ശനിയാഴ്‌ച, ജൂലൈ 23, 2011

ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും

കാലഹരണപ്പെട്ട മാധ്യമമെന്നും സർഗ്ഗസൃഷ്ടികൾ ജനിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്ത ഇടമെന്നും ഒക്കെയായി ചർച്ചകൾ നടക്കുമ്പോഴും മലയാള ബ്ലോഗിൽ നിന്നും കാമ്പുള്ള രചനകൾ ഉണ്ടാവുന്നുണ്ട്‌ എന്നതിന്റെ ദൃഷ്ടാന്തമാണ്‌ ബ്ലോഗുകളിലെ ഒട്ടേറെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്‌. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ആടുജീവിതം എഴുതിയ ബെന്യാമിൻ ബ്ലോഗെഴുത്തിന്റെ സാദ്ധ്യതകൾ പരീക്ഷിച്ച്‌ വിജയിച്ച വ്യക്തിയാണെന്നത്‌ ഇതിന്‌ ഏറ്റവും നല്ല ഉദാഹരണം. എന്നിരിക്കിലും ബെന്യാമിന്റെ ആടുജീവിതത്തെയും ഈയിടെ മനോരമയുടെ നോവൽ കാർണ്ണിവലിൽ അവാർഡിനർഹമായ ദേവദാസിന്റെ പന്നിവേട്ടയെയും കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഡി.സി ബുക്ക്സ്‌ നടത്തിയ.വി.വിജയൻ സ്മാരക നോവല്‍ മത്സരത്തിലെ അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റോഷ്നി സ്വപ്നയുടെ അരൂപികളുടെ നഗരത്തെയും ഒന്നും - ഇവരെല്ലാം ബ്ലോഗെഴുത്തുകളിലൂടെ ഉയർന്ന് വന്നവരാണെങ്കിൽ പോലും - ബ്ലോഗിൽ നിന്നുമുള്ള പുസ്ത്കങ്ങൾ എന്ന് പറഞ്ഞ്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുവാനുള്ള ശ്രമമല്ല ഇവിടെ നടത്തുന്നത്‌. മറിച്ച്‌, ബ്ലോഗുകളിലൂടെയാണ്‌ ഇവർ എഴുതി തുടങ്ങിയതെന്നും അതിലൂടെയാണ്‌ അവരുടെ സർഗ്ഗവാസനകൾ ആദ്യമായി അംഗീകരിക്കപ്പെട്ട്‌ തുടങ്ങിയതെന്നും സൂചിപ്പിച്ചു എന്ന് മാത്രം. അതുപോലെ തന്നെ, ബ്ലോഗിൽ സജീവമാകുന്നതിന്‌ മുൻപേ തന്നെ പുസ്തകങ്ങളുടെ വഴിയിലേക്ക്‌ കടന്ന കുഴൂർ വിത്സൺ, മനോജ്‌ കുറൂർ എന്നിവരുടെ പുസ്തകങ്ങളേയും ഇവിടെ ഒഴിവാക്കുന്നു.



ഇവിടെ
ഈ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നത്‌ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ എഴുതി, അതിൽ പ്രസിദ്ധീകരിച്ച്‌, എഴുത്തുകാർ തന്നെ വായനക്കാരാകുന്ന ഒരു വലിയ ലോകത്തിന്റെ അഭിപ്രായങ്ങളിലൂടെ വളർന്ന്, ആ സൃഷ്ടികളെ പുസ്തകരൂപത്തിൽ എത്തിച്ചവരെ കുറിച്ചാണ്‌. ബ്ലോഗിലെ സൃഷ്ടികളോട്‌ മുഖ്യധാരാ മാധ്യമങ്ങൾ എന്ന് നാം വിളിക്കുന്ന പ്രിന്റഡ്‌ മീഡിയയിലെ എസ്റ്റാബ്ലിഷ്ഡ്‌ പത്രവാരികളും പ്രസാധകരും ഉൾപ്പെടെയുള്ളവരുടെ തികഞ്ഞ അവഗണനയുടെ ഒരു നാൾവഴികളിലായിരുന്നു എന്തുകൊണ്ട്‌ ഇ-എഴുത്തുകൾ നമുക്കിടയിൽ നിന്നും തന്നെ പുബ്ലിഷ്ചെയ്തുകൂടാ എന്ന ചിന്തയുണ്ടായതും ബ്ലോഗിലേയും ഇന്റര്‍നെറ്റിലേയും രചനകൾക്ക്‌ കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറായികൊണ്ട്‌ പ്രസാധക സംരംഭങ്ങൾ ബ്ലോഗ്‌ മീഡിയയിൽ നിന്ന് തന്നെ ഉത്ഭവിച്ചതും. ഇന്ന് ഏതാണ്ട്‌ 6ൽ പരം പ്രസാധകർ ബ്ലോഗിന്‌ സ്വന്തം.!! സിയെല്ലസ്‌ ബുക്സ്‌, ബുക്ക്‌ റിപ്പബ്ലിക്ക്‌, മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌, സൈകതം ബുക്സ്‌, എൻ.ബി.പബ്ലിക്കേഷൻ, കൃതി പബ്ലിക്കേഷൻസ്‌... അണിയറയിൽ ഇനിയും പ്രസാധകർ ഒരുങ്ങുന്നുണ്ട്‌ എന്ന് കേൾക്കുന്നു . ഇവരെ കൂടാതെ ഒലിവും ലിപിയും പരിധിയും ഫേബിയനും കൈരളിയും ഡിസംബർ ബുക്സും എന്തിനേറേ, ഡി.സിയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പ്രസാധകർ വരെ ഇന്ന് ബ്ലോഗെഴുത്തുകളെ സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി എന്നത്‌ അത്ര ചെറിയ കാര്യമായി തോന്നുന്നില്ല.


കൊടകരപുരാണം ആണ്‌ ബ്ലോഗിൽ നിന്നും പുറത്ത്‌ വന്ന ആദ്യ പുസ്തകം എന്നാണ്‌ എന്റെ അറിവ്‌
. കൊടകരപുരാണവും എന്റെ യൂറോപ്പ് സ്വപ്നങ്ങളും തന്നെയാണ്‌ പുസ്തകങ്ങളുടെ ലോകത്തേക്ക്‌ ചേക്കാറാൻ ബ്ലോഗെഴുത്തുകാരെ പ്രേരിപ്പിച്ചതും. എന്നിരിക്കിലും ബ്ലോഗെഴുത്തുകൾക്ക്‌ മുൻഗണന കൊടുക്കുന്നവർ എന്ന നിലയിൽ ബ്ലോഗ്‌ / ഓൺലൈൻ പ്രസാധകർക്കരുടെ പുസ്തകങ്ങളെ പറ്റി ഇവിടെ ആദ്യം പ്രതിപാദിക്കാം.



ഓൺലൈൻ
/ ബ്ലോഗ്‌ പ്രസാധകർ

ബ്ലോഗ്‌ എന്നത്‌ വെബ്‌ ലോഗ്‌ എന്നതിന്റെ ചുരുക്കെഴുത്താവുമ്പോൾ മലയാളത്തിലെ ആദ്യ ബ്ലോഗ്‌ പ്രസാധകർ ആര്‌ എന്ന ചോദ്യത്തിന്‌ ഒറ്റ പുസ്തകമേ ഇറക്കിയുള്ളൂ എങ്കിലും പുഴ.കോം എന്ന് പറയേണ്ടി വരും. പുഴ.കോം എന്ന ഇന്റർനെറ്റ്‌ മാഗസിനിൽ പ്രസിദ്ധീകരിച്ച മികച്ച കഥകളേയും കവിതകളേയും സമാഹരിച്ച്‌ 'പുഴ – കവിതകളും കഥകളും ' എന്ന സമാഹാരം അവർ പബ്ലിഷ്‌ ചെയ്യുകയും പിന്നീട്‌ എന്തൊക്കെയോ സാങ്കേതിക കാരണങ്ങളാൽ അത്‌ തുടരാതിരിക്കുകയും ആയിരുന്നു. എങ്കിലും അവരെ തന്നെയാണ്‌ ആദ്യ ഓൺലൈൻ / ബ്ലോഗ്‌ പ്രസാധകരായി ചൂണ്ടിക്കാണിക്കാൻ കഴിയുക എന്ന് തോന്നുന്നു.



കണ്ണൂർ തളിപ്പറമ്പയിൽ നിന്നും ഉള്ള സിയെല്ലസ്‌ ബുക്സ്‌ ആണ്‌ ഈ മേഖലയിലേക്ക്‌ പിന്നീടെത്തിയത്‌. ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ആഗ്രഹത്തിന്‌ ലഭിച്ച നിരന്തരമായ അവഗണനകളാണ്‌ സ്വന്തമായി ഒരു പ്രസാധക സംരംഭം എന്ന ചിന്തയിലേക്ക്‌ എത്തിച്ചതെന്നും ഇതുപോലെ കഴിവുള്ള ഒട്ടേറെപേർ അവസരം കിട്ടാതെ ഉണ്ട്‌ എന്ന് മനസ്സിലാക്കിയത്‌ കൂടുതൽ ഗഹനമായി ഇതേ കുറിച്ച്‌ ചിന്തിക്കുവാൻ പ്രേരിപ്പിച്ചു എന്നും സിയെല്ലസിന്റെ ഉടമയായ ലീല.എം.ചന്ദ്രൻ അഭിപ്രായപ്പെടുന്നു. 2007 മുതൽ പുസ്തക പ്രസാധന പ്രവർത്തനവുമായി മുന്നോട്ട്‌ പോകുന്ന സിയെല്ലസ്‌ ബുക്സ്‌ ഓൺലൈൻ എഴുത്തുകാരുടേയും അല്ലാത്തവരുടേയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്‌ ഇന്ന് ഈ മേഖലയിലെ ശക്തമായ സാന്നിദ്ധ്യമായി തീർന്നിരിക്കുകയാണ്‌. ബ്ലോഗർ കൂടിയായ ലീല എം. ചന്ദ്രന്റെ ലൗലി ഡഫോഡിൽസ്‌, നെയ്തിരികൾ, ഓർക്കൂട്ടിൽ പ്രസിദ്ധീകരിച്ച കവിതകൾ കോർത്തിണക്കി ഹൃദയങ്ങൾ പറയുന്നത്‌ എന്ന സമാഹാരം, ശ്രീജ ബലരാജിന്റെ കണ്ണാടിചില്ലുകൾ, സ്വപ്നഭൂമി എന്ന ബ്ലോഗിലൂടെ പ്രശസ്തയായ പ്രിയ ഉണ്ണികൃഷ്ണന്റെ പ്രയാണം, ബ്ലോഗറും കോളമിസ്റ്റുമായ സ്വപ്ന അനു ബി ജോർജ്ജിന്റെ സ്വപ്നങ്ങൾ, ബ്ലോഗ്‌ കവിതകൾ സമാഹരിച്ച്‌ ദലമർമ്മരങ്ങൾ, കഥകൾ സമാഹരിച്ച്‌ സാക്ഷ്യപത്രങ്ങൾ, അമ്മ എന്ന കവിതാ ബ്ലോഗിലൂടെ ഒട്ടേറെ വായനക്കാരെ നേടിയെടുത്ത ഷാജി നായരമ്പലത്തിന്റെ വൈജയന്തി... സിയെല്ലസിന്റെ പുസ്തകങ്ങളുടെ ലിസ്റ്റിനു നീളമേറെയാണ്‌. ഇനിയും ഒട്ടേറെ പുസ്തകങ്ങൾ സിയെല്ലസ്സിന്റേതായി വായനക്കാരുടെ പുസ്തകശേഖരത്തിന്‌ മുതൽക്കൂട്ടായി എത്തും എന്നറിയുന്നു.



ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഒരുകൂട്ടം മലയാളികള്‍ ചേര്‍ന്ന് രൂപം നല്‍കിയ സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭമായ 'ബുക്ക്‌ റിപ്പബ്ലിക്ക്‌' ആണ്‌ ഓൺലൈൻ മേഖലയിൽ നിന്നും പുസ്തകങ്ങളുമായി പിന്നീടെത്തിയത്‌. അച്ചടിമലയാളത്തിലേക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സം‌വിധാനം നടപ്പിലാക്കുക എന്നിവയാണ് ഈ സം‌രംഭത്തിന്റെ ലക്ഷ്യങ്ങള്‍ എന്നും അച്ചടിച്ചിലവുകള്‍, വിതരണം തുടങ്ങി എഴുത്തുകാരന് നിലവില്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളെ ലഘൂകരിക്കും വിധമാണ് ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയം രൂപീകരിച്ചിരിക്കുന്നതെന്നും പ്രസാധകർ അവകാശപ്പെടുന്നു. ലാ.പു.ട എന്ന ബ്ലോഗിലൂടെ എഴുതുന്ന ടി.പി.വിനോദിന്റെ 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ' എന്ന സമാഹാരവും മേശപ്പുറം എന്ന ബ്ലോഗിന്റെ ഉടമ വി.എം.ദേവദാസിന്റെ 'ഡിൽഡോ: ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം' എന്ന നോവലും ബുക്ക്‌ റിപ്പബ്ലിക്ക്‌ അക്ഷരകൈരളിക്ക്‌ സമ്മാനിച്ചു. മേതിൽ രാധാകൃഷ്ണന്റെ അവതാരികയോടു കൂടെ പ്രസിദ്ധീകരിച്ച ഡിൽഡോ, വ്യത്യസ്തമായ പ്രമേയപരിസരത്താലും ആഖ്യാനത്തിലെ പുത്തൻ രീതികളിലൂടെയും വായനക്കാരന്‌ പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്‌.



നമ്മുടെ നാട്ടിലെ പ്രസാധകരെല്ലാം കുലപതികളയ എഴുത്തുകാർക്ക്‌ പിന്നാലെ പരക്കം പായുമ്പോൾ അവഗണന അനുഭവിക്കുന്നത്‌ പുത്തൻ എഴുത്തുകാരാണ്‌. മാത്രമല്ല, അഥവാ ഇനി അവരുടെ രചനകൾ പുസ്തകമാക്കിയാലും പ്രസാധകർ എഴുത്തുകാരനെ ചൂഷണം ചെയ്യുകയും ചെയ്യുന്ന കാഴ്ചയുണ്ട്‌. എഴുത്തുകാർക്ക്‌ അത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരു വേദി എന്ന ആശയത്തിൽ നിന്നുമാണ്‌ മധുരം മലയാളം ട്രസ്റ്റിന്റെ ആരംഭം. ഓർക്കൂട്ട്‌ സോഷ്യൽ നെറ്റ്‌വർക്ക്‌ വഴി പരിചയപ്പെട്ട കുറച്ച്‌ സുഹൃത്തുക്കൾ ചേർന്ന് 2009 ൽ തുടങ്ങിയതാണ്‌ മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌. വെട്ടം ഓൺലൈൻ ടീമാണ്‌ ഈ പ്രോജക്റ്റിന്റെ പിന്നിൽ ഉള്ളത്‌. ഇത്‌ വരെ ഏഴ്‌ പുസ്തകങ്ങൾ മധുരം മലയാളം വഴി വിൽപനക്കെത്തി. പക്ഷെ, മധുരം മലയാളത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന എം.കെ. ഖരിം, സി.പി.അബൂബക്കർ, ഡോ: എം.പി.സലില, ഗിരീഷ്‌ കുമാര്‍ വർമ്മ എന്നിവരുടെ രചനകൾ മാത്രമേ ഇത്‌ വരെ ഈ സംരംഭത്തിലൂടെ പുറത്ത്‌ വന്നിട്ടുള്ളൂ. എം.കെ.ഗിരീഷ്‌ കുമാര്‍ വര്‍മയുടെ ആറാമിന്ദ്രിയം, എം.പി.സലിലയുടെ കണ്ണാടി ബിംബങ്ങൾ, സി.പി.അബൂബക്കറുടെ മുറിവേറ്റവരുടെ തടാകം, ഭൂമിയുടെ കണ്ണ്, എം.കെ.ഖരീമിന്റെ ആത്മായനങ്ങളുടെ തമ്പ്‌ മുതലായവ മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌ പുറത്തിറക്കി. മറ്റുള്ളവരുടെയും രചനകളെ പൊതുജനസമക്ഷം എത്തിക്കുവാൻ തയ്യാറാണ്‌ എന്നു പറയുമ്പോഴും അതിനായുള്ള തുടർ പ്രവർത്തനങ്ങൾ ഒന്നും ഇത്‌ വരെ ഇവരിൽ നിന്നും സജീവമായി ഉണ്ടായില്ല എന്ന് വേണം അനുമാനിക്കാൻ.



മറ്റുപ്രസാധകര്‍ കാണാതെ പോവുന്ന പ്രതിഭയുള്ള എഴുത്തുകാരെ കണ്ടെത്തി അവരെയും കൂടി വായനക്കാരിലേക്കെത്തിക്കുക എന്ന ദൗത്യവുമായാണ്‌ പുസ്തകങ്ങളുടെ വഴിയിലേക്ക് സൈകതം എത്തിയത്. പുസ്‌കതത്തെ ഒരിക്കലും ഒരു ഉല്‍പ്പന്നമായി കാണുന്നില്ല എന്നും, മറിച്ച ഓരോ എഴുത്തുകാരനും അത് ഏറ്റവും പുതിയ ആള്‍ ആയിരുന്നാല്‍ പോലും സമൂഹത്തില്‍ ഒരുപാട് ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും ഓരോ നല്ല പുസ്തകവും ഓരോ ജീവിതപാഠങ്ങളാണെന്ന് വിശ്വസിക്കുന്നുവെന്നും പറയുമ്പോള്‍ എറണകുളത്ത്‌ കോതമഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈകതത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഏറെ ആത്മവിശ്വാസം. 2010ലെ അമ്പത് മികച്ച പുസ്‌കതങ്ങള്‍ ഇന്ത്യാടുഡേ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ സൈകത്തിന്റെ രണ്ടു പുസ്തകങ്ങള്‍(പി.എ അനീഷ്, ശ്രീകുമാര്‍ കരിയാട് എന്നിവര്‍) ഇടം കണ്ടെത്തി എന്നത് വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട വസ്തുത തന്നെയാണ്‌. ബ്ലോഗര്‍മാരായ ശ്രീകുമാര്‍ കരിയാടിന്റെ 'തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം', രാമചന്ദ്രന്‍ വെട്ടിക്കാട് രചിച്ച 'ദൈവം ഒഴിച്ചിട്ട ഇടം' ടി..ശശിയുടെ 'ചിരിച്ചോടും മത്സ്യങ്ങളേ', പി എ അനീഷ് എഴുതിയ 'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും', വി.ജയദേവിന്റെ 'കപ്പലെന്ന നിലയില്‍ ഒരു കടലാസു തുണ്ടിന്റെ ജീവിതം', എന്നീ കവിതാ സമാഹാരങ്ങള്‍ സൈകതം വായനക്കാരനിലേക്കെത്തിച്ചു. ഇതോടൊപ്പം തന്നെ മലയാള സാഹിത്യപ്രേമികൾ നെഞ്ചേറ്റിയ അഷ്ടമൂർത്തി ഉൾപ്പെടെയുള്ള എഴുത്തുകാരുടെ സൃഷ്ടികളും പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഈ വഴിയിൽ കാലുറപ്പിക്കുവാൻ തന്നെ സൈകതം ശ്രമിക്കുന്നുണ്ടെന്നത്‌ വളരെ നല്ല കാര്യമായി തോന്നുന്നു . നല്ല രചനകളുണ്ടായിട്ടും വേണ്ടും വിധം അംഗീകാരം ലഭിക്കാതെ പോയ എഴുത്തുകാര്‍ക്ക് വേണ്ടി സൈകതം നിലകൊള്ളും എന്ന് പറയുമ്പോള്‍ അത് അഭിമാനകരം തന്നെ.



നമ്മുടെ ബൂലോകം എന്ന ബ്ലോഗ്‌ പോർട്ടലിന്റെ സഹോദര സംരംഭമായാണ്‌ അച്ചടി മാധ്യമത്തിലേക്ക്‌ എൻ.ബി.പബ്ലിക്കേഷന്റെ കടന്ന് വരവ്‌. മലയാള ബ്ലോഗുകളിലെ മികച്ച രചനകളെ പുസ്തകരൂപത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച എൻ.ബി.പബ്ലിക്കേഷനാണ്‌ അരുൺ കായംകുളത്തിന്റെ കായംകുളം സുപ്പർഫാസ്റ്റ്‌, കലിയുഗവരദൻ എന്നീ ബ്ലോഗുകളിലെ രചനകളെ പുസ്തകരൂപത്തിൽ എത്തിച്ചത്‌. കായംകുളം സുപ്പർഫാസ്റ്റ്‌ എന്ന പേരിൽ നിറയെ ചിരിയുമായി യാത്രതുടരുന്ന മലയാളത്തിലെ ഏറ്റവും ജനപ്രിയ ബ്ലോഗിലെ തിരഞ്ഞെടുത്ത നർമ്മരചനകൾ കോർത്തിണക്കികൊണ്ടാണ്‌ കായംകുളം സുപ്പർഫാസ്റ്റ്‌ എന്ന പുസ്തകം ഒരുക്കിയിരിക്കുന്നത്‌. മനുവേന്ന സാങ്കൽപീക കഥാപാത്രത്തിലൂടെ ബ്ലോഗ്‌ വായനക്കാർക്കിടയിൽ അരുൺ കായംകുളം സൃഷ്ടിച്ച ചിരിയുടെ അമിട്ട്‌ മറ്റു വായനക്കാരനിലേക്ക്‌ കൂടി എത്തിക്കുക വഴി വേളൂർ കൃഷ്ണൻകുട്ടിക്കും സുകുമാറിനും ശേഷം മലയാള ഹാസ്യസാഹിത്യത്തിലേക്ക്‌ ഒരു നല്ല എഴുത്തുകാരനെ തുറന്ന് വിടുക എന്ന സ്തുത്യർഹമായ ഒരു കർമ്മം കായംകുളം സുപ്പർഫാസ്റ്റിന്റെ പുസ്തകരൂപത്തിലൂടെ എൻ.ബി പബ്ലിക്കേഷനു ചെയ്യാൻ കഴിഞ്ഞു. ഈ ജനപ്രിയ നർമ്മത്തിലൂടെയും, തുടർന്ന് പബ്ലിഷ്‌ ചെയ്ത സ്വാമി അയ്യപ്പനെ കുറിച്ചുള്ള വ്യത്യസ്തമായ ചരിത്രാഖ്യായികയിലൂടെയും (കലിയുഗവരദൻ) അരുൺ കായംകുളം പുത്തൻ എഴുത്തുകാർക്കിടയിലെ വേറിട്ട സ്വരമായി നിലകൊള്ളുന്നു. പ്രസാധനത്തിലെന്ന പോലെ തന്നെ വിതരണ പ്രകിയയിലും പരീക്ഷണങ്ങൾക്ക്‌ തയ്യാറാവുകയും ഒട്ടേറെ പുത്തൻ പ്രോജക്റ്റുകളുമായി വരും നാളുകളിൽ കൂടുതൽ സജീവമായി ഇവിടെ നിലയുറപ്പിക്കുകയും ചെയ്യുമെന്ന് പറയുമ്പോൾ എൻ.ബിയുടെ മാനേജിംഗ്‌ ഡയറക്ടർ ജോഹറിന്റെ വാക്കുകളിലെ ആത്മവിശ്വാസം നമുക്ക്‌ ഏറെ പ്രതീക്ഷകൾ നൽകുന്നു.



ബ്ലോഗ്‌ എഴുത്തുകളെ മുഖ്യധാരയിലേക്ക്‌ എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യബോധത്തോടെ, അതിനേക്കാളുപരി കൂട്ടായ ശ്രമങ്ങളിലൂടെ എങ്ങിനെ പുസ്തകങ്ങൾ പബ്ലിഷ്‌ ചെയ്യാം എന്ന ചിന്തയിൽ നിന്നും ഒരു കൂട്ടം ബ്ലോഗ്‌ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ചതാണ്‌ കൃതി പബ്ലിക്കേഷൻസ്‌. ആദ്യ പുസ്തകത്തിൽ തന്നെ പരമാവധി വ്യത്യസ്ഥത കൊണ്ട്‌ വരുവാൻ ഉള്ള ശ്രമവും എറണാകുളം കേന്ദ്രമാക്കി ഹരീഷ്‌ തൊടുപുഴയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൃതിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി. 'മൗനത്തിനപ്പുറത്തേക്ക്‌...' എന്ന കഥാസമാഹാരത്തിനായി ഒത്തുചേർന്നത്‌ 28 കഥാകൃത്തുക്കൾ മാത്രമല്ല; മറിച്ച്‌ ലേ ഔട്ട്‌, കവർ ഫോട്ടോ, കവർ ഡിസൈൻ, പ്രൂഫ്‌ റീഡിംഗ്‌, പ്രകാശനം എന്നിവയെല്ലാം ബ്ലോഗ്‌ മീഡിയയിലുള്ളവരെ തന്നെ ഉൾപ്പെടുത്തുക വഴി ഒരു പുത്തൻ പരീക്ഷണം കൂടി കൃതി ഈ സമാഹാരത്തിലൂടെ നടത്തുകയും ഒരു പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തു എന്ന് പറയാം. മുഖ്യധാരാ പ്രസാധകരുടെ അവഗണന മൂലം സർഗ്ഗശേഷിയുള്ള , പ്രതിഭയുള്ള എഴുത്തിലെ പുതുനാമ്പുകൾ തിരസ്കൃതരാകരുതെന്ന് ഉറച്ച്‌ വിശ്വസിക്കുന്നുവേന്നും അങ്ങിനെ അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതിലുപരി, നവീന വായനാസംസ്കാരവും മുഖ്യധാരയും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ ഒരു സം‌രംഭത്തിന്റെ ലക്ഷ്യമാണെന്ന് കൃതിയുടെ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. (തുഞ്ചന്‍ പറമ്പില്‍ വെച്ച് കാ വാ രേഖ? എന്ന ഒരു കവിതാസമാഹാരം കൂടെ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കി)


മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌ പോലെ തന്നെ ഓർക്കൂട്ട്‌ ശ്രുതിലയം കമ്മ്യൂണിറ്റി
, കണിക്കൊന്ന.കോം വെബ്‌ പോർട്ടൽ എന്നിവരും പുസ്തകങ്ങളുടെ വഴിയേ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നും അത്‌ ഒരു തുടർ പ്രോജക്റ്റ്‌ ആക്കുവാൻ ശ്രമിക്കുന്നില്ല എന്ന് തോന്നുന്നു.



മറ്റു പ്രസാധകരുടെ ബ്ലോഗ്‌ പുസ്തകങ്ങൾ


ഓൺലൈൻ / ബ്ലോഗ്‌ പ്രസാധകർ മാത്രമല്ല, മറിച്ച്‌ മലയാള പുസ്തകപ്രസാധനരംഗത്ത്‌ ചിരപ്രതിഷ്ഠ നേടിയ പല പ്രസാധകരും ഇന്ന് ബ്ലോഗെഴുത്തുകളെ സസുക്ഷ്മം വീക്ഷിക്കുന്നുണ്ട്‌. അത്തരത്തിൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന പ്രസാധകരുടെ ചില ബ്ലോഗ്‌ രചനകളെ കൂടെ ഇവിടെ ഒന്ന് പരാമർശിക്കട്ടെ.



മലയാളം ബ്ലോഗുകൾക്ക്‌ പുറംവേദികളിൽ ആദ്യമായി ഒരു വേരോട്ടം ഉണ്ടാക്കിയത്‌ വിശാലമനസ്കൻ എന്ന പേരിൽ അറിയപ്പെടുന്ന കൊടകരക്കാരൻ സജീവ്‌ എടത്താടന്റെ കൊടകരപുരാണമാണ്‌. അതേ 'കൊടകരപുരാണം' തന്നെയാണ്‌ ബ്ലോഗുകളിൽ നിന്നും പുറത്ത്‌ വന്ന പുസ്തകങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ആദ്യ കൃതി. തൃശൂർ കറന്റ്‌ ബുക്സായിരുന്നു കൊടകുരപുരാണം ആദ്യം വായനക്കാരിലേക്ക്‌ എത്തിച്ചത്‌. രണ്ടാം പതിപ്പ് അല്ലെങ്കില്‍ രണ്ടാം ഭാഗം വായനക്കാരനിലേക്ക് എത്തിച്ചത് അവനവന്‍ പ്രസാധനത്തിലൂടെ വിശാലമനസ്കനും!! തന്റെ ഓർമ്മകളെ നർമ്മത്തോടെയും തൃശൂരിന്റെ ഗ്രാമീണഭാഷയിലൂടെയും വിശാലമനസ്കൻ തുറന്ന് വിട്ടപ്പോൾ കൊടകരപുരാണം എന്ന ബ്ലോഗ്‌ ഒരു ലക്ഷത്തിനു മേൽ ഹിറ്റുകളുമായി ബ്ലോഗുകളിലെ സജീവസാന്നിധ്യമായി. തുടർന്ന് പുസ്തകമാക്കിയപ്പോഴും കൊടകരപുരാണം നിരാശപ്പെടുത്തിയില്ല. മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരുടേയും പുസ്തകങ്ങൾ വരെ ഒന്നാം പതിപ്പ്‌ കഷ്ടിച്ച്‌ വിറ്റഴിയപ്പെടുന്ന ഇക്കാലത്ത്‌ അതുകൊണ്ട്‌ തന്നെ ഇതുവരെ രണ്ട്‌ എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞ കൊടകരപുരാണം വേറിട്ട്‌ നിൽകുന്നു.



കുറുമാന്റെ കഥകള്‍ എന്ന ബ്ലോഗിലൂടെ കുറുമാന്‍ എഴുതിയ ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍‘ എന്ന അനുഭവക്കുറിപ്പുകളെ പുസ്തകരൂപത്തില്‍ എത്തിച്ചുകൊണ്ട് റെയിന്‍‌ബോ ബുക്സും ബ്ലോഗ് രചനകളെ മറ്റു വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ആത്മകഥാശൈലിയില്‍ കുറുമാന്‍ എഴുതിയ ഈ അനുഭവക്കുറിപ്പുകള്‍ കഥാകാരന്‍ വൈശാഖന്‍ പ്രകാശനം ചെയ്തു. മലയാളം ബ്ലോഗിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിൽ ഒരാളായ ഫ്രാൻസിസ്‌ സിമി നസ്രത്ത്‌ എന്ന ബ്ലോഗർ സിമിയുടെ 'ചിലന്തി' എന്ന കഥാസമാഹാരത്തിന്റെ പ്രസാധകരും റെയിന്‍‌ബോ തന്നെയാണ്‌. അസാധാരണമായ കൈത്തഴക്കം കൊണ്ട് സമകാലീനരായ ഏതൊരു എഴുത്തുകാരനോടും കിടപിടിക്കാന്‍ കഴിയുന്ന കഥകള്‍ എഴുതുന്നു സിമി എന്ന ഈ ബ്ലോഗര്‍. ഈ രണ്ട് പുസ്തകങ്ങള്‍ക്കും ബ്ലോഗ്‌ മീഡിയയിൽ നിന്നും ഉള്ളവർ തന്നെയാണ്‌ കവര്‍ ഡിസൈന്‍ ചെയ്തതും എന്നത്‌ പ്രശംസനീയം. (കവിയും ബ്ലോഗറുമായ മനോജ് കുരൂരിന്റെ 'ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍' എന്ന പുസ്തകവും റെയിന്‍‌ബോ വഴി വായനക്കാരിലേക്കെത്തിയെങ്കിലും മനോജ്‌ കുറൂർ ബ്ലോഗിൽ സജീവമാകും മുൻപാണ്‌ ആ പുസ്തകം പുറത്തിറക്കിയത്‌ എന്നതിനാൽ ഈ ഗണത്തിലേക്ക്‌ പരിഗണിക്കുന്നില്ല.)



കൊടകരപുരാണം കഴിഞ്ഞാൽ ഏറ്റവും അധികം വായനക്കാർ സ്വീകരിച്ച ബ്ലോഗ്‌ പുസ്തകം അനിൽകുമാർ.ടി എന്ന ബ്ലോഗർ കുമാരന്റെ കുമാരസംഭവങ്ങളാണ്‌. പയ്യന്നൂർ നിന്നുള്ള ഡിസംബർ ബുക്സാണ്‌ 'കുമാരസംഭവങ്ങൾ' വിപണിയിൽ എത്തിച്ചത്‌. ബ്ലോഗ്‌ രചനകൾ എന്ന ഒരു വിഭാഗമായിട്ടാണു പ്രസാധകർ കുമാരസംഭവങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ജിവിതത്തിലെ നേർക്കാഴ്ചകളെ നിഷ്കളങ്കമായ നർമ്മത്തിലൂടെ കുമാരൻ അവതരിപ്പിക്കുമ്പോൾ, ഇവയെല്ലാം നമുക്ക്‌ ചുറ്റും നിത്യേന കാണുന്ന കാഴ്ചകളല്ലേ എന്ന ഒരു തോന്നൽ വായനക്കാരനിൽ ഉണ്ടാക്കാൻ ഇതേ പേരിലുള്ള ബ്ലോഗ്‌ രചനകളിൽ നിന്നും സമാഹരിച്ച ഈ പുസ്തകത്തിനാവുന്നുണ്ട്‌.



ഒലിവ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ബെർളിതോമസിന്റെ 'ബെർളിത്തരങ്ങൾ' എന്ന പുസ്തകം അദ്ദേഹത്തിന്റെ തന്നെ ഏറ്റവും അധികം വായനക്കാരുള്ളതും, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒട്ടേറെ മലയാളികൾ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരേയൊരു ബ്ലോഗുമായ ബെർളിത്തരങ്ങളിൽ വന്ന ആക്ഷേപഹാസ്യരചനകളുടെ സമാഹാരമാണ്‌. നമ്മുടെ സമൂഹത്തിൽ നിത്യവും കാണുന്ന രാഷ്ട്രീയ – സാമൂഹിക - സാഹിത്യ സംഭവവികാസങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ബെർളി പുറത്ത്‌ വിട്ടപ്പോൾ ഏതാണ്ട്‌ മൂവായിരത്തോളം ഫോളോവേർസിനെയും അതിലേറെ വായനക്കാരെയും നേടാനായി എന്ന് പറയുമ്പോൾ അത്‌ അതിശയോക്തിയല്ല എന്നത്‌ അദ്ദേഹത്തിന്റെ സ്വന്തം പോർട്ടൽ സാക്ഷ്യപ്പെടുത്തുന്നു. ബെർളിത്തരങ്ങൾ പുസ്തകമാക്കിയപ്പോൾ അവതാരിക എഴുതിയത്‌ എന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തൻ വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചിട്ടുള്ള മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്‌. രാപ്പനി എന്ന ബ്ലോഗിലൂടെ എഴുതുന്ന ടി.പി.അനില്‍കുമാറിന്റെ 'രണ്ട് അദ്ധ്യായങ്ങളുടെ നഗരം' എന്ന കവിതാസമാഹാരവും ഒലിവ് പബ്ലിഷ് ചെയ്തിട്ടുണ്ട്.



ലിപി പബ്ലിക്കേഷൻസാണ്‌ 15 പെണ്ണനുഭവങ്ങൾ എന്ന സബ്‌ടൈറ്റിലോടെ കൈതമുള്ള്‌ എന്ന ബ്ലോഗിലൂടെ പ്രശസ്തനായ ശശി ചിറയിലിന്റെ (ശശി കൈതമുള്ള്‌) 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകം വിപണിയിൽ എത്തിച്ചത്‌. വാച്യമായ അനുഭൂതി പകർന്ന് നൽകുന്നവയാണ്‌ ഇതിലെ രചനകൾ. ബ്ലോഗെഴുത്ത് നമ്മുടെ ഭാഷക്ക് നല്‍കുന്ന നവേന്മേഷവും വ്യാപ്തിയും നിസ്സാരമല്ലെന്നും സൈബര്‍ സാഹിത്യം എന്നത് പരിഹസിക്കാനുള്ള പദമല്ല, ആദരിക്കാനുള്ളതാണെന്ന് കൈതമുള്ളിനെ പോലെയുള്ളവരുടെ രചനകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്നും ശിഹാബുദ്ദീൻ പൊയ്തുംകടവ്‌ പുസ്തകത്തിന്‌ എഴുതിയ അവതാരികയില്‍ പറയുന്നു. പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്‌ അക്ഷരകേരളം ആദരവോടെ കാണുന്ന പ്രശസ്ത നിരൂപകനും വാഗ്മിയുമായ സുകുമാർ അഴീക്കോട്‌.



വൈകുന്നേരമാണ് എന്ന ബ്ലോഗിലൂടെ കവിതകള്‍ എഴുതുന്ന എസ്.കലേഷിന്റെ കവിതാസമാഹാരമയ 'ഹെയര്‍പിന്‍ ബൈന്‍ഡ്’ ഫേബിയന്‍ ബുക്സ് വഴി വായനക്കാരിലേക്കെത്തി. ജ്യോതിസ്സ്‌ എന്ന ബ്ലോഗിലൂടെ ജ്യോതിബായി പരിയാടത്ത്‌ രചിച്ച മനോഹരങ്ങളായ 21 കവിതകളുടെ സമാഹാരമാ‍യ ‘പേശാമടന്ത’യുടെ പ്രസാധകരും ഫേബിയന്‍ ബുക്സ് തന്നെ. കാവ്യം സുഗേയം എന്ന ബ്ലോഗിലൂടെ മനോഹരമായി കവിതകള്‍ ചൊല്ലി ഒട്ടേറെ ശ്രോതാക്കളെ സമ്പാദിച്ച ഈ കവയത്രിയുടെ കവിതകള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനു നേരെ തുറന്നുപിടിച്ച കണ്ണുകളും എഴുതി പഴകിയ ശൈലിക്കെതിരെ ജാഗ്രത പുലര്‍ത്തുന്ന കാവ്യബോധവും ഉള്ളവയെന്ന് കവി സച്ചിദാനന്ദന്‍ ഈ പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. പ്ലാച്ചിമട സമരനായിക മയിലമ്മയുടെ ജീവിതകഥയായ 'മയിലമ്മ - ഒരു ജീവിതം' എന്ന മാതൃഭൂമിയുടെ പുസ്തകവും ശ്രീമതി ജ്യോതിബായിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്‌. -എഴുത്തിന്റെ വ്യക്താക്കളിൽ ഒരാളായി അറിയപ്പെടുന്ന മൈന ഉമൈബാന്റെ 'ചന്ദനഗ്രാമം' പ്രസിദ്ധീകരിച്ചതും മാതൃഭൂമി തന്നെ.



പ്രതിഭാഷ എന്ന ബ്ലോഗിലൂടെ പ്രകാശിതമായ വിഷ്ണുപ്രസാദിന്റെ 34 കവിതകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സമാഹാരമാണ്‌ 'കുളം+പ്രാന്തത്തി'. അധികം ആരും അറിയാതെ ആരവങ്ങളില്ലാതെ ആ പുസ്തകം വായനക്കാരിലേക്ക് എത്തിച്ചത് ഡെലിഗേറ്റ്സ് ബുക്സ്. പക്ഷെ പിന്നീട് വിഷ്ണുപ്രസാദിനെ മലയാള വായനലോകം ഏറ്റെടുത്തു എന്ന് വേണം കരുതാന്‍. രണ്ടാമത്തെ സമാഹാരമായ ‘ചിറകുള്ള ബസ്സ്‘ വായനക്കാരിലേക്ക് എത്തിച്ചത് ഡി.സി.ബുക്സ് ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ വിഷ്ണുപ്രസാദ്‌ എന്ന കവിക്ക്‌ മലയാള കവിതാസ്വാദകർക്കിടയിൽ ഒരു സ്ഥാനം നേടികൊടുക്കാൻ കുളം+പ്രാന്തത്തിക്കും ചിറകുള്ള ബസ്സിനും കഴിഞ്ഞു. ഇത്‌ കൂടാതെ ബ്ലോഗിൽ വന്ന മികച്ച കവിതകളെ ഉൾപ്പെടുത്തി പ്രശസ്ത കവി സച്ചിദാനന്ദൻ എഡിറ്റ്‌ ചെയ്ത്‌ 'നലാമിടം' , നിരഞ്ജന്റെ 'ചിലവുകുറഞ്ഞ കവിതകൾ' എന്നീ കവിതാസമാഹാരങ്ങളും ഈയിടെ ഡിസി പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപോലെ തന്നെ ബ്ലോഗിലൂടെ എഴുതി തെളിഞ്ഞ മേൽസൂചിപ്പിച്ച ഡിൽഡോയുടെ രചയിതാവ്‌ ദേവദാസിന്റെ അവാർഡ്‌ നോവലായ പന്നിവേട്ടയുടേയും പ്രസാധകർ ഡി.സി തന്നെ. വരും നാളുകളിൽ സർഗ്ഗശേഷിയുള്ള ഒട്ടേറെ ബ്ലോഗേർസിന്റെ കഥാസമാഹാരങ്ങളും കവിതാസമാഹാരങ്ങളും ഡിസിയുടെ അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നു എന്ന വാർത്ത സന്തോഷം പകരുന്നതാണ്.


വേറിട്ട്‌ നിൽക്കട്ടെ ഈ ശലഭായനം


ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ പ്രസാധകർ, അവർ ആരുതന്നെയായാലും അൽപമെങ്കിലും കച്ചവടതാൽപര്യങ്ങൾ ഉണ്ടായിരിക്കും. തീർച്ച!! പക്ഷെ ഇവിടെ യാതൊരു കച്ചവട താൽപര്യവുമില്ലാതെ ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ ഒരേ മനസ്സുമായി തുഴയെറിഞ്ഞ ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ എന്ന കൂട്ടായ്മയെയും കൂട്ടം.കോം എന്ന സോഷ്യൽ നെറ്റ്വർക്കിനേയും മേൽപ്പറഞ്ഞ ഓൺലൈൻ പ്രസാധകരുടേയോ മുഖ്യധാരാ പ്രസാധകരുടേയോ ഗണത്തിലേക്ക്‌ കൂട്ടിച്ചേർക്കുവാൻ അതുകൊണ്ട്‌ തന്നെ മനസ്സ്‌ അനുവദിക്കുന്നില്ല. ഒരു ശലഭത്തെ പോലെ പാറിപ്പറക്കാൻ രമ്യക്ക്‌ കഴിയണേ എന്ന പ്രാർത്ഥനയുമായി, രോഗം കാർന്നുതിന്നുന്ന കൊച്ചുമിടുക്കിയുടെ ജീവിതം തിരികെപിടിക്കാനുള്ള ചികത്സകൾക്കായി പണം കണ്ടെത്തുന്നതോടൊപ്പം രമ്യയുടെ ഒരു സ്വപ്നമെങ്കിലും സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ്‌ ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ കൂട്ടം.കോമിന്റെ നേതൃത്വത്തില്‍ 'ശലഭായനം' എന്ന രമ്യ ആന്റണിയുടെ കവിതകളുടെ സമാഹാരം പുറത്തിറക്കിയത്‌. ഇപ്പോൾ രമ്യയുടെ മരണ ശേഷവും കുട്ടിയെപോലെ പോളിയോ ബാധിതയായ ഏതെങ്കിലും ഒരു കുട്ടിയുടെ ചികത്സാ- പഠന ചിലവിലേക്ക്‌ പണം കണ്ടെത്തുവാനായി രമ്യയുടെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പ്രവർത്തനങ്ങളുമായി ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ എന്ന ട്രസ്റ്റ്‌ മുന്നോട്ട്‌ വരുമ്പോൾ അവരെ വെറുതെ പുസ്തക പ്രസാധകർ എന്ന ഗണത്തിൽ പെടുത്തുന്നതെങ്ങിനെ? അകാലത്തിൽ പൊലിഞ്ഞുപോയ രമ്യ ആന്റണി എന്ന ശലഭത്തെ പുറംവേദികൾക്ക്‌ കൂടി പരിചയപ്പെടുത്തുവാൻ ശലഭായനം വഴി ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ കൂട്ടായ്മക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നു തന്നെ വിശ്വാസം. അതുകൊണ്ട്‌ തന്നെ ഇവിടെ വേറിട്ട്‌ നിൽക്കട്ടെ ഫ്രണ്ട്സ്‌ ഓഫ്‌ രമ്യയും ശലഭായനവും!!




ഇനിയും ഒത്തിരി പുസ്തകങ്ങള്‍ ബ്ലോഗര്‍മാരുടേതായും ബ്ലോഗ് രചനകളായും വെളിച്ചം കണ്ടിട്ടുണ്ട്. എല്ലാ പുസ്തകത്തെയും പറ്റി വിശദീകരിക്കാന്‍ ഈ ഒന്നോ രണ്ടോ താളുകള്‍ മതിയാവില്ല. ദൃഷ്ടിദോഷം എന്ന ബ്ലോഗിലൂടെ എഴുതുന്ന ഡി.പ്രദീപ്‌ കുമാറിന്റെ ()വർണ്ണാശ്രമത്തിലെ വെള്ളപ്പാളികൾ, സൂക്ഷ്മദർശിനി, പരിഭാഷ എന്ന ബ്ലോഗിലൂടെ എഴുതുന്ന വി.രവികുമാറിന്റെ പരിഭാഷാ കൃതികളായ ഫ്രാന്‍സിസ് കാഫ്കയുടെ കഥകള്‍, വിചാരണ, ഈസോപ്പ് കഥകള്‍, അനാഗതശ്മശ്രു എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആര്‍. രാധാകൃഷ്ണന്റെ ഒരു ചെമ്പനീര്‍ പൂവിറുത്ത്, ട്വന്റി 20 കാക്കുരു പുക്കുരു, രാധിക.ആര്‍.എസിന്റെ തത്തക്കുട്ടി, കെ.എം.പ്രമോദിന്റെ അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍, ശൈലന്റെ താമ്രാപര്‍ണ്ണി, റീനി മീമ്പലത്തിന്റെ റിട്ടേണ്‍ റ്റിക്കറ്റ് , ഭൂമിപുത്രി (ജയശ്രീ)യുടെ സമുദ്രത്തിൽ നിന്നും സൂക്ഷികേണ്ട ദൂരം, റോഷ്ണി സ്വപ്നയുടെ വല, ക്രിസ്പിൻ ജോസഫിന്റെ ലാർവ്വ, വി.മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ, ജയേഷിന്റെ മായക്കടല്‍, ജിതേന്ദ്രപ്രസാദിന്റെ ശിഖരവേരുകള്‍, നിര്‍മ്മലയുടെ ആദ്യത്തെ പത്ത്, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, സ്ട്രോബറികള്‍ പുക്കുമ്പോള്‍, മൈന ഉമൈബാന്റെ വിഷചികത്സ, ശാന്താകാവുമ്പായിയുടെ മോഹപ്പക്ഷി, ജുവൈരിയ സലാമിന്റെ നാവിലെ കറുത്ത പുള്ളി, കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍, രമ്യ ആന്റണിയുടെ ശലഭായനം, റീമാ അജോയുടെ ജ്വാലാമുഖി, അനില്‍ കുര്യാത്തിയുടെ സാക്ഷയില്ലാത്ത വാതില്‍, മാരിയത്ത്.സി.എചിന്റെ കാലം മായ്ച കാല്പാടുകള്‍, സാലിഹ് കല്ലടയുടെ (ഏറനാടന്‍) ഒരു സിനിമാ ഡയറിക്കുറുപ്പ്, ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍പ്പായസം, ഇത്തിരിവെട്ടം റഷീദിന്റെ സാര്‍ഥവാഹകസംഘത്തോടൊപ്പം, ബാജി ഓടം‌വേലിയുടെ ബാജിയുടെ 25 കഥകള്‍, ജ്യോതിര്‍മയീ ശങ്കരന്റെ മുംബേ ജാലകം, നാസര്‍ കൂടാളിയുടെ ഐൻസ്റ്റീൻ വയലിൻ വായിക്കുമ്പോൾ, ... പട്ടിക വളരെ നീണ്ടതാണ്‌. ഏറ്റവും ഒടുവിൽ പ്രശസ്ത കവിയും ബ്ലോഗറുമായ കുഴൂർ വിത്സണന്റെ ഏറ്റവും പുതിയ കവിതാസമാഹരമായ (ബ്ലോഗിൽ എഴുതിയവ സമാഹരിച്ചത്‌) ‘ ഒരു നഗരപ്രണയ കാവ്യം' , കെ.വി. സുമിത്രയുടെ 'ശരീരം ഇങ്ങിനെയും വായിക്കാം' എന്നീ പുസ്തകങ്ങളില്‍ വരെ അത് എത്തിനില്‍ക്കുന്നു.



വരും കാലങ്ങളിൽ ഇനിയും ഒട്ടേറെ രചനകൾ പുസ്തകരൂപത്തിൽ ബ്ലോഗിൽ/ ഇ-എഴുത്തിൽ നിന്ന് പുറത്ത്‌ വരും എന്നത്‌ അംഗീകരിക്കപ്പെടേണ്ട സത്യം തന്നെ. കാരണം സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള ഒട്ടേറെ പുത്തൻ എഴുത്തുകാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്ന് ബ്ലോഗ്‌ / ഓൺലൈൻ മീഡിയയിലൂടെ സർഗ്ഗസൃഷ്ടികൾ നടത്തുന്നു. അവരെയൊന്നും കണ്ടില്ല എന്ന് നടിക്കാൻ കാലത്തിന്‌ കഴിയില്ല എന്നത്‌ അംഗീകരിക്കപ്പെടേണ്ട സത്യവും.

41 comments:

Manoraj പറഞ്ഞു... മറുപടി

ഈയെഴുത്ത് : അക്ഷരകേരളത്തിന്റെ സൈബര്‍ സ്പര്‍ശം എന്ന തുഞ്ചന്‍ മീറ്റ് സുവനീറിനു വേണ്ടി തയ്യാറാക്കിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

ഓഫ് :തുഞ്ചന്‍ മീറ്റ് സ്മരണിക ആവശ്യമുള്ളവര്‍ link4magazine@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

സീത* പറഞ്ഞു... മറുപടി

കാണാത്ത കാഴ്ചകൾ കാട്ടിത്തന്നു ഏട്ടാ ഈ എഴുത്ത്...അറിവുകളും...നന്ദി...

പൈമ പറഞ്ഞു... മറുപടി

മനോരാജ് ..നിങ്ങള്‍ എഴുതിയ കാര്യങ്ങള്‍ വളരെ നല്ലത്
ഒരു തുടക്കകാരന്‍ എന്നാ നിലക്ക് പുതിയ അറിവുകളനിത്
ആശംസകള്‍

Unknown പറഞ്ഞു... മറുപടി

പ്രസക്തമായ എഴുത്ത് മനോ.
അഭിനന്ദനങ്ങള്‍ :)

Unknown പറഞ്ഞു... മറുപടി

mano nannayirikkunnu ezhuthu .. thudaruka ella prasadhakarkkum ashamsakalum nerunnu

SHANAVAS പറഞ്ഞു... മറുപടി

മനോരാജ്,ബ്ലോഗ്‌ ലോകത്തിനു വിലമതിക്കാന്‍ ആവാത്ത സേവനങ്ങളാണ് താങ്കള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.ഈ പോസ്റ്റും താങ്കളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവല്‍ ആണ്..എല്ലാ ആശംസകളും..

വിനു....... പറഞ്ഞു... മറുപടി

മനോരാജ്.....
ഞാൻ ഇവിടെ ആദ്യമാണ് ഈ ബൂലോകത്ത്
നിങ്ങളുടെ ലേഖനം വായിച്ചു..ഒന്നുമറിയാതെ ഇവിടെ വന്ന എനിക്ക് ഒരു മെഴുകുതിരി വെട്ടം
തന്ന പോലെ തോന്നി

ഇടയ്ക്കൊന്നു എത്തി നോക്കു സായം കിട്ടുമ്പോൾ

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

നന്നായി മനോ,
ധാരാളം പുസ്തകങ്ങളെ കുറിച്ച് അറിവ് തന്നു

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

തികച്ചും വിജ്ഞാനപ്രദമായ ലേഖനം മനോരാജ്...

കുമാരന്റെ യഥാർത്ഥനാമം അനിൽകുമാർ എന്നാണെന്ന് ഇപ്പോഴാണറിയുന്നത്.

ബൂലോഗത്തെ എല്ലാ എഴുത്തുകാർക്കും ആശംസകൾ...

Kavya പറഞ്ഞു... മറുപടി

ഈയെഴുത്തില്‍ കണ്ടിരുന്നു. :)

ajith പറഞ്ഞു... മറുപടി

ഏതെങ്കിലുമൊക്കെ ബ്ലോഗ് വായനക്കാര്‍ എന്നെന്നും ഈ പോസ്റ്റുകള്‍ വായിച്ച് നന്ദി പറയും മനോരാജ്. അത്രമേല്‍ നുറുങ്ങറിവുകളാണ് തന്നിരിക്കുന്നത്. നല്ല ഒരു വിവരണം.

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ഒന്നാം തരം ലേഖനം. ബ്ലോഗിലെ (പുസ്തകമായ) സർഗ്ഗസൃഷ്ടികളുടെ ചരിത്രകാരനായി തന്നെ വാഴിക്കപ്പെടാനുള്ള നിരീക്ഷണവും പഠനവും. അഭിനന്ദനങ്ങൾ മനോരാജ്, ക്ലേശകരമായ ഈ ദൌത്യം ഏറ്റെടുത്തതിന്.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു... മറുപടി

ബൂലോകത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെകുറിച്ചും,പ്രസാധകരെ കുറിച്ച് കൂടുതല്‍ അറിയാനായി. ഈ ഉദ്യമത്തിന് നന്ദി..

Unknown പറഞ്ഞു... മറുപടി

പരിചയം നന്നായി :)

കെ.എം. റഷീദ് പറഞ്ഞു... മറുപടി

പ്രസിദ്ധീകരിച്ച ബ്ലോഗ് രചനകളെക്കുറിച്ച വിവരണം
വളരെ താല്പര്യത്തോടെ വായിച്ചു
ഇത്രയും പ്രസിദ്ധീകരണശാലകള്‍ ബ്ലോഗ്‌ എഴുത്തുകളെ പ്രോത്സാഹിപ്പിക്കാന്‍
ഉണ്ടെന്നു ആദ്യമായിട്ടാണ് അറിയുന്നത് .
ഒരു ചെറിയ നിര്‍ദേശം കൂടി. ഈ ലേഖനത്തില്‍ ഒരു പാട് നല്ല ബ്ലോഗുകളെയും പരിചയപ്പെട്ടു
പക്ഷെ ആ ബ്ലോഗുകളിലീക്കുള്ള ലിങ്ക് കൂടി കൊടുത്താല്‍ കൊള്ളാമായിരുന്നു
പറ്റുമെങ്കില്‍ ഈ ലേഖനത്തിന്റെ അടിയിലോ അല്ലങ്കില്‍ കമന്റു ബോക്സിലോ കൊടുക്കുമല്ലോ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഡെസ്ക്ടോപ്പിൽ നിന്നും ബുക്ക് ഷെൽഫുകളിലെത്തിയ ബൂലോകരുടെ പുസ്തകങ്ങളെ കുറിച്ച് നല്ല വിലയിരിത്തലുകൾ കേട്ടൊ മനോരാജ്.

വരും കാലങ്ങളിൽ ഇനിയും ഒട്ടേറെ രചനകൾ പുസ്തകരൂപത്തിൽ ബ്ലോഗിൽ/ ഇ-എഴുത്തിൽ നിന്ന് പുറത്ത്‌ വരും എന്നത്‌ അംഗീകരിക്കപ്പെടേണ്ട സത്യം തന്നെ. കാരണം സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള ഒട്ടേറെ പുത്തൻ എഴുത്തുകാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്ന് ബ്ലോഗ്‌ / ഓൺലൈൻ മീഡിയയിലൂടെ സർഗ്ഗസൃഷ്ടികൾ നടത്തുന്നു. അവരെയൊന്നും കണ്ടില്ല എന്ന് നടിക്കാൻ കാലത്തിന്‌ കഴിയില്ല എന്നത്‌ അംഗീകരിക്കപ്പെടേണ്ട സത്യവും.

Sabu Hariharan പറഞ്ഞു... മറുപടി

വളരെ വിശദമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഈ പുസ്തകങ്ങളെല്ലാം, തിരുവനന്തപുരത്തുള്ള ബ്ലോഗ്‌ ഓഫീസിൽ ലഭ്യമായിരിക്കും എന്നു വിശ്വസിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

highly informative, very very useful. Danku Danku Manoraj!

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു... മറുപടി

എന്റെ ബ്ലോഗ് നോവല്‍ പുസ്തകമായി പ്രസിദ്ധീ‍കരിക്കണം എന്നുണ്ട്. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തരാമോ? എന്നെ ഇവിടെ കിട്ടും 9446335137. ഒരു മെസ്സേജ് അയച്ചാല്‍ ഞാന്‍ തിരിച്ചുവിളിക്കാം

ദൃശ്യ- INTIMATE STRANGER പറഞ്ഞു... മറുപടി

ലേഖനത്തിന് നന്ദി..

നാമൂസ് പറഞ്ഞു... മറുപടി

ഇന്നിവിടെ, ദോഹയില്‍ ഒരു പ്രകാശന ചടങ്ങുണ്ട്.
{ പ്രിയപ്പെട്ട ബിജുകുമാര്‍ ‍ആലക്കോടിന്‍റെ " ഒട്ടകമായും ആടായും മനുഷ്യനായും " , രാമചന്ദ്രന്‍ വെട്ടിക്കാടിന്‍റെ "ദൈവം ഒഴിച്ചിട്ടയിടം" എന്നീ പുസ്തകങ്ങളുടെ പ്രകാശനം. രണ്ടും ബ്ലോഗു കൃതികളാണ്.} ഇവയും കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ എന്‍റെയും സന്തോഷം വര്‍ദ്ധിക്കുന്നു.

പ്രിയ സുഹൃത്തിന്‍റെ ഈ ശ്രമത്തിന് അഭിനന്ദനം.

yousufpa പറഞ്ഞു... മറുപടി

ബൂലോഗാക്ഷരങ്ങൾക്ക് കടലാസിലേക്ക് പാർക്കാനൊരു നിമിത്തമാകുക എന്നത് ഒരു മഹാഭാഗ്യാണ്‌.ഇനിയുമിനിയും പ്രസാധകർ ഉണ്ടാകുകയും നല്ല നല്ല പുസ്തകങ്ങൾ ജനിക്കുകയും ചെയ്യട്ടെ.

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

രാജേഷ് ചിത്തിരയുടെ ക്രാഷ്ലാൻഡിംഗ് സൈകതം പുറത്തിറക്കി

മുകിൽ പറഞ്ഞു... മറുപടി

നല്ലൊരു സ്റ്റഡി തന്നെയാണ്, മനോരാജ്. നന്നായി.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു... മറുപടി

ഈ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

Lipi Ranju പറഞ്ഞു... മറുപടി

ബൂലോകരുടെ പുസ്തകങ്ങളെ കുറിച്ചും, പ്രസാധകരെ കുറിച്ചും കൂടുതല്‍ അറിയാനായി. ഈ ഉദ്യമത്തിന് ഒരായിരം അഭിനന്ദനങ്ങള്‍ മനൂ ....

Manoraj പറഞ്ഞു... മറുപടി

നെറ്റ് തകരാറിലായതിനാല്‍ ഓണ്‍ലൈന്‍ വരുവാന്‍ കഴിഞ്ഞിരുന്നില്ല. ക്ഷമിക്കുക. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

@കെ.എം. റഷീദ് : വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ് അത്. ചെയ്യുന്നതിനു ബുദ്ധിമുട്ടില്ല. പക്ഷെ ഇപ്പോള്‍ എന്റെ നെറ്റ് കണക്ഷന്‍ ഇടക്കിടെ കട്ടാവുന്നത് കൊണ്ട് അത് ചെയ്യുവാന്‍ സാധിക്കില്ല. ഇത് ഒരു പ്രിന്റഡ് മീഡിയക്ക് വേണ്ടി എഴുതിയതാകയാല്‍ ആ ഡിറ്റേയ്സ്ത് അന്ന് എടുത്തിരുന്നില്ല. ഇനി അത് മുഴുവന്‍ ചെയ്യണമെങ്കില്‍ അത്രയേറെ ബ്ലോഗുകളില്‍ കൂടെ വീണ്ടും സഞ്ചരിക്കണം. തല്‍ക്കാലം കഴിയില്ല എന്ന് അറിയിക്കട്ടെ. എപ്പോഴെങ്കിലും അത് ഞാന്‍ ചെയ്യാം.

@Sabu M H : ബ്ലോഗ്സെന്ററില്‍ ഈ പുസ്തകങ്ങള്‍ എല്ലാം ലഭ്യമാണോ എന്നറിയില്ല കൃതി പബ്ലിക്കേഷന്‍സിന്റെയും എന്‍.ബി പബ്ലിക്കേഷന്‍സിന്റെയും പുസ്തകങ്ങളും ഇയെഴുത്തും ലഭ്യമാണ്.

@ജെ പി വെട്ടിയാട്ടില്‍ : താങ്കളുടെ ആഗ്രഹം ബൂലോക പ്രസാധകര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട്. അവരില്‍ ആരെങ്കിലും കോണ്ടാക്റ്റ് ചെയ്തേക്കും.

@ചിലകാര്യങ്ങൾ & INTIMATE STRANGER : തേജസിലേക്ക് സ്വാഗതം.

@എന്‍.ബി.സുരേഷ് : ചിത്തിര രാജേഷിന്റെ മാത്രമല്ല, ബിജുകുമാര്‍ , ഷാജി അമ്പലത്ത്, ഹംസ ആലുങ്കല്‍, ഇ.പി.ഷാഹിന തുടങ്ങി ഒട്ടേറെ പേരുടെ രചനകള്‍ പുസ്തകമായിട്ടുണ്ട്. ഈ ലേഖനം ഈയെഴുത്തിനു വേണ്ടി ചെയ്തതാകയാല്‍ അതൊന്നും ഉള്‍പ്പെട്ടില്ല എന്നേയുള്ളൂ.

ലേഖനം വായിച്ച എല്ലാവര്‍ക്കും നന്ദി. ഈ ലേഖനം വഴി ഈയെഴുത്ത് ബ്ലോഗ് സുവനീറിനെ കുറിച്ച് അറിഞ്ഞ് കോപ്പി ആവശ്യപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി.

റശീദ് പുന്നശ്ശേരി പറഞ്ഞു... മറുപടി

ഓരോ ബ്ലോഗര്‍ക്കും ഏറെ പ്രചോദകമാണീ കുറിപ്പ്
ഹംസ ആലുങ്ങലിന്റെ പുസ്തകത്തെ കുറിച്ച് കഴിഞ്ഞ
ദിവസം വാര്‍ത്ത ഉണ്ടായിരുന്നു .
ആശംസകള്‍ മനോ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ മനോരാജ്.
നന്ദി...
ദേ...ഇവിടെ
https://sites.google.com/site/bilathi/vaarandhyam

Echmukutty പറഞ്ഞു... മറുപടി

ഇത്ര മേൽ ഭംഗിയായി വിവരങ്ങൾ ഉൾക്കൊള്ളിച്ച് എഴുതിയ ലേഖനത്തിന് അഭിനന്ദനങ്ങൾ.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തലിനു നന്ദി.

lekshmi. lachu പറഞ്ഞു... മറുപടി

മനു,ഏറെ പണിപെട്ട് എഴുതി ഉണ്ടാക്കിയ
ഈ ലേഖനം തികച്ചും പ്രശംസനീയം.
വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക്
ഈ പരിചയപെടുത്തല്‍ വളരെ ഉപകാരപെടും.
ആശംസകള്‍ മനു.

anupama പറഞ്ഞു... മറുപടി

പ്രിയപ്പെട്ട മനോരാജ്,
അഭിനന്ദനീയം ഈ ലേഖനം!വളരെയധികം സമയം എടുത്തു എഴുതിയ വിവരങ്ങള്‍ ഉപകാരപ്രദം!
സസ്നേഹം,
അനു

Neena Sabarish പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Neena Sabarish പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു മനോ....പറയേണ്ടത് പറയേണ്ടപോലെ പറഞ്ഞു. ആശംസകള്‍

ശ്രീജ പ്രശാന്ത് പറഞ്ഞു... മറുപടി

നല്ല ലേഖനം,ആശംസകള്‍.

skcmalayalam admin പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് മനോ,
ഇൻഫോർമേറ്റീവ്,...

Kalavallabhan പറഞ്ഞു... മറുപടി

ഈയെഴുത്ത് ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ല, പിന്നെ ഇത് വായിക്കാൻ സാധിച്ചത് ഇപ്പോൾ.
“മുഖ്യ ധാര” യ്ക്ക് ഭീഷണി തന്നെ.

Manoraj പറഞ്ഞു... മറുപടി

@റശീദ് പുന്നശ്ശേരി : ഹംസ ആലുങ്കലിന്റെ പുസ്തകത്തെ പറ്റി ഞാനും വായിച്ചു.

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം :വളരെ സന്തോഷം മാഷേ

@Echmukutty : എനിക്കറിയാത്തവ ഏറെയുണ്ടാവാം എച്മു. അവയാരെങ്കിലും അപ്ഡേറ്റ് ചെയ്തിരുന്നെങ്കില്‍ ഉചിതമായേനേ

@ഭാനു കളരിക്കല്‍ : നന്ദി

@lekshmi. lachu : നന്ദി ലെചു. ഇതിനു പിന്നില്‍ എന്നെ സഹായിച്ച ഒട്ടേറെ പേരോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. പ്രത്യേകിച്ച് ഈയെഴുത്ത് എഡിറ്റോറിയല്‍ അംഗങ്ങളോട്...

@anupama : നന്ദി.

@Neena Sabarish : നന്ദി

@ശ്രീജ പ്രശാന്ത് : നന്ദി

@★ശ്രീജിത്ത്‌●sгєєJเ†ђ: നന്ദി ശ്രീജിത്. കുറേ നാളുകള്‍ക്കുശേഷമുള്ള ഈ വരവ് തന്നെ സന്തോഷം

@Kalavallabhan : നന്ദി. ഈയെഴുത്ത് ബുക്ക് ചെയ്തിട്ടും കിട്ടിയിട്ടില്ലെങ്കില്‍ ഡിറ്റേയ്ത്സ് വെച്ച് link4magazine@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക. പിന്നെ മുഖ്യധാരക്ക് ഭീഷിണിയായില്ലെങ്കിലും ഇവരൊക്കെ നാളെ മുഖ്യധാരയില്‍ എത്തപ്പെടട്ടെ അല്ലെങ്കില്‍ എത്തപ്പെടും എന്നത് ഉറപ്പ്.

Tom Mangatt പറഞ്ഞു... മറുപടി

മനോരാജ്, എത്ര മനോഹരമായ കണക്കെടുപ്പ്! ആസ്വദിച്ചു വായിച്ചു. (ഇന്നാണ് ഇതു കണ്ടതെന്നു മാത്രം.)

MONALIZA പറഞ്ഞു... മറുപടി

കുറെയേറെ അറിവുകള്‍ ....
ഞാനും ഇവിടെ പിച്ച നടക്കുന്ന ബ്ലോഗ്ഗര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിട്ടി ല്ലാത്ത ഒരാള്‍ എന്ന നിലയില്‍ ഇതൊക്കെ അറിഞ്ഞു തുടങ്ങുന്നതെ ഉള്ളൂ ...