരികെയെത്തിച്ചത്. ഒന്ന് ചിരിക്കുവാന്‍ ശ്രമിച്ചു. പാഴായിപ്പോയ ഒരു ശ്രമം. മണിയേട്ടന്റെ കൈയിലെ സ്റ്റീല്‍ ടബ്ലറില്‍ അവളില്‍ നിന്നും അടര്‍ത്തിമാറ്റിയ മാംസപിണ്ഢം!!. വെറുമൊരു മാംസപിണ്ഢമാണോ അത്...? അല്ല, അതില്‍ അവളുടെ എല്ലാമില്ലേ.. ഒരു പെണ്ണിന് ഇതില്‍ പരം എന്ത് നഷ്ടം സംഭവിക്കാന്‍!!

ഹോ....“ അകത്തും നിന്നും വന്ന തേങ്ങല്‍ വല്ലാത്ത ഉച്ചത്തിലായിപോയി. പാത്രം മൂടിയിരുന്നില്ലെന്ന തിരിച്ചറിവില്‍ മണിയേട്ടനും വല്ലാതായി.

കരയണ്ട പെങ്ങളേ. വേദനയോടെ ഞരങ്ങുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഇത്. അങ്ങിനെ ചിന്തിച്ചാല്‍ ….”

ശരിയാവാം.. അതും ശരിയാവാം.. മറ്റുള്ളവരുടെ കണ്ണില്‍ അതൊക്കെ ശരിയാവാം. പക്ഷെ.. നഷ്ടമായത് അവള്‍ക്കല്ലേ...

നഷ്ടം!! ആ വാക്കിനോട് കുമാരിക്ക് ഇപ്പോള്‍ പുച്ഛമാണ്.

സുനാമിത്തിരകള്‍ പരിക്കേല്‍പ്പിച്ച വീട്ടിലേക്ക് സുനാമിയില്‍ നഷ്ടമായ മകന്റെ ഓര്‍മ്മകളും പേറി ദുരിതാശ്വാസക്യാമ്പില്‍ നിന്നും തിരികെയെത്തുമ്പോഴേക്കും ഇവള്‍ ഒഴിവാക്കാനാവാത്ത വിധം ജീവിതത്തിന്റെ ഭാഗമായിരുന്നിരുന്നു. ആദ്യമൊക്കെ അടുപ്പം കാട്ടിയില്ലെങ്കിലും രമണന്‍ ഇവളോട് വിരോധം കാട്ടിയിരുന്നില്ല. പക്ഷെ, ആദ്യമേ തന്നെ മൂത്തവന് ഇവളെ തീര്‍ത്തും അംഗീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷെ അവന്റെ സ്വാര്‍ത്ഥതയാവാം.. സ്നേഹക്കൂടുതലാവാം എന്നേ അപ്പോഴൊക്കെ കരുതിയുള്ളൂ. പക്ഷെ, ക്രമേണ ഇവളോടുള്ള അടുപ്പത്തില്‍ രമണന്‍ അസ്വസ്ഥത പ്രകടിപ്പിക്കുവാനും ഒന്നു രണ്ട് വട്ടം അവളെ കാലുമടക്കി തൊഴിക്കുവാനും തുനിഞ്ഞപ്പോള്‍ അത്രയും നാളിനിടക്ക് ആദ്യമായി കുമാരി രമണനോട് എതിരിട്ടു.

.. ഇത്രക്ക് നോവാന്‍ മാത്രം ആരാടീ ഒരുമ്പെട്ടവളേ നിനക്കീ സാധനം... അസത്ത്.. ത്ഫൂ” നീട്ടിത്തുപ്പി ഇറങ്ങിപ്പോയതാണ് രമണന്‍. കറക്കാന്‍ പോകുന്ന വീട്ടിലെ ഏതോ ചന്ദ്രികയുമായുള്ള അടുപ്പം ഭദ്രമാക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ പക്ഷെ മൂത്തമകനുള്‍പ്പെടെ മറ്റാര്‍ക്കും കഴിഞ്ഞില്ല. എല്ലാവരുടെയും കുത്തുവാക്കുകളും പഴികളും കേട്ടപ്പോഴും ഇവളെ നെഞ്ചോട് ചേര്‍ത്ത് വിങ്ങിക്കരയാനേ കഴിഞ്ഞിരുന്നുള്ളൂ.

കാലുകള്‍ വല്ലാതെ കഴച്ചുതുടങ്ങിയിരുന്നു കുമാരിക്ക്. ആശുപത്രി വരാന്തയിലെ കാലൊടിഞ്ഞ മരബെഞ്ചില്‍ ഭിത്തിചാരി ഇരുന്നുപോയി. അത്രയ്ക്കുണ്ട് ക്ഷീണം. എന്തെങ്കിലും കഴിച്ചിട്ട് ഒന്നര ദിവസമായി. മിനിയാന്നാള്‍ ഉച്ചയോടെയാണ് അവള്‍ക്ക് അസഹനീയമായ വയറുവേദന തുടങ്ങിയത്. രാത്രിയോടെ നിര്‍ത്താതെയുള്ള ശര്‍ദ്ദിയും. വേദനകൊണ്ട് ഞരങ്ങുന്നത് കണ്ട് സഹിച്ചില്ല. മകനോട് വിവരം പറയാമെന്ന് കരുതി മരുമകളുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തീറ്റകൂടിയതിന്റെ ദഹനക്കേടായിരിക്കും എന്ന് മരുമകളുടെ പരിഹാസം. അത് സഹിക്കാവുന്നതായിരുന്നു. പക്ഷെ, പിന്നീട് അവള്‍ പറഞ്ഞത് ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു.

വല്ലോടത്തും നെരങ്ങി വയറ് വീര്‍പ്പിച്ചിട്ടുണ്ടോന്നാര്‍ക്കറിയാം. പറ്റിയ ആളോടൊപ്പമല്ലേ സഹവാസം..”

നിര്‍ത്തടീ അറുവാണിച്ചീ നിന്റെ അധികപ്രസംഗം... ഫോണ്‍ എന്റെ പുന്നാരമോന്റെ കൈയീ കൊടുക്കെടീ..” അങ്ങിനെ പരിഹസിക്കാനാണ് അന്നേരം തോന്നിയത്. അത്തരത്തില്‍ ഒരു ഭൂതകാലമവള്‍ക്ക് ഉണ്ടായിരുന്നെന്നത് ആ സമയത്ത് ഓര്‍ത്തില്ല എന്നത് സത്യം.

ആ തള്ളക്ക് വട്ടാടീ.. നീ അത് വെച്ചിട്ട് ഇങ്ങ് പോരേ.. അതവിടെ കെടന്ന്‍ കൊരക്കട്ടെ.. പറ്റിയ കൂട്ടുമുണ്ടല്ലോ..” മകന്റെ വാക്കുകള്‍ ഇങ്ങേത്തലക്കല്‍ സുവ്യക്തമായിരുന്നു. വലിയ വിഷമമോ അമ്പരപ്പോ ഒന്നും തോന്നിയില്ല. അതിലേറെ അവനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്‍ ഒരുവള്‍ക്കൊപ്പം ഇറങ്ങിപ്പോയപ്പോള്‍ കുറവ് തീര്‍ക്കാന്‍ രണ്ട് ദിവസങ്ങള്‍ക്കകം മകന്‍ വിളിച്ചുകൊണ്ടു വന്നവള്‍ മോശക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അരിയും പൂവുമിട്ട് സ്വീകരിച്ചത്. പക്ഷെ മൂന്നാംനാള്‍ ഈ വൃത്തികെട്ട ജന്തുക്കളോടൊത്ത് കഴിയാന്‍ പറ്റില്ല എന്ന് പറഞ്ഞ് കെട്ടിയവനെയും കൂട്ടി അവള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സര്‍ക്കാര്‍ പട്ടയഭൂമി അനുവദിച്ചപ്പോള്‍ അത് സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ തോന്നിയ നല്ല ബുദ്ധിയെ മനസ്സാ നമിച്ചുപോയി. അല്ലെങ്കില്‍ ഒരു പക്ഷെ ഇപ്പോള്‍...

നടുവ് കഴക്കുന്നു. തലചുറ്റുന്നത് പോലെ.. തൊണ്ട വല്ലാതെ വരളുന്നു. ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...

കുമാരി മരബെഞ്ചിലേക്ക് കിടന്നുപോയി. കണ്ണുകളില്‍ ഇരുട്ട് കയറും‌പോലെ.. ആശുപത്രി കെട്ടിടം ആകെ കറങ്ങും‌പോലെ..

ദൈവമേ അവള്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുതേ.. കാത്തോളണേ.. “ ബോധം മറയുമ്പോഴും കുമാരി മന്ത്രിച്ചുകൊണ്ടിരുന്നു..

മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് ഞെട്ടിയുണര്‍ന്നത്. മണിയേട്ടനതാ ചിരിച്ചോണ്ട് മുന്‍പില്‍ നില്‍ക്കുന്നു.

മണിയേട്ടാ.. എന്റെ.. എന്റെ...“ വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. തൊണ്ട ആകെ വരണ്ടിരിക്കുന്നു.

പേടിക്കാനൊന്നുമില്ല കുമാരി. കുമാരിയുടെ പട്ടിക്കുട്ടി ഇനി സേയ്ഫാണ്. ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന പഴുപ്പായിരുന്നു അസഹനീയമായ വേദനക്ക് കാരണം. അത് നമ്മള്‍ നീക്കം ചെയ്തു. ഇനി യാതൊരു കുഴപ്പവുമില്ല. ഇതാ കൊണ്ടുപൊയ്ക്കോളു” ആകെ വിയര്‍ത്ത നിലയില്‍ ഒരു പുഞ്ചിരിയോടു കൂടി ഡോക്ടര്‍ അടുത്തുണ്ടെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. ഡോക്ടറുടെ കൈകളില്‍ വയറില്‍ വെച്ചുകെട്ടുമായി തളര്‍ന്നുറങ്ങുന്നത് തന്റെ പാറുവല്ലേ..... തന്റെയെല്ലാമായ പാറുക്കുട്ടി...

ഹോ.. പാറൂ.. മോളേ.. നീ വല്ലാണ്ട് പേടിപ്പിച്ചല്ലോ..“

ഡോക്ടറില്‍ നിന്നും പാറുവിനെ കൈയേല്‍ക്കുമ്പോഴേക്കും കുമാരിയുടെ തളര്‍ച്ചയൊക്കെ പമ്പകടന്നിരുന്നു. സ്റ്റിച്ചുവീണ വയര്‍ ഭാഗത്ത് തൊടാതെ തലോടിക്കൊണ്ട് കുമാരി പാറുവിന്റെ നീണ്ട ചെവിയിതളുകളില്‍ മെല്ലെ കടിച്ചു. മരുന്നിന്റെ മയക്കത്തിലും പാറു കുമാരിയുടെ മാര്‍വിടത്തിലേക്ക് പറ്റിച്ചേരുന്നത് കണ്ട് മണിയേട്ടനും ഡോക്ടറും പുഞ്ചിരിച്ചു. തന്റെ മാര്‍ത്തടം നനയുന്നത് മറ്റാരും അറിയാതിരിക്കുവാനായി ഡോക്ടറെ നോക്കി നിറകണ്ണുകളോടെ കൈകൂപ്പി കൊണ്ട് കുമാരി പെട്ടന്ന് പടിയിറങ്ങി.

കുമാരിയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് അവളുടെയെല്ലാമായ പാറുവും...


16 comments:

ajith പറഞ്ഞു... മറുപടി

കുമാരിയുടെ പട്ടിക്കുട്ടിയെന്ന് അറിഞ്ഞതില്‍പിന്നെ ചില മുമ്പ് കേട്ട ചില ഡയലോഗുകള്‍ക്ക് കഥയില്‍ സ്ഥാനമില്ല എന്ന് തോന്നുന്നു. ഉണ്ടെന്ന് പറഞ്ഞാല്‍ വായനക്കാരന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യലാവില്ലേയെന്നും ഒരു ചോദ്യം ഉണ്ടെനിയ്ക്ക്.

(ആദ്യവായനയില്‍ കിട്ടിയത് ഇത്രയുമാണ്)

Junaiths പറഞ്ഞു... മറുപടി

ഹും പാറു..

ആമി അലവി പറഞ്ഞു... മറുപടി

തുടക്കത്തില്‍ പറഞ്ഞു വന്നത് ക്ലൈമാക്സില്‍ ചോര്‍ന്നു പോയല്ലോ മനോ . കഥയുടെ ഭംഗി പോയെന്നു തോന്നി അതോടെ . ക്ഷമിക്കുക .

Pradeep Kumar പറഞ്ഞു... മറുപടി

മനോരാജ് എഴുതുന്ന കഥകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയില്ല. നേര്‍രേഖയില്‍ ഉപന്യാസം പോലെയുള്ള കഥാഗതി,വായനക്കാരെ അമ്പരപ്പിക്കണമെന്ന തോന്നലോടെ തയ്യാറാക്കിയ കഥാന്ത്യം. കഥ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പം കൊണ്ടാവാം...

aswany umesh പറഞ്ഞു... മറുപടി

കൊള്ളാം. പക്ഷെ....എവിടെയോ എന്തൊക്കെയോ അസ്വസ്ഥതകള്‍ ഫീല്‍ ചെയ്യുന്നു.

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി

ഒരേ ഓര് ചോദ്യം മനോരാജ് ! ( കഥയില്‍ ചോദ്യമില്ലാ എന്നറിഞ്ഞു കൊണ്ട് തന്നെ ) ഒരു പട്ടിയെ കാലുമാട്ക്കി അടിച്ചതിനെ ചോദ്യംചെയ്ത ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പൊറുതി തുടങ്ങി എന്നതു മനുഷ്യസാമാന്യബുദ്ധിക്ക് നിരക്കുന്ന ന്യായീകരണമാണോ ? ബാക്കിയൊക്കെ മുറപോലെ ...!

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു... മറുപടി

വായനക്കാരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം പൊട്ടക്കഥകള്‍ മനോരാജില്‍ നിന്ന് ഞങ്ങള്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്നില്ല

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു... മറുപടി

വളർത്തുപട്ടിയുമായി ചിലർക്ക് വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടാവും ന്ന് കേട്ടിട്ടുണ്ട്, പക്ഷെ അത് വായനക്കാരനിലോട്ട് പകരാൻ കഥയ്ക്കായില്ല :(

Cv Thankappan പറഞ്ഞു... മറുപടി

ആദ്യമേ,സുനാമി തിരകളോടൊപ്പം കരയിലടിഞ്ഞ് നനഞ്ഞ് വിറങ്ങലിച്ച മകനെപ്പറ്റിചേര്‍ന്നു കിടന്നിരുന്നത് പട്ടിക്കുട്ടിയാണെന്ന് സൂചിപ്പിച്ചിരുന്നുവെങ്കില്‍ വായനക്കാരന് ആ ആത്മബന്ധത്തിന്‍റെ തീവ്രത മനസ്സിലാകുമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.അതുപോലെതന്നെ കുമാരിയുടെ മാനസ്സികനിലയില്‍ വന്ന മാറ്റവും.......
ആശംസകള്‍

ശിഹാബ് മദാരി പറഞ്ഞു... മറുപടി

മുകളില പറഞ്ഞ പോലെയാണ് എനിക്കും തോന്നിയത് ..
കൂടുതൽ പറയാൻ ഇല്ല. പ്രത്യേകിച്ച് എടുത്തു പറയേണ്ട എന്ന് തോന്നുന്നു ...
പ്രതീക്ഷ കാത്തില്ല ...
( ഒരു പരീക്ഷണം പോലെ തോന്നി ) .. നന്ദി

ajith പറഞ്ഞു... മറുപടി

@അംജത്‌ ഏതോ ചന്ദ്രികയുമായി പൊറുക്കേണ്ടതിന് അയാള്‍ ഒരു കാരണം കണ്ടെത്തുകയായിരുന്നു എന്ന് കഥാകൃത്ത് പറഞ്ഞിട്ടുണ്ട് അംജത്. അതുകൊണ്ട് ആ ഭാഗം ന്യായീകരിയ്ക്കുന്നു.

ശ്രീ പറഞ്ഞു... മറുപടി

കഥ മോശമായില്ല, മാഷേ

Cv Thankappan പറഞ്ഞു... മറുപടി

ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച അഭിപ്രായം ഇപ്പോള്‍ കാണുന്നില്ല!

പൈമ പറഞ്ഞു... മറുപടി

മിനിക്കഥ ആക്കാമായിരുന്നു ....
ട്വിസ്റ്റ് മികച്ചത് തന്നെ. നീളം കഥയെayan ബോര് ആക്കി ...
സാദാരണ നല്ല പ്രയോഗങ്ങള ഉണ്ടാവാറുണ്ട് ഇതിൽ അതും ഇല്ല .
ഇടക്ക് എവിടെയോ ഒരു എചുമൂ ശൈലി കടന്നു വന്നിട്ടുണ്ട് ..

മനോ ചേട്ടാ ....അടുത്ത കഥയിൽ കാണാം .

Jayesh/ജയേഷ് പറഞ്ഞു... മറുപടി

ഇത് വേണ്ടായിരുന്നു മനോ...പൊളപ്പൻ ട്വിസ്റ്റ് ആണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. പക്ഷേ, സംഭവം ഒരു മാതിരി..

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ഒരു പട്ടികുട്ടി കാരണം കുമാരിയുടെ ഭര്‍ത്താവ് വീട് വിട്ടു പോവുകയോ...?